Begin typing your search above and press return to search.
proflie-avatar
Login

കീലടി തുറന്നുതരുന്ന വിജ്ഞാന ഖനി

കീലടി തുറന്നുതരുന്ന  വിജ്ഞാന ഖനി
cancel

തമിഴ്നാട്ടിൽ വൈഗ നദീതീരത്ത് നടക്കുന്ന ഖനനങ്ങൾ പലതരത്തിലും നിർണായകമാണ്. ഇന്ത്യാ ചരിത്രത്തെക്കുറിച്ച ധാരണകൾ മാറ്റിമറിക്കാൻ പര്യാപ്തമാണ് ഖനനത്തിലെ കണ്ടെത്തലുകൾ. ആ ഖനനത്തെയും അതിന്റെ പ്രാധാന്യത്തെയും എതിർപ്പുകളെയും കുറിച്ച് എഴുതുന്നു. കേന്ദ്ര സർക്കാറും തമിഴ്നാട് സർക്കാറും തമ്മിൽ കീലടി (keeladi) ഖനനവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാകുന്നത് സൂപ്രണ്ട് കെ. അമർനാഥ് രാമകൃഷ്ണയോട് എ.എസ്.ഐ ഖനന റിപ്പോർട്ട് പുനഃസമർപ്പിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ്. ഇത് നിരാകരിച്ചതിനെ തുടർന്ന് അമർനാഥിനെ 2017ൽ സ്ഥലംമാറ്റുകയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 2016-2017 കാലത്ത് ഖനനത്തിൽനിന്നു പിൻവാങ്ങുകയുംചെയ്തു....

Your Subscription Supports Independent Journalism

View Plans
തമിഴ്നാട്ടിൽ വൈഗ നദീതീരത്ത് നടക്കുന്ന ഖനനങ്ങൾ പലതരത്തിലും നിർണായകമാണ്. ഇന്ത്യാ ചരിത്രത്തെക്കുറിച്ച ധാരണകൾ മാറ്റിമറിക്കാൻ പര്യാപ്തമാണ് ഖനനത്തിലെ കണ്ടെത്തലുകൾ. ആ ഖനനത്തെയും അതിന്റെ പ്രാധാന്യത്തെയും എതിർപ്പുകളെയും കുറിച്ച് എഴുതുന്നു.

കേന്ദ്ര സർക്കാറും തമിഴ്നാട് സർക്കാറും തമ്മിൽ കീലടി (keeladi) ഖനനവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാകുന്നത് സൂപ്രണ്ട് കെ. അമർനാഥ് രാമകൃഷ്ണയോട് എ.എസ്.ഐ ഖനന റിപ്പോർട്ട് പുനഃസമർപ്പിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ്. ഇത് നിരാകരിച്ചതിനെ തുടർന്ന് അമർനാഥിനെ 2017ൽ സ്ഥലംമാറ്റുകയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 2016-2017 കാലത്ത് ഖനനത്തിൽനിന്നു പിൻവാങ്ങുകയുംചെയ്തു. കാരണം, കുഴിക്കുംതോറും പഴമ കൂടിവരുന്നു എന്നതാണ് സ്ട്രെറ്റിഗ്രഫിക്കൽ ലെയേഴ്സ് പഠനത്തിൽ കണ്ടുവരുന്നത്. എ.എസ്.ഐ കണ്ടെടുത്ത തെളിവുകൾ കർണാടകയിൽ പ്രദർശിപ്പിക്കാനുള്ള നീക്കം ഒരു പൊതു താൽപര്യ ഹരജിയിൽ മദ്രാസ് ഹൈകോടതി സ്റ്റേ ചെയ്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്. തമിഴ്നാട് സംസ്ഥാന ആർക്കിയോളജിക്കൽ വകുപ്പ് ഖനനം തുടർന്നത് വീണ്ടും വിവാദമായിരിക്കുകയാണ്.

എന്താണ് കീലടി (keeladi)?

മനാലൂര്, കീലടി, തേനി, അകാരം, ദിണ്ഡുഗിൽ, മധുരൈ, ശിവഗംഗൈ, രാമനാഥപുരം, കൊന്തഗൈ, സക്കി മംഗലം, അഗരം, മണലൂർ, പസിയാപുരം, കൊണ്ടഗൈ എന്നിങ്ങനെ 293 എണ്ണത്തിൽ ചുരുക്കപ്പട്ടികയായി തിരഞ്ഞെടുക്കപ്പെട്ട വൈഗ നദീതീരങ്ങളിലെ ഖനനമേഖലകളെല്ലാം ചേർന്നതാണ് കീലടി/ കീലടി ക്ലസ്റ്റർ എന്നറിയപ്പെടുന്നത്. സംഘകൃതികളിൽ ഒരു കാലഘട്ടത്തിൽ തലസ്ഥാനമായിരുന്ന മധുരയിലെ നദീതീരത്തുകൂടി നടന്ന് അന്വേഷണം നടത്താൻ അമർനാഥിനെ പ്രേരിപ്പിച്ചതു സംഘകാല കൃതികളാണ്. ആദ്യമായി കീലടിയിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത് 2004 കീലടിയിലെ കർഷകർ തെങ്ങിൻതോപ്പിലെ ജോലിക്കി​െടയാണ്. പൊതുവിൽ തമിഴ് സംസ്കാരത്തെക്കുറിച്ചുള്ള തെളിവുകളെല്ലാം തന്നെ അന്നുവരെ ശ്മശാനസ്ഥലങ്ങളായിരുന്നു, വാസസ്ഥലത്തെക്കുറിച്ച് അറിയാനുള്ള അമർനാഥിന്റെ ത്വരയാണ് കീലടിയിലേക്കെത്തിച്ചേർന്നത്.

2014ലെ എ.എസ്.ഐ നേതൃത്വത്തിൽ തമിഴ്നാട്ടിൽ ആറു സ്ഥലങ്ങളിൽ നടന്ന ഖനനത്തിൽ കണ്ടെത്തിയത് ബി.സി 2950-3334 കാലഘട്ടത്തിൽ ഇവിടെ ഇരുമ്പുയുഗം ഉണ്ടായിരുന്നുവെന്ന തെളിവുകളാണ്. ആദിച്ചനലൂർ ശ്മശാന സ്ഥലത്തു ഇരുമ്പുകൊണ്ടുള്ള ഉപകരണങ്ങൾ 2004-05 കാലഘട്ടത്തിൽ കണ്ടെത്തിയെങ്കിലും 15 വർഷങ്ങൾക്കുശേഷമാണ് പരിശോധനക്ക് അയക്കുന്നത്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽനിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങൾ ലോകോത്തര ഗവേഷണ ലാബുകളിലെ പരിശോധന റിപ്പോർട്ട് കേന്ദ്ര സർക്കാർ നിഷ്‍കരുണം തള്ളിക്കളഞ്ഞു. സംഘകാല കൃതികളിലെ ജീവിതങ്ങൾ വെറും കെട്ടുകഥയല്ല മറിച്ച് അത് ഒരു സംസ്‌കൃതിയുടെ അടയാളമായതിന്റെ തെളിവുകളാണ് ഇവിടെനിന്നും കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല,

അവയൊക്കെ ഇരുമ്പുയുഗത്തോടൊപ്പം പുരോഗമിക്കപ്പെട്ട, ആഡംബര ജീവിതം നയിച്ച ഒരു സംസ്‌കൃതിയാണെന്നുള്ളതാണ് ഹാരപ്പൻ സംസ്കാരത്തെ ആര്യവത്കരിച്ച വലതുപക്ഷ പ്രസ്ഥാനത്തിന് ഭീഷണിയായിരിക്കുന്നത്.

ഖനനപ്രദേശങ്ങൾ, കണ്ടെത്തലുകൾ

ആദിമ മനുഷ്യസംസ്കാരങ്ങൾ ഉരുവംകൊണ്ടത് നദീതീരത്തെന്ന വാദത്തെ മുൻനിർത്തി പറയുകയാണെങ്കിൽ തമിഴ്നാടിനെ പ്രാചീനകാലത്തു സമ്പന്നമാക്കിയ അഞ്ചു നദികളുടെ തീരമാണ് പ്രധാന ഖനനമേഖലകളെല്ലാംതന്നെ. തമിഴ്നാട്ടിൽ ആദ്യമായി ഗവേഷണം നടക്കുന്നത് 1876ൽ ആദിച്ചനലൂരിൽതന്നെയാണ്. ഏഷ്യയിലും ആഫ്രിക്കയിലും തങ്ങൾ നേരിടുന്ന തദ്ദേശീയ ജനവിഭാഗങ്ങളെ മനസ്സിലാക്കാൻ ജർമൻകാർ നരവംശശാസ്ത്രത്തെ മുഖ്യമായി ഉപയോഗിക്കുന്ന കാലത്താണ് പര്യവേക്ഷകനായ ഡോ. ഫാദർ ജാഗോർ ഇന്ത്യയിൽ വന്നു പഠനം നടത്തുന്നത്.

അതുകൊണ്ടുതന്നെ ഇവയൊക്കെ ജർമനിയിലെ മ്യൂസിയത്തിലേക്ക് കടത്തുകയുണ്ടായി. പിന്നീട്, ബ്രിട്ടീഷ് പര്യവേക്ഷകനും എ.എസ്.ഐ ആർക്കിയോളജിസ്റ്റുമായ അലക്സാണ്ടർ റീയ ഇരുമ്പുസാധനങ്ങൾ കണ്ടെത്തി. കൊടുമണൽ പ്രദേശത്ത് 1961-85 കാലഘട്ടത്തിലും ഖനനം നടക്കുകയുണ്ടായി. ഇതി​നൊന്നും അർഹിക്കുന്ന പ്രാധാന്യം മാധ്യമങ്ങളിൽനിന്നോ സർക്കാറിൽനിന്നോ കിട്ടിയിരുന്നില്ല എന്നതാണ് വാസ്തവം. കൂടാതെ, ബ്രിട്ടീഷ് ഭരണത്തിന് കൃത്യമായ താൽപര്യങ്ങളുമുണ്ടായിരുന്നു.

 

കൊമ്പൻകാളയുടെ അസ്ഥികൂടം

പ്രധാനപ്പെട്ട ഖനനമേഖലകളും കണ്ടെത്തലുകളും

കൊറ്റാലം -നദീതീരത്തുനിന്നും 15 ലക്ഷം വർഷം പഴക്കമുള്ള പാലിയോലിത്തിക് കാലഘട്ടത്തിന്റെ തെളിവുകളായ മനുഷ്യ പ്രവർത്തനങ്ങളുടെ ശേഷിപ്പുകൾ 1863 ൽതന്നെ കണ്ടെത്തിയിട്ടുണ്ട്. തേൻ പെണ്ണായ് നദി-വില്ലുപുരം, കുടലൂര് മേഖലയിൽ കണ്ടെത്തിയവ നിയോലിത്തിക് കാലഘട്ടത്തിൽനിന്നുള്ളതാണ്. ഇത് ചോള രാജഭരണത്തിന്റെ ജീവിത തെളിവുകൾ, വ്യാപാരം എന്നിവയെക്കുറിച്ച അറിവു പകർന്നു.

കാവേരി നദീതീരം -പാശ്ചാത്യ രാജ്യങ്ങളായ കിഴക്കു തെക്കേഷ്യൻ രാജ്യങ്ങളുമായും തെക്കേഷ്യയുമായും ഉള്ള വ്യാപാരം നടന്നതിന്റെ തെളിവുകൾ കാണാം. തെലുങ്ങനൂർ മേഖലയിൽ ബി.സി 3300-3345 കാലഘട്ടത്തിലെ തെളിവുകൾ രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ രാജേന്ദ്ര ചോളൻ രണ്ടാമന്റെ തലസ്ഥാനത്തിന്റെ നാഗരികത, സൈന്യം എന്നിവയുടെ തെളിവുകളും കാണാം. ഉരുകിയ ഇഷ്ടികകൾ\ചളി, മോർട്ടാർ, ഇരുമ്പാണികൾ, ചൈനീസ് പാത്രങ്ങൾ എന്നിവ കുഴിച്ചെടുത്തിട്ടുണ്ട്. ഗംഗൈക്കോട്ടൈ ചോളപുരത്തിൽ പുണ്യസ്നാന കുളങ്ങൾ, ഗോവണികൾ എന്നിവയും കണ്ടെത്തി.

നോയൽ നദീതീരം -ബി.സി 200 കാലഘട്ടത്തിലെ വീരസ്തംഭങ്ങൾ, വിലപിടിപ്പുള്ള കല്ലുകൾ, മുത്തുകൾ, ഇരുമ്പ്, കോപ്പർ ചിപ്പികൾ എന്നിവ കണ്ടെത്തിയതിൽനിന്നു മനസ്സിലാക്കിയത് ഇവ പ്രാചീനകാലത്തെ വ്യവസായ മേഖലകളായിരുന്നു എന്നതാണ്. വെള്ളാളൂർ പ്രദേശത്ത് നവരത്നങ്ങൾ, മുത്തുണ്ടാക്കുന്ന വ്യവസായം, റോമൻ വ്യാപാരം എന്നിവ കണ്ടെടുത്തു. കൈത്തൊഴിൽ വ്യവസായം, അറബികളുമായുള്ള വ്യാപാരം എന്നിവ ബി.സി 5-1 കാലഘട്ടത്തിലെ തെളിവുകൾ കണ്ടെത്തി. ബി.സി 480-ബി.സി 1 വരെയുള്ള പുരാവസ്തുശേഖരമാണുണ്ടായത്.

താമരഭരണി നദീതീരം -ശിവകലായ് മേഖലയിൽ കാർഷികജീവിതം നയിച്ച സമൂഹത്തിന്റെ പ്രതീകങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ സ്വർണം, ഹൈ ടിൻ അടക്കംചെയ്ത കുടങ്ങൾ, തമിഴ് ബ്രാഹ്മി ലിപികൾ (ബി.സി 1755-685) എന്നിവ കണ്ടെത്തി. ലോകത്തിൽ കണ്ടെത്തിയതിൽ വെച്ചേറ്റവും പഴക്കമേറിയ ഇരുമ്പുയുഗ സംസ്കാരം ഇവിടെയാണ് കണ്ടെത്തിയത്. ഏറ്റവും വലിയ ഇരുമ്പു ശ്മശാനമേഖലയായ ആദിച്ചനലൂർ പ്രദേശത്ത് ബി.സി 2600-3345 കാലഘട്ടത്തിലെ ഇരുമ്പുപകരണങ്ങൾ, വെങ്കല ഉപകരണങ്ങൾ, 75 കുടങ്ങൾ തുടങ്ങിയവ കണ്ടെടുത്തു. തമിഴ് ഖനനത്തിന്റെ മുഖമുദ്രയായ വെങ്കലത്തിൽ തീർത്ത അമ്മദേവതയുടെ രൂപം (ബി.സി 800) ഇവിടെനിന്നും കണ്ടെടുത്തതാണ്.

അമരാവതി നദീതീരം- കാരൂർ, നെടുങ്കുർ, പൊരുന്തൽ മേഖലകളിൽ 5-6 ബി.സി കാലഘട്ടത്തിലെ ശവമടക്ക് അവശിഷ്ടങ്ങളും തമിഴ് ബ്രാഹ്മി ലിപികളും ഇരുമ്പുപകരണങ്ങളും കണ്ടെത്തി. വൈപ്പർ നദീതീരം -വെമ്പകോട്ടൈ സ്ഥലത്തിൽനിന്നും 1,20,000 വർഷം പഴക്കമുള്ള പുരാവസ്തുക്കളുടെ തെളിവുകൾ കണ്ടെത്തി. വൈഗ നദീതീരം-നാഗരികത, സാക്ഷരത, കാർഷികജീവിതം, വരേണ്യസമൂഹം, സാങ്കേതികവിദ്യയോടുകൂടിയ കരകൗശല വിദ്യകൾ (2600 വർഷം മുമ്പ്) എന്നതിന്റെ തെളിവുകളാണ് ഇവിടെ കണ്ടെത്തിയത്. മയിലാടുംപാറയിൽ കണ്ടെത്തിയ ഇരുമ്പുപകരണങ്ങൾക്ക് ബി.സി 2172 വർഷം ആണ് പഴക്കം. ഭൗതിക സംസ്കാരത്തിന്റെയും ഇരുമ്പുയുഗത്തിന്റെയും തെളിവായ കറുത്ത ചുവന്ന മൺപാത്രം ഇവിടെ കണ്ടെത്തി. നിയോലിത്തിക് കാലത്തെ (ബി.സി 2200) അവശിഷ്ടങ്ങളും കണ്ടെടുത്തു.

 

തമിഴ്നാട്ടിൽ വൈഗ നദീതീരത്ത് ഖനനത്തിൽ കണ്ടെത്തിയ, ആദ്യകാലത്ത് ചെസ്സിന് സമാനമായി കളിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ

കീലടി മ്യൂസിയം

മധുരയിലെ ആകാശംമുട്ടെയുള്ള കോവിലുകളും പൂച്ചന്തങ്ങളും കഴിഞ്ഞു കീലടിയിലേക്കുള്ള ബസ് സ്റ്റാൻഡിലെ കാത്തുനിൽപ് മണിക്കൂറുകളായിരുന്നു. 14 കിലോമീറ്റർ താണ്ടി ബസ് തനി നാടൻഗ്രാമമായ കീലടിയിലെത്തി. അപ്പോൾ ഓർത്തത് 263 ഖനനപ്രദേശങ്ങളിൽനിന്നും കീലടിയെ തിരഞ്ഞെടുത്തു ഗവേഷണം തുടങ്ങിക്കഴിഞ്ഞ് അമർനാഥ് പറഞ്ഞ, ‘‘100ൽ ഒന്നുമാത്രമാണ് കീലടി’’ എന്ന വാക്യമാണ്. ബസിറങ്ങി ഒരു കി.മീ. പിന്നെയും നാട്ടുവഴികളിലൂടെ നടക്കണം. ഒറ്റക്കാണെങ്കിൽ ഗ്രാമവാസികൾ വഴികാട്ടിയാകും. ചെറിയ, വൃത്തിയുള്ള തമിഴ് ഗ്രാമങ്ങളിലെ വീടുകളും അമ്പലവും നടന്നുപോകുമ്പോൾ ധോളാവീരയിലേക്കുള്ള പ്രതാപങ്ങളിലേക്കുള്ള വഴികളെ ഓർത്തു പോയി. വരണ്ട കുറ്റിക്കാടുകളും ദാരിദ്ര്യംപേറി ഭക്ഷണത്തിനായും മറ്റും വഴിയിൽ കൈനീട്ടി നിൽക്കുന്ന ആൾക്കാരെയുമാണ് അവിടം കാണാനാകുക.

ജനവാസം കുറഞ്ഞ മേഖല ആയതിനാൽ ഒരു സ്കൂൾപോലുമില്ല. അവധികാലങ്ങളിലെ ചില ദിവസങ്ങളിൽ 2000 പേർ ഈ നാട് സന്ദർശിക്കുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2024ൽ ഏറ്റവും നല്ല ടൂറിസം ഗ്രാമമായി കേന്ദ്രം തിരഞ്ഞെടുത്തത് കീലടിയെയാണ്. 2600 വർഷങ്ങൾക്ക് മുമ്പ് ജീവിച്ച ജീവിതരീതിയുടെ പരിച്ഛേദമാണ് 2023ൽ തമിഴ്നാട് ഗവൺമെന്റ് തുടങ്ങിയ കീലടി മ്യൂസിയം. ചെട്ടിനാട് വാസ്തുവിദ്യയോട് ചേർന്ന 20 ഏക്കറിൽ 6 കെട്ടിടങ്ങളും ചുറ്റും സംഘകാല കൃതികളിൽ പ്രതിപാദിച്ചിട്ടുള്ള മരങ്ങളും ചെടികളും ചേർന്നതാണ് കീലടി മ്യൂസിയം. സംഘകാല കൃതികളുമായി ബന്ധപ്പെട്ട വാക്കുകളും നമുക്ക് വായിച്ചെടുക്കാം.

ആദ്യത്തെ കെട്ടിടത്തിൽ വൈഗ നദി എന്ന ബോർഡ് നദിയിലേക്കു നമ്മെ ഇറക്കുന്ന പ്രതീതിയാണ് സൃഷ്ടിക്കുക. തറയിൽ പാകിയ പച്ച ആത്തംകുടി ടൈലുകൾ നദിയുടെ തണുപ്പേകുന്നു. പഴക്കം തുടിക്കുന്ന കാഴ്ചകളാണ് ഇവിടം. തമിഴ് നദീതീരങ്ങളിലെ പ്രധാന ഖനന മേഖലകളും കണ്ടെത്തലുകളും കീലടിയിലെ പ്രധാന ഖനനകേന്ദ്രങ്ങളും തെളിവുകളുടെ ചിത്രങ്ങൾ, ഭൂപടങ്ങൾ, സംഘ കാലഘട്ടത്തിലെ മധുരയെക്കുറിച്ചുള്ള വരകൾ, കീലടി യാത്രാചരിത്രം, ഖനനത്തിൽ സഹകരിച്ചിട്ടുള്ള ഏജൻസികൾ, ഖനനത്തിന് ഉപയോഗിച്ചിട്ടുള്ള ചത്രങ്ങൾ എന്നിവയുടെ പ്രദർശനമാണ് ആദ്യത്തെ ഈ കെട്ടിടത്തിൽ. കൂടാതെ, 10 മിനിറ്റ് ദൈർഘ്യമുള്ള, തമിഴ് ചരിത്രത്തിലൂടെയുള്ള പുരാവസ്തു വകുപ്പിന്റെ യാത്ര ഓരോ 10 മിനിറ്റ് ഇടവേളകളിലും പ്രദർശിപ്പിക്കുന്നു. പത്രങ്ങളിൽ വന്ന കീലടി ഖനനത്തിന്റെ വാർത്തകൾ വലിയ ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

 

കീലടിയിലെ ഖനന പ്രദേശം

രണ്ടാമത്തെ കെട്ടിടം: കൃഷിയും ജല നിർവഹണവും

ജീവിതവൃത്തിയിൽ ഏർപ്പെട്ട മനുഷ്യജീവന്റെ തുടിപ്പാണ് ഈ കെട്ടിടത്തിൽ കാണാനാവുക. വരണ്ട കീലടിയിലെ ഭൂപ്രകൃതി തനതുഭക്ഷ്യരീതിയുടെ ശീലത്തിന് കാരണമായതിന്റെ തെളിവുകൾ കാണാൻ പറ്റും. മഞ്ഞൾ, കോത്തമറി ചുരുള, വാഴപ്പഴം, കസ്റ്റാർഡ് ആപ്പിൾ, മാതളം, ധാന്യങ്ങൾ, പയറുവർഗങ്ങൾ, ഉഴുന്ന്, ചോളം, അരി, കടലയെണ്ണ, വെളിച്ചെണ്ണ, പനയെണ്ണ, മുരിങ്ങ, പണ, പുല്ല്, കർത്തക, കോത്താമറി, ഇഞ്ചി, വെളുത്തുള്ളി, ഇഞ്ചി, ജീരകം, പുളി, മുരിങ്ങ, ചുരുള, വേപ്പ്, പച്ചിലകൾ തുടങ്ങിയവയുടെ തെളിവുകളുണ്ട്. സംഘ കാലഘട്ടത്തിലെ ഭൂപ്രകൃതിയുടെ പ്രത്യേകതകളുടെ പട്ടിക, വെള്ളത്തിനായുള്ള തുറന്നതും അടച്ചതുമായ ഇഷ്ടികച്ചാലുകൾ എന്നിവയുടെ ചിത്രങ്ങൾ ആലേഖനംചെയ്തിരിക്കുന്നു

കൊമ്പൻ കാളയുടെ എല്ലുകൾ, ഇഷ്ടിക നിർമാണ മാതൃക, ബർഗിൽ ആകൃതിയിലും സ്പൈറൽ ആകൃതിയിലുമുള്ള ടെറാക്കോട്ട കൊണ്ടുണ്ടാക്കിയ വെള്ളം കൊണ്ടുപോകാനുള്ള പൈപ്പുകൾ, വെള്ളം അരിച്ചുകിട്ടാനായുള്ള വലയൻ കിണർ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട് ഈ കെട്ടിടത്തിൽ.

മൂന്നാമത്തെ കെട്ടിടം; കളിമൺ വ്യവസായo

ഭൗതിക സംസ്കാരത്തിന്റെ തെളിവുകളായി ചുവന്ന കുടങ്ങൾ, വിത്തുകൾ മുളപ്പിക്കാനുപയോഗിക്കുന്ന കുടങ്ങൾ, വെള്ള കൊണ്ടു വരച്ച പാത്രക്കഷണങ്ങൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു. കണ്ടെത്തിയ കുടങ്ങളിലെ ഭക്ഷ്യ വസ്തുക്കളുടെ വിവരണങ്ങൾ, കുഴിച്ചെടുത്ത മറ്റു കുടങ്ങളുടെ ചിത്രങ്ങളെ എല്ലാം ഇവിടെ കാണാൻ സാധിക്കും. അപ്പം, വറുത്ത മാൻമാംസം, മീൻ, മാൻ മാംസം, ദ്രാവകം (കള്ള്, പാൽ, തൈര്, വെള്ളം, കുഴമ്പ്), സ്വർണക്കഷണം, പൂപ്പാത്രങ്ങൾ എന്നിവ ഉപയോഗിച്ചത് വിവരിച്ചിരിക്കുന്ന പട്ടിക കാണാം.

നിയോലിത്തിക് കാലഘട്ടത്തിലെ വേട്ടക്കാർ ഉപയോഗിച്ച കറുത്ത ചുവന്ന പാത്രങ്ങൾ, ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ സഹായിച്ചവ, ചുവന്ന പാത്രങ്ങൾ എന്നിങ്ങനെ പാത്രങ്ങളുടെ വലിയ ശേഖരം ഇവിടെയുണ്ട്. കൈകൊണ്ട് ഉണ്ടാക്കിയവയാണിവ. ഇന്ത്യയിൽ ഇരുമ്പുയുഗവും ലോഹയുഗവും ബി.സി 1000നടുപ്പിച്ചാണെന്ന് കരുതുന്നു. മൽഹാർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള തെളിവുകൾ ലോഹ ഉപയോഗം ബി.സി 1800-1200ന് മുമ്പുതന്നെ ആരംഭിച്ചതായി കാണിക്കുന്നു. കർണാടകയിലെ ബ്രഹ്മഗിരി, ഹല്ലൂർ സൈറ്റുകളിൽ ബി.സി 2040 മുതൽ 1896 വരെ ലോഹ ഉപയോഗമുണ്ടെന്നും മയിലാടുമ്പാറയിലെ അവശിഷ്ടങ്ങൾ ബി.സി 2172ലേതാണെന്നും സൂചിപ്പിക്കുന്നു.

ഇരുമ്പുവ്യവസായത്തിന്റെ തെളിവായ ഇരുമ്പ് സ്ലാബുകൾ, ഇരുമ്പുചൂള, ഊതാനുള്ള പൈപ്പുകൾ, ഇരുമ്പുരുക്കൽ ചൂള, ഇരുമ്പ് ഉളി, ഇരുമ്പ് ആണികൾ, ഇരുമ്പ് ദണ്ഡുകൾ, മരച്ചട്ടകളിൽ ടൈലുകൾ ഉറപ്പിക്കുന്ന വസ്തുക്കൾ, വിളവെടുപ്പിനുപയോഗിക്കുന്ന ഇരുമ്പ് അരിവാൾ, ഇരുമ്പ് കഠാരകൾ, വേട്ടക്കുപയോഗിക്കുന്ന ഇരുമ്പു കത്തികൾ, ബ്ലേഡുകൾ എന്നിവയും ഇരുമ്പുമായി ബന്ധപ്പെട്ട സംഘ കാലഘട്ടത്തിലെ വാക്യങ്ങളും വാക്കുകളും കാണാൻ കഴിയും. വലുപ്പം കുറഞ്ഞവ ആയതിനാൽ ഇവയുടെയൊക്കെ വലുപ്പം കൂടിയ ചിത്രങ്ങൾ, വിശദീകരണങ്ങൾ വലിയ ബോർഡിൽ കാണാം. ഇരുമ്പിന്റെ ഉപയോഗം സംസ്കാരം രൂപപ്പെടുത്തിയതിന്റെ ചാർട്ട് വിവരണം, ഇരുമ്പുപകരണത്തിൽ നടത്തിയിരിക്കുന്ന ശാസ്ത്രീയപഠനത്തിന്റെ റിപ്പോർട്ട് എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു.

 

കീലടിയിലെ മ്യൂസിയത്തിന്‍റെ മുൻഭാഗം

നാലാമത്തെ കെട്ടിടം: നെയ്ത്തും മുത്തുകളും

നെയ്തു വ്യവസായത്തിൽ നെയ്ത്തിനുള്ള പാത്രങ്ങൾ, അസ്ഥിമുനകൾ, ടെറാക്കോട്ട സീലുകൾ, തറി ഭാരം മുതലായവയുടെ ശേഖരണം എന്നിവ ഇവിടെയുണ്ട്. റോമിൽ കാണപ്പെടുന്ന അതേ തരത്തിലുള്ള സ്പിൻഡിൽ ചുഴികൾ ഇവിടെയും കാണാം ജലസംവിധാനം, നിറംപിടിക്കാനുള്ള കുടങ്ങൾ, നിറപ്പദാർഥങ്ങൾ സംരക്ഷിക്കാനുള്ള പാത്രങ്ങൾ, നൂൽത്തിരിക്കായുള്ള തണ്ടൽക്കഴുകൾ, താമ്രസൂചികൾ, എംബ്രോയിഡറി പ്രവൃത്തികൾക്കായി മൂർച്ചയുള്ള എല്ലുകൾ ഇവയൊക്കെ കീലടി നാഗരികതയിൽ തെളിവുകളായി മ്യൂസിയത്തെ സമ്പന്നമാക്കുന്നു.

അഞ്ചാമത്തെ കെട്ടിടം: കടൽ വ്യാപാരം

കെട്ടിടത്തിലേക്ക് കടക്കുമ്പോൾ കാണാൻ സാധിക്കുക സംഘ കാലഘട്ടത്തിലെ ബോട്ടിന്റെ വലിയ മാതൃകയാണ്. അതോടൊപ്പം തുടക്കത്തിൽ വ്യാപാരബന്ധത്തിന്റെ തെളിവുകളുള്ള സംഘകൃതികളിലെ വാചകങ്ങൾ കാണാം. റോമിലെ അരൈറ്റൈൻ വെയർ (2 BC), റൗലറ്റ് വെയർ, (500-300 BC), അഗേറ്റ് മുത്തുകൾ, കാർണേലിയൻ മുത്തുകൾ, വെള്ളി പഞ്ച് ചെയ്ത നാണയങ്ങൾ, ടെറാക്കോട്ട മുദ്രകൾ, ടച്ച് സ്റ്റോൺ, സ്വർണ നാണയം, മധുര സുൽത്താനേറ്റ് നാണയങ്ങൾ, ബ്രിട്ടീഷ് നാണയങ്ങൾ, റോമൻ ചെമ്പ് നാണയങ്ങൾ എന്നിവയുടെ ശേഖരണം കാണാം. വിവരങ്ങൾ ലഭ്യമാവാത്ത മറ്റു നാണയങ്ങളും ഇതോടൊപ്പം കാണാം.

അവസാനത്തെ കെട്ടിടം: ജീവിതരീതി

ചുവന്ന സ്ലിപ് ചട്ടി, ടെറാക്കോട്ട ഓവൻ, ദ്വാരമുള്ള ചട്ടി, ഉരൽ ഉലക്ക, കത്തികൾ, മോതിരം, അമ്പ്, ഇരുമ്പു തവി, കുതിരലാടം, ചെമ്പു വിളക്ക്, കുടങ്ങളിൽ കത്തിത്തീർന്നതിന്റെ പാടുകൾ, ഇരുമ്പുനിലവിളക്ക്, അഞ്ജനക്കല്ല്, ആനക്കൊമ്പ്, ശംഖുവള, ഗ്ലാസ് വള, കമ്മൽ, സ്വർണംകൊണ്ടുള്ള നിരവധി ആഭരണങ്ങൾ, ഇഷ്ടിക ഘടന, വെങ്കലത്തിന്റെ ചുവന്ന ചുമരുകൾ, ആനക്കൊമ്പിന്റെയും ടെറാക്കോട്ടയുടെയും സിലിണ്ടർ ആകൃതിയിലുള്ള ഉപകരണങ്ങൾ, പകിടകളിയുടെ ഉപകരണം, ചക്രരൂപത്തിലുള്ള ഉപകരണങ്ങൾ, ഹാരപ്പൻ ചിഹ്നത്തിൽ കാണപ്പെട്ട തമിഴ്നാട്ടിലെ ശിൽപകലയുടെ ചിത്രങ്ങളുടെ ചാർട്ട്, ഗ്രാഫൈറ്റി, തമിഴ് ബ്രാഹ്മി ലിപികളിൽ രേഖപ്പെടുത്തിയ മരിച്ചയാളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ സ്മൃതിശിലകൾ എന്നിവ ആദ്യത്തെ വിഭാഗത്തിൽ കാണാം.

ഇരുമ്പു നിർമാണത്തിന് ഉപയോഗിച്ച കരി (ചാർക്കോൾ) അതിന്റെ ഗവേഷണ റിപ്പോർട്ടും കെ.എൽ.ഡി 2600 വർഷം മുമ്പ് എന്ന ബോർഡിനു താഴെ വിശദമാക്കുന്നുണ്ട്. ശവമടക്കിന്റെ പൂർണരൂപം ഇവിടെ കാണാം. പ്രാചീന കല്ലറകൾ, തൊപ്പിക്കല്ലുകൾ, കുടകല്ല്, മേൽക്കല്ല്, വിഭജിത കല്ലറ, വൃത്താകൃതിയിലുള്ള കല്ലറകൾ, ശവപ്പെട്ടികൾ എന്നിവയുടെ വിവരങ്ങൾ വിശദമായുണ്ട്.

ശവസംസ്കാരത്തിൽ ചിലതിൽ രണ്ടുപേരെ അടക്കിയിരിക്കുന്നുവെന്ന് കാണാം. കല്ലറകളിലെ കുടങ്ങൾ പ്രത്യേകിച്ചും കൊണ്ടഗൈ മേഖലയിലുള്ളത് ഇവിടെ കാണാം. ശവമടക്കുകളിലെ കുടങ്ങളിൽ അവരുപയോഗിച്ച സാധനങ്ങൾ അടക്കംചെയ്തിരിക്കുന്നു. അതിൽ ഇരുമ്പുപകരണങ്ങളും കാണപ്പെടുന്നു. പക്ഷേ ഇവ ഓരോന്നും വ്യത്യസ്‌തമാണ്‌. കഴിക്കാനുള്ള പാത്രങ്ങളും ചുവന്ന നിറത്തിലുള്ള അലങ്കാര കുടങ്ങളും കാണാം. പിന്നീടുള്ളത് ടെറാക്കോട്ട ശേഖരങ്ങളാണ്. മനുഷ്യരൂപങ്ങൾ, മൃഗരൂപങ്ങൾ, മനുഷ്യശരീരത്തിന്റെ ഭാഗങ്ങൾ എന്നിങ്ങനെയാണ് ടെറാക്കോട്ട ശേഖരങ്ങൾ.

 

തമിഴ് ശിലാപ്രതലങ്ങളിൽ കണ്ടിരുന്ന ഹാരപ്പൻ ലിപി. തമിഴ്നാട്ടിൽ കണ്ടെത്തിയ ചുവരെഴുത്തുകളിലും കാലങ്ങളുടെ കഷണങ്ങളിലും രേഖപ്പെടുത്തിയ ലിപികൾ ഇൻഡസ് ലിപികൾക്ക് സമാനമാണ്,ഇരുമ്പ് നിർമാണത്തിന് ഉപയോഗിച്ച പൈപ്പ്,മനുഷ്യരൂപവും മുത്തുമാലയും

വാദപ്രതിവാദങ്ങൾ

1. ഇരുമ്പു നിർമാണ പ്രക്രിയ വെങ്കല നിർമാണ പ്രക്രിയയുടെ അറിവില്ലാതെ എങ്ങനെ തമിഴ് മേഖലയിൽ നടന്നുവെന്നത് ഒരു ചോദ്യചിഹ്നമായി ഉയർത്തുന്നു. ദക്ഷിണേന്ത്യയിൽ ഇരുമ്പുനിക്ഷേപം കൂടുതലായിരുന്നു, ഹാരപ്പൻ ജനത ഇവിടെയെത്തി ഇരുമ്പു പ്രക്രിയയിൽ ഏർപ്പെട്ടു എന്നിങ്ങനെയുള്ള മറുവാദങ്ങൾ ശക്തം.

2. അനറ്റോളിയൻ സംസ്കാരത്തിൽ (ഇന്നത്തെ തുർക്കിയ) ഇരുമ്പുസംസ്‍കാരം ലോകത്ത് ആദ്യമായി തുടങ്ങിയിരുന്നു (ബി.സി 1200-330) എന്ന വാദത്തെ തമിഴ് ഖനനം പഴക്കംകൊണ്ട് നിരാകരിക്കുന്നു. അനറ്റോളിയയിൽനിന്നും ഇരുമ്പു നിർമാണ പ്രക്രിയ ലോകത്തിൽ വ്യാപിക്കുന്നത് ബി.സി 1300 കാലഘട്ടത്തിൽ മാത്രമാണ്.

3. തമിഴ് ഹാരപ്പൻ ലിപികളിൽ താരതമ്യം. ഹാരപ്പൻ തമിഴ് ജനതയുടെ ബന്ധത്തെക്കുറിച്ചും മറ്റും വാദഗതികൾ ഉയരുന്നു.

4. നാഗരികത എന്ന നിർവചനത്തിൽ ഏറ്റവും പ്രധാനം സ്ഥിരമായി താമസിക്കാനുള്ള ഇഷ്ടിക കെട്ടിടങ്ങളുടെ തെളിവുകൾ, അക്ഷരാഭ്യാസം, വിനോദകേളികൾ, ഗൃഹോപകരണങ്ങൾ ഇവയൊക്കെയാണ്. പ​േക്ഷ, ബൃഹത്തായ നിർമാണശൈലികൾ നാഗരികതയുടെ മറ്റൊരു മുഖമുദ്രയാണ്. അത് തമിഴ്നാട് ഖനനത്തിൽ കണ്ടെത്തിയില്ല എന്നും ഹാരപ്പൻ സാംസ്കാരികതയിൽ മഹത്തായ സ്നാന കുളങ്ങളും ഉയരത്തിൽ കെട്ടിയ ബൃഹത്തായ ധാന്യസംഭരണശാലയും കണ്ടെത്തിയിട്ടുണ്ടെന്നും തമിഴ് സംസ്കാരത്തെ നിരാകരിക്കാൻ അവകാശപ്പെടുന്നു.

നാഗരിക സംസ്കാരം, അമർനാഥ് പറയുന്നതുപോലെ ഇന്ത്യയിലെ രണ്ടാമത്തെ നാഗരികത എന്ന വാദംപോലും കേൾക്കാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ല. മാർഷൽ ഹാരപ്പൻ സംസ്‍കാരം കണ്ടെത്തിയ കാലഘട്ടത്തിൽ റേഡിയോ കാർബൺ ഡേറ്റിങ് രീതിയായ ആക്സിലറേറ്റർ മാസ് സ്പെക്ട്രോമെട്രി (എ.എം.എസ്) തിയറികൾപോലും ഉണ്ടായിരുന്നില്ല എന്നത് അവർക്കുള്ള മറുവാദമാണ്.

ഹാരപ്പൻ സംസ്കാരത്തെ ആര്യവത്കരിച്ചതിനാൽ ആര്യ ദ്രാവിഡ വംശീയ യുദ്ധത്തിന്റെ ഉദാഹരണമാണ് കീലടിയും മറ്റു തമിഴ് ഖനന പഠനങ്ങളും. രണ്ടാം ലോകയുദ്ധാനന്തരം ലോകം കണ്ട യുദ്ധങ്ങളിൽ 60 ശതമാനവും വംശീയതയുമായി ബന്ധപ്പെട്ടിരിക്കുന്നു. വംശീയമായി വേർതിരിവുണ്ടാക്കുന്ന പഠനങ്ങളെ യുവാൻ ഹരാരി ഭയപ്പെടുന്നുണ്ട്. പക്ഷേ, അടുത്ത കാലഘട്ടത്തിലുണ്ടായ സാപ്പിയൻസിന്റെ പഠനത്തിൽ വ്യത്യസ്‌ത വംശീയതയാണ് ഓരോ ഭൂഖണ്ഡത്തിലെയും സാപ്പിയൻസിനുണ്ടായിരുന്നത് എന്ന് കാണുന്നു.

ഡേവിഡ് റെയ്‌ച്ച്, തങ്‌രാജ്, ലാൽജി സിങ് എന്നിവർ രചിച്ച ‘Reconstructing Indian Population History’ എന്ന റിപ്പോർട്ട് പറയുന്നത്, പ്രാചീന ഉത്ത​േരന്ത്യക്കാർ പടിഞ്ഞാറ് ഏഷ്യ, മധ്യേഷ്യ, യൂറോപ് ജനതകളുമായി ജനിതകമായി അടുത്തതാണ് എന്നാണ്. അതിന്റെ ഉയർന്ന അംശം വടക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളിൽ കാണപ്പെടുന്നു; പ്രാചീന ദക്ഷിണ ഇന്ത്യക്കാർ കിഴക്കൻ യൂറേഷ്യൻ ഉത്ഭവമുള്ളവരും ദക്ഷിണേന്ത്യയിലെ ഗോത്രവർഗങ്ങളിൽ ഇന്ന് ജീവിക്കുന്നവരുടെ നേരിട്ടുള്ള പിൻഗാമികളുമാണെന്നാണ്. എന്നാലും അവർ ജനതകളുടെ മിശ്രണത്തെക്കുറിച്ച് പരാമർശിക്കുന്നു.

അടുത്തകാലത്ത് ഹാരപ്പൻ സംസ്കാര കാലഘട്ടത്തിൽ ജീവിച്ച രഖിഗാർഹിലെ സ്ത്രീയുടെ അസ്ഥികൂടത്തിലെ തെളിവുകൾ ദക്ഷിണേന്ത്യയിലെ വേട്ട സമൂഹത്തിന്റെ ഡി.എൻ.എ ഘടനയുമായി ബന്ധമുള്ളതെന്ന റിപ്പോർട്ടുകൾ കൂടുതൽ വാദമുഖങ്ങളിലേക്ക് പോകുന്നു. ഒരു സിദ്ധാന്തത്തിൽ ആദ്യമായി ഇറാനിൽനിന്നും വന്നവർ ദ്രാവിഡരായിരുന്നുവെന്നും ലെമൂറിയൻ സിദ്ധാന്തമനുസരിച്ച് ആദ്യത്തെ താമസക്കാർ ദ്രാവിഡരാണെന്നുമുള്ള വാദത്തെ ശക്തിപ്പെടുത്തുന്നു. വൈഗ തീരത്തുള്ള അളഗക്കുളത്തിൽനിന്നും വിദേശ വ്യാപാരം മാത്രമല്ല കേരളത്തിലെ മുസിരിസ് പട്ടണത്തിലേക്ക് ഉൾനാടൻ വ്യാപാരമുണ്ടായിരുന്നു എന്നതും കേരളത്തിന്റെ പെരിയാർ തീരത്തു ഖനനം നടത്തേണ്ടതിനെക്കുറിച്ച് സൂചിപ്പിക്കുന്നു.

=================

(കൊല്ലം എസ്.എൻ വനിത കോളജിൽ പൊളിറ്റിക്കൽ സയൻസസ് വിഭാഗം അധ്യാപികയാണ് ലേഖിക)

News Summary - Mining in Keeladi and new knowledge