Begin typing your search above and press return to search.
proflie-avatar
Login

വെള്ളിത്തിരയിലെ ശ്രീനി ഇഫക്ട്

sreenivasan
cancel
ഭാസി-ബഹദൂർ ഹാസ്യ പാരമ്പര്യത്തിൽനിന്നും മലയാള സിനിമ ‘ശ്രീനി ഇഫക്ടി’ലേക്ക് നടത്തിയ ചുവടുമാറ്റം ഒരു വിടുതലാണ്. എല്ലാതരം വരേണ്യതകളെയും താങ്ങിനിർത്തുന്ന ഒരു രാഷ്ട്രീയ പൊളിച്ചെഴുത്താണത്. വിധ്വംസകമായ അട്ടഹാസമായിരുന്നു അതെന്ന് ചലച്ചിത്ര പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ ലേഖകൻ എഴുതുന്നു.

‘‘മനസ്സ് ഊഞ്ഞാലാടുന്നത് ശരിക്കും തെറ്റിനും ഇടയിലല്ല, അർഥത്തിനും അസംബന്ധത്തിനും ഇടയിലാണ്.’’

–കാൾ യുങ്

ചിതയിലേക്കെടുക്കുന്ന ശ്രീനിവാസന്റെ മൃതശരീരത്തെ പുതച്ച പട്ടുപുതപ്പിനുമേൽ അന്തിമോപചാരമായി ഒരു കടലാസും പേനയും ഒരുപിടി പൂക്കളുംകൂടി കാലം കരുതിെവച്ചിരുന്നു. പ്രിയ കൂട്ടുകാരനും സംവിധായകനുമായ സത്യൻ അന്തിക്കാടാണ് ധ്യാൻ ശ്രീനിവാസനിൽനിന്നും ഏറ്റുവാങ്ങി അത് ചിതയിലേക്ക് വെച്ചത്. താൻ എഴുതാത്ത 500 സിനിമകളാണ് മലയാള സിനിമക്ക് നൽകിയ ഏറ്റവും വലിയ സംഭാവന എന്നുപറഞ്ഞ മലയാളത്തിന്റെ മഹാനായ തിരക്കഥാകൃത്തിനുള്ള ഏറ്റവും ഉചിതമായ സ്മാരകചിഹ്നമായിരുന്നു വൈകാരികമായ ആ ആംഗ്യം. പറഞ്ഞത് മാത്രമല്ല, പറയാൻ ബാക്കി​െവച്ചതും ചരിത്രമാണ്.

ശ്രീനിവാസൻ പകർന്നുനൽകിയ ‘സന്ദേശം’ ഒരു പ്രഹേളികയാണ്. അതിന്റെ സഞ്ചാരം ഏത് പക്ഷത്താണെന്ന് പെട്ടെന്ന് പിടികിട്ടുന്ന ഒന്നല്ല. ഓരോരുത്തർക്കും ഓരോ സമയത്തും ഇന്നതാണ് എന്ന് തോന്നുംവിധം അത് ലളിതവും ഗഹനവുമാണ്. ഒറ്റനോട്ടത്തിൽ അത് അരാഷ്ട്രീയമാണെന്നു തോന്നും. അങ്ങനെ വായിക്കപ്പെട്ടതിൽ തെറ്റു പറയാനുമാവില്ല. എന്നാൽ അർഥങ്ങളും അസംബന്ധങ്ങളും ചേർത്ത് പണിത ഒരു തിരക്കഥാശിൽപമായതുകൊണ്ടുതന്നെ അതിനൊരു ചരിത്രമു​െണ്ടന്ന് കാണാം. ആ ചരിത്രത്തോട് കൂട്ടിവെച്ച് വായിക്കുമ്പോൾ അതിന് മറ്റൊരു അർഥം കിട്ടും. അരാഷ്ട്രീയമെന്നു കണ്ട രംഗങ്ങൾക്ക് പിറകിൽ വേദനയുടെ ഒരു ചരിത്രം ഊറിവരും. അപ്പോഴത് വിമർശനത്തിന്റെ വിധ്വംസക സ്വഭാവം വെളിവാക്കുന്നു. ക്ലാസിക്കുകൾ അങ്ങനെയാണുണ്ടാകുന്നത്. ഏതെങ്കിലുമൊരു കാലത്തിൽ വായിക്കപ്പെട്ട നിശ്ചിതമായ അർഥത്തിൽ അതിനെ തളച്ചിടാനാകില്ല. ശ്രീനിവാസന്റെ ‘സന്ദേശ’ത്തെയും.

1991ലാണ് ശ്രീനിവാസന്റെ സത്യൻ അന്തിക്കാട് സിനിമ ‘സന്ദേശം’ പുറത്തുവരുന്നത്. എന്നാൽ 2025ൽ, ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും സന്ദേശംപോലെ രാഷ്ട്രീയമായി നമ്മെ പിന്തുടർന്ന മറ്റൊരു സിനിമയില്ല. കാലത്തിനൊപ്പം ഇങ്ങനെ സഞ്ചരിക്കുന്നതുകൊണ്ടാണ് ‘സന്ദേശം’ അതിന്നും പ്രസക്തമായി നിലകൊള്ളുന്നത്. അത് എത്രതന്നെ അരാഷ്ട്രീയമാ​െണന്ന് കുറ്റപ്പെടുത്തിയാലും ശരി ‘സന്ദേശം’ പണിയുന്ന രാഷ്ട്രീയം നമ്മെ പിന്തുടരുകതന്നെ ചെയ്യും. നാം ജീവിക്കുന്ന കാലത്തെ അത് പലവിധത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

1991ൽ ‘സന്ദേശം’ ഇറങ്ങിയ കാലം എന്നാൽ ഏഴ് പതിറ്റാണ്ട് മലയാളിയുടെ വിശ്വാസത്തിൽ വേരോടിനിന്ന സോവിയറ്റ് യൂനിയൻ എന്ന സോഷ്യലിസ്റ്റ് സ്വർഗം കണ്മുന്നിൽ പൊടിഞ്ഞുവീണ വർഷമാണ്. ഒറ്റനോട്ടത്തിൽ ആ സിനിമക്ക് സോവിയറ്റ് പതനവുമായി നേരിട്ടൊരു ബന്ധവുമില്ല. എന്നാൽ, സന്ദേശത്തിൽ ശ്രീനിവാസൻ ചെയ്ത സഖാവ് പ്രഭാകരൻ കോട്ടപ്പള്ളി എന്ന കഥാപാത്രം ‘പോളണ്ടിനെപ്പറ്റി നീയൊരക്ഷരം മിണ്ടിപ്പോകരുത്, എനിക്കത് ഇഷ്ടമല്ല’ എന്ന കോൺഗ്രസുകാരനായ അനിയനോടുള്ള ഒരൊറ്റ ആക്രോശത്തിൽ ഒരു നീണ്ട കാലത്തിന്റെ ചരിത്രം മുഴുവനും തിരക്കഥാകൃത്ത് ശ്രീനിവാസൻ സംഹാരശേഷിയോടെ ഒളിപ്പിച്ചുവെക്കുന്നു. പിന്നിട്ട മൂന്നര പതിറ്റാണ്ടായി മലയാളിക്ക് അത് വ്യാഖ്യാനിച്ചുതീരാത്ത യാഥാർഥ്യമാണ്.

‘സന്ദേശം’ ഒരു പൊളിറ്റിക്കൽ സറ്റയർ എന്ന നിലക്കാണ് പലപ്പോഴും ചലച്ചിത്ര ചിന്തയിൽ പരിഗണിക്കപ്പെട്ടു പോന്നത്. പൊളിറ്റിക്കൽ സറ്റയർ എന്നതിനേക്കാളേറെ സോവിയറ്റ് പതനത്തെക്കുറിച്ച് മലയാളത്തിലുണ്ടായ ആദ്യത്തെ രാഷ്ട്രീയ സിനിമകളിൽ ഒന്നാണ് ‘സന്ദേശം’. റഷ്യയിൽ മഴ പെയ്താൽ കൊച്ചു കേരളത്തിൽ കുടപിടിച്ചിരുന്നവരാണ് നമ്മൾ മലയാളികൾ. ചരിത്രത്തിലുടനീളം നാമത് ചെയ്തിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലും ഇന്ത്യാ വിഭജനത്തിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിലും അടിയന്തരാവസ്ഥയിലും സോവിയറ്റ് പതനത്തിലുമൊക്കെ അതുണ്ടായിട്ടുണ്ട്. എന്നാൽ, നിത്യജീവിതത്തിൽ, കമ്യൂണിസ്റ്റ് പാർട്ടിയിൽ ആധിപത്യം വഹിക്കുന്ന മധ്യവർഗത്തിനിടയിൽ ഇടതുപക്ഷത്തിന്റെ അപചയം എങ്ങനെയൊക്കെയാണ് സഖാക്കളെ മാറ്റിത്തീർത്തത് എന്നു കാണിച്ചു തരുകയാണ് ശ്രീനിവാസൻ ‘സന്ദേശ’ത്തിലൂടെ കാണിച്ചുതന്നത്. വെള്ളിത്തിരയിലെ ശ്രീനിവാസൻ എഴുതിയ ഒരു ഗറില മോഡൽ ജനകീയ വിചാരണയായിരുന്നു ഇത്.

‘സന്ദേശം’ (1991) എന്ന ഒരൊറ്റ സിനിമകൊണ്ടുമാത്രം സംഭവിച്ച വിപ്ലവമല്ല ഇത്. ശ്രീനിവാസൻ തിരക്കഥ എഴുതിയ എല്ലാം ഈ ഗണത്തിൽപെടുന്ന സിനിമകളുമല്ല. മുഖ്യധാരാ വിപണിയുടെ പ്രത്യയശാസ്ത്ര താൽപര്യങ്ങൾക്ക് വിധേയപ്പെട്ട് നിരവധി സിനിമകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. മുടക്കുമുതലിന്റെ താൽപര്യം സംരക്ഷിക്കാനുള്ള ബാധ്യത ഏറ്റെടുത്ത അത്തരം സിനിമകളിൽപോലും കാലത്തിന് കാത്തുവെക്കാൻ ചില പൊടിമരുന്നുകൾ ആ രചനകൾ വിതറിയിട്ടു​െണ്ടന്ന് കാണാം. അത് മറ്റൊരു വിഷയമാണ്. മുഖ്യധാരയിൽ നിൽക്കുക എന്നാൽതന്നെ എല്ലാതരം സിനിമകളുടെയും ചില നിശ്ശബ്ദതകളുടെയും ഭാഗമാവുക എന്നതാണ്. എന്നാൽ, കിട്ടിയ അവസരങ്ങളിൽ കൈവിട്ടു കളിക്കുന്ന ഒരു ചാർലി ചാപ്ലിനെ ശ്രീനിവാസൻ തന്റെ സിനിമാകാലം മുഴുവനും ഉള്ളിൽ പേറിയിട്ടുണ്ട് എന്നും കാണാം.

ഉദാഹരണത്തിന് മലയാള സിനിമയിലെ വൻ വിജയങ്ങളിലൊന്നായിരുന്നു മോഹൻ സംവിധാനംചെയ്ത ശ്രീനിവാസൻ തിരക്കഥ എഴുതിയ ‘കഥപറയുമ്പോൾ’ (2007) എന്ന സിനിമ. മലയാള സിനിമയിലെ സൂപ്പർതാര സാമ്രാജ്യത്തിന്റെ നന്മ അരക്കിട്ടുറപ്പിക്കാൻ എഴുതപ്പെട്ട സിനിമയാണ്. മമ്മൂട്ടി നായകനായ സിനിമയുടെ നിർമാണം നടൻ മുകേഷും ശ്രീനിവാസനും ചേർന്നാണ് നിർവഹിച്ചത്. പി. വാസു അത് രജനികാന്തിനെവെച്ച് തമിഴിലും പ്രിയദർശൻ ഷാറൂഖ് ഖാനെ വെച്ച് ഹിന്ദിയിലും എടുത്തു. സിനിമക്കുള്ളിലെ സിനിമയുടെ ഒരു മുഖം ഇതിൽ കാണാം. എന്നാൽ, ഇതിന് രണ്ടു പുറങ്ങൾ ശ്രീനിവാസൻ തന്നെ എഴുതിയിട്ടുണ്ട്. 2005ൽ റോഷൻ ആൻഡ്രൂസിന് വേണ്ടി ചെയ്ത ‘ഉദയനാണ് താര’മായിരുന്നു ആദ്യം ചെയ്തത്.

2012ൽ സജിൻ രാഘവൻ സംവിധാനംചെയ്ത ‘പത്മശ്രീ ഭരത് ഡോ. സരോജ്കുമാർ’ അവസാനവും. രണ്ടിനും ഇടയിലാണ് 2005ൽ ‘ഉദയനാണ് താരം’ ഉണ്ടാകുന്നത്. സിനിമയിലെ തിരക്കഥാ മോഷണവും അതുവഴി വളർന്ന് സൂപ്പർതാരമായ സരോജ് കുമാറിന്റെ താരാധിപത്യ പ്രവണതകളും ശ്രീനിവാസൻ തുറന്നുകാട്ടുന്നത് ‘ഉദയനാണ് താര’ത്തിലാണ്. തൊട്ടുപിറകെ താരാധിപത്യത്തിനായി ‘കഥപറയുമ്പോൾ’ (2007) എഴുതുന്നു. എന്നാൽ, ആ പരമ്പരയിൽ വീണ്ടും താരസാമ്രാജ്യം പൊളിച്ചടുക്കുന്ന 'പത്മശ്രീ ഭരത് ഡോ. സരോജ്കുമാർ ' (2012) ഉണ്ടാകുന്നു. ഈ പെൻഡുലം രീതി ശ്രീനിവാസൻ തന്റെ രാഷ്ട്രീയം പറഞ്ഞ സിനിമകളിലും ചെയ്തിട്ടുണ്ട്. എഴുത്തുകാരന്റെ ഒരു അതിജീവനതന്ത്രമായി ഇതിനെ കാണാം.

പ്രിയദർശന്റെ കഥയിൽ ‘ഓടരുതമ്മാവാ ആളറിയാം’ (1984) എന്ന സിനിമക്ക് തിരക്കഥ എഴുതിയാണ് ശ്രീനിവാസൻ ഹാസ്യത്തിന് പുതിയൊരു മാനംനൽകി എഴുത്തിൽ നിലയുറപ്പിച്ചത്. അത് ഗൗരവമുള്ള രചനാരീതിയിലേക്ക് കടക്കുന്നത് സത്യൻ അന്തിക്കാടിന്റെ കഥക്ക് ടി.പി. ബാലഗോപാലൻ എം.എ (1986) എന്ന മോഹൻലാലിനെ നായകനാക്കിയുള്ള സിനിമയുടെ തിരക്കഥാ രചനയിലൂടെയാണ്. മോഹൻലാലിന്റെ ആദ്യ സംസ്ഥാന സർക്കാർ പുരസ്കാരവും അതിനായിരുന്നു. അതാണ് സത്യൻ അന്തിക്കാട്-ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുകെട്ടിന്റെ ഒരു പരമ്പരക്കുതന്നെ വഴിതെളിയിച്ചത്. തൊട്ടടുത്ത വർഷമാണ് ഇതേ കൂട്ടുകെട്ടിൽ അതേ വർഷംതന്നെ കൾട്ട് ക്ലാസിക്കായ ‘ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റും’ (1986) തൊട്ടടുത്ത വർഷം‘നാടോടിക്കാറ്റും’ (1987) പിറക്കുന്നു. തൊഴിലില്ലാത്ത യുവാക്കളുടെ അതിജീവനത്തിനായുള്ള ബദ്ധപ്പാടുകൾ ഏറ്റെടുക്കുകയായിരുന്നു ഈ ടീം ചെയ്തത്.

‘വെള്ളാനകളുടെ നാട്’ (1988), ‘വരവേൽപ്’ (1989) എന്നീ സിനിമകളാണ് ‘സന്ദേശ’ത്തിനു (1991) മുമ്പുള്ള പ്രധാന രാഷ്ട്രീയ സിനിമകൾ. ‘സന്ദേശ’ത്തിന്റെ മുന്നോടികളാണ് ‘വെള്ളാനകളുടെ നാടും’ ‘വരവേൽപും’. എന്നാൽ, ‘സന്ദേശ’ത്തിനുശേഷം അതുപോലൊരു രാഷ്ട്രീയ സിനിമ ശ്രീനിവാസൻ ചെയ്തിട്ടുമില്ല. 1991ൽ ആഗോളീകരണത്തെ പിന്തുടർന്നാണ് മലയാള സിനിമയിൽ മൂലധന ആധിപത്യത്തിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റമുണ്ടാകുന്നത്. പഴയ അർഥത്തിലുള്ള തുറന്നുപറച്ചിൽ നടത്തുന്ന രാഷ്ട്രീയ സിനിമകൾക്കുള്ള മൂലധനം പതുക്കെ ഇല്ലാതാവുന്നത് തൊണ്ണൂറുകളിലാണ്. എന്നാൽ ‘സന്ദേശ’ത്തിന്റെ വിധ്വംസകശേഷി കാലഹരണപ്പെടാതെ നിലനിന്നുപോന്നു. അതിപ്പോഴും തുടരുകയുംചെയ്യുന്നു.

എവിടെയാണ് ശ്രീനിവാസന്റെ രാഷ്ട്രീയബോധ്യത്തിന്റെ ഉറവിടം എന്നു ചികഞ്ഞാൽ എത്തിച്ചേരാനാവുക രണ്ടിടത്താണ്. ഒന്ന് തീർത്തും വ്യക്തിപരമായ, കുടുംബപരമായ വേരുള്ള കണ്ണൂരിലെ ഇടതുപക്ഷ രാഷ്ട്രീയമാണ്. കമ്യൂണിസ്റ്റുകാരനായ ഒരച്ഛന്റെയും കോൺഗ്രസുകാരിയായ ഒരമ്മയുടെയും മകനാണ് താനെന്ന് എത്രയോ അഭിമുഖങ്ങളിൽ ശ്രീനിവാസൻ പറയുന്നത് കേട്ടിട്ടുണ്ട്. ശ്രീനിവാസൻ സിനിമകളുടെ ഊഞ്ഞാലാട്ടവും ഈ കമ്യൂണിസ്റ്റ്-കോൺഗ്രസ് രാഷ്ട്രീയത്തിനിടയിലാണ് നടക്കുന്നത്. ഇതിനിടയിൽ സ്വതഃസിദ്ധമായ ദിക്ബോധം ശ്രീനിവാസൻ ആർജിക്കുന്നത് അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവന്ന, മലയാളത്തിൽ ഇടതുപക്ഷ സിനിമക്ക് അടിത്തറ പാകിയ പി.എ. ബക്കറിന്റെ സിനിമകളിലൂടെയാണ്.

സംഘഗാനം

1976ൽ ബക്കറിന്റെ ‘മണിമുഴക്ക’ത്തിലൂടെയാണ് ശ്രീനിവാസൻ വെള്ളിത്തിരയുടെ ഭാഗമാകുന്നത്. 1978ൽ കെ.ജി. ജോർജിന്റെ ‘മണ്ണ്’, ‘ഓണപ്പുടവ’ എന്നീ ചെറുവേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അതേ വർഷം ബക്കറിന്റെ ‘സംഘഗാന’ത്തിലാണ് ശ്രീനിവാസൻ ആദ്യമായി നായകവേഷം അഭിനയിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ‘കബനീ നദി ചുവന്നപ്പോൾ’ എന്ന സിനിമ ചെയ്ത ബക്കർ അടിയന്തരാവസ്ഥയുടെ കഥകാരനായ എം. സുകുമാരന്റെ രചനയെ ആസ്പദമാക്കിയാണ് ‘സംഘഗാനം’ ഒരുക്കിയത്. ‘സംഘഗാനം’ ഒരു ജനപ്രിയ സിനിമയായിരുന്നില്ല. ഒരു ഉച്ചപ്പടമായിരുന്നു. എന്നാൽ, എം. സുകുമാരൻ എന്ന മലയാളത്തിലെ അപൂർവ സിദ്ധിയുള്ള, ഒത്തുതീർപ്പുകൾക്ക് ഒരിക്കലും വഴങ്ങാത്ത ഒരു എഴുത്തുകാരന്റെ രചനയിൽ, മലയാളത്തിന്റെ വെള്ളിത്തിരയിൽ ഇടത് നവഭാവുകത്വം കൊളുത്തിയിട്ട പി.എ. ബക്കറിന്റെ സ്കൂളിൽചെയ്ത ‘സംഘഗാനം’ എന്ന സിനിമയാണ് ശ്രീനിവാസന്റെ പിൽക്കാല രാഷ്ട്രീയ സിനിമകളിലെ ഭാവുകത്വം നിർണയിക്കപ്പെടുന്നത്.

വ്യക്തിപരമായി ശ്രീനിവാസനുമായി സൗഹൃദമുണ്ടാകുന്നത് ‘സംഘഗാന’ത്തിന്റെ കാലത്താണ്. അടിയന്തരാവസ്ഥയിലെ ജയിൽവാസം കഴിഞ്ഞ് മധു മാസ്റ്റർ പുറത്തിറങ്ങി കോഴിക്കോട്ട് മുത്തപ്പൻ കാവിനടുത്ത് ‘രണചേതന’ എന്ന നാടകസംഘം രൂപവത്കരിച്ച് ‘അമ്മ’ എന്ന നാടകം തുടങ്ങിയ കാലമാണ്. മധു മാസ്റ്റുടെ സുഹൃത്തും ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനുമായിരുന്നു എം. സുകുമാരൻ. ആ ബന്ധംകൊണ്ടുതന്നെ കോഴിക്കോട്ട് ‘സംഘഗാനം’ ചെയ്യാനെത്തിയ സംവിധായകൻ പി.എ. ബക്കർ ആദ്യം ബന്ധപ്പെടുന്നത് മധു മാസ്റ്ററെയാണ്. മധു മാസ്റ്ററുടെ ശിഷ്യനും പകർത്തെഴുത്തുകാരനുമാണ് ഞാനപ്പോൾ. നടക്കാവിലുള്ള എന്റെ വീടിനടുത്തുള്ള വൃന്ദാവൻ ലോഡ്ജിലായിരുന്നു ബക്കറിന്റെയും ശ്രീനിവാസന്റെയും ടീമിന്റെ താമസം. ‘അമ്മ’ റിഹേഴ്സൽ ക്യാമ്പ് പുതിയമ്പലത്തിനടുത്തുള്ള മഹാരാജാ പാലസിന്റെ ടെറസിലായിരുന്നു. അവിടേക്കാണ് ബക്കറിന്റെ ക്ഷണം മധു മാസ്റ്റർക്ക് വന്നത്. സംഘഗാനത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കാൻ മാത്രമല്ല, ‘രണചേതന’ ടീമിന്റെ മുഴുവൻ സഹകരണവുമായിരുന്നു ബക്കർക്ക് വേണ്ടിയിരുന്നത്.

സിനിമയിലെ നായകൻ ‘ഗൗതമനെ’ തേടിനടക്കുന്ന ശ്രീനിവാസന്റെ കഥാപാത്രമായിരുന്നെങ്കിലും ഗൗതമന്മാരായി തെരഞ്ഞെടുക്കപ്പെട്ട രാമു കാര്യാട്ട്, പി.ആർ. നമ്പ്യാർ, മധു മാസ്റ്റർ എന്നിവർക്കായിരുന്നു ആ കൂട്ടത്തിൽ കൂടുതൽ പ്രാധാന്യം. ശ്രീനിവാസൻ ബക്കറിന്റെതന്നെ ‘മണിമുഴക്ക’ത്തിൽ അഭിനയിച്ചിട്ടുണ്ട് എന്ന അറിവ് മാത്രമേ എല്ലാവർക്കുമുള്ളൂ. ‘മണിമുഴക്ക’ത്തിൽ ഹരിയായിരുന്നു നായകൻ, ശ്രീനിവാസനായിരുന്നില്ല. ‘സംഘഗാന’ത്തിലാണ് ആദ്യ നായകവേഷം. സലാം കാരശ്ശേരിയായിരുന്നു നിർമാണം. ‘സംഘഗാന’ത്തിന്റെ ക്ലൈമാക്സിൽ മധു മാസ്റ്റർ നയിക്കുന്ന ഒരു പ്രകടനമുണ്ട്. ഒരു ലാത്തിച്ചാർജും ചിതറിയോടലുമാണ് രംഗം. ശ്രീനിവാസന്റെ കഥാപാത്രം അത് കണ്ടുനിൽക്കുന്നു. അതിലന്ന് ‘രണചേതന’യിലെ ‘അമ്മ’ നാടകത്തിലെ മുഴുവൻ അണിയറ പ്രവർത്തകരും അണിനിരന്നിട്ടുണ്ട്.

ഞാനുമുണ്ടായിരുന്നു ആ ചിതറിയോടാനുള്ള കൂട്ടത്തിൽ. അടുത്തിടെ ‘വെള്ളിത്തിര ജീവിതം’ എന്ന ഓർമയെഴുതാൻ ‘സംഘഗാനം’, യൂട്യൂബിൽ വീണ്ടും കണ്ടു നോക്കിയപ്പോൾ അതിൽ അജിതയുടെ ഭർത്താവ് ടി.പി. യാക്കൂബിനെ മാത്രമാണ് ആ കൂട്ടത്തിൽനിന്നും തിരിച്ചറിയാൻ പറ്റിയത്. മധു മാസ്റ്ററുടെ തൊട്ടടുത്തുനിന്ന് ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്നത് യാക്കൂബാണ്. ആ ഷൂട്ടിങ് കാലവും വൃന്ദാവൻ ലോഡ്ജിൽ മധു മാസ്റ്റർക്കൊപ്പമുള്ള ചർച്ചകളും ശ്രീനിവാസൻ എന്നും ഓർത്തു. പിന്നീട് തൊണ്ണൂറുകളിൽ മാതൃഭൂമിയുടെ താരാപഥം ഫിലിം പേജ് ചെയ്ത കാലത്തും രണ്ടായിരാമാണ്ടിൽ ‘ചിത്രഭൂമി’യുടെ ചുമതല വഹിച്ച കാലത്തും എല്ലായ് പ്പോഴും മധു മാസ്റ്ററുടെ വിവരങ്ങൾ അന്വേഷിക്കുമായിരുന്നു. മാഷിന്റെ പല കാലങ്ങളിലെ നാടകഭ്രാന്തുകൾ കൃത്യമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

സമാന്തരധാരയോടുള്ള ഈ അനുഭാവം ഒരു പരിധിക്കപ്പുറം കൊണ്ടുനടന്നിരുന്നു എങ്കിൽ ശ്രീനിവാസൻ സിനിമയിൽ നിന്നുതന്നെ എന്നോ ബാഷ്പീകരിക്കപ്പെട്ടുപോകുമായിരുന്നു. ഇവിടെയാണ് ശ്രീനിവാസൻ സ്വന്തമായി രൂപംകൊടുത്ത ‘ഒളിച്ചുകളി’കളിലൂടെ കൃത്യമായ അതിജീവനതന്ത്രം ആവിഷ്കരിച്ച് സിനിമയിൽ വിജയകരമായി പിടിച്ചുനിന്നത്. മുഖ്യധാരക്കൊപ്പം അവർക്കാവശ്യമായ സിനിമകൾ ചെയ്തുകൊടുത്ത്, അവർക്ക് സ്വീകാര്യമായിക്കൊണ്ടാണ് അദ്ദേഹം തനിക്ക് പറയാനുള്ള കാര്യങ്ങൾ ഹാസ്യത്തിന്റെ പുകമറ അണിയിച്ച് സിനിമയിൽ പിടിച്ചുനിന്നത്. ഇതിനായി കടുത്ത സ്ത്രീവിരുദ്ധത ചെയ്തും അത് മുഖ്യധാരയിൽ സ്വീകാര്യമാക്കിയിട്ടുണ്ട് ശ്രീനിവാസൻ.

അതിന്റെ ഒന്നാംതരം ഉദാഹരണമാണ് ശ്രീനിവാസന്റെ രചനയിൽ കമൽ സംവിധാനംചെയ്ത ‘അയാൾ കഥയെഴുതുകയാണ്’ എന്ന സിനിമ. സ്വയം വിമർശനവും സ്വയം പരിഹാസ്യമായി മാറലുമെല്ലാം രൂപപ്പെടുത്തിയ ശ്രീനിവാസൻതന്നെയാണ് പ്രണയപരാജയത്തിന് ഒരു സ്ത്രീയെ വേട്ടയാടുന്ന കഥാകൃത്തിനെ നായകനാക്കിയ ‘അയാൾ കഥയെഴുതുകയാണ്’ എന്ന മലയാളത്തിലുണ്ടായ കടുത്ത സ്ത്രീവിരുദ്ധ സിനിമകളിലൊന്നിന്റെ രചയിതാവായി എത്തിയത്. അത്തരം പ്രത്യയശാസ്ത്ര ഊഞ്ഞാലാട്ടങ്ങൾ കൂടിയാണ് ശ്രീനിവാസനെ മുഖ്യധാരയിൽ നിലനിർത്തിയത്.

ശേഷക്രിയ

ഇടതുപക്ഷ അപചയമാണ് ശ്രീനിവാസൻ സിനിമക്ക് അകത്തായാലും പുറത്തായാലും എന്നും പോരടിച്ചിട്ടുള്ളത്. നമ്മുടെ സാഹിത്യം സൃഷ്ടിച്ച ഏറ്റവും ശക്തമായ ആവിഷ്കാരങ്ങളിലൊന്നാണ് എം. സുകുമാരന്റെ ‘ശേഷക്രിയ’ എന്ന കൊച്ചു നോവൽ. 1979 ജനുവരിയിലാണ് നോവൽ പുറത്തിറങ്ങുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നും നീതികിട്ടുമെന്ന പ്രതീക്ഷ നശിച്ച ദലിതനായ കുഞ്ഞയ്യപ്പൻ ആത്മഹത്യയിൽ അഭയം തേടിയത് ഒരു തലമുറയെ വേട്ടയാടിയ പ്രശ്നമായിരുന്നു. ബക്കറിനൊപ്പം നടന്ന നാളുകളിൽ ശ്രീനിവാസനും ആ നൈരാശ്യം പങ്കു​െവച്ചിരിക്കും.

ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അപചയത്തോട് പോരാടി സുകുമാരന്റെ നോവലിലെ കുഞ്ഞയ്യപ്പൻ ആത്മഹത്യ ചെയ്തതുപോലെ തോറ്റ് ‘ജീവൻ വെടിയാൻ’ ശ്രീനിവാസൻ ഒരുക്കമല്ലായിരുന്നു. പിൻവാങ്ങൽ സിനിമയിൽനിന്നും സ്വയം ഉന്മൂലനം ചെയ്യലാണെന്നു തിരിച്ചറിഞ്ഞ ശ്രീനിവാസൻ ആർട്ട് സിനിമ ഉപേക്ഷിച്ച് കമേഴ്സ്യൽ സിനിമയിലേക്ക് ചേക്കേറുകയാണ് ചെയ്തത്. എൺപതുകൾക്കുശേഷം വളരെ വിരളമായി മാത്രമേ ശ്രീനിവാസൻ ആർട്ട് സിനിമക്ക് ഒപ്പം നടന്നിട്ടുള്ളൂ എന്ന് കാണാവുന്നതാണ്. ഒരു സർഗാത്മക പ്രതിസന്ധിയെ അദ്ദേഹം നേരിട്ട വിധമാണത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ശ്രീനിവാസൻ എൺപതുകൾ കടക്കില്ലായിരുന്നു. മലയാള സിനിമയിലെ ‘പവർഗ്രൂപ്പി’ന്റെ അധികാരത്തിൽ തട്ടി വഴിയിലെവിടെയോ ഇല്ലാതായേനെ.

എം. സുകുമാരന്റെ സാഹിത്യലോകത്തുനിന്നും ഇടതുപക്ഷ അപചയത്തെക്കുറിച്ചുള്ള വിമർശനാത്മകമായ ദിശാബോധം ശ്രീനിവാസൻ ‘സംഘഗാന’ത്തിന്റെ കാലത്തുതന്നെ കൃത്യമായി സ്വാംശീകരിച്ചിട്ടു​െണ്ടന്ന് കാണിച്ചുതന്നതാണ് പിൽക്കാലത്ത് അദ്ദേഹമെഴുതിയ രാഷ്ട്രീയ സിനിമകൾ മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്ര പ്രവണതകൾ. ഇടതും വലതുമുള്ള രാഷ്ട്രീയക്കാരുടെ മുഖം നോക്കാതെയുള്ള വിമർശനം ശ്രീനിവാസൻ സിനിമകൾ എന്നും ഏറ്റെടുക്കുന്നുണ്ട്.

ശ്രീനിവാസൻ എന്ന പുസ്തകം

48 വർഷത്തെ ചലച്ചിത്ര ജീവിതത്തിൽ രണ്ടു സിനിമകൾ മാത്രമാണ് ശ്രീനിവാസൻ തിരക്കഥ എഴുതി നായകനായി അഭിനയിച്ച് സംവിധാനംചെയ്തത്. 1989ൽ ‘വടക്കുനോക്കിയന്ത്ര’വും 1998ൽ ‘ചിന്താവിഷ്ടയായ ശ്യാമള’യും. തളത്തിൽ ദിനേശൻ എന്ന സംശയാലുവായ ഭർത്താവിന്റെ കഥ വെള്ളിത്തിരയിൽ എത്തിച്ച ശ്രീനിവാസന്റെ ‘വടക്കുനോക്കിയന്ത്രം’ മലയാളത്തിലെ മുഖ്യധാരയെ ഞെട്ടിച്ച സിനിമയാണ്. ഉത്തമ പുരുഷ സർവനാമങ്ങളായ നായകസങ്കൽപത്തെ അടിമുടി തച്ചുതകർക്കുകയാണ് അത്തരമൊരു വിരുദ്ധ നായകബിംബത്തെ സ്വയം ചുമലിൽ ഏറ്റിക്കൊണ്ട് ശ്രീനിവാസൻ ചെയ്തത്.

രണ്ടാമത്തെ സംവിധാന സംരംഭമായ ‘ചിന്താവിഷ്ടയായ ശ്യാമള’യും നായകബിംബത്തെ അപനിർമിക്കുന്ന മികച്ച രചനകളിൽ ഒന്നാണ്. ആ വർഷത്തെ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു ശ്യാമള. ഹൈദരാബാദിലായിരുന്നു ഐ.എഫ്.എഫ്.കെ നടന്നത്. എഴുപതുകളുടെ അന്ത്യത്തിലെ ‘സംഘഗാനം’ കാലത്തിനുശേഷം ശ്രീനിവാസനുമായി ദീർഘനേരം ചലച്ചിത്ര ചിന്തകൾ പങ്കുവെക്കുന്നത് ഹൈദരാബാദ് ഫെസ്റ്റിവൽ വേളയിലായിരുന്നു. ചലച്ചിത്ര ചിന്തകനും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആർക്കൈവിന്റെ ചുമതല വഹിച്ചിരുന്ന പി.കെ. നായരും പി.വി. ഗംഗാധരനും ഒപ്പമുണ്ടായിരുന്നു. ‘ചിന്താവിഷ്ടയായ ശ്യാമള’യിലെ സ്ത്രീവാദ പ്രവണതകളെക്കുറിച്ച് ഫെസ്റ്റിവലിന് മുമ്പുതന്നെ അക്കാലത്തെ ‘താരാപഥ’ത്തിൽ ഞാനൊരു പഠനം എഴുതിയിരുന്നു. കേരളത്തിൽ ഫെമിനിസ്റ്റ് പ്രസ്ഥാനം സംസ്കാരത്തിൽ ഏറ്റവും സജീവമായി രൂപമെടുത്ത കാലത്താണ് ‘വടക്കുനോക്കിയന്ത്ര’വും ‘ചിന്താവിഷ്ടയായ ശ്വാമള’യും മുഖ്യധാരയിൽ പുരുഷ സംവിധായകരിൽനിന്നുതന്നെ ഉണ്ടായി എന്നത് പഠനാർഹമായ വിഷയമാണ്.

സമൂഹത്തിലെ പുതിയ ചലനങ്ങൾ പിടിച്ചെടുക്കുകയും സ്വയം നവീകരിക്കുകയും ചെയ്യുക എന്നത് മുഖ്യധാരാ സിനിമ അതിജീവനത്തിനായി ഏറ്റെടുക്കുന്ന വെല്ലുവിളികളാണ്. ആണത്തം അഴിഞ്ഞാടുന്ന മലയാളത്തിലെ വലിയ ആശ്വാസങ്ങളായിരുന്നു ഈ രണ്ടു സിനിമകളും. ശ്വാസംമുട്ടിക്കുന്ന ആണത്ത ഉദ്ഘോഷങ്ങളിൽനിന്നുള്ള ആ പിൻവാങ്ങൽ ഒരു മുൻനിര നായകനിൽനിന്നുതന്നെ ഉണ്ടായി എന്നത് വിശാല അർഥത്തിൽ ഒരു സ്വയം വിമർശനമായി കാണാം. നായികക്ക് നായകനൊപ്പമോ അതിലേറെയോ ഇടം നൽകുകയെന്ന ആ തിരുത്ത് മുഖ്യധാരാ സിനിമ അതിന്റെ ചരിത്രത്തിൽ വിരളമായി മാത്രം ഏറ്റെടുക്കുന്ന ദൗത്യമാണ്.

2005ൽ ‘ഉദയനാണ് താരം’ ഇറങ്ങി സൂപ്പർഹിറ്റായ വർഷമാണ് ശ്രീനിവാസന്റെ കരിയർ ഗ്രാഫ് ഏറ്റവും ഉയരത്തിലെത്തിയത്. ശ്രീനിവാസൻ അപ്പോഴേക്കും ഒരു പാഠപുസ്തകമായി മാറിയിരുന്നു. 2005 ആഗസ്റ്റിൽ വിനു എബ്രഹാം എഡിറ്റ് ചെയ്ത് ‘ശ്രീനിവാസൻ ഒരു പുസ്തകം’ എന്ന പുസ്തകം ഒലിവ് ബുക്സ് പുറത്തിറക്കി. അതിൽ സിനിമയിൽ പ്രവേശിക്കുന്നതുവരെയുള്ള തന്റെ കാലത്തെ ആത്മകഥയെ ‘ഞാൻ ശ്രീനിവാസൻ’ എന്ന് അദ്ദേഹം സംക്ഷേപിക്കുന്നുണ്ട്. ഹൃദയസ്പർശിയായ ഒരനുഭവയാത്രയാണത്.

‘‘ഇങ്ങനെയൊരു ജീവിതരേഖ വേണ്ടിവരുമെന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ എന്റെ ജീവിതത്തെ ഞാൻ കൂടുതൽ നാടകീയവും സംഭവബഹുലവുമാക്കുമായിരുന്നു. എന്തായാലും അതിന് കഴിഞ്ഞില്ലല്ലോ’’ എന്ന ചിന്തയിലാണ് അതവസാനിപ്പിക്കുന്നത്.

ഇതിനു പക്ഷേ പിന്നീട് എഴുത്തിൽ തുടർച്ചയുണ്ടായതായി കണ്ടിട്ടില്ല. എങ്കിലും എത്രയോ സംഭാഷണങ്ങളിലൂടെ ആ ‘ആത്മകഥ’ മലയാളത്തിൽ ചൊരിയപ്പെട്ടിട്ടുണ്ട്. അത് സമാഹരിക്കേണ്ടത് ഇനിയുള്ള കാലത്തിന്റെ ഉത്തരവാദിത്തമാണ്. ‘അത് ശ്രീനിവാസൻ എന്ന പുസ്തക’ത്തിന്റെ വിലപിടിപ്പുള്ള രണ്ടാം ഭാഗമാകും എന്നുറപ്പാണ്. അതുണ്ടാകേണ്ടതു​െണ്ടന്നും ശ്രീനിവാസൻ പഠനങ്ങളുടെ രണ്ടാം ഭാഗത്തിന് തുടക്കമിടാൻ അതിനു കഴിയട്ടെ എന്നും ആഗ്രഹിക്കുന്നു.

Show More expand_more
News Summary - The sreeni effect in movies