പ്രതിരോധത്തിന്റെ ശബ്ദം, പ്രതിചരിത്രത്തിന്റെയും

കൗതർ ബെൻ ഹാനിയയുടെ ‘ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' എന്ന സിനിമ കാണുന്നു
‘‘ചില ജീവിതങ്ങൾ മുറിവേറ്റതായോ നഷ്ടപ്പെട്ടതായോ പരിഗണിക്കപ്പെടണമെങ്കിൽ, അവ ആദ്യം ജീവനുള്ളവയാണെന്ന് അംഗീകരിക്കപ്പെടണം’’
-ജൂഡിത്ത് ബട്ട്ലർ
അധികാരവർഗവും ലോകക്രമവും ചില ജനവിഭാഗങ്ങളെ 'Ungrievable lives' (വിലാപമർഹിക്കാത്തവർ) ആയി കാണുന്നുവെന്ന ബട്ട്ലറിന്റെ നിരീക്ഷണത്തെ ശരിവെക്കുന്നതായിരുന്നു ഗസ്സയിലെ ഹിന്ദ് റജബ് ഹമാദ എന്ന ആറു വയസ്സുകാരിയുടെ കൊച്ചുജീവിതം. ഫലസ്തീനിലെ ഗസ്സയിൽ അധിനിവേശസൈന്യത്താൽ അതിക്രൂരമായി കൊല്ലപ്പെട്ടതാണവൾ. ലോകത്തിന്റെ നിശ്ശബ്ദതയെ ഭേദിച്ച് അവളുടെ ശബ്ദം ഇപ്പോൾ ഒരു സിനിമയിലൂടെ പുനർജനിച്ചിരിക്കുകയാണ്. അവളോട് ലോകം ചെയ്ത അനീതിയുടെ കഥയും.
കൗതർ ബെൻ ഹാനിയയുടെ ‘ദി വോയ്സ് ഓഫ് ഹിന്ദ് റജബ്’ (2025) വെറുമൊരു ഡോക്യുഡ്രാമ എന്നതിലേറെ അധിനിവേശ ശക്തികൾ ‘വിലയില്ലാത്തവർ’ എന്ന് മുദ്രകുത്തി പുറന്തള്ളിയ ഒരു ജനതയുടെ ചരിത്രരേഖയാണ്. ഗസ്സയിലെ അധിനിവേശത്തിനിടയിൽ ടാങ്കുകൾക്കിടയിൽ അകപ്പെട്ടുപോയ കുഞ്ഞുഹിന്ദിന്റെ അന്ത്യനിമിഷങ്ങളെ ആസ്പദമാക്കിയാണ് ബെൻ ഹാനിയ ചിത്രം ഒരുക്കിയിട്ടുള്ളത്. സിനിമയുടെ ഭൂരിഭാഗവും റെഡ് ക്രസന്റ് ഡിസ്പാച്ച് സെന്ററിലെ നിസ്സഹായാവസ്ഥയെയാണ് കേന്ദ്രീകരിക്കുന്നത്. ഹിന്ദിന്റെ ജീവനുവേണ്ടി റെഡ് ക്രസന്റ് പ്രവർത്തകർ നടത്തുന്ന പോരാട്ടം അധിനിവേശത്തിന്റെ ഇരുളിൽ മറഞ്ഞുപോകുമായിരുന്ന ഒരു കുഞ്ഞിനെ ലോകത്തിന് മുന്നിൽ ‘മനുഷ്യനായി’ നിലനിർത്താനുള്ള ശ്രമമാണ്.
ഒരർഥത്തിൽ ഹിന്ദ് റജബിന്റെ ശബ്ദം ഒരു പ്രതിചരിത്രം എഴുതുകയാണ്. ചരിത്രത്തിന്റെ സങ്കീർണതകൾക്കിടയിൽ സത്യം മറച്ചുവെക്കപ്പെടുന്നതും മാറ്റിയെഴുതപ്പെടുന്നതും നഷ്ടമാകുന്നതുമൊന്നും പുതിയ കാര്യമല്ല. എന്നാൽ, സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാത്ത വിധം വ്യാജമായ വിവരങ്ങൾ വാഴുന്ന ലോകത്ത് ചരിത്രമെഴുതുന്നത് ശ്രമകരമാണ്. തിരുത്തേണ്ടത് അധികാരത്തിന്റെ അസന്തുലിതമായ കൊളോണിയൽ ആഖ്യാനങ്ങളെയാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. വാർത്തകളിൽ നിറയുന്ന പലതും വിശ്വസിക്കാൻ നിർബന്ധിതരാകുന്നവരോട് മുഖ്യധാരാ മാധ്യമങ്ങൾ പറയുന്നതിനപ്പുറം ഒരു കഥയുണ്ടെന്ന് പറയുന്നവരെല്ലാം (അവർ മാധ്യമ പ്രവർത്തകരോ, ചലച്ചിത്രപ്രവർത്തകരോ, സാധാരണക്കാരോ ആയിക്കൊള്ളട്ടെ) ചരിത്രകാരന്മാർ തന്നെയാണ്. തുനീഷ്യൻ ചലച്ചിത്രകാരിയായ കൗതർ ബെൻ ഹാനിയയുടെ ഡോക്യുഡ്രാമ ചരിത്രത്തിന്റെ ഭാഗമാകുന്നത് അങ്ങനെയാണ്.
ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കിടെ കൊല്ലപ്പെട്ടത് ഇരുപതിനായിരത്തോളം കുഞ്ഞുങ്ങളാണ്. അവരിൽ ഒരാളായി മാത്രം അറിയപ്പെടുമായിരുന്ന ഹിന്ദ് റജബ് ഹമാദ എന്ന അഞ്ചു വയസ്സുകാരിയുടെ കഥ ലോകത്തിനുമുന്നിലെത്തിച്ചത് ഫലസ്തീൻ റെഡ് ക്രസന്റ് സന്നദ്ധ പ്രവർത്തകരുടെ ഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖകളാണ്. അധിനിവേശത്തെ പ്രതിരോധിക്കുന്ന ഒരുകൂട്ടം മനുഷ്യർ എഴുതിക്കൊണ്ടിരിക്കുന്ന ഒരു പ്രതിചരിത്രത്തിലെ വിലപ്പെട്ട രേഖയാണ് കുഞ്ഞു ഹിന്ദിന്റെ ദുർബലമായ ശബ്ദം.
2025 ആഗസ്റ്റിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞത് ഇസ്രായേലിന് ഡിജിറ്റൽ പ്രോപഗണ്ട യുദ്ധത്തിൽ ജയിക്കാനാവുന്നില്ലെന്നാണ്. ഇതിനെ മറികടക്കാൻ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാരെ സ്വാധീനിക്കാനായി ഒമ്പത് ലക്ഷം ഡോളറാണ് ഇസ്രായേൽ 2025ൽ വകയിരുത്തിയത്. ആഖ്യാനങ്ങളെയും പൊതുജനാഭിപ്രായങ്ങളെയും തങ്ങൾക്കനുകൂലമാക്കുന്നത് ഇസ്രായേലിന്റെ പ്രഖ്യാപിത നയവുമാണ്. ‘ഹസ്ബറ’ എന്നറിയപ്പെടുന്ന ഈ പ്രോപഗണ്ട പദ്ധതിയിലൂടെ സയണിസ്റ്റ് രാഷ്ട്രത്തിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെയെല്ലാം അവർ വെള്ളപൂശിക്കൊണ്ടിരുന്നു.
എന്നാൽ, ഒക്ടോബർ ഏഴിനുശേഷം ഹസ്ബറ വിജയിക്കാത്തതിനു പിന്നിൽ വൈദ്യുതിയും ഇന്റർനെറ്റും, എന്തിനു വെള്ളവും ഭക്ഷണവും പോലുമില്ലാത്ത മരണമുനമ്പിൽനിന്ന് തങ്ങളുടെ പ്രിയപ്പെട്ടവരുടെ തീരാവേദനയും അധിനിവേശത്തിന്റെ ഭീകരതയും പുറത്തെത്തിച്ച ഫലസ്തീനിലെ മാധ്യമപ്രവർത്തകരാണ്. പാശ്ചാത്യ മാധ്യമങ്ങൾ മറച്ചുവെച്ചും മാറ്റിയെഴുതിയും ഇസ്രായേലിന്റെ ഹസ്ബറയെ സഹായിച്ചപ്പോൾ ഹിന്ദിന്റേതുപോലുള്ള നൂറുകണക്കിന് കഥകൾ പുറംലോകത്തെത്തിച്ചതും അവരാണ്. അതുതന്നെയാണ് നൂറുകണക്കിന് മാധ്യമപ്രവർത്തകരെ ഇസ്രായേൽ കൊന്നൊടുക്കിയതിനുള്ള കാരണവും.
ഹിന്ദിന്റേത് ഒരു കഥ മാത്രമല്ലെന്ന തിരിച്ചറിവ് ആരുടെയും ഹൃദയം തകർക്കുന്നതാണ്. റെഡ് ക്രസന്റ് ഓഫിസിലെ ഫോൺ സംഭാഷണത്തിലെ ശബ്ദരേഖ അതേപടി സിനിമയിൽ ഉപയോഗിച്ചതിനാൽ ആ നിമിഷങ്ങളുടെ ഭീകരതയും വേദനയും പ്രേക്ഷകരെ വേട്ടയാടും. 2024 ജനുവരി 29ന് ഗസ്സ സിറ്റിയുടെ പടിഞ്ഞാറുഭാഗത്ത് ഇസ്രായേൽ ആക്രമണം കടുപ്പിച്ചപ്പോഴാണ് ഹിന്ദും അവളുടെ കുടുംബത്തിലെ മറ്റു നാലു കുട്ടികളുൾപ്പെടെ ആറ് അംഗങ്ങളും 2024 ജനുവരി 29ന് പുലർച്ചെ, ഗസ്സ സിറ്റിയിലെ തെൽ അൽ-ഹവാ പ്രദേശത്തിലുള്ള അവരുടെ വീട്ടിൽനിന്ന് വടക്കോട്ട് കാറിൽ യാത്രതിരിച്ചത്.
ഇസ്രായേൽ സൈന്യം പുറപ്പെടുവിച്ച ഒഴിപ്പിക്കൽ ഉത്തരവുകൾക്ക് പിന്നാലെ, ഇതിനകം പലതവണ കുടിയൊഴിപ്പിക്കപ്പെടുകയും യുദ്ധം കാരണം വേർപിരിയുകയും ചെയ്തിരുന്ന ഹിന്ദിന്റെ കുടുംബം അവിടെനിന്ന് രക്ഷപ്പെടാൻ തീരുമാനിച്ചു. കനത്ത ബോംബാക്രമണത്തിനിടയിൽ, ഇസ്രായേൽ സൈനികർ അടുത്തെത്തിയ സാഹചര്യത്തിൽ, കുടുംബത്തിലെ ചിലർ കാൽനടയായി രക്ഷപ്പെട്ടു. ബശ്ശാർ ഹമാദയുടെ ഭാര്യയും കുട്ടികളും ഹിന്ദുമുൾപ്പെടെ ഏഴുപേരാണ് ഒരു ചെറിയ കിയ പിക്കാന്റോ കാറിൽ യാത്രതിരിച്ചത്. പ്രദേശം വിട്ട് അധികദൂരം പോകുന്നതിന് മുമ്പേ, ഇസ്രായേൽ സൈന്യം അവരുടെ കാറിനുനേരെ ഷെല്ലിങ് നടത്തി. അതോടെ കാറിനുള്ളിലെ എല്ലാവരും കൊല്ലപ്പെട്ടു.
ഹിന്ദും അമ്മാവന്റെ മകൾ പതിനഞ്ചുകാരി ലയാൻ ഹമാദയും മാത്രമാണ് ജീവനോടെ ബാക്കിയായത്. തുടർന്നും ഇസ്രായേലി ടാങ്കുകൾ കാറിനുമേൽ വെടിയുതിർത്തുകൊണ്ടിരുന്നു. ഇതിനിടെ ബശ്ശാർ ഹമാദയുടെ ജർമനിയിലുള്ള സഹോദരൻ, വെസ്റ്റ് ബാങ്കിലെ റാമല്ലയിലുള്ള ഫലസ്തീൻ റെഡ് ക്രസന്റ് സർവിസസു (PRCS)മായി ഓഫിസിലേക്ക് ഫോണിൽ സഹായമഭ്യർഥിച്ചു വിളിക്കുകയായിരുന്നു. അദ്ദേഹം നൽകിയ നമ്പറിലേക്ക് 2.30ന് എമർജൻസി ഓപറേറ്ററായ ഒമർ അൽഖം വിളിച്ചപ്പോൾ പ്രതികരിച്ചത്, ബശ്ശാറിന്റെ പതിനഞ്ചുകാരിയായ മകൾ ലയാനാണ്. ‘‘അവർ ഞങ്ങളുടെ നേരെ വെടിവെക്കുകയാണ്. ടാങ്ക് ഞങ്ങളുടെ തൊട്ടടുത്താണ്’’ എന്നാണ് ലയാൻ പറഞ്ഞത്. അതിനുപിന്നാലെ ശക്തമായ വെടിവെപ്പിന്റെ ശബ്ദവും തുടർന്ന് നിലവിളികളും ഉയർന്നു, കുറച്ച് നിമിഷങ്ങൾക്കകം ഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടു.
ലയാന്റെ ശബ്ദം മുറിഞ്ഞപ്പോൾ ആ കാറിലുള്ളവരെല്ലാം കൊല്ലപ്പെട്ടുവെന്ന ധാരണയിൽ അവളെ സഹായിക്കാനാവാത്ത ദുഃഖത്തിലായി ഒമർ. എന്നാൽ, ആറു വയസ്സുകാരിയായ കുഞ്ഞ് ജീവനോടെയുണ്ടെന്ന ഒരു മെസ്സേജ് കണ്ട് അയാൾ കാറിലേക്ക് വീണ്ടും വിളിച്ചു. മറുതലക്കൽനിന്ന് ‘‘എനിക്ക് പേടിയാകുന്നു. എന്നെ വന്നു കൊണ്ടുപോകൂ’’ എന്നൊരു കുഞ്ഞുസ്വരം കേട്ട ഒമർ ഒരു നിമിഷം സ്തബ്ധനായിപ്പോയി. ഫോണിലൂടെ കേൾക്കുന്ന ഹിന്ദിന്റെ ശബ്ദം പ്രേക്ഷകരിൽ ഉണ്ടാക്കുന്ന ആഘാതം വിവരണാതീതമാണ്. സിനിമയിൽ ഒമറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫലസ്തീനി നടനായ മൊതാസ് മൽഹീസ് ആണ്.
കൗതർ ബെൻ ഹാനിയ
ഹിന്ദിന് ധൈര്യമേകാൻ തുടർന്നുള്ള നിമിഷങ്ങളിൽ ഒമർ നടത്തുന്ന ശ്രമങ്ങൾ പ്രേക്ഷകരുടെ ഉള്ളുലക്കുന്നതാണ്. മൃതദേഹങ്ങൾക്ക് നടുവിൽ മരണം മുന്നിൽക്കണ്ട് ഭയന്നിരിക്കുന്ന ഹാനൂദ് എന്ന് വിളിപ്പേരുള്ള ഹിന്ദ്, താൻ പഠിക്കുന്നത് ‘ബട്ടർഫ്ലൈ’ ക്ലാസിലാണ് എന്ന് പറഞ്ഞപ്പോൾ അവളുടെ നിഷ്കളങ്കതയോർത്ത് വിതുമ്പുന്നുണ്ടയാൾ. ഒരു കുഞ്ഞ് മരണഭയത്തിൽ നിലവിളിക്കുമ്പോൾ, സുരക്ഷിതമായ ഒരു മുറിയിലിരുന്ന് ഫോണിലൂടെ മാത്രം സംസാരിക്കേണ്ടിവരുന്ന അവസ്ഥ ഒമറിനെ വല്ലാതെ തളർത്തി. കൃത്യസമയത്ത് സഹായം എത്തിക്കാൻ കഴിയാത്തതിലുള്ള ആത്മരോഷവും സൈന്യത്തിന്റെ ക്രൂരതയോടുള്ള പ്രതിഷേധവും മൊതാസ് മൽഹീസിന്റെ പ്രകടനത്തിൽ നിഴലിക്കുന്നുണ്ട്. ഒരുനിമിഷം പോലും താൻ അഭിനയിക്കുകയായിരുന്നില്ല എന്നും ചിത്രീകരണത്തിനിടെ തനിക്ക് രണ്ടുതവണ പാനിക് അറ്റാക്ക് (Panic Attack) ഉണ്ടായെന്നുമാണ് മൽഹീസ് പറഞ്ഞത്.
ഫോൺ ലൈനിൽ ഹിന്ദിനെ ആശ്വസിപ്പിക്കാൻ ഒമർ പിന്നീട് റെഡ് ക്രസന്റിലെ മറ്റൊരു ജീവനക്കാരിയായ റാണ ഹസൻ ഫഖിഹിനെ വിളിച്ചു. ഖുർആൻ ഓതിക്കൊടുത്തും വിശേഷങ്ങൾ ചോദിച്ചും ആശ്വസിപ്പിക്കുന്നതിനിടെ കാറിനുള്ളിലെ ഭയാനകമായ നിശ്ശബ്ദതയിൽ, ഇരുട്ടിൽ ഒറ്റക്കാകുന്നത് പേടിച്ച ഹിന്ദിനോട്, കൂടെയുള്ളവർ ഉറങ്ങുകയാണെന്നും അവരെ ശല്യപ്പെടുത്തേണ്ടെന്നും റാണ പറഞ്ഞു. ഒരുപക്ഷേ ആ കുഞ്ഞ് കാണുന്ന കാഴ്ചയുടെ ക്രൂരത കുറക്കാനായിരുന്നു റാണയുടെ ആ ശ്രമം. എന്നാൽ, ആ കുഞ്ഞിന്റെ മറുപടി റാണയെ മാത്രമല്ല, ലോകത്തെ മുഴുവൻ നടുക്കുന്നതായിരുന്നു: ‘‘അവരെല്ലാവരും മരിച്ചുപോയി’’.
ആ പ്രായത്തിൽ ഒരു കുട്ടി ഒരിക്കലും അനുഭവിക്കാൻ പാടില്ലാത്തത്രയും വലിയ ക്രൂരതക്ക് ഹിന്ദ് സാക്ഷിയായി എന്ന തിരിച്ചറിവ് റാണയുടെ സഹനപരിധിക്കപ്പുറമായിരുന്നു. സിനിമയിലൊരിടത്ത് താൻ അനുഭവിക്കുന്ന വേദന ഉള്ളിലൊതുക്കി ഹിന്ദിന് പ്രത്യാശ നൽകാൻ ശ്രമിക്കെ നിസ്സഹായതമൂലം അവർ തളർന്നുവീഴുന്നുണ്ട്. ഈ വേഷം ചെയ്യുന്നത് ഫലസ്തീനിൽ വേരുകളുള്ള കവയിത്രി കൂടിയായ നടി സജ കിലാനി ആണ്.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ശ്രമിക്കുന്ന ഡിസ്പാച്ച് സൂപ്പർവൈസർ മഹ്ദി എം. അൽജമാലിന്റെ വേഷം ചെയ്യുന്നത് ആമർ ഹ്ലെഹെൽ ആണ്. ഓരോ നിമിഷവും വൈകുന്തോറും ഹിന്ദിന്റെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ്, ആംബുലൻസ് അയക്കാൻ അനുമതി തേടി അദ്ദേഹം കാത്തിരിക്കുന്നത് ഒമർ അക്ഷമയോടെയാണ് വീക്ഷിക്കുന്നത്. ഒരുവശത്ത് സഹായത്തിനായി കേഴുന്ന കുഞ്ഞ്, മറുവശത്ത് തന്റെ സഹപ്രവർത്തകരായ ആംബുലൻസ് ജീവനക്കാരുടെ സുരക്ഷ-ഇവ രണ്ടിനുമിടയിലുള്ള വലിയൊരു ധർമസങ്കടമാണ് മഹ്ദിയുടേത്.
ആംബുലൻസ് അയക്കാൻ അനുമതി തേടുമ്പോഴുള്ള നൂലാമാലകളും, ഒടുവിൽ തന്റെ ആളുകളെ മരണത്തിലേക്ക് അയക്കേണ്ടി വരുമോ എന്ന ഭയവും മഹ്ദിയെ വേട്ടയാടുന്നു. ഉത്തരവാദിത്തവും മാനുഷികതയും തമ്മിലുള്ള ഈ പോരാട്ടം ആമർ ഹ്ലെഹെൽ തന്മയത്വത്തോടെ അവതരിപ്പിച്ചു. റെഡ് ക്രസന്റ് കേന്ദ്രത്തിലെ ജീവനക്കാർ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദത്തിന് താങ്ങായി നിൽക്കുന്ന കൗൺസലർ നിസ്രീൻ ജെറീസ് ഖവാസിനെ അവതരിപ്പിക്കുന്നത് പ്രശസ്ത നടി ക്ലാര ഖൂരി ആണ്. ഏത് കടുത്ത സമ്മർദത്തെയും സംയമനത്തോടെ സമീപിക്കുന്ന നിസ്രീനെപ്പോലും ഹിന്ദിന്റെ അവസ്ഥ തളർത്തുന്നുണ്ട്. ഈ നാലു കഥാപാത്രങ്ങളിലൂടെയാണ് ഹിന്ദിനോടൊപ്പമുള്ള അഞ്ചു മണിക്കൂറുകളെ സിനിമ വരച്ചുകാണിക്കുന്നത്.
ഹിന്ദിന്റെ മാതാവ് വിസാം ഹമാദയും ചിത്രത്തിന്റെ ഭാഗമാണ്. ഫോണിൽ മകളുമായി സംസാരിച്ചു ധൈര്യം പകരുന്ന ആ അമ്മ പിന്നീടനുഭവിച്ച നീറ്റൽ ഒരു വേദനയായി പ്രേക്ഷകരുടെ മനസ്സിൽ നിൽക്കും. ഈ സിനിമയുടെ നിർമാണത്തിൽ ബ്രാഡ് പിറ്റ്, ജോക്വിൻ ഫിനിക്സ് തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളും പങ്കാളികളായിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഹിന്ദിനടുത്തേക്ക് ആംബുലൻസ് അയക്കാൻ മഹ്ദി അനുമതി നേടിയെടുത്തത്. യൂസഫ് അൽ സെയ്നോ, അഹമ്മദ് അൽ മദ്ഹൂൻ എന്നീ രണ്ട് പാരാമെഡിക്കൽ ഉദ്യോഗസ്ഥരാണ് ആംബുലൻസിലുണ്ടായിരുന്നത്. ഇസ്രായേലി സൈന്യവുമായി ഏകോപിപ്പിച്ച്, സുരക്ഷിതമായ പാതയിലൂടെ സഞ്ചരിക്കാൻ അനുമതി ലഭിച്ച ശേഷമാണ് അവർ യാത്ര തിരിച്ചത്.
ഏകദേശം വൈകുന്നേരം ആറു മണിയോടെ, ആംബുലൻസ് ഹിന്ദിന്റെ കാറിന് അരികിലെത്തിയതായി അവർ ഡിസ്പാച്ചറെ അറിയിച്ചു. അവർ കാർ കാണുന്നുണ്ടെന്നു റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ വലിയൊരു സ്ഫോടന ശബ്ദം ഡിസ്പാച്ചർമാർ ഫോണിലൂടെ കേട്ടു. അതിനുശേഷം യൂസഫുമായും അഹമ്മദുമായുമുള്ള ബന്ധം പാടേ നഷ്ടപ്പെട്ടു. എല്ലാ പ്രതീക്ഷയുമറ്റ സന്നദ്ധപ്രവർത്തകർ പിന്നീടുള്ള സമയം, മുറിവേറ്റ് തളർന്ന ഹിന്ദിന്റെ കുഞ്ഞുജീവൻ മായും വരെ അവൾക്ക് ഇരുളിൽ കൂട്ടായിനിന്നു. 7.30ഓടെ ഹിന്ദിന്റെ ശബ്ദം ഫോണിൽ കേൾക്കാതായി.
പന്ത്രണ്ട് ദിവസങ്ങൾക്കുശേഷം ഫെബ്രുവരി 10നാണ് ലോകം ആ ക്രൂരത പൂർണമായി അറിഞ്ഞത്. ഫോറൻസിക് ആർക്കിടെക്ചറിന്റെ (Forensic Architecture) റിപ്പോർട്ട് അനുസരിച്ച് ഇസ്രായേലി ടാങ്കുകൾ കാറിന് വെറും 13 മുതൽ 23 മീറ്റർ വരെ മാത്രം അകലെയായിരുന്നു. അതുകൊണ്ടുതന്നെ കാറിനുള്ളിൽ കുട്ടികളാണെന്ന് സൈനികർക്ക് വ്യക്തമായി കാണാമായിരുന്നു. എന്നിട്ടും കാറിൽ 335 വെടിയുണ്ടകളാണ് തുളച്ചുകയറിയത്. ഇത്രയധികം വെടിയുണ്ടകൾ ഉപയോഗിച്ചത് ആസൂത്രിതമായ കൊലപാതകമാണെന്ന വാദത്തിന് ബലം നൽകുന്നു. അവരെ രക്ഷിക്കാൻ ഔദ്യോഗിക അനുമതിയോടെ എത്തിയ ആംബുലൻസിനെ 50 മീറ്റർ അകലെ വെച്ച് യു.എസ് നിർമിത മിസൈൽ ഉപയോഗിച്ച് തകർത്തതായും ഫോറൻസിക് തെളിവുകൾ സൂചിപ്പിക്കുന്നു.
സിനിമയിലൊരിടത്ത് മഹ്ദിയിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങി കാറിലുള്ള കുഞ്ഞിനെ രക്ഷിച്ചുകൊണ്ട് ഇസ്രായേലികൾ വേണമെങ്കിൽ സൈന്യത്തിന്റെ കരുണയെപ്പറ്റി ‘ഹസ്ബറ’ നടത്തിക്കൊള്ളട്ടെ എന്ന് ഒമർ പറയുന്നുണ്ട്. പക്ഷേ, ഇസ്രായേലി സൈന്യത്തെക്കുറിച്ച് കൂടുതലറിയുന്ന മഹ്ദി പറയുന്നത്, കാറിൽ കുഞ്ഞ് ജീവനോടെയുണ്ട് എന്നറിയാനുള്ള ഇൻഫ്രാറെഡ് സാങ്കേതികവിദ്യ ഉണ്ടായിരിക്കെയാണ് അവർ കാറിനുനേരെ വെടിയുതിർക്കുന്നത് എന്നാണ്.
സിനിമയിൽ ഹിന്ദിനെ നാം കാണുന്നില്ലെങ്കിലും അവളുടെ ശബ്ദം സിനിമയിലുടനീളം ഒരു അദൃശ്യ സാന്നിധ്യമായി നിറഞ്ഞുനിൽക്കുന്നു. അഡ്രിയാന കവറേറോ നിരീക്ഷിക്കുന്നതുപോലെ, ശബ്ദം എന്നത് ഒരാളുടെ അദ്വിതീയമായ അടയാളമാണ്. കൊലചെയ്യപ്പെട്ട ശേഷവും അവളുടെ ശബ്ദം ആ കുഞ്ഞിനെ ഒരു ‘വ്യക്തി’യായി ലോകത്തിന് മുന്നിൽ നിലനിർത്തുന്നു. അത് അവളുടെ ഭയത്തെയും വേദനയെയും നേരിട്ട് ലോകത്തെ അറിയിക്കുന്ന രാഷ്ട്രീയ രേഖയായി മാറുന്നു. ഹിന്ദിന്റെ ശബ്ദം കേൾക്കാൻ തയാറായവരെല്ലാം അവളെ ഒരു ‘വിലപ്പെട്ട ജീവിതമായി’ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തി.
അധിനിവേശ ശക്തികൾ ഹിന്ദിനെ ‘അനുബന്ധ നാശനഷ്ടം’ (Collateral Damage) എന്ന് വിളിച്ചപ്പോൾ, ബെൻ ഹനിയയുടെ സിനിമ അത് ‘വിലാപമർഹിക്കുന്ന ജീവിതം’ (Grievable Life) എന്നു തിരുത്തി എഴുതി. മനുഷ്യരായവർക്കൊന്നും ഹൃദയം നുറുങ്ങിക്കൊണ്ടല്ലാതെ ‘ദി വോയ്സ് ഓഫ് ഹിന്ദ് റജബ്’ കണ്ടുതീർക്കാൻ കഴിയില്ല. ഒരിടത്ത് ജീവിതവും സിനിമയും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചുകളയുന്നവിധം ഒരു അഭിനേതാവ് തന്റെ ഫോൺ ഉയർത്തിപ്പിടിക്കുകയും, റെഡ് ക്രസന്റ് പ്രവർത്തകർ പകർത്തിയ യഥാർഥ ദൃശ്യങ്ങൾ പ്രേക്ഷകരെ കാണിക്കുകയും ചെയ്യുന്നു. അത് വെറുമൊരു അഭിനയമല്ലെന്നും, ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഒരു യാഥാർഥ്യത്തിന്റെ പുനരാവിഷ്കാരമാണെന്നും ഈ രംഗം പ്രേക്ഷകരെ ഓർമിപ്പിക്കുന്നു.
ഹിന്ദ് റജബ് ഹമാദ
ഇന്ന് ഹിന്ദ് വെറുമൊരു പേരല്ല, ഒരു പ്രതീകമാണ്. അവളുടെ മരണത്തിന് ശേഷമുള്ള മാസങ്ങളിൽ ആ നാമം ലോകമെമ്പാടും പടർന്നുപിടിച്ചു. കൊളംബിയ സർവകലാശാലയിലെ വിദ്യാർഥികൾ പ്രതിഷേധത്തിനിടെ അവിടെയുള്ള ‘ഹാമിൽട്ടൺ ഹാളിനെ’ ‘ഹിന്ദ്സ് ഹാൾ’ എന്ന് പുനർനാമകരണം ചെയ്തു. ഇത് പ്രശസ്ത ഗായകൻ മാക്കിൾമോറിന്റെ ഒരു വൈറൽ ഗാനത്തിന് പ്രചോദനമായി. ഹിന്ദ് റജബ് ഫൗണ്ടേഷൻ സംഭവത്തിൽ ഉൾപ്പെട്ട ഇസ്രായേൽ സൈനികർക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ICC) നിയമപോരാട്ടം നടത്തുകയാണ്. ഹിന്ദിന്റെ കൊല യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്രസഭയും മറ്റ് മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കുന്നുണ്ട്.
മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ധരും ഹിന്ദിന്റെ കഥയിലൂടെ നീതിക്കായി പോരാടുമ്പോഴും, അവളുടെ കഥ ലോകത്തോട് വിളിച്ചുപറയുന്നതിൽ ഏറ്റവും വിജയിച്ചത് കൗതർ ബെൻ ഹാനിയയുടെ സിനിമയാണ്. ഈ ചിത്രത്തിന്റെ രാഷ്ട്രീയ കരുത്ത് സ്ക്രീനിൽ മാത്രം ഒതുങ്ങുന്നതല്ല. 82-ാമത് വെനീസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലെ ഗ്രാൻഡ് ജൂറി പ്രൈസ് ഉൾപ്പെടെയുള്ള നേട്ടങ്ങൾ വിട്ടുവീഴ്ചയില്ലാത്ത ചലച്ചിത്രഭാഷക്കുള്ള അംഗീകാരമാണ്. മേളയിൽ ചിത്രം 20 മിനിറ്റിലേറെ നീണ്ടുനിന്ന ‘സ്റ്റാൻഡിങ് ഓവേഷൻ’ (എഴുന്നേറ്റുനിന്നുള്ള ആദരവ്) കരസ്ഥമാക്കി. ചലച്ചിത്ര മേളയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ ആദരവാണിത്.
ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ (Berlinale) സമാധാനത്തിനുള്ള പുരസ്കാരം നിരസിച്ചുകൊണ്ട് കൗതർ ബെൻ ഹാനിയ സ്വീകരിച്ച ധീരമായ നിലപാട് ഈ സിനിമയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. ഗസ്സയിൽ വംശഹത്യ നടന്നുകൊണ്ടിരിക്കുമ്പോൾ, ആഗോള വേദികളിൽ നിന്ന് ലഭിക്കുന്ന ‘സമാധാന’ പുരസ്കാരങ്ങൾ കാപട്യമാണെന്നും ലോകക്രമത്തിലെ അനീതികൾക്കെതിരെയും വംശഹത്യക്കെതിരെയും സംസാരിക്കാത്ത ഒരു പുരസ്കാരവും തനിക്ക് ആവശ്യമില്ലെന്നും അവർ പറഞ്ഞു. ഹിന്ദ് റജബ് എന്ന കുഞ്ഞിന്റെ ശബ്ദത്തെ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാൻ കഴിയില്ലെന്ന് സിനിമ അടിവരയിടുന്നു.
‘‘എല്ലാ ജീവനും വിലപ്പെട്ടതാണ്’’ എന്ന ലളിതമായ സത്യം സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ നിന്നുകൊണ്ട് ലോകത്തോട് വിളിച്ചുപറയുന്നു. സിനിമ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്കർ നാമനിർദേശം നേടിയെങ്കിലും ഫലസ്തീനിയായ മോതാസ് മൽഹീസിന് അമേരിക്ക വിസ നിഷേധിച്ചതിനാൽ ചടങ്ങിൽ പങ്കെടുക്കാനായില്ല.
അവാർഡ് ലഭിച്ചില്ലെങ്കിലും, എല്ലാ തടസ്സങ്ങളും അതിജീവിച്ച് ഹിന്ദിന്റെ ശബ്ദം ഓസ്കർ പോലൊരു വേദിയിൽ കേൾപ്പിച്ചതിലും ഹിന്ദിന് നീതി ലഭിക്കാനായി. യു.എസ് കോൺഗ്രസിൽ 2026 മാർച്ച് 12ന് ‘ജസ്റ്റിസ് ഫോർ ഹിന്ദ് റജബ് ആക്ട്’ (Justice for Hind Rajab Act) എന്ന ഉഭയകക്ഷി ബിൽ അവതരിപ്പിക്കപ്പെട്ടതിലും കൃതാർഥരാണ് വോയ്സ് ഓഫ് ഹിന്ദ് റജബിന്റെ പ്രവർത്തകർ.
======================
References :
1. Ben Hania, Kaouther, director. The Voice of Hind Rajab. Tanit Films & Cintl films, 2025.
2. Butler, Judith. Frames of War: When Is Life Grievable? Verso, 2009.
3. ---. Precarious Life: The Powers of Mourning and Violence. Verso, 2004.
4. Cavarero, Adriana. For More Than One Voice: Toward a Philosophy of Vocal Expression. Translated by Paul A. Kottman, Stanford University Press, 2005.
5. Forensic Architecture. "The Killing of Hind Rajab." Forensic-Architecture.org, 21 June 2024, https://forensic-architecture.org/investigation/the-killing-of-hind-rajab.
