എറണാകുളം ജില്ല മുസ്ലിം വിമൻസ് അസോസിയേഷനും ഹലീമാ ബീവിയുടെ ഇടപെടലും

സാമൂഹിക ഇടപെടലിലൂടെ വനിതകൾക്ക് ഉന്നതിയിലെത്താൻ സാധിക്കുമെന്ന് വിശ്വസിച്ച് ഹലീമാ ബീവി നടത്തിയ ശ്രമങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് വിമൻസ് അസോസിയേഷൻ രൂപവത്കരണം. കൂടാതെ വിദൂര ദേശങ്ങളിൽനിന്ന് എറണാകുളത്ത് എത്തിച്ചേരുന്ന സ്ത്രീകൾക്ക് താമസിക്കാൻ വനിത ഹോസ്റ്റൽ സ്ഥാപിക്കുകയെന്ന ഉദ്ദേശ്യലക്ഷ്യത്തിനു വേണ്ടിയും അവർ അഹോരാത്രം പരിശ്രമിച്ചു. അധ്യായം -24 1963ൽ എറണാകുളം കേന്ദ്രമായി നിലവിൽ വന്ന മുസ്ലിം വിമൻസ് അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ഹലീമാ...
Your Subscription Supports Independent Journalism
View Plansസാമൂഹിക ഇടപെടലിലൂടെ വനിതകൾക്ക് ഉന്നതിയിലെത്താൻ സാധിക്കുമെന്ന് വിശ്വസിച്ച് ഹലീമാ ബീവി നടത്തിയ ശ്രമങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് വിമൻസ് അസോസിയേഷൻ രൂപവത്കരണം. കൂടാതെ വിദൂര ദേശങ്ങളിൽനിന്ന് എറണാകുളത്ത് എത്തിച്ചേരുന്ന സ്ത്രീകൾക്ക് താമസിക്കാൻ വനിത ഹോസ്റ്റൽ സ്ഥാപിക്കുകയെന്ന ഉദ്ദേശ്യലക്ഷ്യത്തിനു വേണ്ടിയും അവർ അഹോരാത്രം പരിശ്രമിച്ചു.
അധ്യായം -24
1963ൽ എറണാകുളം കേന്ദ്രമായി നിലവിൽ വന്ന മുസ്ലിം വിമൻസ് അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ഹലീമാ ബീവിയുടെ പങ്കാളിത്തം കാണാൻ കഴിയുന്നുണ്ട്. സാമൂഹിക സേവന താൽപരതയോടെ പ്രവർത്തിക്കുന്നതിനായി മുസ്ലിം സമുദായത്തിലെ വനിതകൾ മുന്നിട്ടിറങ്ങേണ്ടതുണ്ടെന്ന പുരോഗമനചിന്ത ഉൾക്കൊണ്ട് ഏതാനും സ്ത്രീകൾ ഇറങ്ങിപ്പുറപ്പെട്ടതിന്റെ ബാക്കിപത്രമാണ് ‘എറണാകുളം ജില്ല മുസ്ലിം വിമൻസ് അസോസിയേഷൻ’. 1963 ആഗസ്റ്റ് 12ന് സാമൂഹികപ്രവർത്തകയായ ഐഷാബീവി മുഹമ്മദിന്റെ എറണാകുളത്തെ വസതിയിൽ ചേർന്ന യോഗത്തിൽ സമാന മനഃസ്ഥിതിയുള്ള മുസ്ലിം സ്ത്രീകൾ സംബന്ധിക്കുകയുണ്ടായി. ആ യോഗത്തിൽ അധ്യക്ഷത വഹിച്ചത് ഹലീമാ ബീവിയായിരുന്നു.
തുടർന്ന് യോഗം കൈക്കൊണ്ട തീരുമാനങ്ങൾ ഫലപ്രാപ്തിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഒരു കർമപരിപാടി ആവിഷ്കരിക്കാനായി അതേ വർഷം ഡിസംബർ 15ന് അസ്മ മായാൻകുട്ടിയുടെ വസതിയിൽ വെച്ച് അഡ്വ. ഫാത്തിമ റഹ്മാന്റെ അധ്യക്ഷതയിൽ രണ്ടാമത്തെ യോഗം നടന്നു. അവിടെവെച്ച് തങ്ങളുടെ സംഘടനയ്ക്ക് ‘എറണാകുളം ജില്ലാ മുസ്ലിം വിമൻസ് അസോസിയേഷൻ’ എന്ന് നാമകരണം ചെയ്യുകയും അഡ്വ. ഫാത്തിമ റഹ്മാൻ, ഖദീജ സയ്യിദ് മുഹമ്മദ് എന്നിവർ യഥാക്രമം പ്രസിഡന്റും സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 17 അംഗ എക്സിക്യൂട്ടിവ് കൗൺസിലിൽ ഹലീമാ ബീവിയും ഉൾപ്പെട്ടിരുന്നു. എറണാകുളത്തെയും പരിസരങ്ങളിലെയും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിൽ തിളങ്ങിനിൽക്കുന്നവരും വിദ്യാസമ്പന്നരുമായിരുന്നു സംഘടനയുടെ ഭാരവാഹിത്വത്തിലേക്ക് എത്തിയത്.
മറ്റൊരു പ്രത്യേകത ഇവരിൽ പലരുടെയും കുടുംബങ്ങൾ, പ്രത്യേകിച്ച് ഭർത്താക്കന്മാർ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സർക്കാറിൽ ഔദ്യോഗികമായി ഉന്നതസ്ഥാനങ്ങളും അലങ്കരിച്ച് വരുന്നവരുമായിരുന്നു. ആയിരം രൂപ സംഭാവന ചെയ്യുന്ന വ്യക്തികളെ രക്ഷാധികാരികളാക്കാനും 100 രൂപ സംഭാവന ചെയ്യുന്നവരെ ആജീവനാന്ത അംഗത്വത്തിലേക്ക് ഉൾക്കൊള്ളിക്കാനും തീരുമാനിച്ചു. അങ്ങനെ 100 രൂപ നൽകി ഹലീമാ ബീവി വനിതാ സമാജത്തിന്റെ ആജീവനാന്ത അംഗമായി (92ാം അംഗം).
പൊതുതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വാർഷിക അംഗത്വത്തിന് 12 രൂപ എന്ന നിലയിൽ നിശ്ചയിച്ചു. തുടക്കത്തിൽ തന്നെ സംഘാടക കമ്മിറ്റി അംഗങ്ങൾ ഉൾപ്പെട്ടുകൊണ്ട് 200ൽപരം വനിതകളെ അംഗങ്ങളായി ചേർക്കാൻ സാധിച്ചു. അതിനായി വിവിധ ഭാഗങ്ങളിൽ നിരവധി കുടുംബയോഗങ്ങൾ വിളിച്ചുചേർത്തു. മാത്രമല്ല, എത്തിപ്പെടാൻ സാധിക്കുന്ന ഇടങ്ങളിലെല്ലാം തന്നെ നേരിട്ടെത്തിച്ചേർന്ന് വനിത സംഘത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയും പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സംഘാടകർ ശ്രമിച്ചു.
തങ്ങളാൽ കഴിയും വിധം പത്രമാധ്യമങ്ങൾ വഴി പ്രചാരണങ്ങൾ നടത്താനും അവർ തയാറായി. 1964 ഏപ്രിൽ 24ന് വനിത സംഘത്തിന്റെ ആദ്യ വാർഷിക സമ്മേളനം എറണാകുളം മുനവിറുൽ ഇസ്ലാം ഹൈസ്കൂളിൽ നടന്നു. ഈ യോഗത്തിൽ വെച്ച് താൽക്കാലിക കമ്മിറ്റിയെ ഒഴിവാക്കി സമ്മേളനത്തിൽ പങ്കെടുത്ത നൂറിൽപരം വനിതകളിൽനിന്നും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.എന്നിരുന്നാലും അഡ്വ. ഫാത്തിമ റഹ്മാൻ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയുണ്ടായി. ഖദീജ സെയ്തു മുഹമ്മദ്, സുലേഖ മുഹമ്മദ് ബാബു എന്നിങ്ങനെ രണ്ടു പേരെയാണ് സെക്രട്ടറിമാരായി തിരഞ്ഞെടുത്തത്. ഹലീമാ ബീവി നിർവാഹക സമിതിയിൽ ഒരു അംഗമായി തുടർന്നു.

മുസ്ലിം വനിത ഹോസ്റ്റലിന്റെ സ്ഥാപനവും ഇന്ദിര ഗാന്ധിയുടെ വരവും
വിദ്യാഭ്യാസരംഗത്ത് വനിതകൾക്ക് ഉണർവ് ലഭിക്കുന്ന തരത്തിലുള്ള ഇടപെടൽ ഉണ്ടാകണമെന്നാണ് സംഘടനയുടെ ഉദ്ദേശ്യലക്ഷ്യമായി ഉയർത്തിക്കാണിച്ചത്. അതിനായുള്ള കർമപദ്ധതികൾ ആവിഷ്കരിക്കുക എന്നതായിരുന്നു ആദ്യത്തെ നടപടി. അതിന്റെ ഭാഗമായി വിദൂരദേശങ്ങളിൽനിന്നും വിദ്യാഭ്യാസ-ഉദ്യോഗ ആവശ്യങ്ങൾക്കായി എറണാകുളത്ത് എത്തിച്ചേരുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കുന്നതിന് അനുയോജ്യമായ ഒരു വനിത ഹോസ്റ്റൽ സ്ഥാപിക്കുകയെന്നതിലേക്ക് സംഘാടകരുടെ ശ്രദ്ധ പതിഞ്ഞു.
എന്നാൽ വലിയ സാമ്പത്തിക ഉത്തരവാദിത്തമുള്ള ഒരു സംഗതിയായിട്ടാണ് പലരും അതിനെ കണ്ടത്. ആയതിനാൽ ഹോസ്റ്റൽ നിർമാണം ഒരു വെല്ലുവിളിയായി തന്നെ സംഘടന ഏറ്റെടുത്തു. തുടർന്ന് മൈമൂൻ അബ്ദുൽ ഖാദറിനെ കാര്യദർശിയാക്കി കൊണ്ട് ആറംഗങ്ങൾ ഉൾക്കൊള്ളുന്ന ഹോസ്റ്റൽ നിർമാണ കമ്മിറ്റി നിലവിൽ വന്നു. ഹോസ്റ്റൽ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തുക എന്നതായിരുന്നു അടുത്ത കടമ്പ. അതിനായി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് വടക്ക് കൃഷ്ണസ്വാമി ക്രോസ് റോഡിന് സമീപത്തായി പത്ത് സെന്റ് സ്ഥലം കണ്ടെത്തുകയും വനിത സംഘടനയുടെ പേരിൽ വിലക്ക് വാങ്ങുകയും ചെയ്തു.
സംഘത്തിന്റെ തനത് ഫണ്ടിൽനിന്നും 5000 രൂപയും എ.എസ്. ബാവയുടെ കുടുംബം സംഭാവനയായി നൽകിയ 5000 രൂപയും കൂട്ടിച്ചേർന്നതാണ് വസ്തു വാങ്ങാനാവശ്യമായ തുക കണ്ടെത്തിയത്. സ്ഥലം ലഭ്യമായതോടെ ഹോസ്റ്റൽ കെട്ടിടങ്ങളുടെ നിർമാണത്തിനുള്ള പണം കണ്ടെത്തുകയെന്നത് അടുത്ത വെല്ലുവിളിയായി തീർന്നു. കുറഞ്ഞത് രണ്ടുലക്ഷമെങ്കിലും ചെലവ് വരുന്ന രീതിയിലുള്ള രൂപരേഖയാണ് കെട്ടിടത്തിനായി തയാറാക്കിയത്.
തുടർന്ന് കെട്ടിട നിർമാണം ഇഴഞ്ഞുനീങ്ങുകയുണ്ടായി. അങ്ങനെ രണ്ടു വർഷം കടന്നുപോയി. സംഘടനയുടെ രജിസ്ട്രേഷൻ നടപടികളും മറ്റും ഇതിനിടയിൽ നടന്നു. 1966 ഡിസംബർ 28ന് തിരുവിതാംകൂർ-കൊച്ചി ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം സംഘടന ഔദ്യോഗികമായി തന്നെ രജിസ്റ്റർ ചെയ്തു. കേരളത്തിൽ ഇദം പ്രഥമമായി രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ച ആദ്യ മുസ്ലിം വനിത സംഘമായി ചരിത്രത്തിൽ ഇടംനേടി. അപ്പോഴും ഹോസ്റ്റൽ നിർമാണത്തിന്റെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചു. എന്നിരുന്നാലും കുറച്ചു പണം കൈയിൽ വന്നപ്പോൾ ശിലാസ്ഥാപന കർമം നടത്താൻ തീരുമാനിച്ചു. അതൊരു ചരിത്രസംഭവമാക്കി മാറ്റാൻ വേണ്ടി അന്നത്തെ പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധിയെതന്നെ ഉദ്ഘാടകയായി ക്ഷണിക്കുകയുണ്ടായി.
1966 ജൂലൈ ഒന്നിന് സംഘടനയുടെ ശിലാസ്ഥാപന സമ്മേളനത്തിലേക്ക് ഇന്ദിര ഗാന്ധി എത്തിച്ചേർന്നു. ചരിത്ര നിമിഷത്തെ ആഘോഷമാക്കി മാറ്റാൻ കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള സ്ത്രീ-പുരുഷന്മാർ സമ്മേളന സ്ഥലത്തേക്ക് ഒഴുകിയെത്തി. തന്റെ പ്രസംഗത്തിൽ എറണാകുളം മുസ്ലിം വനിത സംഘത്തിന്റെ പ്രവർത്തനങ്ങളെ ഇന്ദിര ഗാന്ധി ശ്ലാഘിക്കുകയും അക്കാലത്തെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധതലങ്ങളിൽ പിന്നാക്കം നിൽക്കുന്ന മുസ്ലിം വനിതകൾ ഈ സംഘടനയുടെ ഭാഗമായി ചെയ്തുവരുന്ന പ്രവർത്തനങ്ങളെ എടുത്തുപറയുകയും; ഭദ്രമായ കുടുംബ ജീവിതത്തിനും അതുവഴി രാഷ്ട്രപുരോഗതിക്കും കഴിയുന്ന സംഭാവന ചെയ്തു മുന്നോട്ടുപോകുന്ന എറണാകുളം മുസ്ലിം വനിത അസോസിയേഷനെ മറ്റുള്ള സംഘങ്ങൾ മാതൃകയാക്കാനും ഇന്ദിര ഗാന്ധി ആവശ്യപ്പെട്ടു.
ഇന്ദിര ഗാന്ധിക്കൊപ്പം വേദി പങ്കിടാനും ഹലീമാ ബീവിക്ക് അവസരം ലഭിച്ചു. ഹോസ്റ്റൽ ശിലാസ്ഥാപന സമ്മേളനത്തിൽ പ്രസംഗിച്ച് പ്രധാനമന്ത്രി മടങ്ങി. തദവസരത്തിൽ നടന്ന നിരവധിയായ സമ്മേളന സെക്ഷനുകളിൽ അധ്യക്ഷത വഹിക്കാനുള്ള അവസരം ഹലീമാ ബീവിയിൽ വന്നുചേർന്നു. തികഞ്ഞ കൈയടക്കത്തോടെ അവർ അത് നിർവഹിക്കുകയും ചെയ്തു. (പുതിയ ഹോസ്റ്റലിന്റെ യഥാർഥ സ്ഥാനത്ത് ഹോസ്റ്റൽ ശിലാസ്ഥാപനം നിർവഹിച്ചത് പാർലമെന്റ് അംഗം സാലെ മുഹമ്മദ് ഇബ്രാഹിം സുലൈമാൻ സേട്ടായിരുന്നു)
എന്നാൽ, സംഘടനയുടെ മുന്നിൽ വലിയൊരു വെല്ലുവിളിയായി ഫണ്ട് ശേഖരണം മാറി. തുടർന്ന് നിരവധിയായ ഇടപെടലുകളിലൂടെയാണ് കെട്ടിട നിർമാണ ഫണ്ട് സ്വരൂപിച്ചത്. അതിനായി അസോസിയേഷൻ അംഗങ്ങൾ നിർമിച്ച കരകൗശലവസ്തുക്കളുടെയും അടുക്കള സാധനങ്ങളുടെയും തുണിയിൽ തീർത്ത പലതരം ഉൽപന്നങ്ങളുടെയും പ്രദർശന വിപണനമേള അവർ സംഘടിപ്പിച്ചു. 1966 നവംബർ 12ന് നടന്ന സംഘടനയുടെ വാർഷിക പരിപാടിയുടെ അനുബന്ധിച്ചാണ് വിപണനമേള സംഘടിപ്പിച്ചത്. ഇതിലേക്കായി നൂറുകണക്കിന് യുവതിയുവാക്കളുടെ സഹായ സഹകരണങ്ങൾ സംഘത്തിന് ലഭിച്ചു. നല്ലൊരു തുക സമാഹരിക്കാനും അവർക്ക് സാധിച്ചു.
എന്നിരുന്നാലും ഉദ്ദേശിച്ച ഫണ്ട് കണ്ടെത്താൻ കഴിയാതെ സംഘാംഗങ്ങൾ വിഷമിക്കുകയുണ്ടായി. അവരുടെ ഇടയിലേക്ക് പുതിയൊരു ആശയം ഉയർന്നുവരുകയും അത് ഫലപ്രദമായി നടപ്പിൽ വരുത്തുന്നതിന് സംഘാടകർക്ക് സാധിക്കുകയും ചെയ്തു. അതായത് ഫണ്ട് പിരിവിനായി ഒരു ‘സ്റ്റാർ നൈറ്റ്’ സംഘടിപ്പിക്കുക എന്നതായിരുന്നു ആ പുത്തൻ ആശയം. 1968 മാർച്ച് ഒന്നിന് സിനിമാതാരങ്ങൾ പങ്കെടുക്കുന്ന സ്റ്റാർ നൈറ്റ് എറണാകുളത്ത് ഉദ്ഘാടനം ചെയ്തത് മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറായിരുന്നു. കൂടാതെ സിനിമാതാരങ്ങളായ ഷീല, അടൂർ ഭാസി, ബഹദൂർ, എസ്.പി. പിള്ള, സംവിധായകനും ഗാനരചയിതാവുമായിരുന്നു പി. ഭാസ്കരൻ, ഗായകരായ യേശുദാസ്, മഹബൂബ് തുടങ്ങി നിരവധി പേർ പങ്കുകൊണ്ടു. ഇതിൽ പി. ഭാസ്കരൻ മാസ്റ്റർ സംഘടനയുടെ അധ്യക്ഷയായി പ്രവർത്തിച്ചുവരുന്ന അഡ്വ. ഫാത്തിമ റഹ്മാന്റെ സഹപാഠികൂടിയായിരുന്നുവെന്നതും പ്രത്യേകമായി പരാമർശിക്കേണ്ടതാണ്.
ഈ പരിപാടിയിലൂടെ 50,000ത്തിൽ അധികം രൂപ പിരിച്ചെടുക്കുവാൻ അവർക്ക് സാധിച്ചു. അക്കാലത്ത് അതൊരു വലിയ തുകതന്നെയായിരുന്നു. തുടർന്ന് സമൂഹത്തിലെ സമ്പന്നരിൽനിന്നും സംഘടനകളിൽനിന്നും പണംപിരിക്കാനുള്ള പരിശ്രമങ്ങളും ആരംഭിച്ചു. അങ്ങനെ ഒരു രൂപ മുതൽ പതിനായിരം രൂപ വരെ സംഭാവന നൽകാൻ നിരവധിപേർ തയാറായി. അക്കാലത്ത് രൂപംകൊണ്ട മുസ്ലിം എജുക്കേഷനൽ സൊസൈറ്റി (എം.ഇ.എസ്) ഹോസ്റ്റൽ നിർമാണത്തിനായി പതിനായിരം രൂപ ലോണായി നൽകാനും തയാറായി.

ഹോസ്റ്റൽ നിർമാണം ആരംഭിച്ചപ്പോൾ മേൽനോട്ടം വഹിക്കാനായി പൗരപ്രമാണിമാരായ കെ.സി.എം. മേത്തർ, പി.എം. മായൻകുട്ടി, എ.ബി. മുഹമ്മദ് തുടങ്ങിയ ഒരു ഉപസമിതിയെ തിരഞ്ഞെടുത്തു. ഇതിനിടയിൽ കേരളം സന്ദർശിച്ച ഇന്ത്യൻ പ്രസിഡന്റ് ഫക്രുദീൻ അലി അഹമ്മദും കുടുംബവും എറണാകുളത്ത് മുസ്ലിം വനിതാ അസോസിയേഷന്റെ ആസ്ഥാനം സന്ദർശിക്കുകയുണ്ടായി. 1968 ആഗസ്റ്റ് നാലിന് അവർക്കായി ഒരു വിരുന്ന് സൽക്കാരം സംഘടന ഒരുക്കുകയുണ്ടായി.
നിരവധിയായ കർമപരിപാടികൾ ആവിഷ്കരിച്ചുകൊണ്ട് സംഘടനയുടെ പ്രവർത്തനങ്ങൾ തുടർന്നുവന്നു. രാജ്യത്തിന്റെ നിർണായഘട്ടത്തിൽ സമൂഹത്തിനും രാജ്യത്തിനും മാതൃകാപരമായ ഇടപെടലുകളും അവർ നടത്തി. 1965ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ രാജ്യരക്ഷാനിധിയിലേക്ക് സംഭാവന നൽകുന്നതിന് അവർ തയാറായി. അതുപോലെ കൊരട്ടി, നൂറനാട് തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന കുഷ്ഠരോഗ ആശുപത്രിയിലേക്ക് വസ്ത്രവും പണവും വർഷംതോറും എത്തിച്ചുനൽകാനും സംഘടനയുടെ പ്രവർത്തകർ പരിശ്രമിച്ചിരുന്നു.
വിധവകളായ സ്ത്രീകൾക്ക് സർക്കാർ നൽകിവന്നിരുന്ന ആശ്വാസ സഹായം വാങ്ങിനൽകാനും അർഹരായ വിദ്യാർഥികൾക്ക് പഠന സൗകര്യങ്ങളും സ്കോളർഷിപ്പും നൽകാനും സംഘാടകർ പരിശ്രമിച്ചു. വർഷങ്ങളായി സ്വപ്നം കണ്ടുവന്ന ചിരകാല അഭിലാഷത്തിലേക്ക് അവർ എത്തി. നിർമാണം പൂർത്തിയായ ഹോസ്റ്റലിലെ ഉദ്ഘാടനം 1969 സെപ്റ്റംബർ ആറിന് അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ നിർവഹിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ ആശംസകൾ അർപ്പിക്കാൻ നിർദേശിക്കപ്പെട്ട മഹിളകളിൽ ഒരാൾ ഹലീമാ ബീവിയായിരുന്നു. സാരഗുണ സമ്പന്നവും അർഥഗർഭവുമായ ഒരു പ്രസംഗത്തിലൂടെ അവർ തന്റെ സാന്നിധ്യം അറിയിച്ചു. അവരെ കൂടാതെ സാമൂഹിക സാംസ്കാരിക മേഖലകളിൽ തിളങ്ങിനിന്നിരുന്ന പാർവതി അയ്യപ്പൻ, ലീലാ ദാമോദര മേനോൻ, മിസിസ് വി.ആർ. കൃഷ്ണയ്യർ, സിസിലി പോൾസൺ എന്നിവരും സംസാരിച്ചു. തുടർന്ന് നിരവധി പേരാണ് ഹോസ്റ്റൽ അന്തേവാസികളായി അവിടെ എത്തിച്ചേർന്നത്.93 ഹലീമാ ബീവിയുടെ വലിയൊരു ആഗ്രഹമായിരുന്നു മുസ്ലിം വനിതകൾക്കുവേണ്ടി ഒരു ഹോസ്റ്റൽ. തന്റെ കൂടി പരിശ്രമത്തിന്റെ ഫലമായി അത് ഫലപ്രാപ്തിലേക്ക് എത്തുന്ന മനോഹരമായ കാഴ്ചക്ക് അങ്ങനെ അവർ സാക്ഷിയായി.

അധ്യായം -25
ഹലീമാ ബീവിയുടെ രചനകൾ
സ്ത്രീയവസ്ഥയെ വിവിധ കോണുകളിലൂടെ നോക്കിക്കാണുന്നതിനും അവയെ വിലയിരുത്തുന്നതിനും ഹലീമാ ബീവിക്ക് സാധിച്ചിരുന്നു. സമൂഹത്തിൽ നടന്നുവരുന്ന വിവിധ പുരോഗമന പ്രവർത്തനങ്ങളെയും സ്ത്രീയവസ്ഥയെ മുൻനിർത്തിയുള്ള ആശയ സംഘട്ടനങ്ങളെയും മനസ്സിലാക്കുന്നതിനും അപഗ്രഥിക്കുന്നതിനും അവർ ശ്രമിച്ചിട്ടുണ്ട്. ഒപ്പം തന്നെ, മുസ്ലിം സമുദായത്തിലെ പൗരോഹിത്യം, ആധുനിക വിദ്യാഭ്യാസം, സ്ത്രീയവസ്ഥ എന്നിങ്ങനെ വിവിധതലങ്ങളിൽനിന്നുകൊണ്ടുള്ള ചിന്തകൾ അവതരിപ്പിക്കുന്നതിനും അവയിൽ ഊന്നിനിന്നുള്ള ബോധവത്കരണത്തിനും അവർ പരിശ്രമിച്ചിരുന്നു. അവയെല്ലാം തന്നെ പ്രസംഗങ്ങളായി ലേഖനങ്ങളായും പുറത്തുവന്നിരുന്നു.
ഹലീമാ ബീവിയുടെ രചനകളെ പരിശോധിച്ചാൽ അവക്ക് എല്ലാത്തിനും ഏകീകൃത സ്വഭാവം കാണാം. അവയെല്ലാം പങ്കുവെക്കുന്നത് സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനം ആയിരുന്നു. അവർ പറയുന്നുണ്ട്: “എന്റെ ലേഖനങ്ങളുടെ തലക്കെട്ടുകൾ വിവിധങ്ങളായിരിക്കും എങ്കിലും വിഷയം മിക്കവാറും ഒന്നുതന്നെയാണ്.’’ അക്കാലത്തെ മുസ്ലിം സ്ത്രീകളുടെ അവസ്ഥ അത്രകണ്ട് പരിതാപകരമായിരുന്നു. ആയതിനാൽ അവയെക്കുറിച്ച് വിവിധതലങ്ങളിൽ എഴുതണമെന്ന ചിന്തയായിരുന്നു അവരെ നയിച്ചത്. എന്തുകൊണ്ട് അവർ തുടരത്തുടരെ ഒരേ വിഷയങ്ങൾ ചർച്ചചെയ്യുന്നു എന്ന് ചോദിക്കുന്നവരോട് അവർക്കുള്ള മറുപടി: “എത്ര പറഞ്ഞാലും തീരാത്തതും ആരുംതന്നെ എങ്ങനെയൊക്കെ പറഞ്ഞിട്ടും ഇന്നോളം സമുദായം കൈക്കൊള്ളാത്തതും ആയതിനാലാണ്.”94
ഹലീമാ ബീവിയുടെ രചനകളും ചിന്തകളും എന്തുകൊണ്ട് സ്ത്രീപക്ഷ വിമർശന നിലപാടിലേക്ക് മാറിയെന്നു വിലയിരുത്തേണ്ടതാണ്: “...സ്ത്രീയുടെ താരതമ്യേന മോശപ്പെട്ട അവസ്ഥ വിലയിരുത്തുമ്പോൾ അവർ പലകോണിലും അതിനെ നോക്കിക്കണ്ടു. സ്ത്രീകളുടെതന്നെ മനോഭാവം, മുസ്ലിം സമൂഹത്തിന്റെ മനോഭാവം, മതപുരോഹിതന്മാരുടെ മതത്തെ ഉപയോഗിച്ചുള്ള വളച്ചുകെട്ടൽ, മതത്തെക്കുറിച്ചുള്ള അൽപജ്ഞാനവും തെറ്റായധാരണയും തുടങ്ങി പലതലത്തിലൂടെ അത് നോക്കിക്കാണാനുള്ള ശ്രമം നടത്തുകയും എഴുതുകയും ചെയ്തു. അതുകൊണ്ടുതന്നെ, നിലനിൽക്കുന്ന പുരുഷാധിപത്യ മത-സാമൂഹിക ചുറ്റുപാടുകൾക്കും മനോഭാവങ്ങൾക്കും ചട്ടക്കൂടുകൾക്കുമെതിരെ അവർ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു.”95
മിക്കപ്പോഴും തന്റെ ചിന്തകളെ പ്രാദേശികമായ മുസ്ലിം സ്ത്രീ ജീവിതത്തിലെ പ്രതികരണങ്ങളിൽനിന്നുകൊണ്ട് പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും അവർ പരിശ്രമിച്ചിരുന്നു. തനിക്ക് ചുറ്റുമുള്ള സ്ത്രീ ജീവിതങ്ങളാണ് തന്റെ ചിന്തക്ക് പാത്രമായത് എന്നതിനാൽ വിഷയങ്ങളെ ഒറ്റപ്പെട്ടവയിൽനിന്നും സമഗ്ര ശ്രദ്ധവേണ്ടത് എന്ന തലത്തിലേക്ക് എത്തിക്കുന്നതിന് അവർ ശ്രമിച്ചത്. ഹലീമാ ബീവിയുടെ എഴുത്തിന്റെ സൂക്ഷ്മതലങ്ങളെ വിലയിരുത്തിക്കൊണ്ട് നൂറയും നൂർജഹാനും പറയുന്നത്: “...ഏതൊരു വിഷയത്തെയും വിവരശേഖരണത്തിലൂടെയും സാഹചര്യാപഗ്രഥനത്തിലൂടെയും കൃത്യമായി പഠിച്ച്, സൂക്ഷ്മാപഗ്രഥനം ചെയ്ത്, ആധികാരികമായ അവലംബങ്ങൾ ഉപയോഗിച്ച്, യുക്തിഭദ്രമായി തന്റെ വായനക്കാരുടെ വീക്ഷണപരിധി, അല്ലെങ്കിൽ ചിന്താവ്യാപ്തിക്കനുസരിച്ച് എഴുതുന്നരീതിയാണ് അവർ ഉപയോഗിച്ചതായി കാണുന്നത്.
ഇതിൽ കൃത്യമായ പശ്ചാത്തല വിശദീകരണത്തിന് ഉദാഹരണങ്ങളും ഉപമകളും നർമകഥകളും ഉപയോഗിച്ച് കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുകയും ചെയ്യുന്നു. പഴഞ്ചൊല്ലുകളും ധാരാളമായി ഉപയോഗിച്ചതായി കാണുന്നുണ്ട്. കൂടാതെ, ചിലയിടങ്ങളിൽ രസകരമായ നർമോക്തിയും ഉപയോഗിച്ച് കാണുന്നു. അതേസമയം, വിമർശനാത്മകമായ എഴുത്തിൽ അവരൊരു നിപുണയുമായിരുന്നു. തന്ത്രപരമായി കാര്യങ്ങളെ പറഞ്ഞുവെക്കാൻ അവർക്ക് നല്ലമിടുക്കായിരുന്നു.”96
ഏതെങ്കിലും ഗഹനമായ വിഷയത്തെ സംബന്ധിച്ച് -സ്ത്രീയവസ്ഥ, മതം, രാഷ്ട്രീയം -ഏതുമാകട്ടെ വെറുതെ പറഞ്ഞുപോകുന്ന ഒരു രീതിയായിരുന്നില്ല അവർ സ്വീകരിച്ചിരുന്നത്. കൃത്യമായി വിശകലനം നടത്തുകയും അവ അവതരിപ്പിച്ചതിനുശേഷം അതിനുള്ള പ്രശ്നപരിഹാരവും നിർദേശിച്ചിരുന്നു; അത് സാമൂഹികചിന്തയാണെങ്കിലും മതപരമായ ആശയമാണെങ്കിലും. ഉദാഹരണത്തിന്, സ്ത്രീകളുടെ നിലമാറാൻ സ്ത്രീകൾ, മതസംഘടനകൾ, പുരോഹിത വിഭാഗം, പുരുഷസമൂഹം എന്തുചെയ്യണമെന്നു കൃത്യമായി നിർദേശിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. അവ പലപ്പോഴും എത്തിച്ചേരേണ്ടിടത്ത് എത്തിക്കുന്നതിനുള്ള മാർഗങ്ങളാണ് ഹലീമാ ബീവി തേടിയിരുന്നത്.

പല ചിന്തകളും പ്രസംഗരൂപത്തിൽ പുറത്തുവരികയും പിന്നീട് ലേഖന രൂപത്തിലാക്കി പത്രികകൾക്ക് നൽകുന്നതിനാണ് അവർ താൽപര്യം കാണിച്ചിരുന്നത്. ധാരാളം പരിമിതികൾ അവരുടെ രചനകളിൽ കാണാൻ പറ്റും. എന്നാൽ, സ്കൂൾ വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള ഒരു വനിത വായനയിലൂടെയും സാമൂഹിക ഇടപെടലിലൂടെയും നേടിയെടുത്ത വിചിന്തനത്തിന്റെ/വിശകലനത്തിന്റെ തുടർച്ചയാണ് അവരുടെ രചനകളെന്നതിനാൽ അത്തരം പരിമിതികൾക്ക് പ്രസക്തി ഇല്ലാതാവുകയും അവയിലെ സത്ത ഉയർന്നുനിൽക്കുകയും ചെയ്യുന്നുവെന്നതാണ് സത്യം.
തന്റെ രചനകൾ സമാഹരിച്ച് പുസ്തകരൂപത്തിലാക്കുന്നതിനുള്ള താൽപര്യം അവർക്കുണ്ടായിരുന്നില്ല. മാത്രമല്ല, മുസ്ലിം സ്ത്രീയവസ്ഥ മെച്ചപ്പെടുത്തുന്നതിനായി താൻ എഴുതുന്നതെന്തെങ്കിലും പിൽക്കാലം ചർച്ചചെയ്യുമെന്നുള്ള ബോധവും അവരിൽ വളർന്നുവന്നിരുന്നില്ല. എന്നിരുന്നാലും അവർ എഴുതിക്കൂട്ടിയ ലേഖനങ്ങൾ വിവിധ മാസികളിൽനിന്നും ശേഖരിച്ച് അവരുടെ പിന്മുറക്കാർ പുസ്തകരൂപത്തിലെത്തിക്കുകയുണ്ടായി. ‘എം ഹലീമ ബീവിയുടെ ജീവിതം -പത്രാധിപ’ എന്ന ലഘു ജീവചരിത്ര ഗ്രന്ഥത്തിൽ ഹലീമാ ബീവിയുടെ ചില ലേഖനങ്ങൾ, അഭിമുഖങ്ങൾ എന്നിവ അനുബന്ധമായി ചേർക്കുന്നതിന് ഗ്രന്ഥകർത്രികൾ ശ്രമിച്ചിട്ടുണ്ട്.
അതുപോലെ കാലിക്കറ്റ് സർവകലാശാലയിൽ പ്രവർത്തിക്കുന്ന സി.എച്ച് ചെയറിന്റെ കീഴിലുള്ള മാപ്പിള ഹെറിറ്റേജ് ലൈബ്രറിയിലെ ഗവേഷക ഉപദേഷ്ടാവായ അബ്ദുറഹ്മാൻ മങ്ങാട് വിവിധ മാസികകളിൽനിന്നും സമാഹരിച്ച ലേഖനങ്ങളിൽ ചിലത് ചേർത്തുകൊണ്ട് ‘ഹലീമാ ബീവിയുടെ തെരഞ്ഞെടുത്ത രചനകൾ’ എന്ന പേരിൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന യുവത ബുക്സ് (2023) വഴി പ്രസിദ്ധീകരിക്കുകയുണ്ടായി. അതിനുശേഷം കണ്ടെടുക്കുകയും വീണ്ടെടുക്കുകയും ചെയ്ത ചില ലേഖനങ്ങളും മുഖപ്രസംഗങ്ങളും ചേർത്തുകൊണ്ട് വിപുലീകരിക്കുന്നതിനുള്ള നടപടിയും അവർ നടത്തിവരുന്നു. ഈ ഗ്രന്ഥരചന നിർവഹിക്കുന്ന വേളയിലും ചില സുവനീറുകളിലും മാസികകളിലും പ്രസിദ്ധീകരിച്ച ലേഖനങ്ങൾ കണ്ടെടുക്കുകയും അവ ഇതിനായി ഈ ഗ്രന്ഥകാരൻ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
(തുടരും)
കുറിപ്പ്
93. എറണാകുളം മുസ്ലിം വനിതാ ഹോസ്റ്റൽ നിർമാണം സംബന്ധമായി കൂടുതൽ വിവരങ്ങൾക്ക് കാണുക, എറണാകുളം ജില്ല വനിതാ സംഘം സുവനീർ, 1972.
94. ഹലീമാ ബീവി, മുസ്ലിം സ്ത്രീകൾ സാംസ്കാരിക രംഗത്ത്, അൻസാരി മാസിക, 1956.
95. നൂറ & നൂർജഹാൻ, എം. ഹലീമാ ബീവിയുടെ ജീവിതം - പത്രാധിപ, പു. 66 -67.
96. നൂറ & നൂർജഹാൻ, എം. ഹലീമാ ബീവിയുടെ ജീവിതം -പത്രാധിപ, പു. 68)
