Begin typing your search above and press return to search.
proflie-avatar
Login

ന്യൂ ​പ്രി​ന്റിങ് ഹൗ​സ്: ‘ഭാ​ര​ത​ച​ന്ദ്രി​ക’​ക്ക് സ്വ​ന്ത​മാ​യൊ​രു പ്ര​സ്

ന്യൂ ​പ്രി​ന്റിങ് ഹൗ​സ്:   ‘ഭാ​ര​ത​ച​ന്ദ്രി​ക’​ക്ക്   സ്വ​ന്ത​മാ​യൊ​രു പ്ര​സ്
cancel

അ​ധ്യാ​യം -8 ഹ​ലീ​മാ ബീ​വി​യു​ടെ ചി​ല​കാ​ല സ്വ​പ്ന​മാ​യി​രു​ന്നു ‘ഭാ​ര​ത​ച​ന്ദ്രി​ക’ക്ക് സ്വ​ന്തമാ​യൊ​രു പ്ര​സ് വേ​ണ​മെ​ന്ന​ത്. വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു അ​തി​നു​വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ളൊ​ക്കെ​യും. സാ​മ്പത്തി​ക സ​ഹാ​യ​ത്തി​നു വേ​ണ്ടി പ​ല​യാ​ളു​ക​ളോ​ട് അ​പേ​ക്ഷി​ച്ചു. ഒടുവിൽ ദീ​ർ​ഘ​നാ​ള​ത്തെ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ ആ ​സ്വ​പ്നം പൂ​വ​ണി​യി​ക്കാ​ൻ ഹ​ലീ​മാ ബീ​വി​ക്ക് സാ​ധി​ച്ചു. അ​ടൂ​ർ കേ​ന്ദ്ര​മാ​ക്കി​ക്കൊ​ണ്ട് ‘മു​സ്​​ലിം വ​നി​താ പ്ര​സ്’ ആ​രം​ഭി​ച്ചു​വെ​ങ്കി​ലും അ​ധി​ക​കാ​ലം ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ച്ചി​ല്ല....

Your Subscription Supports Independent Journalism

View Plans

അ​ധ്യാ​യം -8

ഹ​ലീ​മാ ബീ​വി​യു​ടെ ചി​ല​കാ​ല സ്വ​പ്ന​മാ​യി​രു​ന്നു ‘ഭാ​ര​ത​ച​ന്ദ്രി​ക’ക്ക് സ്വ​ന്തമാ​യൊ​രു പ്ര​സ് വേ​ണ​മെ​ന്ന​ത്. വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു അ​തി​നു​വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ളൊ​ക്കെ​യും. സാ​മ്പത്തി​ക സ​ഹാ​യ​ത്തി​നു വേ​ണ്ടി പ​ല​യാ​ളു​ക​ളോ​ട് അ​പേ​ക്ഷി​ച്ചു. ഒടുവിൽ ദീ​ർ​ഘ​നാ​ള​ത്തെ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ ആ ​സ്വ​പ്നം പൂ​വ​ണി​യി​ക്കാ​ൻ ഹ​ലീ​മാ ബീ​വി​ക്ക് സാ​ധി​ച്ചു.

അ​ടൂ​ർ കേ​ന്ദ്ര​മാ​ക്കി​ക്കൊ​ണ്ട് ‘മു​സ്​​ലിം വ​നി​താ പ്ര​സ്’ ആ​രം​ഭി​ച്ചു​വെ​ങ്കി​ലും അ​ധി​ക​കാ​ലം ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ച്ചി​ല്ല. ഭ​ർ​ത്താ​വി​ന് ജോ​ലി​സം​ബ​ന്ധ​മാ​യി തി​രു​വ​ല്ല​യി​ൽ താ​മ​സി​ക്കേ​ണ്ടി​വ​ന്ന​തി​നാ​ൽ അ​ടൂ​രി​ലെ പ്ര​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യും താ​മ​സം തി​രു​വ​ല്ല​യി​ൽ സ്ഥി​ര​മാ​ക്കു​ക​യും ചെ​യ്ത​കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്നു​വ​ല്ലോ? ‘ഭാ​ര​ത​ച​ന്ദ്രി​ക’ ആ​രം​ഭി​ച്ച വേ​ള​യി​ൽ അ​ച്ച​ടി​യും മ​റ്റു​കാ​ര്യ​ങ്ങ​ളും പു​റ​ത്താ​ണ് ചെ​യ്തി​രു​ന്ന​തെ​ങ്കി​ലും സ്വ​ന്ത​മാ​യൊ​രു അ​ച്ചു​കൂ​ട​മെ​ന്ന ആ​ഗ്ര​ഹം അ​വ​ർ വെ​ച്ചു​പു​ല​ർ​ത്തി​യി​രു​ന്നു.

അ​തി​ലേ​ക്കാ​യി സ​മു​ദാ​യ​സ്നേ​ഹി​ക​ളു​ടെ​യും പ​ത്ര​ബ​ന്ധു​ക്ക​ളു​ടെ​യും സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടു​ള്ള കു​റി​പ്പു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ‘ഭാ​ര​ത​ച​ന്ദ്രി​ക’ ര​ണ്ടാം വാ​ല്യ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന വേ​ള​യി​ൽ (1944 ഡി​സം​ബ​ർ 25) സ്വ​ന്ത​മാ​യൊ​രു പ്ര​സ് എ​ന്ന ആ​ഗ്ര​ഹം ഹ​ലീ​മാ ബീ​വി പ​ങ്കു​വെ​ക്കു​ന്നു​ണ്ട്: “ര​ണ്ടാം വാ​ല്യം ആ​രം​ഭി​ക്കു​മ്പോ​ൾ ‘ഭാ​ര​ത​ച​ന്ദ്രി​ക’ ഒ​രു ദി​ന​പ​ത്ര​മാ​ക്ക​ണ​മെ​ന്നു​ള്ള ഞ​ങ്ങ​ളു​ടെ ആ​ഗ്ര​ഹം സ്വ​ന്തം പ്ര​സി​ന്‍റെ അ​ഭാ​വ​ത്താ​ൽ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും ര​ണ്ടാം വ​യ​സ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​മു​മ്പ് സ്വ​ന്തം പ്ര​സി​ൽ​നി​ന്നും മു​ദ്ര​ണം സാ​ധി​ക്കു​ന്ന​തി​നും ദി​ന​പ​ത്ര​മാ​ക്കു​ന്ന​തി​നും ക​ഴി​യു​മെ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ വി​ശ്വാ​സം.”

സാ​മ്പ​ത്തി​ക പ്ര​യാ​സ​ത്താ​ൽ ത​ട്ടി​ത്ത​ട​ഞ്ഞു​നീ​ങ്ങു​മ്പോ​ഴും ത​ന്റെ പ​ത്രി​ക അ​ച്ച​ടി​ക്കാ​നാ​യി അ​പ്പോ​ഴും അ​വ​ർ സ്വ​ന്തം പ്ര​സു​ണ്ടാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം നി​ല​നി​ർ​ത്തി. ഇ​ക്കാ​ല​ത്ത് ആ​ല​പ്പു​ഴ​യി​ൽ​നി​ന്നും എ. ​അ​ലി ബാ​വ എ​ന്ന വ്യ​ക്തി ‘ഭാ​ര​ത​ച​ന്ദ്രി​ക​യു​ടെ അ​ഭ്യ​ർ​ഥ​ന മു​സ്​​ലിം സ​മു​ദാ​യം ശ്ര​മി​ക്ക​ട്ടെ’ എ​ന്ന ത​ല​ക്കെ​ട്ടോ​ടു കൂ​ടി​യ ഒ​രു കു​റി​പ്പ് പ​ത്രാ​ധി​പ​ർ​ക്ക് അ​യ​ച്ചു. ആ ​കു​റി​പ്പ് ‘ഭാ​ര​ത​ച​ന്ദ്രി​ക’​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു വ​ന്നു: ‘‘പ​റ​യ​ത്ത​ക്ക യാ​തൊ​രു മൂ​ല​ധ​ന​വും കൂ​ടാ​തെ ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ക്കാ​ല​മാ​യി സു​തു​ത്യ​ർ​ഹ​മാ​യും നി​സ്വാ​ർ​ഥ​മാ​യും പ​ത്ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി പ്ര​ശം​സാ​ർ​ഹ​മാ​യ ഒ​രു സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന പ​ത്രാ​ധി​പ​യെ കു​റി​ച്ചും അ​വ​രു​ടെ സ്ഥൈ​ര്യ​ചി​ത്ത​ത്തെ പ​റ്റി​യും തോ​ന്നി​യു​ള്ള ഉ​ത്ത​മ​വി​ശ്വാ​സ​ത്തെ സ​മാ​ദ​രി​ച്ചാ​ണ് ഈ​യൊ​ര​ഭ്യ​ർ​ഥ​ന പു​റ​പ്പെ​ടു​വി​ക്കാ​ൻ സ്വ​യം നി​ർ​ബ​ന്ധി​ത​നാ​യ​ത്.

ആ​ദ​ർ​ശ​പ​ര​മാ​യും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​ത്തോ​ടു​കൂ​ടി​യും രാ​ജ്യ​ത്തെ​യും സ​മു​ദാ​യ​ത്തെ​യും ഒ​ന്നു​പോ​ലെ സേ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ‘ഭാ​ര​ത​ച​ന്ദ്രി​ക’​യും ‘മി​ത്ര’​വും ന​മ്മു​ടെ സ​മു​ദാ​യ മ​ധ്യ​ത്തി​ൽ വ​ലി​ഞ്ഞി​ഴ​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന് സ​ല​ജ്ജം തു​റ​ന്നു​പ​റ​ഞ്ഞു​കൊ​ള്ളു​ന്നു. ‘ഭാ​ര​ത​ച​ന്ദ്രി​ക’ ഇ​പ്പോ​ൾ 12 മാ​സ​ക്കാ​ല​മാ​യി​ട്ട് ഒ​രു ല​ക്കം​പോ​ലും മു​ട​ങ്ങാ​തെ കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ പു​റ​പ്പെ​ടു​വി​ക്കാ​നി​ട​യാ​ക്കി​യ​ത് അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ക​രു​ടെ സാ​മ​ർ​ഥ്യം ഒ​ന്നു​മാ​ത്ര​മാ​ണെ​ന്നും, ശ​രി​യാ​യ ഒ​രു സാ​മ്പ​ത്തി​ക സ്ഥി​തി​യ​ല്ലെ​ന്നും ഏ​വ​ർ​ക്കും അ​റി​യാ​വു​ന്ന പ​ര​മ​ർ​ഥ​മാ​ണ്. ഒ​രു പ്ര​സി​ന്‍റെ അ​ഭാ​വം​മൂ​ലം അ​തി​ലു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വൈ​ഷ​മ്യ​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ണി​ച്ചും ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടും എ​ട്ടാം ല​ക്കം പ​ത്ര​ത്തി​ൽ ചെ​യ്തി​രു​ന്ന അ​ഭ്യ​ർ​ഥ​ന​യെ ദ​യാ​നി​ധി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ പ്ര​ത്യേ​ക ശ്ര​ദ്ധ​ക്ക് ഞാ​ൻ ഒ​ന്നു​കൂ​ടി വി​ഷ​യീ​ഭ​വി​ച്ചു​കൊ​ള്ളു​ന്നു... സ​മു​ദാ​യ​ത്തി​ന്റെ ഉ​ൽ​ക്ക​ർ​ഷ​ത്തി​നു വേ​ണ്ടി ശ്ര​മി​ക്കു​വാ​ൻ അ​തി​നെ ആ​ത്മാ​ർ​ഥ​മാ​യി സ​ഹാ​യി​ച്ച് സ്വ​ന്ത​മാ​യി ഒ​രു പ്ര​സും ഉ​പ​ക​ര​ണ​ങ്ങ​ളു​മു​ണ്ടാ​ക്കി അ​തി​വി​ദൂ​ര​ഭാ​വി​യി​ൽ ഭാ​ര​ത​ച​ന്ദ്രി​ക​യെ ഒ​രു ദി​ന​പ​ത്ര​മാ​യി പ്ര​തീ​ക്ഷി​ക്കാം.” 27

ര​ണ്ടാം ലോ​ക​യു​ദ്ധ​വും തു​ട​ർ​ന്നു​ണ്ടാ​യ സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും തീ​ർ​ത്ത ആ ​കെ​ട്ട​കാ​ല​ത്ത് പി​ന്നെ​യും നീ​ണ്ട​നാ​ൾ കാ​ത്തി​രു​ന്നു സ്വ​ന്തം പ്ര​സി​നാ​യി. 1945 ഏ​പ്രി​ൽ 30ന് ​പു​റ​ത്തു​വ​ന്ന ആ​ഴ്ച​പ്പ​തി​പ്പി​ൽ ‘ഭാ​ര​ത​ച​ന്ദ്രി​ക’​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഹ​ലീ​മാ ബീ​വി എ​ഴു​തി: “മ​ല​യാ​ള​ക്ക​ര​യി​ലെ മു​സ്​​ലിം​ക​ൾ​ക്ക് മു​സ്​​ലിം ലോ​ക​വു​മാ​യി ബ​ന്ധം പു​ല​ർ​ത്തു​ന്ന​തി​ന് ക​ഴി​വ​ത് പ്ര​യ​ത്നി​ക്ക​ണ​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്. പ​ക്ഷേ ‘ഭാ​ര​ത​ച​ന്ദ്രി​ക’ പ​രി​മി​ത​മാ​യ പ​ത്ര​സ്ഥ​ല​ത്തോ​ടു കൂ​ടി​യ ഒ​രു ആ​ഴ്ച​പ്പ​തി​പ്പാ​ണെ​ന്നും ഇ​ന്നും മ​റ്റു പ്ര​സി​ലെ സൗ​ക​ര്യം കാ​ത്തു പ്ര​സി​ദ്ധ​പ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്നു​ള്ള ന​ഗ്ന​മാ​യ പ​ര​മാ​ർ​ഥം ഞ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും പ്ര​തീ​ക്ഷ​ക​ളെ​യും ദു​ർ​ഘ​ട​പൂ​ർ​ണ​മാ​ക്കു​ന്നു. ഇ​വി​ടെ​യ്ക്കും മു​സ്​​ലിം ലോ​ക​ത്തെ സം​ബ​ന്ധി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​വ​യു​ടെ ത​നി​രൂ​പ​ത്തി​ൽ ല​ഭി​ക്കു​ന്ന​തി​നും പ്ര​യാ​സ​മാ​ണ്. അ​നു​മോ​ദ​ന​ങ്ങ​ൾ ഞ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​നു​മോ​ദ​ന​മ​ല്ല -മാ​ധു​ര്യ​മേ​റി​യ പ​ദ​ങ്ങ​ള​ല്ല ഒ​രു പ​ത്ര​ത്തി​ന്റെ പു​രോ​ഗ​തി​ക്ക് ആ​വ​ശ്യം.’’ 28

 

1945 മേ​യ് 22ന് ‘​ഭാ​ര​ത​ച​ന്ദ്രി​ക’​യു​ടെ എ​ഡി​റ്റോ​റി​യ​ൽ പേ​ജി​ൽ വ​ന്ന ‘സ്വ​ന്തം കാ​ര്യം’ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള കു​റി​പ്പി​ൽ ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്തു​ത​ക​ൾ വി​വ​രി​ക്കു​ന്നു​ണ്ട്: ‘‘ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ‘ഭാ​ര​ത‌​ച​ന്ദ്രി​ക’​ക്ക് ഞ​ങ്ങ​ൾ വി​ചാ​രി​ക്കാ​ത്ത വി​ധ​ത്തി​ൽ വാ​യ​ന​ക്കാ​രും പ്ര​ശം​സ​ക​രും വ​ർ​ധി​ച്ചു​വ​രി​ക​യും അ​ച്ച​ടി​സം​ബ​ന്ധ​മാ​യ ചി​ല കു​ഴ​പ്പ​ങ്ങ​ൾ​മൂ​ലം ഏ​ജ​ന്‍റ​ൻ​മാ​രു​ടെ​യും വ​രി​ക്കാ​രു​ടെ​യും ആ​വ​ശ്യാ​നു​സ​ര​ണം പേ​പ്പ​ർ കൊ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രിക​യും ചെ​യ്തി​ട്ടു​ണ്ട്... പ്ര​സി​ലെ സൗ​ക​ര്യ​ക്കു​റ​വു നി​മി​ത്തം ഈ ​ല​ക്കം മു​ത​ൽ പ​ത്ര​ത്തി​ന്‍റെ പേ​ജ് അ​ൽ​പം​കു​റ​ക്കാ​ൻ ഞ​ങ്ങ​ൾ നി​ശ്ച​യി​ച്ചി​രി​ക്ക​യാ​ണ്.

പ​ര​സ്യ​ങ്ങ​ൾ, ചെ​റു​ക​ഥ​ക​ൾ മു​ത​ലാ​യ​വ കു​റ​വു​ചെ​യ്തും, ഡെ​ക്കാ​ൻ ടൈം​സ്, ഡോ​ൺ മു​ത​ലാ​യ ഇം​ഗ്ലീ​ഷ് പ​ത്ര​ങ്ങ​ളു​ടെ പ​രി​ഭാ​ഷ​യും മ​റ്റു​ള്ള ലേ​ഖ​ന​ങ്ങ​ളും വ​ർ​ധി​പ്പി​ച്ചും വാ​യ​ന​ക്കാ​രെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ ഞ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​താ​ണ്. സ​ർ​വ​ശ​ക്ത​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ൽ ര​ണ്ടു​മൂ​ന്നു മാ​സ​ത്തി​ന​കം സ്വ​ന്തം പ്ര​സി​ൽ​നി​ന്നും ‘ഭാ​ര​ത​ച​ന്ദ്രി​ക’ ഇ​റ​ക്കു​ന്ന​തി​നു​വേ​ണ്ടി പു​തി​യ അ​ക്ഷ​ര​ങ്ങ​ൾ മു​ത​ലാ​യ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ച്ചു​വ​രു​ന്നു​ണ്ട്. ത​ത്സ​മ​യം പ​ത്ര​ത്തി​ന്‍റെ സൈ​സ് വ​ലു​താ​ക്കു​ക, പേ​ജ് വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി സ​ക​ല പ​രി​ഷ്‌​കാ​ര​ങ്ങ​ളും വ​രു​ത്താ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന വി​വ​രം മാ​ന്യ​വാ​യ​ന​ക്കാ​രെ അ​റി​യി​ക്ക​യും ത​ൽ​ക്കാ​ല​മു​ള്ള കു​റ​വു ക്ഷ​മി​ച്ചും, വേ​ണ്ട പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ ന​ൽ​കി​യും സ​ഹാ​യി​ക്ക​ണ​മെ​ന്ന​ഭ്യ​ർ​ഥി​ക്ക​യും ചെ​യ്തു​കൊ​ള്ളു​ന്നു.’’

തു​ട​ർ​ന്ന്, പ​ത്ര​ബ​ന്ധു​ക്ക​ളു​ടെ​യും ര​ക്ഷാ​ധി​കാ​രി​ക​ളു​ടെ​യും സ​ഹാ​യ​വും സ്വ​ന്തം അ​ധ്വാ​ന​വും​കൊ​ണ്ട് തി​രു​വ​ല്ല​യി​ൽ തു​ക​ല​ശ്ശേ​രി എ​ന്ന സ്ഥ​ല​ത്ത് ച​ന്ദ്ര​വി​രു​ത്തി പീ​ടി​ക കെ​ട്ടി​ട​ത്തി​ൽ കെ.​വി. മ​ത്താ​യി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന ‘ന്യൂ ​പ്രി​ന്റി​ങ് ഹൗ​സ്’ സ്വ​ന്ത​മാ​ക്കു​ക​യും അ​ച്ചു​കൂ​ട അ​നു​ബ​ന്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​ൽ ന​ട​ത്തി​വ​രി​ക​യും ചെ​യ്തു. തി​രു​വ​ല്ല കു​രി​ശു ക​വ​ല​യി​ൽ പോ​സ്റ്റ് ഓ​ഫി​സി​നും ബി.​എ​സ്.​എ​ൻ.​എ​ൽ ഓ​ഫി​സി​നും എ​തി​ർ​വ​ശ​ത്താ​യി​ട്ടാ​യി​രു​ന്നു ച​ന്ദ്ര​വി​രു​ത്തി​യി​ൽ കു​ടും​ബ​ത്തി​ന്‍റെ കെ​ട്ടി​ട​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​ത്.

പു​തി​യ പ്ര​സ് തു​ട​ങ്ങി​യ​ത് ഏ​ത് വ​ർ​ഷ​ത്തി​ലാ​ണ് എ​ന്ന​ത് നി​ശ്ച​യ​മി​ല്ല; 1945 അ​വ​സാ​ന​മോ, 1946 ആ​ദ്യ​മോ ആ​കാം. എ​ന്നി​രു​ന്നാ​ലും, 1946-47 ലെ ​തി​രു​വി​താം​കൂ​ർ സ്ഥി​തി​വി​വ​ര ക​ണ​ക്കി​ൽ തി​രു​വ​ല്ല​യി​ൽ​നി​ന്നും എം. ​ഹ​ലീ​മാ ബീ​വി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ‘ന്യൂ ​പ്രി​ന്‍റി​ങ് ഹൗ​സ്’ എ​ന്ന പേ​രി​ൽ ഒ​രു അ​ച്ചു​കൂ​ട​വും അ​തി​ൽ മൂ​ന്ന് മ​ല​യാ​ള പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​താ​യും വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. 29

മാ​ത്ര​മ​ല്ല, ‘ഭാ​ര​ത​ച​ന്ദ്രി​ക’ ഒ​രു ദി​ന​പ​ത്രം എ​ന്ന നി​ല​ക്ക് 3000 കോ​പ്പി​ക​ളും ‘ഭാ​ര​ത​ച​ന്ദ്രി​ക’ ആ​ഴ്ച​പ്പ​തി​പ്പ് 2000 കോ​പ്പി​ക​ളും ‘വ​നി​ത’ മാ​സി​ക 500 കോ​പ്പി​ക​ളും ഇ​തേ പ്ര​സി​ൽ​നി​ന്നാ​യി​രു​ന്നു അ​ച്ച​ടി​ച്ച​ത് എ​ന്നും പ​രാ​മ​ർ​ശ​മു​ണ്ട്. ഇ​തേ നി​ല​യാ​ണ് സ്ഥി​തി​വി​വ​ര ക​ണ​ക്കി​ൽ പ​റ​യു​ന്ന​ത്.

‘ഭാ​ര​ത​ച​ന്ദ്രി​ക’​യു​ടെ വ​ക അ​നു​മോ​ദ​ന​ങ്ങ​ൾ

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ക​യും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്തി​രു​ന്ന വ്യ​ക്തി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ആ​ശി​ർ​വ​ദി​ക്കു​ക​യും ചെ​യ്യു​ക പ​ത്രാ​ധി​പ​യു​ടെ​യും പ​ത്ര​ത്തി​ന്റെ​യും ധ​ർ​മ​മാ​യി അ​വ​ർ ക​രു​തി​യി​രു​ന്നു. ‘മു​സ്​​ലിം വ​നി​ത’ ആ​രം​ഭി​ച്ച കാ​ലം മു​ത​ൽ ത​ന്നെ അ​തി​ൽ വി​വി​ധ​ത​ര​ത്തി​ലു​ള്ള അ​നു​മോ​ദ​ന​ക്കു​റി​പ്പു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ചി​ല​ത് എ​ഡി​റ്റോ​റി​യ​ലാ​യും മ​റ്റു ചി​ല​ത് പ്ര​ത്യേ​കം കു​റി​പ്പു​ക​ളാ​യും ന​ൽ​കാ​ൻ പ​ത്രാ​ധി​പ ശ്ര​മി​ച്ചി​രു​ന്നു. അ​വ​യി​ൽ ചി​ല ച​രി​ത്ര​സ​ന്ധി​ക​ൾ​കൂ​ടി ഉ​ൾ​ച്ചേ​ർ​ന്നി​രു​ന്നു.

1120 കും​ഭം എ​ട്ടി​ന് പു​റ​ത്തു​വ​ന്ന ഏ​ഴാം ല​ക്ക​ത്തി​ൽ തി​രു​വി​താം​കൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​റ​ബി ചെ​യ​റി​ൽ ഒ​രു റീ​ഡ​റെ നി​യ​മി​ച്ച​തി​ൽ സ​ർ​ക്കാ​റി​ന് അ​നു​മോ​ദ​നം അ​റി​യി​ക്കു​ന്ന ഒ​രു കു​റി​പ്പ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു: “തി​രു​വി​താം​കൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ണ്ടാ​യ അ​റ​ബി​ക് ചെ​യ​റി​ൽ ഒ​രു അ​റ​ബി​ക് റീ​ഡ​ർ എ​ന്ന ന​വീ​ന ഉ​ദ്യോ​ഗ​സ്ഥ​നെ സൃ​ഷ്ടി​ക്കു​ന്ന​തോ​ടു​കൂ​ടി അ​തി​ന്റെ പ​രി​പൂ​ർ​ണ​മാ​യ ഫ​ല​പ്രാ​പ്തി​ക്കു​ള്ള സ​ന്ദ​ർ​ഭം ക​ര​ഗ​ത​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​നി​യെ​ങ്കി​ലും മു​സ്​​ലിം സ​മു​ദാ​യം അ​തി​ന്‍റെ മൗ​നം സു​ശ​ക്തി കൈ​വെ​ടി​ഞ്ഞ് പ്ര​സ്തു​ത സ്ഥാ​പ​നം​മൂ​ലം ഉ​ണ്ടാ​കേ​ണ്ട യ​ഥാ​ർ​ഥ അ​നു​ഭ​വ​ത്തി​ന് ഉ​പ​യു​ക്ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ യ​ഥാ​വ​സ​രം ന​ൽ​കി​യും ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചും പ്ര​യോ​ജ​ന​ക​ര​മാ​യി തീ​ർ​ക്ക​ണ​മെ​ന്നും ബോ​ധി​പ്പി​ക്കു​ന്നു.”

തി​രു​വി​താം​കൂ​ർ പോ​സ്റ്റ​ൽ (അ​ഞ്ച​ൽ) ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ അ​ധി​പ​നാ​യി ഭ​രി​ച്ചു​കൊ​ണ്ടി​രു​ന്ന പി.​എ. കാ​സി​മി​നെ വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യും ശ്രീ​മാ​ൻ പ​ര​മു​വി​നെ പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ കാ​സി​മി​ന് പ​ക​ര​മാ​യും നി​യ​മി​ച്ച വേ​ള​യി​ൽ അ​വ​രെ അ​നു​മോ​ദി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു പ്ര​സ്താ​വ​ന ‘ഭാ​ര​ത​ച​ന്ദ്രി​ക’ ന​ൽ​കി: “ന്യാ​യ​ത്തി​ന്റെ പി​ടി​യി​ൽ​നി​ന്നും അ​ണു​വോ​ള​വും ച​ലി​ക്കാ​ത്ത ഒ​രു ധീ​ര​നാ​ണ് മി​സ്റ്റ​ർ കാ​സിം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് അ​ഞ്ച​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ക​ഴി​യു​ന്ന​ത്ര പു​രോ​ഗ​മി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ച​ൽ ശി​പാ​യി​മാ​ർ എ​ഴു​ത്തു​ക​ൾ വ​ലി​ച്ചു​കീ​റി ക​ള​യു​ന്ന മോ​ശം​രീ​തി​ക​ളും മ​റ്റും ഇ​പ്പോ​ൾ ഇ​ല്ലെ​ന്ന് പ​റ​യാം. മി​സ്റ്റ​ർ കാ​സി​മി​ന്റെ ഒ​ഴി​വി​ൽ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മി​സ്റ്റ​ർ പ​ര​മു​വി​നെ അ​ഞ്ച​ൽ സൂ​പ്ര​ണ്ടാ​യി നി​യ​മി​ച്ചി​രി​ക്കു​ന്നു. തി​രു​വി​താം​കൂ​ർ ഡി​പ്പാ​ർ​ട്മെ​ന്‍റ് മേ​ധാ​വി​ക​ളാ​യി ഈ​ഴ​വ​ർ​ക്കി​ട​യി​ൽ​നി​ന്നു​ള്ള​വ​ർ ഇ​ല്ലെ​ന്ന എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​ത്തി​ന്റെ നി​വേ​ദ​നം ഗ​വ​ൺ​മെ​ന്‍റ് കൈ​ക്കൊ​ണ്ട​തി​നെ സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് മി​സ്റ്റ​ർ പ​ര​മു​വി​ന്റെ നി​യ​മ​നം. മു​ൻ​ഗാ​മി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​മാ​ക്കു​വാ​നു​ള്ള കാ​ര്യ​ക്ഷ​മ​ത പ​ര​മു​വി​നു​ണ്ട്. പൊ​തു​ജ​ന ക്ഷേ​മ ത​ൽ​പ​ര​രാ​യ ഈ ​ര​ണ്ടു മാ​ന്യ​ന്മാ​രെ​യും പു​തി​യ ഉ​ദ്യോ​ഗ​ല​ബ്ധി​യി​ൽ ഹാ​ർ​ദ​വ​മാ​യി അ​നു​മോ​ദി​ച്ചു​കൊ​ള്ളു​ന്നു.”31

ശേ​ഷം കാ​സി​മി​നെ കൊ​ല്ലം ഡി​വി​ഷ​ൻ പേ​ഷ്കാ​ർ പ​ദ​വി​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ​പ്പോ​ൾ ‘ഭാ​ര​ത​ച​ന്ദ്രി​ക’ അ​ദ്ദേ​ഹ​ത്തെ അ​നു​മോ​ദി​ച്ചു​കൊ​ണ്ട് ഒ​രു കോ​ളം വാ​ർ​ത്ത ന​ൽ​കി. 1945 ജൂ​ലൈ ര​ണ്ടി​ന് പു​റ​ത്തി​റ​ങ്ങി​യ ‘ഭാ​ര​ത​ച​ന്ദ്രി​ക’​യി​ൽ വ​ന്ന കു​റി​പ്പ്: “വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​റും ടെ​ക്സ്റ്റൈ​ൽ ക​മീ​ഷ​ണ​റു​മാ​യി​രു​ന്ന ശ്രീ​മാ​ൻ പി.​എ. കാ​സിം സാ​ഹി​ബ് അ​വ​ർ​ക​ളെ അ​ടു​ത്ത ചി​ങ്ങം മു​ത​ൽ കൊ​ല്ലം ഡി​വി​ഷ​ൻ പേ​ഷ്കാ​രാ​യി നി​യ​മി​ച്ച​തി​ൽ ഗ​വ​ൺ​മെ​ന്റി​നെ ഞ​ങ്ങ​ൾ അ​ഭി​ന​ന്ദി​ക്കു​ക​യും ശ്രീ​മാ​ൻ കാ​സി​മി​നെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്യു​ന്നു.” ഒ​രു ഡി​വി​ഷ​ൻ പേ​ഷ്കാ​രെ​ന്ന​ത് ബ്രി​ട്ടീ​ഷി​ന്ത്യ​യി​ൽ ക​ല​ക്ട​ർ​ക്ക് തു​ല്യ​മാ​യ പ​ദ​വി​യാ​ണ്.

തി​രു​വി​താം​കൂ​റി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് അ​ത്ത​ര​ത്തി​ൽ മു​സ്​​ലിം സ​മു​ദാ​യ​ത്തി​ൽ​നി​ന്നൊ​രു വ്യ​ക്തി ഡി​വി​ഷ​ൻ പേ​ഷ്കാ​ർ അ​ഥ​വാ ക​ല​ക്ട​ർ പ​ദ​വി​യി​ലേ​ക്ക് വ​ന്ന​ത്. 1944 സെ​പ്റ്റം​ബ​ർ 11ന് ​പു​റ​ത്തു​വ​ന്ന ല​ക്ക​ത്തി​ൽ ഇ.​കെ. മൗ​ല​വി​യെ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ അ​റ​ബി ലെ​ക്ച​റ​റാ​യി പ്ര​മോ​ട്ട് ചെ​യ്ത​തി​ൽ ‘ഭാ​ര​ത​ച​ന്ദ്രി​ക’​യു​ടെ വ​ക പ്ര​ത്യേ​ക അ​നു​മോ​ദ​നം അ​റി​യി​ക്കു​ന്നു​മു​ണ്ട്. സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​നം ആ​ഗ്ര​ഹി​ച്ചി​രു​ന്ന ഹ​ലീ​മാ ബീ​വി, അ​ക്കാ​ല​ത്ത് മ​ദ്രാ​സി​ൽ പോ​യി മെ​ഡി​സി​ൻ പ​ഠി​ച്ച് അ​വി​ടെ​ത്ത​ന്നെ​യു​ള്ള സ്റ്റാ​ൻ​ലി മെ​ഡി​ക്ക​ൽ ഹോ​സ്പി​റ്റ​ലി​ൽ വെ​നേ​റി​യ​ൻ ഡി​പ്പാ​ർ​ട്മെ​ന്റി​ൽ അ​സി​സ്റ്റ​ന്റ് സ​ർ​ജ​നാ​യി സേ​വ​നം ആ​രം​ഭി​ക്കു​ന്ന ​ഡോ. ല​ക്ഷ്മി വേ​ലാ​യു​ധ​ൻ എ​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യു​ടെ നി​യ​മ​ന നേ​ട്ടം വാ​ർ​ത്ത​യാ​യി ന​ൽ​കി.

പൊ​തു​വി​ട​ങ്ങ​ളി​ലും മ​നു​ഷ്യ​വ്യ​വ​ഹാ​ര​ങ്ങ​ളി​ലും വ​ന്നു​ചേ​രു​ന്ന കു​ഴ​പ്പ​ങ്ങ​ളെ സെ​ൻ​സേ​ഷ​ന​ലാ​യി അ​വ​ത​രി​പ്പി​ക്കാ​നു​ള്ള നി​ര​വ​ധി ശ്ര​മ​ങ്ങ​ൾ ‘ഭാ​ര​ത​ച​ന്ദ്രി​ക’​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. 1945 മേ​യ് 15ന് ​തി​രു​വി​താം​കൂ​റി​ലെ പ്ര​മു​ഖ ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്നാ​യ കാ​യം​കു​ള​ത്തെ പ്ര​ശ്ന​ങ്ങ​ളെ കാ​ണി​ച്ചു​കൊ​ണ്ട് ആ​വ​ലാ​തി​യാ​യി വ​ന്ന കു​റി​പ്പ്: “ഇ​വി​ടെ ഹോ​ട്ട​ലു​ക​ളി​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ് ഊ​ണി​ന് ആ​റ​ണ​യാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും പ​ര​സ്യ​മാ​യി എ​ട്ട​ണ​യാ​ക്കി​യി​രി​ക്കു​ന്നു. ഈ ​വ​ർ​ധ​ന​വ് അ​ധി​കൃ​ത അ​നു​മ​തി​യോ​ടു​കൂ​ടി അ​ല്ലെ​ന്ന് അ​റി​യു​ന്നു.

ബ്ലാ​ക്ക് മാ​ർ​ക്ക​റ്റി​ൽ ടി​ക്ക​റ്റ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തു​മൂ​ലം സാ​ധു​ക്ക​ൾ​ക്ക് യാ​ത്ര​ചെ​യ്യാ​ൻ നി​ർ​വാ​ഹ​വു​മി​ല്ല. പോ​ക്ക​റ്റ​ടി​യും കൂ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു യാ​ത്ര​ക്കാ​ര​ന്‍റെ 100 രൂ​പ​യോ​ടു​കൂ​ടി​യ ഒ​രു പേ​ഴ്സ് കാ​ണാ​തെ പോ​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു.” നാ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ എ​ന്ന​നി​ല​യി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന കു​റി​പ്പു​ക​ളും മ​ര​ണ​വാ​ർ​ത്ത​ക​ളും മ​റ്റും കൊ​ടു​ക്കു​ന്ന​തി​ലും അ​വ​ർ പി​ന്നാ​ക്കം പോ​യി​ല്ല. തി​രു​വി​താം​കൂ​റി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും തി​രു​വി​താം​കൂ​റി​ലെ വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ര​ണ​ക്ക​മ്മി​റ്റി (1932)യു​ടെ അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന സ​ർ മെ​വ​റ​ൽ സ്റ്റ​താം സാ​യി​പ്പ് 1944 ഡി​സം​ബ​ർ 27ന് ​മ​ദ്രാ​സി​ലെ സ്പെ​ൻ​സ​ർ ഹോ​ട്ട​ലി​ൽ ത​ന്റെ മു​റി​യി​ൽ വെ​ച്ച് മ​ര​ണ​പ്പെ​ട്ട വി​വ​രം ‘ഭാ​ര​ത​ച​ന്ദ്രി​ക’ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്.

അ​തോ​ടൊ​പ്പം ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്: “...മ​ദ്രാ​സി​ലെ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​ന്ന വേ​ള​യി​ൽ 54ാമ​ത്തെ വ​യ​സ്സി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം. മ​ദ്രാ​സ് പ്ര​സി​ഡ​ൻ​സി​യി​ലെ വി​ദ്യാ​ഭ്യാ​സ വി​ഷ​യ​ക​മാ​യി അ​ദ്ദേ​ഹം വ​രു​ത്തി​യി​ട്ടു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ൾ സ്മ​ര​ണീ​യ​മാ​ണ്. മ​ല​ബാ​ർ മു​സ്​​ലിം വി​ദ്യാ​ഭ്യാ​സ​ത്തി​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന മു​സ്​​ലിം ബാ​ല​ക​ന്മാ​ർ​ക്ക് വേ​ണ്ടി പ്ര​ത്യേ​കം സ്കൂ​ളു​ക​ൾ സ്ഥാ​പി​ച്ച് അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടു​ണ്ട്. സ്വ​ന്തം വ​രു​മാ​നം ത​ന്നെ അ​ദ്ദേ​ഹം വി​ദ്യാ​ഭ്യാ​സ​ത്തി​ന് വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.”32

‘ഭാ​ര​ത​ച​ന്ദ്രി​ക’​ക്ക് വി​ദേ​ശ​ങ്ങ​ളി​ലും വാ​യ​ന​ക്കാ​ർ

‘മു​സ്​​ലിം വ​നി​ത’​യും ‘വ​നി​ത’​യും പോ​ലെ ‘ഭാ​ര​ത​ച​ന്ദ്രി​ക’​യു​ടെ വാ​യ​ന​ക്കാ​ർ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ഉ​ൾ​ക്കൊ​ണ്ടി​രു​ന്നു. അ​ക്കാ​ല​ത്ത് ‘സ്ട്രൈ​റ്റ് സെ​റ്റി​ൽ​മെ​ന്‍റ്’ എ​ന്ന വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ൾ അ​ച്ചു​കൂ​ട നി​ർ​മാ​ണ​ത്തി​നാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ സ​ന്ദ​ർ​ഭം മു​മ്പ് വി​വ​രി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും പു​റം​വാ​സ ജോ​ലി​ക​ൾ​ക്കാ​യി ഇ​വി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​ർ​ന്ന നി​ര​വ​ധി പേ​ർ തു​ട​ർ​ന്നും വാ​ർ​ഷി​ക വ​രി​സം​ഖ്യ​യ​ട​ച്ചും നേ​രി​ട്ടു​വ​രു​ത്തി​യും മ​റ്റും വാ​യ​ന​ക്കാ​രാ​യി നി​ല​നി​ന്നു. ‘ഭാ​ര​ത​ച​ന്ദ്രി​ക’​ക്ക് കൊ​ളം​ബോ (ശ്രീ​ല​ങ്ക)​യി​ലും വാ​യ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നു​വെ​ന്ന​ത് സം​ബ​ന്ധ​മാ​യ വി​വ​രം പ​ത്രി​ക​യി​ൽ നി​ന്നു​ത​ന്നെ ല​ഭി​ക്കു​ന്നു​ണ്ട്. 1945 ഏ​പ്രി​ൽ 15ന് ​വ​ന്ന കു​റി​പ്പി​ൽ ‘ഭാ​ര​ത​ച​ന്ദ്രി​ക’​യു​ടെ​യും ‘വ​നി​ത’​യു​ടെ​യും കൊ​ളം​ബോ​യി​ലെ ഏ​ജ​ന്റാ​യി പി.​വി. മാ​ധ​വ​നെ നി​യ​മി​ച്ചി​രി​ക്കു​ന്ന​താ​യി പ​റ​യു​ന്നു​ണ്ട്. അ​തി​നാ​യി കെ.​ഇ.​ഡ​ബ്ല്യൂ റോ​ഡ്, സ്ലേ​വ് ഐ​ല​ൻ​ഡ്, കൊ​ളം​ബോ എ​ന്ന വി​ലാ​സ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

 

‘ഭാ​ര​ത​ച​ന്ദ്രി​ക’​യു​ടെ എ​ഡി​റ്റോ​റി​യ​ൽ

സ​മ​കാ​ലി​ക​മാ​യി ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന പ​ല വി​ഷ​യ​ങ്ങ​ളും പ​ല​പ്പോ​ഴും ത​ങ്ങ​ളു​ടെ മു​ഖ​പ്ര​സം​ഗ​ങ്ങ​ൾ ആ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ ‘ഭാ​ര​ത​ച​ന്ദ്രി​ക’ പ​രി​ശ്ര​മി​ച്ചി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ ന​യം എ​ന്തെ​ന്ന് തെ​ളി​മ​യോ​ടെ മ​ന​സ്സി​ലാ​ക്കാ​വു​ന്ന ത​ര​ത്തി​ൽ പ​ത്രാ​ധി​പ ആ ​കൃ​ത്യം നി​ർ​വ​ഹി​ച്ചു. അ​തി​ൽ സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ​വും ലോ​ക​ക്ര​മ​വും മാ​ത്ര​മ​ല്ല, അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും അ​വ​ർ​ക്കാ​യി അ​ധി​കാ​രി​ക​ൾ ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ ഇ​ട​പെ​ടേ​ണ്ട വി​ഷ​യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യും ത​ത്ത്വാ​ധി​ഷ്ഠി​ത​മാ​യും മ​റ്റും കാ​ര്യ​മാ​ത്ര​പ്ര​സ​ക്ത​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന​തി​നും ‘ഭാ​ര​ത​ച​ന്ദ്രി​ക’​യി​ലെ മു​ഖ​പ്ര​സം​ഗ​ങ്ങ​ൾ ശ്ര​മി​ച്ചി​ട്ടു​ണ്ട്. പൊ​തു​മ​ണ്ഡ​ല​ങ്ങ​ളി​ൽ ല​ഭ്യ​മാ​യ ‘ഭാ​ര​ത​ച​ന്ദ്രി​ക’​യു​ടെ ല​ക്ക​ങ്ങ​ളി​ൽ വ​ന്നി​ട്ടു​ള്ള മു​ഖ​പ്ര​സം​ഗ​ങ്ങ​ളി​ൽ ചി​ല​തി​നെ എ​ടു​ത്ത​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് അ​ക്കാ​ല​ത്തെ ച​രി​ത്ര, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ​ബ​ന്ധ​ങ്ങ​ളി​ൽ ‘ഭാ​ര​ത​ച​ന്ദ്രി​ക’ എ​ങ്ങ​നെ ഇ​ട​പെ​ട്ടു​വെ​ന്ന് മ​ന​സ്സി​ലാ​ക്കു​ന്ന​തി​ന് ഒ​രു ശ്ര​മം ന​ട​ത്തു​ക​യാ​ണി​വി​ടെ.

ഒ​രു​പ​ക്ഷേ ഹ​ലീ​മാ ബീ​വി എ​ന്ന പ​ത്രാ​ധി​പ​യു​ടെ മി​ക​വാ​യി ഇ​വ​യെ ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യു​ക​യി​ല്ല; എ​ന്തെ​ന്നാ​ൽ സ​മ​കാ​ലി​ക സ​മൂ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ളെ വി​ല​യി​രു​ത്താ​നു​ള്ള അ​വ​സ​രം പ്ര​ദാ​നം ചെ​യ്യു​ക​യെ​ന്ന ദൗ​ത്യം ഏ​റ്റെ​ടു​ത്ത് പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ താ​ൽ​പ​ര്യ​ങ്ങ​ൾ ചേ​ർ​ന്നു​വ​രു​ന്ന കു​റി​പ്പു​ക​ളാ​യാ​ണ് അ​വ ന​മ്മു​ടെ മു​ന്നി​ലേ​ക്ക് എ​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​യൊ​ന്നും​ത​ന്നെ ഹ​ലീ​മാ ബീ​വി പേ​ര് വെ​ച്ച് എ​ഴു​തി​യ​ത​ല്ല. അ​വ ത​യാ​റാ​ക്കു​ന്ന​തി​ൽ പ​ത്രാ​ധി​പ​ക്ക് മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​വും ല​ഭി​ച്ചി​രി​ക്കാ​മെ​ന്നും അ​ഭി​പ്രാ​യ​മു​ണ്ട്.

അ​വ​യി​ൽ ചി​ല​തി​നെ കാ​ലാ​നു​ക്ര​മ​മാ​യി പ​രി​ച​യ​പ്പെ​ടാം: 1944 ആ​ഗ​സ്റ്റ് 28ന് ‘​ഭാ​ര​ത​ച​ന്ദ്രി​ക’ പ്ര​സി​ദ്ധീ​ക​രി​ച്ച ദി​വാ​ൻ സി.​പി. രാ​മ​സ്വാ​മി അ​യ്യ​രു​ടെ ‘വ​ഞ്ചി പു​വ​ർ ഫ​ണ്ട്’ എ​ന്തു​കൊ​ണ്ടും പാ​വ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ഉ​പ​കാ​ര​പ്പെ​ടും എ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ന്ന എ​ഡി​റ്റോ​റി​യ​ൽ: “ഏ​തു നാ​ടി​ന്റെ​യും പു​രോ​ഗ​തി എ​ന്ന​ത് ആ ​നാ​ട്ടി​ലെ പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം ത​ന്നെ​യാ​ണ്. അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ക എ​ന്ന​താ​ണ് രാ​ജ്യ​സ്നേ​ഹി​ക​ളു​ടെ പ്ര​ഥ​മ​വും പ്ര​ധാ​ന​വു​മാ​യ ദൗ​ത്യം. പാ​വ​ങ്ങ​ളു​ടെ പ​ട്ടി​ണി​യും പ​രി​വ​ട്ട​വും പാ​ടെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തി​നാ​യി​ട്ട് മാ​ത്ര​മാ​ണ് വ​ഞ്ചി പു​വ​ർ ഫ​ണ്ട് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.”33

1944 സെ​പ്റ്റം​ബ​ർ 11ന് ‘​ഭാ​ര​ത​ച​ന്ദ്രി​ക’​യി​ൽ വ​ന്ന എ​ഡി​റ്റോ​റി​യ​ൽ വി​ഷ​യം ‘കൊ​ച്ചി മു​സ്​​ലിം​ക​ളും ഗ​വ​ൺ​മെ​ന്‍റ് ഉ​ദ്യോ​ഗ​വും’ എ​ന്ന​താ​യി​രു​ന്നു. അ​തി​ൽ കൊ​ച്ചി​യി​ലെ സ​ർ​ക്കാ​ർ ​മു​സ്​​ലിം സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്ക് പൊ​തു സ​ർ​വി​സി​ൽ അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ൽ​കു​ന്നി​ല്ലാ​യെ​ന്ന് കാ​ര്യ​കാ​ര​ണ സ​ഹി​തം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു: “കൊ​ച്ചി​യി​ലെ ഗ​വ​ൺ​മെ​ന്‍റ് ഉ​ദ്യോ​ഗ​ങ്ങ​ൾ മു​സ്​​ലിം​ക​ൾ​ക്ക് അ​വ​ർ അ​ർ​ഹി​ക്കു​ന്ന പ​ങ്ക് ന​ൽ​കു​ന്നി​ല്ലെ​ന്ന് കൊ​ച്ചി മു​സ്​​ലിം​ക​ളു​ടെ ഇ​ട​യി​ൽ പ​ര​ക്കെ വി​ശ്വാ​സ​മു​ണ്ട്. ആ ​വി​ശ്വാ​സം അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മ​ല്ല. ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​ങ്ങ​ളി​ൽ ഇ​രി​ക്കു​ന്ന മു​സ്​​ലിം​ക​ളു​ടെ എ​ണ്ണം തു​ലോം പ​രി​മി​ത​മാ​ണ്.

പു​തി​യ നി​യ​മ​ന​ങ്ങ​ളി​ൽ മു​സ്​​ലിം​ക​ൾ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കി കാ​ണു​ന്നി​ല്ല... ഈ​യി​ടെ ഗ​വ​ൺ​മെ​ന്‍റ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള ഒ​രു ന​യം മാ​ത്ര​മാ​ണ് മു​സ്​​ലിം​ക​ളു​ടെ പ്രാ​തി​നി​ധ്യ​ക്കു​റ​വി​ന് കാ​ര​ണം. ഒ​രു ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​ധി​കാ​രം മു​ഴു​വ​ൻ ഏ​ക​ദേ​ശം ഡി​പ്പാ​ർ​ട്മെ​ന്‍റ് മേ​ല​ധ്യ​ക്ഷ​ന് ത​ന്നെ ന​ൽ​കി​യി​രി​ക്കു​ന്നു. മേ​ല​ധ്യ​ക്ഷ​ന്മാ​രാ​ക​ട്ടെ ത​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം അ​ടു​പ്പ​മു​ള്ള ചി​ല വ്യ​ക്തി​ക​ൾ​ക്കും സ​മു​ദാ​യ​ങ്ങ​ൾ​ക്കും മാ​ത്ര​മേ ഉ​ദ്യോ​ഗ​ങ്ങ​ൾ കൊ​ടു​ക്കു​ന്നു​ള്ളൂ. ഇ​ത്ത​ര​ത്തി​ൽ ഗ​വ​ൺ​മെ​ന്റി​നെ​യും മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രെ​യും കു​റ്റ​പ്പെ​ടു​ത്താ​ൻ നി​വൃ​ത്തി​യി​ല്ല. മു​സ്​​ലിം​ക​ളു​ടെ ഒ​രു അ​നൈ​ക്യ​മ​ത്യ​വും അ​സം​ഘ​ടി​താ​വ​സ്ഥ​യും മാ​ത്ര​മാ​ണ് അ​തി​നു കാ​ര​ണം. മു​സ്​​ലിം​ക​ളു​ടെ നി​സ്സ​ഹാ​യാ​വ​സ്ഥ കൊ​ച്ചി ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ദൃ​ഷ്ടി​യി​ൽ കൊ​ണ്ടു​വ​രി​ക​യും സം​ഘ​ടി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ കൊ​ച്ചി മു​സ്​​ലിം​ക​ളു​ടെ ഉ​ദ്​േ​ബാ​ധി​പ്പി​ക്കു​ക​യും ചെ​യ്തു​കൊ​ള്ളു​ന്നു.”

1944 സെ​പ്റ്റം​ബ​ർ 18ന് ‘​ഭാ​ര​ത​ച​ന്ദ്രി​ക’​യി​ൽ വ​ന്ന എ​ഡി​റ്റോ​റി​യ​ൽ ‘ഈ​ദ് മു​ബാ​റ​ക്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പെ​രു​ന്നാ​ളു​ക​ൾ​ക്ക് ഐ​ക്യ​രൂ​പ​മി​ല്ല എ​ന്ന വി​മ​ർ​ശ​ന​വു​മാ​യി​രു​ന്നു: “കേ​ര​ള​ത്തി​ൽ മു​സ്​​ലിം പെ​രു​ന്നാ​ളു​ക​ൾ കൊ​ണ്ടാ​ടു​ന്ന​തി​ന് പ്രാ​യേ​ണ ഐ​ക്യ​രൂ​പ​മി​ല്ലാ​തെ​യാ​ണി​രി​ക്കു​ന്ന​ത്. റ​മ​ദാ​ൻ മാ​സം ക​ഴി​ഞ്ഞ് ആ​ദ്യ​മാ​യി ച​ന്ദ്ര​നെ കാ​ണു​ന്ന​തി​ന്റെ പി​റ്റേ​ദി​വ​സം ആ​ണ​ല്ലോ ഈ​ദു​ൽ​ഫി​ത്ർ. ഗ​വ​ൺ​മെ​ന്റി​ൽ​നി​ന്ന് നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​ബ്ലി​ക് അ​വ​ധി​യും പെ​രു​ന്നാ​ളും ത​മ്മി​ൽ ഒ​രു ദി​വ​സ​ത്തെ വ്യ​ത്യാ​സം അ​ടു​ത്ത​കാ​ല​ത്ത് സാ​ധാ​ര​ണ​മാ​യി ക​ണ്ടു​വ​രു​ന്നു.

മ​നു​ഷ്യ​ന്റെ ഭാ​വി​യെ​പോ​ലും അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ന്ന​വ​രെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ട്ട് പോ​രു​ന്ന ജ്യോ​തി​ശാ​സ്ത്ര പ​ടു​ക​ൾ​ക്ക് ഈ ​ദി​വ​സം ശ​രി​ക്ക​റി​യാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്തു​കൊ​ണ്ടാ​ണോ ആ​വോ? ഏ​താ​യാ​ലും ഗ​വ​ൺ​മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ​ക്കും മ​റ്റും ഈ ​അ​വ​ധി​ക​ൾ പ്ര​യോ​ജ​കീ​ഭ​വി​ക്കു​ന്ന​താ​യി കാ​ണു​ന്നി​ല്ല. പ​ഞ്ചാം​ഗം നി​ർ​മി​ക്കു​ന്ന ജ്യോ​തി​ശാ​സ്ത്ര വി​ശാ​ര​ദ​ന്മാ​ർ ഇ​നി​യെ​ങ്കി​ലും ഈ ​കാ​ര്യ​ത്തി​ൽ ശ്ര​ദ്ധി​ച്ചാ​ൽ കൊ​ള്ളാം...” അ​തോ​ടൊ​പ്പം ത​ന്നെ ര​ണ്ടാം ലോ​ക​യു​ദ്ധ​കാ​ല​ത്ത് വ​രു​ന്ന പെ​രു​ന്നാ​ളാ​യ​തി​നാ​ൽ യു​ദ്ധം മു​ഴു​വ​ൻ അ​വ​സാ​നി​ക്കു​മെ​ന്ന സൂ​ച​ന​യും ന​ൽ​കു​ന്നു​ണ്ട്: “...യു​ദ്ധ പ​രി​തഃ​സ്ഥി​തി​യി​ൽ അ​വ​സാ​ന​മാ​യി കൊ​ണ്ടാ​ടു​ന്ന​താ​യി​രി​ക്കു​മി​ത് എ​ന്നാ​ണ​ല്ലോ സൂ​ക്ഷ്മ​ദൃ​ക്കു​ക​ളു​ടെ അ​ഭി​പ്രാ​യം.”34 ‘ഐ​ക്യ​ഭാ​ര​തം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ 1944 ഒ​ക്ടോ​ബ​ർ 23ന് ​വ​ന്ന എ​ഡി​റ്റോ​റി​യ​ൽ അ​ക്കാ​ല​ത്തെ ഇ​ന്ത്യ​ൻ അ​വ​സ്ഥ​യെ വ​ല്ലാ​ണ്ട് കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഒ​ന്നാ​യി​രു​ന്നു.

ഭാ​ര​ത​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ ഹി​ന്ദു​ക്ക​ളും മു​സ്​​ലിം​ക​ളും ഒ​രു​പോ​ലെ പോ​രാ​ടു​ന്ന​തി​ന്റെ ആ​വ​ശ്യ​ക​ത അ​വ​രി​തി​ൽ പ​ങ്കു​വെ​ക്കു​ന്നു: “...ഹി​ന്ദു​ക്ക​ളെ ആ​ദ​രി​ച്ചു, പ​ര​സ്പ​രം വാ​ളെ​ടു​ക്കാ​ന​ല്ലാ അ​ക്ബ​ർ പ​ഠി​പ്പി​ച്ച​ത്; ജ​ഹാം​ഗീ​ർ അ​മ​ര​സിം​ഗ​നെ ഒ​രു പ​രാ​ജി​ത​നാ​യ പ്ര​തി​യോ​ഗി​യാ​യ​ല്ല, മാ​ന്യ​നാ​യ രാ​ജാ​വി​നെ​പോ​ലെ​യാ​ണ് മാ​നി​ച്ച​ത്... ഇ​ന്ന​ത്തെ സാ​ഹി​ത്യ​ത്തി​ൽ അ​തി​നു വി​രു​ദ്ധ​മാ​യി ഐ​ക്യ​ത്തെ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള വ്യ​ക്ത​മാ​യ പ​രി​ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ തു​ട​ർ​ന്നാ​ൽ ഭാ​വി​യി​ൽ ര​ഞ്ജി​പ്പ​ല്ല, ഭി​ന്നി​പ്പാ​ണ് ന​ട​ക്കു​ക.” പ​ത്രാ​ധി​പ​ർ പ​റ​യു​ന്ന​ത്: “...ആ​ദ​ർ​ശ​ങ്ങ​ൾ വി​ഭി​ന്ന​ങ്ങ​ളാ​യേ​ക്കാം. ഒ​രു അ​മ്മ​യു​ടെ മ​ക്ക​ൾ അ​തി​നു പ​ര​സ്പ​രം പി​ണ​ങ്ങി പി​രി​യു​ക​യ​ല്ല വേ​ണ്ട​ത്.

അ​നു​ജ​ന്റെ അ​ഭി​മാ​നം നു​റു​ങ്ങു​ന്ന​ത് ക​ണ്ടു പൊ​ട്ടി​ച്ചി​രി​ക്കു​ന്ന ജ്യേ​ഷ്ഠ​ന് എ​ങ്ങ​നെ അ​നു​ജ​ന്റെ ആ​ദ​ര​വ് സ​മ്പാ​ദി​ക്കാ​ൻ ക​ഴി​യും.” ര​ണ്ടാം ലോ​ക​യു​ദ്ധ കാ​ല​ത്ത് തി​രു​വി​താം​കൂ​റി​ൽ ക്ഷാ​മ​വും ദാ​രി​ദ്ര്യ​വും ക​ട​ന്നു​ക​യ​റാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും നി​ര​വ​ധി പ​രി​ഷ്ക​ര​ണ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. അ​ത്ത​ര​ത്തി​ലു​ള്ള​വ ഉ​ൾ​ക്കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു ക​ച്ച​വ​ട​ക്കാ​ർ​ക്കു ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഒ​രു ഇ​ട​പെ​ട​ലാ​യി​രു​ന്നു ‘പു​തി​യ നോ​ട്ടി​ഫി​ക്കേ​ഷ​ൻ’ എ​ന്ന പേ​രി​ൽ വ​ന്ന എ​ഡി​റ്റോ​റി​യ​ൽ: “യു​ദ്ധ​കാ​ല പ​രി​തഃ​സ്ഥി​തി​യി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും നി​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ളി​ൽ​പെ​ട്ട മ​റ്റു സാ​ധ​ന​ങ്ങ​ളും തി​രു​വി​താം​കൂ​റി​ൽ ആ​വ​ശ്യാ​നു​സ​ര​ണം ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് സ​ർ​ക്കാ​ർ മൂ​ല​മാ​ണ്.

 

അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന വ്യാ​പാ​രി​ക​ളു​ടെ അ​ക്ര​മ​ത്തി​ൽ​നി​ന്നും ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കു​ന്ന​തി​ന് ഗ​വ​ൺ​മെ​ന്റ് കൈ​ക്കൊ​ണ്ടി​ട്ടു​ള്ള ന​ട​പ​ടി​ക​ൾ പ​ല​രു​ടെ​യും അ​ഭി​ന​ന്ദ​ന​ത്തി​ന് മാ​തൃ​ഭാ​വി​ച്ചി​ട്ടു​ള്ള​താ​ണ്. അ​മി​ത ആ​ദാ​യ​വും അ​മി​ത​സം​വ​ര​ണ​വും നി​യ​ന്ത്രി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക നോ​ട്ടി​ഫി​ക്കേ​ഷ​ൻ വ​ന്നി​ട്ടു​ണ്ട്. അ​തി​നെ തു​ട​ർ​ന്ന് ചി​ല ക​ച്ച​വ​ട​ക്കാ​ർ ന​ട​ത്തി​യി​ട്ടു​ള്ള ഇ​ട​പെ​ട​ൽ ന​ട​പ​ടി​ക​ൾ ആ​ശ്വാ​സ​ക​ര​മാ​യി​ട്ടു​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. എ​ന്നാ​ൽ, ക​ച്ച​വ​ട​ക്കാ​രി​ൽ പ​ല​രും ക​ച്ച​വ​ട​ത്തെ മ​ലി​ന​പ്പെ​ടു​ത്തി കീ​ശ​വീ​ർ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ൽ വ്യ​വ​സ്ഥ​ക​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി ഒ​രു പു​തി​യ ഉ​ത്ത​ര​വ് പ്ര​തീ​ക്ഷി​ക്കാം.” ഇ​ത്ത​ര​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ ക​ച്ച​വ​ട​ക്കാ​ർ അ​മി​ത​വി​ല​ക്ക് വ്യാ​പാ​രം ന​ട​ത്താ​തി​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് സ​ർ​ക്കാ​റി​നോ​ടും ധ​ർ​മ​പ​രി​പാ​ല​ന​ത്തി​ൽ ക​ച്ച​വ​ട​ക്കാ​ർ ശ്ര​ദ്ധ​പ​തി​പ്പി​ക്കു​ന്ന​തി​ന് ക​ച്ച​വ​ട​ക്കാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ത​ന്റെ എ​ഡി​റ്റോ​റി​യ​ൽ പ​ത്രാ​ധി​പ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

സ​ർ സി.​പി. രാ​മ​സ്വാ​മി അ​യ്യ​ർ തി​രു​വി​താം​കൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തി​യ ഒ​രു പ്ര​സം​ഗം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന എ​ഡി​റ്റോ​റി​യ​ൽ, 1944 ന​വം​ബ​ർ 15ന് ‘​ഭാ​ര​ത​ച​ന്ദ്രി​ക’ പ്ര​സി​ദ്ധീ​ക​രി​ച്ചു: “ഇ​ന്ന​ത്തെ പ​രീ​ക്ഷ​ക​ൾ പാ​സാ​കാ​ൻ അ​ധ്യാ​പ​ക​ന്മാ​രു​ടെ നോ​ട്ടു​ക​ൾ കാ​ണാ​തെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും നോ​ട്ടു​ക​ൾ മാ​ത്രം പ​റ​ഞ്ഞു​കൊ​ടു​ത്ത് തൃ​പ്തി​പ്പെ​ടു​ന്ന അ​ധ്യാ​പ​ക​രെ​യും ദി​വാ​ൻ അ​പ​ല​പി​ക്കു​ക​യു​ണ്ടാ​യി” എ​ന്ന വാ​ച​ക​ങ്ങ​ൾ​ക്കൊ​പ്പം ത​ന്നെ ശാ​സ്ത്ര​വി​ജ്ഞാ​ന​ത്തി​ലും ഗ​വേ​ഷ​ണ​ത്തി​ലും തി​രു​വി​താം​കൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഒ​രു ഉ​ത്ത​മ മാ​തൃ​ക​യാ​യി ഉ​യ​ർ​ന്നു​വ​ര​ട്ടെ​യെ​ന്നും മു​ഖ​പ്ര​സം​ഗം ആ​ശം​സി​ക്കു​ന്നു​ണ്ട്.

(തു​ട​രും)

കു​റി​പ്പ്

27. ഭാ​ര​ത​ച​ന്ദ്രി​ക, വാ​ല്യം: 2, ല​ക്കം: 10, 1945

മാ​ർ​ച്ച് 19

28. ഭാ​ര​ത​ച​ന്ദ്രി​ക, വാ​ല്യം: 2, ല​ക്കം: 15, തി​രു​വ​ല്ല, 1945 ഏ​പ്രി​ൽ 30

29. The Statistics of Travancore, 28th Edition, Trivandrum, 1946-47, p. 470

30. മു​ൻ സൂ​ച​ന, പു. 482] 1947-48 (1123 ME

31. ​ഭാ​ര​ത​ച​ന്ദ്രി​ക, വാ​ല്യം: 2, ല​ക്കം 3, 1120

മ​ക​രം 9/ 1945 ജ​നു​വ​രി 22

32. ഭാ​ര​ത​ച​ന്ദ്രി​ക, വാ​ല്യം: 2, ല​ക്കം: 1, 1120

ധ​നു 25

33. ഭാ​ര​ത​ച​ന്ദ്രി​ക, വാ​ല്യം: 1, ല​ക്കം- 33, 1120

ചി​ങ്ങം 13

34. ഭാ​ര​ത​ച​ന്ദ്രി​ക, വാ​ല്യം: 1, ല​ക്കം 35, 1120

ക​ന്നി 2/ 1944 സെ​പ്റ്റം​ബ​ർ 18

News Summary - Haleema Beevi’s long struggle and final success