Begin typing your search above and press return to search.
proflie-avatar
Login

ആല്‍ബം

ആല്‍ബം
cancel

ചിത്രം: ഒന്ന്

(ഒരു കുടുംബത്തിന്റെ ടാബ്ലോ: മുന്നില്‍ മുത്തച്ഛന്‍ നടുവിലെ കസേരയില്‍ അമ്മ, അച്ഛന്‍ എന്നിവര്‍ ഇരുവശവും, പിന്നില്‍ മകനും മകളും. സാവധാനം ഓരോരുത്തരായി എണീറ്റു തുടങ്ങുന്നു)

അമ്മ (എണീറ്റ്, അച്ഛനോട്) ഹൊ, എത്ര കാലമായി ഈ ഇരിപ്പു തുടങ്ങിയിട്ട്! ലോകം മുഴുവന്‍ മാറി. ആ ഷര്‍ട്ടിന്റെ തയ്യല്‍ തന്നെ പഴഞ്ചന്‍. ഈ മുഴുക്കയ്യന്‍ ഷര്‍ട്ടൊന്നും ഇപ്പൊ ആരും ഇടാറില്ല. പിന്നെ ഈ വേനലില്‍ അല്ലെ ടൈ കെട്ടുന്നത്! ആ സ്റ്റുഡിയോക്കാരന്‍ ഇടുവിച്ചതാകും. കോളര്‍ ചൈനീസ് കോളര്‍ ആവണം. അയ്യേ, രണ്ടു പോക്കറ്റ്! ആ പഴേ വാച്ചും. കയ്യില്‍ ഒരു മൊബൈല്‍പോലും കാണാനില്ല. ഈ ബെല്‍ബോട്ടം പാന്റ് ഒക്കെ കാഴ്ചബംഗ്ലാവില്‍ വെയ്ക്കാന്‍ കൊള്ളാം. മുടി കോതി വെച്ചത് തീരെ ശരിയായിട്ടില്ല. മുമ്പ് പട്ടാളത്തില്‍ ആയിരുന്നു എന്നറിയിക്കാനാവും ആ കൊമ്പന്‍ മീശ. അതൊന്നു ട്രിം ചെയ്യണം. പിന്നെ ഇപ്പൊ എല്ലാവരും ഡൈ ചെയ്യും എന്നറിയില്ലേ? ഇതെല്ലാമൊന്നു മാറ്റി ആകെ മോഡേണ്‍ ആക്കാന്‍ ഞാന്‍ എ.ഐയോടു പറയാം.

(അമ്മയും മക്കളും ചേര്‍ന്ന് ഒരു കട്ടിയുള്ള തുണി അച്ഛന്റെ മുന്നില്‍ പിടിക്കുന്നു. അൽപം കഴിഞ്ഞ് അത് മാറ്റുമ്പോള്‍ അച്ഛന്‍ അമ്മ പറഞ്ഞപോലെ മാറിയിരിക്കുന്നു. ചൈനീസ് കോളര്‍, പുതിയതരം പാന്‍റ്, വെട്ടിനിര്‍ത്തിയ മീശ. കൈയില്‍ മൊബൈല്‍. മുമ്പ് നരച്ചുതുടങ്ങിയിരുന്ന മുടിയും മീശയും കറുത്തിരിക്കുന്നു)

അച്ഛന്‍: ഇപ്പോള്‍ എങ്ങനെ? നമുക്ക് ഒരിക്കല്‍കൂടി കല്യാണം കഴിച്ചാലോ? ഇപ്പൊ ഞാന്‍ പട്ടാളക്കാരനാണെന്നു തോന്നില്ലല്ലോ -നല്ല സമാധാനപ്രാവ് പോലെയില്ലേ ഈ വെളുത്ത ചൈനീസ് കോളര്‍ ഷര്‍ട്ടില്‍? ഏറ്റവും പുതിയ മോഡല്‍ ഐ-ഫോണാ കയ്യില്‍. ഇനിയിപ്പോ പഴയപോലെ സ്റ്റുഡിയോവിലൊന്നും പോണ്ടാ പടമെടുക്കാന്‍. എനിക്ക് നന്നായി സെല്‍ഫി എടുക്കാനറിയാം. അതിനുള്ള ഒരു സ്റ്റിക്ക് കൂടി വാങ്ങണം. കുടുംബത്തില്‍നിന്നേ അൽപം അകലം പുലര്‍ത്തുകയാ നല്ലത്.

മകന്‍: (മാര്‍ച്ചു ചെയ്യുംപോലെ മുന്നിലേക്ക്‌ വന്ന്) ഇതുകൊണ്ടൊന്നും ലോകം മാറില്ല. ഇതേ, ആ പഴയ ഇന്ത്യയല്ല. സകലതും മാറുകയാ. പാഠപുസ്തകം മുതല്‍ ദേശീയഗാനം വരെ. നമ്മുടെ വീട്ടിനു മുകളില്‍ പാറുന്ന ആ ത്രിവർണപതാക തീരെ ശരിയല്ല. കാവിക്കൊടി –അതാണ്‌ ശരിയായ ദേശസ്നേഹത്തിന്റെ അടയാളം. ആ പച്ച ആകെ കൊഴപ്പമാ. വെള്ള കീഴടങ്ങലിന്റെ നിറവും. അശോകചക്രം ഏതായാലും വേണ്ടാ. ആ ചക്രവര്‍ത്തി ഹിന്ദുമതം വിട്ടു ബുദ്ധമതം സ്വീകരിച്ച ആളാ. യുദ്ധം ചെയ്തതില്‍ സങ്കടപ്പെട്ടാണത്രേ.

യുദ്ധമല്ലേ നമ്മളെല്ലാം ചെയ്യേണ്ടത്? അച്ഛന്‍ ആ പഴയ മീശ കളയുകയൊന്നും വേണ്ടാ. പാന്റ് കാക്കി മതി. ചന്ദ്രഗുപ്തനും പൃഥ്വീരാജനും ഒക്കെ കാക്കിയല്ലേ ഇട്ടിരുന്നത്? ഗാന്ധിയെയും നെഹ്രുവിനെയും അംബേദ്കറെയും ഒന്നുമല്ല ഇനി പഠിക്കേണ്ടത് -മനു, ചാണക്യന്‍, സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍: അവരാണ് ശരിയായ ഇന്ത്യക്കാര്‍. കണ്ടില്ലേ, ആ നെഹ്‌റു വന്ദേമാതരംപോലും വെട്ടിമുറിച്ചത്? എന്തിനാ, മുസ്‍ലിംകളെ പ്രീണിപ്പിക്കാന്‍, ഇന്ത്യ വെട്ടിമുറിക്കാന്‍. ഗാന്ധിയൊക്കെ നമ്മളെ ദുർബലരാക്കി. അഹിംസ ദുര്‍ബലര്‍ക്കുള്ളതാണ്. ഹിംസയാണ് ബലം. എന്റെ നെഞ്ചും പേശികളും കണ്ടില്ലേ? ഏത് ആയുധവും പ്രയോഗിക്കാന്‍ തയ്യാര്‍. ആണത്തം വേണം, ആണത്തം.

മുത്തച്ഛന്‍: അയ്യോ, അങ്ങനെ പറയല്ലേ കുട്ടാ. മറ്റുള്ളവരെ സഹായിക്കുന്നതാണ് ബലം. ത്രിവർണപതാക നമുക്കു സ്വാതന്ത്ര്യം നേടിത്തന്ന കൊടിയാണ്. ചക്രം ധർമത്തിന്റെ അടയാളം. ഇവിടെ എന്നും പല മതക്കാരും വിശ്വാസക്കാരും ഉണ്ടായിരുന്നു. എല്ലാവരെയും കൂട്ടിയോജിപ്പിക്കയാ ഗാന്ധി ചെയ്തത്. നെഹ്‌റു പുതിയ ഒരിന്ത്യയ്ക്ക് അടിത്തറയുണ്ടാക്കി. അംബേദ്കര്‍ ദലിതജനതയ്ക്കു ആത്മവിശ്വാസം നല്‍കി. പിന്നെയും എത്രയോ മതങ്ങളിലും വിശ്വാസങ്ങളിലും പെറ്റ എത്രയോ മഹത്തുക്കള്‍. ഈ രാജ്യത്ത് തന്നെയാണ് ബുദ്ധനും മഹാവീരനും നാനാക്കും ഉണ്ടായത്. അക്ബറിനെപ്പോലെ എത്ര മഹാന്മാരായ ഭരണാധികാരികള്‍. ഐക്യത്തിന്റെ എത്ര മാതൃകകള്‍.

മകള്‍ (മുന്നോട്ടുവന്ന്): എനിക്കീ നാടു മടുത്തു. ഇവിടത്തെ പഠിപ്പു തീരാന്‍ തിരക്കായി. ഞാന്‍ കാനഡയില്‍ പോയി അവിടത്തെ പൗരത്വം നേടും. എന്റെ വേഷവും കൊടിയും എല്ലാം മാറും. ഈ രാജ്യത്തിന് ഭാവിയില്ല, ഭൂതമേ ഉള്ളൂ. സ്ത്രീകള്‍ക്ക് സ്വതന്ത്രമായി നടക്കാനോ ഇഷ്ടമുള്ള വേഷം ധരിക്കാനോ ഇഷ്ടമുള്ളവരെ സ്നേഹിക്കാനോ ഒന്നും വയ്യാത്ത നാട്. ഞാന്‍ അവിടെ ഒരു കൂട്ടുകാരനെയോ കൂട്ടുകാരിയെയോ കണ്ടുപിടിച്ചു കൊള്ളാം. അച്ഛനും അമ്മയ്ക്കും എന്റെ കൂടെ വന്നു താമസിക്കാം.

അച്ഛന്‍: ഇല്ല മോളേ. ഞങ്ങള്‍ ഈ മണ്ണില്‍ കഴിഞ്ഞ് ഇവിടെത്തന്നെ ഒടുങ്ങട്ടെ. അച്ഛന്‍ ജനിച്ചത് സ്വാതന്ത്ര്യസമരത്തിന്റെ അവസാന നാളുകളിലാണ്‌. ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച ഗാന്ധി ഒരു ദേശദ്രോഹിയുടെ വെടിയേറ്റു മരിച്ച വാര്‍ത്ത കേള്‍ക്കേണ്ടി വന്ന കാതുകളാണ് എന്റേത്. അതിനും മുമ്പ് ഗാന്ധി ജീവന്‍ കൊടുക്കാന്‍ തയ്യാറായിട്ടും തടയാന്‍ കഴിയാതിരുന്ന വിഭജനത്തിന്റെ ചോര. ഹിന്ദുക്കളുടെ അഹന്തയും മുസ്‍ലിംകളുടെ ഭീതിയും ഒരു അധികാരമോഹിയുടെ കൗശലവും ചേര്‍ന്നുണ്ടായതാണ് ആ വിഭജനം. അച്ഛന്‍ ജീവിച്ചത് മുഴുവന്‍ ചോരയിലാണ് –ബർമയിലെ യുദ്ധത്തിന്റെ ചോര, വിഭജനത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ചോര, സ്വാതന്ത്ര്യത്തിനായി പോരാടിയ പേരില്ലാത്ത അനവധി ദേശസ്നേഹികളുടെ ചോര. ഒടുവില്‍ മഹാനായ ആ അഹിംസാവാദി ഗാന്ധിയുടെ ചോര. നിന്റെ ചേട്ടന്‍ പറയുന്നത് ചോര ഇനിയും പോരാ എന്നാണ്.

ഇന്ത്യക്കാര്‍, തലമുറകളായി ഇവിടെ കഴിയുന്ന ഇന്ത്യക്കാരെ ഭ്രഷ്ടരാക്കണം എന്ന് –വിഭജനത്തില്‍പോലും ഇവിടെ തുടരാന്‍ തീരുമാനിച്ച ദേശസ്നേഹികളായ മുസ്‍ലിംകളെ അടക്കം. കാല്‍ തൊട്ടു വന്ദിക്കാനെന്നപോലെ കുനിഞ്ഞു ധീരനായ ഗാന്ധിയെ വെടിവെച്ചു കൊന്ന ഭീരുവിന്റെ വിധിദിവസം ബലിദാനദിവസം ആയി ആചരിക്കണം എന്ന്. ആരാണ് ദേശസ്നേഹി? ഗാന്ധിയോ ഗാന്ധിയുടെ കൊലപാതകിയോ? സ്വാതന്ത്ര്യത്തിനായി പോരാടിയവരോ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിയവരോ? സ്നേഹിച്ചവരോ, ഒറ്റുകൊടുത്തവരോ?

മകന്‍: എനിക്കിതൊന്നും കേള്‍ക്കാന്‍ ക്ഷമയില്ല. നിങ്ങളും നിങ്ങളുടെ ഒരു ഗാന്ധിയും! ഇത് ഹിന്ദുക്കളുടെ രാഷ്ട്രമാണ്. എനിക്ക് ശാഖയില്‍ പോകാന്‍ സമയമായി. പരിശീലനം നേടി അഭിമാനത്തോടെ പറയണം, ‘ വന്ദേമാതരം! പകുതിയല്ല, മുഴുവന്‍.

(പതുക്കെ ഇരുട്ട് പരക്കുന്നു. ഇപ്പോള്‍ ആരും രംഗത്തില്ല)

ചിത്രം രണ്ട്

(ടാബ്ലോ: ആറു കുട്ടികള്‍, ഹൈസ്കൂള്‍ പ്രായം. മുന്നില്‍ മൂന്നു പേര്‍ ഇരിക്കുന്നു, പിന്നില്‍ മൂന്നുപേര്‍ നില്‍ക്കുന്നു. രണ്ടുപേര്‍ പെണ്‍കുട്ടികള്‍.

മുമ്പില്‍ വലത്തേ അറ്റത്ത് ഇരിക്കുന്ന കുട്ടി പതുക്കെ എണീറ്റ്‌ മുരടനക്കുന്നു): നമുക്ക് എന്താകാനാണ് ആഗ്രഹം എന്ന് അജിത്‌ സാര്‍ ക്ലാസില്‍ ചോദിച്ചില്ലേ? നാളെ ഉത്തരം പറയണം എന്നാ സാര്‍ പറഞ്ഞത്. ഒന്നാലോചിക്കണ്ടേ? നമ്മള്‍ താമസിയാതെ കോളേജില്‍ പോകേണ്ടവരല്ലേ? ഒന്ന് ഉറക്കെ പറഞ്ഞുനോക്കാം. (നാടകീയമായി) കണ്ണു തുറന്നിരിപ്പിന്‍! എനിക്ക് ഒരു നടന്‍ ആകണം. സകല ഭാവങ്ങളും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുന്ന ഒരു നടന്‍. നാടകം വേണോ സിനിമ വേണോ കഥകളി വേണോ കൂടിയാട്ടം വേണോ എന്നു ചോദിച്ചാല്‍... സിനിമക്കാര്‍ക്കാണ് ഗ്ലാമര്‍ കൂടുതല്‍. ഹാ, ഒരു ഗ്രിഗറി പെക്, ആന്റണി ക്വിന്‍, റിച്ചാര്‍ഡ് ബര്‍ട്ടന്‍, അലെക് ഗിന്നെസ്...

രണ്ടാമത്തെ കുട്ടി എണീറ്റ് (പാട്ട് പോലെ തുടരുന്നു): ജോര്‍ജ് വെയിന്‍, ഒമാര്‍ ഷെരീഫ്, റോബര്‍ട്ട് ഡി നീറോ, മാര്‍ലോണ്‍ ബ്രാന്‍ഡോ...

മൂന്നാമത്തെ കുട്ടി എണീറ്റ്‌ തുടരുന്നു: ടോം ഹാങ്ക്സ്, അല്‍ പാസിനോ, ലോറന്‍സ് ഒളീവിയര്‍, സ്പെന്‍സര്‍ ട്രേസി...

നാലാമത്തെ കുട്ടി എണീറ്റ്: പീറ്റര്‍ ഓ ടൂള്‍, സിഡ്നി പോയറ്റീര്‍, ബെന്‍ കിങ്‍ലി, ചാര്‍ളി ചാപ്ലിന്‍...

അഞ്ചാമത്തെ കുട്ടി (പെണ്‍കുട്ടി): എലിസബത്ത് ടെയ്‌ലര്‍, മരിലിന്‍ മൺട്രോ, മെറില്‍ സ്ട്രിപ്, ഓഡ്രി ഹെപ്ബേണ്‍...

ആറാമത്തെ കുട്ടി (പെണ്‍കുട്ടി): ആൻജെലിനാ ജോളി, ആമി ആദംസ്, ജെന്നിഫര്‍ ലോറന്‍സ്, കാതറീന്‍ ഹെപ്ബേണ്‍...

ആദ്യം സംസാരിച്ച കുട്ടി: ഒരു സൗമിത്രാ ചാറ്റര്‍ജി, മോഹന്‍ലാല്‍, മമ്മൂട്ടി, നവാസുദ്ദീന്‍... അത്ര മതി. കലാമണ്ഡലം കൃഷ്ണന്‍ നായരോ ഗോപിയാശാനോ, മാങ്കുളം വിഷ്ണു നമ്പൂതിരിയോ... പിന്നെ നാടകം, തെയ്യം, തെരുക്കൂത്ത്... ലോകം മുഴുവന്‍ ഒരരങ്ങാണെന്നല്ലേ? ലിയറും ഹാംലെറ്റും ഗലീലിയോവും പോട്ടേ... ഒരു നളന്‍, കർണന്‍, കീചകന്‍, രുഗ്മാംഗദന്‍...

മുമ്പില്‍ രണ്ടാമത് ഇരിക്കുന്ന കുട്ടി: കേള്‍പ്പിന്‍, കേള്‍പ്പിന്‍. ഞാന്‍ ലോകത്തെ ഏറ്റവും വലിയ പാട്ടുകാരില്‍ ഒരാളാവും. ബീഥോവന്‍, സ്ട്രാവിന്‍സ്കി, ബാഹ്, മൊസാര്‍ത്... അല്ലെങ്കില്‍ ശെമ്മാങ്കുടി, ചെമ്പൈ, രണ്ടിലൊരു രാമനാഥന്‍, ഹൈദരലി, കുമാര്‍ ഗന്ധര്‍വ്, ഭീംസെന്‍ ജോഷി.

മൂന്നാമന്‍: എന്താ, ഉദയഭാനുവും യേശുദാസുമൊക്കെ മോശമാണോ?

നാലാമന്‍: അതെ, വലുതാകുമ്പോള്‍ ശബ്ദം മോശമായാല്‍ ഉപകരണങ്ങളുണ്ടല്ലോ: വീണ, വയലിന്‍, ഘടം, മൃദംഗം, സിതാര്‍, സാരോദ്, ഫ്ലൂട്ട്, ബാന്‍സുരി, മോഹന്‍വീണ... അതിലൊക്കെ മഹാന്മാരില്ലേ?

അഞ്ചാമത്തെ പെണ്‍കുട്ടി: നിങ്ങള്‍ ഗിരിജാദേവിയെ, കിഷോരി അമോന്‍കറെ, ഗംഗൂഭായ് ഹൻഗലിനെ, എം.എസ്. സുബ്ബലക്ഷ്മിയെ, എം.എല്‍. വസന്തകുമാരിയെ... ഒന്നും കേട്ടിട്ടില്ലേ? തനി മെയില്‍ ഷോവിനിസ്റ്റുകളാ!

മൂന്നാമന്‍: ഞാന്‍ ചിത്രകാരനാകും. ഒന്നുകില്‍ ഒരു ഡാവിഞ്ചി, അല്ലെങ്കില്‍ ഒരു ദാലി, ഒരു ഫ്രിഡാ കാലോ... അല്ലെങ്കില്‍ എം.എഫ്. ഹുസൈന്‍, ഹാ, നിറങ്ങള്‍, വരകള്‍, സ്പേസുകള്‍... ചിലപ്പോള്‍ ശിൽപവും ചെയ്തെന്നുവരും, ആര്‍ക്കറിയാം ഒരു പുതിയ പിയെത്ത, ഒരു ചിന്തകപ്രതിമ, ഒരു യക്ഷി... (അഞ്ചാമത്തെ പെണ്‍കുട്ടിയെ നോക്കി) ഹേ, അമൃതാ, നീ എന്റെ പുതിയ യക്ഷിക്ക് മോഡല്‍ ആവാമോ?

അഞ്ചാമത്തെ പെണ്‍കുട്ടി (അൽപം ലജ്ജയോടെ) നീ ഗന്ധര്‍വന്‍ ആകാമെങ്കില്‍... എനിക്ക് ഒരു നര്‍ത്തകി ആവണം. അതില്‍ അഭിനയമുണ്ട്, ഭാവമുണ്ട്, ചലനമുണ്ട്, മുദ്രയുണ്ട്, കഥയുണ്ട്, കഥാപാത്രമുണ്ട്, ഏതു തരം നൃത്തം ആയാലും മതി. ക്ലാസിക്കല്‍, ഫോക്, വെ​േസ്റ്റണ്‍... ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക്, ഫ്ലാമിന്‍ഗോ, ബാലേ.. എളുപ്പം കാബറെയാ. അല്ലെങ്കില്‍ ബെല്ലി ഡാന്‍സ്. വേഗം ജോലിയും കിട്ടും.

നാലാമത്തെ ആണ്‍കുട്ടി: നീ നൃത്തംചെയ്യുന്ന ഹോട്ടലില്‍ ഞാന്‍ ഷെഫ് ആകും. ഇതുവരെ ആരും ഉണ്ടാക്കാത്ത വിഭവങ്ങള്‍ ഉണ്ടാക്കും. സന്ദര്‍ശകരുടെ തിരക്കാവും ആ ഹോട്ടലില്‍.

ആറാമത്തെ പെണ്‍കുട്ടി: ഞാന്‍ എഴുത്തുകാരിയാവും, സ്വന്തമായി മുറിയുള്ള ആദ്യത്തെ എഴുത്തുകാരി. മിക്കവാറും കവി. കവിതയില്‍ എന്താ ഇല്ലാത്തത്? നാടകം, നൃത്തം, ആഖ്യാനം, സംഭാഷണം, സംഗീതം, അനുഭൂതി, ദര്‍ശനം... എമിലി ഡിക്കിന്‍സന്‍, അല്ലെങ്കില്‍ സുഗതകുമാരി, വിലപിച്ചപ്പോള്‍ കവിതയായില്ലേ? ഷിമ്പോര്‍സ്ക ചിരിച്ചപ്പോഴും? ഞാന്‍ നടന്നും വട്ടം ചുറ്റിയും കവിത ചൊല്ലും. കല്ലും ജലവും ഇലയുംകൊണ്ട് കവിതയുണ്ടാക്കും. ചിലപ്പോള്‍ എഴുതുന്നതിനു പകരം വരയ്ക്കും. കല്ലില്‍ കൊത്തിവെയ്ക്കും. കടല്‍തിരകള്‍ക്ക് മായ്ക്കാന്‍ മണലില്‍ കോറിയിടും. പക്ഷികള്‍ക്ക് കൊത്തിത്തിന്നാവുന്ന കവിത. കാറ്റിനു പറത്താവുന്ന കവിത. ഗുഹയ്ക്കകത്ത് തിളങ്ങുന്ന കവിത. ലോകത്തെ വീണ്ടും സൃഷ്ടിക്കുന്ന കവിത. മറ്റൊരു സൗന്ദര്യം. മറ്റൊരു ഭാഷ.

ഏഴാമത് ഒരു കുട്ടി വലതുവശത്ത് നിന്ന് പ്രവേശിക്കുന്നു: ഞാന്‍ നിങ്ങള്‍ പറയുന്നതൊക്കെ കേട്ടു. ആ വാതിലിനു പിന്നിലായിരുന്നു ഞാന്‍ -ഒരു പ്രതിമയായി. ഇനി എനിക്ക് പറയാനുള്ളത് കേള്‍പ്പിന്‍, കേള്‍പ്പിന്‍! എനിക്ക് ഒരു സാങ്കേതികവിദഗ്ധനാകണം. നിർമിതബുദ്ധിക്ക് അനുഭവവും വികാരവും ഭാഷാചാതുരിയും നല്‍കണം. അത് നമ്മെപ്പോലെ ചിരിക്കുകയും കരയുകയും വേണം. സ്നേഹിക്കണം, പുതിയ ആശയങ്ങള്‍ നിർമിക്കണം, സ്വപ്നം കാണണം. എന്നും താന്‍ ചെയ്തതെല്ലാം ഓര്‍ത്തെടുത്ത് തെറ്റും ശരിയും കണ്ടെത്തണം. കുറ്റങ്ങള്‍ സമ്മതിക്കണം. പ്രണയവും വിദ്വേഷവും വേണം. മനുഷ്യരെയും അവരെയും തിരിച്ചറിയാന്‍ പറ്റാതാകണം. അവയ്ക്ക് ഓരോന്നിനും പേരും വേണം. നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞതെല്ലാം ഞാന്‍ അതിനെക്കൊണ്ടു ചെയ്യിക്കും. കവിത, നൃത്തം, അഭിനയം, സംഗീതം, പാചകം. ഇതൊന്നുമല്ലാത്ത, ഇപ്പോള്‍ മനുഷ്യര്‍ ചെയ്യുന്ന, എല്ലാം.

എട്ടാമത് ഒരു കുട്ടി ഇടതുവശത്തുനിന്നു പ്രവേശിക്കുന്നു: ഞാനും കേട്ടു എല്ലാം. ഞാന്‍ ദാ, ആ മുറിയില്‍ ഒരു നിഴല്‍ ആയിരുന്നു. നിങ്ങള്‍ പറഞ്ഞ ഈ ആളുകളൊന്നും ലോകത്തെ മാറ്റിയിട്ടില്ല. നേതാക്കള്‍ക്ക് അകമ്പടി സേവിക്കാത്ത ഒരു പാട്ടുമില്ല, അവര്‍ക്കൊപ്പം ആടാത്ത ഒരു നൃത്തവുമില്ല. അവര്‍ കവികളെ ശമ്പളം കൊടുത്തു കൊട്ടാരത്തില്‍ സ്തുതിപാഠകരാക്കും. നടന്മാരെ വിദൂഷകരാക്കും. ചിത്രകാരരെയും ശിൽപികളെയുംകൊണ്ട് ബംഗ്ലാവിന്റെ ചുവരില്‍ ചിത്രം വരപ്പിക്കും, ശിൽപങ്ങള്‍ പണിയിച്ച് മ്യൂസിയങ്ങളില്‍ വെക്കും. ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും ശമ്പളം കൊടുത്തു അവര്‍ക്ക് വേണ്ട പണികള്‍ ചെയ്യിക്കും. അതുകൊണ്ട് ഞാന്‍ നേതാവാകും, നിങ്ങള്‍ക്കെല്ലാം കൽപനകള്‍ തരും.

(പെട്ടെന്ന് മുകളില്‍ വിമാനങ്ങള്‍ പറക്കുന്നതിന്റെ ശബ്ദങ്ങള്‍. കെട്ടിടങ്ങള്‍ നിലംപൊത്തുന്ന ഒച്ചകള്‍. ഓടുന്ന ജനങ്ങളുടെ ആരവങ്ങള്‍. കുട്ടികള്‍ എല്ലാവരും പേടിച്ചു വിറയ്ക്കുന്നു, ചിലര്‍ നിലത്തു കമിഴ്ന്നു കിടക്കുന്നു. അധ്യാപകന്‍ ആകാവുന്ന ഒരാള്‍ ഭയന്ന് ഓടിവരുന്നു, ചോദിക്കുന്നു): എന്റെ കുട്ടികള്‍ ഇവിടെയുണ്ടോ? നിങ്ങളാണോ എന്റെ കുട്ടികള്‍? അവര്‍ ബോംബിട്ടപ്പോള്‍ സ്കൂള്‍ തകര്‍ന്നുവീണു. അതിന്നടിയില്‍ ആരൊക്കെയോ ഉണ്ട്. ഞരക്കങ്ങള്‍ കേള്‍ക്കുന്നു. അയ്യോ. ആരൊക്കെയോ നിലവിളിക്കുന്നു. എനിക്ക് കണ്ണു കാണുന്നില്ലല്ലോ. ഇവിടെ ഇരുട്ട് മാത്രമേ ഉള്ളല്ലോ... (ഇരുട്ട് പരക്കുന്നു)

ചിത്രം മൂന്ന്

(സ്റ്റില്‍: അഞ്ചുപേര്‍ രംഗത്ത് ഒരു ചിത്രമായി)

ഒന്നാമന്‍: (അനങ്ങുന്നു. കൈയില്‍ ഒരു ടാബ് ലറ്റ് ഉണ്ട്.) ഞാന്‍ ഇതുകൊണ്ട് എന്ത് ജോലിയും ചെയ്യും. എന്റെ കൂടെ ഉറങ്ങുന്നത് ഒരു റോബോ ആണ്. എന്റെ പരീക്ഷണങ്ങളൊക്കെ എ.ഐ ചെയ്യുന്നു. ഞങ്ങളൊന്നിച്ചു പ്രപഞ്ചരഹസ്യം ഉടന്‍ കണ്ടെത്തും.

രണ്ടാമന്‍ (കഴുത്തില്‍ ഒരു സ്റ്റെതസ്കോപ് ഉണ്ട്): എനിക്ക് കണ്ടെത്താന്‍ കഴിയാത്ത ഒരു രോഗവുമില്ല –ഉണ്ടായതും ഉള്ളതും ഉണ്ടാകാന്‍ പോകുന്നതും. അതിനെല്ലാം മരുന്നുമുണ്ട്. പഴയപോലെയല്ല, പള്‍സ്, പ്രഷര്‍, ഹാര്‍ട്ട് ബീറ്റ് –ഒന്നും നോക്കേണ്ടാ. ഇനി ഒരു ജീവന്‍ മശായിയുടെയും ആവശ്യമില്ല. ഹൃദയം ഉണ്ടോ എന്ന് തന്നെ അറിയേണ്ടാ. തലച്ചോറുണ്ടല്ലോ, അതു മതി. പിന്നെ, വല്ല അവയവവും മുറിച്ചുമാറ്റേണ്ടി വന്നാല്‍ റോബോട്ടിക് സര്‍ജറി. പെര്‍ഫെക്റ്റ്‌.

മൂന്നാമന്‍: (കൈയില്‍ ഒരു വളരെ വലിയ പേന) ഞാന്‍ എഴുത്തുകാരന്‍. ലോകരഹസ്യം എനിക്കറിയാം. ലോകം മാറ്റാനും അറിയാം. സമൂഹത്തിന്റെ എന്‍ജിനീയര്‍ –അങ്ങനെയല്ലേ സഖാവ് സ്റ്റാലിന്‍ ഞങ്ങളെ വിളിച്ചത്? ശരിയാ. ഈ പേന തന്നെ പ്രതിജ്ഞാബദ്ധതയുടെ ഉദ്ധൃതമായ അടയാളമല്ലേ? എഴുത്തൊക്കെ ഇപ്പോള്‍ ലാപ്പ്ടോപ്പിലാണ്. സമൂഹം ഒരു വരപോലെ പുരോഗമിക്കുമ്പോള്‍ നാം മാറിനില്‍ക്കരുതല്ലോ. എങ്കിലും പേനയ്ക്കു പ്രതീകാത്മകമായ ഒരു മൂല്യമുണ്ട്. ഒരു തൂവല്‍ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ അത് കയ്യില്‍ പിടിക്കുകയോ പിടിപ്പിക്കുകയോ ചെയ്യുമായിരുന്നു. പക്ഷേ പക്ഷികളൊക്കെ അങ്ങുപോയല്ലോ. ഏതോ കവി പറഞ്ഞപോലെ “കിളിയും കിളിപ്പാട്ടുമില്ല”, അതൊക്കെ മനുഷ്യന്‍ പുരോഗമിക്കുമ്പോള്‍ സംഭവിക്കുന്നതാണ്. അതിനെന്താ, ടൈപ്പ് ചെയ്യുമ്പോഴത്തെ കടകട സംഗീതം മോശമാണോ? അക്ഷരങ്ങള്‍ സ്ക്രീനില്‍ തെളിയുമ്പോഴോ, ആകാശത്ത് നക്ഷത്രങ്ങള്‍ ഉദിക്കുംപോലെ. ഹാ ഹാ “വ്യോമമേ, ഗഗനമേ, വാനമേ, വിഹായസ്സേ...”

നാലാമന്‍: ഞാന്‍ ഒരു വാസ്തുശിൽപിയാണ്. എന്റെ അപ്പൂപ്പനാണ് വേള്‍ഡ് ട്രേഡ് ടവര്‍ പ്ലാന്‍ ചെയ്തത്. അത് വിമാനമിടിച്ചു ചിലര്‍ തകര്‍ത്തപ്പോള്‍ നന്നാക്കിയത് ഞാനാണ്. ഭീകരവാദത്തെ വാസ്തുശിൽപംകൊണ്ട് നേരിടാനാണ് എന്റെ ശ്രമം. തകരാത്ത ഉയരങ്ങള്‍ ഉണ്ടാക്കണം. വിമാനങ്ങള്‍ക്കും എത്താനാകാത്തത്. ചന്ദ്രനില്‍ ചെന്നു മുട്ടുന്നത്. ചന്ദ്രനെ അൽപം ഇറക്കിക്കെട്ടാന്‍ കഴിയുമെങ്കില്‍ അതും നല്ലതാണ്. ബാല്‍ക്കണിയില്‍ നിന്നാല്‍ നക്ഷത്രങ്ങളെ തൊടാന്‍ കഴിയണം.

അഞ്ചാമന്‍: എന്റെ ജോലി നിങ്ങളുടെയെല്ലാം സ്വപ്നം തകര്‍ക്കലാണ്. എന്റെ പേര് തത്ത്വചിന്തകന്‍. കേട്ടോളൂ: അപാരമായ പ്രപഞ്ചത്തിന്റെ ഒരു മൂലയിലെ സൗരയൂഥത്തിലുള്ള പൊട്ടുപോലുള്ള ഒരു ഗ്രഹത്തിലിരുന്നാണ് നിങ്ങള്‍ മഹത്തുക്കള്‍ ഈ കിനാവൊക്കെ മെനയുന്നത്. നിങ്ങളുടെ വിചാരം പുരോഗമനം എന്നാല്‍ ഒരു നേര്‍വര പോലെയാണ് എന്നാണ്. എന്നാല്‍ കേട്ടോളൂ: കാലം ഒരു നേര്‍രേഖയല്ല. കാലചക്രം എന്നൊക്കെ കേട്ടിട്ടില്ലേ, അതിങ്ങനെ കറങ്ങിക്കൊണ്ടിരിക്കും, ഇന്നലെ ഇന്നാവും, നാളെയാവും, പിന്നെയും ഇന്നലെയാവും, അതൊക്കെ നാം ഉണ്ടാക്കിയ വിഭജനങ്ങളാണ്. നാം ഇരിക്കുന്ന ഈ ഗ്രഹത്തിനുമുണ്ട് ഒരു കാലാവധി. എത്രയോ സൂര്യന്മാരും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും ഇല്ലാതായിക്കഴിഞ്ഞു.

നാം കാണുന്നതു മാത്രമാണ് ശരി എന്ന് കരുതരുത്. നിങ്ങളുടെ അഹന്ത ചിന്തിക്കാത്തവരുടേതാണ്. ഞാന്‍ ആദ്യമേ തോല്‍വി സമ്മതിച്ച് പ്രപഞ്ചത്തിനു മുന്നില്‍ ശിരസ്സു കുനിച്ചവനാണ്. എനിക്ക്, ഒരാള്‍ക്കും, ഒരിക്കലും മുഴുവനായി അറിയാനാവില്ല ഈ മഹാപ്രപഞ്ചത്തിന്റെ രഹസ്യം. അതിന്റെ മൂലയുടെ മൂലപോലും നമ്മുടെ ശാസ്ത്രജ്ഞര്‍ തൊട്ടിട്ടില്ല. ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ നിങ്ങള്‍ക്ക് കാണാനാവുന്നത് അജ്ഞേയത മാത്രം. ഒരിക്കലും വായിക്കാനാകാത്ത കുറെ കുത്തുകളും വരകളും മാത്രം. നാം കണ്ടുപിടുത്തങ്ങളായി ആഘോഷിക്കുന്നത് അങ്ങിങ്ങ് ചില മൂലകള്‍ വെളിച്ചത്തിലേക്കു വരുന്നതിനെയാണ്. രഹസ്യത്തെ ആദരിക്കുക. അവിടെ ജ്ഞാനവും ഭക്തിയും കർമവും എല്ലാം ഒന്നാവുന്നു. “ന തത്ര ചക്ഷുര്‍ ഗച്ഛതി, ന മനഃ” എന്ന് പഴയവര്‍ പറഞ്ഞത് ആ അറിയാനാകായ്കയുടെ ആഴത്തെക്കുറിച്ചാണ്...

(ദൂരെ തിരകള്‍ അടിക്കുന്ന ശബ്ദം)

ഉത്തരാഖ്യാനം

ഒരു ആമ, മുയല്‍, ഒട്ടകം, കുതിര ഇവ ഒരു മരത്തിനു കീഴില്‍ അടുത്തടുത്ത് ഇരിക്കുന്നു.

മരം: ഞാനല്ല ആദ്യം ഉണ്ടായത്. ജലത്തിലെ കൊച്ചു ജീവികള്‍. പിന്നെ പായലും പന്നയും. പിന്നെ കൊച്ചു കൊച്ചു ചെടികള്‍. അവയില്‍നിന്ന് ഞാന്‍ ഉയര്‍ന്നുവന്നു.

ഒട്ടകം: നീ ഞങ്ങള്‍ക്ക് തണല്‍ തന്നു. തിന്നാന്‍ ഇലകള്‍ തന്നു. ക്ഷീണിച്ചപ്പോള്‍ ചില്ലകള്‍ വീശി ആശ്വസിപ്പിച്ചു.

കുതിര: മനുഷ്യരാണ് നമ്മെ അടിമകളാക്കിയത്. അവര്‍ക്ക് പഴങ്ങളും പൂവുകളും തണലും വീടിനു മരവും കൊടുത്ത വൃക്ഷങ്ങളെ അവര്‍ വെട്ടിവീഴ്ത്തി. മലകള്‍ ഇടിച്ചുനിരത്തി.

മുയല്‍: അവര്‍ കരുതിയത്‌ ഭൂമി മുഴുവന്‍ അവര്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്നാണ്. ചെടികള്‍, മരങ്ങള്‍, മീനുകള്‍, മൃഗങ്ങള്‍, പുഴകള്‍, കടല്‍, പർവതം, എല്ലാം.

ആമ: ഞാന്‍ അവരോടു പറഞ്ഞുകൊണ്ടിരുന്നു: മെല്ലെ, മെല്ലെ. വേഗം കുറയ്ക്കൂ.

മുയല്‍: നമ്മളെക്കുറിച്ച് പോലും അവര്‍ കഥയുണ്ടാക്കി. പന്തയത്തിന്റെ കഥ. നമ്മള്‍ ഓടിക്കളിച്ചപ്പോള്‍ ഞാന്‍ കുറച്ചു നേരം ഇരുന്നുറങ്ങിയതാണ്. മനുഷ്യര്‍ പറഞ്ഞത് ഞാന്‍ മടി പിടിച്ചുറങ്ങി, അങ്ങിനെ നിന്നോട് തോറ്റുപോയി എന്നാണ്. നമ്മളോ, ജയത്തെയും തോല്‍വിയും കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല.

ആമ: എനിക്ക് മനസ്സിലായി. നീ എന്റെ ചങ്ങാതിയല്ലേ? അതുകൊണ്ട് നീയും പതുക്കെയാക്കി, എനിക്ക് മുന്നില്‍ എത്താന്‍. അപ്പോഴും മനുഷ്യര്‍ പരിഹസിച്ചു. പതുക്കെയായാല്‍ തോല്‍ക്കും എന്നാണ് അവരുടെ ചിന്ത. വേഗം, ആദ്യം –ഈ രണ്ടു മുദ്രാവാക്യങ്ങളെ അവര്‍ക്കുള്ളൂ, പതുക്കെ, പിന്നാലേ, എന്ന് അവര്‍ക്ക് ചിന്തിക്കാനാവില്ല. ബുദ്ധിശൂന്യര്‍.

കുതിര: എന്നെയും ചങ്ങാതി ഈ പാവം മാനിനേയും കുറിച്ചുമുണ്ട് ഒരു കഥ. പഞ്ചതന്ത്രത്തില്‍ ആണത്രേ! ഞാന്‍ വേഗത്തില്‍ മാനിനെ ജയിക്കണം എന്നുപറഞ്ഞ് ഒരാളെ സമീപിച്ചുവത്രേ. അപ്പോള്‍ ആ സവാരിക്കാരന്‍ എന്നെ കടിഞ്ഞാണും ജീനിയും ധരിപ്പിച്ച് മിണ്ടാന്‍പോലും പറ്റാതാക്കി എന്നെ ഓടിച്ച് മാനിന്റെ മുമ്പില്‍ എത്തിച്ചുവത്രേ. ജയിച്ചപ്പോള്‍ കടിഞ്ഞാണും ജീനിയും മാറ്റാന്‍ ഞാന്‍ പറഞ്ഞു എന്നും ‘അവ അവിടെ കിടക്കട്ടെ’ എന്ന് സവാരിക്കാരന്‍ പറഞ്ഞുവെന്നുമാണ് കഥ. ഈ കഥ നുണയാണെങ്കിലും കാര്യം ഇല്ലെന്നു പറഞ്ഞുകൂടാ. മനുഷ്യന്റെ കൗശലം മുഴുവന്‍ ഇതിലുണ്ട്. തല്ലു കൂടിക്കുക, ജയിക്കാന്‍ സഹായിക്കുക, അതിനു പകരമായി മുഴുവനായ വിധേയത്വം ആവശ്യപ്പെടുക: ഇതല്ലേ അവരുടെ രാഷ്ട്രങ്ങളും രാഷ്ട്രത്തലവന്മാരും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്? യുദ്ധം ഉണ്ടാക്കുക, ഒരു കൂട്ടരെ സഹായിക്കുക, അവരെ എന്നെന്നും അടിമയാക്കുക.

മാന്‍: അങ്ങനെ എത്ര കഥകള്‍! ജന്തുകഥകള്‍ വഴിയാണല്ലോ മനുഷ്യര്‍ അവര്‍ക്കാവശ്യമായ വിജയരഹസ്യങ്ങള്‍ –കളവും, കൗശലവും, വേഗവും, സമ്പത്തുണ്ടാക്കുന്ന കുറുക്കുവഴികളും– എന്നും പഠിപ്പിച്ചു പോന്നത്. അതൊന്നും വിജയമായിരുന്നില്ലെന്ന് അവര്‍ അറിഞ്ഞില്ല!

മരം: പഴയകാലത്ത് മനുഷ്യര്‍ ഞങ്ങളുടെ തണലില്‍ കഴിഞ്ഞു. അവരുടെ കുട്ടികള്‍ ഞങ്ങളുടെ ചുവട്ടില്‍ കളിച്ചു. ഞാന്‍ അവര്‍ക്ക് കായ്കളും പഴങ്ങളും കൊടുത്തു. കാട് അവര്‍ക്കും അവരുടെ ദേവതമാര്‍ക്കും അഭയമായിരുന്നു. സ്ത്രീകള്‍ ഞങ്ങളുടെ പൂക്കള്‍കൊണ്ട് സ്വയം അലങ്കരിച്ചു. ഞങ്ങള്‍ ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക്‌ കയറാന്‍ കുനിഞ്ഞുകൊടുത്തു. ചില്ലകള്‍കൊണ്ട് അവരെ തലോടി. മനുഷ്യര്‍ അവര്‍ക്ക് വേണ്ടത് മാത്രമേ പ്രകൃതിയില്‍നിന്ന് എടുത്തുള്ളൂ. മനുഷ്യരുടെയും ജന്തുക്കളുടെയും വൃക്ഷങ്ങളുടെയും പുഴകളുടെയും ജീവിതത്തില്‍ ഒരേ സംഗീതം നിറഞ്ഞുനിന്നു. വേട്ടയാടേണ്ടി വന്ന മൃഗങ്ങളോടും കറന്നെടുക്കേണ്ടി വന്ന പശുക്കളോടും ഫലം എടുക്കുന്ന മരങ്ങളോടും മനുഷ്യര്‍ മാപ്പ് പറഞ്ഞു, ഇന്നും പല ആദിവാസികളും അത് ചെയ്യുന്നു, ഭീലുകളെപ്പോലെ.

മുയല്‍: അതെ, ലയത്തിന്റെ കാലത്തുനിന്ന് നാം സംഘര്‍ഷത്തിന്റെ കാലത്തെത്തി. മൈത്രിയുടെ കാലത്തുനിന്ന് വൈരത്തിന്റെ, കരുണയുടെ കാലത്തുനിന്ന് ക്രൂരതയുടെ, ഉപേക്ഷയുടെ കാലത്തുനിന്ന് വെട്ടിപ്പിടുത്തത്തിന്റെ, സഹകരണത്തിന്റെ കാലത്തുനിന്ന് ചൂഷണത്തിന്റെ. ഈ വിധി മാറ്റാന്‍ വന്നവരും ചൂഷകരായി. വികസനത്തിന്‌ പരിധിയുണ്ടെന്നും പുരോഗതി നേര്‍രേഖയിലല്ലെന്നും കൊതിയന്മാര്‍ മനസ്സിലാക്കിയില്ല.

മാന്‍: കുറ്റക്കാരല്ലാത്ത നമ്മളും ഇതിന്റെയൊക്കെ ഭവിഷ്യത്ത് അനുഭവിക്കുന്നു.

ആമ: കുറ്റം ചെയ്തവരോ, ഉഷ്ണതരംഗത്തിലും മഞ്ഞുരുക്കത്തിലും കടലുയര്‍ച്ചയിലും മലയിടിച്ചിലിലും വംശനാശം വന്നു ഭൂമിയില്‍ ഇല്ലാതായി.

മൃഗങ്ങള്‍ ഒന്നിച്ച്: വംശം അവസാനിക്കും മുമ്പ് അവസാനത്തെ മനുഷ്യന്‍ കണ്ടുപിടിച്ചത് ഇതായിരുന്നു –അയാള്‍ അത് ഒരു കവിതയായി ഒരു പാറയില്‍ കോറിയിട്ടു (‘ചരിത്രം’ എന്ന കവിതയുടെ വരികള്‍, ഓരോരുത്തരും രണ്ടു/ മൂന്നു വരി വീതം, ചൊല്ലുന്നു)

ചരിത്രം നമുക്കു മുമ്പും ഉണ്ടായിരുന്നു.

ഇല്ലാതിരുന്നത് നാമാണ്.

വസ്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും പ്രാണികള്‍ക്കും

സാക്ഷികളാണെന്നു കരുതുന്ന നാം.

എന്തിന്, അവ സൃഷ്ടിക്കപ്പെട്ടത്

നമുക്കു വേണ്ടിയാണെന്നുപോലും.

പക്ഷേ അവ അങ്ങനെ കരുതുന്നില്ല.

അവയായിരുന്നു നമ്മുടെ പിറവിയുടെ സാക്ഷികള്‍.

അവ നമ്മെ ആശീര്‍വദിച്ചു,

നമുക്കു ജലവും തണലും

പൂവും പഴവും പാലും തന്നു.

ആദ്യമാദ്യം നാം അവയെ ഭയന്നു, ആരാധിച്ചു.

പിന്നെ നാം അവയെ

ചരിത്രത്തില്‍നിന്ന് പുറത്താക്കി,

നമ്മുടെ സേവകരും അടിമകളുമാക്കി.

സ്വന്തം സഹോദരര്‍

വിറകുകടയില്‍ ഉടല്‍ പിളര്‍ന്നു

വില്‍ക്കപ്പെടുന്നത്

നിങ്ങള്‍ക്ക് എപ്പോഴെങ്കിലും

നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ടോ,

അഥവാ അവര്‍ മാംസക്കടയില്‍

ചോരയൊലിച്ചു തൂങ്ങിയാടുന്നത്?

ഇനി നമ്മുടെ വംശത്തിനു ഏറെ സമയമില്ല

നമ്മുടെ തന്നെ കണ്ടുപിടുത്തങ്ങള്‍

നമ്മെ അപ്രസക്തരാക്കും.

നമ്മുടെ ഉദയം ആഹ്ലാദത്തോടെ കണ്ടവര്‍

നമ്മുടെ അസ്തമയവും കാണും,

ഇക്കുറി നിസ്സംഗരായി.

അവ അതിജീവിക്കും,

നാം വന്നുപോയ കഥ

ഒരു ഖണ്ഡികയിലൊതുങ്ങുന്ന

പുതിയ ചരിത്രമെഴുതാന്‍,

തവിട്ടുപാറകളില്‍,

പച്ചയിലകളില്‍,

നീലമേഘങ്ങളില്‍നിന്നു പൊഴിയുന്ന

മഴയുടെ ദ്രവവിരലുകള്‍കൊണ്ട്,

ഇലഞരമ്പുകളുടെയും ആമത്തോടുകളുടെയും

രഹസ്യഭാഷയില്‍,

സ്വന്തം സ്പര്‍ശിനികളാല്‍ അവ പിടിച്ചെടുത്ത,

ദൈവവും അവയും മാത്രമുള്ള,

പ്രപഞ്ചത്തിന്റെ സൂക്ഷ്മചരിത്രം.

(അവസാനിക്കുന്നു)

Show More expand_more
News Summary - small drama