Begin typing your search above and press return to search.
proflie-avatar
Login

ഇസ്​ലാമിക സ്ത്രീവാദത്തിന്റെ ആദ്യകാല വക്താവ്

ഇസ്​ലാമിക സ്ത്രീവാദത്തിന്റെ  ആദ്യകാല വക്താവ്
cancel

അധ്യായം -19 മുസ്​ലിം സ്ത്രീകൾക്ക് ഉന്നതി വേണമെന്ന് ആഗ്രഹിച്ച ഹലീമാ ബീവി കിട്ടിയ വേദികളിലെല്ലാം അതിനായി വാദിച്ചു. ആധുനിക മുസ്​ലിം സമൂഹത്തിൽ സ്ത്രീകൾക്ക് ലഭിക്കേണ്ട സ്ഥാനങ്ങളെക്കുറിച്ചുള്ള ചർച്ചകളിലും മറ്റും അവർ സജീവമായി ഇടപെടുകയും ചെയ്തു. പുരോഗമനാശയക്കാരായ സംഘടനകൾ നൽകിയ പിന്തുണ അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്താവുകയും ചെയ്തു. കേരളത്തിൽ ഇസ്​ലാമിക സ്ത്രീവാദത്തിന്‍റെ വക്താക്കളിൽ പ്രാതഃസ്മരണീയയായി കണക്കാക്കാൻ കഴിയുന്ന ഒരു വ്യക്തിത്വമാണ് ഹലീമാ ബീവി. ഇസ്‌ലാമിക തത്ത്വങ്ങളെ അടിസ്ഥാനമാക്കി സ്ത്രീകളുടെ അവകാശങ്ങൾ, ലിംഗസമത്വം, സാമൂഹികനീതി എന്നിവക്കുവേണ്ടി വാദിക്കുകയും പ്രവർത്തിക്കുകയും...

Your Subscription Supports Independent Journalism

View Plans

 അധ്യായം -19

മുസ്​ലിം സ്ത്രീകൾക്ക് ഉന്നതി വേണമെന്ന് ആഗ്രഹിച്ച ഹലീമാ ബീവി കിട്ടിയ വേദികളിലെല്ലാം അതിനായി വാദിച്ചു. ആധുനിക മുസ്​ലിം സമൂഹത്തിൽ സ്ത്രീകൾക്ക് ലഭിക്കേണ്ട സ്ഥാനങ്ങളെക്കുറിച്ചുള്ള ചർച്ചകളിലും മറ്റും അവർ സജീവമായി ഇടപെടുകയും ചെയ്തു. പുരോഗമനാശയക്കാരായ സംഘടനകൾ നൽകിയ പിന്തുണ അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്താവുകയും ചെയ്തു.

കേരളത്തിൽ ഇസ്​ലാമിക സ്ത്രീവാദത്തിന്‍റെ വക്താക്കളിൽ പ്രാതഃസ്മരണീയയായി കണക്കാക്കാൻ കഴിയുന്ന ഒരു വ്യക്തിത്വമാണ് ഹലീമാ ബീവി. ഇസ്‌ലാമിക തത്ത്വങ്ങളെ അടിസ്ഥാനമാക്കി സ്ത്രീകളുടെ അവകാശങ്ങൾ, ലിംഗസമത്വം, സാമൂഹികനീതി എന്നിവക്കുവേണ്ടി വാദിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സ്ത്രീപക്ഷ ചിന്താധാരയും പ്രവർത്തനവുമായിട്ടാണ് ‘ഇസ്​ലാമിക സ്ത്രീവാദ’ത്തെ കണക്കാക്കുന്നത്. ഇസ്‌ലാമിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ ഖുർആനെയും ഹദീസുകളെയും (പ്രവാചകചര്യകളെ രേഖപ്പെടുത്തി വന്നിരുന്ന സാഹിത്യം) പുനർവായിച്ചുകൊണ്ട്, പുരുഷാധിപത്യപരമായ വ്യാഖ്യാനങ്ങളെ ചോദ്യംചെയ്യുന്ന തരത്തിലുള്ള ഇടപെടൽ അത്തരക്കാരുടെ ഭാഗത്തുനിന്നുമുണ്ടായി. പൊതു-സ്വകാര്യ ജീവിതത്തിൽ ലിംഗഭേദമില്ലാതെ എല്ലാവർക്കും പൂർണമായ തുല്യത ഉറപ്പാക്കാനുള്ള ശ്രമങ്ങൾ അത്തരക്കാർ നടത്തിവന്നു.

1980കളുടെ അവസാനങ്ങളിലാണ് ഇത്തരം ചിന്തകൾ ഇന്ത്യയിൽ സജീവമാകുന്നത്. ആധുനിക മുസ്​ലിം സമൂഹത്തിൽ സ്ത്രീകൾക്ക് ലഭിക്കേണ്ട സ്ഥാനങ്ങളെക്കുറിച്ചുള്ള ചർച്ചകളിലും മറ്റും ഇടപെട്ടുകൊണ്ടും പുരോഗമനാശയക്കാരായ സംഘടനകൾ നൽകിയ പിന്തുണയോടുകൂടിയും ഹലീമാ ബീവി നടത്തിയ നവോത്ഥാന പരിശ്രമങ്ങൾ കേരളത്തിലെ ഇസ്​ലാമിക സ്ത്രീവാദത്തിന്‍റെ ആദ്യകാല പരിശ്രമങ്ങളായി വിലയിരുത്താവുന്നതാണ്.

 

മുസ്​ലിം വനിതാ സമ്മേളനം (1938)

തുടക്കകാലം മുതൽ ‘മുസ്​ലിം വനിത’ മാസികയുടെ സ്ഥാപനത്തിൽമാത്രം ഒതുങ്ങുന്നതായിരിക്കില്ല തന്‍റെ സമുദായ ശുദ്ധീകരണപ്രവർത്തനമെന്നവർ തിരിച്ചറിഞ്ഞു. തിരുവിതാംകൂറിലെ മുസ്​ലിം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി ആ മേഖലകളിൽ ഹലീമാ ബീവി ഇടപെട്ടു. തന്‍റെ മാസികയിലൂടെ അവർ നടത്തിവന്നിരുന്ന ശുദ്ധീകരണ പ്രവർത്തനങ്ങൾ പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ വിലയിരുത്തുകയും വിശാല കാഴ്ചപ്പാടോടെ അവ ഉൾക്കൊള്ളുകയും ചെയ്തുവന്നു. അക്കാലത്ത് ഹലീമാ ബീവിയുടെ പ്രവർത്തനങ്ങൾ വളരെ അടുത്തുനിന്ന് വിലയിരുത്തിയ വ്യക്തിത്വമായിരുന്നു മലബാറിലെ ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങൾ.

ആലുവയിൽ കൂടിയ ഒരു സമ്മേളനത്തിൽ സംബന്ധിച്ചുകൊണ്ട് അക്കാലത്ത് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ, തിരുവിതാംകൂറിലെ മുസ്​ലിം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി ഹലീമാ ബീവി ആരംഭിച്ച ‘മുസ്​ലിം വനിത’ മാസികയെക്കുറിച്ച് പരാമർശിക്കുകയും ആശീർവദിക്കുകയും ചെയ്തിരുന്നു. തുടർന്ന് തന്‍റെ പ്രസംഗത്തിൽ തിരുവിതാംകൂർ പ്രദേശത്തെ മുസ്​ലിം വനിതകളെ സംഘടിപ്പിക്കുന്നതിനും അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിനും ഹലീമാ ബീവിയുടെ സജീവമായ ഇടപെടൽ അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. അതിന്‍റെ പ്രാരംഭ പ്രവർത്തനം എന്നനിലയിൽ അക്കാലത്ത് വിവിധ സമുദായങ്ങളുടെ ഇടയിൽ ഉടലെടുത്ത തരത്തിൽ ഒരു വനിതാ സംഘടന മുസ്​ലിം സ്ത്രീകൾക്കായി ആരംഭിക്കുന്നതിനെക്കുറിച്ചും അദ്ദേഹം ആഗ്രഹം അറിയിച്ചു.

അതിന് നേതൃത്വപരമായ പങ്ക് ഹലീമാ ബീവിയിൽനിന്നുണ്ടായാൽ നന്നെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹത്തിന്‍റെ ഈ പ്രസംഗം ചില പത്രങ്ങൾ റിപ്പോർട്ടും ചെയ്തു. തുടർന്ന് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ഒരു കത്ത് ഹലീമാ ബീവിക്ക് അയച്ചു. പൊതുപ്രവർത്തന രംഗത്തേക്കുള്ള ആ മഹതിയുടെ കടന്നുവരവിന് ഇടയാക്കിയ വഴിത്തിരിവായി കത്ത് മാറുകയുണ്ടായി.

തുടർന്ന് ഒരു വനിതാ സംഘടനയുടെ രൂപവത്കരണത്തെക്കുറിച്ച് അവർ ചിന്തിക്കുകയും വിവിധ കോണുകളിൽനിന്ന് അഭിപ്രായങ്ങൾ സ്വരൂപിക്കുകയും ചെയ്തു. ഒരു മാസത്തിനകം ഒരു വനിത സമ്മേളനത്തിന്റെ സംഘാടനത്തിലേക്ക് അവരെത്തി. തിരുവിതാംകൂറിൽ ഇദംപ്രഥമമായി ഒരു മുസ്​ലിം വനിത സമ്മേളനം തിരുവല്ലയിൽവെച്ച് ഹലീമാ ബീവിയുടെ താൽപര്യത്തിൽ നടന്നതങ്ങനെയാണ്. അതിൽ പങ്കെടുത്ത വിദ്യാസമ്പന്നരായ മുസ്​ലിം സ്ത്രീകൾ നടത്തിയ വിജ്ഞേയമായ പ്രസംഗങ്ങളും അഭിപ്രായപ്രകടനങ്ങളും തിരുവല്ലയിലെ ഇതരസമുദായക്കാരായ സ്ത്രീകളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നുവെന്ന് ഹലീമാ ബീവി രേഖപ്പെടുത്തിയിട്ടുണ്ട്.68

1938 മേയ് 29ാം തീയതി ഞായറാഴ്ച ദിവസം (1113 ഇടവം 15) തിരുവല്ലയിൽ കൂടിയ മുസ്​ലിം വനിത കോൺഫറൻസിൽ നാടിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നും ഇരുനൂറിൽപരം വനിതകൾ പങ്കെടുത്തു. അവിടെ കൂടിയ സ്ത്രീജനങ്ങളെ സ്വാഗതംചെയ്തുകൊണ്ട് ഹലീമാ ബീവി നടത്തിയ പ്രസംഗത്തിൽ അവർ സൂചിപ്പിച്ചത്: “നമ്മുടെ സമുദായത്തിലെ സ്ത്രീകൾക്കുള്ളതുപോലെ അടിമത്തം മറ്റൊരു സമുദായത്തിലും ഇല്ലെന്നുള്ളത് പരമാർഥമായിരിക്കുമ്പോൾ മുസ്‌ലിംകളുടെ നാഗരികത്വത്തെക്കുറിച്ചോർത്ത് നമുക്ക് ലജ്ജ തോന്നിപ്പോകുന്നു. പരാന്നം ഭുജിച്ച് സ്ത്രീത്വം നശിപ്പിച്ച് അവശതകളനുഭവിച്ച് നമുക്ക് ഇനിയും അടിമത്തം കൈക്കൊണ്ട് സ്വസമുദായത്തെയും സഹോദരന്മാരെയും അധഃപതിപ്പിക്കാൻ പാടില്ല.

ഒരു സമുദായത്തിന്റെ അഭിവൃദ്ധിക്ക് ഒരു പുരുഷനേക്കാൾ ശക്തിമത്തായി ഒരു സ്ത്രീക്ക് പ്രവർത്തിക്കാൻ കഴിയുമെന്നുള്ളത് സത്യമാണ്. ഈ വാസ്തവം ഗ്രഹിക്കാൻ നമ്മുടെ സഹോദരങ്ങൾക്ക് വളരെനാൾ വേണ്ടിവന്നേക്കാം. ആദർശശുദ്ധിയും പ്രവർത്തനചാതുരിയുംകൊണ്ട് നമ്മൾ മുന്നോട്ടുവരുമ്പോൾ അവരെല്ലാം നമ്മുടെ പന്ഥാവിൽ പൂവിരിച്ചാചരിക്കും. അക്ഷരാഭ്യാസം നിഷിദ്ധമായും അപരാധമായും കരുതിയിരുന്ന നമ്മളിൽ പലരും ഇന്ന് അഭ്യസ്തവിദ്യകളായിത്തീർന്നിരിക്കുന്നതുകൊണ്ടുതന്നെയാണ് ഈദൃശ ചിന്തകൾ നമ്മിൽ ഉദയം ചെയ്യാനിടയായിട്ടുള്ളത്.

സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യിക്കുന്നുവെങ്കിൽ അവർ വഴിപിഴക്കുമെന്നുള്ള തെറ്റിദ്ധാരണ ഇന്ന് ഭൂരിഭാഗവും നശിച്ചിട്ടുണ്ടെന്നുള്ളത് ആശ്വാസകരമാണ്. അവരവരുടെ ആശയങ്ങൾ വിപുലീകരിക്കാനും വിശദീകരിക്കാനും സ്വാഭിപ്രായം രേഖപ്പെടുത്തുവാനും പ്രഖ്യാപനം ചെയ്യുവാനും വിദ്യാഭ്യാസമാണ് നമുക്ക് സഹായമായിത്തീർന്നിട്ടുള്ളത്. അതിന്‍റെ മഹാശക്തിയിൽ അന്തർലീനമായ വിശാലഹൃദയത്വം തന്നെയാണ് പുറത്തിറങ്ങാതിരുന്ന നമ്മൾ എല്ലാവരെയും ഭീതിയും ലജ്ജയും വിട്ട് ഇന്നിവിടെ ഈ യോഗത്തിൽ സന്നിഹിതരാകുന്നതിന് ഇടയാക്കിത്തീർത്തിട്ടുള്ളതെന്ന് ഞാൻ വിസ്മരിക്കുന്നില്ല.” ഹലീമാ ബീവി നടത്തിയ സ്വാഗതപ്രസംഗം അതേ വർഷം പുറത്തുവന്ന ‘മുസ്​ലിം വനിത’യുടെ നാലാം ലക്കത്തിൽ പ്രത്യക്ഷപ്പെട്ടു.

ഈ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് തിരുവിതാംകൂർ മുസ്​ലിംകളിൽനിന്ന് ഇദംപ്രഥമമായി രാഷ്ട്രഭാഷ വിശാരത്തിൽ ബിരുദം നേടിയ, ഹലീമാ ബീവിയുടെ ഉമ്മയുടെ സഹോദരപുത്രി കൂടിയായ മൈതീൻ ബീവിയായിരുന്നു. (അക്കാലത്ത് ഈ പ്രദേശങ്ങളിലെ മുസ്​ലിം സ്ത്രീകൾക്ക് പുരുഷന്മാരുടെ പേരുകൾ ഉപയോഗിച്ചിരുന്നതായി കാണാം. മൈതീൻ ബീവി എന്ന പേര് പോലെ ഹലിമാ ബീവിയുടെ സഹോദരിക്ക് ഹുസൈൻ ബീവിയെന്നും മകൾക്ക് അൻസർ ബീഗമെന്നും പേരുകൾ നൽകിയിരുന്നതും ശ്രദ്ധേയമാണ്).

‘മുസ്​ലിം സ്ത്രീകളും ആധുനികജീവിതവും’ എന്ന വിഷയത്തിൽ സ്ത്രീകളുടെ വിദ്യാഭ്യാസ ഉദ്യോഗകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതയിലൂന്നി അവർ പ്രസംഗിക്കുകയുണ്ടായി. അതോടൊപ്പം തന്നെ, പർദ സമ്പ്രദായം അനിസ്‍ലാമികമാണെന്നും സ്ത്രീകളെ അന്തഃപുരങ്ങളിൽ അടച്ചിടുന്നതിന് പുരോഹിത വർഗങ്ങൾ കണ്ടെത്തിയ മാർഗമാണിതെന്നും അവർ സമർഥിക്കുകയുണ്ടായി.69

മുസ്​ലിം വനിതകൾക്ക് സർക്കാർ ജോലിയിൽ അവസരങ്ങളും പെൺകുട്ടികൾക്ക് വിദ്യാഭ്യാസാനുകൂല്യങ്ങളും അനുവദിക്കുന്നതിന് പ്രമേയങ്ങൾ പാസാക്കാനും ഈ സമ്മേളനത്തിൽ തീരുമാനിച്ചു. തിരുവിതാംകൂറിലെ ഉദ്യോഗ മേഖലയിലേക്ക് തിരുവിതാംകൂർപ്രദേശത്ത് ആദ്യമായി മദ്രാസ് മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ഡോ. ഹബ്സാ ബീവി മരിക്കാറിനെയും മൈതീൻ ബീബിയെയും ഉൾക്കൊള്ളിക്കണമെന്ന നിലയിലൊരു പ്രമേയവും അവർ പാസാക്കി.

അഖില തിരുവിതാംകൂർ മുസ്​ലിം വനിത സംഘം

ഹലീമാ ബീവിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട വനിതസമ്മേളനത്തെ തുടർന്നാണ്, ‘അഖില തിരുവിതാംകൂർ മുസ്​ലിം വനിതാസംഘം’ എന്ന സംഘടന രൂപംകൊണ്ടത്. തിരുവല്ലയായിരുന്നു ആസ്ഥാനം. തങ്ങളുടെ സമാജത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ അവർക്കുണ്ടായിരുന്നു. വിദ്യാഭ്യാസ പുരോഗതി നേടിയെടുക്കുകയെന്നത് മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. അതിനെക്കുറിച്ച് ഹലീമാ ബിവി രേഖപ്പെടുത്തുന്നുണ്ട്: “ഈ സമാജം വിദ്യാഭ്യാസത്തിനുവേണ്ടി മാത്രമുള്ളതല്ല. ശുചിത്വം, ശിശുസംരക്ഷണം, ഗൃഹഭരണം, ആത്മീയാനന്ദത്തിനും പരിഷ്കരണത്തിനും വേണ്ടിയുള്ള സാഹിത്യം എന്നതെല്ലാം നമ്മുടെ പെൺകുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക, വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും നമുക്കുള്ള അവശതകളെ അറിയിച്ച് ബഹുമാനപ്പെട്ട ഗവൺമെന്‍റിൽനിന്നും വേണ്ട സഹായങ്ങൾ ചോദിച്ചുവാങ്ങുക മുതലായവയാകുന്നു.’’

ആധുനികരീതിയിലുള്ള വിദ്യാഭ്യാസരാഹിത്യത്തിൽനിന്നും ഉരുവംകൊണ്ട അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഏറെയും സമുദായത്തിലെ സ്ത്രീകളെ ബാധിച്ചിരുന്നു. ആയതിനാൽ അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും സ്ത്രീ സമൂഹത്തെ രക്ഷിക്കുക, വിദ്യാഭ്യാസത്തിലൂടെ അവരെ ശാക്തീകരിക്കുക തുടങ്ങിയവയായിരുന്നു സംഘടനയുടെ മറ്റു ലക്ഷ്യങ്ങൾ. മാത്രമല്ല, ഈ സംഘത്തിന്‍റെ നേതൃത്വത്തിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ ശാഖകൾ സ്ഥാപിക്കാനും തലശ്ശേരി കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന മുസ്​ലിം വനിത സമാജത്തിന്റെ പ്രവർത്തകരുമായി ചേർന്ന് അഖില കേരള അടിസ്ഥാനത്തിൽ സംഘടനയെ വളർത്താനും തീരുമാനങ്ങൾ വന്നു.

 

മുസ്​ലിം വനിത സംഘത്തിന്റെ ഇടപെടലുകൾ

മുസ്​ലിം വനിത സമാജത്തിന്‍റെ വളർച്ചക്ക് അടിത്തറയിടുന്ന ഇടപെടലുകൾ തുടർന്ന് അവരുടെ ഭാഗത്തുനിന്നുണ്ടായി. വനിത സമ്മേളനത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ നടപ്പിൽ വരുത്താനും സംഘടനയുടെ മുന്നോട്ടുള്ള പുരോഗതിക്ക് ആവശ്യമായ സർക്കാർ ഇടപെടലിനുമായി അവർ ഇറങ്ങിത്തിരിച്ചു. നിരവധി നിവേദനങ്ങൾ സംഘടനയുടേതായി തിരുവിതാംകൂർ ദിവാനും ചീഫ് സെക്രട്ടറിക്കും നൽകുകയുണ്ടായി. അവയിൽ ചിലത് ഫലപ്രാപ്തിയിലേക്ക് എത്തുകയും ചെയ്തു. തിരുവല്ല മുസ്​ലിം വനിത സംഘടനയുടെ നിരന്തര അഭ്യർഥനയെ തുടർന്ന് വിദ്യാഭ്യാസകാര്യങ്ങളിൽ തിരുവിതാംകൂറിലെ മുസ്​ലിം പെൺകുട്ടികൾക്ക് ചില ആനുകൂല്യങ്ങൾകൂടി അനുവദിക്കുന്നതിന് ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ ഇടപെടൽ ഉണ്ടായി.

സംഘടനയുടെ മറ്റൊരു പ്രധാനപ്പെട്ട ആവശ്യമായി ഉന്നതവിദ്യാഭ്യാസ യോഗ്യത നേടിയ സ്ത്രീകൾക്ക് മികച്ച അവസരങ്ങൾ നൽകുകയെന്ന കാര്യത്തിലും അധികാരികൾ ഗുണപരമായ തീരുമാനങ്ങൾ കൈക്കൊണ്ടു. അതിന്റെ അടിസ്ഥാനത്തിൽ ബിരുദധാരിയായ ഒരു മുസ്​ലിം വനിതക്ക് പ്രമോഷൻ നൽകുന്ന കാര്യത്തിലും തീരുമാനമായി. പൊതുരംഗത്ത് സജീവമായി ഇടപെടാനുള്ള പരിശ്രമങ്ങളാണ് തുടർന്ന് ഹലീമാബീവിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇക്കാലത്താണ് മുമ്പ് പരാമർശിച്ച തിരുവല്ല മുനിസിപ്പൽ കൗൺസിലിൽ ഒഴിവ് വന്ന സീറ്റിലേക്ക് അവർ അപേക്ഷിക്കുന്നതും അതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും (1940-45).

അഖിലകേരള അടിസ്ഥാനത്തിൽ തങ്ങളുടെ സംഘടനയെ വളർത്താനുള്ള പരിശ്രമങ്ങളും തുടർന്ന് അവരുടെ ഭാഗത്തുനിന്നും ഉണ്ടായി. അതിനായി തലശ്ശേരിയിൽ ടി.സി. കുഞ്ഞാച്ചുമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവന്നിരുന്ന മുസ്​ലിം മഹിള സമാജത്തിന്‍റെ പ്രവർത്തകരുമായി ആശയവിനിമയം നടത്തുകയും, സഹകരണം തേടുകയും ചെയ്തു. 1933ൽ തലശ്ശേരി കേന്ദ്രമാക്കി ആരംഭിച്ച തലശ്ശേരി മുസ്​ലിം മഹിളാസമാജത്തിന് യാഥാസ്ഥിതിക പുരുഷമേധാവിത്വത്തിൽനിന്ന് ശക്തമായ എതിർപ്പുകളെ നേരിടേണ്ടിവന്ന ചരിത്രമാണുള്ളത്.

മുസ്​ലിം സ്ത്രീകളുടെ സാമൂഹിക പരിഷ്കരണം ലക്ഷ്യം​െവച്ചാരംഭിച്ച സമാജത്തിന്‍റെ ആരംഭഘട്ടത്തിൽതന്നെ ആശയപ്രചാരണം ഒരു ലക്ഷ്യമായി കണ്ടു. പ്രത്യേകിച്ചും സമുദായത്തിൽ നടമാടിയിരുന്ന അനാചാരങ്ങൾ, ആഡംബരപ്രിയം, പൊങ്ങച്ചം, വിദ്യാഭ്യാസ രാഹിത്യം എന്നിത്യാദി കാര്യങ്ങൾക്കും അതോടൊപ്പം ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കല്യാണാഘോഷങ്ങൾ, കാതുകുത്ത് കല്യാണം, പ്രസവാനന്തരമുള്ള നാൽപത് കുളിയടിയന്തരം, നാത്തൂൻസദ്യ എന്നിങ്ങനെ നട്ടാചാരങ്ങൾക്കും മാമൂലുകൾക്കും എതിരെ അവർ നടത്തിയ ആശയപ്രചാരണം ചെറുതെങ്കിലും സമുദായത്തിൽ ചലനങ്ങൾ സൃഷ്ടിച്ചു. മുസ്​ലിം ബാലികമാരുടെ വിദ്യാഭ്യാസത്തിനായി അവർ നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾക്ക് ‘അൽ അമീൻ’ പത്രത്തിന്‍റെയും അതിന്‍റെ സ്ഥാപകനായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെയും; അതുപോലെ സാമുദായിക പരിഷ്കർത്താക്കളായ കെ.എം. സീതി സാഹിബ്, എം.കെ. കുഞ്ഞിമോയിൻ ഹാജി തുടങ്ങിയവരുടെയും പിന്തുണയും അവർക്ക് ലഭിച്ചു.70

തലശ്ശേരിയിലെ മുസ്​ലിം മഹിള സമാജത്തിന്‍റെ പ്രവർത്തകരെ നേരിട്ടു കാണാനും ആശയസംവേദനത്തിനുമായി ആയിടക്ക് ഹലീമാ ബീവി അവിടം സന്ദർശിച്ചു. മഹിള സമാജത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചിരുന്ന കുഞ്ഞാച്ചുമ്മയുമായി സംഘടനാ മുൻനിർത്തി ചർച്ചകളും നടത്തി. എന്നാൽ, അവരുമായി ചേർന്ന് സംഘടന വിപുലപ്പെടുത്തുന്നതിന് അക്കാലത്തെ ചില സാഹചര്യങ്ങൾമൂലം സാധിക്കാതെ പോവുകയുണ്ടായി.

തുടർന്ന് തിരുവിതാംകൂർ കേന്ദ്രമാക്കി തന്റെ സംഘടനയെ ശക്തിപ്പെടുത്താനും അംഗബലം വർധിപ്പിക്കാനുമുള്ള പരിശ്രമങ്ങൾ അവർ നടത്തിവന്നു. അതിനായി തിരുവനന്തപുരം സദനത്തിൽ അന്തേവാസികളായി നിന്ന് പഠനം നടത്തിവന്നിരുന്ന കുറച്ച് വിദ്യാർഥിനികളുടെ സേവനം തേടുകയുണ്ടായി. അതോടൊപ്പം തന്നെ തിരുവിതാംകൂറിലെ മുസ്​ലിം സ്ത്രീകളുടെ ഇടയിൽനിന്ന് ഇദംപ്രഥമമായി ബിരുദവിജയം നേടിയശേഷം തിരുവനന്തപുരം ബോയ്സ് സ്കൂളിലെ അധ്യാപികയായി പ്രവർത്തിച്ചുവന്നിരുന്ന എൻ. ഹവ്വാ ബീവിയുടെ സേവനങ്ങളും ഇതോടൊപ്പം ലഭിച്ചതായി ഹലീമാ ബീവി സൂചിപ്പിക്കുന്നുണ്ട്.

അതുപോലെ, തിരുവിതാംകൂറിന്റെ വിവിധഭാഗങ്ങളിൽനിന്ന് നിരവധി സ്ത്രീകൾ ഈ സംഘടനയിൽ അംഗമായി ചേരുകയുണ്ടായി. തുടർന്നും തിരുവല്ലയിലെ ‘മുസ്​ലിം വനിത’യുടെ ആസ്ഥാനത്ത് നിരവധി പൊതുസമ്മേളനങ്ങൾ വിളിച്ചുചേർത്തിരുന്നു. മുൻകൂട്ടി അറിയിക്കുക വഴി തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി മഹിളകൾ ഈ സമ്മേളനത്തിൽ സംബന്ധിച്ചു വന്നു. ഇത്തരം ചർച്ചകളിൽ ഉയർന്നുവരുന്ന ആശയങ്ങളെ മുൻനിർത്തി സർക്കാറിലേക്ക് നിരവധിയായ നിവേദനങ്ങൾ നൽകുകയും വാർത്താക്കുറിപ്പുകളും ലേഖനങ്ങളും എഴുതിക്കൊണ്ട് തങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് സംഘടന ശ്രമിച്ചുവരുകയും ചെയ്തു.

 

സംഘത്തിന്‍റെ നിരന്തരമായ ഇടപെടലിലൂടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഫീസ് ആനുകൂല്യം, സ്കോളർഷിപ് എന്നിവ നേടിയെടുക്കാനും തൊഴിൽ പരിശീലനത്തിനും ബോധവത്കരണത്തിനുമുള്ള ശ്രമങ്ങളും നടന്നു. താഴ്ന്ന ക്ലാസുകളിൽ പഠിക്കുന്ന സാധുക്കളായ വിദ്യാർഥികൾക്ക്, പ്രത്യേകിച്ചും പെൺകുട്ടികൾക്ക് ചെറിയൊരു ധനസഹായവും ഉയർന്ന ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക് സമ്പന്നരായ കുടുംബങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പഠന ചെലവു കണ്ടെത്തിനൽകാനുള്ള ശ്രമങ്ങളും അവർ നടത്തി. സർക്കാറിന്‍റെ ഭാഗത്തുനിന്ന് സ്കോളർഷിപ്പുകൾ വൈകുകയാണെങ്കിൽ അതിൽ ഇടപെടാനും അവർ പരിശ്രമിച്ചു. മാതാപിതാക്കളുടെ അറിവില്ലായ്മകൊണ്ട് വിദ്യാർഥികളുടെ പഠനം നിലച്ചു പോവുകയാണെങ്കിൽ അവരെ ബോധവത്കരണത്തിലൂടെ സ്കൂളുകളിൽ മടക്കിയെത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും സംഘടനയുടെ ഭാഗത്തുനിന്നും നടന്നുവന്നു. മാത്രമല്ല, വിവിധ പ്രദേശങ്ങളിൽനിന്ന് സംഘടനയുടെ പ്രവർത്തകരായി എത്തിച്ചേർന്നിരുന്ന വനിതകൾ വഴി പൊതുജനാഭിപ്രായ രൂപവത്കരണവും ഐക്യവും വളർത്തിയെടുക്കാനും സാധിച്ചു.

എന്നിരുന്നാലും ഈ സംഘടനയുടെ പ്രവർത്തനം മൂന്നു വർഷക്കാലയളവിൽ (1938-41) നടത്തിക്കൊണ്ടുപോകുന്നതിന് മാത്രമേ ഹലീമാ ബീവിക്ക് സാധിച്ചുള്ളൂ. സംഘടനയിൽ സജീവമായി പ്രവർത്തിച്ചുവന്നിരുന്ന ചില വനിതകളുടെ സ്വാഭാവികമായ വിട്ടുപോകൽ നിമിത്തമാണ് ‘മുസ്​ലിം വനിതാസംഘ’ത്തിന്‍റെ പ്രവർത്തനം നിലച്ചുപോയതെന്നാണ് ഹലീമാ ബീവിയുടെ പക്ഷം.

(തുടരും)

കുറിപ്പ്

68 അൽ മനാർ മാസിക, പുസ്തകം: 9, ലക്കം: 6, 1959 ഒക്ടോബർ 5, കാണുക,

69 മുസ്​ലിം വനിത പുസ്തകം 1, ലക്കം 4, 1113 മിഥുനം, പു. 107-11, See., J. Devika, Her-self: Early Writings of Malayali Women on Gender, 1898-1938, Stree, Kolkata, 2005.

70 1968 ജൂൺ മാസത്തിൽ മാത്രമാണ് തലശ്ശേരി മഹിളാസമാജം രജിസ്റ്റർ ചെയ്ത് പ്രവർത്തനം തുടങ്ങിയത്. തുടർന്ന്, അനാഥ-അഗതികളുടെ സംരക്ഷണം തൊഴിൽ പരിശീലനം, സൗജന്യ മെഡിക്കൽ ക്യാമ്പ്, രോഗീപരിചരണം തുടങ്ങിയവ നടത്തിവന്നു. തലശ്ശേരിയിൽ സ്വന്തമായി കുറച്ച് ഭൂമി വാങ്ങി കെട്ടിടം നിർമിച്ചുവന്നതിനപ്പുറത്തേക്ക് എടുത്തുപറയത്തക്ക സ്ഥാവരജംഗമവസ്തുക്കൾ ഒന്നും നേടിയെടുക്കാൻ അവർക്ക് സാധിച്ചില്ല. കാണുക, എറണാകുളം ജില്ല മുസ്​ലിം വിമൻസ് അസോസിയേഷൻ സുവനീർ, 1972, പു. 154-55.

News Summary - Haleema Beevi And The First Muslim Women’s Conference of 1938