അക്ഷരങ്ങളിലൂടെയുള്ള അതിജീവനയാത്ര


തമിഴിലെ ശ്രദ്ധേയ കവിയും നോവലിസ്റ്റും ഗാനരചയിതാവും ചലച്ചിത്ര പ്രവർത്തകയുമായ അല്ലി ഫാത്തിമ സംസാരിക്കുന്നു. കേരളത്തിൽ ജനിച്ച അവർ തന്റെ എഴുത്തുവഴികൾ, ചിന്തകൾ, നിലപാടുകൾ എന്നിവയും പങ്കുവെക്കുന്നു. ഇടുക്കി ജില്ലയിലെ ഏലപ്പാറ ചപ്പത്തില്‍ 1969 മേയ് 4നാണ് അല്ലി ഫാത്തിമ ജനിച്ചത്. തമിഴ്നാട് സ്വദേശികളായ കമാല്‍, സബുറാബീവി എന്നിവരാണ് മാതാപിതാക്കള്‍. ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വരെ പഠിച്ചശേഷം, മധുര അരസരടി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നും 12ാം ക്ലാസ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് കുമളി ടീച്ചേഴ്സ് ട്രെയിനിങ് സ്‌കൂളില്‍നിന്നും പരിശീലനം നേടി. 1992ല്‍ കൊല്ലം സര്‍ക്കാര്‍...
Your Subscription Supports Independent Journalism
View Plansതമിഴിലെ ശ്രദ്ധേയ കവിയും നോവലിസ്റ്റും ഗാനരചയിതാവും ചലച്ചിത്ര പ്രവർത്തകയുമായ അല്ലി ഫാത്തിമ സംസാരിക്കുന്നു. കേരളത്തിൽ ജനിച്ച അവർ തന്റെ എഴുത്തുവഴികൾ, ചിന്തകൾ, നിലപാടുകൾ എന്നിവയും പങ്കുവെക്കുന്നു.
ഇടുക്കി ജില്ലയിലെ ഏലപ്പാറ ചപ്പത്തില്‍ 1969 മേയ് 4നാണ് അല്ലി ഫാത്തിമ ജനിച്ചത്. തമിഴ്നാട് സ്വദേശികളായ കമാല്‍, സബുറാബീവി എന്നിവരാണ് മാതാപിതാക്കള്‍. ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വരെ പഠിച്ചശേഷം, മധുര അരസരടി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നും 12ാം ക്ലാസ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് കുമളി ടീച്ചേഴ്സ് ട്രെയിനിങ് സ്‌കൂളില്‍നിന്നും പരിശീലനം നേടി.
1992ല്‍ കൊല്ലം സര്‍ക്കാര്‍ മിഡില്‍ സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച ഇവര്‍, മധുര കാമരാജ് സർവകലാശാലയില്‍നിന്ന് തമിഴില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പിന്നീട് കേരള സർവകലാശാലയില്‍നിന്ന് ബി.എഡും അണ്ണാമലൈ സർവകലാശാലയില്‍നിന്ന് എം.എഡും പൂര്‍ത്തിയാക്കി. 2014 മുതല്‍ കുമളി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ തമിഴ് അധ്യാപികയായി സേവനമനുഷ്ഠിച്ച അല്ലി ഫാത്തിമ, 2024 മേയ് മാസത്തില്‍ ഔദ്യോഗികജീവിതത്തില്‍നിന്നും വിരമിച്ചു.
അധ്യാപനത്തോടൊപ്പം സാഹിത്യ-സിനിമ മേഖലകളിലും സജീവമാണ് അല്ലി ഫാത്തിമ. ‘പാണ്ടിച്ചി’ (2018), ‘ചെല്ലക്കറുപ്പി’ (2021) എന്നീ നോവലുകളും ‘വിടിയലുക്ക് നഗരും വിണ്‍മീന്‍കള്‍’ (2021), ‘ഇപ്പടിക്കി ഉനതു നാന്‍’ (2026) എന്നീ കവിതാസമാഹാരങ്ങളുമാണ് പ്രധാന കൃതികള്‍. തോട്ടം തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി എഴുതിയ ‘ചെല്ലക്കറുപ്പി’ എന്ന നോവലിന് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച എഴുത്തുകാരിക്കുള്ള പുരസ്‌കാരം, തിരുപ്പൂര്‍ സാഹിത്യ പുരസ്‌കാരം, തമിഴരസി ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. കൂടാതെ, തഞ്ചാവൂര്‍ താഴ്‌വാരം സാഹിത്യ പുരസ്‌കാരവും നേടിയിട്ടുണ്ട്. ‘വലസൈ പറവകള്‍’ എന്ന മലയാള ചിത്രത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള ജെ.സി. ഡാനിയല്‍ ഫൗണ്ടേഷൻ പുരസ്‌കാരത്തിന് അര്‍ഹയായി.
മീര കതിരവന്‍ സംവിധാനം ചെയ്ത ‘ഹബീബി’ എന്ന ചിത്രത്തില്‍ അഭിനയിച്ച ഇവര്‍, റിലീസിനൊരുങ്ങുന്ന ‘ലാ 302’ എന്ന ചിത്രത്തിനുവേണ്ടി ഡി. ഇമ്മന്റെ സംഗീതത്തില്‍ ഗാനങ്ങള്‍ രചിക്കുകയും ചെയ്തു. നിലവില്‍ കേരള സർവകലാശാലയില്‍ പിഎച്ച്.ഡി ഗവേഷണം നടത്തിവരുന്ന ഇവര്‍ മലയാള കവിതകള്‍ തമിഴിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു.
എഴുത്തിന്റെ ലോകത്തേക്ക് താങ്കള്‍ കടന്നുവന്ന സാഹചര്യം എന്തായിരുന്നു? ആദ്യകാല അനുഭവങ്ങള്‍ എഴുത്തിനെ എങ്ങനെയാണ് സ്വാധീനിച്ചത്?
പഠനകാലം മുതല്‍ക്കേ മനസ്സില്‍ കുടിയിരുന്ന കഥകളും കവിതകളുമാണ് എന്നെ എഴുത്തിന്റെ ലോകത്തേക്ക് നയിച്ചത്. തമിഴ് സാഹിത്യവുമായുള്ള ഗാഢമായ ബന്ധം സാഹിത്യത്തോടുള്ള എന്റെ താൽപര്യം വർധിപ്പിച്ചു. പിന്നീട് ഒരു അധ്യാപികയായതോടെ എന്റെ സർഗാത്മകത കൂടുതല്‍ പക്വത പ്രാപിക്കുകയും ആശയങ്ങളെ എങ്ങനെ ഫലപ്രദമായി ആവിഷ്‌കരിക്കാം എന്നതില്‍ എനിക്ക് വ്യക്തത ലഭിക്കുകയും ചെയ്തുവെന്ന് പറയാം.
ചെറുപ്പം മുതലേ പ്രകൃതിയോടും സാഹിത്യത്തോടും തോന്നിയ ഇഷ്ടമാണ് എന്റെ എഴുത്തിന്റെ അടിത്തറ. ഇടുക്കിയുടെ വശ്യമായ പ്രകൃതിഭംഗിയും തമിഴ് ഭാഷയോടുള്ള പ്രണയവും നിരവധി കവിതകളായി പുറത്തുവന്നു. അവ വിവിധ മാസികകളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. കേരള സ്റ്റേറ്റ് സിലബസ് കമ്മിറ്റി അംഗമായതോടെ തമിഴ് ഭാഷാ വിദഗ്ധരുമായി ഇടപഴകാന്‍ സാധിച്ചത് വലിയൊരു വഴിത്തിരിവായി. ആ കാലയളവിലാണ് ഇടുക്കിയിലെയും തമിഴ്നാട് അതിര്‍ത്തിയിലെയും മലയോര ജനതയുടെ കഠിനമായ ജീവിതയാഥാർഥ്യങ്ങള്‍ ഞാന്‍ നേരിട്ടറിയുന്നത്. അവരുടെ അതിജീവനത്തിന്റെ കഥകള്‍ ലോകത്തോട് വിളിച്ചുപറയണമെന്ന ആഗ്രഹത്തില്‍നിന്നാണ് ‘പാണ്ടിച്ചി’ എന്ന നോവല്‍ പിറക്കുന്നത്. മൂന്നുവര്‍ഷം നീണ്ട ഫീല്‍ഡ് സർവേയും നിരന്തരമായ ഗവേഷണങ്ങളും മനുഷ്യാനുഭവങ്ങളും കോര്‍ത്തിണക്കിയാണ് ഈ കൃതി രൂപപ്പെടുത്തിയത്. വായനക്കാരെ രസിപ്പിക്കാനായി പ്രണയവും ഭാവനയും ഇതില്‍ മനോഹരമായി ചാലിച്ചിട്ടുണ്ടെന്നു മാത്രം.
‘അല്ലി ഫാത്തിമ’ എന്ന പേര് തമിഴ് സാഹിത്യലോകത്ത് ഇന്ന് സവിശേഷമായ ഒരിടം അടയാളപ്പെടുത്തുന്നു. താങ്കളുടെ സ്വത്വവും (Identity) എഴുത്തും തമ്മിലുള്ള ബന്ധത്തെ എങ്ങനെ കാണുന്നു?
മുപ്പത് വര്‍ഷത്തോളം അധ്യാപന രംഗത്ത് സജീവമായിരുന്ന എനിക്ക്, എന്റെ പ്രാഥമികമായ അടയാളം അല്ലെങ്കില്‍ സ്വത്വം എന്നത് ‘അധ്യാപിക’ എന്നതായിരുന്നു. എന്നാല്‍, എഴുത്തിന്റെ ലോകത്ത് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതോടെ ആ സ്വത്വത്തിന് വലിയൊരു മാറ്റം സംഭവിച്ചു. എന്റെ അധ്യാപന പരിചയം എഴുത്തിന് കരുത്ത് പകര്‍ന്നു എന്നതാണ് സത്യം.
ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും അറിയപ്പെടുന്ന എഴുത്തുകാരിയായി മാറാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. ഇപ്പോള്‍ വായനക്കാര്‍ എന്നെ കാണുന്നത് വെറുമൊരു അധ്യാപികയായല്ല, മറിച്ച് സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ സാഹിത്യത്തിലൂടെ അടയാളപ്പെടുത്തുന്ന ഒരു എഴുത്തുകാരിയായാണ്. എന്റെ അനുഭവങ്ങളും ഞാന്‍ കണ്ടുമുട്ടിയ മനുഷ്യരുംതന്നെയാണ് ഇന്ന് എന്റെ എഴുത്തിന്റെ വ്യക്തിത്വം നിശ്ചയിക്കുന്നത്.
വായനക്കാരുടെ ഇടയില്‍ വലിയ ചര്‍ച്ചയായ താങ്കളുടെ കൃതികളുടെ പിന്നിലെ ഗവേഷണത്തെക്കുറിച്ചും തയാറെടുപ്പുകളെക്കുറിച്ചും പറയാമോ?
എന്റെ രചനകള്‍ ഭാവനയില്‍നിന്ന് ഉദിച്ചവയല്ല; മറിച്ച് മനുഷ്യജീവിതങ്ങളിലേക്കുള്ള ആഴത്തിലുള്ള ഇറങ്ങിച്ചെല്ലലുകളുടെ ഫലമാണ്. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കുടിയേറി, ഇവിടെ ന്യൂനപക്ഷമായി പാര്‍ക്കുന്ന ചില ജനവിഭാഗങ്ങളുടെ അറിയപ്പെടാത്ത ജീവിതങ്ങളും അവരുടെ അതിജീവന പോരാട്ടങ്ങളുമാണ് എന്റെ രണ്ട് കൃതികളും പ്രമേയമാക്കിയത്.
ഇതിനായുള്ള ഗവേഷണം പ്രധാനമായും രണ്ട് തലങ്ങളിലായിരുന്നു. ഒന്ന്, ആ സമൂഹങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുക എന്നത്. അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുകയും അവരോട് സംസാരിക്കുകയും ചെയ്തതിലൂടെ ഔദ്യോഗിക രേഖകളില്‍ ഇല്ലാത്ത പല അനുഭവങ്ങളും എനിക്ക് ലഭിച്ചു. രണ്ടാമതായി, ഈ വിഷയങ്ങളില്‍ മുമ്പ് നടന്നിട്ടുള്ള പഠനങ്ങളെയും ഗവേഷണ പ്രബന്ധങ്ങളെയും ആഴത്തില്‍ വിശകലനം ചെയ്തു. ഈ ഫീല്‍ഡ് വര്‍ക്കും അക്കാദമിക് പഠനങ്ങളും ചേര്‍ത്തുവെച്ചാണ് ഓരോ കൃതിയുടെയും പശ്ചാത്തലം ഞാന്‍ ഒരുക്കിയത്.
മുസ്‍ലിം സ്ത്രീകളുടെ ജീവിതം, അവരുടെ പോരാട്ടങ്ങള്‍, സ്വപ്നങ്ങള്‍ എന്നിവ താങ്കളുടെ കൃതികളില്‍ പ്രധാന പ്രമേയങ്ങളാണല്ലോ. മുഖ്യധാരാ സാഹിത്യം പലപ്പോഴും വിട്ടുകളയുന്ന ഈ ജീവിതങ്ങളെ അടയാളപ്പെടുത്തുമ്പോള്‍ നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെയാണ്?
സ്ത്രീകള്‍ നേരിടുന്ന സ്വത്വപ്രതിസന്ധികളും അവരുടെ സ്വപ്നങ്ങളും ജാതി-മത വ്യവസ്ഥകള്‍ക്കുള്ളിലെ അവരുടെ സ്ഥാനവുമാണ് എന്റെ രചനകളുടെ കാതല്‍. മുഖ്യധാരാ സാഹിത്യം പലപ്പോഴും പുറമ്പോക്കിലേക്ക് മാറ്റിനിര്‍ത്തുന്ന ജീവിതങ്ങളെ അടയാളപ്പെടുത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്.
ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അവിടത്തെ സാമൂഹിക-മത സാഹചര്യങ്ങളും സ്ത്രീകളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കണ്ടെത്താനാണ് ഞാന്‍ ശ്രമിച്ചത്. കേവലം ഉപരിപ്ലവമായ നിരീക്ഷണങ്ങള്‍ക്കപ്പുറം, മതപരമായ കെട്ടുപാടുകള്‍ക്കുള്ളില്‍നിന്നുകൊണ്ട് തന്നെ അവര്‍ നടത്തുന്ന നിശ്ശബ്ദമായ പോരാട്ടങ്ങളെ സത്യസന്ധമായി ആവിഷ്‌കരിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പലപ്പോഴും ഇത്തരം ജീവിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ വരാറുള്ള മുന്‍വിധികള്‍ ഒഴിവാക്കി, യാഥാർഥ്യത്തോട് നീതിപുലര്‍ത്താന്‍ ഞാന്‍ ബോധപൂർവം പരിശ്രമിച്ചിട്ടുണ്ട്.
സ്ത്രീപക്ഷ എഴുത്തുകാരി എന്ന് വിളിക്കുന്നതിനെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?
എന്റെ ആദ്യ രണ്ട് കൃതികളിലും കേന്ദ്രകഥാപാത്രങ്ങള്‍ സ്ത്രീകളായതുകൊണ്ട് സ്വാഭാവികമായും ഇത്തരം ഒരു വിശേഷണം ഉണ്ടായേക്കാം. എന്നാല്‍, സ്ത്രീകളെക്കുറിച്ചുമാത്രം എഴുതുന്ന ഒരാളായി എന്നെ പരിമിതപ്പെടുത്തേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്.
സ്ത്രീപക്ഷത്തുനിന്ന് സംസാരിക്കുക എന്നതിനർഥം പുരുഷന്മാരെ മാറ്റിനിര്‍ത്തുക എന്നല്ല. എന്റെ കഥകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും, അതിലെ പുരുഷ കഥാപാത്രങ്ങളും അവരുടെ ജീവിത സാഹചര്യങ്ങളും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ പ്രശ്‌നങ്ങളെ സമൂഹത്തിന്റെ പൊതുവായ പ്രശ്‌നങ്ങളുടെ ഭാഗമായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലിംഗസമത്വത്തിലൂന്നിയ ഒരു ലോകവീക്ഷണം എന്റെ എഴുത്തിനുണ്ട്, പക്ഷേ, അത് മനുഷ്യജീവിതത്തിന്റെ സങ്കീർണതകളെ മൊത്തമായി ഉള്‍ക്കൊള്ളുന്ന ഒന്നാണ്.
സമകാലിക തമിഴ് സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി താങ്കള്‍ കണക്കാക്കുന്നത് എന്താണ്?
മറ്റു പല സമൂഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ് സമൂഹത്തില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസപരമായും തൊഴില്‍പരമായും മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിക്കുന്നുണ്ട് എന്നത് സന്തോഷകരമാണ്. എന്നാല്‍, ആഗോളതലത്തില്‍ സ്ത്രീകള്‍ നേരിടുന്ന അടിസ്ഥാനപരമായ ചില വെല്ലുവിളികള്‍ ഇവിടെയും ശക്തമായി നിലനില്‍ക്കുന്നു.
കുടുംബപരമായ ഉത്തരവാദിത്തങ്ങളുടെ ഇരട്ടിഭാരം ഇന്നും സ്ത്രീകളുടെ ചുമലിലാണ്. എത്ര വലിയ നേട്ടങ്ങള്‍ കൈവരിച്ചാലും പുരുഷന് ലഭിക്കുന്ന അത്രയും അംഗീകാരമോ അനുമോദനമോ പലപ്പോഴും സ്ത്രീകള്‍ക്ക് ലഭിക്കാറില്ല. ഒരു എഴുത്തുകാരി എന്നനിലയില്‍ എനിക്ക് നേരിട്ട് ബോധ്യമുള്ള മറ്റൊരു കാര്യം യാത്രകളിലെ പരിമിതികളാണ്. സർഗാത്മകമായ ആവശ്യങ്ങള്‍ക്കായി വീടുവിട്ട് മാറിനില്‍ക്കേണ്ടിവരുമ്പോഴും ദൂരദേശങ്ങളിലേക്ക് സഞ്ചരിക്കേണ്ടി വരുമ്പോഴും ഒരു സ്ത്രീ നേരിടേണ്ടി വരുന്ന സാമൂഹികവും മാനസികവുമായ സമ്മർദങ്ങള്‍ വലുതാണ്. ഈ വിവേചനം ഇന്നും നമ്മുടെ സമൂഹത്തില്‍ മാറ്റമില്ലാതെ തുടരുന്നു എന്നത് ഒരു വലിയ വെല്ലുവിളിതന്നെയാണ്.

സുനിൽ മാലൂർ സംവിധാനം ചെയ്ത ‘വലസൈ പറവകള്‍’ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ
ഭാഷ ഒരു ആയുധമാണെന്ന് വിശ്വസിക്കുന്നുണ്ടോ? താങ്കളുടെ രചനകളില്‍ ഉപയോഗിക്കുന്ന തനതായ തമിഴ് ശൈലിയെക്കുറിച്ച് (Dialect/Diction) വ്യക്തമാക്കാമോ?
തീര്‍ച്ചയായും, ഭാഷ എന്നത് കേവലം ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല, അതൊരു മൂര്‍ച്ചയേറിയ ആയുധംകൂടിയാണ്. അറിഞ്ഞോ അറിയാതെയോ നാം ഓരോരുത്തരും നിത്യജീവിതത്തില്‍ ഭാഷയെ ഒരു ആയുധമായി ഉപയോഗിക്കുന്നുണ്ട്. ഒരു എഴുത്തുകാരിയെ സംബന്ധിച്ചിടത്തോളം, സാമൂഹിക മാറ്റങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും സാംസ്‌കാരിക അടയാളപ്പെടുത്തലുകള്‍ക്കും വേണ്ടിയുള്ള ഏറ്റവും വലിയ കരുത്താണത്.
രചനകളില്‍ ഞാന്‍ ഉപയോഗിക്കുന്ന തമിഴ് ശൈലിയെക്കുറിച്ച് പറയുകയാണെങ്കില്‍: യാഥാർഥ്യബോധം (Authenticity) ഒരു പ്രത്യേക ജനവിഭാഗത്തെക്കുറിച്ചോ സമൂഹത്തെക്കുറിച്ചോ കഥ എഴുതുമ്പോള്‍, അവരുടെ തനതായ സംസാരശൈലിയും ശബ്ദവും (Diction) ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ആ രചനക്ക് പൂർണത കൈവരൂ. വേരുകള്‍ തേടിയുള്ള യാത്ര: ഒരു ജനതയുടെ ഭാഷയുടെ ഉത്ഭവവും അവരുടെ ജീവിതരീതികളും ആഴത്തില്‍ മനസ്സിലാക്കാതെ അവര്‍ക്കായി എഴുതുന്നത് നീതികേടാണ്. മുകളില്‍നിന്നു നോക്കുന്ന ഒരു നിരീക്ഷകന്റെ മനോഭാവത്തോടെ (Superficial approach) ഭാഷ കൈകാര്യം ചെയ്താല്‍ അത് കൃത്രിമമായി തോന്നും. ഭാഷയിലെ പ്രാദേശിക ഭേദങ്ങള്‍ (Dialects) വെറും വാക്കുകളല്ല, അവ ആ മണ്ണിലെ മനുഷ്യരുടെ വികാരങ്ങളാണ്. ആ തനിമ ചോര്‍ന്നുപോകാതെ അവതരിപ്പിക്കുമ്പോഴാണ് വായനക്കാരന്‍ ആ ലോകത്തേക്ക് പൂർണമായും എത്തിച്ചേരുന്നത്.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരെഴുത്തുകാരന്‍/എഴുത്തുകാരി പുലര്‍ത്തേണ്ട ജാഗ്രത എന്താണെന്നാണ് താങ്കള്‍ കരുതുന്നത്?
സമകാലിക രാഷ്ട്രീയ സാഹചര്യം വളരെ സങ്കീർണമാണ്. എഴുത്തുകാരും അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യവും വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിത്. ഇത്തരം സാഹചര്യങ്ങളില്‍ ഒരു എഴുത്തുകാരി പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച് എനിക്ക് വ്യക്തമായ നിലപാടുണ്ട്:
രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുമ്പോള്‍ എഴുത്തുകാര്‍ക്ക് പലവിധത്തിലുള്ള പ്രതിസന്ധികളോ സമ്മർദങ്ങളോ നേരിടേണ്ടിവന്നേക്കാം. എന്നാല്‍, ഒരു എഴുത്തുകാരന്‍/എഴുത്തുകാരി തന്റെ അടിസ്ഥാന ധർമത്തില്‍നിന്നും മൂല്യങ്ങളില്‍നിന്നും പിന്തിരിയുകയാണെങ്കില്‍, ആ എഴുത്തിന് സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ല. ഭയം എഴുത്തുകാരുടെ ചിന്തകളെ തളച്ചിടരുത്. സ്വന്തം നിലപാടുകളിലും ചിന്തകളിലും ഉറച്ചുനിന്നുകൊണ്ട്, സത്യസന്ധമായി സംവദിക്കാനുള്ള ആർജവം കാണിക്കണം. കലയും സാഹിത്യവും രാഷ്ട്രീയത്തിന് അതീതമല്ല. അധികാരത്തോടും അനീതിയോടും കലഹിക്കാനും സത്യം വിളിച്ചുപറയാനുമുള്ള ജാഗ്രതയാണ് ഇന്നത്തെ കാലത്ത് ഏറ്റവും ആവശ്യം.
മലയാളം ഉള്‍പ്പെടെയുള്ള ഇതര ഭാഷകളിലെ വായനക്കാര്‍ താങ്കളുടെ കൃതികളെ ഏറ്റെടുക്കുന്നതിനെ എങ്ങനെ കാണുന്നു?
എന്റെ കൃതികള്‍ തമിഴ്‌നാടിന്റെ അതിരുകള്‍ കടന്ന് മറ്റ് ഭാഷകളിലേക്ക് എത്തുന്നതിനെ വലിയൊരു അംഗീകാരമായാണ് ഞാന്‍ കാണുന്നത്. എന്റെ നോവലുകള്‍ മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും തർജമ ചെയ്യുന്നതിനുള്ള ചര്‍ച്ചകളും പശ്ചാത്തല പ്രവര്‍ത്തനങ്ങളും നിലവില്‍ സജീവമായി നടക്കുന്നുണ്ട്. ഇത് ഏറെ ആവേശം നല്‍കുന്ന കാര്യമാണ്. സാഹിത്യത്തിന് പുറമെ സിനിമയിലേക്കും എന്റെ ഭാഷാശൈലി എത്തുന്നു എന്നത് സന്തോഷകരമാണ്. സുനില്‍ മാലൂര്‍ സംവിധാനം ചെയ്ത ‘വലസൈ പറവകള്‍’ എന്ന മലയാള സിനിമയിലെ തമിഴ് സംഭാഷണങ്ങള്‍ എഴുതാന്‍ സാധിച്ചത് മികച്ചൊരു അനുഭവമായിരുന്നു. സിനിമ എന്ന വിപുലമായ മാധ്യമത്തിലൂടെ ഒരു പ്രത്യേക വിഭാഗത്തിന്റെ സംസാരരീതികള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് വലിയൊരു അവസരമാണ്.
ഒരു കൃതി മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ അത് കേവലം വാക്കുകളുടെ മാറ്റമല്ല, മറിച്ച് ഒരു സംസ്‌കാരത്തിന്റെ കൈമാറ്റമാണ്. വ്യത്യസ്ത ജനവിഭാഗങ്ങളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചുമുള്ള അറിവ് ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്തിക്കാന്‍ ഇത്തരം വിവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. വായനക്കാര്‍ എന്റെ രചനകളെ സ്‌നേഹത്തോടെ സ്വീകരിക്കുന്നത് എന്നിലെ എഴുത്തുകാരിക്ക് വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്.
താങ്കളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച എഴുത്തുകാര്‍ ആരെല്ലാമാണ്?
തമിഴ് സാഹിത്യത്തിന്റെ ആഴക്കടലിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എന്നെ പ്രേരിപ്പിച്ചത് ഒട്ടനവധി മഹാരഥന്മാരുടെ രചനകളാണ്. ഓരോ വായനയും എന്നിലെ എഴുത്തുകാരിയെ പാകപ്പെടുത്തിയെടുത്തിട്ടുണ്ട്. തമിഴ് സാഹിത്യത്തിലെ അതികായനായ ജയകാന്തന്റെ രചനകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മനുഷ്യപക്ഷത്തുനിന്നുള്ള നിലപാടുകളും സാമൂഹിക ദര്‍ശനങ്ങളും വലിയ സ്വാധീനമാണ്. അതുപോലെ പ്രശസ്ത എഴുത്തുകാരനായ പ്രപഞ്ചന്റെ ചരിത്രപരമായ ഉള്‍ക്കാഴ്ചകളും എന്നെ സ്വാധീനിച്ചിട്ടുണ്ട്.
തമിഴ് ഭാഷയുടെ തനിമ നിലനില്‍ക്കുന്ന പഴയ സംഘസാഹിത്യ കൃതികള്‍ എനിക്ക് വലിയൊരു പാഠപുസ്തകമാണ്. അവയിലെ കാവ്യാത്മകതയും ജീവിതവീക്ഷണവും ഓരോ വായനയിലും പുതിയ അറിവുകള്‍ നല്‍കുന്നു. ശൈലീപരമായതലത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് ഖലീല്‍ ജിബ്രാന്റെ രചനകളാണ്. അദ്ദേഹത്തിന്റെ വരികളിലെ സൗന്ദര്യശാസ്ത്രവും (Aesthetics), ലളിതമെങ്കിലും അഗാധമായ ചിന്തകളും എഴുത്തുരീതിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
കടുത്ത നിഷ്കർഷതയുള്ള ചുറ്റുപാടുകളില്‍നിന്ന് എഴുതുമ്പോള്‍ നേരിടേണ്ടിവരുന്ന വിമര്‍ശനങ്ങളെയും വിലക്കുകളെയും എങ്ങനെയാണ് അതിജീവിക്കുന്നത്?
നമ്മുടെ സമൂഹം പുരോഗമനപരമായ ചിന്തകളിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും, മതചുറ്റുപാടുകളില്‍നിന്ന് മാറ്റത്തിന്റെ സ്വരം ഉയര്‍ത്തുമ്പോള്‍ സ്വാഭാവികമായും വെല്ലുവിളികളും എതിര്‍പ്പുകളും ഉണ്ടാകാറുണ്ട്. അത്തരം വിലക്കുകളെ ഭയന്ന് പിന്മാറാന്‍ എനിക്ക് സാധിക്കില്ല. സത്യസന്ധമായ മനഃസാക്ഷിയും കൃത്യമായ കര്‍ത്തവ്യബോധവുമാണ് എന്റെ കരുത്ത്. നാം ചെയ്യുന്ന കാര്യങ്ങളില്‍ വ്യക്തതയും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഏത് കൊടുങ്കാറ്റിനെയും അതിജീവിക്കാന്‍ നമുക്ക് സാധിക്കും. വായനക്കാരുടെ പിന്തുണയും സാമൂഹിക മാറ്റത്തിനായുള്ള ആഗ്രഹവുമാണ് ഏതൊരു വെല്ലുവിളിയെയും ധീരമായി നേരിടാന്‍ എനിക്ക് പ്രേരണ നല്‍കുന്നത്.

സമകാലിക തമിഴ് സിനിമകള്‍ ദലിത്-ന്യൂനപക്ഷ ജീവിതങ്ങളെ ഗൗരവമായി അടയാളപ്പെടുത്തുന്നുണ്ട്. താങ്കളുടെ കൃതികള്‍ ചലച്ചിത്രരൂപത്തിലേക്ക് മാറുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
സിനിമ എന്നത് വളരെ വിപുലമായ ഒരു മാധ്യമമാണ്. ഒരു പുസ്തകം വായിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഒരു ചലച്ചിത്രം സാധാരണക്കാരിലേക്ക് എത്തിച്ചേരുന്നു. എന്റെ കൃതികളില്‍ ഞാന്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ച സമൂഹത്തിന്റെ ജീവിതവും പോരാട്ടങ്ങളും കൂടുതല്‍ ജനങ്ങളിലേക്ക് എത്താന്‍ സിനിമാവിഷ്‌കാരം സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു. നിലവില്‍ തമിഴ് സിനിമയില്‍ ദലിത്-ന്യൂനപക്ഷ ജീവിതങ്ങളെ വളരെ സത്യസന്ധമായി അടയാളപ്പെടുത്തുന്ന ഒരു തരംഗം നിലനില്‍ക്കുന്നുണ്ട്. എന്റെ കൃതികളെ ചലച്ചിത്രമാക്കുന്നതുമായി ബന്ധപ്പെട്ട് ചില ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അനുയോജ്യമായ രീതിയില്‍, ശരിയായ സമയത്ത് അത് സംഭവിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. എന്റെ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ ജീവന്‍വെക്കുന്നത് കാണാന്‍ ഞാനും ആഗ്രഹിക്കുന്നു.
സുനില്‍ മാലൂര്‍ സംവിധാനം ചെയ്ത ‘വലസൈ പറവകള്‍’ എന്ന സിനിമയുടെ ഭാഗമാകാന്‍ താങ്കള്‍ക്ക് സാധിച്ചല്ലോ. അതില്‍ ഗാനരചനയും നിർവഹിച്ചിട്ടുണ്ട്. ആ സിനിമ അനുഭവത്തെ എങ്ങനെയൊക്കെയാണ് വിലയിരുത്തുന്നത്?
അതൊരു വേറിട്ടതും ഏറെ പ്രിയപ്പെട്ടതുമായ അനുഭവമായിരുന്നു. തമിഴ് ജനതയുടെയും തോട്ടം തൊഴിലാളികളുടെയും കഠിനമായ ജീവിതം പ്രമേയമാക്കി ഞാന്‍ രചിച്ച ‘ചെല്ലക്കറുപ്പി’ എന്ന നോവലിന്റെ പ്ലോട്ടും അതിലെ പശ്ചാത്തലവുമാണ് സുനില്‍ മാലൂരിന്റെ ‘വലസൈ പറവകള്‍’ എന്ന ചിത്രത്തിലും ചര്‍ച്ചചെയ്യപ്പെടുന്നത്. തോട്ടം മേഖലയിലെ സാമൂഹിക ചുറ്റുപാടുകളെക്കുറിച്ച് ആഴത്തില്‍ സംവദിക്കാനും ചിത്രത്തിന്റെ കഥാഗതിയില്‍ ആശയപരമായ മാറ്റങ്ങള്‍ വരുത്താനും എനിക്ക് അവസരം ലഭിച്ചു. ചിത്രത്തിനുവേണ്ടി രചിച്ച ഗാനത്തിന് സംസ്ഥാന ജെ.സി. ഡാനിയല്‍ പുരസ്‌കാരം ലഭിച്ചത് വലിയ അംഗീകാരമായി കരുതുന്നു. എന്റെ സർഗാത്മക ജീവിതത്തിലെയും കരിയറിലെയും ഏറെ മൂല്യമുള്ള ഏടുകളില്‍ ഒന്നായിട്ടാണ് ഞാന്‍ ഈ സിനിമ അനുഭവത്തെ കാണുന്നത്.
കേരളത്തിലെ, പ്രത്യേകിച്ച് ഇടുക്കി ജില്ലയിലെ തേയിലത്തോട്ടം തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? തൊഴിലാളി സംഘടനകള്‍-രാഷ്ട്രീയ പാര്‍ട്ടികള്‍ പലപ്പോഴും ഇവരെ ചൂഷണം ചെയ്യുന്നതായി തോന്നാറില്ലേ?
കേരളത്തിലെ തോട്ടം തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ ദശാബ്ദങ്ങളായി വലിയ മാറ്റങ്ങളില്ലാതെ തുടരുന്നു എന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ ഒരു യാഥാർഥ്യമാണ്. എന്റെ ‘ചെല്ലക്കറുപ്പി’ എന്ന നോവലിന്റെ പശ്ചാത്തലമൊരുക്കാന്‍വേണ്ടി നടത്തിയ യാത്രകളില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ വിവരണാതീതമാണ്. പുറമേക്ക് മനോഹരമായ പച്ചപ്പണിഞ്ഞ തോട്ടങ്ങള്‍ കാണാമെങ്കിലും അതിനുള്ളിലെ ലയങ്ങളില്‍ കഴിയുന്നവരുടെ ജീവിതം ഇന്നും കടുത്ത ദാരിദ്ര്യത്തിലും അവഗണനയിലുമാണ്.
പല തോട്ടങ്ങളും അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണ്. ആധുനിക കാലഘട്ടത്തിലും ശരിയായ വേതനമോ മാന്യമായ പാര്‍പ്പിട സൗകര്യമോ അവര്‍ക്ക് ലഭിക്കുന്നില്ല എന്നത് നമ്മെ ലജ്ജിപ്പിക്കേണ്ട കാര്യമാണ്. അവരുടെ വിയര്‍പ്പിന് അര്‍ഹമായ വില ലഭിച്ചിരുന്നെങ്കില്‍ ആ മനുഷ്യര്‍ ഇന്നും ഇത്രയും ദയനീയമായ അവസ്ഥയില്‍ തുടരേണ്ടിവരുമായിരുന്നില്ല. തലമുറകളായി മണ്ണില്‍ പണിയെടുത്തിട്ടും സ്വന്തമായി ഒരു തുണ്ട് ഭൂമിപോലുമില്ലാത്ത നിസ്സഹായാവസ്ഥയിലാണ് പലരും.
തൊഴിലാളി സംഘടനകളുടെ ഇടപെടലുകളെക്കുറിച്ച് ചോദിച്ചാല്‍, പലപ്പോഴും അവരും ഈ ചൂഷണത്തിന്റെ ഭാഗമാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട സംഘടനകള്‍ രാഷ്ട്രീയ ലാഭങ്ങള്‍ക്കും മാനേജ്മെന്റുകളുമായുള്ള ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങുമ്പോള്‍, സാധാരണക്കാരായ തൊഴിലാളികള്‍ വീണ്ടും വഞ്ചിക്കപ്പെടുകയാണ്. കൃത്യമായ തൊഴില്‍സുരക്ഷയോ ഭാവിയിലേക്കുള്ള ഉറപ്പോ ഇല്ലാത്തതിനാലാണ് പുതിയ തലമുറ ഈ മേഖലയില്‍നിന്ന് അകന്നുപോകുന്നത്. ഈയൊരു സാഹചര്യത്തിന് മാറ്റം വരാതെ തോട്ടം തൊഴിലാളികളുടെ ജീവിതം പച്ചപിടിക്കില്ല.
സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ വായനയും സജീവമായ ഈ കാലത്ത്, ഒരു എഴുത്തുകാരി എന്നനിലയില്‍ ഇത്തരം ഡിജിറ്റല്‍ മാറ്റങ്ങള്‍ താങ്കളുടെ സർഗാത്മകതയെ എങ്ങനെയാണ് സ്വാധീനിക്കുന്നത്?
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ എഴുത്തുകാരെ സംബന്ധിച്ച് ഒരു വലിയ സാധ്യതതന്നെയാണ്. ഇന്ന് വായന ഡിജിറ്റലായതോടെ കൃതികള്‍ അതിവേഗത്തില്‍ വായനക്കാരിലേക്ക് എത്തുന്നു. ഓരോ രചനയെക്കുറിച്ചുമുള്ള ക്രിയാത്മകമായ വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും തത്സമയം അറിയാന്‍ സാധിക്കുന്നു എന്നത് എഴുത്തിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. എനിക്കറിയാത്ത ദിക്കുകളിലുള്ള വായനക്കാര്‍പോലും എന്നെ തേടിയെത്താനും എഴുത്തിനെക്കുറിച്ച് സംവദിക്കാനും ഈ മാധ്യമങ്ങള്‍ വഴിതുറക്കുന്നു. ഒരു എഴുത്തുകാരി എന്നനിലയിലുള്ള എന്റെ വ്യക്തിത്വം (Identity) കൂടുതല്‍ പേരിലേക്ക് അടയാളപ്പെടുത്താന്‍ സോഷ്യല്‍ മീഡിയ വലിയ പങ്കാണ് വഹിക്കുന്നത്. ചുരുക്കത്തില്‍, എഴുത്തിന് അതിരുകളില്ലാത്ത ആകാശം നല്‍കാന്‍ ഡിജിറ്റല്‍ മീഡിയക്ക് കഴിഞ്ഞിട്ടുണ്ട്.
എഴുത്തിന്റെ വഴിയില്‍ താങ്കള്‍ക്ക് കരുത്തുപകരുന്ന വ്യക്തിപരമായ സൗഹൃദങ്ങളെക്കുറിച്ചും സമാനചിന്താഗതിക്കാരായ സുഹൃത്തുക്കളെക്കുറിച്ചും പങ്കുവെക്കാമോ?
എഴുത്തിന്റെ ലോകത്ത് എനിക്ക് കരുത്തും വെളിച്ചവും നല്‍കുന്നത് എന്റെ പ്രിയപ്പെട്ടവരുടെ കൂട്ടായ്മയാണ്. എന്റെ കുടുംബം നല്‍കുന്ന പിന്തുണയാണ് എല്ലാത്തിനും അടിസ്ഥാനം. ഒപ്പം എന്റെ സഹപാഠികളും ആത്മമിത്രങ്ങളും നല്‍കുന്ന പ്രോത്സാഹനം എന്നെ നിരന്തരം മുന്നോട്ടുനയിക്കുന്നു. ഇന്ന് സാഹിത്യലോകത്തെ സഹപ്രവര്‍ത്തകരുമായും സമാനചിന്താഗതിക്കാരുമായും പുലര്‍ത്തുന്ന ഊഷ്മളമായ ബന്ധം പുതിയ ആശയങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കാറുണ്ട്. ഓരോ മനുഷ്യനും ഓരോ കഥയാണ്. ഇത്തരം സുഹൃദ്ബന്ധങ്ങള്‍ വഴി സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനും, സാധാരണക്കാരായ മനുഷ്യരുടെ ജീവിതാനുഭവങ്ങള്‍ അടുത്തറിയാനും എനിക്ക് സാധിക്കുന്നു. ആ അനുഭവങ്ങളാണ് പില്‍ക്കാലത്ത് എന്റെ രചനകളിലെ പ്രചോദനമായി മാറുന്നത്.

നിശ്ശബ്ദതയുടെ രാഷ്ട്രീയം: പലപ്പോഴും വാക്കുകളേക്കാള്‍ വലിയ അർഥങ്ങള്‍ നിശ്ശബ്ദതക്കുണ്ടല്ലോ. താങ്കളുടെ കൃതികളില്‍ കഥാപാത്രങ്ങളുടെ മൗനത്തെ എങ്ങനെയാണ് ഒരു വിനിമയ ഉപാധിയാക്കി മാറ്റുന്നത്?
വാക്കുകള്‍കൊണ്ട് പറയാവുന്നതിലും എത്രയോ മടങ്ങ് തീവ്രമായി മൗനംകൊണ്ട് സംവദിക്കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു കഥാസന്ദര്‍ഭത്തിന്റെ ഗൗരവവും കഥാപാത്രത്തിന്റെ മാനസികാവസ്ഥയും അനുസരിച്ചാണ് ആ മൗനത്തിന്റെ ആഴം നിർണയിക്കപ്പെടുന്നത്. എന്റെ രചനകളില്‍ പലപ്പോഴും ഭാഷയേക്കാള്‍ കൂടുതല്‍ അർഥങ്ങള്‍ സൃഷ്ടിക്കുന്നത് കഥാപാത്രങ്ങളുടെ നിശ്ശബ്ദതയാണ്.
ഉദാഹരണത്തിന്, ‘പാണ്ടിച്ചി’യിലെ മൂപ്പന്‍ എന്ന കഥാപാത്രത്തെ ശ്രദ്ധിച്ചാല്‍ അത് വ്യക്തമാകും. മൂപ്പന്‍ പല നിർണായക ഘട്ടങ്ങളിലും വാചാലനാകുന്നില്ല; പകരം, തന്റെ നിലപാടുകളും പ്രതിഷേധങ്ങളും വേദനകളുമെല്ലാം ആ മൗനത്തിലൂടെയാണ് വായനക്കാരിലേക്ക് എത്തിക്കുന്നത്. വാചകങ്ങള്‍ക്കിടയിലെ ഈ വിടവുകള്‍ (Subtext) വായനക്കാരെ ചിന്തിപ്പിക്കുകയും കഥാപാത്രവുമായി കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്നു. പറയാതെ പോകുന്ന കാര്യങ്ങള്‍ക്കും ഒരു രാഷ്ട്രീയമുണ്ടെന്നും അവ കൃത്യമായി വിനിമയം ചെയ്യപ്പെടണമെന്നുമാണ് ഒരെഴുത്തുകാരി എന്നനിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നത്.

മുൻ മന്ത്രി ടി.എൻ. ബാലഗോപാലിനൊപ്പം അല്ലി ഫാത്തിമ പുരസ്കാര നിമിഷത്തിൽ
തമിഴ്-മലയാളം പശ്ചാത്തലത്തില്‍ ഇനിയും എഴുതപ്പെടാത്ത അല്ലെങ്കില്‍ പ്രതിപാദിക്കാത്ത ഏത് വിഷയത്തെക്കുറിച്ചാണ് താങ്കള്‍ക്ക് എഴുതാന്‍ ആഗ്രഹമുള്ളത്?
ഉത്തരം: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തമിഴ് സാഹിത്യത്തില്‍ സ്പര്‍ശിക്കപ്പെടാത്ത വിഷയങ്ങള്‍ കുറവായിരിക്കാം. എങ്കിലും, കാലം മാറുന്നതിനനുസരിച്ച് പുതിയ സാമൂഹിക സാഹചര്യങ്ങളില്‍ രൂപപ്പെടുന്ന കഥകള്‍ക്ക് എപ്പോഴും പ്രസക്തിയുണ്ട്. കേരളത്തില്‍ ജനിച്ച് വളരുകയും തമിഴ് അധ്യാപിക എന്ന നിലയില്‍ തമിഴ് സമൂഹങ്ങളെക്കുറിച്ച് ആഴത്തില്‍ ഗവേഷണം നടത്തുകയും ചെയ്ത ഒരാളാണ് ഞാന്‍. അതുകൊണ്ടുതന്നെ കേരളത്തിലെ തമിഴ് കുടിയേറ്റക്കാരുടെയും, ഇവിടെ തലമുറകളായി ജീവിക്കുന്ന വിവിധ തമിഴ് വിഭാഗങ്ങളുടെയും ജീവിതം വളരെ അടുത്തുനിന്ന് നിരീക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.
തമിഴ്‌നാട്ടില്‍നിന്ന് ഇങ്ങോട്ട് വന്നവര്‍ക്കും ഇവിടെ പാര്‍ശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷമായി കഴിയുന്നവര്‍ക്കും ഇടയില്‍ ഇനിയും പുറംലോകമറിയാത്ത ഒട്ടനവധി ജീവിതകഥകളുണ്ട്. മുഖ്യധാരയില്‍ വേണ്ടത്ര പരിഗണിക്കപ്പെടാത്ത അത്തരം മനുഷ്യരുടെ അതിജീവനവും അവര്‍ അനുഭവിക്കുന്ന സാംസ്‌കാരികമായ സംഘര്‍ഷങ്ങളും സത്യസന്ധമായി അടയാളപ്പെടുത്താനാണ് ഞാന്‍ ഇനിയുള്ള രചനകളിലൂടെ ലക്ഷ്യമിടുന്നത്. ഒറ്റപ്പെട്ടുപോകുന്ന ഓരോ ജീവിതത്തിന്റെയും കഥ ലോകത്തെ അറിയിക്കുക എന്നത് എന്റെ ഒരു വലിയ സ്വപ്നമാണ്.
തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞു. പുതിയ പാര്‍ട്ടി വലിയ ഭൂരിപക്ഷവും നേടി. ഈ അവസരത്തില്‍ സമകാലിക തമിഴ് രാഷ്ട്രീയത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അധികാരമാറ്റം മാത്രമല്ല, മറിച്ച് ജനങ്ങളുടെ വലിയൊരു ആഗ്രഹത്തിന്റെ പ്രതിഫലനവുമാണ്. മുമ്പെന്നത്തേക്കാളും മികച്ചൊരു ഭരണവും ദീര്‍ഘവീക്ഷണമുള്ളൊരു നേതൃത്വവുമാണ് ജനങ്ങള്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഒരു ജനത തങ്ങളുടെ വോട്ടവകാശത്തിലൂടെ നല്‍കുന്ന ഈ വലിയ ഭൂരിപക്ഷം പുതിയ സര്‍ക്കാറിന് ലഭിക്കുന്ന വലിയൊരു അംഗീകാരവും അതോടൊപ്പംതന്നെ വലിയൊരു ഉത്തരവാദിത്തവുമാണ്.
ജനങ്ങളുടെ പ്രതീക്ഷകള്‍ വളരെ വലുതാണ്. സുതാര്യവും അഴിമതിരഹിതവുമായ ഒരു ഭരണസംവിധാനം (Clean Governance) ലഭിക്കുമെന്ന അവരുടെ വിശ്വാസം തെറ്റിയാല്‍, നിസ്സംശയം പറയാം അടുത്ത വട്ടം അവര്‍ മാറ്റത്തിന് വോട്ട് ചെയ്യും. ജനാധിപത്യത്തിന്റെ യഥാർഥ സൗന്ദര്യവും കരുത്തും നിലകൊള്ളുന്നത് വോട്ടര്‍മാരുടെ ഈ തിരുത്തല്‍ ശക്തിയിലാണ്. ഭരണാധികാരികള്‍ ജനഹിതത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ വോട്ടവകാശത്തിലൂടെ അവരെ താഴെയിറക്കാന്‍ ജനങ്ങള്‍ തയാറാകുമ്പോഴാണ് ജനാധിപത്യം അർഥപൂർണമാകുന്നത്. സമീപകാലത്തെ പല തെരഞ്ഞെടുപ്പ് ഫലങ്ങളും പരിശോധിച്ചാല്‍ വോട്ടര്‍മാര്‍ കൂടുതല്‍ ബോധവാന്മാരാണെന്ന് നമുക്ക് മനസ്സിലാക്കാം. അവര്‍ മാറ്റങ്ങളെ ഭയപ്പെടുന്നില്ല. പുതിയ സര്‍ക്കാര്‍ ഈ ജനവികാരം ഉള്‍ക്കൊണ്ട് എങ്ങനെ മുന്നോട്ടുപോകുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. വലിയൊരു മാറ്റം പ്രതീക്ഷിക്കുന്ന ഏതൊരു സാധാരണക്കാരനെയുംപോലെ ഞാനും ആ കാത്തിരിപ്പിലാണ്.