മദ്റസ വിദ്യാഭ്യാസത്തിനു വേണ്ടിയും ഇടപെടൽ

അധ്യായം -22 ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ വിദ്യാഭ്യാസത്തിനും ഊന്നൽ നൽകണമെന്ന് വാദിച്ച ഹലീമാ ബീവി മദ്റസകൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അഭ്യർഥനകളും നടത്തി. കൂടാതെ, സ്ത്രീകൾക്കായിട്ട് അബല മന്ദിരങ്ങൾ നിർമിക്കുന്നതിന് മുസ്ലിം സമുദായം തയാറാകണമെന്നതിനെക്കുറിച്ചും അവർ പല വേദികളിലും സംസാരിച്ചു. തന്റെ പ്രസംഗങ്ങളിൽ എല്ലാംതന്നെ ഹലീമാ ബീവി തങ്ങളുടെ പെൺമക്കളെ സ്കൂളുകളിലും കോളജുകളിലുമയച്ച് പഠിപ്പിക്കാൻ എല്ലാ മാതാപിതാക്കന്മാരും...
Your Subscription Supports Independent Journalism
View Plansഅധ്യായം -22
ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ വിദ്യാഭ്യാസത്തിനും ഊന്നൽ നൽകണമെന്ന് വാദിച്ച ഹലീമാ ബീവി മദ്റസകൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അഭ്യർഥനകളും നടത്തി. കൂടാതെ, സ്ത്രീകൾക്കായിട്ട് അബല മന്ദിരങ്ങൾ നിർമിക്കുന്നതിന് മുസ്ലിം സമുദായം തയാറാകണമെന്നതിനെക്കുറിച്ചും അവർ പല വേദികളിലും സംസാരിച്ചു.
തന്റെ പ്രസംഗങ്ങളിൽ എല്ലാംതന്നെ ഹലീമാ ബീവി തങ്ങളുടെ പെൺമക്കളെ സ്കൂളുകളിലും കോളജുകളിലുമയച്ച് പഠിപ്പിക്കാൻ എല്ലാ മാതാപിതാക്കന്മാരും തയാറാകേണ്ടതാണെന്ന അഭ്യർഥന ഹലീമാ ബീവി നടത്തുന്നുണ്ട്. ഒപ്പംതന്നെ, ആത്മീയമായ ഔന്നത്യം കൂടി നേടുന്നതിന് മതവിദ്യാഭ്യാസം നൽകാനും സ്കൂൾ സമയം കഴിഞ്ഞുള്ള മദ്റസ പഠനത്തിലൂടെ സാധ്യമാകുമെന്നും അത്തരത്തിൽ മദ്റസകൾ ഇല്ലാത്ത സ്ഥലങ്ങളിൽ സമുദായം ഇടപെട്ട് അവ സ്ഥാപിക്കേണ്ടതാണെന്നും അവർ ആവശ്യപ്പെടുന്നുണ്ട്: “ഈ നിലയിൽ സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ സമുദായം മുൻകൈയെടുത്ത് പ്രവർത്തിക്കുകയാണെങ്കിൽ 10 വർഷംകൊണ്ട് നമ്മുടെ സമുദായം പിന്നാക്ക സമുദായ പട്ടികയിൽനിന്നും പുരോഗമന സമുദായ പട്ടികയിലേക്ക് കടന്നുകയറുകതന്നെ ചെയ്യുമെന്നുള്ളത് തർക്കമറ്റ സംഗതിയാണ്.”89
സ്ത്രീകൾക്കായിട്ട് അബല മന്ദിരങ്ങൾ നിർമിക്കുന്നതിന് മുസ്ലിം സമുദായം തയാറാകണമെന്നതിനെക്കുറിക്കുന്നതായിരുന്നു അവരുടെ രണ്ടാമത്തെ പദ്ധതി. ആരോരുമില്ലാതെ വന്നതിനാലോ വീട്ടുകാർ ഉപേക്ഷിക്കുന്നതിനാലോ തെരുവിലാക്കപ്പെടുന്ന സ്ത്രീകൾക്ക് ആശ്രയമായി സമുദായങ്ങളുടെ വകയായി അബല മന്ദിരങ്ങൾ ആവശ്യമായിരുന്നു. എന്നാൽ, ഇന്നത്തെ അവസ്ഥ നോക്കിയാൽ ഇത് വളരെ ആശ്ചര്യവും കൗതുകവും നൽകുന്ന ഒന്നായി തോന്നാം.
ഗൾഫ് പണം വന്നെത്തുന്നതിനു മുമ്പുള്ള ഒരു കാലഘട്ടത്തിലെ മുസ്ലിം സ്ത്രീകളുടെ അവസ്ഥ വളരെ ദയനീയമായിരുന്നുവെന്നും അവരുടെ ഈ പ്രസ്താവനയിൽ കാണാൻ പറ്റും: “...വളരെ അപൂർവമായി മാത്രം ഉപയോഗിക്കുന്നതിന് ഇസ്ലാം അനുവദിച്ചിട്ടുള്ള വിവാഹമോചനം തോന്ന്യാസമായി വളരെ കൂടുതലായി പുരുഷന്മാർ നടത്തുന്നതുകൊണ്ട് പല സ്ഥലങ്ങളിലും ഉറ്റവരോ ഉടയവരോ ഇല്ലാതെ, തെണ്ടിത്തിരിയേണ്ടി വരുന്ന സഹോദരികളുടെ എണ്ണം സമുദായത്തിൽ ധാരാളമാണ്.
മറ്റുവിധത്തിലും ആശ്രയമില്ലാത്ത അനാഥകൾ വളരെ അധികമുണ്ട്. നിങ്ങൾ കേരളത്തിന്റെ പ്രധാന പട്ടണങ്ങളിലൊന്നു സഞ്ചരിച്ചു നോക്കുക. അനാഥകളായ മുസ്ലിം സ്ത്രീകളുടെ ഘോഷയാത്രതന്നെ നിങ്ങൾക്കിവിടെ കാണാം. പീടികത്തിണ്ണകളാണ് അവരുടെ പാർപ്പിടം. ഹോട്ടൽ തൊട്ടികളിലെ എച്ചിലുകളിലെ ഉച്ഛിഷ്ടമാണ് അവരുടെ പ്രധാന ഭക്ഷണം. ജനനവും മരണവും ദാമ്പത്യജീവിതവുമെല്ലാം അവിടെ അവർ അനുഭവിക്കുകയാണ്. അതിനടുത്ത് അനവധി മുതലാളിമാരുടെ ഉന്നതസൗധങ്ങളും വിഭവസമൃദ്ധങ്ങളായ ഭക്ഷണത്തളികകളും ഉണ്ടായേക്കാം.
അതൊന്നും ആ പാവങ്ങൾക്ക് വിശപ്പടക്കുന്നതിനോ, വിശ്രമിക്കുന്നതിനോ ഉപകരിക്കുന്നവയല്ല, ഇതുപോലെതന്നെ ഗ്രാമപ്രദേശങ്ങളിലേക്ക് നോക്കിയാലും അർധനഗ്നകളായി അലഞ്ഞുതിരിയുന്ന മുസ്ലിം സ്ത്രീകളുടെ എണ്ണം കുറവല്ല. സ്ത്രീകൾ പുറത്തിറങ്ങിക്കൂടാ, അന്യപുരുഷന്മാരെ കണ്ടുകൂടാ, പള്ളിക്കൂടത്തിൽ പോകാൻ പാടില്ല, പൊതുരംഗങ്ങളിൽ അവർ പ്രവേശിച്ചുകൂടാ, അഥവാ പുറത്തിറങ്ങേണ്ടി വന്നാൽ അവരെ അറിയാത്തവിധം, കണ്ണും മുഖവും കൈയും കാലും മറയ്ക്കുന്ന മൂടുപടം ഉപയോഗിക്കണം; അതും മതിയാകാഞ്ഞിട്ട് അർധരാത്രി ആണെങ്കിലും ഒരു കുടകൂടി വിടർത്തി പിടിക്കണം;
അല്ലെങ്കിൽ ഇസ്ലാം അപകടത്തിൽ എന്നു പ്രസംഗിക്കുന്ന പണ്ഡിതരും, അവരെ അനുസരിക്കുന്ന ധനികവർഗവും ഈ പട്ടണങ്ങളിലും ഗ്രാമങ്ങളിലും അർധനഗ്നനകളായി തെണ്ടിത്തിരിഞ്ഞ് പീടികത്തിണ്ണകളെ മണിമാളികകളാക്കി സ്വീകരിച്ച് കഴിഞ്ഞുകൂടുന്ന മുസ്ലിം സ്ത്രീകളെ കാണാറില്ലേ? അവരെക്കുറിച്ച് കേൾക്കാറില്ലേ? അവരെ ഇസ്ലാമിൽനിന്നും പുറംതള്ളിയിരിക്കുകയാണോ? അതോ അവരിൽനിന്നും നേർച്ചക്കാശും, ബിരിയാണിയും കിട്ടാത്തതുകൊണ്ട് അവരെ വിസ്മരിച്ചു കളഞ്ഞതാണോ? സമുദായത്തിലെ ഒരു നല്ല ശതമാനം സ്ത്രീകളുടെ ഈ ജീവിതവൃത്തി സമുദായത്തിന് ആപത്കരങ്ങളായ എന്തെന്തു വിപത്തുകളാണ് വരുത്തിവെക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ഇതിനൊരു നിവാരണം കണ്ടുപിടിക്കാൻ ഇന്നോളം സമുദായ പരിഷ്കർത്താക്കളോ പണ്ഡിതന്മാരോ നേതാക്കന്മാരോ ശ്രമിച്ചിട്ടുണ്ടോ? മുസ്ലിംകളേക്കാൾ ജനസംഖ്യയുള്ള മറ്റു സമുദായങ്ങളിൽ ഇത്രയധികം സ്ത്രീകൾ തെണ്ടിത്തിരിയുന്നത് കാണുന്നില്ല. അവർക്കാണെങ്കിൽ അനാഥമന്ദിരങ്ങളും ആശ്രമങ്ങളും നിലവിലുണ്ട്. നിരാശ്രയർക്ക് ആശ്രയസ്ഥാനവും അനുയോജ്യമായ തൊഴിലും കൊടുത്ത് അവരെ പരിരക്ഷിച്ചുവരുന്നുണ്ട്. അക്കൂട്ടത്തിൽ ധാരാളം മുസ്ലിം സ്ത്രീകളും ഇസ്ലാം മതം ഉപേക്ഷിച്ച് ജീവിതസുഖത്തെ ലക്ഷ്യമാക്കി അങ്ങോട്ടൊഴുകി പോകുന്നുണ്ട്. ഈ പരമാർഥം മുസ്ലിം സമുദായം അറിയാത്തതുകൊണ്ടോ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നതുകൊണ്ടോ പുറത്തുവരുന്നില്ല.
കുറേ വർഷങ്ങൾക്കുമുമ്പ് സാഹചര്യങ്ങളുടെ സമ്മർദംകൊണ്ടും, വിദേശീയരായ മുസ്ലിം സഹോദരങ്ങളുടെ മഹാമനസ്കതകൊണ്ടും കോഴിക്കോട്ട് അനാഥകുട്ടികൾക്കായി ജെ.ഡി.ടി ഇസ്ലാം എന്ന പേരിൽ ഒരനാഥശാലയുണ്ടായി. അതുകൊണ്ട് എന്തുമാത്രം അനാഥരായ മുസ്ലിം ബാലികാബാലൻമാരാണ് ഇസ്ലാമായിതന്നെ വളരുന്നതും സമുദായത്തിനുതന്നെ പ്രയോജനമുള്ളവരായി തീർന്നിട്ടുള്ളതും?
പിന്നീട് അതുപോലുള്ള വേറെ എത്ര അനാഥശാലകൂടി നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഉടലെടുത്തു എന്നെല്ലാം നിങ്ങൾ ചിന്തിക്കേണ്ടതാണ്. അതുപോലെ ഇന്നാട്ടിലെ അശരണരും അനാഥകളുമായ മുസ്ലിം സ്ത്രീകളെ രക്ഷിക്കാനും അവരെ അറിവുള്ളവരും അഭിമാനമുള്ളവരും തൊഴിൽ ചെയ്യാൻ കഴിവുള്ളവരും പരിചയമുള്ളവരുമാക്കി മാറ്റാനും ഇന്നാട്ടിൽ ഒരൊറ്റ അനാഥശാല എങ്കിലും ഉണ്ടാക്കാൻ മുസ്ലിം സഹോദരീ സഹോദരന്മാർ ശ്രമിക്കുകയാണെങ്കിൽ അത് നിഷ്പ്രയാസം നടപ്പിൽവരുന്നതും ആയിരക്കണക്കായ അശരണർക്ക് ഒരനുഗ്രഹമായി തീരുന്നതുമാണ്.
അങ്ങനെ ഒരനാഥശാല തുടങ്ങുകയാണെങ്കിൽ ഒന്നോ രണ്ടോ വർഷംകൊണ്ട് ഇതിൽ താമസക്കാരായ സ്ത്രീകളെക്കൊണ്ട് വിവിധതരത്തിലുള്ള തൊഴിലുകൾ ചെയ്യിച്ച് നല്ല ആദായം ഉണ്ടാക്കി സകല ചെലവുകളും അതുകൊണ്ട് തന്നെ നടത്താമെന്ന് മാത്രമല്ല, ഭാവിയിൽ കൂടുതൽ വരുമാനം ഉണ്ടാക്കിത്തീർക്കുവാനും സാധിക്കുമെന്നുള്ളതിലേക്ക് മറ്റു സമുദായക്കാരുടെ ഇത്തരം സ്ഥാപനങ്ങൾ നമുക്ക് തെളിവുനൽകുന്നുണ്ട്.”90
ഒരു കാലഘട്ടത്തിൽ മുസ്ലിംകൾ പ്രത്യേകിച്ച് അവരുടെ സ്ത്രീകൾ അനുഭവിച്ചിരുന്ന അരക്ഷിതാവസ്ഥ സമുദായ സമക്ഷം ചൂണ്ടിക്കാണിക്കാനും പരിഹാരങ്ങൾ തേടാനുമുള്ള പരിശ്രമങ്ങളാണ് അവർ നടത്തിവന്നിരുന്നത്. അവയിൽ ഏറക്കുറെ വിജയംവരിച്ചുവോ എന്ന് ചോദിച്ചാൽ ഇന്നത്തെ സമൂഹത്തിൽനിന്നുകൊണ്ട് ഏറക്കുറെ അതെയെന്നുതന്നെയാണ് പറയാൻ കഴിയുക. മുസ്ലിം സമുദായത്തിന്റെ സാമ്പത്തിക അഭിവൃദ്ധി, സാമൂഹിക-സാംസ്കാരിക മാറ്റങ്ങൾ കൊണ്ടുവന്ന ആധുനിക കേരള സമൂഹത്തിൽ ഹലീമാ ബീവി ഒട്ടൊക്കെ വിജയിച്ച ഒരു സാമൂഹിക പ്രവർത്തകയായി മാറിയെന്നുവേണം കരുതാൻ.

അധ്യായം -23
വീണ്ടും വനിത സംഘടനകൾ, സമ്മേളനങ്ങൾ
1938ൽ തിരുവല്ലയിൽ നടന്ന വനിത സമ്മേളനത്തിനുശേഷം മുസ്ലിം വനിതകളെ സംഘടിപ്പിക്കുകയെന്ന ഒരു ദൗത്യം ഹലീമാ ബീവി മുന്നിൽ കണ്ടിരുന്നു. പത്രപ്രവർത്തന തിരക്കിനിടയിലും വിവിധ സ്ഥലങ്ങളിൽ വനിത സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനും അതിൽ അധ്യക്ഷത വഹിക്കുന്നതിനും കാര്യപ്രസക്തമായ നിർദേശങ്ങളും ഉപദേശങ്ങളും ബോധവത്കരണവും നൽകുന്നതിനും അവർ സമയം കണ്ടെത്തി. വനിത സംഘടനകളുടെ രൂപവത്കരണ ദൗത്യങ്ങളുമായി ബന്ധപ്പെട്ട് ഐക്യകേരളത്തിലാണ് പിന്നീട് കൂടുതലായും രേഖപ്പെടുത്തലുകൾ കാണുന്നത്. പെരുമ്പാവൂർ, കൊച്ചി, കായംകുളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ സംഘടനകളുടെ വേദികളിൽ അവർ സ്ത്രീപക്ഷ നിലപാടുകളുമായി നിലനിന്നു.
1958ൽ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്റെ താൽപര്യാർഥം പെരുമ്പാവൂരിൽ വെച്ച് വനിത സമ്മേളനം നടന്നു. ഹലീമാ ബീവിയായിരുന്നു അതിന്റെ മുഖ്യസംഘാടക. ഫെഡറേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ ഉന്നമനമുദ്ദേശിച്ചാണ് ഇത്തരം സമ്മേളനങ്ങൾ നടത്തിയിരുന്നത്. പെരുമ്പാവൂരിലെ പോലെതന്നെ കായംകുളം സമ്മേളനത്തിന്റെയും ചുക്കാൻപിടിച്ചത് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ആയിരുന്നു. 1960ൽ പെരുമ്പാവൂർ കേന്ദ്രമാക്കിക്കൊണ്ട് കേരള അടിസ്ഥാനത്തിൽ ഒരു മുസ്ലിം വനിത സംഘടന ഉയർന്നുവന്നു. അതിന്റെ സെക്രട്ടറി പ്രസിദ്ധ സാഹിത്യകാരി തങ്കമ്മ മാലിക് ആയിരുന്നു. അക്കാലത്തെ കേരള നിയമസഭാംഗമായിരുന്ന എ. നഫീസത്ത് ബീവിയായിരുന്നു പ്രസിഡന്റ്.
ഹലീമാ ബീവിക്ക് പുറമെ മിസിസ്. മരയ്ക്കാർ, ജമീലാ കുഞ്ഞ് തുടങ്ങിയ പ്രമുഖർ ഈ സംഘടനക്ക് ശക്തമായ പിന്തുണ നൽകിയിരുന്നു. തന്റെ പ്രവർത്തനങ്ങൾക്ക് ഉറച്ച പിന്തുണ നൽകി വന്നിരുന്ന പുരോഗമന പ്രസ്ഥാനക്കാരായ നദ്വത്തുൽ മുജാഹിദിനോടൊപ്പം നിന്നുകൊണ്ട് മുസ്ലിം സമുദായത്തിലെ സ്ത്രീയവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് ഹലീമാ ബീവി പരിശ്രമിച്ചിരുന്നു. എന്നാൽ, എല്ലാകാര്യത്തിലും വിമർശനാത്മകമായി ഇടപെടുന്നതിൽ താൽപര്യം കാണിച്ചിരുന്ന വനിത എന്ന നിലയിലാണ് അവിടെയും നിലനിന്നത്. ഇക്കാലത്ത് കൊച്ചി രണ്ടുതവണ മുസ്ലിം വനിത സമ്മേളനത്തിന് വേദിയായി. കേരള നദ്വത്തുൽ മുജാഹിദീന്റെ പ്രവർത്തകരായിരുന്നു ഈ സമ്മേളനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്. 1959ൽ കൊച്ചിയിൽ നടന്ന സമ്മേളനത്തെക്കുറിച്ച് ഹലീമാ ബീവി സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. നദ്വത്തുൽ മുജാഹിദീൻ അവരുടെ വാർഷിക സമ്മേളനത്തോടൊപ്പമായിരുന്നു ഇതു സംഘടിപ്പിച്ചത്.
സമ്മേളനത്തിന്റെ അധ്യക്ഷപദം അലങ്കരിക്കാൻ എന്തുകൊണ്ടും അർഹയായി അവർ കണ്ടത് ഹലീമാ ബീവിയെയായിരുന്നു. കേരളത്തിലെ മുസ്ലിം സ്ത്രീകൾക്ക് അഭിമാനിക്കാവുന്ന തരത്തിൽ പ്രാതിനിധ്യമുണ്ടായ ഒരു സമ്മേളനമായി അവരതിനെ കാണുന്നുണ്ട്. പലപ്പോഴും കേരളത്തിൽ നടന്ന ചില രാഷ്ട്രീയ സമ്മേളനങ്ങളോട് ചേർന്ന് വനിത സമ്മേളനം നടത്തുന്നതിനുവേണ്ടി ഹലീമാ ബീവി നിരന്തരം പരിശ്രമിച്ചിരുന്നു. എന്നാൽ, അതിനെല്ലാം നിരാശയായിരുന്നു ഫലം. ഇത്തരം കാര്യങ്ങളിൽ ശക്തമായ പിന്തുണ നൽകുന്നതിൽ പല നേതാക്കന്മാരും പിന്നാക്കം പോയി. അതിൽ കുണ്ഠിതവും അരക്ഷിത്വവും അവർക്കുണ്ടായിരുന്നു.
കൊച്ചിയിൽ തന്റെ അധ്യക്ഷതയിൽ വനിത സമ്മേളനം നടത്തുന്നുവെന്ന് നദ്വത്തുൽ മുജാഹിദീന്റെ സംഘാടകർ അറിയിച്ചപ്പോൾ പല ആശങ്കകളും അവരുടെ മനസ്സിലേക്ക് ഓടിക്കയറി. സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് അവർ എഴുതി: “...കേരള മുസ്ലിംകളുടെ രാഷ്ട്രീയ സംഘടനകൾക്കുപോലും അതിന്റെ വാർഷിക യോഗങ്ങളോടനുബന്ധിച്ച് ഒരു വനിത സമ്മേളനം നടത്താനുള്ള തന്റേടമോ സന്മനസ്സോ ഇതഃപര്യന്തം ഉണ്ടാകാതിരിക്കെ, മതപരിഷ്കരണം നിർവഹിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘടന അതിന്റെ വാർഷികത്തോടനുബന്ധിച്ച് വനിത സമ്മേളനം നടത്താൻ നിശ്ചയിച്ച സന്മനോഭാവത്തിലാണ് എനിക്ക് ആഹ്ലാദമുണ്ടായത്.”91
നിരന്തരം കത്ത് മുഖേന തന്റെ ആശങ്കകളും നിർദേശങ്ങളും സംഘാടകരെ അറിയിക്കാനും ഹലീമാ ബീവി താൽപര്യം കാണിച്ചു. രണ്ടാഴ്ചക്കാലം തുടർച്ചയായി ദിനംപ്രതി ഓരോ കത്തുകൾ എഴുതി സംഘാടകരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നുവെന്നാണ് അവർ രേഖപ്പെടുത്തിയിരിക്കുന്നത്. അതിന് പിന്നിലുള്ള കാരണവും അവർ പറയുന്നുണ്ട്:
“...കൊച്ചി ഒരു വലിയ പട്ടണമാണ് അവിടെവച്ച് മുസ്ലിം സ്ത്രീകളുടേതായി ആദ്യം നടക്കുന്ന സമ്മേളനമാണ്. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും നദ്വത്തിന്റെ യോഗത്തിൽ എത്തിച്ചേരുന്ന മാന്യന്മാർ ഒരു കൗതുകമായും പുതുമയായും വനിത സമ്മേളനത്തെ വീക്ഷിക്കാൻ വരാതിരിക്കില്ല. അസൂയകൊണ്ടും അമർഷംകൊണ്ടും സമ്മേളനം അലങ്കോലപ്പെട്ടു കാണാനുള്ള ആഗ്രഹംകൊണ്ടും മറ്റൊരു വിഭാഗവും തടിച്ചുകൂടും. അങ്ങനെയുള്ള ഒരു ചുറ്റുപാടിൽ ഒരു സമ്മേളനം വിജയിക്കാൻ എന്തെല്ലാം സാഹചര്യങ്ങൾ അനുകൂലമായി തീരണം? ഏറ്റവും പ്രധാനമായും ഞാൻ ആഗ്രഹിച്ചത്; നൂറിൽ കുറയാതെയെങ്കിലും സ്ത്രീകൾ ആ യോഗത്തിൽ വന്നുചേരണമെന്നാണ്.
നൂറു നൂറു പ്രതിബന്ധങ്ങളെ തട്ടിത്തകർത്തുകൊണ്ട് ആ സമ്മേളനത്തിൽ വന്നുചേരാൻ സ്ത്രീകൾക്ക് കഴിവുണ്ടോ? അതിനുപുറമേ കുറച്ചു വനിതാ പ്രാസംഗികർ വേണം... പിന്നെ സ്ത്രീകൾക്ക് ഇരിക്കാനുള്ള സജ്ജീകരണങ്ങൾ ... പ്രസംഗ വിഷയത്തിൽ എന്റെ അപ്രാപ്തി എന്നെ വ്യാകുലപ്പെടുത്തിയില്ല. കാരണം ഞാൻ അധ്യക്ഷയാണ്. എനിക്ക് ഡാവിൽ കഴിഞ്ഞുകൂടാം. എന്നാൽ, എന്റെ പിറകിൽ നല്ല കുറെ പ്രാസംഗികർ ഉണ്ടാവണം. ഈദൃശ ചിന്താഗതികൾ എന്നെ അലട്ടിയതുകൊണ്ടാണ് യോഗഭാരവാഹികളെ കത്തുമൂലം ഞാൻ ശല്യംചെയ്തുകൊണ്ടിരുന്നത്.”
വനിത സമ്മേളനങ്ങൾ നടത്തി പരിചയമാർജിക്കാതിരുന്നതിൽ നിന്നുണ്ടായ അലട്ടലായിരുന്നില്ല അവർക്ക്. വലിയൊരു സമ്മേളനത്തിനോടൊപ്പം നിൽക്കുമ്പോൾ ഉണ്ടാകുന്ന ആശങ്കകളായിരുന്നു ഹലീമാ ബീവിക്ക്. അതിനാലാണ് ചറപറ കത്തുകൾ എഴുതേണ്ടിവന്നത്. കത്തിൽനിന്നുള്ള ഒരു ഭാഗം അവർ ഉദ്ധരിക്കുന്നു: “നൂറിൽ കുറയാതെ സ്ത്രീകളെങ്കിലും യോഗത്തിൽ പങ്കുകൊള്ളിക്കാൻ നിങ്ങൾ അങ്ങേയറ്റം ശ്രമിക്കണം. ഒരു മതപണ്ഡിതനെക്കൊണ്ട് സ്ത്രീകളെ അഭിസംബോധന ചെയ്തുകൊണ്ട് ദീർഘമായ പ്രസംഗവേദിക്ക് വെളിയിൽ മൈക്ക് വച്ചുകൊണ്ട് ചെയ്യിക്കണം. അങ്ങനെയെങ്കിലും യോഗം വിജയിപ്പിക്കണം.” ഇത്തരത്തിൽ ഒരു വലിയ വനിതാസമ്മേളനത്തിന്റെ വിജയത്തെക്കുറിച്ച് നദ്വത്തിന്റെ നേതാക്കന്മാരിൽ ചിലർക്കും ആശങ്കയുണ്ടായിരുന്നു.
അതുമാത്രമല്ല, അവരിൽ ചിലർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഹജ്ജ് കർമം നിർവഹിക്കുന്നതിനും ഉപരിപഠനത്തിനുമായും സൗദി അറേബ്യയിലേക്ക് തിരിച്ച നദ്വത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ചിലർ ഉൾപ്പെടെ (കെ.എം. മൗലവി, ഉമ്മർ മൗലവി, സഅദുദ്ദീൻ മൗലവി തുടങ്ങിയവർ) ഈ സമ്മേളനത്തിന്റെ വിജയത്തിന് നിർദേശങ്ങൾ നൽകിക്കൊണ്ട് സൗദി അറേബ്യയിൽനിന്നും കത്തുകളയച്ചിരുന്നു.
മികച്ച ഒരുക്കത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. അധ്യക്ഷസ്ഥാനം ഏറ്റെടുക്കാനായി ഹലീമാ ബീവി വീട്ടിൽനിന്നും പുറപ്പെടുന്ന വേളയിൽ അവർക്കുണ്ടായ മാനസിക വ്യവഹാരങ്ങളെ കുറിച്ച് അവർ എഴുതി: “സമ്മേളനത്തിന് പോകാൻ വീട്ടിൽനിന്ന് ഇറങ്ങുന്നതിന് മുമ്പായി ഞാൻ അല്ലാഹുവിനോട് ഉള്ളഴിഞ്ഞു പ്രാർഥിച്ചു. ഞങ്ങളുടെ വിജയത്തിന്, കൊച്ചിക്കാരുടെയോ നദ്വത്തുൽ മുജാഹിദിന്റെയോ വിജയത്തിനല്ല. കേരള മുസ്ലിം സ്ത്രീസമുദായത്തിന്റെ അഭിമാന സംരക്ഷണത്തിനായി മാത്രം. യാത്രാമധ്യേ എന്റെ കൂട്ടുകാർ പലതും സംസാരിച്ചു. ഞാൻ മാത്രം ഒന്നും മിണ്ടാതെ, അടുത്ത് വരുന്ന രണ്ടു മൂന്നു മണിക്കൂറുകളെ, വിജയത്തിന്റെയോ പരാജയത്തിന്റെയോ അനർഘനിമിഷങ്ങളെ ഭാവന വിഹായസ്സിൽ അക്ഷമയോടും ആകാംക്ഷയോടും കണ്ടുകൊണ്ടിരിക്കുകയാണ്.
സമ്മേളന പന്തലിന് ഒരു മൈൽ സമീപിച്ചു... കൊച്ചി പട്ടണത്തിന്റെ വീഥികളുടെ ഇരുവശങ്ങളിലും കൂടി ശീലക്കുടയുടെ മറവിൽ അനേകം ലലനാമണികൾ മുന്നോട്ടുപോകുന്ന കാഴ്ചയാണ് എനിക്കപ്പോൾ ദൃശ്യമായത്. സമ്മേളന പന്തലിനെ സമീപിക്കുംതോറും എന്റെ പ്രതീക്ഷകളെ വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പ്രവാഹം എന്നെ ആനന്ദസാഗരത്തിൽ ആറാടിച്ചു.’’ നല്ല സംഘാടനവും പങ്കാളിത്തവുംകൊണ്ട് മികവുനേടിയ ഒന്നായി അത് മാറി. മുസ്ലിം സ്ത്രീകളുടെ സാമൂഹിക ഉന്നമനത്തെ ലക്ഷ്യംവെച്ചുകൊണ്ടാണ് സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് ഹലീമാ ബീവി സംസാരിച്ചത്. പിൽക്കാലത്ത് ജില്ല ജഡ്ജിയായി ഉയർന്ന, കേരള മുസ്ലിംകളുടെ ഇടയിലെതന്നെ ആദ്യ വനിതാ വക്കീലായിരുന്ന ജസ്റ്റിസ് ഫാത്തിമ റഹ്മാനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ഹലീമാ ബീവിയുടെ മകളും അന്ന് ഹൈസ്കൂൾ വിദ്യാർഥിനിയുമായിരുന്ന അൻസർ ബീഗം ഈ സമ്മേളനത്തിൽ പ്രസംഗിച്ചത് ഒരു പുതുമയായി. അങ്ങനെ സ്വന്തം മാതാവിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ മകൾക്ക് പ്രസംഗിക്കാൻ അവസരം ലഭിച്ചു. കോളജ് വിദ്യാർഥിയായിരുന്ന മറിയം ബീവി മരിക്കാർ............................................................., അഫ്ദലുൽ ഉലമ ബിരുദധാരിയായ പി. സൈനബ തുടങ്ങിയവർ വിവിധ വിഷയങ്ങളെ മുൻനിർത്തി സംസാരിച്ചു. തുടർന്ന് അരീക്കോട്, പുളിക്കൽ തുടങ്ങിയ അറബിക് കോളജുകളിൽ ബിരുദപഠനം നടത്തുന്ന ചില വനിതകളും സംസാരിക്കുകയുണ്ടായി.

കോഴിക്കോട്ടെ ജെ.ഡി.ടി ഇസ്ലാം അനാഥശാലയും വിദ്യാർഥികളും ആദ്യകാലത്തെ ചിത്രം
വിദ്യാഭ്യാസംകൊണ്ട് മാത്രമേ പുരോഗതി പ്രാപിക്കുവാൻ കഴിയുള്ളൂ എന്നനിലയിൽ കൊച്ചി കേന്ദ്രമാക്കിക്കൊണ്ട് നദ്വത്തുൽ മുജാഹിദിന്റെ കീഴിൽ ആരംഭിക്കാൻ പോകുന്ന ഓറിയന്റൽ ഹൈസ്കൂളിന് സാമ്പത്തിക സഹായം നൽകണമെന്ന അഭ്യർഥന യോഗത്തിൽവെച്ച് ഹലീമാ ബീവിയിൽനിന്നും ഉണ്ടായി. ഈ സന്ദർഭത്തിൽ ഒരു വനിത തന്റെ കൈയിൽ അണിഞ്ഞിരുന്ന സ്വർണത്തിൽ തീർത്ത മോതിരം സംഭാവനയായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധ്യക്ഷയെ നേരിട്ട് ഏൽപിച്ച സംഭവം അവർ രേഖപ്പെടുത്തിയിട്ടുണ്ട്. രാത്രി ഏഴു മണിക്ക് ആരംഭിച്ച ഈ വനിത സമ്മേളനം അർധരാത്രി 12.30 വരെ നീണ്ടുനിന്നു. ഏറെ സ്ത്രീകളും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കാതെ സമ്മേളന സമാപനം വരെ ഇരുന്നുവെന്നതും പലരെയും അത്ഭുതപ്പെടുത്തി.
മുസ്ലിം സമുദായത്തിലെ പുരോഗമന ആശയക്കാരായ വനിതകൾക്കുവേണ്ടി കേരളാടിസ്ഥാനത്തിൽ ഒരു വനിത സംഘടനയുടെ ആവശ്യകത ഊന്നിപ്പറയുന്നതായിരുന്നു കൊച്ചി സമ്മേളനം. തുടർന്ന് കേരള അടിസ്ഥാനത്തിൽ നദ്വത്തുൽ മുജാഹിദീന്റെ നേതൃത്വത്തിൽ ഒരു വനിത സംഘടനക്ക് രൂപം കൊടുക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വനിതകളെ ഉൾക്കൊള്ളിച്ച ഒരു അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു. ഹലീമാ ബീവിയും അതിൽ ഉൾപ്പെട്ടിരുന്നു.
എന്നാൽ, കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ ആരും തന്നെ തയാറാകാതിരുന്നതിനാൽ സംഘടന എന്ന നിലക്ക് മുന്നോട്ടുപോകാൻ സാധിച്ചില്ല. നദ്വത്തിന്റെ കോഴിക്കോട്ടുവെച്ചു നടന്ന സമ്മേളനത്തിൽ ഒരു വനിത സമ്മേളനം വിളിച്ചുചേർത്തുവെന്നതല്ലാതെ മറ്റൊരു ഇടപെടലും അവരിൽനിന്ന് ഉണ്ടായില്ല. മികച്ചനിലയിൽ വളർത്തിക്കൊണ്ടുവരുന്നതിന് ഹലീമാ ബീവിയെപ്പോലെ പ്രാപ്തിയും തന്റേടവുമുള്ള വനിതകൾ അതിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും നേതൃത്വത്തിന്റെ താൽപര്യം ഇല്ലായ്മമൂലം വനിത സംഘത്തിന് നിലനിൽപുണ്ടായില്ല.
എന്നിരുന്നാലും മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും ആത്മീയ ഭൗതിക വളർച്ചക്കും ഇടപെടൽ ആവശ്യപ്പെടുന്ന പുരോഗമനവാദികളോടൊപ്പം നിൽക്കുന്നതിനവർ ആഗ്രഹിച്ചിരുന്നു. 1961 മേയ് 20ന് മലപ്പുറം ജില്ലയിലെ എടവണ്ണയിൽ ‘ഇസ്ലാഹുസ്സിബിയാൻ വിദ്യാർഥി സമാജ’ത്തിന്റെ അഭിമുഖ്യത്തിൽ വിളിച്ചുചേർത്ത വനിത സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് ഹലീമാ ബീവിയായിരുന്നു. മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസ മേഖലയിൽ-ഭൗതിക, ആത്മീയതലങ്ങളിൽ-ക്രിയാത്മകമായ ചർച്ചകൾക്കും കർമപരിപാടികൾക്കും തുടക്കമിടുന്നതിന് വേണ്ടത്ര ഇടപെടൽ നടന്നുവെന്നതാണ് ഈ സമ്മേളനത്തിന്റെ പ്രസക്തി.
പ്രാദേശികമായി സംഘടിപ്പിച്ച എടവണ്ണ സമ്മേളനത്തിന്റെ വിജയം കേരള അടിസ്ഥാനത്തിൽ ഒരു വനിത സമാജം രൂപവത്കരിച്ച് പ്രവർത്തനം നടത്തുന്നതിനുവേണ്ട അഭിപ്രായ രൂപവത്കരണമുണ്ടാക്കി. അതിനായി ഒരു കൺവെൻഷൻ വിളിച്ച് ചേർക്കാൻ തീരുമാനമാവുകയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പ്രഗല്ഭരായ മുസ്ലിംകളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു പ്രാരംഭ ചർച്ച നടത്തുന്നതിലേക്കും കാര്യങ്ങൾ എത്തി. എടവണ്ണയിൽ ചേർന്ന വനിതസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് ‘സ്ത്രീകളെ സമുദ്ധരിക്കാതെ സമുദായം പുരോഗമിക്കുകയില്ല’ എന്ന ചിന്തയിൽ ഊന്നി ഹലീമാ ബീവി നടത്തിയ പ്രസംഗത്തിൽ മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ ശോച്യാവസ്ഥ ഊന്നിപ്പറയുകയുണ്ടായി. പ്രസംഗത്തിൽ അതിനായി ചില സ്ഥിതി വിവരക്കണക്കുകൾ അവർ എടുത്ത് ചേർക്കുന്നുണ്ട്:
“...1960-61 ലെ കണക്ക് പ്രകാരം കേരളത്തിൽ 12 ലക്ഷം പെൺകുട്ടികൾ ഇംഗ്ലീഷ് സ്കൂളുകളിലും കോളജുകളുമായി പഠിക്കുന്നുണ്ട്. അതിൽ വെറും 8000 പേർ മാത്രമാണ് മുസ്ലിം പെൺകുട്ടികൾ ഉള്ളതെന്ന് പറഞ്ഞാൽ മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസനില എത്ര ദയനീയമാണെന്ന് ഹൃദയമുള്ളവർ ചിന്തിക്കട്ടെ... ഇനി സ്ത്രീകൾക്കായുള്ള കോളേജുകൾ, ഹൈസ്കൂളുകൾ, സദനങ്ങൾ, മഹിളാമന്ദിരങ്ങൾ, പ്രൈമറി സ്കൂളുകൾ അങ്ങനെ വനിതകൾക്കായി നിരവധിയായ സ്ഥാപനങ്ങൾ കേരളത്തിൽ നടക്കുമ്പോൾ, മുസ്ലിം സ്ത്രീകൾക്കായി കോഴിക്കോട് അടുത്തകാലത്ത് തുടങ്ങിയ ലോവർ സെക്കൻഡറി സ്കൂൾ മാത്രമാണുള്ളതെന്ന് പറഞ്ഞാൽ അതിന്നാട്ടിലെ പുരുഷന്മാർക്ക് അന്തസ്സാണോ? അതൊന്നും മുസ്ലിം സ്ത്രീകൾക്ക് ആവശ്യമില്ല, അവർ വീട്ടിനകത്ത് അടങ്ങി ഒതുങ്ങി കഴിഞ്ഞാൽ മതിയോ?”92
ഇത്തരത്തിൽ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി കുറിക്കുകൊള്ളുന്ന വാക്കുകളുമായി ജനമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നതിൽ ഹലീമാ ബീവി താൽപര്യം കാണിച്ചു. എടവണ്ണയിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ ബി.എസ് സി പാസായിക്കഴിഞ്ഞ മകൾ അൻസർ ബീഗത്തെയും അവർ ഒപ്പം കൂട്ടുകയുണ്ടായി. അന്ന് അൻസർ ബീഗം നടത്തിയ ‘സമുദായം പുരോഗമിക്കണമെങ്കിൽ സ്ത്രീകൾ സമുദ്ധരിക്കണം’ എന്ന പ്രസംഗം ‘അൻസാരി’ മാസികയിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. മാതാവിനെപ്പോലെ മകളും സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള വിഭവങ്ങളാണ് പ്രസംഗത്തിൽ പങ്കുവെച്ചത്.
വിദ്യാഭ്യാസത്തോടൊപ്പം വനിതകൾ തയ്യൽ, നൂൽനൂൽപ്, കോഴിവളർത്തൽ തുടങ്ങിയ തൊഴിൽ പഠിക്കേണ്ടതിന്റെയും സ്വാശ്രയശീലം വളർത്തിയെടുക്കുന്നതിന്റെയും കാര്യങ്ങൾ അവർ അന്ന് പ്രസംഗത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. അത്തരത്തിൽ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക, സാമ്പത്തികമായി ഉയർന്നുവരികയും കേരളത്തിലെ മുസ്ലിംകളുടെ ജീവൻ സമുദായമായി തീരുമെന്നുള്ള ആശയം അവളിലൂടെ അവർ മുന്നോട്ടുവെക്കുന്നുണ്ട്. ഇവിടെ നടന്ന മികച്ച പ്രഭാഷണങ്ങളിൽ ഒന്ന് മലയാളി മുസ്ലിം വനിതകളിൽനിന്ന് ആദ്യമായി അഫ്ദലുൽ ഉലമ ബിരുദം പാസായ പി. സൈനബയുടേതായിരുന്നു. അവർ അരിക്കോട് സുല്ലമുസ്സലാം അറബിക് കോളജിൽനിന്ന് ബിരുദം നേടിയശേഷം അറബി അധ്യാപികയായി പ്രവർത്തിച്ചുവരുകയായിരുന്നു. മാത്രമല്ല, നദ്വത്തിന്റെ നെടുംതൂണായിരുന്ന കെ.എം. മൗലവിയുടെ മരുമകളുമായിരുന്നു; കെ.പി. മുഹമ്മദ് ഉമരിയുടെ ഭാര്യ.
കേരള നദ്വത്തുൽ മുജാഹിദീന്റെ താൽപര്യപ്രകാരം വനിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന വേളയിൽ ഹലീമാ ബീവി പരമ്പരാഗതവാദികളെ ശക്തമായ രീതിയിൽ എതിർത്തുവന്നിരുന്നു. 1961 ഫെബ്രുവരി 4, 5 തീയതികളിൽ കോഴിക്കോട്ടു നടന്ന വാർഷിക സമ്മേളന ഭാഗമായി നടത്തിയ വനിത സമ്മേളനം ഉദ്ഘാടനം ചെയ്തത് ഹലീമാ ബീവിയായിരുന്നു. ഈ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതോ അന്നത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന നഫീസത്ത് ബീവിയും. സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ചും സ്ത്രീകളുടെ സാമൂഹിക ഇടപെടലുകളെ കുറിച്ചും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഹലീമാ ബീവി സംസാരിക്കുകയുണ്ടായി.
ഒരു സംഘാടക എന്ന നിലയിലുള്ള ഹലീമാ ബീവിയുടെ ഇടപെടലുകളിൽ പലതും രേഖപ്പെടുത്താതെ പോയതും ഇടപെട്ടു പ്രവർത്തിച്ചുവന്ന സംഘടനകളിൽ പലതിനും പ്രവർത്തന തുടർച്ച ഉണ്ടാകാതിരുന്നതും സംഘാടകയെന്ന നിലയിലുള്ള അവരുടെ ജീവിതചരിത്രത്തെ അപൂർണമാക്കി തീർക്കുന്നുണ്ട്.
(തുടരും)
കുറിപ്പ്
89. ‘മുസ്ലിം സ്ത്രീകളുടെ പുരോഗതിക്ക് ആവശ്യമായ ചില പദ്ധതികൾ: ജമാഅത്ത് ഫെഡറേഷൻ പ്ലാനിങ് കമ്മിറ്റിയുടെ ശ്രദ്ധയ്ക്ക്’, അൻസാരി മാസിക, കാണുക, എം. ഹലീമ ബീവിയുടെ ജീവിതം -പത്രാധിപ, പു. 116-117.
90. ‘മുസ്ലിം സ്ത്രീകളുടെ പുരോഗതിക്ക് ആവശ്യമായ ചില പദ്ധതികൾ: ജമാഅത്ത് ഫെഡറേഷൻ പ്ലാനിങ് കമ്മിറ്റിയുടെ ശ്രദ്ധയ്ക്ക്’, കാണുക, എം. ഹലീമ ബീവിയുടെ ജീവിതം -പത്രാധിപ, പു. 118-120.
91. അൽമനാർ മാസിക, 1959 നവംബർ 5, കാണുക, ഹലീമാ ബീവി: തിരഞ്ഞെടുത്ത രചനകൾ, പു. 81- 82
92. അൻസാരി മാസിക, പുസ്തകം: 7 ലക്കം: 10, പെരുമ്പാവൂർ, 1961 ജൂൺ 5, പു. 22.
