Begin typing your search above and press return to search.
proflie-avatar
Login

എവി​ടെപ്പോയി രാജാവിന്റെ കൈയെഴുത്ത്?

എവി​ടെപ്പോയി രാജാവിന്റെ   കൈയെഴുത്ത്?
cancel

കേരള സർക്കാറി​ന്റെ പുരാരേഖാ വകുപ്പ്​ പ്രസിദ്ധീകരിച്ച ‘The Rajarshi of Cochin’ എന്ന ​പ്രധാനപ്പെട്ട ഗ്രന്ഥം ചരിത്രത്തോടും ചരിത്രപഠന രീതികളോടും ഒട്ടും നീതിപുലർത്താതെയാണ്​ പുറത്തിറക്കിയതെന്ന്​ ചരിത്രകാരനായ ലേഖകൻ വാദിക്കുന്നു. ആ പുസ്​തകത്തി​ന്റെ പോരായ്​മകളും പ്രശ്​നങ്ങളും ചൂണ്ടിക്കാണിക്കുകയാണിവിടെ.കേരളത്തിലെ ഏറ്റവും വലിയ ചരിത്ര ഗവേഷണ സ്ഥാപനമാണ്, സംസ്ഥാന സർക്കാറിന് കീഴിലുള്ള ആർക്കൈവ്സ്. ചരിത്രവസ്തുതകൾ സൂക്ഷ്മമായി വിശകലനം ചെയ്യാനുതകുന്ന അടിസ്ഥാന പ്രമാണ രേഖകൾക്കായി, ലോകത്തെങ്ങുനിന്നും ഗവേഷകർ വന്നെത്തുന്ന ബഹുമാന്യ വിജ്ഞാനകേന്ദ്രമാണത്. അവിടെനിന്ന് പ്രസിദ്ധീകരിക്കുന്നതെന്തും...

Your Subscription Supports Independent Journalism

View Plans

കേരള സർക്കാറി​ന്റെ പുരാരേഖാ വകുപ്പ്​ പ്രസിദ്ധീകരിച്ച ‘The Rajarshi of Cochin’ എന്ന ​പ്രധാനപ്പെട്ട ഗ്രന്ഥം ചരിത്രത്തോടും ചരിത്രപഠന രീതികളോടും ഒട്ടും നീതിപുലർത്താതെയാണ്​ പുറത്തിറക്കിയതെന്ന്​ ചരിത്രകാരനായ ലേഖകൻ വാദിക്കുന്നു. ആ പുസ്​തകത്തി​ന്റെ പോരായ്​മകളും പ്രശ്​നങ്ങളും ചൂണ്ടിക്കാണിക്കുകയാണിവിടെ.

കേരളത്തിലെ ഏറ്റവും വലിയ ചരിത്ര ഗവേഷണ സ്ഥാപനമാണ്, സംസ്ഥാന സർക്കാറിന് കീഴിലുള്ള ആർക്കൈവ്സ്. ചരിത്രവസ്തുതകൾ സൂക്ഷ്മമായി വിശകലനം ചെയ്യാനുതകുന്ന അടിസ്ഥാന പ്രമാണ രേഖകൾക്കായി, ലോകത്തെങ്ങുനിന്നും ഗവേഷകർ വന്നെത്തുന്ന ബഹുമാന്യ വിജ്ഞാനകേന്ദ്രമാണത്. അവിടെനിന്ന് പ്രസിദ്ധീകരിക്കുന്നതെന്തും പണ്ഡിതോചിതമായിരിക്കും എന്നാണ് വായനക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ, ‘The Rajarshi of Cochin’ എന്ന ഇംഗ്ലീഷ് പുസ്തകം (1994) ആ പ്രതീക്ഷയെ തകിടംമറിച്ചു കളഞ്ഞു. ഇത്രക്ക് വഷളായി സംവിധാനംചെയ്ത ഒരു ചരിത്രഗ്രന്ഥം ഇന്നോളം കണ്ടിട്ടില്ല ഞാൻ.

1895 തൊട്ട് 1914 വരെ കൊച്ചിരാജ്യം ഭരിച്ച ‘രാജർഷി’ രാമവർമ രാജാവിന്റെ രണ്ട് ചെറിയ ആത്മകഥാ ഭാഗങ്ങളും മകൻ ഐ.എൻ. മേനോൻ അച്ഛനെപ്പറ്റി എഴുതിയ നീണ്ട ജീവിതചരിത്ര ഭാഗവുമാണ് അതിന്റെ ഉള്ളടക്കം. ഭരണത്തിൽനിന്ന് സ്വയം രാജിവെച്ചുപോയ അത്യപൂർവ വ്യക്തിയാണ് ഈ രാജാവ് (ജനനം: 27.12.1852, മരണം: 29.1.1932). അതേപ്പറ്റി ഇന്നും ഊഹാപോഹങ്ങൾ അവസാനിച്ചിട്ടില്ല. വലിയ സംസ്കൃത പണ്ഡിതനായിരുന്നു. സാമൂഹികവിരുദ്ധമായ ഭരണനടപടികൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.

കുപ്രശസ്തമായ താത്രീ സ്മാർത്തവിചാരം, റൗക്കയഴിപ്പിക്കൽ, രാവുണ്ണി മേനോൻ ഭ്രഷ്ട്, ഷൊർണൂർ-എറണാകുളം റെയിൽവേ, ട്രാംവേ, പിന്നാക്കക്കാരുടെ സർക്കാർ ജോലിപ്രവേശനം തുടങ്ങി ഒട്ടേറെ എണ്ണപ്പെട്ട സംഭവങ്ങളുണ്ട് ആ ഭരണകാലത്ത്. അതായത്, കേരള ചരിത്രത്തിൽനിന്ന് അടർത്തിമാറ്റാനാവാത്തവിധം നിർണായകമായ ഒരു കാലഘട്ടത്തെ നയിച്ച രാജാവാണ്. വെറുമൊരു പുസ്തകത്തെയല്ല, നാടിനും ജനങ്ങൾക്കും അതിപ്രിയങ്കരമായ ഒരു കാലചിത്രീകരണത്തെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത് എന്ന് ചുരുക്കം.

ഒരു പുസ്തകത്തിന്റെ എഡിറ്റർ എന്നയാൾക്ക്, അതിൽ ഉള്ളടങ്ങിയിരിക്കുന്നതെന്തൊക്കെയെന്ന് ഏകദേശ അറിവെങ്കിലുമുണ്ടാകും എന്നാണ് നമ്മുടെ പ്രതീക്ഷ. എന്നാൽ, ഇവിടെ ആ പ്രതീക്ഷയെ ഭീകരമായി അട്ടിമറിച്ചിരിക്കയാണ്. 1895 തൊട്ട് 1906 വരെയുള്ള ഭരണകാലം വിവരിക്കുന്ന ആത്മകഥ ഭാഗവുമുണ്ട് (പേ. 70-122) ‘The Reminiscences and Continuation of Events Till 1915’ എന്ന അധ്യായത്തിൽ (പേ. 70-134). പക്ഷേ, അത് എഡിറ്റർക്ക് അറിയില്ലെന്ന് അദ്ദേഹത്തിന്റെ ആമുഖം (പേ. vi) തെളിയിക്കുന്നു; ആ ആത്മകഥാ ഭാഗം ‘ജീവിതചരി​ത്ര’ വിഭാഗത്തിൽ ചേർത്താണ് എഡിറ്റർ തന്റെ ആമുഖത്തിലും (പേ. xiii) വിഷയവിവര പേജിലും അവതരിപ്പിച്ചിരിക്കുന്നത്!

ഇതോടെ ടി അജ്ഞത, സംഗതിയെ പരിഹാസ്യവുമാക്കുകയാണ്. ഇതിനേക്കാൾ മുഖ്യമായ കാര്യം, ഇതേ ആത്മകഥാ ഭാഗത്തിന്റെ കൈയെഴുത്ത്, എറണാകുളം റീജനൽ ആർ​െക്കെവ്സിലെ ‘I.N. Menon Collections’ൽ കാണുന്നില്ല എന്നതാണ്; അതേസമയം, ‘The Rajarshi of Cochin’ൽ 3 തൊട്ട് 20 വരെ പേജുകളിലുള്ള, രാജാവിന്റെ ജീവിതാരംഭത്തിലെ 30ഓളം കൊല്ലത്തെ (1858-1888) വിവരിക്കുന്ന വേറൊരു ആത്മകഥാ ഭാഗത്തിന്റെ 51 പേജ് കൈയെഴുത്ത് ‘Autobiographical Notes of Rama Varma (Abdicated Maharaja of Cochin)’ എന്ന ഫയലിൽ മെൻഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. അതിന്റെ 27 പേജുള്ള ടൈപ്ഡ് കോപ്പി ‘Raja Sri Sir Rama Varmah -Autobiographical Notes’ എന്ന ഫയലിലുമുണ്ട്. പേജ് 70-122ൽ അച്ചടിച്ചിട്ടുള്ള പ്രധാന ആത്മകഥാഭാഗത്തി​െന്റ (1895 തൊട്ട് 1906 വരെയുള്ള Reminiscences) ടൈപ്ഡ് കോപ്പി 78 പേജുകളിലായി ‘Rajarshi of Cochin -Typed Copy’ എന്ന ഫയലിലുണ്ട്.

 

പു​രാ​രേ​ഖാ വ​കു​പ്പ്​ പ്ര​സി​ദ്ധീ​ക​രി​ച്ച  ‘The Rajarshi of Cochin’ 

പു​രാ​രേ​ഖാ വ​കു​പ്പ്​ പ്ര​സി​ദ്ധീ​ക​രി​ച്ച ‘The Rajarshi of Cochin’ 

ഇനി ആളുകളെ പരിചയപ്പെടാം. രാജർഷിയുടെ ഭാര്യയായ ഇട്യാണത്ത് പാറുക്കുട്ടി അമ്മയുടെ അനുജത്തി (മൂകാംബിക അമ്മ, ഒടുവിൽ കുഞ്ഞികൃഷ്ണ മേനോന്റെ ഭാര്യ) യൗവനത്തിലേ മരിച്ചു. അവരുടെ മകളെ വളർത്തിയത് രാജപത്നിയാണ്. ആ മകളുടെ മകനാണ്, സാഹിത്യകാരനും നമ്മുടെ പുസ്തകത്തിന്റെ എഡിറ്ററുമായ ഐ.കെ.കെ. മേനോൻ. അതായത്, തന്റെ മുത്തച്ഛന്റെ സ്ഥാനത്തുള്ള, ഒരു വ്യാഴവട്ടം താൻ കൂടെ താമസിച്ച രാജർഷിയുടെ ചരിത്രമാണ് മേനോൻ എഡിറ്റ് ചെയ്തത്. രാജർഷിയുടെ മകനും മുൻ അധ്യാപകനും കൊച്ചി മുൻ വിദ്യാഭ്യാസ ഡയറക്ടറുമായ ഐ.എൻ. മേനോനാണ്, ഈ പുസ്തകത്തിന്റെ ഭൂരിഭാഗമായ (210ഓളം പേജ്) രാജർഷീ ജീവിതചരിത്രം എഴുതിയിരിക്കുന്നത്. 390ഓളമാണ് ആകെ പുസ്തകപ്പേജ്. ഐ.എൻ. മേനോൻ ഈ ജീവിതചരിത്രം എഴുതിയത് 1951-60 ഘട്ടത്തിലാണെന്ന് എഡിറ്റർ പറയുന്നു; 7.6.1966ന് മേനോൻ മരിച്ച ശേഷം ഭാര്യ തങ്കം എൻ. ​േമനോനാണ് ഈ പുസ്തക ഫയൽ ​കേരള സ്റ്റേറ്റ് ആർക്കൈവ്സിനെ ഏൽപിച്ചതെന്നും അദ്ദേഹം അറിയിക്കുന്നു (ആമുഖം, പേ. xiii).

ഐ.എൻ. മേനോൻ, താൻ എഴുതിയ ജീവിതചരിത്രഭാഗത്തിന്റെ ആമുഖത്തിൽതന്നെ രാജർഷിയുടെ പ്രധാന ആത്മകഥാ ഭാഗത്തെപ്പറ്റി പറയുന്നുണ്ട്; അത് ആത്മകഥയാണെന്ന് തിരിച്ചറിയാൻ എഡിറ്റർക്ക് കഴിഞ്ഞില്ലെന്ന് മാത്രം:

‘‘[...] I have incorporated in the body of this book some `Reminiscences’ from His Highness’ own pen [...]’’ (p 25). പേജ് 28ലും ഐ.എൻ. മേനോൻ വ്യക്തമാക്കുന്നുണ്ട് ആ രചനയെപ്പറ്റി. എന്നിട്ടും അത് ആത്മകഥ തന്നെയെന്ന് തിരിച്ചറിയാനാകുന്നില്ല എഡിറ്റർക്ക്. എന്നാൽ, പേ. 3-20ലുള്ള രാജർഷിയുടെ ചെറിയ ആത്മകഥാ ഭാഗത്തെപ്പറ്റി വിവരിക്കുന്നുണ്ട് അദ്ദേഹം. അതിന് മറ്റൊരു കാരണമുണ്ട്: ആ രചനയെപ്പറ്റി അദ്ദേഹം നേരത്തേ ഐ.എൻ. മേനോനിൽനിന്ന് കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ലായിരുന്നു. കണ്ടുകിട്ടിയാൽ തരാമെന്ന് ഐ.എൻ. മേനോൻ ഏറ്റെങ്കിലും അതിനുമുമ്പേ അദ്ദേഹം മരിച്ചു.

പിന്നീട് അതിന്റെ ഒരു കോപ്പി എഡിറ്റർക്ക് കിട്ടിയത്, അവസാന രാജാവായ പരീക്ഷിത്ത് തമ്പുരാന്റെ സ്വകാര്യ ശേഖരത്തിൽനിന്നാണ്. രാജർഷിയുടെ 1852ലെ ജനനം മുതൽ 1895ൽ ഇളയ രാജാവാകുന്നതുവരെയാണ് ആ രചനയിലെ കാലഘട്ടം എന്നാണ് എഡിറ്റർ ആമുഖത്തിൽ (പേ. v-vi) പറയുന്നത്. എന്നാൽ, അതിന്റെ കൈയെഴുത്തിലും ടൈപ്ഡ് കോപ്പിയിലും അച്ചടിപ്പേജുകളിലും കാണുന്ന കാലഘട്ടം, ആറാം വയസ്സുതൊട്ട് [1858], 1063 മിഥുനത്തിൽ [1888​?] ഇളയരാജാവാകുന്നതുവരെയാണ്. എഡിറ്റർ പ്രസ്തുത ആത്മകഥാ ഭാഗം പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചെന്നും പറയുന്നു (പേ. vi).

ഇനി നമ്മൾ കടക്കുന്നത്, രൂക്ഷമായ ആശയക്കുഴപ്പത്തിലേക്കാണ്. രാജർഷി എഴുതിയതെന്ന് മകൻ ഐ.എൻ. മേനോൻ, തന്റെ രാജർഷീ ജീവിതചരിത്രത്തിന്റെ ആമുഖത്തിൽ പേ. 25ലും 28ലും പറയുന്ന ‘Reminiscences’ (ഓർമപുതുക്കൽ) എന്ന പ്രധാന ആത്മകഥാ ഭാഗത്തെ, മേനോന്റെ വാക്കുകൾ കാണാതെയോ അവഗണിച്ചോ എഡിറ്റർ ചേർത്തത് ജീവിതചരിത്ര (biography) വിഭാഗത്തിലാണ്. ഈ ആത്മകഥാ ഭാഗത്തെ ആത്മകഥയെന്നുതന്നെ വകവെക്കാതെയാണോ മകൻ, ആത്മകഥ കണ്ടുകിട്ടിയാൽ തരാമെന്ന് എഡിറ്ററോട് പറഞ്ഞത്? എഡിറ്റർ ആമുഖത്തിൽ പേ. v-viൽ പറയുന്നത്: ‘‘I knew that he [I.N. Menon] was writing a biography of the Maharaja and I was very much interested in it. Once during the course of our conversation, he mentioned to me that the Maharaja had written an autobiography in English. Unfortunately he could not trace it among his papers, but he promised to send me a copy as soon as he traced it. But that was not to be, as he died soon after. Later on I managed to get a copy from the personal papers of Pareekshit Thampuran, the last of the rulers of Cochin, and I was thrilled to read it.’’

 

പുസ്​തകവുമായി ബന്ധപ്പെട്ട പു​രാ​രേ​ഖകളിൽ ഒന്ന്​

പുസ്​തകവുമായി ബന്ധപ്പെട്ട പു​രാ​രേ​ഖകളിൽ ഒന്ന്​

‘Reminiscences’നെ ആത്മകഥയായി മകൻ കണക്കാക്കിയില്ലെന്നതല്ല നമ്മുടെ​ പ്രശ്നം; ആ രചനയുടെ രാജ ​ൈകയെഴുത്ത് എവിടെ എന്നതാണ്. അതു കണ്ടുകിട്ടാത്തിടത്തോളം, അതിന്റെ ടൈപ്ഡ് കോപ്പിയായി ആർക്കൈവ്സിൽ സൂക്ഷിച്ചിട്ടുള്ളതും, അതുവെച്ച് ‘Rajarshi of Cochin’ ൽ അച്ചടിച്ചിട്ടുള്ളതും ഒരു വ്യാജരചനയാ​െണന്നു സംശയിക്കുന്നതിന് ഒരു തടസ്സവുമില്ല. കാരണം, ആത്മകഥയുടെ ​േവറൊരു ഭാഗത്തിന്റെ (എഡിറ്റർ കണ്ടെടുത്തത്: പേ. 3-20) കൈയെഴുത്ത് ആർക്കൈവ്സിൽ സൂക്ഷിച്ചിട്ടുണ്ടല്ലോ. ആ തെളിവുതന്നെ വേണം ‘Reminiscences’നെ വിശ്വസിക്കാനും. അതിന് ആർക്കൈവ്സ് അധികൃതർ ഐ.എൻ. മേനോന്റെ പിന്മുറക്കാരെ ബന്ധപ്പെടേണ്ടതുണ്ട്. അത് തേടിപ്പിടിച്ച്, ചരിത്രരേഖയെന്ന നിലക്ക് സൂക്ഷിക്കേണ്ടത് ആർക്കൈവ്സിലാണ്.

മരിച്ചുപോയ രണ്ട് ചരിത്രവ്യക്തികളാണ് രാജർഷിയും മകനും. അവരുടെ രചനകൾ എഡിറ്റ് ചെയ്യുമ്പോൾ, ഒരു പത്രത്തിന്റെ എഡിറ്റർ സ്ഥലലാഭത്തിനും ഭാഷാസൗന്ദര്യത്തിനും മറ്റുമായി തന്റെ മുന്നിലുള്ള രചനകൾ തിരുത്തുന്നതുപോലെയുള്ള സ്വാതന്ത്ര്യമില്ല തനിക്ക് എന്ന് നമ്മുടെ എഡിറ്റർ ഓർക്കണമായിരുന്നു. വല്ല തിരുത്തും അത്യാവശ്യമെങ്കിൽ അതത് ഇടത്തിൽ സ്ക്വയർ ബ്രാക്കറ്റിനകത്ത് എഴുതിച്ചേർക്കാനേ അവകാശമുള്ളൂ ഈ പുസ്തക എഡിറ്റർക്ക്. ഒരു ഭാഗവും (ഇരട്ടിപ്പൊഴിച്ച്) വെട്ടിമാറ്റാൻ പാടില്ല. താൻ കൈകാര്യം ചെയ്യുന്നത് ഒരു ചരിത്രരേഖയാണെന്ന് എഡിറ്റർ എപ്പോഴും ഓർക്കണം. ചരിത്രരേഖകളുമായി നല്ല പഴമപരിചയമുള്ളയാളെ മാത്രമേ ഇത്തരം എഡിറ്റിങ്ങിന് ചുമതലപ്പെടുത്താവൂ. നമ്മുടെ നിർഭാഗ്യത്തിന്, നിയുക്ത എഡിറ്റർ രാജർഷിയുടെ ബന്ധുവാണെന്ന പരിഗണനയാണ് നൽകിയത് (?) അന്നത്തെ സാംസ്കാരിക വകുപ്പിന്റെ കമീഷണർ-സെക്രട്ടറി

ടി.എൻ. ജയചന്ദ്രൻ (റീജനൽ ആർ​െക്കെവ്സിൽനിന്ന് രാജർഷി ഫയൽ താനാണ് കണ്ടെടുത്തതെന്ന് പറയുന്നു അദ്ദേഹം). പ്രശസ്ത ചെറുകഥാകൃത്താണ് എഡിറ്റർ ഐ.കെ.കെ. മേനോൻ എന്നതും സ്വാധീനിച്ചു അദ്ദേഹത്തെ (Foreword, pages iii-iv). ഈ രണ്ട് ഗുണങ്ങളുമല്ല, പക്വതയുള്ള ഒരു ചരിത്രഗവേഷകനാണോ എഡിറ്ററായി വരുന്നത് എന്നേ അദ്ദേഹം നോക്കേണ്ടിയിരുന്നുള്ളൂ.

രാജർഷിയുടെ ആത്മകഥയും ജീവിതചരിത്രവും എഡിറ്റ് ചെയ്യുന്നതിന് ഐ.കെ.കെ.എമ്മിനെ ചുമതലപ്പെടുത്തി എന്ന് ടി.എൻ. ജയചന്ദ്രൻ പറയുന്നിടത്തുമുണ്ട് ആശയക്കുഴപ്പം (p.iii). ആർക്കൈവ്സിൽനിന്ന് താൻ കണ്ടെടുത്ത ‘The Rajarshi of Cochin’ന്റെ പുസ്തക ഫയലിൽ, രാജർഷി എഴുതിയ ‘Reminiscences’ഉം മകൻ എഴുതിയ ‘Biography’യുമല്ലേ അദ്ദേഹം കണ്ടിരിക്കാനിടയുള്ളൂ? താൻ പരീക്ഷിത്തിന്റെ ശേഖരത്തിൽനിന്ന് കണ്ടെടുത്തെന്ന് എഡിറ്റർ പറയുന്ന ആദ്യ ആത്മകഥാ ഭാഗത്തിന്റെ ഒറിജിനൽ കൈയെഴുത്തും ടൈപ്ഡ് കോപ്പിയും ആർക്കൈവ്സിൽ ഇപ്പോഴുള്ള രാജർഷി ഫയലിലേക്ക് നൽകിയത് എഡിറ്ററാണോ? ആണെങ്കിൽ, ടി.എൻ. ജയചന്ദ്രൻ ആദ്യം ആർക്കൈവ്സിൽ വന്ന് തിരഞ്ഞ് കണ്ടെടുത്ത പുസ്തക ഫയലിൽ (തങ്കം മേനോൻ ഏൽപിച്ചത്) അവ രണ്ടും ഉണ്ടായിരിക്കാനിടയില്ല. ഒട്ടേറെ ഇടങ്ങളിൽ എഡിറ്റർ വരുത്തിയിട്ടുള്ള തിരുത്തുകൾക്കും മുറിച്ചുമാറ്റലുകൾക്കും മറ്റും ന്യായമെന്ത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

പുസ്തകച്ചുമതലയുണ്ടായിരുന്ന ആർക്കൈവ്സിലെ എഡിറ്റോറിയൽ ആർക്കൈവിസ്റ്റ് ഡോ. ആർ. മധുദേവൻ നായരുടെ മുഖവുരയിൽ (പേ. i) പറയുന്നത്, 1971ൽ തങ്കം എൻ. മേനോൻ ആർക്കൈവ്സിനെ ഏൽപിച്ച രാജർഷി പേപ്പേഴ്സിൽ autobiographyയും ഉണ്ടെന്നാണ്. അത് ‘Reminiscences’ ആയിരിക്കുമോ?

2011ൽ മരിക്കും മുമ്പ് ഐ.കെ.കെ. മേനോനെയും 13.11.2010ന് ടി.എൻ. ജയചന്ദ്രനെയും ആർ. മധുദേവൻ നായരെയും ഫോൺവഴി ബന്ധപ്പെട്ട് ഞാൻ മേൽപറഞ്ഞ സംശയങ്ങൾ ഉന്നയിച്ചതാണ്. ആർക്കുമില്ല വ്യക്തമായ മറുപടി. നാഷനൽ ആർക്കൈവ്സിൽനിന്ന് ഡെപ്യൂട്ടേഷനിൽ വന്ന് സ്റ്റേറ്റ് ആർക്കൈവ്സ് ഡയറക്ടറായിരുന്ന (1989-91) പി.എസ്.എം. മൊയ്തീൻ 14.11.2010ന് ഫോണിൽ പറഞ്ഞത്, പുസ്തക ഫയലിന്റെ ഫോട്ടോകോപ്പിയെടുത്ത് എഡിറ്റർ ഐ.കെ.കെ. മേനോന് താൻ നൽകിയെന്നാണ്. മറ്റൊന്നുമില്ല അദ്ദേഹത്തിന് പറയാൻ.

എക്കാലത്തേക്കും സർക്കുലേഷനിൽ നിൽക്കേണ്ടതരം ഒരു അമൂല്യ കൃതിയാണ് ‘The Rajarshi of Cochin’. സ്തുതിപാഠനപരമാണ് ഉള്ളടക്കത്തിൽ പലതുമെന്നത് മാറ്റിവെക്കാം. ഭാഷയിലും ചരിത്ര ഗവേഷണത്തിലും വൈദഗ്ധ്യമുള്ള എഡിറ്ററെയോ എഡിറ്റർമാരെയോ ചുമതലപ്പെടുത്തി, എല്ലാ പിഴവുകളും തീർത്ത് ഈ പുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തുവരേണ്ടതുണ്ട്.

നമ്മുടെ ആർക്കൈവ്സിൽനിന്ന് പുറത്തുവരുന്ന പല പുസ്തകങ്ങൾക്കും ബാധകമാക്കണം ഇത്തരം പരിഷ്കരണം; ഒരു ഗവേഷണ സ്ഥാപനത്തിന്റെ ബൗദ്ധികനിലവാരമുള്ള ഒരു പുസ്തകമെങ്കിലും അവരുടേതായി കണ്ടത് എന്റെ ഓർമയിലില്ല. പഴയ രേഖകളുടെ ‘കഥാസാരം’ മാ​ത്രം പകർത്തിവെച്ച്, വിവര ഉറവിടം സൂചിപ്പിക്കപോലും ചെയ്യാതെ പുറത്തിറക്കിയിട്ടുള്ള ചരിത്രപുസ്തകങ്ങളെല്ലാം; പിഴവ് തീർത്ത് പുതിയ പതിപ്പുകളായി പ്രസിദ്ധീകരിക്കേണ്ടതുണ്ട്.

News Summary - weekly history