Begin typing your search above and press return to search.
proflie-avatar
Login

ഇഫി ഗോവയിലെ ചുവന്ന പരവതാനികൾ

ഇഫി ഗോവയിലെ   ചുവന്ന പരവതാനികൾ
cancel

​േഗാവയിൽ സമാപിച്ച ‘ഇഫി’യിൽ പ​െങ്കടുത്ത ശേഷമുള്ള അനുഭവങ്ങളും ചിന്തകളും പങ്കുവെ​ക്കുകയാണ്​ ചലച്ചിത്രപ്രവർത്തകയും തിരക്കഥാകൃത്തുമായ ലേഖിക. ‘‘ഇഫിയിലെ ചുവന്ന പരവതാനികൾക്ക് മുകളിലൂടെ ബാൻഡ് മേളങ്ങൾക്ക് അകമ്പടി സേവിച്ച് കടന്നു പോകുന്ന ജയഘോഷയാത്രകളിൽ ഞാനൊരു ശൂന്യത കാണുന്നു’’ എന്ന്​ ദീദി എഴുതുന്നു.‘ഇഫി’ (ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ) ഗോവയിലേക്ക് പറിച്ചുനട്ടിട്ട് രണ്ടു പതിറ്റാണ്ടാകാറായി. 2004ലാണതിന്റെ തുടക്കം. ഗോവയിലിപ്പോൾ അത് വേരുപിടിച്ചുകഴിഞ്ഞു. 54 വയസ്സായ ‘ഇഫി’യുടെ പാതിയിലധികം ദൂരം ഞാനതിനൊപ്പം നടന്നിട്ടുണ്ട്. സിനിമയിലും ഫെസ്റ്റിവൽ നടത്തിപ്പിലുമൊക്കെ അത് അമ്പരപ്പിക്കുന്ന...

Your Subscription Supports Independent Journalism

View Plans

​േഗാവയിൽ സമാപിച്ച ‘ഇഫി’യിൽ പ​െങ്കടുത്ത ശേഷമുള്ള അനുഭവങ്ങളും ചിന്തകളും പങ്കുവെ​ക്കുകയാണ്​ ചലച്ചിത്രപ്രവർത്തകയും തിരക്കഥാകൃത്തുമായ ലേഖിക. ‘‘ഇഫിയിലെ ചുവന്ന പരവതാനികൾക്ക് മുകളിലൂടെ ബാൻഡ് മേളങ്ങൾക്ക് അകമ്പടി സേവിച്ച് കടന്നു പോകുന്ന ജയഘോഷയാത്രകളിൽ ഞാനൊരു ശൂന്യത കാണുന്നു’’ എന്ന്​ ദീദി എഴുതുന്നു.

‘ഇഫി’ (ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ) ഗോവയിലേക്ക് പറിച്ചുനട്ടിട്ട് രണ്ടു പതിറ്റാണ്ടാകാറായി. 2004ലാണതിന്റെ തുടക്കം. ഗോവയിലിപ്പോൾ അത് വേരുപിടിച്ചുകഴിഞ്ഞു.

54 വയസ്സായ ‘ഇഫി’യുടെ പാതിയിലധികം ദൂരം ഞാനതിനൊപ്പം നടന്നിട്ടുണ്ട്. സിനിമയിലും ഫെസ്റ്റിവൽ നടത്തിപ്പിലുമൊക്കെ അത് അമ്പരപ്പിക്കുന്ന വേഗം കൈവരിച്ചിരിക്കുന്നു. ഇവിടെ വിരിച്ചിട്ട നീണ്ട ചുവന്ന പരവതാനിയിൽ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മാർച്ച് ചെയ്യുന്നത് പുതിയ കാലത്തിന്റെ സിനിമയും താരങ്ങളുമാണ്. മാറുന്ന കാലത്ത് സമാന്തര സിനിമകൾ അപ്രത്യക്ഷമാകുന്നിടത്ത് പുതിയ കമ്പോള സമവാക്യങ്ങളുടെ ജൈത്രയാത്ര അരങ്ങേറുമ്പോൾ അതിഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. അതിൽ വേദനയോ സന്തോഷമോ തോന്നുന്നതൊക്കെ മറ്റൊരു കാര്യം. ‘ഷോ’ തുടരുകതന്നെ ചെയ്യും.

ഷോ ബിസിനസ് എന്നാണ് പണ്ടേ പറയാറ്. ഫെസ്റ്റിവലും ഇപ്പോഴൊരു ഷോ ബിസിനസ് ആണ്. പഴയ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റ് ഈ വർഷത്തോടെ പൂർണമായും ഇല്ലാതായി. ഈ വർഷം മുതൽ എൻ.എഫ്.ഡി.സി (നാഷനൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ)യും ഗോവ എന്റർടെയ്ൻമെന്റ് സൊസൈറ്റിയുമാണ് ഫിലിം ഫെസ്റ്റിവലിന്റെ നടത്തിപ്പുകാർ. എൻ.എഫ്.ഡി.സിയുടെ എം.ഡിയും കേന്ദ്രസർക്കാറിന്റെ ഇൻഫർമേഷൻ ആൻഡ്​ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിലെ സിനിമയുടെ കാര്യങ്ങൾ നോക്കുന്ന ജോയന്റ് സെക്രട്ടറിയുമായ പ്രിതുൽകുമാർ ആണ് ഫെസ്റ്റിവൽ ഡയറക്ടർ.

പൂർണമായും കേന്ദ്രം പിടിമുറുക്കിയ ഫെസ്റ്റിവലിൽ ദക്ഷിണേന്ത്യയുടെ സാന്നിധ്യം തുച്ഛമാണ് എന്നുതന്നെ പറയാം. ഇന്ത്യൻ പനോരമക്കും ലോക സിനിമക്കും പ്രത്യേകം പുസ്തകങ്ങളുണ്ടായിരുന്ന കാലവും അവസാനിച്ചു. ഈ വർഷത്തോടെ അതു രണ്ടും ഒന്നായി.

ഫെസ്റ്റിവൽ എത്ര മാറി എന്നറിയാൻ ഇന്ത്യൻ പനോരമ ജൂറി ലിസ്റ്റ് നോക്കിയാൽ മതി. ഡോ. ടി.എസ്. നാഗഭരണയാണ് ഇന്ത്യൻ പനോരമ ജൂറി ചെയർമാൻ. ഫെസ്റ്റിവൽ ബുക്കിൽ കൊടുത്ത ചെയർമാന്റെ ബയോഡേറ്റയിൽ അദ്ദേഹത്തിന്റെ ഒരു സിനിമയുടെ പേരുപോലും കൊടുത്തിട്ടില്ല. സംവിധായകൻ വ്യാസൻ എടവനക്കാട് എന്നറിയപ്പെടുന്ന കെ.പി. വ്യാസനാണ് ജൂറിയിലെ ഏക മലയാളി. ആനന്ദിന്റെ ‘ആട്ടം’, ജൂഡിന്റെ ‘2018’, രോഹിത് കൃഷ്ണന്റെ ‘ഇരട്ട’, ജിയോ ബേബിയുടെ ‘കാതൽ’, വിഷ്ണു ശശി ശങ്കറിന്റെ ‘മാളികപ്പുറം’, രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’, ഗിരീഷ് രാജിന്റെ ‘പൂക്കാലം’ എന്നിവയാണ് പനോരമയിലെ മലയാള സാന്നിധ്യങ്ങൾ. സുദിപ്തോ സെന്നിന്റെ ‘കേരള സ്റ്റോറി’യും റിഷഭ് ഷെട്ടിയുടെ ‘കാന്താര’യും മണിരത്നത്തിന്റെ ‘പൊന്നിയൻ സെൽവൻ 2’ഉം ഒക്കെ പനോരമ കാഴ്ചകളിൽ ഉൾപ്പെടുന്നു.

ആനന്ദിന്റെ ‘ആട്ട’മാണ് ഫെസ്റ്റിവൽ സുഹൃത്തുക്കൾക്കിടയിൽ മികച്ച അഭിപ്രായമുണ്ടാക്കിയ ഒരു പനോരമ ചിത്രം. നിർഭാഗ്യവശാൽ അതെനിക്ക് കാണാനായില്ല. കൗഷിക് ഗാംഗുലിയുടെ പുതിയ സിനിമയായ ‘അർധനാഗിനി’ കണ്ടതിന്റെ ക്ഷീണം ചെറുതായിരുന്നില്ല. ഋതുപർണ ഘോഷിനൊപ്പം സിനിമചെയ്ത ബംഗാളിലെ പുതിയ പ്രതീക്ഷയായിരുന്ന കൗഷിക് ആവിഷ്കാരംകൊണ്ടും ഭാവനകൊണ്ടും സിനിമയെ പിന്നോട്ടു നടത്തുകയായിരുന്നു എന്ന് പറയാതെ വയ്യ.

‘കാതൽ’ അനുഭവം

ഒരു മലയാള സിനിമ കേരളത്തിലെ തിയറ്ററുകളിൽനിന്ന് കാണുന്നതും ‘ഇഫി’ ഗോവയുടെ ഭാഗമായി ഐനോക്സിൽനിന്നു കാണുന്നതും വ്യത്യസ്തമായ അനുഭവമാണ്. കേരളത്തിലെ തിയറ്ററുകൾക്കും കാണികൾക്കുമായി രൂപകൽപന ചെയ്ത സിനിമകൾ ‘ഇഫി’ ഗോവയിലെത്തുമ്പോൾ ചുരുങ്ങിപ്പോകുന്നത് ഒരനുഭവമാണ്. ക​േമഴ്സ്യൽ ചേരുവകൾ മുഴച്ചുനിൽക്കുന്നത് ഇവിടെ ഒരസ്വാരസ്യമായി മാറും. കൗഷിക് ഗാംഗുലിയുടെ സിനിമ ബംഗാളിൽ സൂപ്പർഹിറ്റാണ്. ഇഫി ഗോവയിലത് ആകർഷകമായി തോന്നിയില്ല. ആ ദുരവസ്ഥ പക്ഷേ ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ’ നേരിട്ടില്ല.

 

ടി. ദാമോദരൻ, പി.വി. ഗംഗാധരൻ, കെ.ജി. ജോർജ്

എൺപതുകളിൽ മമ്മൂട്ടി എന്ന നടൻ തന്റെ വീരസ്യങ്ങൾ പകർന്നാടിയ എത്രയോ കഥാപാത്രങ്ങളുടെ ഡയലോഗുകൾ അതിന്റെ പിറവിയിൽ പകർത്തിയെഴുതാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അച്ഛന്റെ ഡയലോഗ് മോഡുലേഷൻ അതേപടി ഒപ്പിയെടുക്കുന്ന മമ്മുക്കയുടെ മാജിക് തിയറ്ററിൽ കൈയടി നേടുമ്പോൾ അഭിമാനംകൊണ്ടിട്ടുണ്ട്. അതായിരുന്നില്ല തൊണ്ണൂറുകളിലെയും തുടർന്നുള്ള കാലത്തെയും മമ്മൂട്ടി സിനിമകൾ. ആവിഷ്കാര രീതികളും മനോഭാവങ്ങളും മാറി. കൂടുതൽ സൂക്ഷ്മമാകുന്നതിലേക്കാണ് ആ പരിണാമം. അതൊരു പുതിയ സാധ്യതയാണ്.

‘കാതൽ’ ഈ നിശ്ശബ്ദ വിപ്ലവത്തിന്റെ കാലത്തെയാണ് അടയാളപ്പെടുത്തുന്നത്. ഒന്നും മിണ്ടാതെ പൊഴിച്ചുകളയുന്ന ആണത്തംതന്നെ ഹീറോയിസമായി മാറുന്ന കാലം. അവിടെ ജിയോ ബേബി എന്ന സംവിധായകൻ മമ്മൂട്ടി എന്ന എക്കാലത്തെയും വലിയ പുരുഷബിംബത്തെക്കൊണ്ട് ചെയ്യിക്കുന്നത് ഭീരുത്വംകൊണ്ട് വെള്ളിത്തിരയെ പ്രകമ്പനം കൊള്ളിക്കുന്ന മഴവിൽ സൗന്ദര്യമാണ്. അത് മലയാള സിനിമയിൽ അത്ര പതിവുള്ള കാഴ്ചയല്ല.

കാതലായതെന്തോ അത് ഉള്ളിലേറ്റി ഒരു വാക്കുപോലും ഉരിയാടാതെ പുറത്തെത്തിക്കുന്നു സുധിയും അച്ഛനായി ആർ.എസ്. പണിക്കരും. നിശ്ശബ്ദതകൊണ്ട് അവർ പണിതത് ഒരു വിസ്മയംതന്നെയാണ്. മമ്മൂട്ടിയും ജിയോ ബേബിയും ജ്യോതികയും ഒന്നും ഗോവയിൽ എത്തിയില്ലെങ്കിലും സ്വന്തം നിലപാടുകൾകൊണ്ട് ആ ശൂന്യത നികത്താൻ പ്രാപ്തരായിരുന്നു ‘കാതലി’ലെ അഭിനേതാക്കളായ മുത്തുമണിയും ചിന്നുവും സുധിയും. സിനിമക്കുശേഷം അതിന്റെ കാണികളുമായി നടന്ന സംവാദത്തെ തികഞ്ഞ രാഷ്ട്രീയബോധ്യത്തോടെ അവർ മുന്നോട്ടു നയിച്ചു. അവിടെ വിജയിച്ചത് ജിയോ ബേബി എന്ന സംവിധായകന്റെ നിലപാടുകളുടെ കാതലാണ്.

‘ഇഫി’ ഗോവയിൽ ഉയർന്ന ഒരു ചോദ്യം സിനിമയിലെ നായികയായ ഓമന എന്തിനാണ് ഒരു തീരുമാനമെടുക്കാനായി രണ്ടു പതിറ്റാണ്ടോളം കാത്തിരുന്നത് എന്നാണ്. ആ ചോദ്യത്തിനുത്തരം കുടുംബം എന്ന പിരമിഡ് ഇടിഞ്ഞുവീഴാതെ കാത്തുസൂക്ഷിക്കുന്ന എല്ലാവർക്കും അറിയാം. തീരുമാനംതന്നെയാണ് പ്രശ്നം. അതിന് ചിലപ്പോൾ ഒരുദിവസം മതിയാകും. ചിലപ്പോൾ ഒരായുസ്സ് മതിയാകില്ല എന്ന് പല ദാമ്പത്യങ്ങളും സാക്ഷ്യം പറയും. ഒരു തീരുമാനത്തിൽ ഇടിഞ്ഞുപൊളിഞ്ഞു വീഴാനുള്ളതാണ് എങ്കിലും അതുണ്ടാകുന്നതുവരെ അതുണ്ടാകുന്ന നേരംതന്നെയാണ് പ്രധാനം. എപ്പോൾ വേണമെങ്കിലും പതറിപ്പോകാമായിരുന്ന തീരുമാനത്തെ മുറുകെപ്പിടിക്കുന്ന ജ്യോതികയുടെ വീട്ടുവീഴ്ചയില്ലാത്ത ഭാവം കുറച്ചൊന്നുമല്ല ആശ്വാസമേകിയത്.

ഓർക്കാതെ പോകുന്ന നഷ്ടങ്ങൾ

പഴയ ‘ഇഫി’കളുടെ ഏറ്റവും നല്ല ഓർമ അതിലെ അനുസ്മരണ വിഭാഗങ്ങൾ തന്നെയായിരുന്നു. വിട പറഞ്ഞ ചലച്ചിത്രകാരന്മാരുടെ സിനിമകളെ പുതിയ കാലത്തിന്റെ വായനകൾക്കായി മുന്നോട്ടുവെക്കുന്ന പാക്കേജുകൾ ‘ഇഫി’യുടെ പ്രധാന ആകർഷണമായിരുന്നു. മരിച്ചവരെ ഓർക്കുക എന്നത് ‘ഇഫി’യിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നുമായിരുന്നു. എന്നാൽ, അത് ഇത്തവണത്തോടെ പൂർണമായും തുടച്ചുനീക്കപ്പെട്ടിരുന്നു. മലയാള സിനിമയുടെ വലിയ നഷ്ടങ്ങളായ സംവിധായകൻ കെ.ജി. ജോർജിനെയും നിർമാതാവ് പി.വി. ഗംഗാധരനെയും ഔദ്യോഗികമായി ഈ ‘ഇഫി’ ഓർക്കാൻ തയാറായില്ല. അതൊരു നഷ്ടവും നന്ദികേടുമായിരുന്നു.

കെ.ജി. ജോർജിന്റെ മിക്കവാറും എല്ലാ സിനിമകളും ഇഫിയിൽ ഇന്ത്യൻ പനോരമയുടെ ഭാഗമായിരുന്നതാണ്. ജോർജിനെ ഒരു മലയാളി സംവിധായകനായി ചുരുക്കിക്കെട്ടാനുമാകില്ല. എത്ര പുരസ്കാരം നേടി എന്നതല്ല ഒരു സിനിമയെ ക്ലാസിക് ആക്കിമാറ്റുന്നത്. അത് പല തലമുറകളെ പല കാലങ്ങളിൽ പല കാഴ്ചകൾക്ക് വഴിതെളിക്കുന്നുണ്ടോ എന്നതാണ് സിനിമകളെ വഴിവിളക്കുകളാക്കി മാറ്റുന്നത്. ഒരു ചലച്ചിത്രകാരന് ഒരു ഫിലിം ഫെസ്റ്റിവൽ കൊടുക്കുന്ന വലിയ ആദരവുകളിൽ ഒന്നാണ് മരണാനന്തരം തയാറാക്ക​െപ്പടുന്ന അനുസ്മരണവിഭാഗം. അത് ഉന്മൂലനം ചെയ്യപ്പെട്ടതോടെ ഇത്തവണത്തെ ‘ഇഫി’ അനാദരിച്ചത് മലയാള സിനിമയെ മുന്നോട്ടു നയിച്ച രണ്ട് ചലച്ചിത്രപ്രതിഭകളെയാണ്, കെ.ജി. ജോർജിനെയും പി.വി.ജിയെയും; അതുവഴി മലയാള സിനിമയെയും.

 

2012ൽ അച്ഛൻ, തിരക്കഥാകൃത്ത് ടി. ദാമോദരൻ മാസ്റ്റർ വിടപറഞ്ഞപ്പോൾ അന്ന് ‘ഇഫി’ ഗോവ അച്ഛനെ ആദരിക്കാൻ ‘കാലാപാനി’യുടെ ഹിന്ദി വേർഷൻ പ്രദർശിപ്പിച്ചിരുന്നു. പ്രദർശനത്തിന് മുമ്പേ വേദിയിൽ അച്ഛനെ അനുസ്മരിച്ച് ‘ഇഫി’ ഡെപ്യൂട്ടി ഡയറക്ടർ തനു റോയി നൽകിയ പൂച്ചെണ്ട് ഏറ്റുവാങ്ങാനും മകൾ എന്ന നിലയിൽ ഓർമ പങ്കിടാനും അവസരമുണ്ടായിട്ടുണ്ട്. അന്നത്തെ ഫെസ്റ്റിവൽ ബുക്കിൽ അച്ഛനായൊരു പേജും ‘ഇഫി’ നീക്കിവെച്ചിരുന്നു. അതായിരുന്നു ‘ഇഫി’യുടെ പഴയ പാരമ്പര്യം. ക്ഷണിക്കപ്പെട്ട അതിഥിയായാണ് ആ ഫെസ്റ്റിവലിൽ ഞാൻ പങ്കെടുത്തിരുന്നത്.

ചലച്ചിത്ര നിർമാതാക്കളുടെ ആഗോള സംഘടനയായ ‘ഫിയാഫി’ന്റെ വൈസ് പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ നിർമാതാവാണ് പി.വി.ജി. എത്രയോ വർഷങ്ങൾ ഫെസ്റ്റിവലിന്റെ ഭാഗമായിരുന്ന വ്യക്തിയുമാണ്. ‘ഫിയാഫ്’ അക്രഡിറ്റേഷൻ ഉള്ള ഫെസ്റ്റിവൽ എന്നതാണ് ഇഫിയുടെ മേന്മയായി പരിഗണിക്കപ്പെടുന്ന ഘടകം. എത്രയോ വർഷങ്ങളിൽ ‘ഇഫി’യുടെ ഉദ്ഘാടന-സമാപന ചടങ്ങുകളിൽ പി.വി.ജി നിതാന്ത സാന്നിധ്യമായിരുന്നു. എത്ര പെട്ടെന്നാണ് എല്ലാവരും ഇതൊക്കെ മറന്നുപോകുന്നത് എന്നത് ഞെട്ടിക്കുന്ന അനുഭവമാണ്.

പി.വി.ജിയെ ഗോവൻ മലയാളി കൂട്ടായ്മയായ മണ്ടോവി മലയാളി അസോസിയേഷൻ ഹോട്ടൽ ഫിദാൽഗോ ഗോവയിൽവെച്ച് നടന്ന ഒരു അനുസ്മരണച്ചടങ്ങിൽ ഓർത്തു എന്നത് ഒരാശ്വാസമായിരുന്നു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള അതിനായി എത്തിച്ചേർന്നു. പി.വി.ജിയാണ് ഇഫി ഗോവയിലെത്തുന്ന മലയാളിക്കൂട്ടായ്മയെ സംഘടിപ്പിച്ച് മണ്ടോവി മലയാളി അസോസിയേഷൻ ഉണ്ടാക്കിയത്.

ഇപ്പോൾ ഓട്ടൂർ കൃഷ്ണദാസാണ് മണ്ടോവി മലയാളി അസോസിയേഷന്റെ പുതിയ അധ്യക്ഷൻ. കഴിഞ്ഞവർഷം ഇതേ സമയത്ത് ഇരുപത്തഞ്ച് ‘ഇഫി’ പിന്നിട്ട ഏക മലയാളി സ്ത്രീ എന്ന ആദരവ് എനിക്ക് നൽകിയത് ഇതേ മണ്ടോവി അസോസിയേഷനായിരുന്നു. 1991ൽ ആദ്യത്തെ ‘ഇഫി’ക്ക് ഗൃഹലക്ഷ്മി ഫിലിംസിന്റെ പേരിൽ എനിക്ക് ഡെലിഗേറ്റ് കാർഡ് എടുത്തുതന്നത് പി.വി.ജിയായിരുന്നു എന്ന് ദുഃഖത്തോടെ ഞാൻ അനുസ്മരിച്ചു.

 

ഖുഷ്ബു െഎ.എഫ്​.എഫ്​.​െഎ വേദിയിൽ

ഇഫി 54ന്റെ ശേഷിപ്പ്

ജർമൻ സംവിധായകനായ റോബർട്ട് ഷ്വാന്റ്കെയുടെ ‘സെനക’യാണ് ഇത്തവണ കാണാനായ സിനിമകളിൽ ഏറ്റവും പ്രസക്തമായ ഒരു രചന. വധഗൂഢാലോചന സംശയിച്ച് നീറോ ചക്രവർത്തി വധശിക്ഷക്ക് വിധിച്ച സ്വന്തം ഗുരുവായ സെനക മരണത്തിന്റെ മുനമ്പിൽ വെച്ച് നടത്തുന്ന ദാർശനിക സംവാദമാണ് സിനിമ. തെറ്റായ രീതിയിൽ നേടുന്നതെല്ലാം തെറ്റായ രീതിയിൽതന്നെ നഷ്ടമാകുമെന്ന പാഠമാണ് സിനിമ മുന്നോട്ടുവെക്കുന്നത്.

സ്പാനിഷ് സംവിധായകനായ വിക്ടർ എറൈസിന്റെ ‘ക്ലോസ് യുവർ ഐസ്’ ആണ് ഇഫി ഗോവയിൽനിന്നും മടങ്ങുമ്പോൾ ഒരനുഭവമായി കൂടെപ്പോരുന്ന സിനിമ. 1973ൽ വിക്ടർ സംവിധാനംചെയ്ത ‘The Spirit of the Beehive’ സ്പാനിഷ് സിനിമയുടെ ചരിത്രത്തിലെ അദ്വിതീയമായ സ്ഥാനത്തുള്ള സിനിമയായാണ് കരുതപ്പെടുന്നത്. ക്രൊയേഷ്യൻ സംവിധായകനായ മാരിങ്കോവിച്ചിന്റെ ‘ബോസ്നിയൻ പോട്ട്’ മുൻ യുഗോസ്ലാവിയയുടെ പതനത്തോടെ ലോകമെങ്ങും ചിതറിപ്പോയ മനുഷ്യജീവിതങ്ങൾ എവിടെയെങ്കിലും വേരുപിടിക്കാനായി നടത്തുന്ന ബദ്ധപ്പാടുകളുടെ ഹൃദയസ്പർശിയായ ആവിഷ്കാരമാണ്.

സിനിമക്ക് ശേഷമുള്ള ക്യു ആൻഡ് എ യിൽ സംവിധായകൻ നടത്തിയ, പുതിയ യൂറോപ്പിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ സിനിമക്ക് കൂടുതൽ തെളിച്ചം നൽകി. ഹൊറർ സിനിമകളുടെ തരംഗം ലോകമാകെ സൃഷ്ടിച്ച സിനിമയാണ് 1973ൽ പുറത്തുവന്ന വില്യം ഫ്രൈഡ് കിൻ സംവിധാനം ചെയ്ത ‘ദ എക്സോസിസ്റ്റ്’.

‘ഇഫി’ ഗോവയിൽ അത് റീസ്റ്റോർഡ് ക്ലാസിക്കുകളുടെ ഡയറക്ടേഴ്സ് കട്ട് ഐനോക്സിൽ നിറഞ്ഞ സദസ്സിനെ ആകർഷിച്ചു. പഴയ ഭയം ചിരിയായി മാറുന്നത് ഒരു പുതിയ അനുഭവംതന്നെയായിരുന്നു. പണ്ട് കാണാത്ത ചില അർഥതലങ്ങൾകൂടി ഇന്നതിൽ നിരീക്ഷിക്കാനാവുന്നുണ്ട്. ഇറാഖിലെ നഷ്ടനഗരങ്ങളുടെ ഖനനത്തിൽ പൊന്തിവന്ന പുരാവസ്തുക്കളിൽനിന്നാണ് അമേരിക്കയുടെ സ്വാസ്ഥ്യം കെടുത്തുന്ന പിശാചുബാധ ഉടലെടുക്കുന്നത്. അതിനെ നേരിടാൻ സിനിമയിലന്ന് ഉപയോഗിക്കുന്നത് കുരിശും ബൈബിളും വിശുദ്ധജലവുമാണ്. എന്നാൽ, അമേരിക്കയുടെ ഇറാഖ് ആക്രമണം അതേ ചരിത്രത്തിന് സിനിമ പകരുന്ന ചില മുന്നറിയിപ്പുകളുടെ വിദൂരച്ഛായ ‘ദ എക്സോസിസ്റ്റി’ൽ ഇന്നു കാണാവുന്നതാണ്.

 

െഎ.എഫ്​.എഫ്​.​െഎ: ഒരു കാഴ്​ച

ചില ശൂന്യതകൾ

1988ലെ വി.ആർ. ഗോപിനാഥ് സംവിധാനംചെയ്ത ‘ഒരു മെയ് മാസപ്പുലരിയിൽ’ എന്ന സിനിമയുടെ നിർമാതാക്കളിലൊരാളായ ബൈജു പണിക്കർ ഈ ഫെസ്റ്റിവലിലില്ല. ഒരു സിനിമ സംവിധാനംചെയ്യാനുള്ള അഗാധമായ ആഗ്രഹവുമായി നടന്ന ബൈജു ‘ഇഫി’ സൗഹൃദങ്ങളിലെ മറക്കാനാവാത്ത മുഖമാണ്. ശബരിമലയിലേക്കെന്നപോലെ കെട്ടുംകെട്ടി വർഷാവർഷം ‘ഇഫി’ക്ക് മുറതെറ്റാതെ പുറപ്പെടുന്ന മുഖങ്ങളിൽ ഒന്ന്. സ്വന്തം സിനിമ സാക്ഷാത്കരിക്കാനാകാതെ ബൈജു ലോകത്തോട് വിടപറഞ്ഞു. ഷാജി ഇഷാരുടെ നേതൃത്വത്തിൽ ‘ഇഫി’ മലയാളിക്കൂട്ടായ്മ ബൈജുവിനെ ഓർക്കാൻ ഒരു കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. സ്ഥിരം ‘ഇഫി’ക്കാരായ എഴുത്തുകാരൻ സി.വി. ബാലകൃഷ്ണനും ബിജു മുത്തത്തിയും പ്രേംചന്ദുമൊക്കെ ആ കൂട്ടായ്മയിൽ ബൈജുവിനെ ഓർത്തു സംസാരിച്ചു.

അങ്ങനെ ഓർക്കാൻ ബൈജുവിന് കൂട്ടുകാരെങ്കിലുമുണ്ടായത് നല്ല കാര്യം. എന്നാൽ, ‘ഇഫി’യിൽ വന്നുതുടങ്ങി പിന്നെ നിർത്തിക്കളഞ്ഞ സ്ത്രീമുഖങ്ങൾ നിരവധിയാണ്. അവർക്ക് സിനിമയായോ സൗഹൃദമായോ ഗോവയിലേക്ക് എത്താനാവാതെ പോയതിന് കൃത്യമായ സാമൂഹിക രാഷ്ട്രീയ കാരണങ്ങളുണ്ട്. അത് അത്രമേൽ ആണത്തങ്ങളുടെ ആഘോഷം നടക്കുന്ന ഒരു ഇൻഡസ്ട്രിയാണ് എന്നതുതന്നെ പ്രധാന കാരണം. സ്ത്രീകളുടെ കൊഴിഞ്ഞു വീഴലുകൾ ആരുമറിയാതെ പോകുന്നു. നിശ്ശബ്ദമായ ആ അപ്രത്യക്ഷമാകൽ മറ്റൊരു ഫെസ്റ്റിവൽ വേദനയാണ്. പുതിയ പെൺകുട്ടികൾ വരുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ, എത്രകാലം എന്നത് ഓരോ ഫെസ്റ്റിവലും സ്ത്രീകൾക്ക് മുന്നിലുയർത്തുന്ന വലിയ വെല്ലുവിളിതന്നെയാണ്.

‘ഇഫി’യിലെ ചുവന്ന പരവതാനികൾക്ക് മുകളിലൂടെ ബാൻഡ് മേളങ്ങൾക്ക് അകമ്പടി സേവിച്ച് കടന്നുപോകുന്ന ജയഘോഷയാത്രകളിൽ ഞാനൊരു ശൂന്യത കാണുന്നു. അതിൽ നടികൾ എത്ര വേണമെങ്കിലുമുണ്ട്. എന്നാൽ, തീരുമാനമെടുക്കുന്ന ഇടങ്ങളിൽ കസേര വലിച്ചിട്ടിരിക്കാൻ കെൽപുള്ള സംവിധായികമാർ, അവരെ കാണാൻ കിട്ടുന്നതുതന്നെ ഒരു ഭാഗ്യമാണ്. 54ാം വയസ്സിലും അതാണ് ‘ഇഫി’ സൃഷ്ടിക്കുന്ന ‘ലെഗസി’. എവിടെ നമ്മുടെ ‘പെണ്ണുങ്ങൾ’?

News Summary - weekly culture film and theatre