‘ദ മെസേജി’ന്റെ അര നൂറ്റാണ്ട്

കാഴ്ചയുടെ ചരിത്രംതന്നെ തിരുത്തിയെഴുതിയ ഒരു ചരിത്ര സിനിമയാണ് ‘ദ മെസേജ്’. സിനിമയുടെ ചരിത്ര പ്രസക്തിയെക്കുറിച്ചും അത് സൃഷ്ടിച്ച അലകളെക്കുറിച്ചും എഴുതുന്നു. മക്കയില്‍, ഇസ്ലാം മതത്തിന്റെ മുളപൊട്ടലിന്റെയും വളര്‍ച്ചയുടെയും കഥ, മുഹമ്മദ് നബിയെ നായകനാക്കി സെല്ലുലോയിഡില്‍ ആവിഷ്കരിച്ച ചലച്ചിത്ര ധീരതക്ക്, ‘ദ മെസേജി’ന് അര നൂറ്റാണ്ട് തികയുന്നു. ഇറാനിലെ ‘ഇശ്റാഖി (Illuminationist) സിനിമ’, ഇന്ത്യോനേഷ്യ കേന്ദ്രമായി വികസിച്ച ‘സിനിമ ഇസ്ലാമി’, ഏഷ്യൻ പശ്ചാത്തലത്തിൽ...
Your Subscription Supports Independent Journalism
View Plansകാഴ്ചയുടെ ചരിത്രംതന്നെ തിരുത്തിയെഴുതിയ ഒരു ചരിത്ര സിനിമയാണ് ‘ദ മെസേജ്’. സിനിമയുടെ ചരിത്ര പ്രസക്തിയെക്കുറിച്ചും അത് സൃഷ്ടിച്ച അലകളെക്കുറിച്ചും എഴുതുന്നു.
മക്കയില്‍, ഇസ്ലാം മതത്തിന്റെ മുളപൊട്ടലിന്റെയും വളര്‍ച്ചയുടെയും കഥ, മുഹമ്മദ് നബിയെ നായകനാക്കി സെല്ലുലോയിഡില്‍ ആവിഷ്കരിച്ച ചലച്ചിത്ര ധീരതക്ക്, ‘ദ മെസേജി’ന് അര നൂറ്റാണ്ട് തികയുന്നു. ഇറാനിലെ ‘ഇശ്റാഖി (Illuminationist) സിനിമ’, ഇന്ത്യോനേഷ്യ കേന്ദ്രമായി വികസിച്ച ‘സിനിമ ഇസ്ലാമി’, ഏഷ്യൻ പശ്ചാത്തലത്തിൽ അറിയപ്പെട്ട ‘ഹലാല്‍ സിനിമ’ തുടങ്ങിയ ചലച്ചിത്ര സാക്ഷാത്കാരങ്ങളുടെ രീതിശാസ്ത്രത്തെയും ദൃശ്യഭാഷയെയും ഉള്ളടക്കത്തെയും രൂപപ്പെടുത്തിയതില്‍ ‘ദ മെസേജ്’ എന്ന സിനിമക്കുള്ള പങ്ക് ചെറുതല്ല.
ഒരേസമയം അറബിയിലും ഇംഗ്ലീഷിലും വെവ്വേറെ അഭിനേതാക്കളെ വെച്ച് 1974 ഏപ്രിലില്‍ ചിത്രീകരണമാരംഭിച്ച ഈ സിനിമയുടെ അറബിരൂപത്തിന് ‘അര്‍രിസാല’ എന്നാണ് പേര്. ഇംഗ്ലീഷ് പതിപ്പിന്റെ ‘മുഹമ്മദ്, മെസഞ്ചർ ഓഫ് ഗോഡ്’ എന്ന ആദ്യനാമം പിന്നീട് ‘ദ മെസേജ്’ എന്ന് മാറ്റുകയായിരുന്നു. ആ പേരു തൊട്ടേ പുതുമകളും വിവാദങ്ങളും നിറഞ്ഞ ‘ദ മെസേജ്’ സിനിമയുടെ അമ്പതു വര്‍ഷങ്ങളുടെ കാഴ്ചപ്പെടലിന്റെ ചരിത്രം, ഒരു ലോകസിനിമ മലയാള മുസ്ലിം ഭാവുകത്വത്തില്‍ ഉണ്ടാക്കിയ ചലച്ചിത്ര ഭ്രമങ്ങളുടെകൂടി കഥയാണ്.
സംവിധായകന് മുസ്തഫ അക്കാദ് (Moustapha Akkad) സിറിയയിലെ അലപ്പോയിലാണ് ജനിച്ചത്. 23ാം വയസ്സില്‍ സംവിധാനം പഠിക്കാനായി അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ആ ചെറുപ്പക്കാരന്റെ ബാഗില്‍ ആകെയുണ്ടായിരുന്നത് പിതാവ് അനുഗ്രഹിച്ച് നൽകിയ ഒരു ഖുർആൻ പ്രതിയും ഇരുനൂറോളം ഡോളറും മാത്രമായിരുന്നു. യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയയില്‍നിന്ന് നല്ല മാര്‍ക്കില്‍ സിനിമാപഠനത്തില്‍ ബിരുദമെടുത്ത അക്കാദ് ബിരുദാനന്തര ബിരുദ പഠനത്തിനായി സതേൺ കാലിഫോർണിയ സർവകലാശാലയില്‍ ചേർന്നു.
അവിടെ വെച്ചാണ് സംവിധായകനായ സാം പെക്കിൻഫയെ (Sam Peckinpah) കണ്ടുമുട്ടുന്നത്. ഹോളിവുഡില്‍ ‘ബ്ലഡി പെക്കിന്ഫ’ എന്ന ഇരട്ടപ്പേരുണ്ടായിരുന്ന സംവിധായകനായിരുന്നു അയാള്‍. പെക്കിൻഫ പിന്നീട് അക്കാദിന്റെ ചലച്ചിത്രയാത്രയുടെ വഴികാട്ടിയും ഉപദേശകനുമായിത്തീര്ന്നു. അമേരിക്കന്‍ ഉപരിവര്‍ഗ ജീവിതങ്ങളുടെ പൊള്ളത്തരങ്ങളെ റിയലിസ്റ്റ് ഭാഷയില്‍ നിശിതമായി തുറന്നുകാട്ടിയ പെക്കിന്ഫ സിനിമകള്‍ മറ്റൊരു തലത്തിലാണ് അക്കാദിനെ സ്വാധീനിച്ചത്. അതിന്റെ പ്രതിഫലനമായിരുന്നു ‘ദ മെസേജ്’.
ചരിത്ര സിനിമയും സിനിമയുടെ ചരിത്രവും
മുഹമ്മദ് നബി, അദ്ദേഹത്തിന്റെ ആദ്യ നാല് പിൻഗാമിമാർ (ഖലീഫമാർ), നബി പത്നിമാർ, നബിയുടെ മക്കൾ എന്നിവരുടെയൊന്നും രൂപമോ ശബ്ദമോ വെളിപ്പെടുത്താതെ അവരുടെ സാന്നിധ്യം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതായിരുന്നു ‘ദ മെസേജ്’ സിനിമയുടെ സംവിധായകൻ നേരിട്ട വെല്ലുവിളികളിൽ ഏറ്റവും കഠിനമായത്. 1947ല്‍ നിർമിക്കപ്പെട്ട, റോബർട്ട് മോണ്ട്ഗോമറി (Robert Montgomery)യുടെ ‘Lady in the Lake’ എന്ന ചിത്രത്തിലാണ്, പ്രധാന കഥാപാത്രത്തെ സ്ക്രീനിൽ കാണിക്കാതെ, കാമറയെ കഥാപാത്രത്തിന്റെ കണ്ണുകളാക്കി സംവിധാനിച്ച (സബ്ജക്ടിവ് കാമറ) ആദ്യ ചലച്ചിത്ര ശ്രമം നടന്നത്. അതിനുശേഷവും അത്തരം ധാരാളം പരീക്ഷണങ്ങൾ ലോക സിനിമയിൽ നടന്നിട്ടുണ്ടാകാം.
എന്നാൽ, ഒരു ജീവചരിത്രാത്മക സിനിമ (ബയോപിക്)യിൽ, കേന്ദ്രവ്യക്തിത്വത്തിന്റെയും തന്നോട് ഏറ്റവുമടുത്ത പതിനഞ്ചിലേറെ വ്യക്തികളുടെയും രൂപമോ ശബ്ദമോ ഉപയോഗിക്കാതെ മുഴുനീള രംഗസംവിധാനം നിർവഹിക്കപ്പെട്ടു എന്നത് ലോക സിനിമാചരിത്രത്തിൽതന്നെ ആദ്യത്തെ ഒരുമ്പെടലായിരുന്നു. ഇതര കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾക്ക് തുടർച്ചയായി ഉണ്ടാകുന്ന നിശ്ശബ്ദതയിലൂടെയും പ്രതികരണങ്ങളിലൂടെയും അവരുടെ സാന്നിധ്യം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന സൂത്രമാണ് മുസ്തഫ അക്കാദ് സ്വീകരിച്ചത്.
ഈ സാങ്കേതികപ്പുതുമ ഇസ്ലാമിന്റെ മതാത്മക നിര്‍ദേശം പാലിക്കുക എന്ന അര്‍ഥത്തില്‍ മാത്രമല്ല, പിന്നീട് ലോകത്തുണ്ടായ ഈ ഗണത്തിൽപെട്ട സിനിമകളുടെ ദൃശ്യപരിചരണത്തിൽ സ്വീകരിക്കപ്പെട്ടത്. മതപരമോ വിശുദ്ധമോ ആയ വ്യക്തിത്വങ്ങളെയും ചരിത്രത്തെയും സംഭവങ്ങളെയും ആവിഷ്കരിക്കുന്നതിൽ പില്ക്കാല ചലച്ചിത്ര പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസവും മാതൃകയും മുസ്തഫ അക്കാദ് ‘ദ മെസേജി’ലൂടെ നല്കി. പിന്നീട് ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ചിത്രീകരിക്കപ്പെട്ട നിരവധി സിനിമകള്‍ക്കും നാടകങ്ങൾക്കും ആനിമേഷൻ ചിത്രങ്ങൾക്കും ടെലിവിഷൻ പരമ്പരകൾക്കും ‘ദ മെസേജ്’ വഴികാട്ടിയായി.
മുഹമ്മദ് നബിയുടെ ജീവിതവും ഇസ്ലാമിന്റെ ആദ്യകാല ചരിത്രവും ആവിഷ്കരിച്ച അമേരിക്കൻ ആനിമേഷൻ ചലച്ചിത്രമായ ‘മുഹമ്മദ് ദ ലാസ്റ്റ് പ്രോഫറ്റ്’ (2002), ഖത്തർ ടി.വിയും എം.ബി.സി ഗ്രൂപ്പും ചേർന്ന് തയാറാക്കി ലോകമെമ്പാടും തരംഗമായി മാറിയ ചരിത്ര പരമ്പര ‘ഉമർ’ (2012), ഇറാനിയൻ സംവിധായകനായ മജീദ് മജീദി നബിയുടെ വ്യക്തിത്വരൂപവത്കരണത്തെ ആസ്പദമാക്കി ഒരുക്കിയ ‘മുഹമ്മദ്: ദി മെസഞ്ചർ ഓഫ് ഗോഡ്’ (2015) എന്നിവയാണ് അതിലെ മികച്ച ചില മാതൃകകള്‍.
ഇസ്ലാമിക കലയുടെ രീതിശാസ്ത്രത്തിലെ രൂപനിഷേധം (Aniconism /Aniconic Representation) ചലച്ചിത്ര മാധ്യമത്തിലേക്ക് എങ്ങനെ സ്വീകരിക്കപ്പെട്ടു എന്നതിനെക്കുറിച്ച് ചലച്ചിത്ര ഗവേഷണ രംഗത്ത് ഇപ്പോള്‍ പ്രസക്തമായ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. സിനിമ എന്ന മതേതര/ആധുനിക മാധ്യമത്തിന് മതാത്മക നിർദേശങ്ങളെ എത്രകണ്ട് ഉൾക്കൊള്ളാൻ കഴിയുമെന്ന പ്രശ്നത്തെ മതേതരാനന്തര ചിന്താമണ്ഡലം പരിശോധിക്കുന്നുണ്ട്. തലാൽ അസദിന്റെ (Talal Asad) ‘Formation of the Secular: Christianity, Islam, Modernity, Genealogies of Religion’ പോലുള്ള ഗ്രന്ഥങ്ങളിലെ ആശയങ്ങൾ ചലച്ചിത്ര പഠനവുമായി ഈ കണ്ണിയിലാണ് ബന്ധപ്പെടുന്നത്. ഹലാല്‍ സിനിമയുടെ ആവിഷ്കാര രീതിശാസ്ത്രത്തിലെ പ്രധാന വെല്ലുവിളിയും അതായിരുന്നു. കാമറയെ പ്രവാചകന്റെയും ഖലീഫമാരുടെയും കണ്ണുകളാക്കി മാറ്റിയ സാങ്കേതികത്വം പ്രേക്ഷകനിൽ ഉണ്ടാക്കുന്ന അനുഭവത്തെക്കുറിച്ച് ‘ഫിലിം ഫിനോമനോളജി’ (Film Phenomenology) വിഭാഗത്തിലും ഗവേഷണ പഠനങ്ങൾ നടന്നിട്ടുണ്ട്. ദൃശ്യരൂപത്തിൽ കാണിക്കാതെ തന്നെ കഥാപാത്രത്തിന്റെ ‘സാന്നിധ്യം’ സ്ക്രീനിൽ എങ്ങനെ സൃഷ്ടിക്കാം എന്നതിന്റെ ഏറ്റവും കനപ്പെട്ട ‘കേസ് സ്റ്റഡി’യായി ‘ദ മെസേജ്’ എന്ന സിനിമ ഇപ്പോഴും ലോകോത്തര ചലച്ചിത്ര പഠനകേന്ദ്രങ്ങളിലെ സിലബസിന്റെ ഭാഗമാണ്.

വിവാദങ്ങൾ വിലക്കുകൾ
സെൻസർഷിപ്പിന്റെയും രാഷ്ട്രീയസംഘർഷങ്ങളുടെയും മതപരമായ സംവാദങ്ങളുടെയും നിരവധി കടമ്പകള്‍ കടന്നാണ് ‘ദ മെസേജ്’ ഇന്ന് കാണുന്ന മട്ടില്‍ ലോക ക്ലാസിക്കുകളുടെ പട്ടികയിലേക്ക് ഉയർന്നത്. തിരക്കഥയിലും ചിത്രീകരണത്തിലും അൽ അസ്ഹർ ഉൾപ്പെടെയുള്ള പ്രമുഖ ഇസ്ലാമിക സ്ഥാപനങ്ങളുടെയും പണ്ഡിതന്മാരുടെയും ഉപദേശങ്ങളും അംഗീകാരവും സ്വീകരിച്ച ശേഷമാണ് മുസ്തഫ അക്കാദ് ഈ സിനിമയിലേക്ക് ഒരുങ്ങിയിറങ്ങിയത്. പ്രവാചക ചരിത്രം അതിന്റെ യഥാര്‍ഥ ഭൂമികയില്നിന്നുതന്നെ ചിത്രീകരിക്കണമെന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. പക്ഷേ, സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ചിത്രീകരണത്തിന് അനുമതി നല്കാത്തതിനാൽ മൊറോക്കോയിലും ലിബിയയിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
എങ്കിലും ഇത്തരമൊരു ചലച്ചിത്ര സംരംഭത്തെക്കുറിച്ചുള്ള വാർത്ത പുറത്തെത്തിയതോടെ അത് ഏറെ വിവാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വഴിതുറന്നു. സിനിമ എന്ന മാധ്യമത്തെത്തന്നെ ആശങ്കയോടെയും സന്ദേഹത്തോടെയും കണ്ടിരുന്ന ഇസ്ലാമിക ലോകത്തുനിന്ന് ചിത്രത്തിനെതിരെ വലിയ എതിർപ്പുകൾ ഉയർന്നു. പ്രവാചകന്റെയോ അനുയായികളുടെയോ ചിത്രീകരണം ഇസ്ലാമിക വിരുദ്ധമാണെന്ന് കാണിച്ച് മക്കയിലെ മുസ്ലിം വേൾഡ് ലീഗ് (റാബിത്വ) ഉൾപ്പെടെയുള്ള സംഘടനകൾ സിനിമക്കെതിരെ രംഗത്തെത്തി. അൽഅസ്ഹർ സർവകലാശാല അധികൃതർ സിനിമക്ക് തുടക്കത്തിൽ നല്കിയ അംഗീകാരം ആഗോള സമ്മർദങ്ങൾ കാരണം പിന്‍വലിക്കുകയും ഈജിപ്തിൽ വെച്ച് ഷെഡ്യൂൾ ചെയ്ത ചിത്രീകരണം മുടങ്ങുകയും ചെയ്തു. എങ്കിലും സിനിമയുടെ തുടക്കത്തിൽതന്നെ പണ്ഡിതലോകത്തിന്റെ അംഗീകാരങ്ങളെക്കുറിച്ചുള്ള ഒരു കാർഡ് ഇങ്ങനെ പ്രദർശിപ്പിക്കുന്നുണ്ട്: ‘‘The Scholars and Historians of Islam –The University of Al-Azhar in Cairo, The High Islamic Congress of the Shiat in Lebanon, have approved the accuracy and fidelity of this film.’’
പാരമ്പര്യ പണ്ഡിതന്മാരുടെയും സംഘടനകളുടെയും വിവിധ രാജ്യങ്ങളുടെയും എതിർപ്പ് കാരണം വൻകിട ഹോളിവുഡ് നിർമാണ കമ്പനികളോ സാമ്പത്തിക സ്ഥാപനങ്ങളോ ചിത്രത്തിന് പണം മുടക്കാൻ തയാറായില്ല. പടം സാമ്പത്തികമായി പരാജയപ്പെടുമോ എന്ന ഭീതിയും അവര്‍ക്കുണ്ടായിരുന്നു. ഒടുവിൽ കുവൈത്ത്, മൊറോക്കോ, ലിബിയ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളിൽ നിന്നാണ് മുസ്തഫ അക്കാദ് ഫണ്ട് കണ്ടെത്തിയത്. എന്നാൽ പിന്നീട് കുവൈത്തും ആദ്യം നല്കിയ സാമ്പത്തിക പിന്തുണയില്‍നിന്ന് പിന്മാറി. മൊറോക്കോയിലായിരുന്നു സിനിമയുടെ ഭൂരിഭാഗം രംഗങ്ങളുടെയും ചിത്രീകരണം നിശ്ചയിച്ചിരുന്നത്.
മൊറോക്കോയിലെ മറാക്കഷിലെ വിശാലമായ മരുഭൂമിയില്‍ ഏകദേശം എഴു ലക്ഷം ഡോളർ ചെലവഴിച്ച് പ്രാചീന മക്കയുടെയും മദീനയുടെയും കൂറ്റൻ സെറ്റുകൾ നിർമിക്കുകയും ആറു മാസത്തോളം അവിടെ ഷൂട്ടിങ് നടത്തുകയും ചെയ്തു. അതിനിടെ, സൗദി അറേബ്യയുടെ നയതന്ത്ര സമ്മർദത്തെത്തുടർന്ന് മൊറോക്കോ ഭരണാധികാരി ഹസ്സൻ രണ്ടാമൻ രാജാവ് (King Hassan II) ചിത്രീകരണാനുമതി ഒരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കി. അതോടെ, സിനിമ നിർമാണം പാതിവഴിയിൽ നിന്നു. കോടികൾ മുടക്കി നിർമിച്ച സെറ്റുകൾ മുഴുവനും പൊളിച്ചുമാറ്റി. അക്കാദിന്റെ പ്രതീക്ഷകളെല്ലാം കീഴ്മേല്‍ മറിഞ്ഞു. അപ്പോഴാണ്, ഒരു നിമിത്തമെന്നോണം ലിബിയൻ ഭരണാധികാരി മുഅമ്മർ അൽ ഗദ്ദാഫിയുടെ ക്ഷണം മുസ്തഫ അക്കാദിന് ലഭിക്കുന്നത്. അതോടെ അക്കാദും സിനിമാസംഘവും ലിബിയയിലേക്ക് നീങ്ങി. ലിബിയയിലെ ചരിത്രപ്രസിദ്ധമായ ‘ഗദാമസ്’ മരുപ്പച്ചയുടെയും പ്രാചീന നഗരാവശിഷ്ടങ്ങളുടെയും പശ്ചാത്തലത്തിൽ മക്കയും മദീനയും വീണ്ടും കെട്ടിയുയര്‍ത്തപ്പെട്ടു. അങ്ങനെ, സിനിമയുടെ ബാക്കി ഭാഗങ്ങളുടെയും ചിത്രീകരണം പൂർത്തിയായി.
ചിത്രം റിലീസ് ചെയ്ത ശേഷവും സൗദി അറേബ്യ, ഈജിപ്ത് തുടങ്ങി മിക്ക അറബ് രാജ്യങ്ങളിലും പതിറ്റാണ്ടുകളോളം ‘ദ മെസേജ്’ സിനിമക്ക് പ്രദര്‍ശന വിലക്കുണ്ടായിരുന്നു. തുടക്കത്തിൽ നിരവധി എതിർപ്പുകളും നിരോധനങ്ങളും നേരിടേണ്ടിവന്നെങ്കിലും ലോകമെമ്പാടുമുള്ള മുസ്ലിം വീടുകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഏറ്റവും കൂടുതൽ കാണപ്പെട്ട ഹോളിവുഡ് ചിത്രമായി ‘ദ മെസേജ്’ മാറി.
അമേരിക്കയിലെ അലയൊലികൾ
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അമേരിക്കയിൽ മറ്റൊരു ചരിത്രസംഭവംകൂടി നടന്നു. ആന്റണി ക്വിന്‍ എന്ന ക്രിസ്ത്യാനി, മുഹമ്മദ് നബിയുടെ വേഷംകെട്ടി സിനിമയില്‍ അഭിനയിക്കുന്നുണ്ട് എന്ന വ്യാജവാര്‍ത്ത സിനിമ പുറത്തിറങ്ങുന്നതിനു മുമ്പേ മുസ്ലിം ലോകമെങ്ങും പരന്നിരുന്നു. 1977 മാർച്ചിൽ അമേരിക്കയിലെ വാഷിങ്ടൺ ഡി.സിയിൽ ചരിത്രപ്രസിദ്ധമായ ഒരു പ്രതിഷേധ സമരം അരങ്ങേറി. ‘1977 ഹനഫി സീജ്’ എന്നാണ് ആ ദുരനുഭവം യു.എസ് പ്രതിരോധരേഖകളിൽ എഴുതപ്പെട്ടത്.
അമേരിക്കയിലെ ഹനഫി നേതാവായിരുന്ന ഹമാസ് അബ്ദുൽ ഖാലിസിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘമായിരുന്നു പ്രതിഷേധത്തിന് പിന്നിൽ. ‘ദ മെസേജ്’ സിനിമയുടെ യു.എസ് റിലീസ് തടയുക, സിനിമ നിരോധിക്കുക, അതിന്റെ പ്രിന്റുകൾ നശിപ്പിക്കുക എന്നിവക്കു പുറമെ, 1973ൽ ഹമാസ് അബ്ദുൽ ഖാലിസിന്റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ‘നേക്ഡ് ഓഫ് ഇസ്ലാം’ അംഗങ്ങളെ തങ്ങൾക്ക് വിട്ടുനൽകണം എന്നുകൂടി പ്രതിഷേധക്കാർ ആവശ്യമുയർത്തി.
മാർച്ച് ഒമ്പതിന് അവർ ജൂത മതകേന്ദ്രമായ ബിനെയ് ബിരിത് ആസ്ഥാനം, അമേരിക്കയിലെ അന്നത്തെ ഏറ്റവും വലിയ മസ്ജിദായ ഇസ്ലാമിക് സെന്റർ മസ്ജിദ്, വാഷിങ്ടൺ സിറ്റി ഹാൾ എന്നറിയപ്പെട്ട ഡിസ്ട്രിക്ട് ബിൽഡിങ് എന്നീ കെട്ടിടങ്ങള്‍ ആയുധങ്ങളുമായി ഉപരോധിക്കുകയും 149 ആളുകളെ ബന്ദികളാക്കുകയും ചെയ്തു. ഇതിനിടയിൽ നടന്ന വെടിവെപ്പിൽ മൗറിസ് വില്യംസ് എന്ന റേഡിയോ മാധ്യമപ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തു. സിറ്റി കൗൺസിൽ അംഗവും പിന്നീട് വാഷിങ്ടൺ മേയറുമായ മരിയോൺ ബെറി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഈ സംഘർഷത്തെ തുടര്‍ന്ന് ന്യൂയോർക്, വാഷിങ്ടൺ, ലോസ് ആഞ്ജലസ് എന്നിവിടങ്ങളിലെ തിയറ്റർ ഉടമകൾ ‘ദ മെസേജ്’ സിനിമയുടെ പ്രദർശനം പെട്ടെന്ന് നിർത്തിവെച്ചു.
39 മണിക്കൂർ നീണ്ടുനിന്ന കടുത്ത ആശങ്കകൾക്കൊടുവിൽ, അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ വളരെ തന്ത്രപൂർവം പ്രശ്നത്തിൽ ഇടപെട്ടു. ഈജിപ്ത്, പാകിസ്താൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ അമേരിക്കയിലെ അംബാസഡർമാർ നേരിട്ട് പ്രതിഷേധക്കാരുമായി ചർച്ചകൾ നടത്തി. ഖുർആൻ സൂക്തങ്ങളും ഇസ്ലാം മത തത്ത്വങ്ങളും മുന്നിൽവെച്ച് മണിക്കൂറുകൾ നീണ്ട സംവാദമാണ് നടന്നത്. ബോക്സിങ് പ്രതിഭ മുഹമ്മദ് അലി ഉൾപ്പെടെയുള്ളവർ പ്രതിഷേധക്കാരുമായി സംസാരിച്ചു.
ഒടുവിൽ മാർച്ച് 11ന് ഖാലിസും സംഘവും കീഴടങ്ങി. ബന്ദികളെ വിമോചിപ്പിച്ചു. ‘ദ മെസേജ്’ പ്രദര്‍ശനം പുനരാരംഭിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട ഹമാസ് അബ്ദുൽ ഖാലിസിനും അനുയായികൾക്കും അമേരിക്കൻ കോടതി 120 വര്‍ഷം വരെയാണ് തടവുശിക്ഷ വിധിച്ചത്. ഈ സംഭവത്തെ ആസ്പദമാക്കി റിച്ച്മണ്ട് സർവകലാശാലയിലെ ജേണലിസം പ്രഫസറും എഴുത്തുകാരനുമായ ഷാഹാൻ മുഫ്തി (Shahan Mufti) 2022ല്‍ രചിച്ച അമേരിക്കന്‍ ഖലീഫ (American Caliph: The True Story of a Muslim Mystic, a Hollywood Epic, and the 1977 Siege of Washington, DC) എന്ന പഠനം ഏറെ പ്രസിദ്ധമാണ്. ‘ദ മെസേജ്’ സിനിമയെക്കുറിച്ച് ഈയിടെ പുറത്തിറങ്ങിയ മികച്ച ഒരു റഫറന്‍സ് ഗ്രന്ഥംകൂടിയാണ് ഈ പുസ്തകം.

ദൃശ്യസംസ്കാരത്തെ മാറ്റിയെഴുതുന്നു
മുസ്തഫ അക്കാദ് ഈ ചിത്രം നിർമിച്ചതുതന്നെ പാശ്ചാത്യ-പൂർവ ദേശങ്ങൾ തമ്മിലുള്ള സാംസ്കാരിക ദൂരം കുറക്കുക എന്ന ലക്ഷ്യംവെച്ചായിരുന്നു. പിന്നീട് പല അഭിമുഖങ്ങളിലും തന്റെ ഈ ഉദ്ദേശ്യം അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെ, ഇസ്ലാമിന്റെ ഉരുവത്തെയും ഉള്ളടക്കത്തെയും കുറിച്ച് ലോകവ്യാപകമായി പ്രചരിച്ചിരുന്ന പല തെറ്റിദ്ധാരണകളും തിരുത്താൻ ഈ സിനിമ സഹായകമായി. പടിഞ്ഞാറിലെ പൊതുസമൂഹത്തിന് ഇസ്ലാമിക ചരിത്രത്തെയും പ്രവാചകചര്യകളെയും കുറിച്ച് ധാരണ നൽകിയ ആദ്യ ആഗോള ആവിഷ്കാരമായിരുന്നു ‘ദ മെസേജ്’. യൂറോപ്പിന്റെ പൂര്‍വ ഭാവനകളിലെ ഇസ്ലാം ഒരു അപരിഷ്കൃത ഗോത്രമതമായിരുന്നു. മാനവികത, സമത്വം, നീതി എന്നിവക്ക് ഊന്നൽനൽകുന്ന മാനവികാശയമാണ് ഇസ്ലാമെന്ന് ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ബിലാലിനെക്കുറിച്ചുള്ള ദീര്‍ഘമായ ആഖ്യാനങ്ങള്‍ മനപ്പൂര്‍വം മുസ്തഫ അക്കാദ് തിരക്കഥയില്‍ ഉള്‍പ്പെടുത്തി. ‘ലോറന്‍സ് ഓഫ് അറേബ്യ’പോലുള്ള ചിത്രങ്ങളിലൂടെ മുമ്പ് അറബ്-മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരോ അപരിഷ്കൃതരോ ആയി മാത്രം ചിത്രീകരിച്ചിരുന്ന പടിഞ്ഞാറൻ രീതിക്ക് വലിയൊരു തിരുത്ത് ഈ ചിത്രത്തിലൂടെ സാധിച്ചു.
‘ദ മെസേജി’ലെ പശ്ചാത്തല സംഗീതവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. അതിന്റെ െക്രഡിറ്റില് ഫ്രഞ്ച് സംഗീതസംവിധായകനായ മോറിസ് ജറെക്ക് (Maurice Jarre) ഓസ്കർ നാമനിർദേശവും ലഭിച്ചിരുന്നു. ‘ദ മെസേജി’ലെ സന്ദര്‍ഭങ്ങള്‍ക്ക് പശ്ചാത്തല സംഗീതം നൽകാനായി മോറിസ് ജറെ ഏറ്റെടുത്ത തയാറെടുപ്പുകൾ സിനിമാ സംഗീത ചരിത്രത്തില്‍തന്നെ കേളികേട്ടതാണ്. അറേബ്യയുടെ ആദ്യകാല ചരിത്രവും പശ്ചാത്തലവും കൃത്യമായി ഉൾക്കൊള്ളാൻ അദ്ദേഹം ലിബിയന്‍ മരുഭൂമിയിൽ തമ്പടിച്ച് ദിവസങ്ങളോളം ഏകാന്തവാസമനുഷ്ഠിച്ചു. അറേബ്യന്‍ സംസ്കാരത്തിന്റെ ആത്മാവും മരുഭൂമിയുടെ ശബ്ദങ്ങളും സിനിമയിലേക്ക് ആവാഹിക്കാൻ പരമ്പരാഗത അറേബ്യൻ വാദ്യോപകരണങ്ങളുടെ ഈണങ്ങളെ പാശ്ചാത്യ ഓർക്കസ്ട്രയുമായി അദ്ദേഹം മനോഹരമായി സമന്വയിപ്പിച്ചു.
സിനിമയുടെ ആമുഖരംഗങ്ങളില് ചരിത്രത്തിന്റെ നിഗൂഢസൗന്ദര്യത്തെയും മരുഭൂമിയിലെ ഗോത്രജീവിതത്തെയും കോരിയെടുക്കുന്ന മുഖ്യസംഗീതധാര മുതല്‍, മക്കയിൽനിന്ന് മദീനയിലേക്ക് മരുപ്രദേശങ്ങള്‍ താണ്ടി മുസ്ലിംകള് നടത്തുന്ന പലായനത്തിന്റെ പശ്ചാത്തല ഈണം, മദീനയിൽ റസൂലും അനുചരരും ആദ്യത്തെ പള്ളി നിർമിക്കുമ്പോഴുള്ള സന്തോഷവും ഊർജവും തുളുമ്പുന്ന സംഗീതം, മുഹമ്മദ് നബിയുടെ മക്കാ വിജയാഘോഷങ്ങളുടെ ആവേശ ധോരണിയുയര്ത്തുന്ന സൗണ്ട് ട്രാക്ക് എന്നിവയെല്ലാം സിനിമയിലെ പശ്ചാത്തല സംഗീതത്തിന്റെ വേറിട്ട നിര്‍മിതിക്ക് ലോകോത്തര മാതൃകകളായി.
‘ദ മെസേജ്’ സിനിമ വെറുമൊരു ചലച്ചിത്രം എന്നതിലുപരി സിനിമ, മതം, സംസ്കാരപഠനം, മാധ്യമപഠനം, ഇസ്ലാമിക കല തുടങ്ങിയ മേഖലകളിലെല്ലാം വ്യാപകമായ പഠനങ്ങള്‍ക്കും സംവാദങ്ങള്‍ക്കും തിരികൊളുത്തിയ ആവിഷ്കാരമാണ്. പാശ്ചാത്യ സിനിമകളിൽ (പ്രത്യേകിച്ച് ഹോളിവുഡിൽ) മുസ്ലിംകളെയും അറബ് ലോകത്തെയും എങ്ങനെ ചിത്രീകരിക്കുന്നു എന്ന വിഷയത്തിൽ, എഡ്വേഡ് സൈദ് അടക്കമുള്ള ചിന്തകര്‍ ഉയര്‍ത്തിയ ഓറിയന്റലിസ്റ്റ് പഠനങ്ങളിൽ ‘ദ മെസേജ്’ ഇപ്പോഴും പ്രധാന പഠനസാമഗ്രിയാണ്.
ഹോളിവുഡ് ഉണ്ടാക്കിയെടുത്ത, അന്യവത്കരിക്കപ്പെട്ട ഏകശിലാത്മക-പൈശാചിക അറബ് ബിംബങ്ങൾക്ക് ബദലായി, ഒരു അറബ് സംവിധായകൻ പാശ്ചാത്യ സാങ്കേതികവിദ്യയെയും അഭിനേതാക്കളെയും ഉപയോഗിച്ച് നടത്തിയ പ്രതിരോധ ഉദ്യമമായി ഈ ചിത്രം വിലയിരുത്തപ്പെടുന്നു. Journal of Religion and Film, Third Text, Middle East Journal of Culture and Communication തുടങ്ങിയ പ്രശസ്ത അക്കാദമിക് ജേണലുകളിൽ ഈ സിനിമയെക്കുറിച്ച് നിരവധി ഗവേഷണ പ്രബന്ധങ്ങൾ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഇംഗ്ലീഷ് ഭാഷാപതിപ്പില് ആന്റണി ക്വിൻ അടക്കമുള്ള ഹോളിവുഡ് അഭിനേതാക്കളെയും അറബ് ഭാഷാപതിപ്പില് പ്രശസ്തരായ അറബ് നടീനടന്മാരെയും ഉപയോഗിച്ച് ഒരേ സെറ്റിൽ സമാന്തരമായാണ് മുസ്തഫ അക്കാദ് ചിത്രീകരണം നടത്തിയത്. ഇതും ചലച്ചിത്ര വ്യവസായ രംഗത്ത് വലിയൊരു പരീക്ഷണമായിരുന്നു. പിന്നീട്, അഭിനേതാക്കളുടെ ശരീരം, വംശീയത, പെരുമാറ്റം എന്നിവ മുന്‍നിറുത്തിയ ഒട്ടേറെ സിനിമാ ഗവേഷണങ്ങളിലേക്ക് ഈ സിനിമാപരീക്ഷണം നയിച്ചു. രണ്ട് വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങളിലുള്ള അഭിനേതാക്കൾ (ഇംഗ്ലീഷ് പതിപ്പില്‍ ആന്റണി ക്വിൻ ചെയ്ത ഹംസയും അറബിക് പതിപ്പിൽ അബ്ദുല്ല ഗൈഥ് ചെയ്ത ഹംസയും) ശരീരഭാഷയിലും സംഭാഷണ രീതിയിലും വരുത്തിയ വ്യത്യാസങ്ങളെക്കുറിച്ചുള്ള താരതമ്യ പഠനങ്ങളും വിവിധ സര്‍വകലാശാലകളില്‍ നടന്നിട്ടുണ്ട്.

ഇന്ത്യയിലെയും മലയാളത്തിലെയും ‘മെസേജ്’
ആഗോളതലത്തിൽ 1976ല്‍ ലണ്ടനിലും 1977ൽ ന്യൂയോർക്കിലും ചിത്രം റിലീസ് ചെയ്യപ്പെട്ടു. ഇന്ത്യയിൽ ചിത്രത്തിന്റെ പ്രിന്റുകളെത്തുന്നത് 1978ലാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുംബൈ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങൾ ചിത്രത്തിന്റെ തിയറ്റർ പ്രദർശനത്തിന് വിലക്കേർപ്പെടുത്തി. അൽഅസ്ഹർ സർവകലാശാലയുടെയും ശിയാ കൗൺസിലിന്റെയും അംഗീകാരം കാണിച്ച് ചലച്ചിത്രപ്രേമികളും ചില വിതരണക്കാരും ചിത്രം തിയറ്ററുകളിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അധികാരികൾ ചിത്രത്തിന് പൊതുപ്രദര്‍ശനാനുമതി നല്കാന് തയാറായില്ല.
എണ്‍പതുകളില്‍ വി.എച്ച്.എസ് കസറ്റുകൾ പ്രചാരത്തില്‍ വന്നതോടെയാണ് ഇന്ത്യക്കാർ ‘ദ മെസേജ്’ ആദ്യമായി കാണുന്നത്. മദ്റസയിലും പാതിരാ വഅളുകളിലും മാത്രം കേട്ടറിഞ്ഞ അറേബ്യൻ മരുഭൂമിയുടെ പവിത്രസൗന്ദര്യവും മുത്തുനബിയുടെ പ്രബോധനചരിത്രവും കാഴ്ചയുടെ പുതിയൊരു പ്രതലത്തിലൂടെ മുസ്ലിം പ്രേക്ഷർക്ക് ‘ദ മെസേജ്’ സമ്മാനിച്ചു. ഈ സിനിമയെ മുൻനിർത്തി, സിനിമകൾക്കെതിരെ പൊതുവെയും ഇസ്ലാമിക ചരിത്രപുരുഷന്മാരുടെ ചിത്രീകരണങ്ങൾക്കെതിരെയും ധാരാളം ഫത് വകൾ 1980 മുതലേ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് പുറപ്പെടുവിക്കപ്പെട്ടിരുന്നു. ഇന്ത്യയിലും പാകിസ്താനിലും പ്രഖ്യാപിച്ച ഫത് വകൾ ഉൾപ്പെടുത്തി 2017ൽ മുഫ്തി സിയാ അഹ്മദ് ഖാദിരി രിസ് വി ഉർദുവിൽ ‘ദ മെസേജ് ഫിലിം ഔർ ഈമാൻ കാ സവാൽ’ എന്ന പുസ്തകം ലാഹോറിൽനിന്ന് പുറത്തിറക്കി. സിനിമകളിലും നാടകങ്ങളിലും പ്രവാചകന്മാരെയും പുണ്യവ്യക്തികളെയും ചിത്രീകരിക്കുന്നതിനെ വിമർശിച്ചുകൊണ്ട് തയാറാക്കിയ കർമശാസ്ത്ര പഠനമായിരുന്നു അത്.
ഗള്‍ഫ് പ്രവാസഫലമായി വി.സി.ആറും കസറ്റുകളും കേരളത്തിലെ വീടകങ്ങളിലെത്തിയതോടെ മലയാളത്തിലാണ് ഈ സിനിമ ഏറ്റവുമധികം സ്വീകരിക്കപ്പെട്ടത്. ചിത്രത്തിന്റെ നിർമാണ നിലവാരവും ആന്റണി ക്വിൻ ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ വിസ്മയിപ്പിക്കുന്ന പ്രകടനവും ചരിത്രത്തോട് നീതിപുലർത്തുന്ന അവതരണവും മലയാളി മുസ്ലിം പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകളുണ്ടാക്കി. തൊണ്ണൂറുകളില്‍ നാട്ടിലെത്തിയ പ്രവാസികളുടെ അത്തർ മണക്കുന്ന പെട്ടികളിലുണ്ടായിരുന്ന പ്രധാന കൗതുകങ്ങളിലൊന്ന് ഈ സിനിമയുടെ വിഡിയോ കസറ്റായിരുന്നു. വിശേഷദിവസങ്ങളിൽ കുടുംബങ്ങളും അയൽവാസികളും ഒരുമിച്ചിരുന്ന് ‘ദ മെസേജ്’ കണ്ടു. മദ്റസകൾ, സ്റ്റഡി സർക്കിളുകൾ, ഇസ്ലാമിക് കൾചറൽ സെന്ററുകൾ, വായനശാലകൾ എന്നിവ കേന്ദ്രീകരിച്ച് കുട്ടികൾക്കും യുവാക്കൾക്കും ഇസ്ലാമിക ചരിത്രം മനസ്സിലാക്കിക്കൊടുക്കാൻ ഈ ചിത്രം ഉപയോഗിച്ചു.
കുറച്ചെങ്കിലും ഇംഗ്ലീഷ് മനസ്സിലാകുന്നവർ സംഭാഷണങ്ങൾ വിവരിച്ചുകൊടുത്തു. പിന്നീട് ഇന്ത്യൻ സാറ്റലൈറ്റ് ചാനലുകളിലും കേബിൾ നെറ്റ്വർക്കുകളിലും ചിത്രം പലതവണ സംപ്രേഷണം ചെയ്യപ്പെട്ടു. രണ്ടായിരത്തിനു ശേഷം, മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിലേക്ക് ഈ ചിത്രം സബ് ടൈറ്റിലുകളും ഡബിങ്ങുകളും ചേർത്ത് വീണ്ടും വന്നെത്തി. കേരളത്തിൽ പിന്നീട് നിർമിക്കപ്പെട്ട പല ഇസ്ലാമിക നാടകങ്ങളിലും ആനിമേഷനുകളിലും ‘ദ മെസേജ് സ്വീകരിച്ച ചിത്രീകരണ രീതി വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സിനിമയിലെ പശ്ചാത്തല സംഗീതവും ബിലാലിന്റെ ബാങ്കുവിളിയുടെ ദൃശ്യാവിഷ്കാരവും മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ പ്രശസ്തമായി. കേരളത്തിലെ പല ഇസ്ലാമിക കലാപരിപാടികളിലും സാംസ്കാരിക കൂട്ടായ്മകളിലും ഈ സിനിമയിലെ സംഗീത ശകലങ്ങളും ദൃശ്യങ്ങളും ഉപയോഗിക്കപ്പെട്ടു.
രണ്ട് ഫലശ്രുതികൾ
1980ൽ മുസ്തഫ അക്കാദിന്റെ ‘ലയൺ ഓഫ് ഡെസേർട്ട്’ എന്ന, രണ്ടാമത്തെ ചരിത്ര സിനിമ റിലീസ് ചെയ്തു. ലിബിയൻ മരുഭൂമിയിൽ മുസോളിനിയുടെ ഇറ്റാലിയന്‍ സൈന്യത്തിനെതിരെ പോരാടി രക്തസാക്ഷിയായ സീദി ഉമര്‍ എന്ന ഉമര്‍ മുഖ്ദാറിന്റെ ജീവിതകഥയായിരുന്നു ആ ചിത്രം. അതോടെ ലോകമെങ്ങുമുള്ള ബദൽ സിനിമ പ്രവര്‍ത്തകരുടെ ആവേശകേന്ദ്രമായി മുസ്തഫ അക്കാദ് മാറി. ജീവിതത്തിന്റെ സായംകാലത്തും വിശ്രമിക്കാൻ അദ്ദേഹം ഒരുക്കമില്ലായിരുന്നു. കുരിശുയുദ്ധത്തിനെതിരെ ധീരോദാത്തമായി ചെറുത്തുനിന്ന് മസ്ജിദുല്‍ അഖ്സയെ വിമോചിപ്പിച്ച സലാഹുദ്ദീന് അയ്യൂബിയെക്കുറിച്ചുള്ള സിനിമയുടെ ആലോചനയിൽ മുഴുകി, അദ്ദേഹം. വമ്പൻ പ്രോജക്ടായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. അതിന്റെ രചനയും നിര്‍മാണ സംബന്ധമായ ചര്‍ച്ചകളിലുമായിരുന്നു രണ്ടായിരാമാണ്ടിനുശേഷം മുസ്തഫ അക്കാദ്.
2005 നവംബർ 9ന് രാത്രി ജോർഡൻ തലസ്ഥാനമായ അമ്മാനിലെ മൂന്ന് പ്രമുഖ ഹോട്ടലുകളിൽ ഭീകരമായ ചാവേർ സ്ഫോടനം നടന്നു. ഗ്രാൻഡ് ഹയ്യാത്ത് ഹോട്ടലിന്റെ സ്വീകരണ ഹാളിലാണ് സ്ഫോടനവസ്തുക്കൾ കെട്ടിവെച്ച ജാക്കറ്റ് ധരിച്ച അതിലൊരു ചാവേർ പൊട്ടിത്തെറിച്ചത്. പിന്നീട്, അൽഖാഇദ ഇൻ ഇറാഖ് ഉത്തരവാദിത്തം ഏറ്റെടുത്തുവെന്ന് പ്രചരിപ്പിക്കപ്പെട്ട ആ സ്ഫോടനത്തില്‍ ലോകം കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളുടെ ശരീരംകൂടി ഛിന്നഭിന്നമായിപ്പോയിരുന്നു. 75കാരനായ മുസ്തഫ അക്കാദ് ആ സമയത്ത് മകൾ റിമാ അക്കാദ് മോൺലയോടൊപ്പം അതേ ഹോട്ടലിന്റെ ലോബിയില്‍ ഇരിപ്പുണ്ടായിരുന്നു എന്ന യാഥാർഥ്യം ഞെട്ടലോടെയാണ് പിറ്റേന്ന് രാവിലെ ലോകമറിഞ്ഞത്.
ചില നഷ്ടങ്ങള്‍ ചരിത്രത്തിന്റേതാണ്. അല്‍ഖാഇദ എന്ന സംഘടനയുടെ പേരിൽ ശരീരത്തില്‍ ബോംബ് കെട്ടിക്കൊടുത്ത് ചാവേറുകളെ ഒരുക്കിവിട്ടവര്‍ ആരായാലും അവരുടെ കുടില ലക്ഷ്യങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്ന് ആ സ്ഫോടനത്തിലൂടെ നേടിക്കഴിഞ്ഞു. ആധുനിക സാങ്കേതികവിദ്യയുടെ അത്ഭുത പ്രപഞ്ചത്തിലേക്ക് ഇസ്ലാമിക ചരിത്രത്തെയും മുഹമ്മദ് നബിയുടെ ജീവിതത്തെയും ആദര്‍ശാത്മകമായി സന്നിവേശിപ്പിച്ച മുസ്തഫ അക്കാദ് എന്ന വിശ്വമഹാ പ്രതിഭയെ അവര്‍ അതോടെ അവസാനിപ്പിച്ചു കളഞ്ഞു. അതു മാത്രമല്ല, അദ്ദേഹം നിര്‍മിക്കാന്‍ പോകുന്ന, അറബ്-ജൂത ചരിത്രത്തിലും ആധുനികാനന്തര ഇസ്ലാമിക ലോകത്തും ഏറെ കോളിളക്കങ്ങള്‍ ഉണ്ടാക്കാനാവുംവിധം സ്ഫോടകശേഷിയുള്ള ഒരു സിനിമയെയും ആ ചാവേർ ആക്രമണത്തിലൂടെ അവര്‍ മുളയിലേ നുള്ളിക്കളഞ്ഞു.
ഒടുവിൽ, റിലീസ് ചെയ്ത് 42 വർഷങ്ങൾക്ക് ശേഷം സൗദി അറേബ്യ ചിത്രത്തിന് പ്രദർശനാനുമതി നൽകി. 2018 ജൂൺ 14ന്, റമദാൻ വ്രതമവസാനിച്ച ദിവസം, ചെറിയപെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചുവന്ന ദിവസത്തിന്റെ തലേരാത്രിയിൽ റിയാദ് പാർക്കിലുള്ള വോക്സ് സിനിമാസ് തിയറ്ററിൽ ആദ്യമായി ‘ദ മെസേജ്’ പ്രദർശിപ്പിച്ചു. സിനിമയുടെ പഴയ പ്രിന്റിനെക്കാൾ, കൂടുതൽ തെളിച്ചത്തിലും നിറവിന്യാസത്തിലും റീമാസ്റ്റർ ചെയ്ത 4K പതിപ്പായിരുന്നു അത്. ചരിത്രത്തിന്റെ എത്ര ആവേശകരമായ മറുപടി; എത്ര ഉചിതമായ കാവ്യനീതി!
=======================
റഫറൻസ്
1. Asmi Yuniati, Sayyidatul Fadlilah, Muhammad Nafi Annury DIRECTIVE SPEECH ACTS IN THE MOVIE “THE MESSAGE” BY MOUSTAPHA AKKAD Vision: Journal for Language and Foreign Language Learning, 2018, vol.7, no.2, Page, 92-102.
2. Usep Muttaqin, A SPEECH ACT ANALYSIS OF ZAID’S UTTERANCES IN MOUSTAPHA AKKAD’S MOVIE THE MESSAGE, English Department, Faculty of Adab and Cultural Sciences, State Islamic University Sunan Kalijaga, Yogyakarta, 2013.
3. Magda Meliti, MOUSTAPHA AKKAD 1930-2005, MLitt. Degree in Oriental Studies, St. Antony’s College, University of Oxford, January 2011
4. Mufti Zia Ahmad Qadri Rizvi, The Message Film aur Iman ka Zawal, Maktaba Tala Ul Badru Alaina, Lahore, 2017.
5. സാദിഖ് ചുഴലി, ദ മെസേജ് –മുസ്തഫ അക്കാദ് നിർവഹിച്ച പ്രബോധനം, https://islamonweb.net/ml/The-Message---A-sermon-by-Mustafa-Akkad
