Begin typing your search above and press return to search.
proflie-avatar
Login

ചരിത്രത്തെ നേരെയാക്കിയ ചരിത്രകാരന്‍

ചരിത്രത്തെ   നേരെയാക്കിയ   ചരിത്രകാരന്‍
cancel

ജൂലൈ 27ന് ചെന്താരശ്ശേരി വിടവാങ്ങിയിട്ട് എട്ടു വർഷം. ചെന്താരശ്ശേരിയുടെ ചരിത്ര സംഭാവനകളെയും ഇടപെടലുകളെയും അനുസ്മരിക്കുന്നു. കേരള ചരിത്രത്തെ ഇളക്കിപ്പണിത ചരിത്രകാരനായിരുന്നു ടി.എച്ച്.പി. ചെന്താരശ്ശേരി (തിരുവന്‍ ഹീരപ്രസാദ് ചെന്താരശ്ശേരി). 1928 ജൂലൈ 29ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ ഓതറയിലാണ് ജനിച്ചത്. 2018 ജൂലൈ 27ന് വിടപറയുമ്പോള്‍ തിരുവനന്തപുരത്ത് പട്ടത്തായിരുന്നു താമസം. കേരള ചരിത്രത്തെ കീഴാളപക്ഷത്തുനിന്നു വായിക്കുന്നതിന് തുടക്കം കുറിച്ച അന്വേഷകനായിരുന്നു ചെന്താരശ്ശേരി. കേരള ചരിത്രത്തെ അക്കാദമികവും അനക്കാദമികവുമായി സമീപിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍...

Your Subscription Supports Independent Journalism

View Plans
ജൂലൈ 27ന് ചെന്താരശ്ശേരി വിടവാങ്ങിയിട്ട് എട്ടു വർഷം. ചെന്താരശ്ശേരിയുടെ ചരിത്ര സംഭാവനകളെയും ഇടപെടലുകളെയും അനുസ്മരിക്കുന്നു.

കേരള ചരിത്രത്തെ ഇളക്കിപ്പണിത ചരിത്രകാരനായിരുന്നു ടി.എച്ച്.പി. ചെന്താരശ്ശേരി (തിരുവന്‍ ഹീരപ്രസാദ് ചെന്താരശ്ശേരി). 1928 ജൂലൈ 29ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ ഓതറയിലാണ് ജനിച്ചത്. 2018 ജൂലൈ 27ന് വിടപറയുമ്പോള്‍ തിരുവനന്തപുരത്ത് പട്ടത്തായിരുന്നു താമസം. കേരള ചരിത്രത്തെ കീഴാളപക്ഷത്തുനിന്നു വായിക്കുന്നതിന് തുടക്കം കുറിച്ച അന്വേഷകനായിരുന്നു ചെന്താരശ്ശേരി. കേരള ചരിത്രത്തെ അക്കാദമികവും അനക്കാദമികവുമായി സമീപിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അക്കാദമിക രചനകളെ വിമര്‍ശനപരമായി പരിശോധിച്ചുകൊണ്ടുള്ള എഴുത്തുകള്‍ക്ക് തുടക്കമിടുന്നത് പി.കെ. ബാലകൃഷ്ണനാണ്. ഇദ്ദേഹത്തിന്‍റെ ‘ജാതിവ്യവസ്ഥയും കേരള ചരിത്രവും’ എന്ന പുസ്തകം ഉദാഹരണമാണ്. ചെന്താരശ്ശേരിയും ഇത്തരത്തില്‍ വ്യത്യസ്തമായ, രേഖപ്പെടുത്താത്ത സംഭവങ്ങളുടെ അന്വേഷണമാണ് നടത്തിയത്.

ചരിത്ര കാഴ്ചപ്പാടുകള്‍

കേരള ചരിത്രത്തെ പുനര്‍വായനക്ക് വിധേയമാക്കുന്ന അഞ്ച് ചരിത്ര പുസ്തകങ്ങളാണ് ചെന്താരശ്ശേരി എഴുതിയിട്ടുള്ളത്. ‘കേരള ചരിത്രധാര’ (1978), ‘ചേരനാട്ടു ചരിത്രശകലങ്ങള്‍’ (1980), ‘കേരള ചരിത്രത്തിനൊരു മുഖവുര’ (1987), ‘കേരള ചരിത്രവും ഇളംകുളം കുഞ്ഞന്‍പിള്ളയും’ (1988), ‘കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍’ എന്നീ കൃതികള്‍ കീഴാള ചരിത്രത്തെ കേരളത്തില്‍ സ്ഥാപിച്ചെടുക്കുകയായിരുന്നു. ചരിത്രത്തെ എങ്ങനെ സമീപിക്കണം എന്ന തന്‍റെ നിലപാട് വ്യക്തമാക്കുന്ന പുസ്തകമാണ് കേരള ചരിത്രധാര. അദ്ദേഹം എഴുതുന്നു: ‘‘ചരിത്രം ലക്ഷ്യ പ്രചോദിതമായിരിക്കണം. ഒരു സിദ്ധാന്തത്തിന്‍റെയോ തത്ത്വസംഹിതയുടെയോ പ്രചാരണോപാധിയായിരിക്കരുത് ചരിത്രം.

കാലത്തിന്‍റെ മാറ്റത്തിനൊത്തു ചരിത്രത്തിന്‍റെ ഘടനയിലും (ഭൂതകാല സംഭവങ്ങളിലല്ല) മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രവീക്ഷണത്തില്‍ വന്ന വ്യത്യാസമാണ് ഈ പ്രത്യേകതക്ക് കാരണം. വിവിധ വീക്ഷണകോണുകളുള്ള ചരിത്രകാരന്മാര്‍ ഇന്നലെ വരെ വിരചിതങ്ങളായ പല ചരിത്രങ്ങളും പുനര്‍രചനക്ക് വിധേയമാക്കണമെന്ന് ഇന്ന് ശഠിക്കുന്നുണ്ട്. ഒരു വിപ്ലവത്തിന്‍റെ ബീജം ഗര്‍ഭം ധരിച്ചിരിക്കുന്ന സമൂഹത്തിന്‍റെ പ്രതിനിധിയായ ചരിത്രകാരനാല്‍ വിരചിതമായ ചരിത്രം ആ വിപ്ലവത്തിന്‍റെ പൊടിപടലങ്ങള്‍ അടങ്ങിക്കഴിയുമ്പോള്‍ പുനര്‍ രചനക്കു വിധേയമാക്കേണ്ട സ്ഥിതിവിശേഷവും വന്നുചേരുന്നു. ചരിത്രരചനയുടെ കാര്യത്തില്‍ ഈ ഏകപക്ഷീയതയും വൈകാരികാവേശവും അഭികാമ്യമല്ല. എന്നാല്‍, ചില ചരിത്രങ്ങള്‍ സമൂലം റിവൈസ് ചെയ്യപ്പെടേണ്ട ചില സാഹചര്യം ഉണ്ടാകാറുണ്ട്.’’ ചരിത്രത്തെ സൂക്ഷ്മായി സമീപിക്കണമെന്നാണ് ചെന്താരശ്ശേരിയുടെ നിലപാട്. ആദ്യ ചരിത്രപുസ്തകത്തില്‍ ഗോത്രസമൂഹത്തില്‍നിന്നും ജാതിവ്യവസ്ഥയിലേക്ക് കടക്കുന്ന ചേരനാടിനെക്കുറിച്ച് എഴുതുന്നുണ്ട്.

‘കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍’ എന്ന ഗ്രന്ഥത്തില്‍ ബ്രാഹ്മണാധിനിവേശത്തെ വിശകലനം ചെയ്തുകൊണ്ട് ‘കേരളോൽപത്തി’ ഉള്‍പ്പെടെ പുസ്തകങ്ങളെ വിമര്‍ശന വിധേയമാക്കുന്നു. പരശുരാമ കഥയിലൂടെ മിത്തിനെ ചരിത്രമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന വിശകലനം ചെന്താരശ്ശേരി അവതരിപ്പിക്കുന്നുണ്ട്. കേരള ചരിത്രരചനയില്‍ നടന്നിട്ടുള്ള അട്ടിമറികളും രേഖപ്പെടുത്തുന്നു. പ്രാചീന കേരളനിവാസികള്‍ ഗോത്രസമൂഹമാണെന്നും അവരുടെ ഇടയിലേക്ക് ബ്രാഹ്മണരെത്തുകയും ആധിപത്യം സ്ഥാപിക്കുകയായിരുന്നുവെന്നും ചെന്താരശ്ശേരി കണ്ടെത്തുന്നുണ്ട്. ഉല്‍പാദനബന്ധങ്ങളിലുണ്ടാകുന്ന മാറ്റവും ജാതിയുടെ രൂപവത്കരണവുമെല്ലാം കേരളത്തിന്‍റെ സാമൂഹിക മണ്ഡലത്തില്‍ ഏതുതരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് കാരണമായതെന്ന് ചെന്താരശ്ശേരി വിശകലനം ചെയ്യുന്നുണ്ട്.

കേരളവും ആദിമനിവാസികളും

ചരിത്രം സൃഷ്ടിക്കുന്നത് മനുഷ്യരാണ്. കേരളത്തെ സംബന്ധിച്ച് ആദിവാസി, അടിത്തട്ട് സമൂഹങ്ങളാണത്. ഇവിടത്തെ അധ്വാനവര്‍ഗം ഇവരാണ്. ഈ മനുഷ്യരെക്കുറിച്ച് എഴുതാന്‍ ആരുമില്ലാതിരുന്നപ്പോഴാണ് ചരിത്രരചനയിലെ എല്ലാത്തരം രീതിശാസ്ത്രങ്ങളെയും അട്ടിമറിച്ച് ചെന്താരശ്ശേരി തന്‍റെ നിരീക്ഷണങ്ങളുമായി രംഗത്തുവരുന്നത്. അന്നുവരെ ഉണ്ടായിരുന്ന ചരിത്രനിർമിതിക്കുമേല്‍ ചെന്താരശ്ശേരി വലിയ പരിക്കേല്‍പിച്ചു. അതിനെ, മറികടക്കാന്‍ ചരിത്രകാരന്മാര്‍ ശ്രമിച്ചില്ല. യഥാർഥത്തില്‍ രേഖപ്പെടുത്തേണ്ട പല ചരിത്ര സംഭവങ്ങളെയും തമസ്കരിച്ചുകൊണ്ടാണ് ഇതുവരെ പലരും ചരിത്രം എഴുതിയിരുന്നതെന്ന് തിരിച്ചറിയുന്നത് ചെന്താരശ്ശേരിയുടെ പുസ്തകങ്ങള്‍ പുറത്തുവന്നതോടെയാണ്.

വരേണ്യ മിത്തിനാല്‍ നിർമിതമായ അക്കാദമിക് ചരിത്രം പലപ്പോഴും കീഴാള മനുഷ്യരുടെ ജീവിതത്തെ അതിനു പുറത്തുനിര്‍ത്തുന്നതായിരുന്നു. ആ പുറത്താക്കലുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ചെന്താരശ്ശേരി ശ്രമിച്ചത്. 1970ല്‍ പുറത്തിറങ്ങിയ ‘കേരളത്തിന്‍റെ അവഗണിക്കപ്പെട്ട ഏടുകള്‍’ എന്ന പുസ്തകം ചരിത്രകാരന്മാര്‍ക്കിടയില്‍ ചര്‍ച്ചക്ക് കാരണമായി. നാളതുവരെയുള്ള ചരിത്ര പുസ്തകങ്ങളില്‍ കാണാത്ത വിമര്‍ശനമാണ് ചെന്താരശ്ശേരി ഉയര്‍ത്തിയത്. അക്കാദമിക സമൂഹം ചെന്താരശ്ശേരിക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിയില്ല. കാരണം, അദ്ദേഹം മുന്നോട്ടുവെച്ച ചോദ്യങ്ങള്‍ കീഴാളപക്ഷ കാഴ്ചപ്പാടുകള്‍ക്ക് ബലംനല്‍കുന്നതായിരുന്നു.

കേരള ചരിത്രരചനയില്‍ ഇളംകുളത്തിന്‍റെ സംഭാവനയെ വിമര്‍ശനപരമായി പരിശോധിക്കുന്ന പുസ്തകമാണ് ‘കേരള ചരിത്രവും ഇളംകുളം കുഞ്ഞന്‍പിള്ളയും’. ഇളംകുളത്തിന്‍റെ ഓരോ കൃതിയും വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കുന്നുണ്ട്. ‘കേരളോൽപത്തി’, ‘കേരളമാഹാത്മ്യം’ മുതലായ ഐതിഹ്യങ്ങളെ ആധാരമാക്കി എഴുതിയുണ്ടാക്കിയ ‘ചരിത്രം’ പഠിക്കേണ്ട ഗതികേടില്‍പെട്ടിരുന്ന വിദ്യാർഥികള്‍ക്ക് ചരിത്രസത്യങ്ങളുടെ പ്രകാശം തെളിച്ചുകൊടുത്ത കൃതികളാണ് ഇളംകുളത്തിന്‍റേത് (ചെന്താരശ്ശേരി 2015:71). ഇളംകുളത്തിന്‍റെ നിരീക്ഷണങ്ങളെയാണ് തന്‍റെ ചരിത്രരചനക്ക് ചെന്താരശ്ശേരി കൂടുതലും ആശ്രയിച്ചിട്ടുള്ളത്.

നവോത്ഥാന എഴുത്തുകള്‍

അയ്യന്‍കാളിയെയും പൊയ്കയില്‍ അപ്പച്ചനെയും (പൊയ്കയില്‍ കുമാരഗുരു) പാമ്പാടി ജോണ്‍ ജോസഫിനെയും ആദ്യമായി പുസ്തകത്തിലൂടെ കേരളത്തിന് പരിചയപ്പെടുത്തിയത് ചെന്താരശ്ശേരി ആയിരുന്നു. കേരളത്തിന്‍റെ നവോത്ഥാനത്തെ അടയാളപ്പെടുത്തുന്ന നിരവധി പുസ്തകങ്ങള്‍ പലരും എഴുതുന്നുണ്ടെങ്കിലും ചരിത്രത്തില്‍ മാഞ്ഞുപോയവരെ വെളിച്ചത്തിലേക്കു കൊണ്ടുവരികയായിരുന്നു ചെന്താരശ്ശേരി. കുറുമ്പന്‍ ദൈവത്താന്‍, വെള്ളിക്കര ചോതി, തൈക്കാട് അയ്യാസ്വാമി, ആനന്ദതീർഥന്‍ എന്നിവരെക്കുറിച്ചും ചെന്താരശ്ശേരി എഴുതിയിട്ടുണ്ട്.

ഇംഗ്ലീഷിലും മലയാളത്തിലുമായി അയ്യന്‍കാളിയെക്കുറിച്ച് നാലോളം പുസ്തകങ്ങളാണ് ചെന്താരശ്ശേരി എഴുതിയിട്ടുള്ളത്. അയ്യന്‍കാളിയെക്കുറിച്ച് എഴുതിയ ആദ്യ പുസ്തകമാണ് ‘അയ്യന്‍കാളി’ എന്ന തലക്കെട്ടിലുള്ള ജീവചരിത്രം. ചെന്താരശ്ശേരി സമ്പാദനം നിര്‍വഹിച്ച അയ്യന്‍കാളി നടത്തിയ ‘സ്വാതന്ത്ര്യ സമരങ്ങള്‍’ എന്ന പുസ്തകം 1991ലാണ് പുറത്തുവരുന്നത്. ‘അയ്യന്‍കാളി ദ ഫസ്റ്റ് ദലിത് ലീഡര്‍’ എന്ന ഇംഗ്ലീഷ് പുസ്തകം 1996ല്‍ നവദിന്‍ പ്രകാശന്‍ പുറത്തിറക്കി. ‘കേരള ചരിത്രത്തിന്‍റെ ഗതിമാറ്റിയ അയ്യന്‍കാളി’ എന്ന പുസ്തകവും ആധികാരികമായി രചിക്കപ്പെട്ടതാണ്.

ചെന്താരശ്ശേരി വളരെ നേരത്തേ അയ്യന്‍കാളിയെക്കുറിച്ച് ഇത്രയധികം പുസ്തകങ്ങള്‍ എഴുതിയിട്ടും കേരള ചരിത്രരചയിതാക്കള്‍ക്ക് അതൊന്നും സ്വീകാര്യമായിരുന്നില്ല. അക്കാദമിക് പാണ്ഡിത്യത്തിന്‍റെ അളവുകോലില്‍നിന്നു പുറത്തുചാടുന്നവരെ അംഗീകരിക്കാന്‍ ചരിത്രകാരന്മാര്‍ തയാറായില്ല എന്നതാണ് ഇതിന് കാരണം. കേരള നവോത്ഥാന ചരിത്രത്തില്‍ ജാതിവിരുദ്ധ കാഴ്ചപ്പാട് അവതരിപ്പിച്ച് അടിത്തട്ട് മനുഷ്യരുടെ സാമൂഹിക നിർമിതിക്ക് തുടക്കം കുറിച്ച അയ്യന്‍കാളിയെയും സമകാലികരെയും അടയാളപ്പെടുത്താന്‍ ചെന്താരശ്ശേരി വേണ്ടിവന്നു എന്നതാണ് ചരിത്രത്തിന്‍റെ വിരോധാഭാസം. ചെന്താരശ്ശേരിക്കുശേഷം നിരവധി അയ്യന്‍കാളി പഠനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

രണ്ടായിരത്തോടെ പുതുവായനകളും ചരിത്രത്തിന്‍റെ അപനിർമിതികളും സജീവമായതോടെയാണ് അയ്യന്‍കാളിയും കീഴാളരാഷ്ട്രീയവുമെല്ലാം കേരളത്തിന്‍റെ വ്യവഹാര മണ്ഡലത്തില്‍ കടന്നുവരുന്നത്. അതിന് അടിത്തറയാകുന്നത് ചെന്താരശ്ശേരിയുടെ പുസ്തകങ്ങളായിരുന്നു. അയ്യന്‍കാളിയെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന പുസ്തകങ്ങളുടെയെല്ലാം റഫറന്‍സ് ചെന്താരശ്ശേരിയുടേതാണ് എന്നതാണ് അദ്ദേഹത്തിന്‍റെ മഹത്വം. മിത്തുകളാലും ഭാവനകളാലും വളച്ചൊടിക്കപ്പെട്ടും വികലമാക്കിയതുമായ ചരിത്രത്തെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുകയായിരുന്നു ചെന്താരശ്ശേരി.

അതുകൊണ്ട് അദ്ദേഹത്തിന്‍റെ നിഗമനങ്ങളോടും നിരീക്ഷണങ്ങളോടും യോജിക്കാന്‍ പല ചരിത്രകാരന്മാരും തയാറായില്ല. ഇന്ന് ചരിത്രത്തെ സംബന്ധിച്ച് നേരത്തേ ഉറപ്പിക്കപ്പെട്ട സൈദ്ധാന്തിക അടിത്തറക്ക് ഇളക്കംതട്ടുകയും മനുഷ്യരുടെ അനുഭവ ആഖ്യാനങ്ങളും പറച്ചിലുകളും പ്രാദേശിക ചരിത്ര എഴുത്തുകളും പുതു ചരിത്രമെഴുത്തിന്‍റെ ഭാഗമായതോടെയാണ് അക്കാദമിക് പാണ്ഡിത്യമല്ല, അന്വേഷണവും പഠനവുമാണ് ചരിത്രത്തിന്‍റെ അടിസ്ഥാനമെന്ന കാഴ്ചപ്പാട് രൂപപ്പെടുന്നത്. ഇവിടെയാണ് ചെന്താരശ്ശേരിയെപ്പോലെയുള്ളവര്‍ ഉയര്‍ന്നുവരുന്നത്. ചരിത്ര, നവോത്ഥാന രചനകള്‍ മാത്രമല്ല ‘തലമുറകള്‍’ എന്ന തലക്കെട്ടില്‍ ഒരു സാമൂഹിക നോവലും ചെന്താരശ്ശേരി എഴുതിയിട്ടുണ്ട്. കേരളത്തിന്‍റെ സാമൂഹിക ജീവിതത്തിലേക്ക് ചരിത്രകാരന്‍ നടത്തുന്ന യാത്രയാണ് ഈ നോവല്‍.

കീഴാള സമൂഹത്തിന്‍റെ ജീവിതവും പോരാട്ടങ്ങളും എന്തുകൊണ്ടാണ് ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയത് എന്ന ചിന്തയില്‍നിന്നാണ് ചരിത്രരചനയിലേക്ക് കടക്കാന്‍ കാരണമെന്ന് ചെന്താരശ്ശേരി പറഞ്ഞിട്ടുണ്ട്. പ്രസിദ്ധീകരിക്കാത്തതായ നിരവധി കുറിപ്പുകള്‍ ഇപ്പോഴുമുണ്ട്. അത് കണ്ടെത്തി പ്രസിദ്ധീകരിക്കുക എന്നതാണ് ചെന്താരശ്ശേരിയോട് ചെയ്യാവുന്ന ഏറ്റവും വലിയ ആദരം. ‘ഡോ. അംബേദ്കര്‍ തത്ത്വചിന്തയും പ്രവര്‍ത്തനങ്ങളും’ (1990), ‘ആദി ഇന്ത്യയുടെ ചരിത്രം’(1999), ‘ഭാരതരത്നം അംബേദ്കര്‍’ (ജീവചരിത്രം 2000), ‘ചാതുര്‍വര്‍ണ്യവും അംബേദ്കറിസവും’ (2001), ‘ആദി ഇന്ത്യാ ചരിത്രത്തിലൂടെ’ (1993), ‘കേരളത്തിന്‍റെ മലര്‍വാടി’ (വയനാട്), പൊയ്കയില്‍ കുമാരഗുരു, പാമ്പാടി ജോണ്‍ ജോസഫ്, അയ്യന്‍കാളി നടത്തിയ സ്വാതന്ത്ര്യസമരങ്ങള്‍, ഇംഗ്ലീഷില്‍ എഴുതിയ ‘അയ്യന്‍കാളി ദ ഫസ്റ്റ് ദലിത് ലീഡര്‍’, ‘ഡോക്ടര്‍ അംബേദ്കര്‍ ഓണ്‍ സം ആസ്പക്ട് ഓഫ് ഹിസ്റ്ററി ഓഫ് ഇന്ത്യ’, ‘ഹിസ്റ്ററി ഓഫ് ഇന്‍ഡിജിനസ് ഇന്ത്യന്‍’ എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍. ‘വര്‍ണബാഹ്യ നവോത്ഥാന ശില്‍പികള്‍’ എന്ന പുസ്തകമാണ് അവസാനം പ്രസിദ്ധീകരിച്ചത്. ഈ പുസ്തകവും കേരളീയ നവോത്ഥാനത്തിന്‍റെ പുനര്‍പാഠമാണ്. ചെന്താരശ്ശേരിയുടെ ഗ്രന്ഥങ്ങള്‍ ഇനിയും സമഗ്രപഠനത്തിന് വിധേയമാക്കേണ്ടതുണ്ട്.

News Summary - Chentharassery Rewrote Kerala History From Subaltern Lens