Begin typing your search above and press return to search.
proflie-avatar
Login

രൂപരേഖയില്‍നിന്ന് വർണവിന്യാസത്തിലേക്ക്

രൂപരേഖയില്‍നിന്ന്   വർണവിന്യാസത്തിലേക്ക്
cancel

ചിത്രമെഴുത്തി​ന്റെ വ്യത്യസ്​ത വഴികളിൽ സജീവ സാന്നിധ്യമാണ്​ സുനിൽ അശോകപുരം. രേഖാചിത്രകാരന്മാരില്‍ വ്യത്യസ്​തനാണദ്ദേഹം. സുനിൽ അശോകപുരത്തി​ന്റെ ചിത്രമെഴുത്തിനെക്കുറിച്ച്​ എഴുതുകയാണ്​ കലാനിരൂപകൻ കൂടിയായ ലേഖകൻ.രൂപരേഖക്ക്/ രേഖാചിത്രണത്തിന് അത് നിർമിതമാകുന്നതിന് ഉപാധിയാകുന്ന ആശയത്തോടോ സങ്കൽപത്തോടോ സാഹിത്യരൂപത്തോടോ മറ്റു സ്രോതസ്സുകളോടോ ചേര്‍ന്നല്ലാതെ വിഭിന്നവും സ്വതന്ത്രവുമായൊരു നിലനിൽപുണ്ടോ എന്നത് എന്നുമൊരു കനപ്പെട്ട ചര്‍ച്ചാവിഷയമാണ്. അവക്ക് ദൃശ്യപരമായ മൂല്യവും മറ്റു സാധ്യതകളും ഉണ്ടാകാമെങ്കിലും ഒരു കൃതിയെ, സങ്കൽപത്തെ, ആശയത്തെ, സ്രോതസ്സിനെ പിന്‍പറ്റുന്നു അഥവാ...

Your Subscription Supports Independent Journalism

View Plans

ചിത്രമെഴുത്തി​ന്റെ വ്യത്യസ്​ത വഴികളിൽ സജീവ സാന്നിധ്യമാണ്​ സുനിൽ അശോകപുരം. രേഖാചിത്രകാരന്മാരില്‍ വ്യത്യസ്​തനാണദ്ദേഹം. സുനിൽ അശോകപുരത്തി​ന്റെ ചിത്രമെഴുത്തിനെക്കുറിച്ച്​ എഴുതുകയാണ്​ കലാനിരൂപകൻ കൂടിയായ ലേഖകൻ.

രൂപരേഖക്ക്/ രേഖാചിത്രണത്തിന് അത് നിർമിതമാകുന്നതിന് ഉപാധിയാകുന്ന ആശയത്തോടോ സങ്കൽപത്തോടോ സാഹിത്യരൂപത്തോടോ മറ്റു സ്രോതസ്സുകളോടോ ചേര്‍ന്നല്ലാതെ വിഭിന്നവും സ്വതന്ത്രവുമായൊരു നിലനിൽപുണ്ടോ എന്നത് എന്നുമൊരു കനപ്പെട്ട ചര്‍ച്ചാവിഷയമാണ്. അവക്ക് ദൃശ്യപരമായ മൂല്യവും മറ്റു സാധ്യതകളും ഉണ്ടാകാമെങ്കിലും ഒരു കൃതിയെ, സങ്കൽപത്തെ, ആശയത്തെ, സ്രോതസ്സിനെ പിന്‍പറ്റുന്നു അഥവാ ഉപജീവിക്കുന്നു എന്നതുകൊണ്ടുതന്നെ ചില പരിമിതികള്‍ സ്വാഭാവികമാണെന്നും അതുമല്ലെങ്കില്‍ ഒരു സ്വതന്ത്ര കലാരൂപമെന്ന നിലനിൽപില്ലെന്നുമാണ് പൊതുവെയുള്ള വിമര്‍ശനം.

ഇക്കാര്യം കേരളത്തിലെ പഴയകാല രേഖാചിത്രണ കലാമേഖലയെക്കുറിച്ച് കുറച്ചൊക്കെ ശരിയാണെങ്കിലും ഇന്നത് ആശാവഹമായി പലതരത്തില്‍ സ്വയം പുതുക്കപ്പെട്ടിട്ടുണ്ട് എന്ന് കാണാവുന്നതാണ്. ആയതിനാൽതന്നെ അത്തരം വിമര്‍ശനങ്ങളെ ഇനിയെങ്കിലും നാം തള്ളിക്കളയേണ്ടതുണ്ട്. അതായത്, ചിത്രകല (Painting) എന്ന മേഖലയോട് അടുക്കുംവിധമുള്ള സ്വഭാവസവിശേഷതകള്‍ അത് പ്രകടിപ്പിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി എന്ന്‍ ചുരുക്കം. അതുപക്ഷേ, രേഖയുടെയോ വർണത്തിന്‍റെയോ കേവലമായ പ്രയോഗത്തിലൂടെ ആകസ്മികമായി സംഭവിച്ചതുമല്ല; മറിച്ച്, രൂപം, ഭാവം, ദൃശ്യകോണ്‍ (Framing), ബിംബ-രൂപനിൽപു ഘടന (Posture), വിന്യാസക്രമം (Composition), പരിചരണം/ നടത്തിപ്പ് (Treatment) എന്നിങ്ങനെ പലവിധമായ ഘടകങ്ങളിലൂടെയാണത്.

രേഖാചിത്രകാരന്മാരുടെയും രേഖാചിത്രണത്തിന്‍റെയും സ്വതന്ത്രമായ നിലനിൽപുമായി ബന്ധപ്പെട്ട് പൂർവകാലത്തെക്കുറിച്ച് മേല്‍സൂചിപ്പിച്ച വിധമുള്ള പല വിമര്‍ശനങ്ങള്‍ നിലനിന്നപ്പോഴും, പ്രഖ്യാത കലാകാരന്മാര്‍ എന്നതരം പൊതുസമ്മതി ആർജിച്ചെടുക്കാന്‍ എം.വി. ദേവനും എ.എസ്. നായര്‍ക്കും വാസുദേവന്‍ നമ്പൂതിരിക്കും സി.എന്‍. കരുണാകരനും മറ്റും കഴിഞ്ഞു എന്നത് ചരിത്രം. സൂക്ഷ്മമായി പരിശോധിച്ചാല്‍, അതിനു മറ്റുപല കാരണങ്ങള്‍ ഇല്ലാതെയുമില്ല. എന്നാല്‍, അക്കാലത്തിനുശേഷം കടന്നുവന്നവര്‍ക്ക് പ്രസ്തുത തലമുറയില്‍നിന്ന് കുതറിമാറാന്‍ പിന്നീട് കടുത്ത പരിശ്രമങ്ങള്‍തന്നെ സ്വയം നടത്തേണ്ടിവന്നിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. കാരണം, സർഗാത്മകമായി എങ്ങനെയൊക്കെ സഞ്ചരിച്ചു നേരിട്ടാലും വരയുടെ, ചിത്രണത്തിന്‍റെ ഉള്‍പ്പിരിവുകളില്‍ എവിടെയോ, മേൽപറഞ്ഞ മുന്‍ഗാമികളായ കലാകാരന്മാരുടെ ഏതെങ്കിലും വിധമായ സ്വാധീനം ഒളിഞ്ഞിരിക്കാനുള്ള സാധ്യതയുണ്ട് എന്നതുതന്നെ.

 

സുനിൽ അശോകപുരത്തി​ന്റെ ചിത്രമെഴുത്ത്​

സുനിൽ അശോകപുരത്തി​ന്റെ ചിത്രമെഴുത്ത്​

അതൊരു ഒഴിയാബാധപോലെ തുടര്‍ന്നപ്പോള്‍ ഒരുതരത്തില്‍, അവയെയെല്ലാം തള്ളിക്കളയുക എന്നത് കടുത്ത വെല്ലുവിളിയായിരുന്നു. അതേസമയം, അത്തരം ഉറച്ച തീരുമാനങ്ങളും ഉദ്യമങ്ങളുംതന്നെയാണ് പുതുതലമുറയുടെ രേഖാചിത്രണലോകത്തെ പിന്നെയും കൂടുതല്‍ സ്വതന്ത്രമായൊരു നിലമയിലേക്ക് പിന്നീട് എത്തിച്ചതും; ഒരുപക്ഷേ, കാലം ആവശ്യപ്പെട്ടത് സംഭവിച്ചു എന്ന് കരുതിയാല്‍ക്കൂടി. സമകാലത്തെ ആധുനികമായ കലാക്കാഴ്ചകളും സങ്കേതങ്ങളും അധികരിച്ച ദൃശ്യാവബോധവുമൊക്കെ അതിനവരെ നന്നായി പ്രാപ്തമാക്കി എന്നുവെക്കാം.

അതായത്, പരമ്പരാഗത രീതിക്രമത്തില്‍നിന്നു വിടുതിനേടാന്‍ കലാലോകത്തിലെതന്നെ ആധുനിക-ഉത്തരാധുനിക സങ്കേതങ്ങളും മറ്റുമായ നിരീക്ഷണവും ഇടപെടലുകളും ബലമേകിയിട്ടുണ്ട് കൂടെ. നവ സാമൂഹിക-സാംസ്കാരികയിടങ്ങളുടെ വളര്‍ച്ച, ജാഗ്രത്തായ രാഷ്ട്രീയബോധ്യം, സാമാന്യജനംപോലും കാലത്തിനനുസരിച്ചു വലിയ അളവിലല്ലെങ്കിലും കൈവരിച്ച കലാസ്വാദന/ കലാവബോധം, പ്രദര്‍ശനയിടങ്ങളുടെ വർധന, കമ്പോളസാധ്യത, മുദ്രണ-ഡിജിറ്റല്‍ മാധ്യമവിസ്ഫോടനം, മറ്റുതരം നവമാധ്യമ മേഖലകളുടെ സംഭവ്യത, അതുവഴി ലഭിക്കുന്ന അവസരങ്ങള്‍ ഒക്കെയും കൂടുതല്‍ ഊർജസ്വലമായ സ്വാതന്ത്ര്യത്തിലേക്ക്, തുറവിയിലേക്ക് സഞ്ചരിക്കാന്‍ ആര്‍ട്ടിസ്റ്റിനെ സഹായിക്കുന്ന ഘടകങ്ങള്‍തന്നെയാണ്.

ഈയൊരു പശ്ചാത്തലത്തില്‍നിന്നുകൊണ്ടുവേണം സുനില്‍ അശോകപുരം എന്ന കലാകാരനെ നാം മനസ്സിലാക്കാന്‍. തീര്‍ച്ചയായും, പുതുതലമുറ രേഖാചിത്രകാരന്മാരില്‍ ഇന്ന് വളരെയധികം ശ്രദ്ധിക്കപ്പെടുന്നതും സ്വതന്ത്രമായൊരു വഴി വെട്ടിത്തുറന്നതുമായ ഒരാളാണ് സുനില്‍. എന്നാല്‍, രേഖാചിത്രണ മേഖലയിലുള്ള പ്രവര്‍ത്തനത്തിനൊപ്പം സർഗാത്മക ചിത്രകലയില്‍ ഇടംകണ്ടെത്താന്‍ സുനിലിനെ പ്രാപ്തമാക്കിയത് തീര്‍ച്ചയായും രണ്ടും വിഭിന്നമായ മേഖലകളല്ല എന്ന കാഴ്ചപ്പാട് തന്നെയാണ്. ഒരുനിലക്ക് സുനില്‍ തന്‍റെ സർഗാത്മക ചിത്രകലാലോകത്തെ സ്വന്തം രേഖാചിത്രണ യത്നത്തിന്‍റെ ഒരു വിപുലീകരണയിടമായി കണ്ടെത്തുകയായിരുന്നു എന്നാണ് അറിയേണ്ടത്.

ചിത്രണത്തെക്കുറിച്ച് പറയുകയാണെങ്കില്‍ -വിഷയ/കഥ/ആശയഗതിക്ക്‌ അനുയോജ്യമാണോ അല്ലയോ എന്നതിനേക്കാള്‍, പരിചരണസൂത്ര/ വൈപുല്യംകൊണ്ട് അദ്ദേഹത്തിന്‍റെ രേഖാചിത്രങ്ങള്‍ക്ക് സ്വതന്ത്രമായൊരു നിലമ കൈവരുന്നു എന്നത് യാഥാർഥ്യമാണ്. അത്രമാത്രം ഭാവനാത്മകമായ/ ഭാവാത്മകമായ രേഖ-വർണ ലയം അവ കാത്തുസൂക്ഷിക്കുന്നുണ്ട്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, അത് പുതുകാലത്തെ കലാകാരന്മാരുടെ ചിത്രണ സ്വഭാവവിശേഷതയുമാണ്. ഒറ്റനോട്ടത്തില്‍ രേഖകള്‍ക്ക് നല്ലമാതിരി ഒഴുക്കുണ്ടെങ്കിലും മറ്റൊരു സമയത്ത്, സാന്ദര്‍ഭികാവശ്യാനുസാരം, അവ വളരെ മൂര്‍ച്ചയേറിയ അഗ്രിമസ്ഥാനങ്ങളായി പരിണമിക്കുന്നുമുണ്ട്. സമകാലിക മാധ്യമങ്ങളില്‍ സുനില്‍ വരക്കുന്ന രേഖാചിത്രങ്ങളിലധികവും മേൽപറഞ്ഞ പരമ്പരാഗത തലമുറയുടെ രീതികളില്‍നിന്ന് ഒട്ടൊക്കെ വ്യത്യസ്തമാകാന്‍ ശ്രമിക്കുന്നതായിക്കാണാം. അതിലൊന്ന് വർണാങ്കിതമാര്‍ന്ന ആ വിന്യാസക്രമത്തിന്റേതാണ്.

ആയതിനാൽതന്നെയാണ് അവക്കെല്ലാം ഒരുതരം വർണചിത്രണ(Painting) സ്വഭാവം കൈവരുന്നതും. രൂപരേഖയില്‍/രേഖാചിത്രണത്തില്‍ ചിട്ടപ്രകാരമുള്ള കറുപ്പ്/വെളുപ്പ്‌ എന്ന ദ്വന്ദ്വക്രമസംവിധാനത്തേക്കാള്‍ അതാണ് അയാള്‍ക്ക്‌ പ്രിയതരമാകുന്നത്. എന്നാല്‍, മിക്കപ്പോഴും കറുപ്പിനോടും അതിന്‍റെ വിവിധ നിറഭേദനിലകളോടും വളരെയേറെ മമതയുണ്ടുതാനും; എല്ലാം തുറന്നുപറയാതെ ചിലതെല്ലാം ഒളിപ്പിക്കാന്‍ ഈ നിറഭാവ/ രസ-വൈവിധ്യം വേണ്ടുംവിധം കലാകാരനെ സഹായിക്കുന്നുണ്ട് എന്നതിനാൽതന്നെ അത്. ഒരുപക്ഷേ, പരമ്പരാഗത വരസമ്പ്രദായത്തെ പുതുകലയാളര്‍ ഒട്ടൊക്കെ കൈയൊഴിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. അതിലൊന്ന് ഇവ്വിധമായ പരിചരണത്തിൽകൂടിയാണെന്ന് കാണാം.

അതുകൂടാതെ, ചിത്രണങ്ങളില്‍ ഛായാരൂപം/ കറുത്ത നിഴല്‍ (silhouette) എന്നത് സുനില്‍ നിരന്തരമായി ഉപയോഗിക്കുന്ന മറ്റൊരു സങ്കേതവൈവിധ്യമാണ്. അത് സവിശേഷമായൊരു വൈകാരികസ്ഥിതി/ ഭാവം (ഒരുപക്ഷേ, അറിഞ്ഞോ അറിയാതെയോ എപ്പോഴും ഒട്ടെല്ലാ ഫ്രെയിമിലും/കാന്‍വാസിലും തുടരുന്ന വ്യസനകരമായ ആ ഭാവം), അതല്ലെങ്കില്‍, ഇരുളില്‍ മറഞ്ഞുകിടക്കുന്നെന്ന വിധമായതിനാല്‍ കാഴ്ചക്കാര്‍ക്ക് പ്രതീക്ഷ വർധിപ്പിക്കുന്ന നല്ലൊരു നിഗൂഢഭാവം നല്‍കുന്നുണ്ട്. അത് പ്രധാന കഥാപാത്രങ്ങളുടെ അഥവാ വരരൂപങ്ങളുടെ, ചിലപ്പോഴെങ്കിലും ചുറ്റുമുള്ള പരിസരങ്ങളുടെയും, ആന്തരിക സംഘര്‍ഷത്തെ ധ്വനിപ്പിക്കാനെന്നവണ്ണം അർഥവത്തും രസകരവുമാണ്. അതിനടിയില്‍ മനുഷ്യരുടെ, സ്വാഭാവികമായ സജീവസാന്നിധ്യത്താല്‍, സങ്കടവും രോഷവും വ്യാകുലതയും സ്നേഹവുമൊക്കെ വീര്‍പ്പുമുട്ടുന്നുണ്ട്.

ഇടക്കവ ഏകാന്തമായും സ്വപ്നാത്മകമായും വിങ്ങുകയും ചെയ്തിടുന്നു. അവിടെ ഗ്രാമ-നഗരാനുഭവ വ്യതിയാനമെന്ന ഒരു സംഗതിയില്ലതന്നെ. രതികാമനകളാല്‍ നിറഞ്ഞു സുന്ദരമാര്‍ന്ന വിസ്തൃത ഭൂപ്രകൃതി മറ്റൊരുവേള വൈരുധ്യാത്മകമായി ഏറെ ഹിംസാത്മകഭാവത്തോടെ പ്രത്യക്ഷപ്പെടാവുന്ന സാന്ദര്‍ഭികതയുമുണ്ട്. പരസ്പരം ആഞ്ഞുപുല്‍കി ആഴത്തില്‍ നോക്കുമ്പോഴും മുഖത്തും കണ്ണുകളിലും ഭാവങ്ങള്‍ നഷ്ടപ്പെട്ട മനുഷ്യരെയാണ് പലപ്പോഴും അതിനിടയിലൊക്കെ നാം കണ്ടുമുട്ടുന്നത്; സ്വന്തം കര്‍ത്തവ്യമോ പ്രതിനിധാനമോ മറന്നുപോയിക്കൊണ്ട് നിർമമമായി നിലനില്‍ക്കുന്ന മനുഷ്യക്കൂട്ടങ്ങളെ. അവ പുതുകാലത്തിന്‍റെ സംഘര്‍ഷങ്ങള്‍ ഏറ്റുവാങ്ങിയ, സ്വാഭാവിക അർഥതലങ്ങള്‍ സൂക്ഷ്മമായി ഒളിപ്പിച്ചുവെച്ച ഇടങ്ങള്‍; എന്നാൽ പിന്നെ, റിയലിസവും ഭാവനയും സമഞ്ജസമായി സങ്കലനപ്പെട്ട സ്പര്‍ശസാന്നിധ്യങ്ങളും.

പൊതുവില്‍ ഒരുതരം ഭാവാത്മകസ്വഭാവം (Expressionist) സുനിലിന്‍റെ ഒട്ടുമിക്ക ചിത്രങ്ങളിലും നമുക്ക് എളുപ്പത്തില്‍ ദര്‍ശിക്കാം. നിലവില്‍ ദീക്ഷിച്ചുകൊണ്ടിരിക്കുന്ന രേഖാചിത്രണ സമ്പ്രദായത്തിന്‍റെ ഒരു തുടര്‍ച്ചയായിട്ടുതന്നെ വേണം അദ്ദേഹത്തിന്‍റെതന്നെ മറ്റു പെയിന്റിങ്ങുകളെ/ ചിത്രണരീതികളെ നോക്കിക്കാണേണ്ടതെന്നു നേരത്തേ സൂചിപ്പിച്ചുവല്ലോ; വർണത്തിന്‍റെയും ഇതര ഘടകങ്ങളുടെ ആകെയുമുള്ള ഒരുക്കലിന്‍റെയും മറ്റും കാര്യത്തില്‍ വിശേഷിച്ചും; തിരിച്ചും അങ്ങനെയൊക്കെത്തന്നെയാണത് പ്രവര്‍ത്തനനിരതമാകുന്നത്.

അപ്രകാരമാകുമ്പോള്‍ അവ കേവലമായ ആഖ്യാനാത്മകതയെക്കാള്‍ കൂടുതല്‍ ഭാവാത്മകത കൈവരിക്കുന്നതും കാണാം. എന്നാല്‍, ആത്മഗതത്തിന്‍റെ അതികാല്‍പനികമായ ആ വിരസാവര്‍ത്തനത്തിലേക്ക് (Cliche) ചുരുങ്ങിപ്പോകാതെ പുറത്തേക്കു തുറക്കുന്ന അതിശക്തമായ, രാഷ്ട്രീയ ജാഗ്രതയുള്ള ഒരു സാമൂഹിക-രാഷ്ട്രീയ വ്യക്തിയുടെ കണ്ണാകാന്‍ ആര്‍ട്ടിസ്റ്റ് ആവുംവിധം ശ്രമിക്കുന്നുണ്ട് ഇവിടെ. അറിഞ്ഞോ അറിയാതെയോ രേഖാചിത്രണത്തില്‍ കൈവിട്ടുപോകുന്ന എല്ലാവിധമായ രാഷ്ട്രീയ കരുതലിനെയും തൽപരത്വത്തെയും ഇവ്വിധം സുനില്‍ തിരിച്ചുപിടിക്കുകയാണ് കൗശലത്തോടെ. അതുമാതിരിയുള്ള തുറന്നുപറച്ചിലുകള്‍ പക്ഷേ, നെഞ്ചില്‍ കൈവെച്ചുകൊണ്ടുള്ള സത്യസന്ധമായ ഇടപെടലാണെന്നതാണ് പിന്നെയും ഈ ചിത്രങ്ങളെ ഏറെ പ്രസക്തമാക്കുന്നത്‌.

 

ഒരുനിലക്ക് തീരെ അനുയോജ്യമല്ലെന്ന് പുറംമോടിയില്‍ തോന്നിപ്പിക്കുമെങ്കിലും, കടുത്ത നിറസാന്നിധ്യങ്ങളിലൂടെ മനുഷ്യരെയും വൃക്ഷലതാദികളെയും മറ്റും മറ്റും ആര്‍ട്ടിസ്റ്റ് അവതരിപ്പിക്കുന്നത്‌ അവയുടെതന്നെ സ്വാഭാവികമായ അതുമല്ലെങ്കില്‍ മറ്റൊരുതരത്തില്‍ വൈരുധ്യാത്മകമായ അർഥതലങ്ങളെ തകര്‍ക്കുന്ന വിധമാണ്. അത് വൈരുധ്യങ്ങളുടെ സമ്മേളിത സാധ്യതയുടെ നവീനമായൊരു പ്രയോഗമാണെന്ന് പറയാതിരിക്കാനാവില്ല. കേവലമായി ഒരു ഡിസൈന്‍ രൂപപ്പെടുന്നതിന്‍റെ ഒരുവിധമായ ആലഭാരങ്ങളുമില്ലാതെ, കുത്തിക്കുറിക്കലുകളിലൂടെയുണ്ടായ രേഖാചിത്രണത്തില്‍നിന്നു വർണത്തേപ്പുകളുടെ സങ്കീർണ ലോകത്തേക്ക് സ്വാഭാവികമായി സഞ്ചരിച്ചെത്തുന്ന സർഗാത്മക കല.

പച്ചനിറമാണ് സുനിലിന്‍റെ ഇഷ്ടനിറം എന്നു വിചാരിക്കാം. നീലയും അക്കൂട്ടത്തില്‍ ഇടക്ക് കടന്നുവരുന്നുണ്ട് സുലഭമായി. നിറങ്ങളെ സംബന്ധിച്ച വ്യവസ്ഥാപിതമായ ഭാവാർഥ-ധാരണകള്‍ ഇവിടെ പലയിടത്തും അട്ടിമറിക്കപ്പെടുകയാണ്. ശോഭകൂട്ടാനും എന്നാല്‍ ഇരുളിന്‍റെ നിഗൂഢത സൃഷ്ടിക്കാനും ഒരേ നിറക്കൂട്ട്‌തന്നെ ഉപയോഗിക്കുന്നു എന്നതാണ് അതിന്‍റെയൊരു ചെയ്ത്ത് ആധികാരികത, അതല്ലെങ്കില്‍ നൈപുണ്യം (Mastery). പ്രകൃതി/ഭൂഭാഗചിത്രങ്ങളില്‍ (Landscape) മുന്‍പറഞ്ഞ ആ പച്ച-നീലവർണങ്ങള്‍ അത് വാരിക്കോരി നിറക്കുമ്പോഴും അതിനുള്ളിൽ പിടയുന്ന മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ആര്‍ദ്രത നിറങ്ങളുടെ അത്രയും സ്വാഭാവികമാര്‍ന്ന കുളിർമയെ ആകെയും മാറ്റിപ്പണിയുന്നുണ്ട്.

ഒരുതരം വൈരുധ്യാത്മക ഭാവമാണ് അന്നേരം സംഭവിക്കുന്നത്‌. വർണത്തിന്‍റെ ഒഴുക്കന്‍ തേപ്പുകളും അതേനേരം പരുക്കന്‍ പ്രതലസ്വഭാവവും ഒരേ ഫ്രെയിമില്‍തന്നെ ചിലപ്പോള്‍ കാണാം. ഒരൊറ്റ ബിംബം/ശരീരം/ സ്വരൂപം (Image/Figure) വരുന്നതിലാണത് കൂടുതലെങ്കിലും ആ ഫ്രെയിമിനെ പക്ഷേ, ചുറ്റുമുള്ള ഇടങ്ങളിലെ വർണത്തേപ്പുകളാല്‍ നന്നായി ലയം വരുത്തുന്നുമുണ്ട്. പ്രതിരൂപങ്ങളുടെ/ ഫിഗറുകളുടെ നില്‍പ്പുരീതി (Posture) തന്നെ ഓരോ ഫ്രെയിമിലും സുനില്‍ ഏറെ വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്.

കോഴിക്കോടിന്‍റെ അഥവാ മലബാറിന്‍റെ സ്വാഭാവികമാര്‍ന്ന സവിശേഷ നാട്ടുജീവിതത്തെ അത്രമേല്‍, സ്വാനുഭവത്തിന്‍റെ തീവ്രമാര്‍ന്ന കണ്ടെത്തല്‍ എന്നനിലയേക്കാള്‍, അറിഞ്ഞോ അറിയാതെയോ എല്ലായിടത്തെയും എല്ലാറ്റിനെയും പ്രതിനിധാനം ചെയ്യാനുള്ള സാമാന്യവത്കരണത്തിനുള്ള ഒരുപാധിയായി വിനിയോഗിക്കുകയാണ്. അവയെല്ലാം അലസമായൊരു സഞ്ചാരത്തിനിടയില്‍ കിട്ടിയതാകാമെന്ന് തോന്നിക്കുമെങ്കിലും ആര്‍ട്ടിസ്റ്റ് അക്കാഴ്ചയുടെ അന്തഃരംഗത്തേക്ക് ഇഷ്ടത്തോടെ ആഴ്ന്നിറങ്ങിയതിന്‍റെ ശുഭസൂചനകള്‍ സൂക്ഷ്മമായി ലഭ്യമാണ്.

ഒരൊറ്റ മരം, ഏകാകിയായി നില്‍ക്കുന്ന മനുഷ്യരൂപം, നിഗൂഢത ഏറെ ഒളിപ്പിച്ചുവെച്ച ഒരിരുണ്ട തെരുവ്, ഒരാകാശ നോട്ടത്തില്‍ അല്ലെങ്കില്‍ പക്ഷിനോട്ടത്തില്‍ തെളിയുന്ന തിരക്കുപിടിച്ച അങ്ങാടി, അവിടത്തെ പീടികവാണിഭം, വഴിവാണിഭം, വിദൂരസ്ഥമായ ഒരു ഗ്രാമീണസുന്ദര ഭൂപ്രദേശം, ഇരുളിലാഴ്ന്നു കിടക്കുന്ന ഒരിടുങ്ങിയ മുറിയിലേക്ക് മൂര്‍ച്ചയോടെ തെന്നിവീഴുന്ന വെളിച്ചത്തിലൂടെ പ്രത്യക്ഷമാകുന്ന നിഴല്‍/ച്ഛായാ(Silhouette) മനുഷ്യരൂപം എന്നിങ്ങനെയുള്ള അനവധി വൈവിധ്യമാര്‍ന്ന ഫ്രെയിമുകള്‍ സുനില്‍ എത്ര അനായാസമായാണ് വരച്ചുതള്ളുന്നതെന്ന് നമുക്ക് തോന്നാം.

അതിനുപിന്നിലെ ആര്‍ട്ടിസ്റ്റിന്‍റെ അപാരമായ പണിത്തരം കാണി മറന്നുപോകുംവിധമാണ് അതിന്‍റെയെല്ലാം സാരള്യം അനുഭവവേദ്യമാവുക. യഥാതഥമായ കാര്യങ്ങളില്‍മാത്രം തറഞ്ഞുനില്‍ക്കാതെ സുനില്‍ പലപ്പോഴും വളരെ അമൂര്‍ത്തമായ രീതിയിലും തന്‍റെ ഫ്രെയിം ഒരുക്കുന്നുണ്ട്‌. ഒരുപക്ഷേ, ഭാഷ-ശൈലീപരമായ ഒരു നിര്‍ബന്ധം സ്വാതന്ത്ര്യം കാംക്ഷിക്കുന്ന ഒരു ആര്‍ട്ടിസ്റ്റ് കാത്തുസൂക്ഷിക്കേണ്ടതില്ലെന്ന, അതും ഒരുനിലക്ക് നല്ലതാണെന്ന, ഒരു മുന്‍ധാരണയില്‍നിന്നാകാം ഇത് സംഭവിക്കുന്നത്‌. വാരികയുടെയോ മാസികയുടെയോ മറ്റോ രൂപകൽപനക്ക് (Layout, Page setting) പലതരത്തില്‍ പുതുമ നല്‍കുംവിധമുള്ള രൂപരേഖകള്‍ ഇദ്ദേഹം രചിക്കുന്നത് അത്രയും കൗശലപൂർവമാണ്.

പരീക്ഷണാത്മകമായ അത്തരം ശ്രമങ്ങള്‍ ഈ ആര്‍ട്ടിസ്റ്റിനെ വേറിട്ടുനിര്‍ത്തുകയും ചെയ്യുന്നുണ്ട്. അവിടെയാണ് ചിത്രാത്മക ഇടം (Pictorial space) അതിവിദഗ്ധമായി വിനിയോഗിക്കുന്ന ഒരാളിനെ നാം കണ്ടുമുട്ടുന്നത്. ഏതാനും കുറച്ച് രൂപങ്ങളോ, ബിംബകൽപനകളോ മാത്രം വെച്ചുകൊണ്ട് പിന്നെയെല്ലാം വർണങ്ങളുടെ പരുക്കന്‍ രേഖാ-വർണ ആരടുപ്പം(Texture) കനംവെപ്പിച്ചെടുക്കുന്ന കലാമാസ്മരികത. തൊണ്ണൂറുകളിലെ ചെറുപ്പക്കാരായ കലാകാരന്മാരെ ഏറെ ഭ്രമപ്പെടുത്തിയ ഒന്നാണ് മനുഷ്യരൂപങ്ങളുടെ ഒരുതരം സവിശേഷ ശൈലീവത്കരണം; അതിൽതന്നെ പുരുഷരൂപങ്ങളിന്മേലുള്ള പരീക്ഷണങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടതാണെങ്കിൽകൂടി. അത് യൂറോപ്യന്‍കലയിലെ എക്സ്പ്രെഷനിസ്റ്റ്-പോസ്റ്റ്‌ ഇംപ്രഷനിസ്റ്റ് കലാശൈലികളില്‍നിന്നായിരുന്നു ഏറെയും സ്വാധീനംകൊണ്ടത്‌.

അക്കാലത്തെ ഒട്ടൊക്കെയുമുള്ള ചിത്ര-ശിൽപങ്ങളില്‍ അവ നിറഞ്ഞാടിയപ്പോള്‍ ഒരുവേള, ചിലയിടങ്ങളിലെങ്കിലും, ഏറെ ആവര്‍ത്തനവിരസത ആയിരുന്നിട്ടുണ്ട് എന്നതു മറച്ചുവെക്കേണ്ടതുമില്ല. അതിനെ മറികടക്കാന്‍ വല്ലാതെ കഷ്ടപ്പെടേണ്ടിയും വന്നിട്ടുണ്ട് കേരളീയ കലാകാരന്മാര്‍ക്ക്. സുനില്‍ ആ രൂപക്രമ (Figure) സമ്പ്രദായത്തെ തന്റേതായ ചില പൊടിക്കൈകളാല്‍ നല്ലവണ്ണം മാറ്റിത്തീര്‍ത്തിട്ടുണ്ട് പിന്നീട്; അതേസമയം, സമകാല കലയിലെ മനുഷ്യാനുഭവ-രൂപങ്ങളുമായി സങ്കലനപ്പെടുത്തിക്കൊണ്ടുതന്നെ. കല കാലത്തിലൂടെയും പുതിയ പുതിയ അനുഭവങ്ങളിലൂടെയും വൈവിധ്യങ്ങളാര്‍ന്ന കലയാളരിലൂടെ സ്വയം സഞ്ചരിച്ചുകൊണ്ടുമാണ് എല്ലായ്പോഴും മുന്നേറേണ്ടത് എന്നുവരുകില്‍ അതിവിടെ സുനില്‍ എന്ന കലാകാരനില്‍, രേഖാചിത്രണത്തിലായാലും സർഗാത്മക ചിത്രണ ലോകത്തായാലും വൈദഗ്ധ്യത്തോടെ, സൗന്ദര്യാത്മകമായി, അർഥവത്തായി സംഭവിക്കുകയാണ്.

News Summary - weekly history