ഈണത്തിന്റെ ഓരോ ഇഴകളിലുമുണ്ട് ജാനകി

‘‘വിശ്രമമില്ലാതെ ദശാബ്ദങ്ങൾ പാടിയശേഷം സ്വയം ഏകാന്തതയിലേക്കും വിശ്രമത്തിലേക്കും നിതാന്ത ഭക്തിയിലേക്കും ഒതുങ്ങുകയായിരുന്നു ജാനകിയമ്മ.’’ കന്നട ഗാനങ്ങൾ മലയാളികൾ അധികം കേൾക്കാറില്ല. എന്നാൽ, തെലുഗുവും തമിഴും അങ്ങനെയല്ല. എസ്. ജാനകി എന്ന അതുല്യ ഗായിക അവരുടെ ചെറുപ്പത്തിൽ പാടിയ ‘‘ശിങ്കാരവേലനെ ദേവാ’’ എന്ന ഗാനം തമിഴിലും തെലുഗുവിലുമെന്നപോലെ മലയാളത്തിലും തരംഗമായി അലയടിച്ചു. അന്ന് അങ്ങനെയൊരു ഗാനം പാടാൻ ആരും ധൈര്യം കാണിക്കില്ല. കാരൈകുറിച്ചി അരുണാചലം എന്ന അന്നത്തെ നാദസ്വരത്തിലെ ചക്രവത്തിയാണ് ഒപ്പം വായിക്കുന്നത്. അന്ന് തമിഴിലെ മുൻനിര ഗായികയായ പി. ലീലയായിരുന്ന ഈ ഗാനം പാടേണ്ടിയിരുന്നത്....
Your Subscription Supports Independent Journalism
View Plans‘‘വിശ്രമമില്ലാതെ ദശാബ്ദങ്ങൾ പാടിയശേഷം സ്വയം ഏകാന്തതയിലേക്കും വിശ്രമത്തിലേക്കും നിതാന്ത ഭക്തിയിലേക്കും ഒതുങ്ങുകയായിരുന്നു ജാനകിയമ്മ.’’
കന്നട ഗാനങ്ങൾ മലയാളികൾ അധികം കേൾക്കാറില്ല. എന്നാൽ, തെലുഗുവും തമിഴും അങ്ങനെയല്ല. എസ്. ജാനകി എന്ന അതുല്യ ഗായിക അവരുടെ ചെറുപ്പത്തിൽ പാടിയ ‘‘ശിങ്കാരവേലനെ ദേവാ’’ എന്ന ഗാനം തമിഴിലും തെലുഗുവിലുമെന്നപോലെ മലയാളത്തിലും തരംഗമായി അലയടിച്ചു. അന്ന് അങ്ങനെയൊരു ഗാനം പാടാൻ ആരും ധൈര്യം കാണിക്കില്ല. കാരൈകുറിച്ചി അരുണാചലം എന്ന അന്നത്തെ നാദസ്വരത്തിലെ ചക്രവത്തിയാണ് ഒപ്പം വായിക്കുന്നത്.
അന്ന് തമിഴിലെ മുൻനിര ഗായികയായ പി. ലീലയായിരുന്ന ഈ ഗാനം പാടേണ്ടിയിരുന്നത്. എന്നാൽ, നാദസ്വരത്തിനൊപ്പം പാടാൻ ജാനകിയുടെ റേഞ്ച് ആയിരിക്കും കൂടുതൽ ഉചിതമെന്ന് പി. ലീല തന്നെ നിർദേശിക്കുകയായിരുന്നു. കാരൈകുറിച്ചി ഗായികയെക്കുറിച്ച് ചോദിച്ചറിഞ്ഞു ക്ലാസിക്കൽ സംഗീതത്തിൽ അവഗാഹമുള്ള ആളാണോ എന്ന്. എന്നാൽ അദ്ദേഹത്തെപ്പോലും അത്ഭുതപ്പെടുത്തി ഈ സംഗീത വിസ്മയത്തിന്റെ ആലാപനം. പിന്നീട് ഏതാണ്ട് മൂന്ന് ദശാബ്ദത്തിനു ശേഷം കാരൈകുറിച്ചിയുടെ പിൻതലമുറക്കാരനായ നാദസ്വര വിദ്വാൻ നാമഗിരിപ്പേട്ട കൃഷ്ണനോടൊപ്പം ചേർന്ന് ജാനകി പാടി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ‘‘അനുരാഗ നർത്തനത്തിൻ അരങ്ങേറ്റം’’ എന്ന ഗാനമായിരുന്നു അത്.
ഷെഹ്‌നായ് വാദനത്തിലൂടെ ഇന്ത്യയിലെ ഇതിഹാസമായി മാറിയ ഉസ്താദ് ബിസ്മില്ല ഖാനെ പാട്ടുകൊണ്ട് മതിമറക്കാൻ പ്രേരിപ്പിച്ചു ഈ അത്ഭുത ഗായിക. ജാനകിയുടെ പാട്ടും നാദസ്വരവും പിന്നെ ഷെഹ്‌നായിയുമൊക്കെ ഗാനാസ്വാദകരുടെ സ്വപ്നമാണ്. അത് യാഥാർഥ്യമാക്കാൻ ഈ ഗായിക മാത്രമേ ഉള്ളൂ എന്നതും എന്തുകൊണ്ടും വിസ്മമയാവഹമായ ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ മാത്രമായ വൈശിഷ്‌ട്യം. റെക്കോഡിങ് സ്റ്റുഡിയോയിൽ വന്ന് പാട്ടു പഠിച്ച് റെക്കോഡിങ് തുടങ്ങി. ആദ്യത്തെ വരി പാടിക്കേട്ടപ്പോൾ ആ ശബ്ദത്തിന്റെ മാസ് മരികതയിൽ, ആലാപനവശ്യതയിൽ മതിമറന്നുപോയി ബിസ്മില്ല ഖാൻ. അദ്ദേഹം തന്റെ ഭാഗം വായിക്കാതെ മതിമറന്നങ്ങനെ നിന്നുപോയി. സംഗീത സംവിധായകൻ ഓർമിപ്പിച്ചപ്പോഴാണ് അദ്ദേഹം വായിച്ചത്. സംഗീതത്തിൽ മതിമറക്കുന്ന ഉപാസകനായ ബിസ്മില്ല ഖാൻ പിന്നെയും മറന്നു. അങ്ങനെ പത്തു ടേക്കെങ്കിലും വേണ്ടിവന്നു ആ ഗാനം പാടാൻ എന്നത് സംഗീത ചരിത്രത്തിലെ ഒരു വിസ്‌മയ ഏടാണ്.
കന്നടയിൽ എം.എസ്. ഗോപാലകൃഷ്ണന്റെ വയലിൻ അമ്പടിയോടെയിറങ്ങിയ പാട്ടും അങ്ങനെയൊരു ചരിത്രം. ‘‘ശിവ ശിവ എന്നദ നാളിഗ ഏകേ’’ എന്ന ഗാനം. ‘ഹേമാവതി’ എന്ന ചിത്രത്തിൽ. സ്‌റ്റുഡിയോയിലെത്തുമ്പോൾ ഏതുതരം പാട്ടാണെന്നുപോലും ഗായിക അറിഞ്ഞിരുന്നില്ല. എൽ. വൈദ്യനാഥനായിരുന്നു സംഗീതം. ഒരിക്കലും പ്രതീക്ഷിച്ചില്ല തോഡിയും ആഭോഗിയും ചേർന്നുള്ള രാഗമാലികയാണെന്ന്. ആർക്കും പാടാനാവാത്തത്ര ഫാസ്റ്റായി ചിട്ടപ്പെടുത്തിയ സ്വരം. ഈണം കേട്ട വയലിൻ വിസ്മയമായ എം.എസ്. ഗോപാലകൃഷ്ണനുപോലും ഇത് മനുഷ്യ സാധ്യമാണെന്ന് തോന്നിയില്ല.

ഉസ്താദ് ബിസ്മില്ലാ ഖാൻ, നടൻ രാജ്കുമാർ, നടി ജയപ്രദ എന്നിവർക്കൊപ്പം,ഹിന്ദി ചലച്ചിത്ര സംഗീത സംവിധായകൻ ജയ്ദേവ്, ഗായിക ദർശന, ഗായകൻ പി. ജയചന്ദ്രൻ എന്നിവർക്കൊപ്പം എസ്. ജാനകി,യേശുദാസിനൊപ്പം ഒരു വേദിയിൽ പാടുന്ന എസ്. ജാനകി
അദ്ദേഹം സംശയം പ്രകടിപ്പിച്ചു ജാനകി ഇത് പാടുമോ എന്ന്. പാടാൻ ബുദ്ധിമുട്ടാണ് അതിനാൽ വയലിനിൽ വായിക്കാമെന്നായി അദ്ദേഹത്തിന്റെ നിർദേശം. എന്നാൽ, വൈദ്യനാഥന് വിശ്വാസമായിരുന്നു ജാനകിക്കത് പാടാൻ കഴിയുമെന്ന്. സാക്ഷാൽ ജാനകിക്കും ഉണ്ടായിരുന്നു സംശയം. എന്നാൽ, ആ ചരിത്രമുഹൂർത്തത്തിന്റെ വിധി ഉറച്ചതുതന്നെയായിരുന്നു. ജാനകിയമ്മ മറ്റൊന്നും ആലോചിച്ചില്ല ത്യാഗരാജസ്വാമിയെയും രാഘവേന്ദ്ര സ്വാമിയെയും മനസ്സിൽ ധ്യാനിച്ചു. അവർ വന്ന്, തന്നിലൂടെ പാടിയെന്നാണ് അതീവ ഭക്തയായ ജാനകി വിശ്വസിച്ചത്. ആ മഹത്തായ ഗാനം അങ്ങനെ സംഭവിച്ചു. വൈവിധ്യമാർന്ന സിനിമാഗാനം പാടാനായിമാത്രം സൃഷ്ടിക്കപ്പെട്ട ഗായികയാണ് ജാനകി എന്നുതോന്നും.
‘‘വീണേ വീണേ’’ എന്ന ഇളയരാജയുടെ ഈണത്തിൽ കാവാലം എഴുതിയ ഗാനം ഒരു വ്യത്യസ്തമായ പാട്ടാണ്. എം.എസ്. സുബ്ബലക്ഷ്മി എല്ലാവരെയും വിസ്മയിപ്പിച്ച കാലത്ത് ഏതോ പണ്ഡിതൻ പറഞ്ഞു ഇവൾ തൊണ്ടയിൽ വീണവെച്ചാണ് പാടുന്നതെന്ന്. സ്വരസ്ഥാനങ്ങൾ അത്ര സൂക്ഷ്മതയോടെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞ ശബ്ദമായതുകൊണ്ടായിരുന്നു അങ്ങനെയൊരു ഉപമ. ‘‘വീണേ വീണേ’’ എന്ന ജാനകിയുടെ ഗാനം കേൾക്കുമ്പോഴും നമുക്ക് അങ്ങനെ പറയാൻ തോന്നും. വീണയും ഗായികയും ഒന്നായി തോന്നുന്ന അപൂർവതയാണ് ഈ ഗാനത്തിൽ.
കുട്ടിക്കാലത്ത് നാഗസ്വര വിദ്വാന്റെയടുത്താണ് സംഗീതം പഠിക്കാനായി പോയത്. അദ്ദേഹത്തെ അന്ന് ലതാ മങ്കേഷ്‌കറുടെ ഗാനമാണ് പാടി കേൾപ്പിച്ചത്. ഇവളുടെ സിംഹാസനം സിനിമാ ഗാനത്തിലാണെന്ന് അതോടെ തിരിച്ചറിഞ്ഞ അദ്ദേഹം ഇനി ഒന്നും പഠിക്കേണ്ടതില്ലെന്നു പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു എന്നതു ചരിത്രം. അത് കാലത്തിന്റെ നിയോഗവും.
19ാം വയസ്സിൽതന്നെ പാടിത്തുടങ്ങിയ കാലത്ത് തെന്നിന്ത്യ അടക്കിവാഴുന്നത് സുശീലാമ്മയാണ്. വിശ്വനാഥൻ രാമമൂർത്തിയും പിന്നെ എം.എസ്. വിശ്വനാഥൻ സ്വതന്ത്രനായും തമിഴ് മെല്ലിശൈ ലോകം വാഴുന്ന കാലത്ത് ശിവാജി ഗണേശന്റെയും എം.ജി.ആറിന്റെയും പാട്ടുകൾ പാടിയിരുന്നത് സൗന്ദരരാജനും സുശീലയും ചേർന്നായിരുന്നു. അന്നൊക്കെ രണ്ടാം സ്ഥാനക്കാരിയായിരുന്ന ജാനകി പതിയെ മുൻനിരയിലേക്കെത്തുകയായിരുന്നു. ഇളയരാജയുടെ രംഗപ്രവേശത്തോടെ അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ശബ്‌ദ ഭാഷ്യം രചിക്കാനുള്ള ചുമതല ജാനകിക്കായിരുന്നു എന്നുപറയാം. അതുല്യമായൊരു കെമിസ്ട്രി അവിടെ രൂപപ്പെടുകയായിരുന്നു. 50 വർഷം മുമ്പ് ഇളയരാജയുടെ ആദ്യ ചിത്രമായ ‘അന്നക്കിളി’ ഇളയരാജക്ക് സിംഹാസനം ഒരുക്കിക്കൊടുക്കുകയായിരുന്നു. ഒപ്പം, ജാനകിയെ പാട്ടിന്റെ പട്ടമഹിഷിയുമാക്കി. ‘
‘മച്ചാനെ പാത്തിങ്കളാ’’, ‘‘അന്നക്കിളി ഉന്നെ തേടുതേ’’ തുടങ്ങിയ ആ ചിത്രത്തിലെ എല്ലാ ഗാനങ്ങളും തമിഴിൽ മാത്രമല്ല, തെന്നിന്ത്യയിലെങ്ങും തരംഗം സൃഷ്ടിക്കുകയായിരുന്നു. തമിഴ് തനിമയുള്ള മണ്ണിന്റെ സംഗീതത്തെ പാശ്ചാത്യസംഗീതത്തിന്റെ നിയാമകമായ അളവുകൾവെച്ച് സംസ്കരിച്ചെടുത്ത് അതിൽ ഹൃദയസംഗീതത്തിന്റെ ഈണങ്ങൾ ഇഴുകിച്ചേർത്തവയായിരുന്നു ഇളയരാജയുടെ ഗാനങ്ങൾ. ഒന്നൊഴിയാതെ ഹൃദയാർദ്രങ്ങളായ ഈണങ്ങൾ അദ്ദേഹം മൂന്നു ദശാബ്ദങ്ങളോളം അണമുറിയാതെ സൃഷ്ടിച്ചെടുത്തു. അതിൽ നിതാന്ത സാന്നിധ്യമായി എസ്. ജാനകി എന്ന ഗായിക. പിന്നീട് മുൻനിരയിലേക്ക് ചിത്ര കടന്നുവന്നെങ്കിലും ഇളയരാജയുടെ മാസ്റ്റർപീസുകളെല്ലാം അതിനകം തന്നെ പിറന്നുകഴിഞ്ഞിരുന്നു.
ഒരു പാട്ടിന്റെ പിതാവ് സംഗീത സംവിധായകൻതന്നെ. അദ്ദേഹം വിഭാവനം ചെയ്യുന്നതാണ് ഒരു പാട്ട്. എന്നാൽ, ആ സങ്കൽപത്തെ അതുപോലെ സൃഷ്ടിച്ചെടുക്കാൻ അതിലേറെ ഭാവാത്മകതയോടെ നിർമിച്ചെടുക്കാനുള്ള അനന്യമായ കഴിവാണ് ഈ ഗായികയെ വ്യത്യസ്തയാക്കുന്നത്. പാട്ടിന്റെ എല്ലാ വൈവിധ്യങ്ങളും അനേകം ആവൃത്തി സൃഷ്ടിച്ചയാളാണ് ഇളയരാജ. അതേ വൈവിധ്യങ്ങളെ ശബ്ദത്തിന്റെ നിസ്‌തുല സാധ്യതകൾ ഉപയോഗിച്ചും അറിവിന്റെയും ഭാവനയുടെയും ഭാവാത്മകതയുംകൊണ്ട് സൃഷ്ടിച്ച ഗാനങ്ങൾ പാട്ടിന്റെ ഭാവുകത്വത്തെ തന്നെ മാറ്റിമറിച്ചു. ഇളയരാജയെന്നല്ല ഏത് സംഗീത സംവിധായകന്റെയും മനസ്സ് കാണാനും അത് പകരം വെക്കാനില്ലാത്തരീതിയിൽ പ്രതിഫലിപ്പിക്കാനുമുള്ള കഴിവ് ജാനകിയമ്മയോളം ആർക്കെങ്കിലും ഉണ്ടോ എന്ന് പറയാൻ നിവൃത്തിയില്ല.
ഇളയരാജയുടെ ‘‘റാസാവേ ഒന്ന നമ്പി’’, ‘‘പൂങ്കാറ്റ് തിരുമ്പുമാ’’ തുടങ്ങിയ പാട്ടുകൾ നാട്ടുപാട്ടിന്റെ ആഡംബരരഹിതമായ വശ്യതയോടൊപ്പം മെലഡിയുടെ ആഭരണവും നോവിന്റെ നനവും പേറുന്നതാണ്. അതിന് ജാനകിയുടെ ശബ്ദംപോലെ ഇണങ്ങുന്ന മറ്റൊന്നിനി സങ്കൽപിക്കാൻതന്നെ കഴിയാത്തതുപോലെ. ‘‘മൗനംപോലും മധുരം’’, ‘‘കൊടിയിലേ മല്ലിഹ പൂ’’, ‘‘അടി ആത്താടീ’’, ‘‘ഓ വസന്തരാജാ’’, ‘‘പാടു നിലാവേ’’, ‘‘തുള്ളി തുള്ളി’’, ‘‘സുന്ദരീ കണ്ണാലൊരു’’, ‘‘ഇഞ്ചി ഇടുപഹാ’’ തുടങ്ങി എത്രയെത്ര ഗാനങ്ങളാണ് ഇളയരാജക്കുവേണ്ടി പാടിയിട്ടുള്ളത്. മലയാളത്തിലാണെങ്കിൽ 1963ൽ ഇറങ്ങിയ ‘‘തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ’’ എന്ന ഗാനം സൃഷ്ടിച്ച അലയൊലികൾ അടങ്ങിയിട്ടില്ല. അന്ന് യേശുദാസിന്റെ ‘‘താമസമെന്തേ വരുവാൻ’’ എന്ന ഗാനമൊന്നും ഇറങ്ങിയിട്ടില്ല.
പിന്നീട് മലയാളത്തിന്റെ ശബ്‌ദവസന്തമായി ഈ ഗായിക. ‘‘വാസന്ത പഞ്ചമിനാളിൽ’’, ‘‘അഞ്ജന കണ്ണെഴുതി’’, ‘‘താനേ തിരിഞ്ഞും മറിഞ്ഞും’’, ‘‘സൂര്യകാന്തി’’ തുടങ്ങിയ ഗാനങ്ങൾ ഇന്നും ഹൃദയങ്ങളിൽനിന്ന് ഹൃദയങ്ങളിലേക്ക് പകർന്നുകൊണ്ടേയിരിക്കുന്നു. രാഘവൻ മാസ്റ്ററുടെ ‘‘ഉണരുണരൂ’’, ‘‘കേശാദിപാദം’’, ഉഷാ ഖന്നയുടെ ‘‘മാനസമണിവേണുവിൽ’’, ‘‘ഉണരൂ വേഗം നീ’’, സലിൽ ചൗധരിയുടെ ‘‘കിളിയേ കിളി കിളിയേ’’, ‘ദേവരാജൻ മാസ്റ്ററുടെ ‘‘ദേവകുമാരാ’’, ദക്ഷിണാമൂർത്തിയുടെ ‘‘അഷാഢ മേഘങ്ങൾ നിഴലുകളെറിഞ്ഞു’’, ജോൺസന്റെ ‘‘എന്നിട്ടും നീയെന്നെയറിഞ്ഞില്ലല്ലോ’’, ‘‘നിമിഷം സുവർണ നിമിഷം’’, ‘‘ആടി വാ കാറ്റേ’’, രവീന്ദ്രൻ മാസ്റ്ററുടെ ‘‘സിന്ധൂരസന്ധ്യക്ക് മൗനം’’, ‘‘തേനും വയമ്പും’’, എ.ടി. ഉമ്മറിന്റെ ‘‘ജലശംഖു പുഷ്പം’’, ‘‘ഒരു മയിൽപീലിയായ് ഞാൻ’’, ‘‘രാഗേന്തു കിരണങ്ങൾ’’, എം.ബി. ശ്രീനിവാസന്റെ ‘‘ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്’’, ‘‘നിറങ്ങൾ തൻ നൃത്തം’’, ശ്യാമിന്റെ ‘‘മൈനാഗം’’, ‘‘കാത്തിരിപ്പൂ’’, അർജുനൻ മാസ്റ്ററുടെ ‘‘കായൽക്കരയിൽ തനിച്ചു വന്നത്’’, ‘‘പിന്നെയുമിണക്കുയിൽ’’, ‘‘ജെറി അമൽദേവിന്റെ ‘‘മഞ്ഞണി കൊമ്പിൽ’’ തുടങ്ങി എത്രയോ സംഗീത സംവിധായകരുടെ വൈവിധ്യമാർന്ന സംഗീത സംസ്കാരങ്ങളെ അവരുടെ കാഴ്ചപ്പാടുകൾക്കപ്പുറത്തേക്ക് സാധ്യമാക്കിയെടുത്തതാണ് സംഗീതത്തിലെ ജാനകിയുടെ ഉദാത്തമായ സംഭാവന.

പി. ലീല, ആർ. ബാലസരസ്വതി ദേവി എന്നിവർക്കൊപ്പം,റെക്കോഡിങ്ങിനിടെ സംഗീത സംവിധായകൻ ശ്യാമിനൊപ്പം
ഇളയരാജയുടെതന്നെ ഗാനങ്ങൾ മലയാളത്തിലിറങ്ങിയപ്പോൾ അതിന് മറ്റൊരു ജാനകിയാണ് ഭാവം കൊടുത്തതെന്ന് തോന്നും. ഭാഷ നന്നായി പഠിച്ച് വാക്കുകളും അർഥവും മനസ്സിലാക്കി മാത്രമേ അവർ പാടിയിട്ടുള്ളൂ. ‘‘മഞ്ഞണി കൊമ്പിൽ’’, ‘‘ഈ നീലിമ തൻ’’, ‘‘പൂ വാടികളിൽ’’, ‘‘തുമ്പി വാ തുമ്പക്കുടത്തിൻ’’ തുടങ്ങിയ ഗാനങ്ങളിൽ മറ്റൊരു ഇളയരാജയെയും ജാനകിയെയുമാണ് നാം കാണുക.
ഒരേ ഗാനം വിവിധഭാഷകളിലായി പാടാനുള്ള ഭാഗ്യം ഏറ്റവും കൂടുതൽ ലഭിച്ചിട്ടുള്ള ഗായിക എസ്. ജാനകിതന്നെയായിരിക്കും. തമിഴിലെ നിരവധി ഹിറ്റുകൾ മലയാളത്തിലും തെലുഗുവിലും കന്നടത്തിലുമൊക്കെ റീമേക്ക് ചെയ്യുമ്പോൾ അതിൽ ഗായകർ ചിലപ്പോൾ മാറും. എന്നാൽ, ജാനകിയമ്മ മാറാറില്ല. ഒരുപക്ഷേ അവർക്ക് പകരം വെക്കാൻ മറ്റൊരു ഗായികയില്ല എന്ന വിശ്വാസംകൊണ്ടു കൂടിയാകാം. ഉദാഹരണത്തിന് ‘‘മൗനംപോലും മധുരം’’ എന്ന ഇളയരാജ ഗാനം. തമിഴിലും തെലുഗുവിലും അത് എസ്.പി. ബാലസുബ്രഹ്മണ്യത്തിനൊപ്പമാണ് പാടുന്നത്. എന്നാൽ, മലയാളത്തിൽ അത് ജയചന്ദ്രനൊപ്പമാണ്. ‘‘താലാട്ടുതേ വാനം’’ എന്ന ഇളയരാജ ഗാനം ജയചന്ദ്രനൊപ്പമാണ് പാടിയത്. അതിന്റെ റിമേക്കല്ല, അതിനെ അനുകരിച്ച് ചെയ്ത പാട്ടാണ് ‘‘കാറ്റു താരാട്ടും’’ എന്നത്. ഇത് യേശുദാസിനൊപ്പമാണ് പാടിയത്. കാറ്റ് എന്ന ഉച്ചാരണംതന്നെ ശ്രദ്ധിക്കേണ്ടതാണ്. ‘‘ഓം നമശിവായ’’ എന്ന ‘സാഗരസംഗമ’ത്തിലെ ഗാനം മൂന്ന് ഭാഷയിലും ജാനകിതന്നെയാണ് പാടുന്നത്.
ലതാ മങ്കേഷ്കറോ എസ്. ജാനകിയോ എന്നതുമാത്രമാണ് ആസ്വാദകർക്ക് സംശയം. മറ്റൊരു താരതമ്യവുമില്ല. എന്നാൽ, ഇങ്ങനെയൊരു താരതമ്യവും വേണ്ടെന്ന് സമാധാനിക്കുകയേ ഉള്ളൂ ഈ ഇതിഹാസ ഗായികമാരുടെ കോടിക്കണക്കായ ആരാധകർ. ജാനകിയുടെ ഓരോ പാട്ടുമെടുത്താൽ അതിന് പകരംവെക്കാൻ ആരുമില്ലെന്ന തോന്നൽ. അത് ആരുടെ ഒപ്പം പാടിയാലും.
മലയാളികൾക്ക് എല്ലാമെല്ലാമായ യേശുദാസിനൊപ്പം നൂറുകണക്കിന് പാട്ടുകൾ പാടിയിട്ടുണ്ട്. എസ്.പിയുമൊന്ന് ആയിരത്തിലേറെ പാട്ടുകൾ. സൗന്ദർരാജനും ജയചന്ദ്രനും മനോക്കും മലേഷ്യ വാസുദേവനും ഇളയരാജക്കും ഒപ്പം എത്രയോ ഗാനങ്ങൾ പാടി. ഒരാൾക്കും ജാനകിയുടെ ഭാവത്തിനോ ആർദ്രതക്കോ വൈവിധ്യത്തിനോ അപ്പുറം സഞ്ചരിക്കാനായിട്ടില്ലെന്നുതന്നെ പറയാം. അങ്ങനെയൊരിതിഹാസം ഇനിയുണ്ടാകില്ല.

റെക്കോഡിങ്ങിനിടെ ഇളയരാജ, എസ്.പി.ബി എന്നിവർക്കൊപ്പം
മലയാളത്തിൽ യേശുദാസിനൊപ്പം പാടിയ പാട്ടുകളും വെവ്വേറെ പാടിയ ഒരേ പാട്ടുകളും ഒരു കൗതുകത്തിന് താരതമ്യം ചെയ്താലും ജാനകിയമ്മയുടെ ആലാപനത്തിനുതന്നെയാകും അൽപം കൂടുതൽ മാർക്കിടുക. ‘‘ഒരുവട്ടം കൂടിയെന്നോർമകൾ മേയുന്ന’’, ‘‘ആ നിമിഷത്തിന്റെ നിർവൃതിയിൽ’’, ‘‘ഓലത്തുമ്പത്തിരുന്നൂയലാടും’’ തുടങ്ങിയ ഗാനങ്ങൾ ഓർമിക്കപ്പെടുന്നത് എസ്. ജാനകിയുടെ പാട്ടുകളായാണ്.
ഡ്യൂയറ്റ് പാടുന്ന ആദ്യകാലത്ത് തന്റെ പേര് ആദ്യം വെക്കണമെന്ന് ജാനകി നിർബന്ധം പിടിച്ചതായി കേട്ടിട്ടുണ്ട്. തന്റെ പാട്ടിലും തന്റെ കഴിവിലുമുള്ള അവരുടെ ആത്മവിശ്വാസമായിരുന്നു അതിനുപിന്നിൽ എന്നു കാണാം. അതാണല്ലോ വൈകി നൽകിയ പത്മഭൂഷൺ അവർ നിരസിച്ചത്. എന്നാൽ, ജീവിതത്തിൽ ഇത്രയും വിനയാന്വിതയായ ഒരു ഗായികയെ ചരിത്രത്തിൽ ഒരിടത്തും കാണില്ലെന്നാണ് സംഗീതലോകം ഒന്നടങ്കം പറയുന്നത്. വിശ്രമമില്ലാതെ ദശാബ്ദങ്ങൾ പാടിയ ശേഷം സ്വയം ഏകാന്തതയിലേക്കും വിശ്രമത്തിലേക്കും തന്റെ നിതാന്ത ഭക്തിയിലേക്കും ഒതുങ്ങുകയായിരുന്നു ജാനകിയമ്മ. കൃഷ്ണ ഭക്തയായ അവർക്ക് സംഗീതവും ദൈവവും ഒന്നുതന്നെയായിരുന്നു. മകന് മുരളി എന്നു പേരുനൽകിയതും കൃഷ്ണ ഭക്തിയിൽനിന്നുതന്നെയായിരുന്നു. സംഗീത സംവിധാനത്തിലും അപാര സിദ്ധി തെളിയിച്ച ജാനകിയുടെ മീരാഭജൻസ് ഒരതുല്യ സംഭാവന തന്നെയായിരുന്നു.
