Begin typing your search above and press return to search.
proflie-avatar
Login

ലോകം അവസാനിക്കുമ്പോള്‍ നാം എന്താണ് പ്രതീക്ഷിക്കേണ്ടത്?

ലോകം അവസാനിക്കുമ്പോള്‍ നാം   എന്താണ് പ്രതീക്ഷിക്കേണ്ടത്?
cancel

റുമേനിയന്‍ സംവിധായകനായ റാഡു ജൂഡിന്റെ ഏറ്റവും പുതിയ സിനിമ ‘Do Not Expect Too Much From the End of the World’ കാണുന്നു.സമകാലിക റുമേനിയന്‍ സിനിമയിലെ വളരെ പ്രധാനപ്പെട്ട ചലച്ചിത്രസംവിധായകനായ റാഡു ജൂഡിന്റെ ഏറ്റവും പുതിയ സിനിമയാണ് ‘Do Not Expect Too Much From the End of the World’. 2023ല്‍ ലൊക്കാര്‍ണോ മേളയിൽ പ്രീമിയര്‍ ചെയ്ത ഈ സിനിമ ഇത്തവണത്തെ കേരളത്തിലെ ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കുകയുണ്ടായി. തിരക്കേറിയ നഗരത്തിലൂടെ ഒരു സ്ത്രീ നിരന്തരം കാറോടിക്കുന്നു. കറുപ്പിലും വെളുപ്പിലുമാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. വിൻഡ്‌ഷീൽഡിന് പുറത്തുനിന്ന് കാമറ ഈ സ്ത്രീയെ നിരീക്ഷിക്കുന്നു. അവളുടെ കൈകളില്‍ ടാറ്റൂ ചെയ്തിട്ടുണ്ട്, തിളങ്ങുന്ന വസ്ത്രമാണ്...

Your Subscription Supports Independent Journalism

View Plans
റുമേനിയന്‍ സംവിധായകനായ റാഡു ജൂഡിന്റെ ഏറ്റവും പുതിയ സിനിമ ‘Do Not Expect Too Much From the End of the World’ കാണുന്നു.

സമകാലിക റുമേനിയന്‍ സിനിമയിലെ വളരെ പ്രധാനപ്പെട്ട ചലച്ചിത്രസംവിധായകനായ റാഡു ജൂഡിന്റെ ഏറ്റവും പുതിയ സിനിമയാണ് ‘Do Not Expect Too Much From the End of the World’. 2023ല്‍ ലൊക്കാര്‍ണോ മേളയിൽ പ്രീമിയര്‍ ചെയ്ത ഈ സിനിമ ഇത്തവണത്തെ കേരളത്തിലെ ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കുകയുണ്ടായി.

തിരക്കേറിയ നഗരത്തിലൂടെ ഒരു സ്ത്രീ നിരന്തരം കാറോടിക്കുന്നു. കറുപ്പിലും വെളുപ്പിലുമാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. വിൻഡ്‌ഷീൽഡിന് പുറത്തുനിന്ന് കാമറ ഈ സ്ത്രീയെ നിരീക്ഷിക്കുന്നു. അവളുടെ കൈകളില്‍ ടാറ്റൂ ചെയ്തിട്ടുണ്ട്, തിളങ്ങുന്ന വസ്ത്രമാണ് അവള്‍ ധരിച്ചിരിക്കുന്നത്‌, അവള്‍ എപ്പോഴും ചൂയിങ് ഗം ചവക്കുന്നു, ഗം ഒരു ബലൂണ്‍പോലെ ഊതിവീര്‍പ്പിക്കുന്നു, ഇടക്കിടെ എനര്‍ജി ഡ്രിങ്ക് കുടിക്കുന്നു. ഹോണ്‍ അടിച്ച് അവളെ ശല്യപ്പെടുത്തുന്ന പുരുഷന്മാരെ അവള്‍ ശപിക്കുകയും തെറിവിളിക്കുകയും ചെയ്ത് ഓവര്‍ടേക് ചെയ്യുന്നു. ഇതിനിടയില്‍ ഒരു അമേരിക്കൻ-ബ്രിട്ടീഷ് സോഷ്യൽ മീഡിയ വ്യക്തിത്വമായ ആൻഡ്രൂ ടേറ്റിനോട് രൂപസാദൃശ്യമുള്ള ബൊബിറ്റ എന്ന ടിക് ടോക് കഥാപാത്രം പ്രത്യക്ഷപ്പെടുന്നു. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ബൊബിറ്റയുടെ സംഭാഷണങ്ങൾ മുഴുവന്‍ പുരുഷാധിപത്യവും ഏറ്റവും പിന്തിരിപ്പത്തരവും നിറഞ്ഞതാണ്‌.

ഇതിനിടയില്‍ കളറിൽ നഗരത്തിലൂടെ ഒരു സ്ത്രീ ടാക്സി ഓടിക്കുന്ന ദൃശ്യങ്ങൾ നാം കാണുന്നു, ഇതിലൂടെ ഈ സ്ത്രീയുടെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങള്‍ അവതരിപ്പിക്കുന്നു. (ഒരു പോസ്റ്റ്‌ മോഡേണ്‍ ട്വിസ്റ്റിൽ, സിനിമയിൽ ഒരു സന്ദര്‍ഭത്തിൽ 2023ലെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലെ ഏഞ്ചല 1981ലെ കളറിലെ ഏഞ്ചലയെ കണ്ടുമുട്ടുന്നു).

ദൃശ്യ വായാടിത്തം, ടിക് ടോക്, ഇന്‍സ്റ്റഗ്രാം ദൃശ്യങ്ങളെക്കൊണ്ട് ശ്വാസംമുട്ടിക്കുക, ഇവയൊക്കെ ചേര്‍ത്ത് അസംബന്ധ ഹാസ്യം ജനിപ്പിക്കുക - പരസ്പരബന്ധമില്ലാത്ത ഇതൊക്കെ കാണുമ്പോൾ നാം അന്തംവിടുന്നു. പലരും ചേര്‍ന്ന് വാക്കുകളുടെയോ ചിത്രങ്ങളുടെയോ ഒരു ശേഖരം ഉണ്ടാക്കുന്ന രീതിയോടാണ് (Cadavre Exquis) ജൂഡിന്റെ ശൈലിയെ പലരും ഉപമിക്കുന്നത്- ഓരോ ആളും ഒരു കോമ്പോസിഷനിലേക്ക് പലതും ചേർക്കുന്നു. സർറിയലിസ്റ്റുകൾ ഈ സങ്കേതം തങ്ങളുടെ കലാ സൃഷ്ടികളിൽ സർഗാത്മകമായി ഉപയോഗിച്ചിട്ടുണ്ട്.

ജൂഡിന്റെ സിനിമ വളരെയധികം ആശയക്കുഴപ്പത്തിലായ, കെട്ടുപിണഞ്ഞ ഒരു ലോകം അവതരിപ്പിക്കുന്നു -പരസ്പര ബന്ധമില്ലാത്തതായി അനുഭവപ്പെടുന്ന നിരവധി സംഭവങ്ങള്‍, പല ഴോണറുകള്‍, ധാരാളം കഥകള്‍, ഉദ്ധരണികള്‍. ഡോക്യുമെന്ററി, ഫിക്ഷന്‍, വ്യത്യസ്ത ലോകകാഴ്ചകളുടെ ശകലങ്ങൾ, ആകസ്മികതയുടെ ഘടകങ്ങൾ, ശബ്ദങ്ങളുടെ ബഹുസ്വരത, വ്യത്യസ്ത മാധ്യമങ്ങൾ - എല്ലാം ഒരു കൊളാഷിൽ എന്നപോലെ ജൂഡ് സിനിമയില്‍ സമന്വയിപ്പിക്കുന്നു. സിനിമ സലാഡ് പോലെയോ വലിയ ക്ലബ് സാൻഡ് വിച്ച് പോലെയോ മിക്സ്ഡ് കബാബ് പോലെയോ ആണ് എന്നാണ് ജൂഡ് പറയുന്നത്. സിനിമയുടെ ശബ്ദപഥം ഈ അവസ്ഥയെ ഉയര്‍ത്തുന്നു -റേഡിയോ ഗാനങ്ങളും പരസ്യങ്ങളും, ഐഫോൺ അലാറം, പല മാധ്യമങ്ങളിൽനിന്നും സിനിമകളിൽനിന്നുമുള്ള സംഗീതം, വിവിധ സംഗീതവിഭാഗങ്ങളും ഉപവിഭാഗങ്ങളും. ഒരു ക്രമവുമില്ലാത്ത ശബ്ദങ്ങൾ ഒരു സൗണ്ട് കൊളാഷ് പോലെയാണ്.

ഭൂതകാലത്തെക്കുറിച്ച് ഗൃഹാതുരമായ സമീപനമോ അതുപോലെ ഭൂതകാലത്തെക്കുറിച്ചുള്ള ഒരു വിഷാദ വീക്ഷണമോ ജൂഡ് പിന്തുടരുന്നില്ല. വിപ്ലവ ഉട്ടോപ്യയുടെ തിരോധാനത്തിൽ വിലപിക്കുകയും ചെയ്യുന്നില്ല. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ഹാസ്യത്തിലേക്ക് തിരിയുന്നത്. മറ്റ് കലാരൂപങ്ങളിൽ പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടുള്ള ചരിത്രപരമായ പരിവർത്തനങ്ങളെ പിടിച്ചെടുക്കാൻ കഴിയുന്ന ഒരു പ്രത്യേക രീതിയായി അദ്ദേഹം ഹാസ്യം ഉപയോഗിക്കുന്നു. അത് പലപ്പോഴും ക്രൂര പരിഹാസമായിത്തീരുന്നു.

അസഭ്യമായും അശ്ലീലമായും അനുഭവപ്പെടുന്ന വാക്കുകളും സംഭാഷണങ്ങളും ധാരാളം. മതം, രാഷ്ട്രീയക്കാർ, മുതലാളിത്തം, കമ്യൂണിസം, ടിക് ടോക്, യൂറോപ്പിലെ ബൗദ്ധികത എന്നിവയെക്കുറിച്ച് ധാരാളം തമാശകളുണ്ട്. മറ്റൊന്ന്, വാക്കുകള്‍കൊണ്ടുള്ള കളികളാണ്. Emotion നെ Commotion ആയും, Warehouse നെ Worehouse ആയും തെറ്റിദ്ധരിക്കുന്നു.

“Comedy is in act superior to tragedy and humorous reasoning superior to grandiloquent reasoning” എന്നാണ് ഹെഗല്‍ നിരീക്ഷിച്ചത്. “The last phases of a world-historical form is its comedy, comedy has revolutionary value” എന്ന് മാര്‍ക്സ്. വാള്‍ട്ടർ ബെഞ്ചമിനെ സംബന്ധിച്ചിടത്തോളം, “ചിരിക്ക് കാഴ്ചക്കാരനെ ഒരു കൂട്ടായ/ സഞ്ചിത ശരീരമാക്കി മാറ്റാനും ജനങ്ങളുടെ ഉറങ്ങിയ അവയവങ്ങളെ കണ്ടുപിടിച്ചുകൊണ്ട് ജീവിതത്തെ ഉണർത്താനും കഴിവുണ്ട്.’’ ഫാഷിസ്റ്റ് അപകടങ്ങൾക്കെതിരെയുള്ള ഒരു പ്രധാന ഉപകരണമായിരുന്നു ബെഞ്ചമിനെ സംബന്ധിച്ച് ചിരി.

ഫാഷിസ്റ്റ് പ്രവണതകളെ പ്രതിരോധിക്കാന്‍ വിദൂഷകന്‍ ചികിത്സാരീതിപോലെ പ്രവര്‍ത്തിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സിനിമയെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് ചിന്തയുടെ ഭാഗമായി, ഇന്നത്തെ കാലത്തെ വൈരുധ്യങ്ങളെ നന്നായി അവതരിപ്പിക്കാനായി ഹാസ്യത്തിന് ഒരു പുതിയ സൗന്ദര്യാത്മക ഭൂമികയുണ്ടെന്ന് ജൂഡ് തിരിച്ചറിഞ്ഞു.

‘Bad Luck Banging or Loony Porn’ എന്ന ജൂഡിന്റെ മുൻ സിനിമയെ പോലെ ഈ സിനിമയും ശ്ലഥമാണ്, അത് ഇന്നത്തെ ലോകം ശ്ലഥമായതുകൊണ്ടായിരിക്കാം. ഈ സന്ദര്‍ഭത്തിൽ സാമൂഹിക ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ സിഗ്മണ്ട് ബൗമന്റെ (Zygmunt Bauman) ‘ദ്രവരൂപത്തിലുള്ള ആധുനികത’ എന്ന ആശയം പ്രസക്തമാണ്. സമകാലിക സമൂഹത്തിനുള്ളിലെ ബന്ധങ്ങൾ, സ്വത്വം, ആഗോള സാമ്പത്തികശാസ്ത്രം എന്നിവയിൽ അദ്ദേഹം കാണുന്ന നിരന്തരമായ ചലനത്തിന്റെയും മാറ്റത്തിന്റെയും അവസ്ഥയെ വിവരിക്കുന്നതിനുള്ള ഒരു രൂപകമായാണ് അദ്ദേഹം ഈ ആശയം ഉപയോഗിക്കുന്നത്.

എന്നാല്‍, നമ്മുടെ സിനിമകള്‍ ഈ ശ്ലഥാവസ്ഥയെ, അവ്യവസ്ഥയെ ഒരു വ്യവസ്ഥയാക്കിയും ആദിമധ്യാന്തപ്പൊരുത്തമുള്ള തുടര്‍ച്ചയായ സംഭവങ്ങളാക്കിയും അവതരിപ്പിക്കുകയാണ്. ശ്ലഥമായ ലോകത്തെ ആ രീതിയിൽ അവതരിപ്പിക്കുന്നതിനാൽ ജൂഡിന്റെ സിനിമ ഉള്‍ക്കൊള്ളാൻ പ്രയാസമാവും.

 

‘Do Not Expect Too Much From the End of the World’-മറ്റൊരു ദൃശ്യം

‘Do Not Expect Too Much From the End of the World’-മറ്റൊരു ദൃശ്യം

നമ്മുടെ സംവിധായകര്‍ പൊതുവെ കഥാപാത്രങ്ങള്‍ക്ക് ചേരുന്ന നടനെയും/ നടിയെയുമാണ് തിരഞ്ഞെടുക്കുക. എന്നാല്‍, ജൂഡ് അഭിനയിക്കാൻ തിരഞ്ഞെടുക്കുന്ന നടിയുടെ സ്വഭാവത്തെ, പ്രത്യേകതകളെ കഥാപാത്രത്തിലേക്ക് കൊണ്ടുവരുന്നു. ഏഞ്ചലയായി അഭിനയിക്കുന്ന Ilinca Manolache എന്ന നടി സോഷ്യല്‍ മീഡിയയിൽ ബൊബിറ്റ എന്ന പേരിൽ പ്രശസ്തയാണ്. ബൊബിറ്റയെ സംവിധായകൻ സിനിമയിൽ ഏഞ്ചലയുടെ ആൾട്ടർ ഈഗോപോലെ അവതരിപ്പിക്കുന്നു. ഈ അവതാരത്തെ സിനിമയില്‍ തുടരാൻ സംവിധായകൻ നടിയെ പ്രോത്സാഹിപ്പിച്ചു. ഇതിലൂടെ അഭിനയിക്കുന്ന വ്യക്തി സിനിമയിലേക്ക് കൊണ്ടുവരുന്ന ഊര്‍ജം കഥാപാത്ര സൃഷ്ടിയില്‍ വലിയ പങ്കുവഹിക്കുന്നു.

മുപ്പതുകളിൽ എത്തിനില്‍ക്കുന്ന ഏഞ്ചല എന്ന സ്ത്രീയെയാണ് നാം ബ്ലാക്ക് ആന്‍ഡ് വൈറ്റിൽ കണ്ടത്. അവൾ ഒരു പ്രൊഡക്ഷൻ അസിസ്റ്റന്റായി പ്രവർത്തിക്കുന്നു. തൊഴില്‍സ്ഥലത്തെ അപകടങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട ഒരു കോർപറേറ്റ് പരസ്യത്തിനുവേണ്ടി അപകടത്തില്‍പ്പെട്ട തൊഴിലാളികളെ തിരയുകയാണ് അവൾ. അവളുടെ ജോലി പ്രോജക്ട് അധിഷ്‌ഠിതമാണ്, അതിനാല്‍ സ്ഥിരമായ വരുമാനമില്ല. അതിനാല്‍ അവൾ ചിലപ്പോൾ ഊബർ ടാക്സി ഓടിക്കുകയും ചെയ്യുന്നു. 163 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ആദ്യത്തെ ഏകദേശം 120 മിനിറ്റ് ഒരുദിവസം നടക്കുന്നതാണ്. ഒരു ലൊക്കേഷനിൽനിന്ന് മറ്റൊരു ലൊക്കേഷനിലേക്ക് കാറോടിച്ചു പോവുന്ന ഏഞ്ചല.

അവള്‍ നാലുപേരെ അഭിമുഖംചെയ്യുന്നു, ഒരു ഫിലിം സ്റ്റുഡിയോയില്‍നിന്ന് കുറച്ച് ലെന്‍സുകൾ വാങ്ങുന്നു, ഒരു കോൺഫറൻസ് സംഘടിപ്പിക്കുന്നു, ഒരു സൂം മീറ്റിങ്ങിൽ പങ്കെടുക്കുന്നു, രാത്രി വൈകി പരസ്യത്തിന്റെ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ജർമൻ കോർപറേറ്റ് സ്ട്രാറ്റജിസ്റ്റിനെ എയർപോർട്ടിൽ പോയി സ്വീകരിച്ച് ഹോട്ടലില്‍ കൊണ്ടുവിടുന്നു. ഇതിനിടയില്‍ ചില വിചിത്രമായ കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാനും അവള്‍ ശ്രമിക്കുന്നു: അവളുടെ പൂര്‍വികരെ അടക്കംചെയ്തിരിക്കുന്ന സെമിത്തേരി ഒരു റിയൽ എസ്റ്റേറ്റ് ഡെവലപർ ഏറ്റെടുത്തത് കാരണം അവരുടെ അവശിഷ്ടങ്ങൾ പുറത്തെടുത്ത് മറ്റെവിടെയെങ്കിലും അടക്കം ചെയ്യണം.

ഓടിക്കുന്ന കാറില്‍വെച്ചാണ് അവൾ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഉറക്കക്കുറവ് കാരണം ചിലപ്പോൾ കാർ നിയന്ത്രണം വിടുന്നു. ഉറക്കം വരാതിരിക്കാനായി അവള്‍ ച്യൂയിങ് ഗം ചവക്കുന്നു, വളരെ ഉച്ചത്തില്‍ പാട്ട് വെക്കുന്നു. ഇടക്കിടെ ടിക് ടോക്കില്‍ അവളുടെ മറ്റൊരു രൂപമായ ബൊബിറ്റയെ റെക്കോഡ് ചെയ്യുന്നു, എനര്‍ജി ഡ്രിങ്ക് കുടിക്കുന്നു.

ഏഞ്ചലയിലൂടെ ജൂഡ് സമകാലിക മുതലാളിത്തത്തിലെ (Gig economy) തൊഴിൽ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നു. ‘ഗിഗ് ഇക്കോണമി’ എന്നത് ഒരു സ്വതന്ത്ര കമ്പോള സംവിധാനമാണ്, അവിടെ മുഴുവന്‍ സമയ സ്ഥിരം ജീവനക്കാരെക്കാൾ പാര്‍ട്ട് ടൈം ജോലിക്കാണ് പ്രാധാന്യം. അവിടെ ജോലിസുരക്ഷയോ ആനുകൂല്യങ്ങളോ ഇല്ല. ജോലിക്ക് നിശ്ചിത സമയം ഇല്ലാത്തതിനാല്‍, ഏൽപിച്ച പ്രോജക്ട് തീര്‍ക്കുകയാണ് ജോലി എന്നതിനാൽ ഏഞ്ചല പേരിനുമാത്രം ഉറങ്ങി ഏതാണ്ട് ദിവസത്തിന്റെ വലിയൊരു ഭാഗം ജോലിചെയ്യുന്നു. ജൊനാഥൻ ക്രാറി (Jonathan Crary) തന്റെ ‘24/7: Late Capitalism and the Ends of Sleep’ എന്ന പുസ്തകത്തിൽ ഈ വിഷയം വേറൊരു രീതിയില്‍ ചര്‍ച്ചചെയ്യുന്നു.

ഇന്നത്തെ വ്യവസായിക ലോകത്തില്‍ സാങ്കേതികവിദ്യ സുപ്രധാന പങ്കുവഹിക്കുമ്പോൾ രാവും പകലും തമ്മിലുള്ള വ്യത്യാസം ഇല്ലാതായിരിക്കുന്നു. മുമ്പ് തൊഴിലാളികളെ ഷിഫ്റ്റുകളിലായി ക്രമീകരിച്ച് ഫാക്ടറികളെ ഒരിക്കലും ഉറങ്ങാത്തവയാക്കി മാറ്റിയെങ്കില്‍ ഇന്ന് വീട്ടിലിരുന്ന് ജോലിചെയ്യുന്ന മനുഷ്യരും ഉറങ്ങുന്നില്ല. ഇന്ന് നമ്മൾ നമ്മുടെ ഉറക്കമില്ലായ്മയോട് സഹകരിക്കാൻ തയാറാണ്. വെള്ളക്കിരീടമുള്ള കുരുവിയുടെ തലച്ചോറില്‍ സൈനിക ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്നു, കുടിയേറ്റ സമയത്ത് അത് എങ്ങനെ ഏഴു ദിവസം ഉറങ്ങാതെ ഉണർന്നിരിക്കുന്നുവെന്ന് കണ്ടെത്താൻ.

സൈനികർക്കും ഈ അവസ്ഥ സാധ്യമാക്കുക എന്നതാണ് ആശയം. ‘‘ചരിത്രം കാണിക്കുന്നതുപോലെ, യുദ്ധവുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങള്‍ അനിവാര്യമായും ഒരു വിശാലമായ സാമൂഹിക മണ്ഡലത്തിലേക്ക് സ്വാംശീകരിക്കപ്പെടുന്നു, ഉറക്കമില്ലാത്ത സൈനികൻ ഉറക്കമില്ലാത്ത തൊഴിലാളിയുടെയോ ഉപഭോക്താവിന്റെയോ മുന്നോടിയാണ്’’ - ക്രാരി ഇപ്രകാരം ചൂണ്ടിക്കാണിക്കുന്നു.

റുമേനിയയിലെ കാർ സംസ്കാരത്തിന്റെ ആക്രമണാത്മകത ജൂഡ് ആവർത്തിച്ച് സ്പർശിക്കുന്ന മറ്റൊരു വിഷയമാണ് (മുന്‍ സിനിമയായ ‘ബാഡ് ലക്ക് ബാംങ്ങിങ്ങി’ലും അദ്ദേഹം ഈ വിഷയം കൈകാര്യംചെയ്തിട്ടുണ്ട്). ബുക്കാറസ്റ്റിനെ ആസന്നമായ മഹാദുരന്തത്തിലേക്ക് നടന്നുനീങ്ങുന്ന ഡിസ്റ്റോപ്പിയന്‍ നഗരമായാണ് സംവിധായകൻ ചിത്രീകരിക്കുന്നത്. ഈ അവസ്ഥയെ Carmageddon എന്ന് വിശേഷിപ്പിക്കപ്പെടുന്നു. അതായത്, അങ്ങേയറ്റത്തെ വാഹനത്തിരക്ക് ഒരാളെ ഭ്രാന്തിന്റെ അവസ്ഥയിലേക്ക് കൊണ്ടുപോവുകയും, ലോകം തകര്‍ന്നുവീഴുന്നതായി അനുഭവപ്പെടുകയുംചെയ്യുന്ന അവസ്ഥ. മുതലാളിത്തം, കണ്‍സ്യൂമറിസം എന്നിവയെക്കുറിച്ച് ഗാഢമായി ചിന്തിച്ച ഴാൻ-ലുക് ഗൊദാര്‍ദിന്റെ സിനിമകളിൽ കാറുകളും കാർ അപകടങ്ങളും വലിയ രീതിയിൽ കടന്നുവരുന്നുണ്ട്, പ്രത്യേകിച്ചും 1960 കാലഘട്ടത്തിലെ സിനിമകളിൽ.

അതില്‍ പ്രധാനം വാഹനങ്ങളും മരണവും തമ്മിലുള്ള ബന്ധമാണ്. അദ്ദേഹത്തിന്റെ ‘വീക്കെൻഡ്’ എന്ന സിനിമയില്‍ ഏകദേശം ഒരു മൈൽ ദൂരത്തില്‍ ട്രാഫിക് ജാമില്‍ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ ഏഴു മിനിറ്റ് നീണ്ടുനില്‍ക്കുന്ന ട്രാക്കിങ് ഷോട്ട് ഉണ്ട്. വിനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ അവസ്ഥയാണ് അദ്ദേഹം ഇതിലൂടെ അവതരിപ്പിക്കുന്നത്‌. ‘Politics is a travelling shot’ എന്ന ഗൊദാര്‍ദിന്റെ വാക്കുകൾകൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കുമ്പോഴാണ് ഈ രംഗത്തിന്റെ പ്രാധാന്യം മനസ്സിലാവുക.

ജൂഡിന്റെ ഈ സിനിമയില്‍ നിരന്തരം കാറോടിച്ചുകൊണ്ടിരിക്കുന്ന ഏഞ്ചല മിക്കപ്പോഴും വലിയ ട്രാഫിക് ജാമില്‍ കുടുങ്ങുകയാണ്. അതുകൊണ്ടുതന്നെ ഏഞ്ചലയുടെ സമ്മർദവും മടുപ്പും നിറഞ്ഞ ജീവിതാവസ്ഥയാണ് നാം കാണുന്നത്. റോഡുകൾ വളരെ അപകടം നിറഞ്ഞതാണ്‌, ശരിയായ നഗര ആസൂത്രണമോ സുരക്ഷാ സംവിധാനങ്ങളോ ഇല്ല. അവളുടെ ഒരു നീണ്ട യാത്രക്കിടയിൽ ഹൈവേയുടെ ഒരു വശത്ത്‌ കുത്തിനിര്‍ത്തിയിരിക്കുന്ന പല രൂപത്തിലും വലുപ്പത്തിലുമുള്ള നൂറുകണക്കിന് കുരിശുകള്‍ കാണുന്നുണ്ട്.

ഇത് ഹൈവേയിൽ റോഡപകടത്തിൽ കൊല്ലപ്പെട്ടവരുടെ സ്മാരകങ്ങളാണ്. ഇവിടെ സിനിമയുടെ വേഗത കുറച്ച് സംവിധായകന്‍ ഏകദേശം നാല് മിനിറ്റ് നേരം നീണ്ടുനില്‍ക്കുന്ന മൊണ്ടാഷിലൂടെ ഈ കുരിശുകളുടെ നിശ്ചലദൃശ്യങ്ങള്‍ കാണിക്കുകയാണ്. ഇതിലൂടെ ഈ ദൃശ്യങ്ങള്‍ ഏഞ്ചലയുടെ മനസ്സിൽ സൃഷ്ടിക്കുന്ന വൈകാരിക പിരിമുറുക്കവും അസ്വസ്ഥതയും അവതരിപ്പിക്കുന്നു.

 

ഈ സിനിമയുടെ ഉപശീര്‍ഷകം ‘1981ൽനിന്നുള്ള ഒരു സിനിമയുമായി ഒരു സംഭാഷണം’ എന്നാണ്. അതിനർഥം ഈ ഫിക്ഷനൽ സിനിമ മറ്റൊരു ഫിക്ഷനല്‍ സിനിമയായ ലൂസിയൻ ബ്രാതു (Lucian Bratu) സംവിധാനംചെയ്ത ‘ഏഞ്ചല ഗോസ് ഓൺ’ (Angela Goes On) എന്ന സിനിമയില്‍നിന്നുള്ള ശകലങ്ങൾ ഉപയോഗിക്കുന്നു. ഇതാണ് നാം കളറില്‍ കണ്ട ടാക്സി ഓടിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍. അപ്പോള്‍ നാം കാണുന്നത് രണ്ട് ഏഞ്ചലയെയും രണ്ട് ബുക്കാറസ്റ്റുമാണ്.

രണ്ടറ്റം കൂട്ടിമുട്ടിക്കാനായി ബ്രാതുവിന്റെ ഏഞ്ചലയും ദീര്‍ഘസമയം ടാക്സി ഓടിക്കുന്നു. ഈ ക്രോസ് കട്ടിങ്ങിലൂടെ സിയൂഷെസ്‌കുവിന്റെ ഭരണകാലത്തെ ബുക്കാറസ്റ്റിനെയും സമകാലിക ബുക്കാറസ്റ്റിനെയും മുഖാമുഖം നിര്‍ത്തുന്നു. സിയൂഷെസ്‌കുവിന്റെ കമ്യൂണിസ്റ്റ് ഭരണത്തിനുശേഷം നിലവില്‍വന്ന മുതലാളിത്തത്തിലെ തൊഴിലാളികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവതരിപ്പിക്കുന്നു.

പഴയ കാലത്തെ ഈ സിനിമയിലൂടെ ജൂഡ് എന്തൊക്കെയാണ് ചെയ്യുന്നത്? ഒന്ന്, രണ്ട് വ്യവസ്ഥിതിയിലെയും തൊഴിലാളിയുടെ അവസ്ഥ അവതരിപ്പിക്കുന്നു. രണ്ട്, ദൃശ്യങ്ങള്‍ എങ്ങനെ യാഥാർഥ്യത്തെ വ്യാജമാക്കുന്നു എന്നതാണ്. ബുക്കാറസ്റ്റിലെ ഏറ്റവും വൃത്തിയുള്ള ഭാഗങ്ങളിലാണ് ‘ഏഞ്ചല ഗോസ് ഓൺ’ ചിത്രീകരിച്ചിരിക്കുന്നതെങ്കിലും, നിമിഷനേരത്തേക്ക് അവിടെ പ്രത്യക്ഷപ്പെടാൻ പാടില്ലാത്ത കാര്യങ്ങൾ സിനിമയിൽ കാണാൻ കഴിയും: മോശം വസ്ത്രം ധരിച്ച പാവപ്പെട്ടവർ ബസ് കാത്തുനിൽക്കുന്നു, ആളുകള്‍ ഭക്ഷണത്തിനായി വരിനില്‍ക്കുന്നു.

ഏതാനും നിമിഷങ്ങൾ മാത്രം പ്രത്യക്ഷപ്പെടുന്ന ഈ ദൃശ്യങ്ങളുടെ വേഗം കുറച്ചും സൂം ചെയ്തും സ്കാന്‍ ചെയ്തും അതിലെ നിജസ്ഥിതി പരിശോധിക്കുന്നു. സിനിമക്കായി അരങ്ങേറ്റപ്പെട്ടതല്ലെന്ന് തോന്നിക്കുന്ന ദൃശ്യങ്ങളും വഴിപോക്കരുടെ മുഖഭാവങ്ങളും തെരുവിന്റെ ശാന്തതയും ഈ രീതിയില്‍ പരിശോധിക്കുന്നു. അധികൃതരുടെ കര്‍ശന നിയന്ത്രണങ്ങൾ ഉള്ളതുകാരണം തെരുവുകള്‍ ശാന്തമാണെന്നും ജനങ്ങള്‍ സന്തോഷവാന്മാരാണെന്നുമുള്ള രീതിയിൽ മാത്രമേ അക്കാലത്ത് ചിത്രീകരിക്കാന്‍ കഴിയൂ (ഈ ദൃശ്യങ്ങള്‍ ഒരുപക്ഷേ സെന്‍സർ അധികൃതരുടെ കണ്ണില്‍പ്പെടാതെ പോയതായിരിക്കാം). ഇതിലൂടെ ജൂഡ് ഈ ദൃശ്യങ്ങളെ ഇക്കാലത്തെ പ്രേക്ഷകര്‍ക്ക് മുന്നിൽ ദൃശ്യമാക്കുകയും വിശകലനത്തിനായി തുറന്നിടുകയും ചെയ്യുന്നു.

 

Do Not Expect Too Much From the End of the World

Do Not Expect Too Much From the End of the World

ദൃശ്യങ്ങളെ കളവ് പറയിക്കാനായി എങ്ങനെ ഉപയോഗിക്കാം എന്നതിന് ഉദാഹരണമാണ് സിനിമയുടെ അവസാന ഭാഗത്തുള്ള ഏകദേശം 35 മിനിറ്റ് ദൈർഘ്യമുള്ള നിശ്ചല കാമറ ഉപയോഗിച്ച് ചിത്രീകരിച്ച ഒറ്റ ടേക്ക്. ഈ ഭാഗത്ത് ഏഞ്ചല കമ്പനിയുടെ തൊഴിലാളി സുരക്ഷയെക്കുറിച്ചുള്ള പരസ്യത്തിനായി സംഘടിപ്പിച്ചു കൊണ്ടുവന്ന ഒവിദിയു എന്ന തൊഴിലാളി തനിക്ക് ജോലിസമയത്ത് പറ്റിയ അപകടത്തെക്കുറിച്ച് പറയുകയാണ്‌. (ഇതിന് അയാള്‍ക്ക് കമ്പനി പ്രതിഫലം നല്‍കും).

ഇവിടെ കമ്പനി അധികൃതർ അയാളെക്കൊണ്ട് പറയിക്കുകയാണ്: അപകടത്തിന് ഉത്തരവാദി കമ്പനിയല്ല, അയാളുടെ അശ്രദ്ധയാണ്‌ (അപകടത്തെ തുടര്‍ന്ന് അയാള്‍ മാസങ്ങളോളം അബോധാവസ്ഥയിലായിരുന്നു. ഇപ്പോള്‍ അയാൾ അരക്കുതാഴെ തളര്‍ന്നിരിക്കുകയാണ്). ഫ്രെയിമിന് വെളിയില്‍നിന്ന് സംവിധായകൻ എത്ര നിര്‍ബന്ധിച്ചിട്ടും തന്റെ വാക്കുകള്‍ മാറ്റിപ്പറയാൻ ഒവിദിയു കൂട്ടാക്കാത്തപ്പോൾ അയാള്‍ക്ക് മുന്നിൽ ശൂന്യമായ ഷീറ്റുകള്‍ ഒന്നിനു പിറകെ ഒന്നായി പ്രദര്‍ശിപ്പിക്കുന്നു. കമ്പനി പിന്നീട് അതിൽ ആവശ്യമുള്ള ടെക്സ്റ്റ് ചേര്‍ക്കും.

ഈ രംഗത്തിന്റെ ചിത്രീകരണം ഒരു പരസ്യചിത്രത്തെ അനുസ്മരിപ്പിക്കുന്നു. സംവിധായകന്‍ മാത്രമാണ് ഇടക്കിടെ ഫ്രെയിമില്‍ വരുന്നത്. മറ്റെല്ലാവരും ഫ്രെയിമിന് പുറത്താണ്. (ഈ സീനില്‍ കാമറാമാനായി അഭിനയിക്കുന്ന നടൻ ജൂഡിന്റെ ആദ്യ ഫീച്ചര്‍ സിനിമയായ ‘ദി ഹാപ്പിയസ്റ്റ് ഗേളി’ല്‍ (The Happiest Girl) കാമറാമാനായി അഭിനയിച്ചിട്ടുണ്ട്. ആ സിനിമ ഒരു ശീതളപാനീയ കമ്പനിയുടെ പരസ്യത്തിന്റെ ഷൂട്ടിങ്ങിനെ കുറിച്ചായിരുന്നു. ‘Do Not Expect Too Much’ എന്ന സിനിമയിൽ സംവിധായകനായി അഭിനയിക്കുന്ന നടനാണ്‌ ‘ദി ഹാപ്പിയസ്റ്റ് ഗേളി’ല്‍ സംവിധായകനായി അഭിനയിക്കുന്നത്.

 

‘Do Not Expect Too Much From the End of the World’-ഒരു രംഗം

‘Do Not Expect Too Much From the End of the World’-ഒരു രംഗം

വീല്‍ചെയറിൽ ഇരിക്കുന്ന തൊഴിലാളിയുടെ സമീപത്ത് കസേരയിൽ ഇരിക്കുന്ന സ്ത്രീ അയാളുടെ അമ്മയാണ് (ഇത് 1981ലെ സിനിമയില്‍ ഏഞ്ചലയായി അഭിനയിച്ച ഡോറിന ലാസർ എന്ന നടിയാണ്). ‘ദി ഹാപ്പിയസ്റ്റ് ഗേളി’ല്‍ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്ന 17 വയസ്സുള്ള പ്രഫഷനലല്ലാത്ത നടിക്കുമേൽ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാൻ പരസ്യത്തിന്റെ ആളുകൾ തീവ്ര സമ്മർദം ചെലുത്തുന്നു. ‘Do Not Expect Too Much’ എന്ന സിനിമയിൽ സംവിധായകന്‍ ഒവിദിയുവിന്റെ പക്ഷത്താണെന്നും ഓസ്ട്രിയൻ കമ്പനിക്ക് എതിരാണെന്നും ഉറപ്പുനല്‍കുന്നുണ്ടെങ്കിലും, തന്റെ തത്ത്വങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് അദ്ദേഹം തൊഴിലാളിയുടെ കുടുംബത്തിന് വാക്ക് കൊടുക്കുന്നുണ്ടെങ്കിലും, ലെൻസുകൾ തിരഞ്ഞെടുക്കുന്നത് മുതൽ പോസ്റ്റ്പ്രൊഡക്ഷനിൽ തൊഴിലാളിയുടെ സംസാരം അയാളോട് ആലോചിക്കാതെ എഴുതിച്ചേർക്കാനുമുള്ള അവകാശം കമ്പനിക്കാണ്.

ഈ ഷോട്ടിലൂടെ ജൂഡ് ആദ്യകാല സിനിമക്കുള്ള ആദരം അര്‍പ്പിക്കുകയാണ്. ഫ്രെയിമിന്റെ മധ്യത്തില്‍ ഒവിദിയു എന്ന തൊഴിലാളിയും അദ്ദേഹത്തിന്റെ കുടുംബവും. കാമറക്ക് വെളിയിളിൽനിന്ന് വരുന്ന ശബ്ദങ്ങള്‍ അയാളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു. പശ്ചാത്തലത്തില്‍ ഒരു പഴയകാല ഫാക്ടറി. കമ്യൂണിസ്റ്റ് കാലത്തെ ആ ഫാക്ടറി ഇപ്പോൾ സ്വകാര്യവത്കരിക്കപ്പെട്ടു. പുതിയ കാലത്തെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കമ്യൂണിസ്റ്റ് കാലത്തേതുപോലുള്ള ഒരു കെട്ടിടം. നവ സമ്പന്നര്‍ താമസിക്കുന്ന വില്ലകൾ. പിന്നെ ഒരു ബങ്കര്‍.

ഇതിന് വലിയ പ്രാധാന്യമില്ലെന്ന് തോന്നുമെങ്കിലും റഷ്യ- യു​െക്രയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇവക്ക് വലിയ പ്രാധാന്യം കൈവരുന്നു. ഇവയൊക്കെയും ഒരേ ഫ്രെയിമില്‍ മിസ്‌ എന്‍ സീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് സിനിമക്ക് ഉപന്യാസത്തിന്റെ, ഡോക്യുമെന്റേഷന്റെ സ്വഭാവം പകരുന്നു. “സിനിമയുടെ ശക്തി കഥകളോ അഭിനേതാക്കളോ അല്ല, ഒരു ഷോട്ടിലോ ഷോട്ടുകള്‍ക്കിടയിലോ ഉള്ള ഘടകങ്ങളുടെ ഉപന്യാസപരമായ സംയോജനത്തിലൂടെ ആശയങ്ങൾ സൃഷ്ടിക്കാനുള്ള കഴിവാണ് സിനിമയുടെ ശക്തി” -ചലച്ചിത്രസംവിധായകൻ ജാക്കസ് റിവെറ്റിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്.

ഒവിദിയുവിന് അപകടം പറ്റിയ അതേ കമ്പനിക്ക് മുന്നിലാണ് പരസ്യം ചിത്രീകരിക്കുന്നത്. ഈ പശ്ചാത്തലം ലൂമിയര്‍ സഹോദരന്മാരുടെ ‘Workers Leaving the Factory’ (1895) എന്ന സിനിമയെ ഓർമിപ്പിക്കുന്നു. പരസ്യങ്ങളും കോർപറേറ്റ് സിനിമകളും സിനിമയോളം പഴക്കമുള്ളതാണ് എന്ന് വ്യക്തമാക്കുകയാണ് ജൂഡ്. തൊഴിലാളികൾ ഫാക്ടറി ഗേറ്റിലൂടെ പുറത്തുകടക്കുന്ന ലൂമിയറിന്റെ സിനിമ ലൂമിയർ ഫാക്ടറിയുടെ തന്നെ പരസ്യംകൂടിയാണ്. ആദ്യത്തെ ചിത്രീകരണത്തിൽ സംതൃപ്തരാവാതെ ലൂമിയര്‍ സഹോദരന്മാർ തൊഴിലാളികളോട് ഒരിക്കല്‍കൂടി ഗേറ്റിലൂടെ പുറത്തേക്ക് വരാൻ നിർദേശിച്ചു എന്ന് പറയപ്പെടുന്നു. ഇതിനർഥം, സിനിമയുടെ ആരംഭംതന്നെ മുതലാളിത്തത്തിന്റെ കൈകളിലെ ഒരു ഉപകരണമായിട്ടായിരുന്നു എന്ന് വരുന്നു.

മുതലാളിത്ത വ്യവസ്ഥിതിയില്‍ നിർമിക്കപ്പെടുന്ന തൊഴിൽ സുരക്ഷാ സിനിമകളില്‍ എന്നപോലെ റുമേനിയയിലെ കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ നിർമിച്ച തൊഴിൽസ്ഥല സുരക്ഷാ സിനിമകളും പരിക്കേറ്റ തൊഴിലാളിയുടെ മേൽ കുറ്റം ചുമത്തുന്നതാണെന്ന് പറയപ്പെടുന്നു. ജൂഡ് രണ്ടു വ്യവസ്ഥിതികളിലെയും മനുഷ്യവിരുദ്ധതയെ വിമര്‍ശിക്കുകയാണ് എന്നു പറയാം. ജൂഡിന്റെ ഈ വാക്കുകള്‍ ഇക്കാര്യം ഉറപ്പിക്കുന്നു: “വിപ്ലവത്തിനു മുമ്പ് പൊതു അഭിപ്രായം, ‘എല്ലാം സ്വകാര്യവത്കരിക്കുകയും നമുക്ക് പ്രവർത്തിക്കാനായി വലിയ കമ്പനികളും ബിസിനസ് ഉടമകളുമുണ്ടെങ്കിൽ, അത് എല്ലാം സംരക്ഷിക്കും’ ” എന്നായിരുന്നു, പിന്നെ അതുമാറി.

കാരണം രാജ്യം ദരിദ്രമാവുകയും കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിൽ ഏതാണ്ട് എല്ലാം നശിപ്പിക്കപ്പെടുകയുംചെയ്തു. ഇനി, ഒരു നിയോലിബറൽ വ്യവസ്ഥിതിയിലേക്ക് പോയാൽ, ഭരണകൂട ഇടപെടൽ ഇല്ലാത്ത ഒരു സ്വതന്ത്ര കമ്പോളമുണ്ടായാൽ അത് പറുദീസയാകും എന്നാണ് ചിന്ത.” എന്നാല്‍, കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് കാലം തെളിയിക്കുകയാണ്.

News Summary - weekly culture film and theatre