അഭിനയപാഠങ്ങൾ; സീരിയലുകളുടെ കാലം


ദൂരദർശൻ സീരിയലിനുവേണ്ടി അഭിനയരംഗത്തേക്ക് വരുന്നതും കോടമ്പാക്കത്തെ അനുഭവങ്ങളും അപ്രതീക്ഷിതമായി സൂപ്പർസ്റ്റാർ രജനികാന്തിനെ കണ്ടുമുട്ടുന്നതുമായ സംഭവങ്ങളാണ് ഇത്തവണ പറയുന്നത്. 9 ജൂലൈ 1993 കവിതാലയ പ്രൊഡക്ഷന്‍സ് തമിഴിലിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര നിര്‍മാണ വിതരണ കമ്പനിയാണ്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരനായ കെ. ബാലചന്ദര്‍ 2008 വരെ ചലച്ചിത്രങ്ങളൊരുക്കിയ സൗത്ത് ഇന്ത്യ മുഴുവനുമറിയുന്ന സ്ഥാപനം. ആ കമ്പനി മലയാളത്തില്‍ ദൂരദര്‍ശനുവേണ്ടി ഒരു സീരിയല്‍ ചെയ്യുന്നുവെന്ന് പറഞ്ഞത് ടെലിവിഷനിലും സിനിമയിലും അഭിനയിക്കുന്ന മുകുന്ദനായിരുന്നു. മാധവന്‍ സാര്‍ എന്നായിരുന്നു ആ സീരിയലിന്‍റെ...
Your Subscription Supports Independent Journalism
View Plansദൂരദർശൻ സീരിയലിനുവേണ്ടി അഭിനയരംഗത്തേക്ക് വരുന്നതും കോടമ്പാക്കത്തെ അനുഭവങ്ങളും അപ്രതീക്ഷിതമായി സൂപ്പർസ്റ്റാർ രജനികാന്തിനെ കണ്ടുമുട്ടുന്നതുമായ സംഭവങ്ങളാണ് ഇത്തവണ പറയുന്നത്.
9 ജൂലൈ 1993
കവിതാലയ പ്രൊഡക്ഷന്‍സ് തമിഴിലിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര നിര്‍മാണ വിതരണ കമ്പനിയാണ്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചലച്ചിത്രകാരനായ കെ. ബാലചന്ദര്‍ 2008 വരെ ചലച്ചിത്രങ്ങളൊരുക്കിയ സൗത്ത് ഇന്ത്യ മുഴുവനുമറിയുന്ന സ്ഥാപനം. ആ കമ്പനി മലയാളത്തില്‍ ദൂരദര്‍ശനുവേണ്ടി ഒരു സീരിയല്‍ ചെയ്യുന്നുവെന്ന് പറഞ്ഞത് ടെലിവിഷനിലും സിനിമയിലും അഭിനയിക്കുന്ന മുകുന്ദനായിരുന്നു. മാധവന്‍ സാര്‍ എന്നായിരുന്നു ആ സീരിയലിന്‍റെ പേര്. ‘ബട്ടർഫ്ലൈസി’ന്‍റെ ഡബിങ് കഴിഞ്ഞുവന്ന സമയമായിരുന്നു അത്. നെടുമുടി വേണു ചേട്ടനായിരുന്നു മാധവന്‍സാറായി അഭിനയിക്കുന്നത്. 13 എപ്പിസോഡ്. പല കഥകള്‍. അങ്ങനെയൊക്കെ അന്ന് സാധ്യമായിരുന്നു. കഥകൾക്കും അതിലൂടെ സാംസ്കാരികമായ ഒരു സന്ദേശവുമൊക്കെയായിരുന്നു അന്നത്തെ ദൂരദര്‍ശന്‍റെ പരിപാടികളുടെ മുഖമുദ്ര. മനുഷ്യജീവിതത്തിന്‍റെ നാനാമേഖലകളെയും കൃത്യമായി അടയാളപ്പെടുത്താനുള്ള കാഴ്ചയുടെ തിരശ്ശീല. സമൂഹത്തിലെ വിവിധ പ്രശ്നങ്ങളെ കേന്ദ്രീകരിച്ച് ഒരധ്യാപകന്‍ നൽകുന്ന ഉപദേശങ്ങളും അദ്ദേഹം തെളിക്കുന്ന വെളിച്ചവുമായിരുന്നു ‘മാധവന്‍ സാര്‍’ എന്ന സീരിയലിന്‍റെ കഥയുടെ കാതല്‍.
അതിലെ ഒരു എപ്പിസോഡിലെ കഥയിലഭിനയിക്കാന്‍ ഒരുദിവസം മുകുന്ദന്‍ വിളിച്ചു. മുകുന്ദനോടൊപ്പമായിരുന്നു അതിന്‍റെ തിരുവനന്തപുരത്തെ വെള്ളായണിയിലെ ലൊക്കേഷനില്‍ പോയതും. വേണു ചേട്ടന്‍ അവിടെയുണ്ടായിരുന്നു. അവിടെ വെച്ചാണ് സംവിധായകന്‍ മണിശ്രീധര്‍ എന്നോട് കഥ പറഞ്ഞത്. ഒരു കാമുകന്‍റെ കഥ. അവന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയുമായുള്ള പ്രശ്നങ്ങളും അത് വീടിനെ ബാധിക്കുന്നതുമായൊരു കഥ. വേണു ചേട്ടന്‍ എന്നെ കണ്ടതും ഇവനൊരു നല്ല ചോയ്സാ എന്നൊരു ചിരിയോടെ ഉറപ്പിച്ചു. വേണു ചേട്ടന്‍ ‘യമന’ത്തില്‍ ഒപ്പമുണ്ടായിരുന്നു. അല്ലാതെയും ലെനിന്‍ സാറിനും മുരളി ചേട്ടനുമൊപ്പമൊക്കെയായി വല്ലാത്തൊരടുപ്പം ഉള്ളതുകൊണ്ട് മിക്കവാറും നഗരത്തില്‍ പലപ്പോഴായി കാണുമായിരുന്നു. വേണു ചേട്ടനും അഭിനയിക്കാനൊരുറപ്പ് തന്നു. എന്നാലെന്‍റെയുള്ളില്‍ അഭിനയമെന്നത് മറ്റൊരു മലകയറ്റമായിരുന്നു. അമ്പലപ്പറമ്പിലെ നാടകത്തട്ടില്‍ കളിക്കുന്ന ഒരു കലയല്ലല്ലോ എല്ലാവരും കാണുന്ന ടെലിവിഷന്‍ എന്നെനിക്ക് തോന്നാറുണ്ട്. ജൂഡിന്‍റെ ‘ശരറാന്തലി’ല്‍ എല്ലാ തെറ്റുകുറ്റങ്ങളിലൂടെയുമായിരുന്നു ആദ്യമായി ഞാന്‍ ചെയ്ത കഥാപാത്രത്തിന്‍റെ യാത്ര. എന്ത് ചെയ്യണമെന്നറിയാതെ നിരന്തരം ചമ്മുന്ന ഒരു കഥാപാത്രം. സീനില്‍ തെറ്റിയാലും അതഭിനയമായി വിചാരിക്കുമെന്ന് ധൈര്യം. അതല്ലല്ലോ കൃത്യമായി ഡിസൈന്‍ ചെയ്യുന്ന ഒരു വേഷം.
വെള്ളായണിക്കായലിനടുത്തുള്ള ഒരു വീടായിരുന്നു അത്. വേണു ചേട്ടനും വേറെ കുറച്ചാളുകളുമുള്ള ഒരു സീന്‍ എടുക്കുന്നതിനിടയിലായിരുന്നു എന്നെയും വിളിച്ച് മുകുന്ദന്‍ ചെന്നത്. കഥപറയുമ്പോള്‍ വേണു ചേട്ടനും ഒപ്പമുണ്ടായിരുന്നു. 22 മിനിറ്റിൽ ഒരു കഥ പൂര്‍ണമാവണം. തിരുവനന്തപുരം ദൂരദര്‍ശന്‍റെ ആരംഭകാലത്ത് ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത 13 എപ്പിസോഡുള്ള ‘ശരറാന്തല്‍’ എന്ന സീരിയലിലും ‘ഡോ. ഹരിശ്ചന്ദ്ര’ എന്ന ഒറ്റക്കഥകള്‍കൊണ്ട് തീരുന്ന കുറ്റാന്വേഷണ സീരിയലിലും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ‘ഹരിശ്ചന്ദ്ര’യുടെ അഞ്ചു കഥകള്‍ക്ക് തിരക്കഥയൊരുക്കുകയും ചെയ്തു. അതിനു കാരണവും പി.എഫ്. മാത്യൂസ് തന്നെയായിരുന്നു. ജൂഡിന്‍റെ വീട്ടില്‍ അനുജന്‍ ലൈജുവിന്‍റെ മുറിയില്‍ താമസിച്ച് എഴുതാന്‍ തുടങ്ങി. ലൈജു ധാരാളം സിനിമ കാണുകയും വായിക്കുകയും ചെയ്തിരുന്നു. അന്ന് തീരുമാനിച്ചുറപ്പിച്ച കഥ വിശദമായി അവനോട് ചര്‍ച്ചചെയ്തുകഴിഞ്ഞാല്‍ ഒറ്റയിരുപ്പ്.
കട്ടിലില്‍ ലൈജു വായിച്ചുകൊണ്ട് കിടക്കും. എഴുതിക്കഴിഞ്ഞത് ആദ്യം അയാളെ വായിച്ചുകേള്‍പ്പിക്കും. ഒരു ചിരിമാത്രം ഉണ്ടാവും. ലൈജു ശരിക്കും ഒരു ധൈര്യമായിരുന്നു. എഴുതിയതിനു മനസ്സുതുറന്ന് ഒരഭിപ്രായം പറയുന്നതുപോലെയായിരുന്നു ആ ചിരി. അതില്‍ എല്ലാം ഉണ്ട്. മോശമായാല്‍ മാത്രം എന്തുകൊണ്ട് എന്നു പറഞ്ഞ് കൂടുതല്‍ നേരം സംസാരിക്കും. ഓര്‍മയുടെ അടരുകളില്‍ ആ സ്നേഹവും അപ്രത്യക്ഷമായി. മരണം വെറുമൊരു വാക്ക് മാത്രമല്ല. അത് ഹൃദയത്തിലടിക്കുന്ന പെരുമ്പറ ശബ്ദമാണ് എന്ന് അറിയുന്നു. സൗഹൃദങ്ങളും സ്നേഹവും അവസാനിക്കരുതേയെന്ന പ്രാര്‍ഥനയാവുന്നു. ലൈജുവുമായി സംസാരിച്ചുകഴിഞ്ഞ് ഒറ്റവേഗത്തില്‍ എഴുതിക്കഴിഞ്ഞ തിരക്കഥ ജൂഡിനെയും മത്തായിയെയും വായിച്ചുകേള്‍പ്പിച്ചപ്പോള്‍ അവരുടെ അഭിപ്രായമറിയാന്‍ കാത്തു. നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് ജൂഡ് കൈ തന്നു. മത്തായി എന്നെയും കൂട്ടി പുറത്തേക്കിറങ്ങി. ഹൈകോര്‍ട്ടിനു മുന്നിലെ കോഫി ഷോപ്പിലിരുന്ന് തിരക്കഥയില്‍ വരേണ്ട മാറ്റങ്ങളെക്കുറിച്ച് പറഞ്ഞു. ഒപ്പമൊരു ശാസനയും.
‘‘മധുവേ, ഒരു ദിവസംകൊണ്ട് ഒരു എപ്പിസോഡൊന്നും എഴുതല്ലേ. തിരക്കഥ എന്നത് അങ്ങനെ പെട്ടെന്നൊന്നും പാചകം ചെയ്ത് വിളമ്പുന്നതല്ല. അതിനൊരു കാലവും സമയവുമുണ്ട്. കഥ എഴുതുന്നതുപോലെത്തന്നെ പ്രധാനമാണ് അതിനെ ദൃശ്യമാക്കുന്നതും.’’ ജൂഡ് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ നായകനായി അഭിനയിച്ച ‘മിഖായേലിന്‍റെ സന്തതികള്‍’ സീരിയല്‍ ഷൂട്ട് തുടങ്ങാന്‍ തീരുമാനിച്ചപ്പോഴായിരുന്നു ഞാന്‍ രാജീവേട്ടന്‍റെ ‘ബട്ടര്‍ഫ്ലൈസി’ല്‍ ജോയിൻ ചെയ്തത്. ‘മിഖായേലിന്‍റെ സന്തതികൾ’ക്കും സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. ബിജു മേനോന്‍ എന്നൊരു താരത്തിന്‍റെ ഉദയമായിരുന്നു ആ സീരിയല്‍. അതിനൊരു തുടര്‍ച്ചയുണ്ടായത് ‘പുത്രന്‍’ എന്ന സിനിമയായിട്ടായിരുന്നു. ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു സീരിയലിന്‍റെ രണ്ടാം ഭാഗം സിനിമയായി ആവിഷ്കരിച്ചത്.
അന്ന് സിനിമയെന്ന അത്ഭുതപ്രപഞ്ചത്തിന്‍റെ വാതില്‍ തുറക്കുന്നതിനുമുമ്പേ പലരുടെയും പ്രവര്‍ത്തനമേഖല തിരുവനന്തപുരത്ത് തുടങ്ങിയ ദൂരദര്‍ശന്‍ കേന്ദ്രമായിരുന്നു. പണ്ടൊക്കെ തമാശക്ക് പറയുമായിരുന്നു, തമ്പാനൂര്‍ ജങ്ഷനിലും അരിസ്റ്റോ ജങ്ഷനിലും നിൽക്കുന്ന നൂറില്‍ തൊണ്ണൂറു പേരും സീരിയലിന്‍റെയോ ടെലിഫിലിമിന്‍റെയോ പിന്നണിയില്‍ പ്രവര്‍ത്തിക്കാനോ അഭിനയിക്കാനോ വന്നവരായിരിക്കുമെന്ന്. ഒരു മിനി കോടമ്പാക്കംതന്നെയായിരുന്നു അന്ന് അരിസ്റ്റോ ജങ്ഷന്‍. കണ്ടുമുട്ടുന്നവരെല്ലാം ഒരു പുതിയ മേച്ചിൽപ്പുറം കിട്ടിയ ആവേശത്തിലായിരുന്നു. ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മാത്രമായി ഓടാന്‍ ഓട്ടോറിക്ഷക്കാര്‍ അരിസ്റ്റോ ജങ്ഷനിലുണ്ടായിരുന്നു.
മുകുന്ദനാണ് എനിക്ക് കെ.കെ. രാജീവിനെ പരിചയപ്പെടുത്തിയത്. രാജീവും വലിയ പ്രേമനും ദൂരദര്‍ശനില്‍ ജോലിചെയ്യുന്ന മോഹനനും രണ്‍ജിത്തുമൊക്കെ ആ പരിചയത്തിന്‍റെ കൂട്ടിലേക്ക് വന്നു. കഥയെഴുതുകയോ തിരക്കഥയൊരുക്കുകയോ അഭിനയിക്കുകയോ ചെയ്ത് എങ്ങനെയെങ്കിലും ആ ചതുരപ്പെട്ടിയില്‍ ഇടം നേടണമെന്നാഗ്രഹിച്ച് വന്നവര്‍ക്കൊപ്പം സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളായി ഞാനുണ്ടായിരുന്നു. രാജീവ് അഭിനയത്തിന്‍റെ വഴികള്‍ വിട്ട് ടെലിവിഷന്‍, സീരിയല്‍ രംഗത്തെ മികച്ച സംവിധായകനായി. അന്ന് തിരുവനന്തപുരത്തെ നാടകമേഖലയില്‍ രണ്ടു പ്രേമന്മാരുണ്ടായിരുന്നു. ഒരാള്‍ തടിച്ച് പൊക്കമുള്ള ശരീരമുള്ളയാളും മറ്റൊരാള്‍ തടിച്ചയാളെക്കാള്‍ പൊക്കം കുറഞ്ഞയാളും. അവരെക്കുറിച്ച് പറയുമ്പോള്‍ തിരിച്ചറിയാനായി അന്നത്തെ സുഹൃത്തുക്കള്‍ അവരെ വലിയ പ്രേമന്‍ എന്നും കൊച്ചു പ്രേമന്‍ എന്നും വിളിച്ചു. കൊച്ചു പ്രേമന്‍ നാടകത്തിലെന്നപോലെ സിനിമയിലും ശോഭിച്ചു. ഞങ്ങള്‍ കുറെ സിനിമകളില്‍ ഒന്നിച്ചുണ്ടായിരുന്നു. ‘ഗുരു’ ചെയ്യുമ്പോള്‍ കുറെനാള്‍ ഒരുമിച്ചും. വലിയ പ്രേമന്‍ നാടകത്തിലും സീരിയലിലും. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ രണ്ടുപേരും പ്രേക്ഷകമനസ്സില്‍ ജീവിക്കുന്നുണ്ടെങ്കിലും അവരിന്ന് ഭൂമിയിലില്ല. സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ആള്‍രൂപങ്ങളായിരുന്നു രണ്ടുപേരും.

‘മിഖായേലിന്‍റെ സന്തതികൾ’ സീരിയൽ ചർച്ചക്കിടെ കഥാകൃത്ത് രാജേഷ് നാരായണൻ, ജോർജ് സോജൻ, പി.എഫ്. മാത്യൂസ് എന്നിവർക്കൊപ്പം നടൻ ബിജു മേനോൻ
ജവഹര്‍ നഗറിലെ ഒരിടവഴിയിലും പി.ടി.പി നഗറിലെ ഒരു വീട്ടിലുമായി ഞാന്‍ ‘മാധവന്‍ സാറി’ല്‍ രണ്ട് ദിവസം, നാലോ അഞ്ചോ സീനില്‍ അഭിനയിച്ചു. പണ്ട് ജൂഡിന്‍റെ സീരിയലില്‍ ചെയ്ത വേഷമെന്നെ ഓര്‍മിപ്പിക്കുകയും ചെയ്തു. അതുപോലെത്തന്നെയാണ് ഞാനിതിലും ചെയ്യുന്നത്, ഒട്ടും ശരിയായില്ല എന്നൊക്കെ ഒരു തോന്നല്‍ എനിക്കുണ്ടായിരുന്നു. ഞാനത് വേണു ചേട്ടനോട് സൂചിപ്പിച്ചു. പക്ഷേ, വേണു ചേട്ടന്‍ ‘തുടക്കമല്ലേ, ഒക്കെ ശരിയായിക്കോളും’ എന്ന് സമാധാനിപ്പിച്ചു. ഗോപിയേട്ടനും വേണു ചേട്ടനും ലാല്‍ സാറുമൊക്കെ അഭിനയിക്കുന്നത് കണ്ടുനിന്നപ്പോള്‍ എത്ര ആയാസരഹിതമായാണ് അവര്‍ പെരുമാറുന്നത് എന്ന് തോന്നിയിട്ടുണ്ട്. അത്രമേല്‍ സ്വാഭാവികമായി അവര്‍ കാമറക്ക് മുന്നില്‍ നിൽക്കുന്നു.
ഒരിക്കല്‍പോലും അത് ഗോപിയേട്ടനാണെന്നോ വേണു ചേട്ടനാണെന്നോ ലാല്‍ സാറാണെന്നോ തോന്നാത്ത രീതിയില്‍ ആ രംഗങ്ങളിലെ കഥാപാത്രങ്ങളായി അവര്‍ മാറുകയാണ്. ഒരിക്കല്‍പോലും അവരുടെ മനസ്സില്‍ അവരുണ്ടാവില്ല എന്ന് കരുതും. കഥാപാത്രത്തിന്‍റെ മനസ്സിലൂടെ മാത്രമായിരിക്കും അവര്‍ ജീവിക്കുന്നത് എന്നു മനസ്സിലാവും. അതുകൊണ്ടുതന്നെയാണ് അവരൊക്കെ അഭിനയിക്കുന്ന സിനിമകളിലെ കഥാപാത്രങ്ങള്‍ എല്ലാം വേറെവേറെ ആയി ഇന്നും കാഴ്ചക്കാരുടെ മനസ്സില്‍ ഇടം നേടുന്നത്. പാട്ടുപാടുന്നവരും ചിത്രം വരക്കുന്നവരും സ്വാഭാവികമായി അഭിനയിക്കുന്നവരും ഈശ്വരന്മാരാണെന്നാണ് എന്‍റെ വിശ്വാസം.
സീരിയല്‍ ദൂരദര്‍ശനില്‍ ടെലികാസ്റ്റ് ചെയ്തപ്പോള്‍ ചിലരൊക്കെ വിളിച്ചു. എനിക്ക് തോന്നിയ കുഴപ്പം അവര്‍ പറയുമോയെന്നായിരുന്നു എന്‍റെ പേടി. ‘ബട്ടർഫ്ലൈസി’ന്‍റെ പാച്ച് വര്‍ക്കിനു വീണ്ടും മദ്രാസിലേക്ക് പോയപ്പോള്‍ ഞാന്‍ മണി ശ്രീധറിനെ വിളിച്ചു. അന്ന് സീരിയലിന്‍റെ ടെലികാസ്റ്റ് നടന്നിട്ടില്ല. ചെയ്തത് എങ്ങനെയുണ്ട് എന്നറിയാന്‍ ഭയത്തോടെയായിരുന്നു വിളിച്ചത്. ഫോണെടുത്തപ്പോള്‍ മണി ശ്രീധര്‍ ചോദിച്ചു:
‘‘വണക്കം സാര്‍... നിങ്ങള് മദ്രാസിലുണ്ടാ’’
‘‘ഉണ്ട് സാര്‍... എപ്പടീര്ക്ക്... ഓക്കെയാ സാര്‍... കെ.ബി സാര്‍ കണ്ടോ...’’
‘‘ടൈം ഇരുന്താ ഓഫീസിക്ക് വരൂ... കെ.ബി സാര്‍ ഇവിടെയുണ്ട്...വന്നാ കാണാം..’’
സമയം വാങ്ങി സമ്മതം ചോദിച്ചാണ് മൈലാപ്പൂരിലുള്ള ഓഫിസില്‍ ചെന്നുകയറിയത്. ‘വരുമയിന്‍ നിറം സിവപ്പ്’, ‘തില്ലുമുള്ള്’, ‘നിനൈത്താലേ ഇനിക്കും’, ‘അവള്‍ ഒരു തൊടര്‍ക്കതൈ’, ‘ഏക് ദുജേ കേലിയേ’, ‘തിരകള്‍ എഴുതിയ കവിത’, ‘മറോചരിത’, ‘പുന്നഗൈ മന്നന്‍’, ‘അരങ്ങേറ്റം’, ‘മന്മഥലീലൈ’, ‘തപ്പുതാളങ്ങല്‍’, ‘47 നാട്കള്‍’, ‘അച്ചമില്ലൈ അച്ചമില്ലൈ’, ‘തണ്ണീര്‍ തണ്ണീര്‍’, മണി രത്നത്തിന്‍റെ ‘റോജ’... ഓഫിസിന്‍റെ ചുവരുകളില്‍ അനേകം പോസ്റ്ററുകള്‍ ഫ്രെയിം ചെയ്ത് െവച്ചിരിക്കുന്നു. കണ്ടതും അനുഭവിച്ചതുമായ സിനിമകള്‍.
പാലക്കാട്ട് പഠിക്കുകയും വളരുകയും ചെയ്തതുകൊണ്ട് തമിഴ് സിനിമകള്‍ അന്തകാലത്ത് മാറിമാറി കണ്ടുകൊണ്ടിരുന്നു. അച്ഛന്‍റെ തിയറ്ററില്‍ ഓടിയ സിനിമകള്‍. കെ. ബാലചന്ദര്‍ എന്ന ഇതിഹാസം മുന്നിലിരിക്കുന്നു.
‘‘വാങ്ക തമ്പീ.. സാപ്പ്ട്ട്ങ്കളാ....ഒക്കാര്....’’
ലോകത്തില്‍ മഹാന്മാരുടെയും ഗുരുക്കന്മാരുടെയും മുന്നില്‍ ചെന്നിരുന്നപ്പോഴൊക്കെ ആദ്യം ചോദിക്കുന്ന ചോദ്യം. ഭക്ഷണം കഴിച്ചോ..? വിശന്നിരിക്കുന്നവന്‍റെ മുന്നില്‍ വേദമോതിയിട്ടെന്ത് കാര്യം എന്ന് ചോദിച്ച മഹാഗുരുവിന്‍റെ ആദ്യ നിരീക്ഷണം. ‘വരുമയില്‍ നിറം സിവപ്പ്’ എന്ന സിനിമയില്‍ കെ.ബി സാര്‍ പറഞ്ഞതും അതുതന്നെ. വയറുവിശന്നിരുന്നുകൊണ്ട് അഭിമാനം കാക്കാന്‍ ശ്രമിക്കുന്നവന്‍റെ മനസ്സിനെ വളരെ സറ്റയറിക്കലായി കാണിച്ച ഒരു സിനിമ ദാരിദ്ര്യത്തിന്‍റെയും വിശപ്പിന്‍റെയും അവസ്ഥകള്‍ ആഴത്തിലേൽപിക്കുന്ന കഥ. മനുഷ്യന്‍റെ ജീവിതംതന്നെ വിശപ്പില്ലാതെ ജീവിക്കുന്നതിനെ സ്വപ്നം കാണുന്നതാണെന്ന് പറഞ്ഞ കഥ.
‘‘കഴിച്ചു സാര്‍...’’
‘‘ഇപ്പ എന്ന പണ്ണീട്ട്ര്ക്ക്.....’’
‘‘ഒരു മോഹന്‍ലാല്‍ പടത്ത്ക്ക് രാജീവ് അഞ്ചല്‍ ന്ന് ഡയറക്ട്ര്ക്ക് അസിസ്റ്റന്‍റ് വേല പണ്ണീട്രിക്ക് സാര്‍...’’
‘‘അപ്പോ ആക്റ്റിങ്ങല്ലേ... ഉം...’’
ഞാന്‍ ഒന്നും മിണ്ടാതെ ചിരിച്ചു.
‘‘നല്ല ഇരുക്കേ.. അതും പണ്ണലാമെ....’’
മുമ്പ് കോവൈ ചെഴിയന്‍ സാര്‍ പറഞ്ഞ അതേ വാചകം. ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ എവിടെയൊക്കെയോ അവരുടെ വാക്കുകള്‍ സത്യമായി ഭവിക്കുന്നത് ഞാനറിയുന്നു.
‘‘നീ അന്ത സീരിയല്ല് പണ്ണ്നത് നാന്‍ പാത്തോം.. നല്ലാ പണ്ണീര്ക്ക്.. ഇന്നും പണ്ണലാമെ....’’ എന്നു പറഞ്ഞ് സാര്‍ ചിരിച്ചു. കെ.ബി സാറിന്‍റെ എഴുത്തുസഹായി അനന്തു സാറിനൊപ്പം ചെഴിയന്‍ സാര്‍ നിര്‍മിച്ച ‘തങ്കക്കൊലുസ്സ്’ ചിത്രത്തില്‍ അസിസ്റ്റന്‍റ് ആയ കാര്യം പറഞ്ഞു. ആ സിനിമ സംവിധാനം ചെയ്തതും രാജീവേട്ടന്‍ ആയിരുന്നു എന്നും.
‘‘അത് റിലീസ് ആകലേ ല്ലേ...’’ ഞാന്‍ ഇല്ലെന്ന് മൂളി.
ചെഴിയന്‍ സാര്‍ പ്രൊഡ്യൂസ് ചെയ്ത് കെ.ബി സാര്‍ ഡയറക്ട് ചെയ്ത പടമായിരുന്നു മമ്മൂട്ടിയും മധുബാലയും ഭാനുപ്രിയയും അഭിനയിച്ച ‘അഴകന്‍’.
പുറത്ത് ആരൊക്കെയോ കാത്തുനിൽക്കുന്നവര്‍ക്കിടയില്‍ നിന്നായിരുന്നു എന്നെ കാണാന്‍ വിളിച്ചതും എന്നോട് മിണ്ടിയതും. ജീവിതത്തില്‍ ആ മനുഷ്യനെ കണ്ടതും സംസാരിച്ചതും ഒരു ഭാഗ്യം എന്ന് കരുതി എഴുന്നേൽക്കാന്‍ തുനിഞ്ഞു.
‘‘നെറയെപേര്‍ക്ക് കെടയ്ക്കാതെ വായ്പ് ഒനക്ക് കെടച്ചിരുക്ക്... അതേയും കൊഞ്ചം മനസ്സിലേറ്റ്ട്...’’
സത്യമാകുന്ന വാക്കുകള്‍ കേൾക്കുന്നതാണ് ജീവിതത്തിനൊരർഥമുണ്ടാക്കുന്നത്. മുന്നില്‍ മറഞ്ഞുപോയ പലരും എന്തെങ്കിലുമൊക്കെ നമ്മുടെ ജീവിതയാത്രക്കുതകുന്ന രീതിയില്‍ അവശേഷിപ്പിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയുന്നു.
‘ബട്ടർഫ്ലൈസി’ന്‍റെ സൗണ്ട് എഫക്ട്സ് നടക്കുന്ന സമയമായിരുന്നു അത്. ആ സമയത്താണ് മോഹന്‍ലാല്‍ സാറിന്‍റെ ഒരു മോണോലോഗ് ഡയലോഗ് മിസിങ് ആണെന്ന് അറിയുന്നത്. ലാല്‍ സാറിനെ വിളിച്ച് അതൊന്നു ഡബ് ചെയ്തെടുക്കാന്‍ കല്ലിയൂര്‍ ശശിയേട്ടന്‍ സമയം ചോദിച്ചു. ലാല്‍ സാര്‍ ആ ദിവസങ്ങളില്‍ മദ്രാസില്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ഉണ്ടായിരുന്നു. ഒരു ദിവസം 11 മണിക്ക് വരാമെന്ന് പറഞ്ഞ് സമയം തന്നു. ഡബ് ചെയ്യേണ്ട റീലുമായി ഞാന്‍ സ്റ്റുഡിയോയിലേക്ക് ചെന്നു. രജനികാന്തിന്‍റെ ‘ഉഴൈപ്പാളി’ എന്ന സിനിമക്ക് ഡബിങ്ങിനുവേണ്ടി ബ്ലോക്ക് ചെയ്തുെവച്ചിരിക്കുന്ന സ്റ്റുഡിയോ ആയിരുന്നു അത്. ലാല്‍ സാര്‍ വരുന്നതുവരെ അവിടെ കണ്‍സോളില്‍ സൗണ്ട് എൻജിനീയര്‍ക്കൊപ്പം കാത്തിരുന്നു. രജനി സാര്‍ എപ്പോള്‍ വരുമെന്നറിയാത്തതുകൊണ്ടും വന്നാല്‍ ഒഴിഞ്ഞുകൊടുക്കണമെന്നുമൊക്കെയുള്ള ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഒരുവേള രണ്ടുപേരും ഒരേസമയത്ത് വന്നാല്‍ എന്ത് ചെയ്യുമെന്നൊരു വേവലാതിയും. തിയറ്ററിനകത്തുകൂടെ ആയിരുന്നു സ്റ്റുഡിയോക്കുള്ളിലേക്കുള്ള വഴി. നേരെ തിയറ്റര്‍. അതിനകത്തുകൂടി കടന്ന് ഡൈനിങ് ഏരിയയിലൂടെ വന്നാല്‍ മാത്രം കണ്‍സോളിലേക്ക് പ്രവേശനം. സ്റ്റുഡിയോക്ക് പുറത്തേക്കിറങ്ങണമെങ്കിലും തിയറ്റര്‍ വഴിയേ സാധ്യമാകൂ. അങ്ങനെയായിരുന്നു അതിന്‍റെ ഘടന.

വലിയ പ്രേമനും കൊച്ചു പ്രേമനും,ഭരതൻ
ആര്‍ട്ടിസ്റ്റെത്തിയാല്‍ നേരെ തിയറ്ററിനകത്തേക്കും അവിടെനിന്ന് പിന്നെ ഫുഡ് കഴിക്കാന്‍ നേരെ ഡൈനിങ് ഹാളിലേക്കും അത്രയേ അവര്‍ക്ക് വേണ്ടൂ. ആര്‍ട്ടിസ്റ്റ് കംഫര്‍ട്ട് ആണ് പ്രധാനം എന്നു തോന്നിയിട്ടുണ്ട്. ആര്‍ട്ടിസ്റ്റ് വന്നാല്‍ അറിയിക്കാന്‍ അവിടെയുള്ള അസിസ്റ്റന്‍റിനോട് പറഞ്ഞ് ലക്ഷ്മി നാരായണന്‍ സാര്‍ എന്ന എൻജിനീയര്‍, കണ്‍സോളില്‍നിന്ന് എഴുന്നേറ്റു. ഡൈനിങ് റൂമില്‍ ഇരുന്ന് ഒരു കോഫി കുടിക്കുന്ന സമയത്ത് ഡോര്‍ അടഞ്ഞുകിടക്കുകയായിരുന്നു. കോഫി കുടിച്ച് എന്നോട് അവിടെ ഇരുന്നോളാന്‍ പറഞ്ഞിട്ട് ലക്ഷ്മിനാരായണന്‍ സാര്‍ പുറത്തേക്ക് പോയി. ഏറെനേരം കഴിഞ്ഞിട്ടും ആരും വിളിക്കാത്തതുകൊണ്ട് ഞാന്‍ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങാന്‍ തിയറ്ററിന്‍റെ വാതിലിനു മുന്നിലെത്തി. വാതിലിനു മുന്നില്‍ ടേക്ക് എന്ന ചുവന്ന വെളിച്ചം കത്തുന്നു. അകത്ത് ആരോ ഡബ് ചെയ്യുന്നുണ്ട്. അതെടുക്കുമ്പോള്‍ നിശ്ശബ്ദമാകാനും ആരും വാതില്‍ തുറക്കാതിരിക്കാനുമുള്ള മുന്നറിയിപ്പ്.
ഞാന്‍ ശബ്ദമുണ്ടാക്കാതെ കണ്‍സോളിലേക്ക് നടന്നു. അകത്ത് ലക്ഷ്മി സാറും മറ്റൊരു എൻജിനീയറുമുണ്ട്. തിയറ്ററില്‍ സാക്ഷാല്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ ശബ്ദം ഒരു ഞെട്ടലോടെ ഞാൻ കേട്ടു. രജനി സാര്‍ അകത്ത് ഡബ് ചെയ്യാനെത്തിയിരിക്കുന്നു. സ്റ്റുഡിയോയില്‍നിന്ന് പുറത്തിറങ്ങണമെങ്കില്‍ സാറിന്‍റെ ഡബിങ് തീരണം. അത്രയും സമയം അവിടെ കാത്തുനിൽക്കേണ്ടതുകൊണ്ട് ഞാന്‍ ലക്ഷ്മി സാറിന്‍റെയരികിലേക്ക് നീങ്ങിനിന്നു. സാര്‍ ഡബ് ചെയ്യുന്നത് കാണാന്‍ നിന്നോട്ടേ എന്ന് ഞാന്‍ ലക്ഷ്മി സാറിനോട് ഒട്ടൊരാശങ്കയോടെ ചോദിച്ചു. പൊതുവേ എൻജിനീയറും ആക്ടറും മാത്രമേ സാര്‍ ഡബ് ചെയ്യുമ്പോള്‍ ഉണ്ടാകാറുള്ളൂ എന്ന് ലക്ഷ്മി സാറിന്‍റെ കൂടെയുള്ള എൻജിനീയര്‍ പറഞ്ഞു. സിനിമയുടെ അസിസ്റ്റന്‍റ്, സീനുകളെഴുതിയ കടലാസ് തിയറ്ററിലെ മൈക്കിനുമുന്നില്‍ വെച്ചിട്ട് മാറി നിൽക്കും. ഇനി സ്റ്റുഡിയോക്ക് പുറത്തിറങ്ങണമെങ്കില്‍ തിയറ്ററില്‍നിന്ന് രജനി സാര്‍ ഇറങ്ങിപ്പോകണം. അതുവരെ ഡൈനിങ് റൂമില്‍ ഇരിക്കാമെന്ന് പറഞ്ഞ് തിരിഞ്ഞപ്പോള്‍ രജനി സാറിന്‍റെ ശബ്ദം: യാരന്ത പയ്യന്‍...
‘‘മോഹന്‍ലാല്‍ പടത്തോടെ അസിസ്റ്റന്‍റ് സാര്‍... അവരു കൊഞ്ചം സാര്‍ ഡബ് പൺട്രത് പാക്കണോംന്ന്...’’
രജനി സാറിന്‍റെ പ്രശസ്തമായ ആ ചിരി മുഴങ്ങി. ‘‘പാക്കലാമേ... ടെക്നീഷ്യന്‍ താനേ... പാത്തിട്ട് പോട്ടും...’’
വിജയകുമാറിനും ശ്രീവിദ്യക്കും ചാര്‍ളിക്കുമൊപ്പമുള്ള ഒരു സീനായിരുന്നു രജനി സാര്‍ ഡബ് ചെയ്തുകൊണ്ടിരുന്നത്. അത് കഴിഞ്ഞ് അദ്ദേഹത്തിനു കൂലി നമ്പര്‍ കെട്ടിക്കൊടുക്കുന്ന സീനും. ആ റീല്‍ തീര്‍ന്നപ്പോള്‍ സാര്‍ പോകാന്‍ ഇറങ്ങി. ആ നേരത്ത് ലക്ഷ്മിസാറിനൊപ്പം ഞാനും തിയറ്ററിലേക്ക് കയറി. ലക്ഷ്മി സാര്‍ എന്നെ മുന്നിലേക്ക് നിര്‍ത്തി പറഞ്ഞു: ‘‘മലയാളം പടത്ത്ക്ക് അസിസ്റ്റന്‍റാ വര്‍ക്ക് പണ്ണീറ്റ്ര്ക്ക്. കെടച്ച വേലയെല്ലാം വിട്ട്ട്ട് ഇപ്പ സിനിമ താന്‍ പാഷന്‍...’’
‘‘സരിയാന ഉഴൈപ്പാളി...’’ വീണ്ടും അതേ ചിരി. ‘‘പാപ്പോം തമ്പി.. വാരറേന്‍...’’ ഒരു കാറ്റ് പോലെ ആ മനുഷ്യന്‍ പോയി, അവിടെ നിന്ന അത്രയും നേരം വേറെയേതോ ഒരു ലോകത്തില്‍ പെട്ടതുപോലെയായിരുന്നു. തിരശ്ശീലയില്‍നിന്ന് അയാള്‍ പുറത്തിറങ്ങി അൽപനേരം നിന്ന് അപ്രത്യക്ഷനായി.
ഓരോ മനുഷ്യന്‍റെയും തലവരയെന്തെന്ന് ആര്‍ക്കും നിശ്ചയിക്കാന്‍ സാധ്യമല്ല എന്നു തോന്നിയിട്ടുണ്ട്. ഓരോ മനുഷ്യന്‍റെയും കഠിനമായ ആഗ്രഹങ്ങളും അതിനായി അവര്‍ ശ്രമിക്കുന്നതും ഒടുവിലവര്‍ക്ക് ലഭിക്കുന്നതും കിട്ടുന്നതുകൊണ്ട് സംതൃപ്തരാകുന്നതും കിട്ടാത്തതിനെപ്പറ്റി ആര്‍ത്തുകേഴുന്നതും അറിയുന്നു. മദ്രാസ് നഗരത്തിന്‍റെ വഴികള്‍ മുഴുവനും സിനിമയെന്ന ഉലകത്തിനു ചുറ്റുമായി സഞ്ചരിക്കാനുള്ളതാണ്. ആ വഴികളില്‍ ശരിക്കുള്ള പാത ലഭിക്കുന്നത് കുറച്ചുപേര്‍ക്കുമാത്രം. ചിലരൊക്കെ വഴിതെറ്റി കറങ്ങിക്കൊണ്ടേയിരിക്കും. എന്നിട്ടൊടുവില്‍ എങ്ങുമെത്താതെ വന്നയിടത്തേക്കോ അതുമല്ലെങ്കില്‍ അപരിചിതമായ മറ്റൊരു ലോകത്തേക്കോ എത്തപ്പെടും. ചിലപ്പോഴൊക്കെ സഞ്ചരിച്ചെത്തിയ ഇടങ്ങളില്‍ പണ്ട് ഞാന്‍ സിനിമയിലെത്താന്‍ വേണ്ടി കുറെ അലഞ്ഞിട്ടുണ്ട് എന്നു പറയുന്നവരെ കണ്ടിട്ടുണ്ട്. അവരോട് ഞാന്‍ ചോദിക്കും ‘‘ഇപ്പോഴുള്ള ഈ ജീവിതത്തില്‍ സംതൃപ്തരല്ലേ.. ഒരു ടെന്‍ഷനുമില്ലാതെ സ്വസ്ഥമായി കഴിയാനാവുന്നില്ലേ...’’ അന്നേരമവരൊരു ചിരി ചിരിക്കാറുണ്ട്.
ചില ആഗ്രഹങ്ങള്‍ ഇപ്പോഴും ഉള്ളില്‍ കനലടങ്ങാതെ കിടക്കുന്നുവെന്ന് തിരിച്ചറിയും. ചിലരുടെ മോഹങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചില്ല, മക്കള്‍ക്കെങ്കിലും കിട്ടണമെന്ന് പറഞ്ഞ് ഇന്ന് ഓഡിഷനു വരുന്നവരെ കണ്ടിട്ടുണ്ട്. ചിലരൊക്കെ കൊച്ചുമക്കളെയും കൂട്ടിവരാറുണ്ട്. സിനിമ ഒരിക്കലും മരിക്കുകയില്ല, മനുഷ്യമനസ്സില്‍ ആഗ്രഹങ്ങളുള്ളിടത്തോളം കാലം. ഫൈനല്‍ മിക്സിങ്ങിനു വേണ്ടി സൗണ്ട് പാരലല്‍ ചെയ്യാന്‍ സമയമുള്ളതുകൊണ്ട് രാജീവേട്ടന്‍ തിരുവനന്തപുരത്തേക്ക് പോയി. ഡോള്‍ഫിന്‍ രാജയുടെ ടിക്കറ്റ് വാങ്ങി ട്രെയിനില്‍ ചവിട്ടിക്കയറി ഞാനും. വീട്ടിലേക്കെത്തിയ ദിവസം തന്നെ ഗോപിയേട്ടന്‍ വിളിച്ചു.
‘‘കൊടൈക്കനാലിലാണ് ഷൂട്ടിങ് തീരുമാനിച്ചിരിക്കുന്നത്. നെക്സ്റ്റ് വീക്ക് തുടങ്ങും, മറ്റന്നാള്‍ നമുക്കിറങ്ങാം... സേതൂനോട് വണ്ടി വരാന്‍ പറഞ്ഞിട്ടുണ്ട്...’’
‘‘ശരി ഗോപിയേട്ടാ...’’
‘‘ഇറങ്ങുമ്പോ ഞാന്‍ വിളിക്കാം. റെഡി ആയ് ഇരുന്നാ മതി’’
ഗോപിയേട്ടന്‍റെ വാക്കുകളിലെ ആവേശമറിയുന്നു. എത്ര വയ്യാതെയായാലും ഒന്നെഴുന്നേറ്റ് നിൽക്കാന്‍ ആവതാവാന്‍ സിനിമയെന്ന ഊര്‍ജം മതിയെന്ന് തിരിച്ചറിയുന്നത് സിനിമയെന്ന മന്ത്രം ഉള്ളിലുള്ളവരുടെ പ്രവൃത്തികളാണ്. സിനിമ നിർമിച്ച് കടത്തിലായാലും തിരിച്ചുപിടിക്കാന്‍ ഒരു വഴിയേയുള്ളൂ എന്ന് പറഞ്ഞ് വീണ്ടുമെത്തുന്നത് സിനിമയിലേക്കുതന്നെയാണ്. സിനിമയുടെ ചോറുണ്ടവന് പിന്നെയൊരു ഭക്ഷണവും പിടിക്കില്ല എന്ന് പറയാറുണ്ട്. സേതുരാജ് രാജീവേട്ടനൊപ്പം ‘യമനം’ ചെയ്യുമ്പോൾ കൂടെയുണ്ടായിരുന്നു. അക്ഷരാർഥത്തില്‍ ഒരുത്സാഹി. ഏതുകാര്യത്തിനും ഞാന്‍ മുന്നില്‍ എന്നുപറയുന്ന ആള്‍. സേതുവിന്‍റെ കാറിലായിരുന്നു ഗോപിയേട്ടന്‍, വഴുതക്കാടുള്ള വീടിനു മുന്നില്‍ വന്ന് വിളിച്ചത്.