Begin typing your search above and press return to search.
proflie-avatar
Login

ഹിന്ദു കോഡോ ബ്രാഹ്മണ സിവിൽകോഡോ?

ഹിന്ദു കോഡോ   ബ്രാഹ്മണ സിവിൽകോഡോ?
cancel

ചരിത്രപരമായിതന്നെ ഇന്ത്യയിലെ നിയമക്രോഡീകരണം എന്നത് എക്കാലത്തും ബ്രാഹ്മണിക-ധർമശാസ്ത്രങ്ങൾക്ക് അനുസൃതമായിട്ടാണോ നടന്നിട്ടുള്ളത്? ഹിന്ദുകോഡ് ബിൽ ശരിക്കും എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്? ഏക സിവിൽകോഡ് കൊണ്ടുവരുകയാണെങ്കിൽ എന്തായിരിക്കും അതിന്റെ സത്ത? -വിശകലനം. ഒരൊറ്റ രാജ്യം ഒരൊറ്റ ജനത ഒരൊറ്റ നിയമം എന്ന പദ്ധതിയുടെ പൂർത്തീകരണം എന്നനിലക്കാണ് ഏക സിവിൽകോഡ് വീണ്ടും ചർച്ചയായിരിക്കുന്നത്. നിയമങ്ങളെ ജാതി-മതാതീതമായി ഏകീകരിക്കുന്നു എന്നതാണ് പൊതുവേ ഏക സിവിൽകോഡിന്റെ നേട്ടമായി പലരും കണക്കാക്കുന്നതും അനുകൂലിക്കുന്നതും. ഇന്നേവരെ ഇന്ത്യ ഒട്ടാകെ നടപ്പാക്കാൻ കഴിയുന്ന ഏക സിവിൽകോഡിന്റേതായ ഒരു...

Your Subscription Supports Independent Journalism

View Plans
ചരിത്രപരമായിതന്നെ ഇന്ത്യയിലെ നിയമക്രോഡീകരണം എന്നത് എക്കാലത്തും ബ്രാഹ്മണിക-ധർമശാസ്ത്രങ്ങൾക്ക് അനുസൃതമായിട്ടാണോ നടന്നിട്ടുള്ളത്? ഹിന്ദുകോഡ് ബിൽ ശരിക്കും എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്? ഏക സിവിൽകോഡ് കൊണ്ടുവരുകയാണെങ്കിൽ എന്തായിരിക്കും അതിന്റെ സത്ത? -വിശകലനം.

ഒരൊറ്റ രാജ്യം ഒരൊറ്റ ജനത ഒരൊറ്റ നിയമം എന്ന പദ്ധതിയുടെ പൂർത്തീകരണം എന്നനിലക്കാണ് ഏക സിവിൽകോഡ് വീണ്ടും ചർച്ചയായിരിക്കുന്നത്. നിയമങ്ങളെ ജാതി-മതാതീതമായി ഏകീകരിക്കുന്നു എന്നതാണ് പൊതുവേ ഏക സിവിൽകോഡിന്റെ നേട്ടമായി പലരും കണക്കാക്കുന്നതും അനുകൂലിക്കുന്നതും. ഇന്നേവരെ ഇന്ത്യ ഒട്ടാകെ നടപ്പാക്കാൻ കഴിയുന്ന ഏക സിവിൽകോഡിന്റേതായ ഒരു കരടുരൂപമോ നിയമനിർമാണത്തിനുള്ള മാർഗനിർദേശങ്ങളോ അതിന്റെ വക്താക്കൾപോലും രൂപപ്പെടുത്തിയില്ല എന്നിടത്താണ് അതിനെ കുറിച്ചുള്ള ചർച്ചകൾ വഴിതെറ്റുന്നതും പുകമറക്കുള്ളിൽ അകപ്പെടുന്നതും.

പല സംസ്ഥാനങ്ങളിലും ഏക സിവിൽകോഡ് എന്നപേരിൽ ചില നിയമങ്ങൾ നിലവിൽവന്നിട്ടുണ്ടെങ്കിലും പല സാമുദായിക വിഭാഗങ്ങളെ ഒഴിവാക്കിയത് വഴി പൂർണമായും എല്ലാവർക്കും സാധ്യമായ ഒരു ഏക നിയമം എന്ന നിർവചനം ആ നിയമങ്ങൾക്ക് നൽകാനാവില്ല. ഈ പശ്ചാത്തലത്തിലാണ് ഏകീകരിക്കപ്പെടേണ്ട നിയമങ്ങളേക്കാൾ ഏകീകരിക്കപ്പെട്ട നിയമങ്ങളുടെ ഫലപ്രാപ്തി, പരിശോധനാ വിധേയമാക്കേണ്ടതായിവരുന്നത്.

കൊളോണിയൽ അധിനിവേശത്തിനുമുമ്പ് ഇന്ത്യൻ സാമൂഹിക ജീവിതത്തെയും സാംസ്കാരിക വ്യവസ്ഥയെയും സമ്പൂർണമായി നിയന്ത്രിച്ച് നിലനിർത്തിയിരുന്നത് ധർമശാസ്ത്രങ്ങളായിരുന്നു. വസിഷ്ഠ ധർമസൂത്രം ഉൾപ്പെടെയുള്ള ധർമസൂത്രങ്ങളും മനുസ്മൃതി, യാജ്ഞവൽക്യ സ്മൃതി, നാരദസ്മൃതി തുടങ്ങിയ സ്മൃതികളുമാണ് ഇന്ത്യൻ സാമൂഹികവ്യവസ്ഥയെ നിർണയിച്ച് പോന്നത്.

അയിത്തം, തൊട്ടുകൂട്ടായ്മ, തീണ്ടിക്കൂടായ്മ, സ്ത്രീകളുടെ പാതിവ്രത്യം, വിധവാവിവാഹം നിരോധിക്കൽ, ശൈശവ വിവാഹം, അടിത്തട്ട് ജനതയെ പൊതുവഴികളിലും വിദ്യാലയങ്ങളിലും പ്രവേശിപ്പിക്കാതിരിക്കൽ, ക്ഷേത്രപ്രവേശനം നിരോധിക്കൽ, പൊതു കുളങ്ങളിൽനിന്നും കിണറുകളിൽനിന്നും വെള്ളമെടുക്കാൻ അനുവദിക്കാതിരിക്കുക, സതി തുടങ്ങിയ എണ്ണമറ്റ സാമൂഹിക അസമത്വ വിവേചനങ്ങളെ നിയമമാക്കി സാധൂകരിച്ചിരുന്നത് ധർമസൂത്രങ്ങളും സ്മൃതികളുമായിരുന്നു. ഇന്ത്യയിൽ മനുഷ്യരെ ശ്രേണീകൃതമായി അസമത്വാധിഷ്ഠിതമായി തരംതിരിച്ചതും സ്ത്രീകളുടെയും കീഴോർ സമൂഹങ്ങളുടെയും സാമൂഹിക പദവി ഹീനമായി നിലനിർത്തിയതും സ്മൃതിനിയമങ്ങളായിരുന്നു.

ആധുനിക ഇന്ത്യയിലെ നിയമ ഏകീകരണത്തിന് ബ്രിട്ടീഷ് അധിനിവേശത്തിന് പങ്കുണ്ട് എന്നതാണ് ചരിത്രപരമായ വസ്തുത. സിവിൽ, ക്രിമിനൽ എന്ന ഭേദം ഇല്ലാതെതന്നെ കൂടിക്കലർന്ന അവസ്ഥയിലായിരുന്നു ഇവ നിലനിന്നിരുന്നത്. ധർമശാസ്ത്രാനുബന്ധിയായ ഇത്തരം നിയമങ്ങളെ ഏകീകരിക്കാനും ക്രോഡീകരിക്കാനുമുള്ള ശ്രമം നടക്കുന്നത് 1770കളിൽ വാറൻ ഹേസ്റ്റിങ് ബംഗാളിന്റെ ഗവർണർ ജനറലായി അധികാരത്തിലിരുന്ന കാലഘട്ടത്തിലാണ്. പ്രദേശികമായ നിയമമനുസരിച്ച് മാത്രമേ ആധിപത്യ പ്രദേശങ്ങളെ ഭരിക്കാവൂ എന്ന നിർബന്ധബുദ്ധിയാണ് ബ്രിട്ടീഷുകാരെ അതിനായി പ്രേരിപ്പിച്ചത്.

 

നെഹ്റു,അംബേദ്കർ

അന്ന് സംസ്കൃതത്തിൽനിന്ന് നേരിട്ട് ഇംഗ്ലീഷിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയുന്ന പണ്ഡിതർ ഇല്ലാതിരുന്നതിനാൽ ആദ്യം പതിനൊന്നോളം വരുന്ന വിവിധ സമ്പ്രദായത്തിൽപെട്ട ബ്രാഹ്മണർ ചേർന്ന് സംസ്കൃതത്തിൽതന്നെ ഒരു നിയമാവലി എഴുതുകയാണ് ഉണ്ടായത്. വ്യത്യസ്ത സമ്പ്രാദയങ്ങളുടെയും അഭിപ്രായങ്ങളുടെയും കോഡ്രീകരിക്കപ്പെട്ട ആ രൂപത്തിനെ വിവധാരണസേതു Vivadarnavasetu (‘bridge over the ocean of disputes’) എന്നാണ് നാമകരണം ചെയ്തത്. ഈ നിയമങ്ങളെ പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും അതിൽനിന്നും ഇംഗ്ലീഷിലേക്ക് പരിവർത്തനം ചെയ്യുകയുമാണ് ഉണ്ടായത്. അപ്രകാരം സൃഷ്ടിച്ച നിയമാവലിയെ കോഡ് ഓഫ് ജെൻഡു ലോസ് (A Code of Gentoo Laws or Ordinations of the Pundits) എന്നാണ് നാമകരണം ചെയ്തത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പണച്ചെലവിൽ നടന്ന ഈ ‘യജ്ഞത്തിന്റെ’ ചുമതല നഥാനിയൽ ബ്രാസേ ഹാൽഹെഡ് (Nathaniel Brassey Halhed) എന്ന ഇംഗ്ലീഷ് ഭാഷാ പണ്ഡിതനായിരുന്നു.

ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കായി ശിപാർശ ചെയ്യപ്പെട്ട A Code of Gentoo Lawsനെ അൽപം പഠനവിഷയമാക്കേണ്ടതുണ്ട്. Code of Gentoo law കേവലമായ ഒരു നിയമഗ്രന്ഥം മാത്രമായിരുന്നില്ല; അന്നോളം പരിഭാഷപ്പെടുത്തിയതിൽ ഹിന്ദു ധർമശാസ്ത്ര ആശയങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും പാശ്ചാത്യലോകത്തിന് പരിചയപ്പെടുത്തുന്ന ഒരു ആമുഖ ഗ്രന്ഥംകൂടിയായിരുന്നു ഇത്. ഗ്രന്ഥത്തിന്റെ ആമുഖത്തിൽതന്നെ പരിഭാഷകൻ സംസ്കൃതഭാഷയെയും ഭാരതീയ തത്ത്വശാസ്ത്രങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. A code of Gentoo Laws എന്നതിന്റെ നാമകരണത്തെ കുറിച്ചുള്ള ഭാഗങ്ങൾ ശ്രദ്ധേയമാണ്.

ജീവജാലങ്ങൾ എന്ന അർഥത്തിൽ ഉപയോഗിക്കപ്പെട്ട ജന്തു എന്ന പദമാണ് ഗ്രന്ഥത്തിന്റെ നാമകരണത്തിന് ആധാരമായത്. ആ കാലത്ത് ബ്രാഹ്മണാദി ശൂദ്രർ വ്യത്യസ്ത വിഭാഗങ്ങളായി അറിയപ്പെട്ടിരുന്നു എന്നല്ലാതെ എല്ലാ വിഭാഗം മനുഷ്യരേയും ഉൾക്കൊള്ളുന്ന ഒരു പൊതുനാമം ഉണ്ടായിരുന്നില്ല എന്നും ജന്തു എന്ന ജീവജാലങ്ങളെ സൂചിപ്പിക്കുന്ന പദം അപ്രകാരം എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്ന ഒന്നായി അധ്യാരോപിക്കപ്പെടുകയായിരുന്നു എന്നും ആമുഖം സൂചിപ്പിക്കുന്നു.

ഗ്രന്ഥം വിശദമായിതന്നെ സംസ്കൃത ലിപികളെ പരിചയപ്പെടുത്തുകയും, ഹിന്ദു വേദങ്ങളെയും തത്ത്വശാസ്ത്രങ്ങളിലെ യുഗ സങ്കൽപങ്ങളെയും ഇതിഹാസങ്ങളെയും പുരാണകഥകളെയും മറ്റും പ്രതിപാദിക്കുകയും ചെയ്യുന്നു. ഹിന്ദു ലോക ആരംഭവും പുരുഷ സൂക്തത്തിലെ വർണവ്യതിയാനങ്ങളെയും സവിസ്തരം വിശദീകരിക്കുന്ന ഈ ഗ്രന്ഥം, നിലനിന്നിരുന്ന ഹിന്ദു കലണ്ടർ പ്രകാരമുള്ള മാസങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പ്രസ്തുത ഗ്രന്ഥരചനക്ക് ആധാരമാക്കിയ മനു, ശൂലപാണി, ജീമൂത വാഹനാദി സ്മൃതികാരന്മാരുടെ രചനകളെയും ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. ആകെ 21 അധ്യായങ്ങളായി വിഭജിച്ചിരിക്കുന്ന ഗ്രന്ഥത്തിൽ പലിശ, വാടക, വ്യവസായം, വ്യഭിചാരം, കളവ് എന്നിവയെ സംബന്ധിക്കുന്ന കുറ്റങ്ങളും അവക്കുള്ള ശിക്ഷയും സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.

‘കോഡ് ഓഫ് ജെൻഡു ലോസ്’ എന്നത് അന്ന് നിലനിന്നിരുന്ന ആചാരങ്ങളുടെയും നാട്ടുനടപ്പുകളുടെയും ധർമശാസ്ത്രങ്ങളുടെയും പരിഭാഷ ആയിരുന്നു എന്ന് വ്യക്തമാകാൻ കേവലം ഒരു വിഹഗവീക്ഷണംതന്നെ മതിയാകും. എന്നിരുന്നാലും ചില നിയമങ്ങൾ ഉദാഹരണമായി പരിശോധിക്കേണ്ടതാണ്. കോഡ് ഓഫ് ജെൻഡു ലോസ് എന്ന പുസ്തകത്തിലെ പിതാമഹന്മാരിൽനിന്നുള്ള പിന്തുടർച്ചയെ കുറിച്ച് പറയുന്ന ഭാഗം സെക്ഷൻ 2 ശ്രദ്ധിക്കുക. ഒരു പുരുഷന് മകനോ മകന്റെ മകനോ മൂന്നാം തലമുറയിലെ മകനോ ഇല്ലാതെ വരികിൽ അയാളുടെ ധനം ദത്തുപുത്രനോ അവരുടെ മകനോ ദത്തുപുത്രന്റെ മകന്റെ മകനോ ലഭിക്കും.

സമാനമായി പലിശയുമായി ബന്ധപ്പെട്ട നിയമങ്ങളെ ജെൻഡു കോഡ് ഇങ്ങനെ വിവരിക്കുന്നു: ഒരു ബ്രാഹ്മണന് എതെങ്കിലും വസ്തുവിന്റെ ഈടിൻമേൽ കൊടുക്കുന്ന തുകക്ക്, മുതലിന്റെ എട്ടിലൊന്ന് പലിശയായി കണക്കാക്കാം. ഈടില്ലാത്ത പക്ഷം രണ്ടു ശതമാനം പലിശ വാങ്ങാവുന്നതാണ്. ഒരു ക്ഷത്രിയന് പണം കടം കൊടുക്കുന്ന പക്ഷം ബ്രാഹ്മണൻ ഒരു രൂപ പലിശ നൽകുന്നു എങ്കിൽ ക്ഷത്രിയന്റെ പക്കൽനിന്നും ഒരു രൂപ എട്ടണ പലിശയായി ഈടാക്കാവുന്നതാണ്. വൈശ്യന് ബ്രാഹ്മണന്റെ കൈയിൽനിന്ന് ഈടാക്കുന്നതിനേക്കാൾ രണ്ടിരട്ടി പലിശ നൽകേണ്ടതും ശൂദ്രൻ 2.50 ഇരട്ടി നൽകേണ്ടതും ആണ്. ഇത്തരം സിവിൽ എന്ന് പറയാവുന്ന വ്യവഹാരങ്ങൾ മാത്രമല്ല വ്യഭിചാരങ്ങൾക്കുള്ള ശിക്ഷയും ജെൻഡു കോഡ് ലോ പ്രതിപാദിക്കുന്നുണ്ട്. അതെല്ലാം വർണാടിസ്ഥാനത്തിലാണ് എന്നതും ശ്രദ്ധേയമാണ്. ബ്രാഹ്മണ, ക്ഷത്രിയ വൈശ്യ സ്ത്രീകളുമായി വ്യഭിചാരത്തിലേർപ്പെടുന്ന ശൂദ്രന്റെ ജനനേന്ദ്രിയം ഛേദിക്കണം എന്നാണ് ജെൻഡു കോഡ് ലോ പ്രസ്താവിക്കുന്നത്.

ആര്യ സ്ത്രീകളെ ശൂദ്രൻ ഗമിക്കുന്നത് അധർമവും അശുചികരവുമായാണ് പ്രാചീന ധർമസൂത്രമായ ആപസ്തംബ ധർമസൂത്രം ഗണിക്കുന്നത് (അധർമണാം തു സതതമാചാര: അഥാശുചികരാണി ശൂദ്രഗമന മാര്യസ്ത്രീണാം, ആപസ്തംബ ധർമസൂത്രം, 1. 21 . 12). ശൂദ്രൻ ബ്രാഹ്മണ സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ആ ശൂദ്രനെ അഗ്നിയിലെറിയുകയും ബ്രാഹ്മണ സ്ത്രീയുടെ തല മുണ്ഡനം ചെയ്ത് വിവസ്ത്രയാക്കി ശരീരത്തിൽ മണ്ണും നെയ്യും തേച്ചുപിടിപ്പിച്ച് ഒരു കറുത്ത കഴുതയുടെ പുറത്തു കയറ്റി നഗര പ്രദക്ഷിണം ചെയ്യിക്കണമെന്നും വസിഷ്ഠ ധർമസൂത്രം വിധിക്കുന്നു (21. 1- 4).

വൈശ്യൻ വ്യഭിചാരം ആചരിക്കുന്നത് ബ്രാഹ്മണ സ്ത്രീയോടൊപ്പമാണെങ്കിൽ അവനെ പുല്ലിനൊപ്പം ജീവനോടെ ദഹിപ്പിക്കണമെന്നും, ക്ഷത്രിയ സ്ത്രീ ആണെങ്കിൽ വധശിക്ഷ നൽകണമെന്നും ഗ്രന്ഥം അടയാളപ്പെടുത്തുന്നു. വ്യഭിചാരത്തിൽ ഇടപെടുന്നത് ക്ഷത്രിയനെങ്കിൽ ചുട്ടുപഴുപ്പിച്ച ലോഹംകൊണ്ട് പൊളിക്കുകയും ബ്രാഹ്മണനെങ്കിൽ കേവലം പിഴയൊടുക്കാനുമാണ് പുസ്തകം വെളിവാക്കുന്നത്. ഇതേ വിഷയങ്ങളും സമാനമായ ശിക്ഷാവിധികളും തന്നെയാണ് ധർമസൂത്രങ്ങളിലും സ്മൃതി ഗ്രന്ഥങ്ങളിലും വിവരിച്ചിട്ടുള്ളത്.

ബ്രാഹ്മണിയുമായി സംഗമിക്കുന്ന ശൂദ്രനു തുല്യമായി വൈശ്യനും ക്ഷത്രിയനും ശിക്ഷിക്കപ്പെടണമെന്നും അവരെ ഉണക്കപ്പുല്ലിൽ ദഹിപ്പിക്കണമെന്നും മനു വിധിക്കുന്നു (ഉഭാവപി തു താവേവ ബ്രാഹ്മണ്യാ ഗുപ്തയാ സഹ / വിലുപ്തൌ ശൂദ്രവദ ണ്ഡ്യൌ ദഗ്ദൗ വാ കടാഗ്നിനാ, മനുസ്മൃതി. 8 .373). ബ്രാഹ്മണൻ എന്തുതന്നെ കുറ്റംചെയ്താലും അയാളെ വധിക്കരുതെന്നും മനു ശാസിക്കുന്നു (ന ജാതു ബ്രാഹ്മണം ഹന്യാത് സർവപാപേഷ്വപി സ്ഥിതം, മനു. 8. 376). ഭൂമിയിൽ ബ്രാഹ്മണ വധത്തേക്കാൾ വലിയ അധർമമില്ലെന്നും മനു പ്രസ്താവിക്കുന്നു (ന ബ്രാഹ്മണ വധാദ് ഭൂയാന ധർമോ വിദ്യതേ ഭുവി, മനു. 8. 377).

ഇത്തരത്തിൽ ഇന്ത്യൻ നിയമങ്ങളുടെ ക്രോഡീകരണമെന്ന പേരിൽ ആ കാലത്ത് നടന്നത് ഇന്ത്യയിലെ ബ്രാഹ്മണ നിയമങ്ങളുടെ ക്രോഡീകരണമാണെന്നും ആകാലത്തെ സവർണർ അനുവർത്തിച്ച് പോന്നിരുന്ന നാട്ടാചാരങ്ങളും നിയമങ്ങളും മുഴുവൻ ഹിന്ദുക്കളുടേതുമായി കണക്കാക്കുകയുമാണ് ഭരണാധികാരികൾ ചെയ്തതെന്നും ഇതിൽനിന്നും വ്യക്തമാണ്. എന്നാൽ ധർമശാസ്ത്രങ്ങൾക്കനുസൃതമായി പണ്ഡിറ്റുകൾ മുഖേന ക്രോഡീകരിച്ച ജെൻഡു ലോ നിയമങ്ങൾ ആ കാലത്ത് തന്നെ അപ്രസക്തവും മാനുഷിക വിരുദ്ധവുമാണ് എന്നതിന് തെളിവുകൾ ആ ഗ്രന്ഥത്തിൽതന്നെ അടങ്ങിയിരിക്കുന്നു. 1775 മാർച്ച് 25ന് അന്നത്തെ ബംഗാൾ ഗവർണർ വാറൻ ഹേസ്റ്റിങ്സ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഡയറക്ടർ മാർക്ക് അയച്ച കത്തിൽ പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്:

‘‘കോഡ് ഓഫ് ജെൻഡു ലോ എന്ന ഈ പുസ്തകത്തെ കുറിച്ച് പുസ്തകം സംസാരിക്കുന്നതിലും അപ്പുറമായി എനിക്ക് കൂടുതലൊന്നും പറയാനില്ല. പൊതു കാഴ്ചക്കുതകും വിധം ഈ പുസ്തകത്തിൽ ചില ഒഴിവാക്കലുകളോ മാറ്റങ്ങളോ ഞാൻ ആഗ്രഹിച്ചിരുന്നെങ്കിലും ധർമശാസ്ത്രത്തിൽ മാറ്റങ്ങൾ സാധ്യമല്ല എന്ന പണ്ഡിറ്റുകളുടെ വാദത്തെ അംഗീകരിച്ച് മാറ്റങ്ങളില്ലാതെ തന്നെ അവതരിപ്പിക്കുകയാണ്.’’

 

ബി.എൻ. റാവു, സി.എൻ. അണ്ണാദുരൈ

സവർണ ബ്രാഹ്മണിക ധർമശാസ്ത്രങ്ങൾ ഭരിച്ചിരുന്ന ഒരു പ്രദേശമായിരുന്നു ആ കാലത്തെ ഇന്ത്യൻ ഉപഭൂഖണ്ഡം എന്ന് ഇതിൽനിന്നും സ്പഷ്ടമാണ്. ക്രോഡീകരണമെന്ന പേരിൽ ബ്രാഹ്മണ പണ്ഡിറ്റുകളുടെ സ്വജാതി നിയമം അടിച്ചേൽപിക്കലായിരുന്നു ഈ ‘തർജമ യജ്ഞ’ത്തിൽ സംഭവിച്ചത് എന്ന് ശശി തരൂരും തന്റെ Inglorious Empire എന്ന ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നുണ്ട്. ഇതേ കാരണം കൊണ്ടായിരിക്കാം ഈ നിയമങ്ങൾ നടപ്പാക്കാൻ കമ്പനി സർക്കാർ ശ്രമിച്ചില്ല.

തോമസ് മെക്കാളെയുടെ അധ്യക്ഷതയിലുള്ള ഒന്നാം ലോ കമീഷൻ ഒരു നിയമ ക്രോഡീകരണത്തിനുള്ള ശിപാർശകൾ നിർദേശിക്കുന്നുണ്ടെങ്കിലും തദ്ദേശീയരുടെ നിയമങ്ങളിൽ കാര്യമായി ഇടപെടേണ്ടതില്ല എന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നയംമൂലം ഒരു നീക്കവും നടന്നില്ല. 1857ലെ ശിപായി ലഹളയോടുകൂടി ഭരണം ബ്രിട്ടീഷ് രാജ്ഞി ഏറ്റെടുക്കുകയും അതിനെ തുടർന്നുണ്ടായ വിളംബരത്തിൽ തദ്ദേശീയരുടെ ഒരുവിധ മതനിയമങ്ങളിലും ഭരണകൂടം ഇടപെടുകയില്ല എന്ന വാഗ്ദാനം നടപ്പാവുകയും ചെയ്തു. ഇതോടുകൂടിയാണ് ഭരണകൂടം നേരിട്ട് ഇടപെടേണ്ടി വരുന്ന വ്യവഹാരങ്ങളെയോ കുറ്റങ്ങളെയോ ക്രിമിനൽ എന്നും, വ്യക്തികൾ മാത്രം ഇടപെട്ട് ഒരു തർക്കപരിഹാരം എന്ന രീതിയിൽ മാത്രം ഭരണകൂടം ഇടപെടുന്ന വ്യവഹാരങ്ങളെ സിവിൽ എന്നും തത്ത്വത്തിൽ വേർപിരിയുന്നത്.

1860ൽ ക്രിമിനൽ വ്യവഹാരങ്ങൾക്കായി ജാതിമതഭേദമന്യേ ഇന്ത്യൻ പീനൽ കോഡ് നിലവിൽ വരുമ്പോൾ ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങൾ ക്രോഡീകരിക്കപ്പെടുന്നുണ്ടെങ്കിലും, വിവാഹം, വിവാഹ മോചനം, ദത്ത്, അനന്തരാവകാശംപോലെ ഭരണകൂടം നേരിട്ട് ഉറപ്പാക്കേണ്ടതല്ലാത്ത മതാടിസ്ഥാനത്തിൽ ആചാരമായി നടക്കുന്ന വ്യവഹാരങ്ങളുടെ ക്രോഡീകരണം സംഭവിക്കുന്നില്ല.

അത്തരത്തിൽ ഹിന്ദു സ്ത്രീകളുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട ഒരു നിയമത്തെ കുറിച്ചുള്ള ആലോചനകൾ തുടങ്ങുന്നത് 1920കളിലാണ്. അന്ന് വൈസ്രോയി കൗൺസിൽ അംഗമായ മഹാമഹോപാധ്യായ ഗംഗാനാഥ ഝാ (Mahamahopadhyaya Ganganath Jha) ഹിന്ദു സ്ത്രീകൾക്ക് സ്വത്തവകാശം നൽകുന്നതുമായി ബന്ധപ്പെട്ട ഒരു സംവാദം തുടങ്ങിവെക്കുന്നു. അന്ന് നിസ്സഹകരണ പ്രക്ഷോഭത്തിലായിരുന്ന കോൺഗ്രസിന്റെ പിന്തുണ ലഭിക്കാതെ ആ സംവാദം പതുക്കെ ആറിത്തണുക്കുകയും ചെയ്തു.

പിന്നീട് 1930കളിൽ വീണ്ടും സജീവമാകുന്ന സ്ത്രീകളുടെ സ്വത്തവകാശ വാദം കോൺഗ്രസിനുള്ളിലെ വനിതാ നേതാക്കളുടെ സമ്മർദംമൂലം പ്രമേയമായി പാസാവുകയും 1937ൽ ജി.വി. ദേശ് മുഖ് ഫെഡറൽ ലെജിസ്ലേറ്റിവ് അസംബ്ലിയിൽ ഹിന്ദു സ്ത്രീ സ്വത്തവകാശ നിയമം 1937 (Hindu Women’s Right to Property Act 1937) അവതരിപ്പിക്കുകയും മിതാക്ഷര നിയമത്തിൽനിന്നും വ്യതിചലിച്ചുകൊണ്ട് സ്ത്രീകൾക്ക് ആദ്യമായി സ്വത്തവകാശം അനുവദിക്കുയും ചെയ്തു.

സ്വത്തവകാശം ലഭിച്ചെങ്കിലും ധാരാളം ആന്തരിക വൈരുധ്യങ്ങളും അവ്യക്തതയും ഉള്ളടങ്ങിയതായിരുന്നു ഹിന്ദു സ്ത്രീ സ്വത്തവകാശ നിയമം. അതിലെ ഭേദഗതികളെ അടക്കം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 1945 ജനുവരി 25ന് ബി.എൻ. റാവുവിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപവത്കരിക്കുകയുണ്ടായി. ദ്വാരക നാഥ് മിത്തൽ, ആർ ഗർപ്പൂരെ, രാജരത്ന വാസുദേവ വിനായക ജോഷി എന്നിവരായിരുന്നു ഹിന്ദു ലോ കമ്മിറ്റിയിലെ മറ്റംഗങ്ങൾ. കമ്മിറ്റി പ്രധാനമായും പരിശോധിച്ചത് ഹിന്ദു സ്ത്രീകളുടെ സ്വത്തവകാശത്തെ പറ്റി ആയിരുന്നു. എങ്കിലും 1945ലെ ഹിന്ദു ലോ കമ്മിറ്റിയുടെ റിപ്പോർട്ട് ഹിന്ദു കോഡ് ബില്ലിന്റെ ആദ്യ രൂപമായിരുന്നു. 1947ലെ ലോ കമ്മിറ്റി ഹിന്ദു വിവാഹങ്ങളെ കുറിച്ച് നടത്തിയ നീരീക്ഷണം വളരെ പ്രസക്തമായിരുന്നു.

ജാതി, മത, പ്രാദേശിക വൈവിധ്യങ്ങളുടെ അടിസ്ഥാനത്തിൽ നടക്കുന്ന വിവാഹങ്ങളെ കൃത്യമായി നിയമപരമായി നിർവചിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. പകരം ലോ കമ്മിറ്റി വിവാഹങ്ങളെ ധർമശാസ്ത്രങ്ങൾക്ക് അനുസൃതമായി പുരുഷനും സ്ത്രീയും തമ്മിലുള്ള കൂടിച്ചേരൽ എന്നാണ് നിർവചിച്ചത്. ഇത് അനുലോമ വിവാഹങ്ങൾക്ക് നിയമസാധുത നൽകുകയും പ്രതിലോമ വിവാഹങ്ങൾ നിരോധിക്കുകയും ചെയ്യുന്ന സാഹചര്യം സംജാതമാക്കി. വധു ഉന്നതജാതി ആയിരിക്കുന്ന വിവാഹങ്ങൾ നിയമംമൂലംതന്നെ നിരോധിക്കുന്നതിന് ഇത് കാരണമാകുമെന്നു വന്നതോടെ ഹിന്ദുകോഡ് ബിൽ രണ്ടുതരം വിവാഹങ്ങൾക്ക് സാധൂകരണം നൽകേണ്ടിവന്നു. ഒന്നാമത്തേത് ആചാരപ്രകാരമുള്ള വിവാഹങ്ങളാണ്. ഇത് പൂർണമായും ധർമശാസ്ത്രങ്ങൾക്കനുസൃതമായ വിവാഹങ്ങളായിരുന്നു. മറ്റൊന്ന് സിവിൽ വിവാഹങ്ങൾ. ആചാരവിവാഹങ്ങളുടെ മറ്റൊരു പ്രശ്നം അവ ധർമശാസ്ത്രങ്ങൾ അനുവദിക്കുന്ന വിവാഹബന്ധങ്ങളായിരുന്നു എന്നതിനാൽ ചില പ്രത്യേക ബന്ധത്തിൽ പെട്ടവർ തമ്മിലുള്ള വിവാഹം ആചാരപ്രകാരം നിരോധിക്കപ്പെട്ടിരുന്നു.

ഹിന്ദുകോഡ് ബിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ കാര്യമായി ചർച്ചചെയ്യപ്പെടുകയും വലിയ സംവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. ഹിന്ദു സ്ത്രീകൾക്ക് കൂടുതൽ അനുകൂലമായ സ്വത്തവകാശം, വിവാഹമോചനത്തിനുള്ള അവകാശം, ബഹുഭാര്യത്വ നിരോധനം എന്നിവ യഥാസ്ഥിതിക ബ്രാഹ്മണ്യ മേധാവിത്വത്തെ കാര്യമായി ചൊടിപ്പിക്കുകയും സവർണ ഹിന്ദുക്കൾ ഹിന്ദുകോഡ് ബില്ലിനെതിരെ രംഗത്തെത്തുകയും ചെയ്തു. 1948ൽ ഹിന്ദുകോഡ് ബിൽ അംബേദ്കർ അധ്യക്ഷനായ സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വരുകയും കാര്യമായ ചില മാറ്റങ്ങൾക്ക് വിധേയമാകുകയും ചെയ്തു. ഇക്കാലമത്രയും ഹിന്ദുകോഡ് ബിൽ വിവിധ വിഭാഗങ്ങളുടെ ചർച്ചാ വിഷയമായി തുടർന്നു. ഹിന്ദുകോഡ് ബില്ലിനെ അനുകൂലിക്കുന്നവരേക്കാൾ അധികം എതിർക്കുന്നവരായിരുന്നു.

ഹിന്ദു മഹാസഭ, ജനസംഘം, രാമരാജ്യ പരിഷദ് തുടങ്ങിയ സംഘടനകൾക്ക് പുറമേ ഇന്ത്യയിലെ വിവിധ ബാർ അസോസിയേഷനുകളും മാധ്യമങ്ങളും മത സംഘടനകളും ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു. എന്തിന് ഹിന്ദുക്കൾക്ക് മാത്രമായി ഒരു പൊതുനിയമം മറ്റു മതന്യൂനപക്ഷങ്ങളെകൂടി ഉൾപ്പെടുത്തി ഇന്ത്യക്കാകമാനം ഏകീകൃതമായ ഒരു സിവിൽകോഡ് കൊണ്ടുവരണം എന്ന വാദമാണ് എതിർക്കുന്നവർ ഉന്നയിച്ചത്. ഇത് രാജ്യത്തിന് ഒരൊറ്റ നിയമം എന്നതിനേക്കാളുപരി ഹിന്ദുകോഡിനെ എതിർക്കാനുള്ള വിതണ്ഡാവാദമായാണ് ഉന്നയിക്കപ്പെട്ടത്. കോൺഗ്രസിനകത്തുപോലും ശക്തമായ എതിരഭിപ്രായമുയർന്നതിനെ തുടർന്ന് 1952ലെ പൊതു തെരെഞ്ഞെടുപ്പിനെ നേരിടാൻ ബിൽ പരിഗണിക്കുന്നത് ജവഹർലാൽ നെഹ്റു സർക്കാർ മാറ്റിവെച്ചു. ഇതേ തുടർന്ന് ഡോ. ബി.ആർ. അംബേദ്കർ ശക്തമായി പ്രതിഷേധിക്കുകയും നിയമമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുകയും ചെയ്തു.

പിന്നീട് വീണ്ടും അധികാരത്തിൽ വന്ന നെഹ്റു സർക്കാർ ഹിന്ദുകോഡ് ബില്ലിനെ നാല് വ്യത്യസ്ത ബില്ലുകളായി അവതരിപ്പിച്ച് നിയമങ്ങളാക്കി പാസാക്കുകയാണുണ്ടായത്. ഇങ്ങനെ അവതരിപ്പിക്കപ്പെട്ട നിയമങ്ങൾ സത്യത്തിൽ ബ്രാഹ്മണിക ധർമ്മശാസ്ത്രങ്ങൾക്ക് അനുസൃതമോ സ്മൃതി പാരമ്പര്യങ്ങളുടെ ധാർമികതക്ക് ഉതകുന്നതോ ആയിരുന്നു എന്നതാണ് വസ്തുത. ഹിന്ദു വിവാഹ നിയമം 1955, ഹിന്ദു പിന്തുടർച്ചാവകാശ നിയമം 1956 എന്നിവയെ അടിസ്ഥാനമാക്കി ഈ വാദത്തെ പരിശോധിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ പ്രധാന ഉദ്ദേശ്യ ലക്ഷ്യം.

വിവാഹ നിയമങ്ങളും സംസ്കാരങ്ങളും

1955ൽ നിയമമായി മാറിയ ഹിന്ദു വിവാഹനിയമത്തിലെ ഏറ്റവും പ്രസക്തമായ ഭാഗം ‘ഹിന്ദു’ എന്നതിനെ നിർവചിക്കുന്നതിൽതന്നെ ആയിരുന്നു. അന്ന് ബ്രാഹ്മണമതവുമായി എതിർത്തു നിന്നിരുന്ന സകല ന്യൂനപക്ഷ മതങ്ങളെയും, മതരഹിതരെയും പുറന്തള്ളുന്ന ഒരു നിർവചനമാണ് നിയമപരമായിതന്നെ ഹിന്ദു വിവാഹ നിയമം സ്വീകരിച്ചത്. നിയമം ബാധകമാകുന്ന പൗരന്മാരെ നിർവചിക്കുന്നിടത്ത് വീരശൈവ, ലിംഗായത്ത്, ബ്രഹ്മ, ആര്യ സാമാജികർ, ബുദ്ധ, ജൈന, സിഖ് മതക്കാർ തുടങ്ങിയവരെയൊക്കെതന്നെ ഹിന്ദുക്കളായി നിർവചിച്ചിരിക്കുന്നു. ബുദ്ധ, ജൈന, സിഖ് മതത്തിലേക്കോ തിരിച്ചോ മത പരിവർത്തനം ചെയ്തവരെയും ഹിന്ദുക്കൾ എന്നുതന്നെ നിർവചിക്കുമ്പോൾ തദ്ദേശീയരായ മുസ്‍ലിം, ക്രിസ്ത്യൻ, ജൂത, പാഴ്സി മതസ്ഥർ ഹിന്ദുക്കൾ അല്ല എന്ന് ഉറപ്പായും നിയമം അനുശാസിക്കുന്നു.

ഇതിലൂടെ ആദ്യമായി ചെയ്യുന്നത് വൈദേശിക മതങ്ങളെ പൂർണമായും ഒഴിവാക്കി മറ്റു മതസ്ഥരെ മുഴുവൻ ഹിന്ദു എന്ന ഒരൊറ്റ സംജ്ഞക്കുള്ളിലേക്ക് തിരുകിക്കയറ്റി വെക്കുക എന്നതാണ്. ഹിന്ദു വിവാഹ നിയമം എറ്റവും മുന്നാക്കക്കാരനായ ബ്രാഹ്മണനെയും അധഃസ്ഥിതവിഭാഗത്തിൽപെടുന്ന ഏറ്റവും പിന്നാക്കാരനായ ദലിതനെയും ഒരേനിലയിൽ കാണുന്നു എന്നത് തന്നെയാണ് അതിന്റെ നിർവചനംകൊണ്ട് തന്നെ തെളിയുന്നത്.

ആരാണ് ഹിന്ദു എന്ന ചോദ്യം ഈ നിയമത്തെ അടിസ്ഥാനമാക്കി ഉന്നയിച്ചാൽ ഹിന്ദുത്വ ആശയകാരന്മാർ നൽകുന്ന ‘ഭാരതത്തെ പിതൃഭൂമിയും പുണ്യഭൂമിയും ആയി കണക്കാക്കുന്നവരെല്ലാം ഹിന്ദു’ എന്ന വാദത്തോട് അടുത്തുനിൽക്കുന്ന ഒരു നിർവചനമാണത്. വൈദേശിക മതങ്ങളെ ആന്തരികമായി ശത്രുപക്ഷത്ത് നിലനിർത്തുന്ന ഹിന്ദുത്വ ബ്രാഹ്മണ്യ ആശയങ്ങളോട് അടുത്തുനിൽക്കുന്ന നിർവചനംകൂടിയാണിത് എന്ന് വിശദമായി പരിശോധിച്ചാൽ മനസ്സിലാകും. ഇത്തരത്തിൽ ഇന്ത്യയിലെ വ്യത്യസ്ത ജാതി വിഭാഗങ്ങളെ മുഴുവൻ ഹിന്ദു എന്ന ഒരൊറ്റ സംജ്ഞയിൽ ചേർത്ത്, അവർക്കായി നിർമിക്കുന്ന നിയമത്തിന്റെ ധാർമികതയും സ്വഭാവവും തീർച്ചയായും പരിഗണിക്കേണ്ടതുണ്ട്.

മഹാമഹോപാധ്യായ ഗംഗാനാഥ ഝാ 

ഏതുതരം ധാർമികതയും സംസ്കാരവുമാണ് വിവാഹ കാര്യത്തിൽ ഹിന്ദു വിവാഹ നിയമം സ്വീകരിച്ചത് എന്ന് മനസ്സിലാക്കുന്നതിന് വിവാഹത്തിലെ ബന്ധുത്വ യോഗ്യത (Relational Qualifications) പരിശോധിച്ചാൽ മതിയാവും. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 5, വിവാഹത്തിനുള്ള നിബന്ധനകളിലെ ഉപ സെക്ഷൻ V അനുസരിച്ച്, വിവാഹം സാധു ആയിരിക്കുന്നതിന് വരനും വധുവും സപിണ്ഡ ബന്ധുത്വത്തിൽ പെടുന്നവർ അല്ലാതിരിക്കണം. എന്താണ് സപിണ്ഡ എന്നതിനും കൃത്യമായ നിർവചനം നിയമത്തിൽ പറയുന്നുണ്ട്. മാതാവിന്റെ മൂന്നു തലമുറ പിറകിലേക്കോ പിതാവിന്റെ അഞ്ച് തലമുറ പിറകിലേക്കോ ഉള്ള സഹോദര-സഹോദരി, പുത്ര-പുത്രിമാർ സപിണ്ഡരാണ്.

സപിണ്ഡരെ കുറിക്കുന്ന പൗരാണിക ഹിന്ദു ഗ്രന്ഥം മനുസ്മൃതിയാണ്. മനുസ്മൃതി (5.60 ) അനുസരിച്ച് സപിണ്ഡ ബന്ധുത്വം എന്നത് മാതാവിന്റെയോ പിതാവിന്റെയോ ഏഴു തലമുറ പിന്നിലുള്ള സഹോദര-സഹോദരി, പുത്ര-പുത്രിമാരാണ്. നിയമത്തിൽ അൽപംകൂടി പ്രായോഗികമായ അഞ്ചും മൂന്നും തലമുറ പിന്നോട്ട് എന്ന നടപടി സ്വീകരിച്ചു എന്നുവേണം അനുമാനിക്കാൻ. പ്രസക്തമായ കാര്യം നേരത്തേ സൂചിപ്പിച്ചതുപോലെ മനുസ്മൃതി വിവാഹ ബന്ധുത്വ യോഗ്യതയായി കണക്കാകുന്ന സപിണ്ഡേതര വിവാഹപദ്ധതിയാണ് ഹിന്ദു വിവാഹ നിയമത്തിലും സ്വീകരിച്ചിരിക്കുന്നത് എന്നതാണ്.

‘‘അസപിണ്ഡാ ചയാ മാതുരസ ഗോത്രാ ച യാ പിതുഃ /

സാ പ്രശസ്താ ദ്വിജാതീനാം ദാരകർമണി മൈഥുനേ.’’(മനു . 3.5)

പിതാവിന്റെയോ മാതാവിന്റെയോ സപിണ്ഡയല്ലാത്തവളും അതേ ഗോത്രത്തിൽപെടാത്തവളും ആയ കന്യക ദ്വിജന്മാർക്ക് വിവാഹത്തിനും പുത്രോൽപാദനത്തിനും യോഗ്യയാകുന്നു എന്ന് മനുസ്മൃതി വിധിക്കുന്നു. എന്നാൽ, മാതൃ സഹോദര-സഹോദരി പുത്ര, പുത്രിമാർ തമ്മിലുള്ള വിവാഹം (മുറപ്പെണ്ണ്, മുറച്ചെറുക്കൻ) തുടങ്ങിയ വിവാഹരീതികൾ ദക്ഷിണേന്ത്യയിൽ ഇന്നും നിലനിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്. ദ്രാവിഡരീതികളിൽ മാതൃസഹോദരനെ (മുറൈമാമൻ) വേൾക്കുന്ന പതിവ് ഇന്നും തുടരുന്നുണ്ട്. ഇത് മനുസ്മൃതിക്ക് ഘടകവിരുദ്ധമാണെങ്കിൽകൂടി ഹിന്ദു എന്ന നിർവചനത്തിൽ അവരെക്കൂടി ഉൾപ്പെടുത്തേണ്ടതിനാൽ നിയമത്തിൽ ചെറിയൊരു അപവാദം സൃഷ്ടിക്കുകയാണ് വിവാഹ നിയമം ചെയ്യുന്നത്.

ഹിന്ദു വിവാഹ നിയമത്തിന്റെ സെക്ഷൻ 5ന്റെ ഉപ സെക്ഷനിൽ സപിണ്ഡ വിവാഹം നിരോധിക്കുന്നതിനോടൊപ്പം തന്നെ അതത് സമുദായങ്ങളിലെ നാട്ടാചാരങ്ങളും പതിവുകളും അനുവദിക്കുമെങ്കിൽ അത് സാധുവാണ് എന്ന് എഴുതിച്ചേർക്കുകയാണ് ഉണ്ടായത്. മറ്റൊരുരീതിയിൽ പറഞ്ഞാൽ, മനുസ്മൃതിയെ ആധാരമാക്കി മുഖ്യമായ ഒരു നിയമം കൊണ്ടുവരുകയും അതിൽ ഹിന്ദു എന്ന നിർവചനത്തിൽ മറ്റുള്ളവരെ ഉൾപ്പെടുത്തുന്നതിനുവേണ്ടി മാത്രം അവരുടെ ആചാരങ്ങളെയും വിവാഹ സംസ്കാരങ്ങളെയും ഒരു ആക്ഷേപമോ അപവാദമോ ആയി മാത്രം ഉൾച്ചേർക്കുകയും ചെയ്തിരിക്കുന്നു.

ബഹുഭാര്യത്വം നിരോധിക്കുക വഴി ഒരു പുരോഗമന ചുവടാണ് ഹിന്ദു വിവാഹ നിയമം മുന്നോട്ടുവെച്ചത്. ഹിന്ദുകോഡ് ബിൽ രൂപപ്പെടുന്ന കാലത്തുതന്നെ ബഹുഭാര്യത്വം നിരോധിക്കണമെന്ന ആശയം സ്ത്രീ സംഘടനകൾ മുന്നോട്ടുവെക്കുകയും ഹിന്ദു വിവാഹ നിയമത്തിൽ നിബന്ധനകളിൽ ഒന്നാമതായിതന്നെ ബഹുഭാര്യത്വം നിരോധിക്കുകയും പങ്കാളി ജീവിച്ചിരിക്കുമ്പോൾ നടത്തുന്ന വിവാഹം അസാധുവാക്കുകയും ചെയ്തു. ഇതോടെ ഏക പങ്കാളി എന്ന തത്ത്വത്തിലേക്ക് ഹിന്ദു സമൂഹം മാറി. ഇതിലൂടെ മനുസ്മൃതി നിരോധിച്ച പ്രതിലോമ വിവാഹങ്ങളെ മാത്രമല്ല, അനുവദിച്ച അനുലോമ വിവാഹങ്ങളെപ്പോലും ഇല്ലാതാക്കുകയും ഏക സ്വജാതി വിവാഹങ്ങളായി ഹിന്ദു സമൂഹം ചുരുങ്ങുന്നതിനിടയാകുകയും ചെയ്തു.

‘‘ശൂദ്രന് ശൂദ്ര സ്ത്രീതന്നെയാണ് ഭാര്യ, വൈശ്യനും വൈശ്യയും ശൂദ്രയും ആകാം, ക്ഷത്രിയനാകട്ടെ ക്ഷത്രിയ സ്ത്രീയും വൈശ്യ, ശൂദ്ര സ്ത്രീകളെയും വേൾക്കാം. ഇതിൽ ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യാദി ത്രൈവർണികർക്ക് ആദ്യ വിവാഹം സ്വവർണത്തിൽനിന്നുതന്നെ ആയിരിക്കണമെന്നും രണ്ടാമത് വരുന്ന വിവാഹത്തിൽ വർണക്രമത്തിൽ താഴെയുള്ള ഏത് വർണത്തിൽനിന്നും വിവാഹമാകാം’’എന്നും മനു നിശ്ചയിക്കുന്നു.

(സവർണാഗ്രേ... ചാഗ്ര ജന്മനഃ, മനുസ്മൃതി. 3.13-14)

ആദ്യ വിവാഹം ശൂദ്രയുമായി സംഭവിച്ചാൽ ത്രൈവർണികരുടെ കുലം ശൂദ്രകുലമായി പരിണമിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് മനു ആദ്യവിവാഹം സ്വവർണത്തിൽപെട്ട സ്ത്രീകളോട് മാത്രമേ പാടുള്ളൂ എന്ന് നിഷ്കർഷിക്കുന്നത് (മനു 3.15-16). മറ്റൊരു പ്രധാന കാരണം ത്രൈവർണികരുടെ സഹധർമിണിയായ ശൂദ്ര സ്ത്രീ ചെയ്യുന്ന ദൈവ-പിതൃ-ആതിഥേയ കർമങ്ങൾ ദൈവങ്ങളോ പിതൃക്കളോ ആതിഥേയരോ സ്വീകരിക്കുകയില്ലെന്നും മനു സ്പഷ്ടമാക്കുന്നു. ഇതിലൂടെ തെളിയുന്നത്, ത്രൈവർണിക ആചാരബദ്ധമായ വിവാഹ സംസ്കാരത്തിന് പുറത്താണ് ശൂദ്ര സ്ത്രീയുമായുള്ള ത്രൈവർണികരുടെ വിവാഹബന്ധം നിലനിൽക്കുന്നത് എന്നാണ്.

യഥാർഥത്തിൽ, ഏക ഭാര്യത്വമെന്ന ഹിന്ദു വിവാഹ നിയമത്തെയും ആദ്യ വിവാഹം സ്വവർണത്തിൽനിന്നുതന്നെ വേണമെന്ന മനുശാസനയെയും ഒന്നിച്ചു ചേർത്ത് വായിക്കുകയാണ് ത്രൈവർണികർ ചെയ്തത്. തൽഫലമായി സ്വജാതി, സ്വവർണ ഏകഭാര്യത്വ വിവാഹങ്ങളായി ഹിന്ദു വിവാഹങ്ങൾ മാറുകയും മനുസ്മൃതി അനുസരിച്ചുപോലും അനുവദനീയമായ അനുലോമ വിവാഹങ്ങൾ വഴി ജാതി മിശ്രണങ്ങൾ ഇല്ലാതാവുകയും ചെയ്തു.

മുമ്പ് സൂചിപ്പിച്ച ഹിന്ദു ലോ കമ്മിറ്റി മുന്നോട്ടുവെച്ച ആചാര വിവാഹങ്ങളും സിവിൽ വിവാഹങ്ങളും എന്ന വ്യത്യാസം ഹിന്ദു വിവാഹനിയമം പൂർണമായും തള്ളിക്കളയുകയും ഹിന്ദു വിവാഹങ്ങളെ ആചാര വിവാഹങ്ങൾ (Customary Marriages) മാത്രമാക്കുകയുമാണ് ചെയ്തത്. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 അനുസരിച്ച് വിവാഹ പൂർത്തീകരണത്തിന് ചില നിബന്ധനകളുണ്ട്. വരന്റെയോ വധുവിന്റെയോ ആചാരങ്ങളുടെയോ ചടങ്ങുകളുടെയോ പൂർത്തീകരണമാണ് വിവാഹത്തിന്റെ പൂർത്തീകരണമായി കണക്കാനുള്ള ഒരുപാധി.

ഈ ചടങ്ങുകളിൽ യാഗാഗ്നിക്കു സമീപത്ത് ഏഴു ചുവട​ുവെക്കുന്ന ‘സപ്തപദി’ കൂടി ഉൾപ്പെടണമെന്ന് ഹിന്ദു വിവാഹ നിയമം അനുശാസിക്കുന്നു. വരന്റെയോ വധുവിന്റെയോ ആചാരങ്ങൾ എന്നത് ജാത്യാചാരങ്ങളായിരിക്കെ, ജാത്യാചരങ്ങൾ പ്രാദേശിക, സമുദായ ഭേദങ്ങളോടെ കന്യാദാനം, പാണിഗ്രഹണം, മംഗല്യ സൂത്രധാരണം എന്നിങ്ങനെ ബ്രാഹ്മണിക ആചാരങ്ങളുടെ രീതികൾ പിന്തുടരുന്നവയാണ്. ഹിന്ദു വിവാഹനിയമം അനുസരിച്ച് വിവാഹം ചെയ്യുന്നതിന് ഇതിലെ പല ചടങ്ങുകളും ആചരിക്കേണ്ടിവരുന്നത് ബ്രാഹ്മണ്യ വിവാഹരീതികളുടെ അടിച്ചേൽപിക്കലായി മാറുന്നു എന്നതാണ് ഇതിന്റെ ആകെ ഫലം.

ഈ ബ്രാഹ്മണ്യ ആചാരങ്ങളുടെ അടിച്ചേൽപിക്കൽ ചരിത്രത്തിൽ ഉടലെടുത്തത് തമിഴ്നാട്ടിലെ സ്വാഭിമാന പ്രസ്ഥാനവുമായി ബന്ധപ്പെട്ടായിരുന്നു. പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രസ്ഥാനം ബ്രാഹ്മണ പുരോഹിതരെയും അവരുടെ ആചാരങ്ങളെയും പൂർണമായും ത്യജിച്ചു. ‘‘സ്വയമര്യാദൈ വിവാഹങ്ങൾ’’ എന്ന് അറിയപ്പെട്ട ഈ വിവാഹങ്ങൾ തമിഴ് നാട്ടിൽ വ്യാപകമായിരുന്നു. എന്നാൽ, ഹിന്ദു വിവാഹ നിയമത്തിലെ ആചാര പൂർത്തീകരണത്തിന്റെ നിബന്ധന കാരണം ഇവ സാധു ആകുമായിരുന്നില്ല. ഈ ഘട്ടത്തിലാണ് പുതിയ നിയമനിർമാണത്തിനുവേണ്ടിയുള്ള ആവശ്യമുയർന്നത്. എന്നാൽ, 1966 വരെ മദ്രാസ് സംസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസ് ഈ ആവശ്യത്തെ നിരാകരിച്ചു.

1967ൽ സി.എൻ. അണ്ണാദുരെയുടെ നേതൃത്വത്തിൽ ആദ്യ ഡി.എം.കെ മന്ത്രിസഭ ഭരണത്തിൽ വരുന്നതോടെ ഇത്തരം ബ്രാഹ്മണിക ആചാരങ്ങളില്ലാത്ത സ്വയമര്യാദൈ വിവാഹങ്ങളെ കൂടി സാധുവാക്കുന്നതിന് Hindu marriage (Madras amendment) act, 1967 എന്ന പേരിൽ ഹിന്ദു വിവാഹനിയമത്തിൽതന്നെ ഒരു ഭേദഗതി കൊണ്ടുവരുകയും, നിബന്ധനകളുടെ സെക്ഷൻ 7 ലേക്ക് ഒരു പുതിയ സെക്ഷൻ 7A കൂടി ഉൾപ്പെടുത്തുകയും ചെയ്തു. ഈ ഭേദഗതിയോടുകൂടി വരനും വധുവും സാക്ഷികൾ കാൺകെ പ്രതിജ്ഞ ചെയ്യുകയോ മാല അണിയിക്കുകയോ ചെയ്യുന്നത് വിവാഹ പൂർത്തീകരണമായി കണക്കാക്കമെന്നും വിവാഹത്തിന് സാധുത നൽകാമെന്നുമുള്ള നിലവന്നു. എന്നാൽ ഇത് തമിഴ്നാട് സർക്കാർ കൊണ്ടുവന്ന ഭേദഗതി ആകയാൽ തമിഴ്നാടിന് മാത്രമാണ് ബാധകമായത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ ഏതൊരു വ്യക്തിക്കും ഗോത്രവംശജർക്കും അവർകൂടി ഉൾപ്പെടുന്ന ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹിതരാകാൻ ബ്രാഹ്മണിക ആചാരരീതികളെ പിന്തുടരേണ്ടിവരുന്നു എന്നതാണ് വസ്തുത.

 

ഹിന്ദു അനന്തരാവകാശ നിയമവും ദായഭാഗവും

ഹിന്ദു അനന്തരാവകാശ നിയമം സെക്ഷൻ 14 പ്രകാരം സ്ത്രീയുടെ വിവാഹത്തിനുമുമ്പോ ശേഷമോ അനന്തരാവകാശം മുഖേനയോ കുടുംബ ഭാഗത്തിലെ വിഹിതത്തിൻ ഫലമായോ ജീവനോപാധിയായി ലഭിക്കുന്നതോ ബന്ധുക്കളോ അല്ലാത്തവരിൽനിന്ന് ലഭിക്കുന്ന സമ്മാനമോ ആയ എല്ലാവിധ സ്ഥാവരജംഗമവസ്തുക്കളെയും സ്ത്രീധനം എന്ന് വിവക്ഷിച്ച് സ്ത്രീയുടെ മാത്രം ധനമായി പൂർണ അവകാശം നൽകിയിരിക്കുന്നു. ഇത് മനസ്സിലാക്കുന്നതിന് മുന്നോടിയായി സ്ത്രീധനം എന്ന സങ്കൽപം നിയമപ്രകാരം നിരോധിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം. പൊതുവേ 1961ലെ ഡൗറി പ്രോഹിബിഷൻ നിയമ പ്രകാരം സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ് എന്ന ധാരണയാണ് പലർക്കുമുള്ളത്.

മലയാളത്തിൽ ഈ നിയമത്തെ പലപ്പോഴും ‘സ്ത്രീധന നിരോധന നിയമം’ എന്ന് വിളിക്കാറുമുണ്ട്. എന്നാൽ, സ്ത്രീധനവും ഡൗറിയും വ്യത്യസ്തമായാണ് നിയമം കണക്കാക്കുന്നത്. 1961ലെ നിയമപ്രകാരം ഡൗറി നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, സ്ത്രീധനം പൂർണമായും നിരോധിക്കപ്പെട്ടിട്ടില്ല. സ്ത്രീധനത്തെ ഡൗറിയിൽനിന്നും വ്യത്യസ്തമാക്കുന്നത് അതിലെ ‘ആവശ്യം’ അഥവാ ‘ചോദന’ (Demand)യാണ്. സ്ത്രീധനം എന്നതിനെ ഹിന്ദു അനന്തരാവകാശ നിയമമനുസരിച്ച് നേരത്തേ വിവരിച്ചുവല്ലോ. ഇത് 1985ൽ പ്രതിഭ റാണി v/s സുരജ് കുമാർ എന്ന വ്യവഹാരത്തിൽ പരമോന്നത കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കന്യകയോ വിവാഹിതയോ വിധവയോ ആയ സ്ത്രീക്ക് വിവാഹത്തിന് മുമ്പായോ വിവാഹവേളയിലോ വധുവിന്റെ പുറപ്പാട് ചടങ്ങ് സമയത്തോ സ്നേഹസൂചകമായി ഭർതൃ മാതാവോ ഭർതൃപിതാവോ നൽകുന്നതോ, സ്വ മാതാ, പിതാ, ഭ്രാതാക്കളോ നൽകുന്നതോ ആയ സമ്മാനങ്ങളെ സ്ത്രീധനം എന്ന് കോടതിതന്നെ വ്യക്തമാക്കുന്നു. ഡൗറി നിരോധന നിയമം പ്രകാരം ഇത്തരം സമ്മാനങ്ങളെയോ, വസ്തുക്കളെയോ ആവശ്യപ്പെടുന്നതോ ആ ആവശ്യപ്രകാരം മാത്രം കൊടുക്കുന്നതോ ആണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. വ്യക്തമായി പറഞ്ഞാൽ ഭർതൃ ബന്ധുക്കളുടെ നിർബന്ധപൂർവമല്ലാതെ, സ്നേഹ സൂചകമായി സമ്മാനിക്കുന്നത് സ്ത്രീയുടെ മാത്രം അവകാശമായ സ്ത്രീധനമായി പൂർണാവകാശത്തിൽ നിയമംമൂലംതന്നെ അനുവദിച്ചിരിക്കുന്നു.

സ്ത്രീധനം എന്ന ആശയത്തിന്റെ ഉറവിടം മനസ്സിലാക്കേണ്ടത് ഈ അവസരത്തിലാണ്. ജ്ഞാനിയായ കന്യാപിതാവ് അൽപംപോലും കന്യാശുൽക്കമാകുന്ന ധനം സ്വീകരിക്കരുതെന്നും ലോഭം നിമിത്തം ധനം വാങ്ങിച്ചാൽ അയാൾ സന്താനത്തെ വിൽക്കുന്നവനായി തീരുമെന്നു മനു പ്രസ്താവിക്കുന്നു:

‘‘ന കന്യായാ: പിതാ വിദ്വാൻ ഗൃഹ്ണിയാത് ശുൽകമന്വപി /

ഗൃഹ്ണം ശുൽകം ലോഭേന സ്യാന്നരോ അപത്യ വിക്രയീ’’(മനു. 3.51)

അതേസമയം മനു മറ്റൊരിടത്ത് അനുശാസിക്കുന്നത്,

‘‘സ്ത്രീധനാ നിതു യേ മോഹാദുപ ജീവന്തി ബാന്ധവാ:/

നാരീ യാനാനി വസ്ത്രം വാ തേ പാപാ യാന്ത്യധോഗതിം’’ (മനു 3.52) എന്നാണ്. അതായത്, സ്ത്രീധനമായി ലഭിച്ച വാഹനം, വസ്ത്രം മുതലായ വസ്തുക്കൾ ഉപയോഗിച്ചാൽ ആ പാപത്താൽ ഭർതൃബന്ധുക്കൾ അധോഗതി പ്രാപിക്കുമെന്ന് മനു വിധിക്കുന്നു. ഇതിൽനിന്ന് ആ കാലത്ത് സ്ത്രീധനം ലഭിച്ചിരുന്നു എന്നും കാണാവുന്നതാണ്. വരൻ നൽകുന്ന ധനം കന്യകയുടെ പിതാവ് എടുക്കാതെ അത് കന്യകക്ക് തന്നെ നൽകിയാൽ അതിൽ തെറ്റില്ലെന്നും മനു പറയുന്നുണ്ട് (മനു .3.54). ആ കാലത്ത് വിവാഹങ്ങളെന്നത് കന്യാശുൽകവും സ്ത്രീധനവും ഉൾപ്പെടുന്ന സാമ്പത്തിക ഇടപാടുകൾകൂടി അടങ്ങുന്ന പ്രക്രിയകളായിരുന്നു എന്ന് ഇതിൽനിന്നും അനുമാനിക്കാം. പുരുഷനും സ്ത്രീയുമായുള്ള കൂടിച്ചേരൽ എന്നതിനപ്പുറം സാമ്പത്തിക ഇടപാടുകളുടെ കൂത്തരങ്ങായി വിവാഹങ്ങൾ മാറുന്നതിന് മനുസ്മൃതിയുടെ നിയമങ്ങളും സ്വാധീനിച്ചു എന്നതാണ് ഹിന്ദു സിവിൽ നിയമങ്ങൾ സൃഷ്ടിച്ച ദുര്യോഗം.

ഹിന്ദു അനന്തരാവകാശ നിയമം സ്ത്രീയോട് വിവേചനഭരിതമായി പ്രവർത്തിക്കുന്ന സന്ദർഭങ്ങൾ വേറെയുമുണ്ട്. നിയമത്തിന്റെ സെക്ഷൻ 8 ഹിന്ദു പുരുഷന്റെ ദായക്രമവും സെക്ഷൻ 15 ഹിന്ദു സ്ത്രീയുടെ ദായക്രമവും വിശദമാക്കുന്നു. അതിന്റെ താരതമ്യം ഇപ്രകാരമാണ്: ഹിന്ദു പുരുഷന്റെ സ്വത്തുക്കൾ ആദ്യമായി (ക്ലാസ് 1 പിന്തുടർച്ചക്കാർ) ഭാര്യ, മക്കൾ, മുമ്പേ മരിച്ചുപോയ മക്കളുടെ മക്കൾ എന്നിവർക്കായി വീതിക്കപ്പെടും. ക്ലാസ് 1ൽ പെടുന്ന പിന്തുടർച്ചക്കാരില്ലെങ്കിൽ മാത്രം ക്ലാസ് 2ൽ പെടുന്ന പിന്തുടർച്ചക്കാരിലേക്ക് വീതം വെക്കപ്പെടുന്നു. ക്ലാസ് 2 എന്നത് വീണ്ടും ഭാഗിച്ചിട്ടുണ്ട്. ഇതിൽ മുഖ്യമായും മരിച്ച പുരുഷന്റെ പിതാവ്, സഹോദരങ്ങൾ, മരിച്ചുപോയ സഹോദരങ്ങളുടെ മക്കൾ, മരിച്ച പുരുഷന്റെ കൊച്ചുമക്കൾ എന്നിവർ ഉൾപ്പെടും, ആദ്യ രണ്ട് ക്ലാസിൽപെട്ട പിന്തുടർച്ചക്കാരില്ലെങ്കിൽ മാത്രം ക്ലാസ് 3, അതായത് മരിച്ച പുരുഷന്റെ പിതൃഭാഗത്തിലെ ബന്ധുക്കൾക്കും അവരില്ലെങ്കിൽ മാത്രം മാതൃഭാഗത്തെ ബന്ധുക്കൾക്കും പിന്തുടർച്ചാവകാശം ലഭിക്കുന്നു.

എന്നാൽ, സെക്ഷൻ 15 അനുസരിച്ച് ഹിന്ദു സ്ത്രീയുടെ മരണത്തോടെ സ്വത്തുക്കൾ ഭാഗിക്കുന്നത് മറ്റൊരു വിധത്തിലാണ്. ആദ്യമായി അവരുടെ മക്കളിലേക്കും ഭർത്താവിലേക്കും സ്വത്തുക്കൾ എത്തിച്ചേരുന്നു. ഇവരാരുമില്ലാത്ത അവസ്ഥയിൽ മരിച്ച സ്ത്രീയുടെ ഭർത്താവിന്റെ മാതാപിതാക്കൾക്ക് ആ സ്ത്രീയുടെ സ്വത്തുക്കൾ ലഭിക്കുന്നു. ഭർതൃമാതാപിതാക്കൾ ഇല്ലെങ്കിൽ മാത്രം സ്വമാതാപിതാക്കളിലേക്ക് പിന്തുടർച്ചാവകാശം എത്തിച്ചേരുകയും അവരില്ലെങ്കിൽ മരിച്ച സ്ത്രീയുടെ പിതാവിന്റെ അനന്തരാവകാശികളിലേക്ക് സെക്ഷൻ 8 അനുസരിച്ച് സ്വത്ത് സംക്രമിക്കുകയും ചെയ്യുന്നു. ശേഷം മാത്രമേ മാതാവിന്റെ ബന്ധുക്കളിലേക്ക് പിന്തുടർച്ചാവകാശം എത്തിച്ചേരുകയുള്ളൂ.

ഇതിൽനിന്ന് തന്നെ ഹിന്ദു അനന്തരാവകാശം സ്ത്രീക്കും പുരുഷനും വ്യത്യസ്തമാണെന്നും സ്ത്രീയോട് വിവേചനഭരിതമായി പെരുമാറുന്നു എന്നും വ്യക്തമാണ്. സ്ത്രീ സ്വപ്രയത്നത്താലോ വിവേകത്താലോ ആർജിക്കുകയോ അവർക്ക് വന്നുചേരുകയോ ചെയ്യുന്ന സ്വത്തുവകകൾ അവരുടെ മരണശേഷം പിന്തുടർച്ചാവകാശമായി ലഭിക്കുന്നതിന് സ്വ മാതാ, പിതാക്കളെക്കാൾ മുൻഗണന ഭർതൃമാതാപിതാക്കൾക്കാണ് എന്നതാണ് ഹിന്ദു അനന്തരാവകാശ നിയമം സെക്ഷൻ 15ന്റെ നിയമപരമായിതന്നെയുള്ള വിവേചനം.

2009ൽ സുപ്രീകോടതിയിൽ തീരുമാനിക്കപ്പെട്ട ഓംപ്രകാശ് Vs രാധാചരൺ എന്ന വ്യവഹാരം ഈ അനീതിയെ ചൂണ്ടിക്കാണിക്കുന്നു. 1955ൽ നാരായണി ദേവി എന്ന ഹിന്ദു സ്ത്രീ ദീൻദയാൽ ശർമയെ വിവാഹം കഴിക്കുന്നു. വിവാഹത്തിന് മൂന്നുമാസം തികയും മുമ്പേ ദീൻദയാൽ ശർമ മരണപ്പെടുകയും നാരായണി ദേവി കുട്ടികളില്ലാതെതന്നെ വിധവയായി മാറുകയും ചെയ്യുന്നു. ക്രൂരമായ ഭർതൃഗൃഹ പീഡനത്തിന് ഇരയാകുന്ന നാരായണി ദേവി ഭർതൃവീട്ടിൽനിന്നും ആട്ടിയൊടിക്കപ്പെട്ട് സ്വഗൃഹത്തിലേക്ക് മടങ്ങുന്നു. അവിടെ അഭയം ലഭിക്കുന്ന അവർ ഏറെക്കാലം ജീവിക്കുകയും സ്വപ്രയത്നത്താലും അധ്വാനത്താലും സ്വത്തുവകകൾ ആർജിക്കുകയും ചെയ്യുന്നു.

ഇതിൽ സ്വന്തം സഹോദരന്മാരുടെയും മാതാവിന്റെയും സഹായം ആവോളം നാരായണി ദേവിക്ക് ലഭിക്കുന്നുണ്ട്. 1996ൽ നാരായണി ദേവി മരണപ്പെടുന്നു. ഭർത്താവോ കുട്ടികളോ ഇല്ലാത്തതിനാൽ സെക്ഷൻ 15 അനുസരിച്ച് നാരായണി ദേവിയുടെ മുഴുവൻ സ്വത്തുക്കളും ഭർതൃബന്ധുക്കൾക്ക് അവകാശപ്പെടുന്നു. സ്ത്രീയുടെ സ്വയാർജിത സ്വത്തുക്കളുടെ പിന്തുടർച്ചാവകാശത്തെ സംബന്ധിച്ച് ഹിന്ദു അനന്തരാവകാശ നിയമം മൗനമായിരിക്കുന്നതിനാൽ വിധി ഭർതൃബന്ധുക്കൾക്ക് അനുകൂലമാകുന്നു. ഈ വിധി പ്രശ്നഭരിതമാണ് എന്ന് കോടതി കണ്ടെത്തുന്നുണ്ട്.

സമാനമായി മറ്റൊരു കോടതി വ്യവഹാരം കൂടി സമീപകാലത്തുണ്ടായിട്ടുണ്ട്. ദേവിന ഭരദ്വാജും ചേതൻ ഭരദ്വാജും 2007ൽ വിവാഹിതരാകുന്നു. 2014ൽ അവർ ഇരുവരും ചേർന്ന് ഒരു ഭവനം വാങ്ങുന്നു. ഇതിനായി കൂടുതൽ തുക ചെലവഴിച്ചത് ഭാര്യയായ ദേവിന ആയിരുന്നു. എന്നാൽ, കോവിഡ് മഹാമാരിയിൽ 2021 എപ്രിൽ മാസം ഭർത്താവ് ചേതൻ മരണപ്പെടുന്നു. കേവലം ഒരു മാസത്തിനുള്ളിൽ ഭാര്യ ദേവിനയും മരണപ്പെടുന്നു.

 

രണ്ടുപേരുടെയും മരണവും വിൽപത്രങ്ങൾ എഴുതാതെയും കുട്ടികളില്ലാതയുമാകയാൽ ദേവിനയും ചേതനും ചേർന്ന് സമ്പാദിച്ച വസ്തുവകകളും ബാങ്ക് ബാലൻസും പൂർണമായും ഭർതൃമാതാവിന് ലഭിക്കുകയും, ഇത് ചോദ്യംചെയ്ത് ദേവിനയുടെ മാതാവ് കോടതിയിലെത്തുകയും ചെയ്തു. വ്യവഹാരം ഇന്നും കോടതിയുടെ പരിഗണനയിലാണ്. ഹിന്ദു അനന്തരാവകാശ നിയമം സെക്ഷൻ 15 അനുസരിച്ച് ഒരു സ്ത്രീക്ക് സ്വന്തം മാതാപിതാക്കളിൽനിന്ന് ലഭിക്കുന്ന കുടുംബ വിഹിതംപോലും അവരുടെ വിൽപത്രമില്ലാത്ത മരണശേഷം ഭർതൃകുടുംബത്തിലേക്ക് സംക്രമിക്കുകയാണ്. ഈ നിയമപരമായ ലിംഗവിവേചനത്തിന് കാരണമാകുന്നത്. ഹിന്ദു അനന്തരാവകാശ നിയമത്തിലെ ഈ വിവേചനത്തിന് കാരണംപോലും പൗരാണിക സങ്കൽപങ്ങളാണ് എന്നത് വ്യക്തമാണ്.

 

മനുസ്മൃതി പറയുന്നു: ‘‘സന്താനമില്ലാത്ത പുരുഷൻ മരിച്ചാൽ ആ സ്വത്ത് അയാളുടെ മാതാവിന് ലഭിക്കും. എന്നാൽ, സന്താനമില്ലാത്ത ഒരു സ്ത്രീ ജനമാണ് മരണപ്പെടുന്നതെങ്കിൽ അവരുടെ പിതാവിന്റെ മാതാവിനാണ് സ്വത്തുക്കൾ വന്നുചേരുക.’’

(അനപത്യ സ്യ പുത്രസ്യ മാതാ ദായമവാപ്നുയാത് /

മാതര്യപി ച വൃത്തായാം പിതുർമാതാ ഹരേദ്ധനം,

മനു 9.217)

‘‘ഭാര്യാ പുത്രശ്ച ദാസശ്ച ത്രയാ ഏവ ധനാ സ്മൃതാ:/

യത് തേ സമധിഗച്ഛന്തി യസ്യ തേ തസ്യ തദ് ധനം’’ (മനു. 8. 413).

ഭാര്യ, പുത്രൻ, അടിമ എന്നിവർക്ക് സ്വത്തുക്കളിൽ മേൽ അവകാശമില്ല എന്നാണ് മനുസ്മൃതി വിവക്ഷിക്കുന്നത്. അവർ സ്വത്തുക്കൾ സമ്പാദിച്ചാലും അവരുടെ ഉടമയായി ഇരിക്കുന്നവർ ആരാണോ അവരുടേതാണ് ആ സ്വത്തുക്കൾ എന്ന് മനു സ്ഥാപിക്കുന്നു. അങ്ങനെ ഭാര്യയുടെ സ്വത്ത് ഭർത്താവിനും മകന്റേത് പിതാവിനും അടിമയുടേത് യജമാനനും അവകാശപ്പെട്ടതാണെന്ന് വരുന്നു. ഇത്തരത്തിൽ ഭാര്യാ ഭർതൃബന്ധത്തെ അടിമ-ഉടമ ബന്ധംപോലെ മേൽക്കീഴ് ക്രമമായി കാണുന്ന മനുസ്മൃതിയുടെ സങ്കൽപമാണ് ഹിന്ദു അനന്തരാവകാശത്തിലും കയറിക്കൂടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഭർത്താവോ, മക്കളോ, വിൽപത്രമോ ഇല്ലാത്ത അവസ്ഥയിൽ മരണപ്പെടുന്ന സ്ത്രീയുടെ സ്വയാർജിത സ്വത്തുക്കൾപോലും ഭർത്താവിന്റേതാകുകയും തദ്വാര (ഭർത്താവിന്റെ മരണംമൂലം) ഭർത്താവിന്റെ ബന്ധുക്കളുടേതായി മാറുകയും ചെയ്യുന്നു എന്നതാണ് വസ്തുത.

ഇപ്രകാരം ചരിത്രപരമായിതന്നെ ഇന്ത്യയിലെ നിയമക്രോഡീകരണം എന്നത് എക്കാലത്തും ബ്രാഹ്മണിക-ധർമശാസ്ത്രങ്ങൾക്കനുസൃതമായി നടന്നിട്ടുള്ളതാണ്. സിവിൽ നിയമങ്ങൾ, വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയെ ബാധിക്കുന്നവ ആയതിനാൽ അത്തരം നിയമങ്ങൾ സാംസ്കാരികമായികൂടി വ്യക്തികളെ സ്വാധീനിക്കുന്നു. ഹിന്ദു അനന്തരാവകാശ നിയമങ്ങൾ സ്മൃതിദർശനങ്ങൾക്കനുസൃതമായി പിതൃദായക്രമവും മറ്റും അനുവർത്തിക്കുമ്പോൾ മാതൃദായക്രമം പാലിക്കുന്ന ഗോത്രവംശജരും മറ്റും നിയമം നിർബന്ധപൂർവം അനുസരിക്കേണ്ടതോ കോടതി വ്യവഹാരങ്ങളിലേക്ക് നീങ്ങേണ്ടതോ ആയ അവസ്ഥ സംജാതമാകുന്നുമുണ്ട്.

ഹിന്ദുകോഡ് ബില്ലിന്റെ ചർച്ചാവേളയിൽതന്നെ അതിലെ സപിണ്ഡ വിവാഹങ്ങളുടെ നിരോധനം അക്കാലത്തുതന്നെ ചോദ്യംചെയ്യപ്പെടുന്നുണ്ടെങ്കിലും അതും ഉൾപ്പെടുത്തിയാണ് ഹിന്ദു വിവാഹ നിയമം രൂപപ്പെടുന്നത്. സ്ത്രീകളുടെ വിവാഹനില അവരുടെ സ്വത്തവകാശത്തെ ബാധിക്കുക എന്നത് സ്മൃതികാരന്മാരുടെ പൗരാണിക ധാർമിക വ്യവസ്ഥയും സങ്കൽപവുമാണ്. ആ ധാർമികവ്യവസ്ഥയും അതേ സങ്കൽപങ്ങളുമാണ് ഹിന്ദു അനന്തരാവകാശങ്ങളും പിന്തുടരുന്നത് എന്നത് വ്യക്തമാണ്. പ്രബലരായ ബ്രാഹ്മണരുടെ സ്മൃതിനിയമങ്ങളും ബ്രാഹ്മണ്യ ധാർമികതയും പങ്കുവെക്കുന്നതിലൂടെയാണ് ഇന്ത്യയിലെ ഹിന്ദു സിവിൽനിയമങ്ങൾ എകീകരിക്കപ്പെട്ടിട്ടുള്ളത്.

ഈ പാശ്ചാത്തലത്തിലാണ് ഇന്ത്യയിലെ മതഭേദമന്യേയുള്ള സിവിൽ നിയമങ്ങളുടെ ക്രോഡീകരണത്തെയും ഏകീകരണത്തെയും നോക്കിക്കാണേണ്ടത്. എല്ലാ മതങ്ങൾക്കും സ്വീകാര്യമായ ഏകീകരിക്കപ്പെട്ട സിവിൽ നിയമങ്ങൾ രൂപപ്പെടുമ്പോൾ മതന്യൂനപക്ഷങ്ങളുടെയോ ഗോത്രവംശജരുടെയോ ധാർമികതക്ക് അനുസൃതമായ നിയമങ്ങൾ പരിഗണിക്കപ്പെടില്ല എന്നതിന് ചരിത്രപരമായിതന്നെ നിരവധി തെളിവുകളുണ്ട്. എന്നാൽ, പ്രബലവിഭാഗത്തിന്റെ വർണ ധർമാശയങ്ങൾക്ക് അനുസൃതമായ ധാർമികത പേറുന്ന നിയമങ്ങൾ അനുസരിക്കേണ്ട ബാധ്യത എണ്ണംകൊണ്ട് ഭൂരിപക്ഷമായ ജനവിഭാഗത്തിന് വന്നുചേരുകയും ചെയ്യും എന്ന് ഉറപ്പാക്കാം. ഈ വാദത്തെ സാധുകരിക്കുന്ന പ്രസ്താവനകൾ എന്ന 21ാം നിയമ കമീഷന്റെ ശിപാർശയിൽ അടങ്ങിയിരിക്കുന്നു.

നിയമ കമീഷന്റെ ഉപദംശം 2.49 പ്രസ്താവിക്കുന്നത് ശ്രദ്ധിക്കുക:

‘‘The Hindu Marriage Act, 1955 brought with it some significant reforms, but remained far from satisfactory. Reform of Hindu law which has historically been celebrated as a watershed moment, has in the recent decades also been viewed with a critical lens, which highlighted that codification of Hindu law in essence was a codification of North Indian upper caste morality.’’

സ്വത്തവകാശം, വിവാഹമോചനം, ഏക ഭാര്യത്വം എന്നീ മേഖലകളിൽ ഹിന്ദു സിവിൽ നിയമങ്ങൾ വളരെ പുരോഗമനപരമായ നിലപാട് കാഴ്ചവെക്കുമ്പോൾതന്നെ അവയെല്ലാം ഉത്തരേന്ത്യൻ സവർണ ജാതി ധാർമികതക്ക് അനുസൃതമായി ക്രോഡീകരിക്കപ്പെട്ടു എന്ന് 21ാം നിയമ കമീഷൻതന്നെ കണ്ടെത്തുന്നുണ്ട്. ഈ കാരണം കൊണ്ടുതന്നെ നിയമ കമീഷന്റെ ‘ഏക സിവിൽകോഡ് ഇപ്പോൾ ആവശ്യമോ ഉചിതമോ അല്ല’’ എന്ന നിലപാടിനോട് ചേർന്നുനിൽക്കുകയാണ് അഭികാമ്യം.

===================

സൂചിക

1. Som, Reba. ‘‘Jawaharlal Nehru and the Hindu Code: A Victory of Symbol over Substance?’

News Summary - Uniform Code Means Brahminical Code