Begin typing your search above and press return to search.
proflie-avatar
Login

ഭൂമിയും ആകാശവും വിറ്റവർ കടലിനെ തേടിയെത്തു​േമ്പാൾ...

ഭൂമിയും ആകാശവും വിറ്റവർ കടലിനെ തേടിയെത്തു​േമ്പാൾ...
cancel
ബ്ലൂ ഇ​േക്കാണമി നയവും സമുദ്ര മത്സ്യബന്ധന നിയമവും ഉയർത്തുന്ന വെല്ലുവിളികൾ എന്തെല്ലാമാണ്​? കരയും ആകാശവും വിറ്റ ഭരണകൂടം കടലിലേക്ക്​ കടക്കു​േമ്പാൾ എന്താണ്​ സംഭവിക്കുക? ഗുരുതര രാഷ്​​ട്രീയ, സാമൂഹിക, പരിസ്​ഥിതി പ്രശ്​നങ്ങളാണ്​ പുതിയ നയങ്ങൾസൃഷ്​ടിക്കുകയെന്ന്​ ലേഖകൻ.

കഴിഞ്ഞ വർഷമാണ് കേന്ദ്രസർക്കാർ ദേശീയ ഫിഷറി നയം-2020 പുറത്തിറക്കിയത്. ആഴക്കടൽ മത്സ്യമേഖലയെ കുത്തക കമ്പനികൾക്കു തീറെഴുതുന്ന ദോഷകരമായ ഈ നയത്തിനുപിന്നാലെ അതിനേക്കാൾ ഗൗരവമേറിയ നിർദേശങ്ങളടങ്ങുന്ന രണ്ടു രേഖകൾകൂടി സമീപകാലത്ത് കേന്ദ്രം പുറത്തിറക്കി. കേന്ദ്ര ഫിഷറി നിയമം (ഇന്ത്യൻ മറൈൻ ഫിഷറി ബിൽ-2021) എന്നറിയപ്പെടുന്ന ഈ ബിൽ ആഗസ്​റ്റ്​ 13നു സമാപിച്ച പാർല​െമ​ൻറി​െൻറ വർഷകാല സമ്മേളനത്തിൽതന്നെ തിരക്കിട്ടു പാസാക്കാനായിരുന്നു നീക്കം. എന്നാൽ, വിവിധ തീരസംസ്​ഥാനങ്ങളിൽനിന്നും മത്സ്യത്തൊഴിലാളി സംഘടനകളിൽനിന്നും ഉയർന്നുവന്ന ശക്തമായ പ്രതിഷേധത്തെ തുടർന്ന് ബിൽ പാസാക്കുന്ന നടപടി സർക്കാർ തൽക്കാലം മാറ്റി. സമീപകാലത്ത് കർഷകനിയമത്തിനെതിരേ നടക്കുന്ന ശക്തമായ സമരവും സർക്കാറിനെ മാറി ചിന്തിപ്പിക്കാൻ േപ്രരിപ്പിച്ചിട്ടുണ്ട്. എന്നാൽ, ബ്ലൂ ഇക്ക​ണോമി നയവുമായി ബന്ധപ്പെട്ട നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. അടുത്തകാലത്ത് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന നടപടി ഈ പശ്ചാത്തലത്തിലാണ് നോക്കിക്കാണേണ്ടത്.

ബ്ലൂ ഇ​േക്കാണമിയുടെ ജനാധിപത്യ വിരുദ്ധത

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലാണ് ബ്ലൂ ഇ​േക്കാണമി എന്ന പേരിലറിയപ്പെടുന്ന സമുദ്ര സമ്പദ്​വ്യവസ്​ഥയുടെ കരട് ചട്ടക്കൂട് നയരേഖ തയാറാക്കിയത്. ഫെബ്രുവരി 17ന് പുറത്തിറക്കിയ ഈ രേഖയിലുള്ള അഭിപ്രായം അറിയിക്കാൻ പത്തുദിവസം മാത്രമാണ് അനുവദിച്ചത്. പ്രതികരണമറിയിക്കേണ്ട ഫെബ്രുവരി 27 കഴിഞ്ഞപ്പോഴാണ് പല തീരദേശ സംസ്​ഥാന സർക്കാറുകളും മത്സ്യത്തൊഴിലാളി സംഘടനകളും ഇതിനെപ്പറ്റി അറിഞ്ഞതുതന്നെ! സാധാരണഗതിയിൽ കേന്ദ്രത്തി​െൻറ ഒരു രേഖയെ സംബന്ധിച്ച് അഭിപ്രായമറിയിക്കുന്നതിന് അറുപതു മുതൽ തൊണ്ണൂറു ദിവസം വരെ അനുവദിക്കാറുണ്ട്. എന്നാൽ, 607 പേജുകളിലായി ഏഴു പുസ്​തകങ്ങളും കരട് ചട്ടക്കൂട് രേഖയും അടങ്ങുന്ന വിസ്​താരമായ ഈ വിഷയം തിരക്കിട്ട് അവതരിപ്പിച്ച് അംഗീകരിപ്പിക്കാനുള്ള കേന്ദ്ര നടപടി ദുരൂഹവും ആശങ്കയുണ്ടാക്കുന്നതുമാണ്. ഈ രേഖകൾ തയാറാക്കാനായി കേന്ദ്രം രൂപവത്​കരിച്ച ഏഴു വർക്കിങ്​ ഗ്രൂപ്പുകളിലൊന്നിൽ​പോലും മത്സ്യത്തൊഴിലാളി സംഘടനകളുടെയോ തീരദേശ സംസ്​ഥാനങ്ങളുടെയോ ഒരു പ്രതിനിധിപോലുമില്ല. എന്നാൽ ഫിക്കി, അസോചെം, സി.ഐ.ഐ എന്നിങ്ങനെയുള്ള വ്യവസായ-വാണിജ്യ ഭീമന്മാരുടെ സംഘടനാ പ്രതിനിധികളും പ്രതിരോധ-ഗവേഷണ സ്​ഥാപനങ്ങളുടെ പ്രതിനിധികളും ആവശ്യത്തിലേറെ ഉണ്ടുതാനും. ഇത് നമ്മുടെ ആശങ്ക വർധിപ്പിക്കുന്ന ഒരു കാര്യമാണ്.

ഇന്ത്യക്ക്​ 8118 കിലോമീറ്റർ ദൂരം വരുന്ന തീരവും, 2.01 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വരുന്ന സമുദ്രമേഖലയിലെ പരമാധികാരവും ഉണ്ട്. 119 ചെറുകിട തുറമുഖങ്ങളും 12 വലിയ തുറമുഖങ്ങളുമുണ്ട്. അതിലൂടെ പ്രതിവർഷം 1400 ദശലക്ഷം ടൺ ചരക്കുകളുടെ നീക്കവും നടക്കുന്നുണ്ട്. നമ്മുടെ കടലിൽ വാണിജ്യാടിസ്​ഥാനത്തിൽ പിടിക്കുന്ന 665 ഇനങ്ങളിൽപെട്ട മത്സ്യങ്ങളും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുമായ 40 ലക്ഷം മത്സ്യത്തൊഴിലാളികളുമുണ്ടെന്നും രേഖ പറയുന്നു. 17 കോടിയോളം വരുന്ന ജനം തീരവാസികളാണ്. 20 ലക്ഷം ക്യുബിക് മീറ്ററോളം എണ്ണയും പ്രകൃതിവാതകങ്ങളും നമ്മുടെ കടലി​െൻറ അടിത്തട്ടിലുണ്ട്. ഈ സമുദ്ര വിഭാഗങ്ങളെ ഏഴു മേഖലകളാക്കി തിരിച്ച് വിവിധ ഉൽപന്നങ്ങളുടെ കണക്കെടുപ്പ്, എണ്ണ-വാതകങ്ങൾ എന്നിവയുടെ ഖനനം, ജൈവ-ധാതു-ഖനിജ വസ്​തുക്കളുടെ ഖനനം, തുറമുഖങ്ങളുടെ നിർമാണം, മത്സ്യബന്ധനം, കപ്പൽ-ചരക്ക് നീക്ക വികസനം, തീരദേശത്തെ ടൂറിസം, തീരത്തെ അടിസ്​ഥാന സൗകര്യവികസനം, സമുദ്രരംഗത്തെ തന്ത്രപ്രധാനമായ സൈനിക നടപടി എന്നീ കാര്യങ്ങളാണ് രേഖകളിൽ പരാമർശിക്കുന്നത്. കടലി​െൻറ നേരവകാശികളും അതുമായി ഇണങ്ങി ജീവിക്കുന്നവരുമായ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്കുനേരേയും, തീരസംസ്​ഥാനങ്ങളുടെ അധികാരങ്ങൾക്കുനേരേയും കണ്ണടയ്​ക്കുന്ന സമീപനമാണ് രേഖകളിലുള്ളത്. ഇതുമായി ബന്ധപ്പെട്ട പല വർക്കിങ്​ ഗ്രൂപ്പുകളും 2018ൽ തന്നെ അതി​െൻറ റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. 'സാഗർമാല' പോലുള്ള ചില പദ്ധതികൾ അതിനുമുമ്പുതന്നെ നടപ്പാക്കി തുടങ്ങിയുമിരുന്നു. കോവിഡ് വ്യാപനം തുടരുകയും പ്രത്യക്ഷസമരങ്ങൾക്ക് പരിമിതികളുള്ളതുമായ സാഹചര്യം കണക്കിലെടുത്താണ് ഇപ്പോൾ ഈ നയം പ്രഖ്യാപിച്ചിരിക്കുന്നത്. 'ആപത്തിനെ അവസരമാക്കുന്ന' അധികാരികളുടെ കൗശലമാണ് ഇതിലൂടെ പ്രകടമാകുന്നത്.

ബ്ലൂ ഇ​േക്കാണമി: സിദ്ധാന്തവും പ്രയോഗവും

1994ൽ ഐക്യരാഷ്​​ട്ര സംഘടനയുടെ യൂനിവേഴ്സിറ്റിയിൽ പ്രഫ. ഗുന്തർ പോളിയാണ് നീല സമ്പദ് വ്യവസ്​ഥ എന്ന പരികൽപന മുന്നോട്ടുവെച്ചത്. ആഗോളതാപനം ഉയർത്തുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ 'സമുദ്രമേഖലയുടെ സുസ്​ഥിരമായ പരിപാലനവും വളർച്ചയും' എന്ന ലക്ഷ്യമിട്ടാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്. 1992ൽ റിയോ ഡി ജനീറോയിൽ ചേർന്ന ഭൗമ ഉച്ചകോടിയുടെ 20ാം വാർഷികവുമായി ബന്ധപ്പെട്ട് 2012ൽ റിയോയിൽ തന്നെ ചേർന്ന മൂന്നാം ഉച്ചകോടി നീല സമ്പദ്​വ്യവസ്​ഥയെ ഹരിത സമ്പദ്​വ്യവസ്​ഥയുമായി ബന്ധിപ്പിക്കുന്ന കാര്യമാണ് ചർച്ച ചെയ്തത്.

ഐക്യരാഷ്​​ട്ര സംഘടന തന്നെ ഈ ആശയം പിന്നീട് ഏറ്റെടുത്തു. യു.എൻ സുസ്​ഥിര വികസന ലക്ഷ്യം -14 പറയുന്നു, ''സമുദ്രത്തിലെയും കടലുകളിലെയും അതിലെ ആവാസ വ്യവസ്​ഥയെയും വിഭവങ്ങളെയും സുസ്​ഥിരമായും സുരക്ഷിതമായും പരിപാലിക്കണം.'' തുടർന്ന് അമേരിക്കയും കാനഡയും നോർവേയുമടക്കമുള്ള ആറ് രാജ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ ദേശീയ സമുദ്ര സമ്പദ് നയം പ്രഖ്യാപിച്ചു. കാനഡയും ആസ്​േട്രലിയയും നിയമനിർമാണം നടത്തി. പരിപാലന സ്​ഥാപനങ്ങൾ രൂപവത്​കരിച്ചു.

കോവിഡിന് മുമ്പുതന്നെ ആഗോള സമ്പദ്​വ്യവസ്​ഥയുടെ ഇരട്ടിയായി സമുദ്ര സമ്പദ്​വ്യവസ്​ഥ വളർന്നുവെന്ന് കണക്കുകൾ കാണിക്കുന്നു. യഥാർഥത്തിൽ കരയിലെ വിഭവചൂഷണം എല്ലാ പരിധിയും കടന്ന സാഹചര്യത്തിൽ കടലിലേക്ക് മൂലധന ശക്തികളുടെ ശ്രദ്ധ തിരിയുക സ്വാഭാവികമാണ്. സമുദ്രത്തിലെ കന്യാവനമായി കണക്കാക്കപ്പെടുന്ന അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും പ്രാമുഖ്യമേറുന്നതും ഇക്കാരണത്താൽതന്നെയാണ്.

കടൽ അന്യമാകുന്നു

ഇന്ത്യയുടെ അധികാരപരിധിയിലുള്ള കടലിൽനിന്ന് പ്രതിവർഷം പിടിച്ചെടുക്കാവുന്ന മത്സ്യം 53.1 ലക്ഷം ടണ്ണാണെന്ന് സർക്കാർ കണക്കാക്കിയിട്ടുണ്ട്. എന്നാൽ ഇ​േപ്പാൾ നാം പിടിക്കുന്നത് ശരാശരി 35-38 ലക്ഷം ടൺ മാത്രമാണ്. ഇവ പിടിക്കുന്നതിന് ശരാശരി 93,257 യാനങ്ങൾ മാത്രം മതിയാകും. എന്നാൽ, ഇപ്പോൾ ഇന്ത്യൻ കടലിൽ 3,14,677 യാനങ്ങൾ പ്രവർത്തിക്കുന്നു. അനുവദനീയമായതി​െൻറ മൂന്ന് മടങ്ങിൽ കൂടുതൽ യാനങ്ങളുണ്ടെന്നു ചുരുക്കം. ബഹുഭൂരിപക്ഷം യാനങ്ങളും പ്രവർത്തിക്കുന്നത് തീരക്കടലിലോ അതിനടുത്തുള്ള പുറംകടലിലോ ആണ്. അവിടെനിന്നും പിടിക്കാവുന്നതി​െൻറ പരിധിയിൽ കൂടുതൽ പിടിക്കുന്നുമുണ്ട്. കാലാവസ്​ഥാ വ്യതിയാനംമൂലം മത്തിയടക്കമുള്ള മത്സ്യങ്ങളുടെ വലിയ വരൾച്ചയും നാം നേരിടുകയാണ്. 'ഒരു മത്സ്യ വറുതി പാക്കേജ്' അനുവദിക്കണമെന്ന ആവശ്യം സർക്കാറുകൾ ഇനിയും അംഗീകരിച്ചിട്ടുമില്ല.

ആഴക്കടലിലാകട്ടെ ട്യൂണ, ഓഷ്യാനിക് സ്​ക്വിഡ്, മിക്ടോഫീഡുകൾ എന്നറിയപ്പെടുന്ന ചെറുമീനുകൾ എന്നിവയുടെ സമൃദ്ധമായ ഒരു സമ്പത്ത് ഇനിയും പിടിക്കപ്പെടാതെ കിടക്കുന്നുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നു. ഈ രംഗത്തും സംസ്കരണമേഖലയിലും വൻകിട-സ്വകാര്യ സംരംഭകരെ േപ്രാത്സാഹിപ്പിക്കുമെന്ന് രേഖ അർഥശങ്കയില്ലാതെ പ്രഖ്യാപിച്ചിരിക്കുകയാണ്. മീനാകുമാരി റി​േപ്പാർട്ടിനെതിരായി നടത്തിയ സമരത്തെ തുടർന്ന് വിദേശ മത്സ്യ കപ്പലുകളുടെ പ്രവർത്തനം സർക്കാർ തടഞ്ഞു. പുതിയ മത്സ്യബന്ധന നിയമത്തിലും ഇക്കാര്യം എഴുതിവെച്ചിട്ടുണ്ട്. എന്നാൽ, ഈ മേഖലയിലേക്ക് ഇന്ത്യൻ കുത്തകകളെയും കമ്പനികളെയും കൊണ്ടുവരാനാണ് നീക്കം. പുതിയ നിയമത്തിൽ യാനങ്ങളെ സംബന്ധിച്ച നിർവചനത്തിൽ മത്സ്യക്കപ്പലുകളെയും ഉൾപ്പെടുത്തിയത് ഈ ലക്ഷ്യംവെച്ചാണ്. ഇന്ത്യയിൽ ഇന്നു പ്രവർത്തിക്കുന്ന യാനങ്ങളൊക്കെയും 24 മീറ്ററിൽ താഴെമാത്രം നീളമുള്ളവയും ഐക്യരാഷ്​​ട്ര സംഘടനയുടെ മാനദണ്ഡപ്രകാരം ചെറുകിട പരമ്പരാഗത മേഖലയിൽപെടുന്നവയുമാണ്. തൊഴിൽ സാന്ദ്രമായ ഈ മേഖലയിൽ പ്രത്യേകിച്ച് ആഴക്കടലിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കോ അവരുടെ സഹകരണ സംഘങ്ങൾക്കോ മാത്രമായി യാനങ്ങളുടെ ഉടമസ്​ഥാവകാശം നിജപ്പെടുത്തണമെന്ന കേരളത്തി​െൻറ നിലപാടി​െൻറ നേരേ എതിർദിശയിലേക്കാണ് കേന്ദ്രസർക്കാറി​െൻറ നീക്കം.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന യാനങ്ങൾക്ക് ലൈസൻസ്​ നൽകാനുള്ള സംസ്​ഥാന സർക്കാറി​െൻറ അവകാശവും ഫലത്തിൽ നഷ്​ടപ്പെടുകയാണ്. കേന്ദ്രസർക്കാറിെൻറ ലൈസൻസ്​ ലഭിക്കണമെങ്കിൽ അവർ നിർണയിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് യാനങ്ങൾ പുനഃക്രമീകരിക്കേണ്ടതായും വരും. അല്ലാത്തപക്ഷം വലിയ പിഴക​െളാടുക്കേണ്ടതുമുണ്ട്. നമ്മുടെ സംസ്​ഥാനത്തുതന്നെ പ്രവർത്തിക്കുന്ന നൂറുകണക്കിന് ഫൈബർ വള്ളങ്ങളും 'തങ്ങൽ' വള്ളങ്ങളും സംസ്​ഥാന പരിധിക്ക് വെളിയിൽ പോയി മൾട്ടിഡേ ഫിഷിങ്​ നടത്തുന്നവരുമാണ്. പുതിയ മത്സ്യബന്ധന നിയമം ഇവരേയും ഇരുട്ടിൽ നിർത്തിയിരിക്കുകയാണ്. ചുരുക്കത്തിൽ ആഴക്കടലിൽ വമ്പിച്ച മത്സ്യക്കൊള്ള നടത്തുന്ന കുത്തകകൾക്ക് കടൽ പണയപ്പെടുത്തുകയും മത്സ്യത്തൊഴിലാളികൾ മേഖലയിൽനിന്നും പുറന്തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

ധാതു-ഖനിജ ഖനനവും ടൂറിസവും

കടലി​െൻറ അടിത്തട്ടിലുള്ള എണ്ണ, പ്രകൃതിവാതകങ്ങൾ തുടങ്ങിയവയും മാംഗനീസ്​ നൊഡ്യൂൾസ്​, കോപ്പർ, നിക്കൽ, കോബാൾട്ട്, പോളിമെറ്റാലിക് ഉൽപന്നങ്ങൾ എന്നിവയും ഖനനം ചെയ്തെടുക്കണമെന്ന് രേഖ പറയുന്നു. ഇതിനായുള്ള 'ആഴക്കടൽ മിഷൻ' കഴിഞ്ഞ ജൂൺ 16ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകരിച്ചിട്ടുണ്ട്. അടുത്ത അഞ്ചുവർഷത്തിനകം ഈ രംഗത്ത് കേന്ദ്രസർക്കാർ 4072 കോടി രൂപയുടെ നിക്ഷേപവും നടത്തും. പ്രാഥമിക പ്രവർത്തനങ്ങൾക്ക് 2824 കോടി രൂപയും അനുവദിച്ചുകഴിഞ്ഞു. ഇങ്ങനെ സർക്കാർ ചെലവിൽ കണ്ടെത്തുന്ന ധാതു-ഖനിജങ്ങളുടെ ഖനനം, സംസ്​കരണം, വിപണനം തുടങ്ങിയവ കുത്തകകളെ ഏൽപ്പിക്കുമെന്ന് രേഖ സംശയമില്ലാതെ വ്യക്തമാക്കുന്നു. ഇവയുടെ ഖനനസമയത്തുണ്ടാകുന്ന അടിത്തട്ടിലെ കലക്കൽ, ജീവജാലങ്ങളുടെ നിലനിൽപ്പ്, ഇതു സൃഷ്​ടിക്കുന്ന പാരിസ്​ഥിതിക പ്രത്യാഘാതങ്ങൾ എന്നിവയെ സംബന്ധിച്ച് രേഖ അർഥഗർഭമായ മൗനംപാലിക്കുന്നു.

പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ സ്വകാര്യമൂലധന ശക്തികളുടെ കൊള്ളക്കെതിരേ ലോകമാസകലം പ്രതിരോധം ശക്തിപ്പെട്ടുവരുകയാണ്. ഈ മേഖലയെ ദേശസാത്​കരിക്കണമെന്ന ആവശ്യവും പ്രബലമാവുകയാണ്. ഇന്ത്യയിൽ തന്നെ കൃഷ്ണ - ഗോദാവരി ബേസിനിൽ നമ്മുടെ പൊതുമേഖലാ സ്​ഥാപനമായ ഒ.എൻ.ജി.സി കണ്ടുപിടിച്ച എണ്ണനിക്ഷേപം ഖനനം ചെയ്തെടുത്തു കൊള്ള നടത്തുന്ന റിലയൻസി​െൻറ അനുഭവത്തിൽനിന്നും സർക്കാർ ഒരു പാഠവും പഠിച്ചില്ല എന്നുമാത്രമല്ല അവർക്കൊക്കെ തന്നെ വേണ്ടിയാണ് ഈ നടപടികളെന്നതും വ്യക്തമാണ്.

ബ്ലൂ ഇ​േക്കാണമി: ഇന്ത്യാ സർക്കാറി​െൻറ വർക്കിങ്​ ഗ്രൂപ്പ് രേഖകൾ

1. സമുദ്രവുമായി ബന്ധപ്പെട്ട കണക്കെടുപ്പുകളും സമുദ്ര പരിപാലനവും.
2. സമുദ്രത്തെ സംബന്ധിച്ച സ്​ഥലീയ ആസൂത്രണവും (സ്​പെഷൽ പ്ലാനിങ്​) ടൂറിസവും.
3. കടൽ മത്സ്യബന്ധനം, അക്വാ കൾച്ചർ, മത്സ്യസംസ്​കരണം.
4. കടലുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, സാങ്കേതിക വിദ്യ, വാണിജ്യം, സേവന, തൊഴിൽ നിപുണന മേഖല.
5. ചരക്കുനീക്കം, ഷിപ്പിങ്​, അടിസ്​ഥാന മേഖലാ വികസനം.
6. ആഴക്കടൽ–തീരക്കടൽ ധാതു ഖനിജ- ഖനനവും പുറംകടലിലെ ഊർജ ശേഖരണവും.
7. സുരക്ഷയും തന്ത്രപ്രധാന വിഷയങ്ങളും അന്താരാഷ്​​ട്ര ധാരണകളും.

പെ​ട്രോളിയം മേഖലയിലെ കൊള്ള

പെേട്രാളിയം മേഖലയിൽ മത്സ്യബന്ധന മേഖലയിലേക്ക് പ്രത്യേക പരിഗണന നൽകണമെന്നും സബ്സിഡികൾ അനുവദിക്കണമെന്നുമുള്ള ആവശ്യം സർക്കാർ സൗകര്യപൂർവം വിസ്​മരിച്ചിരിക്കുകയാണ്. ഉപയോഗിക്കുന്ന എണ്ണയുടെ 63 ശതമാനത്തിലധികവും നികുതിയായി ഈടാക്കുകയുമാണ്. കടലിൽ പോകുന്ന യാനങ്ങൾക്ക് പതിനെട്ടു ശതമാനം റോഡ് ടാക്സ്​ ഈടാക്കുന്ന വിചിത്രമായ നടപടിയും തുടരുന്നു. പ്രതിവർഷം 46,000 കോടി രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന ഒരു മേഖല​േയാടാണ് ഈ വിധത്തിൽ നന്ദികേട് കാണിക്കുന്നത്.

തീരക്കടലിലെ കരിമണൽ ഖനനവും ഈ പദ്ധതിയുടെ ഭാഗമായി വരുന്നുണ്ട്. ആലപ്പാടും തൃക്കുന്നപ്പുഴയും ഇതി​െൻറ പ്രത്യാഘാതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടനാടി​െൻറ ഭാവിയെത്തന്നെ ഇത് അവതാളത്തിലാക്കുന്ന അവസ്​ഥയിൽ തീരദേശപരിപാലന വിജ്ഞാപനം തന്നെ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തിരിക്കുന്നു. 12 നോട്ടിക്കൽ മൈലിനകത്തെ സംസ്​ഥാനങ്ങളുടെ അധികാര അവകാശങ്ങൾകൂടി കേന്ദ്രം കൈയടക്കുകയാണ്. ചുരുക്കത്തിൽ വിഭവപരിപാലനങ്ങളുടെ അവകാശം സംസ്​ഥാനങ്ങളിൽനിന്നും കേന്ദ്രം കൈയടക്കുകയും അവ കുത്തകകൾക്ക് കൈമാറുകയും ചെയ്യുന്ന നടപടിയാണ് നടക്കുന്നത്.

ആഴക്കടൽ മത്സ്യബന്ധനത്തിലെ അശാന്തിപർവം

ഇന്ത്യയുടെ അധികാര പരിധിയിലുള്ള ആഴക്കടലിലും അതിനു വെളിയിലുമുള്ള അന്താരാഷ്​​ട്ര സമുദ്രത്തിലുമായി മത്സ്യബന്ധനം നടത്തുന്ന 900 യാനങ്ങളുണ്ട്. തിരുവനന്തപുരം ജില്ലയുടെ തെക്കുഭാഗത്തുള്ള തുത്തൂർ പ്രദേശത്തെ എട്ടു ഗ്രാമങ്ങളിലെ തൊഴിലാളികളാണ് മത്സ്യ-കടൽ പ്രവീണർ. ഭൂരിപക്ഷവും വടക്ക് ഒമാൻ മുതൽ തെക്ക് ദീഗോഗാർഷ്യ വരെയുള്ള ആഴക്കടലിലാണ് ഇവരുടെ മത്സ്യബന്ധനം. 20 മീറ്റർ മാത്രം നീളമുള്ള യാനങ്ങളുപയോഗിച്ചാണ് ഇവർ മത്സ്യബന്ധനം നടത്തുന്നത്.

പരിസ്​ഥിതി സൗഹൃദപരമായ ചൂണ്ട-ഗിൽനെറ്റ് വലകളുപയോഗിച്ചാണ് മത്സ്യബന്ധനം. അന്താരാഷ്​​ട്ര കടലിൽ ചൈനയുടെയും ഇറാ​െൻറയും കൊറിയയുടെയും കൂറ്റൻ കപ്പലുകളുമായി മത്സരിച്ചാണ് മത്സ്യബന്ധനം. കാലാവസ്​ഥ വ്യതിയാനത്തി​െൻറ ആദ്യത്തെ ഇരകളുമാണവർ. ഓഖി കൊടുങ്കാറ്റിൽ കൊച്ചിയിൽനിന്നും മത്സ്യബന്ധനത്തിനു പോയ ആറു ബോട്ടുകളും അതിലെ 69 തൊഴിലാളികളും ഇപ്പോഴും ലക്ഷദ്വീപ് കടലിൽ മുങ്ങിക്കിടക്കുകയാണ്.

സമീപകാലത്ത് ടൗട്ടേ കൊടുങ്കാറ്റിൽപെട്ട് ആണ്ടവൻതുണ എന്ന ബോട്ടിലെ 12 പേരും അജ്മീർഷാ എന്ന ബോട്ടിലെ 16 പേരും മുങ്ങിപ്പോവുകയുണ്ടായി. ഇവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനോ അവരെ ആധുനിക വാർത്താവിനിമയ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനോ സുരക്ഷ ഉറപ്പിക്കുന്നതിനോ ഇവരുടെ ഉപജീവന സംരക്ഷണത്തിനോ ഉതകുന്ന ഒരു ക്രിയാത്മക നിർദേശവും ബ്ലൂ ഇ​േക്കാണമി രേഖകളിലോ പുതിയ മത്സ്യബന്ധന നിയമത്തിലോ ഇല്ല.

വിവിധ അതോറിറ്റികൾ, ടൂറിസം, ലക്ഷദ്വീപ്​

കരട് ചട്ടക്കൂട് രേഖയിൽ സ്​ഥലസംബന്ധമായ ആസൂത്രണം (മറൈൻ സ്​പെഷൽ പ്ലാനിങ്​) എന്ന ആശയം മുന്നോട്ടുവെക്കപ്പെടുന്നത് മത്സ്യബന്ധന സമൂഹത്തെ കൂടുതൽ ആശങ്കപ്പെടുത്തുന്നതാണ്. കടലിലെ ഉൽപന്നങ്ങൾ ചൂഷണംചെയ്യാൻ പദ്ധതികൾ നടപ്പാക്കാൻ ഒരു കേന്ദ്ര അതോറിറ്റി രൂപവത്​കരിക്കും. തീരത്തെയും കടലിലെയും ടൂറിസം വികസനവും ഈ അതോറിറ്റിയുടെ കീഴിൽവരും. മുത്തുച്ചിപ്പികൾ വളർത്തുന്നതിനും കടൽ സസ്യങ്ങളിൽനിന്ന്​ മരുന്നുണ്ടാക്കുന്നതിനും മാരി കൾച്ചർ അതോറിറ്റി ഓഫ് ഇന്ത്യ രൂപവത്​കരിക്കും. കടലിൽ വ്യാപകമായി കൂട്കൃഷി (കേജ് കൾച്ചർ) േപ്രാത്സാഹിപ്പിക്കും. വലിയ മൂലധന നിക്ഷേപം ആവശ്യമുള്ള ഈ മേഖലയിൽ സ്വകാര്യ സ്​ഥാപനങ്ങളായിരിക്കും നിക്ഷേപം നടത്തുക എന്നതുറപ്പാണ്. ഒരു മാരിടൈം ഡെവലപ്​മെൻറ് അതോറിറ്റി രൂപവത്​കരിക്കണമെന്നും തീരുമാനമുണ്ട്. സംസ്​ഥാനങ്ങളുമായി ചർച്ചചെയ്യാതെ കപ്പൽപാത നിശ്ചയിച്ചതിനെതിരെ നാം പ്രക്ഷോഭ പാതയിലാണ്. പ്രധാന മത്സ്യബന്ധന കേന്ദ്രമായ കൊല്ലം ബാങ്കി​െൻറ (ക്വിയിലോൺ ബാങ്ക്) കിഴക്കുവശത്തുകൂടിയാണ് നിർദിഷ്​ട കപ്പൽപാത കടന്നുപോകുന്നത്. അറുപത് ​േനാട്ടിക്കൽ മൈലിന് പടിഞ്ഞാറ്കൂടി പോകണമെന്ന ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. എൻറിക്ക ലെക്സി സംഭവത്തിനുശേഷം ഇതിനകം എട്ടു കപ്പലുകളിടിച്ച് 15 മത്സ്യത്തൊഴിലാളികളെങ്കിലും കേരളത്തിൽ മരിച്ചിട്ടുണ്ട്. വരുംനാളുകളിൽ കൂട്ടിയിടിയും അപകടവും കൂടാൻ ​േപാവുകയുമാണ്.

കടലിലെ പ്രതിരോധ നടപടികളും ടൂറിസവുമായി ബന്ധപ്പെട്ടാണ് ലക്ഷദ്വീപിലെ വർത്തമാനകാല പ്രശ്നങ്ങൾ ഉയർന്നുവന്നിരിക്കുന്നതും. അവിടത്തുകാർക്ക് ബ്ലൂ ഇ​േക്കാണമി ഇപ്പോൾ ബ്ലാക്ക് ഇ​േക്കാണമിയായി മാറിയിരിക്കുകയുമാണ്.

ചേരിചേരാ നയത്തിനു മരണമണി

സമോവ, സിംഗപ്പൂർ, സീഷെൽസ്​ വരെയുള്ള സമുദ്രഭാഗത്ത് തന്ത്രപ്രധാനമായ സൈനിക സഹകരണമുണ്ടാകുമെന്നും രേഖ പറയുന്നു. ഇതി​െൻറ ഭാഗമായി ഇന്ത്യയും ആസ്​​േട്രലിയയും ജപ്പാനുമടങ്ങുന്ന ക്വാഡ് എന്ന രാഷ്​​ട്ര-സൈനിക സഖ്യം ഇന്ത്യാ സമുദ്രത്തിൽ രൂപപ്പെടുകയും ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യ നാളിതുവരെ പിന്തുടർന്നിരുന്ന ചേരിചേരാനയത്തിൽനിന്നും പിൻവാങ്ങുകയും അമേരിക്കയുടെ ഒരു ജൂനിയർ പങ്കാളിയാവുകയും ചെയ്തുകഴിഞ്ഞിരിക്കുകയുമാണ്. ഇന്ത്യാ മഹാസമുദ്രത്തിൽ ഗുരുതരമായ പ്രശ്നങ്ങൾക്കാണ് ഇതു വഴിതെളിക്കുക. ആഭ്യന്തര-വൈദേശിക നയത്തിലും ഇതി​െൻറ പ്രതിഫലനമുണ്ടാകും.

ഇന്ത്യൻ സമുദ്രത്തിലെ നാറ്റോ സഖ്യം

''കടലിനെ ആരു ഭരിക്കുന്നുവോ, അവർ ലോകത്തേയും ഭരിക്കും''

– ആൽഫ്രഡ് മാഹൻ (അമേരിക്കൻ സൈദ്ധാന്തികൻ)

ആഫ്രിക്കയിലെ സീഷെൽസ്​ മുതൽ സമോവ വരെ പരന്നുകിടക്കുന്ന വിസ്​തൃതമായ ഇന്ത്യൻ സമുദ്രത്തിൽ കപ്പൽ ഗതാഗതം, സംയുക്ത നാവിക അഭ്യാസം, ആഴക്കടൽ പര്യവേക്ഷണം, കടൽക്കൊള്ളക്കാരെ തുരത്തൽ എന്നീ ലക്ഷ്യങ്ങളോടെ വിവിധ രാജ്യങ്ങളുമായി ചേർന്ന് സംയുക്തമായ പ്രവർത്തനം ഇന്ത്യ നടത്തണമെന്ന് ബ്ലൂ ഇ​േക്കാണമി രേഖ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ സൈനിക, രാഷ്​​ട്രീയ, സാമ്പത്തിക സഖ്യങ്ങളും രൂപപ്പെടുത്താനാണ് ശിപാർശ. 2018 ജനുവരിയിൽ നോർവേ പ്രധാനമന്ത്രി എമ സോൾബെർഗി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ഈ രംഗത്ത് വിശദമായ പദ്ധതി തയാറാക്കുകയുണ്ടായി. കടലിലെ പ്രതിരോധം ശക്തമാക്കുന്നതിന് ഇന്നുള്ള രണ്ട് വിമാനവാഹിനി കപ്പലിനു പുറമേ പുതിയ ആറ് സബ് മറൈനുകളും 30 യുദ്ധക്കപ്പലുകളും 150 യുദ്ധവിമാനങ്ങളും ഹെലികോപ്​ടറുകളും കൂടി ഇന്ത്യ അടിയന്തരമായി നിർമിക്കണം. അമേരിക്കയുമായി 1992 മുതൽ അറബിക്കടലിൽ നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ മലബാർ എക്സർസൈസ്​, 2001 മുതൽ ഫ്രാൻസുമായി ചേർന്നുള്ള വരുണ, 2004 മുതൽ ബ്രിട്ടനുമായി ചേർന്നു നടത്തുന്ന കൊങ്കൺ, 2012 മുതൽ ജപ്പാനുമായി ചേർന്നുള്ള ജീമെക്സ്, 2015 മുതൽ ആസ്​േട്രലിയയുമായി സംയുക്തമായി നടത്തുന്ന ഓസിൻ സെക്സ്​ തുടങ്ങിയ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തണം.


സാമ്പത്തിക രംഗത്തും സമുദ്ര മേഖലയിലും വൻ കുതിപ്പു നടത്തുന്ന ചൈനയെ ലക്ഷ്യമിട്ടാണ് ഈ പ്രവർത്തനങ്ങളെന്നും രേഖ പറയുന്നുണ്ട്. സമീപകാലത്ത് ഇന്ത്യയും ജപ്പാനും അമേരിക്കയും ആസ്​േട്രലിയയും സംയുക്തമായി അംഗീകരിച്ച ക്വാഡ് (ക്വാഡ്രി ലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്) ഈ രംഗത്തെ പ്രധാന ചുവടുവെപ്പുകൂടിയാണ്.

കഴിഞ്ഞ മാസം ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കർ അമേരിക്ക സന്ദർശിച്ച​േതാടെ ക്വാഡ് അക്ഷരാർഥത്തിൽ പ്രയോഗത്തിൽ വന്നിരിക്കുകയുമാണ്.

സമുദ്രാതിർത്തിയിലുള്ള അയൽ രാജ്യങ്ങളൊക്കെ ഇന്ത്യയുമായി അകലുകയും ശ്രീലങ്കയിലും മാലദ്വീപിലും ചൈന തുറമുഖങ്ങൾ നിർമിക്കുകയും ചെയ്തതോടെ ഡീഗോഗാർഷ്യ സൈനിക താവളത്തി​െൻറ പ്രാധാന്യം കുറഞ്ഞതായി അമേരിക്കയും മനസ്സിലാക്കുന്നുണ്ട്. ലോകത്തെ പ്രധാന ചരക്കുനീക്കം നടക്കുന്ന മലാക്ക സ്​െട്രയിറ്റിൽനിന്നും ആരംഭിക്കുന്ന അന്താരാഷ്​​ട്ര കപ്പൽപാത ലക്ഷദ്വീപുകൾക്കിടയിലൂടെയാണ് ഗൾഫിലേക്കും ആഫ്രിക്കയിലേക്കും പോകുന്നത്. ലക്ഷദ്വീപിൽ അടുത്തകാലത്ത് കേന്ദ്രസർക്കാർ നടത്തുന്ന ജനാധിപത്യ ധ്വംസനത്തി​െൻറ മൂലകാരണവും ഇതുതന്നെ. ദ്വീപിനെ ഒരു സൈനിക ഔട്ട് പോസ്​റ്റാക്കാനുള്ള അമേരിക്കൻ താൽപര്യംകൂടിയാണ് ഇവിടെ പ്രയോഗിക്കുന്നത്.

കുടിയൊഴിപ്പിക്കലുകൾ

സാഗർമാല പദ്ധതിയുടെ ഭാഗമായി പുതിയ ആറ്​ തുറമുഖങ്ങൾകൂടി നിർമിക്കാൻ പദ്ധതിയുണ്ട്. വിഴിഞ്ഞത്തിനു പുറമെ ഇനയം, കന്യാകുമാരി എന്നീ തുറമുഖങ്ങളും നിർമിക്കുകയാണ്. വിഴിഞ്ഞം സൃഷ്​ടിച്ച സാമൂഹികവും പാരിസ്​ഥിതികവുമായ ദോഷഫലങ്ങൾ പരിശോധിക്കാതെയാണ് ഈ നടപടികൾ വരുന്നത്. ഇതിനുപുറമെ തീരപ്രദേശത്ത് പുതുവൈപ്പു മാതൃകയിലുള്ള 609 കൂറ്റൻ നിർമിതികളും കെട്ടിട സമുച്ചയങ്ങളും നിർമാണം പാതിവഴിയിലായിട്ടുണ്ട്.

സാഗർമാല പദ്ധതിയുടെ ഭാഗമായി തുറമുഖങ്ങൾക്കു പുറമെ 609 കൂറ്റൻ കെട്ടിടസമുച്ചയങ്ങളും 14 കോസ്​റ്റൽ ഡെവലപ്​മെൻറ് സോണുകളും 12 കോസ്​റ്റൽ ടൂറിസ്​റ്റ്​ സർക്യൂട്ടുകളും 2000 കിലോമീറ്റർ തീരദേശ റോഡുകളും വരാൻപോവുകയാണ്. തുറമുഖ നഗരങ്ങളും കണ്ടെയ്നർ യാർഡുകളും കപ്പൽ പൊളിക്കുന്ന യാർഡുകളും ഇതിനുപുറമെയുമുണ്ട്. ഗുരുതരമായ പാരിസ്​ഥിതിക പ്രശ്നങ്ങളുണ്ടാകുന്നതി​െൻറ ഭാഗമായി മറ്റു രാജ്യങ്ങളിൽ കപ്പൽ പൊളിക്കുന്ന ശാലകളുടെ പ്രവർത്തനം നിർത്തിയിരിക്കുകയുമാണ്. പല പദ്ധതികളും അതി​െൻറ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഈ വികസനപ്പെരുമഴയുടെ ഭാഗമായ അശാസ്​ത്രീയമായ നിർമിതികൾമൂലം തീരത്ത് കടൽകയറ്റം രൂക്ഷമാകാനും ഇടയുമുണ്ട്. വിഴിഞ്ഞം, വലിയതുറ, മുതലപ്പൊഴി, ആലപ്പാട്, ചെല്ലാനം തുടങ്ങിയ സ്​ഥലങ്ങളിൽ ഇപ്പോൾതന്നെ ഇതി​െൻറ ദുരിതം അനുഭവിച്ചുതുടങ്ങിയിട്ടുമുണ്ട്. ആഗോളതാപനംമൂലം ജലനിരപ്പ് ഉയരുന്ന വിഷയംകൂടി കണക്കിലെടുത്താൽ തീരജനതയുടെ ദുരിതം നാൾക്കുനാൾ ഏറിവരുകയും ചെയ്യും. തിരുത്തിയ തീരദേശ പരിപാലന വിജ്ഞാപനം ഇതിനു വഴിയൊരുക്കുന്നതുമാണ്.

വിവിധ പദ്ധതികളുടെ ഭാഗമായി കുടിയൊഴിക്കപ്പെടുന്ന തീരവാസികളുടെ ദുരിതത്തെപ്പറ്റിയോ അവരുടെ പുനരധിവാസത്തെപ്പറ്റിയോ രേഖ അർഥഗർഭമായ മൗനം പാലിക്കുന്നതും ഗൗരവമുള്ളതാണ്. പ്രകൃതിവിഭവങ്ങളുടെ ചൂഷണവുമായി ബന്ധപ്പെട്ട് ദന്തേവാഡയിലും ഝാർഖണ്ഡിലും ഛത്തിസ്​ഗഢിലും സർഗൂജയിലും ആദിവാസികൾക്ക് സംഭവിച്ച ദുർഗതി കടലി​െൻറ മക്കളേയും തുറിച്ചുനോക്കുകയാണ്. സ്വന്തം കിടപ്പാടങ്ങളിൽനിന്നും വാസസ്​ഥലങ്ങളിൽനിന്നും അവർ ആട്ടിയോടിക്കപ്പെടുകയും അവിടം കുത്തക കമ്പനികൾക്ക് തീറെഴുതുകയും ചെയ്ത അതേ നിലയിലേക്കാണ് തീരവും പോകുന്നത്.

ആഴക്കടൽ കൊള്ളക്കാർ വീണ്ടും

തീരക്കടലിലെ മത്സ്യസമ്പത്ത് ഏറക്കുറെ പൂർണമായോ അമിതമായോ ചൂഷണം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന 39,000 യാനങ്ങളിൽ ഭൂരിപക്ഷവും തീരക്കടലിലോ അതിനടുത്ത പുറംകടലിലോ ആണ് മത്സ്യബന്ധനം നടത്തുന്നതും. രാജ്യത്തെ പൊതു അവസ്​ഥയും ഇങ്ങനെ തന്നെ. ആഴക്കടലിൽ പിടിക്കാനായി 2.3 ലക്ഷം ടൺ ചൂരയും, ഒരു ലക്ഷം ടൺ ഓലക്കൊടി തള, കട്ടക്കൊമ്പൻ, സ്രാവ്, മോത തുടങ്ങിയ മത്സ്യങ്ങളും 6.3 ലക്ഷം ടൺ ഓഷ്യാനിക് കണവയും (പർപിൾ ബാക്ക് സ്​ക്വിഡ്) 10 ദശലക്ഷം ടൺ മിക്ടോഫിഡ്സ്​ എന്ന ചെറുമീനുകളും ഉണ്ടെന്ന് ബ്ലൂ ഇക്കണോമി രേഖ വിലയിരുത്തുന്നു. ഇവ പിടിക്കാൻ 270 വിദേശ മത്സ്യയാനങ്ങൾ കൂടി വേണമെന്ന് ഡോ. മീനാകുമാരി റിപ്പോർട്ട് ശിപാർശ ചെയ്തു. കടലിനെ വിദേശികൾക്കു തീറെഴുതുന്നതിനെതിരെ രാജ്യത്തെ മത്സ്യബന്ധന മേഖല ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങി. തുടർന്ന് കേന്ദ്രസർക്കാർ മീനാകുമാരി റിപ്പോർട്ട് മരവിപ്പിച്ചു. 2017 ഫെബ്രുവരിയിൽ അവസാനത്തെ വിദേശ കപ്പലും നാടുകടന്നു. പക്ഷേ അവരെ ഇവിടെ കൊണ്ടുവന്ന ടാറ്റ, മഹീന്ദ്ര, ഐ.ടി.സി, ഡൺലപ്, യദുഗുഡി ഫിഷറീസ്​, ടി.ആർ. ബാലുവി​െൻറ ഉടമസ്​ഥതയിലുള്ള റൈസിങ്​ സൺ, റൈസിങ്​ സ്​റ്റാർ എന്നീ കമ്പനികളും ഇപ്പോഴും സജീവമാണ്. ഈ കുത്തകകളുടെ ആഴക്കടൽ മത്സ്യബന്ധനത്തിന് എല്ലാവിധ േപ്രാത്സാഹനവും നൽകുമെന്നും ഈ രംഗത്ത് വിദേശനിക്ഷേപം അനുവദിക്കുമെന്നും രേഖ പറയുന്നു.

തൊഴിലാളികൾ സമരമുഖത്തേക്ക്

മത്സ്യത്തൊഴിലാളികൾ വികസനത്തിനെതിരല്ല. ഇന്ത്യയുടെ രണ്ടാംനിര കാവൽഭടന്മാരുമാണവർ. എന്നാൽ, അവരുടെ ഉപജീവനം തടയുകയും തൊഴിൽ അവകാശങ്ങളെ നിഹനിക്കുകയും സംസ്​ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയും കടലി​െൻറ ആവാസവ്യവസ്​ഥയെ തകർക്കുകയും ചെയ്യുന്ന നടപടികളെ കൈയുംകെട്ടി നോക്കിനിൽക്കാൻ അവർക്ക് ആവില്ലതന്നെ. ബ്ലൂ ഇ​േക്കാണമി രേഖകളും സമുദ്ര മത്സ്യബന്ധന നിയമവും തീരസംസ്​ഥാനങ്ങളുമായും തൊഴിലാളി സംഘടനകളുമായും ചെറുകിട ബോട്ടുടമകളുമായും ചർച്ച ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്താൻ കേന്ദ്രസർക്കാർ തയാറാകണം.


ബ്ലൂ ഇ​േക്കാണമിക്കെതിരെയും ഫിഷറി നിയമത്തിനെതിരെയും വിവിധ മേഖലകളിൽ നിന്നും ഉയർന്നുവരുന്ന പ്രതിഷേധങ്ങളും പ്രതികരണങ്ങളും സൂചിപ്പിക്കുന്നത് അതാണ്. പ്രകൃതിവിഭവങ്ങളുടെ സുസ്​ഥിരമായ വിനി​േയാഗത്തിനു പകരം പ്രകൃതിക്കുമേലുള്ള നഗ്​നമായ കൊള്ളയാണ് നടക്കുന്നതെന്ന് അന്താരാഷ്​​ട്ര തലത്തിൽ തന്നെ ഒരു വിഭാഗം ഗവേഷകർ പറയുന്നുണ്ട്. ബ്ലൂ ഇ​േക്കാണമിയിൽ ബ്ലൂവോ ഗ്രീനോ ഇല്ല എന്ന് ഇതിനകം വ്യക്തമായതിനാൽ ആ പ്രയോഗത്തിൽ നിന്നും ഇ​േക്കാണമിയെ വേർപെടുത്തണമെന്നും അവർ പറയുന്നു. ഇന്ത്യയിൽ തമിഴ്നാടാണ് ചെറുത്തുനിൽപിനു മുൻകൈയെടുക്കുന്ന പ്രധാന സംസ്​ഥാനം. ഇനയത്തും കന്യാകുമാരിയിലും സ്​ഥാപിക്കാൻ പോകുന്ന വലിയ തുറമുഖങ്ങൾക്കെതിരെ ഇപ്പോഴേ ബഹുജന മുന്നേറ്റ നിര രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പുതിയ ഫിഷറി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സ്​റ്റാലിൻ തന്നെ പ്രധാനമന്ത്രിക്കു കത്തെഴുതി. അവിടത്തെ തീരദേശ എം.പിമാർ കേന്ദ്ര ഫിഷറി മന്ത്രിയെ നേരിൽ കണ്ടു പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. ഒരു ദിവസത്തെ തീരദേശ ഹർത്താലും അവിടെ നടന്നു. ഇന്ത്യയുടെ മത്സ്യ തലസ്​ഥാനമെന്നറിയപ്പെടുന്ന കൊച്ചിയിൽ ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി ഗവേഷകരും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളും പങ്കെടുത്ത നാലു വെബിനാറുകൾ ഇതിനകം നടന്നുകഴിഞ്ഞു. ഉയർന്നുവരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഈ നയ-നടപടികളിൽ എത്രമാത്രം തിരുത്തലാണ് കേന്ദ്രസർക്കാർ വരുത്തുന്നതെന്ന് തീര ജനത ഉറ്റുനോക്കുകയാണ്.

Show More expand_more