Begin typing your search above and press return to search.
proflie-avatar
Login

പെ​ൺ​കാ​മ​നാ​ധ്വം​സ​ന​ത്തി​​​ന്റെ ആ​ഘോ​ഷ​ങ്ങൾ

പെ​ൺ​കാ​മ​നാ​ധ്വം​സ​ന​ത്തി​​​ന്റെ   ആ​ഘോ​ഷ​ങ്ങൾ
cancel
camera_alt

‘മണിച്ചിത്രത്താഴി’ൽ നാഗവല്ലിയായി ശോഭന

മൂന്നു പതിറ്റാണ്ട്​ മുമ്പ്​ ഇറങ്ങിയ ഫാസിലി​ന്റെ ‘മണിച്ചിത്രത്താഴി’നെ പുനർകാഴ്ചക്കും പുനർവായനക്കും വിധേയമാക്കുകയാണ്​ ഇൗ പഠനം. സ്​ത്രീബന്ധങ്ങൾ എങ്ങനെയാണ്​ ആ സിനിമയിൽ ആവിഷ്​കരിക്കപ്പെട്ടത്​? ഏതുതരം മൂല്യങ്ങളാണ്​ ആ സിനിമ പ്രത്യക്ഷമായും പരോക്ഷമായും പങ്കുവെക്കുന്നത്​?

മു​പ്പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ്, 1993 ഡി​സം​ബ​ർ അ​വ​സാ​നം പ്രേ​ക്ഷ​ക​രാ​ൽ വ​ൻതോതി​ൽ ആ​ക​ർ​ഷി​ക്ക​പ്പെ​ട്ട സി​നി​മ ഇ​ന്നും തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ നി​റ​ഞ്ഞ സ​ദ​സ്സ് കൈയ​ടി​ക​ളോ​ടെ ഏ​റ്റു​വാ​ങ്ങ​പ്പെ​ടു​ന്നു എ​ന്ന​താ​ണ് ‘മ​ണി​ച്ചി​ത്ര​ത്താ​ഴി​​​’ന്റെ സ​വി​ശേ​ഷ​ത. ഒ​രു​ ത​ല​മു​റ​ക്കിപ്പു​റമു​ള്ള​വ​രെ​യും ആ​ഹ്ലാ​ദി​പ്പി​ക്കാ​നു​ള്ള ചേ​രു​വ​ക​ളാ​ണ് ഉ​ൾ​ച്ചേ​ർ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്, പ​ക്ഷേ ഉ​പ​രി​പ്ല​വ​മാ​യ മ​നോ​ര​ഞ്ജ​ക​ വി​ലാ​സ​ങ്ങ​ൾ​ക്ക​പ്പു​റ​ത്തേക്ക് ക​ണ്ണു​പാ​യി​ക്കാ​ൻ ഇ​ടംകൊ​ടു​ക്കു​ന്നി​ല്ല എ​ന്ന​തുകൊ​ണ്ട് വി​ഷ​ലി​പ്ത​മാ​യ മ​നോ​ഭാ​വ​ങ്ങ​ളും അ​പ​ക​ട​ക​ര​മാ​യ സ​മൂ​ഹ​സ​ന്ദേ​ശ​ങ്ങ​ളും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യും അ​ത് പ്രേ​ക്ഷ​ക​ർ സാ​ര​മാ​യി ക​ണ​ക്കാ​ക്കേ​ണ്ടതി​ല്ല എ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യു​ന്നുണ്ട് ഈ ​സി​നി​മ.

തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും അ​ഗ്നി​പ​രീ​ക്ഷ ന​ട​ത്തി അ​തി​വി​ശു​ദ്ധി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഭാ​ര്യ​യെ സ​ർ​വ​ഗു​ണ​സ​മ്പ​ന്ന​നാ​യ ഭ​ർ​ത്താ​വ് അ​യാ​ളു​ടെ സൗ​ജ​ന്യ​മെ​ന്ന​പോ​ലെ മാ​റോ​ട​ണ​ക്കുന്ന​തു ക​ണ്ട് നി​ർ​വൃ​തി​യ​ട​യു​കയേ വേ​ണ്ടൂ എ​ന്ന നി​ഷ്‍ക​ർ​ഷ​യോ​ടെ​യാ​ണ് സി​നി​മ അ​വ​സാ​നി​ക്കു​ന്ന​ത്. ഈ ​പ്ര​മേ​യം എ​ളു​പ്പം സ്വീ​ക​രി​ക്ക​പ്പെ​ടും എ​ന്ന് പു​രാ​ണ​ങ്ങ​ൾത​ന്നെ തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

കു​ടും​ബ​വ്യ​വ​സ്ഥ പ്ര​ത്യേ​കി​ച്ചും ആ​ണ​ധി​കാ​ര​ങ്ങ​ൾ ക​ടു​ത്ത ആ​ഘാ​ത​ങ്ങ​ൾ ഏ​ൽ​പ്പി​ക്ക​പ്പെ​ട്ട​വ​ളാ​ണ് ഗം​ഗ. തീ​രെ ചെ​റു​പ്പ​ത്തി​ലേ അ​വ​ൾ​ക്ക് ഇ​ത് അ​നു​ഭ​വി​ക്കേ​ണ്ടിവ​ന്ന​താ​ണ് അ​വ​ളു​ടെ പി​ൽ​ക്കാ​ല​ത്തെ മാ​ന​സി​ക​പ്ര​ശ്ന​ത്തി​നാ​ധാ​രം എ​ന്ന് ഡോ​. സ​ണ്ണി ആ​ണ​യി​ടു​ന്നു​ണ്ട്. പ​ക്ഷേ, ഇ​ത് അ​വ​ളു​ടെ കു​റ്റ​മാ​യി​ക്ക​ണ്ട് ക​ടു​ത്ത ആ​ഭി​ചാ​ര​പ്ര​ക്രി​യക്ക് വ​ശം​വ​ദ​യാ​കേ​ണ്ട​വളെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തും ആ​ൺ അ​ധി​കാ​ര​ങ്ങ​ളു​ടെ ഗ​ർ​വുത​ന്നെ​യാ​ണ്. കു​ടും​ബാ​ധി​കാ​ര​ങ്ങ​ൾ അ​വ​ളു​ടെ മാ​ന​സി​ക​നി​ല​ക്ക് പു​ല്ലു​വി​ല ക​ൽ​പി​ച്ച് വ്യ​വ​സ്ഥ​യോ​ട് പൊ​രു​ത്ത​പ്പെ​ടാ​ൻ ബ​ലം പ്ര​യോ​ഗി​ച്ചേ​ക്കാം.

കാ​ട​ൻ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളു​ടെ ഭേ​ദ്യ​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടാ​ൽ അ​ത് അ​വ​ളു​ടെ മാ​ന​സി​കാ​പ​ഭ്രം​ശ​ങ്ങ​ൾ​ക്കു​ള്ള ശി​ക്ഷ​യാ​ണ്. അ​ത് അ​വ​ൾ അ​ർ​ഹി​ക്കു​ന്ന​താ​ണ്. പ്രേ​ക്ഷ​ക​രി​ൽ ഒ​രു വ​ൻ ശ​ത​മാ​ന​വും മോ​ഹ​ൻലാ​ലി​​​ന്റെ സ്ഥി​രം മാ​ന​റി​സം ക​ല​ർ​ന്ന ത​മാ​ശ​ക​ൾ ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​വ​രാ​ണെ​ങ്കി​ലും ക​ഥാ​ത​ന്തു​വി​ലെ സ്ത്രീ​വി​രു​ദ്ധ​ത ആ​ൺ സൈ​ക്കി​നെ തൃ​പ്തി​പ്പെ​ടു​ത്തു​ന്നു​ണ്ടാ​വ​ണം.

സ്വ​ന്തം ഭ​ർ​ത്താ​വി​നെ കൊ​ല്ലാ​നാ​ണ​ത്രേ നാ​ഗ​വ​ല്ലിയാ​യി മാ​റു​ന്ന ഗം​ഗ​യു​ടെ മോ​ഹം. നാ​ഗ​വ​ല്ലി​ക്ക് ആ​വേ​ശി​ക്കാ​ൻ ശ്രീ​ദേ​വി ഉ​ൾ​പ്പെ​ടെ മ​റ്റ് സ്ത്രീ​ക​ൾ മാ​ട​മ്പ​ള്ളി​യി​ൽ ഉ​ള്ളപ്പോ​ൾ എ​ന്തു​കൊ​ണ്ട് ഗം​ഗ​യെ​ത്ത​ന്നെ തി​ര​ഞ്ഞെ​ടു​ത്തു എ​ന്ന​ത് അ​വ​ൾ ‘ഒ​രു​മ്പെ​ട്ട​വ​ൾ’ ആ​ണെ​ന്നു​ള്ള​തു​കൊ​ണ്ടുത​ന്നെ​യാ​ണ്. സി​നി​മ​യി​ലെ പു​രാ​ണ​ കെ​ട്ടു​ക​ഥ​ക​ളു​മാ​യി അ​വ​ളു​ടെ സ്വ​ഭാ​വ​ വി​ശേ​ഷ​ങ്ങ​ൾ ഒ​ത്തു​പോ​കു​ന്നു എ​ന്ന​തു​കൊ​ണ്ടാ​ണ്. ഒ​രു സം​ര​ക്ഷ​കൻ /​അ​ധി​കാ​രി ഉ​ള്ള​പ്പോ​ൾ മ​റ്റൊ​രു​ത്ത​നോ​ട് അ​ടു​പ്പം തോ​ന്നു​ന്ന​വ​ൾ. അ​വ​ൾ​ക്ക് ‘വാ​യ​ന’ എ​ന്ന ദോ​ഷ​മു​ണ്ട്, എ​ഴു​ത്തു​കാ​രോ​ട് ആ​രാ​ധ​ന ക​ല​ർ​ന്ന ഊ​ഷ്മ​ള​വി​കാ​ര​ങ്ങ​ൾ ഉ​ണ്ട്.

ക്ഷ​യോ​ന്മു​ഖ​വും ദു​ഷി​ച്ച​തു​മാ​യ ആ​ണ​ധി​കാ​ര​ങ്ങ​ളു​ടെ കു​ടീ​ര​മാ​ണ് മാ​ട​മ്പ​ള്ളി​ത്ത​റ​വാ​ട്. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾകൊ​ണ്ട് മാ​ത്രം നീ​തി​വ്യ​വ​സ്ഥ​ക​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന ഇ​ടം, പു​രു​ഷ​മേ​ധാ​വി​ത്വ​ത്തി​​​ന്റെ കെ​ടു​നീ​തി​ക​ൾ ഇ​തുവ​ഴി ന​ട​പ്പാ​ക്കാ​നാ​ള്ള ഇ​ടം. ഇ​ന്ത്യ​ൻ ആ​ണ​ത്ത​ത്തി​​​ന്റെ സ്വ​രൂ​പ​വി​ധി​യാ​ണ് ആ ​കൊ​ട്ടാ​ര​സ​ദൃ​ശ​മാ​യ വീ​ട്. ശ്രീ​ദേ​വി ന​കു​ല​​​ന്റെ മു​റ​പ്പെ​ണ്ണാ​ണ്. മു​റ​പ്പെ​ണ്ണി​നെ ന​കു​ല​ൻ ക​ല്യാ​ണം ക​ഴി​ക്കാ​ത്ത​തി​ൽ അ​വ​ളു​ടെ അ​ച്ഛ​ൻ ത​മ്പി​ക്ക് നീ​ര​സ​മു​ണ്ട്. സി​നി​മ​യു​ടെ ആ​ദ്യംത​ന്നെ ഇ​ത് വ്യ​ക്ത​മാ​ക്ക​പ്പെ​ടു​ന്നു​ണ്ട്. ശ്രീ​ദേ​വി​ക്ക് ചൊ​വ്വാ​ദോ​ഷം ഉ​ണ്ടെ​ങ്കി​ലും ന​കു​ല​​​ന്റെ ജാ​ത​ക​വു​മാ​യി വ​ള​രെ ഒ​ത്തുപോ​യി​രു​ന്നു​വ​​േത്ര. മ​രു​മ​ക്ക​ത്താ​യം ത​ക​ർ​ന്ന​ടി​ഞ്ഞ​തും അ​ടു​ത്ത ര​ക്ത​ബ​ന്ധ​മു​ള്ള​വ​രു​മാ​യി​ട്ടു​ള്ള ബാ​ന്ധ​വം ജൈ​വി​ക​മാ​യി തെ​റ്റാ​ണെ​ന്നും 1993ൽ​പോ​ലും അ​റി​യാ​ത്ത പാ​വ​ങ്ങ​ളാ​ണ് മാ​ട​മ്പ​ള്ളി​ത്ത​റ​വാ​ട് മൊ​ത്തം.

ഫാസിൽ

അ​വ​ളെ ക​ല്യാ​ണം ക​ഴി​ച്ച ആ​ൾ അ​വ​ളെ വി​ട്ടു​പോ​ക​യാ​ണു​ണ്ടാ​യ​ത്. ചൊ​വ്വാ​ദോ​ഷ​ക്കാ​രി​യു​ടെ പാ​പ​ഭാ​രം. അ​വ​ൾ​ക്ക് മ​റ്റൊ​രു ക​ല്യാ​ണം ന​ട​ത്താ​നോ ജോ​ലി ത​ര​പ്പെ​ടു​ത്താ​നോ ഉ​ത്സു​ക​ര​ല്ല ബ​ന്ധു​ക്ക​ൾ. ഇ​ത്ത​രം അ​ധീ​ശ​ങ്ങ​ൾ​ക്ക് വെ​ല്ലു​വി​ളി​യാ​യി​ട്ടാ​ണ് ഗം​ഗ അ​വി​ടെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ‘‘പ​രി​ഷ്‍കാ​രി​പ്പെ​ണ്ണ്’’ എ​ന്ന് ത​മ്പി​യ​മ്മാ​വ​ൻ അ​വ​ളെ വി​ളി​ക്കു​ന്നു​ണ്ട്. സ്ത്രീ​ക​ൾ​ക്ക് ഉ​ദ്യോ​ഗം വ​ഹി​ക്കാ​നു​ള്ള പ്രാ​പ്തിയി​ല്ലെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം മാ​ട​മ്പ​ള്ളി ആ​ണു​ങ്ങ​ൾ. ശ്രീ​ദേ​വി​ക്കോ ഗം​ഗ​ക്കോ ജോ​ലി​യി​ല്ല. കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന അ​ല്ലി​യെ​യും ആ ​വ​ഴി തി​രി​ച്ചുവി​ടാ​ൻ പ​ദ്ധ​തി​യൊ​ന്നു​മി​ല്ല, ക​ല്യാ​ണം ക​ഴി​പ്പി​ച്ച് അ​യ​ക്കു​ക​യാ​ണ്. ഗം​ഗ എ​ത്ത​പ്പെ​ടു​ന്ന​ത് ഇ​ങ്ങ​നെ വ​ള​രെ പ​ഴ​കി​യ മാ​ട​മ്പി​ത്ത​ര​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്കാ​ണ്. ക​ൽ​ക്ക​ത്തയി​ൽ വ​ള​ർ​ന്ന, വാ​യ​നാ​ശീ​ല​മു​ള്ള അ​വ​ൾ​ക്ക് ഒ​ട്ടും യോ​ജി​ച്ച ഒ​രു ഇ​ടമല്ല മാ​ട​മ്പ​ള്ളി, ആ​ദ്യം അ​വി​ട​ത്തെ നി​ശ്ശ​ബ്ദ​ത അ​വ​ളെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട് എ​ങ്കി​ലും.

ഒ​രു ന​ർ​ത്ത​ക​നോ​ട് മ​മ​ത തോ​ന്നി​യാ​ൽ അ​വ​ൾ​ക്ക് മ​ര​ണ​മാ​ണ് അ​വി​ട​ത്തെ ശ​ങ്ക​ര​ൻ ത​മ്പി​മാ​ർ വി​ധി​ക്കു​ന്ന​ത്. അ​തേ നീ​തി 1993​ലും പി​ന്തു​ട​ര​ണ​മെ​ന്ന് ശാ​ഠ്യ​പ്പെ​ടു​ന്ന ആ​ണു​ങ്ങ​ളാ​ണ് അ​വി​ടെ നി​ല​പാ​ടു​റ​പ്പി​ച്ചി​ട്ടു​ള്ള​ത്. സ്ത്രീ​ക​ൾ ഒ​രി​ക്ക​ലും പ്ര​വേ​ശി​ക്ക​രു​താ​ത്ത തെ​ക്കി​നി സം​ഗീ​ത​ത്തി​​ന്റെ​യും നൃ​ത്ത​ത്തി​​ന്റെയും സ​ങ്കേ​ത​മാ​ണ്. അ​തൊ​ന്നും കു​ല​സ്ത്രീ​ക​ൾ​ക്ക് പ​റ​ഞ്ഞി​ട്ടു​ള്ള​ത​ല്ല.

ക​ലാ​ഹൃ​ദ​യ​മു​ള്ള നാ​ഗ​വ​ല്ലി, വാ​യ​ന​ക്കാ​രി​യാ​യ ഗം​ഗ, നി​ഷ്ഗു​ണ​നാ​യ ന​കു​ല​ൻ

നാ​ഗ​വ​ല്ലി ത​ഞ്ചാ​വൂ​ർ​ക്കാ​രി​യാ​യ ന​ർ​ത്ത​കി​യാ​ണ്, വെ​റും മാ​ട​മ്പി​യാ​യ ശ​ങ്ക​ര​ൻ ത​മ്പി​യേ​ക്കാ​ൾ അ​വ​ൾ​ക്ക് ഇ​ഷ്ടം തോ​ന്നി​യ​ത് സ്വാ​ഭാ​വി​ക​മാ​യും ന​ർ​ത്ത​ക​നാ​യ രാ​മ​നാ​ഥ​നെ​യാ​ണ്. അ​യ​ൽ​വാ​സി​യാ​ണു താ​നും അ​യാ​ൾ. അ​തി​​​ന്റെ ​പേ​രി​ലാ​ണ് അ​വ​ൾ കൊ​ല ചെ​യ്യ​പ്പെ​ട്ട​ത്. പ്ര​തി​കാ​ര​ദാ​ഹി​യാ​യി അ​വ​ളു​ടെ ആ​ത്മാ​വ് ചു​റ്റി​പ്പ​റ്റി ന​ട​ക്കു​ന്ന​തു​കൊ​ണ്ട് ത​റ​വാ​ട്ടി​ൽ വി​നാ​ശ​ങ്ങ​ൾ ഏ​റെ​യാ​ണ്. ആ​ണു​ങ്ങ​ളാ​ണ് അ​വ​ളു​ടെ ല​ക്ഷ്യം. അ​വ​ളെ നി​ഷ്ഠുരം കൊ​ലചെ​യ്ത ശ​ങ്ക​ര​ൻ ത​മ്പി​ക്ക് കു​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ല. ഗം​ഗ വാ​യ​ന​ക്കാ​രി​യാ​ണ്, ധാ​രാ​ളം പു​സ്ത​ക​ങ്ങ​ളു​മാ​യാ​ണ് അ​വ​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്. ര​ണ്ടാം നി​ല​യി​ലെ തെ​ക്കി​നി അ​വ​ൾ തു​റ​ന്ന​ത് ത​ന്നെ പു​സ്ത​ക​ങ്ങ​ൾ അ​ടു​ക്കും ചി​ട്ട​യു​മാ​യി വെ​ക്കാ​ൻ ഒ​രു ഇ​ട​ത്തി​നു വേ​ണ്ടി​യാ​ണ്. തീ​ർ​ച്ച​യാ​യും അ​വ​ൾ ടാ​ഗോ​റി​​​ന്റെ പ്രേ​മ​ഗീ​ത​ക​ങ്ങ​ൾ ഹൃ​ദി​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ടാ​വ​ണം, മ​ന​സ്സിന്റെ ചാ​യ്വു​ക​ളെ​പ്പ​റ്റി ബോ​ധ​വ​തി ആ​യി​രി​ക്ക​ണം.

ഉ​റ​ങ്ങു​ന്ന​തി​നു മു​മ്പും പു​സ്ത​കം വാ​യി​ക്കു​ന്ന​താ​ണ് പ​തി​വെ​ന്ന് സി​നി​മ സൂ​ചി​പ്പി​ക്കു​ന്നു. മ​ഹാ​ദേ​വ​​​ന്റെ ‘കാ​വൂ​ട്ട്’ വാ​യി​ച്ച്, കി​ട​ക്ക​യി​ൽ അ​രി​കി​ൽ വെ​ച്ച് അ​തി​ന​ടു​ത്ത് കി​ട​ക്കു​ന്നു​ണ്ട് അ​വ​ൾ. അ​ത്ര​യു​മു​ണ്ട് അ​വ​ൾ​ക്ക് വാ​യ​ന​യോ​ടു​ള്ള ക​മ്പം. ഇ​ങ്ങ​നെ താ​ൽപ​ര്യ​മു​ള്ള ആ​ളൊ​ന്നു​മ​ല്ല ന​കു​ല​ൻ. അ​യാ​ൾ രാ​ത്രി വൈ​കി​യും ബി​സി​നസ് ക​ണ​ക്ക് എ​ഴു​തു​ക​യും ക​മ്പ്യൂ​ട്ട​റി​ൽ അ​നു​ബ​ന്ധ ജോ​ലി​ക​ൾ ചെ​യ്യു​ക​യു​മാ​ണ്. രാ​ത്രി ഉ​റ​ങ്ങു​ന്ന​ത് ഗം​ഗ അ​റി​യാ​തെ ആ​യി​രി​ക്കാം. “ന​കു​ലേ​ട്ട​ൻ ഉ​റ​ങ്ങാ​ൻ വ​രു​മ്പോ​ൾ എ​ന്നെ വി​ളി​ക്ക​ണേ” എ​ന്ന് ഗം​ഗ അ​പേ​ക്ഷി​ക്കു​ന്നു​ണ്ട്. ക​ലാ​ബോ​ധ​മി​ല്ലാ​ത്ത, ഭാ​ര്യ​യി​ൽ അ​ത്ര താ​ൽ​പര്യ​മി​ല്ലാ​ത്ത ആ​ളാ​ണ് ന​കു​ല​ൻ എ​ന്ന് സൂ​ച​ന. അ​ല്ലെ​ങ്കി​ലും പാ​ണ്ഡ​വ​ന്മാ​രി​ൽ തീ​രെ ശൂ​ര​ത്വ​മോ പ്രേ​മ​ലോ​ലു​പ​ത്വ​മോ ഇ​ല്ലാ​ത്ത ആ​ളു​മാ​ണ് ന​കു​ല​ൻ.

സി​നി​മ​ക്കാ​ർ അ​റി​ഞ്ഞി​ട്ട​താ​യി​രി​ക്ക​ണം ഈ ​ക​ഥാ​പാ​ത്ര​പ്പേ​ര്. ഗം​ഗ അ​തി​താ​ൽ​പര്യ​ത്തോ​ടെ വാ​യി​ക്കു​ന്ന ‘കാ​വൂ​ട്ടി’ന്റെ ​ര​ച​യി​താ​വ് അ​ടു​ത്തു ത​ന്നെ താ​മ​സി​ക്കു​ന്നു​ണ്ട് എ​ന്ന അ​റി​വ് അ​വ​ളെ ആ​ന​ന്ദ​വ​തി​യാ​ക്കു​ന്നു​ണ്ട്. അ​ല്ലി ഇ​ത് വെ​ളി​വാ​ക്കി​യ​പ്പോ​ൾ ഗം​ഗ​യി​ൽ ഈ ​പ്ര​ഹ​ർ​ഷം പ്ര​ക​ട​മാ​ണ്.​ മ​റ്റൊ​രു ശ​ങ്ക​ര​ൻ ത​മ്പി​യു​ടെ ഭാ​ര്യ​യാ​ണ് താ​ൻ എ​ന്ന അ​റി​വ് ഗം​ഗ​ക്ക് കി​ട്ടി​ക്ക​ഴി​ഞ്ഞു. നാ​ഗ​വ​ല്ലി​യാ​യി മാ​റു​മ്പോ​ൾ എ​ന്തു​കൊ​ണ്ട് ന​കു​ല​നെ​ത്ത​ന്നെ കൊ​ല്ലാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു എ​ന്ന​തി​​​ന്റെ പ്ര​ച്ഛ​ന്ന​ത്തെ​ളി​വാ​ണ് സി​നി​മ ഇ​ങ്ങ​നെ ന​മു​ക്ക് വെ​ളി​വാ​ക്കി​ത്ത​രു​ന്ന​ത്. അ​ല്ലിക്ക് ആ​ഭ​ര​ണം എ​ടു​ക്കാ​ൻ പോ​ക​ണ്ടാ എ​ന്ന് ക​ടു​ത്ത ശാ​സ​ന അ​വ​ൾ പ്ര​തീ​ക്ഷി​ച്ച​താ​യി​രു​ന്നി​രി​ക്ക​ണം. അ​സം​തൃ​പ്ത​മാ​യ വി​വാ​ഹ​ജീ​വി​ത​മാ​ണ​വ​ളു​ടേ​ത് എ​ന്ന​ത് സി​നി​മ തെ​ളി​ച്ചു പ​റ​യു​ന്നി​ല്ല. കാ​ര​ണം, ഗം​ഗ​യു​ടെ ത​ല​യി​ൽ മു​ഴു​വ​ൻ കു​റ്റ​ഭാ​ര​ങ്ങ​ളും ക​യ​റ്റിവെ​ക്കാ​ൻ സി​നി​മ നേ​ര​ത്തേ തീ​രു​മാ​നം എ​ടു​ത്തുക​ഴി​ഞ്ഞു.

‘മണിച്ചിത്രത്താഴി’ലെ ഒരു രംഗം

രാ​മ​നാ​ഥ​ൻ എ​ന്ന പ്രേ​മ​ലോ​ലു​പ​നാ​യ ന​ർ​ത്ത​ക​ൻ തൊ​ട്ട​ടു​ത്ത് മ​ഹാ​ദേ​വ​ൻ എ​ന്ന ഇ​ഷ്ട​ക​വിയാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു എ​ന്ന​ത് അ​വ​ളെ സം​ബ​ന്ധി​ച്ച് ആ​വേ​ശ​ക​ര​മാ​ണ്. എ​ന്നാ​ൽ, ഭ​ർ​ത്താ​വു​ള്ള സ്ത്രീ​ക്ക് ഒ​രു കാ​മ​ന​യും പാ​ടി​ല്ല എ​ന്ന ശാ​ഠ്യ​മാ​ണ് സി​നി​മ​ക്ക് പ്ര​സ​രി​പ്പി​ക്കാ​നു​ള്ള​ത് എ​ന്ന​തു​കൊ​ണ്ട് ഇ​ത് ക​ടു​ത്ത കു​റ്റ​മാ​കു​ന്നു. മ​ഹാ​ദേ​വ​​​ന്റെ ക​വി​ത​യി​ലെ വ​രി​ക​ൾ ഗം​ഗ​ക്ക് അ​ന്വ​ർ​ഥ​മാ​കു​ന്ന​ത് അ​വ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ അ​തി​ലൂ​ടെ വ്യ​ക്ത​മാ​ക്ക​പ്പെ​ടു​ന്ന​തു​കൊ​ണ്ടാ​ണ്. ‘‘വ​രു​വാ​നി​ല്ലാ​രു​മീ...’’ എ​ന്ന വ​രി​ക​ളി​ൽ തു​ട​ങ്ങു​ന്ന ഈ ​ക​വി​ത​യി​ൽ അ​വ​ളു​ടെ ഉ​ൾ​ക്കാ​മ്പാ​ണ് തു​ടി​ക്കു​ന്ന​ത്. പ്രി​യ​മു​ള്ളോ​രാ​ളാ​രോ വ​രു​വാ​നു​ണ്ടെ​ന്ന് മോ​ഹി​ക്കു​ന്ന​വ​ളാ​ണ​വ​ൾ. മോ​ഹ​ങ്ങ​ളെ​ല്ലാം വെ​റു​തെ ആ​ണെ​ന്നും അ​റി​വു​ള്ള​വ​ൾ കൊ​തി​യോ​ടേ ഓ​ടി​ച്ചെ​ന്ന് വ​ഴി​യി​ൽ നോ​ക്കു​മ്പോ​ൾ വ​ന്ന​വ​ഴി​യെ തി​രി​ച്ചു​പോ​കു​ന്ന​വ​രെ ആ​ണ് അ​വ​ൾ കാ​ണു​ന്ന​ത്. വി​വാ​ഹി​ത​യാ​യ​വ​ൾ, ഭ​ർ​ത്താ​വ് കൂ​ടെ​യു​ള്ള​വ​ൾ, ആ​ണി​ത് പാ​ടു​ന്ന​ത്. സ്നേ​ഹ​രാ​ഹി​ത്യ​ത്താ​ൽ വി​ങ്ങു​ന്ന​വ​ളാ​ണ് ഗം​ഗ.

ഇ​തി​നു​ള്ള ശി​ക്ഷ​യാ​ണ് അ​വ​ൾ പി​ന്നീ​ട് ഏ​റ്റു​വാ​ങ്ങു​ന്ന​ത്. വാ​യ​നാ​ശീ​ല​മു​ള്ള, അ​ന്ധ​വി​ശ്വാ​സ​ത്തി​നു തെ​ല്ലും വ​ഴ​ങ്ങാ​ത്ത അ​വ​ളെ ‘പ​രി​ഷ്‍കാ​രി​പ്പെ​ണ്ണ്’ എ​ന്ന് ക​ളി​യാ​ക്കി വി​ളി​ക്കു​ന്ന ത​മ്പി​യാ​ണ് ഗൃ​ഹ​നാ​ഥ​ൻ. ‘അ​ന്യ​സ്ത്രീ​ക​ൾ’ മാ​ട​മ്പ​ള്ളി​ത്ത​റ​വാ​ട്ടിൽ വ​ന്നു​ക​യ​റു​ന്ന​ത് അ​വി​ട​ത്തെ പ്രേ​താ​ത്മാ​ക്ക​ൾ​ക്ക് ഇ​ഷ്ട​മ​ല്ല, ഗം​ഗ അ​ന്യ​സ്ത്രീ​യാ​ണ് എ​ന്ന് അ​യാ​ൾ തെ​ളി​ച്ചു പ​റ​യു​ന്നു​ണ്ട്. ഈ ​വാ​ദം ശ​രി​യാ​ണെ​ന്ന് സി​നി​മ പി​ന്നീ​ട് തെ​ളി​യി​ക്കു​ക​യു​മാ​ണ്. പ്രേ​ക്ഷ​ക​ർ ഇ​തൊ​ക്കെ അ​പ്പാ​ടെ വി​ഴു​ങ്ങ​ണ​മെ​ന്നാ​ണ് സി​നി​മ നി​ഷ്‍ക​ർ​ഷി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ അ​വ​സാ​നം “ഇ​നി ഞാ​ൻ എ​ന്നും ന​കു​ലേ​ട്ട​​ന്റേ​തു മാ​ത്ര​മാ​യി​രി​ക്കും” എ​ന്ന് അ​വ​ളെ​ക്കൊ​ണ്ട് ആ​ണ​യി​ടു​വി​ച്ചശേ​ഷം മ​ല​യാ​ളി ആ​ണ​ത്തം ത​​​ന്റെ ശും​ഭ ഗാം​ഭീ​ര്യ​ത്തി​ൽ ആ​ത്മ​പ്ര​ഹ​ർ​ഷം അ​നു​ഭ​വി​ക്കു​ന്നു.

ഇ​ത് അ​വ​ളെ​ക്കൊ​ണ്ട് പ​റ​യി​പ്പി​ക്കാ​ൻ അ​വ​ൾ​ക്ക് മൊ​ത്തം നാ​ട്ടു​കാ​രു​ടെ മു​ന്നി​ൽ വെ​ച്ച് ക്രൂ​ര​മാ​യ ആ​ഭി​ചാ​ര​പ്ര​ക്രി​യ​ക്കും ശാ​രീ​രി​ക​ഭേ​ദ്യ​ത്തി​നും പാ​ത്ര​മാ​കേ​ണ്ടിവ​ന്നു. അ​ടി​കൊ​ടു​ത്താ​ണ് അ​വ​ളെ​ക്കൊ​ണ്ട് ഇ​തു സ​മ്മ​തി​പ്പി​ക്കു​ന്ന​ത് എ​ന്ന് സാ​രം. അ​മേ​രി​ക്ക​യി​ൽനിന്നെ​ത്തി​യ പ്ര​സി​ദ്ധ സൈ​ക്യാട്രി​സ്റ്റാ​ണ് ഈ ​നാ​ട​കം സം​വി​ധാ​നംചെ​യ്യു​ന്ന​ത്, പി​ന്നെ ചോ​ദ്യ​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ല​ല്ലോ.

ഭാ​ർ​ഗ​വീ​നി​ല​യ​ത്തി​​​ന്റെ പാ​ഠ​ഭേ​ദം

നാ​ഗ​വ​ല്ലി​യെ (ഗം​ഗ​യെ​യും) കു​റ്റ​ക്കാ​രാ​ക്കി മ​റു​പ​ക്ഷ​ത്താ​ക്കു​ക എ​ന്ന​ത് സി​നി​മ​യു​ടെ ഉ​ദ്ദേ​ശ്യംത​ന്നെ​യാ​ണ്. ക്രൂ​ര​നാ​യ, അ​വ​ളെ കൊ​ന്ന ശ​ങ്ക​ര​ൻ ത​മ്പി​യോ​ടു​ള്ള പ​ക അ​വ​ളു​ടെ തെ​റ്റാ​യി​ട്ടാ​ണ് സി​നി​മ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. അ​വ​ളെ പ്രേ​ക്ഷ​ക​ർ​ക്കെ​തി​രെയും നി​ർത്തു​ന്നു. ഗം​ഗ​യെ​യും. ഇ​തേ പ്ര​മേ​യം കാ​ത​ലാ​യി​ട്ടു​ള്ള ‘ഭാ​ർ​ഗവീ​നി​ല​യ​’ത്തി​ൽ ഭാ​ർ​ഗവി​യെ കൊ​ന്ന എം.എ​ൻ എ​ന്ന​യാ​ളെ ഇ​ല്ലാ​താ​ക്കാ​ൻ മ​ര​ണ​ത്തി​നുശേ​ഷം വ​രു​ന്ന ഭാ​ർ​ഗ​വി​യെ സി​നി​മാപ​ക്ഷ​ത്തും പ്രേ​ക്ഷ​ക​പ​ക്ഷ​ത്തും ചേ​ർ​ത്തുനിർ​ത്തു​ക​യാ​ണ്. അ​വ​ൾ​ക്ക് നീ​തികി​ട്ടേ​ണ്ട​ത് നി​ർ​ണാ​യ​ക​വും അ​വ​ശ്യം ആ​വ​ശ്യ​ക​ര​വും ആ​ണെ​ന്ന് പ്രേ​ക്ഷ​ക​രെ​ക്കൊ​ണ്ട് അ​യ​ത്ന​ല​ളി​ത​മാ​യും യു​ക്തി​സ​ഹ​മാ​യും സ​മ്മ​തി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ഭാ​ർ​ഗ​വി​ക്കു​ട്ടി സാ​ഹി​ത്യ​കാ​ര​​​ന്റെ സ​ഹാ​യം തേ​ടു​ന്നു​ണ്ട് ഇ​തി​നുവേ​ണ്ടി. പ്രേ​ക്ഷ​ക​രു​ടെ വ​ൻ സ്വീ​ക​ര​ണം ആ​വോ​ളം ല​ഭി​ച്ച സി​നി​മ​യാ​ണ് ‘ഭാ​ർഗ​വീ​നി​ല​യം’. ഒ​രു​ത​ര​ത്തി​ൽ 1960ക​ളി​ൽ ഇ​റ​ങ്ങി​യ ഈ ​സി​നി​മ​യു​ടെ 1993​ലെ മ​റുവ്യാ​ഖ്യാ​നമാ​ണ് ‘മ​ണി​ച്ചി​ത്ര​ത്താ​ഴ്’. “വാ​സ​ന്ത​പ​ഞ്ച​മി നാ​ളി​ൽ വ​രു​മെ​ന്നൊ​രു കി​നാ​വ് ക​ണ്ടു...​ ആ​രു​മാ​രും വ​ന്ന​തി​ല്ലാ ആ​രാ​രും അ​റി​ഞ്ഞ​തി​ല്ല, ആ​ത്മാ​വി​ൽ സ്വ​പ്ന​വു​മാ​യി കാ​ത്തി​രി​പ്പു ഞാ​ൻ” എ​ന്ന​തി​നു സ​മാ​ന്ത​ര​മാ​യാ​ണ് ഗം​ഗ​യു​ടെ കാ​ത്തി​രി​പ്പ്. ‘‘​വ​രു​വാ​നി​ല്ലാ​രു​മീ വി​ജ​ന​മാം വീ​ഥി​യി​ൽ...’’ പാ​ട്ടി​ൽ “നി​ന​യാ​ത്ത​ നേ​ര​ത്തെ​ൻ പ​ടി​വാ​തി​ലി​ൽ ഒ​രു പ​ദ​വി​ന്യാ​സം കേ​ട്ട​പോ​ലെ... കൊ​തി​യോ​ടെ ഓ​ടി​ച്ചെ​ന്ന​ക​ല​ത്താ വ​ഴി​യി​ലേ​ക്ക്’’ നോ​ക്കു​ന്ന​വ​ളെ ‘‘വാ​സ​ന്തി പ​ഞ്ച​മി​നാ​ളി​’’ലും ​ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭ​ർ​തൃ​മ​തി​യാ​ണെ​ങ്കി​ലും കാ​മ​ന​ക​ൾ ഗം​ഗ​യി​ൽ തു​ടി​ക്കുന്നു​ണ്ട്. ത​ന്നെ​യും കാ​മു​ക​നെ​യും കൊ​ലചെ​യ്ത എം.എ​ൻ എ​ന്ന ക്രൂ​ര​നാ​ണ് വി​ല്ല​ൻ എ​ന്ന് ഭാ​ർ​ഗ​വി​ക്ക് തെ​ളി​യി​ക്കേ​ണ്ട​തു​ണ്ട്. ഭാ​ർ​ഗവി​ക്കു​ട്ടി​ക്ക് ന​മ്മ​ൾ ന​ൽ​കു​ന്ന അ​നു​ക​മ്പ​യോ പി​ന്തു​ണ​യോ 1993​ലെ നാ​ഗ​വ​ല്ലി​ക്ക് ന​ൽ​ക​പ്പെ​ടു​ന്നി​ല്ല. അ​തു​കൊ​ണ്ട് ഗം​ഗക്കും.

മോഹൻലാലും സുരേഷ് ഗോപിയും ‘മണിച്ചിത്രത്താഴി’ൽ

ഗം​ഗ​ക്ക് അ​നാ​ഥ​ത്വ​വും അ​ന്യ​ഥാ​വ​സ്ഥ​യും ഉ​ള്ളി​ൽ പി​ട​യു​ന്നെ​ങ്കി​ൽ അ​തി​നു ന​കു​ല​നും കാ​ര​ണ​മാ​കു​ന്നു​ണ്ട് എ​ന്ന് അ​വ​ൾ​ക്ക് ബോ​ധ്യ​മു​ണ്ടെ​ങ്കി​ലും അ​തി​നോ​ടൊ​പ്പം ചേ​രാ​ൻ സി​നി​മാ​ക്ക​ഥ പ്രേ​ക്ഷ​ക​രെ അ​നു​വ​ദി​ക്കു​ന്നി​ല്ല.​ ന​കു​ല​ൻ കൂ​ടെ​യു​ള്ള​പ്പോ​ൾ “വ​രു​വാ​നി​ല്ലാ​രു​മി​ല്ല...’’എ​ന്ന്, പ​ടി​വാ​തി​ൽ പ​കു​തി​യേ ചാ​രാ​റു​ള്ളൂ, അ​ക​ല​ത്തെ വ​ഴി​യാ​കെ മി​ഴി​പാ​കി നി​ൽ​ക്കാ​റു​ണ്ട​ല്ലോ എ​ന്നൊ​ക്കെ പാ​ടാ​ൻ ഇ​വ​ൾ​ക്കെ​ങ്ങ​നെ ധൈ​ര്യം വ​രു​ന്നു? 1960ക​ളി​ലെ ഭാ​ർ​ഗ​വി​ക്കു​ട്ടി​യെ 1990ക​ളി​ൽ പ്ര​തി​ഷ്ഠി​ക്കു​മ്പോ​ൾ മാ​റി​പ്പോ​യ​ത് ആ​ൺ ഇൗഗോ ത​ന്നെ. മ​ല​യാ​ളി ആ​ണ​ത്തം പ​ലേ സാ​മൂ​ഹിക ​സാ​മ്പ​ത്തി​ക മാ​റ്റ​ങ്ങ​ൾ​ക്ക് വ​ശം​വ​ദ​മാ​യി, ആ​ത്മാ​ഭി​മാ​ന​വും സ്വ​യം മ​തി​പ്പും പാ​ടെ ശോ​ഷ​ണം സം​ഭ​വി​ച്ച് വി​ഹ്വ​ല​ത​യി​ൽ​പ്പെ​ടു​ന്ന​വ​ർ ഭാ​ര്യ​യു​ടെ കാ​മ​ന​ക​ളെ ഭ​യ​പ്പാ​ടോ​ടെ, സം​ശ​യ​ത്തോ​ടെ വീ​ക്ഷി​ക്കു​ന്നു.

നാ​ഗ​വ​ല്ലി നീ​തി​കി​ട്ടാ​ൻ യ​ത്നി​ക്കു​ന്നു എ​ങ്കി​ൽ നി​ല​വി​ലു​ള്ള മ​ല​യാ​ളി ശ​ങ്ക​ര​ൻ ത​മ്പി​മാ​ർ അ​തി​നു ത​ട​യി​ടേ​ണ്ട​താ​ണ് എ​ന്ന​താ​ണ് ഈ ​വി​ല​ക്ഷ​ണ മാ​ന​സി​ക​നി​ല​യു​ടെ തീ​ർ​പ്പ്. ക​ൽ​ക്ക​ത്ത​യി​ൽനി​ന്ന് വ​രു​ന്ന വാ​യ​ന​ക്കാ​രാ​യ സ്ത്രീ​ക​ൾ നാ​ഗ​വ​ല്ലി​ക്ക് സ​ഹാ​യ​വു​മാ​യി എ​ത്തി​യേ​ക്കും (മാ​ധ​വി​ക്കു​ട്ടി​യു​മാ​യി ഇ​വി​ടെ സാ​മ്യം ക​ണ്ടെ​ങ്കി​ൽ അ​ത് യാ​ദൃ​ച്ഛി​ക​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു) എ​ന്ന​ത് അ​വ​രെ വി​റ​ളി പി​ടി​പ്പി​ക്കും. സ്ത്രീ​ശാ​ക്തീ​ക​ര​ണം മൂ​ലം ഭ​യാ​ക്രാ​ന്ത​രാ​യ ആ​ണു​ങ്ങ​ൾ​ക്ക് ഭാ​ർ​ഗവി​ക്കു​ട്ടി​മാ​രു​ടെ ആ​ത്മാ​വ് ഉ​ചി​ത​മാ​യി പ്ര​തി​കാ​രം ചെ​യ്യാ​നി​റ​ങ്ങി അ​തി​ൽ വി​ജ​യി​ച്ചേ​ക്കു​ന്നു എ​ന്ന ക​ഥ മാ​റ്റി​യെ​ഴു​തേ​ണ്ടിവ​രും എ​ന്ന​തി​​​ന്റെ ദ​യ​നീ​യ ചി​ത്രീ​ക​ര​ണ​മാ​ണ് ‘മ​ണി​ച്ചി​ത്ര​ത്താ​ഴ്’.

സ്വ​ന്തം ഇ​ച്ഛാ​ശ​ക്തി പ്ര​ക​ടി​പ്പി​ക്കു​ന്ന ഭാ​ര്യ​മാ​രെ ഇ​ട്ടു പൂ​ട്ടേ​ണ്ട അ​തി​ശ​ക്ത​മാ​യ താ​ഴു​ക​ൾ ഏ​ത് ആ​ല​യി​ൽ നി​ർ​മി​ക്ക​ണം എ​ന്ന ആ​ലോ​ച​നാ​വി​ഭ്രാ​ന്തി​യി​ലേ​ക്ക് നി​പ​തി​ച്ച ആ​ൺ അ​ഹ​ന്ത​യെ ചി​ത്രീ​ക​രി​ക്കു​ക എ​ന്ന​ത് ഫാ​സി​ൽ ത​ന്മ​യ​ത്വ​ത്തോ​ടെ സാ​ധി​ച്ചെ​ടു​ക്കു​ക​യാ​ണ്. പി​ന്തി​രി​പ്പ​ൻ ആ​ശ​യ​ങ്ങ​ൾ ആ​ധാ​ര​മാ​ക്കി സി​നി​മ​യെ​ടു​ത്ത് വി​ജ​യി​പ്പി​ക്കാം എ​ന്ന് അ​ദ്ദേ​ഹം ‘അ​നി​യ​ത്തി​പ്രാ​വ്’ പോ​ല​െത്ത സി​നി​മ​ക​ൾ ആ​ഖ്യാ​നംചെ​യ്ത് പി​ന്നീ​ടും തെ​ളി​യി​ച്ചി​ട്ടു​ണ്ട്. പ്ര​ണ​യ​ത്തി​ന് ഒ​രു വി​ശു​ദ്ധി​യു​മി​ല്ലെ​ന്നും ക​ല്യാ​ണം സ്വ​ന്തം തീ​രു​മാ​ന​മാ​യി​രി​ക്ക​രു​തെ​ന്നും അ​ത് മാ​താ​പി​താ​ക്ക​ൾ മാ​ത്രം തീ​രു​മാ​നി​ക്കേ​ണ്ട​താ​ണെ​ന്നുമു​ള്ള കോ​ൺവെന്റ് സ​ദാ​ചാ​ര​സം​ഹി​ത ഊ​ട്ടി​യു​റ​പ്പി​ച്ച​താ​ണ് അ​ദ്ദേ​ഹം.

ദാ​മ്പ​ത്യേ​ത​ര ആ​ഭി​മു​ഖ്യ​ങ്ങ​ൾ

“ഇ​നി എ​ന്നും ഞാ​ൻ ന​കു​ലേ​ട്ട​​ന്റേ​ത് മാ​ത്ര​മാ​യി​രി​ക്കും” എ​ന്ന് ഒ​രു ഭാ​ര്യ​യെ​ക്കൊ​ണ്ട് പ​റ​യി​ക്കാ​ൻ അ​തി​നു പി​ന്നി​ൽ ഒ​രു ക​ഥ മെ​ന​ഞ്ഞെ​ടു​ക്കു​ക എ​ന്ന​താ​ണ് ‘മ​ണി​ച്ചി​ത്ര​ത്താ​ഴി’ന്റെ ഉ​ദ്ദേ​ശ്യം. എ​ല്ലാ ഭാ​ര​ത​സ്ത്രീ​ക​ൾ​ക്കു​മു​ള്ള താ​ക്കീ​താ​ണി​ത്. അ​താ​ണ് സി​നി​മ​യു​ടെ വി​ജ​യ​ര​ഹ​സ്യ​വും. അ​തി​നു ന​കു​ലേ​ട്ട​ന്മാ​രു​ടെ പ​ങ്ക് എ​ന്താ​ണ്, അ​വ​ർ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന​തി​നൊ​ക്കെ സി​നി​മ ഒ​രു വി​ധി​യും പ്ര​സ്താ​വി​ക്കു​ന്നി​ല്ല. രാ​ത്രി​യി​ൽ ഉ​റ​ങ്ങാ​ൻ നേ​ര​ത്ത് അ​വ​ർ​ക്ക് ഭാ​ര്യ​യെ അ​വ​ഗ​ണി​ച്ച് ബി​സി​നസ് ക​ണ​ക്ക് പു​സ്ത​ക​ങ്ങ​ളി​ൽ ത​ല​പൂ​ഴ്ത്താം.

ന​കു​ലേ​ട്ട​ൻ അ​ധി​കം അ​ധി​കാ​രം പ്ര​യോ​ഗി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​ത് ബ​ല​മാ​യി ബോ​ധി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​യി​ൽനി​ന്ന് സ​ണ്ണി​മാ​ർ സൈ​ക്യാട്രിസ്റ്റ് വേ​ഷം കെ​ട്ടി വ​ന്ന​ണ​യും. “അ​ല്ലി​ക്ക് ആ​ഭ​ര​ണം എ​ടു​ക്കാ​ൻ പോ​ക​രു​ത്’​’ എ​ന്ന് ഭാ​ര്യ​മാ​രെ ച​ട്ടംകെ​ട്ടാ​ൻ അ​വ​ർ നി​ർ​ദേശി​ക്കും. അ​വ​ളെ വ​രു​തി​യി​ലാ​ക്കി നി​ർത്തി​യി​ല്ലെ​ങ്കി​ൽ ഒ​രു ദി​വ​സ​ത്തി​ന​കം അ​വ​ൾ ഭ​ർ​ത്താ​വി​നെ കൊ​ല്ലു​മ​​േത്ര (അ​മേ​രി​ക്ക​ൻ സൈ​ക്യാ​ട്രി​യോ​ട് വ​ൻ അ​വ​മ​തി​യാ​ണ് ഈ ​ക​ഥാ​പാ​ത്ര​നി​ർ​മി​തി​യി​ലൂ​ടെ സാ​ധി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്). അ​മേ​രി​ക്ക​യി​ൽനി​ന്നാ​ണെ​ങ്കി​ലും ക്രി​സ്ത്യാ​നി ആ​ണെ​ങ്കി​ലും ആ​ദ്യം ശ​ബ​രി​മ​ല​ക്ക് പോ​യി​ട്ടാ​ണ് അ​യാ​ളു​ടെ വ​ര​വ്. ഭാ​ര്യ​യാ​ൽ കൊ​ല്ല​പ്പെ​ടാ​ൻ പോ​കു​ന്ന ന​ക​ുല​ൻ എ​ന്ന ബെ​സ്റ്റ് ഫ്ര​ൻഡി​നെ ഓ​ർ​ത്ത് വേ​ദ​നി​ക്കു​ന്നു​ണ്ട് ഈ ​സൈ​ക്യാ​ട്രി​​സ്റ്റ്.

നി​റ​വേ​റ​പ്പെ​ടാ​ത്ത സ്നേ​ഹ​ബ​ന്ധ​ങ്ങ​ളെ ആ​ണ് ഗം​ഗ നേ​രി​ടു​ന്ന​ത്. ‘‘വ​രു​വാ​നി​ല്ലാ​രു​മീ...’’ എ​ഴു​തി​യ മ​ഹാ​ദേ​വ​നോ​ട് അ​വ​ൾ​ക്ക് മ​മ​ത തോ​ന്നു​ന്ന​ത് സ്വ​ന്തം ആ​ത്മാ​വിന്റെ വെ​ളി​പാ​ടു​ക​ളെ അ​യാ​ൾ അ​ത്യ​ന്തം ആ​കു​ല​ത​ക​ളോ​ടെ ന​ഷ്ട​സൗ​ഭാ​ഗ്യ​ങ്ങ​ളു​ടെ വി​ങ്ങ​ലു​ക​ളോ​ടെ അ​വ​ത​രി​പ്പി​ച്ച​തി​നാ​ലാ​ണ്. അ​വ​ളു​ടെ വ്യ​ഥ​ക​ൾ മ​ന​സ്സി​ലാ​ക്കി​യ മ​റ്റൊ​രാ​ൾ എ​ന്നാ​ണ് അ​വ​ൾ​ക്ക് തോ​ന്നു​ന്ന​ത്. ഇ​താ​ണ് ഉ​ൽ​ക്ക​ട​മാ​യ പൊ​ട്ടി​ത്തെ​റി​ക്ക​ലി​നു കാ​ര​ണ​മാ​കു​ന്ന​ത്.

ഗം​ഗ​യു​ടെ ച​രി​ത്ര​മെ​ല്ലാം അ​റി​ഞ്ഞ സ​ണ്ണി അ​വ​ളെ മാ​ന​സി​ക​വി​ശ​ക​ല​ന​ത്തി​നു വി​ധേ​യ​യാ​ക്കു​ന്നി​ല്ല. മ​റി​ച്ച് ‘‘രോ​ഗ​മു​ണ്ടെ​ന്ന് അ​വ​ൾ ഒ​രി​ക്ക​ലും അ​റി​യ​രു​ത്” എ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യു​മാ​ണ് അ​യാ​ൾ. ഇ​പ്പോ​ൾ അ​വ​ളു​ടെ ഒ​റ്റ​പ്പെ​ട​ലി​നു കാ​ര​ണ​ക്കാ​ര​നാ​യ ന​കു​ല​നെ ഉ​പ​ദേ​ശി​ക്കാ​നും അ​യാ​ൾ ത​യാ​റാ​കു​ന്നി​ല്ല. മാ​ന​സി​ക​രോ​ഗി​ക​ൾ ആ​ദ്യം തി​രി​ച്ച​റി​യേ​ണ്ട​ത് അ​വ​രു​ടെ വി​ഭ്രാ​ന്തി​ക​ളെ​ല്ലാം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണെ​ന്നും അ​തി​നു ചി​കി​ത്സയു​ണ്ട് എ​ന്ന് ബോ​ധ്യ​പ്പെ​ടു​ക​യു​മാ​ണ്. ഏ​ത് സൈ​ക്യാ​ട്രി​സ്റ്റും വി​ദ്യാ​ർ​ഥിയാ​യി​രി​ക്കു​മ്പോ​ൾ പ​ഠി​ക്കു​ന്ന ബാ​ല​പാ​ഠ​മാ​ണി​ത്. സ​ണ്ണി​യു​ടേ​ത് എ​ന്തുത​രം വി​ഡ്ഢി​ച്ചി​കി​ത്സാ പ​ദ്ധ​തി​യാ​ണെ​ന്ന് ആ​രും അ​മ്പ​ര​ന്നു പോ​കു​ന്ന ത​ര​ത്തി​ലാ​ണ് യു​ക്തി മെ​ന​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ദ്വ​ന്ദ്വ വ്യ​ക്തി​ത്വമാ​ണ് (split personality/ dual personality) ഗം​ഗ​യു​ടെ പ്ര​ശ്നം എ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഉ​ട​ൻ ഡോ. ​സ​ണ്ണി നി​ജ​പ്പെ​ടു​ത്തു​ന്ന​ത് അ​ത് സൈ​ക്കോ​സി​സ് ആ​യി മാ​റി എ​ന്നാ​ണ്.

അ​പ​ഹാ​സ്യ​മാ​ണ് ഈ ​സൈ​ക്യാ​ട്രി നി​ഗ​മ​നം. അ​മേ​രി​ക്ക​ൻ സൈ​ക്യാ​ട്രി കോ​ൺ​ഫറ​ൻ​സു​ക​ളി​ൽ കേ​ര​ള​ത്തി​ൽനി​ന്നു​ള്ള ഉ​ഗ്ര​ൻ മ​ന്ത്ര​വാ​ദി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കും എ​ന്നൊ​ക്കെ​യു​ള്ള വ​ൻ പൊ​ട്ട​ത്ത​രം ഗം​ഗ​യെ ഭേ​ദ്യംചെ​യ്യാ​നു​ള്ള രം​ഗ​ങ്ങ​ൾ​ക്ക് സാ​ധു​ത​യ​ുണ്ടാക്കാ​ൻ ക​ഥാ​കൃ​ത്ത് മെ​ന​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ആ​ധു​നി​ക സൈ​ക്യാ​ട്രി ചി​കി​ത്സ ഇ​വി​ടെ എ​ത്തിനി​ൽ​ക്കു​ന്നു എ​ന്ന് ചി​ത്രീ​ക​രി​ച്ച​ത് പ്രേ​ക്ഷ​ക​ർ അ​പ്പാ​ടെ വി​ഴു​ങ്ങു​ന്നു​മു​ണ്ട്. മ​ഹാ​ദേ​വ​നോ​ടു​ള്ള പ്ര​ത്യേ​ക മ​മ​ത ഗം​ഗ​യു​ടെ ബാ​ല്യ​കാ​ല​ത്തേ​റ്റ മാ​ന​സി​കാ​ഘാ​ത​ത്തി​​​ന്റെ, സ്നേ​ഹ​രാ​ഹി​ത്യ​ത്തി​​​ന്റെ, അ​ടി​ച്ച​മ​ർ​ത്ത​ലി​​​ന്റെ ബ​ഹി​ർ​സ്ഫു​ര​ണ​മാ​ണെ​ന്ന് അ​വ​ളെ തെ​ര്യ​പ്പെ​ടു​ത്തേ​ണ്ട​തി​നു പ​ക​രം സി​നി​മ ഒ​രു ഹൊ​റ​ർ ചി​ത്ര​മാ​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ൽ യു​ക്തി അ​പ​ഹാ​സ്യ​മാംവി​ധം ഒ​ലി​ച്ചുപോ​കു​ന്നു.

അ​ത് കാ​ര്യ​മാ​ക്കേ​ണ്ട, ഗം​ഗ​യെ ശി​ക്ഷി​ക്കാ​ൻ എ​ന്തൊ​ക്കെ വ​ഴി​ക​ളു​ണ്ട് എ​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാം എ​ന്നാ​ണ് സി​നി​മ നി​ർ​ദേ​ശി​ക്കു​ന്ന​ത്. പ​ക്ഷേ മ​ല​യാ​ളി/​ ഇ​ന്ത്യ​ൻ സൈ​ക്കി​നെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ ഭ​ർ​ത്താ​വി​ന്റെ അ​നു​മ​തി​യോ​ടെ മ​ന്ത്ര​വാ​ദി​ക​ളും സൈ​ക്യാ​ട്രി​സ്റ്റും ചേ​ർ​ന്ന് ഒ​രു സ്ത്രീ​യെ പ​ര​സ്യ​മാ​യി ഭേ​ദ്യംചെ​യ്യേ​ണ്ട​ത് ചി​ത്രീ​ക​രി​ച്ചേ മ​തി​യാ​വൂ.

ചി​കി​ത്സ ക​ഴി​ഞ്ഞി​ട്ട് സ​ണ്ണി പേ​രു ചോ​ദി​ക്കു​മ്പോ​ൾ അ​വ​ൾ “ഗം​ഗ” എ​ന്ന് മാ​ത്ര​ം പ​റ​യു​മ്പോ​ൾ അ​തു​പോ​രെ​ന്നാ​ണ് ആ​ണ​ധി​കാ​രം തീ​ർ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് ‘‘ഗം​ഗ ന​കു​ല​ൻ’’ എ​ന്ന് നി​ർ​ബ​ന്ധ​മാ​യി​ട്ടും പ​റ​യ​ണ​മ​​േത്ര. ഒ​രു വ​സ്തു​വി​നെ എ​ന്നപോ​ലെ​യാ​ണ് സ​ണ്ണി ഗം​ഗ​യെ ന​കു​ല​​​ന്റെ നേ​രേ ത​ള്ളി​യി​ടു​ന്ന​ത്. ‘‘ന്നാ ​പി​ടി​ച്ചോ​ടാ’’ എ​ന്ന ഡ​യ​ലോ​ഗും ഉ​ണ്ട്. ന​ന്നാ​ക്കിയെ​ടു​ത്ത ഒ​രു ഉ​പ​കര​ണം മാ​ത്ര​മാ​ണ് ഗം​ഗ. അ​തും ഭ​ർ​ത്താ​വി​​​ന്റെ സ​ന്തോ​ഷ​ത്തി​നും അം​ഗീ​കാ​ര​ത്തി​നും ആ​ഹ്ലാ​ദ​ത്തി​നും വേ​ണ്ടിമാ​ത്രം.

ഒ​രു ക​വി​യെ​യോ ന​ർ​ത്ത​ക​നെ​യോ ആ​രാ​ധ​ന​ ക​ല​ർ​ന്ന ഊ​ഷ്മ​ള​ബ​ന്ധ​ത്തി​ൽ ഭാ​ര്യ ഉ​റ​പ്പി​ച്ചെ​ടു​ത്താ​ൽ എ​ല്ലാ ഭ​ർ​ത്താ​ക്ക​ന്മാ​രും ക​രു​തി​യി​രി​ക്കേ​ണ്ട​താ​ണ്, താ​മ​സി​യാ​തെ അ​വ​ൾ ഭ​ർ​ത്താ​വി​നെ വെ​ട്ടി​ക്കൊ​ന്നേ​ക്കും. ച​കി​ത​രാ​യ ആ​ണു​ങ്ങ​ൾ ഈ ​സി​നി​മ​ക്ക് ഇ​ന്നും വ​ൻ സ്വീ​കാ​ര്യത ന​ൽ​കു​ന്ന​ത് അ​വ​രു​ടെ ഇൗ​ഗോ ഒ​ന്നാ​ന്ത​ര​മാ​യി ഈ ​സി​നി​മ ‘​ബൂ​സ്റ്റ്’ ചെ​യ്യ​പ്പെ​ടു​ന്ന​തു​കൊ​ണ്ടാ​ണ്. ഭാ​ര്യ വാ​യ​ന​ക്കാ​രി ആ​ണെ​ങ്കി​ൽ സൂ​ക്ഷി​ക്കു​ക, നാ​ളെ നി​ങ്ങ​ളു​ടെ ത​ല പോ​യേ​ക്കും. പ്ര​തീ​കാ​ത്മ​ക​മാ​യി ഭ​ർ​ത്താ​വി​നെ വെ​ട്ടി​ക്കൊ​ല്ലാ​ൻ അ​വ​ളെ അ​നു​വ​ദി​ക്ക​ണം, ഒ​രു കൊ​ല​പാ​ത​കി​യാ​ണെ​ന്ന് അ​വ​ൾ പി​ന്നീ​ട് എ​പ്പോ​ഴും ഓ​ർ​മി​ക്ക​ട്ടെ. അ​തി​നു മു​മ്പ് വ​ൻ മ​ന്ത്ര​വാ​ദംചെ​യ്ത് അ​വ​ളെ ചൂ​ര​ൽകൊ​ണ്ട് അ​ടി​ക്കു​ക. ഉ​ള്ളി​ലു​ള്ള നാ​ഗ​വ​ല്ലി​മാ​രോ​ട് വി​ട്ടുപോ​കാ​ൻ ആ​ജ്ഞാ​പി​ക്കു​ക. അ​വ​ൾ എ​ന്നെ​ന്നും നി​ങ്ങ​ളു​ടേ​ത് മാ​ത്രമാ​യി​രി​ക്കും.

ഇ​തി​നു പ​ശ്ചാ​ത്ത​ലം ച​മ​ക്കാ​ൻ വീ​ട്ടി​ൽ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ ന​ട​മാ​ടു​ന്നു എ​ന്ന് ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​താ​ണ്. മാ​ന​സി​ക അ​സു​ഖ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത് ബാ​ധ ക​യ​റു​ന്ന​തു​കൊ​ണ്ടാ​ണ്, ത​ല​ച്ചോ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​പ​ഭ്രം​ശ​ങ്ങ​ളാ​ല​ല്ല. ഇ​ത് സാ​ധൂ​ക​രി​ക്കാ​ൻ പ്രാ​ദേ​ശി​ക മ​ന്ത്ര​വാ​ദി​ക​ൾ​ക്കാ​വു​ന്നി​ല്ലെ​ങ്കി​ൽ അ​മേ​രി​ക്ക​യി​ൽനി​ന്ന് ഡോ​. ബ്രാ​ഡ് ലി​യു​ടെ കീ​ഴി​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​നം കി​ട്ടി​യ സ​ണ്ണി​ക്കു​ട്ട​ന്മാ​രെ കൊ​ണ്ടുവ​ന്ന് പ​റ​യി​ക്കു​ക. ആ​ധു​നി​ക സൈ​ക്യാ​ട്രി​ക് ചി​കി​ത്സ​ക​ൾ ഒ​ട്ടും ഫ​ല​പ്ര​ദ​മ​ല്ല എ​ന്ന് ഈ ​വി​ദ​ഗ്ധ​ർത​ന്നെ സ​മ്മ​തി​ച്ചു ത​രും.

“ഒ​രു സൈ​ക്യാ​ട്രി​സ്റ്റും സ​ഞ്ച​രി​ക്കാ​ത്ത വ​ഴി​ക​ളി​ലൂ​ടെ ഒ​രു ഭ്രാ​ന്ത​നെ​പ്പോ​ലെ” അ​വ​ർ സ​ഞ്ച​രി​ക്കും. ചൂ​ര​ൽപ്ര​യോ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന മ​ന്ത്ര​വാ​ദം എ​പ്പോ​ഴാ​ണ് ആ​വ​ശ്യം വ​രു​ന്ന​തെ​ന്ന് പ​റ​യാ​നാ​വി​ല്ല. ഗം​ഗ ഇ​നി മ​ഹാ​ദേ​വ​​​ന്റെ ‘കാ​വൂ​ട്ട്’ മാ​ത്ര​മ​ല്ല, മ​റ്റൊ​രു പു​സ്ത​ക​വും വാ​യി​ക്കാ​ൻ ഒ​രു​മ്പെ​ടു​ക​യി​ല്ല. എ​ന്ന് മാ​ത്ര​മ​ല്ല, അ​വ​ൾ വാ​യ​ന​യേ നി​ർ​ത്തി​യേ​ക്കും. ചൊ​വ്വാ​ദോ​ഷ​മു​ള്ള പെ​ൺ​കു​ട്ടി​ക​ൾ ആ ​പേ​രി​ൽ ഭ​ർ​ത്താ​വി​നാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട് തി​രി​ച്ചു വീ​ട്ടി​ൽ വ​ന്ന് നി​ന്നാ​ൽ അ​വ​ർ ഒ​രു ജോ​ലി​ക്ക് ശ്ര​മി​ക്കു​ക​യോ സ്വ​ന്തം ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ല.

ചൊ​വ്വാ​ദോ​ഷ​ത്തി​ൽ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്ന ബ​ന്ധു​ക്ക​ളു​ടെ അ​ടി​മ​യാ​യി അ​തി​സു​ന്ദ​രി​യും ആ​രോ​ഗ്യ​വ​തി​യുമായ അ​വ​ൾ ജീ​വി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അ​വ​ൾ വേ​റേ ക​ല്യാ​ണ​ത്തി​നു ഒ​രു​മ്പെ​ടേ​ണ്ട, ഈ ​വി​ശ്വാ​സ​മി​ല്ലാ​ത്ത ക്രി​സ്ത്യാ​നി​ക​ൾ ഉ​ദാ​ര​മ​നോ​ഭാ​വ​ത്തോ​ടെ ക​ല്യാ​ണം ക​ഴി​ക്കാ​ൻ വ​രും.

Show More expand_more
News Summary - weekly literature film and theatre