Begin typing your search above and press return to search.
proflie-avatar
Login

ഗോത്രജീവിത സിനിമകളെ മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തുന്നു

ഗോത്രജീവിത സിനിമകളെ മുഖ്യധാരയിൽനിന്ന്   മാറ്റിനിർത്തുന്നു
cancel

തന്‍റെ പുതിയ സിനിമയായ ‘തന്തപ്പേര് -life of a phallus’നെ കുറിച്ചും ആദിവാസികളുടെ പുരോഗതിക്കായി കലയിലൂടെ താൻ നടത്തുന്ന മുന്നേറ്റത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് യുവ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള. ഗോത്രജീവിത സിനിമകളെ മുഖ്യധാരയിൽനിന്ന് മനഃപൂർവം മാറ്റിനിർത്തുന്നതായും അദ്ദേഹം തുറന്നുപറയുന്നു. നിലമ്പൂർ കാടിന്‍റെ ഉള്ളറകളിൽ താമസിക്കുന്ന ചോലനായ്ക്കരുടെ ജീവിതം പറയുന്ന ‘തന്തപ്പേര് -life of a phallus’ ഐ.എഫ്.എഫ്.കെ അന്താരാഷ്ട്ര മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പ്രേക്ഷക പ്രശംസ നേടുകയും ചെയ്തിരിക്കുകയാണ്. ഇന്ന് ഏഷ്യയിൽ അവശേഷിക്കുന്ന ഏക ഗുഹാവാസികളായ ഗോത്രവിഭാഗമാണ് ചോലനായ്ക്കർ. ഔദ്യോഗിക കണക്കുപ്രകാരം 200ൽ...

Your Subscription Supports Independent Journalism

View Plans
തന്‍റെ പുതിയ സിനിമയായ ‘തന്തപ്പേര് -life of a phallus’നെ കുറിച്ചും ആദിവാസികളുടെ പുരോഗതിക്കായി കലയിലൂടെ താൻ നടത്തുന്ന മുന്നേറ്റത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് യുവ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള. ഗോത്രജീവിത സിനിമകളെ മുഖ്യധാരയിൽനിന്ന് മനഃപൂർവം മാറ്റിനിർത്തുന്നതായും അദ്ദേഹം തുറന്നുപറയുന്നു.

നിലമ്പൂർ കാടിന്‍റെ ഉള്ളറകളിൽ താമസിക്കുന്ന ചോലനായ്ക്കരുടെ ജീവിതം പറയുന്ന ‘തന്തപ്പേര് -life of a phallus’ ഐ.എഫ്.എഫ്.കെ അന്താരാഷ്ട്ര മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പ്രേക്ഷക പ്രശംസ നേടുകയും ചെയ്തിരിക്കുകയാണ്. ഇന്ന് ഏഷ്യയിൽ അവശേഷിക്കുന്ന ഏക ഗുഹാവാസികളായ ഗോത്രവിഭാഗമാണ് ചോലനായ്ക്കർ. ഔദ്യോഗിക കണക്കുപ്രകാരം 200ൽ താഴെയാണ് അവരുടെ അംഗസംഖ്യ. അങ്ങനെയിരിക്കെ അവരിൽനിന്നൊരാൾ ഇന്ത്യൻ സിനിമയുടെ നായകനായി വരുന്നു എന്നുള്ളതാണ് ഈ സിനിമയുടെ വലിയ പ്രസക്തി. ആദിവാസികളുടെ അളകളിൽ ചെന്ന് അവരെ കാമറക്ക് മുന്നിൽ നിർത്തി ദീർഘകാല ശ്രമങ്ങളിലൂടെയാണ് ഈ സിനിമ പൂർത്തിയാക്കിയിട്ടുള്ളത്. ‘തന്തപ്പേരി’ലെ പ്രധാന അഭിനേതാക്കളും ചോലനായ്ക്കർതന്നെ. അതിലൊരാൾ ചിത്രീകരണത്തിന്‍റെ അവസാന നാളുകളിൽ കാട്ടാനയുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. തന്‍റെ പുതിയ സിനിമയുടെ ഉദ്ദേശ്യലക്ഷ്യമെന്താണെന്നും അതിലൂടെ പറയുന്ന രാഷ്ട്രീയമെന്തെന്നും പുതുതലമുറ സംവിധായകനും എഴുത്തുകാരനുമായ ഉണ്ണികൃഷ്ണൻ ആവള ‘മാധ്യമ’വുമായി ഉള്ളുതുറക്കുന്നു.

‘ഗുളികൻ’ എന്ന ആദിവാസി ട്രാൻസ്‌ജെൻഡറുടെ ജീവിതം പറഞ്ഞ, രാജ്യാന്തര ശ്രദ്ധ നേടിയ ‘ഉടലാഴ’ത്തിന് ശേഷം വീണ്ടുമൊരു ആദിവാസി വിഷയംതന്നെ തെരഞ്ഞെടുക്കാനുള്ള കാരണം എന്താണ്?

ആദിവാസി സിനിമ എന്ന് പറയുന്നിടത്തുതന്നെ പൊതുബോധത്തിന്റെ ഒരു പ്രശ്നമുണ്ട്. ഇവിടെ ഇറങ്ങുന്ന എത്ര സിനിമകളെ നായർ സിനിമ, ഈഴവ സിനിമ, മുസ്​ലിം സിനിമ, ക്രിസ്ത്യൻ സിനിമ എന്ന് വിശേഷിപ്പിക്കുന്നുണ്ട്? അതിന്‍റെയൊന്നും ഐഡന്‍റിറ്റിയെ അങ്ങനെ വിശേഷിപ്പിക്കാത്ത ഒരിടത്ത്, ഗോത്രജനതയുടെ ജീവിതം ആവിഷ്കരിക്കുന്ന സിനിമകളെ ആദിവാസി സിനിമ എന്ന ഒറ്റ ടാഗ് ലൈനിൽ വിശേഷിപ്പിക്കുന്നതിൽ തെറ്റുണ്ട്. ആദിവാസി എന്ന് പറയുന്നത് നമ്മൾ പറഞ്ഞ് പറഞ്ഞ് മൂല്യം കുറച്ചൊരു വാക്കാണ്. നമ്മളെക്കാൾ എത്രയോ മുമ്പ് ഇവിടെ ജീവിച്ച ആദിമ നിവാസി എന്ന അർഥത്തിലാണ് അവരെ ആ വാക്ക് ചേർത്ത് വിളിക്കുന്നത്. നാഗരികർ അവരുടെ മുൻതലമുറയെ എത്ര ബഹുമാനത്തോടെയാണ് അഭിസംബോധന ചെയ്യുന്നത്. അതേസമയം, മുഖ്യധാരാ സമൂഹത്തിന് പുറത്തായതുകൊണ്ട് ആദിമനിവാസികളായ അവരെ വളരെ പുച്ഛത്തോടെയാണ് നമ്മൾ നോക്കിക്കാണുന്നത്. എന്ത് വിരോധാഭാസമാണിത്.

ഞാൻ ഗോത്ര ജീവിതത്തെ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്, തലമുറകൾക്കുമുമ്പ് തനത് ജീവിതരീതിയും ആചാരങ്ങളും സ്വഭാവസവിശേഷതകളും ഉൾക്കൊണ്ട് ജീവിക്കുന്ന ഒരു വിഭാഗത്തെ നാഗരികസ്വഭാവം എങ്ങനെയാണ് തകർത്തതെന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ്. ആദിവാസികളുടെ അധ്വാനഫലത്തെ ലഹരിയും കമ്പോളവസ്തുക്കളും കൊടുത്ത്, നമ്മൾ അവരുടെ സ്വാഭാവികജീവിതത്തെ തകർത്ത്, തങ്ങൾ രണ്ടാംകിടക്കാരാണ് എന്ന ബോധം അവരിൽ ഉണ്ടാക്കിയത് എങ്ങനെ എന്ന അന്വേഷണവും ഇതിനൊപ്പമുണ്ട്. ഇതുതന്നെയാണ് നമ്മളോട് കമ്പോളവത്കരണവും സാമ്രാജ്യത്വ അധിനിവേശവും കുത്തക മേലാളന്മാരും ചെയ്യുന്നതും. ഇത്തരം അനുഭവങ്ങൾക്കുള്ള തെളിവായിട്ടാണ് ഞാൻ ‘ഉടലാഴ’ത്തെയും ‘തന്തപ്പേരി’നെയും കാണുന്നത്.

‘ഉടലാഴ’ത്തിലെ ഗുളികൻ എന്ന കഥാപാത്രത്തിൽനിന്ന് നരിമൊഞ്ചൻ എന്ന നായകനിലേക്ക് എത്തുമ്പോൾ കുറെക്കൂടി ആഴത്തിലും വ്യക്തതയിലും പറയാനാണ് ശ്രമിക്കുന്നത്.

‘ഉടലാഴ’ത്തിനുശേഷം ചില വാണിജ്യ സിനിമകൾ ചെയ്യാൻ എനിക്ക് അവസരം വന്നിരുന്നു. എന്നാൽ, ആ വഴിയിലേക്ക് പോകുന്നതിനുമുമ്പ് എന്‍റേത് മാത്രമായി ചെയ്തുതീർക്കാനുള്ള സിനിമകൾ ഇനിയുമുണ്ടല്ലോ എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു. അങ്ങനെയുള്ളൊരു താൽപര്യത്തിന് പുറത്താണ് മറ്റു പ്രോജക്ടുകളെല്ലാം മാറ്റിവെച്ച് ‘തന്തപ്പേരി’ലേക്ക് എത്തുന്നത്.

ഒരിക്കലും ഗോത്രവിഭാഗത്തിനുവേണ്ടി നടത്തുന്ന പഠനപ്രവർത്തന ഭാഗമായല്ല ഈ സിനിമ ഉണ്ടാവുന്നത്. ഇത് എനിക്കുവേണ്ടിത്തന്നെ നടത്തുന്ന പഠനപ്രവർത്തന ഭാഗമായുള്ളതാണ്. 15 വർഷങ്ങൾക്കുമുമ്പ് പുറത്തിറങ്ങിയ എന്റെ ആദ്യ ഡോക്യുമെന്ററിയിലെ (Last Page/ഒടുവിലത്തെ താൾ) പല പഠനാനുഭവങ്ങളും എന്നെ ഈ സിനിമയിലേക്ക് നയിച്ചു. അന്നുമുതൽ തുടങ്ങിയ ഈ വിഷയത്തിലുള്ള സമാന്തര ഗവേഷണങ്ങളാണ് ‘തന്തപ്പേരി’ന്റെ അടിത്തറ.

തിയറ്ററിൽവെച്ച് ‘ഉടലാഴം’ കണ്ടതിനുശേഷമാണ് ചോലനായ്ക്ക വിഭാഗത്തിലെ ഏക കോളജ് വിദ്യാർഥിയായിരുന്ന വിനോദ് ചെല്ലനുമായി പരിചയപ്പെടുന്നതും സുഹൃത്താകുന്നതും. പല വർഷങ്ങളിലായി വിനോദുമായുള്ള ചർച്ചകളിലൂടെയാണ് ഈ സിനിമയുടെ തിരക്കഥ ഒന്നിച്ചുചെയ്യാം എന്ന ധാരണയിലെത്തുന്നത്. സിനിമയൊരുക്കുന്നതിന്‍റെ ആദ്യഘട്ടമായി എന്‍റെ വായനാനുഭവങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും സ്വയം കണ്ടെത്തിയ വിവരങ്ങൾ വിനോദുമായി ഞാൻ പങ്കുവെച്ചു. സ്വകാര്യ സങ്കടങ്ങളായാലും ഗോത്രപരമായ സങ്കടങ്ങളായാലും അതിനെ കലാപരമായി എങ്ങനെ സാമൂഹിക തെളിവായി മാറ്റാം എന്ന ഞങ്ങളുടെ ചിന്തയിൽനിന്നുകൂടിയാണ് ‘തന്തപ്പേര്’ എന്ന സിനിമ ജനിക്കുന്നത്.

ആദിവാസി സിനിമ എന്നതിനപ്പുറം, അടിയന്തരാവസ്ഥയുടെ 50ാം വർഷത്തിൽ പ്രസക്തമാകുന്ന ചില ഘടകങ്ങളും ‘തന്തപ്പേര് -life of a Phallus’ മുന്നോട്ടുവെക്കുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് വിവാദമായ വന്ധ്യംകരണ പദ്ധതിയിലൂടെ ഇരകളാക്കപ്പെട്ടവരായിരുന്നല്ലോ ഗോത്രവിഭാഗങ്ങളിൽ പലരും?

അച്ഛന്‍റെ പേര് എന്നാണ് തന്തപ്പേര് എന്നതുകൊണ്ട് അർഥമാക്കുന്നത്. -life of a Phallus എന്ന് പറഞ്ഞാൽ ഉദ്ധരിച്ച ഒരു പുരുഷ ജനനേന്ദ്രിയത്തിന്‍റെ ജീവിതം എന്നും. അടിയന്തരാവസ്ഥയുടെ അരനൂറ്റാണ്ട് തികഞ്ഞ ഈ സമയത്ത് കേരളത്തിൽതന്നെ പല ഗോത്രവിഭാഗങ്ങളും വംശനാശത്തിന്‍റെ വക്കിലാണ്. അറനാടന്മാർ ഉൾപ്പെടെയുള്ള കേരളത്തിലെ പണിയ, കാട്ടുനായ്ക്ക വിഭാഗത്തിൽപെട്ടവരിലെല്ലാം അടിയന്തരാവസ്ഥ എങ്ങനെയാണ് പ്രവർത്തിച്ചത് എന്നുള്ള ഒരന്വേഷണംകൂടിയാണ് ഈ സിനിമ. അടിയന്തരാവസ്ഥ നേരിട്ട് കുടുംബങ്ങളിലും ഗോത്രങ്ങളിലും എങ്ങനെ ഇടപെട്ടു എന്നുള്ള അന്വേഷണവും ഒരർഥത്തിൽ ഇതിലൂടെ നടത്തുന്നുണ്ട്.

അറനാടന്മാരെ വയറുവേദന മാറ്റാനെന്നോണം കൊണ്ടുപോയി വന്ധ്യംകരിക്കപ്പെട്ട സംഭവം പലയിടങ്ങളിലും നടന്നിട്ടുണ്ട്. പൈസയും ബക്കറ്റും മറ്റു വസ്തുക്കളുമെല്ലാം നൽകിയാണ് അവരെ പ്രലോഭിപ്പിച്ചത്. നാട്ടു മുതലാളിമാരും ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥരും ചേർന്നാണ് അടിയന്തരാവസ്ഥയുടെ മറവിൽ ഇത് നടത്തിയത്. അന്നത്തെ വന്ധ്യംകരണ പദ്ധതിയുടെ ഫലമായി 50 വർഷങ്ങൾക്കിപ്പുറം ഒരു ഗോത്രത്തിനകത്ത് എങ്ങനെയാണ് ആ നിർബന്ധിത ഉന്മൂലന ലക്ഷ്യം ഇടപെട്ടതെന്നും ആ ഗോത്രങ്ങളെ എങ്ങനെയാണ് തകർക്കുന്നതെന്നുമെല്ലാമാണ് ‘തന്തപ്പേരി’ന്‍റെ ഒരുതരത്തിലുള്ള അന്വേഷണം. 50 വർഷം മുമ്പ് ഒരു കുടുംബത്തിലേക്ക് ആരോഗ്യവകുപ്പിൽനിന്നുള്ള ജീവനക്കാരൻ വന്ന് ഒരു കുടുംബത്തിൽ രണ്ട് കുട്ടികൾ മതി എന്ന രീതിയിൽ ജനസംഖ്യ നിയന്ത്രണത്തെക്കുറിച്ച് പറഞ്ഞ് പ്രചാരണത്തിന് ചുക്കാൻപിടിച്ച ജീവനക്കാരിൽപെട്ട ചിലരെ ഞാൻ നേരിട്ട് പോയി കണ്ട് സംസാരിച്ചതിന്‍റെയും അടിസ്ഥാനത്തിലാണ് ഈ സിനിമയുടെ തിരക്കഥ രചന പൂർത്തിയാക്കിയത്.

വന്ധ്യംകരണത്തിന് വിധേയരായ, മലപ്പുറം-വയനാട് ജില്ലകളിലെ ചിലർ അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. 50 വർഷം മുമ്പ് ആ വന്ധ്യംകരണ ക്യാമ്പുകൾ സംഘടിപ്പിച്ച, ഇന്ന് ജീവിച്ചിരിക്കുന്ന പലരെയും നേരിട്ട് കാണുകയും സംസാരിക്കുകയുമുണ്ടായി. അതിന്റെ ഒരു തെളിച്ചംകൂടി തിരക്കഥയെഴുത്തിനെ സഹായിച്ചിട്ടുണ്ട്. അവരോടുള്ള സംസാരങ്ങളിലെല്ലാം മനസ്സിലാക്കിയത് സാധാരണ 25 കുടുംബങ്ങളിൽ പോയി ജനസംഖ്യ നിയന്ത്രണക്കുറിച്ച് പറഞ്ഞാൽ ഒരു കുടുംബംപോലും ഇതിനു മുതിർന്ന് മുന്നോട്ടുവരാനിടയില്ല എന്നായിരുന്നു. അങ്ങനെ വന്നപ്പോഴാണ് എണ്ണം തികക്കുക എന്ന ജോലി നിർവഹിക്കാനായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഫ്യൂഡൽ മുതലാളിമാരും ആദിവാസികളുടെ അടുത്തെത്തിയത്. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് അവരുടെ മക്കളിലൂടെ അവർ തിരിച്ചറിയുന്നത്, മക്കൾ ഇല്ലാതിരിക്കാനാണ് അന്ന് അവർക്ക് വന്ധ്യംകരണ പദ്ധതി നടപ്പാക്കിയതെന്ന്. ഉദ്യോഗസ്ഥ ലോബിയുടെ അന്ധമായ ഇടപെടലാണ് പല ഗോത്രങ്ങളും വേരറ്റുപോകാൻ ഇടയായത്.

‍ആദിവാസികളെക്കുറിച്ച് പറയുന്ന സിനിമകൾ മലയാളത്തിൽ അടുത്തിടെയായി (വർഷത്തിൽ ഒന്നെങ്കിലും) ഇറങ്ങുന്നുണ്ടെങ്കിലും ആ ജനതയുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് സമഗ്രമായ പരിശോധന നടത്തുന്ന സിനിമകൾ കുറവാണെന്നുതന്നെ പറയാം. ഈയൊരു വീക്ഷണത്തിൽ എന്താണ് ‘തന്തപ്പേരി’ന്‍റെ പ്രസക്തി?

ഗോത്രവിഭാഗത്തെക്കുറിച്ച് പറയുന്ന സിനിമകൾ ഇന്ന് ഒരുപാട് ഇറങ്ങുന്നുണ്ട് എന്നത് നേരാണ്. അവാർഡ് പാക്ക് എന്ന രീതിയിൽ തന്നെയാണ് പലരും ഈ വിഷയത്തെ തെരഞ്ഞെടുക്കുന്നത്. ആ സിനിമകൾ ഉണ്ടാവുകയും ആ രീതിയിൽതന്നെ പ്രേക്ഷകർ അതിന്‍റെ ഉദ്ദേശ്യത്തെ തിരിച്ചറിയുകയും പിന്നീട് ആ സിനിമകൾ വിസ്മരിക്കപ്പെടുകയും ചെയ്യുന്നത് നമ്മൾ കാണുന്നതാണ്.

കലാപ്രവർത്തനമെന്ന രീതിയിൽ സിനിമയെടുക്കുന്ന മനുഷ്യരുടെ അവസ്ഥ വല്ലാത്ത കഷ്ടത്തിലാണിന്ന്. കാരണം, ഒന്നുകിൽ നിങ്ങൾക്ക് സിനിമ നിർമിക്കണമെങ്കിൽ മറ്റൊന്നും നോക്കാതെ പ്രേക്ഷകരെ രണ്ട് മണിക്കൂർ ആവശ്യമുള്ളതെന്തോ അത് നൽകി ത്രില്ലടിപ്പിച്ച് പറഞ്ഞുവിടാം, അവർക്ക് ടിക്കറ്റ് വിറ്റ് 100 കോടി നേടുന്ന സിനിമയൊരുക്കാം. ഇക്കാലത്ത് ആഘോഷിക്കപ്പെടുന്ന സിനിമ എന്നതിന്‍റെ മാനദണ്ഡം 100 കോടി നേടുക എന്നതായി മാറിയിട്ടുണ്ടല്ലോ. അതുകൊണ്ടുതന്നെ യഥാർഥ ജീവിതത്തെ ആവിഷ്കരിക്കുന്ന സിനിമകൾ ബോറടിപ്പിക്കും. പല തിയറ്റർ ഹിറ്റുകളും പരിശോധിച്ചാൽ നിങ്ങൾക്കത് വ്യക്തമാകും. ദൃശ്യത്തെക്കാൾ പശ്ചാത്തല സംഗീതത്തിന്റെ സഹായത്തോടെയാണ് ഈ ബോറടികളെ സിനിമകൾ മറികടന്നിട്ടുള്ളത്.

100 കോടി നേടുമെന്ന് അവകാശപ്പെടുന്ന സിനിമകളുടെ വിശേഷണങ്ങൾ സോഷ്യൽ മീഡിയകളിൽ നിറയുകയും, അതിൽ മതിമറന്ന് ആളുകൾ അതിലേക്ക് ഓടിക്കയറുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് കാണുന്നത്. യഥാർഥത്തിൽ ‘ആട്ട’മോ, ‘ഫെമിനിച്ചി ഫാത്തിമ’യോ ‘വിക്ടോറിയ’യോ എല്ലാം തിയറ്ററുകളിൽ റിലീസ് ചെയ്തവയാണ്. മികച്ച സിനിമകൾ ആയിരുന്നിട്ടും ഇവക്കൊന്നും വാണിജ്യ വിജയം നേടാൻ കഴിഞ്ഞില്ല. സിനിമ നിർമിക്കാൻ ആവശ്യമായ മുതൽമുടക്ക് മുൻനിർത്തി നോക്കുമ്പോൾതന്നെ, ചെറിയ തിയറ്റർ സപ്പോർട്ട് കിട്ടിയാൽത്തന്നെ ഈ സിനിമകളെല്ലാം വിജയിക്കാൻ ഇടയുള്ളതാണ്. മുഖ്യധാരയെ ചോദ്യംചെയ്യുന്ന യാഥാർഥ്യങ്ങളെ അഡ്രസ് ചെയ്യുന്ന സിനിമകൾ പുറംതള്ളപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട്, അത്തരമൊരു വ്യവസായ ഉൽപന്നം എന്നരീതിയിൽ സിനിമയെ കാണുന്നതിനുമുമ്പ് എനിക്ക് എന്‍റേതായ ചില ചിത്രങ്ങൾ ചെയ്തുതീർക്കേണ്ടതുകൊണ്ടാണ് ഞാൻ ‘ഉടലാഴ’ത്തിനുശേഷം ‘തന്തപ്പേരി’ലേക്ക് പ്രവേശിച്ചത്.

‘തന്തപ്പേര്’ സിനിമയിൽ അഭിനയിച്ച ബള്ളക്കരിയൻ മനീഷും ചിഞ്ചിന ഭാമിനിയും

 

അപ്പോൾ അവാർഡ് സിനിമകളോടാണോ കൂടുതൽ താൽപര്യം?

അവാർഡ് സിനിമകൾ എന്നല്ല, മേൽപറഞ്ഞതുപോലുള്ള സിനിമകൾ ചെയ്യാനാണ് എനിക്ക് ആഗ്രഹം. ഒരു അവാർഡ് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടാൻ സിനിമയെ സഹായിക്കുമെങ്കിൽ നല്ലത് എന്നേ കാണുന്നുള്ളൂ. എന്‍റെ ‘ലാസ്റ്റ് പേജ്’ എന്ന ഡോക്യുമെന്‍ററി കോഴിക്കോട്ട് നടന്ന ചടങ്ങിൽ എം.ടി. വാസുദേവൻ നായരാണ് റിലീസ് ചെയ്തത്. എം.ടി അത് പ്രകാശനം ചെയ്തപ്പോൾ ചില നല്ല കാര്യങ്ങളുംകൂടി സംഭവിക്കുകയുണ്ടായി. സിനിമ കണ്ടതിനുശേഷം എം.ടി എന്നെ ഫോണിൽ വിളിച്ചു. ഞാൻ ശരിക്കും അന്ധാളിച്ചുപോയി. ചിത്രത്തെക്കുറിച്ചുള്ള പോസിറ്റിവും നെഗറ്റിവുമായ എല്ലാ കാര്യങ്ങളും അദ്ദേഹം തുറന്നുസംസാരിച്ചു.

പിന്നീട് അദ്ദേഹം പറഞ്ഞു, മൂന്ന് തീയതികൾ വെച്ചോ, അതിലൊന്നിൽ എനിക്ക് പങ്കെടുക്കാൻ സാധിക്കുന്ന ദിവസമായിരിക്കും എന്ന്. അങ്ങനെയാണ് അദ്ദേഹം അഞ്ച് പൈസപോലും വാങ്ങാതെ ആ ഡോക്യുമെന്‍ററി പ്രകാശനം ചെയ്തത്. അന്ന് പരിപാടി കഴിഞ്ഞ് സ്വന്തം കാറിൽ തിരിച്ചുപോകാനൊരുങ്ങവെ എം.ടി എന്നോട് സ്വകാര്യമായി ചോദിച്ചു -ഈ ഡോക്യുമെന്‍ററി ചെയ്തതിന് സാമ്പത്തികമായി വല്ല ബാധ്യതയുമുണ്ടോ‍? അങ്ങനെയുണ്ടെങ്കിൽ പറയണം, ഞാൻ നിങ്ങളെ സഹായിക്കാം എന്ന്. സത്യത്തിൽ അവാർഡുകൾക്കപ്പുറത്ത് ഇങ്ങനെയുള്ള മനുഷ്യരുടെ താങ്ങും തണലുമാണ് നമുക്ക് ആവശ്യമുള്ളത്. ആ സിനിമക്ക് ലഭിച്ച വലിയ അവാർഡ് ആ വാക്കുകളും നിറഞ്ഞ സദസ്സുംതന്നെയായിരുന്നു. ആ ഡോക്യുമെന്ററി എന്തുപറയുന്നു എന്നുപോലും അറിയാതെ, എം.ടി പ്രകാശിപ്പിക്കുന്ന ഡോക്യുമെന്ററി എന്ന ഗാരന്റിയിലാണ് ആ നിറഞ്ഞ സദസ്സ് അവിടെയുണ്ടായതും അവരിലേക്ക് ആ ഡോക്യുമെന്ററി പറയുന്ന വിഷയങ്ങളെ കടത്തിവിടാനായതും.

ഇതുതന്നെയായിരുന്നു എന്റെ രണ്ടാമത്തെ ഡോക്യുമെന്ററി ‘വിമൻസെസ്’ (Womenses) മല്ലിക സാരാഭായ് പ്രകാശനം ചെയ്യുമ്പോഴും സംഭവിച്ചത്. ഒരു ഫ്ലൈറ്റ് ടിക്കറ്റ് പോലും വാങ്ങാതെയാണ് ആ ഡോക്യുമെന്ററി കണ്ട് അവർ പ്രകാശനം ചെയ്യാൻ എത്തിയത്. ഇങ്ങനെയുള്ള കരുതലുകളാണ് ഞങ്ങളുടെ സിനിമ ആവശ്യപ്പെടുന്നത്. ഈ സ്നേഹം ഇത്തരം സിനിമകളോട് തിയറ്ററിൽ മുഖ്യധാരാ പ്രേക്ഷകൻ കാണിക്കില്ല. തിയറ്റർ കഴിഞ്ഞാൽ ഒരു സിനിമ പ്രദർശിപ്പിക്കാൻ അതിന്‍റെ സംഘാടകർക്ക് നൽകുമ്പോൾ അവർ ചോദിക്കുന്നത് ഈ സിനിമക്ക് ഏതെങ്കിലും അവാർഡുകൾ ലഭിച്ചിട്ടുണ്ടോ എന്നാണ്. ഇവിടെ അവാർഡെന്ന് പറയുന്നത് കലാമൂല്യമുള്ള സിനിമകൾക്ക് ലഭിക്കേണ്ട ഒരു ഐഡന്‍റിറ്റിയാണ്. ഇന്ന സ്ഥലത്തുനിന്ന് ഇന്ന അവാർഡ് കിട്ടിയ സിനിമ പ്രദർശിപ്പിക്കാം എന്നാണ് സംഘാടകർ ആലോചിക്കുന്നത്. അതുകൊണ്ടുതന്നെ അവാർഡ് ലഭിച്ചാൽ കുറച്ചുകൂടി ആളുകളിലേക്ക് സിനിമയെ എത്തിക്കാനാകും എന്ന ചിന്ത മാത്രമാണ് ഞാൻ അവാർഡ് നേട്ടത്തെക്കുറിച്ച് കണക്കാക്കുന്നത്.

മറ്റൊരു ഭാഷ സംസാരിക്കുന്ന ഗുഹാമനുഷ്യരായ ചോലനായ്ക്ക ഗോത്രത്തിനോടൊപ്പമുള്ള കൂടിച്ചേരൽ എങ്ങനെയായിരുന്നു?

ഒന്നിച്ച് ഉണ്ടും ഉറങ്ങിയും കൂടെ നടന്നും കടന്നുപോയ വർഷങ്ങൾ. അക്കാലത്തെ അവരുടെ ജീവിതത്തിന്റെയും ‘തന്തപ്പേരി’ന്റെയും ഏതു പ്രതിസന്ധിയും പ്രതീക്ഷയും ഞങ്ങൾ കൂട്ടമായി പങ്കിട്ടു. മൊബൈൽ സിഗ്നൽ ഉള്ള പാറപ്പുറത്തെത്തിയാൽ അവർ ഇപ്പോഴും ഓർക്കുന്ന ഒരു ഫോൺ നമ്പർ നമ്മുടേതാണ്. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോഴൊക്കെ ‘കടം വാങ്ങിക്കോ, തേൻ സീസൺ ആയാൽ ഞങ്ങൾ വീട്ടിക്കോളാം’ എന്ന കരുതൽ, എനിക്ക് ‘തന്തപ്പേര്’ തന്ന ഭാഗ്യമാണ്.

ആറു വർഷമെടുത്തു, ‘തന്തപ്പേര്’ പൂർത്തിയാക്കാൻ. ചോലനായ്ക്ക സുഹൃത്തുക്കൾക്കൊപ്പമുള്ള ഓരോ നിമിഷവും വല്ലാത്ത അനുഭവമായിരുന്നു. ‘തന്തപ്പേരി’ന്‍റെ തിരക്കഥ, സഹസംവിധാനം, സീനുകൾ എന്നിവയെല്ലാം അവരെക്കൊണ്ടുതന്നെ സെൻസർ ചെയ്യിപ്പിക്കുന്ന രീതിയാണ് സ്വീകരിച്ചത്. ഗോത്രവിഭാഗത്തിൽനിന്നുള്ളവരാണ് ഒരു സിനിമയെടുക്കുന്നതെങ്കിൽ അവർക്ക് അവരുടേതായ ഒരു കാഴ്ചപ്പാടുണ്ടാകും. ഗോത്രവിഭാഗത്തിന് പുറത്തുനിന്നുള്ള ഒരാൾ സിനിമയെടുക്കുമ്പോൾ അത് അയാളുടെ കാഴ്ചപ്പാടിലൂടെയാണ് പുറംലോകത്തേക്ക് എത്തപ്പെടുന്നത്. അതിനെ കുറച്ചുകൂടി കൃത്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഞാൻ ‘തന്തപ്പേരി’ൽ പ്രവർത്തിച്ചത്. വിനോദ് ചെല്ലൻ എന്ന സഹതിരക്കഥാകൃത്തിലൂടെ അത് ഏറക്കുറെ സാധ്യമായിട്ടുണ്ട്.

കൂടാതെ നായകനായി അഭിനയിച്ച ബെള്ളക്കരിയൻ മനീഷ് സിനിമയുടെ സഹസംവിധാനത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്തതിന് പിന്നിൽ കൃത്യമായൊരു ലക്ഷ്യവുമുണ്ട്. ഇന്നല്ലെങ്കിൽ നാളെ അവരിൽനിന്നുതന്നെ ഒരു സിനിമയുണ്ടാവുക എന്നതാണത്. അത് വൈകാതെത്തന്നെ സംഭവിക്കാനും സാധ്യതയുണ്ട്. ‘തന്തപ്പേര്’ ചിത്രീകരണം പൂർത്തിയാക്കി പോരുമ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഒരു ആനന്ദമിതാണ്. ചോലനായ്ക്ക ചെറുപ്പക്കാർക്ക് സിനിമ എന്ന മാധ്യമത്തെ പരിചയപ്പെടുത്താൻ കഴിഞ്ഞുവെന്ന തികഞ്ഞ സന്തോഷം.

ചോലനായ്ക്ക ഭാഷ പരിചിതമല്ലാത്ത ഒരാൾ, ആ ഭാഷയിൽ സിനിമയെടുക്കുക എന്നത് വലിയ വെല്ലുവിളിയല്ലേ. ആ ഭാഷയിൽതന്നെ സിനിമ നിർമിക്കാൻ ധാരാളം പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വന്നതായും കേട്ടിട്ടുണ്ട്. മുഴുവനായും സിങ്ക് സൗണ്ടിൽ സിനിമാശബ്ദം പകർത്താനുള്ള തീരുമാനത്തിലേക്ക് എത്തിയത് എങ്ങനെയാണ്?

ഗോത്രവിഭാഗങ്ങളുടെ മാതൃഭാഷ മലയാളമല്ല. ഏതൊരു രാജ്യത്തെയുംപോലെ മുഖ്യധാരയുടെ അധികാര പ്രയോഗങ്ങൾ മലയാളികളും ഗോത്രഭാഷകളോട് കാണിച്ചിട്ടുണ്ട്. മലയാളത്തിനകത്തുതന്നെ ഇരുപതിലധികം ഗോത്രഭാഷകൾ നിലവിലുണ്ട്. പക്ഷേ, ഇതിൽ പല ഭാഷകളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ അമൂല്യമായ ഭാഷാവൈവിധ്യത്തിനെയാണിത് ബാധിക്കുന്നത്. കേരളത്തിനകത്തുള്ള ഇത്തരം ഇതര ഭാഷ സമ്പത്തിനെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഭാഷ നശിക്കുന്നു എന്നൊക്കെ നമ്മൾ പല സ്ഥലത്തും കേൾക്കുന്നുണ്ട്. എന്നാൽ, സ്ക്രിപ്റ്റിലെ ചില വാക്കുകളുടെ ചോലനായ്ക്ക പദങ്ങൾ ഓർമയിൽ വരാതെ കാമറക്കു മുന്നിൽനിന്ന് അവർ തപ്പുന്നത് വല്ലാത്ത ഒരു അനുഭവമായിരുന്നു. ഇങ്ങനെ ഒരു സാഹചര്യം വന്നപ്പോഴാണ് അവർ തന്നെ തിരിച്ചറിയുന്നത്, അവരുടെ ഭാഷ നാശത്തിന്റെ വക്കിലാണ് എന്നത്. കാട്ടിൽപോയി അടുത്ത ഷെഡ്യൂളിന്‍റെ സമയത്ത് തിരിച്ചുവരുമ്പോഴാണ്, പല വാക്കുകളുടെയും ചോലനായ്ക്ക പദം അവർ അന്വേഷിച്ചു കണ്ടെത്തിവരുന്നത്. ഇത് അവരിലും ഞങ്ങളിലും ഉണ്ടാക്കിയ തിരിച്ചറിവ് ചെറുതല്ല.

ഈ സിനിമ വേണമെങ്കിൽ കമേഴ്സ്യൽ എന്‍റർടെയ്നറായി നിർമിക്കാമായിരുന്നു. ചോലനായ്ക്ക വിഭാഗത്തിൽപെട്ട ഭൂരിഭാഗം ആളുകൾക്കും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ മലയാളം പറയാനാകും. എന്നാൽ, അങ്ങനെയുള്ള ഗോത്രഭാഷ കലർന്ന മലയാളം പറഞ്ഞ് ചിരിപ്പിച്ച് രസിപ്പിക്കുന്ന സിനിമക്കപ്പുറത്ത് അവരുടെ ഭാഷ ഇതാണ് എന്ന് വ്യക്തമാക്കി ആളുകളെ ബോധ്യപ്പെടുത്താനാണ് ഞങ്ങൾ ശ്രമിച്ചത്. തുളു, തെലുഗ്, കന്നട, തമിഴ് എന്നീ നാലു ഭാഷകളുടെ സങ്കര രൂപമാണ് ചോലനായ്ക്കർ സംസാരിക്കുന്ന ഭാഷക്കുള്ളത്. അതായത്, ആദിമ ദ്രാവിഡ ഭാഷയുടെ സ്വഭാവം കൃത്യമായി ചോലനായ്ക്കരുടെ ഭാഷയിലുണ്ട്. സത്യത്തിൽ അവരുടെ ഭാഷയുടെ ആർക്കൈവ് കൂടിയാണ് ‘തന്തപ്പേര്’. സിങ്ക് സൗണ്ടാണെങ്കിൽപോലും അവരുടെ ഭാഷക്ക് കേടോ മുറിവോ പറ്റാത്ത രീതിയിൽ വളരെ ശ്രദ്ധിച്ചാണ് സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്. സിങ്ക് സൗണ്ടിന് കഴിഞ്ഞ വർഷം ദേശീയ പുരസ്‌കാരം നേടിയ അരുൺ സോനുവായിരുന്നു ശബ്ദലേഖകർ.

കരിമ്പുഴ വന്യജീവി സങ്കേതം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായിരുന്നു ഈ സിനിമ ചിത്രീകരിച്ചത്. ഏറെ ബുദ്ധിമുട്ടിയാണ് അവിടംചെന്ന് ഈ സിനിമ ഷൂട്ട് ചെയ്തത്. രണ്ടോ മൂന്നോ മലകൾ കടന്നുവേണം അവിടേക്കെത്താൻ. കാമറയും മറ്റു സംവിധാനങ്ങളും ചുമന്ന് അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകളെല്ലാം ഏറെ സാഹസമായിരുന്നു. എന്നാൽ, അത്രയും ദിവസം ചോലനായ്ക്കരുൾപ്പെടെയുള്ള സിനിമ സംഘം അനുഭവിച്ച ത്യാഗം ഈ സിനിമക്ക് വളരെയധികം ഗുണം ചെയ്തു എന്നുതന്നെയാണ് വിശ്വസിക്കുന്നത്. 16 വർഷത്തെ ഗവേഷണവും ആറു വർഷത്തെ അധ്വാനവുമുണ്ട് ‘തന്തപ്പേരി’ന് പിന്നിൽ. ഇക്കാലമൊക്കെയും ഞങ്ങൾക്കിടയിൽ ഉണ്ടായിവന്ന പാരസ്പര്യത്തിൽനിന്ന് ഉണ്ടാക്കിയെടുത്ത സിനിമ എന്ന രീതിയിൽ ഇതിന് എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് തിരിച്ചറിയേണ്ടത് പ്രേക്ഷകനാണ്. എങ്കിലും ഫിലിം മേക്കർ എന്ന നിലയിൽ ഞാൻ ഏറെ സംതൃപ്തനാണ്.

‘തന്തപ്പേര്’ സിനിമയുടെ ചിത്രീകരണത്തിനിടെ അഭിനേതാക്കളായ ചോലനായ്ക്കർക്ക് നിർദേശം നൽകുന്നു

 

ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഇന്നത്തെ കാലത്തും ഏറെ പ്രതിസന്ധി അനുഭവിക്കേണ്ടിവരുന്നവരാണ് ആദിവാസികൾ. സിനിമകൾകൊണ്ട് സമഗ്രമായ വല്ല പുരോഗതിയോ വികസനമോ അവർക്കുണ്ടായിട്ടുണ്ടോ? സർക്കാർ ഫണ്ടുകൾ അനുവദിക്കുന്നെങ്കിലും അവ എത്രമാത്രം ഫലപ്രദമാണ്?

സാമൂഹികജീവി എന്ന രീതിയിൽ മനുഷ്യന് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ടല്ലോ. സിനിമ സമൂഹത്തെ സ്വാധീനിക്കും എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ചില പാട്ടുകൾ, ചില ആക്ഷൻ രംഗങ്ങൾ, കോമഡി കാര്യങ്ങളെല്ലാം നമ്മുടെ കുട്ടികൾ ക്ലാസ് മുറികളിൽപോലും കാണിക്കുന്നത്. അത് സിനിമയുടെ സ്വാധീനശക്തിയാണ്. അതേസമയം, ഒരു സിനിമ കണ്ട് അവിടത്തെ ഭരണകൂടം ഒരു സമൂഹത്തിനു വേണ്ടി തുക മാറ്റിവെക്കുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ, ഇതേ സിനിമ ഒരു ക്ലാസ് മുറിയിലോ കാമ്പസിലോ പൊതു ഇടങ്ങളിലോ കാണിക്കുമ്പോൾ അത് വലിയ രീതിയിലുള്ള മാറ്റത്തിന് വഴിയൊരുക്കുമെന്ന് വിശ്വസിക്കുന്നു. ആ സിനിമ കാണുന്ന ഉദ്യോഗസ്ഥനോ ഗവേഷക വിദ്യാർഥിയോ പൊതുപ്രവർത്തകനോ ജനപ്രതിനിധിയോ ആരുമാവട്ടെ ആ വിഷയവുമായി ബന്ധപ്പെട്ട് അവരുടെ ഉള്ളിൽ അതുവരെയുണ്ടായിരുന്ന ബോധത്തെ മാറ്റി ചിന്തിക്കാൻ ഇത്തരം സിനിമകൾക്ക് സാധിക്കും.

ആദിവാസികൾ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ എന്ന പ്രത്യേകതയോടെ പ്രിയനന്ദനൻ സംവിധാനം ചെയ്ത ‘ധബാരി ക്യൂരുവി’ (2024) ഈ ഗണത്തിൽ ശ്രദ്ധ നേടിയതാണ്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്ക് കടന്നുചെന്ന ആ സിനിമയിൽനിന്ന് എങ്ങനെയൊക്കെ ‘തന്തപ്പേര്’ വേറിട്ടുനിൽക്കും?

ഗോത്രവിഭാഗത്തിൽപെട്ടവർ മാത്രം അഭിനയിക്കുന്നു എന്നത് വലിയ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടില്ല. ഈ സിനിമയുടെ ടാഗ് ലൈൻ നോക്കൂ, ഗോത്രവിഭാഗത്തിൽപെട്ടവർ മാത്രം അഭിനയിക്കുന്നൊരു സിനിമ. ഒരു സിനിമയിൽ ഗോത്രവിഭാഗത്തിൽപെട്ടവരാണ് അഭിനയിക്കേണ്ടതെങ്കിൽ നിർബന്ധമായും അവരെക്കൊണ്ടുതന്നെ അഭിനയിപ്പിക്കണം. അതിൽ കൂടുതൽ പ്രത്യേകതയൊന്നും അതിനില്ല. ഗോത്രവിഭാഗക്കാരെ മാത്രമായി അഭിനയിപ്പിക്കുന്നു എന്നതിൽ എത്രമാത്രം കൃത്യതയുണ്ട് എന്നതിൽ എനിക്ക് സംശയമുണ്ട്. കാരണം, ഒരു ഗോത്രവിഭാഗത്തിന്‍റെ കഥ പറയുമ്പോൾ അതിനകത്ത് ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ടാകാം. വേറൊരു മനുഷ്യൻ അതിനകത്ത് ഇടപെടാതെ ഗോത്രവിഭാഗത്തെക്കുറിച്ചുള്ള സിനിമ നടന്നിട്ടുണ്ടാകില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത്തരം ഇടപെടലുകൾ പലതരത്തിലായി നടന്നിട്ടുണ്ട്. ഒരു സിനിമയിൽ ഗോത്ര കഥാപാത്രങ്ങളെ ഉൾക്കൊള്ളിക്കണമെന്ന് അതിന്‍റെ തിരക്കഥ പറയുന്നുണ്ടെങ്കിൽ അതാവാം എന്നല്ലാതെ മനഃപൂർവം അവരെ അതിലേക്ക് വലിച്ചിഴക്കേണ്ടതില്ല.

മുഖ്യധാരാ സിനിമകളിൽ ആദിവാസികൾക്ക് എന്നാണ് സജീവ സാന്നിധ്യമാകാൻ സാധിക്കുക?

മുഖ്യധാരാ സിനിമയിൽ 100 കോടി നേടുന്നൊരു ആദിവാസി സിനിമ സംഭവിക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല. ഈയിടെ തിയറ്ററിൽ വന്ന ആദിവാസി സമരത്തെ മുൻനിർത്തിയുള്ള ഒരു സിനിമയുണ്ട്. അന്നത്തെ ഭൂസമരത്തിൽ സി.കെ. ജാനുവാണ് നായിക. പക്ഷേ, നമ്മൾ സിനിമയിൽ കണ്ടത് ഒരു പൊലീസുകാരന്റെ ആത്മസംഘർഷങ്ങൾ നായകനാവുന്നതാണ്. ചരിത്രത്തിലെ യഥാർഥ കേന്ദ്ര കഥാപാത്രം സിനിമയിൽ അരികുവത്കരിക്കപ്പെട്ടു. ചരിത്രപരമായ സത്യസന്ധതയല്ല, ലാഭമുണ്ടാക്കുക എന്നത് മാത്രമാണ് വാണിജ്യ സിനിമയുടെ ലക്ഷ്യം. അവിടെയാണ് അക്കാദമിക് സിനിമകളുടെ പ്രാധാന്യം വർധിക്കുന്നത്. സത്യത്തിൽ ആ സിനിമയിൽ സി.കെ. ജാനു ആയിരുന്നു മുഖ്യ കഥാപാത്രമായി വരേണ്ടിയിരുന്നത്.

അപ്പോൾ, ഒരു നായകന് നായകനായി വരാനും ആ സ്പേസിനെ ഒന്നുകൂടി സപ്പോർട്ട് ചെയ്യാനും കൂടിയുള്ള സബ്ജക്ടുകളായിട്ട് കമേഴ്സ്യൽ സിനിമ ഗോത്രജീവിതത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഈ അപകടം മനസ്സിലാകാതെ ഇത്തരം സിനിമകൾക്ക് നമ്മൾ കൈയടിക്കുകയും തിയറ്ററിൽ ഹൗസ് ഫുൾ ആക്കി മാറ്റുകയും ചെയ്യുന്നു. ഇതിന്‍റെ പരിണിത ഫലമായി യഥാർഥജീവിതം പറയുന്ന സിനിമകൾ തിയറ്ററിന് പുറത്താവുന്നു. ഇതൊരു വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ സമൂഹം തിരിച്ചറിഞ്ഞ് മറികടന്നിട്ടില്ലാ എങ്കിൽ മനുഷ്യജീവിതത്തെ അതിന്‍റെ ആഴത്തിൽ കണ്ടെത്തി പുറത്തെത്തിക്കുന്ന സിനിമകൾ പൊതുസമൂഹത്തിലേക്ക് എത്താതെ പോകാനിടയുണ്ട്. വലിയ ലാഭം നേടാനാവാത്തതുകൊണ്ട് ഇത്തരം സിനിമകൾ നിർമിക്കാൻ ആളുകൾ മടികാണിക്കുകയും ചെയ്യാനിടയുണ്ട്.

 

പലതരത്തിലുള്ള ചൂഷണങ്ങൾക്ക് ഇന്നും ആദിവാസികൾ ഇരയാകുന്നുണ്ടല്ലോ. സിനിമ അവയെയും അഡ്രസ് ചെയ്യുന്നുണ്ടോ?

‘ഉടലാഴ’ത്തിലെ നായകനായ മണി ജീവിതാനുഭവങ്ങളുടെ വലിയ സമുദ്രം താണ്ടിയ വ്യക്തികൂടിയാണ്. സംസ്ഥാന സർക്കാറിന്‍റെ ബാല അവാർഡ് നേടിയ മണിയെ പിന്നീടാരും കണ്ടിരുന്നില്ല. മണിയെ കണ്ടെത്താനായി പലയിടങ്ങളിലൂടെ ഞങ്ങൾ അന്വേഷിച്ചിറങ്ങി. മാസങ്ങൾക്കൊടുവിൽ കുടകിലെ ഇഞ്ചിത്തോട്ടത്തിൽനിന്നാണ് മണിയെ കണ്ടെത്തിയത്. വളരെയധികം കഷ്ടപ്പാടും ബുദ്ധിമുട്ടും സഹിച്ചാണ് മണി അന്ന് അവിടെ കഴിഞ്ഞിരുന്നത്. മുഖ്യധാര സിനിമയിൽ പിടിച്ചുനിൽക്കുക എന്നത് മണിയുടെ ശീലങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു.

കർണാടകയോട് ചേർന്നുള്ള കേരളത്തിന്‍റെ അതിർത്തി ഗ്രാമങ്ങളിലെ ഗോത്ര വിഭാഗത്തിൽപെട്ട മനുഷ്യരുടെ ജീവിതം വലിയ ദുരന്തമാണ്. പാതി അടിമയുടെ ജീവിതമാണ് അവർക്ക് പലപ്പോഴും അനുഭവിക്കേണ്ടിവരുന്നത്. കൂടുതലായി ജോലിയെടുപ്പിക്കാനായി ഇത്തരം ആദിവാസികൾക്ക് ലഹരി വിളമ്പിക്കൊടുക്കുകയും പിന്നീട് ആ ലഹരിയുടെ പേരുപറഞ്ഞ് കൂലി കുറക്കുകയുമൊക്കെ ചെയ്യുന്ന തികച്ചും ഹീനമായ അടിമത്തം ഏൽക്കേണ്ടിവരുന്ന അനുഭവങ്ങളാണ് മണിക്കും പറയാനുണ്ടായിരുന്നത്. ഇപ്പഴും ഇത്തരം ചൂഷണങ്ങൾക്ക് വലിയ മാറ്റമൊന്നുമില്ല. ‘നെല്ല്’ ഉൾ​െപ്പടെയുള്ള കമേഴ്സ്യൽ സിനിമകളിൽ നമ്മൾ കണ്ട ഗോത്ര ജീവിതമല്ല യഥാർഥ ഗോത്രജീവിതം.

(തുടരും)

News Summary - Tribal life keeps movies out of the mainstream