ഹയാത്ത് ബീവി സാഹിബ ബീഗം എന്തിനാണ് മഹാരാജാവിന് കത്തെഴുതിയത്?

കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെയും സ്ത്രീ വിദ്യാഭ്യാസത്തിന്റെയും ചരിത്രത്തിലെ നിർണായക ഏടുകൾ വീണ്ടെടുക്കുകയാണ് ചരിത്രകാരനായ ലേഖകൻ. എങ്ങനെയൊക്കെയാണ് മുസ്ലിം സ്ത്രീകൾ നവോത്ഥാനത്തിന്റെ ഭാഗഭാക്കായത്?സഞ്ചാര സ്വാതന്ത്ര്യത്തിനും ക്ഷേത്രാരാധനക്കും വിദ്യാഭ്യാസ, പൊതു ഉദ്യോഗ നിയമനങ്ങൾക്കും നിയമസഭാ പ്രാതിനിധ്യത്തിനും തുല്യതക്കുംവേണ്ടി നിരവധിയായ സമരങ്ങൾ നടന്ന നാടായിരുന്നുവല്ലോ തിരുവിതാംകൂർ. ഈ പ്രദേശത്തെ സംബന്ധിച്ചിടത്തോളം...
Your Subscription Supports Independent Journalism
View Plansകേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെയും സ്ത്രീ വിദ്യാഭ്യാസത്തിന്റെയും ചരിത്രത്തിലെ നിർണായക ഏടുകൾ വീണ്ടെടുക്കുകയാണ് ചരിത്രകാരനായ ലേഖകൻ. എങ്ങനെയൊക്കെയാണ് മുസ്ലിം സ്ത്രീകൾ നവോത്ഥാനത്തിന്റെ ഭാഗഭാക്കായത്?
സഞ്ചാര സ്വാതന്ത്ര്യത്തിനും ക്ഷേത്രാരാധനക്കും വിദ്യാഭ്യാസ, പൊതു ഉദ്യോഗ നിയമനങ്ങൾക്കും നിയമസഭാ പ്രാതിനിധ്യത്തിനും തുല്യതക്കുംവേണ്ടി നിരവധിയായ സമരങ്ങൾ നടന്ന നാടായിരുന്നുവല്ലോ തിരുവിതാംകൂർ. ഈ പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രക്ഷോഭങ്ങളിൽ നിവേദനങ്ങൾക്ക് പ്രത്യേക സ്ഥാനവും ചരിത്രപരമായ പങ്കും അവകാശപ്പെടാനാകും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വന്നുചേർന്ന നീതിനിഷേധം, സ്വജനപക്ഷപാതം എന്നിവക്കും, ഔദ്യോഗിക രംഗങ്ങളിലും മറ്റുമുള്ള അഭിലഷണീയ പ്രവണതകൾക്കും അവസരസമത്വരാഹിത്യത്തിനുമെതിരെ നിരവധിയായ ‘നിവേദന പ്രക്ഷോഭങ്ങൾ’ ഇവിടെ കാണാം.
1891 ലെ മലയാളി മെമ്മോറിയൽ മുതൽ തുടങ്ങുന്ന നിവേദന കാലഘട്ടത്തിൽ (Era of Memorials), ഒറ്റക്കും കൂട്ടായ്മയിലും പ്രസിദ്ധരും അപ്രസിദ്ധമായവരുമായ നിരവധി പേർ തങ്ങൾക്ക് സ്വാഭാവികമായി ലഭിക്കേണ്ട അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ഇടപെടലുകൾ നടത്തിവന്നു. ജാതീയതയും ഉച്ചനീചത്വങ്ങളും മറ്റ് അനാവശ്യ പ്രവണതകളും നിലനിന്നിരുന്ന ഒരു കാലഘട്ടമെന്ന നിലയിൽ ഇത്തരം പ്രവണതകളിൽപോലും തങ്ങളോടൊപ്പം ചേർക്കാൻ കഴിയുന്നവരെ കൂടെ ചേർക്കാനും മറ്റുള്ളവരെ കണ്ടില്ലെന്ന് നടിക്കാനുമുള്ള പ്രത്യേക കഴിവ് അധികാരി വർഗം നേടിയെടുത്തിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം മുതൽ അവകാശനിഷേധത്തിനെതിരെ വിവിധ പേരുകളിൽ സംഘടിത സമരങ്ങൾ (പൗരാവകാശ പ്രക്ഷോഭം, ക്ഷേത്രപ്രവേശന സമരങ്ങൾ, നിവർത്തന പ്രക്ഷോഭം മുതലായവ) നടക്കുമ്പോഴും നിസ്വരും അരികുവത്കരിക്കപ്പെട്ടവരുമായ അധ:കൃതരും പിന്നാക്കക്കാരും സ്ത്രീകളും ഒറ്റക്കും കൂട്ടായ്മയിലൂടെയും തങ്ങളുടെ നിലനിൽപിനും പുരോഗതിക്കുംവേണ്ടി വിദ്യാഭ്യാസം, പൊതു ഉദ്യോഗലഭ്യത, കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം തുടങ്ങിയ ആവശ്യങ്ങളുമായി പ്രാർഥനയും നിവേദനങ്ങളുമായി അധികാരികളുടെ മുന്നിലേക്ക് എത്തിക്കൊണ്ടിരുന്നു.
തിരുവിതാംകൂറിലെ മുസ്ലിംകളുടെ ഇടയിൽ നിന്നും വിദ്യാസമ്പന്നരായ വനിതകൾ നടത്തിയ അത്തരത്തിലുള്ള ഒറ്റപ്പെട്ട ചില ഇടപെടലുകൾ കേരളത്തിന്റെ പൊതുവായ ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്തലുകളായി കാണാൻ സാധിക്കുന്നില്ല. വളരെയൊന്നും പുരോഗതി അവകാശപ്പെടാൻ കഴിയാതിരുന്ന മുസ്ലിം സ്ത്രീകൾ നടത്തിയ അത്തരത്തിലുള്ള പരിശ്രമങ്ങളെ അധികാരികൾ പലപ്പോഴും തള്ളിക്കളയുകയും ചിലപ്പോഴൊക്കെ ഉൾക്കൊള്ളുകയും ചെയ്തതായാണ് കാണാൻ കഴിയുന്നത്. അവയിൽ ചില ‘നിവേദന സമര’ങ്ങളെ പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ.
ഹയാത്ത് ബീവി എന്തിനാണ് ശ്രീചിത്തിര തിരുനാൾ മഹാരാജാവിന് നിവേദനം നൽകിയത്?
‘‘….ഞാൻ തിരുവനന്തപുരത്തെ മാന്യമായ ഒരു മുസ്ലിം കുടുംബത്തിലെ അംഗമാണ്, എന്റെ പിതാവ് ഇവിടെ ടൗണിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു യൂനാനി ഡോക്ടറാണ്. അദ്ദേഹം രാജകുടുംബത്തിലെ പല അംഗങ്ങൾക്കും ഹിന്ദുസ്ഥാനി അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എന്റെ പിതാവിന് ഇപ്പോൾ പ്രായമേറെയായി, 10 അംഗങ്ങളുള്ള ഞങ്ങളുടെ കുടുംബം ജീവനത്തിനായി പൂർണമായും അദ്ദേഹത്തെയാണ് ആശ്രയിക്കുന്നത്. ഞാനും എന്റെ സഹോദരിമാരുമാണ് സ്കൂളിൽ അയക്കപ്പെടുന്ന ഏക മുസ്ലിം പെൺകുട്ടികൾ.
ഞാൻ സ്കൂൾ ഫൈനൽ ക്ലാസ് വരെ പഠിച്ചിട്ടുണ്ട്; കഴിഞ്ഞ വർഷം ഞാൻ ഇംഗ്ലീഷ് സ്കൂൾ ഫൈനൽ പരീക്ഷ എഴുതിയിരുന്നെങ്കിലും, നിർഭാഗ്യവശാൽ വിജയിക്കാനായില്ല. തുടർന്നു പഠിക്കാൻ സാധിക്കാത്തതിനാൽ, ഞാൻ എവിടെയെങ്കിലും ജോലി തേടാൻ നിർബന്ധിതയായിരിക്കുകയാണ്.
ഉദ്യോഗങ്ങളിൽ കയറാൻ പരീക്ഷ പാസാകുന്നതിൽനിന്ന് ഇളവ് നൽകിയ ചില സംഭവങ്ങൾ തിരുവിതാംകൂറിൽ മുമ്പുണ്ടായതായി അറിയുന്നു. ഹൈകോടതിയിൽ ഫൈനൽ പരീക്ഷ പാസാകാത്ത ഒരു ബ്രാഹ്മണ വനിതയുണ്ട്. ഫോറസ്റ്റ് ഓഫിസിലുള്ള ഒരു ആംഗ്ലോ-ഇന്ത്യൻ വനിതയുടെ സമാനമായ മറ്റൊരു കേസും എനിക്കറിയാം.
ഞങ്ങളുടെ ആചാരപ്രകാരം ഞങ്ങൾക്ക് സ്വതന്ത്രമായി വെളിയിൽ സഞ്ചരിക്കാൻ അനുവാദമില്ല, അതിനാൽ ഞങ്ങൾ താമസമാക്കിയ സ്ഥലത്തിന് തൊട്ടടുത്തുള്ള മഹാരാജാസ് സ്കൂൾ ഫോർ ഗേൾസിനുസമീപം എവിടെയെങ്കിലും ഒരു നിയമനം എനിക്ക് സുരക്ഷിതമാക്കേണ്ടതുണ്ട്. മേൽപറഞ്ഞ സ്കൂളിൽ ലൈബ്രേറിയനായോ അധ്യാപികയായോ ഒരു നിയമനം ലഭിക്കുന്നതിനായി ഞാൻ സർക്കാറിനെ സമീപിച്ചുവരുകയാണ്. എന്നാൽ, ഇതുവരെ എനിക്ക് ഒരെണ്ണം പോലും നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിൽ, തിരുമനസ്സിന്റെ സന്മനസ്സിലും കാരുണ്യത്തിലും മാത്രമാണ് എന്റെ ഏക പ്രതീക്ഷ. അതിനാൽ അങ്ങയുടെ കാരുണ്യം എന്നിലുണ്ടാകണമെന്നും, എനിക്ക് സർക്കാർ സർവിസിൽ ഒരു നിയമനം നൽകിക്കൊണ്ടുള്ള അനുകൂലമായ ഉത്തരവുകൾ ദയവായി പുറപ്പെടുവിക്കണമെന്നും ഞാൻ ഏറ്റവും വിനീതമായി പ്രാർഥിക്കുന്നു.’’1
1932 ഒക്ടോബർ 12ന് തിരുവനന്തപുരം കന്റോൺമെന്റ് (പാളയം) നിവാസിയായ ഹയാത്ത് ബീവി സാഹിബ ബീഗം (യൂനാനി ഡിസ്പെൻസറി, കന്റോൺമെന്റ്, തിരുവനന്തപുരം) എന്ന മുസ്ലിം യുവതി കുടുംബത്തെ പരിപാലിക്കാൻ ഒരു ജോലി ആവശ്യമായി മഹാരാജാവിന് സമർപ്പിച്ച കത്തിന്റെ ഭാഗങ്ങളാണ് മുകളിൽ ഉദ്ധരിച്ചത്. പൊതുവേ ഒതുങ്ങിക്കൂടി കഴിഞ്ഞുവന്നിരുന്ന മുസ്ലിം സ്ത്രീകളുടെ ഇടയിലുണ്ടായ ഒരു മാറ്റത്തിന്റെ തിരിവെട്ടം കാണാൻ കഴിയുന്ന വാക്കുകളാൽ സമ്പന്നമായിരുന്നു ആ കത്ത്. അതിൽ തന്റെ കുടുംബത്തിന്റെ സുരക്ഷിതത്വം പോലെ തന്നെ സ്ത്രീജനങ്ങൾ ഇത്തരം അവകാശങ്ങൾ ആർജിച്ച് വന്നിട്ടുള്ളതിനെ മനസ്സിലാക്കിയ ബോധംകൂടി കലർന്നുവരുന്നുണ്ട്.
അതിന്മേൽ തുടർന്ന് എന്ത് നടപടികളാണ് അധികാരികൾ സ്വീകരിക്കുന്നത് എന്നതിലാണ് ആ വ്യക്തിയും അവർ ഉൾപ്പെടുന്ന സമൂഹവും ഏതുരീതിയിൽ അംഗീകരിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കാൻ കഴിയുക. ആ സമൂഹത്തിന്റെ പുരോഗതിയും മുന്നോട്ടുപോക്കും ഇത്തരത്തിൽ വരുന്ന നിവേദനങ്ങളെ സൗമനസ്യത്തോടുകൂടി കാണുന്ന അധികാരികളുടെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും നിലനിൽക്കുക. ഇവിടെ ഹയാത്ത് ബീവിയുടെ അപേക്ഷ, തുടർന്ന് ചീഫ് സെക്രട്ടറി അന്നത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടർ മക്ആഫിൻ സായിപ്പിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. അദ്ദേഹം അത് പരിശോധിക്കുകയും കൂടുതൽ വ്യക്തത തേടുന്നതിനായി പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ നോക്കുന്ന ഉദ്യോഗസ്ഥയുടെ മറുപടിക്കായി സമർപ്പിക്കുകയുമുണ്ടായി.
അവരുടെ കൂടി അഭിപ്രായം സ്വീകരിച്ച ശേഷം മക്ആഫിൻ തന്റെ റിപ്പോർട്ടിൽ കുറിച്ചു: “സ്കൂൾ ഫൈനൽ പാസാകാത്ത അപേക്ഷകയാണ് ഹയാത്ത് ബീവി. ആയതിനാൽ ചട്ടപ്രകാരം അധ്യാപികയാക്കാനുള്ള യോഗ്യതയില്ലാത്ത വ്യക്തി കൂടിയാണ്. യോഗ്യതക്കനുസരിച്ച് അധ്യാപികയോ ലൈേബ്രറിയനോ ആയി പരിഗണിക്കുക സാധ്യമല്ല. ചുരുക്കത്തിൽ ഗുമസ്ത പണി മാത്രമാണ് നൽകാൻ കഴിയുക’’. അത് വേണമെങ്കിൽ തന്റെ കീഴിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ ആകുന്നതിനു വിരോധമില്ലായെന്നും അദ്ദേഹം പറയുന്നുണ്ട്.
തുടർന്ന്, 1932 ഡിസംബർ 8ന് റിപ്പോർട്ട് മഹാരാജാവിന്റെ സമക്ഷത്തിലേക്ക് സമർപ്പിച്ചു. വിശദമായി പരിശോധിച്ച ശേഷം രാജാവിനുവേണ്ടി സർവാധികാര്യക്കാരൻ എ. നല്ലപെരുമാൾ പിള്ള ദിവാന് നൽകിയ നിർദേശത്തിൽ യോഗ്യതയിൽ ചെറിയ മാറ്റം വരുത്തി ഹയാത്ത് ബീവിയെ ഗുമസ്ത പണിക്കായി നിയമിക്കുന്നതിനെക്കുറിച്ച് തിരക്കാൻ ആവശ്യപ്പെടുന്നു. തുടർന്ന് ദിവാൻ, ഹയാത്ത് ബീവിയെ തിരുവനന്തപുരം ഗവൺമെൻറ് ഡിപ്പാർട്ട്മെൻറ് സ്കൂളിൽ ക്ലർക്കായി നിയമിച്ച ഉത്തരവിറക്കി. ഹയാത്ത് ബീവിയുടെ നിവേദനം തിരുവിതാംകൂർ എന്ന നാട്ടുരാജ്യത്തിലെ ഭരണപരമായ നയവഴക്കത്തിന്റെയും സാമൂഹികപ്രതിബദ്ധതയെയും കുറിച്ച് അനുകൂലമായും പ്രതികൂലമായും ചിന്തിക്കുന്നതിന് നിദാനമായി മാറി. അക്കാലത്ത് മുസ്ലിം സ്ത്രീകൾ നേരിട്ട ലിംഗ വിവേചനങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, വിദ്യാഭ്യാസ തടസ്സങ്ങൾ എന്നിവ രാജഭരണകൂടം ഏത് രീതിയിലാണ് കണ്ടിരുന്നത് എന്നതിനുള്ള തെളിവായിരുന്നു ഈ കേസ്.
ഇതിനെ തുടർന്നാണ് ആദ്യത്തെ മുസ്ലിം വനിതാ ബിരുദധാരി (1934) എന്ന നിലയിൽ എൻ. ഹവ്വാ ബീവി തിരുവിതാംകൂറിൽ രംഗപ്രവേശം ചെയ്യുന്നതും അവർക്ക് ടീച്ചിങ് ബിരുദം കൂടിയുള്ളതിനാൽ നേരിട്ട് നിയമനം നൽകിയതും (1938). മറ്റൊരു ബിരുദധാരിയായ ഐഷാമ്മ ബാപ്പു എന്ന ആലപ്പുഴക്കാരിക്കും അധ്യാപികയാകാൻ സാധിച്ചതും ഇക്കാലത്താണ് (1939). ആലപ്പുഴ ലജ്നനത്തുൽ മുഹമ്മദിയ സഭയുടെ സ്ഥാപക അംഗങ്ങളിൽ പ്രധാനിയായിരുന്ന ബാപ്പു വൈദ്യന്റെ മകളായിരുന്നു അവർ. താൻ നേടിയ ഓണേഴ്സ് ബിരുദം കൊണ്ട് കോളജ് അധ്യാപിക ആകാൻ സാധിക്കുമെന്ന ബോധ്യത്തിൽ ദിവാനെ സമീപിച്ച് നിവേദനം നൽകുന്നുണ്ട് അവർ: ‘‘എന്റെ സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗങ്ങളിൽ നിന്ന് പലതരത്തിലുള്ള പീഡനങ്ങൾ നേരിടേണ്ടിവന്ന ഒരു മുസ്ലിം പെൺകുട്ടിയാണ് ഞാൻ. കൂടാതെ, മുസ്ലിംകൾക്കിടയിൽ ബി.എസ് സി (ഓണേഴ്സ്) ബിരുദം നേടിയ ഏക വ്യക്തിയും ഞാനാണ്.
എനിക്ക് സർക്കാർ സർവിസിൽ അനുയോജ്യമായ ഒരു നിയമനം ലഭിച്ചില്ലെങ്കിൽ, എന്റെ സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗങ്ങൾ എന്നെ ഒരു പരിഹാസപാത്രമാക്കിയേക്കാം. യോഗ്യതയുള്ള ഏക മുസ്ലിം പെൺകുട്ടിയെ ഈ സംസ്ഥാനത്തെ പൊതുസർവിസിൽ നിന്ന് മാറ്റിനിർത്തി എന്ന് വരികിൽ, മുസ്ലിംകൾക്കിടയിൽ സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സമുദായ നേതാക്കളും സർക്കാറും നടത്തുന്ന എല്ലാ ശ്രമങ്ങളും പാഴായിപ്പോകും. ഒരു ജോലിയില്ലാതെ ഞാൻ ഈ സംസ്ഥാനത്ത് തുടരുന്നത് സ്ത്രീവിദ്യാഭ്യാസ രംഗത്ത് എന്റെ സമുദായത്തിന് വലിയൊരു നിരാശക്ക് കാരണമാകുമെന്ന വസ്തുത അങ്ങയുടെ മുന്നിൽ സങ്കടത്തോടെ സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. യോഗ്യതയുള്ള ഏക മുസ്ലിം വനിതാ ഉദ്യോഗാർഥി എന്ന നിലയിലുള്ള എന്റെ അവകാശത്തെ ഇപ്പോഴത്തെ സർക്കാർ അവഗണിക്കില്ലെന്നുപറഞ്ഞ് എന്നെ നിരന്തരം ആശ്വസിപ്പിച്ചുകൊണ്ടിരുന്ന പി.എസ്. മുഹമ്മദിനൊപ്പം ഞാൻ അങ്ങയെ സന്ദർശിച്ചപ്പോൾ, തിരുമനസ്സിൽ നിന്നും ഉണ്ടായ പ്രോത്സാഹജനകമായ വാക്കുകളിലാണ് എന്റെ ഏക പ്രതീക്ഷ’’.2
എന്നാൽ, ജാതീയതയും പക്ഷപാതവും നിലനിന്നിരുന്ന ഒരു സാഹചര്യത്തിൽ അവർ പിന്തള്ളപ്പെടുകയായിരുന്നു. ബിരുദം മാത്രം പോരെന്നും എക്സ്പീരിയൻസ് കൂടി ആവശ്യമാണെന്നുമുള്ള ഒഴിവുകഴിവ് വ്യവസ്ഥകൾ യൂനിവേഴ്സിറ്റി രജിസ്ട്രാറിൽ നിന്നുവന്നതോടെ സ്വാതന്ത്ര്യത്തിനുമുമ്പ് ഒരു കോളജ് അധ്യാപികയെ ലഭിക്കാനുള്ള അവസരം നടക്കാതെ പോയി. ഇതിലെ രസകരമായ ഒരു വസ്തുത, മദ്രാസിൽ പോയി ഓണേഴ്സ് ഡിഗ്രി പഠിക്കുന്നതിന് സർക്കാർ പ്രതിമാസം 50 രൂപ സ്റ്റൈപ്പൻഡ് നൽകിയാണ് ആയിഷാമ്മയെ അയച്ചത് എന്നുള്ളതാണ്. പിന്നീട് നഫീസ ഉമ്മാളിലൂടെയാണ് ആദ്യ കോളജ് അധ്യാപികയെ ആ സമുദായത്തിന് ലഭിച്ചത്.
തുടർന്നുവരുന്ന നിവേദനങ്ങൾ
നിവേദനങ്ങളെക്കുറിച്ച് ആണല്ലോ പറഞ്ഞുവന്നിരുന്നത്; ആയതിനാൽ അക്കാലത്തുവന്ന രണ്ട് നിവേദനങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്. കൊല്ലം ഡിവിഷനിലെ പത്തനാപുരം താലൂക്കിൽ ഉൾപ്പെടുന്ന നടുകുന്നുമുറിയിൽ പള്ളിക്ക് വടക്കതിൽ (ബാവ പുരയിടം) ആയിഷ ബീവിയുടെ ജീവിതകഥയും വ്യത്യസ്തമല്ലായിരുന്നു. കുടുംബക്കാരുടെയും യാഥാസ്ഥിതികരായ സമുദായ അംഗങ്ങളുടെയും കുത്തുവാക്കുകൾക്കിടയിലും സ്കൂൾ ഫൈനൽ വരെ പഠിക്കുകയും നാട്ടുഭാഷ സ്കൂൾ ലിവിങ് സർട്ടിഫിക്കറ്റ് (VSLC) പാസാകുകയും ചെയ്ത മഹതിയായിരുന്നു അവർ. സ്വാശ്രയത്വ തിരതള്ളലിന്റെയും ഉയർന്ന സാമൂഹിക ബോധത്തിന്റെയും ഫലമായി സ്വന്തം കാലിൽ നിൽക്കുക എന്ന ആശയത്തിൽ നിന്നുകൊണ്ട്, 1942 ഒക്ടോബർ 5ന്, സർക്കാർ സർവിസിൽ അധ്യാപികയായി ചേരുന്നതിന് ദിവാനു മുന്നിൽ നിവേദനവുമായി അവരെത്തി.
അധ്യാപനത്തിന് ആവശ്യമായ ലോവർ ഗ്രേഡ് ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് കൂടി പാസായിട്ടുള്ള അവർ പ്രദേശത്തെ മുസ്ലിം സമുദായത്തിൽ ഇത്രത്തോളം പഠിച്ച ആദ്യ പെൺകുട്ടിയായിരുന്നു. തന്റെ ജീവിത ഉന്നമനത്തിനായി മാത്രമല്ല തന്നെപ്പോലെ പിന്തള്ളപ്പെട്ട നിരവധി പെൺകുട്ടികളുടെ അഭിമാന സംരക്ഷണത്തിനും വളർച്ചക്കും പുരോഗതിക്കും വേണ്ടി പൊതുസർവിസിൽ തനിക്കൊരു ഉദ്യോഗം നൽകുന്നതിലൂടെ സാധിക്കും എന്നവർ വാദിക്കുകയുണ്ടായി. എന്നാൽ അവരുടെ അവകാശവാദത്തെ, പബ്ലിക് സർവിസ് കമീഷൻ വഴി ശ്രമിക്കുക എന്ന വാദംപറഞ്ഞ് അധികാരികൾക്ക് തടയിടാമായിരുന്നുവെങ്കിലും ഒരു മുസ്ലിം പെൺകുട്ടി എന്ന നിലക്ക് ചീഫ് സെക്രട്ടറിയും പൊതു വിദ്യാഭ്യാസ ഡയറക്ടറും അതിനെ സൗമനസ്യത്തോടുകൂടി കാണാൻ തീരുമാനിച്ചു.
തിരുവിതാംകൂർ പബ്ലിക് സർവിസ് കമീഷൻ വഴി രജിസ്റ്റർ ചെയ്ത അവർക്ക് നിലവിലുള്ള പൊതുയോഗ്യത ചട്ടങ്ങളിൽ ഇളവ് അനുവദിച്ചുകൊണ്ട് 1942 ഒക്ടോബർ 26ന് ലോവർ ഗ്രേഡ് ടീച്ചറായി നിയമനം നൽകി. വളരെ പിന്നാക്കം നിന്നിരുന്ന ഒരു സമുദായത്തിലെ വനിതകൾക്ക് ആശ്വാസവും ആവേശവുമാകുന്ന ഒരു ചുവടുവെപ്പായി ചരിത്രത്തിൽ അത് രേഖപ്പെടുത്തപ്പെട്ടു. ആ സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തിയ ആ മഹതിയുടെ കുടുംബം പിൽക്കാലത്ത് ചെന്നൈയിൽ സ്ഥിരതാമസമാക്കിയതായാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.
1943 ജൂലൈ 23ന് തിരുവനന്തപുരം വഴുതക്കാട് ഫോറസ്റ്റ് ലൈനിൽ പുത്തൻവീട്ടിൽ സാറാമ്മാൾ ദിവാനു നൽകിയ നിവേദനവും അത്തരത്തിലുള്ള ഒന്നായിരുന്നു: “റാവുത്തർ വിഭാഗത്തിൽ നിന്നുള്ള വനിതയായ താൻ ബി.എസ് സി ഡിഗ്രി കോഴ്സ് പഠിക്കുകയും, എന്നാൽ കോഴ്സ് പൂർത്തിയാക്കാൻ കഴിയാതെ പോവുകയുമുണ്ടായി. എന്നാൽ, രണ്ടാം ഭാഷയായി തമിഴ് പഠിച്ചതിനാൽ അതിൽ ഒന്നാം റാങ്ക് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് നിരവധി പള്ളിക്കൂടങ്ങളിൽ തമിഴ് ഒരു ഉപഭാഷയായി പഠിപ്പിച്ചുവരുന്നുണ്ട്. മാത്രമല്ല, കോട്ടൺഹിൽ സ്കൂളിൽ തമിഴ് ഭാഷാ അധ്യാപികയുടെ പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയുമാണ്.”3 ആയതിനാൽ തന്റെ പ്രത്യേക കേസായി പരിഗണിച്ച്, രണ്ടാം ഭാഷയായി തമിഴ് പഠിച്ച തനിക്ക് തിരുവിതാംകൂർ പബ്ലിക് സർവിസ് കമീഷൻ ചട്ടങ്ങളിൽ ഇളവ് വരുത്തി അധ്യാപികയായി നിയമിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
ഈ അപേക്ഷ ചീഫ് സെക്രട്ടറി പരിശോധിച്ച ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി. ഇവിടെ ഡയറക്ടർ സാമാന്യമായ സാമൂഹിക നീതിക്കുവേണ്ടി നിലനിന്നു എന്ന കാര്യം ശ്രദ്ധേയമാണ്. പത്തുവർഷം മുമ്പ് ഉണ്ടായ ഹയാത്ത് ബീവിയുടെ നിവേദനത്തിൽനിന്നും ഭിന്നമായി, റാവുത്തർ വിഭാഗത്തിൽ നിന്നുള്ള സാറമ്മാൾ എന്ന വനിതക്ക് ബാർട്ടൺ ഹില്ലിൽ പ്രവർത്തിക്കുന്ന മഹാറാണി സേതുപാർവതി ഭായി ഇംഗ്ലീഷ് ഹൈസ്കൂളിൽ തമിഴ് പണ്ഡിറ്റായി നിയമനം നൽകാൻ സർക്കാർ തയാറായി. മാത്രമല്ല അതിനായി, നിലവിലുള്ള പബ്ലിക് സർവിസ് കമീഷൻ ചട്ടങ്ങൾ ഒഴിവാക്കി എന്നതും ശ്രദ്ധേയമായി.

നിയമ(ന)ങ്ങൾ മാറിമറിഞ്ഞപ്പോൾ
സാമൂഹിക ചുറ്റുപാടുകളിൽ നിന്നും വ്യവസ്ഥകളിൽ നിന്നും മാമൂൽ പ്രിയം നിമിത്തം വ്യതിചലിക്കാത്തവർക്കായി പല കാര്യങ്ങളും നടപ്പിലാക്കാൻ സർക്കാറിൽ സമ്മർദം ഉണ്ടാകുന്ന സന്ദർഭങ്ങൾ ധാരാളമാണ്. ഇത്തരം കാര്യങ്ങളിൽ പ്രായോഗിക ബുദ്ധിമുട്ടൊഴിവാക്കി കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത് അറിഞ്ഞോ അറിയാതെയോ സമൂഹത്തിനും സ്ത്രീയവസ്ഥക്കുംഗുണകരമായി ഭവിക്കുന്ന സന്ദർഭങ്ങളായി വന്നുചേർന്നിട്ടുണ്ട്. 1938-39 കാലഘട്ടത്തിൽ നടന്ന ഒരു സംഭവം അത്തരത്തിലാണ് രേഖപ്പെടുത്തപ്പെടുന്നത്. ഇംഗ്ലീഷ് ഹൈസ്കൂളിൽ പഠിക്കുന്ന മുതിർന്ന പെൺകുട്ടികളെ അറബി പഠിപ്പിക്കാൻ ഒരു വനിതാ അധ്യാപികയുടെ ആവശ്യം നേരിട്ടപ്പോൾ രക്ഷകർത്താക്കൾ നിവേദനവുമായി സർക്കാറിനെ സമീപിച്ചു. എന്നാൽ, അതിനായി നടത്തിയ പരിശ്രമങ്ങൾ പരാജയപ്പെടുകയാണ് ഉണ്ടായത്. ഇംഗ്ലീഷ് സ്കൂൾ ലിവിങ് സർട്ടിഫിക്കറ്റും അറബി ഹയർ ഗ്രേഡ് പരീക്ഷയുമാണ് ഇംഗ്ലീഷ് ഹൈസ്കൂളിലെ നിയമനങ്ങൾക്കായി യോഗ്യതയായി ചട്ട പ്രകാരം കണക്കാക്കിയിരുന്നത്.
എന്നാൽ, ആ യോഗ്യത തികഞ്ഞ വനിതകൾ ആരുംതന്നെ സർവിസിൽ ഉണ്ടായിരുന്നില്ല. മൂന്നുതവണ ഇത്തരത്തിൽ യോഗ്യരായ വ്യക്തിക്കുവേണ്ടി പരസ്യം നൽകിയെങ്കിലും ആരും തന്നെ അപേക്ഷികരായി വന്നിരുന്നില്ല. തുടർന്ന് രക്ഷകർത്താക്കളുടെ ആവലാതിയെ പരിഹരിക്കുന്നതിനും മുതിർന്ന പെൺകുട്ടികൾക്ക് തുടർപഠനം ഏർപ്പെടുത്തുന്നതിനും കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലയിൽ ചട്ടപ്രകാരമുള്ള യോഗ്യത പരിഗണിക്കാതെ സർക്കാർ സർവിസിലുള്ള ഒരു അറബി അധ്യാപികയെ തന്നെ ഇംഗ്ലീഷ് ഹൈസ്കൂളിലേക്ക് നിയമിച്ചുകൊണ്ട് പ്രശ്നം പരിഹരിക്കുകയുണ്ടായി. അങ്ങനെ ആയിഷ ബീവി എന്ന പ്രൈമറി സ്കൂൾ അധ്യാപികയെ ഇംഗ്ലീഷ് സ്കൂളിന് തുല്യമായ സേവന വേതന വ്യവസ്ഥകളോടെ ഹൈസ്കൂളിൽ നിയമിച്ചു.4
അതുപോലെ രക്ഷകർത്താക്കളുടെ പരാതിക്കും നിർബന്ധത്തിനും വഴങ്ങി അറബി മുതലായ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് കൂടുതൽ വനിതാ അധ്യാപകരെ നിയമിക്കുന്നതിനും വനിതാ അധ്യാപകർക്കെതിരെ കള്ള പരാതികളുണ്ടാക്കി അവരെ സ്ഥലംമാറ്റുന്നതിനെതിരെയും ശക്തമായ പൊതുവികാരം ഉണ്ടായപ്പോൾ കൃത്യമായ അന്വേഷണങ്ങൾ നടത്തി തക്കതായ നടപടികൾ കൈക്കൊള്ളാൻ അധികാരികൾ തീരുമാനിച്ചത് പൊതുഉദ്യോഗ നിയമനങ്ങളിൽ തുല്യതയും സാമൂഹിക നീതിയും നടപ്പിലാക്കാനുള്ള പരിശ്രമത്തിന്റെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നതാണ്.
ഉദാഹരണത്തിന്, വനിതാ അറബി അധ്യാപികയെ അകാരണമായി സർവിസിൽ നിന്ന് പുറത്താക്കാൻ ആൺകോയ്മ നടത്തിയ ശ്രമങ്ങളെ സർക്കാർ പരിശോധിച്ച് വേണ്ടരീതിയിൽ പരിഹരിച്ചത് ശ്രദ്ധേയ സംഭവമാണ്. കൊല്ലം ഡിവിഷനിലെ പെരിനാട് കുരീപ്പുഴയിൽ പ്രവർത്തിച്ചുവന്നിരുന്ന പ്രൈമറി സ്കൂളിൽ വനിതാ അറബി മുൻഷിയെ കുറിച്ചായിരുന്നു അപവാദങ്ങൾ പ്രചരിപ്പിച്ച് അവരെ സർവിസിൽനിന്നും ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. പ്രത്യേകിച്ചും അധ്യാപിക എന്ന നിലയിൽ കഴിവില്ലാത്തവരാണെന്നും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളെ വേണ്ട രീതിയിൽ വളർത്തിക്കൊണ്ടുവരാൻ കഴിവില്ലാത്തവരാണ് എന്നും ആരോപിച്ചുകൊണ്ടുള്ള പരാതികളും ഊമക്കത്തുകളും പത്രക്കുറിപ്പുകളും അധികാരികൾക്ക് നിവേദനവും തൽപരകക്ഷികൾ നൽകിവന്നിരുന്നു.
1946 മേയ് മാസത്തിൽ ഇതുസംബന്ധമായി 11 പേർ കൈയൊപ്പുവെച്ച ഒരു നിവേദനം തിരുവിതാംകൂറിലെ ചീഫ് സെക്രട്ടറിക്ക് ലഭിക്കുകയുണ്ടായി. അതിൽ പ്രധാനമായും, സ്കൂളിന്റെ മഹനീയ പാരമ്പര്യവും വിദ്യാർഥികളുടെ സാമൂഹിക നില മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി താഴ്ന്നുവരുന്നതിനെക്കുറിച്ചും അറബിഭാഷാ പഠനത്തിൽ വന്നുചേർന്നിരിക്കുന്ന മോശം പ്രവണതകളെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ചുകൊണ്ടാണ് വനിതാ അറബി മുൻഷിക്കെതിരെ ആരോപണമുന്നയിക്കുന്നത്. “…പ്രത്യേകിച്ച് കഴിവോ പ്രാപ്തിയോയില്ലാത്ത വനിതാ അറബി മുൻഷി തുടരുന്നതിനാൽ നിരവധി വിദ്യാർഥികൾ അവിടെ നിന്നും കൊഴിഞ്ഞുപോകുന്നു. രക്ഷകർത്താക്കൾ അറബി പഠനം ആഗ്രഹിച്ചാണ് തങ്ങളുടെ മക്കളെ സ്കൂളിലേക്ക് അയക്കുന്നതെങ്കിലും നിലവിലെ അറബി മുൻഷിയിൽ നിന്നും യാതൊന്നും തന്നെ അവർക്ക് ലഭിക്കുന്നില്ല. ആയതിനാൽ വനിതാ മുൻഷിയെ സ്കൂളിൽനിന്നും വകുപ്പിൽ നിന്നും ഒഴിവാക്കണം”.5 ഇത്തരത്തിൽ ഒരു നിവേദനം കിട്ടിയപ്പോൾ അതിന്മേൽ അന്വേഷണം നടത്താൻ, അറബി പഠനത്തിനും മുസ്ലിം വിദ്യാഭ്യാസ കാര്യങ്ങൾക്കും വേണ്ടി നിലനിൽക്കുന്ന മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടറോട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടു.
അതോടൊപ്പം തന്നെ കൊല്ലത്തെ അസിസ്റ്റൻറ് ഇൻസ്പെക്ടർ സ്കൂൾ എന്ന ഉദ്യോഗസ്ഥനോടും അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡയറക്ടർ നിർദേശിക്കുകയുണ്ടായി. അവർ നടത്തിയ അന്വേഷണത്തിന്റെ ഫലമായി സമർപ്പിച്ച റിപ്പോർട്ടിൽ, വനിതാ മുൻഷിയുടെ ബന്ധുക്കൾ അവരുടെ ഇടയിലുണ്ടായ കുടുംബ പ്രശ്നങ്ങളെ തുടർന്ന് അവരെ കരിവാരിത്തേക്കുന്നതിനായി ഉണ്ടാക്കിയ പരാതിയാണിത് എന്ന് വ്യക്തമാക്കുന്നുണ്ട്. മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിൽ, അധ്യപന കാര്യങ്ങളിൽ അവർ സമൃദ്ധയാണെന്നും വിദ്യാർഥികളുടെ ഇടയിലും അവർക്കെതിരെ പരാതികൾ ഒന്നുമില്ലെന്നും വളരെ സത്യസന്ധമായി തന്റെ കർത്തവ്യം നിർവഹിക്കുന്ന വ്യക്തിയാണ് അവരെന്നും കാണിക്കുന്നുണ്ട്.
മുമ്പും തനിക്ക് ഇത്തരത്തിൽ ചില പരാതികൾ ലഭിച്ചിരുന്നുവെന്നും അന്ന് നടത്തിയ അന്വേഷണത്തിൽ, കുടുംബ പ്രശ്നങ്ങളെ തുടർന്ന് ചില ബന്ധുക്കൾ തന്നെയാണ് അവർക്കെതിരെ പരാതി നൽകിയതെന്ന് മനസ്സിലാക്കുകയുണ്ടായി എന്നും രേഖപ്പെടുത്തുന്നുണ്ട്. കൊല്ലത്തെ അസിസ്റ്റന്റ് ഇൻസ്പെക്ടർ പ്രശ്നത്തെ കൂടുതൽ അടുത്തുനിന്ന് മനസ്സിലാക്കിയ ഒരു റിപ്പോർട്ടാണ് സമർപ്പിച്ചത്. അതിലെ വിവരങ്ങൾ പ്രകാരം, ഒന്നാമത്തെ പേരുകാരൻ വനിതാ മുൻഷിയുടെ ഭർത്താവിന്റെ മൂത്ത സഹോദരനാണെന്നും ആ സഹോദരന്മാർ തമ്മിൽ അത്രനല്ല ചേർച്ചയിൽ അല്ലെന്നും മുൻഷിയുടെ വിവാഹത്തോടനുബന്ധിച്ച് ചിലർക്കുണ്ടായ അസ്വാരസ്യങ്ങളും മറ്റുമാണ് ഔദ്യോഗികമായ പ്രവൃത്തികളിൽ തടസ്സമുണ്ടാക്കാൻ ഇറങ്ങിത്തിരിച്ചതിന്റെ പിന്നിലെന്നും അവർ കുറിച്ചു.

അതിനായി ചില സിൽബന്തികളെ കൂട്ടുപിടിച്ച് 1199 കുംഭമാസത്തിൽ മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടർക്ക് പരാതി നൽകിയിരുന്നു. അതിന്മേൽ നടപടികളൊന്നും ഉണ്ടാകാതെ വന്നപ്പോൾ ‘മുസ്ലിം മിത്രം’ എന്ന പത്രികയിലൂടെ ഒരു കുറിപ്പ് വഴി അവരെ ആക്ഷേപിക്കാൻ ഒരു ശ്രമവും തൽപരകക്ഷികൾ നടത്തി. എന്നാൽ, അതിൽ അസ്വാഭാവികത തോന്നിയ മുസ്ലിം മിത്രം പത്രാധിപർ കുറിപ്പ് കൂടുതൽ പരിശോധനക്ക് മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടർക്കും സ്കൂൾ ഹെഡ്മിസ്ട്രസിനും അയച്ചുകൊടുത്ത് നിജസ്ഥിതി തേടാനുള്ള മര്യാദ കാണിച്ചതിനാൽ ആ ശ്രമവും പരാജയപ്പെട്ടു.
ഇവിടെ സർക്കാറിന് നൽകിയ നിവേദനത്തിൽ, ഉന്നത ഉദ്യോഗസ്ഥ ഇവരിൽ നിന്ന് ആനുകൂല്യങ്ങൾ പറ്റി അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു എന്ന ഗുരുതര ആരോപണം കൂടി ഉന്നയിക്കുകയും ചെയ്തിരുന്നു. അതിനെ അസിസ്റ്റൻറ് ഇൻസ്പെക്ടർ ശക്തമായി എതിർക്കുകയും തങ്ങളുടെ ഭാഗം വിജയിക്കാൻ പരാതിക്കാർക്കുള്ള തന്ത്രങ്ങളാണ് ഇവയെന്നും ഈ പരാതിയെക്കുറിച്ച് വനിതാ മുൻഷി അറിയുന്നതുതന്നെ ഔദ്യോഗികമായ കത്തുകൾ വന്നതിനുശേഷമാണെന്നും പ്രസ്താവിക്കുന്നുണ്ട്. ‘‘മാത്രമല്ല, പരാതിയിൽ ഒപ്പുവെച്ചിട്ടുള്ളവർ ആരും തന്നെ സാമൂഹികമായ അംഗീകാരമുള്ളവരോ സ്കൂളുമായി ബന്ധമുള്ള കുട്ടികളുടെ രക്ഷിതാക്കളോ അല്ല എന്നും, ഒരാൾ കോടതി വരാന്തയിൽ പരാതി എഴുതി നൽകാൻ ഇരിക്കുന്നയാളാണെന്നും ഇയാൾ ഈ കാര്യത്തിൽ യാതൊരു താൽപര്യമുള്ള ആളല്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതിലെ മൂന്നുപേർ അടുത്ത ബന്ധുക്കളാണ്.
അവർ ഈ പ്രദേശത്തുകാരുമല്ല. രണ്ടുപേർ ഒന്നാം ഒപ്പുകാരന്റെ ബന്ധുക്കളാണ്; ഒരാൾ ഒരു ബീഡി ഷോപ്പുകാരനും മറ്റൊരാൾ അലഞ്ഞുനടക്കുന്നവനുമാണെന്നും ഒന്നാമത്തെ ഒപ്പുകാരന്റെ സിലബന്തികളായി നടക്കുന്ന മൂന്നുപേരും ഇതിൽ ഒപ്പുവെച്ചതായും കാണുന്നു. ഇതിൽ ആരും ഇത്തരം പ്രശ്നങ്ങളിൽ മുമ്പ് ഇടപെട്ടവരോ സമൂഹത്തിൽ അംഗീകാരമുള്ള മാന്യന്മാരോ അല്ലെന്നും കാണുന്നുണ്ട്. മാത്രമല്ല, സ്കൂളിലെ കുട്ടികളുടെ കുറവ് സ്വാഭാവികമായി വന്നതാണെന്ന് തന്റെ നേരിട്ടുള്ള അന്വേഷണത്തിൽ മനസ്സിലാക്കിയതുമാണ്. ആയതിനാൽ വനിതാ മുൻഷിയെ സമൂഹത്തിൽ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയിട്ടാണ് ഇവർ പ്രവർത്തിച്ചിട്ടുള്ളത്.’’ ഇത്തരത്തിൽ, സാമൂഹിക അംഗീകാരവും സ്വാശ്രയത്വവും നേടിക്കഴിഞ്ഞ വനിതകളെ ഇകഴ്ത്തിക്കാട്ടാനും അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അധികാരികളെ സമീപിക്കാനും പലരും ശ്രമിച്ചിരുന്നു. സമൂഹത്തിൽ മാന്യത കൈവരിക്കുന്നതിനെതിരെയും അതു മാതൃകയായി സ്വീകരിച്ച് മറ്റുള്ളവർ കൂടി പുരോഗതിയിലേക്ക് കടന്നുപോകുന്നതിനെതിരെയും പിന്തിരിപ്പൻ പ്രതിലോമ കക്ഷികൾ ഇടപെട്ട് വന്നിരുന്നതിന്റെ പല ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാനാവുന്നതാണ്.
അങ്ങനെ ഒറ്റപ്പെട്ടതെങ്കിലും പലതരം പ്രതിബന്ധങ്ങളെ തച്ചു തകർത്ത് മുന്നേറാൻ ശ്രമിച്ചവരെ ചെറുസഹായങ്ങൾ നൽകി മുന്നോട്ടുനയിക്കാൻ ഭരണകൂടം തയാറായത് നവോത്ഥാന ഉണർവിനും സ്ത്രീമുന്നേറ്റത്തിനും പുരോഗതിക്കും പാത്രീഭൂതമായി എന്നുവേണം കരുതാൻ. വിവിധ സമുദായങ്ങളിലെ സ്ത്രീകൾക്കൊപ്പം മുസ്ലിം സമുദായത്തിലെ സ്ത്രീകൾക്കുകൂടി എത്തിപ്പെടാൻ ഇടനൽകുന്ന തരത്തിലേക്ക് അവ മാറുകയുണ്ടായി. അതിന്റെ തുടർച്ചയാണ് പിന്നീടുവന്ന ജനകീയ ജനാധിപത്യ സർക്കാറുകളുടെ പിന്തുണയോടുകൂടി സ്ത്രീ സമൂഹം ആർജിച്ച നേട്ടങ്ങളെന്ന് പറയാൻ സാധിക്കും.
----------------------
കുറിപ്പുകൾ
ഫയൽ നം. 982/ 32, വിദ്യാഭ്യാസം, 26/08/ 1932, കേരള സ്റ്റേറ്റ് ആർക്കൈവ്സ്, തിരുവനന്തപുരം.
ഫയൽ നം. 1282/ 39, വിദ്യാഭ്യാസം, 1 സെപ്റ്റംബർ 1939 , കേരള സ്റ്റേറ്റ് ആർക്കൈവ്സ്, തിരുവനന്തപുരം.
ഫയൽ നം. 1548/ 43, വിദ്യാഭ്യാസം, 17 സെപ്റ്റംബർ 1943, കേരള സ്റ്റേറ്റ് ആർക്കൈവ്സ്, തിരുവനന്തപുരം.
ഫയൽ നം. 1511/39, വിദ്യാഭ്യാസം, 13 ഒക്ടോബർ 1939,കേരള സ്റ്റേറ്റ് ആർക്കൈവ്സ്, തിരുവനന്തപുരം.
ഫയൽ നം. 1525/46 വിദ്യാഭ്യാസം, 7 ആഗസ്റ്റ് 1946, കേരള സ്റ്റേറ്റ് ആർക്കൈവ്സ്, തിരുവനന്തപുരം
