പത്രപ്രവർത്തന ജീവിതത്തിന് തിരശ്ശീല

അധ്യായം -12 സാമ്പത്തിക പ്രതിസന്ധി ആവോളമുണ്ടായിരുന്നെങ്കിലും അച്ചടിയിൽനിന്ന് പിന്മാറാൻ ഹലീമാ ബീവി ഒരുക്കമായിരുന്നില്ല. അച്ചടിവ്യവസായത്തിന് ഭാവിയുണ്ടെന്നും പുതിയ പ്രസാധനങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്നും അവർ ചിന്തിച്ചു. തുടർന്നാണ്, സ്വപ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന സമാനചിന്താഗതിക്കാരായ മഹിളകളുമായി ചേർന്ന് വനിത മാസികയായ ‘ആധുനിക വനിത’യുടെ ആരംഭമുണ്ടായത്. വലിയ സാമ്പത്തികം ആവശ്യമായതിനാൽ ‘ഭാരതചന്ദ്രിക’ ആഴ്ചപ്പതിപ്പിനും ദിനപത്രത്തിനും ശേഷം പുതിയ പ്രസിദ്ധീകരണങ്ങൾ തുടങ്ങുന്നതുമായ കാര്യങ്ങളിലേക്ക് പോകാൻ ഹലീമാ ബീവി മെനക്കെട്ടില്ല. പിന്നീട് 1953 ഫെബ്രുവരിയിലാണ് പെരുമ്പാവൂർ കേന്ദ്രമാക്കി...
Your Subscription Supports Independent Journalism
View Plansഅധ്യായം -12
സാമ്പത്തിക പ്രതിസന്ധി ആവോളമുണ്ടായിരുന്നെങ്കിലും അച്ചടിയിൽനിന്ന് പിന്മാറാൻ ഹലീമാ ബീവി ഒരുക്കമായിരുന്നില്ല. അച്ചടിവ്യവസായത്തിന് ഭാവിയുണ്ടെന്നും പുതിയ പ്രസാധനങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്നും അവർ ചിന്തിച്ചു. തുടർന്നാണ്, സ്വപ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന സമാനചിന്താഗതിക്കാരായ മഹിളകളുമായി ചേർന്ന് വനിത മാസികയായ ‘ആധുനിക വനിത’യുടെ ആരംഭമുണ്ടായത്.
വലിയ സാമ്പത്തികം ആവശ്യമായതിനാൽ ‘ഭാരതചന്ദ്രിക’ ആഴ്ചപ്പതിപ്പിനും ദിനപത്രത്തിനും ശേഷം പുതിയ പ്രസിദ്ധീകരണങ്ങൾ തുടങ്ങുന്നതുമായ കാര്യങ്ങളിലേക്ക് പോകാൻ ഹലീമാ ബീവി മെനക്കെട്ടില്ല. പിന്നീട് 1953 ഫെബ്രുവരിയിലാണ് പെരുമ്പാവൂർ കേന്ദ്രമാക്കി അബ്ദുൽ മജീദ് മരക്കാരുടെ ഉടമസ്ഥതയിൽ ‘ഭാരതചന്ദ്രിക’ പ്രിന്റിങ് ആൻഡ് പബ്ലിഷിങ് ഹൗസിൽനിന്നും ‘അൻസാരി’ മാസിക ആരംഭിക്കുന്നത്. അതിന്‍റെ എഡിറ്റർ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പരിഷ്കർത്താവും അധ്യാപകനുമായ സി.എൻ. അഹമ്മദ് മൗലവിയിരുന്നു. സാമൂഹിക പരിഷ്കരണ താൽപരനും കൂടിയായ അദ്ദേഹത്തിന്‍റെ ഇടപെടൽ മാസികക്ക് പ്രത്യേക ഉണർവ് നൽകി.
‘ഭാരതചന്ദ്രിക’ ജോയിന്റ് സ്റ്റോക് കമ്പനിയായി രജിസ്റ്റർ ചെയ്തപ്പോൾ മാനേജരായി പ്രവർത്തിച്ചിരുന്ന ഹലീമാ ബീവിയുടെ ഭർത്താവ് കെ.എം. മുഹമ്മദ് പിള്ള (മുഹമ്മദ് മൗലവി) ഈ മാസികയുടെയും മാനേജരായി തുടർന്നു. മാനേജരായിരുന്നു എങ്കിലും പാണ്ഡിത്യത്തിലും പരിഷ്കരണാശയങ്ങളിലും അഗ്രേസരനായിരുന്ന മുഹമ്മദ് മൗലവി മാസികക്ക് വേണ്ട വിഭവങ്ങൾ തയാറാക്കി നൽകുന്നതിനും താൽപര്യം കാണിച്ചു. കാര്യമാത്ര പ്രസക്തമായ പല ലേഖനങ്ങളും കുറിപ്പുകളും അദ്ദേഹത്തിന്‍റേതായിട്ട് ഈ മാസികയിൽ പ്രസിദ്ധീകരിച്ചും വന്നിരുന്നു.
1954 ജനുവരിയോടെ സി.എൻ. അഹമ്മദ് മൗലവി ‘അൻസാരി’ മാസികയുടെ എഡിറ്റർ സ്ഥാനം ഒഴിഞ്ഞു. തുടർന്ന് കെ.എം. മുഹമ്മദ് മൗലവി എഡിറ്റർ പദവി ഏറ്റെടുത്തു. അദ്ദേഹത്തിന്‍റെ നിയന്ത്രണത്തിൽ മാസിക മികച്ചുതന്നെനിന്നു. മാത്രമല്ല, അദ്ദേഹത്തിന്‍റേതായി നിരവധി ലേഖനങ്ങളും ‘അൻസാരി’യിൽ അച്ചടിച്ചുവന്നിരുന്നു. 1954ൽ ‘അൻസാരി’യിൽ പ്രസിദ്ധീകരിച്ച ‘കേരളത്തിന് ഇസ്‌ലാം നൽകിയ സംഭാവനകൾ’ എന്ന അദ്ദേഹത്തിന്‍റെ പണ്ഡിതോജ്ജ്വല ലേഖനപരമ്പരതന്നെ അതിനു തെളിവായി ഉയർത്തിക്കാണിക്കാൻ സാധിക്കും.
ഇക്കാലത്ത്, കമ്പനിയുടെ ഓഹരി ഇനത്തിൽ തന്‍റെ ഉടമസ്ഥതയിലുള്ള 50 സെന്‍റ് സ്ഥലവും ഒരു വീടും ഹലീമാ ബീവിക്കായി എ. എം. മരയ്ക്കാർ എഴുതിനൽകി. ‘ചാലിൽ പുത്തൻവീട്’ എന്ന് നാമകരണം ചെയ്ത ആ വീട്ടിലാണ് പെരുമ്പാവൂരിൽ അവർ പിന്നീട് കുറെക്കാലം താമസിച്ചത്. തന്‍റെ കുടുംബത്തോടൊപ്പം സമയം െചലവഴിച്ച് വന്നിരുന്ന ഹലീമാ ബീവി എഴുത്തിന്‍റെ ലോകത്തേക്കും തിരിഞ്ഞു. ‘അൻസാരി’യിൽ പ്രസിദ്ധീകരിക്കാനായി നിരവധി സ്ത്രീപക്ഷ ലേഖനങ്ങൾ ഹലീമാ ബീവി ഇക്കാലത്ത് എഴുതി നൽകി. സ്ത്രീയവസ്ഥ മെച്ചപ്പെടുത്തൽ, അവകാശ സംരക്ഷണം, സംഘാടനം, വിദ്യാഭ്യാസ-പൊതു ഉദ്യോഗ ലഭ്യത തുടങ്ങിയ ഒട്ടനവധി കാര്യങ്ങളെക്കുറിച്ച് എഴുതുന്നതിനവർ താൽപര്യം കാണിച്ചു.
ആസാദ് പ്രിന്റിങ് പ്രസ്
അധികകാലം ഹലീമാ ബീവിക്ക് അച്ചടി മേഖലയിൽനിന്ന് മാറിനിൽക്കാൻ കഴിഞ്ഞില്ല. തുടർന്ന്, 1963ൽ പെരുമ്പാവൂർ കേന്ദ്രമാക്കി ‘ആസാദ് മെമ്മോറിയൽ പ്രസ്’ എന്ന പേരിലൊരു അച്ചുകൂടവും പ്രസിദ്ധീകരണശാലയും അവർ സ്ഥാപിച്ചു. സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു മൗലാനാ അബുൽകലാം ആസാദിനോടുള്ള ആരാധനയാണ് ‘ആസാദ്’ എന്ന പേരിന് പിന്നിൽ. സാമ്പത്തികമായി ഉന്നതിയിലല്ലെങ്കിലും സാംസ്കാരികമായി ഒരു അടയാളപ്പെടുത്തൽ എന്നനിലയിലാണ് അച്ചുകൂടമാരംഭിക്കുന്നത്. ‘ഭാരതചന്ദ്രിക’ കമ്പനിക്ക് വേണ്ടി ഹലീമാ ബീവിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘ന്യൂ പ്രിന്‍റിങ് ഹൗസ്’ എ.എം. മരയ്ക്കാർ ഏറ്റെടുത്തപ്പോൾ ഓഹരിയിനത്തിൽ പെരുമ്പാവൂരിൽ നൽകിയ വീടും പുരയിടവും വിറ്റാണ് ഇതിനുള്ള മൂലധനം അവർ കണ്ടെത്തിയത്.
അച്ചടിയുടെ സർവ മേഖലകളിലും വൈദഗ്ധ്യം നേടിയ വ്യക്തി എന്നനിലയിൽ അച്ചടിതന്നെയാണ് തന്‍റെ നിലനിൽപ്പെന്നവർ മനസ്സിലാക്കി. ഇക്കാര്യത്തിൽ ഭർത്താവിന്റെ പൂർണപിന്തുണകൂടി അവർക്ക് ലഭിക്കുകയുണ്ടായി. മക്കളെ പഠിപ്പിക്കാനും കുടുംബം പുലർത്താനും അച്ചടിയെ തന്റെ ജീവിതമാർഗമാക്കി അവർ നിലനിർത്തി. തുടക്കം വലിയ തടസ്സമൊന്നുമില്ലാതെ അവർ മുന്നോട്ടുകൊണ്ടുപോയി. പത്രങ്ങളോ മാസികകളോ അച്ചടിക്കാൻ സാധിച്ചില്ലായെങ്കിലും നിരവധി പുസ്തകങ്ങളും പുറത്തുനിന്നുള്ള മറ്റ് അച്ചടിജോലികളും ഏറ്റെടുത്ത് അവിടെ ചെയ്തുവന്നു. ഇക്കാലത്ത് അച്ചടിയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും -പ്രിന്‍റിങ് മുതൽ ബൈൻഡിങ് വരെ-സ്വന്തം നിലക്ക് ചെയ്യാൻ ഹലീമാ ബീവി പ്രാപ്തയായി കഴിഞ്ഞിരുന്നു.
പൊതുവിൽ അച്ചടിയുടെ മേഖല അപ്പോഴേക്കും കൂടുതൽ വിപുലമാവുകയും കൂടുതൽ മത്സരം ഈ മേഖലയിൽ കടന്നുവരുകയും ചെയ്തു. മാത്രമല്ല, കൂടുതൽ മുതൽമുടക്കാൻ കഴിവുള്ള മുതലാളിമാർ ഈ രംഗത്തേക്ക് വന്നു. തുടർന്ന് സാമ്പത്തിക പ്രതിസന്ധിയും അതോടൊപ്പം ഇടക്കിടക്കുണ്ടാകുന്ന തൊഴിലാളി സമരവും പുതിയ പ്രസിന്‍റെ പ്രവർത്തനത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു.
1970 നവംബറിൽ പ്രസ് തൊഴിലാളികൾ നടത്തിയ പണിമുടക്കും തുടർന്നുവന്ന സാമ്പത്തിക പ്രതിസന്ധിയും അച്ചുകൂടത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിലേക്ക് കൊണ്ടെത്തിച്ചു. എന്നിരുന്നാലും അച്ചടിയുടെ മേഖലയിൽനിന്നും പിൻവലിയാൻ അവർ ഒരുക്കമായിരുന്നില്ല. ഇക്കാലത്ത് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ എറണാകുളം ജില്ല കൗൺസിൽ അംഗം എന്നനിലയിലും അവർ പ്രവർത്തിച്ചിരുന്നു. തുടർന്നാണ്, സ്വപ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന സമാനചിന്താഗതിക്കാരായ മഹിളകളുമായി ചേർന്ന് വനിതമാസികയായ ‘ആധുനിക വനിത’യുടെ ആരംഭം.
അധ്യായം -13
‘ആധുനിക വനിത’യിലൂടെ വീണ്ടും
രണ്ടു ദശാബ്ദക്കാലത്തെ ഇടവേളക്കുശേഷം ഒരിക്കൽകൂടി പത്രപ്രവർത്തനരംഗത്തേക്ക് ഹലീമാ ബീവി പ്രവേശിച്ചു. ‘ആധുനിക വനിത’ എന്നായിരുന്നു പുതിയ പ്രസിദ്ധീകരണത്തിന്റെ പേര്; മാനേജിങ് എഡിറ്ററായി ഹലീമാ ബീവിയും. വിദ്യാസമ്പന്നരും പത്രപ്രവർത്തന മേഖലയിൽ പരിചയവുമുണ്ടായിരുന്ന ഒരുകൂട്ടം വനിതകൾ പത്രാധിപ സമിതിയിലും ഉൾക്കൊണ്ടിരുന്നു. കേരളത്തിലെ സ്ത്രീമുന്നേറ്റവുമായി ബന്ധപ്പെട്ട് പറയാൻ കഴിയുന്ന പേരുകാരായ ഫിലോമിന കുര്യൻ, ബേബി ജെ. മുരിക്കൻ, ബി. സുധ, കെ.കെ. കമലാക്ഷി, റഹ്മാ ബീഗം എന്നിവരായിരുന്നു അവർ.
1970 ജൂണിൽ ‘ആധുനിക വനിത’യുടെ ഒന്നാം ലക്കം പുറത്തുവന്നു. സ്ത്രീകളിലൂടെയുള്ള സമുദായശുദ്ധീകരണവും വിദ്യാഭ്യാസ പ്രോത്സാഹനവും അവകാശ സംരക്ഷണവും വായനസംസ്കാര പോഷണവും മറ്റുമായിരുന്നു മാസികയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. ആദ്യ ലക്കത്തിന്റെ പ്രസ്താവനയായി പത്രാധിപ സമിതിക്കു വേണ്ടി ‘ആത്മഗതം’ എന്ന പേരിൽ മാനേജിങ് എഡിറ്റർ ഹലീമാ ബീവി കുറിച്ചു: ‘‘കൊട്ടില്ലാ, കുരവയില്ല. കൊമ്പും കുഴലുമില്ല. അച്ചടിയന്ത്രത്തിന്റെ കട കട ശബ്ദവും ആത്മാർഥതയുള്ള കുറച്ച് സ്ത്രീകളുടെ ആകാംക്ഷ നിറഞ്ഞ ഹൃദയത്തുടിപ്പും മാത്രം അകമ്പടിയായിക്കൊണ്ട് ‘ആധുനിക വനിത’ അവളുടെ ജൈത്രയാത്ര ആരംഭിക്കുകയാണ്.
വർഷങ്ങൾക്കു മുമ്പ് ‘വനിത’യുടെയും ‘ഭാരതചന്ദ്രിക’യുടെയും ചുക്കാൻ തിരിച്ച കൈകൾ അചഞ്ചലമായ ആത്മവിശ്വാസത്തോടുകൂടിയാണ് ‘ആധുനിക വനിത’യെ അണിയിച്ചൊരുക്കുന്നത്... സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയരംഗങ്ങളിൽ ചൂടും വെളിച്ചവും പരത്തുന്ന നിരവധി പ്രസിദ്ധീകരണങ്ങൾ ഇന്ന് നമുക്കുണ്ട്. എന്നാൽ, ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന സ്ത്രീ സമുദായത്തെ പ്രതിനിധാനം ചെയ്യുന്നതോ അവർക്കുവേണ്ടി പ്രവർത്തിക്കുന്നതോ ആയ പ്രസിദ്ധീകരണങ്ങൾ വളരെ കുറവാണ്... ഈയൊരു പരിതസ്ഥിതിയിൽ സ്ത്രീകൾക്കുവേണ്ടി തികച്ചും പുതുമയും പുരോഗമനാത്മകതയും ഉൾക്കൊള്ളുന്ന ചില വ്യക്തമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് അഹങ്കാരത്തോടുകൂടി അല്ലെങ്കിലും ആത്മാർഥതയോടെയും ആത്മവിശ്വാസത്തോടും കൂടി പ്രഖ്യാപിച്ചുകൊണ്ടാണ് ‘ആധുനിക വനിത’ നിങ്ങളെ സമീപിക്കുന്നത്.
ഇത്തരം ഒരു പരിപാടി മനസ്സിൽ രൂപംകൊണ്ടപ്പോൾ മുതൽതന്നെ തുല്യസ്വഭാവത്തോടുകൂടിയുള്ള പല ആംഗലേയ പ്രസിദ്ധീകരണങ്ങളും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പല കാര്യങ്ങളിലും അനുകരണീയമായ മാതൃകകളായിരിക്കും അവ എന്നും ഞങ്ങൾക്ക് അഭിപ്രായമുണ്ട്. എന്നാൽ, പലപ്പോഴും സ്ത്രീയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഉപരിപ്ലവങ്ങളായ ബാഹ്യമോടിയിൽമാത്രം അവയുടെ അകം ഒതുങ്ങിനിൽക്കുന്നതായി തോന്നിയിട്ടുണ്ട്. ഭാരതത്തെപ്പോലുള്ള ഒരു ആവികസിത രാഷ്ട്രത്തിന്റെ നിർമാണ പ്രക്രിയയിൽ ഒട്ടും അപ്രധാനമല്ലാത്ത പങ്കുവഹിക്കുവാൻ കടപ്പെട്ടവരാണ് ഈ കാലത്തെ സ്ത്രീകൾ.
ജീവിതത്തിന്‍റെ എല്ലാ മണ്ഡലങ്ങളിലും സ്ത്രീകൾക്കുണ്ടായിരിക്കേണ്ട പങ്കിനെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ഇപ്പോഴും ശരിക്കും മനസ്സിലാക്കിയിട്ടില്ലാത്ത സ്ത്രീകൾ തന്നെ ഇല്ല എന്ന് ഞങ്ങൾ സംശയിക്കുന്നു. ഇത്തരം ഒരു ആത്മവിശ്വാസത്തിന്റെ അഭാവംകൊണ്ടാണ് അഭിമാനാത്മകമായ സംഭാവനകൾ നൽകേണ്ട പല രംഗങ്ങളിലും സ്ത്രീകൾ മുന്നോട്ടുവരാൻ തയാറാകാത്തത്.
ഈ വസ്തുതകൾ മനസ്സിൽവെച്ചുകൊണ്ട് സാഹിത്യ, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിൽ തങ്ങളുടേതായ സംഭാവനകൾ നൽകത്തക്കവിധത്തിൽ സ്ത്രീകളെയാക്കുകയും അവർക്ക് പ്രചോദനം നൽകുകയും ചെയ്യുകയെന്നത് ‘ആധുനിക വനിത’യുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്... കേരളത്തിലെ കാര്യശേഷിയുള്ള മുസ്‌ലിം യുവതികളുടെ പ്രവർത്തന ചാതുര്യം പ്രയോജനപ്രദമായ പാതയിലൂടെ തിരിച്ചുവിട്ട് അവരെ രാഷ്ട്രത്തിന്റെ അമൂല്യ സമ്പത്തുകളാക്കി മാറ്റുവാൻ ‘ആധുനിക വനിത’ക്ക് അങ്ങേയറ്റത്തെ ആഗ്രഹമുണ്ട്... കേരളത്തിലെ വനിതകളുടെ ഇടയിൽ അഭൂതപൂർവമായ ഉണർവും ഉന്മേഷവും ഉളവാക്കുന്നതിനും ഭാരതത്തിന്റെ മുഴുവൻ ശ്രദ്ധയും മലയാള മങ്കമാരുടെ ഈ നൂതന സംരംഭത്തിലേക്ക് ആകർഷിക്കുന്നതിനും സാധ്യമാകും...”
പ്രഥമ ലക്കത്തെ ആശംസകൾകൊണ്ട് ആശിർവദിച്ചവരിൽ അക്കാലത്തെ മുഖ്യമന്ത്രിയായ അച്യുതമേനോനും വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയയും ഗതാഗത മന്ത്രിയായ കെ.എം. ജോർജും തദ്ദേശ വകുപ്പ് മന്ത്രിയായ അവുകാദർകുട്ടി നഹ ഉൾപ്പെടെയുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ രംഗത്തെ നിരവധിപേർ ഉൾപ്പെടുന്നു. ഈ സംരംഭത്തിന്റെ മഹത്വത്തെക്കുറിച്ച് വിവിധങ്ങളായ അഭിപ്രായപ്രകടനങ്ങൾ അവർ നടത്തി.
മനോരമ ചീഫ് എഡിറ്റർ കെ.എം. ചെറിയാൻ, മാതൃഭൂമി െറസിഡന്‍റ് എഡിറ്റർ കെ.എ. ദാമോദര മേനോൻ, എം.ഇ.എസ് പ്രസിഡന്‍റ് ഡോ. പി.കെ. അബ്ദുൽ ഗഫൂർ, കൊച്ചി മേയർ എ.എ. കൊച്ചുണ്ണി, കേരള വഖഫ് ബോർഡ് ചെയർമാൻ എ.എം. മരക്കാർ, ഫാറൂഖ് അറബി കോളജ് പ്രിൻസിപ്പൽ അബു സഹാബ് അഹമ്മദ് അലി, തലശ്ശേരി മുൻസിപ്പൽ ചെയർമാൻ ടി.എം. സവാൻ കുട്ടി, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ് പി.എ. സെയ്ത് മുഹമ്മദ്, കവി ബാലാമണിയമ്മ, അന്നത്തെ മഹിളാ മണ്ഡലം സെക്രട്ടറി സൂസൻ ജോൺ, സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ മകൾ ഗോമതിയമ്മ, എറണാകുളം മുസ്‌ലിം വിമൻസ് അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. ഫാത്തിമ റഹിമാൻ, സാഹിത്യകാരൻ ടാറ്റാപുരം സുകുമാരൻ എന്നിവർ ആശംസകളുമായെത്തി.

അതിൽ ഉദാത്തചിന്തകൾ ഉപദേശരൂപേണ അവതരിപ്പിച്ച കെ.എം. ചെറിയാന്റെ വാക്കുകൾ ശ്രദ്ധേയമായിരുന്നു: “ജീവിതത്തിന്റെ ചക്രവാളങ്ങളെ ഉദാത്തവും വിസ്തൃതവുമാക്കുന്ന എഴുത്തുകാരികളുടെ ഒരു പടതന്നെ മലയാളത്തിലുണ്ട്. അവർക്ക് ഒരു പരിശീലന കളരിയാകാൻ ‘ആധുനിക വനിത’ക്ക് സാധിച്ചാൽ സാംസ്കാരിക മണ്ഡലത്തിൽ സ്ത്രീകൾക്ക് പുരുഷന്മാരോടൊപ്പം പ്രവേശിക്കാൻ സാധിക്കും. സ്ത്രീകൾക്കുവേണ്ടി സ്ത്രീകൾ നടത്തപ്പെടുന്ന മാസിക വായനക്കാരുടെ എണ്ണം കൂട്ടാൻ വേണ്ടി ഉന്നതമായ സാംസ്കാരിക മൂല്യങ്ങളെ കൈവിടാനും, പത്രധർമത്തെ കവച്ചുവെച്ചുകൊണ്ട് നിലവാരം താഴ്ത്തുവാനും ഉദ്യമിക്കില്ലെന്ന് വിശ്വസിക്കുന്നു.”
അതുപോലെ ഹലീമാ ബീവിയുടെ മുൻകാല പരിശ്രമങ്ങളെ ഓർത്തുകൊണ്ടാണ് പി.എ. സെയ്തു മുഹമ്മദ് എഴുതിയത്: “മലയാള പത്രപ്രവർത്തനമണ്ഡലത്തിൽ സുപരിചിതമായ ഒരു നാമത്തിന്റെ അവകാശിയാണ് ഹലീമാ ബീവി. (കഴിഞ്ഞ രണ്ട് വ്യാഴവട്ട കാലത്തിന് മുമ്പ്) സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഹലീമാ ബീവിയുടെ ‘ഭാരതചന്ദ്രിക’യും ‘വനിത’യും കേരള പത്രത്തറവാട്ടിലെ സ്മരിക്കപ്പെടുന്ന ഉത്കൃഷ്ട സമ്മാനങ്ങൾ ആയിരുന്നു. ‘ആധുനികവനിത’ കാലത്തിന്റെ വിചാര ഭാഗങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും എന്ന് വിശ്വസിക്കുന്നു.”
ഇത്തരത്തിൽ നിരവധി ആശംസകൾ ആദ്യ ലക്കത്തിൽ കാണാൻ കഴിയുന്നു. പ്രഥമ ലക്കത്തിന്റെ ഇതളുകൾ നിറച്ച പ്രതിഭാധനന്മാരായിരുന്നു കെ. ഗോമതിയമ്മ (ഒരു നല്ല അമ്മയാവാൻ), എം. റഹ്മാ ബീഗം (ബി. കല്യാണിയമ്മ -സ്വദേശാഭിമാനിയുടെ ധർമപത്നി), നളിനകുമാരി (നിർവൃതി), ടി. തുളസി (ഹവ്വാ എന്‍റെ പ്രിയപ്പെട്ട ഹവ്വാ), മായ (മുക്തി), എം. റഷീദാ ബീഗം (മുസ്‌ലിം വനിതകളോട് നീതിപുലർത്തുക), തങ്കമ്മ മാലിക് (സ്നേഹം) മുതലായവർ.
സമകാലിക കേരളസമൂഹത്തിലെ വിവിധങ്ങളായ അവസ്ഥാവിശേഷങ്ങളും സംഭവങ്ങളും ചർച്ചചെയ്യാനുള്ള വേദി തുറക്കാനും ‘ആധുനിക വനിത’ ആഗ്രഹിച്ചിരുന്നു. ആഹാരശീലങ്ങൾ, സിനിമ പംക്തികൾ, ചോദ്യോത്തര പംക്തികൾ, ആരോഗ്യപ്രശ്നങ്ങൾ, കൈവേലകൾ, അടുക്കള കാര്യങ്ങൾ, വിവാഹ പംക്തികൾ എന്നിവ ചർച്ചചെയ്യുന്നതിനും മാസിക തയാറായി. ‘ആധുനിക വനിത’യുടെ ഫണ്ട് ശേഖരണാർഥം രക്ഷാധികാരികളെയും ആയുഷ്കാല വരിക്കാരെയും ചേർക്കാനുള്ള പരിശ്രമങ്ങളും തുടക്കത്തിലെ നടന്നു. 25ൽപരം പേർ ആജീവനാന്ത വരിക്കാരായി ചേരുകയും ചെയ്തു; അതിലേറെയും പുരുഷന്മാരായിരുന്നു.
വളരെ പുതുമയാർന്ന ഒരു മുഖചിത്രത്തോടുകൂടിയാണ് രണ്ടാം ലക്കം (1970 ജൂലൈ) പുറത്തിറങ്ങിയത്. അക്കൊല്ലാം എസ്.എസ്.എൽ.സി പരീക്ഷക്ക് ഒന്നാം റാങ്ക് നേടിയ മല്ലിക ശേഖർ എന്ന വിദ്യാർഥിനിയുടെ ചിത്രമായിരുന്നു കവർപേജ്. പകർത്തിയത് തിരുവനന്തപുരം വഴുതക്കാട്ടെ രവി സ്റ്റുഡിയോ ഉടമയായ രവിയും. ആദ്യ പേജിൽതന്നെ പത്രാധിപയുടെ വക ‘സ്ത്രീകളും വിദ്യാഭ്യാസവും’ എന്ന തലക്കെട്ടോടു കൂടിയ ഒരു കുറിപ്പ് ഉണ്ടായിരുന്നു. അതിൽ വിദ്യാഭ്യാസരംഗത്തെ സ്ത്രീകളുടെ ഉയർച്ച താഴ്ചകളെ വിശദമായി പരാമർശിക്കുന്നുണ്ട്: “കേരളത്തിൽ വിവിധ പരീക്ഷകളുടെ ഫലങ്ങൾ അറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ? നമ്മുടെ പെൺകുട്ടികൾ ഇത്തവണയും പതിവുപോലെ മുൻപന്തിയിൽ തന്നെയെന്ന് കാണുന്നതിൽ സന്തോഷമുണ്ട്.
രണ്ടു മൂന്നു വർഷങ്ങളിലെ പരീക്ഷഫലങ്ങളിൽ പെൺകുട്ടികൾ ആധിപത്യം പുലർത്തിപ്പോരുന്നത് കാണുമ്പോൾ കുറെ വർഷങ്ങൾക്കു മുമ്പുള്ള ഗതികൾ ഓർത്തുപോവുകയാണ്. ‘‘നഃ സ്ത്രീ സ്വാതന്ത്ര്യം അർഹതി’’ എന്ന മനുവാക്യം വേദവാക്യംപോലെ കരുതി സ്ത്രീയെ ഇടംവലം തിരിയാൻ അനുവദിക്കാതെ അടുക്കളക്കകത്ത് അടച്ചുപൂട്ടിയിരുന്ന കാലം അത്ര അകലത്തിൽ അല്ല. കരിയും പുകയുമേറ്റ് ആഹാരം പാകംചെയ്യുക, പുരുഷന്റെ സുഖഭോഗവസ്തുവായിരുന്ന് വർഷംതോറും പ്രസവിച്ചുകൂട്ടുക ഇവയായിരുന്നു അക്കാലങ്ങളിൽ സ്ത്രീകളുടെ ജീവിത ഉദ്ദേശ്യംതന്നെ.

‘അൻസാരി’യുടെ പ്രസിദ്ധീകരണ സമയത്ത് എടുത്ത ചിത്രം. കസേരയിൽ ഇരിക്കുന്നവരിൽ ഇടത്തുനിന്ന് നാലാമത് ഹലീമാ ബീവിയുടെ ഭർത്താവ് മുഹമ്മദ് പിള്ള
എന്നാൽ, പാശ്ചാത്യ വിദ്യാഭ്യാസവും അവരുടെ സംസ്കാരവും ഈ നാട്ടിൽ പ്രചരിച്ചുതുടങ്ങിയതോടുകൂടി ഈ നിലക്ക് അൽപം മാറ്റംവന്നു. ശിശുക്കളുടെ ആദ്യ വിദ്യാലയം അവന്‍റെ ഗൃഹമാണെന്നും അവിടെ ലഭിക്കുന്ന പാഠങ്ങൾക്ക് അവന്‍റെ ജീവിതത്തെയാകെ നിയന്ത്രിക്കാൻ കഴിവുണ്ടെന്നും വന്നതോടുകൂടി ഗൃഹസ്ഥകളായ മാതാക്കൾ വിദ്യാഭ്യാസവും വിവേകവും ഉള്ളവരായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനം ചിന്തിക്കാൻ തുടങ്ങി. അതോടുകൂടി സ്ത്രീകളുടെ ഭാഗ്യനക്ഷത്രം അങ്ങ് അകലെ ചക്രവാളത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അവിടെനിന്നിങ്ങോട്ട് സ്ത്രീയുടെ വളർച്ച അഭിമാനകരമായിരുന്നു.”
‘ആധുനിക വനിത’യിലെ പത്രാധിപക്കുറിപ്പുകളെല്ലാം തന്നെ അക്കാലത്തെ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളോ സാമൂഹികപ്രാധാന്യമുള്ള പൊതുവിഷയങ്ങളോ ആയിരുന്നു. കൃത്യമായ നിരീക്ഷണങ്ങൾ നടത്താൻ അതിലും അവർക്ക് സാധിച്ചു. വിദ്യാഭ്യാസവും തൊഴിലും കള്ളക്കടത്തും മുതൽ, പാർലമെന്ററി രാഷ്ട്രീയം വരെ അതിൽ പ്രതിപാദ്യ വിഷയങ്ങളായിരുന്നു. അവരുടെ എഴുത്തിലെ പ്രതിപാദ്യവിഷയങ്ങളെല്ലാംതന്നെ അവരുടെ പ്രധാന ലക്ഷ്യമായ സ്ത്രീശാക്തീകരണത്തിലേക്കുള്ള പല വഴികളായിരുന്നു.44
‘ആധുനിക വനിത’യിലെ എഴുത്തുകാരേറെ പേരും സ്ത്രീകളായിരുന്നു; അവർ കൈകാര്യം ചെയ്തിരുന്നതോ സ്ത്രീ ജീവിതത്തിന് ആവശ്യമായ മികവുറ്റകാര്യങ്ങളും. കെ.എം.എം. അഷ്റഫിന്‍റെ ‘പുരുഷ ശബ്ദം’ എന്ന പംക്തിയായിരുന്നു അതിനൊരു എതിരായി പറയാൻ കഴിയുക. പഠനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പെൺകുട്ടികൾക്കു വേണ്ടി ഒരു സമിതി സംഘടിപ്പിക്കുക എന്നതും ഈ മാസികയുടെ പ്രധാന ലക്ഷ്യമായി ഹലീമാ ബീവി കണ്ടിരുന്നു. തിരുവല്ലയിലെ വനിത മാസികയുടെ കാലഘട്ടത്തിൽ ആരംഭിച്ചതുപോലെയുള്ള പെൺകൂട്ടായ്മയും അവർ ലക്ഷ്യം വെച്ചിരുന്നു.
അക്കാലത്ത് സാധാരണ മാസികകളിലുള്ളതുപോലെ, വിദ്യാർഥിനികൾക്ക് വേണ്ടി ‘വിടരുന്ന മൊട്ടുകൾ’ എന്ന ഒരു പംക്തി ഇതിൽ കാണാൻ സാധിച്ചിരുന്നു. നിരവധിപേർ ഈ പംക്തിയോടുള്ള താൽപര്യത്താൽ തങ്ങളുടെ രചനകൾ അയച്ചുനൽകി. സിനിമ പംക്തിയായ ‘വെള്ളിത്തിര’, ഡോക്ടറോടുള്ള സംശയനിവാരണത്തിന് ‘ആധുനിക വനിതയുടെ ഡോക്ടർ’, ചോദ്യോത്തര പദ്ധതിയായ ‘കിലുക്കാംപെട്ടി’, സൗന്ദര്യസങ്കൽപങ്ങൾക്കിടം നൽകുന്ന ‘സിന്ദൂരച്ചെപ്പ്’, നിരൂപണ പംക്തി എന്നിങ്ങനെ നിരവധി വിഭവങ്ങൾ ‘ആധുനിക വനിത’യെ അലങ്കരിച്ചിരുന്നു. ആധുനിക വനിതയുടെ ഓണം പ്രത്യേക പതിപ്പ് (1970 സെപ്റ്റംബർ), റിപ്പബ്ലിക് ദിന പതിപ്പ് (1971 ജനുവരി) എന്നിവയും പുറത്തുവന്നിരുന്നു. എന്നിരുന്നാലും ഒരു വർഷത്തിൽ കൂടുതലായി ‘ആധുനിക വനിത’ക്കും പിടിച്ചുനിൽക്കാൻ സാധിച്ചില്ല. സാമ്പത്തിക പ്രയാസം നേരിട്ടതോടുകൂടി ആ മാസിക നിലച്ചു. 1938ൽ ആരംഭിച്ച് -ഇടവേളകൾ കാണാമെങ്കിലും- മൂന്നു ദശാബ്ദത്തോളം നീണ്ടുനിന്ന ഹലീമാ ബീവിയുടെ പത്രപ്രവർത്തനജീവിതത്തിന് അതോടുകൂടി തിരശ്ശീലവീണു.
(തുടരും)
കുറിപ്പ്
44 നൂറ & നൂർജഹാൻ, എം. ഹലീമ ബീവിയുടെ ജീവിതം പത്രാധിപ, പു. 67
