Begin typing your search above and press return to search.
proflie-avatar
Login

എഴുത്ത് ആക്ടിവിസമാണ്

എഴുത്ത് ആക്ടിവിസമാണ്
cancel

മാധ്യമം ആഴ്ചപ്പതിപ്പിന്റെ 25ാം വാർഷിക ആഘോഷചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയ, കൊങ്കണി എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ദാമോദർ മൗജോ സംസാരിക്കുന്നു.എഴുത്തുകാരനും ആക്ടിവിസ്റ്റുമാണ് ദാമോദർ മൗജോ. ജേണലിസ്റ്റും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിെന്റ ഘാതകർക്ക് കൊല്ലേണ്ടവരുടെ പട്ടികയിൽ മൗജോയും ഉണ്ടായിരുന്നു. വടവൃക്ഷങ്ങൾപോലെ വളർന്ന് പന്തലിച്ച ഇന്ത്യൻ ഭാഷകൾക്കിടയിൽ കൊടുങ്കാറ്റുകൾക്കിടയിലും നിലംപറ്റാതെ പിടിച്ചുനിന്ന പുൽനാമ്പുപോലുള്ള ഭാഷയായ കൊങ്കണിയിലാണ് മൗജോ കഥയും നോവലും വിമർശനവും തിരക്കഥയും എഴുതുന്നത്. പോർചുഗീസ് ഭരണം ചവിട്ടിയരച്ച ഭാഷയുടെ ഉയിരുപോകാതെ കാത്ത...

Your Subscription Supports Independent Journalism

View Plans
മാധ്യമം ആഴ്ചപ്പതിപ്പിന്റെ 25ാം വാർഷിക ആഘോഷചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയ, കൊങ്കണി എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ദാമോദർ മൗജോ സംസാരിക്കുന്നു.

ഴുത്തുകാരനും ആക്ടിവിസ്റ്റുമാണ് ദാമോദർ മൗജോ. ജേണലിസ്റ്റും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിെന്റ ഘാതകർക്ക് കൊല്ലേണ്ടവരുടെ പട്ടികയിൽ മൗജോയും ഉണ്ടായിരുന്നു. വടവൃക്ഷങ്ങൾപോലെ വളർന്ന് പന്തലിച്ച ഇന്ത്യൻ ഭാഷകൾക്കിടയിൽ കൊടുങ്കാറ്റുകൾക്കിടയിലും നിലംപറ്റാതെ പിടിച്ചുനിന്ന പുൽനാമ്പുപോലുള്ള ഭാഷയായ കൊങ്കണിയിലാണ് മൗജോ കഥയും നോവലും വിമർശനവും തിരക്കഥയും എഴുതുന്നത്. പോർചുഗീസ് ഭരണം ചവിട്ടിയരച്ച ഭാഷയുടെ ഉയിരുപോകാതെ കാത്ത വിളക്കുകൂടിയായി അദ്ദേഹത്തിെന്റ എഴുത്ത്. എല്ലാ പരിമിതികൾക്കിടയിലും അദ്ദേഹം കൊങ്കണിയിലെഴുതി. ഗോവൻ ജീവിതവും സംസ്കാരവും സാഹിത്യത്തിൽ അടയാളപ്പെടുത്തി. 'ഗോവൻ' ആകുേമ്പാഴും എഴുത്തിലെ വിഷയങ്ങളുടെ സാർവലൗകികത അതിനെ തർജമ ചെയ്യപ്പെട്ട ഭാഷകളിലെല്ലാം ശ്രദ്ധേയമാക്കി. പ്രായം എൺപതിനോട് അടുക്കുേമ്പാഴും എഴുത്തിെന്റയും നിലപാടിെന്റയും കരുത്ത് ചോർന്നിട്ടില്ല. 57ാമത് ജ്ഞാനപീഠ ജേതാവാണ്. 'കാർമെലിൻ' എന്ന പ്രശസ്ത നോവലിന് 1983ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. ഗോവ സാഹിത്യോത്സവത്തിെന്റ പ്രധാന സംഘാടകനാണ്. ബി.കോം ബിരുദമൊക്കെ കഴിഞ്ഞ് നല്ല ജോലികൾക്ക് സാധ്യതയുണ്ടായിരുന്നിട്ടും ഗോവയിൽ കുടുംബ വകയായുള്ള ഷോപ്പ് നോക്കി നടത്താൻ തീരുമാനിച്ചു. ഗോവയിലെ പലവിധ ജീവിതങ്ങൾ പല കാലങ്ങളിൽ തൊട്ടറിഞ്ഞു. പോർചുഗീസ് പട്ടാളക്കാരെയും നാടിെന്റ പൊലീസുകാരെയും തൊട്ടടുത്ത് കണ്ടു. ചെറുപ്പത്തിലേ ആക്ടിവിസ്റ്റ് പശ്ചാത്തലമുണ്ടായിരുന്നു. വിമോചിത ഗോവയുടെ രാഷ്ട്രീയ ഭാവി തീരുമാനിക്കാനായി 1967ൽ നടന്ന ജനഹിത കാമ്പയിനുകളിൽ സജീവമായി പങ്കെടുത്തു. മഹാരാഷ്ട്രയിൽ ലയിക്കാനുള്ള നീക്കത്തിനെതിരെ നിലകൊണ്ടു. പ്രഫ. കൽബുർഗിയുടെ കൊലക്കെതിരെ ശക്തമായി രംഗത്തുവന്നു. രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം എന്നേക്കുമായി ഇല്ലാതാവുകയാണെന്ന് വിളിച്ചുപറഞ്ഞു. ഇന്ത്യയുടെ ബഹുസ്വരതക്കായി നിലകൊള്ളണമെന്ന് എഴുത്തിലൂടെ ആവർത്തിച്ചു. ഇതെല്ലാം മൗജോയെ ഹിന്ദുത്വവാദികളുടെ കണ്ണിലെ കരടാക്കി. ഇപ്പോൾ അദ്ദേഹത്തിെന്റ യാത്രയിൽപോലും സുരക്ഷക്കായി തോക്ക് അരയിൽ ഉറപ്പിച്ച പൊലീസുകാരനുണ്ടാകും. മാധ്യമം ആഴ്ചപ്പതിപ്പിന്റെ 25ാം വാർഷികവേളയിൽ പങ്കെടുക്കാനെത്തിയ മൗജോ എഴുത്തിനെയും ജീവിതത്തെയും കുറിച്ച് സംസാരിക്കുന്നു.

എഴുത്ത്, വായന

എഴുത്തിനെയും വായനയെയും കുറിച്ചുള്ള എല്ലാ സ്മരണകളും എത്തിനിൽക്കുന്നത് അമ്മയിലാണ്. അവർക്ക് എഴുത്തും വായനയും അറിയുമായിരുന്നില്ല. പക്ഷേ, മനസ്സ് നിറയെ കഥകളുണ്ടായിരുന്നു. പുരാണങ്ങളും മിത്തുകളും നിറഞ്ഞ കഥകൾ. വായനയിലേക്ക് വഴിനടത്താൻ നിമിത്തമായ മറ്റൊരാൾ അച്ഛനാണ്. ചെറുപ്പത്തിൽ ഞാൻ അസുഖബാധിതനായി കിടന്നപ്പോൾ അദ്ദേഹം രണ്ട് പുസ്തകങ്ങളുമായി വന്നു. ബാലരാമായണമായിരുന്നു അതിലൊന്ന്. മറ്റൊന്ന്, കുട്ടികളുടെ മഹാഭാരതവും. അതാണ് ആദ്യ വായനാനുഭവം. പിന്നീട് സാനേ ഗുരുജിയുടെ (Pandurang Sadashiv Sane) മറാത്തി പുസ്തകങ്ങൾ വായിച്ചു. വലിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ വായിക്കുന്നതോടെയാണ് സാഹിത്യത്തോട് അടുപ്പമുണ്ടാകുന്നത്. അത് വായനയിലേക്കുള്ള വിശാല ജാലകം തുറന്നു. അങ്ങനെ പത്തുവയസ്സെക്കെ ആകുേമ്പാഴേക്ക് വായനയുമായി കെട്ടുപിണയാനുള്ള ഒരു വാസനയുണ്ടാകുന്നുണ്ട്. തർജമ ചെയ്തുവരുന്ന ഇന്ത്യയിലെ പല സാഹിത്യകാരന്മാരുടെയും പുസ്തകങ്ങൾ വായിച്ചുതുടങ്ങി. ശരത്ചന്ദ്ര ചതോപാധ്യായയെപ്പോലുള്ളവരുടെ പുസ്തകങ്ങൾ ഏറെ പ്രിയപ്പെട്ടതായി.

അക്കാലത്ത് സ്കൂളിൽ നല്ല ലൈബ്രറിയുണ്ടായിരുന്നു. അതെല്ലാം വായിച്ചു തീർത്തു. പല ചവറും അതോടൊപ്പം വായിച്ചു. എഴുത്തുകാരനാകും എന്നൊന്നും അന്ന് തോന്നിയിരുന്നില്ലെങ്കിലും എഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചിരുന്നു. അന്നും എഴുതിനോക്കിയിരുന്നു.


സ്വന്തം ഭാഷ നിരോധിക്കപ്പെട്ടവർ

സ്വന്തം ഭാഷ നിരോധിക്കപ്പെട്ട ജനതയാണ് ഞങ്ങൾ. പോർചുഗീസുകാർ മൂന്ന് നൂറ്റാണ്ടോളമാണ് കൊങ്കണി ഭാഷ നിരോധിച്ചത്. കൊങ്കണി വീണ്ടും സജീവമായിട്ട് നൂറ് വർഷമായിട്ടേയുള്ളൂ. അപ്പോൾ, ഈ നിരോധനം ഭാഷയുടെ വളർച്ച തടഞ്ഞു എന്ന് പറയാം. പ്രാഥമിക വിദ്യാഭ്യാസം പോർചുഗീസ് ഭാഷയിൽ നേടുക എന്നത് നിർബന്ധമായിരുന്നു. പിന്നെ അത് ഇംഗ്ലീഷായി. കൊങ്കണിയുടെ അവസ്ഥ ഇങ്ങനെയായതുകൊണ്ട്, തൊട്ടടുത്തുള്ള ഭാഷയായ മറാത്തിയിലാണ് തുടർകാലങ്ങളിൽ ആശ്രയം കണ്ടെത്തിയത്. അതാണ് ഇന്ത്യൻ സംസ്കാരവുമായുള്ള ബന്ധം നിലനിർത്താനുള്ള ഏറ്റവും നല്ല വഴിയെന്ന് മാതാപിതാക്കൾ കരുതി. ക്ഷേത്രങ്ങൾക്കുനേരെയും പോർചുഗീസുകാലത്ത് ആക്രമണമുണ്ടായിരുന്നു. പലയിടത്തുനിന്നും വിഗ്രഹങ്ങൾ മാറ്റേണ്ടി വന്നു. അപ്പോൾ പൂജക്കായി മഹാരാഷ്ട്രക്കാരെ കൊണ്ടുവന്നിരുന്നു. അവർ പൂജാവിധികൾ പഠിച്ചവരായിരുന്നു. അങ്ങനെ മറാത്തി ഞങ്ങളുടെ പ്രധാനപ്പെട്ട രണ്ടാമത്തെ ഭാഷയായി എന്നു പറയാം. വിമോചന കാലത്തിന് മുമ്പ് എന്തെങ്കിലും തരത്തിൽ കല-സാഹിത്യ-സംഗീത വാസനയുള്ളവർ ബോംബെയിലേക്കാണ് പോയിരുന്നത്. ഞാനും ബിരുദ പഠനത്തിനായി പോയത് ബോംബെയിലേക്കാണ്. അങ്ങനെ പോയ നിരവധി സംഗീതജ്ഞരുണ്ട്. ബോളിവുഡിൽ എക്കാലത്തും കാര്യമായ ഗോവൻ സാന്നിധ്യമുണ്ട്. ആന്റണി ഗോൺസാൽവസിനെപ്പോലുള്ളവർ എെന്റ ഗ്രാമത്തിലുള്ളവരാണ്.

ബോംബെയിൽ പോയ ശേഷമാണ് സ്വന്തം ഭാഷയായ കൊങ്കണിയിൽ എഴുതണം എന്ന് ഉറപ്പിച്ചത്. കാരണം ആ ഭാഷ അത്രയേറെ അനുഭവിച്ചിരുന്നു. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടിരുന്നു. അതുകൊണ്ട് കൊങ്കണിയിൽ ഉറച്ചുനിൽക്കുക എന്നത് ആവശ്യമായിരുന്നു. ബോംബെ ശരിക്കു പറഞ്ഞാൽ ഒരു വിശാല ലോകം തുറന്നു. പോർചുഗീസ് ഭരണകാലത്ത് ഗോവയിൽ സംഭവിച്ചത് പോർചുഗലുമായി ബന്ധമുള്ള എന്തിനെയും മഹത്ത്വവത്കരിക്കുക എന്നതാണ്. സാഹിത്യം എന്നുപറഞ്ഞാൽ പോർചുഗൽ സാഹിത്യം. ഭാഷ എന്നുപറഞ്ഞാൽ പോർചുഗീസ്. അങ്ങനെ. ബോംബെയിൽ പോയപ്പോഴാണ് ബംഗാളിയും ഗുജറാത്തിയുമൊക്കെ വലിയ സാഹിത്യമുള്ള ഭാഷകളാണ് എന്ന് തിരിച്ചറിയുന്നത്. മറാത്തി, ഗുജറാത്തി, ഹിന്ദി സാഹിത്യലോകത്തെ അറിഞ്ഞ് കാലങ്ങൾ കഴിഞ്ഞാണ് മലയാളത്തിൽനിന്നുള്ള പരിഭാഷകൾ വായിക്കുന്നത്.

പ്രിയ മലയാളം

തകഴി ശിവശങ്കരപ്പിള്ളയെ ആണ് മലയാളത്തിൽ ആദ്യം വായിക്കുന്നത് എന്ന് തോന്നുന്നു. 'ചെമ്മീൻ' കടലോരത്തിെന്റ കഥയാണല്ലോ. അത് ഏത് ഗോവക്കാരനും എളുപ്പത്തിൽ 'റിലേറ്റ്' ചെയ്യാൻ പറ്റും. പിന്നെ ബഷീറിനെയും എം.ടിയെയും വായിച്ചു. ബഷീർ ഏത് ഭാഷയിലും കുടിയിരുത്താവുന്ന എഴുത്തുകാരനാണ്.

ഗോവയിൽ എക്കാലത്തും ഒരു മലയാളി സാന്നിധ്യമുണ്ട്. കർണാടകക്കാർ കഴിഞ്ഞാൽ വലിയ തോതിൽ പലവിധ ജോലികൾക്കായി മലയാളികൾ നേരത്തേ ഗോവയിലെത്തിയിട്ടുണ്ട്. മലയാളി തൊഴിലാളിയും അയാളുടെ ഭാര്യയും പ്രധാന കഥാപാത്രങ്ങളായ ഒരു കഥ ഞാൻ എഴുപതുകളിൽ എഴുതിയിട്ടുണ്ട്. 'ഘാട്ടീസ്' എന്നാണ് പുറമെ നിന്നുള്ളവരെ പറഞ്ഞിരുന്നത്. പുറത്തുനിന്നുള്ളവരെ പല കാര്യങ്ങളിലും സംശയിച്ചിരുന്നു. ഈ കഥയിലെ തൊഴിലാളിയുടെ റേഡിയോ മോഷ്ടിക്കപ്പെടുന്നു. അത് അയാൾ അന്വേഷിച്ചു നടക്കുന്നു. ഒടുവിലത് കിട്ടുന്നു. അപ്പോൾ അയാൾ ആവേശപൂർവം ഭാര്യയോട് പറയുന്നത് മോഷ്ടാവ് 'ഘാട്ടിയല്ല', ഗോവക്കാരനാണ് എന്നാണ്. ആരും എന്തുമാവാം എന്ന് പറയാനാണ് ഈ കഥ ശ്രമിച്ചത്. ഒരാൾ കള്ളനായി തീരാൻ അയാൾ പരദേശിയാകേണ്ടതില്ല. ഈ നാട്ടുകാരനും അതാകാം. അന്യവത്കരണത്തിെന്റകൂടി അനുഭവമാണത്. കേരളത്തിൽനിന്ന് ഗോവയിലെത്തിയ മിക്കവാറും മലയാളികൾ കത്തോലിക്കരായിരുന്നു. ഗോവക്കാർ അധികവും കത്തോലിക്കരാണല്ലോ. അവർ മലയാളികളുമായി നന്നായി ഒത്തുപോകും. പല തൊഴിലുകൾക്കായി വന്ന, വിദ്യാഭ്യാസമുള്ള മലയാളികൾ പലരും ഗോവക്കാരെ കല്യാണം കഴിച്ച് അവിടത്തുകാരായി. കോളജിലും മറ്റും അധ്യാപകരായി നിരവധി മലയാളികൾ ഉണ്ടായിരുന്നു.

കേരളത്തിലെ വായനക്കും ചില സവിശേഷതകളുണ്ട് എന്നാണ് ഞാൻ കരുതുന്നത്. വായിക്കുന്നവർ നല്ല വായനയുള്ളവരാണ്. അവർ എം.ടിയും ബഷീറും വായിച്ച് ഇനിയാരാണുള്ളത് എന്നാണ് തിരയുന്നത്. അതുകൊണ്ടാണ് ഇവിടെ മാർകേസ് ഒക്കെ വലിയ പോപ്പുലറാകുന്നത്. മലയാളി വായനക്കാർ പുതിയ ഭാവനയും ഭാവുകത്വവും തിരയുകയാണ്.

എഴുത്തും സമൂഹവും

എഴുത്തുകാരനും കണ്ണുതുറക്കുന്നത് ഈ സമൂഹത്തിലേക്കാണ്. എങ്ങനെയാണ് നീതിനിഷേധമുണ്ടാകുന്നത്, നീതി ആർക്കൊക്കെയാണ് നിഷേധിക്കപ്പെടുന്നത്, പാർശ്വവത്കരിക്കപ്പെട്ടവർക്കും അതിഥി തൊഴിലാളി സമൂഹങ്ങൾക്കുമൊക്കെ എങ്ങനെയാണ് നീതി ഒരു അന്യവസ്തുവാകുന്നത് എന്നതൊക്കെ സമൂഹത്തിലേക്ക് നോക്കുന്ന ആർക്കും മനസ്സിലാക്കാനാകും. ലോക്ഡൗൺ കാലത്ത് ആയിരം കാതങ്ങൾ നടന്നുതീർത്ത അതിഥിതൊഴിലാളികളെ കുറിച്ച് 'ഇത് ആരുടെ ശവമാണ്'എന്നൊരു കഥ ഞാൻ എഴുതിയിട്ടുണ്ട്. ഇത് മലയാളത്തിലേക്കും തർജമ ചെയ്യപ്പെട്ടിട്ടുണ്ട്.

'കാർമെലിൻ' എഴുതുന്നത് എഴുപതുകളിലാണ്. ഗോവയിൽനിന്ന് ആദ്യം ഗൾഫിലേക്ക് പോകുന്നത് സ്ത്രീകളാണ്. പിന്നീടാണ് പുരുഷന്മാർ പോകുന്നത്. 'കാർമെലിനി'ലും പറയുന്നത് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളാണ്.

ഗോവൻ സ്വത്വം

പല സംസ്കാരങ്ങളുടെയും ഭാഷകളുടെയും സാന്നിധ്യമുള്ള ദേശമാണ് ഗോവ. ഗോവയിൽ വളരുന്നവർ പല ഭാഷകൾ പഠിച്ചു. പോർചുഗീസും കൊങ്കണിയും ഹിന്ദിയും ഇംഗ്ലീഷും പുറമെ, കന്നടയോ മറാഠിയോ അവരുടെ സ്വന്തമായി. ഒരു ശരാശരി ഗോവക്കാരന് മൂന്നുമുതൽ അഞ്ചുവരെ ഭാഷകൾ അറിയാം.

ഗോവയിലെ പോർചുഗീസ് കോളനിവത്കരണത്തെയും അതിെന്റ രീതികളെയും ബ്രിട്ടീഷ് കോളനിവത്കരണത്തിനു സമാനമായി കാണാനാകില്ല. അനുഭവങ്ങളും തദ്ദേശീയരുമായുള്ള ഇടപെടലുകളും വളരെ വ്യത്യസ്തമായിരുന്നു. പോർചുഗീസുകാർ സ്വാതന്ത്ര്യം എന്ന വാക്കിനെ മറ്റു കൊളോണിയൽ ശക്തികളെപ്പോലെ ഭയന്നിരുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യം എന്ന സ്വരം എവിടെയുയർന്നാലും അവരത് ക്രൂരമായി അടിച്ചമർത്തി. എന്നാൽ അവർ തദ്ദേശീയരുമായി അടുത്തിടപഴകി. അവർ തമ്മിലുള്ള അകൽച്ച കുറവായിരുന്നു. ബ്രിട്ടീഷുകാർ അങ്ങനെയല്ലല്ലോ. ഗോവയിലും വംശീയതയുണ്ടായിരുന്നു. പക്ഷേ അത് വെള്ളക്കാരായ പോർചുഗീസുകാരും അവർ കൊണ്ടുവന്ന കറുത്ത വർഗക്കാരുമായിട്ടായിരുന്നു. തദ്ദേശീയരുമായി വലിയ തോതിൽ അത്തരം പ്രശ്നങ്ങളുണ്ടായിരുന്നില്ല. ചില പോർചുഗീസുകാർ തദ്ദേശീയരെ കല്യാണം കഴിച്ചു. അവർക്ക് കുട്ടികളുണ്ടായി. ഇതിലും നല്ലവരും മോശം സ്വഭാവമുള്ളവരും ഉണ്ടായിരുന്നു. ചിലർ തദ്ദേശീയ സ്ത്രീകളുമായുള്ള ബന്ധം വെറും ലൈംഗികതയായി കണ്ടു. മറ്റു ചിലർ വളരെ കമ്മിറ്റഡായി കല്യാണമൊക്കെ കഴിച്ച് ജീവിച്ചു. അവർ മടങ്ങിയപ്പോൾ ഈ സ്ത്രീകളെയും കൊണ്ടുപോയി.

എന്നെത്തേടി വരുന്ന കഥകൾ

ഞാൻ വളരെ കുറച്ച് എഴുതുന്നയാളാണ്. ഒരു 'പ്രൊലിഫിക്' എഴുത്തുകാരനല്ല. അടിസ്ഥാനപരമായി ചെറുകഥകളോടാണ് കൂടുതൽ പ്രതിപത്തി. എഴുത്ത് എങ്ങനെയെന്നത് ഓരോ എഴുത്തുകാരനുമായി ബന്ധപ്പെട്ട വളരെ വൈയക്തികമായ കാര്യമാണ്. വേഗത്തിൽ എഴുതിത്തീർക്കുക എന്നതാണ് എെന്റ രീതി. ഒരു കഥയെഴുതി പാതിവഴി നിർത്തിപ്പോയാൽ അത് പിന്നെ പൂർത്തിയാക്കാൻ എനിക്ക് പ്രയാസമാണ്. അപ്പോ എഴുതാനിരുന്നാൽ പൂർത്തീകരിക്കുക എന്നതാണ് ശീലം. കഥയുടെ ആദ്യരൂപമെഴുതി, പിന്നീട് എഡിറ്റ് ചെയ്ത് സെക്കൻഡ് കോപ്പി എഴുതുന്നവരൊക്കെയുണ്ട്. എനിക്കത് പ്രയാസമാണ്. േപ്ലാട്ടും കാരക്ടറുമൊന്നും വലുതായി വിവരിക്കുന്ന ശൈലിയും എനിക്കില്ല. കഥ വളരെ സ്വാഭാവികമായി, ആന്തരികമായി സംഭവിക്കുന്ന ഒന്നാണ് എനിക്ക്. ഞാൻ കഥ തിരഞ്ഞുപോകാറില്ല. എന്നെത്തേടി വരുന്ന കഥകളാണ് ഞാൻ എഴുതുന്നത്. കൊങ്കണിയിൽ എഴുതി കരിയറുണ്ടാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. കഥയെഴുതിയാൽ നിങ്ങൾക്ക് പ്രതിഫലം തരാൻ ആരുമില്ല. മറ്റു ഭാഷകളിൽ അങ്ങനെയല്ലല്ലോ. മലയാളത്തിൽ ഒരു കഥ പ്രസിദ്ധീകരിച്ചാൽ അതിന് റെമ്യൂണറേഷൻ കൊടുക്കുന്നുണ്ടല്ലോ. ഇത് കൊങ്കണിയിൽ സംഭവിക്കുന്നില്ല. അപ്പോ, എഴുതാൻ ഇഷ്ടമുള്ളതുകൊണ്ട്, എഴുതേണ്ടതുള്ളതുകൊണ്ട് എഴുതുകയാണ് ചെയ്യുന്നത്. പിന്നെ അംഗീകാരങ്ങൾ. ചില നല്ല വാക്കുകൾ ആണ് ഏറ്റവും വലിയ അംഗീകാരമെന്ന് ഞാൻ കരുതുന്നു. നല്ല സാഹിത്യാഭിമുഖ്യമുള്ള ഒരാൾ നിങ്ങളുടെ എഴുത്തിനെക്കുറിച്ച് നല്ലതുപറയുന്നത് അവാർഡിനേക്കാൾ വിലപ്പെട്ടതാണ്. എെന്റ നോവൽ കന്നടയിൽ പ്രസിദ്ധീകരിച്ച വേളയിൽ എനിക്കൊരു കോൾ വന്നു. ഞാനപ്പോ ഉച്ചമയക്കത്തിലായിരുന്നു. ഫോൺ റിങ് ചെയ്തപ്പോ അരിശം തോന്നി. എടുത്തപ്പോൾ, അപ്പുറത്ത് യു.ആർ. അനന്തമൂർത്തിയാണ്. നോവൽ വായിച്ച ആവേശത്തിൽ വിളിക്കുകയാണ് എന്ന് പറഞ്ഞു. ഞാൻ ഭൂമിയിൽ നിന്ന് പൊങ്ങിയപോലെയായി. മൂർത്തിസാറാണ് ഇത് പറയുന്നത്. ഇതിലപ്പുറം എന്ത് അവാർഡ് കിട്ടാനാണ്.

ലിബറൽ പാരമ്പര്യം ഭീഷണിയിൽ

'കാർമെലി'ൻ ഖണ്ഡശഃയായി എഴുതിയ വേളയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. കത്തോലിക്കരുടെ ഇടയിൽനിന്നാണ് പ്രശ്നങ്ങളുണ്ടായത്. കത്തോലിക്കരായ സ്ത്രീകളെ അധിക്ഷേപിക്കുന്നതാണ് നോവലെന്നായിരുന്നു ആക്ഷേപം. പക്ഷേ, കത്തോലിക്കർതന്നെ നോവലിനെ പിന്തുണച്ച് രംഗത്തെത്തി. എഴുത്തിനെ പ്രതിരോധിക്കാൻ മുൻനിരയിൽ ഉണ്ടായിരുന്നത് ഒരു പുരോഹിതൻതന്നെയാണ്- ഫ്രെഡി ഡീകോസ്റ്റ. ഖണ്ഡശഃ നിർത്തിയത് കാര്യമാക്കണ്ട, ഞാനിത് പ്രസിദ്ധീകരിക്കും എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം സമർപ്പിത ജീവിതമുള്ള ഒരു എഡിറ്റർകൂടിയായിരുന്നു. ഇതൊക്കെ ഗോവയുടെ തനത് പ്ലൂറൽ-ലിബറൽ ജീവിതത്തിെന്റസാക്ഷ്യങ്ങളാണ്. പഴയ ഗോവയിൽ അന്യവത്കരണം എന്ന അനുഭവം എനിക്കുണ്ടായിട്ടില്ല. അത് പതിയെ മാറുകയാണ്. ചില കാര്യങ്ങൾ തുറന്നുപറയുന്നതുകൊണ്ടാണ് എനിക്കെതിരെ യാഥാസ്ഥിതികവാദികൾ ഭീഷണി ഉയർത്തുന്നത്. അതുകൊണ്ട് മിണ്ടാതിരിക്കാനാകുമോ. ഇതൊന്നും ഗോവയുടെ ഭാഗമല്ല. മനോഹർ പരീക്കറുടെ രാഷ്ട്രീയവുമായി എനിക്ക് വിയോജിപ്പുകളുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. പക്ഷേ, എഴുത്തുകാരൻ എന്ന നിലയിൽ എന്നോട് അദ്ദേഹത്തിന് ബഹുമാനമുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ നല്ല ബന്ധവുമുണ്ടായിരുന്നു. ഇതാണ് ഗോവൻ രീതി. വിയോജിപ്പ് അങ്ങനെതന്നെ നിലനിർത്തി മുന്നോട്ട് പോകാം. ഈ സംസ്കാരത്തിനെതിരായ കാര്യങ്ങളാണുണ്ടായത്. ഞാൻ ഏതെങ്കിലും പാർട്ടിയുടെ ആളല്ല. പക്ഷേ രാഷ്ട്രീയമുണ്ട്. ആൾക്കൂട്ട കൊലകളുടെ കാലത്ത് എങ്ങനെയാണ് മിണ്ടാതിരിക്കുക. ആൾക്കൂട്ട കൊലയെ കുറിച്ച്, 'ഞാനെന്തിനത് പരിഗണിക്കണം' എന്നൊരു കഥ ഞാൻ എഴുതിയിട്ടുണ്ട്.

നിങ്ങൾ എന്തിനാണ് പേനയെടുക്കുന്നത്?

എഴുത്ത് സ്വാഭാവികമായും ആക്ടിവിസമാണ് എന്നാണ് ഞാൻ കരുതുന്നത്. എന്തിനാണ് നിങ്ങൾ പേനയെടുക്കുന്നത്. എന്തെങ്കിലും അനീതി കാണുേമ്പാഴാണ്. അത് എന്തുമാകാം. അത് അതിഥി തൊഴിലാളികളുടെ പ്രശ്നമോ പാർശ്വവത്കൃത സമുദായങ്ങളുടെ പ്രശ്നമോ ആകണമെന്ന് നിർബന്ധമില്ല. നല്ല നിലയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരും അനീതികളുടെ ഇരകളാകാം. ഇതിനെ കലാപരമായി സമീപിക്കുന്നതിെന്റ പേരാണ് എഴുത്ത്.

തർജമ, ഭാവുകത്വം, സാഹിത്യോത്സവം

തർജമക്ക് പുതിയ ഭാവുകത്വത്തെയും അനുഭവത്തെയും മറുകരയിലെത്തിക്കാനാകും. പോർചുഗലിലേക്ക് ഒട്ടുമിക്ക മികച്ച യൂറോപ്യൻ കൃതികളും തർജമ ചെയ്യപ്പെട്ടിരുന്നു. അങ്ങനെ പോർചുഗീസ് വഴി യൂറോപ്യൻ സാഹിത്യവുമായി ബന്ധം സ്ഥാപിക്കാൻ ഗോവക്കാർക്ക് സാധിച്ചിട്ടുണ്ട്.

എഴുത്തുകാരുമായുള്ള ഇടപെടൽ എപ്പോഴും നല്ലതാണ് എന്നാണ് ഞാൻ കരുതുന്നത്. ഇതിന് സാഹചര്യമൊരുക്കാൻ ഗോവ സാഹിത്യോത്സവത്തിന് സാധിച്ചിട്ടുണ്ട്. പല പ്രശസ്ത എഴുത്തുകാരെയും ഗോവക്കാർക്ക് പരിചയപ്പെടുത്താനായി. എഴുത്തുകാരെ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന വേദികൂടിയായി അത് മാറി.

ഡീകോളനൈസേഷൻ

കൊളോണിയലിസത്തിെന്റ കാലം കഴിഞ്ഞപ്പോൾ കൊളോണിയൽ ആയ പലതും നമ്മുടെ ഭാഗമായി മാറി. അപ്പോൾ ഒരു 'അൺലേണിങ്' പദ്ധതി നമുക്ക് ബോധപൂർവം ഉണ്ടാകേണ്ടിയിരുന്നു. അത് സംഭവിച്ചില്ല. കൊളോണിയലിസത്തിെന്റ പല സമ്പ്രദായങ്ങളും നമ്മുടെ ബാധകളും ബാധ്യതകളുമായി തുടരുകയാണ്. ഈ പ്രശ്നം കൃത്യമായി ബോധ്യപ്പെട്ട നേതൃത്വമുണ്ടായില്ല എന്നതാണ് ശരി. മഹാത്മാ ഗാന്ധിയാണ് ഇത് മുൻകൂട്ടി കണ്ട, തിരിച്ചറിഞ്ഞ ഒരാൾ. പിന്നെ അങ്ങനെ ഒരാൾ ഉണ്ടായിട്ടില്ല.

News Summary - damodar mauzo interview