Begin typing your search above and press return to search.
proflie-avatar
Login

ഹലീമാ ബീവിയെന്ന നവോത്ഥാന വനിത

ഹലീമാ ബീവിയെന്ന   നവോത്ഥാന വനിത
cancel

പത്രാധിപ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും സ്ത്രീകളുടെ പുരോഗമനത്തിനും വേണ്ടി പ്രവർത്തിച്ച ഹലീമാ ബീവിയുടെ ചെറുപ്പകാലവും വിവാഹജീവിതവും പറയുകയാണ് ഇത്തവണ. വിദ്യാഭ്യാസം നേടാനായി സമൂഹത്തിൽനിന്ന് നേരിടേണ്ടി വന്ന തിക്താനുഭവങ്ങളും ‘മുസ്​ലിം വനിത’യുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പങ്കുവെക്കുന്നു. അധ്യായം -മൂന്ന് തമിഴ്നാട്ടിൽനിന്ന് വന്ന് കേരളത്തിൽ തങ്ങളുടെ ജീവിതമാർഗം കണ്ടെത്തിയ മുസ്​ലിം സമുദായമായിരുന്നു റാവുത്തർ സമൂഹം. അവിഭക്ത തിരുവിതാംകൂറിലെ കൊല്ലം, കോട്ടയം ഡിവിഷനിൽ ഉൾപ്പെട്ട കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, ഈരാറ്റുപേട്ട, പന്തളം, പത്തനംതിട്ട, പുനലൂർ, കൊട്ടാരക്കര, പത്തനാപുരം,...

Your Subscription Supports Independent Journalism

View Plans
പത്രാധിപ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും സ്ത്രീകളുടെ പുരോഗമനത്തിനും വേണ്ടി പ്രവർത്തിച്ച ഹലീമാ ബീവിയുടെ ചെറുപ്പകാലവും വിവാഹജീവിതവും പറയുകയാണ് ഇത്തവണ. വിദ്യാഭ്യാസം നേടാനായി സമൂഹത്തിൽനിന്ന് നേരിടേണ്ടി വന്ന തിക്താനുഭവങ്ങളും ‘മുസ്​ലിം വനിത’യുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പങ്കുവെക്കുന്നു.

അധ്യായം -മൂന്ന്

തമിഴ്നാട്ടിൽനിന്ന് വന്ന് കേരളത്തിൽ തങ്ങളുടെ ജീവിതമാർഗം കണ്ടെത്തിയ മുസ്​ലിം സമുദായമായിരുന്നു റാവുത്തർ സമൂഹം. അവിഭക്ത തിരുവിതാംകൂറിലെ കൊല്ലം, കോട്ടയം ഡിവിഷനിൽ ഉൾപ്പെട്ട കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, ഈരാറ്റുപേട്ട, പന്തളം, പത്തനംതിട്ട, പുനലൂർ, കൊട്ടാരക്കര, പത്തനാപുരം, ആദിക്കാട്ടുകുളങ്ങര, അടൂർ തുടങ്ങിയ സ്ഥലങ്ങളായിരുന്നു ഇവരുടെ ശക്തികേന്ദ്രങ്ങൾ. തിരുവിതാംകൂറിന്റെ പ്രധാനപ്പെട്ട ഒരു പാതയായി മാറിയ പുനലൂർ-കായംകുളം റോഡിെന്റ വശങ്ങളെല്ലാംതന്നെ റാവുത്തർ വിഭാഗങ്ങൾക്ക് ആധിപത്യമുള്ള പ്രദേശങ്ങളായി മാറി. റാവുത്തർ വിഭാഗങ്ങൾക്കൊപ്പംതന്നെ പ്രബലമായ നായർ-ക്രിസ്ത്യൻ വിഭാഗങ്ങളും ഇവിടെ പ്രാമാണിത്വം നേടിയിരുന്നു.

ആധുനിക കേരളത്തിൽ തലയെടുപ്പുള്ള പല മഹാന്മാർക്കും ജന്മംനൽകിയ ഒരു ഭൂമിയായിരുന്നു അടൂർ. ആ സ്ഥലനാമംതന്നെ പേരിനുകൂടെ ചേർത്ത പലരും നമുക്ക് ഇടയിലുണ്ട്. ഹാസസാഹിത്യത്തിന് മലയാളത്തിൽ പേരുണ്ടാക്കി നൽകിയ ഇ.വി. കൃഷ്ണപിള്ളയുടെ മകൻ സിനിമാരംഗത്തെ തിളങ്ങുന്ന താരമായിരുന്ന അടൂർ ഭാസി, നാടക സിനിമാരംഗത്ത് തിളങ്ങിനിന്ന സഹോദരിമാരായ അടൂർ ഭവാനി-അടൂർ പങ്കജം, സിനിമ സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ സാധിക്കും.

മാനവ സാഹോദര്യത്തിന്റെ വിളനിലമായി മാറിയ ഇത്തരം പ്രദേശങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടേതായ സാംസ്കാരിക വളർച്ചക്ക് പരസ്പരം കൈകോർത്ത് നിലനിന്നു. പ്രദേശത്തെ റാവുത്തർ മുസ്​ലിം സമുദായത്തിന് വിദ്യാഭ്യാസ-സൈനിക-പൊതു ഉദ്യോഗ മണ്ഡലങ്ങളിലും അതോടൊപ്പം വ്യാപാര-വാണിജ്യ മണ്ഡലങ്ങളിലും ഉയർന്ന സ്ഥാനങ്ങളിലേക്ക് എത്താൻ സാധിച്ചതിന്റെ മഹിത പാരമ്പര്യമാണുള്ളത്. അത്തരത്തിൽ ഒരു പാരമ്പര്യത്തിന്റെ വക്താവുകൂടിയായിരുന്നു ഹലീമാ ബീവി.

1918ൽ അവിഭക്ത തിരുവിതാംകൂറിലെ കൊല്ലം ഡിവിഷനിലുൾപ്പെട്ട അടൂരിലെ (ഇന്നത്തെ പത്തനംതിട്ട ജില്ല) കണ്ണങ്കോട് എന്ന പ്രദേശത്ത് ‘ചതുരവിളയിൽ’ എന്ന വീട്ടിലാണ് ഹലീമയുടെ ജനനം. മൈതീൻ ബീവി-പീർ മുഹമ്മദ് എന്നിവരായിരുന്നു മാതാപിതാക്കൾ. ഏഴു മക്കളായിരുന്നു ആ ദമ്പതികൾക്ക് ഉണ്ടായിരുന്നതെങ്കിലും അതിൽ രണ്ടുപേർ ചെറുപ്പത്തിലെ മരണപ്പെട്ടു. ശേഷിച്ച അഞ്ചു പേരിൽ മൂന്ന് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ഉൾപ്പെട്ടിരുന്നു. അതിൽ ഇളയ കുട്ടിയായിരുന്നു ഹലീമ.

കേരളത്തിൽ പരുവപ്പെട്ടു വന്ന നവോത്ഥാന പരിസരത്തിലാണ് അവർ തന്റെ വിദ്യാഭ്യാസമാരംഭിക്കുന്നത്. വിദ്യാഭ്യാസ കാര്യങ്ങൾക്ക് കൂടുതൽ പരിഗണന നൽകിവന്നിരുന്ന ജനത പാർത്തിരുന്ന പ്രദേശമെന്ന നിലയിൽ വിദ്യാലയങ്ങൾക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല. പെൺകുട്ടികളെ സ്കൂളിലേക്ക് പഠനത്തിന് അയക്കുന്ന കാര്യത്തിൽ മറ്റു സമുദായങ്ങൾക്ക് തടസ്സമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മുസ്​ലിംകളിലെ ഒരു വിഭാഗം അതിനൊരു അപ്രഖ്യാപിത വിലക്ക് കൽപിച്ചിരുന്നു.

അക്ഷരവൈരികളായ ചില യാഥാസ്ഥിതികരും പിന്തിരിപ്പന്മാരും എന്തുകൊണ്ടോ ഭൗതികവിദ്യാഭ്യാസത്തിന്റെ ആവശ്യകതയിൽനിന്നും സമുദായംഗങ്ങളെ അകറ്റിവന്നിരുന്നു. അവരിൽ പലരും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ല. വീടകങ്ങളിൽ അടുപ്പൂതികളായും പേറ്റുയന്ത്രങ്ങളായും ഒതുങ്ങിക്കഴിയേണ്ടുന്നവരാണ് സ്ത്രീകളെന്ന ചിന്താഗതിയാണ് അവരെ നയിച്ചിരുന്നതെന്ന് ഹലീമാ ബീവി എഴുതിയിട്ടുണ്ട്.

ഭർത്താവ് മരണപ്പെട്ടുവെങ്കിലും തന്റെ മക്കളിലൂടെ ഭൗതികമായ നേട്ടം ആഗ്രഹിച്ചിരുന്ന മൈതീൻ ബീവി തന്റെ എല്ലാ മക്കൾക്കും ആൺ-പെൺ വ്യത്യാസമില്ലാതെ, വിദ്യാഭ്യാസം നൽകണമെന്ന ആഗ്രഹക്കാരിയായിരുന്നു. ഹലീമയുടെ മൂത്ത സഹോദരിയെ സ്കൂളിൽ അയക്കാൻ തുടങ്ങിയ കാലത്ത് തന്നെ വിവിധ കോണുകളിൽനിന്ന് എതിർപ്പുകൾ നേരിട്ടു. എന്നാൽ, ആ മാതാവിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ എതിർപ്പുകൾക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. “ഹലീമാ ബീവിയുടെ ജീവിതം സുസൂക്ഷ്മം വിലയിരുത്തിയാൽ അതിന്റെ പടവുകളിൽ ഉടനീളം ദൃശ്യവും അദൃശ്യവുമായ കരുത്തായി ഉമ്മ മൈതീൻ ബീവിയെ കാണാം. ഇച്ഛാശക്തിയും ധൈര്യവും ചിന്താശേഷിയും ഒത്തിണങ്ങിയ അസാധാരണ പ്രതിഭയായിരുന്നു അവർ. അക്കാലത്തെ സാധാരണ മുസ്​ലിം സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ തിളങ്ങുന്ന താരം തന്നെയായിരുന്നു... ഹലീമാ ബീവിയെന്ന മഹാവൃക്ഷം വളർന്നത് മൈതീൻ ബീവി എന്ന വളക്കൂറുള്ള മണ്ണിൽ വേരുകളാഴ്ത്തിയായിരുന്നു.”9

അടൂരിൽ സ്ഥാപിതമായ നായർ സർവിസ് സൊസൈറ്റിയുടെ വക സ്കൂളിലായിരുന്നു ഹലീമ തന്റെ വിദ്യാഭ്യാസം നിർവഹിക്കുന്നത്. അക്കാലത്ത് സർക്കാർ ഉത്തരവ് പ്രകാരം പെൺകുട്ടികൾക്ക് പകുതി ഫീസ് മാത്രം നൽകിയാൽ മതിയായിരുന്നു. തന്റെ തൊട്ടു മുകളിലുള്ള സഹോദരി ഹുസൈൻ ബീവിയും (മരണം CE.1973) ഒന്നിച്ചായിരുന്നു ഹലീമ പള്ളിക്കൂടത്തിൽ പോയിരുന്നത്. അഞ്ചുപേരിൽ ഏറ്റവും മൂത്ത സഹോദരി സ്കൂൾ വിദ്യാഭ്യാസം ചെയ്ത ശേഷം ഉമ്മക്ക് സഹായിയായി പിന്നീട് പഠനം ഉപേക്ഷിച്ച് ഗൃഹപ്രവൃത്തി സ്വീകരിച്ചു.

എം.എം. സാഹിബെന്നു സ്നേഹപൂർവം വിളിച്ചിരുന്ന മൂത്ത സഹോദരൻ മുഹമ്മദ് മൈതീൻ (മരണം CE. 1975) ഹലീമാ ബീവിക്ക് എന്നും ഒരു പിന്തുണയായി നിലനിന്നിരുന്നു. മറ്റൊരു സഹോദരൻ നാടുവിട്ട് പോയി പുറംവാസിയായി താമസം നടത്തിവന്ന കാര്യം ‘ചന്ദ്രിക’ക്ക് നൽകിയ അഭിമുഖത്തിൽ ഹലീമാ ബീവി പറയുന്നുണ്ട്. മുസ്തഫ (മരണം CE.1981) എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. മദ്രാസിലും ബർമയിലും കഴിഞ്ഞുവന്ന അദ്ദേഹം പുറംനാട്ടുകാരിയായി വനിതയെ വിവാഹം കഴിച്ചു. ഇടക്കിടെ ബന്ധുക്കളെ സന്ദർശിച്ചുവന്നിരുന്ന അദ്ദേഹം അവസാനകാലം മദ്രാസിലാണ് ചെലവഴിച്ചത്.

സ്കൂളിൽ പഠിക്കുന്ന കാലം (1925 -1931) മുതൽ തന്നെ മുസ്​ലിം സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി പ്രയത്നിക്കണമെന്ന അദമ്യമായ ആഗ്രഹം ഹലീമയിൽ നാമ്പെടുത്തിരുന്നു. അതിനവർക്ക് പ്രചോദനമായത് ആ കാലഘട്ടത്തിൽ തന്റെ സ്കൂളിൽ പ്രവർത്തിച്ചുവന്നിരുന്ന നായർ സർവിസ് സൊസൈറ്റിയുടെ വനിതാ വിഭാഗമായിരുന്നു എന്നവർ പറയുന്നുണ്ട്: ‘‘...മുസ്​ലിം സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ മോഹമുണ്ടായിരുന്നു. അന്ന് സ്കൂളിൽ എൻ.എസ്.എസിന്റെ വനിത വിഭാഗം വളരെ സജീവമായി പ്രവർത്തിച്ചിരുന്നു. അതിൽ പ്രവർത്തിച്ചിരുന്ന പലരും എന്റെ കൂട്ടുകാരികളായിരുന്നു. മുസ്​ലിം പെൺകുട്ടിയായിരുന്നതിനാൽ യോഗത്തിനൊന്നും എന്നെ കൂട്ടിയില്ല... പക്ഷേ, എന്നെ വിളിച്ചില്ലെങ്കിലും ഞാൻ പോകും, യോഗം നടക്കുന്ന മുറിക്ക് പുറത്തിരുന്ന് ശ്രദ്ധാപൂർവം കേൾക്കും. സത്യത്തിൽ നമ്മുടെ സ്ത്രീകൾക്കിടയിലും ഇത്തരം പ്രവർത്തനങ്ങൾ ഒക്കെ നടത്തണമെന്ന് തോന്നിത്തുടങ്ങിയത് അക്കാലത്താണ്.”10

ഏഴാം ക്ലാസുവരെ മാത്രമേ ഹലീമക്ക് പഠിക്കാൻ സാധിച്ചുള്ളൂ. എന്നാൽ, വായനയിലൂടെയും തുടരന്വേഷണങ്ങളിലൂടെയും മത- സാമൂഹിക വിഷയങ്ങളിൽ കൂടുതൽ ആഴത്തിലുള്ള അറിവും കൃത്യമായ ഉൾക്കാഴ്ചയും അവർ നേടി.

 

‘‘ഇസ്​ലാമിന്റെ കൽപനകളെ ബഹുമാനിക്കാതെ കാഫിരിച്ചികളെ പോലെ പള്ളിക്കൂടത്തിൽ പഠിക്കാൻ പോകുന്ന പഹച്ചികളെല്ലാം നരകത്തിലാണ്. അവർക്ക് ഫാത്തിമ ബീവിയുടെ ശഫാഅത്ത് കിട്ടുകയോ അവർ സുബർക്കത്തിൽ കടക്കുകയോ ഇല്ല.’’ കുട്ടിയായിരുന്ന ഹലീമയെ ഇരുത്തി ചിന്തിപ്പിച്ച വാക്കുകളാണിവ. പരമ്പരാഗത മതപണ്ഡിതന്മാരുടെ രാപ്രസംഗങ്ങളിൽനിന്നും അവർ ശ്രവിച്ച ഇത്തരം വാക്കുകൾ അവരുടെ മനസ്സിൽ കൊണ്ടുവന്ന ചിന്തകളാണ് സ്ത്രീ വിദ്യാഭ്യാസ-അവകാശ സംരക്ഷണകാര്യങ്ങളിലും മറ്റും കൂടുതൽ ഇടപെടാൻ അവരെ പ്രേരിപ്പിച്ചത്.

വിദ്യാഭ്യാസം ചെയ്യുന്ന മുസ്​ലിം സ്ത്രീകൾ തെറ്റുകാരാണെന്നും അവരുടെ പ്രവൃത്തികൾ ദൈവകോപത്തിനിടയാക്കുമെന്നുമുള്ള പഴഞ്ചൻ ചിന്തകൾ നിരവധി സ്ത്രീകളെ പിടികൂടിയിരുന്നു. അത്തരം ചിന്തകളെ മാറ്റിയെടുക്കുന്നതിന് നിരന്തരമായ വായനയും ലോകപരിചയവും ആവശ്യമാണെന്ന ബോധം സ്ത്രീകളിൽ വളർത്തിയെടുക്കണമെന്ന കാഴ്ചപ്പാട് അവരിൽ വളർന്നുവന്നു. അതിന് അവരെ പ്രാപ്തമാക്കുന്നതിന് അക്കാലത്തെ സാമൂഹിക മതപരിഷ്കർത്താക്കളുടെ പങ്ക് വളരെ വലുതായിരുന്നു.

വക്കം മൗലവി ഉൾപ്പെടെയുള്ള പരിഷ്കൃതാശയക്കാരായ പണ്ഡിതന്മാർ അവരിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. വക്കത്തുനിന്നും ഉറവകൊണ്ട പ്രതിപാരമ്പര്യവാദത്തിൽ ഊന്നിയ സമുദായ ശുദ്ധീകരണത്തിന്റെ വക്താക്കളുടെ വാക്കുകൾക്ക് അവർ വലിയ വില കൽപിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ അറബ്-ഇസ്​ലാമിക ലോകത്ത് നടന്നുവന്ന പരിഷ്കരണ (ഇസ്​ലാഹി) പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സയ്യിദ് ജലാലുദ്ദീൻ അഫ്ഗാനി, സയ്യിദ് ഹാലിം പാഷ, ഇബ്നു തമിയ്യ, മുഹമ്മദ് അബ്ദ, സർ സയ്യിദ് അഹ്മദ് ഖാൻ തുടങ്ങിയവരുടെ ആശയങ്ങൾ അവർക്ക് കൂടുതൽ മനസ്സിലാക്കാൻ തുടങ്ങിയതും അവരിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. സ്ത്രീ വിദ്യാഭ്യാസകാര്യങ്ങളിൽ സമുദായം വെച്ചുപുലർത്തിയിരുന്ന പല കാര്യങ്ങളും പൊള്ളയായതും കാലത്തിന് അതിജീവിക്കാൻ കഴിയുന്നതുമാണെന്നബോധം അവർക്ക് കൈവന്നു. മാമൂൽ പ്രിയരായ പണ്ഡിതന്മാർ പറഞ്ഞുവരുന്ന പല കാര്യങ്ങളെയും സമുദായ ശുദ്ധീകരണവാദികൾ തള്ളിക്കളയുന്നുണ്ടെന്ന ചിന്ത ഹലീമയിൽ മാറ്റങ്ങൾ കൊണ്ടുവന്നു.

തന്റെ യൗവനകാലത്ത് തന്നെ ഇസ്​ലാമിന്‍റെ ശരിയായ ആശയങ്ങൾ പ്രത്യേകിച്ചും സ്ത്രീകളുടെ വിദ്യാഭ്യാസം, അവകാശങ്ങൾ, പൊതുവിടങ്ങളിലെ സ്ത്രീകളുടെ ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ എങ്ങനെയൊക്കെയായിരിക്കണം എന്നന്വേഷിച്ചറിയാൻ തുടങ്ങിയിരുന്നു. വിവിധ സ്ഥലങ്ങളിൽനിന്നും പ്രസിദ്ധീകരിച്ചുവന്നിരുന്ന മാസികകളും ഗ്രന്ഥങ്ങളും ഇത്തരം കാര്യങ്ങളിൽ അവർക്കൊരു ആശ്രയമായി മാറി. സ്ത്രീ വിദ്യാഭ്യാസ കാര്യങ്ങളിൽ പൗരോഹിത്യം പിന്തുടർന്നിരുന്ന പിന്തിരിപ്പൻ നയങ്ങൾ ത്യജിക്കപ്പെടേണ്ടതാണെന്ന തോന്നൽ അവരിൽ നാമ്പെടുത്തിരുന്നു. പരിഷ്കൃതാശയങ്ങൾ വെച്ചുപുലർത്തി വന്നിരുന്ന ഇടവയിലെ ‘ബറക്കാത്തുൽ മുസ്​ലിമീൻ’ എന്ന സംഘടന പുറത്തിറക്കിയ ‘സ്നേഹോപഹാരം’ എന്ന ഗ്രന്ഥത്തിൽ മുസ്​ലിം സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ച് വന്ന ലേഖനം വായിച്ചപ്പോൾ അത്തരം കാര്യങ്ങളിൽ തനിക്ക് കുറച്ചൊക്കെ വ്യക്തത വന്നുവെന്ന് ഹലീമാ ബീവി പറയുന്നുണ്ട്.

തിരുവിതാംകൂറിൽ മാത്രമല്ല, കൊച്ചിയിലും മലബാറിലും സമുദായശുദ്ധീകരണ ആഹ്വാനങ്ങൾ നടക്കുന്നത് അവർ ശ്രദ്ധിക്കുകയുണ്ടായി; സ്ത്രീവിദ്യാഭ്യാസ കാര്യങ്ങളിൽ പ്രത്യേകിച്ചും. ഹലീമയുടെ ചിന്തയെയും പ്രവർത്തനങ്ങളെയും സ്വാധീനിച്ച പ്രധാന മാസികകളിലൊന്നാണ് തിരൂരങ്ങാടിയിൽനിന്നും കെ.എം. മൗലവിയുടെ പത്രാധിപത്യത്തിൽ, 1935 മുതൽ 1939 വരെ, പുറത്തുവന്നിരുന്ന ‘അൽ മുർഷിദ്’ എന്ന അറബി-മലയാള മാസിക: “കേവലം ഒരു വിദ്യാർഥിനിയായിരുന്ന കാലത്ത് അറബി-മലയാളം ശരിക്കും വായിക്കാൻ പരിചയമില്ലാത്ത അന്ന്, ‘അൽ മുർഷിദ്’ വായിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി.

അറബി-മലയാള ലിപികൾ വായിക്കാൻ ഉണ്ടായിരുന്ന വിഷമത്തേക്കാൾ പതിന്മടങ്ങ് വിഷമമായിരുന്നു ആദ്യകാലങ്ങളിൽ അതിലെ പ്രതിപാദ്യവിഷയങ്ങൾ ഗ്രഹിക്കാൻ. കാരണം ഇസ്​ലാമിക വിഷയങ്ങളിലുള്ള പരിജ്ഞാനക്കുറവ് തന്നെ. ഈ പരമാർഥം എന്നെമാത്രം ബാധിക്കുന്ന ഒന്നായിരുന്നില്ല. എന്റെ ചുറ്റുപാടുമുള്ള എല്ലാ മുസ്​ലിം സഹോദരികളും എന്നെപ്പോലെ തന്നെ ഇസ്​ലാമിക വിജ്ഞാനവുമായി ഒരു ബന്ധവുമില്ലാതെ ഇസ്‍ലാമിന്റെ പേരിൽ കുറെ പുരാണങ്ങൾ മാത്രം പഠിച്ചുകഴിഞ്ഞ് കൂടുന്നവരായിരുന്നു. ആ നിലക്ക് ഒരു മാറ്റം ഞങ്ങളിൽ പലർക്കും സംജാതമാകുന്നതിന് ‘അൽ മുർഷിദ്’ സഹായകമായി തീർന്നു.”11

പുരോഗമനാശയങ്ങൾ പറയുന്ന നിരവധി പംക്തികൾ ഇതിൽ കൊണ്ടുവന്നിരുന്നു. അതിന്റെ ലിപി അറബി-മലയാളമാക്കിയതിനെ കുറിച്ച് പ്രസാധകർ പറയുന്നത്: “കേരള മുസ്​ലിംകളിൽ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവരെ അപേക്ഷിച്ച് അറബി-മലയാളം അറിയുന്നവരുടെ എണ്ണം വളരെയധികമാണ്. വിശേഷിച്ചും പുരുഷന്മാരെപോലെ തന്നെ മുസ്​ലിം സ്ത്രീകൾക്കും അറബി-മലയാളം വായിക്കാൻ സാധിക്കും.”

തുടർച്ചയായി ഇത്തരം പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുന്ന മാസികകൾ വായിക്കുക വഴി തങ്ങളുടെ ഇടയിൽ മതാചാരമായി കണക്കാക്കി വന്നിരുന്ന പല ആചാരങ്ങളും വിശ്വാസങ്ങളും നിരർഥകമാണെന്ന തിരിച്ചറിവ് ഹലീമാ ബീവിയിൽ ഉണ്ടായി. മാത്രമല്ല, മുസ്​ലിം സ്ത്രീവിദ്യാഭ്യാസത്തെ മുന്നോട്ടുനയിക്കുന്ന പരമപ്രധാനമായ പല ആശയങ്ങളും ലഭ്യമാക്കുന്നതിന് ഇത്തരം മാസികകളുടെ വായന അവരെ പ്രാപ്തയാക്കി. പിൽക്കാലത്ത് ഹലീമയുടെ ഭർത്താവായി മാറിയ കെ.എം. മുഹമ്മദ് പിള്ളയും (മുഹമ്മദ് മൗലവി) അത്തരത്തിലൊരു പാരമ്പര്യത്തിന്റെ വക്താവായിരുന്നതും അവരെ കൂടുതൽ ഉണർവിലേക്ക് നയിക്കുന്നതിന് ഇടനൽകി.

വിവാഹം

കോതമംഗലത്തിനടുത്ത് പല്ലാരിമംഗലക്കാരനായ കെ.എം. മുഹമ്മദ് പിള്ള (CE.1908-1992)യിൽ ഹലീമാ ബീവി തന്റെ ജീവിത പുരോഗതി കണ്ടെത്തി, പങ്കാളിയായി. പുരോഗമന ചിന്താഗതിക്കാരനും വക്കം മൗലവിയുടെ പരിഷ്കൃതാശയങ്ങളിൽ ഉൾപ്പെടെ താൽപര്യക്കാരനും അടൂർ ഡിപ്പാർട്മെന്‍റൽ പ്രൈമറി സ്കൂളിലെ അറബി അധ്യാപകനുമായിരുന്ന (മുൻഷി) മുഹമ്മദ് മൗലവിയെ തന്‍റെ സഹോദരിക്കുവേണ്ടി കണ്ടെത്തിയത് മുഹമ്മദ് മൈതീൻ സാഹിബായിരുന്നു.

1935ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം അടൂരിൽ താമസമാക്കിയ വേളയിൽ മുഹമ്മദ് മൗലവിക്ക് തിരുവല്ലയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. തുടർന്ന്, ഹലീമാ ബീവി ഭർത്താവിന്റെ ജോലിസ്ഥലമായ തിരുവല്ലയിലേക്ക് പറിച്ചുനടപ്പെട്ടു. 1937-1949 വരെയുള്ള 12 വർഷക്കാലം പൊതുസേവനവും പത്രപ്രവർത്തനവുമായി അവർ തിരുവല്ലയിലാണ് ചെലവഴിച്ചത്. ഇടക്ക് കുറച്ചുനാൾ മുസ്​ലിം വനിതാ പ്രസിന്റെ പ്രവർത്തനങ്ങൾക്കായി അടൂരിലും താമസിച്ചിരുന്നു.

മുസ്​ലിംകളുടെ വിദ്യാഭ്യാസ സാമൂഹിക പരിഷ്കരണരംഗങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന മുഹമ്മദ് മൗലവിയുമായുള്ള വിവാഹത്തോടെ സമുദായശുദ്ധീകരണ പരിശ്രമങ്ങളിൽ അവർ കൂടുതൽ ശ്രദ്ധാലുവായി തുടങ്ങി. 1992ൽ വാർധക്യസഹജമായ അസുഖങ്ങൾമൂലം കെ.എം. മുഹമ്മദ് പിള്ള മരണമടയുന്നതുവരെ ഹലീമാ ബീവി എന്ന ‘നവോത്ഥാന വനിത’യുടെ പ്രേരകശക്തിയായി അദ്ദേഹം വർത്തിച്ചു. ‘മുസ്​ലിം വനിത’ മാസിക ആരംഭിക്കാനുള്ള പ്രേരണ നൽകിയത് സ്വഭർത്താവായിരുന്നുവെന്ന് അവർ രേഖപ്പെടുത്തിയിട്ടുണ്ട്: “മുസ്​ലിം സ്ത്രീകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചും അവക്കുള്ള പരിഹാരമാർഗങ്ങളെ കുറിച്ചും മുസ്​ലിം സ്ത്രീകളെ ബോധവതികളാക്കാൻ ഒരു പ്രസിദ്ധീകരണം ആവശ്യമാണെന്ന് പറഞ്ഞ് എന്നിൽ താൽപര്യം ഉണർത്തിയത് ഭർത്താവായിരുന്നു.12

അധ്യായം -4

രണ്ടാം ഘട്ടം

- ‘മുസ്​ലിം വനിത’ അച്ചുകൂടത്തിൽനിന്നും

സമുദായാംഗങ്ങളിൽ പൊതുവെയും മുസ്​ലിം സ്ത്രീകളുടെ ഇടയിൽ വലിയ ഓളമുണ്ടാക്കാൻ ‘മുസ്​ലിം വനിത’ക്ക് സാധിച്ചു. മലയാള പ്രസിദ്ധീകരണ രംഗത്ത് പ്രവർത്തിക്കുന്ന പല സ്ത്രീകളുടെയും ഉപദേശങ്ങളും അഭിപ്രായങ്ങളും, ഒപ്പംതന്നെ സമുദായ പരിഷ്കർത്താക്കളുടെ നിർദേശങ്ങളും സ്വീകരിച്ചുകൊണ്ട് തന്റെ പത്രികയെ ഹലീമാ ബീവി മുന്നോട്ട് കൊണ്ടുപോയി. അങ്ങനെ ‘മുസ്​ലിം വനിത’ മാസിക 12 ലക്കങ്ങൾ പിന്നിട്ടശേഷം രണ്ടു മാസത്തെ ഇടവേള എടുത്തിട്ടാണ് ‘മുസ്​ലിം വനിത’യുടെ രണ്ടാംഘട്ടം അടൂരിൽനിന്നാരംഭിക്കുന്നത്. കൊ.വ. 1114 ഇടവ(1939 CE)ത്തിലാണ് രണ്ടാം പുസ്തകത്തിന്റെ ഒന്നാം ലക്കം പുറത്തുവന്നത്. ജന്മനാട് കേന്ദ്രമാക്കിക്കൊണ്ട് സ്വന്തമായി ഒരു അച്ചുകൂടവും ഓഫിസും എന്ന ലക്ഷ്യത്തിലേക്ക് ഹലീമാ ബീവി ക്രമേണ നടന്നെത്തി.

അതിലേക്കായി സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യർഥനകളും പരസ്യങ്ങളും തന്റെ മാസികയുടെ പുറങ്ങളിൽ നിരന്തരം നൽകിവന്നിരുന്നു. എന്നാൽ, കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മുസ്​ലിംകൾ അതിനെ വലിയ രീതിയിൽ പിന്തുണച്ചില്ല. തുടർന്ന്, അതിനായുള്ള അഭ്യർഥന കടൽ കടന്നു. അക്കാലത്ത് ജോലിസംബന്ധമായി സിംഗപ്പൂരിലായിരുന്ന തന്റെ സഹോദരൻ മുഹമ്മദ് മൈതീന്റെ താൽപര്യപ്രകാരം, പുറംവാസജീവിതം നയിക്കുന്ന സിംഗപ്പൂരിലെ മലയാളികളുടെ മുന്നിലേക്ക് ഹലീമാ ബീവി സഹായഹസ്തവും നീട്ടിയെത്തി; ആ പ്രതീക്ഷക്കൊത്ത് സിംഗപ്പൂർ മലയാളികൾ ഉയർന്നു.

 

അവരിൽനിന്ന് പിരിച്ചെടുത്ത പണം ഉപയോഗിച്ചുകൊണ്ടാണ് അടൂർ കേന്ദ്രമാക്കി മുസ്​ലിം വനിതാ പ്രസിന്റെ ആരംഭം. പുതിയ അച്ചുകൂടത്തിൽനിന്നും ആദ്യലക്കം പുറത്തുവന്നപ്പോൾതന്നെ അതിനുള്ള കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ‘വനിതഭാഷണം’ എന്ന പംക്തിയിൽ പത്രാധിപർ ഹലീമാ ബീവി എഴുതി: “...ഒമ്പതുലക്ഷം മുസ്​ലിം സ്ത്രീകളുടെ ഏകജിഹ്വയായ വനിതയുടെ നേർക്ക് ആ വന്ദ്യ സഹോദരങ്ങൾ പ്രദർശിപ്പിച്ച ഔദാര്യവും കരുണയും സമുദായത്തിനുള്ള ഒരു നിസ്തുല സേവനമാണ്.”13

തുടർന്നുള്ള ലക്കങ്ങളിൽ സിംഗപ്പൂരിൽനിന്നും ടി.എം. മുഹമ്മദ് അബ്ദുൽ ഖാദർ മുഖാന്തരം സ്വീകരിച്ച സംഭാവനയുടെ നീണ്ട ലിസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു പൊതുകാര്യനന്മ ലക്ഷ്യമാക്കി നാനാ ജാതിമതസ്ഥർ അതിൽ പങ്കുകൊണ്ടതായും ആ പട്ടികയിൽനിന്നും മനസ്സിലാക്കാവുന്നതാണ്. അടൂർ കേന്ദ്രമാക്കി പുതിയതായി ആരംഭിച്ച പ്രസിൽ ഉപകരണങ്ങളും മറ്റും സജ്ജീകരിക്കുന്നതിൽ വന്ന കാലതാമസംകൊണ്ട് രണ്ടുമാസക്കാലം മാസിക മുടങ്ങുകയുണ്ടായിയെന്ന് സൂചിപ്പിച്ചുവല്ലോ?

അതിനുള്ള ക്ഷമാപണത്തോടൊപ്പം വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ മാസികയെ കുറച്ചുകൂടി വലുപ്പത്തിലും മനോഹരവുമാക്കി മാറ്റുന്നതിനും ഒപ്പം ആഴ്ചതോറും പുറത്തിറങ്ങുന്ന തരത്തിൽ പരുവപ്പെടുത്താനുമുള്ള താൽപര്യം ഒരു കുറിപ്പിലൂടെ പത്രാധിപ മുന്നോട്ട് വെക്കുന്നുണ്ട്. കൂടാതെ, മുസ്​ലിം സ്ത്രീകൾക്കായി ഇത്തരത്തിൽ ഒരു മാസികയാരംഭിച്ചപ്പോൾ ആരുംതന്നെ വരിസംഖ്യയൊടുക്കാൻ താൽപര്യം കാണിക്കാതെ നിന്നതിനെക്കുറിക്കുന്ന പരിഭവം അവർ പ്രകടിപ്പിക്കുന്നുണ്ട്: “ആരംഭത്തിൽ ആറ് ലക്കങ്ങളെങ്കിലും ഇറങ്ങുമെന്ന് വിശ്വസിച്ചുള്ളവർ വിരളമാണ്. മാസികയുടെ അകാല മരണത്തെ ഭയന്ന് വരിസംഖ്യ തരാൻ വൈമനസ്യം കാണിച്ചുകൊണ്ടിരുന്നവരും കുറവല്ല.”14

അങ്ങനെ ആദ്യഘട്ട അച്ചടി നടത്തി വന്നിരുന്ന തിരുവല്ലയിലെ എൻ.എസ്.എസ് അച്ചുകൂടത്തോടുള്ള ബന്ധം അവസാനിപ്പിച്ച് അടൂരിൽനിന്നും ‘മുസ്​ലിം വനിത’യുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഈ കാലയളവിൽ ‘മുസ്​ലിം വനിത’ക്ക് ലഭിച്ച മഹത്തരമായ ഒരു സാമ്പത്തിക സംഭാവനയെന്ന നിലയിൽ പത്രാധിപ എടുത്തുകാണിക്കുന്നത്, തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന റീജന്റ് റാണി സേതുലക്ഷ്മി ബായി നൽകിയതാണ്. മുസ്​ലിം വനിതകളുടെ ക്ഷേമത്തിനായി ഇടപെട്ടു വന്നിരുന്ന മാസികക്ക് പത്ത് രൂപയാണ് അവർ സംഭാവനയായി എത്തിച്ചുകൊടുത്തത്. അക്കാലത്തെ പത്തുരൂപയുടെ മൂല്യം ഇന്ന് പറഞ്ഞറിയിക്കാൻ തന്നെ പ്രയാസമാണ്. ആ മഹത്തായ ഇടപെടലിനെ പ്രത്യേകം രേഖപ്പെടുത്താനായി ഒരു കോളം വാർത്തയായി ‘മുസ്​ലിം വനിത’യിൽ അച്ചടിച്ചു വന്നു.

അത് ഇങ്ങനെ വായിക്കാം: “വഞ്ചിരാജ്യവസുന്ധരയെ അനന്യസാധാരണമായ ധിഷണാസാമർഥ്യത്തോടെ ഭരിച്ച് അനശ്വരയശസ്വനിയായി പരിലസിക്കുന്ന സീനിയർ മഹാറാണി തിരുമനസ്സുകൊണ്ട് മുസ്‌ലിം വനിതയ്ക്ക് സംഭാവനയായി കൽപിച്ച് അനുവദിച്ചു തന്ന 10 രൂപയും സന്തോഷ സമേതം കൈപ്പറ്റി നന്ദിപറയുകയും, അവിടത്തെ പാവന ജീവിതാരാമം സൗഭാഗ്യത്തിന്റെ സുപ്രഭാത സുസ്മേരമാകുന്ന പൊന്നൊളിക്കതിർ വീശി സർവസൗഭാഗ്യ സംപൂർണയായി ചിരകാലം ജീവിച്ചിരിക്കുന്നതിന് സർവശക്തനായ അല്ലാഹുവിനോടു ഞങ്ങൾ പ്രാർഥിക്കുകയും ചെയ്തുകൊള്ളുന്നു.”

‘മുസ്​ലിം വനിത’യും മതവിദ്യാഭ്യാസവും

‘മുസ്​ലിം വനിത’യുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായി കണക്കാക്കി വന്നിരുന്നത് സാമൂഹിക മുന്നേറ്റത്തിൽ പ്രത്യേകിച്ചും സ്ത്രീയവസ്ഥ മെച്ചപ്പെടുത്താൻ തങ്ങളാൽ കഴിയുന്നവ ചെയ്യണമെന്നതായിരുന്നു. അതിനാൽ, ആദ്യ ലക്കം മുതൽതന്നെ സമുദായശുദ്ധീകരണം, അന്ധവിശ്വാസ നിർമാർജനം, സ്ത്രീജന വിദ്യാഭ്യാസം എന്നിവ ലക്ഷ്യംവെച്ചുകൊണ്ടുള്ള പംക്തികൾ അവർ ആരംഭിച്ചിരുന്നു. അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരായ കരങ്ങളെ തന്നെ ഭരമേൽപിക്കുകയും ചെയ്തിരുന്നു. സ്ത്രീകളെ പ്രത്യേകിച്ചും മുസ്​ലിം സ്ത്രീകളെ സാമൂഹികമായി പരിവർത്തനപ്പെടുത്തുകയെന്നത് ആ കാലഘട്ടത്തിൽ വളരെ ശ്രമകരമായ ഒരു ദൗത്യമായിരുന്നു.

വളരെ പരിതാപകരമായ അവസ്ഥയിലായിരുന്ന മുസ്​ലിം സ്ത്രീകളെ ഉദ്ധരിക്കുന്നതിന് മതവിജ്ഞാനവും ഭൗതികവിജ്ഞാനവും സംയോജിപ്പിച്ചുകൊണ്ടുള്ള ശ്രമമാണ് മാസിക നടത്തിയത്. മതവിജ്ഞാനത്തിലൂടെ ഭൗതികവിദ്യാഭ്യാസത്തിലേക്ക് സ്ത്രീകളെ നയിക്കുക എന്ന രീതിയായിരുന്നു അവർ കൈക്കൊണ്ടത്. 1959 സെപ്റ്റംബർ അഞ്ചിൽ പുറത്തുവന്ന ‘അൽമനാർ’ എന്ന മലയാളം മാസികയിൽ ഇത് സംബന്ധമായി ഹലീമാ ബീവി എഴുതി:

“തിരുവിതാംകൂറിനെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസനില സാമാന്യം തൃപ്തികരമായിരുന്നു. എന്നാൽ, മതവിജ്ഞാനത്തിലും ഇസ്​ലാമിക ആചാരമര്യാദകളിലും മലബാറിനെ അപേക്ഷിച്ച് തിരുവിതാംകൂറിലെ സ്ത്രീകൾ പിന്നണിയിലായിരുന്നു. അതുകൊണ്ടാണ് സാമൂഹികപരിഷ്കരണങ്ങളുടെ കൂട്ടത്തിൽ മതവിജ്ഞാനത്തിന് ‘മുസ്​ലിം വനിത’യിൽ ഒരു പംക്തി ആരംഭിച്ചത്. ‘മുസ്​ലിം വനിത’യുടെ പുറപ്പാട് തന്നെ മതവിരുദ്ധമായി മുദ്രയടിച്ച യാഥാസ്ഥിതികർ മതകാര്യംകൂടി കൈകാര്യം ചെയ്യുന്നുവെന്നറിഞ്ഞപ്പോൾ അമർഷംകൊണ്ട് വിമർശനത്തിനും അധിക്ഷേപത്തിനും മുന്നോട്ടുവന്നു.”15

എന്നാൽ, തന്റെ ഉദ്യമത്തിന് ഉറച്ച പിന്തുണ നൽകിക്കൊണ്ട് പ്രഗല്ഭരായ ചിലർ മുന്നോട്ടുവന്നു. കെ.എം. മൗലവി, ഇ.കെ. മൗലവി തുടങ്ങിയ പ്രതിപാരമ്പര്യവാദികളായിരുന്നു അവരിൽ പ്രമുഖർ. സ്വഭർത്താവിന്റെ പൂർണ പിന്തുണയും അതിനോടൊപ്പം ചേർത്ത് പറയേണ്ടതുണ്ട്. ‘മുസ്​ലിം വനിത’യുടെ ആറു ലക്കങ്ങൾ പുറത്തുവന്നു കഴിഞ്ഞപ്പോഴേക്കും യാഥാസ്ഥിതിക ലോകത്തിന്റെ ഭർത്സനം ഉച്ചകോടിയിലേക്കെത്തി. മതസംബന്ധമായ ചില തർക്ക വിഷയങ്ങളും മറ്റും മാസികയിൽ അച്ചടിച്ച് വന്നതും അതിനുമേൽ പൊതുവായ ചർച്ചകൾ നടക്കുന്നതുമെല്ലാം അതിന് ഹേതുവായി മാറി. ഒരു സ്ത്രീയാണ് മാസികയുടെ പിന്നിലുള്ളതെന്നതും അവരെ പ്രകോപിപ്പിച്ചു.

അക്കാലത്ത് മാസികയുടെ ആശ്രയമായി മാറിയത് പരിഷ്കരണവാദിയായ കെ.എം. മൗലവിയുടെ പിന്തുണയാണെന്ന് ഹലീമാ ബീവി ഓർക്കുന്നു. അദ്ദേഹം നേരിട്ട് തങ്ങളുടെ പത്രമോഫിസിൽ വരുകയും രണ്ടുദിവസം അവിടെ താമസിച്ച് മാസികയുടെ മുന്നോട്ടുള്ള യാത്രയിൽ പാലിക്കേണ്ട നയപരമായ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. എടുത്തുചാടി കൂടുതൽ കുഴപ്പങ്ങളിലേക്ക് പോകാതെ സംയമനത്തോടുകൂടി ഇടപെടണമെന്നും തർക്കവിഷയങ്ങൾ ഒഴിവാക്കിക്കൊണ്ട് രമ്യമായി മുന്നോട്ടു പോയാൽ കാലക്രമേണ ഗുണമായി ഭവിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. തുടർന്ന് മതപരമായ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ തർക്കവിഷയങ്ങൾ കഴിവതും ഒഴിവാക്കുന്നതിന് പത്രാധിപ തയാറായി. എന്നിരുന്നാലും സമുദായശുദ്ധീകരണ, സ്ത്രീമുന്നേറ്റ ദൗത്യങ്ങളിൽനിന്നും അവർ ഒട്ടുംതന്നെ പിന്നാക്കം പോയതുമില്ല.

സമകാലിക മാസികകളിൽ പ്രത്യക്ഷപ്പെടുന്ന തരത്തിലുള്ള കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവക്ക് പുറമേ, മതകാര്യ ബോധനങ്ങൾ, ശിശു പരിപാലനം, ഭാര്യ-ഭർതൃ ബന്ധം, നീതിബോധനം, അടുക്കള കുറിപ്പുകൾ, നർമ പംക്തികൾ തുടങ്ങിയ നിരവധി വിഭവങ്ങൾ അതിൽ പ്രത്യക്ഷപ്പെട്ടു. മിക്കപ്പോഴും മുസ്​ലിം സമുദായശുദ്ധീകരണത്തിൽ ഊന്നിനിന്നുള്ള -അന്ധവിശ്വാസ, അനാചാരങ്ങൾ ഒഴിവാക്കൽ, സ്ത്രീ-പുരുഷ ബന്ധത്തിന്റെ ഇഴയടുപ്പം വർധിപ്പിക്കൽ, കുടുംബങ്ങളെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത തുടങ്ങിയ- നിരവധി പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന വേദിയായി മാസിക മാറി. എന്നാൽ, തന്റെ ഭർത്താവിന് ജോലിസംബന്ധമായി വന്നുചേർന്ന സ്ഥാനചലനം കുടുംബജീവിതത്തെ ബാധിക്കുന്നുവെന്ന് അവർ തിരിച്ചറിഞ്ഞ അവരെ അടൂരിൽനിന്ന് തന്റെ പത്രികയുടെ പ്രവർത്തനം തിരുവല്ലയിലേക്ക് മാറ്റുന്നതിന് പ്രേരിപ്പിച്ചു.

 

തുടർന്ന് അടൂരിൽ നടത്തിവന്നിരുന്ന ‘മുസ്​ലിം വനിത’ പ്രസിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയും മാസികയുടെ ഓഫിസും അച്ചടിയും തിരുവല്ലയിലേക്ക് മാറ്റുകയും ചെയ്തു. തിരുവല്ല സെന്‍റ് ജോസഫ് അച്ചുകൂടത്തിലായിരുന്നു പിന്നീടുള്ള കുറേ മാസങ്ങളിൽ ‘മുസ്​ലിം വനിത’ മാസിക അച്ചടിച്ചത്. മുടക്കമില്ലാതെ തന്റെ മാസിക പുറത്തിറങ്ങുന്നതിൽ ഹലീമാ ബീവി താൽപര്യം കാണിച്ചു. എന്നിരുന്നാലും കൃത്യമായി വരിസംഖ്യ പിരിഞ്ഞുകിട്ടാതെ വരുമ്പോഴും താൻ ആശ്രയിക്കുന്ന അച്ചുകൂടത്തിൽ തിരക്ക് വർധിക്കുമ്പോഴും മാസിക ഇടക്ക് മുടങ്ങാറുണ്ടെങ്കിലും രണ്ട് ലക്കങ്ങൾ ഒരുമിച്ച് ചേർത്തെങ്കിലും കൃത്യമായി പുറത്തിറക്കുന്നതിൽ അവർ താൽപര്യം കാണിച്ചു. വാർത്താവിനിമയ സംവിധാനങ്ങൾ കുറവായിരുന്ന അക്കാലത്ത് തിരു-കൊച്ചി പ്രദേശങ്ങളിൽ മാത്രമല്ല, മലബാർ, മദ്രാസ്, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക തുടങ്ങിയ പ്രദേശങ്ങളിലെ മലയാളികളുടെ ഇടയിലും പ്രത്യേക ശ്രദ്ധനേടുന്ന തരത്തിലേക്ക് മുസ്​ലിം വനിതയുടെ പ്രചാരം വർധിച്ചു.

‘മുസ്​ലിം വനിത’ മാസികയുടെ കീഴിൽ മാസംതോറും വനിതാ സമ്മേളനം നടത്തിയിരുന്നു. സ്ത്രീകൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ അതിൽ ചർച്ച ചെയ്തിരുന്നു. അന്ന് സ്ത്രീകൾ പുറത്തിറങ്ങാനോ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെട്ട് അഭിപ്രായം പറയുന്നതിനോ തയാറാകുന്ന കാലഘട്ടമായിരുന്നില്ല. ആദ്യമൊക്കെ സ്ത്രീകൾക്ക് ഇത്തരം പ്രഭാഷണങ്ങളിലും ബോധവത്കരണങ്ങളിലും ഒന്നും താൽപര്യമില്ലായിരുന്നുവെന്നും ഹലീമാ ബീവി സൂചിപ്പിക്കുന്നുണ്ട്. അവർ മനസ്സിലാക്കി വെച്ചിരുന്ന, അല്ലെങ്കിൽ അവരെ പഠിപ്പിച്ചുവന്നിരുന്ന കാര്യങ്ങൾക്ക് വിരുദ്ധമായിരുന്നു ഇവിടങ്ങളിൽ ചർച്ചചെയ്തിരുന്നത്.

ക്രമേണ അവരിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. ‘മുസ്​ലിം വനിത’ മാസികയുടെ ഓഫിസിൽ വെച്ച് പരിപാടികൾ ആസൂത്രണംചെയ്ത് അറിയിക്കുമ്പോൾ പല സ്ത്രീകളും സൗകര്യപൂർവം പങ്കെടുക്കാൻ താൽപര്യം കാണിച്ചിരുന്നത് അവർ ഓർക്കുന്നുണ്ട്. മുസ്​ലിം സ്ത്രീകളെ സംബന്ധിച്ച് ഒരു പുതിയ തുടക്കമായി അതിനെ ഹലീമാ ബീവി കാണുകയുണ്ടായി. തന്റെ ചിന്തകൾ പ്രവൃത്തിപഥത്തിലേക്ക് വന്നുതുടങ്ങിയതിൽ അവർ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. അത്തരം മുന്നേറ്റത്തെ കുറിച്ച് ഹലീമാ ബീവി പറയുന്നത് എടുത്തുപറയേണ്ടതാണ്: “... ‘മുസ്​ലിം വനിത’ മുഖേന തിരുവിതാംകൂർ മുസ്​ലിം സ്ത്രീകളുടെ ഇടയിൽ വിപ്ലവകരമായ ചിന്താസരണി രൂപംകൊണ്ടുവന്നുവെന്ന് അനന്തരസംഭവങ്ങൾ മുഖേന എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.”

(തുടരും)

കുറിപ്പ്

9. നൂറ & നൂർജഹാൻ, എം. ഹലീമാ ബീവിയുടെ ജീവിതം - പത്രാധിപ, ബുക്കഫെ, കോട്ടക്കൽ, 2020, പു. 24

10. ബഷീർ രണ്ടത്താണി, ‘ഒരു പത്രാധിപയുടെ ഓർമകൾ’, അഭിമുഖം, ചന്ദ്രിക ആഴ്ചപ്പതിപ്പ്, 1995 ജൂലൈ 8, അബ്ദുറഹ്മാൻ മങ്ങാട് (എ.ഡി.), ഹലീമാ ബീവി -തെരഞ്ഞെടുത്ത രചനകൾ, യുവത ബുക്ക് ഹൗസ്, കോഴിക്കോട്, 2023, പു. 89

11 എം. ഹലീമ ബീവി, ‘അനുഭവങ്ങളിലേക്ക് ഒരെത്തിനോട്ടം’, അൽ മനാർ മാസിക, പുസ്തകം: 9, ലക്കം: 5, 1959 സെപ്റ്റംബർ 5, അബ്ദുറഹ്മാൻ മങ്ങാട് (എ.ഡി.), ഹലീമാ ബീവി -തെരഞ്ഞെടുത്ത രചനകൾ, പു. 44-45

12 ബഷീർ രണ്ടത്താണി, ‘ഒരു പത്രാധിപയുടെ ഓർമകൾ’, അഭിമുഖം, ചന്ദ്രിക ആഴ്ചപ്പതിപ്പ്, 1995 ജൂലൈ 8, അബ്ദുറഹ്മാൻ മങ്ങാട് (എ.ഡി.), ഹലീമാ ബീവി -തെരഞ്ഞെടുത്ത രചനകൾ, പു. 90

13. മുസ്​ലിം വനിത, പുസ്തകം - 2 ലക്കം- 1, അടൂർ, ഇടവം 1114, പു. 25).

14 മുസ്​ലിം വനിത, 1114 ഇടവം, പു. 26

15 എം. ഹലീമാ ബീവി, അനുഭവങ്ങളിലേക്ക് ഒരെത്തിനോട്ടം, അൽ മനാർ മാസിക, 1959 സെപ്റ്റംബർ 5, അബ്ദുറഹ്മാൻ മങ്ങാട് (എ.ഡി.), ഹലീമാ ബീവി - തെരഞ്ഞെടുത്ത രചനകൾ, പു. 47-48.

 

News Summary - Haleema Beevi’s Early Struggles and the Vision of 'Muslim Vanitha'