Begin typing your search above and press return to search.
proflie-avatar
Login

അയോധ്യയിൽ നടന്നത്​ ചരിത്രത്തിന്റെ വക്രീകരണം

അയോധ്യയിൽ നടന്നത്​  ചരിത്രത്തിന്റെ വക്രീകരണം
cancel

അയോധ്യയിലെ ബാബരി മസ്​ജിദ്​ തകർക്കുന്നതിന്​ മുമ്പും പിമ്പും ഹിന്ദുത്വവാദികൾ ആരോപിച്ച ‘ചരിത്ര’ത്തെ പരിശോധിക്കുകയാണ്​ ഇൗ പഠനലേഖനത്തിൽ. ചരിത്രം എങ്ങനെയൊക്കെയാണ്​ അയോധ്യയിൽ വക്രീകരിക്കപ്പെട്ടതെന്നും കെ.കെ. മുഹമ്മദടക്കം ആവർത്തിക്കുന്ന വാദങ്ങളുടെ പൊള്ളത്തരമെന്തെന്നും വ്യക്തമാക്കുന്നു.ബാബരി മസ്ജിദിനെ കുറിച്ച് എഴുതുക എളുപ്പമല്ല, പക്ഷേ, ബാബരി മസ്ജിദിന്റെ ചരിത്രത്തെക്കുറിച്ച് എഴുതാതിരിക്കുക അസാധ്യമാണ്. ബാബരി മസ്ജിദ് തകർക്കലും അതിന്റെ അനന്തരഫലവും അയോധ്യയിലെ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയും ഒരു രാഷ്ട്രമെന്ന നിലയിൽ നാം പരാജയപ്പെട്ടുവെന്ന തിരിച്ചറിവാണ് നമുക്കു നൽകിയത്. ജനാധിപത്യം...

Your Subscription Supports Independent Journalism

View Plans

അയോധ്യയിലെ ബാബരി മസ്​ജിദ്​ തകർക്കുന്നതിന്​ മുമ്പും പിമ്പും ഹിന്ദുത്വവാദികൾ  ആരോപിച്ച ‘ചരിത്ര’ത്തെ പരിശോധിക്കുകയാണ്​ ഇൗ പഠനലേഖനത്തിൽ. ചരിത്രം എങ്ങനെയൊക്കെയാണ്​ അയോധ്യയിൽ വക്രീകരിക്കപ്പെട്ടതെന്നും കെ.കെ. മുഹമ്മദടക്കം ആവർത്തിക്കുന്ന വാദങ്ങളുടെ പൊള്ളത്തരമെന്തെന്നും വ്യക്തമാക്കുന്നു.

ബാബരി മസ്ജിദിനെ കുറിച്ച് എഴുതുക എളുപ്പമല്ല, പക്ഷേ, ബാബരി മസ്ജിദിന്റെ ചരിത്രത്തെക്കുറിച്ച് എഴുതാതിരിക്കുക അസാധ്യമാണ്. ബാബരി മസ്ജിദ് തകർക്കലും അതിന്റെ അനന്തരഫലവും അയോധ്യയിലെ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയും ഒരു രാഷ്ട്രമെന്ന നിലയിൽ നാം പരാജയപ്പെട്ടുവെന്ന തിരിച്ചറിവാണ് നമുക്കു നൽകിയത്. ജനാധിപത്യം എന്നതിന്റെ നേർത്ത മൂടുപടംപോലും നമ്മൾ നീക്കംചെയ്‌തിരിക്കുന്നു, നമ്മൾ ജനാധിപത്യത്തെയും നമ്മുടെ ഭരണഘടനാ മൂല്യങ്ങളെയും കൊന്നൊടുക്കി. അതിന്റെ ശവസംസ്‌കാരം ആഘോഷിക്കുന്നതിൽ നമ്മൾക്കും നാണമില്ല.

പലപ്പോഴും ചരിത്രകാരന്മാർക്ക് ഒരു കോർപ്സ് ക്ലീനറുടെ റോൾ അല്ലെങ്കിൽ ഒരു പോസ്റ്റ്‌മോർട്ടം സ്പെഷലിസ്റ്റിന്റെ റോൾ വഹിക്കേണ്ടി വരും. നാം മൃതദേഹത്തിലേക്ക് നോക്കുകയും മരണകാരണവും ജീർണിച്ചതിന്റെ വ്യാപ്തിയും തിരിച്ചറിയുകയും ചെയ്യേണ്ടിവരും. ഒരുപക്ഷേ അയോധ്യയെ വീണ്ടും സന്ദർശിക്കാനുള്ള ഈ ശ്രമവും അത്തരത്തിലുള്ള ഒന്നാണ്.

ബാബരി മസ്ജിദ് -രാമജന്മഭൂമി കോടതിരേഖകളിലൂടെ

1857ൽ ഹനുമൻ ഗാർഹിലെ ഒരു മഹന്ദ്‌ (പുരോഹിതൻ) ബാബരി മസ്ജിദിന്റെ കിഴക്ക് ഭാഗത്തുള്ള പള്ളിമുറ്റം കൈയേറി ഒരു രാമ ചബൂത്തര നിർമിച്ചു. ആ വർഷംതന്നെ മൗലവി മുഹമ്മദ് അഷ്‌കർ (ഇദ്ദേഹമാണ് പള്ളിയിൽ ബാങ്ക് വിളിച്ചിരുന്നത്) ഈ കൈയേറ്റത്തെക്കുറിച്ച് ബ്രിട്ടീഷ് മജിസ്‌ട്രേറ്റിന് പരാതി നൽകിയതിന് രേഖകളുണ്ട്.1 ഇതിന് തുടർനടപടിയായി ബ്രിട്ടീഷ് ഗവൺമെന്റ് പുതിയതായി നിർമിക്കപ്പെട്ട രാമ ചബൂത്തരക്കും മസ്ജിദിനുമിടയിൽ ഒരു മതിൽ നിർമിക്കുകയുണ്ടായി. (ചി​ത്രം 1 കാണുക)

 

1886 നവംബർ 1നു തന്നെ ഔധിന്റെ ജുഡീഷ്യൽ കമീഷണർ ചബൂത്തര നിർമിച്ച മഹന്ദിന്റെ കൈവശം ആ ഭൂമിയുടെ ഒരു ഉടമസ്ഥരേഖയുമില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് 1860, 1877, 1883, 1884 എന്നീ വർഷങ്ങളിൽ മുസ്‍ലിംകൾ ഈ സ്ഥലം തിരിച്ചുകിട്ടാനുള്ള നിവേദനങ്ങൾ സമർപ്പിച്ചതായുള്ള രേഖകളുണ്ട്.2 1885ൽ ഈ സ്ഥലത്തിന്റെ നിയമപരമായ കൈവശാവകാശം ലഭിക്കുന്നതിനായി മഹന്ദ്‌ രഘുബർ ദാസ് ഒരു കേസ് ഫയൽ ചെയ്യുകയും അതേ സ്ഥലത്ത് ഒരു അമ്പലം പണിയാനുള്ള അനുമതി തേടുകയും ചെയ്തു.

1885ലെ ഈ കേസിൽ 1857ൽ പണിത രാമ ചബൂത്തരയാണ് രാമന്റെ ജന്മസ്ഥാനം എന്നായിരുന്നു വാദിച്ചിരുന്നത്. ഈ കേസിൽ ഒരിടത്തും മസ്ജിദിന് താഴെ ക്ഷേത്രമുണ്ടായിരുന്നെന്നോ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതത് എന്നോ ഉള്ള ഒരു അവകാശവാദവുമില്ല. അലക്സാണ്ടർ കണ്ണിങ്‌ഹാമിന്റെ 1862-63 കാലഘട്ടത്തിലെ എ.എസ്.ഐ സർവേയിലും ബാബരി മസ്ജിദും രാംജന്മ് ആസ്ഥാൻ എന്ന ഇടവും അയോധ്യയിൽതന്നെയുള്ള രണ്ട് പ്രത്യേക സ്ഥലങ്ങളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.3 (ചി​ത്രം 2 കാണുക)

 

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം 1949ൽ അഖില ഭാരതീയ രാമായണ മഹാസഭയുടെ ആഭിമുഖ്യത്തിൽ ബാബരി മസ്ജിദിനു മുന്നിൽ ഒമ്പത് ദിവസത്തെ രാമചരിതമാനസ് പാരായണം നടത്തുകയും അതിനവസാനം 22, 23 ഡിസംബറിൽ രാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ മസ്ജിദിനകത്ത് ബലമായി സ്ഥാപിക്കുകയും ചെയ്തു. ഇതിനെത്തുടർന്നുണ്ടായ സംഘർഷാവസ്ഥ നിയന്ത്രിക്കാനായി 29 ഡിസംബറോടെ പള്ളിയും പള്ളി ഇരിക്കുന്ന സ്ഥലവും തർക്കഭൂമിയായി പ്രഖ്യാപിക്കുകയും പൂട്ടിയിടുകയും ചെയ്തു. മുസ്‍ലിംകൾ ഇവിടെ പ്രാർഥിക്കുന്നത് പൂർണമായി തടയുകയും ഹിന്ദുക്കൾക്ക് ഒരു സൈഡ് ഗേറ്റ് വഴി ദർശനം അനുവദിക്കുകയും ചെയ്തു. പിന്നീട് 10 വർഷത്തോളം വലിയ സംഘർഷാവസ്ഥ ഉണ്ടായിരുന്നില്ല.

1950 ജനുവരി 16ന് ഗോപാൽ സിങ് വിശാരദ് എന്ന ഹിന്ദു മഹാസഭയിലെ അംഗം ഇവിടെ പൂജ ചെയ്യാനുള്ള അനുമതിക്കായും ഈ വിഗ്രഹങ്ങൾ ഒരിക്കലും എടുത്തുമാറ്റാതിരിക്കാനായും ഫൈസാബാദ് സിവിൽ ജഡ്ജിക്ക് മുന്നിൽ ഒരു പെറ്റീഷൻ ഫയൽചെയ്യുകയുണ്ടായി. ഇതിനെയാണ് കോടതി അയോധ്യ വിധിയിൽ സ്യൂട്ട് നമ്പർ 1 എന്നു വിശേഷിപ്പിക്കുന്നത്. കോടതിവ്യവഹാരങ്ങളുടെ ഭാഗമായി 1950 ഏപ്രിൽ 1ന് തർക്കഭൂമിയുടെ ഒരു മാപ് തയാറാക്കുന്നതിനായി ഒരു കമീഷണറെ കോടതി നിയോഗിച്ചു. 1950 ജൂൺ 25ന് രണ്ട് സൈറ്റ് പ്ലാനുകൾ ഉൾപ്പെടുത്തിയ ഒരു റിപ്പോർട്ട് കമീഷണർ കോടതിക്ക് സമർപ്പിച്ചു.

ഈ പ്ലാനുകൾ പരിശോധിച്ചാൽ രാമന്റെ ജന്മസ്ഥലമെന്ന് അന്നുവരെ അവകാശപ്പെട്ടിരുന്ന രാമ ചബൂത്തരയും മസ്ജിദ് കെട്ടിടവും രണ്ടും രണ്ടാണെന്ന് വളരെ വ്യക്തമാണ് (ചിത്രം കാണുക). 1959ൽ നിർമോഹി അഖാഡ ഈ സ്ഥലം ഒരു പള്ളിയല്ല ക്ഷേത്രമാണെന്നും അതുകൊണ്ടുതന്നെ ഈ പ്രദേശം തങ്ങൾക്ക് കൈമാറണമെന്നും അവകാശപ്പെട്ടുകൊണ്ട് കേസ് ഫയൽചെയ്തു. കോടതിവ്യവഹാരങ്ങളിൽ ഇതിനെ സ്യൂട്ട് എന്നാണ് വിശേഷിപ്പിക്കുന്നത്.

1961ൽ സുന്നി സെൻട്രൽ വഖഫ് ബോർഡും അയോധ്യയിലെ ഒമ്പത് മുസ്‍ലിം നിവാസികളും ചേർന്ന് ബാബരി മസ്ജിദ് ഒരു പൊതു മോസ്‌ക് ആണെന്നും അവിടെനിന്ന് വിഗ്രഹങ്ങൾ എടുത്തുമാറ്റി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തങ്ങൾക്കാണ് എന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫൈസാബാദ് സിവിൽ ജഡ്ജിനെ സമീപിക്കുകയുണ്ടായി (സ്യൂട്ട് 4). കോടതികളിൽ ഫയൽചെയ്ത സ്യൂട്ടുകളിൽ ഏറ്റവും രസകരമായത് 1989ലെ സ്യൂട്ട് നമ്പർ 5 ആണ്. ഇതിൽ ‘ദൈവം’ തന്നെ ‘ന്യായത്തിനായി’ കോടതിയുടെ മുന്നിൽ വന്നുനിൽക്കുന്നത് നമുക്ക് കാണാം. ഇതിൽ പരാതിക്കാരൻ രാം ലല്ലയും രാമജന്മഭൂമിയുമാണ്.

രാം ലല്ല ഒരു മൈനർ ആയതിനാൽ അദ്ദേഹത്തിന്റെ ‘സഖാ’ ആയ ദേവകീനന്ദൻ അഗ്രവാൾ (അന്നത്തെ വി.എച്ച്.പി വൈസ് പ്രസിഡന്റ്) രാം ലല്ലക്കു വേണ്ടി കേസ് നടത്തുന്നതായും ഇതിൽ പറയുന്നു.4 ഇദ്ദേഹത്തിന്റെ മരണശേഷം ഒരു ആർ.എസ്.എസ് പ്രചാരക് രാം ലല്ലയുടെ ‘സഖാ’ ആയി നിന്നുകൊണ്ട് കേസ് നടത്തി. 1992 ഡിസംബർ 6ന് വി.എച്ച്.പിയിലും അതിന്റെ സഹോദര സംഘടനകളിലും അംഗത്വമുള്ള ഒരു വലിയ ജനാവലി ബാബരി മസ്ജിദ് തകർത്തു. ഇത് സൃഷ്ടിച്ച വർഗീയലഹളകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലുമായി നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും രണ്ടായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

5 അലഹബാദ് ഹൈകോടതിയുടെ 30 സെപ്റ്റംബർ 2010ൽ വന്ന വിധിയിൽ ബാബരി മസ്ജിദ് സ്ഥിതിചെയ്തിരുന്ന ഭൂമി മൂന്നായി വിഭജിച്ച് അതിൽ 1/3 ഭാഗം രാം ലല്ലക്കും 1/3 ഭാഗം നിർമോഹി അഖാഡക്കും 1/3 സുന്നി സെൻട്രൽ വഖഫ് ബോർഡിനും പങ്കുവെക്കുന്ന രീതിയിൽ തീർപ്പുകൽപിച്ചു. ഇതുമാത്രമല്ല ഹിന്ദു വിശ്വാസപ്രകാരം തർക്കഭൂമി രാമന്റെ ജന്മസ്ഥാനമാണെന്നും ബാബരി മസ്ജിദ് ക്ഷേത്രം തകർത്ത് നിർമിക്കപ്പെട്ടതാണെന്നും അതിനടിയിലുള്ള കെട്ടിടാവശിഷ്ടങ്ങൾ ഇസ്‍ലാമിക വിധിപ്രകാരമുള്ളതല്ലെന്നും വിധിയിലുണ്ടായിരുന്നു.

മൂന്ന് വിഭാഗങ്ങളും ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. 2019 നവംബർ 9ന് സുപ്രീംകോടതിയുടെ അഞ്ച് ജഡ്ജിമാരടങ്ങുന്ന ​െബഞ്ച്​ വിധിപ്രസ്താവനയിൽ പറയുന്നത് തർക്കഭൂമി പൂർണമായും ഗവൺമെന്റ് രൂപവത്കരിക്കുന്ന ട്രസ്റ്റിന് കൈമാറാനും ഈ ട്രസ്റ്റ് അവിടെ ഒരു ഹിന്ദു ക്ഷേത്രം നിർമിക്കണമെന്നുമാണ്. സുന്നി വഖഫ് ബോർഡിന് മസ്ജിദ് നിർമാണത്തിനായി മറ്റൊരിടത്ത് അഞ്ച് ഏക്കർ ഗവൺമെന്റ് നൽകണമെന്നും വിധിയിൽ പറയുന്നു.

മസ്ജിദും മന്ദിറും (?) പുരാവസ്തു ഗവേഷണവും

മുമ്പ് പറഞ്ഞതുപോലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) അധ്യക്ഷപദവി അലങ്കരിച്ചിരുന്ന സമയത്ത് അലക്സാണ്ടർ കണ്ണിങ്ഹാം 1862, 1863 എന്നീ വർഷങ്ങളിൽ അയോധ്യയുടെ സർവേ നടത്തുകയുണ്ടായി. പീറ്റർവാൻ ഡീർവീറിന്റെ വാദപ്രകാരം കണ്ണിങ്‌ഹാമിന്റെ മുഖ്യ ഉദ്ദേശ്യം അയോധ്യയിലെ ബൗദ്ധ പാരമ്പര്യവും ബൗദ്ധ അവശിഷ്ടങ്ങളും കണ്ടെത്തുക എന്നുള്ളതായിരുന്നു. അലക്സാണ്ടർ കണ്ണിങ്‌ഹാമിന്റെ ‘ഇന്ത്യയുടെ പ്രാചീന ഭൂമിശാസ്ത്രം’ (Ancient Geography of India) എന്ന ഗ്രന്ഥത്തിൽ പ്രധാനമായും ഇന്ത്യയുടെ ബൗദ്ധ പാരമ്പര്യത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

അതുകൊണ്ടുതന്നെ പീറ്റർ വാൻ ഡീർവീറിന്റെ വാദം ശരിയാണെന്ന് കരുതാവുന്നതാണ്. നാലാം നൂറ്റാണ്ടിൽ ഇന്ത്യൻ ഉപഭൂഖണ്ഡം സന്ദർശിച്ച ചൈനീസ് സഞ്ചാരിയായ ഫാഹിയാൻ പരാമർശിക്കുന്ന ഷാ ചി എന്ന പ്രദേശവും ഏഴാം നൂറ്റാണ്ടിൽ ഇവിടേക്കുവന്ന മറ്റൊരു ചൈനീസ് സഞ്ചാരിയായ ഹുയാൻ സാങ്‌ പ്രതിപാദിക്കുന്ന വിശാഖ എന്ന പ്രദേശവും ഹിന്ദു-ബുദ്ധിസ്റ്റ് രചനകളിൽ പറയുന്ന സാകേത് എന്ന പ്രദേശവും അയോധ്യയാണെന്ന് കണ്ണിങ്ഹാം വാദിക്കുന്നു. ബി.സി. 1426ൽ ബൃഹത്‌ബാലൻ എന്ന രാജാവിന്റെ മരണശേഷം അയോധ്യ വിജനമാക്കപ്പെടുകയും പിന്നീട് ഉജ്ജയിനിയിലെ രാജാവായ വിക്രമാദിത്യൻ പുതിയ ക്ഷേത്രങ്ങൾ അയോധ്യയിൽ പണിയുകയും ചെയ്തു എന്ന് കണ്ണിങ്ഹാം അവകാശപ്പെടുന്നു.

പൊതുവർഷം ഏഴാം നൂറ്റാണ്ടിൽ ഹുയാൻ സാങ്‌ ഇവിടം സന്ദർശിച്ചപ്പോഴേക്കും വിക്രമാദിത്യൻ പണിത ക്ഷേത്രങ്ങളെല്ലാം അപ്രത്യക്ഷമായി എന്നും ഈ പട്ടണം ഒരു ബുദ്ധിസ്റ്റ് കേന്ദ്രമായി മാറി എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. അതിനുശേഷം എ. ഫഹ്‌റർ എന്ന ബ്രിട്ടീഷ് പുരാവസ്തു ഗവേഷകൻ 1889ൽ അയോധ്യയിൽ ഒരു പര്യവേക്ഷണം നടത്തുകയുണ്ടായി. ഇതിൽ ബാബറിന്റെ ജനറലായ ‘മീർ ഖാൻ’ അദ്ദേഹത്തിന്റെ പേരിൽ ഒരു മസ്ജിദ് പണിതതായി ഫഹ്‌റർ പറയുന്നു. ബാബറിന്റെ മസ്ജിദിൽ പഴയ ക്ഷേത്രത്തിന്റെ തൂണുകൾ ഉപയോഗിച്ചതായി ചില തദ്ദേശവാസികൾ സൂചിപ്പിച്ചിരുന്നതായും ഇദ്ദേഹം കൂട്ടിച്ചേർത്തു.

പക്ഷേ, ഇതേ റിപ്പോർട്ടിൽ അയോധ്യയിലുള്ള അമ്പലങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ അക്കാലത്ത് നിലനിന്നിരുന്ന ലക്ഷ്മൺ ഘാട്ടിനടുത്തുള്ള രാമജന്മസ്ഥാനത്തെക്കുറിച്ച് പറയുന്നുണ്ട്. കണ്ണിങ്ഹാമിന്റെയും ഫഹ്‌ററുടെയും പുരാവസ്തു റിപ്പോർട്ടിൽ അയോധ്യയിൽനിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങളിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്നത് ബൗദ്ധ-ജൈന അവശിഷ്ടങ്ങളെക്കുറിച്ചാണ്.

പിന്നീട് 1969-70 കാലഘട്ടത്തിൽ എ.എസ്.ഐ ഡയറക്ടറായിരുന്ന ബി.ബി. ലാൽ പ്രസ്തുത പ്രദേശത്ത് ഉദ്ഖനനം നടത്തുകയുണ്ടായി. ഈ ഉദ്ഖനനത്തെക്കുറിച്ചുള്ള പുരാവസ്തു റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത് ഉദ്ഖനനത്തിന്റെ ഉദ്ദേശ്യം അയോധ്യയിലെ സാംസ്കാരിക ക്രമം കണ്ടെത്തുക എന്നതാണ് എന്നാണ്. പിന്നീട് 1976-77, 1979-80 കാലഘട്ടങ്ങളിൽ തുടർ ഉദ്ഖനനങ്ങൾ അവിടെ നടക്കുന്നുണ്ട്. ഈ പുരാവസ്തു റിപ്പോർട്ടുകൾ എല്ലാംതന്നെ ഐ.എ.ആർ റിപ്പോർട്ടുകളിൽ ഇപ്പോഴും ലഭ്യമാണ്.

 

ഇവയിലൊന്നുംതന്നെ ഒരു ക്ഷേത്രത്തെയും കുറിച്ചുള്ള ഒരു തെളിവിനെക്കുറിച്ചും പറഞ്ഞിട്ടില്ല. വർഷങ്ങൾക്കുശേഷം ബി.ബി. ലാൽ തന്റെ ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചതിനുശേഷമാണ് 1976-77ലെ ഉദ്ഖനനത്തിൽ അയോധ്യയിൽ അമ്പലത്തിന്റേതായ പന്ത്രണ്ടോളം തൂണുകൾ കണ്ടതായി പറയുന്നത്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇദ്ദേഹം പുരാവസ്തു റിപ്പോർട്ടായോ മറ്റ് അക്കാദമിക ജേണലുകളിലെ ലേഖനങ്ങളായോ അല്ല, മറിച്ച് ആർ.എസ്.എസിന്റെ ‘മന്ധൻ’ എന്ന വാരികയിലാണ് ഇത് പ്രസിദ്ധീകരിച്ചത്.

എന്നാൽ, ഈ ലേഖനത്തോടൊപ്പവും പിന്നീട് അദ്ദേഹത്തിന്റെ പുസ്തകത്തിലും പ്രസിദ്ധീകരിച്ചതായ ചിത്രങ്ങളിൽ പില്ലർ ബേസുകൾ എന്ന് ഇദ്ദേഹം വിളിക്കുന്നത് ഇഷ്ടികപ്പട്ടയുടെ കൂമ്പാരങ്ങളും മണ്ണും ചേർത്തു​െവച്ച നിർമിതികളെയാണ് (ചിത്രം 2 കാണുക). ഇത് തൂണുകളാകാൻ സാധ്യതയില്ല എന്നാണ് പുരാവസ്തു ഗവേഷകരായ സുപ്രിയ വർമയും ജയാ മേനോനും പറയുന്നത്. അഥവാ ഇങ്ങനെ ഒരു പ്രത്യേക രീതിയിൽ നിർമിക്കപ്പെട്ട തൂണുകളാണെങ്കിൽതന്നെ ഇവക്ക് ഒരു മേൽക്കൂരയുടെ ഭാരം താങ്ങാനുള്ള കരുത്ത് കാണില്ലെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.

2002ൽ കോടതി നിർദേശപ്രകാരം ഒരു ജി.പി.ആർ സർവേ നടത്തിയതിൽ തർക്കഭൂമിക്ക് താഴെ മനുഷ്യനിർമിതമായ എന്തോ ഉള്ളതായി കണ്ടെത്തി. ഈ അനോമലി എന്തിന്റെ അവശിഷ്ടമാണെന്ന് കണ്ടെത്താൻ ജി.പി.ആർ സർവേ പര്യാപ്തമല്ലാത്തതിനാൽ ഉദ്ഖനനം നടത്താൻ കോടതി നിർദേശിക്കുകയുണ്ടായി. 1992ൽ പള്ളി പൊളിച്ചുമാറ്റിയ അതേ സ്ഥലത്ത് തൊണ്ണൂറോളം ട്രെഞ്ചുകൾ കുഴിച്ച് എ.എസ്.ഐ ഉദ്ഖനനം നടത്തുകയുണ്ടായി.

ഇതേസമയം, ഈ ഉദ്ഖനനത്തിന് സ്വതന്ത്ര നിരീക്ഷകരായി സുന്നി വഖഫ് ബോർഡിന്റെ പക്ഷത്തുനിന്ന് പ്രഫ. സൂരജ് ബാൻ, പ്രഫ. ഡി. മണ്ഡൽ, ഡോ. ഷെറീൻ രത്നാകർ, ഡോ. സീതാറാം റോയ്, ഡോ. ജയാ മേനോൻ, ഡോ. ആർ.സി. തക്രാൻ, ഡോ. അശോക് ദത്ത, ഡോ. സുപ്രിയ വർമ എന്നീ ഇന്ത്യയിലെതന്നെ പ്രധാനപ്പെട്ട പുരാവസ്തു ഗവേഷകർ നാമനിർദേശം ചെയ്യപ്പെട്ടു.

ഉദ്ഖനനം നടന്നിരുന്ന സമയത്തുതന്നെ ഉദ്ഖനന രീതികളിലും പ്രയോഗങ്ങളിലുമുള്ള തെറ്റുകളെയും മനഃപൂർവമായി ഉണ്ടാക്കിയിരുന്ന പിഴവുകളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് പതിനാലോളം പരാതികൾ ഫയൽ ചെയ്യപ്പെടുകയുണ്ടായി. ഇതിൽ ഒന്നിനുപോലും എ.എസ്.ഐ പ്രതികരിക്കുകയോ നടപടിയെടുക്കാൻ ശ്രമിക്കുകയോ ചെയ്തില്ല.

ഇവർ ചൂണ്ടിക്കാണിച്ച തെറ്റുകളിൽ പ്രധാനമായവ

1. അസ്ഥിശകലങ്ങളും എല്ലു കഷണങ്ങളും: ഉദ്ഖനനത്തിന്റെ ഓരോ ഘട്ടത്തിലുമുള്ള പല സ്ട്രാറ്റിഗ്രഫിക്കൽ പാളികളിൽനിന്നും ലഭിച്ച അസ്ഥിശകലങ്ങളും എല്ലു കഷണങ്ങളും ഒന്നുംതന്നെ സ്ട്രാറ്റിഗ്രഫിക്കനുസരണമായി വേർതിരിക്കുകയോ കാലഗണനക്ക് വിധേയമാക്കുകയോ റിപ്പോർട്ടുകളിൽ രേഖപ്പെടുത്തുകപോലുമോ ചെയ്തില്ല. ഉദ്ഖനനത്തിൽ കണ്ടെത്തിയ മനുഷ്യ അസ്ഥികളെക്കുറിച്ച് അന്ന് ദേശീയവും പ്രാദേശികവുമായ പത്രങ്ങളിൽ റിപ്പോർട്ടുകൾ വന്നെങ്കിലും അവയെ എ.എസ്.ഐ വിശകലനം ചെയ്തില്ല.

അലീഗഢ് സർവകലാശാലയിലെ പ്രഫസറായ ഡോ. സയ്യിദ് അലി നദീം റസാവി ഈ ഉദ്ഖനനം വീക്ഷിക്കാൻ ചെല്ലുകയും നിരവധി തവണ എ.എസ്.ഐ സംഘത്തോട് അസ്ഥികൾ ശേഖരിച്ചുവെക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. കിട്ടിയ എല്ലുകഷണങ്ങളിൽ പലതും മുറിക്കപ്പെട്ടതും പാചകം ചെയ്യപ്പെട്ടതുമായിരുന്നു എന്ന് വ്യക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഒരു ബ്രാഹ്മണികക്ഷേത്രത്തിൽ പാചകം ചെയ്യപ്പെട്ട എല്ലുകഷണങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഇവ എ.എസ്.ഐ ശേഖരിച്ചുവെക്കാതിരുന്നതും റിപ്പോർട്ടിൽ ഉൾപ്പെടുത്താതിരുന്നതും വളരെ സംശയാസ്പദമാണ്.

2. തൂണുകളും തൂൺ അടിസ്ഥാനങ്ങളും: ബി.ബി. ലാലിന്റെ ഉദ്ഖനനത്തിൽ പന്ത്രണ്ടോളം തൂണുകളും 2003ലെ ഉദ്ഖനനത്തിൽ അമ്പതോളം തൂണുകളും കണ്ടെത്തിയതായാണ് കെ.കെ. മുഹമ്മദ് (പുരാവസ്തു ഗവേഷകൻ?) 2024 ജനുവരി 14ന് ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസി’ന് കൊടുത്ത അഭിമുഖത്തിൽ അവകാശപ്പെടുന്നത്. പക്ഷേ, എ.എസ്.ഐ റിപ്പോർട്ടിൽ തൂണുകളെ കുറിച്ചല്ല മറിച്ച് പില്ലർബേസിന്റെ അവശിഷ്ടങ്ങളെക്കുറിച്ചാണ് പരാമർശമുള്ളത്. ഈ പില്ലർബേസുകളിൽ പലതും എ.എസ്.ഐ സംഘം ഉദ്ഖനനവേളയിൽ നിർമിച്ചെടുത്തവയാണ് എന്ന് സുപ്രിയ വർമയും ജയാ മേനോനും പറയുന്നുണ്ട്.

ഉദ്ഖനനം ചെയ്യുന്ന സമയത്ത് ഒരു നിലം നിറയെ ഇഷ്ടിക പട്ടകൾ ലഭിക്കുമ്പോൾ സ്തംഭത്തിന്റെ ആകൃതിയിലുള്ള ഇഷ്ടിക പട്ടകൾ മാത്രം അവശേഷിപ്പിച്ച് ബാക്കിയുള്ളവ എടുത്തുമാറ്റുക വഴി പില്ലർബേസുകൾ നിർമിക്കുകയാണ് എ.എസ്.ഐ ചെയ്തത് എന്നാണ് ഇവരടക്കമുള്ള നിരീക്ഷകർ വാദിച്ചത് (ചിത്രം 4 കാണുക). ഇതേസമയത്തുതന്നെ ഇതിനെക്കുറിച്ചുള്ള Archaeological Context Sheet ഡോ. സുപ്രിയ വർമ തീയതികൾ ചേർത്തു രേഖപ്പെടുത്തുകയുണ്ടായി.

ZFI, G5, F3, F2, F6, G2, GR ബേസുകൾ ഉദ്ഖനനവേളയിൽ നിർമിക്കപ്പെട്ടതാണെന്ന് സ്വതന്ത്ര നിരീക്ഷകർ വാദിച്ചു. ഇതിൽ G2, F6 എന്നിവ പുതുതായി നിർമിക്കപ്പെട്ടവയാണെന്ന് കോടതി ശരി​െവച്ചു. എന്നാൽ ZFI, G5 എന്നീ തൂണുകളുടെ കാര്യത്തിൽ നിരീക്ഷകരുടെ വാദം കോടതി അംഗീകരിച്ചില്ല. ചുരുക്കത്തിൽ, എ.എസ്.ഐ 50 പില്ലർബേസുകൾ എന്ന് വാദിക്കുന്നവയിൽ പലതും പില്ലർ ബേസുകൾ ആണോ എന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു.

3. ഗ്ലെയ്‌സ് ചെയ്ത (കണ്ണാടി പൂശിയ) ടൈലുകൾ: ഉദ്ഖനന സമയത്ത് പല ലെവലുകളിൽനിന്ന് ലഭിച്ച ഗ്ലെയ്‌സ്ഡ് ടൈലുകളും ടൈൽ കഷണങ്ങളും സൈറ്റ് നോട്ട് ബുക്കുകളിലോ റിപ്പോർട്ടുകളിലോ രേഖപ്പെടുത്തിയില്ല. ഇവയുടെ പ്രാധാന്യം സെമിറ്റിക് മതങ്ങളുടെ ആരാധനാലയങ്ങളുടെ തറകളിലാണ് ഈ ടൈലുകൾ സാധാരണ കാണപ്പെടുന്നത് എന്നതാണ്.

4. ‘ദിവ്യ ദമ്പതികളുടെ’ ശിൽപശകലം: പുരാവസ്തു റിപ്പോർട്ടിൽ ആദ്യം ഉമാ മഹേശ്വര ശിൽപമെന്നും പിന്നീട് വൈറ്റ്നർകൊണ്ട് തിരുത്തി ‘ദിവ്യദമ്പതികളുടെ’ ശിൽപമെന്നും ആക്കിത്തീർത്ത ഈ ശിൽപശകലത്തിൽ ആകെ വ്യക്തമായി കാണുന്നത് വലതു തുടയും കാൽപാദവും മറ്റൊരു അരക്കെട്ട് ഭാഗവുമാണ്. കോടതി വിധിയിൽ മറ്റൊരിടത്ത് ഇതിനെ ആലിംഗന മുദ്രയിൽ നിൽക്കുന്ന ശിൽപമെന്നും പരാമർശിച്ചിട്ടുണ്ട്.

ഇതൊരു ദമ്പതികളുടെ ശിൽപമാണെന്നോ ആലിംഗനമുദ്രയാണെന്നോ പറയാൻ തക്ക തെളിവുകളില്ല. ഉമാമഹേശ്വരൻ എന്നത് വൈറ്റ്നർകൊണ്ട് മായ്ച്ച് പ്രാചീന ദിവ്യദമ്പതികൾ എന്ന് മാറ്റിയത് സംശയകരമാണ്. കാരണം, ഒരു വൈഷ്ണവ ക്ഷേത്രത്തിൽ ശൈവശിൽപങ്ങൾ കാണപ്പെടുന്നത് വളരെ അപൂർവമാണ്. ആകെ ലഭിച്ച തെളിവ് ഉമാമഹേശ്വര ശിൽപമാണെങ്കിൽ വൈഷ്‌ണവക്ഷേത്രമാണെന്ന് തെളിയിക്കാൻ ബുദ്ധിമുട്ടുകളുണ്ടാവും.

വ്യാഖ്യാനത്തിലുള്ള പിഴവുകൾ

ഡോ. കെ.കെ. മുഹമ്മദിന്റെ പല അഭിമുഖങ്ങളിലും അദ്ദേഹം വാദിക്കുന്നത് തൂണുകളുടെ മുകളിൽ കലശം ഉൾപ്പെടെയുള്ള ‘ഹിന്ദു ചിഹ്നങ്ങൾ’ ഉണ്ടെന്നാണ്. കെ.കെ. മുഹമ്മദ് നടത്തിയ തെറ്റായ അവകാശവാദങ്ങളിൽ ചിലത് എ.എസ്‌.ഐയുടെ അവകാശവാദങ്ങളിൽനിന്ന് കടമെടുത്തതും പെരുപ്പിച്ചു കാണിക്കുന്നതുമാണ്. 1976-77 കാലഘട്ടത്തിൽതന്നെ ‘ഹിന്ദു ചിഹ്നങ്ങൾ’ പതിച്ച തൂണുകൾ താൻ കണ്ടിട്ടുണ്ടെന്ന് കെ.കെ. മുഹമ്മദ് അവകാശപ്പെടുന്നു. ഒരു ക്ഷേത്രത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള അവകാശവാദം ചിഹ്നങ്ങളിൽ ‘കലശ’ത്തിന്റെ സാന്നിധ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എ.എസ്‌.ഐ റിപ്പോർട്ടിൽ (മണിയും മാൻജിയും 2003) കലശം, ശ്രീവത്സ തുടങ്ങിയ ചിഹ്നങ്ങളെ അവർ ‘ഹിന്ദു’ ചിഹ്നങ്ങളായി വ്യാഖ്യാനിക്കുന്നു.

എന്നാൽ, ഈ ചിഹ്നങ്ങൾ പൊതുവായ സാംസ്കാരിക രൂപങ്ങളായിരുന്നു, അവ ഏതെങ്കിലും ഒരു സമുദായത്തിന്റേതാണെന്ന് പറയാനാവില്ല. നിരവധി ജൈന, ബുദ്ധ ക്ഷേത്രങ്ങൾക്കും അവയുടെ പ്രതിരൂപങ്ങളിൽ അത്തരം ചിഹ്നങ്ങൾ ഉണ്ടായിരുന്നു. ജൈന ഐക്കണോഗ്രഫിയിൽ ‘ശ്രീവത്സ’ ചിഹ്നം (സാധാരണയായി ഒരു കെട്ട് അല്ലെങ്കിൽ ഒരുകൂട്ടം കെട്ടുകളായി പ്രതിനിധാനംചെയ്യുന്നു) വളരെ സാധാരണമാണ്.

കൂടാതെ, ക്ഷേത്രങ്ങളിലോ ആരാധനാലയങ്ങളിലോ മാത്രമല്ല അത്തരം ചിഹ്നങ്ങൾ ഉണ്ടായിരുന്നത്, ഈ ചിഹ്നങ്ങൾ മാളികകൾ, വിശ്രമ കേന്ദ്രങ്ങൾ, ഹാളുകൾ, കൊട്ടാരങ്ങൾ, ശവകുടീരങ്ങൾ തുടങ്ങി നിരവധി കെട്ടിടങ്ങളിൽ അലങ്കാരഘടകങ്ങളായിരുന്നു. പുതിയ കെട്ടിടഘടനകളുടെ നിർമാണത്തിൽ പഴയ കെട്ടിടങ്ങളിൽനിന്നുള്ള തൂണുകളോ മറ്റു വാസ്തുവിദ്യാ ഘടകങ്ങളോ വീണ്ടും ഉപയോഗിക്കുന്നതും സാധാരണമായിരുന്നു. മറ്റ് കെട്ടിടങ്ങളിൽനിന്ന് തൂണുകൾ പുനരുപയോഗിക്കുമ്പോൾ, തൂണുകൾ എടുത്ത ‘യഥാർഥ കെട്ടിടം’ മനഃപൂർവം നശിപ്പിച്ചതാണെന്ന് അർഥമാക്കേണ്ടതില്ല.

ജീർണിച്ച കെട്ടിടങ്ങളിൽനിന്നുള്ള ഇഷ്ടികകളും മറ്റു വാസ്തുവിദ്യാ ഘടകങ്ങളും പുതിയ കെട്ടിടങ്ങളിൽ ഉപയോഗിച്ചത് അക്കാലത്തെ ഇന്ത്യയിലെ സാധാരണ നിർമാണ രീതിയായിരുന്നു. ചരിത്രത്തെക്കുറിച്ചുള്ള റിഡക്ഷനിസ്റ്റ് ധാരണയും ഇന്ത്യയിലെ നാനാജാതി സമൂഹങ്ങൾ പങ്കുവെക്കുന്ന സമ്പ്രദായങ്ങളെക്കുറിച്ച അജ്ഞതയുമാണ് ഇത് ഒരു ‘ഹിന്ദു’ ആരാധനാലയമായിരുന്നു എന്നതിന് നിസ്സാരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പലരെയും അവകാശവാദങ്ങൾ ഉന്നയിക്കാൻ പ്രേരിപ്പിക്കുന്നത്.

ബിൽഡിങ് പ്ലാൻ, വാസ്തുശാസ്ത്രം, പുരാവസ്തു തെളിവുകൾ

തൂണുകളെന്ന് വിളിക്കപ്പെടുന്നവയിൽ ഭൂരിഭാഗവും തൂണുകളല്ല, മറിച്ച് തൂണുകളുടെ അടിത്തറയാണെന്ന് ഇതിനകം ചർച്ച ചെയ്തിട്ടുണ്ട്. ഈ പില്ലർ ബേസുകളിൽ പലതും തെറ്റായ പുരാവസ്തു ഉദ്ഖനനത്തിലൂടെ 2003ൽ എ.എസ്.ഐ ‘നിർമിച്ചതാണ്’.

ഇവ ശരിക്കും തൂണുകളായിരുന്നുവെന്ന് നമുക്ക് ഒരു നിമിഷം ഊഹിക്കാം, അപ്പോഴും എ.എസ്‌.ഐ നിർദേശിച്ച ‘തൂണുകളുടെ’ സ്ഥാനം ക്ഷേത്രത്തെ സൂചിപ്പിക്കുന്നില്ല. ബ്രാഹ്മണ, പുരാണ ഹിന്ദു ക്ഷേത്രങ്ങൾക്ക് വ്യക്തവും കൃത്യവുമായ വാസ്തുവിദ്യാപദ്ധതികളുണ്ട്. വാസ്തുവിദ്യ ഗ്രന്ഥങ്ങളായ മായാമതം, മാനസാരം എന്നിവ ഒരു ക്ഷേത്രത്തിന്റെ നിർമാണ പദ്ധതിയെക്കുറിച്ച് വിശദമായ നിർദേശങ്ങൾ നൽകുന്നു. ഗുപ്ത കാലഘട്ടം മുതലുള്ള ഉത്തരേന്ത്യൻ ക്ഷേത്രങ്ങൾ സാധാരണയായി നാഗര എന്ന ഒരു ശൈലിയിൽപെടുന്നു. തൂണുകളുടെ നിലവിലെ സ്ഥാനം ഒരു നാഗര ക്ഷേത്രത്തിന്റെയും മാതൃകയുമായി പൊരുത്തപ്പെടുന്നില്ല.

നിലവിലെ പുരാവസ്തു തെളിവുകളനുസരിച്ച്, എ.എസ്‌.ഐ വികസിപ്പിച്ച ‘ക്ഷേത്രത്തിന്റെ’ സൈറ്റ് പ്ലാൻ വാസ്തുവിദ്യയിലോ ശിൽപശാസ്ത്ര ഗ്രന്ഥങ്ങളിലോ ഒരു ക്ഷേത്രത്തിനായി നൽകിയിരിക്കുന്ന ലേഔട്ട് പിന്തുടരുന്നില്ല. തൂണുകളുടെ അടിത്തറയുടെ വ്യാസം ഒന്ന് മറ്റൊന്നിൽ വ്യത്യസ്തമാണ് (51 x 51 cm, 48.5 x 43 cm, 21 x 21 cm, 24 x 24 cm ), തൂണുകൾ തമ്മിലുള്ള ദൂരവും അസമമാണ്, ഇത് സാധാരണയായി സമമിതി മാതൃക പിന്തുടരുന്ന ഹിന്ദുക്ഷേത്രങ്ങളിൽനിന്ന് വളരെ വ്യത്യസ്തമാണ്. (ചിത്രം 7, 8 കാണുക)

 

സ്ഥിരീകരണമോ നിർണായകമായ തെളിവുകളോ ഇല്ലെങ്കിലും, ശാസ്ത്രത്തിന്റെയും ഗവേഷണ ധാർമികതയുടെയും അടിസ്ഥാന തത്ത്വങ്ങളെ വഞ്ചിച്ചുകൊണ്ട്, എ.എസ്‌.ഐ അലഹബാദ് കോടതിയിലും സുപ്രീംകോടതിയിലും, നശിപ്പിക്കപ്പെട്ട മസ്ജിദിന് കീഴിൽ ഒരു ഹിന്ദു ക്ഷേത്രത്തിന്റെ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ടു. എന്നിരുന്നാലും, എ.എസ്‌.ഐയുടെ ഈ ഏകപക്ഷീയമായ അവകാശവാദം കോടതി പരിഗണിച്ചില്ല, എന്നാൽ മസ്ജിദിന്റെ സ്ഥലത്തിന് കീഴിൽ മറ്റ് ഘടനകളുണ്ടെന്ന കാര്യം കോടതി പരിഗണിച്ചു.

ബാബരി മസ്ജിദ് പണിതത് ഇതുവരെ ഉപയോഗിക്കാത്ത തരിശുഭൂമിയിലാണെന്ന് അവകാശപ്പെട്ടതാണ് സെൻട്രൽ സുന്നി വഖഫിന് പറ്റിയ തെറ്റ്. അതിനാൽ, മസ്ജിദിന് കീഴിലുള്ള അവശിഷ്ടങ്ങൾ ഒരു ഇസ്‍ലാമിക കെട്ടിടമല്ലെന്ന ആഖ്യാനം സ്ഥാപിക്കാൻ ഇത് മറുപക്ഷത്തെ പ്രാപ്തമാക്കി. അതിനാൽ അവശിഷ്ടങ്ങൾ ബുദ്ധ, ജൈന, ശൈവ, വൈഷ്ണവ സ്വഭാവമുള്ളതാണോ എന്ന ചോദ്യം തള്ളിക്കളയുകയും ഖനനംചെയ്ത വസ്തുക്കൾ ഇസ്‌ലാമിന്റെ തത്ത്വങ്ങൾ പിന്തുടരുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയുള്ള അന്വേഷണം നടത്തുകയും ചെയ്തു.

പള്ളിയുടെ താഴെയുള്ള പള്ളി

ബാബരി മസ്ജിദിന്റെ അവശിഷ്ടങ്ങൾക്കടിയിൽ, വലുപ്പത്തിൽ വളരെ ചെറുതായ മറ്റൊരു പള്ളിയുടെ തെളിവുകൾ കണ്ടെത്താനാകുമെന്ന് പ്രഫ. സുപ്രിയ വർമ അവകാശപ്പെടുന്നു. നേരത്തേയുള്ള ഈ പള്ളി സുൽത്താനേറ്റ് കാലഘട്ടത്തിലെ ഒരു പള്ളി ആയിരുന്നിരിക്കാം. മക്കയുടെ സ്ഥാനം തിരിച്ചറിയാൻ പള്ളികളിൽ കാണുന്ന പടിഞ്ഞാറ് അഭിമുഖമായ മതിൽ സ്ട്രാറ്റിഗ്രഫിക്കൽ പാളിയിൽ തിരിച്ചറിയാം (ചിത്രം 6 കാണുക). ഇത് ഒരു ‘കന്നൗട്ടി’ പള്ളി ആയിരിക്കാമെന്ന് പ്രഫ. സയ്യിദ് അലി നദീം റസാവി വാദിക്കുന്നു. ഇത് പാവപ്പെട്ട മുസ്‍ലിം സെറ്റിൽമെന്റുകൾക്കിടയിൽ പണ്ട് കണ്ടിരുന്ന ഒരുതരം പള്ളിയാണ്. കന്നൗട്ടി പള്ളികളിൽ, ഉറപ്പുള്ള മേൽക്കൂരകൾ നമ്മൾ സാധാരണയായി കാണാറില്ല; മേൽക്കൂര മരം, തുണി അല്ലെങ്കിൽ മറ്റ് വസ്തുക്കൾ എന്നിവകൊണ്ടാണ് നിർമിച്ചിരിക്കുന്നത്, പക്ഷേ പടിഞ്ഞാറൻ മതിൽ ഉണ്ടായിരിക്കും. അവ ഈദ്ഗാഹുകൾക്ക് സമാനമായി കാണപ്പെടും.

 

നാഗര ക്ഷേത്രത്തിന്റെ മാതൃക

നാഗര ക്ഷേത്രത്തിന്റെ മാതൃക

ഖനനത്തിൽ കണ്ടെത്തിയ നിർമിതികൾ ഇസ്‌ലാമിന്റെ തത്ത്വങ്ങൾ പാലിക്കുന്നില്ലെന്ന് ഇസ്‍ലാമിക ഗ്രന്ഥങ്ങളിൽനിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി നിഗമനം ചെയ്തു. ഇവിടെ ചർച്ച ചെയ്യപ്പെടാത്തത്, മതത്തിന്റെ ആചാരം എല്ലായ്‌പോഴും കർശനമായി തിരുവെഴുത്തുകളുടെ നിർദേശങ്ങൾ പാലിക്കണമെന്നില്ല എന്ന ചരിത്രപരമായ വസ്തുതയാണ്. കൂടാതെ, ലോകത്തെവിടെയും ഏത് മതത്തിന്റെയും ആചാരത്തിൽ പ്രാദേശികമായ അനുരൂപീകരണങ്ങളും പ്രാദേശിക വ്യതിയാനങ്ങളും നിരീക്ഷിക്കപ്പെടുന്നു.

ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെങ്കിലോ?

നശിപ്പിക്കപ്പെട്ട ബാബരി മസ്ജിദിന് കീഴിലുള്ള അവശിഷ്ടങ്ങൾ രാമക്ഷേത്രത്തിന്റേതാണെന്ന് നിർണായകമായി തെളിയിക്കാൻ കഴിയില്ലെന്നാണ് എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത്. എന്നാൽ, ഒരു ക്ഷേത്രത്തിനു മുകളിൽ പള്ളി പണിതതാണെങ്കിൽപോലും ഭ്രാന്തമായ ഹിന്ദുത്വ ആൾക്കൂട്ടം മസ്ജിദ് തകർക്കുന്നത് ന്യായമാകുമോ എന്ന ചോദ്യം അവശേഷിക്കുന്നു. അഖ്‌ലാഖ് ഖാന്റെ വീട്ടിൽനിന്ന് ആട്ടിറച്ചിക്ക് പകരം ഗോമാംസം കണ്ടെത്തിയാൽ ആൾക്കൂട്ട കൊലപാതകം ന്യായീകരിക്കപ്പെടുമോ എന്ന് ചോദിക്കുന്നതിന് സമാനമാണ് ചോദ്യം. ആധുനികതക്ക് മുമ്പ് ഒരു ദയയില്ലാത്ത ഭരണാധികാരി മതപരമോ രാഷ്ട്രീയമോ ആയ കാരണങ്ങളാൽ ക്ഷേത്രം നശിപ്പിച്ചിട്ടുണ്ടാകും.

മിക്ക സംഭവങ്ങളിലും ക്ഷേത്രനാശത്തിന് കാരണം മതത്തേക്കാൾ രാഷ്ട്രീയമായിരുന്നു. എന്നാൽ, ഓർക്കേണ്ടത് ജനാധിപത്യം അല്ലെങ്കിൽ ഒരു ഭരണഘടന ഇല്ലാതിരുന്ന കാലത്താണ് ഈ സംഭവങ്ങൾ നടന്നത് എന്നതാണ്. ഒരു ആധുനിക ജനാധിപത്യ രാഷ്ട്രത്തിൽ അതിനെ ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല. ബാബരി മസ്ജിദിന്റെ തകർച്ചയും അതിന്റെ അനന്തരഫലങ്ങളും ചരിത്രത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുടെ പ്രസക്തമായ ഉദാഹരണമാണ്. ചരിത്രത്തെ വളച്ചൊടിക്കുന്നതും വ്യാജമാക്കുന്നതും അപലപിക്കപ്പെടേണ്ടതും നിയമപരമായി ശിക്ഷാർഹമായ കുറ്റകൃത്യമാക്കി മാറ്റേണ്ടതുമാണ്. ചരിത്രബോധം നഷ്‌ടപ്പെടുകയോ ചരിത്രബോധത്തെ കൃത്രിമം കാണിക്കുകയോ ചെയ്‌ത ഏതൊരു സംസ്‌കാരവും മനഃസാക്ഷിയും സ്വത്വവും നഷ്ടപ്പെട്ട ഒരു ജനതയാണ്.

============

സൂചിക:

1. Ayodhya Verdict, Civil Appeal Nos 10866-10867 of 2010, pp. 9-10.

2. Supriya Varma and Jaya Menon, ‘Was there a temple under Babari Masjid? Reading the Archaeological Evidence’, December 11-17, 2010, p. 62.

3. Alexander Cunningham, Four Reports made during the Years 1862-63-64-65, Volume I, Archaeological Survey of India, Govt. of India, New Delhi, 1871, rpt. 2000, p. 322.

4. Supreme Court of India Ramjanmabhoomi verdict, Civil Appeal Nos 10866-10867 of 2010, p.19.

5. Staff Editor, India Today, ‘Babri Masjid demolition: December 6, 1992, a day that lives in infamy’, Dec 6, 2018.

(കണ്ണൂർ സർവകലാശാലയിൽ ചരിത്രവിഭാഗം മേധാവിയും ചരിത്രകാരിയുമാണ്​ ലേഖിക)

News Summary - weekly history