മുസ്ലിം സ്ത്രീ നവോത്ഥാനത്തിന്റെ അറിയാതെപോയ ശബ്ദം

കേരളത്തിന്റെ നവോത്ഥാനത്തിലും സ്ത്രീ മുന്നേറ്റത്തിലും സവിശേഷ പ്രാധാന്യമുണ്ട് 1936ലെ മുസ്ലിം മഹിളാസമാജത്തിനും കൊടുങ്ങല്ലൂരിനടുത്ത് ഏറിയാടിൽ നടന്ന സമ്മേളനത്തിനും. ആ വേദിയിൽ പി.കെ. ഫാത്തിമാബീവി നടത്തിയ പ്രസംഗവും ചരിത്രമാണ്. നവോത്ഥാനത്തിന്റെ അറിയപ്പെടാത്ത അധ്യായം വീണ്ടെടുക്കുകയാണ് ലേഖിക.
കേരളീയ നവോത്ഥാന പരിസരം വികസിപ്പിച്ചവരിൽ അറിയപ്പെടാതെപോയ നിരവധി സ്ത്രീകളുണ്ട്. വിശേഷിച്ചും മുസ്ലിം സ്ത്രീകള്‍. വരേണ്യ ചരിത്രനിര്മിതിക്കാര് ബോധപൂർവം മറച്ചുവെച്ചവരും പൗരോഹിത്യ അജ്ഞതയാല്‍ മറവിയിലാഴ്ത്തപ്പെട്ടവരുമായ സ്ത്രീകളാണ് അവർ. അത്തരം സ്ത്രീകളുടെ പരിശ്രമത്തിന്റെ ഭാഗമാണ് 1932ല്‍ കൊടുങ്ങല്ലൂരില്‍ രൂപവത്കൃതമായ മുസ്ലിം മഹിളാസമാജം. സ്വന്തം ഹിതത്തിനനുസരിച്ച് മതത്തെ വ്യാഖ്യാനിക്കുകയും അതിനനുസരിച്ച് സ്ത്രീ ചരിക്കണമെന്നു നിർദേശിക്കുകയും ചെയ്യുന്നവരുടെ മുഖത്തുനോക്കി പി.കെ. ഫാത്തിമ ബീ എന്നവര്‍ 1936 സെപ്റ്റംബർ രണ്ടിന് കൊടുങ്ങല്ലൂരില്‍ മുസ്ലിം മഹിളാ ഐക്യ വിലാസത്തിന്റെ പേരില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ പ്രസംഗിച്ചിരുന്നു. ആ പ്രസംഗത്തിന്റെ സംക്ഷിപ്തവും ആ പരിപാടിയുടെ പ്രാധാന്യവും വിശദീകരിക്കുകയാണ് ഈ ലേഖനത്തിൽ.
സമൂഹത്തില്‍ നിലനില്‍ക്കുന്ന ദൈവികമല്ലാത്ത വ്യവസ്ഥയെ ചോദ്യംചെയ്യാനും, പുരുഷ കേന്ദ്രീകൃതവും പൗരോഹിത്യ നിയന്ത്രിതവുമായ ആചാരങ്ങളെ വെല്ലുവിളിച്ച് സ്വത്വബോധത്തിൽ സ്വതന്ത്ര ചിന്തയോടെ സാമൂഹിക നിര്‍മിതിയുടെ വിഭിന്ന ഭാവങ്ങൾ ആവിഷ്കരിക്കാനും ഇന്ന് മുസ്ലിം പെണ്ണിന് വലിയ പാടൊന്നുമില്ല. അത്തരമൊരു പരിണാമം അഭിമാനകരമായിട്ടാണ് പുതിയ തലമുറ കാണുന്നതും. എന്നാല്‍, ആചാരനിര്മിതമായ സങ്കല്പങ്ങളില് മതത്തെ ഒതുക്കിനിര്ത്തിയതിന്റെ ഫലമായി സാമൂഹിക വ്യവഹാരങ്ങളുടെ എല്ലാ മേഖലകളില്‍നിന്നും പുറംതിരിഞ്ഞു നില്‍ക്കേണ്ട ഗതികേട് സ്ത്രീകള്‍ക്കുണ്ടായിരുന്നു.
മുസ്ലിം സമുദായ ജീവിതത്തിനകത്ത് മാത്രം സംഭവിച്ച ഒരു കാര്യവുമല്ല ഇത്. അങ്ങനെ, കേരളത്തിന്റെ സാമൂഹിക പരിസരം വികാസം പ്രാപിക്കാത്ത 1930കളില്‍ ഇരുട്ടുമറ നീക്കി പുറത്തേക്കു വരാന്‍ ശ്രമിച്ചവരുടെ കൂട്ടത്തിലും മുസ്ലിം സ്ത്രീ ഉണ്ടായിരുന്നു. തമ്മില്‍ കണ്ടാല്‍ വഴിമാറി നടക്കാനും മറയാനും വിധിക്കപ്പെട്ട ആണും, മാറ് മറച്ചാല്‍ ജീവന് പോകുന്ന പെണ്ണും ഉള്ള കാലത്താണ് മാറും തലയും മറച്ച്, കൈ ചൂണ്ടി ഒരുപറ്റം സ്ത്രീകള്‍ സ്വസമുദായത്തിലെ അനീതിക്കെതിരെ ശബ്ദിച്ചത്. അതിലെ ഗാംഭീര്യമാര്‍ന്ന ശബ്ദമായിരുന്നു 1936ല്‍ കൊടുങ്ങല്ലൂരില്‍ മുഴങ്ങിക്കേട്ടത്.
കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നിവര്‍ന്നുനിന്ന് ചില ചോദ്യങ്ങള്‍ സ്വസമുദായത്തിലെ മതാജ്ഞരായ പുരുഷന്മാരോട് ചോദിച്ചതും തങ്ങള്‍ക്കിതൊക്കെ മതിയെന്ന് സ്വയം ധരിച്ചുവശായ സമുദായ സ്ത്രീകളോട് ചില ഉണര്‍ത്തലുകള്‍ നടത്തിയതും മുസ്ലിം മഹിളാസമാജത്തിന്റെ കീഴില്‍ നടത്തപ്പെട്ട ആ സമ്മേളനത്തിലാണ്. വരുംകാല സമൂഹത്തോട് നമ്മള് ആരുടെയും പിന്നിലല്ലായിരുന്നുവെന്നും, ഇസ്ലാം നല്കിയ വിശാലതയാല്‍ ചുറ്റും പ്രകാശം പരത്താന്‍ കെൽപുള്ളവരാണ് തങ്ങള്‍ എന്ന ഓര്‍മപ്പെടുത്തലാണ് ആ സമ്മേളനത്തിലൂടെ അവര്‍ നടത്തിയത്. തങ്ങളെ കാണാനും അടയാളപ്പെടുത്താനും പ്രാപ്തിയുള്ളൊരു കൂട്ടം ഉണ്ടാവില്ലെന്നപോല് ദീര്‍ഘദൃഷ്ടിയോടെ ആ പ്രസംഗത്തെ ലിഖിതരൂപത്തില്‍ പ്രസിദ്ധംചെയ്ത്, വരും തലമുറക്കായി കരുതിവെച്ചതും അഭിമാനികളായ ഒരുപറ്റം സ്ത്രീകളാണെന്നത് അതിശയകരമാണ്.
1936 മണപ്പുറം മുസ്ലിം മഹിളാസമാജം (കാര്യാലോചനാ പൊതുയോഗം, സ്വീകരണ സംഘാധ്യക്ഷ പ്രസംഗവും യോഗ റിപ്പോര്‍ട്ടും) എന്ന പേരില്‍ അച്ചടിമഷി പുരണ്ട ആ രേഖയില്‍ സ്വാഗതസംഘം അധ്യക്ഷയായി രേഖപ്പെടുത്തിയിരിക്കുന്നത് ശ്രീമതി പി.കെ. ഫാത്തിമ ബീ (മിസിസ് എ.കെ. അബ്ദുല്ല ബി.എ.എല്‍.ടി, എറിയാട്) ആണ്, ശ്രീമതി കെ.എ. ഐശാബി (മിസിസ് ഹാജി മണപ്പാട്ട് പി. കുഞ്ഞഹമ്മദ്) ഐക്യവിലാസം എന്നും പ്രസംഗത്തിന്റെ പ്രസാധക കെ.എ. ഫാത്തിമ ആലയാണെന്നും മനസ്സിലാക്കാം. നൈസാമിയാ പ്രസ്, കോട്ടപ്പുറം, കൊടുങ്ങല്ലൂരില്‍നിന്നാണ് അച്ചടിച്ചത്. കോപ്പി 600, വില ആറു പൈസ ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ കൃത്യതയോടെ അടയാളപ്പെടുത്തിയ ആ പ്രസംഗത്തിന്റെ അച്ചടിരേഖ ആ കാലഘട്ടത്തിലെ സ്ത്രീകളുടെ ഇച്ഛാശക്തിയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും തെളിവാണ്. സ്വാഗതം ആശംസിച്ച് ഫാത്തിമ ബീ എന്ന മഹതി നടത്തുന്ന ദീര്‍ഘസംഭാഷണം തുടങ്ങുന്നത് ഇങ്ങനെയാണ്;
‘‘വളരെ ക്ലേശങ്ങള്‍ സഹിച്ചു ഞങ്ങളുടെ ക്ഷണമനുസരിച്ച് ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ള എല്ലാ മഹതികള്‍ക്കും ഞാന്‍ ഹാര്‍ദവമായ സ്വാഗതം പറഞ്ഞുകൊള്ളുന്നു. പല ജോലിത്തിരക്കുകള്‍ക്കിടയില്‍ സമുദായത്തിന്റെ നന്മയെ കരുതി ഇന്നത്തെ യോഗത്തിന് അധ്യക്ഷത വഹിക്കാമെന്ന് സദയം സമ്മതിച്ച ശ്രീമതി ഐഷാബി സാഹിബ അവര്‍കള്‍ക്ക് ഞാന്‍ പ്രത്യേകം സ്വാഗതം പറഞ്ഞുകൊള്ളുന്നു. കുബേരകളും കുലീനകളുമായ സഹോദരികള്‍ അവരുടെ ഗൗരവതരങ്ങളായ പ്രവൃത്തികളെ നിര്‍ത്തി
െവച്ചും ദുഷിച്ച മാമൂലുകളെ തട്ടിത്തകര്‍ത്തും ഇന്നിവിടെ വരുവാന്‍ സന്മനസ്സുണ്ടായതില് അതിയായ സന്തോഷമുണ്ട്. അരി അന്വേഷിക്കേണ്ട നിര്ബന്ധസമയംപോലും തൃണവല്ക്കരിച്ച് ഞങ്ങളുടെ സമുദായത്തെ ജീവനേക്കാള്‍ വിലമതിച്ച് രംഗത്തേക്ക് അഹമഹിയാ എത്തിച്ചേര്‍ന്ന സഹോദരികള്‍ക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് സ്വാഗതം സകൗതുകമുണര്ത്തിക്കൊള്ളുന്നു. തങ്ങളുടെ സഹോദര സമുദായത്തിന്റെ ‘ഭയങ്കര രോഗത്തിന്’ ചികിത്സ നടത്തുന്ന ഈ ആതുരാലയത്തില്‍ വന്ന് പങ്കുകൊള്ളേണ്ടത് തങ്ങളുടെ കടമയായി കരുതി ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ള എല്ലാ അമുസ്ലിം സഹോദരികള്‍ക്കും ഞാന്‍ സ്വാഗതം പറഞ്ഞുകൊള്ളുന്നു.’’
‘‘മഹതികളേ, നാം ഓരോരുത്തരും എത്രതന്നെ പേരും പെരുമയും ഉള്ളവരായിരുന്നാലും നമ്മുടെ കുടുംബത്തിലുള്ള ദുഷ്കീര്‍ത്തി മാറ്റാന്‍ ശ്രമിക്കേണ്ടിവരുമെന്നത് നമുക്ക് അനുഭവമല്ലേ. നമ്മുടെ എല്ലാ കുടുംബങ്ങളും കാലദേശവ്യത്യാസം കൂടാതെ ഒന്നായി ചേര്‍ന്ന് ഒരു മാനവകുടുംബം ആണല്ലോ. സമുദായം ഈ പരമാര്‍ഥം മനസ്സിലാക്കുന്നപക്ഷം നമ്മുടെ സമുദായ കുടുംബത്തിലുള്ള കുറ്റവും കുറവും നമുക്ക് ഒക്കെ പ്രത്യേകം ബാധകമാകും എന്ന് ബോധ്യമാകും. നമ്മുടെ പൂര്‍വികന്മാരായ പൗരാണിക മുസ്ലിംകള് എത്രയും യശസ്സും കീര്‍ത്തിയും ഉള്ളവരാണെന്നും ലോകം സമ്മതിച്ചാലും നമ്മില്‍ ആ ഗുണമില്ലെങ്കില്‍ അച്ഛന് ആനപ്പുറത്തിരുന്ന തഴമ്പ് മകന്റെ ആസനത്തില്‍ ഉണ്ടാവുകയില്ല. ആകയാല്‍ നാം നമ്മുടെ പൂര്വികന്മാര് സമ്പാദിച്ച യശസ്സ് നിലനിര്‍ത്തണമെങ്കില്‍ കാലാനുസൃതം വേണ്ട അഭിവൃദ്ധി മാര്‍ഗങ്ങളെ പിന്തുടരണം.’’ വ്യക്തിമഹത്വ യുഗം നശിച്ചു. സംഘമഹത്വ ഗുണം ആരംഭിച്ചിട്ട് കാലം കുറച്ചായി.
പക്ഷേ നാം ഉറങ്ങിയതുകൊണ്ട് അത് അറിഞ്ഞില്ലെന്നേയുള്ളൂ.‘‘നിങ്ങളെ നാം സൃഷ്ടിച്ചത് ഒരൊറ്റ ആണില്‍നിന്നും പെണ്ണില്നിന്നുമാണെന്നും നിങ്ങളെ വര്‍ഗങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്വേണ്ടിയാണെന്നുമുള്ള ഖുര്‍ആനിന്റെ അധ്യാപനത്തെ മനസ്സില്‍ കണ്ടായിരിക്കണം, സമൂഹം ആപതിച്ച അജ്ഞാന നിലയുടെ കാരണത്തിന് നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും തറവാട്ടു മഹിമയും കുലമഹിമയുംകൊണ്ട് ആരും ശ്രേഷ്ഠരാക്കപ്പെടുന്നില്ല. തറവാട്ടുമഹിമയില്‍ അഹങ്കരിച്ച് അജ്ഞതയില്‍ ആണ്ടുപോകുന്ന അവസ്ഥയെ ആറാം നൂറ്റാണ്ടില്‍തന്നെ പ്രവാചകന് മുഹമ്മദ് അറേബ്യന്‍ മണ്ണില്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്നും അറിവിന്റെ പ്രകാശത്താലാണ് ആ സമൂഹം ലോകത്തോളം ഉയര്‍ന്നതെന്നും’’ വ്യംഗ്യേന സൂചിപ്പിക്കുന്നുണ്ട് സ്വാഗതഭാഷണം തുടരുന്നത്.
‘‘സഹോദരികളേ ഉണരുക, മുന്നോട്ടുവരിക, നമ്മുടെ ആലസ്യം ഇനി തുടരേണ്ട. കാലചക്രം നമ്മെ കാത്തിരിക്കുകയില്ല. നാം ആ സുദര്‍ശന ചക്രത്തില്‍കൂടി തിരിക്കുകയാണ്. സമയമാണ് അതിന്റെ ഡ്രൈവര്‍. സൗഹാര്‍ദത്തോടെ സമ്മേളിക്കുവാന്‍ നമുക്ക് ഭാഗ്യം നല്‍കിയതിന് കര്ത്താവിന് ഞാന്‍ സ്തോത്രംചെയ്യുന്നു. ഭാവി തലമുറ സുവര്‍ണ ലിപികളാല്‍ ചിത്രീകരിക്കേണ്ട ഈ സമ്മേളനത്തില്‍ അധ്യക്ഷസ്ഥാനം നല്കി എന്നെ അനുഗ്രഹിച്ചതിന് എന്റെ മാന്യസഹോദരികള്ക്ക് നന്ദി പറയുവാന്‍ എന്റെ ഭാഷക്കു ശക്തിയില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു.’’
തന്റെ മുന്നിലിരിക്കുന്ന മഹാസദസ്സ് കണ്ടായിരിക്കണം നന്ദി പറയാന്‍ അശക്തയാണെന്നവര്ക്കു തോന്നിയത്. പക്ഷേ, സുവര്‍ണ ലിപികളാല്‍ ചരിത്രം രേഖപ്പെടുത്തിവെക്കുമെന്ന് ആശിക്കുകയും പ്രഖ്യാപിക്കുകയുംചെയ്ത ഈ മഹാസമ്മേളനത്തിന്റെ അമരക്കാരെ ചരിത്രം എത്രമാത്രം ഓര്‍ത്തു? സമുദായത്തിലെ സാധാരണക്കാരും കുബേരകളും അന്യ സമുദായത്തിലെ സമാന ചിന്താഗതിക്കാരും ഒത്തുകൂടി ഈ സമ്മേളനത്തില്‍ നടത്തുന്ന ബോധ്യപ്പെടുത്തലുകള്‍ ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ ജനതയോട് മുഹമ്മദ് നബി വിടവാങ്ങല്‍ പ്രസംഗത്തില്‍ ഉരുവിട്ട അതേ പ്രഖ്യാപനംതന്നെയാണ്.
‘‘വര്‍ണ വര്‍ഗ കുല മഹിമകൊണ്ട് ആരുംതന്നെ സംസ്കൃത ചിത്തനാകില്ലെന്നും ദൈവാംശം സന്നിവേശിപ്പിച്ചവന്‍ മാത്രമേ അതിന് അര്‍ഹനാവൂ’’ എന്ന പ്രഖ്യാപനം. ‘‘ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചത് ഒരേ സത്തയില്നിന്നാണെന്നും ആണിനെപ്പോലെതന്നെ പെണ്ണിനും കടമകള്‍ ഒട്ടേറെ ഉണ്ട്’’ എന്നും ഉണര്‍ത്തിക്കൊണ്ടാണ് സംസാരം തുടരുന്നത്. തറവാട്ടു മഹിമയില്‍ അഹങ്കരിക്കുന്ന, വലിയ വലിയ കുടുംബത്തില്‍നിന്നുള്ളവരാണ് നിങ്ങള്‍ എന്ന് പറഞ്ഞാലും കാലദേശം വ്യത്യാസമില്ലാതെ ഒന്നായി ചേര്‍ന്ന ഒരു സമുദായനിലക്കുള്ള മുസ്ലിംകള്. ‘‘ അതുകൊണ്ടുതന്നെ മുസ്ലിംകള് എന്നനിലക്ക് സമുദായത്തില്‍ ഉണ്ടാകാനിടയുള്ള ദുഷ്കീര്‍ത്തി നമ്മള് ഓരോരുത്തരെയും ബാധിക്കുമെന്ന് ഉണര്‍ത്തുകയാണ്. ലോകത്തിനു മുന്നില്‍ വലിയ വലിയ സംഭാവനകള്‍ അര്‍പ്പിച്ചവരാണ് പൗരാണിക മുസ്ലിംകള്. അവരുടെ പാതയാണ് നാം പിന്തുടരേണ്ടത്. ആ പാത കൈവിട്ടാല്‍ എത്രതന്നെ കുടുംബമഹിമ ഉണ്ടായിട്ടും കാര്യമില്ല’’ എന്നും ഉണര്‍ത്തുന്നുണ്ട്.
ഇന്ത്യന്‍ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഏറെ ചരിത്രപ്രാധാന്യമുള്ള കൊടുങ്ങല്ലൂരില്‍വെച്ച് തന്നെ ഇത്ര വലിയൊരു സമ്മേളനം നടത്തുവാന്‍ ഭാഗ്യം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും സന്ദര്‍ഭോചിതമാണെന്നും സ്വാഗതപ്രസംഗത്തില്‍ ഉണര്‍ത്തുന്നുണ്ട്. സമുദായത്തെ ബാധിച്ച രോഗത്തിന് ചികിത്സ നടത്തുവാനുള്ള വേദിയായിട്ടാണ് അവർ അതിനെ കാണുന്നത്. സമുദായം എന്നത് ഒരു ശരീരമാണെന്നും ആ ശരീരത്തിന്റെ ഒരു പ്രധാന ഭാഗമായ സ്ത്രീകള്‍ അവശതയില്‍ കിടക്കുവോളം ആ ശരീരംകൊണ്ട് ആര്‍ക്കും ഉപകാരം സാധ്യമെല്ലന്നുമാണ് ആ സമ്മേളനത്തിലൂടെ അവര്‍ മുന്നോട്ടുവെക്കുന്ന പ്രമേയം.
അക്കാലത്ത് സമുദായം അകപ്പെട്ട പ്രശ്നങ്ങളുടെ മൂലകാരണം വിദ്യാവിഹീനരായി അജ്ഞതയുടെ കുണ്ടില്‍ താഴ്ത്തപ്പെട്ട സഹോദരിമാരാണ് എന്ന തിരിച്ചറിവില്‍ ‘കുതിരയുടെ മുമ്പില്‍ കെട്ടിയ വണ്ടിപോലെ’ മുന്നോട്ടു പോകുവാന്‍ കഴിയാതെ കുഴക്കുന്ന ദയനീയ കാഴ്ച സമുദായത്തില്‍ സാര്‍വത്രികമായി തീര്‍ത്തിട്ടുണ്ട് എന്ന് പറയുകയാണവര്‍. ഈ ദുര്‍ഗതിയില്‍നിന്ന് സമുദായത്തെ രക്ഷിക്കണമെങ്കില്‍ സാമൂഹിക മര്‍മജ്ഞനായ മുഹമ്മദ് നബി ആദര്‍ശമൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട വനിതാരത്നങ്ങള്‍ വര്‍ധിച്ചുവരണം. അതിനാണ് സമുദായ സ്നേഹികള്‍ ശ്രമിക്കേണ്ടത്. അതുകൊണ്ട് മാത്രമേ സമുദായം സമുദ്ധരിക്കപ്പെടുകയുള്ളൂ. ‘‘സഹോദരികളേ, ധ്രുവപ്രദേശം വാസയോഗ്യമല്ലാത്തതുപോലെ ആദര്‍ശങ്ങളുടെ അറ്റങ്ങളും പ്രായോഗരൂപങ്ങളല്ല. അതുകൊണ്ടാണ് നമ്മുടെ വന്ദ്യഗുരു എല്ലാ കാര്യങ്ങളുടെയും മധ്യനിലയിലാണ് ഉത്തമം എന്ന് ആജ്ഞാപിച്ചത്. കളരിക്ക് പുറത്തോ കുറുപ്പിന്റെ നെഞ്ചിലോ കയറിമറിയാന്‍ അല്ലാതെ കളരിയില്‍ കളിക്കുവാന്‍ കഴിവുള്ള കര്മകുശലന്മാരുടെ ദൗര്‍ലഭ്യമാണ് സമുദായത്തെ അലട്ടിക്കൊണ്ടിരിക്കുന്നത്.
നഗ്നകളും അഹങ്കാരികളുമായി പാശ്ചാത്യ പകിട്ടില്‍ ഫാഷന്റെ പിറകെ പോയി കുടുംബത്തെയും കുട്ടികളെയും ശ്രദ്ധിക്കാത്തവരായി, പാവനമായ അഴകും ആയുസ്സും അറപ്പിനും വെറുപ്പിനും കാരണമാകുന്ന ആപല്ഗര്ത്തത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ഉത്തര ധ്രുവ വനിതകളോ കാറ്റും വെളിച്ചവും കാണിക്കാതെ ‘കഫനി’ല്‍ പൊതിഞ്ഞവരായി, അഭിമാനം അറിയാത്ത ആദര്ശവിഹീനകളും പാട്ടും പകിട്ടും പൊന്നും മിന്നും കണ്ട് പരിഭ്രാന്തകളായി കൈപിടിക്കുന്നവരുടെ കഴുത്തില്‍ കുടുങ്ങുന്ന കഴുതകളായി, മുഖസ്തുതിയില്‍ മുട്ടുകുത്തുന്നവരായി, ഭര്‍ത്താവിന്റെ ഭാരമേറിയ ഭാണ്ഡമായി, മറക്കുടക്കുള്ളിലെ മഹാനരകമായി ശേഷിയും ശേമുഷിയും ഇല്ലാത്ത കുഞ്ഞുങ്ങളെ വാര്ത്തെടുക്കുന്നവരോ അല്ല ഇസ്ലാമിലെ ചൈതന്യശാലയില് വാര്‍ക്കപ്പെട്ട സ്ത്രീകള്‍.
അവര്‍ ആശയവിനിമയ ശേഷിയുള്ള ആദര്ശവനിതകളാണ്. സ്വാതന്ത്ര്യത്തിന്റെ സുന്ദരരൂപത്തില്‍ സുഖിക്കുന്നവരാണ്. വാത്സല്യപുത്രിയായും പ്രിയ സഹോദരിയായും കാരുണ്യമേറിയ മാതാവായും ശോഭിക്കുന്നവരാണ്. നീതിബോധവും ക്യത്യനിഷ്ഠയും മതനിഷ്ഠയും അവരുടെ വസ്ത്രങ്ങളാണ്. സംസ്കാരവും സഹകരണവും അവരുടെ സഹോദരികളാണ്.’’ പ്രവാചകന് മുഹമ്മദ് വിരിച്ച വഴിയിലൂടെ നടന്നുനീങ്ങാന്‍ ഭാഗ്യം ലഭിച്ച മഹതികളെ മാതൃകയാക്കിക്കൊണ്ടാണ് അവര്‍ അരനൂറ്റാണ്ടിനപ്പുറംനിന്ന്് സമൂഹമധ്യേ ആർജവത്തോടെ ഇത്തരം സംസാരം നടത്തുന്നത്.
ലോകാവസാനംവരെ നിലനില്‍ക്കുന്ന ആദിപാപത്തിന്റെ കറ ആദിമാതാവായ ഹവ്വാ ബീവിയില്‍ ചാര്‍ത്തിയപ്പോള്‍ ആ വിദ്വേഷ കഥകളില്‍നിന്നും അവരെ രക്ഷിച്ച വന്ദ്യഗുരുവിന്റെ പിന്തലമുറക്കാരാണ് മുസ്ലിം സ്ത്രീകളെന്ന് തെര്യപ്പെടുത്തുകയും നിലവിലെ എല്ലാ പ്രത്യയശാസ്ത്രങ്ങളും സ്ത്രീയെ എപ്രകാരമായിരുന്നു കണ്ടിരുന്നതെന്ന് ഉദാഹരണസഹിതം സദസ്സിനെ ബോധ്യപ്പെടുത്തുകയുംചെയ്തുകൊണ്ട് മുന്നിലിരിക്കുന്ന സ്ത്രീകളെ ഉണര്‍ത്തുകയാണ് പിന്നീട്. ‘‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’’ എന്ന് ഹിന്ദുമതം ആജ്ഞാപിക്കുന്നു. ഭാര്യയെ അടിമയെ പോലെ ഗ്രീക്കുകാര്‍ കരുതിയിരുന്നു. സ്ത്രീയുടെ നുഖം ഒരിക്കലും ഇളക്കപ്പെടാവതല്ല എന്നായിരുന്നു പുരാതന പരിഷ്കാരികളായ റോമക്കാര്‍ കൽപിച്ചത്. പുരുഷന്റെ അനേകപടി താഴെയായി സ്ത്രീകളെ യഹൂദന്മാര് ഗണിച്ചിരുന്നു. പച്ച പരിഷ്കാരികളായ പറങ്കികള്‍ സ്ത്രീകളെ കച്ചവട ചരക്കെന്നോണം വ്യാപരിച്ചിരുന്നു.
ദുഷ്ടന്മാരായ പുരുഷന്മാര് മരിച്ചാല്‍ രണ്ടാമത് സ്ത്രീ ആയി ജനിക്കുമെന്ന് സുപ്രസിദ്ധ ചിന്തകനും പുനര്ജന്മവാദിയുമായ പ്ലാറ്റോ അഭിപ്രായപ്പെടുന്നു. സ്ത്രീകള്‍ക്ക് ആത്മാവോ ശാശ്വതമായ പാരത്രിക ജീവിതമോ ഇല്ലെന്ന് റോമിലെ തിരുസഭ പ്രഖ്യാപനംചെയ്തു.’’ ‘‘ഇങ്ങനെ വിലയും നിലയും ഇല്ലാതെ തീവ്രദുഃഖം അനുഭവിച്ചിരുന്ന സ്ത്രീലോകത്തെ ‘സ്വര്‍ഗം മാതൃപാദങ്ങളില്‍ സ്ഥിതിചെയ്യുന്നു’വെന്നും ‘സ്ത്രീ, പുരുഷന്മാരുടെ സഹോദരികള്‍’ തന്നെയാകുന്നു എന്നും ‘അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളില്‍നിന്നും തന്നെ ഇണകളെ സൃഷ്ടിച്ചിരിക്കുന്നു’ എന്നും മറ്റുമുള്ള മഹനീയ സന്ദേശങ്ങളാല്‍ സമഭാവ സൗഹാര്ദംകൊണ്ട് അനുഗ്രഹിച്ച നബിയുടെ മഹത്വങ്ങള്‍ മാന്യമഹിളകള്‍ക്കു മറക്കാവുന്നതല്ല.’’
‘‘വിശുദ്ധ ഖുര്‍ആനിലെ സൂറത്തുന്നൂര്‍, സൂറത്തുല്‍ അഹ്സാബ്, സൂറത്തുന്നിസാഅ് എന്നീ അധ്യായങ്ങളിലും മറ്റു പല വാക്യങ്ങളിലും സ്ത്രീകളുടെ നിലയെ പരിഷ്കരിച്ചിട്ടുണ്ടെന്നും അധികാര അവകാശങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും... സ്ത്രീകളുടെ നില ഇത്രയും പരിഷ്കരിച്ച വന്ദ്യനേതാവിന്റെ അനുയായികളായവര്‍ ഇങ്ങനെയായതിനെ സമാധാനത്തോടെ വീക്ഷിക്കുവാന്‍ യഥാര്‍ഥ സമുദായ സ്നേഹികള്‍ക്ക് സാധ്യമേയല്ല’’ എന്നും ഉറക്കെ പ്രഖ്യാപിക്കുകയാണ് സമ്മേളനം. സ്ത്രീകള്‍ക്കു നേരെ മറക്കുടകൊണ്ട് വെളിച്ചം മറച്ചുപിടിച്ച ഒരു കാലത്തുനിന്ന് ഇങ്ങനെ പ്രഖ്യാപിക്കാന്‍ ആര്‍ജവം കുറച്ചൊന്നും പോരാ.
അതിനായി നാടിന്റെ നാനാഭാഗങ്ങളിലും ഇത്തരം സമാജങ്ങള്‍ രൂപവത്കരിക്കാന്‍ ആ സമ്മേളം ആഹ്വാനംചെയ്യുകയാണ്. ‘‘വീര യോദ്ധാവിന്റെ രക്തത്തേക്കാള്‍ വിദ്വാന്റെ മഷിക്ക് വിലകൽപിച്ച, സകല സ്ത്രീ പുരുഷന്മാര്ക്കും വിദ്യ നിര്‍ബന്ധമാക്കിയ, വിദ്യക്ക് പ്രാധാന്യം നല്കിയ പ്രവാചകന്റെ അനുയായികള്‍ വിദ്യാശൂന്യരായി പരിണമിച്ചത് കലിയുഗമെന്നല്ലാതെ എന്ത് പറയാന്‍’’ എന്ന് സങ്കടപ്പെടുന്ന പ്രസംഗക, സമുദായത്തിന്റെ ഉന്നതിക്ക് പരിഹാരമായി നിർദേശിക്കുന്നത്, ‘‘ഉന്നത ബിരുദധാരികളെ സമുദായത്തിന് ആവശ്യമുണ്ട്.
ധനവാന്മാരുടെ സന്താനങ്ങള്‍ അവരുടെ പണംകൊണ്ട് പഠിക്കുന്നവരാണ്. അത് സമുദായത്തിന് ലഭിക്കുകയില്ലെന്നും ബുദ്ധിശാലികളായ പാവപ്പെട്ടവരുടെ കുട്ടികളെ സമുദായത്തിന്റെ സഹായത്തില്‍ പഠിപ്പിക്കണം’’ എന്നുമാണ്. ‘കമാല്‍ പാഷാ’ ആരാണെന്നും അദ്ദേഹത്തിന്റെ പഞ്ചവത്സര പദ്ധതി എന്താണെന്നും പറയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പഞ്ചവത്സര പദ്ധതി പ്രായോഗിക രൂപത്തില്‍ കൊണ്ടുവരുവാന്‍ ഞങ്ങളുടെ സഹായം കൂടാതെ സാധ്യമല്ല എന്നും സദസ്സിനെ ഉണര്‍ത്തുന്നുണ്ട്. ഹിജാബ് ധാരികളായ സ്ത്രീ-പുരുഷന്മാര്പോലും പരസ്പരം വേദി പങ്കിടുന്നത് ഇന്നും അപരാധമായി കാണുന്നവര്‍ സമുദായത്തിലുണ്ട്. കൊടുങ്ങല്ലൂരിലെ ആ സമ്മേളനം വലിയൊരു ചോദ്യംകൊണ്ടാണ് അന്നേ അത്തരം ഒരു ചിന്ത നേരിട്ടത്.
‘‘മാവേലിക്കരയിലും കൊച്ചിയിലും മറ്റും കൂടിയ മതപരിവര്‍ത്തന മഹാസമ്മേളനങ്ങളില്‍ നവ മുസ്ലിംകളായ സഹോദരികളെ പ്ലാറ്റ്ഫോറത്തില്‍ ഇരുത്തുവാന്‍ പുരുഷന്മാരുടെ മതബോധം അനുമതി നല്കുമെങ്കില് സത്യവിശ്വാസത്തില്‍ അടിയുറച്ച ഞങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നതിന് പുരുഷന്മാര് എന്തിന് വിമുഖത കാണിക്കുന്നു.’’ പൗരോഹിത്യത്തിന്റെ മുഖത്ത് നോക്കിയുള്ള ഈ ചോദ്യം മുപ്പതുകളില്‍തന്നെ മുസ്ലിം സ്ത്രീ ചോദിച്ചിട്ടുണ്ട് എന്നത് മതബോധത്താല്‍ അവള് ആര്‍ജിച്ചെടുത്ത മനുഷ്യാവകാശത്തിന്റെ പ്രഖ്യാപനമാണ്.
‘‘ലോകത്തിന് ഉപകാരംചെയ്യേണ്ട അവയവങ്ങള്‍ പുരുഷന്മാരെ പോലെ തന്നെ പടച്ചവന് സ്ത്രീകള്‍ക്കും നല്‍കിയിട്ടുണ്ട്. എന്നിട്ടും അതിനുള്ള സ്ഥലവും സന്ദര്‍ഭവും ഞങ്ങള്‍ക്ക് അനുവദിക്കാതെ കേവലം സങ്കുചിത ബുദ്ധിയോടെ ആശങ്ക പ്രകടിപ്പിക്കുന്നത് ഞങ്ങളുടെയും സമുദായത്തിന്റെയും അഭിവൃദ്ധിയെ തടയുന്ന നീചമായ സമുദായ ദ്രോഹമാണെന്ന്’’ ഉറക്കെ പ്രസ്താവിക്കുകയാണവര്.
ഇസ്ലാം വിഭാവനംചെയ്യുന്ന വസ്ത്രധാരണരീതിയെ സ്വീകരിക്കുന്ന അവര്‍ അതിനപ്പുറം കടന്ന്, ആ കാലത്ത് നിലവിലുണ്ടായിരുന്ന ‘‘പുരുഷന്റെ ദുരുദ്ദേശ്യത്തെ പാലിക്കാന്‍വേണ്ടി നിലനിര്‍ത്തുന്ന അനിസ്ലാമികമായ ഘോഷയെ നിലനിര്‍ത്തുവാന്‍ ശ്രമിക്കുന്നത് തീരാശാപമായി’’ കാണുന്നു. ‘‘ഇസ്ലാമികമായ ഘോഷെയ ഞങ്ങള്‍ മാനിക്കുവാനും അനുസരിക്കുവാനും ഒരുക്കമാണ്. അത് സ്ത്രീയുടെ ശോഭയെ പ്രകാശിപ്പിക്കുന്ന ഒരു സദാചാര നിയമമാണെന്ന് ബോധമുള്ളവരൊക്കെ സമ്മതിക്കും.’’
ആ മരത്തിന്റെ സാമീപ്യമരുതെന്ന് ഖണ്ഡിതമായി കൽപിച്ചപ്പോള് അതില്‍തന്നെ പിടിച്ചു കയറിയ ആദ്യ പിതാവിന്റെ സന്തതികള്‍ ആണല്ലോ നാം. ‘‘അതിനാല്‍ അനിസ്ലാമികമായ ഘോഷയെ പരിപാലിക്കുന്നത് ആപത്താണെന്നും ഇസ്ലാം മതം അനുവദിക്കുന്ന സര്‍വസ്വാതന്ത്ര്യങ്ങളും ഞങ്ങള്‍ക്കും ലഭിക്കണമെന്നും ഞങ്ങള്‍ പുരുഷന്മാരെ ഉണര്‍ത്തിക്കൊള്ളുന്നു’’ എന്ന് സ്വന്തം ഹിതത്തിനനുസരിച്ച് മതത്തെ വ്യാഖ്യാനിക്കുകയും അതിനനുസരിച്ച് സ്ത്രീ ചരിക്കണമെന്നു നിർദേശിക്കുകയും ചെയ്യുന്നവരുടെ മുഖത്തുനോക്കി പറയാന്‍ അവര്‍ക്കു മടിയേതുമില്ല. പി.കെ. ഫാത്തിമ ബീ 1936ല്‍ ഐക്യ വിലാസത്തിന്റെ പേരില്‍ കൊടുങ്ങല്ലൂരില്‍ വെച്ച് ചെയ്ത പ്രസംഗത്തെ ലിഖിതരൂപത്തില്‍ പ്രസിദ്ധീകരിച്ചതിന്റെ സംക്ഷിപ്ത രൂപമാണിത്.
വീറോടെ വാദിച്ച പ്രസ്താവനക്കിടയില്‍ വല്ലവര്‍ക്കും അതൃപ്തി തോന്നുന്നുവെങ്കില്‍ ഉദ്ദേശ്യശുദ്ധിയെ ഓര്‍ത്ത് ക്ഷമിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടും ഈ സ്ഥാപനം ചിരകാലം ഇസ്ലാമിക ആദര്‍ശങ്ങളെ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ പ്രാര്‍ഥിച്ചുകൊണ്ടുമാണ് ഫാത്തിമ ബീ പ്രസംഗം അവസാനിപ്പിക്കുന്നത്. 1936 സെപ്റ്റംബർ 2ന് ഏറിയാട് മണപ്പുറം ലോവര്‍ പ്രൈമറി സ്കൂള്‍ പ്രാര്‍ഥനാ മന്ദിരത്തില്‍ വെച്ചു നടന്ന പരിപാടിയിലാണ് ഇങ്ങനെയൊരു പ്രസംഗം നടത്തിയത്. വിലങ്ങാട്, അഴീക്കോട്, വിലങ്ങ് എന്നിവിടങ്ങളില്‍നിന്നുള്ള നൂറോളം മുസ്ലിം സ്ത്രീകളും ചുരുക്കം ചില അമുസ്ലിം സ്ത്രീകളും സന്നിഹിതരായ യോഗത്തില്‍, അവരെ കൂടാതെ പി.കെ. ഫാത്തിമ (മിസിസ് മണപ്പാട്ട് ഹാജി കൊച്ചു മൊയ്തീന്), കെ.എ. ഫാത്തിമ (മിസ്, കാട്ടകത്ത് അബ്ദു), പി.കെ അമീന എന്നിവരും പ്രസംഗിച്ചു.
സമൂഹത്തിന്റെ നിലവിലെ നിലയും സാമൂഹിക ജീവിതങ്ങളെയും അതിന്റെ ഉദ്ധാരണനിലയെയും കുറിച്ചായിരുന്നു അവരെല്ലാവരും അവിടെ സംസാരിച്ചത്. ഈ സമ്മേളനത്തില്‍ വെച്ചാണ് കേരളത്തിലെ മുസ്ലിം വനിതകളെ സംഘടിപ്പിക്കുന്നതിനും അവരുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ നില ഉയര്‍ത്തുന്നതിനുമായി ‘അഖില കേരള മുസ്ലിം മഹിളാ സംഘം’ ഉണ്ടായിരിക്കേണ്ടതാണെന്ന് അറിയിക്കുകയും ആ വിവരം ‘ചന്ദ്രിക’, ‘അല്‍ അമീന്’ തുടങ്ങിയ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാനുള്ള പ്രമേയം പാസാക്കുകയും ചെയ്തത്.
കെ.എ. ഫാത്തിമ അവതരിപ്പിച്ച ചരിത്രപ്രമേയം പിന്താങ്ങിയത് പി.കെ. അമീനയായിരുന്നു. അവിടെ വെച്ചുതന്നെയാണ് ‘മണപ്പുറം വിമന്‍സ് അസോസിയേഷന്’ എന്ന പേരില്‍ കെ.എ. ഐശാബി പ്രസിഡന്റും പി.കെ. താച്ചു, വി.ബി. ബീവാത്തു എന്നിവര്‍ വൈസ് പ്രസിഡന്റും പി.കെ. അമീന ഖജാന്‍ജിയുമായും ഒരു ശാഖാസംഘം രൂപവത്കരിച്ചത്. പി.കെ. ഐശാ, എം.എസ്. ബീവി കുഞ്ഞി, ഇ.കെ. കൊച്ചലു, എ.കെ. കൊച്ചായിശാ (മിസ് കരികുളത്ത് അലികുഞ്ഞി), പി.കെ. മറിയുമ്മ, പി.എ. നാച്ചീമ, കെ.കെ. ബീവാത്തു, പി.കെ. സൈനബ (മിസ് പി.ജെ കുഞ്ഞുമുഹമ്മദ്), പി.വി. മറിയുമ്മ (മിസ് പി.കെ. വീരാന്‍) എന്നിവര്‍ മെംബര്‍മാരായ ഒരു പ്രവര്‍ത്തകസംഘം രൂപവത്കരിക്കണമെന്നും ആ യോഗം അഭിപ്രായപ്പെടുന്നുണ്ട്. പി.കെ. താച്ചു സാഹിബ് അവതരിപ്പിച്ച ഈ പ്രമേയം പി.കെ. ഐശാബിയാണ് പിന്താങ്ങിയത്.
വിദ്യാഭ്യാസത്തില്‍ മുസ്ലിം സ്ത്രീകളുടെ സ്ഥാനം വളരെ ദയനീയമായതുകൊണ്ട് സൗകര്യമുള്ള സ്ഥലങ്ങളിലൊക്കെയും നിശാപാഠശാലകള്‍ സ്ഥാപിക്കാനും ദീനിയ്യാത്തും (വിശ്വാസപാഠങ്ങള്‍), അമലിയാത്തും (അനുഷ്ഠാന പാഠങ്ങള്‍), മലയാള ഭാഷയും പഠിപ്പിക്കാനും സമുദായത്തിലെ ഉന്നതരായ സ്ത്രീകളോട് നിര്‍ദേശിച്ചുകൊണ്ടുള്ള പ്രമേയവും യോഗം പാസാക്കി.
‘‘അധ്യക്ഷയുടെ സാരഗര്‍ഭമായ പ്രസംഗത്തിനുശേഷം അവിടെ കൂടിയിരിക്കുന്ന പലരുടെയും വന്ദ്യഗുരുവും പണ്ഡിതനുമായ ഇ. മൊയ്തു മൗലവിയുടെ പൗരാണിക മുസ്ലിം സ്ത്രീകളുടെ ശോഭനമായ നിലയും ഇന്നത്തെ സ്ത്രീ അവസ്ഥകളും വിവരിച്ചുകൊണ്ടുള്ള പ്രഭാഷണത്തിനു ശേഷം 8 മണിക്ക് തുടങ്ങിയ സമ്മേളനം വൈകുന്നേരം 5 മണിയോടെയാണ് അവസാനിച്ചത്.’’ അടുത്ത യോഗം ഇതേ സ്ഥലത്തുവെച്ച് ചിങ്ങം 29ന് സമ്മേളിക്കുമെന്ന് ഉറപ്പുനല്‍കിയാണ് സെക്രട്ടറിമാരായ പി.കെ. ഫാത്തിമാ ബി, കെ.എ. ഫാത്തിമ കൊടുങ്ങല്ലൂര്‍, (18/1/112) എന്നിവരുടെ പേരില്‍ യോഗ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. സാമൂഹിക ബോധ്യങ്ങള്‍ വികാസം പ്രാപിച്ചുതുടങ്ങാത്ത, നവോത്ഥാന പരിസരം രൂപപ്പെടുത്തിയെടുക്കാന്‍ ഒരുപാട് പ്രഹരങ്ങള്‍ ഏല്‍ക്കേണ്ടിവന്ന, കേരളത്തിന്റെ ഭൂമികയിലിരുന്നാണ് പ്രമേയങ്ങളിലൂടെയും പ്രഹരമുള്ള വാക്കുകളിലൂടെയും ഒരുകൂട്ടം സ്ത്രീകള്‍ ശബ്ദിച്ചത്.
===================
(കടപ്പാട്: അബ്ദുറഹ്മാന് മങ്ങാട്, കാലിക്കറ്റ് യൂനിവേഴ്സിറ്റി സി.എച്ച് ചെയര്‍)
