Begin typing your search above and press return to search.
proflie-avatar
Login

ചുവടുപിഴച്ച ആദർശ നായകൻ

ചുവടുപിഴച്ച  ആദർശ  നായകൻ
cancel

അഭിനയലോകം വിട്ട് രാഷ്ട്രീയ കളത്തിലിറങ്ങിയെങ്കിലും പരാജിതനാകേണ്ടി വന്ന തമിഴക ലോകത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെയും സിനിമയിലെയും പ്രമുഖനായ മറ്റൊരു ഇഷ്ടനായകൻ എസ്.എസ്. രാജേന്ദ്രനെ കുറിച്ചാണ് ഇത്തവണ പറയുന്നത്. അമ്പതുകളിൽ തമിഴ് സിനിമയിൽ ഉദിച്ചുയർന്ന താരങ്ങളിൽ ശിവാജി ഗണേശനോളമല്ലെങ്കിലും സംഭാഷണത്തിലും ഭാവാഭിനയത്തിലുമുള്ള പ്രകടനപരതകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ നായക നടനാണ് എസ്.എസ്.ആർ എന്ന സേടപ്പട്ടി സൂര്യനാരായണൻ രാജേന്ദ്രൻ. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രമുഖ വക്താവുകൂടിയായിരുന്ന രാജേന്ദ്രൻ, പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രബോധ്യങ്ങളിൽനിന്ന് അണുവിട മാറാനോ, അഭിനയിക്കുന്ന...

Your Subscription Supports Independent Journalism

View Plans
അഭിനയലോകം വിട്ട് രാഷ്ട്രീയ കളത്തിലിറങ്ങിയെങ്കിലും പരാജിതനാകേണ്ടി വന്ന തമിഴക ലോകത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെയും സിനിമയിലെയും പ്രമുഖനായ മറ്റൊരു ഇഷ്ടനായകൻ എസ്.എസ്. രാജേന്ദ്രനെ കുറിച്ചാണ് ഇത്തവണ പറയുന്നത്.

അമ്പതുകളിൽ തമിഴ് സിനിമയിൽ ഉദിച്ചുയർന്ന താരങ്ങളിൽ ശിവാജി ഗണേശനോളമല്ലെങ്കിലും സംഭാഷണത്തിലും ഭാവാഭിനയത്തിലുമുള്ള പ്രകടനപരതകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ നായക നടനാണ് എസ്.എസ്.ആർ എന്ന സേടപ്പട്ടി സൂര്യനാരായണൻ രാജേന്ദ്രൻ. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രമുഖ വക്താവുകൂടിയായിരുന്ന രാജേന്ദ്രൻ, പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രബോധ്യങ്ങളിൽനിന്ന് അണുവിട മാറാനോ, അഭിനയിക്കുന്ന സിനിമകളിൽപോലും അവക്ക് വിരുദ്ധമായ വേഷങ്ങൾ ചെയ്യാനോ തയാറായിരുന്നില്ല.

ഇക്കാരണത്താൽ ദൈവ (അന്ധ) വിശ്വാസം ഊട്ടിയുറപ്പിക്കുന്ന പുരാണചിത്രങ്ങളിലെ വേഷങ്ങൾ അടക്കം നിരവധി അഭിനയാവസരങ്ങൾ കൈയൊഴിയാൻ അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല. ഇങ്ങനെ ആദർശങ്ങളിൽ അടിയുറച്ചുനിന്നതിനാൽ തമിഴ് സിനിമയിലെ ‘ലക്ഷ്യ നടികർ’ (ആദർശ നടൻ) എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സിനിമയെയും രാഷ്ട്രീയത്തെയും ഒരുപോലെ പ്രണയിച്ച രാജേന്ദ്രനു മറ്റൊരു സവിശേഷതയുമുണ്ട്. ഇന്ത്യയിൽതന്നെ നിയമസഭാംഗമായി തീർന്ന ആദ്യ ചലച്ചിത്ര നടൻ എന്ന ബഹുമതി.

മനുഷ്യ കാരുണ്യ പ്രവർത്തനങ്ങൾകൊണ്ടും എസ്.എസ്.ആർ തമിഴരുടെ ഇഷ്ടനായകനായിരുന്നു. താൻ പ്രതിനിധാനം ചെയ്ത ആണ്ടിപ്പട്ടി മണ്ഡലത്തിലെ ആത്തുപ്പട്ടി ഗ്രാമം വെള്ളപ്പൊക്കത്തിൽ കുത്തിയൊലിച്ചു പോയപ്പോൾ ഗ്രാമീണരെ പുനരധിവസിപ്പിക്കാൻ അദ്ദേഹം നടത്തിയ സേവനം ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്. ഇതിനായി സ്വന്തം പണം ചെലവഴിച്ച് അഞ്ചേക്കർ സ്ഥലം വാങ്ങി ഒരു കോളനി പണികഴിപ്പിച്ച് ഗ്രാമവാസികൾക്ക് നൽകിയതും ചെന്നൈ കേളമ്പാക്കത്തിനടുത്ത് മമ്പാക്കം എന്ന പ്രദേശത്തെ ദലിത് കുടുംബങ്ങൾക്ക് ഏക്കർ കണക്കിന് ഭൂമി ദാനം ചെയ്തതുമടക്കമുള്ള കാരുണ്യ പ്രവർത്തനങ്ങൾ മറ്റു രാഷ്ട്രീയക്കാരിൽനിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ദ്രാവിഡ പ്രത്യയശാസ്ത്രനിബദ്ധമായി ജീവിതം നയിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നുവെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിൽ അതിനപ്പുറമുള്ള ഘടകങ്ങളും പ്രധാനമാണെന്നൊരു പാഠമാണ് സംഭവബഹുലമായ എസ്.എസ്.ആറിന്റെ ജീവിതം നൽകുന്നത്.

കർഷക കുടുംബത്തിൽ ജനനം

മധുരൈയിലെ ഉസിലാംപട്ടിക്കു സമീപം സേടപ്പട്ടിയിൽ തേവർ സമുദായത്തിലെ കർഷക കുടുംബത്തിലാണ് എസ്.എസ്.ആറിന്റെ ജനനം. അധ്യാപകനായ അച്ഛന്റെ കലാതാൽപര്യം കാരണം രാജേന്ദ്രനു ചെറുപ്പത്തിലേ നാടകവുമായി ആത്മബന്ധം പുലർത്താനുള്ള അവസരം ലഭിച്ചു. പ്രൈമറി വിദ്യാഭ്യാസശേഷം ഹയർ സെക്കൻഡറി സ്കൂളിൽ ചേരാനുള്ള പ്രായം തികയാഞ്ഞതിനാൽ ഒരു വർഷം പഠിപ്പ് നിർത്തേണ്ടിവന്നു. ഇക്കാലത്ത് അച്ഛന്റെ സുഹൃത്ത് സുബ്ബു ചെട്ടിയാരുടെ നാടക കമ്പനിയിൽ ചേർന്ന് അഭിനയപരിശീലനം തുടങ്ങി.

നാടകഗ്രൂപ് ആറുമാസത്തെ മലേഷ്യൻ പര്യടനത്തിന് പുറപ്പെടുന്ന ഘട്ടത്തിൽ മകന്റെ വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാൻ സൂര്യനാരായണൻ അവനെ തിരിച്ചുവിളിച്ചു. സ്കൂളിൽ വീണ്ടും ചേർന്ന രാജേന്ദ്രൻ നാടകമത്സരങ്ങളിൽ സജീവമായി. രാജേന്ദ്രന്റെ ആകാരഭംഗിയും ഓർമശക്തിയും സംഗീതജ്ഞാനവും അഭിനയപാടവവും തിരിച്ചറിഞ്ഞ സ്കൂൾ ഹോസ്റ്റൽ വാർഡൻകൂടിയായ അധ്യാപകൻ, അക്കാലത്ത് മധുരയിൽ ഷൺമുഖം സഹോദരന്മാർ നടത്തിവന്നിരുന്ന പോൾ ഷണ്മുഖാനന്ദ നാടകസഭയിൽ ചേരാൻ ഉപദേശിച്ചു. ആദ്യം ‘പുലിയ നഗര ബോയ്സ് നാടകകമ്പനി’യിൽ ബാലനടനായി ചേർന്ന രാജേന്ദ്രൻ താമസിയാതെ ഷണ്മുഖാനന്ദ സഭയിലെത്തി സഹനടനായി വളർന്നു.

സിനിമ പ്രവേശം

അഭിനേതാവ് എന്നനിലയിൽ പ്രശസ്തനായി തുടങ്ങിയ രാജേന്ദ്രനെ സിനിമാ അവസരവും തേടിയെത്തി. അരങ്ങേറ്റം പക്ഷേ, അഭിനേതാവായിട്ടായിരുന്നില്ല, ജി. രാമനാഥൻ സംഗീത സംവിധാനം നിർവഹിച്ച ‘ആണ്ടാൾ’ എന്ന ചിത്രത്തിൽ പിന്നണിഗായകനായി തുടക്കം. ഈ ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആദ്യം പരിഗണിച്ചിരുന്നെങ്കിലും കൗമാരക്കാരന്റെ മുഖഭാവം മാറാത്ത രാജേന്ദ്രന് അവസരം നൽകാൻ നിർമാതാവ് ടി.ആർ. സുന്ദരത്തിനു ധൈര്യം വന്നില്ല. എന്നാൽ, പിന്നണിഗാനം പാടിക്കാനുള്ള സൗമനസ്യം കാട്ടി. ‘‘ഇമ്പ ഉലകിലേ...’’ എന്ന ഈ പാട്ടു ശ്രദ്ധിക്കപ്പെട്ടതോടെ ‘കാട്ടുറോജാ’ പോലുള്ള സിനിമകളിലും രാജേന്ദ്രനെ പരീക്ഷിക്കാൻ നിർമാതാക്കൾ തയാറായി.

പഞ്ചു-കൃഷ്ണൻ സംവിധാനം നിർവഹിച്ച ‘പരാശക്തി’യിൽ നായകനായ ശിവാജി ഗണേശനൊപ്പം സഹോദരവേഷത്തിൽ അഭിനയിച്ചുകൊണ്ട് താമസിയാതെ സിനിമാഭിനയരംഗത്തും രാജേന്ദ്രൻ തുടക്കം കുറിച്ചു. കരുണാനിധിയുടെ തിരക്കഥയിൽ നായകനായി ആദ്യാവസരം ലഭിച്ചു, എന്നാൽ ‘അമ്മൈയപ്പൻ’ എന്ന ആ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. കിട്ടിയ ചെറിയ വേഷങ്ങളിൽ ശ്രദ്ധയൂന്നിക്കൊണ്ട് സിനിമയിൽ പിടിച്ചുനിൽക്കാനായിരുന്നു രാജേന്ദ്രന്റെ തീരുമാനം. കരുണാനിധിയുടെ തിരക്കഥകളിലൂടെയാണ് രാജേന്ദ്രൻ പിന്നീട് വളരുന്നത്. 1957ൽ റിലീസായ ‘മുതലാളി’ രാജേന്ദ്രനെ നായകനെന്ന നിലയിൽ അടയാളപ്പെടുത്തി. 58ലെ ‘തൈ പിറന്താൽ വഴി പിറക്കും’ വൻവിജയമായതോടെ രാജേന്ദ്രനെ പ്രേക്ഷകർ ഏറ്റെടുത്തു (ഈ സിനിമയിൽ ഒരു പ്രധാന റോളിൽ പ്രേംനസീറും അഭിനയിച്ചിരുന്നു).

ഇതിനിടെ, എം.ജി.ആർ സിനിമകളിൽ ലഭിച്ച പ്രധാന വേഷങ്ങളും രാജേന്ദ്രൻ മികവുറ്റതാക്കി. എം.ജി.ആർ ഇരട്ടവേഷമിട്ട ‘രാജാ ദേശിങ്ക’യിൽ നായകന്റെ സുഹൃത്തായ മുഹമ്മദ്‌ഖാനായി രാജേന്ദ്രൻ തിളങ്ങി. ഇരുവരും ഒന്നിച്ചഭിനയിച്ച കാഞ്ചിതലൈവനും ഹിറ്റ് ചിത്രമായി. ശിവജിയോടൊപ്പം അഭിനയിച്ച മനോഹര, ആലയമണി, എതിരൊലി തുടങ്ങിയ സിനിമകളും ശ്രദ്ധിക്കപ്പെട്ടു. നായകവേഷത്തിൽ അഭിനയിച്ച ‘കുലദൈവം’, ‘പൂംപുഹാർ’, ‘കാക്കും കരങ്ങൾ’, ‘നാനും ഒരു പെൺ’, ‘ശാരദ’ തുടങ്ങിയ ചിത്രങ്ങൾ രാജേന്ദ്രനെ താരപദവിയിലേക്കുയർത്തി. ചരിത്ര സിനിമയെന്ന നിലയിൽ ‘ശിവഗംഗൈ സീമൈ’യും ഹാസ്യചിത്രമായ ‘പ്രസിഡന്‍റ് പഞ്ചാക്ഷര’വും രാജേന്ദ്രന്റെ കരിയർഗ്രാഫ് ഉയർത്തിയ ചിത്രങ്ങളാണ്.

 

നാടകകമ്പം വിടാതെ

സിനിമാവസരങ്ങൾ ധാരാളമായി തേടിയെത്തിയ കാലത്തും അദ്ദേഹം നാടകബന്ധം ഉപേക്ഷിച്ചില്ല. എസ്.എസ്.ആർ നാടകസഭ എന്ന പേരിൽ കമ്പനി രൂപവത്കരിച്ച് നിരവധി വേദികളിൽ അരങ്ങേറി. പിൽക്കാലത്ത് പേരുകേട്ട ചലച്ചിത്രനടികളായ മനോരമയും ഷീലയും ഈ നാടകകമ്പനി വഴിയാണ് കലാജീവിതം കരുപ്പിടിപ്പിച്ചത്. ഇടക്കാലത്ത് കലാലോകത്തുനിന്ന് മാറിനിന്ന രാജേന്ദ്രൻ ‘ഇരട്ടൈ മനിതർ’ എന്ന പടത്തിലൂടെ തിരിച്ചുവന്നു, നിരവധി സ്വഭാവവേഷങ്ങൾ ചെയ്തു. രാജേന്ദ്രൻ പിക്ചേഴ്സ്, എസ്.എസ്.ആർ പിക്ചേഴ്സ് തുടങ്ങിയ സിനിമ കമ്പനി തുടങ്ങി ‘തങ്കരത്നം’, ‘മണിമകുടം’ തുടങ്ങിയ പടങ്ങൾ നിർമിച്ചു. കെ.ആർ. വിജയ ‘മണിമകുടം’ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഇവയിൽ നായകനായി അഭിനയിച്ച ‘തങ്കരത്നം’, ‘മണിമകുടം’, സഹനടനായെത്തിയ ‘അല്ലി’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ചതും രാജേന്ദ്രൻതന്നെ. 2001ൽ ശരത് കുമാർ നായകനായ ‘ഋഷി’, 2003ൽ ചിലമ്പരശൻ മുഖ്യവേഷത്തിലെത്തിയ ‘ധും’ എന്നീ സിനിമകളിൽ അഭിനയിച്ചുകൊണ്ട് അവസാനകാലങ്ങളിലും അദ്ദേഹം സിനിമാബന്ധം നിലനിർത്തി. 2008ൽ 82ാമത്തെ വയസ്സിലാണ് ‘തീക്കുച്ചി’യിൽ അവസാനമായി അഭിനയിച്ചത്.

ഭാഷാശുദ്ധിയോടെ അഭിനയം

സംഭാഷണങ്ങളിൽ ഉച്ചാരണത്തിന്റെയും താളഭംഗിയുടെയും കൃത്യതയിലായിരുന്നു എസ്.എസ്.ആറിന്റെ ഊന്നൽ. ശിവാജി ഗണേശൻ സംഭാഷണതിനനുസൃതമായ ശാരീരിക-വൈകാരിക പ്രകടനങ്ങൾക്കു പ്രാധാന്യം നൽകിയപ്പോൾ രാജേന്ദ്രൻ ശ്രദ്ധിച്ചത് വാക്‌ധോരണിയുടെ മികവിലാണ്. ആംഗികാഭിനയത്തെക്കാൾ അദ്ദേഹം ഭാഷാശുദ്ധിക്ക് പ്രാധാന്യം കൊടുത്തു. ആജ്ഞാശക്തിയുള്ള ശബ്ദം ഇക്കാര്യത്തിൽ അദ്ദേഹത്തെ സഹായിച്ചു. അണ്ണാദുരൈയുടെയും കരുണാനിധിയുടെയും സംഭാഷണ പ്രധാനമായ തിരക്കഥകളിലാണ് അദ്ദേഹത്തിന്റെ പ്രകടനമികവ് അധികം കാണാനാവുക.

ദ്രാവിഡ മുന്നേറ്റ കഴകത്തിലേക്ക്

പെരിയാർ രാമസ്വാമി നായ്ക്കരുടെ പ്രഭാഷണങ്ങളിലും സാമൂഹിക പരിഷ്കരണ ശ്രമങ്ങളിലും ആകൃഷ്ടനായ രാജേന്ദ്രൻ ദ്രാവിഡ കഴകത്തിന്റെ സഹയാത്രികനായാണ് രാഷ്ട്രീയരംഗത്തെത്തുന്നത്. പെരിയാറിന്റെ പ്രിയ ശിഷ്യൻ സി.എൻ. അണ്ണാദുരൈയുമായുള്ള സൗഹൃദം ഇക്കാലത്താണ് ദൃഢമാകുന്നത്.

അണ്ണാദുരൈ ദ്രാവിഡ മുന്നേറ്റ കഴകം രൂപവത്കരിച്ചപ്പോൾ കൂടെ ചേർന്ന രാജേന്ദ്രൻ പാർട്ടിയുടെ സ്ഥാപക നിർവാഹക സമിതി അംഗമായി. 1958ൽ ഹിന്ദി അടിച്ചേൽപിക്കലിനെതിരെ തമിഴ്‌നാട്ടിൽ പ്രക്ഷോഭങ്ങൾ ശക്തമായി. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണത്തിനായുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ അതിർത്തി പ്രദേശങ്ങളുമായി ബന്ധപ്പെട്ട് അവകാശ തർക്കങ്ങൾ രൂക്ഷമായി. എം.പി ശിവലിംഗം (മാപോസി) അടക്കമുള്ളവർ നേതൃത്വം നൽകിയ പ്രക്ഷോഭത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ‘അസംബന്ധം’ എന്ന് വിശേഷിപ്പിക്കുകയുമുണ്ടായി. ഇതേതുടർന്ന് നെഹ്റുവിനെതിരെ ഡി.എം.കെ കരിങ്കൊടികാട്ടൽ സമരം പ്രഖ്യാപിച്ചു. മുൻകരുതൽ തടങ്കലിന്റെ ഭാഗമായി രാജേന്ദ്രനും മധുരൈ ജയിലിലടക്കപ്പെട്ടു. 1965ലും ഹിന്ദിവിരുദ്ധ പോരാട്ടത്തിൽ അദ്ദേഹം 12 ദിവസം ജയിൽവാസം വരിച്ചു.

ഇക്കാലത്ത് ഇന്ത്യൻ ദേശീയതയിൽ അവിശ്വാസം പ്രകടിപ്പിച്ചിരുന്ന ദ്രാവിഡ പ്രസ്ഥാനം സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചുപോന്നു. ദ്രാവിഡ കഴകത്തിൽനിന്ന് പിരിഞ്ഞുവന്നുവെങ്കിലും ഡി.എം.കെയും ആദ്യകാലത്ത് സ്വാതന്ത്ര്യദിനത്തെ അംഗീകരിച്ചിരുന്നില്ല. ദ്രാവിഡനാടിന്റെ പിറവിയാണ് യഥാർഥ സ്വാതന്ത്ര്യമെന്ന് അവർ ആവർത്തിച്ചു. 1964 ആഗസ്റ്റ് 15ന് എസ്.എസ്. രാജേന്ദ്രൻ ചെന്നൈ എൽഡാംസ് റോഡിലെ വസതിക്കു മുന്നിൽ കരിങ്കൊടി ഉയർത്തിയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. പൊലീസ് എത്തി കരിങ്കൊടി നീക്കാനൊരുങ്ങിയപ്പോൾ കൈയിലൊരു റിവോൾവറുമായി വീടിന്റെ മട്ടുപ്പാവിൽ കയറി മെഗാഫോണിലൂടെ പൊലീസുകാരോട് കോമ്പൗണ്ടിൽനിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടു. സ്വകാര്യ ഇടത്തിൽ കരിങ്കൊടി കെട്ടാൻ ആരുടെയും അനുമതി ആവശ്യമില്ലെന്നും കൊടി നീക്കംചെയ്താൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്താനും അദ്ദേഹം മടിച്ചില്ല. വിവരമറിഞ്ഞ അന്നത്തെ മുഖ്യമന്ത്രി ഭക്തവത്സലം നിലവഷളാകാതിരിക്കാൻ പൊലീസുകാരോട് പിരിഞ്ഞുപോകാൻ നിർദേശം നൽകി. ഈ സംഭവം പാർട്ടി അണികളെ ആവേശംകൊള്ളിക്കാൻ പോന്നതായിരുന്നു.

 

1949ൽ രൂപവത്കരിക്കപ്പെട്ടുവെങ്കിലും പ്രത്യയശാസ്ത്രപരമായ നിലപാടുകളുടെയും ജനപിന്തുണ ആർജിക്കാനുള്ള കാത്തിരിപ്പിന്റെയും ഭാഗമായി ഡി.എം.കെ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചുപോന്നു. 1957 ലാണ് ആദ്യമായി പാർട്ടി ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം ലഭിക്കാതിരുന്നതിനാൽ സ്വതന്ത്രസ്ഥാനാർഥികളായാണ് ഡി.എം.കെ പ്രതിനിധികൾ മത്സരിച്ചത്. അണ്ണാദുരൈയെയും എം. കരുണാനിധിയെയുംപോലുള്ള ഡി.എം.കെയുടെ മിക്ക സ്ഥാനാർഥികൾക്കും ‘ഉദയ സൂര്യൻ’ ചിഹ്നം അനുവദിക്കപ്പെട്ടപ്പോൾ എസ്.എസ്. രാജേന്ദ്രനു ‘കൈ’ അടയാളമാണ് ലഭിച്ചത്. തേനി മണ്ഡലത്തിൽ ആദ്യമായി തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ രാജേന്ദ്രൻ, കോൺഗ്രസ് സ്ഥാനാർഥി എൻ.ആർ. ത്യാഗരാജനോട് പരാജയപ്പെട്ടു. എന്നാൽ, 1962ൽ നടന്ന അടുത്ത തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എയെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുക്കാൻ രാജേന്ദ്രനായി. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽതന്നെ ഒരു ചലച്ചിത്രനടൻ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഇതാദ്യമായിരുന്നു.

രാജേന്ദ്രന്റെ ഈ വിജയവും മുൻകാലത്ത് പ്രശസ്ത നടൻ കെ.ആർ. രാമസ്വാമിയുടെ നിയമസഭയിലെ എം.എൽ.സി പദവിയുമാണ് ശിവാജിയെയും എം.ജി.ആറിനെയുംപോലുള്ളവരെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാനുള്ള മുഖ്യകാരണം. ഈ തെരഞ്ഞെടുപ്പിൽ 139 സീറ്റുമായി കോൺഗ്രസ് അധികാരത്തിലേറി, കാമരാജ് വീണ്ടും മുഖ്യമന്ത്രിയായി. 50 സീറ്റുകളോടെ ഡി.എം.കെ പ്രധാന പ്രതിപക്ഷമായി. കാഞ്ചീപുരത്തുനിന്ന് മത്സരിച്ച അണ്ണാദുരൈ അപ്രതീക്ഷിത തോൽവിയടഞ്ഞത് ഡി.എം.കെ വൃത്തങ്ങളെ അമ്പരപ്പിലാക്കി. വി.ആർ. നെടുംചെഴിയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ഇക്കാലത്ത് പാർട്ടിക്കുള്ളിൽ സ്വാധീനശേഷി വർധിപ്പിക്കാൻ രാജേന്ദ്രന് സാധിച്ചു. തൊഴിലാളി പ്രശ്നങ്ങളിൽ ഇടപെടാനും പൊതുയോഗങ്ങളിൽ പാർട്ടി നയങ്ങൾ വിശദീകരിക്കാനുമുള്ള രാജേന്ദ്രന്റെ മികവ് നേതൃത്വത്തിന്റെ പ്രീതി പിടിച്ചുപറ്റി.

ഇടക്കാലത്ത് കരുണാനിധിക്കും അണ്ണാദുരൈക്കും ഇടയിലുണ്ടായ അസ്വാരസ്യം പരിഹരിക്കാൻ രാജേന്ദ്രൻ മുൻകൈയെടുത്ത സംഭവം അദ്ദേഹത്തിന്റെ ആത്മകഥയായ ‘നാൻ വന്ത പാതൈ’യിൽ (ഞാൻ വന്ന വഴി) വിവരിക്കുന്നുണ്ട്. യുവനേതാക്കൾക്കിടയിൽ ഉൾപാർട്ടി സംഘർഷം മൂർച്ഛിച്ച അവസരത്തിൽ, ക്ഷുഭിതനായ അണ്ണാദുരൈ തിരക്കഥ, സംഭാഷണം എഴുത്തുപോലെ എളുപ്പമല്ല രാഷ്ട്രീയമെന്നും കൂടുതൽ പക്വതകാണിക്കണമെന്നും കരുണാനിധിയെ ശകാരിച്ചു. ഇതിൽ വിഷണ്ണനായ കരുണാനിധി പാർട്ടിയിൽനിന്നു രാജിവെക്കുകയാണെന്ന് രാജേന്ദ്രനെ അറിയിച്ചു. കരുണാനിധിയെ സമാശ്വസിപ്പിച്ച രാജേന്ദ്രൻ ഇരുവർക്കും ഇടയിലുള്ള മഞ്ഞുരുക്കാൻ അടുത്തദിവസംതന്നെ അണ്ണാദുരൈയെ പോയി കണ്ടു. രാജേന്ദ്രന്റെ അഭ്യർഥനയനുസരിച്ച് കരുണാനിധിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ ശ്ലാഘിച്ച് അണ്ണാദുരൈ ഒരു കത്തെഴുതിയതിനു ശേഷമാണ് ഇരുവർക്കും ഇടയിലെ ഊഷ്മളബന്ധത്തിനു വീണ്ടും തുടർച്ചയുണ്ടാവുന്നത്. ഈ സംഭവത്തെക്കുറിച്ച് എം. കരുണാനിധിയുടെ ആത്മകഥ ‘നെഞ്ചുക്ക് നീതി’യിൽ പരാമർശമൊന്നുമില്ലെങ്കിലും അണ്ണാദുരൈയുടെ ക്ഷിപ്രകോപത്തെക്കുറിച്ച് അതിൽ പറയുന്നുണ്ട്.

 

എ.ഐ.എ.ഡി.എം.കെ എന്ന പുതിയ തട്ടകം

അണ്ണാദുരൈയുടെ മരണശേഷം ഡി.എം.കെയുടെ കടിഞ്ഞാൺ കരുണാനിധിയുടെ കൈയിലെത്തി. പാർട്ടിയിൽ രണ്ടാമനായിരുന്ന വി.ആർ. നെടുംചെഴിയനെ ഒതുക്കി നേതൃത്വം പിടിച്ചെടുക്കാൻ എം.ജി.ആറും കരുണാനിധിക്കൊപ്പം നിന്നു. ഡി.എം.കെയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ തുടർച്ചയായി പാർട്ടിയിൽ രാജേന്ദ്രനുള്ള സ്വാധീനം പടിപടിയായി കുറയുന്നതാണ് പിന്നീട് കാണുന്നത്. രാഷ്ട്രീയ താൽപര്യങ്ങൾക്ക് കരുണാനിധിയും സിനിമാമോഹങ്ങൾക്ക് എം.ജി.ആറും തടസ്സമാണെന്നു കണ്ടതോടെ ഇരുവരുമായും അകൽച്ച പുലർത്തിയത് എസ്.എസ്.ആർ കൂടുതൽ അവഗണിക്കപ്പെടാൻ കാരണമായി. ആയിടെ നടന്ന പാർട്ടി നിർവാഹക സമിതി യോഗത്തിൽ കരുണാനിധിയുടെ ഏകാധിപത്യ മനോഭാവത്തെ കടുത്ത ഭാഷയിൽ വിമർശിക്കാനും രാജേന്ദ്രൻ മുതിർന്നു. തുടർന്നുണ്ടായ വാക്പോര് പാർട്ടിയിൽനിന്നുള്ള പുറത്താക്കലിലേക്കാണ് കലാശിച്ചത്. കരുണാനിധിയിൽനിന്ന് ജീവന് ഭീഷണിയുണ്ടെന്ന് രാജേന്ദ്രൻ ആരോപിച്ചത് അക്കാലത്തെ വലിയ വിവാദ വിഷയങ്ങളിലൊന്നായിരുന്നു.

അധികം താമസിയാതെ, പാർട്ടിയിലെ കരുണാനിധിയുടെ മേധാവിത്വം ചോദ്യംചെയ്തുകൊണ്ട് പൊതുവേദികളിൽ പോർമുഖം തുറന്ന എം.ജി. രാമചന്ദ്രനും പുറത്താക്കപ്പെട്ടു. 1972 ഒക്ടോബർ 17ന് അദ്ദേഹം പുതിയ പാർട്ടി രൂപവത്കരിച്ചു -എ.ഐ.എ.ഡി.എം.കെ. കരുണാനിധിക്കെതിരെയുള്ള പോരാട്ടത്തിൽ എം.ജി.ആറിനോടൊത്തു ചേർന്ന് രാജേന്ദ്രനും പ്രവർത്തിക്കാനാരംഭിച്ചു. എ.ഐ.എ.ഡി.എം.കെ ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട 1980ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആണ്ടിപ്പട്ടി നിയമസഭ മണ്ഡലത്തിൽ മത്സരിക്കാൻ രാജേന്ദ്രൻ നിയോഗിക്കപ്പെട്ടു. ഈ തെരഞ്ഞെടുപ്പിൽ എം.ജി.ആറിനു ലഭിച്ചതിനേക്കാൾ മികച്ച ഭൂരിപക്ഷം നേടിയാണ് രാജേന്ദ്രൻ സഭയിലെത്തുന്നത്. എ.ഐ.എ.ഡി.എം.കെയുടെ ചരിത്രവിജയത്തെ തുടർന്ന് എം.ജി.ആർ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ആണ്ടിപ്പട്ടിയിലെ തെരഞ്ഞെടുപ്പ് പ്രകടനത്തിൽ സന്തുഷ്ടനായ എം.ജി.ആർ രാജേന്ദ്രന് മന്ത്രിപദവി വാഗ്‌ദാനം ചെയ്‌തെങ്കിലും അദ്ദേഹം അത് നിരസിച്ചു.

എ.ഐ.എ.ഡി.എം.കെയിൽനിന്ന് ലഭിച്ച മുന്തിയ പരിഗണന, എന്നാൽ സന്ദർഭവശാൽ നീണ്ടുനിന്നില്ല. എം.ജി.ആർ രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന കാലത്ത് 1984ൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം പാർട്ടിനേതൃത്വം നിഷേധിച്ചു. ആരോഗ്യനില മോശമായതിനാൽ എം.ജി.ആറിന് പ്രചാരണരംഗത്ത് എത്താനാവാത്ത സാഹചര്യത്തിൽ ഏറ്റവും സുരക്ഷിത മണ്ഡലം എന്നനിലയിൽ ആണ്ടിപ്പട്ടിയിൽ നിർത്തി മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് രാജേന്ദ്രൻ പാർട്ടിയിൽനിന്നും രാജിവെച്ചു. എം.ജി.ആറിന്റെ മനസ്സറിവില്ലാതെയാണ് പാർട്ടി നേതൃത്വം തന്നെ അവഗണിക്കുന്നതെന്നു അദ്ദേഹം ആരോപിച്ചു. ഈ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനെത്താതെ തന്നെ എഴുപതു ശതമാനത്തിലേറെ വോട്ടുകൾ നേടിയ എം.ജി.ആർ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി.

 

ജി.ആർ, ഗാനരചയിതാവ് കണ്ണദാസൻ എന്നിവർക്കൊപ്പം എസ്.എസ്. രാജേന്ദ്രൻ

പുതിയ പാർട്ടി

എ.ഐ.എ.ഡി.എം.കെയിൽ ഇനി സാധ്യതയില്ലെന്നു മനസ്സിലാക്കിയതോടെയാണ് രാജേന്ദ്രൻ ‘എം.ജി.ആർ.എസ്.എസ്.ആർ ലക്ഷ്യ ദ്രാവിഡ മുന്നേറ്റ കഴകം’ എന്ന പേരിൽ പുതിയ കക്ഷി ആരംഭിക്കുന്നത്. പുതിയ കക്ഷി ആരംഭിച്ചെങ്കിലും എ.ഐ.എ.ഡി.എം.കെയിലെ അസംതൃപ്ത വിഭാഗത്തിൽനിന്നോ പൊതുജനങ്ങളിൽനിന്നോ വേണ്ടത്ര പിന്തുണ ലഭ്യമാക്കാൻ രാജേന്ദ്രന് കഴിഞ്ഞില്ല. എം.ജി.ആറിന്റെ രോഗാവസ്ഥയെ തുടർന്നുണ്ടായ അനുതാപതരംഗവും പാർട്ടിക്ക് ഭരണാധികാരം കിട്ടിയതും രാജേന്ദ്രന്റെ രാഷ്ട്രീയാഭിലാഷങ്ങൾക്കു കനത്ത പ്രഹരമായി പറയാം. എം.ജി.ആറിന്റെ കരിഷ്മയോടോ പ്രകടനപരതയുള്ള ഭൂതദയയോടോ കിടപിടിക്കാനുള്ള മാന്ത്രികത രാജേന്ദ്രന് അന്യമായിരുന്നു എന്ന് മാത്രമല്ല, താര പരിവേഷത്തെ ജനപിന്തുണയായി പരിവർത്തിപ്പിക്കാനുള്ള കാര്യമായ ശ്രമങ്ങൾ ഉണ്ടായതുമില്ല. എ.ഐ.എ.ഡി.എം ഉള്ളപ്പോൾ എം.ജി.ആറിനെ പ്രതിപുരുഷനാക്കിക്കൊണ്ടുള്ള പുതിയ കക്ഷി എന്തിനു എന്ന ചോദ്യത്തെ അഭിസംബോധന ചെയ്യാനും അദ്ദേഹത്തിന് സാധിച്ചില്ല. അതുകൊണ്ടുതന്നെ പുതിയ രാഷ്ട്രീയ പാർട്ടിക്ക് അൽപായുസ്സേ ഉണ്ടായുള്ളൂ.

 

ശിവാജി ഗണേശനൊപ്പം എസ്.എസ്. രാജേന്ദ്രൻ

ഉയർന്നുപൊങ്ങിയും താഴ്ന്നുലഞ്ഞും

എം.ജി.ആറിന്റെ മരണശേഷം എ.ഐ.എ.ഡി.എം.കെ, ആഭ്യന്തര കലഹം മൂത്ത് ഭാര്യ വി.എൻ. ജാനകിയുടെയും അന്ന് പാർലമെന്റ് അംഗമായിരുന്ന ജയലളിതയുടെയും നേതൃത്വത്തിൽ രണ്ടു ഗ്രൂപ്പുകളായി പിളർന്നു. ഈ ഘട്ടത്തിൽ ജയലളിതയുടെ അഭ്യർഥന മാനിച്ച് രാജേന്ദ്രൻ ‘ജെ’ പക്ഷത്തിനായി കളത്തിലിറങ്ങി. 1989ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പെരിയകുളം മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹത്തിന് ജയിക്കാനായില്ല. എം.ജി.ആർ മന്ത്രിസഭയിൽ അംഗമായിരുന്ന എസ്. തിരുനാവുക്കരസ് ജയലളിതയുമായി തെറ്റിപ്പിരിഞ്ഞ് എം.ജി.ആർ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ആരംഭിച്ചപ്പോൾ രാജേന്ദ്രൻ ആ പാർട്ടിയിലേക്ക് കളംമാറി. അവിടെയും പ്രതീക്ഷകൾക്ക് മങ്ങലേറ്റതോടെയാണ് രാഷ്ട്രീയത്തിൽനിന്നു എന്നെന്നേക്കുമായി വിരമിക്കാൻ രാജേന്ദ്രൻ തീരുമാനമെടുക്കുന്നത്.

ഒരു സിനിമാകഥയുടെ തിരച്ചുഴികൾപോലെ ഉയർന്നുപൊങ്ങിയും താഴ്ന്നുലഞ്ഞും എസ്.എസ്.ആറിന്റെ ജീവിതം 2014 ഒക്ടോബർ 24നു ചെന്നൈയിൽ അവസാനിച്ചു. താരപ്രഭ മാത്രം ആശ്രയിച്ച് രാഷ്‌ട്രീയപ്രയാണത്തിന് ഇന്ധനം നിറക്കാനാവില്ലെന്ന തിരിച്ചറിവുകൂടിയാണ് ആ ജീവിതം കാണിച്ചുതന്നത്. പ്രത്യയശാസ്ത്ര ദൃഢമായ ജീവിതം നയിക്കാൻ അദ്ദേഹത്തിന് സാധിച്ചെങ്കിലും പ്രായോഗിക രാഷ്ട്രീയത്തെ നേരിടാനോ പാർട്ടിയിലെ സ്വാധീനശേഷിയെ നേതൃപരമായി വികസിപ്പിക്കാനോ ചലച്ചിത്രാഭിനയം വഴി ലഭിച്ച ആരാധകവൃന്ദത്തെ രാഷ്ട്രീയപിന്തുണയായി പരിവർത്തിപ്പിക്കാനോ ഉള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താനോ സാധിക്കാതെ പോയി. മാത്രമല്ല, കരുണാനിധിക്കോ എം.ജി.ആറിനോ ഉള്ള രാഷ്ട്രീയ മെയ് വഴക്കവും എസ്.എസ്.ആറിന് ഉണ്ടായിരുന്നില്ല. എന്നാൽ, എസ്.എസ്.ആറിന്റെ പതനമൊന്നും സിനിമാരംഗത്തുനിന്നുള്ള രാഷ്ട്രീയാഭിലാഷങ്ങളെ പിന്തിരിപ്പിച്ചതുമില്ല.

(തുടരും)

News Summary - The defeated stars of Tamil politics