Begin typing your search above and press return to search.
proflie-avatar
Login

കളപ്പുരകളില്ലാത്ത ദേശാടനക്കിളികളുടെ കഥ

കളപ്പുരകളില്ലാത്ത   ദേശാടനക്കിളികളുടെ കഥ
cancel

കവിയും എഴുത്തുകാരനുമായ സുനില്‍ മാലൂര്‍ സംവിധാനം ചെയ്ത ‘വലസൈ പറവകള്‍’ എന്ന സിനിമ കാണുകയാണ്​ കവികൂടിയായ ലേഖകൻ. പൂർണമായും തേയിലത്തോട്ടത്തില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമയെന്ന വിശേഷണവും ഈ ചി​ത്രത്തിന്​ അവകാശപ്പെട്ടതാണ്​ എന്നും എഴുതുന്നു.മനുഷ്യജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തൊഴിലിടം. തൊഴിലിടമെന്നാല്‍ ഉപജീവനം കണ്ടെത്തുന്ന ഇടമാണ്. ഉൽപത്തികാലം മുതല്‍ മനുഷ്യന്‍ അലഞ്ഞതും ഇതേ തൊഴിലിടംതേടിയാണ്. അന്ന് ഉപജീവനമാർഗമായ വേട്ടയാടലിനുവേണ്ടി അവന്‍ പലയിടങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. പിന്നീട് കൃഷി ഉപജീവന മാർഗമായി കണ്ടെത്തിയപ്പോള്‍ കൃഷിയിടങ്ങളില്‍ താമസിക്കാനും ആരംഭിച്ചു....

Your Subscription Supports Independent Journalism

View Plans
കവിയും എഴുത്തുകാരനുമായ സുനില്‍ മാലൂര്‍ സംവിധാനം ചെയ്ത ‘വലസൈ പറവകള്‍’ എന്ന സിനിമ കാണുകയാണ്​ കവികൂടിയായ ലേഖകൻ. പൂർണമായും തേയിലത്തോട്ടത്തില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമയെന്ന വിശേഷണവും ഈ ചി​ത്രത്തിന്​ അവകാശപ്പെട്ടതാണ്​ എന്നും എഴുതുന്നു.

മനുഷ്യജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തൊഴിലിടം. തൊഴിലിടമെന്നാല്‍ ഉപജീവനം കണ്ടെത്തുന്ന ഇടമാണ്. ഉൽപത്തികാലം മുതല്‍ മനുഷ്യന്‍ അലഞ്ഞതും ഇതേ തൊഴിലിടംതേടിയാണ്. അന്ന് ഉപജീവനമാർഗമായ വേട്ടയാടലിനുവേണ്ടി അവന്‍ പലയിടങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. പിന്നീട് കൃഷി ഉപജീവന മാർഗമായി കണ്ടെത്തിയപ്പോള്‍ കൃഷിയിടങ്ങളില്‍ താമസിക്കാനും ആരംഭിച്ചു. അനുകൂലമായ കൃഷിയിടങ്ങള്‍ തേടി പിന്നീടും ആ അലച്ചില്‍ സഹസ്രാബ്ദങ്ങളോളം നീണ്ടു.

മനുഷ്യന്റെ സാമൂഹികമായ പശ്ചാത്തലം പരിശോധിച്ചാല്‍ തൊഴിലിടത്തില്‍ അല്ലെങ്കില്‍ തൊഴിലിന് അനുകൂലമായ പ്രദേശത്ത് കൂട്ടമായി ജീവിക്കാനാണ് അവന്‍ പരിഗണന നല്‍കിയിരുന്നതെന്നും ഇന്നും പരിഗണന നല്‍കുന്നതെന്നും മനസ്സിലാക്കാം. ഒരു പുതിയ വീട് തേടുമ്പോള്‍ തൊഴിലിടത്തിലെത്താനുള്ള സൗകര്യത്തിനാണ് നമ്മള്‍ മുന്‍ഗണന നല്‍കുന്നത്. ലോകത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ വ്യവസായ വിപ്ലവത്തിന് വഴിയൊരുക്കിയപ്പോള്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ചുറ്റും നഗരങ്ങള്‍ രൂപപ്പെട്ടതും അവിടങ്ങള്‍ ജനങ്ങള്‍ താമസിക്കാന്‍ കൂടുതല്‍ യോജിച്ച ഇടങ്ങളായി മാറുകയും ചെയ്തതും തൊഴിലും താമസസ്ഥലവും തമ്മില്‍ ഇഴതെറ്റാതെ പിന്തുടരുന്ന ഈ ബന്ധംകൊണ്ടാണ്.

അന്തരിച്ച ചെങ്ങറ സമരനായകന്‍ ളാഹ ഗോപാലന്‍ തന്റെ അവസാന അഭിമുഖത്തില്‍ ഈ ലേഖകനോട് പറഞ്ഞത് കേരളത്തില്‍ ഇനിയൊരു ഭൂസമരത്തിന്റെ ആവശ്യമില്ലെന്നാണ്. എന്നാല്‍, അത് തെറ്റാണെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നിലമ്പൂര്‍ ഭൂസമരംപോലെയുള്ള വലിയ സമരങ്ങള്‍ക്കൊപ്പം തൊഴിലിടത്തില്‍തന്നെ ജീവിക്കാനുള്ള അവകാശത്തിനായി ഉയരുന്ന ശബ്ദങ്ങളെയും കണക്കാക്കണം.

മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ യോജിക്കുന്നത് കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളാണ്. കടലിലെ കോള് കണ്ട് അവര്‍ക്ക് അവിടേക്ക് ഇറങ്ങാനാകുക കടലുമായി ഒരു ബന്ധവുമില്ലാതെ ജീവിക്കുന്ന വീടുകളില്‍ ഇരുന്നാകില്ല. അതിനാലാണ് കടലാക്രമണങ്ങളിലും പ്രകൃതിദുരന്തങ്ങളിലും തകര്‍ന്ന തങ്ങളുടെ വീടുകള്‍ക്ക് പകരമായി അവര്‍ തീരങ്ങളില്‍തന്നെ താമസ സൗകര്യങ്ങള്‍ ആവശ്യപ്പെടുന്നത്. അല്ലാതെ വന്നാല്‍ കരയില്‍ പിടിച്ചിടുന്ന മീനിന്റെ അവസ്ഥ തന്നെയാകും അവരുടേതും.

ഭൂമിശാസ്ത്രപരമായും ഘടനാപരമായും ഏറെ വ്യത്യാസങ്ങളുണ്ടെങ്കിലും സാമൂഹികമായി മത്സ്യത്തൊഴിലാളികളുടേതിന് സമാനമായ അവസ്ഥതന്നെയാണ് തോട്ടം തൊഴിലാളികളുടേതും. എന്നാല്‍, അവിടെയും താരതമ്യത്തിന് അതീതമായ പ്രശ്‌നങ്ങള്‍ കാണാനാകും. തോട്ടം തൊഴിലാളികള്‍ താമസിക്കുന്നത് സ്വന്തം ഭൂമിയിലോ വീട്ടിലോ അല്ലെന്നതാണ് അതിന് പ്രധാന കാരണം.

കേരളത്തിലെ തൊഴില്‍ നിയമങ്ങളൊന്നും പ്ലാന്റേഷന്‍ മേഖലക്ക് ബാധകമല്ലെന്നത് ഇവിടത്തെ പരസ്യമായ രഹസ്യമാണ്. സമീപകാലത്ത് തോട്ടം തൊഴിലാളികളുടെ ദിവസവേതനം വര്‍ധിപ്പിച്ചപ്പോഴും അത് 420 രൂപയില്‍ മാത്രമാണ് എത്തിയത്. തോട്ടം ഉടമകള്‍ അനുവദിച്ചിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ലാത്ത ലയങ്ങളിലാണ് അവരുടെ ജീവിതം. തലമുറകള്‍ക്ക് മുന്നേ തൊഴില്‍ തേടിയെത്തിയവരുടെ പിന്മുറക്കാര്‍ അവിടെതന്നെ തൊഴിലില്‍ തുടരുന്നതിനാല്‍ ഭൂമിയിലൊരിടത്തും സ്വന്തമായി ഒരുതുണ്ട് ഭൂമിപോലുമില്ലെന്നതാണ് സത്യം. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഇതെന്നതാണ് ഏറെ രസകരം.

ഇതിനിടയിലാണ് തോട്ടമുടമകളുടെ ചൂഷണം. തോട്ടങ്ങള്‍ വില്‍ക്കുന്നതിനൊപ്പം തൊഴിലാളികളെ കൂടിയാണ് ഇവിടെ വില്‍ക്കുന്നത്. മറ്റൊരു അർഥത്തില്‍ മനുഷ്യവിൽപന ഇത്തരം തോട്ടങ്ങളില്‍ നടക്കുന്നുവെന്ന് ചുരുക്കം. ലഹരിക്ക് അടിമകളായ പുരുഷന്മാരും നിസ്സഹായരായ സ്ത്രീകളും വിദ്യാഭ്യാസമില്ലാത്ത ജനതയും ഈ ചൂഷണത്തിന് അവരെ സഹായിക്കുന്നുണ്ട്. തോട്ടം അടച്ചിട്ട് പതിറ്റാണ്ടുകളായി തൊഴിലാളികളെ അരാജകത്വത്തിലേക്ക് തള്ളിവിട്ട തോട്ടങ്ങളും ഇവിടെ കേരളത്തിലുണ്ട്.

ബോണക്കാട് അതിന് ഏറ്റവും നല്ല ഉദാഹരണം. തൊണ്ണൂറുകളില്‍ മഹാവീര്‍ എസ്‌റ്റേറ്റ് അടച്ചുപൂട്ടിയതിന് തൊട്ടുമുമ്പത്തെ രണ്ടു വര്‍ഷത്തെ കൂലിയും പിന്നീടിങ്ങോട്ടുള്ള പെന്‍ഷനും ലഭിക്കാതെ ബോണക്കാട്ടിലെ തരിശ് മണ്ണില്‍ ഇപ്പോഴും ജീവിക്കുന്നുണ്ട് കുറെ പാവം പിടിച്ച അമ്മമാര്‍. ബോണക്കാടിലും വ്യത്യസ്തമാണ് മൂന്നാറിലെ തോട്ടങ്ങളില്‍ ജീവിക്കുന്നവരുടെ അവസ്ഥ.

ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ ഭാഗമാണെങ്കിലും തമിഴ് സംസാരിക്കുന്നതിനാല്‍ മലയാളികളാണെന്ന പരിഗണനപോലും ലഭിക്കാത്തവരാണ് ഇവര്‍. തലമുറകളായി അവര്‍ നിർമിച്ചെടുത്ത മഹാത്ഭുതമാണ് സഞ്ചാരികളുടെ മനസ്സിന് കാഴ്ചയില്‍ സന്തോഷം നല്‍കുന്ന മൂന്നാറിലെ മലനിരകള്‍. എന്നാല്‍, കുടുംബത്തിലെ ആരെങ്കിലും തോട്ടത്തില്‍ പണിയെടുക്കാനില്ലാതെ വരുന്നതോടെ അവര്‍ ഭൂരഹിതരായി മലയില്‍നിന്നും ഇറങ്ങേണ്ടിവരുന്നു.

ഇത്തവണത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാള വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘വലസൈ പറവകള്‍’ എന്ന സിനിമ അവരുടെ കഥയാണ് പറയുന്നത്. ‘ദേശാടനക്കിളികള്‍’ എന്നാണ് വലസൈ പറവകള്‍ എന്നതിന് അർഥം. സ്ഥിരമായി ഒരു മരത്തിലും ചേക്കേറാത്ത, നാളേക്കുവേണ്ടി ശേഖരിച്ചുവെക്കാന്‍ ഒരു കളപ്പുരയില്ലാത്തവരാണ് ദേശാടനക്കിളികള്‍. സുനില്‍ മാലൂര്‍ സംവിധാനം ചെയ്ത ഈ സിനിമ അത്തരത്തിലുള്ള മനുഷ്യരെക്കുറിച്ചാണ്. ചിത്രത്തിലെ ഒരു കഥാപാത്രമായ കറുപ്പകം പറയുന്നതുപോലെ ‘ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത’വരുടെ കഥയാണ് ഇത്. കവിയും എഴുത്തുകാരനുമായ പത്തനംതിട്ട സ്വദേശിയായ സുനില്‍ മലയോര പ്രദേശങ്ങളിലെ തന്റെ ജീവിതാനുഭവങ്ങളാണ് സിനിമയിലേക്ക് പകര്‍ത്തിയിരിക്കുന്നത്.

 

 ‘വ​ല​സൈ പ​റ​വ​ക​ള്‍’ -ഒര​ു ദൃശ്യം

 ‘വ​ല​സൈ പ​റ​വ​ക​ള്‍’ -ഒര​ു ദൃശ്യം

തൊഴിലാളികളെ ലോകം സൃഷ്ടിച്ച കരങ്ങളെന്ന് വിശേഷിപ്പിച്ചത് കാള്‍ മാർക്സ് ആണ്. ‘‘ലോകം സൃഷ്ടിച്ചവരോട് ലോകം തെറ്റ് ചെയ്തിരിക്കുന്നു’’വെന്ന് സുനില്‍ മാലൂര്‍ ഈ ചിത്രത്തിലൂടെ ഓർമപ്പെടുത്തുന്നു. പൂർണമായും തേയിലത്തോട്ടത്തില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമയെന്ന വിശേഷണവും ഈ സിനിമക്ക് അവകാശപ്പെട്ടതാണ്. തേയിലത്തോട്ടങ്ങളുടെ ദൃശ്യഭംഗി ചലച്ചിത്ര ഗാനരംഗങ്ങളില്‍ ഒട്ടനവധി തവണ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവിടത്തെ ജീവിതം ഇനിയും ഇവിടത്തെ സിനിമകളില്‍ അടയാളപ്പെട്ടിട്ടില്ല.

ചുറ്റിലുമുള്ള തേയിലച്ചെടികള്‍ക്കൊപ്പം ലയങ്ങളിലാണ് അവിടത്തെ ജീവിതങ്ങളും നട്ടുപിടിപ്പിച്ചിരിക്കുന്നത്. ആ മണ്ണ് വിട്ടുപോകാനാകാത്തവിധം ആഴത്തില്‍ അവ അവിടെ വേരുറപ്പിച്ചിരിക്കുന്നു. എന്നാല്‍, ആ ലയങ്ങളോ അവ നിലനില്‍ക്കുന്ന ഭൂമിയോ അവരുടെ സ്വന്തമല്ല. തോട്ടമുടമകള്‍ തങ്ങളുടെ തൊഴിലാളികള്‍ക്കായി അനുവദിച്ചിരിക്കുന്ന താല്‍ക്കാലിക താമസസ്ഥലങ്ങള്‍ മാത്രമാണ് അത്. തോട്ടത്തിലെ ജോലിയില്‍നിന്ന് വിരമിക്കുമ്പോള്‍ ലയങ്ങളും അവര്‍ക്ക് വിട്ടുനല്‍കേണ്ടിവരുന്നു. തോട്ടമുടമകള്‍ തൊഴിലാളികളെ പരസ്പരം കൈമാറ്റംചെയ്യുമ്പോഴും ഇത്തരത്തില്‍ ലയങ്ങള്‍ നഷ്ടപ്പെടും. താമസിക്കുന്ന സ്ഥലം നിലനിര്‍ത്തണമെങ്കില്‍ ആ കുടുംബത്തിലെതന്നെ ആരെങ്കിലും തോട്ടത്തിലെ ജോലി തുടരേണ്ടതുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ‘വലസൈ പറവകള്‍’ കഥ പറയുന്നത്. ഇടുക്കിയിലെ തേയില തോട്ടങ്ങള്‍ കാണുമ്പോള്‍ താജ്മഹല്‍ കാണുന്നതിനേക്കാള്‍ തോന്നിയ അത്ഭുതമാണ് തന്നെ ഈ സിനിമയിലേക്ക് നയിച്ചതെന്ന് സുനില്‍ മാലൂര്‍ പറയുന്നു. ‘‘താജ്മഹല്‍ എന്ന മനോഹരസൗധം പണിത് ലോകത്തിന് അത്ഭുത കാഴ്ച നല്‍കിയത് ഒരുകൂട്ടം തൊഴിലാളികളാണ്. ഇടുക്കിയിലേത് അതിലും മനോഹര ദൃശ്യമായാണ് എനിക്ക് തോന്നിയത്. ഈ ദൃശ്യവിസ്മയം നിർമിച്ചത് – താജ്മഹല്‍ നിർമിച്ചത് ഷാജഹാനല്ല, തൊഴിലാളികളാണ് എന്നുപറയുന്നതു പോലെ – ഒരുകൂട്ടം തൊഴിലാളികളാണ്.

അതേസമയം, താജ്മഹലിന്റേതുപോലെ അതൊരു ചെറിയ കൂട്ടമോ പരിമിത കാലത്തെ പ്രക്രിയയോ അല്ല. തലമുറകളില്‍നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്ത് വരുന്ന ഒരു വലിയ നിർമാണപ്രവര്‍ത്തനമാണ് ഇടുക്കിയിലെ തോട്ടങ്ങളില്‍ നടക്കുന്നത്. നമ്മള്‍ കടന്നുപോകുന്ന ഈ ദിവസങ്ങളിലും തുടരുന്ന നിർമാണപ്രക്രിയയാണ് അവിടെ നടക്കുന്നത്. ആ നിർമാണപ്രവര്‍ത്തനത്തിലൂടെയാണ് പാട്ടുകളിലൊക്കെ പറയുന്നതുപോലെ സുന്ദരിയായ ഇടുക്കി രൂപപ്പെട്ടത് അല്ലെങ്കില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്.

അതേസമയം ആ പുറം സൗന്ദര്യത്തിനകത്ത് ജീവിക്കുന്ന കറുത്ത മനുഷ്യരുടെ ഇരുണ്ട ജീവിതം ആരും കാണുന്നില്ല.’’ ആ മനുഷ്യരുമായി നടത്തിയ ഇടപഴകലുകളിലൂടെയാണ് ഈ ചിത്രത്തിന്റെ ആശയം തന്നില്‍ രൂപപ്പെട്ടതെന്നും സുനില്‍ വ്യക്തമാക്കി. ലോകത്തിലെ സുന്ദരസൃഷ്ടികളിലൊന്നിന്റെ നിർമാതാക്കളുടെ ജീവിതം അത്ര സുന്ദരമല്ലെന്ന് ചിത്രത്തിലൂടെ സുനില്‍ ഓർമിപ്പിക്കുന്നു.

പാമ്പനാറിന് സമീപമുള്ള ഒരു തേയിലത്തോട്ടത്തിലെ ലയങ്ങളില്‍ താമസിക്കുന്ന ഏതാനും പേരുടെ കഥ പരസ്പര ബന്ധമുള്ള മൂന്ന് സെഗ്മെന്റുകളായി സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. തമിഴിലെ പ്രശസ്ത എഴുത്തുകാരിയായ അല്ലി ഫാത്തിമ രചിച്ച് ജോഷി പടമാടന്‍ സംഗീതം നല്‍കി രശ്മി സതീഷ് ആലപിച്ച മനോഹരമായ ഒരു ഗാനത്തിലൂടെ തന്നെ തോട്ടം തൊഴിലാളികളുടെ ജീവിതത്തിലെ ദുരിതങ്ങള്‍ ചിത്രത്തില്‍ അനാവരണം ചെയ്യുന്നുണ്ട്.

‘‘പാമ്പെണ്ണ് മിതിക്കവ, പഴുതെണ്ണ് താണ്ടവ, ഏനിന്ത ശോദനേ ആണ്ടവ, എങ്ക കണ്ണീര്‍ വത്തുമോ ആണ്ടവ...’’ എന്ന് തുടങ്ങുന്ന ഗാനം തോട്ടങ്ങളിലെ ജീവിതങ്ങളുടെ അനിശ്ചിതാവസ്ഥയാണ് പറയുന്നത്. സഞ്ചാരികളെ ആകർഷിക്കുന്ന മനോഹരമായ ആ മല തങ്ങള്‍ക്ക് ദുരിതഭൂമിയാണെന്ന് വ്യക്തമാക്കുന്നു.

‘‘പച്ചൈ പശിയമലൈ

പാത്തവരെ മയക്കുംമലൈ

അന്ത മലൈ ഏങ്കളുക്ക് സിറയാച്ച്

അട്ട മുതല്‍ ആനൈ വരെ യമനാച്ച്...’’ എന്ന വരികളില്‍.

ജനിച്ച മണ്ണില്‍ നേരിട്ട ജാതിവിവേചനം പണക്കിലുക്കം കേട്ട തേയില തോട്ടങ്ങളിലേക്കാണ് ഇവരെ എത്തിച്ചത്. എന്നാല്‍, അവിടെ കാത്തിരുന്നത് കൊടുംദുരിതങ്ങളായിരുന്നു.

‘‘തേരോടും വീഥിയിലേ

തള്ളിനിക്ക ചൊന്നതാലേ

ഊറ് വിട്ട് ഉറവ വിട്ട്

വന്തോന്‍ നാങ്കേ’’ എന്ന വരികള്‍ ആ അവസ്ഥയാണ് പറയുന്നത്.

നാൽപത് കൊല്ലത്തോളം പണിയെടുത്ത എസ്റ്റേറ്റില്‍നിന്നും പടിയിറങ്ങുമ്പോള്‍ കറുപ്പകത്തിന് രണ്ട് ബാഗില്‍ കൊള്ളാവുന്ന സാധനങ്ങള്‍ മാത്രമാണ് ലയത്തില്‍നിന്നും എടുക്കാനുണ്ടായിരുന്നത്. തോട്ടത്തിലെ ജീവിതംകൊണ്ട് ഒരു പുരോഗതിയും ഉണ്ടാകില്ലെന്നും അവിടെനിന്നും രക്ഷപ്പെട്ടാല്‍ മാത്രമേ മേല്‍ഗതിയുണ്ടാകൂവെന്നും ചിന്തിക്കുന്നു മകള്‍ സീത. ഓരോരുത്തര്‍ക്കും എല്ലാത്തിനും അവരവരുടേതായ കാരണമുണ്ട് എന്ന് വിശ്വസിക്കുന്ന സോളമന്‍.

ഋതുമതിയായത് അച്ഛനോട് പറയാനാകാതെ അമ്മയെ കാണാനാഗ്രഹിക്കുന്ന അന്‍പഴക്. മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പമുള്ള ജീവിതം തിരഞ്ഞെടുത്തതില്‍ ഇപ്പോള്‍ വേദനിക്കുന്ന സലോമി. തേയിലത്തോട്ടങ്ങളിലെ സമര കാലഘട്ടങ്ങളിലെവിടെയോ ഓർമ ഘനീഭവിച്ചുപോയ സഖാവ്. പരസ്പരം കലഹിക്കുന്ന സഖാവിന്റെ വിപ്ലവവും പാസ്റ്ററിന്റെ വിശ്വാസവും. ഇതാണ് ചിത്രത്തിന്റെ രത്നച്ചുരുക്കം. അതോടൊപ്പം കറുപ്പിന്റെ രാഷ്ട്രീയവും ചിത്രം പറയുന്നു.

മലദൈവങ്ങള്‍ക്കു മുന്നില്‍ വാളെടുത്ത് ഉറഞ്ഞുതുള്ളിയ മാടന്‍ പൂശാരിയുടെ മകനാണ് പാസ്റ്റര്‍. പാസ്റ്ററുടെ അച്ഛനും കറുപ്പകത്തിന്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു. ഇരു കുടുംബവും ഒരുമിച്ചാണ് ഈ മലയിലെത്തിയത്. കറുപ്പകത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘‘ഒരേ ദിവസം, ഒരേ വണ്ടിയില്‍, കനത്ത മഴയത്ത്.’’

 

‘വ​ല​സൈ പ​റ​വ​ക​ള്‍’ –സിനിമയിലെ ഒരു ദൃശ്യം

‘വ​ല​സൈ പ​റ​വ​ക​ള്‍’ –സിനിമയിലെ ഒരു ദൃശ്യം

എന്നാല്‍, മാടന്‍ പൂശാരിയുടെ മകന്‍ പാസ്റ്ററായതിനെക്കുറിച്ച് പാസ്റ്റര്‍ തന്നെ പറയുന്നത് ഇങ്ങനെയാണ്. ‘‘ഈ നാട്ടിലാണെങ്കിലും ഏത് ലോകത്തിലാണെങ്കിലും കറുത്ത ദൈവങ്ങള്‍ കറുത്ത ദൈവങ്ങള്‍ തന്നെയാണ്. അതുകൊണ്ട് മാടന്‍ പൂശാരിയുടെ മകന്‍ മീശ വടിച്ച്, നല്ല വസ്ത്രം ധരിച്ച് പാസ്റ്ററായി. ഫാദര്‍ അല്ല, പാസ്റ്റര്‍.’’ ശക്തമായ ഈ ഡയലോഗില്‍തന്നെ കറുത്ത ദൈവങ്ങളുടെയും കറുത്ത മനുഷ്യരുടെയും സിനിമയിലെ രാഷ്ട്രീയം വെളിവാകുന്നു. കറുത്ത മനുഷ്യര്‍ എന്ന് ഉദ്ദേശിക്കുന്നത് തൊഴിലാളികളെയാണ്. കറുത്ത ദൈവങ്ങള്‍ അവരുടെ ദൈവങ്ങളും.

ക്രിസ്മസ് പിറ്റേന്ന് ഇവരെല്ലാം മലവിട്ട് ഇറങ്ങുന്നു. കറുപ്പകവും സീതയും റിട്ടയര്‍മെന്റിനുശേഷം തങ്ങളുടേതായി ആരുമില്ലാത്ത, ഒരു തുണ്ട് ഭൂമിപോലുമില്ലാത്ത സ്വന്തം ഊരിലേക്ക് മടങ്ങുന്നു. സോളമനും അന്‍പഴകും സലോമിയെ കാണാനാണ് ഇറങ്ങിയിരിക്കുന്നത്. പശുപ്പാറ വെടിവെപ്പിന് കാരണക്കാരനായ തോട്ടം മുതലാളിയെ കണ്ടെത്തി പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സഖാവിന്റെ യാത്ര. എല്ലാവരെയും യാത്രയാക്കി അനിവാര്യമായ തന്റെ യാത്രക്കായി പാസ്റ്റര്‍ ഒറ്റക്ക് കാത്തുനില്‍ക്കുന്നിടത്ത് ‘വലസൈ പറവകള്‍’ അവസാനിക്കുന്നു. പാട്ടിലെ വരികള്‍പോലെ ഇവരുടെ ദുഃഖം എന്ന് തീരുമെന്ന ചോദ്യം അവശേഷിക്കുന്നു.

News Summary - weekly culture film and theatre