Begin typing your search above and press return to search.
proflie-avatar
Login

ചരിത്രത്തിൽ ഇല്ലാത്ത ഒരാൾ

ചരിത്രത്തിൽ ഇല്ലാത്ത ഒരാൾ
cancel

ആനന്ദതീർഥ​ന്റെ സംഭവബഹുലമായ ജീവിതകഥ ചിത്രീകരിച്ച, ബിന്ദു സാജന​ും അഭിജിത്ത്​ നാരായണനും ചേർന്ന്​ സംവിധാനം ചെയ്​ത ‘ആനന്ദതീർഥൻ –നിഷേധിയുടെ ആത്മശക്തി’ എന്ന ഡോക്യുഫിക്ഷൻ കാണുന്നു.‘‘ഒരു പേരിൽ എന്തിരിക്കുന്നു?’’ ഇങ്ങനെ ചോദിച്ചത് വിശ്വസാഹിത്യത്തിലെ ദുരന്തനായികയാണ്. പനിനീർപ്പൂവിന് മറ്റൊരു പേരായിരുന്നെങ്കിലും അതിന് സുഗന്ധമുണ്ടാകുമായിരുന്നില്ലേ എന്ന് ചോദിച്ച ജൂലിയറ്റ്. എന്നാൽ, അതങ്ങനെയല്ലെന്നും ഒരാളുടെ പേര് എന്നുപറയുന്നത് ഒരുപാട് അർഥതലങ്ങളുള്ള ഒന്നാണെന്നും അതു നമ്മുടെ സമൂഹത്തിലെ നിലനിൽപിന്റെ തന്നെ അടിത്തറയാണെന്നും ബോധ്യപ്പെടുത്തിത്തന്ന ഒരു മനുഷ്യൻ ഒരിക്കൽ ഇവിടെ...

Your Subscription Supports Independent Journalism

View Plans

ആനന്ദതീർഥ​ന്റെ സംഭവബഹുലമായ ജീവിതകഥ ചിത്രീകരിച്ച, ബിന്ദു സാജന​ും അഭിജിത്ത്​ നാരായണനും ചേർന്ന്​ സംവിധാനം ചെയ്​ത ‘ആനന്ദതീർഥൻ –നിഷേധിയുടെ ആത്മശക്തി’ എന്ന ഡോക്യുഫിക്ഷൻ കാണുന്നു.

‘‘ഒരു പേരിൽ എന്തിരിക്കുന്നു?’’

ഇങ്ങനെ ചോദിച്ചത് വിശ്വസാഹിത്യത്തിലെ ദുരന്തനായികയാണ്. പനിനീർപ്പൂവിന് മറ്റൊരു പേരായിരുന്നെങ്കിലും അതിന് സുഗന്ധമുണ്ടാകുമായിരുന്നില്ലേ എന്ന് ചോദിച്ച ജൂലിയറ്റ്. എന്നാൽ, അതങ്ങനെയല്ലെന്നും ഒരാളുടെ പേര് എന്നുപറയുന്നത് ഒരുപാട് അർഥതലങ്ങളുള്ള ഒന്നാണെന്നും അതു നമ്മുടെ സമൂഹത്തിലെ നിലനിൽപിന്റെ തന്നെ അടിത്തറയാണെന്നും ബോധ്യപ്പെടുത്തിത്തന്ന ഒരു മനുഷ്യൻ ഒരിക്കൽ ഇവിടെ ജീവിച്ചിരുന്നു.

മോഹനചന്ദ്ര ഗുപ്തൻ എന്ന അസാധാരണമായ പേര് തന്റെ പിതാവിന് എങ്ങനെ ലഭിച്ചുവെന്നതിനെക്കുറിച്ച് അദ്ദേഹത്തി​ന്റെ മകൻ കെ.പി. ശശികുമാർ നടത്തിയ അന്വേഷണം, അത്രയൊന്നും അകലത്തേക്ക് മറഞ്ഞുപോയിട്ടില്ലാത്ത ഒരു ഇരുണ്ട ഭൂതകാലത്തിൽ ചെന്നെത്തുന്നു. ഇവിടെ പിറന്നുവീണ അധഃസ്ഥിത വിഭാഗത്തിൽപെട്ട കുഞ്ഞുങ്ങളെ വിളിക്കാനായി, സവർണർ അധീശത്വം വഹിച്ചിരുന്ന അന്നത്തെ സമുദായം ‘കൽപിച്ച്’ അനുവദിച്ചിരുന്ന ചില പേരുകൾ -കൊപ്പൻ, കാഞ്ഞൂരാൻ, കുറുമ്പൻ, ചക്കൻ, മത്തി, പൊക്കി, ചാള... അതിലൊന്നായ പൊക്കൻ എന്ന പേരായിരുന്നു തന്റെ അച്ഛന്റേത് എന്നയാൾ തിരിച്ചറിയുന്നു.

കടുത്ത ജാതി മത ഭേദങ്ങളെയും സാമൂഹിക ഉച്ചനീചത്വങ്ങളെയും മുഖത്തോട് മുഖംനിന്നു വെല്ലുവിളിച്ചുകൊണ്ട് വർമ, ശർമ, മാരാർ, സുബ്രഹ്മണ്യൻ, മനോഹരൻ, ജോർജ്, റഹീം എന്നൊക്കെ ദലിത് ബാലകരുടെ കാതിൽ പേര് ചൊല്ലി വിളിച്ച് ആത്മാഭിമാനത്തോടെ ജീവിക്കാൻ അവരെ കരുത്തുള്ളവരാക്കി സ്വന്തം നെഞ്ചോട് അണച്ചു ചേർത്തുപിടിച്ച ഒരു മഹാത്മാവിനെ കുറിച്ച് അത്ഭുതത്തോടെ മനസ്സിലാക്കുന്നു.

വർഷങ്ങൾക്കു ശേഷം ഒരുകൂട്ടം ചങ്ങാതിമാരുടെ ഒത്തുകൂടലിനിടയിലെപ്പോഴോ ഈ കഥ ചർച്ചാവിഷയമാകുമ്പോൾ, ഒരു ഡോക്യുമെന്ററി ചിത്രത്തി​ന്റെ പിറവിയിലേക്ക് അതു വഴിയൊരുക്കുന്നു. ആരും അധികം അറിഞ്ഞിട്ടില്ലാത്ത ഒരു അത്യപൂർവ മനുഷ്യ​ന്റെ ജീവിതകഥയിലേക്ക്... എല്ലാവരും അറിഞ്ഞിരിക്കേണ്ടതായ ഒരു ചരിത്രഗാഥയിലേക്ക്.

‘റോസ് ബഡ്’ എന്നൊരു വാക്കിന്റെ പൊരുൾ തേടിച്ചെന്ന്, പല പല മനുഷ്യരുടെ ഓർമകളിലൂടെ, ഇരുളിൽ മറഞ്ഞുകിടന്നിരുന്ന ഒരു ദുരൂഹവ്യക്തിത്വത്തെ പൊടിയും മാറാലകളും തുടച്ചുനീക്കി വെളിച്ചത്തിലേക്ക് മെല്ലെ ഉയർത്തിക്കൊണ്ടുവരുന്ന വിഖ്യാത ക്ലാസിക് ചിത്രമാണ് ഈ പിറവിയുടെ കഥ കേട്ടപ്പോൾ മനസ്സിലേക്ക് ഇരമ്പിക്കയറിവന്നത്.

 

‘ആ​ന​ന്ദ​തീ​ർ​ഥ​ൻ –നി​ഷേ​ധി​യു​ടെ ആ​ത്മ​ശ​ക്തി’ ^മറ്റൊരു രംഗം

‘ആ​ന​ന്ദ​തീ​ർ​ഥ​ൻ –നി​ഷേ​ധി​യു​ടെ ആ​ത്മ​ശ​ക്തി’ ^മറ്റൊരു രംഗം

ശ്രീനാരായണ ഗുരുവി​ന്റെ അവസാനത്തെ ശിഷ്യനായ, പയ്യന്നൂരിലെ സ്വാമി ആനന്ദതീർഥന്റെ കഥ ലോകത്തോട് പറയാൻ ഇനിയും വൈകിക്കൂടാ എന്ന തിരിച്ചറിവിൽനിന്ന് ഇങ്ങനെയൊരു ചിത്രമെടുക്കാൻ ഇറങ്ങിത്തിരിച്ചത് അദ്ദേഹത്തി​ന്റെ മാനസപുത്രനായ കുഞ്ഞികൃഷ്ണൻ മാങ്ങാടാണ്. ആ ഗുരുദക്ഷിണ ഭാവഗംഭീരമായ ഒരു ചലച്ചിത്രത്തി​ന്റെ രൂപത്തിൽ സാക്ഷാത്കരിക്കാനായി അദ്ദേഹത്തിനൊപ്പം ഏകമനസ്സോടെ കൂട്ടുചേർന്നത് സർഗപ്രതിഭകളുടെ ഒരു കുടുംബവും –ഇഞ്ചി മീഡിയയുടെ സാജനും ബിന്ദു സാജനും അഭിജിത് നാരായണനും.

‘ആനന്ദതീർഥൻ –നിഷേധിയുടെ ആത്മശക്തി’ എന്ന ചിത്രം ഒരുകൂട്ടം മനുഷ്യരുടെ നിറവും നനവുമുള്ള സ്മൃതികളിലൂടെയാണ് വളർന്നു വികാസം പ്രാപിക്കുന്നത്. നാളിന്നോളം പലർക്കും അപരിചിതമായിരുന്ന ഒരസാധാരണ ജീവിതകഥ ആത്മോപാഖ്യാനത്തിലൂടെയും അനുഭവസാക്ഷ്യങ്ങളിലൂടെയും അങ്ങേയറ്റം സത്യസന്ധമായ ഒരു ചരിത്രാഖ്യാനമായിത്തീരുകയാണ് ഇവിടെ. സംവിധായകരായ ബിന്ദു സാജനും അഭിജിത് നാരായണനും ഈ കഥ പറയാനായി സ്വീകരിച്ച ശൈലി, ഡോക്യുമെന്ററിയുടെ പഴകിയ രൂപഘടനകളെ ഏറക്കുറെ നിരാകരിക്കുന്ന ഒന്നാണ്. ആദികാലംതൊട്ട് നമുക്കെല്ലാം കണ്ടും കേട്ടും പരിചയമുള്ള അശരീരിയായ നരേറ്ററെ പൂർണമായി ഒഴിവാക്കിക്കൊണ്ട്, ബുദ്ധിയെക്കാൾ, ഹൃദയത്തെ ചെന്നു തൊടുന്ന ഒരു കഥപറച്ചിൽ രീതിയാണ് അവർ കൈക്കൊണ്ടിട്ടുള്ളത്.

ആനന്ദതീർഥ​ന്റെ സംഭവബഹുലമായ ജീവിതകഥ പ്രേക്ഷകരുടെ മുമ്പാകെ മെല്ലെ മെല്ലെ ഇതളിതളായി വിരിഞ്ഞുവിടർന്ന് പൂർണമാകുന്നത് കുറെയധികം പേരുടെ സംഭാഷണങ്ങളിലൂടെയാണ്. ബാല്യകാലംതൊട്ട് അദ്ദേഹവുമായി അടുത്ത് ഇടപഴകാൻ അവസരമുണ്ടായ കുറച്ചു പേർ, തങ്ങളുടെ മാതാപിതാക്കളുടെ അനുഭവങ്ങളിലൂടെ സ്വാമിയെ കണ്ടെത്തിയ മറ്റു ചിലർ, കർമഭൂമിയിൽ അദ്ദേഹത്തി​ന്റെ തൊട്ടുപിറകെ സഞ്ചരിച്ച വേറെ കുറെപ്പേർ, മറ്റുള്ളവർ പറയുകയും എഴുതുകയും ചെയ്ത അനുഭവകഥനങ്ങളിലൂടെ കേട്ടറിഞ്ഞവർ, പിന്നെ ചരിത്രത്തി​ന്റെയും സാമൂഹികശാസ്ത്രത്തി​ന്റെയും വീക്ഷണകോണിലൂടെ ആ ഭൗതിക/ സാമൂഹിക/ ആത്മീയ സാന്നിധ്യത്തെ ആഴത്തിൽ വിശകലനം ചെയ്ത് സംസാരിക്കുന്ന സാമൂഹിക ചിന്തകർ. ഇവരുടെ ഓർമകളിലൂടെയും നിരീക്ഷണങ്ങളിലൂടെയും വിശകലനങ്ങളിലൂടെയും സ്വാമി ആനന്ദതീർഥൻ എന്ന അപൂർവ വ്യക്തിത്വം തെളിഞ്ഞു പ്രകാശിച്ചു വന്ന് ഒടുവിൽ അസാധാരണ ചൈതന്യമുള്ള ഒരു മഹാത്മാവായി പ്രേക്ഷകമനസ്സുകളിൽ ഇടംനേടുകയാണ്.

1905 ജനുവരി രണ്ടിന് തലശ്ശേരിയിലെ രാമചന്ദ്ര റാവുവി​ന്റെയും ദേവു ഭായിയുടെയും മകനായി ജനിച്ച അനന്ത ഷേണായ് മിടുക്കനായ വിദ്യാർഥിയായിരുന്നു. മദ്രാസ് പ്രസിഡൻസി കോളജിൽനിന്നും ഫിസിക്സിൽ ഓണേഴ്‌സ് ബിരുദം നേടിയ ആ ചെറുപ്പക്കാരൻ ജോലി തേടിപ്പോകാതെ ഇറങ്ങിച്ചെന്നത് നേരെ സ്വാതന്ത്ര്യസമര ഭൂമിയിലേക്കാണ്.

ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായി സബർമതി ആശ്രമത്തിലേക്ക് കാൽനടയായി യാത്രചെയ്തു. സി. രാജഗോപാലാചാരിയുടെ അനുയായിയായി ഉപ്പ് സത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിൽശിക്ഷ അനുഭവിച്ചു. രാജാജിയാണ് അദ്ദേഹത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ പാലക്കാട് ശബരി ആശ്രമത്തിലേക്ക് പറഞ്ഞയക്കുന്നത്. കോയമ്പത്തൂരിൽവെച്ച് ശ്രീനാരായണ ഗുരുവിനെ കണ്ടത് ജീവിതത്തിലെ വഴിത്തിരിവായി. മറ്റുള്ളവർ പറഞ്ഞ തടസ്സങ്ങളൊന്നും വകവെക്കാതെ ഒട്ടും വൈകാതെ ത​ന്റെ അവസാനത്തെ ശിഷ്യനായി സ്വീകരിച്ച ഗുരു ആനന്ദതീർഥനോട് പറഞ്ഞ വാക്കുകളാണ് പിന്നീട് അദ്ദേഹത്തി​ന്റെ ജീവിതപ്രമാണമായിത്തീർന്നത്.

 

സംവിധായകരായ അഭിജിത്ത്​ നാരായണനും ബിന്ദു സാജനും

സംവിധായകരായ അഭിജിത്ത്​ നാരായണനും ബിന്ദു സാജനും

‘‘ഒരുപാടു കാര്യങ്ങൾ ചെയ്യാനില്ലേ? ധീരമായി പ്രവർത്തിക്കുക.’’ ഒന്നിനു പിറകെ ഒന്നായി ചെയ്തുതീർക്കാനായി ഒരുപാട് കാര്യങ്ങൾ ഏറ്റെടുത്തപ്പോഴും ധീരത അദ്ദേഹം ഒരിക്കലും കൈവെടിഞ്ഞില്ല. അധഃസ്ഥിത വിഭാഗത്തിൽപെട്ടവരുടെ ഉന്നമനത്തിനുവേണ്ടി സർവശക്തിയുമെടുത്ത് പോരാടി. അവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ, അവർക്ക് ഗ്രാമത്തിലെ കുളങ്ങളിൽ കുളിക്കാനും അതിലെ വെള്ളം കുടിക്കാനും, ചിരട്ടക്ക് പകരം മറ്റുള്ളവർക്ക് കൊടുക്കുന്ന ഗ്ലാസിൽ അവർക്ക് ചായ കൊടുക്കാൻ, അവരുടെ തലമുടി വെട്ടാനും ക്ഷൗരം ചെയ്യാനും, അവരുടെ കുട്ടികൾക്ക് സ്കൂളിൽ ചേർന്നു പഠിക്കാൻ, അവർക്ക് അർഹിക്കുന്ന ജോലി ലഭിക്കാൻ, വൃത്തിഹീനമായ സാഹചര്യങ്ങളിൽനിന്ന് മാറി വിശാലമായ ലോകത്ത് മനുഷ്യരെപ്പോലെ ജീവിക്കാൻ, തലമുറകളായി അവരെ ബന്ധിച്ചിരിക്കുന്ന അടിമത്തത്തി​ന്റെ ചങ്ങല പൊട്ടിച്ചെറിയാൻ...

ഇങ്ങനെ അധഃസ്ഥിത വർഗത്തി​ന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള വീറുറ്റ സമരമുഖം തുറന്ന് അതി​ന്റെ ഏറ്റവും മുന്നിൽ സ്വാമിജി നിലയുറപ്പിച്ചു. ആ യുദ്ധം ജയിക്കാൻ സർവ ആയുധങ്ങളുമെടുത്ത് പോരാടി. നിയമത്തി​ന്റെ വഴിയിലൂടെ പോയി പല നീതികേടുകൾക്കും പരിഹാരം കണ്ടെത്തി.

പക്ഷേ, കോടതിയും സർക്കാറും കണ്ണുകൾ സ്വയം മൂടിക്കെട്ടി നിന്ന ഇടങ്ങളായിരുന്നു അധികവും. അവിടെയെല്ലാം അദ്ദേഹം പോരാടിയത് തനിച്ചായിരുന്നു. സിംഹങ്ങളുടെ മടകളിൽ നേരേ കയറിച്ചെന്ന് അവരുടെ മുഖത്തുനോക്കി പോരിനു വിളിച്ചു. നേർക്കുനേർ നടത്തിയ ആ മുഷ്ടിയുദ്ധത്തിൽ പലപ്പോഴും മുറിവേറ്റ് ബോധരഹിതനായി നിലത്തുവീണു. ഭീകരമായ മർദനങ്ങൾക്കിരയായി. ‘തല്ലുകൊള്ളി’ സ്വാമി എന്ന് നാട്ടുകാർ ഓമനപ്പേരിട്ടു വിളിച്ചു. തല്ല് കൊള്ളാതിരിക്കട്ടെ എന്ന് കരുതിയാകും ഗുരു കാഷായവസ്ത്രം കൊടുത്തതെന്ന് കൂടെയുള്ള സന്യാസിമാർ പരിഹസിച്ചു.

ഒരിടത്ത് മാരകമായ മർദനമേറ്റ് അവശനായി ബോധംകെട്ടു കിടക്കുന്ന സ്വാമിജിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ സവർണ ഹിന്ദുക്കൾ ശ്രമിച്ചപ്പോൾ രക്ഷപ്പെടുത്തിയത് ആ വഴി അപ്പോഴവിടെയെത്തിച്ചേർന്ന ഒരുകൂട്ടം മുസ്‍ലിം ചെറുപ്പക്കാരാണ്. അന്ന് മുസ്‍ലിം സമുദായത്തിൽ ചേർന്നാലോ എന്നുവരെ സ്വാമിജി ആലോചിച്ചു. ‘പടയില്ലാത്ത ആ പടനായകൻ’ പലയിടത്തും പരാജയപ്പെട്ടു. പക്ഷേ ഒരിക്കലും പരാജയം സമ്മതിച്ചില്ല.

‘‘ഒരു മനുഷ്യനെ തകർക്കാം പക്ഷേ, പരാജയപ്പെടുത്താനാവില്ല’’ എന്ന ആപ്തവാക്യത്തി​ന്റെ മഹത്തായ പ്രതിരൂപമായി സ്വാമി ആനന്ദതീർഥൻ ചരിത്രത്തിൽ നിലകൊള്ളുന്നു. ‘‘ഒറ്റക്ക് നിൽക്കുന്നയാളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തിയുള്ളയാൾ’’ എന്നുകൂടി അദ്ദേഹം സ്വന്തം ജീവിതംകൊണ്ട് തെളിയിച്ചു കാണിച്ചു.

‘‘ദൈവം സർവവ്യാപിയാണ്. ഞാൻ ദൈവത്തെത്തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല. സവർണ ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിൽ അയിത്തത്തി​ന്റെ പിശാച് കുടിയിരിക്കുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതെല്ലാം ക്ഷേത്രങ്ങളിൽ ദൈവത്തോടൊപ്പം അയിത്തത്തെയും കുടിയിരുത്തിയിട്ടുണ്ടെന്ന് പരിശോധിക്കാനാണ് ഞാൻ അവിടെ ചെല്ലുന്നത്.’’

സവർണ സമുദായത്തിൽ ജനിച്ച്, കാഷായവസ്ത്രം ധരിച്ച ഒരു സന്യാസിയിൽനിന്ന് ഒരിക്കലും പ്രതീക്ഷിച്ചുകൂടാത്ത വാക്കുകൾ. നമുക്ക് ഏറെ പരിചിതരായ, ചരിത്ര/ പാഠപുസ്തകങ്ങളിൽ വായിച്ചറിഞ്ഞ നവോത്ഥാന നായകരുടെയും ചരിത്രപുരുഷൻമാരുടെയും കൂട്ടത്തിൽ ഇങ്ങനെയൊരാളുടെ പേര് കാണാതെ പോയത് എന്തുകൊണ്ടാണെന്ന അന്വേഷണത്തിന് വഴിവെട്ടിത്തുറക്കുകയാണ് ഈ ഡോക്യുമെന്ററി. വാക്കിനെ അതി​ന്റെ പൂർണമായ അർഥത്തിൽതന്നെ പ്രവൃത്തിയിൽ കൊണ്ടുവന്ന, അപ്പോൾ സംഭവിക്കാനിടയുള്ള അതിഭീകരമായ ഭവിഷ്യത്തുകളെ കുറിച്ച് ഒട്ടും ആശങ്കപ്പെടാൻ കൂട്ടാക്കാതിരുന്ന ഒരു മനുഷ്യൻ ഒരിക്കൽ ഇവിടെ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നു നമുക്ക് പറഞ്ഞുതരുന്ന, അതിശയിപ്പിക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ അനാവൃതമാകുന്നത്.

അന്നാഹാരവും അക്ഷരവും നിഷേധിക്കപ്പെട്ട അധഃസ്ഥിത വിഭാഗത്തിലെ എത്രയോ കുട്ടികളെയാണ്, അവരുടെ ദയനീയമായ ജീവിതസാഹചര്യങ്ങളിൽനിന്ന് മോചിപ്പിച്ച് ഭക്ഷണവും വസ്ത്രവും പുതിയൊരു നാമവും അതുവഴി സമൂഹത്തിൽ സ്ഥിരമായ അസ്തിത്വവും നൽകിക്കൊണ്ട് ജ്ഞാനസ്നാനം ചെയ്തത്. അക്ഷരാർഥത്തിൽതന്നെ ‘പിള്ളേരെ പിടിത്തക്കാരൻ’ ആയിരുന്നു അദ്ദേഹം.

അമ്മയോടൊപ്പം നടന്നുപോകുകയായിരുന്ന ഒരു ദലിത് ബാലനെ വഴിയിൽ കണ്ടുമുട്ടി കൂട്ടിക്കൊണ്ടുപോകുന്ന അത്തരമൊരു സന്ദർഭം ചിത്രത്തിലുണ്ട്. സ്വാമിജിയുടെ നാടകീയമായ ജീവിതചിത്രം മിഴിവോടെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നവരിൽ ഒരാളായ ഉഷാ കിരണി​ന്റെ പിതാവ് സ്വാമിനാഥ​ന്റെ കഥയാണ് അത്.

ചളിയിലും തോട്ടിലുമുള്ള മത്സ്യം പിടിക്കാനായി ചാടിത്തുള്ളി ഉത്സാഹത്തോടെ അമ്മയോടൊപ്പം പോകുന്ന, എല്ലും തോലും മാത്രമുള്ള ശരീരമാണെങ്കിലും, വിടർന്ന കണ്ണുകളുള്ള ആ കുട്ടിയെ സ്വാമിജി മാറോട് അടക്കിപ്പിടിക്കുമ്പോൾ, താൻ കാണുന്നത് സ്വപ്നമാണോ സത്യമാണോ എന്നു തിരിച്ചറിയാനാകാതെ സ്തബ്ധയായി നോക്കിനിൽക്കുന്ന ഒരമ്മയെ കാണിക്കുന്നു. ‘‘ഞാൻ ഇവനെ കൊണ്ടുപോയ്ക്കോട്ടെ’’ എന്ന ചോദ്യത്തിന് അർധസമ്മതത്തോടെ തലകുലുക്കി, സ്വാമിജിയുടെ കൈപിടിച്ച് നടന്നകന്നു പോകുന്ന മകനെയും നോക്കി വിശ്വസിക്കാനാവാതെ അങ്ങനെ നിൽക്കുന്ന ആ അമ്മയുടെ മുഖം ഇപ്പോഴും മനസ്സിൽനിന്ന് മാഞ്ഞുപോയിട്ടില്ല.

എം.കെ. സാനു, എൻ. മാധവൻ കുട്ടി, പയ്യന്നൂർ കുഞ്ഞിരാമൻ, സ്റ്റാലിൻ രാജാങ്കം എന്നിങ്ങനെ കുറച്ചുപേരൊഴിച്ചാൽ മറ്റെല്ലാവരും പങ്കുവെക്കുന്നത്, സ്വാമിയുമായി ബന്ധപ്പെട്ട വികാര തീവ്രമായ അവരുടെ സ്വന്തം അനുഭവങ്ങളാണ്. അതിൽ മിന്നിത്തുടിച്ചു നിൽക്കുന്ന ആർജവവും ആത്മാർഥതയും നമ്മുടെ മനസ്സിൽ ആഴത്തിൽ കൊണ്ട് കയറുന്നുണ്ട്. മനസ്സുകൊണ്ടുള്ള ആ മടക്കയാത്രയിൽ അവരിൽ ചിലർ ചിലപ്പോൾ അറിയാതെ വിതുമ്പിപ്പോകുന്നു.

(‘‘കണ്ണില് വെള്ളം... ഞാനങ്ങനെ എളുപ്പം കരയുന്ന ആളൊന്നുമല്ല...’’ എന്ന് കണ്ണു തുടച്ചുകൊണ്ട് ഉഷാകിരൺ).

എന്തോ ചില കാരണങ്ങൾകൊണ്ട് സ്വാമിജി ഒരുദിവസം ഒരുപാട് തല്ലുകയും പിന്നീടതിൽ പശ്ചാത്തപിച്ച് ഭക്ഷണം വാരിത്തരുകയും ചെയ്ത സംഭവം ഓർമിച്ചു പറഞ്ഞ എം. കുഞ്ഞികൃഷ്ണൻ മാങ്ങാടും കുഞ്ഞമ്പുവും ഗദ്ഗദം തൊണ്ടയിൽ തടഞ്ഞ് അതു പറയാനാകാതെ വിഷമിക്കുന്നത്, കണ്ടിരിക്കുന്നവരിലും സമാനമായ അനുഭവമുണ്ടാക്കുന്നുണ്ട്.

ഡോക്യുമെന്ററിയുടെ സംവിധായകർ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നം സ്വാമിജിയെ നേരിട്ട് പകർത്തിയ വിഡിയോ ഉൾപ്പെടെയുള്ള ദൃശ്യങ്ങളുടെ അഭാവമാണ്. അദ്ദേഹത്തി​ന്റെ ഏതാനും ചില ഫോട്ടോകൾ മാത്രമാണ് അവർക്കാകെ ലഭ്യമായത്. Talking headsൽ മാത്രമായി ഒതുക്കിനിർത്താതെ സ്വാമിജിയുടെ സ്മരണകളിൽനിന്നും ചിലരുടെ അനുഭവസാക്ഷ്യങ്ങളിൽനിന്നുമായി തിരഞ്ഞെടുത്ത സന്ദർഭങ്ങളെ നാടകീയമായി ആവിഷ്‌കരിക്കാൻ തീരുമാനിച്ചത് അതുകൊണ്ടാണ്.

ശ്രീജിത്ത് രമണൻ എന്ന അറിയപ്പെടുന്ന നാടക അഭിനേതാവ് രൂപംകൊണ്ടും ഭാവംകൊണ്ടും ആനന്ദതീർഥനായി നിറഞ്ഞുനിൽക്കുന്നു. ഗ്രാമവാസികളുടെയും സവർണ മൂരാച്ചികളുടെയും ദലിത് വിഭാഗത്തിൽപെട്ടവരുടെയുമൊക്കെ വേഷങ്ങളിൽ വന്നവരിൽ ഒരാൾപോലും അഭിനയിക്കുകയായിരുന്നില്ല. തമിഴ്നാട്ടിലെ സംഭവങ്ങളുടെ ചിത്രീകരണത്തിന് സ്വാഭാവികതയേറി നിന്നത്, ആ പ്രദേശങ്ങളിൽ ഇപ്പോഴും അയിത്തവും തീണ്ടലും കൺമുന്നിലെ ഒരു തീവ്ര യാഥാർഥ്യമായി നിലനിൽക്കുന്നതുകൊണ്ടാകണം.

അനുഭവവിവരണങ്ങൾക്കും സംഭവചിത്രീകരണങ്ങൾക്കുമൊപ്പം ഇടകലർന്നുവരുന്ന ശ്രീനാരായണ ഗുരുദേവ​ന്റെ ‘അനുകമ്പാദശകം’, ‘ദൈവദശകം’, ആശാ​ന്റെ ‘ദുരവസ്ഥ’ തുടങ്ങിയ കൃതികളിലെ പ്രസിദ്ധ ഈരടികളുടെ ഭാവോജ്ജ്വലമായ ചിത്രീകരണം, ചിത്രത്തി​ന്റെ പൊതുഘടനയിൽനിന്ന് വേറിട്ടു നിൽക്കാതെ ലയിച്ചുചേരുന്നുണ്ട്. ശ്രീവത്സൻ ജെ. മേനോൻ, പുഷ്പവതി, അമൃത നാരായണൻ എന്നിവരുടെ മനോഹരമായ ആലാപനം കുറച്ചൊന്നുമല്ല ഭാവദീപ്തി പകരുന്നത്.

 

സ്വാമി ആനന്ദതീർ​ഥൻ

സ്വാമി ആനന്ദതീർ​ഥൻ

ഉള്ളിൽതട്ടുന്ന ഒരു കാഴ്ചാനുഭവമായി ചിത്രം മാറിയതി​ന്റെ പിറകിലെ പ്രധാനഘടകം, പരിചയസമ്പന്നയായ ബിന്ദുവിന് കൂട്ടായി നിൽക്കുന്ന അഭിജിത് നാരായണൻ കാമറ, എഡിറ്റിങ്, ശബ്ദ മിശ്രണം എന്നീ മേഖലകളിൽ പ്രകടിപ്പിച്ച മികവ് തന്നെയാണ്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നോ ആരുടെയെങ്കിലും സഹായിയായിനിന്നുകൊണ്ടോ നേടിയെടുത്തതല്ല, വായിച്ചു മനസ്സിലാക്കിയും സിനിമകൾ നിരന്തരം കണ്ടും ചെയ്തു പരിശീലിച്ചുമൊക്കെ സ്വയം ആർജിച്ചെടുത്ത അറിവാണ്, ഈ ഫ്രെയ്മുകളുടെയും കട്ടുകളുടെയും ശബ്ദസങ്കലനത്തിലെയും excellenceന്റെ പിറകിൽ എന്നറിയുമ്പോൾ നാം അതിശയിച്ചുപോകും. അർഥവത്തായ ഫ്രെയിമുകളൊരുക്കിക്കൊണ്ട് മീനാക്ഷി അഭിജിത്തിന് പിന്തുണയേകുന്നു. ചിത്രത്തി​ന്റെ പിറകിൽ പ്രവർത്തിച്ച മറ്റെല്ലാവരും ഒരു നല്ല ചലച്ചിത്രാനുഭവം പകർന്നു നൽകിയതി​ന്റെ പേരിൽ അഭിനന്ദനം അർഹിക്കുന്നു.

ജാതിയുടെയും മതത്തിന്റെയും പേരിലുള്ള അരുതുകളും അകൽച്ചകളും അകറ്റിനിർത്തലുകളും വർധിതവീര്യത്തോടെ ഉയിർത്തെഴുന്നേൽക്കുന്ന ഈ നാളുകളിൽ, ഈ ചിത്രം ശക്തമായ ഒരു ഓർമപ്പെടുത്തലായിത്തീരുന്നു. എങ്കിലും ഇത് പല ചോദ്യങ്ങൾക്കും മറുപടി പറയാതെ വിടുന്നുവെന്ന ഒരു നിരീക്ഷണം ചിലർ ഉയർത്തിയ കാര്യം, ചിത്രത്തി​ന്റെ പ്രദർശനത്തി​ന്റെ ഒടുവിൽ ക്രിയേറ്റിവ് കൺസൽട്ടന്റായി പ്രവർത്തിച്ച സാജൻ പറയുകയുണ്ടായി. അതിന് മറുപടിയെന്നോണം സാജൻ അവിടെ സൂചിപ്പിച്ച ഒരു കാര്യം വളരെ പ്രസക്തമായി എനിക്ക് തോന്നുന്നു.

ഒരു കലാസൃഷ്ടിയുടെ ധർമം ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്തുക എന്നതിനെക്കാൾ, ഇതിനെക്കാൾ വിപുലവും വ്യാപകവുമായി നടക്കേണ്ട ചർച്ചകൾക്ക് വഴിയൊരുക്കിക്കൊണ്ട് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുക എന്നുള്ളതല്ലേ? അങ്ങനെ നോക്കുമ്പോൾ ഈ ചിത്രം കേരളത്തി​ന്റെ സാമൂഹിക മനസ്സാക്ഷിയുടെ നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് നിശിതവും കർക്കശവുമായ കുറെ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ആ ചോദ്യങ്ങൾ ഏറ്റെടുത്തുകൊണ്ട് ആവുന്നത്ര ഉച്ചത്തിൽ ആവർത്തിച്ചു ചോദിക്കാനും മറുപടി പറയിക്കാനുമായി, ചങ്കൂറ്റവും നെഞ്ചുറപ്പുമുള്ള ഒരു തലമുറ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കാം.

News Summary - weekly culture film and theatre