‘രാഷ്ട്രീയമില്ലാത്ത മുസ്‌ലിം ലീഗും’ ഹലീമാ ബീവിയുടെ കോൺഗ്രസ് പ്രവേശനവും

അധ്യായം -18രാഷ്ട്രീയമില്ലാത്ത ലീഗിന്റെ ഭാഗമായി നിന്നിരുന്ന ഹലീമാ ബീവി, പിന്നീട് കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് കടന്നുചെല്ലുകയും അതിൽ സജീവ പ്രവർത്തകയാകുകയും ചെയ്തു. സമരപോരാട്ടത്തിന്റെ നാളുകളായിരുന്നു അന്ന് അവർക്കത്. താമസം പെരുമ്പാവൂരിൽ ആയിരുന്നതിനാൽ എറണാകുളം ജില്ല കേന്ദ്രീകരിച്ചാണ് അവർ കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ചത്. ഉത്തരവാദിത്ത ഭരണകാലത്ത് സർ സി.പിക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ സ്വന്തം ഭർത്താവിന്‍റെ ടീച്ചിങ് ലൈസൻസ് റദ്ദാക്കുന്ന നടപടികൾ ഉണ്ടായ കാലത്തുനിന്നും രാഷ്ട്രീയ പ്രവർത്തനം ഒരുപാട് മുന്നേറിയിട്ടുെണ്ടന്നവർ മനസ്സിലാക്കി.1953ൽ ചങ്ങനാശ്ശേരിയിൽ ചേർന്ന തിരുവിതാംകൂർ സ്റ്റേറ്റ്...
Your Subscription Supports Independent Journalism
View Plansഅധ്യായം -18
രാഷ്ട്രീയമില്ലാത്ത ലീഗിന്റെ ഭാഗമായി നിന്നിരുന്ന ഹലീമാ ബീവി, പിന്നീട് കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് കടന്നുചെല്ലുകയും അതിൽ സജീവ പ്രവർത്തകയാകുകയും ചെയ്തു. സമരപോരാട്ടത്തിന്റെ നാളുകളായിരുന്നു അന്ന് അവർക്കത്. താമസം പെരുമ്പാവൂരിൽ ആയിരുന്നതിനാൽ എറണാകുളം ജില്ല കേന്ദ്രീകരിച്ചാണ് അവർ കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ചത്. ഉത്തരവാദിത്ത ഭരണകാലത്ത് സർ സി.പിക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ സ്വന്തം ഭർത്താവിന്‍റെ ടീച്ചിങ് ലൈസൻസ് റദ്ദാക്കുന്ന നടപടികൾ ഉണ്ടായ കാലത്തുനിന്നും രാഷ്ട്രീയ പ്രവർത്തനം ഒരുപാട് മുന്നേറിയിട്ടുെണ്ടന്നവർ മനസ്സിലാക്കി.
1953ൽ ചങ്ങനാശ്ശേരിയിൽ ചേർന്ന തിരുവിതാംകൂർ സ്റ്റേറ്റ് മുസ്‌ലിം ലീഗിന്‍റെ കൺവെൻഷനിൽ വെച്ച് അവർ തങ്ങളുടെ രാഷ്ട്രീയ പരിപാടി ഉപേക്ഷിച്ചുകൊണ്ട് മുസ്‌ലിം സമുദായങ്ങൾക്ക് ഒരുമിച്ച് ചേരാനുള്ള ഒരു പൊതുവേദിയായി പ്രവർത്തിക്കാൻ ലീഗ് തീരുമാനമെടുത്തു. അതിനായി ഒരു അഡ്ഹോക്ക് കമ്മിറ്റി രൂപംകൊണ്ടു. തുടർന്ന്, രണ്ടുവർഷക്കാലം അത്തരത്തിൽതന്നെ പ്രവർത്തനം നടന്നു.
1955ൽ പി.കെ. കുഞ്ഞിന്‍റെ അധ്യക്ഷതയിൽ വർക്കലയിൽ കൂടിയ വാർഷിക സമ്മേളനത്തിൽവെച്ച് തിരു-കൊച്ചി സ്റ്റേറ്റ് മുസ്‌ലിം ലീഗ് രാഷ്ട്രീയ പരിപാടി ഇല്ലാത്ത ഒരു സമുദായ സംഘടനയായി മാറുകയാണെന്ന തീരുമാനമുണ്ടായി. തിരുവിതാംകൂർ, കൊച്ചി ചേർന്ന് തിരു-കൊച്ചി സംസ്ഥാനം രൂപവത്കൃതമായപ്പോൾ രാഷ്ട്രീയമില്ലാത്ത മുസ്‌ലിം ലീഗിന് പകരം മലബാർ ജില്ല മുസ്‌ലിം ലീഗ് പ്രദേശത്തെ മുസ്‌ലിംകളുടെ ഇടയിലേക്ക് കടന്നുവരാൻ തുടങ്ങി. ഇത് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കി, പ്രത്യേകിച്ചും രാഷ്ട്രീയമായി സംഘടിച്ച് മുന്നേറാൻ ആഗ്രഹിച്ചിരുന്ന മുസ്‌ലിംകൾ മലബാർ ജില്ല മുസ്‌ലിം ലീഗുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചപ്പോൾ. അത് തിരു-കൊച്ചി മുസ്‌ലിം ലീഗിന് പിന്നോട്ടടിയുണ്ടാക്കി. രാഷ്ട്രീയമായി പ്രവർത്തിക്കാൻ താൽപര്യം കാണിച്ചിരുന്ന നേതാക്കന്മാരും അണികളും മലബാർ ജില്ല മുസ്‌ലിം ലീഗിലേക്ക് ചേക്കേറി.
1957ൽ മജീദ് മരയ്ക്കാരുടെ അധ്യക്ഷതയിൽ പെരുമ്പാവൂരിൽ വെച്ച് നടന്ന അഖില കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗിന്‍റെ വാർഷിക സമ്മേളനത്തിൽ വെച്ച് രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കാനും സാമൂഹിക പ്രവർത്തനത്തിൽ ഇടപെടൽ നടത്താനും അന്തിമമായി തീരുമാനിക്കുകയും സമ്മേളനം പുതിയ ചട്ടക്കൂട് അംഗീകരിച്ചുകൊണ്ട് സംഘടന ‘കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ’ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. (കേരള സംസ്ഥാനം രൂപംകൊണ്ടതോടുകൂടി തിരു-കൊച്ചി സ്റ്റേറ്റ് മുസ്‌ലിം ലീഗ് അതിന്‍റെ പേര് കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗ് എന്ന് മാറ്റിയിരുന്നു.) പുതിയ കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്‍റായി അബ്ദുൽ മജീദ് മരയ്ക്കാരും സെക്രട്ടറിയായി പി.ഇ. മുഹമ്മദ് മുസ്തഫ, ട്രഷററായി എ.ബി. കൊച്ചുണ്ണിയും വൈസ് പ്രസിഡന്റായി എം. ബാവ (പത്തനാപുരം)യും തെരഞ്ഞെടുക്കപ്പെട്ടു.66
കേരള മുസ്‌ലിംകളിലെ അതിസമ്പന്നരും ജന്മിമാരുമായിരുന്നു പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിച്ചിരുന്നത്. ആ സംഘടന ഓരോ പ്രദേശത്തെയും മഹല്ല് അടിസ്ഥാനത്തിൽ കെട്ടിപ്പടുക്കുകയും സമുദായത്തിന്റെ ഇടയിൽ സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അവരെ ‘രാഷ്ട്രീയമില്ലാത്ത മുസ്‌ലിം ലീഗ്’ എന്നാണ് പൊതുവേ വിശേഷിപ്പിച്ചുവന്നത്. രാഷ്ട്രീയമില്ലാതിരുന്നതിനാൽ തിരു-കൊച്ചിയിൽ എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും അവർക്ക് നല്ല പ്രാധാന്യം ലഭിച്ചു.
മലബാർ ജില്ല ലീഗിന് പ്രദേശത്ത് ഇടപെടൽ വ്യാപിപ്പിക്കുന്നതിന് ഇത് അവസരം നൽകുകയുണ്ടായി. അതിനുള്ള ശ്രമങ്ങൾ ചില ഭാഗങ്ങളിൽ സജീവമാവുകയും മലബാറിൽമാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല മുസ്‌ലിം ലീഗിന്‍റെ പ്രവർത്തനങ്ങളെന്ന് കാണിച്ചുകൊണ്ട് നിരന്തരം ഇത്തരക്കാർ ഇടപെടുകയും ഉണ്ടായി. എറണാകുളത്ത് വക്കീലായി പ്രാക്ടിസ് ചെയ്തുവന്നിരുന്ന അഡ്വ. മുഹമ്മദ് ഇസ്മായിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ‘ചന്ദ്രിക’യിൽ ലേഖനങ്ങൾ എഴുതി വന്നയാളായിരുന്നു. അദ്ദേഹത്തിന്റെയും സ്നേഹിതനായ അഡ്വ. കെ.എ. മുഹമ്മദിന്‍റെയും ശ്രമഫലമായി സ്വത്വ രാഷ്ട്രീയ ഇടപെടൽ നടത്തിവന്ന മലബാർ ജില്ല ലീഗിന്റെ തിരു-കൊച്ചി കമ്മിറ്റി എറണാകുളത്ത് (1956) രൂപവത്കരിച്ചു. അവർതന്നെയായിരുന്നു യഥാക്രമം പ്രസിഡന്‍റും സെക്രട്ടറിയും.
1956ൽ കേരള സംസ്ഥാനം രൂപംകൊണ്ടതോടുകൂടി മലബാർ ജില്ല മുസ്‌ലിം ലീഗ് ‘കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗ്’ എന്നു പേരു മാറ്റുകയും അതിന്‍റെ ഉദ്ഘാടനം എറണാകുളത്ത് വെച്ച് നടക്കുകയും ചെയ്തു.
തിരു-കൊച്ചിയിൽ പ്രവർത്തിച്ചുവന്നിരുന്ന ‘രാഷ്ട്രീയമില്ലാത്ത മുസ്‌ലിം ലീഗി’ൽ പ്രവർത്തിച്ചിരുന്ന പലരും ഇന്ത്യൻ നാഷനൽ കോൺഗ്രസ്, ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ്, സോഷ്യലിസ്റ്റ് പാർട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറി. അക്കാലത്താണ് ഹലീമാ ബീവി സ്വത്വരാഷ്ട്രീയം ഉപേക്ഷിച്ച് കോൺഗ്രസിനോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയത്.

വിമോചന സമര കാലത്ത് കാഞ്ഞിരപ്പള്ളിയിൽ വനിതകൾ നടത്തിയ പ്രകടനം
ഐക്യകേരളത്തിലെ പൊതുപ്രവർത്തനങ്ങൾ
പെരുമ്പാവൂരിൽ താമസം തുടങ്ങിയതിനാൽ എറണാകുളം ജില്ല കേന്ദ്രീകരിച്ചാണ് അവർ കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ചത്. ഉത്തരവാദിത്ത ഭരണകാലത്ത് സർ സി.പിക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ സ്വന്തം ഭർത്താവിന്‍റെ ടീച്ചിങ് ലൈസൻസ് റദ്ദാക്കുന്ന നടപടികൾപോലും ഉണ്ടായിട്ടുള്ള കാലഘട്ടത്തിൽനിന്നും രാഷ്ട്രീയ പ്രവർത്തനം ഒരുപാട് മുന്നേറിയിട്ടുെണ്ടന്നവർ മനസ്സിലാക്കി. രാഷ്ട്രീയമില്ലാത്ത ലീഗിന്റെ ഭാഗമായി നിന്നിരുന്ന ഹലീമാ ബീവി, തുടർന്ന് കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് കടന്നുവന്നപ്പോൾ കാത്തിരുന്നത് സമര പോരാട്ടത്തിന്‍റെ നാളുകളായിരുന്നു. ഒന്നാം കമ്യൂണിസ്റ്റ് സർക്കാറിനെതിരെ നടന്ന വിമോചന സമരകാലത്ത് കോൺഗ്രസിന്റെ വിവിധ സമരപരിപാടികൾ അവർ പങ്കാളിയായി.
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാറിന്റെ വിദ്യാഭ്യാസ-കാർഷിക ബില്ലുകൾക്കും മറ്റ് നയങ്ങൾക്കുമെതിരെ വിവിധ രാഷ്ട്രീയ, മത, സാമുദായിക സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭമായിരുന്നല്ലോ ‘വിമോചന സമരം’. അക്കാലത്ത്, 1959 ജൂൺ 13ന് അങ്കമാലിയിൽ സമരക്കാർ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് അക്രമാസക്തമായപ്പോൾ പൊലീസ് സമരക്കാർക്കുനേരെ വെടിയുതിർത്തു. ഇതിൽ ഒരു കുട്ടിയുൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്കേറ്റു. കേരളത്തെ പിടിച്ചുലച്ച ഈ സംഭവത്തെ തുടർന്ന് സർക്കാറിനെതിരെ ശക്തമായ സമരമുണ്ടായി.
അങ്കമാലിയിൽ നടന്ന വെടിവെപ്പിൽ പ്രതിഷേധിക്കാൻ വിമോചന സമരക്കാർ തീരുമാനിക്കുകയും താലൂക്ക് അടിസ്ഥാനത്തിൽ സമരപരിപാടികൾ ആസൂത്രണം ചെയ്യുകയും ഉണ്ടായി. പെരുമ്പാവൂരിൽ നടന്ന പൊലീസ് സ്റ്റേഷൻ പിക്കറ്റിങ്ങിന് നേതൃത്വം നൽകി ഹലീമാ ബീവി നിലകൊണ്ടു. തുടർന്ന് അറസ്റ്റിലായ സമരക്കാരെയെല്ലാം കോടതിയിൽ ഹാജരാക്കുകയുണ്ടായി. അങ്കമാലി വെടിവെപ്പിനെ ശക്തമായരീതിയിൽ അപലപിച്ചുകൊണ്ട് സമരത്തിനിറങ്ങിയതാണവരെന്ന് മനസ്സിലാക്കിയ കോടതി അവരെല്ലാവരെയും വെറുതെവിട്ടു. അന്ന് തങ്ങളോട് സ്നേഹപൂർവം ഇടപ്പെട്ട്, ചായ വാങ്ങിത്തരികയും ചെയ്തത് പൊലീസുകാർ തന്നെയായിരുന്നുവെന്നും ഹലീമാ ബീവി ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.

ഒരു സ്വീകരണത്തിനിടെ ഇന്ദിര ഗാന്ധി
െറസ്ക്യൂ ഹോം ഭരണനിർവഹണ സമിതി അംഗം
എറണാകുളം ജില്ലയിൽ പ്രവർത്തിച്ചിരുന്ന അഗതി മന്ദിരത്തിന്റെ (റെസ്ക്യൂ ഹോം) ഭരണനിർവഹണ സമിതി അംഗമായി കുറച്ചുനാൾ പ്രവർത്തിക്കാൻ ഹലീമാ ബീവിക്ക് സാധിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തക എന്നനിലയിൽ തനിക്ക് ലഭിച്ച ഒരു അംഗീകാരമായി അവർ അതിനെ കണ്ടു. സാമൂഹിക സുരക്ഷിതത്വം ആഗ്രഹിക്കുന്ന സ്ത്രീകളെ ചേർത്തുനിർത്താനും കുറ്റകൃത്യങ്ങളിൽപെട്ട് ശിക്ഷാ കാലാവധി കഴിഞ്ഞ സ്ത്രീകൾക്ക് അഭയം നൽകാനും അസാന്മാർഗിക പ്രവർത്തനങ്ങളിൽനിന്ന് പിന്തിരിപ്പിക്കാനും ഇത്തരം റെസ്ക്യൂ ഹോമുകൾ ഉപകരിച്ചിരുന്നു. തന്റെ സേവനകാലയളവിൽ നിരവധി തവണ ഹലീമാബീവി അഗതിമന്ദിരം സന്ദർശിക്കുകയും അവിടെയുള്ള സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുകയും അവർക്ക് ആവശ്യമായ കൗൺസലിങ് നൽകിവരുകയും ചെയ്തു.
അക്കാലത്ത് അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കുറെയേറെ മുസ്‌ലിം സ്ത്രീകളും അതിൽ ഉൾപ്പെട്ടിരുന്നതായി അവർ സാക്ഷ്യപ്പെടുത്തുന്നു. അവരിൽ പലരെയും ഹലീമാ ബീവി തന്റെ മുറിയിൽ വിളിച്ച് അവരുടെ സാഹചര്യങ്ങളും വിഷമതകളും ചോദിച്ചറിയുമായിരുന്നു. പലപ്പോഴും സമുദായത്തിലെ പുരുഷപ്രജകളുടെ നേർക്ക് പരമ പുച്ഛം തോന്നാൻ ഇടയാക്കിയ അനുഭവമായി അത് മാറിയെന്ന് അവർ രേഖപ്പെടുത്തുന്നു. അവരെ ആത്മീയമായും മാനസികമായും മാറ്റിയെടുക്കാൻ തന്നാൽ കഴിയുന്ന ഉപദേശ നിർദേശം നൽകാനും അവർ താൽപര്യം കാണിച്ചു. ഓരോ വിശ്വാസധാരകളിൽ ഉൾപ്പെട്ട് വരുന്ന സ്ത്രീകൾക്ക് അവരുടെ മത വിശ്വാസത്തിൽപെട്ട പ്രഗല്ഭവ്യക്തികളെ കൊണ്ടുവന്ന് ക്ലാസുകൾ നടത്തുന്നതിന് റെസ്ക്യൂഹോം സൂപ്രണ്ടുമായി ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തതും ശ്രദ്ധേയമായിരുന്നു. കോൺഗ്രസ് സേവാദൾ പ്രവർത്തകയായും അവർ പൊതുരംഗത്ത് പ്രവർത്തിച്ചുവന്നു. ഒരു സ്ത്രീ എന്നനിലയിൽ, കോൺഗ്രസിനുള്ളിൽ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തെ ഹലീമാ ബീവി താൽപര്യപൂർവം കണ്ടു.
1966ൽ എറണാകുളത്ത് ഇന്ദിര ഗാന്ധി പങ്കെടുത്ത പരിപാടിയിൽ സംബന്ധിക്കാൻ സാധിച്ചത് ഒരു നിമിത്തമായി അവർ കരുതിയിരുന്നു. ഭർത്താവിന്റെയും കുടുംബത്തിന്റെയും പൂർണമായ പിന്തുണ പൊതുപ്രവർത്തനങ്ങളിൽ ഹലീമാ ബീവിക്ക് ലഭിച്ചിരുന്നു. കോളജ് വിദ്യാർഥിയായിരുന്ന മൂത്തമകൾ അൻസർ ബീഗം ഉമ്മയുടെ പ്രവർത്തനങ്ങളെയും പൂർണമായും പിന്തുണച്ചിരുന്നുവെങ്കിലും പലപ്പോഴും ഉമ്മയെ വീട്ടിൽ കിട്ടാതെ വരുമ്പോൾ നീരസം പ്രകടിപ്പിച്ചിരുന്നു. പൊതുആവശ്യങ്ങൾ തന്‍റെകൂടി ആവശ്യമായി മാറുന്നുവെന്ന ചിന്തയിൽനിന്നുകൊണ്ട് ആ മഹതി പ്രവർത്തിച്ചു. പ്രദേശികമായി നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് ആശയും ആവേശവുമായി അവർ മാറിയിരുന്നു. “അനിഷേധ്യമായ നേതൃപാടവവും വാഗ്ചാതുര്യവും വ്യക്തിത്വവുംകൊണ്ട് അത്ഭുതകരമായ ഊർജം പ്രസരിപ്പിക്കുന്ന സ്ത്രീയായിരുന്നു” ഹലീമാ ബീവിയെന്ന് അന്ന് പെരുമ്പാവൂരിൽ ഒപ്പം പ്രവർത്തിച്ചവരിൽ അവസാന കണ്ണികളിലൊരാളായ നളിനി രേഖപ്പെടുത്തുന്നുണ്ട്.67
എന്നാൽ, കുടുംബത്തിന്‍റെ മുന്നോട്ടുള്ള പോക്കിന് പൊതുപ്രവർത്തനം തടസ്സമായി മാറുന്നുവെന്ന ഘട്ടത്തിൽ അതവസാനിപ്പിക്കുന്നതിനുള്ള താൽപര്യം അവർ കൈക്കൊണ്ടു. തന്റെ മകൻ ഉദ്യോഗസ്ഥനായി തിരുവനന്തപുരത്തേക്ക് താമസം മാറ്റിയപ്പോൾ ഹലീമാ ബീവി അവിടേക്കു പറിച്ച് നടപ്പെട്ടു. തിരുവനന്തപുരത്ത് എത്തിയ അവർ മറ്റ് തിരക്കുകളിൽനിന്നൊഴിഞ്ഞ്, പേരക്കുട്ടികളുടെ പഠനവും പരിപാലനവുമായി കഴിഞ്ഞുകൂടി. എറണാകുളം ഡി.സി.സിയിൽ പ്രവർത്തിച്ചിരുന്ന സി.എച്ച്. മുസ്തഫയെപോലുള്ള യുവ കോൺഗ്രസ് പ്രവർത്തകർ അവരെ തിരുവനന്തപുരം ഡി.സി.സിയുടെ ഭാഗമാക്കി മാറ്റാനുള്ള പരിശ്രമങ്ങൾ നടത്തിയെങ്കിലും അനാരോഗ്യവും പ്രായത്തിന്‍റേതായ അവശതയും കാരണം കഴിഞ്ഞതെല്ലാം നല്ല ഓർമകളാക്കി നിലനിർത്തി പൊതുപ്രവർത്തനത്തിൽനിന്നും ഹലീമാ ബീവി മാറിനിന്നു. വർഷങ്ങൾക്കുശേഷം പെരുമ്പാവൂരിൽ തിരികെയെത്തിയെങ്കിലും മരണംവരെ അവർ കോൺഗ്രസുകാരിയായി ജീവിച്ചു.
(തുടരും)
കുറിപ്പ്
66. മറ്റു ഭാരവാഹികൾ: മലബാർ ജില്ല റിട്ട. വിദ്യാഭ്യാസ ഓഫിസർ കെ. മുഹമ്മദ്, പി.എം. മായിൻകുട്ടി (കൊച്ചി), എം. മുഹമ്മദ് കുഞ്ഞ് (നെടുമങ്ങാട്), ടി.എം. ഹസ്സൻ റാവുത്തർ (അതിരമ്പുഴ), കെ.എച്ച്. സുലൈമാൻ (കൊച്ചി), പി.എം. മുഹമ്മദ് മീരാൻഖാൻ (കൂട്ടിക്കൽ, കോട്ടയം), ഹസ്സൻ മരക്കാർ (തിരുവനന്തപുരം), വി.കെ. കുട്ടി (എറണാകുളം), പി.എം. അബ്ദുള്ള (ആലപ്പുഴ), സയ്യിദ് അലവി ജിഫ്‍രി തങ്ങൾ (കോഴിക്കോട്), എ.എം. അബ്ദുൽ ഹമീദ് (ആലുവ), എ. അബ്ദുൽ ഖാദർ (ചാവക്കാട്), മുഹമ്മദ് അബ്ദുൽ സത്താർ സേട്ട് (എറണാകുളം), കെ.പി. മൊയ്തീൻകുട്ടി (മണ്ണാർക്കാട്), കെ.കെ. അബ്ദുൽ റഹ്മാൻ (എറണാകുളം), എം.പി. ആസാദ് (തിരുവനന്തപുരം), വാലേൽ കെ. അബ്ദുറഹിമാൻ കുഞ്ഞ് (ഓച്ചിറ), ചരിത്രകാരൻ പി.എസ്. സെയ്ത് മുഹമ്മദ് (എറണാകുളം). കേരള മുസ്‌ലിം ജമാഅത്ത് സ്ഥിതിവിവരണം, 1962.
67. നൂറ ആൻഡ് നൂർജഹാൻ, എം. ഹലീമാ ബീവിയുടെ ജീവിതം - പത്രാധിപ, പു. 58
