അസമത്വം ജാതി സെൻസസിന്റെ പരിധിയിൽ പരിഹരിക്കാൻ കഴിയില്ല

രാജ്യാന്തര പ്രശസ്തനായ ദലിത്പക്ഷ ചിന്തകനും എഴുത്തുകാരനും മാനേജ്മെന്റ് വിദഗ്ധനും ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനും മുൻ രാഷ്ട്രീയ തടവുകാരനുമായ ഡോ. ആനന്ദ് തെൽതുംബ്െഡയുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ. ജാതിയെ പ്രശ്നവത്കരിക്കുന്ന അദ്ദേഹം ‘കാസ്റ്റ് കോൺസെൻസസ്' എന്ന പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സുവ്യക്തമായി തന്റെ നിലപാടുകൾ അവതരിപ്പിക്കുന്നു. ലക്കം 1462 തുടർച്ച. ബി.ജെ.പി സർക്കാർ 2014ൽ അധികാരത്തിൽ വന്നപ്പോൾ യു.പി.എ-II 2011ൽ നടത്തിയ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് ഡേറ്റ ലഭ്യമായിരുന്നു. അതിൽനിന്നും ജാതി സെൻസസ് ഒഴിവാക്കിക്കൊണ്ട് സാമ്പത്തിക സെൻസസ്...
Your Subscription Supports Independent Journalism
View Plansരാജ്യാന്തര പ്രശസ്തനായ ദലിത്പക്ഷ ചിന്തകനും എഴുത്തുകാരനും മാനേജ്മെന്റ് വിദഗ്ധനും ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനും മുൻ രാഷ്ട്രീയ തടവുകാരനുമായ ഡോ. ആനന്ദ് തെൽതുംബ്െഡയുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ. ജാതിയെ പ്രശ്നവത്കരിക്കുന്ന അദ്ദേഹം ‘കാസ്റ്റ് കോൺസെൻസസ്' എന്ന പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സുവ്യക്തമായി തന്റെ നിലപാടുകൾ അവതരിപ്പിക്കുന്നു. ലക്കം 1462 തുടർച്ച.
ബി.ജെ.പി സർക്കാർ 2014ൽ അധികാരത്തിൽ വന്നപ്പോൾ യു.പി.എ-II 2011ൽ നടത്തിയ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് ഡേറ്റ ലഭ്യമായിരുന്നു. അതിൽനിന്നും ജാതി സെൻസസ് ഒഴിവാക്കിക്കൊണ്ട് സാമ്പത്തിക സെൻസസ് ഡേറ്റ മാത്രം മോദി സർക്കാർ പുറത്തുവിട്ടത് എന്തുകൊണ്ടാണെന്നാണ് താങ്കൾ കരുതുന്നത്?
ജാതി വിവരക്കണക്കുകൾ പുറത്തുവിടുന്നത് ബി.ജെ.പിയുടെ അടിസ്ഥാന രാഷ്ട്രീയ ഘടനയെയും പ്രത്യയശാസ്ത്ര നിലപാടിനെയും തെരഞ്ഞെടുപ്പ് വിജയസാധ്യതയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുമായിരുന്നു. ഡേറ്റ പുറത്തുവിടാൻ തടസ്സംനിന്നത് ബ്യൂറോക്രസി ആയിരുന്നില്ല, അത് ആസൂത്രിതമായ ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു.
ഒന്നാമതായി, ജാതിവിവരങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തുറുപ്പു ശീട്ടായ ഹിന്ദു ഐക്യം എന്ന കെട്ടുകഥയെ തുറന്നുകാട്ടും. ബി.ജെ.പിയുടെ പദ്ധതി ഹിന്ദുമതത്തിനകത്ത് ശ്രേണീവിഭജനം ഇല്ലെന്നു വരുത്തിക്കൊണ്ടും മുസ്‍ലിംകളെ അപരവത്കരിച്ചുകൊണ്ടും ഒരു ഏകീകൃത ഹിന്ദു സ്വത്വത്തിന്റെ പേരിൽ അധികാരം നിലനിർത്തുക എന്നതാണ്. ജാതി വിവരങ്ങൾ പുറത്തുവന്നാൽ ഹിന്ദു സമൂഹത്തിനുള്ളിലെ അസമത്വത്തെ പുറത്തു കൊണ്ടുവരുകയും ഉയർന്ന ജാതിക്കാർക്കിടയിൽ കുമിഞ്ഞുകൂടിയ സമ്പത്ത്, ഭൂമി, അവർ നേടിയ വിദ്യാഭ്യാസം, അധികാരം എന്നിവയുടെ അസമമായ കേന്ദ്രീകരണം തുറന്നു കാട്ടപ്പെടുകയും ചെയ്യും. അത് അവർ ശ്രദ്ധാപൂർവം വളർത്തിയെടുത്ത ഭൂരിപക്ഷ സമവായത്തെ തകർക്കുകയും ചെയ്യും.
രണ്ടാമതായി, ഈ കണക്കുകൾ ബി.ജെ.പിയുടെ മറ്റു പിന്നാക്ക വിഭാഗങ്ങളെക്കുറിച്ചുള്ള (ഒ.ബി.സി) പ്രചാരണത്തിലെ പൊള്ളത്തരത്തെ തുറന്നുകാട്ടുമായിരുന്നു. ഒരു ഒ.ബി.സി നേതാവെന്ന നിലയിൽ മോദിയുടെ ഉന്നതപദവി വെറും പ്രതീകാത്മകം മാത്രമാണെന്നും, അല്ലാതെ യഥാർഥ രാഷ്ട്രീയ പ്രതിനിധാനം അല്ലെന്നും ജനങ്ങൾ മനസ്സിലാക്കും. സംവരണത്തിന്റെ പുനഃക്രമീകരണം, േക്വാട്ടകളുടെ വിപുലീകരണം, സ്റ്റേറ്റിന്റെ നയങ്ങൾ ഒക്കെ യഥാർഥത്തിൽ ആർക്കാണ് പ്രയോജനം ചെയ്തത് എന്നതിനെക്കുറിച്ചൊക്കെയുള്ള സൂക്ഷ്മപരിശോധന നടത്തണമെന്നുള്ള ആവശ്യങ്ങൾ ജാതി ഡേറ്റ അനിവാര്യമായും ഉയർത്തും. അത് ബി.ജെ.പി ഒളിപ്പിച്ചുവെച്ച സാമൂഹിക യാഥാർഥ്യങ്ങളെ തുറന്നുകാണിക്കും.
മൂന്നാമതായി, ജാതിവിവരങ്ങൾ നവലിബറൽ നയങ്ങളുടെ ജനവിരുദ്ധത തുറന്നുകാട്ടും. ജാതി സെൻസസിലൂടെ അസമത്വം പുറത്തുവന്നാൽ സമ്പത്തിന്റെ പുനർവിതരണത്തിനുള്ള ആവശ്യങ്ങൾ, തൊഴിലവകാശങ്ങൾ, വിദ്യാഭ്യാസം, ഭൂമി, ക്രെഡിറ്റ് തുടങ്ങിയ ധാർമികവും രാഷ്ട്രീയവുമായ ആവശ്യങ്ങൾ ശക്തമാകും. ബി.ജെ.പിയുടെ സാമ്പത്തിക മാതൃക ക്ഷേമരാഷ്ട്ര സങ്കൽപത്തെ ഇല്ലാതാക്കിക്കൊണ്ട് മൂലധനം സംരക്ഷിക്കുന്നതാണല്ലോ. ‘സാമ്പത്തിക മാനദണ്ഡങ്ങൾ’ അനുസരിച്ചുള്ള ക്ഷേമപദ്ധതികൾ എങ്ങനെയാണ് സാമൂഹിക അസമത്വത്തെ മറച്ചുപിടിക്കുന്നതെന്നും ജാതി സെൻസസ് പുറത്തുകൊണ്ടുവരുമായിരുന്നു. അത് രാഷ്ട്രീയമായി വിശദീകരിക്കുക എളുപ്പവുമല്ല.
നാലാമതായി, ബി.ജെ.പി സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവരുന്നത് നിയന്ത്രിച്ചുകൊണ്ടാണ് ഭരണനിർവഹണം നടത്തുന്നത്. ഡേറ്റയാണ് ശക്തി. തൊഴിലില്ലായ്മ, ഉപഭോഗം, പട്ടിണി, വിദ്യാഭ്യാസം എന്നിവയിലെ ഘടനാപരമായ അസമത്വം തുറന്നുകാട്ടുന്ന ഡേറ്റ ഒളിപ്പിക്കുകയും ഭരണത്തെ വാഴ്ത്തിപ്പാടുന്ന ഡേറ്റ പുറത്തിറക്കുകയും ചെയ്യുക എന്ന സ്ഥിരമായ ഒരു രീതി മോദി ഭരണകൂടം തുടർന്നുകൊണ്ടിരിക്കുകയാണ്. താൽക്കാലികമായ വിലക്കയറ്റമോ മറ്റു നയപരമായ പ്രശ്നങ്ങളോ പോലെ രാഷ്ട്രീയ വാചാേടാപങ്ങൾ കൊണ്ട് മറച്ചുവെക്കാൻ കഴിയുന്നതല്ല ഘടനാപരമായ അനീതി വെളിപ്പെടുത്തുന്ന ജാതി സംബന്ധിച്ച വിവരങ്ങൾ. അതുകൊണ്ടു തന്നെ അത് അപകടം നിറഞ്ഞ വിവരങ്ങളാണെന്ന് ബി.ജെ.പി സർക്കാറിന് അറിയാം.
അവസാനമായി, തിരഞ്ഞെടുത്ത വിവരങ്ങൾ മാത്രം പുറത്തുവിടുന്നത് ഒരു പ്രത്യയശാസ്ത്രപരമായ നീക്കം കൂടിയാണ്. ദാരിദ്ര്യത്തെ വ്യക്തിഗത പ്രശ്നമായി അവതരിപ്പിക്കാൻ കഴിയുമെന്നും ജാതി അസമത്വത്തെ അങ്ങനെ കഴിയില്ല എന്നുമുള്ള കണക്കുകൂട്ടലിന്റെ ഭാഗമായാണ്. പിന്നാക്കം നിൽക്കുന്ന ചില വിഭാഗങ്ങളെ ലക്ഷ്യംെവച്ചുള്ള പദ്ധതികളിലൂടെയും രാഷ്ട്രീയ പ്രഖ്യാപനങ്ങളിലൂടെയും ദാരിദ്ര്യത്തെ അഭിസംബോധന ചെയ്യാൻ ഭരണകൂടത്തിന് കഴിയും. ജാതി പ്രശ്നങ്ങൾ നേരിടാൻ കൃത്യമായ കണക്കുകളും രാഷ്ട്രീയ തീരുമാനങ്ങളും ആവശ്യമുണ്ട്. ആദ്യത്തേത് പ്രശ്നങ്ങളെ മാനേജ്‍ ചെയ്യുന്ന ഭരണരീതിക്കു വഴങ്ങുമ്പോൾ രണ്ടാമത്തേത് ഘടനാപരമായ മാറ്റമാണ് ആവശ്യപ്പെടുന്നത്.
ചുരുക്കത്തിൽ പറഞ്ഞാൽ, ജാതി ഡേറ്റ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രം സാംസ്കാരിക ദേശീയതയിൽനിന്ന് സാമൂഹിക നീതിയിലേക്കും സ്വത്വ രാഷ്ട്രീയത്തിൽ നിന്ന് ഭൗതിക അസമത്വത്തിലേക്കും ധാർമിക വാചാടോപത്തിൽ നിന്ന് സമ്പത്തിന്റെ പുനർവിതരണ ആവശ്യങ്ങളിലേക്കും ഉള്ള പരിവർത്തനം ആവശ്യപ്പെടും. ആ മാറ്റം അടിസ്ഥാനപരമായി ബി.ജെ.പിയുടെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുമായും പ്രത്യയശാസ്ത്ര പദ്ധതിയുമായും പൊരുത്തപ്പെടുന്നതല്ല.

ഡോ. അംബേദ്കറുടെ നേതൃത്വത്തിൽ ഇന്ത്യൻ ലേബർ പാർട്ടി സംഘടിപ്പിച്ച ഒരു മുന്നേറ്റം
രാഹുൽ ഗാന്ധി 2022 നവംബറിൽ ഉദയ്പൂരിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ജാതി സെൻസസിനായുള്ള ആവശ്യം ഉന്നയിക്കുകയുണ്ടായി. കോൺഗ്രസിനുള്ളിലെ യഥാർഥ പ്രത്യയശാസ്ത്രപരമായ പരിവർത്തനമായിട്ടാണോ അതോ 2014 ൽ അധികാരം നഷ്ടപ്പെട്ടതിന് ശേഷമുള്ള തെരഞ്ഞെടുപ്പ് തന്ത്രമായിട്ടാണോ താങ്കൾ ഇതിനെ കാണുന്നത്? കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ജാതി സെൻസസ് ആവശ്യത്തിലെ പ്രധാനമായ ആശയപരവും പ്രായോഗികവുമായ പ്രശ്നങ്ങൾ എന്തൊക്കെയാണ്?
ഇത് പ്രാഥമികമായി ഒരു തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണ്, ആഴത്തിലുള്ള പ്രത്യയശാസ്ത്രപരമായ മാറ്റമല്ല. അതേസമയം, കോൺഗ്രസ് സ്വന്തം വൈരുധ്യങ്ങളെ ആത്മാർഥമായി നേരിടാൻ തയാറാവുകയാണെങ്കിൽ അത് വലിയ ഒരു പുരോഗമന രാഷ്ട്രീയ ചുവടുവെപ്പായി മാറാനും സാധ്യതയുണ്ട്. സാമൂഹിക നീതിയെക്കുറിച്ചുള്ള ആശങ്കകളെക്കാൾ 2014ന് ശേഷമുള്ള തെരഞ്ഞെടുപ്പ് പരാജയമാണ് അത്തരം ഒരു മാറ്റത്തിന് ആധാരം. ജാതിക്കതീതമായി ഹിന്ദു ഐക്യം രൂപപ്പെട്ടു എന്ന ബി.ജെ.പിയുടെ ആഖ്യാനത്തോടുള്ള കോൺഗ്രസിന്റെ പ്രതികരണമായും ഇതിനെ കാണാം.
ജാതി ശ്രേണിവ്യവസ്ഥ സംരക്ഷിക്കുന്നതിൽ കോൺഗ്രസ് വഹിച്ച ചരിത്രപരമായ പങ്കിനെക്കുറിച്ചുള്ള ആത്മപരിശോധനയിലൂടെയല്ല ജാതി സെൻസസ് എന്ന ആവശ്യത്തിലേക്ക് കോൺഗ്രസ് എത്തുന്നത്. പതിറ്റാണ്ടുകളായി ജാതിയുടെ സാമൂഹിക പ്രശ്നങ്ങൾ തിരിച്ചറിയുമ്പോഴും അതിനെ രാഷ്ട്രീയമായി നേരിടാൻ കെൽപില്ലാത്തതിനാൽ ജാതി യാഥാർഥ്യങ്ങളെ അവർ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. പകരം ഉയർന്ന ജാതിക്കാർക്ക് താൽപര്യമുള്ള പദ്ധതികളായിരുന്നു ഇക്കാലമത്രയും നടപ്പാക്കിക്കൊണ്ടിരുന്നത്. ഉന്നത ജാതിവിഭാഗങ്ങളുടെ ആധിപത്യം പാർട്ടിയിൽ ഇല്ലാതായത്, ഒ.ബി.സികൾക്കിടയിൽ പാർട്ടി ദുർബലമായത്, പ്രാദേശികതലങ്ങളിൽ ഉയർന്നുവന്ന സാമൂഹിക നീതി അടിസ്ഥാനമായുള്ള രാഷ്ട്രീയം എന്നിവയാണ് ജാതി സെൻസസിലേക്കു തിരിയാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. ആ അർഥത്തിൽ, ഈ നീക്കം നിലവിലുള്ള രാഷ്ട്രീയ യാഥാർഥ്യങ്ങളോടുള്ള പ്രതികരണമാണ്.
വെറും അവസരവാദമെന്ന നിലയിൽ അതിനെ തള്ളിക്കളയുന്നതും ശരിയല്ല. ഈ ആവശ്യം കോൺഗ്രസിന് ഇനി ഒഴിവാക്കാൻ കഴിയാത്ത ഒരു രാഷ്ട്രീയ യാഥാർഥ്യത്തെ കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്. ഡേറ്റയുടെ പിന്തുണയില്ലാതെ പുനർവിതരണം അവകാശപ്പെടാൻ കഴിയില്ല എന്നതും ഹിന്ദു സമൂഹത്തിലെ അസമത്വങ്ങൾ തുറന്നുകാട്ടിയില്ലെങ്കിൽ ഹിന്ദു ഐക്യത്തെ ആയുധമാക്കുന്ന ഒരു ഭരണകൂടത്തിനെതിരെ സാമൂഹിക നീതിയുടെ യാഥാർഥ്യങ്ങൾ പ്രശ്നവത്കരിക്കാനും കഴിയില്ല എന്നതും കോൺഗ്രസ് തിരിച്ചറിയുന്നുണ്ട്. എന്നാൽ, ഈ ഉൾക്കാഴ്ച പാർട്ടിക്കുള്ളിൽ ആഴത്തിലുള്ള സൈദ്ധാന്തിക ചർച്ചകൾക്ക് തുടക്കമിട്ടുവെന്ന് പറയാൻ കഴിയില്ല.
ആശയപരമായ പോരായ്മകൾ ഗുരുതരമാണ്. ഒന്നാമതായി, കോൺഗ്രസ് ജാതി സെൻസസിനെ പ്രധാനമായും ഒരു സാങ്കേതിക കാര്യമായാണ് സമീപിച്ചിരിക്കുന്നത്, അല്ലാതെ നിലവിലുള്ള അധികാരബന്ധങ്ങൾക്ക് ഒരു വെല്ലുവിളിയായിട്ടല്ല. ഡേറ്റ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമായി പറയാതെ ‘എണ്ണുന്നതിനെ’ കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നത്. ഇത് റിസർവേഷൻ പുനഃക്രമീകരിക്കുമോ? റിസർവേഷനിലെ 50 ശതമാന പരിധി പുനഃപരിശോധിക്കുമോ? പൊതുചെലവ് വർധിപ്പിക്കുമോ? സ്വകാര്യമേഖലയിലെ റിസർവേഷൻ പരിഗണിക്കുമോ? ഈ സുപ്രധാന ചോദ്യങ്ങളിൽനിന്നും പാർട്ടി ഒഴിഞ്ഞുമാറുകയാണ്.
രണ്ടാമതായി, ഘടനാപരമായ പരിവർത്തനത്തിനു പകരം ക്ഷേമ പരിപാടികൾ ലക്ഷ്യംവെച്ചാണ് ജാതി സെൻസസ് ആവശ്യപ്പെടുന്നത്. പരമ്പരാഗതമായി ഒരു വിഭാഗത്തിന് കിട്ടിയ അമിത വിഭവലഭ്യതയുടെയും മറ്റൊരു വിഭാഗത്തിന് നീതി നിഷേധിക്കപ്പെട്ടതിന്റെയും ചരിത്രപരമായ യാഥാർഥ്യങ്ങൾ അംഗീകരിക്കുന്നതിനുപകരം ജാതിയെ ദാരിദ്ര്യത്തിന്റെ ഒരു സൂചകമായി കാണുന്നത് അപകടകരമാണ്. പുനർവിതരണ രാഷ്ട്രീയത്തെ (Redistributive Politics) അടിസ്ഥാനമാക്കി മാറ്റുന്നതിനുപകരം ജാതിയെ ഭരണനിർവഹണ തന്ത്രങ്ങളുടെ ഭാഗമായി നിലനിർത്താൻ ഇത്തരം വീക്ഷണങ്ങൾ കാരണമാകുന്നു.
മൂന്നാമതായി, കോൺഗ്രസ് പാർട്ടി അതിന്റെ നവലിബറൽ സാമ്പത്തിക നയത്തോടുള്ള ദീർഘകാല പ്രതിബദ്ധതയുമായി ജാതി സെൻസസിനെ ചേർത്തുെവച്ച് വായിച്ചിട്ടില്ല. സർവ മേഖലയിലും പുനർവിതരണം നടത്താതെ ഡേറ്റ മാത്രം നിലവിൽ വരുന്നത് പ്രതിസന്ധി ഗുരുതരമാക്കുകയേയുള്ളൂ. സാമ്പത്തിക വളർച്ച, സ്വകാര്യവത്കരണം, പൊതു ചെലവ് നിയന്ത്രണം (fiscal restraint) എന്നിവയെകുറിച്ച് പുനർവിചിന്തനം ചെയ്യാൻ പാർട്ടി തയാറായില്ലെങ്കിൽ, ജാതി ഡേറ്റ ഒരു ന്യൂനപക്ഷത്തിന് ആനുകൂല്യങ്ങൾ പുനഃക്രമീകരിക്കാൻ മാത്രമേ ഉപകരിക്കൂ.
നാലാമത്തെ ഗുരുതര പ്രശ്നം കോൺഗ്രസ് സ്വന്തം സംഘടനക്കുള്ളിൽ ഉയർന്ന ജാതിക്കാരുടെ ആധിപത്യം തുടരാൻ അനുവദിക്കുന്നു എന്നതാണ്. ആഭ്യന്തര ജനാധിപത്യമില്ലാതെ ജാതി സെൻസസ് മാത്രം അവതരിപ്പിക്കുന്നതിൽ കഴമ്പില്ല. സ്വന്തം അധികാര ഘടനയെ സ്പർശിക്കാതെ സമൂഹത്തിൽ ജാതി ഘടന കണക്കാക്കാൻ പാർട്ടി ആഗ്രഹിക്കുകയാണ്.
അവസാനമായി, ഒരു പ്രത്യയശാസ്ത്രപരമായ പൊരുത്തക്കേട് കൂടി ഉണ്ട്. ധാർമിക ആഹ്വാനത്തിലൂടെയല്ലാതെ യഥാർഥ പുനർവിതരണത്തിലൂടെ എങ്ങനെ സമത്വം കൈവരിക്കാമെന്ന് വിശദീകരിക്കാതെ കോൺഗ്രസ് ഒരേസമയം സാമൂഹിക നീതിയെയും ദേശീയ ഐക്യത്തെയും കുറിച്ചുള്ള അവ്യക്തമായ ആശയം പങ്കുവെക്കുകയാണ്. അതുകൊണ്ടുതന്നെ ജാതി സെൻസസ് രാഷ്ട്രത്തെ ഭിന്നിപ്പിക്കുന്ന ആശയമായി ചിത്രീകരിക്കാൻ എതിരാളികളെ അനുവദിക്കുമ്പോൾ കോൺഗ്രസിന് അത് വ്യക്തമായി പ്രതിരോധിക്കാൻ കഴിയുന്നില്ല.
ചുരുക്കത്തിൽ, ജാതി സെൻസസ് ഘടനാപരമായ മാറ്റത്തിനെന്നു പറയാൻ കഴിയില്ലെങ്കിലും ഈ ആവശ്യം ഒരു പുതിയ ദിശയിലുള്ള രാഷ്ട്രീയത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നു. കോൺഗ്രസ് യാഥാർഥ്യത്തിൽനിന്നും അകന്ന നിലപാടുകൾ ഉപേക്ഷിക്കുകയും ജാതിയെ അധികാരത്തിന്റെയും ഭൗതിക യാഥാർഥ്യങ്ങളുടെയും കാരണമായി അംഗീകരിക്കുകയും ജാതി സെൻസസ് നൽകുന്ന ഡേറ്റയെ പുനർവിതരണ അജണ്ടയുമായി സമന്വയിപ്പിക്കുകയും ചെയ്യുമോ എന്നതാണ് പ്രധാന ചോദ്യം.

അമിത് ഷായും നരേന്ദ്ര മോദിയും
ജാതി സെൻസസിലൂടെ മാത്രം തുല്യത കൊണ്ടുവരാൻ കഴിയില്ലെന്ന് താങ്കൾ പറയുന്നു. തുല്യതയെയും സാമൂഹിക നീതിയെയുംകുറിച്ചുള്ള പൊതു കാഴ്ചപ്പാടിൽ സമൂലമായ പുനർവിചിന്തനം ആവശ്യമാണെന്നാണോ?
തീർച്ചയായും. ഒരു സെൻസസ് നമുക്ക് സ്ഥിതിവിവരക്കണക്കുകൾ നൽകുന്നു. ഈ കണക്കുകൾ സ്വയം സമത്വം സൃഷ്ടിക്കുന്നില്ല. സമത്വ സൃഷ്ടിക്ക് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. ആ ഇച്ഛാശക്തി പ്രകടമായി ഇല്ലെന്നാണ് ഏഴ് പതിറ്റാണ്ടിലേറെയായുള്ള നമ്മുടെ അനുഭവം. അങ്ങനെ ഒരു രാഷ്ട്രീയ ഇച്ഛാശക്തി നിലനിന്നിരുന്നുവെങ്കിൽ, സെൻസസ് തന്നെ ആവശ്യമില്ലായിരുന്നു. ഇന്ത്യയിലെ അസമത്വം വളരെ രൂക്ഷമായതിനാൽ അത് തിരിച്ചറിയുന്നതിനോ ഇല്ലാതാക്കുന്നതിനോ ഉള്ള നയങ്ങൾ രൂപപ്പെടുത്തുന്നതിനോ ഒരു കണക്കെടുപ്പും ആവശ്യമില്ല.
പ്രാഥമികമായി സാമൂഹിക നീതിയുടെ ഒരു സൂചകമായി എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനാണ് ജാതി സെൻസസ് എന്ന ആവശ്യം ഉയരുന്നത്. എന്നാൽ, ഇന്ത്യയിലെ സാമൂഹിക നീതി എന്ന സങ്കൽപം വളരെക്കാലമായി ഒരു നഷ്ടപരിഹാര യുക്തിയിലേക്ക് (compensatory logic) ചുരുങ്ങിയിട്ടുണ്ട്. പിന്നാക്കം നിൽക്കുന്നവരെ തിരിച്ചറിയുക, േക്വാട്ടകൾ അല്ലെങ്കിൽ പദ്ധതികൾ അനുവദിക്കുക, ധാർമിക ഉത്തരവാദിത്തം നിറവേറ്റിയതായി അവകാശപ്പെടുക എന്ന രീതിയിലാണ് അത് നടക്കുന്നത്. അസമത്വത്തെ ഒരു വിഭാഗത്തിന് തുടർച്ചയായി പ്രത്യേകാവകാശങ്ങൾ സൃഷ്ടിക്കുന്ന ഒരു സംവിധാനമായി കാണുന്നതിന് പകരം ചില വിഭാഗങ്ങൾ അനുഭവിക്കുന്ന ഇല്ലായ്മ (deficit) ആയാണ് അവതരിപ്പിക്കുന്നത്. ജാതി സെൻസസ് ഈ സമീപനത്തിന് നന്നായി യോജിക്കുന്ന ഒന്നാണ്, അസമത്വം സൃഷ്ടിക്കുന്ന ഘടനകളെ സംരക്ഷിച്ചു നിർത്തിക്കൊണ്ടുതന്നെ അരികുവത്കരിക്കപ്പെട്ടവർക്ക് ഒരു ഭേദപ്പെട്ട ലോകം വാഗ്ദാനം ചെയ്യാൻ.
ജാതി വെറും തെറ്റായ രീതിയിലുള്ള വിഭവ വിതരണത്തിന്റെ പ്രശ്നം മാത്രമല്ല; അത് അധികാര കേന്ദ്രീകരണംകൂടിയാണ്. ജാതി സെൻസസ് ഭൂമിയുടെ ഉടമസ്ഥാവകാശം, മൂലധന കേന്ദ്രീകരണം, വിദ്യാഭ്യാസ അവസരങ്ങൾ, പാർപ്പിട സൗകര്യങ്ങൾ, വിവിധ സ്ഥാപനങ്ങളിലെ അധികാര നിയന്ത്രണം എന്നിവയിൽ മാറ്റം വരുത്തില്ല. ഈ തലങ്ങളിലെ ഇടപെടലുകളില്ലാതെ, സാമൂഹിക മാറ്റം സാധ്യമാകാതെ വെറും ഭരണകൂടത്തിന്റെ ഉപകരണം മാത്രമായി ഡേറ്റ മാറുന്നു. ഇങ്ങനെ ഭരണ നിർവഹണത്തിന്റെ ഭാഗമായി മാനേജ് ചെയ്യുന്ന ഒരു കാര്യമായി അസമത്വം മാറുന്നത് ഏറെ അപകടകരവുമാണ്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നവലിബറൽ പരിഷ്കാരങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികളിൽനിന്നാണ് ജാതി സെൻസസിനായുള്ള പുതിയ ആവശ്യം ഉണ്ടായതെന്ന് നമ്മൾ മനസ്സിലാക്കണം. ഈ പരിഷ്കാരങ്ങൾ പൊതുമേഖലയെ തകർക്കുകയും സമ്പത്ത് സ്വകാര്യ വ്യക്തികളിൽ കേന്ദ്രീകരിക്കുകയും അടിച്ചമർത്തപ്പെട്ടവർ അതിജീവനത്തിനായി വർഗപരമായ സംഘടനകളെ ഉപേക്ഷിച്ചുകൊണ്ട് ജാതി അടിസ്ഥാനമാക്കിയുള്ള സംഘടനകളിലേക്ക് മടങ്ങാൻ നിർബന്ധിതരാകുകയും ചെയ്തു. കൂടാതെ, പ്രബലരായ ജാതികൾ പിന്നാക്കാവസ്ഥ അവകാശപ്പെടാൻ തുടങ്ങി; സംവരണ വിഭാഗങ്ങൾ ഉപ സംവരണവും. സാമൂഹിക നീതിയുടെ മറ്റ് വഴികൾ ഇല്ലാതായതിനാൽ നവലിബറൽ സാമ്പത്തിക നയങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയോടുള്ള ജാതി അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളായിരുന്നു ഇവ രണ്ടും.
ജാതി സെൻസസ് സംബന്ധിച്ച നിരവധി തെറ്റിദ്ധാരണകൾ നിലവിലുണ്ട്. ഒന്നാമതായി, ജാതി സ്ഥായിയായതും എണ്ണിത്തിട്ടപ്പെടുത്താവുന്നതുമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണെന്ന യാഥാർഥ്യം അവഗണിക്കപ്പെടുന്നു. രണ്ടാമതായി, സെൻസസ് നിഷ്പക്ഷമായി നടക്കുന്ന ഒന്നാണെന്ന് സങ്കൽപിക്കപ്പെടുന്നു, അതേസമയം ഡേറ്റ ശേഖരണം എല്ലായ്പോഴും സാമൂഹിക നീതിക്ക് വിരുദ്ധമായ രാഷ്ട്രീയ അജണ്ടകൾക്കായി പ്രയോജനപ്പെടുത്താവുന്നതാണ്.
വാസ്തവത്തിൽ, ഡേറ്റ ശേഖരിച്ച ശേഷം വിശകലനത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളെ സ്വാധീനിക്കാനും ഫലങ്ങളിൽ മാറ്റം വരുത്താനും രാഷ്ട്രീയ ഇടപെടലുകൾക്ക് കഴിയും. മൂന്നാമതായി, സംവരണം ആനുപാതികമായി എല്ലാ ജാതികൾക്കുമായി പങ്കുവെക്കാമെന്ന മിഥ്യാധാരണയുണ്ട്. സുപ്രീംകോടതി ഏർപ്പെടുത്തിയ 50 ശതമാനം പരിധി ബി.ജെ.പി പിൻവലിക്കാൻ തയാറായില്ലെങ്കിൽ അത് വലിയ പ്രതിബന്ധമായി നിൽക്കും. ഈ സാഹചര്യത്തിൽ ഉപവർഗീകരണം നീതിയുടെ ഭൂമിക വിപുലീകരിക്കാതെ ഇല്ലായ്മയെ (പരിമിത വിഭവങ്ങളും അവസരങ്ങളും) പുനർവിതരണം ചെയ്യുന്ന പദ്ധതിയാണ്. അതിന് ഒരിക്കലും അസമത്വത്തിന്റെ പ്രശ്നം അടിസ്ഥാനപരമായി പരിഹരിക്കാൻ കഴിയില്ല.
അസമത്വം വ്യക്തമായി ഒരു ജാതി സെൻസസിന്റെ പരിധിയിൽ പരിഹരിക്കാൻ കഴിയുന്ന കാര്യമല്ല. സത്യസന്ധമായി നടത്തിയാലും, സാർവത്രിക അടിസ്ഥാന വിഭവ വികസനത്തിന് പകരം ടാർഗറ്റ് ചെയ്ത വിഭാഗങ്ങൾക്കുള്ള നഷ്ടപരിഹാരത്തിലൂന്നുന്ന സംവരണ കേന്ദ്രീകൃത ചട്ടക്കൂടിനുള്ളിലാണ് അത് പ്രവർത്തിക്കുന്നത്. ഈ ചട്ടക്കൂടിന് ആഴത്തിലുള്ള പിഴവുകളുണ്ട്; ഇത് ആദ്യ നിരയിലെ ന്യൂനപക്ഷം ഗുണഭോക്താക്കൾക്ക് സംവരണ ആനുകൂല്യങ്ങൾ നൽകുകയും ആ നേട്ടങ്ങൾ പുനരാവർത്തിക്കുകയും, ആ വിഭാഗത്തിലെ തന്നെ ദുർബലരായ ഭൂരിപക്ഷം മനുഷ്യർ തൽസ്ഥിതിയിൽ തുടരാൻ നിർബന്ധിതരാക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ദുർബലരായ ഒരു ന്യൂനപക്ഷ വിഭാഗത്തെ മാത്രം അടർത്തിയെടുത്ത് ആനുകൂല്യങ്ങൾ നൽകുന്ന ഘടന തന്നെ സമൂലമായി പുനർവിചിന്തനം ചെയ്തില്ലെങ്കിൽ ഉപവർഗീകരണത്തിനും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല.
കൂടാതെ, സംവരണത്തിന്റെ പ്രധാന മേഖലകളായിരുന്ന പൊതുമേഖലയിലെ തൊഴിലവസരങ്ങളും ഉന്നത വിദ്യാഭ്യാസ രംഗത്തെ അവസരങ്ങളും ഗണ്യമായി ചുരുങ്ങി എന്ന യാഥാർഥ്യം ജാതി സെൻസസ് സംവാദങ്ങൾ സൗകര്യപൂർവം അവഗണിക്കുകയാണ്. കൂടാതെ സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പാർപ്പിടം, സുരക്ഷിതമായ ജോലി തുടങ്ങിയ മേഖലയിൽ സാർവത്രികമായ ശേഷി വർധിപ്പിക്കൽ നടത്താതെ സംവരണം മാത്രം നടപ്പാക്കുന്നതാണ് മറ്റൊരു വലിയ പോരായ്മ. അപ്പോൾ മാത്രമേ സംവരണ ആനുകൂല്യങ്ങൾ ലഭിക്കാൻ ദുർബല വിഭാഗങ്ങൾക്ക് പ്രാപ്തിയുണ്ടാവുകയുള്ളൂ. കൂടാതെ, ജാതി അസമത്വം സൃഷ്ടിക്കുന്ന കാരണങ്ങളെ ഇല്ലാതാക്കുകയായിരിക്കണം അടിസ്ഥാനപരമായ ലക്ഷ്യം. അപ്പോൾ മാത്രമേ യഥാർഥ വിമോചനം സാധ്യമാവുകയുള്ളൂ.

രാഹുൽ ഗാന്ധി
ജാതി അടിസ്ഥാനമാക്കിയുള്ള സംവരണങ്ങൾ ഇല്ലാതാക്കുന്നതിനെ ന്യായീകരിക്കാൻ ജാതി സെൻസസ് ഉപയോഗിച്ചേക്കാമെന്ന് താങ്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട് (പേജ് 154). സാങ്കേതിക യുക്തിയിലൂടെ ജാതി സംവരണത്തെ ഇല്ലാതാക്കാനുള്ള സംഘ്പരിവാറിന്റെ ദീർഘകാല പദ്ധതിക്കായി ജാതി സെൻസസ് എങ്ങനെ കൈകാര്യം ചെയ്തേക്കാം എന്ന് വിശദീകരിക്കാമോ?
2021ലെ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ജാതി സെൻസസിനെ എതിർക്കുകയും 2024ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മോദി അതിനെ ‘അർബൻ നക്സൽ’ ആശയമായി മുദ്രകുത്തുകയും ചെയ്തതിന് ശേഷം ബി.ജെ.പി പെട്ടെന്ന് ജാതി സെൻസസ് അംഗീകരിക്കുകയായിരുന്നു. ഇത് ഉന്നംവെക്കുന്നത് സാമൂഹിക നീതിയല്ല, മറ്റു ചില രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നു വ്യക്തം. 2024ലെ തെരഞ്ഞെടുപ്പിലെ വൻ വോട്ട് നഷ്ടം പിന്നാക്ക വിഭാഗങ്ങളിലെ അതൃപ്തി വെളിച്ചത്തുകൊണ്ടുവന്നു.
മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയവരും ബി.ജെ.പിയുടെ കപട വാഗ്ദാനങ്ങൾ തിരിച്ചറിഞ്ഞവരും പാർട്ടിയിൽനിന്നും അകന്നു. അതുകൊണ്ട് അടിത്തട്ട് ജനതയെ വാഗ്ദാനങ്ങൾ നൽകി കൂടെ നിലനിർത്തേണ്ടതുണ്ട് എന്നവർ തിരിച്ചറിഞ്ഞു. ബിഹാറിലെ ജാതി സമവാക്യങ്ങളും ജാതി സെൻസസിന്റെ വക്താവായ നിതീഷ് കുമാറിന്റെ എൻ.ഡി.എ അംഗത്വവും സമ്മർദം വർധിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ജാതി സെൻസസിനുവേണ്ടിയുള്ള വാദങ്ങൾ ജനങ്ങളിലേക്ക് എത്തുന്നതിനുമുമ്പു തന്നെ അതിനെ ദുർബലപ്പെടുത്താനും ഈ പ്രഖ്യാപനം തന്ത്രപരമായി ലക്ഷ്യംെവച്ചു.
എന്നാൽ, അതിന്റെ ലക്ഷ്യങ്ങൾ വേറെയുമുണ്ട്. ആർ.എസ്.എസിന്റെ ദീർഘകാല ലക്ഷ്യമായ ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം ഇല്ലാതാക്കുന്നതിനുള്ള മാർഗമായി ജാതി സെൻസസ് മാറാൻ സാധ്യതയുണ്ട്. സുധ മൂർത്തി, നാരായണ മൂർത്തി എന്നിവരെപ്പോലുള്ള വ്യക്തികൾ ഇതിനകം അഭിപ്രായപ്പെട്ടതുപോലെ സമ്പന്നരായ ഉയർന്ന ജാതിക്കാർ സെൻസസിൽ വിവരങ്ങൾ നൽകാതിരുന്നാൽ ചരിത്രപരമായി അവർ കൈക്കലാക്കിയ ഘടനാപരമായ നേട്ടം ഡേറ്റയിൽനിന്നും അപ്രത്യക്ഷമാകും. സ്ഥിതിവിവരക്കണക്കനുസരിച്ച് ജാതി അസമത്വത്തിനു പ്രസക്തിയില്ലെന്ന് ഇതുവഴി സ്ഥാപിക്കാൻ കഴിയും. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം ‘പരാജയപ്പെട്ടു’ എന്നും അത് പൂർണമായും സാമ്പത്തിക മാനദണ്ഡങ്ങൾ ഉപയോഗിച്ച് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെടാൻ ഇത് സഹായിക്കും. ഡേറ്റാ ശേഖരണം ഒരു രാഷ്ട്രീയ രംഗത്തെ ട്രോജൻ കുതിരയായി മാറുമെന്ന് തോന്നുന്നു.
ജാതി സെൻസസ് വെറും സംഖ്യകളായി ചുരുങ്ങിക്കഴിഞ്ഞാൽ, നീതിയുടെ ഭാഷയും മാറ്റങ്ങൾക്ക് വിധേയമാകും; ചരിത്രപരമായ അനീതിയിൽനിന്ന് ‘കാര്യക്ഷമത’, ‘മതിയായ പ്രാതിനിധ്യം’, ‘ആനുപാതികത’, ഒടുവിൽ ‘സ്വാഭാവികമായ അന്ത്യം’ തുടങ്ങിയ പ്രയോഗങ്ങളിലേക്ക് ജാതി സംവരണം സംബന്ധിച്ച സംവാദങ്ങൾ മാറും. ഇത് സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രവുമായി തികച്ചും യോജിക്കുന്നതാണ്. അങ്ങനെ ജാതിയെ സാംസ്കാരികമായി അംഗീകരിക്കുക, രാഷ്ട്രീയമായി നിഷേധിക്കുക, ഉന്നത ജാതിയിലെ അധികാര കേന്ദ്രീകരണം തുടർന്നുകൊണ്ട് ഭരണപരമായി മാനേജ് ചെയ്യുക എന്നതിലേക്ക് എത്തിച്ചേരും. ദൈനംദിന ജീവിതത്തിലെ അനുഭവം എന്ന നിലയിൽ നിന്നും മാറ്റി ഒരു സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗത്തിലേക്ക് സാങ്കേതികമായി ജാതി യാഥാർഥ്യങ്ങൾ പരിവർത്തനം ചെയ്യപ്പെടുകയും അതിന്റെ ‘നിർമാർജനം’ ഘടനാപരമായ മാറ്റങ്ങൾ നടത്താതെ തന്നെ സാധിക്കുകയും ചെയ്യും.
ജുഡീഷ്യറിയുടെ ഇടപെടലുകൾ ഈ അപകടസാധ്യതയുടെ വ്യാപ്തി കൂട്ടുക മാത്രമാണ് ചെയ്യുന്നത്. കോടതികൾ ഇതിനകം തന്നെ േക്വാട്ടകളുടെ പരിധി നിശ്ചയിക്കുന്നതിലേക്കും കണക്കാക്കാവുന്ന ഡേറ്റ ആവശ്യപ്പെടുന്നതിലേക്കും പ്രത്യേക സാമ്പത്തിക മാനദണ്ഡങ്ങളിലേക്കും നീങ്ങിയിട്ടുണ്ട്. വ്യക്തമായ പുനർവിതരണ അജണ്ടയില്ലാതെ നടത്തുന്ന സെൻസസിന്, ആനുകൂല്യം ലഭിക്കേണ്ടവരുടെ എണ്ണം കുറച്ചു കാണിക്കാനും ഗുണഭോക്താക്കളെ വിഭജിക്കുന്നതിനും നിയമാനുസൃതമായിത്തന്നെ അവരെ ഒഴിവാക്കുന്നതിനും സഹായിക്കുന്ന രീതിയിലുള്ള ഡേറ്റ പുറത്തു കൊണ്ടുവരാൻ സാധിക്കും. ആ സാഹചര്യത്തിൽ, ഡേറ്റ സാമൂഹിക നീതി നടപ്പാക്കാതിരിക്കാനുള്ള ഒരു ആയുധമായി മാറുകയാണ്.
