Begin typing your search above and press return to search.
proflie-avatar
Login

സ്ത്രീപക്ഷ-പുരോഗമന നിലപാടുകളിലെ കണിശത

സ്ത്രീപക്ഷ-പുരോഗമന   നിലപാടുകളിലെ കണിശത
cancel

അധ്യായം -10 തിരുവിതാംകൂറിലെ മുസ്​ലിംകളുടെ ഉന്നമനത്തിന് വേണ്ടി പ്രയത്നിച്ചതിനൊപ്പം തന്നെ വനിത പത്രാധിപയുള്ള ‘ഭാരതചന്ദ്രിക’ സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിനും ഏറെ പരിശ്രമിച്ചിരുന്നു. പെൻഷൻ വിഷയവുമായി ബന്ധപ്പെട്ട വിമർശനങ്ങളും അതിലെ കാഴ്ചപ്പാടുകളും തുറന്നെഴുതുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള ചില നീക്കങ്ങളെ കുറിച്ചാണ് ഇത്തവണ പറയുന്നത്. 1945 മേയ് 22ന് ‘ഭാരതചന്ദ്രിക’യിൽ വന്ന മുഖപ്രസംഗം തിരുവിതാംകൂറിലെ മുസ്​ലിംകൾക്ക് ‘ഏകസംഘടന’ എന്ന ആവശ്യത്തിൽ ഊന്നിയുള്ളതായിരുന്നു: “തിരുവിതാംകൂർ മുസ്‌ലിമീങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സംഘടനയുണ്ടാകണമെന്നുള്ള ബോധം...

Your Subscription Supports Independent Journalism

View Plans

അധ്യായം -10

തിരുവിതാംകൂറിലെ മുസ്​ലിംകളുടെ ഉന്നമനത്തിന് വേണ്ടി പ്രയത്നിച്ചതിനൊപ്പം തന്നെ വനിത പത്രാധിപയുള്ള ‘ഭാരതചന്ദ്രിക’ സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിനും ഏറെ പരിശ്രമിച്ചിരുന്നു. പെൻഷൻ വിഷയവുമായി ബന്ധപ്പെട്ട വിമർശനങ്ങളും അതിലെ കാഴ്ചപ്പാടുകളും തുറന്നെഴുതുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള ചില നീക്കങ്ങളെ കുറിച്ചാണ് ഇത്തവണ പറയുന്നത്.

1945 മേയ് 22ന് ‘ഭാരതചന്ദ്രിക’യിൽ വന്ന മുഖപ്രസംഗം തിരുവിതാംകൂറിലെ മുസ്​ലിംകൾക്ക് ‘ഏകസംഘടന’ എന്ന ആവശ്യത്തിൽ ഊന്നിയുള്ളതായിരുന്നു: “തിരുവിതാംകൂർ മുസ്‌ലിമീങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സംഘടനയുണ്ടാകണമെന്നുള്ള ബോധം സമുദായാംഗങ്ങളിൽ ഉളവായിത്തുടങ്ങിയിട്ടുകാലം വളരെയായി. അങ്ങനെയൊരു സംഘടനയുണ്ടാകണമെങ്കിൽ, ഉണ്ടാകുമെങ്കിൽ, ലീഗിന്‍റെയും മജ് ലിസിന്റെയും നില എന്തായിരിക്കണം എന്ന പ്രശ്നം ഗൗരവാവഹമായ ഒന്നാണ്.

ലീഗ്-മജ് ലിസ് സംയോജനവും അതേ തുടർന്നു മറ്റു പ്രാദേശിക സ്വഭാവത്തോടുകൂടിയുള്ള സംഘടനകൾക്കും ന്യായമായ പ്രാതിനിധ്യം നൽകി ഒരു സംഘടനാരൂപീകരണവുമാണ് കൂടുതൽ ബുദ്ധിപൂർവകമായുള്ള പ്രവൃത്തിയെന്നാണ് ഞങ്ങളുടെ ബലമായ വിശ്വാസം. ലീഗ്, മജ്‌ലിസ് സംയോജന ശ്രമം പലതവണ തകർന്നതാണ്. പുതിയ ഉണർവിന്‍റെ വെളിച്ചത്തിൽ അടുത്ത കാലത്തുണ്ടായിട്ടുള്ള അവസാനത്തെ സംയോജനശ്രമത്തെ ആശയോടുകൂടിയാണ് യുവാക്കൾ വീക്ഷിക്കുന്നത്. കാലാനുസരണം വളരേണ്ട ഒരു സമുദായത്തെ ഇത്രയും കാലത്തെയ്ക്കെങ്കിലും സ്തംഭിപ്പിച്ചിരുന്ന അപരാധം നേതാക്കളുടേതോ ‘നേതൃമ്മാന്യന്മാ’രുടേതോ ആരുടേതായിരുന്നാലും ശരി, ഇത്രയും കാലം കണ്ണുമടച്ച് മിണ്ടാതിരുന്നു കളഞ്ഞ യുവാക്കളുടെ ചുമലിലല്ലേ ആ അപരാധഭാരം കയറേണ്ടത്?

എന്നു ഞങ്ങൾ ബലമായി സംശയിക്കുന്നു. ഇക്കഴിഞ്ഞ 31ാം തീയതി (1120 മേടം 31) കൊല്ലത്തുവച്ചുകൂടിയ പ്രാരംഭയോഗം ഒരു പുതിയ സംഘടന രൂപീകരിക്കുന്നതിനുള്ള പശ്ചാത്തലം ഒരുക്കിയിട്ടുണ്ട്. വാദത്തിനുവേണ്ടി വാദിക്കുകയോ, എതിർക്കുന്നതിനു വേണ്ടി എതിർക്കുകയോ, ചെയ്യാതെ നാം ഉദ്ദേശ്യശുദ്ധിയോടുകൂടി, നമ്മുടെ പരമമായ ലക്ഷ്യത്തിലേയ്ക്കു പുരോഗമിക്കേണ്ടതാണ്. യോഗത്തിൽ ജനാബ് എ.ആർ. സുലൈമാൻ സേട്ടു പ്രകടിപ്പിച്ച ആത്മാർത്ഥത മാതൃകായോഗ്യമത്രെ.

സംഘടനാ രൂപീകരണത്തിനുവേണ്ടി കൊല്ലത്തുവച്ചു ചെയ്ത തീരുമാനത്തെപ്പറ്റി രണ്ടു വാക്കുപറഞ്ഞുകൊള്ളട്ടെ: ലീഗിലും മജ്‌ലിസിലും ഉൾപ്പെടാത്ത ഒരു ഭൂരിഭാഗം മുസ്‌ലിമീങ്ങൾ തിരുവിതാംകൂറിലുണ്ടല്ലോ! അങ്ങനെയിരിക്കെ ലീഗ്-മജ് ലിസ് സംയോജനം കൊണ്ടുമാത്രം വിഷമതകൾ പരിഹരിക്കപ്പെടുകില്ല. കോ-ഓപ്‌റ്റ് ചെയ്യാൻ അധികാരമുള്ള കമ്മിറ്റി ഈ വിഷയത്തിൽ അവരുടെ പരിപൂർണമായ കഴിവുകൾ ഉപയോഗിക്കുകയും അങ്ങനെ പരിശ്രമങ്ങൾ പുരോഗമനോന്മുഖമാക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.”

1945 മേയ് 28ന് ‘പെൻഷൻകാലം’ എന്ന തലക്കെട്ടിൽ വന്ന മുഖപ്രസംഗം അക്കാലത്ത് തിരുവിതാംകൂറിൽ പെൻഷൻ പ്രായം 55ൽനിന്ന് 58 വയസ്സായി വർധിപ്പിച്ചതിനെ കുറിക്കുന്നതായിരുന്നു. പെൻഷൻ സംബന്ധമായിട്ടുള്ള ചരിത്രവസ്തുതകൾ മനസ്സിലാക്കാൻ ഇടനൽകുന്ന ഒരു കുറിപ്പുകൂടിയാണിത്: “തിരുവിതാംകൂർ ഗവർമെന്‍റ് സർവീസിൽ ഇരിക്കുന്ന ഉദ്യോഗസ്ഥന്മാർ 55 വയസ്സിൽ പെൻഷൻ മേടിച്ചുവരുന്നുവെങ്കിലും ഇനിമേൽ അവർക്കു 58 വയസ്സുവരെ തുടരാവുന്നതാണ്.

ഇങ്ങനെ എല്ലാപേരുടേയും ഉദ്യോഗകാലാവധി നീട്ടുന്നതിനു തക്കതായ കാരണങ്ങൾ ഇല്ലാതില്ല. 55 വയസ്സു തികഞ്ഞു കഴിഞ്ഞാലും പിന്നെയും നാലഞ്ചുകൊല്ലം ജോലിനോക്കത്തക്ക ആരോഗ്യമുള്ള പലരും നേരത്തെ പെൻഷൻ പറ്റി പിരിയേണ്ടതായി വരുന്നുണ്ട്. കൂടാതെ തിരുവിതാംകൂർകാർക്കുമാത്രം സർവീസുകാലം 55 വയസ്സു വച്ചിരിക്കെ അതു കഴിഞ്ഞു അനേകകൊല്ലങ്ങളും കഴിഞ്ഞ വിദേശികൾ പലരും ഇവിടെയിന്ന് ഉദ്യോഗത്തിലിരിക്കുന്നുണ്ട്. അവരോടു കാണിക്കുന്ന സൗജന്യം തിരുവിതാംകൂർകാർക്കും കൂടി ലഭിക്കുന്നതിനാണ് ഉദ്യോഗകാലം നീട്ടിയിരിക്കുന്നത്. ഇന്നു ഉദ്യോഗസ്ഥന്മാരെ പുതിയതായി ലഭിക്കുവാനുള്ള വൈഷമ്യവും മറ്റൊരു കാരണമാണ്. കഴിവുള്ള ആളുകൾക്കു വയസ്സു ഒരിക്കലും ബാധ‌കമല്ല, എന്നാലും ഈ പദ്ധതിക്കും ചില വൈകല്യങ്ങളുമില്ലാതില്ല.

ഉള്ള വയസ്സിൽ അഞ്ചും പത്തും വയസ്സു കുറച്ചുവയ്ക്കുകയാണ് സാധാരണ ചെയ്തുവരുന്നത്. ഇപ്പോഴത്തെ പെൻഷൻ എത്തുമ്പോഴേക്കു തന്നെ അധികം പേരും ജോലിക്കു അപ്രാപ്തരായിത്തീരും. അവരെ വീണ്ടും ഇരുത്തുന്നത് ഒരു വലിയ പാപംകൂടിയാണ്. അതുപോലെ ഉദ്യോഗത്തിൽ പ്രവേശിക്കേണ്ട വയസ്സും ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. 25 എന്നത് 28 ആയി വർദ്ധിപ്പിച്ചിരിക്കുന്നു. ഏജ്ബാറിനെ ഭയന്നുമാത്രം ചെറുപ്പത്തിലേ എന്തെങ്കിലും ജോലിയിൽ വലിഞ്ഞുവീണ് അതോടെ ആയുസ്സു നശിപ്പിക്കുന്ന ആളുകൾക്കും ഈ പരിഷ്‌കാരം ആശ്വാസജനകമാണ്. ശമ്പളത്തെക്കാൾ കൂടുതൽ പെൻഷൻ മേടിക്കാതിരിക്കാനും ഈ പരിഷ്‌കാരം പ്രയോജകീഭവിച്ചിട്ടുണ്ട്. ഇതിന്‍റെ ഗുണങ്ങളും ദോഷങ്ങളും ഭാവി തെളിയിച്ചുകൊള്ളുന്നതാണ്.”

ഇവിടെ ലഭ്യമായ മുഖപ്രസംഗങ്ങൾ പരിശോധിക്കുമ്പോൾ സമകാലിക ലോകത്തെ സംഭവവികാസങ്ങളെ വളരെ നല്ലനിലയിൽ വിശകലനം ചെയ്തുകൊണ്ട് ഓരോ വ്യക്തികളും സമൂഹവും സംഘടനകളും രാഷ്ട്രവും ഏതു നിലയിൽ ഇടപെടണമെന്നും അല്ലെങ്കിൽ ഭാവിയിൽ എന്താണ് സംഭവിക്കാൻ സാധ്യതയെന്നും മുൻകൂട്ടി കണ്ടുകൊണ്ടും നടത്തുന്ന വിലയിരുത്തലുകളായി അവ മാറുന്നു.

 

ഇംഗ്ലീഷിലുള്ള എഡിറ്റോറിയൽ

1945 ജനുവരി 22ന് ‘ഭാരതചന്ദ്രിക’ അതിന്റെ മുഖപ്രസംഗം ഇംഗ്ലീഷിലാണ് തയാറാക്കിയത് -തലവാചകം തന്നെ ‘മുസ്​ലിംസ് ഇൻ ട്രാവൻകൂർ’. ചേരമാൻ പെരുമാളിന്റെ കാലം മുതലുള്ള ചരിത്രം പറഞ്ഞുതുടങ്ങുന്ന മുഖപ്രസംഗത്തിൽ തിരുവിതാംകൂറിലെ മുസ്​ലിംകളുടെ സമകാലിക അവസ്ഥ വ്യക്തമായി പരാമർശിക്കുന്നുണ്ട്: “വളരെ പണ്ടുമുതൽ തന്നെ മലബാർ തീരത്തെ മുസ്​ലിംകളോട് എല്ലാ രാജാക്കന്മാരും കരുണ കാണിച്ചിരുന്നു. മറിച്ച് മുസ്​ലിംകൾക്ക് അവരോടും വിധേയത്വം ഉണ്ടായിരുന്നു. തിരുവിതാംകൂറിലെ രാജാവ് മുസ്​ലിംകളെ തങ്ങളുടെ പടയാളികളും അംഗരക്ഷകരും ആക്കിയിരുന്നു.” ഇത്തരത്തിൽ മുന്നേറുന്ന മുഖപ്രസംഗത്തിൽ തിരുവിതാംകൂറിലെ മുസ്​ലിംകളുടെ ജീവിതാവസ്ഥയുടെ മെച്ചപ്പെടുത്തലും അവക്കു വേണ്ടിയുള്ള പരിഹാരങ്ങളും ആവശ്യപ്പെടുന്നുണ്ട്.

അക്കാലത്ത് മുസ്​ലിംകളെ കുറിച്ച് അബദ്ധജടിലമായ ചില പ്രചാരണങ്ങൾ തിരുവിതാംകൂറിന് പുറത്തുള്ള സംഘടനകളും പത്രങ്ങളും എഴുതിവന്നിരുന്നു. അതിനാലാണ് തിരുവിതാംകൂറിന് പുറത്തുള്ളവർ, പ്രത്യേകിച്ച് ഇംഗ്ലീഷ് ഉദ്യോഗസ്ഥരും മറ്റും വായിച്ചറിയാൻ വേണ്ടി ഇത്തരത്തിൽ ഒരു സാഹസത്തിനു ‘ഭാരതചന്ദ്രിക’ മുതിർന്നത്. എഡിറ്റോറിയൽ ഇങ്ങനെ മുന്നോട്ടു പോകുന്നു:

“People belonging to almost all the important religions in the world are living in Travancore. All of them are getting equal justice from the government. Perhaps the attempt of the government to revive Hinduism may be the cause for the spread of the said scandal. Of course, Hindu revival is supported by the government and that does not mean that Muslims are ill treated. All appreciate their kindness towards us... Anyhow at this juncture we cannot but bring to the kind notice of our Diwan Sachivothama , Our government for their early redress. There are only a handful of Muslims in government service. In olden times there were only few Muslims who had high academic qualifications for entering government service. Now a good number of Muslims are coming out of colleges with the degrees low and high. Most of them had absorbed are appointed in low post from where they will never rise. Most of them will have to retire as clerks or school masters who are generally look down, by the public. There are departments such as University etc., where Muslims are not yet appointed as lecturers (of course, there is one Arabic lecture). we beg to bring these things to the kind notice and the consideration of Diwan Sachivothama for their early redress.”

ഇത്തരത്തിൽ സമുദായ ശുദ്ധീകരണത്തിനും പുരോഗതിക്കും ഇടനൽകുന്ന വാചകങ്ങൾകൊണ്ട് സമ്പന്നമായ ഈ എഡിറ്റോറിയൽ പത്രപ്രവർത്തനരംഗത്തെ പരിചയത്തിന്റെയും സമുദായ ശുദ്ധീകരണവാദികളുടെ ഇടപെടലിന്റെയും പരിണിതഫലമാണെന്ന് കാണാൻ കഴിയും. ദിവാനായ സർ സി.പി. രാമസ്വാമി അയ്യരുടെ നേതൃത്വത്തിൽ തിരുവിതാംകൂറിൽ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ദർശിച്ച സമുദായ സ്നേഹികൾക്ക് മാനസിക ഉണർവ് നൽകാനുള്ള തന്ത്രങ്ങൾ മനസ്സിൽ കണ്ടുകൊണ്ട് തയാറാക്കിയതാണിത്. ഉയർന്ന പത്രധർമത്തിന്റെയും ധർമബോധത്തിന്റെയും പരിലാളനങ്ങളാണ് ഈ എഡിറ്റോറിയലിൽ തെളിഞ്ഞു നിൽക്കുന്നത്. മലബാർ പ്രദേശത്ത് കൂടുതൽ പ്രചാരമുള്ള പത്രത്തിലൂടെ തങ്ങളുടെ അവശത അറിയിക്കേണ്ട അധികാരികളെ പ്രത്യേകിച്ചും മലയാളം അറിയാത്ത ദിവാൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് ഇത്തരത്തിൽ ഇംഗ്ലീഷ് എഡിറ്റോറിയൽ വഴി അവർ ആഗ്രഹിച്ചത്.

സ്ത്രീപക്ഷ നിലപാടുകൾ

ഒരു വനിതയാണ് എഡിറ്റർ എന്ന നിലയിൽ ‘ഭാരതചന്ദ്രിക’ എന്നും സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് പരിശ്രമിച്ചിരുന്നു. സ്ത്രീ അവസ്ഥ മെച്ചപ്പെടുത്താനും സ്ത്രീകൾ പങ്കുചേർന്ന മഹത്തരമായ കാര്യങ്ങൾ ജനങ്ങളെ പരിചയപ്പെടുത്താനും ജാതിമത വ്യത്യാസങ്ങൾക്ക് അതീതമായി നേട്ടങ്ങളെ അഭിനന്ദിക്കാനും ഹലീമാ ബീവി തന്റെ പത്രത്തിന്‍റെ ഇതളുകൾ മാറ്റിവെച്ചിരുന്നു. ഉദാഹരണത്തിന്, 1944 ജൂലൈ 10ന് വന്ന ‘ഭാരതചന്ദ്രിക’യുടെ ലക്കം 27ൽ ‘നിയമസഭയിലേക്കുള്ള നോമിനേഷൻ’ എന്നതായിരുന്നു മുഖപ്രസംഗം.

ഒരു മുസ്​ലിം സ്ത്രീയെ ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യണമെന്ന നിലയിലാണ് അതിൽ എഴുതിയിരിക്കുന്നത്: “...വിദ്യാഭ്യാസത്തിലും പരിഷ്കാരത്തിലും തിരുവിതാംകൂർ വനിതകൾ ഏറ്റവും ഉയർന്ന പടിയിൽ എത്തിയിട്ടുണ്ടെന്ന് അഭിമാനിക്കാമെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വിജയം കരസ്ഥമാക്കാനും ഒരു വനിതയ്ക്കും കഴിഞ്ഞിട്ടില്ല. ഈ അവശത പരിഹരിച്ചുകൊണ്ടിരിക്കുന്നത് ഗവൺമെന്റിന്റെ കാരുണ്യം കൊണ്ടുള്ള നോമിനേഷൻ മുഖേനയാണ്. തിരുവിതാംകൂറിലെ മിക്ക സമുദായങ്ങളിൽനിന്നും സ്ത്രീകളെ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്.

മുസ്​ലിം സ്ത്രീകൾ മാത്രമാണ് ഈ ഭാഗ്യത്തിന് അർഹരാകാതെ കഴിഞ്ഞുകൂടുന്നത്. ഇക്കാര്യത്തിൽ അവരെയും പ്രോത്സാഹിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യേണ്ട കടമ ഗവൺമെന്‍റിനുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇതിനുമുമ്പ് മുസ്​ലിം സ്ത്രീകൾ ഏകോപിച്ചു സമ്മേളിച്ചു പല യോഗങ്ങളിലും നിയമസമിതിയിലേക്ക് ഒരു മുസ്​ലിം സ്ത്രീയെ നോമിനേറ്റ് ചെയ്യണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള നിശ്ചയങ്ങൾ പാസാക്കിയിട്ടുണ്ട്.

കൂടാതെ ആലുവ, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ മുസ്​ലിംകൾ യോഗങ്ങൾകൂടി അടുത്ത് വരുന്ന ശ്രീമൂലം അസംബ്ലിയിലേക്ക് ഒരു മുസ്​ലിം സ്ത്രീയെ നോമിനേറ്റ് ചെയ്യണമെന്ന് ഗവൺമെന്റിനോട് അപേക്ഷിച്ചിട്ടുള്ള റിപ്പോർട്ടുകൾ ഇവിടെ കിട്ടിയിട്ടുണ്ട്. മറ്റു സമുദായത്തിലെ സ്ത്രീകളോടൊപ്പം ഉണരുന്നതിനും ഉയരുന്നതിനും മുസ്​ലിം സ്ത്രീകൾക്കും വേണ്ട ആനുകൂല്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഗവൺമെന്‍റ് ഒരു മുസ്​ലിം സ്ത്രീക്ക് നിയമസഭ മുഖേന രാജ്യസേവനം അനുഷ്ഠിക്കുന്നതിനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുമെന്ന് വിശ്വസിക്കുന്നു.”39

(ആലപ്പുഴ സിവ്യൂ മുസ്​ലിം അസോസിയേഷന്റെ വാർഷിക യോഗത്തിൽ ശ്രീമൂലം അസംബ്ലിയിലേക്ക് ഇക്കൊല്ലം ഒരു മുസ്​ലിം സ്ത്രീയെ നോമിനേറ്റ് ചെയ്യണമെന്ന് പ്രമേയം പാസാക്കിയതായി ‘ഭാരതചന്ദ്രിക’ ഇതേ ലക്കത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതോടൊപ്പം, തന്നെ സ്ഥലത്തെ യങ് മുസ്​ലിം അസോസിയേഷൻ ആൻഡ് ആലി ബ്രദേഴ്സ് റീഡിങ് റൂമിന്‍റെ വാർഷികത്തിലും ഇത്തരത്തിലൊരു പ്രമേയം അവതരിപ്പിക്കപ്പെട്ടതായി അതിൽ കാണാം)

സ്വസമുദായത്തിൽ മാത്രമല്ല മറ്റു സമുദായങ്ങൾക്കിടയിലും സ്ത്രീയവസ്ഥക്ക് ഗ്ലാനിവരുത്തുന്ന പ്രവർത്തനങ്ങൾ കണ്ടാൽ പ്രതികരിക്കുന്നതിനും പ്രതിഷേധിക്കുന്നതിനും അവർ തന്റെ പത്രത്തെ ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിന്, മദ്രാസിൽ ഒരുകൂട്ടം ഹിന്ദു മഹാസഭക്കാർ ഹിന്ദുനിയമപരിഷ്കരണ കമ്മിറ്റിക്ക് സമർപ്പിച്ച നിവേദനത്തിൽ ഉൾക്കൊണ്ടിരുന്ന സ്ത്രീവിരുദ്ധതയെ വിമർശിച്ചുകൊണ്ട് തന്‍റെ പത്രത്തിന്‍റെ മുഖപ്രസംഗം പേജിൽ ഹലിമാബീവി കുറിച്ചു: “മനുഷ്യ സമുദായത്തിന്റെ അഭിവാജ്യ ഘടകമായ സ്ത്രീ ലോകത്തിന് ഈ ഇരുപതാം നൂറ്റാണ്ടിൽപോലും നൽകുന്ന ജീവിത സ്വാതന്ത്ര്യവും പുരുഷനു നൽകുന്ന സർട്ടിഫിക്കറ്റും എത്ര മെച്ചമായിരിക്കുന്നു.

പതിനാലാം നൂറ്റാണ്ടുകൾക്ക് മുമ്പ് പെൺ സന്താനങ്ങളെ പ്രസവിക്കുന്ന മാതൃഹസ്തങ്ങൾ തന്നെ അതിന്റെ നിഗ്രഹവുംകൂടി സാധിച്ചേ തീരുവെന്നും സ്ത്രീസന്താനം മുൻജന്മ പാവഫലമാണെന്നും വിശ്വസിച്ചും വെറും കച്ചവടച്ചരക്കെന്നവണ്ണം ഇഷ്ടാനുസരണം അവരെ ഉപയോഗിച്ചും വന്നിരുന്ന ആ സമുദായ നീതിയിലേക്ക് തന്നെയല്ലേ വീണ്ടും ചെന്നുചേരുന്നത് എന്നും ചിന്തിച്ചുവല്ലോ?” 40

ലോകത്താകമാനമുള്ള സ്ത്രീരത്നങ്ങളുടെ രാഷ്ട്രീയ-സാമൂഹിക സ്ഥാനലബ്ധിയും മറ്റു നേട്ടങ്ങളും തങ്ങളുടേതാണെന്നു കൂടി കാണാനുള്ള സന്മനസ്സ് കാണിച്ചുകൊണ്ട് നിലനിന്നുവന്നതാണ് സമകാലിക പ്രസിദ്ധീകരണങ്ങളിൽനിന്ന് ‘ഭാരതചന്ദ്രിക’യെയും ഹലീമാ ബീവിയെയും വ്യത്യസ്തമാക്കുന്നത്.

വിശേഷാൽപതിപ്പുകൾ

‘ഭാരതചന്ദ്രിക’ അതിന്റെ വിശേഷാല്‍ പ്രതികൾ മിക്ക വർഷവും പുറത്തിറക്കിവന്നു. 1945ൽ നബിദിനത്തോടനുബന്ധിച്ച് ഒന്നാമത്തെ വിശേഷാൽ പ്രതി പുറത്തുവന്നു. തുടർന്ന് 1946ലെ നബിദിന സന്ദേശമായും വിശേഷാൽപ്രതി പുറത്തിറക്കി. ഓരോ വർഷവും അതിനായി സർക്കാറിന്‍റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു.

1946ലെ വിശേഷാൽ പ്രതി പ്രസിദ്ധീകരിച്ചപ്പോൾ പത്രാധിപ നൽകിയ സന്ദേശത്തിലെ വരികൾ അവസാനിക്കുന്നത് ഇപ്രകാരം വായിക്കാം: “ഭൗതിക പരിഷ്കാരമോടിയിൽ വ്യാമോഹിതരായി ലൗകിക സുഗാനുഭവങ്ങളിൽ വ്യാപൃതരായിരിക്കുന്ന ഇന്നത്തെ ലോകത്തിന് (പ്രവാചകന്‍റെ) ദിവ്യ സന്ദേശം ഐക്യരാഷ്ട്ര കൗൺസിലിനേക്കാൾ ആശ്വാസപ്രദം ആയിരിക്കുമെന്ന് പ്രസ്താവിച്ചുകൊള്ളുന്നു.” തുടർന്ന് രണ്ടാം ലോകയുദ്ധാനന്തരം രൂപംകൊണ്ട ഐക്യരാഷ്ട്രസഭ നൽകുന്ന ആശ്വാസത്തെ പ്രവാചകന്‍റെ വചനങ്ങളുമായി തുല്യപ്പെടുത്തിയിട്ടുണ്ട്.

1946ലെ വിശേഷാൽ പതിപ്പിൽ രചനകൾ നടത്തിയ പ്രമുഖരിൽ തെരുവത്ത് രാമൻ (മുഹമ്മദ് നബി -കവിത), നാലാങ്കൽ കൃഷ്ണപിള്ള (പൂജാ പുഷ്പം -കവിത), സർദാർ കെ.എം. പണിക്കർ (കേവല ജീവിതവും ഉയർന്ന ചിന്തനവും), വിദ്വാൻ ശങ്കരൻ കരിപ്പായി (മടങ്ങിവന്നപ്പോൾ -ചെറുകഥ), വെട്ടൂർ രാമൻനായർ (മലബാറിൽ നിന്ന് -ചെറുകഥ), എം. അഹമ്മദ് കണ്ണ് (ഭാരതരാഷ്ട്രീയാന്തരീക്ഷത്തിൽ ആശയങ്ങളുടെ സംഘട്ടനം), കമുകറ എൽ. ലീലാബായി (രോഗിണി -ചെറുകഥ), എം.പി. അപ്പൻ (ആനന്ദം -കവിത), ഇടവ ജമാൽ (ചാരിതാർഥ്യം - ചെറുകഥ), എൽ. ആനന്ദവല്ലി അമ്മ (പാരിതോഷികം - ചെറുകഥ), എം.കെ. രാമകൃഷ്ണൻ നായർ (വേർപാട് -കവിത), കെ.പി. അലിക്കുഞ്ഞ് (ഗാന്ധി -ജിന്നാ സംഭാഷണം), കെ.കെ. രാഘവ പണിക്കർ (നബി ജയന്തി -കവിത), എം. മുഹമ്മദ് യൂസഫ് കരുനാഗപ്പള്ളി (ഇസ്​ലാം ചരിത്രത്തിലെ മഹനീയകൃത്യങ്ങൾ) എന്നിവർ ഉൾപ്പെട്ടിരുന്നു. മുഹമ്മദ് കണ്ണിന്റെ ‘കേരള മുസ്​ലിം സമുദായോത്തേജകനായ വക്കം മൗലവി’ എന്ന ലേഖനവും വൈക്കം മുഹമ്മദ് ബഷീർ ‘ഇഖ്ബാലിന്‍റെ രണ്ടു ഗാനങ്ങൾ’ എന്ന ലേഖനവും പ്രത്യേകം ശ്രദ്ധ അർഹിക്കുന്നവയാണ്.

 

1947ലെ ‘ഭാരതചന്ദ്രിക’ നബിദിനം വിശേഷാൽ പ്രതിയിൽ എഴുതിയവരിൽ മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ (കോടതിയുടെ കോപം), ലളിതാംബിക അന്തർജനം (കാർമേഘം -ചെറുകഥ), ബാലാമണിയമ്മ (ഈദു ചന്ദ്രനോട് -കവിത), വക്കം അബ്ദുൽ ഖാദർ (മുഗൾ രാജധാനിയിലെ ഒരു പണ്ഡിത രത്നം), വൈക്കം മുഹമ്മദ് ബഷീർ (ഫരീദുദ്ദീൻ അത്താർ), ഒ. ആബു (തിരുനബി -കവിത), ഇടവ ജമാൽ (നബി ജയന്തി -കവിത), കവിയൂർ എം.ജി (രാഗോദയം -കവിത), എസ്. മുഹമ്മദ് അബ്ദ ,രവീന്ദ്രൻ നായർ (വിഷുക്കണി -കവിത), എ.ബി. മുഹമ്മദ് കുഞ്ഞ് (പ്രവാചക പ്രഭു), എൻ. ഗോപാലൻ നായർ (ആരാധകൻ -കവിത), കെ.പി. അലികുഞ്ഞ് (ഉള്ളതോ കള്ളമോ), എം. അബൂബക്കർ കണ്ണൂർ (മുസ്​ലിംകളും രാജ്യഭരണവും), പുത്തൂർ രാഘവൻ നായർ (സമപത്നി), സർദാർ കെ.എം. പണിക്കർ (മുസ്​ലിംകളും പാകിസ്താനും), എം. അഹമ്മദ് കണ്ണ് (ആഹ്വാനം), മൗലവി മുഹമ്മദ് അസ്​ലം (അൽ ഹജ്), അൻസാർ ബീഗം (മഹാനായ നേതാവ്), ഷാഹുൽ ഹമീദ് (ജനതാ വിവാദത്തിലേക്ക് ഒരു എത്തിനോട്ടം), തങ്കമ്മ മാലിക് (നഗരപിതാവ് -കഥ), മതിലിൽ ഭാഗം ചന്ദ്രശേഖരൻ നായർ (ആശ -കവിത), മൗലവി അറബി ഷംനാദ് (ഖുർആൻ), കെ. മുഹമ്മദലി (റസൂൽ കരീം) തുടങ്ങിയവർ ഉൾപ്പെട്ടിരുന്നു.

സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ വ്യത്യസ്ത ആശയങ്ങൾ പുലർത്തുന്ന വ്യക്തികളെക്കൊണ്ട് തന്‍റെ പത്രികയുടെ വിശേഷാൽ പതിപ്പുകൾക്കായി വിഭവങ്ങൾ തയാറാക്കുന്നതിലും അവർ താൽപര്യം കാണിച്ചു. ഹലീമാ ബീവി അയക്കുന്ന കത്തുകൾക്കനുസൃതമായി പ്രതികരിക്കുന്നതിന് അന്നത്തെ സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ താൽപര്യം കാണിച്ചിരുന്നുവെന്നതിന്‍റെ തെളിവാണ് ഇത്തരത്തിൽ സമ്പന്നമായ വിശേഷാൽപ്പതിപ്പുകളെന്ന് നിസംശയം പറയാവുന്നതാണ്.

(തുടരും)

കുറിപ്പ്

39. ഭാരതചന്ദ്രിക, ലക്കം 27, 1944 ജൂലൈ 10.

40. ഭാരതചന്ദ്രിക, വാല്യം: 2 ലക്കം: 10, 1945 മാർച്ച് 19.

News Summary - Firmness in pro-women, progressive stances