Begin typing your search above and press return to search.
proflie-avatar
Login

ഒ​റ്റ​ക്ക് വ​ഴി​വെ​ട്ടി വ​ന്ന​വ​ൻ

ഒ​റ്റ​ക്ക്   വ​ഴി​വെ​ട്ടി   വ​ന്ന​വ​ൻ
cancel

ഏ​ക​പ​ക്ഷീ​യ പ്ര​ണ​യ​ത്തി​ന്റെ​യോ പ്ര​ണ​യ​നി​രാ​സ​ത്തി​ന്റെ​യോ സ​ഹോ​ദ​രീ സ്നേ​ഹ​ത്തി​ന്റെ​യോ ചേ​രു​വ​ക​ളി​ലൂ​ടെ സൃ​ഷ്ടി​ച്ചെ​ടു​ത്ത സി​നി​മ​ക​ളി​ലൂ​ടെ യു​വാ​ക്ക​ൾ​ക്കും കു​ടും​ബ​പ്രേ​ക്ഷ​ക​ർ​ക്കു​മി​ട​യി​ൽ വ​ലി​യ സ്വാ​ധീ​നം ല​ഭി​ച്ച ച​ല​ച്ചി​ത്ര​ക്കാ​ര​നാ​ണ് ടി. ​രാ​ജേ​ന്ദ​ർ. പി​ന്നീ​ട് അ​ദ്ദേ​ഹം ഡി.​എം.​കെ​യി​ലൂ​ടെ ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ അ​ത്ര​മേ​ൽ ശു​ഭ​ക​ര​മാ​യി​രു​ന്നി​ല്ല. ടി. ​രാ​ജേ​ന്ദ​റി​ന്റെ സി​നി​മ-​രാ​ഷ്ട്രീ​യ- കു​ടും​ബ വി​ശേ​ഷ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ.ത​ന​തു ബ്രാ​ൻ​ഡാ​യി നി​ല​നി​ന്നു​കൊ​ണ്ട് ത​മി​ഴ് സി​നി​മ​യു​ടെ...

Your Subscription Supports Independent Journalism

View Plans
ഏ​ക​പ​ക്ഷീ​യ പ്ര​ണ​യ​ത്തി​ന്റെ​യോ പ്ര​ണ​യ​നി​രാ​സ​ത്തി​ന്റെ​യോ സ​ഹോ​ദ​രീ സ്നേ​ഹ​ത്തി​ന്റെ​യോ ചേ​രു​വ​ക​ളി​ലൂ​ടെ സൃ​ഷ്ടി​ച്ചെ​ടു​ത്ത സി​നി​മ​ക​ളി​ലൂ​ടെ യു​വാ​ക്ക​ൾ​ക്കും കു​ടും​ബ​പ്രേ​ക്ഷ​ക​ർ​ക്കു​മി​ട​യി​ൽ വ​ലി​യ സ്വാ​ധീ​നം ല​ഭി​ച്ച ച​ല​ച്ചി​ത്ര​ക്കാ​ര​നാ​ണ് ടി. ​രാ​ജേ​ന്ദ​ർ. പി​ന്നീ​ട് അ​ദ്ദേ​ഹം ഡി.​എം.​കെ​യി​ലൂ​ടെ ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ അ​ത്ര​മേ​ൽ ശു​ഭ​ക​ര​മാ​യി​രു​ന്നി​ല്ല. ടി. ​രാ​ജേ​ന്ദ​റി​ന്റെ സി​നി​മ-​രാ​ഷ്ട്രീ​യ- കു​ടും​ബ വി​ശേ​ഷ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ.

ത​ന​തു ബ്രാ​ൻ​ഡാ​യി നി​ല​നി​ന്നു​കൊ​ണ്ട് ത​മി​ഴ് സി​നി​മ​യു​ടെ ക​ല-​വാ​ണി​ജ്യ മൂ​ല്യ​ത്തെ ത്വ​രി​പ്പി​ച്ചു​നി​ർ​ത്തു​ന്ന​തി​ൽ വി​ജ​യം ക​ണ്ട ച​ല​ച്ചി​ത്ര​കാ​ര​നാ​ണ് ടി. ​രാ​ജേ​ന്ദ​ർ. ‘ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, ഗാ​ന​ര​ച​ന, സം​ഗീ​തം, ഛായാ​ഗ്ര​ഹ​ണം, എ​ഡി​റ്റി​ങ്, നി​ർ​മാ​ണം, സം​വി​ധാ​നം -ടി. ​രാ​ജേ​ന്ദ​ർ’ എ​ന്ന ടെം​പ്ലേ​റ്റി​ൽ പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​ക​ൾ​ക്ക് യു​വാ​ക്ക​ൾ​ക്കും കു​ടും​ബ​പ്രേ​ക്ഷ​ക​ർ​ക്കു​മി​ട​യി​ൽ വ​ലി​യ വ​ര​വേ​ൽ​പ് ല​ഭി​ച്ചു. സ​മ​കാ​ലി​ക​രാ​യ സം​വി​ധാ​യ​ക​ർ പ്ര​മേ​യ​പ​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും വൈ​വി​ധ്യ​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​പ്പോ​ൾ, ഏ​താ​ണ്ട് ഒ​രേ വാ​ർ​പ്പു​മാ​തൃ​ക​യി​ൽ ഏ​ക​പ​ക്ഷീ​യ പ്ര​ണ​യ​ത്തി​ന്റെ​യോ പ്ര​ണ​യ​നി​രാ​സ​ത്തി​ന്റെ​യോ സ​ഹോ​ദ​രീ സ്നേ​ഹ​ത്തി​ന്റെ​യോ ചേ​രു​വ​ക​ളാ​യി​രു​ന്നു രാ​ജേ​ന്ദ​റി​ന്റെ മി​ക്ക സി​നി​മ​ക​ളും. പ്ര​ണ​യ​ത്തി​നാ​യി എ​ന്ത് ത്യാ​ഗ​വും സ​ഹി​ക്കാ​ൻ ത​യാ​റു​ള്ള, ഒ​ടു​വി​ൽ മ​ര​ണ​മ​ട​യു​ക​യോ പ്ര​ണ​യി​നി​യു​ടെ സൗ​ഖ്യ​ത്തി​നാ​യി ഒ​തു​ങ്ങി മാ​റി​പ്പോ​കു​ക​യോ ചെ​യ്യു​ന്ന നാ​യ​ക​രെ​യാ​ണ് രാ​ജേ​ന്ദ​ർ തി​ര​ക്ക​ഥ ഒ​രു​ക്കി​യ ചി​ത്ര​ങ്ങ​ളി​ൽ കാ​ണാ​നാ​വു​ക.

‘ഒ​രു ത​ലൈ രാ​ഗം’, ‘വ​സ​ന്ത​കാ​ല പ​റ​വൈ​ക​ൾ’, ‘മൈ​ഥി​ലി എ​ന്നൈ കാ​ത​ലി’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ എ​ൺ​പ​തു​ക​ളി​ലെ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ക​ൾ​ട്ടാ​യി തീ​ർ​ന്ന​വ​യാ​ണ്. സ​ഹോ​ദ​രീ​വാ​ത്സ​ല്യ​ത്തി​ന്റെ വൈ​കാ​രി​ക​ത പ​ക​ർ​ത്തു​ന്ന​വ​യാ​ണ് ‘ത​ങ്കൈ​ക്കോ​ർ ഗീ​തം’, ‘എ​ൻ ത​ങ്കൈ ക​ല്യാ​ണി’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ. കു​ടും​ബ​പ്രേ​ക്ഷ​ക​ർ​ക്ക് രാ​ജേ​ന്ദ​റി​നെ പ്രി​യ​ങ്ക​ര​നാ​ക്കി​യ ചി​ത്ര​ങ്ങ​ളാ​ണ്. സം​ഭാ​ഷ​ണ​ങ്ങ​ളി​ലെ അ​ന്ത്യാ​ക്ഷ​ര​പ്രാ​സ​വും താ​ള​ഭം​ഗി​യും രാ​ജേ​ന്ദ​റി​ന്റെ വ്യ​തി​രി​ക്ത അ​ട​യാ​ള​മാ​ണ്. ത​മി​ഴി​ൽ ‘അ​ടു​ക്ക് മൊ​ഴി’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ഈ ​പ്ര​ത്യേ​ക​ത രാ​ജേ​ന്ദ​റി​ന്റെ പ്ര​സം​ഗ​ങ്ങ​ളി​ലും സു​ല​ഭ​മാ​ണ്.

സാ​ധാ​ര​ണ സം​ഭാ​ഷ​ണ​ങ്ങ​ളേ​ക്കാ​ൾ ക​വി​ത്വം തോ​ന്നി​പ്പി​ക്കു​ന്ന ഈ ​ഭാ​ഷ പ​ല​പ്പോ​ഴും പ​രി​ഹ​സി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും സാ​ധാ​ര​ണ പ്രേ​ക്ഷ​ക​രെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന​വ​യാ​യി​രു​ന്നു. അ​സം​ബ​ന്ധ​ത്വം ദ്യോ​തി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള ‘വാ​ടാ മ​ച്ചീ, വാ​ഴ​ക്കാ ബ​ജ്ജീ’, ‘കൊ​ഞ്ചം ന​ടീ​ങ്ക ബോ​സ്’, ‘രാ​മ​ൻ ന്നാ ​വി​ല്ലു ടി. ​രാ​ജേ​ന്ദ​ർ ന്നാ ​ദി​ല്ലു’ പോ​ലു​ള്ള ഭാ​ഷാ​ലീ​ല​ക​ൾ സി​നി​മ​ക്ക​ക​ത്തും പു​റ​ത്തും പ്ര​യോ​ഗി​ച്ച് ആ​ളു​ക​ളെ ര​സി​പ്പി​ക്കു​ന്ന ല​ഘു​ത​ര ഭാ​വു​ക​ത്വം പ്ര​ക​ടി​പ്പി​ക്കാ​ൻ കി​ട്ടു​ന്ന അ​വ​സ​ര​ങ്ങ​ളൊ​ന്നും ടി.​ആ​ർ പാ​ഴാ​ക്കാ​റി​ല്ല.

ജ​ന​പ്രി​യ​ൻ

സി​നി​മ​യി​ലൂ​ടെ ല​ഭി​ച്ച ജ​ന​പ്രി​യ പ്ര​തിഛാ​യ രാ​ഷ്ട്രീ​യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ടി.​ആ​റി​നെ ഡി.​എം.​കെ​യി​ലെ​ത്തി​ക്കു​ന്ന​ത്. ആ ​പാ​ർ​ട്ടി​യു​മാ​യു​ള്ള രാ​ഗ​ദ്വേ​ഷ​ങ്ങ​ളും വ്യ​ക്തി​താ​ൽ​പ​ര്യ​ങ്ങ​ളും വി​ല​പേ​ശ​ലു​ക​ളും ഒ​ക്കെ​യാ​യി​രു​ന്നു ചു​രു​ക്ക​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ രാ​ഷ്ട്രീ​യ നി​ല​പാ​ട്. സ​ന്ദ​ർ​ഭാ​നു​സ​ര​ണം സ്വ​ത​ന്ത്ര​നി​ല സ്വീ​ക​രി​ക്കാ​നും സ്വ​ന്തം ക​ക്ഷി രൂ​പ​വ​ത്ക​രി​ക്കാ​നും ഇ​ത​ര ക​ക്ഷി​ക​ളു​മാ​യി ല​യി​പ്പി​ക്കാ​നും സ​ഖ്യ​മു​ണ്ടാ​ക്കാ​നും, പി​രി​ച്ചു​വി​ടു​ക​യോ മ​ര​വി​പ്പി​ച്ചു​നി​ർ​ത്തു​ക​യോ ചെ​യ്യാ​നും ടി.​ആ​റി​ന് മു​ന്നി​ൽ ഒ​ന്നും ത​ട​സ്സ​മാ​യി​രു​ന്നി​ല്ല. സ്വ​ന്തം സി​നി​മ എ​ന്ന​പോ​ലെ രാ​ഷ്ട്രീ​യ​ത്തെ​യും ‘ഒ​റ്റ​യാ​ൾ​പ്പ​ട’ എ​ന്ന​നി​ല​യി​ലാ​ണ് അ​ദ്ദേ​ഹം കൈ​കാ​ര്യം ചെ​യ്ത​ത്. ആ​ദ്യം രൂ​പ​വ​ത്ക​രി​ച്ച ക​ക്ഷി​യെ ഡി.​എം.​കെ​യി​ൽ ല​യി​പ്പി​ച്ച​തും പി​ൽ​ക്കാ​ല​ത്ത് മ​റ്റൊ​ന്നു രൂ​പ​വ​ത്ക​രി​ച്ച​തും അ​തി​നെ മ​ര​വി​പ്പി​ച്ചു​നി​ർ​ത്തി​യ​തും എ.​ഐ.​എ.​ഡി.​എം.​കെ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തും, 80ക​ളി​ൽ ആ​രം​ഭി​ച്ച ടി.​ആ​റി​ന്റെ രാ​ഷ്ട്രീ​യ​സ​ഞ്ചാ​ര​ത്തി​ലെ നി​ല​പാ​ടി​ല്ലാ​യ്മ​യാ​യി വി​ല​യി​രു​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്.

 

മകൻ ചിമ്പുവിനൊപ്പം

സ്വ​യം വെ​ട്ടി​വ​ന്ന പാ​ത​ക​ൾ

മ​യി​ലാ​ടു​തു​റൈ​യി​ൽ പി​ന്നാ​ക്ക വി​ഭാ​ഗ​മാ​യ അ​ഗ​മു​ട​യാ​ർ സ​മു​ദാ​യാം​ഗ​മാ​യി 1955ൽ ​ജ​നി​ച്ച വി​ജ​യ് ദേ​ശി​ങ്ക രാ​ജേ​ന്ദ​ർ എ​ന്ന ടി. ​രാ​ജേ​ന്ദ​റി​നു പ​റ​യ​ത്ത​ക്ക ക​ലാ​പാ​ര​മ്പ​ര്യ​മൊ​ന്നും അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലാ​യി​രു​ന്നു. നാ​ട്ടി​ൻ​പു​റ​ത്തെ വേ​ദി​ക​ളി​ൽ കാ​ലാ​ഭി​രു​ചി​ക​ൾ പ്ര​ക​ടി​പ്പി​ച്ചു കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം. അ​വി​ടെ​നി​ന്നു കി​ട്ടി​യ പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ ടി.​ആ​റി​ലെ പെ​ർ​ഫോ​മ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നു. ബ​ഹു​മു​ഖ ക​ല​ക​ളി​ലു​ള്ള പ്രാ​വീ​ണ്യ​വും ‘അ​ടു​ക്കു​മൊ​ഴി’​യി​ലു​ള്ള വാ​ച​ക​ക്ക​സ​ർ​ത്തു​ക​ളും ആ​ളു​ക​ളെ ആ​ക​ർ​ഷി​ച്ചു. ശി​വാ​ജി ഗ​ണേ​ശ​ന്റെ ആ​രാ​ധ​ക​നാ​യി​രു​ന്ന രാ​ജേ​ന്ദ​ർ സി​നി​മാ​മോ​ഹം ക​ല​ശ​ലാ​യ​തോ​ടെ കൗ​മാ​രം വി​ടും മു​മ്പേ ചെ​ന്നൈ​യി​ലെ​ത്തി. 1970ക​ളി​ൽ കോ​ട​മ്പാ​ക്ക​ത്ത് ത​മ്പ​ടി​ച്ചി​രു​ന്ന ച​ല​ച്ചി​ത്ര ഭാ​ഗ്യാ​ന്വേ​ഷി​ക​ളി​ൽ ഒ​രാ​ളാ​യി.

1978 -79 കാ​ല​ങ്ങ​ളി​ൽ ചെ​റു​ബ​ജ​റ്റ് സി​നി​മ​ക​ൾ​ക്ക് തി​ര​ക്ക​ഥ​ക​ളെ​ഴു​താ​നും പി​ന്ന​ണി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യി​യാ​കാ​നും അ​വ​സ​രം ല​ഭി​ച്ചു. ര​ച​ന​യി​ലൂ​ടെ സി​നി​മ​യു​ടെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള രാ​ജേ​ന്ദ​റി​ന്റെ ശ്ര​മ​ങ്ങ​ൾ​ക്ക് അ​ക്കാ​ല​ത്ത് പ്ര​ശ​സ്ത​രാ​യ സം​വി​ധാ​യ​ക​രോ താ​ര​ങ്ങ​ളോ സ​ഹാ​യ​ഹ​സ്ത​ങ്ങ​ൾ നീ​ട്ടി​യി​ല്ല. സ്വ​പ​രി​ശ്ര​മ​ത്താ​ൽ ല​ഭി​ച്ച ഓ​രോ അ​വ​സ​ര​വും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​യി​രു​ന്നു സി​നി​മാ​രം​ഗ​ത്തെ ടി.​ആ​റി​ന്റെ വ​ള​ർ​ച്ച. ഗോ​ഡ് ഫാ​ദ​ർ​മാ​രി​ല്ലാ​തെ ഒ​റ്റ​ക്ക് പോ​രാ​ടി നേ​ടി​യെ​ടു​ത്ത അ​ഭി​മാ​ന വി​ജ​യ​ത്തെ പൊ​തു​വേ​ദി​ക​ളി​ൽ പി​ൽ​ക്കാ​ല​ത്ത് മ​റ​യി​ല്ലാ​ത്ത ‘അ​ഹം​ഭാ​വ’​ത്തോ​ടെ പ്ര​ക​ടി​പ്പി​ക്കാ​നും അ​ദ്ദേ​ഹം മ​ടി​ച്ചി​രു​ന്നി​ല്ല.

ചെ​റു​വേ​ഷ​ങ്ങ​ളി​ൽ തു​ട​ക്കം

’70ക​ളു​ടെ അ​വ​സാ​ന​ങ്ങ​ളി​ൽ ല​ഭി​ച്ച ചെ​റു​വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ടി.​ആ​ർ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്. പി​ന്നീ​ട് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ‘വ​സ​ന്ത അ​ഴൈ​പ്പു​ക​ൾ’, ‘റെ​യി​ൽ പ​യ​ന​ങ്ക​ളി​ൽ’, ‘നെ​ഞ്ചി​ൽ ഒ​രു രാ​ഗം’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ അ​തി​ഥി വേ​ഷം ചെ​യ്ത് അ​ഭി​ന​യ താ​ൽ​പ​ര്യ​ത്തെ​യും അ​ദ്ദേ​ഹം തൃ​പ്തി​പ്പെ​ടു​ത്തി.

1980ൽ ​ര​ച​ന​യും സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ‘ഒ​രു ത​ലൈ രാ​ഗം’ വ​ൻ ഹി​റ്റാ​യി മാ​റി. ശ​ങ്ക​ർ പു​തു​മു​ഖ നാ​യ​ക​നാ​യ ഈ ​സി​നി​മ​യു​ടെ സം​വി​ധാ​നം ​െക്ര​ഡി​റ്റ് കാ​ർ​ഡി​ൽ നി​ർ​മാ​താ​വാ​യ ഇ.​എം. ഇ​ബ്രാ​ഹി​മി​ന്റേ​താ​ണെ​ങ്കി​ലും ക​രാ​റ​നു​സ​രി​ച്ച് അ​തും നി​ർ​വ​ഹി​ച്ച​ത് ടി.​ആ​ർ ആ​യി​രു​ന്നു. 1983ൽ ​ഭാ​ര്യ ഉ​ഷാ​കു​മാ​രി നി​ർ​മി​ച്ച് ടി. ​രാ​ജേ​ന്ദ​ർ സം​വി​ധാ​നം ചെ​യ്ത ‘ഉ​യി​രു​ള്ള​വ​രൈ ഉ​ഷ’​യി​ലൂ​ടെ​യാ​ണ് ആ​ദ്യ​മാ​യി അ​ദ്ദേ​ഹം നാ​യ​ക​നാ​യ​ത്. ഈ ​ചി​ത്ര​ത്തി​ൽ നാ​യ​ക​വേ​ഷം ചെ​യ്യാ​ൻ ര​ജ​നി​കാ​ന്തി​നെ സ​മീ​പി​ച്ചെ​ങ്കി​ലും വ​മ്പ​ൻ ബാ​ന​റു​ക​ളി​ൽ​മാ​ത്രം താ​ൽ​പ​ര്യ​മു​ള്ള അ​ദ്ദേ​ഹം അ​തി​നു ത​യാ​റാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ആ ​റോ​ൾ കൂ​ടി നി​ർ​വ​ഹി​ക്കാ​ൻ ടി.​ആ​ർ. തീ​രു​മാ​നി​ക്കു​ന്ന​ത്. പി​ന്നീ​ട​ങ്ങോ​ട്ട് ഒ​റ്റ​യാ​ൾ സൈ​ന്യ​മാ​യി മാ​റും​വി​ധ​മാ​യി​രു​ന്നു ടി. ​രാ​ജേ​ന്ദ​റി​ന്റെ സി​നി​മാ​സം​രം​ഭ​ങ്ങ​ളെ​ല്ലാം. ഈ ​വ​ള​ർ​ച്ച​യി​ൽ വ​ലി​യ വി​ഭാ​ഗം പ്രേ​ക്ഷ​ക​രെ കൂ​ടെ​നി​ർ​ത്താ​നും ടി.​ആ​റി​ന് സാ​ധി​ച്ചു.

 

സി​നി​മ​യി​ലെ ഒ​റ്റ​യാ​ൾ​പ്പ​ട

സി​നി​മ​യു​ടെ സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ളി​ലു​ള്ള അ​റി​വു​ക​ൾ, ആ ​നി​ല​യി​ലു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് മു​തി​രാ​നും രാ​ജേ​ന്ദ​റി​നു പ്രേ​ര​ണ​യാ​യി. നി​ല​ക്ക​ണ്ണാ​ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന മി​റ​ർ ഷോ​ട്ടു​ക​ളും മു​ഖ​ഭാ​വ​ങ്ങ​ൾ ഏ​റ്റ​വും അ​ടു​ത്തു​കാ​ണു​ന്ന​രീ​തി​യി​ൽ എ​ക്സ്ട്രീം ക്ലോ​സ്അ​പ് ഷോ​ട്ടു​ക​ളും ടി.​ആ​ർ സി​നി​മ​ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. വ​ർ​ണ​ങ്ങ​ൾ​കൊ​ണ്ടും പ്ര​കാ​ശ​വി​ന്യാ​സം​കൊ​ണ്ടു​മു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ വ​ഴി അ​ധി​ക ദൃ​ശ്യ​ഭം​ഗി ന​ൽ​കു​ന്ന​തി​ലും രാ​ജേ​ന്ദ​ർ ശ്ര​ദ്ധ​പു​ല​ർ​ത്തി.

ക​ഥാ​ഖ്യാ​ന​ത്തി​ന്റെ പു​രോ​ഗ​തി​ക്ക് ഗാ​ന​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യും ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി. ടി.​ആ​റി​ന്റെ നാ​യ​ക​ന്മാ​ർ കു​ത്ത​ഴി​ഞ്ഞ ജീ​വി​തം ന​യി​ക്കാ​ത്ത​വ​രും ദൈ​വ​ഭ​ക്തി​യു​ള്ള​വ​രും സാ​മൂ​ഹി​ക മ​രാ​ദ്യ​ക​ളെ പി​ന്തു​ട​രു​ന്ന​വ​രു​മാ​യി​രു​ന്നു, സ്ത്രീ​ക​ളോ​ട് ആ​ദ​ര​വു​ള്ള​വ​രും അ​നീ​തി​ക​ളോ​ട് പോ​രാ​ടു​ന്ന ക്ഷു​ഭി​ത യു​വാ​ക്ക​ളു​മാ​യി​രു​ന്നു. ധാ​ർ​മി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന നാ​യ​ക​രെ അ​ട​യാ​ള​പ്പെ​ടു​ത്താ​നാ​യി​രു​ന്നു രാ​ജേ​ന്ദ​ർ ശ്ര​മി​ച്ച​ത്. വ്യ​ക്തി​യു​ടെ വൈ​കാ​രി​ക വി​ക്ഷു​ബ്‌​ധ​ത​ക​ളെ, സ​മൂ​ഹ മ​ര്യാ​ദ​യു​ടെ ച​ട്ട​ക്കൂ​ട്ടി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​യി​രു​ന്നു രാ​ജേ​ന്ദ​റി​ന്റെ ത​ന​തു​മു​ദ്ര എ​ന്നു​പ​റ​യാം.

ഇ​ള​യ​രാ​ജ​യു​ടെ മാ​സ്മ​രി​ക സം​ഗീ​തം ത​മി​ഴ് സി​നി​മ​യെ അ​ട​ക്കി​ഭ​രി​ച്ചി​രു​ന്ന കാ​ല​ത്ത് മൃ​ദു​വി​കാ​ര​ങ്ങ​ളെ ലാ​ളി​ക്കു​ന്ന ത​രം പാ​ട്ടു​ക​ളു​ടെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് സ്വ​ന്തം ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​ൻ രാ​ജേ​ന്ദ​റി​ന് സാ​ധി​ച്ചു. പു​തി​യ​തും പ​ര​മ്പ​രാ​ഗ​ത​വു​മാ​യ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളെ സം​യോ​ജി​പ്പി​ച്ച് അ​ദ്ദേ​ഹം ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ദുഃ​ഖ​ഗാ​ന​ങ്ങ​ളി​ൽ ല​ളി​ത സം​ഗീ​ത​ത്തി​ന്റെ ആ​ത്മ​സൗ​ന്ദ​ര്യം പ​ക​ർ​ന്നു​ന​ൽ​കി. ഗാ​ന​ചി​ത്രീ​ക​ര​ണ​ങ്ങ​ളി​ലെ പ​ശ്ചാ​ത്ത​ല​ഭം​ഗി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി. ‘ഒ​രു ത​ലൈ രാ​ഗം’, ‘മൈ​ഥി​ലി എ​ന്നൈ കാ​ത​ലി’ പോ​ലു​ള്ള സി​നി​മ​ക​ളു​ടെ വി​ജ​യം അ​തി​ലെ പാ​ട്ടി​ന്റെ​യും സം​ഗീ​ത​ത്തി​ന്റെ​യും കൂ​ടി​യാ​യി​രു​ന്നു.

മെലോ​ഡ്ര​മാ​റ്റി​ക് സ​ന്ദ​ർ​ഭ​ങ്ങ​ൾ, പ്രാ​സ​ഭം​ഗി​യു​ള്ള ശ​ക്ത​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ, ശ​രീ​ര​നി​ബ​ദ്ധ​മ​ല്ലാ​ത്ത പ്ര​ണ​യ​ത്തി​ന്റെ​യും വി​ചി​ത്ര സ്വ​ഭാ​വ​മു​ള്ള ആ​ക്ഷ​ന്റെ​യും സ​മ​ന്വ​യം വ​ഴി വാ​ണി​ജ്യ സി​നി​മ​ക​ളു​ടെ സ്ഥി​രം ഫോ​ർ​മാ​റ്റി​ൽ​നി​ന്നു​ള്ള വ്യ​തി​യാ​നം, കു​ടും​ബ പ്രേ​ക്ഷ​ക​രെ ഉ​ന്ന​മി​ട്ടു​കൊ​ണ്ടു​ള്ള വി​കാ​ര​തീ​വ്ര​മാ​യ പ്ര​മേ​യ​ങ്ങ​ൾ, പ്ര​മേ​യ​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന ത​രം സം​ഗീ​ത​സാ​ന്ദ്ര​ത​യും നൃ​ത്ത​ച്ചു​വ​ടു​ക​ളും... ഇ​തൊ​ക്കെ അ​ക്കാ​ല​ത്തെ മ​റ്റു സി​നി​മ​ക​ളി​ൽ​നി​ന്ന് രാ​ജേ​ന്ദ​റി​നെ വേ​റി​ട്ടു​നി​ർ​ത്തി. ‘ഒ​രു ത​ലൈ​രാ​ഗം’ പോ​ലു​ള്ള ഫ്ര​ഷ് ആ​യ ചി​ത്രം പ​ട​ച്ച രാ​ജേ​ന്ദ​റി​ന്റെ പി​ൽ​ക്കാ​ല ചി​ത്ര​ങ്ങ​ൾ ആ​ത്മ​ഘോ​ഷ​ത്തി​ന്റെ ആ​വ​ർ​ത്ത​ന​ങ്ങ​ളും എ​ളു​പ്പം പ്ര​വ​ചി​ക്കാ​വു​ന്ന ക്ലൈ​മാ​ക്സും ചെ​ടി​പ്പി​ക്കും​വി​ധം പ​ഴ​കി​യ ക​ഥ​ന​രീ​തി​യും കാ​ര​ണം വി​മ​ർ​ശി​ക്ക​പ്പെ​ട്ടു. പ​ല​വി​ധ ഴോ​ണ​റു​ക​ളി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​വ​ന്ന സ​മ​കാ​ലി​ക​രി​ൽ​നി​ന്ന് ഭി​ന്ന​മാ​യി ഏ​ക​താ​ന​മാ​യ സി​നി​മാ​ശൈ​ലി പി​ന്തു​ട​ർ​ന്ന​ത് രാ​ജേ​ന്ദ്ര​ന്റെ പ്രേ​ക്ഷ​കാം​ഗീ​കാ​ര​ത്തെ ക്ഷീ​ണി​പ്പി​ച്ചു.

1980ക​ളു​ടെ തു​ട​ക്ക​ത്തി​ൽ, പ്ര​ത്യ​ക ജ​നു​സ്സ് എ​ന്ന് അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന ടി.​ആ​ർ സി​നി​മ​ക​ൾ​ക്ക് ല​ഭി​ച്ച പ്രേ​ക്ഷ​ക​പ്രീ​തി ’90ക​ളു​ടെ ര​ണ്ടാം​പാ​ദ​ത്തോ​ടെ കു​റ​ഞ്ഞു തു​ട​ങ്ങി. എ​ന്നാ​ൽ, ഇ​തൊ​ന്നും കാ​ര്യ​മാ​ക്കാ​തെ ത​ന്റെ മൗ​ലി​ക അ​ട​യാ​ള​ങ്ങ​ളു​മാ​യി ടി.​ആ​ർ മു​ന്നോ​ട്ടു​പോ​യി. സി​നി​മ​യു​ടെ സ​മ​ഗ്ര​മേ​ഖ​ല​യും ഒ​രു​മി​ച്ച് കൈ​കാ​ര്യം ചെ​യ്‌​ത​തി​നാ​ൽ ഗു​ണ​നി​ല​വാ​ര​ത്തി​ലും പാ​ളി​ച്ച​ക​ൾ നി​ഴ​ലി​ച്ചു. ’90ക​ളി​ലും അ​തി​നു​ശേ​ഷ​വും വ​ന്ന ‘മോ​ണി​ഷ എ​ൻ മൊ​ണാ​ലി​സ’, ‘സൊ​ന്നാ​ൽ താ​ൻ കാ​ത​ലാ’, ‘സ​ബാ​ഷ് ബാ​ബു’, നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തി​യ ‘വീ​രാ​സാ​മി’ ഒ​ക്കെ ബോ​ക്സ് ഓ​ഫി​സ് പ​രാ​ജ​യ​ങ്ങ​ളാ​യി.

 

ഡി.​എം.​കെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്

സി​നി​മ​യി​ൽ വി​ജ​യ​ക്കൊ​ടി നാ​ട്ടി​യ ഒ​രു ദ​ശ​ക​ത്തി​നു​ശേ​ഷം തി​രി​ച്ചി​റ​ക്കം നേ​രി​ട്ട രാ​ജേ​ന്ദ​റി​ന്റെ, രാ​ഷ്ട്രീ​യ പ്ര​വേ​ശ​വും ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​ടെ യാ​ത്ര​യാ​യി​രു​ന്നു. ഒ​രു ക​ലാ​കാ​ര​ന്റെ വൈ​കാ​രി​ക​ബു​ദ്ധി​യോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തെ​യും അ​ദ്ദേ​ഹം സ​മീ​പി​ച്ച​ത്. പെ​രി​യാ​റി​ന്റെ​യും അ​ണ്ണാ​ദു​രൈ​യു​ടെ​യും ക​ടു​ത്ത അ​നു​യാ​യി എ​ന്ന​നി​ല​യി​ൽ ദ്രാ​വി​ഡ പ്ര​സ്ഥാ​ന​ത്തോ​ടു​ള്ള ആ​ഭി​മു​ഖ്യ​മാ​ണ് രാ​ജേ​ന്ദ​റി​നെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്. 1984ലാ​ണ് രാ​ജേ​ന്ദ​ർ ഡി.​എം.​കെ​യി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​ശ​സ്തി​യു​ടെ ഉ​ച്ച​ഘ​ട്ട​ത്തി​ൽ ഇ​രി​ക്കു​മ്പോ​ഴേ, എം. ​ക​രു​ണാ​നി​ധി​യു​ടെ വി​ശ്വ​സ്ത​നാ​യി മാ​റി​യ രാ​ജേ​ന്ദ​ർ, താ​ര​പ്ര​തി​ച്ഛാ​യ​യും പ്രാ​സ​ബ​ദ്ധ​മാ​യ പ്ര​സം​ഗ​ങ്ങ​ളും​കൊ​ണ്ട് പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രെ ആ​വേ​ശം​കൊ​ള്ളി​ച്ചു.

ഡി.​എം.​കെ​യു​ടെ പ്രോ​പ​ഗ​ണ്ടാ സെ​ക്ര​ട്ട​റി എ​ന്ന​നി​ല​യി​ൽ എം.​ജി.​ആ​റി​നെ​തി​രെ നി​ശി​ത വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന തൊ​ഴി​ൽ​നി​ല അ​ദ്ദേ​ഹ​ത്തി​ന് ത​ട​സ്സ​മാ​യി​രു​ന്നി​ല്ല. ത​മി​ഴ്സി​നി​മ​യു​ടെ മു​ടി​ചൂ​ടാ​മ​ന്ന​നാ​യി എം.​ജി.​ആ​ർ വി​ഹ​രി​ക്കു​ന്ന കാ​ല​മാ​ണ​തെ​ന്നോ​ർ​ക്ക​ണം. എം.​ജി.​ആ​റി​നെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ക്കാ​ൻ ച​ല​ച്ചി​ത്ര രം​ഗ​ത്തു​നി​ന്നും ധൈ​ര്യ​പ്പെ​ട്ട ഒ​രേ​യൊ​രാ​ൾ താ​ൻ മാ​ത്ര​മാ​ണെ​ന്ന് പൊ​തു​വേ​ദി​ക​ളി​ൽ പി​ൽ​ക്കാ​ല​ത്ത് ടി.​ആ​ർ അ​ഭി​മാ​നം കൂ​റു​ന്നു​ണ്ട്. ക​രു​ണാ​നി​ധി​യോ​ടു​ള്ള കൂ​റും വി​ശ്വാ​സ​വും തു​ട​ർ​ന്നെ​ങ്കി​ലും ടി.​ആ​റി​ന്റെ കൂ​സ​ലി​ല്ലാ​ത്ത പ​ല നീ​ക്ക​ങ്ങ​ളും മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ​യും എം.​കെ. സ്റ്റാ​ലി​ൻ അ​ട​ക്ക​മു​ള്ള യു​വ​നേ​തൃ​നി​ര​യു​ടെ​യും അ​നി​ഷ്ട​ത്തി​നി​ട​യാ​ക്കി. അ​ഭി​പ്രാ​യ​ഭി​ന്ന​ത രൂ​ക്ഷ​മാ​യ​തോ​ടെ 1991ൽ ​പാ​ർ​ട്ടി​യി​ൽ​നി​ന്ന് ടി.​ആ​ർ പു​റ​ത്താ​ക്ക​പ്പെ​ട്ടു.

 

പു​തി​യ പാ​ർ​ട്ടി​യും ല​യ​ന​വും

എ​ന്നാ​ൽ, രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങാ​ൻ രാ​ജേ​ന്ദ​ർ ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. അ​തേ​വ​ർ​ഷം​ത​ന്നെ താ​യ​ക മ​റു​മ​ല​ർ​ച്ചി ക​ഴ​കം (ടി.​എം.​കെ) എ​ന്ന പേ​രി​ൽ സ്വ​ന്തം പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ച്ചു. എ​സ്.​ഡി ഉ​ഗും​ച​ന്ദ് (ഹു​കും ച​ന്ദ്) അ​ട​ക്ക​മു​ള്ള ഡി.​എം.​കെ​യി​ലെ ഏ​താ​നും നേ​താ​ക്ക​ൾ രാ​ജേ​ന്ദ​റി​നൊ​പ്പം ചേ​ർ​ന്നു. 1991ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ജീ​വ് ഗാ​ന്ധി വ​ധ​ത്തെ തു​ട​ർ​ന്നു പ്ര​ക്ഷു​ബ്ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ജ​യ​ല​ളി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ.​ഐ.​എ.​ഡി.​എം.​കെ-​കോ​ൺ​ഗ്ര​സ് മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യി അ​നു​താ​പം ആ​ഞ്ഞു​വീ​ശി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി.​എം.​കെ മു​ന്ന​ണി​യോ​ടൊ​പ്പം ചേ​ർ​ന്നാ​ണ് ടി.​എം.​കെ. മ​ത്സ​രി​ച്ച​ത് എ​ന്ന​താ​ണ് കൗ​തു​ക​ക​ര​മാ​യ വ​സ്തു​ത. ഡി.​എം.​കെ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ടി​ട്ടും അ​തേ മു​ന്ന​ണി​യി​ൽ ചേ​രാ​നാ​യി​രു​ന്നു രാ​ജേ​ന്ദ​റി​ന്റെ തീ​രു​മാ​നം. ക​രു​ണാ​നി​ധി​യു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​വും പ്ര​ധാ​ന​കാ​ര​ണ​മാ​യി​രു​ന്നു. ജ​യ​ല​ളി​ത​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​ക​ൻ എ​ന്ന​നി​ല​യി​ൽ ബ​ർ​ഗൂ​രി​ൽ അ​വ​ർ​ക്കെ​തി​രെ മ​ത്സ​രി​ക്കാ​നും രാ​ജേ​ന്ദ​ർ ത​യാ​റാ​യി.

സി.​പി.​ഐ, സി.​പി.​എം, ജ​ന​താ​ദ​ൾ തു​ട​ങ്ങി​യ ക​ക്ഷി​ക​ൾ ഉ​ൾ​പ്പെ​ട്ട ഡി.​എം.​കെ മു​ന്ന​ണി​ക്ക് മൊ​ത്തം ല​ഭി​ച്ച​ത് ഏ​ഴ് സീ​റ്റു​ക​ൾ. ഡി.​എം. കെ​യും 11 മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്രം മ​ത്സ​രി​ച്ച ടി.​എം.​കെ​യും ര​ണ്ടു വീ​തം ഇ​ട​ങ്ങ​ളി​ൽ വി​ജ​യം നേ​ടി. മ​റ്റു​ള്ള പാ​ർ​ട്ടി​ക​ൾ ഓ​രോ സീ​റ്റും വീ​ത​വും. വ​ലി​യ ത​യാ​റെ​ടു​പ്പു​ക​ളൊ​ന്നും കൂ​ടാ​തെ പു​തു​താ​യി രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ട്ട ക​ക്ഷി സാ​ധി​ച്ചെ​ടു​ത്ത ഈ ​നേ​ട്ടം ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​ണെ​ന്ന് പ​റ​യാം. പി​ൽ​ക്കാ​ല​ത്ത് കേ​ന്ദ്ര​മ​ന്ത്രി​യാ​യ തി​രു​നാ​വ​ക്ക​ര​സ്, സം​സ്ഥാ​ന മ​ന്ത്രി​യാ​യിരുന്ന കെ.​കെ.എ​സ്.​എ​സ്.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ടി.​എം.​കെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി അ​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, ബ​ർ​ഗൂ​രി​ൽ ജെ. ​ജ​യ​ല​ളി​ത​ക്കെ​തി​രെ ക​ള​ത്തി​ലി​റ​ങ്ങി​യ ടി. ​രാ​ജേ​ന്ദ​ർ മു​പ്പ​ത്തേ​ഴാ​യി​ര​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

1989ൽ ​നേ​തൃ​ത്വ​ത്തി​ന്റെ അ​നു​മ​തി​യി​ല്ലാ​തെ ഡി.​എം.​കെ​യി​ലെ യു​വ​നേ​താ​വ് വൈ​കോ എ​ൽ.​ടി.​ടി.​ഇ നേ​താ​വ് വേ​ലു​പ്പി​ള്ളൈ പ്ര​ഭാ​ക​ര​നെ, ശ്രീ​ല​ങ്ക​യി​ലെ ആ​സ്ഥാ​ന​ത്ത് സ​ന്ദ​ർ​ശി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഡി.​എം.​കെ​യി​ൽ രൂ​ക്ഷ​മാ​യ ഉ​ൾ​പാ​ർ​ട്ടി​പ്പോ​രി​നി​ട​യാ​ക്കി. 1993ൽ ​വൈ​കോ​യു​ടെ പു​റ​ത്താ​ക്ക​ലി​ലാ​ണ് ഇ​ത് അ​വ​സാ​നി​ച്ച​ത്. അ​ടു​ത്ത​വ​ർ​ഷം വൈ​കോ മ​റു​മ​ല​ർ​ച്ചി ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​കം (എം.​ഡി.​എം.​കെ) രൂ​പ​വ​ത്ക​രി​ച്ച​പ്പോ​ൾ പാ​ർ​ട്ടി അ​ണി​ക​ളി​ൽ​നി​ന്നൊ​രു കു​ത്തൊ​ഴു​ക്ക് പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നും പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നും നേ​തൃ​ത്വം ചി​ല ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഡി.​എം.​കെ​യി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ൻ ക​രു​ണാ​നി​ധി ടി.​ആ​റി​നെ ക്ഷ​ണി​ക്കു​ന്ന​ത്.

ക​രു​ണാ​നി​ധി​യോ​ടു​ള്ള ആ​ദ​ര​വും പാ​ർ​ട്ടി​യി​ൽ വീ​ണ്ടും ല​ഭി​ക്കു​ന്ന പ്രാ​മു​ഖ്യ​വും മു​ൻ​നി​ർ​ത്തി ടി.​എം.​കെ​യെ ഡി.​എം.​കെ​യി​ൽ ല​യി​പ്പി​ക്കാ​ൻ രാ​ജേ​ന്ദ​റി​ന് ര​ണ്ടാ​മ​തൊ​ന്നാ​ലോ​ചി​ക്കേ​ണ്ടി വ​ന്നി​ല്ല. വൈ​കോ​ക്കെ​തി​രെ​യു​ള്ള പാ​ർ​ട്ടി​യു​ടെ പ്ര​തി​രോ​ധ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ടി.​ആ​ർ കു​ന്ത​മു​ന​യാ​യി നി​ന്നു. 1996ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​ന്നൈ പാ​ർ​ക്ക് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു വി​ജ​യി​ച്ച് അ​ദ്ദേ​ഹം ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തു​ക​യും ചെ​യ്തു.

 

അം​ഗീ​കാ​രം റ​ദ്ദാ​ക്ക​പ്പെ​ട്ട പു​തി​യ പ​രീ​ക്ഷ​ണം

2004ഓ​ടെ നേ​തൃ​ത്വ​വു​മാ​യു​ള്ള സ്വ​ര​ച്ചേ​ർ​ച്ച​ക്ക് വീ​ണ്ടു ഭം​ഗം സം​ഭ​വി​ച്ചു​തു​ട​ങ്ങി. ആ​വ​ശ്യം ക​ഴി​യു​മ്പോ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന നി​ല​യി​ലാ​ണ് ഡി.​എം.​കെ​ത​ന്നെ പ​രി​ഗ​ണി​ക്കു​ന്ന​ത് എ​ന്ന് തു​റ​ന്ന​ടി​ച്ച് രാ​ജേ​ന്ദ​ർ പാ​ർ​ട്ടി വി​ട്ടു. രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്നു മാ​റി​നി​ൽ​ക്കാ​നാ​യി​രു​ന്നി​ല്ല, വീ​ണ്ടും പു​തി​യ രാ​ഷ്ട്രീ​യ ക​ക്ഷി രൂ​പ​വ​ത്ക​രി​ച്ച് സ​ജീ​വ​മാ​കാ​നാ​യി​രു​ന്നു ടി.​ആ​റി​ന്റെ തീ​രു​മാ​നം. അ​ങ്ങ​നെ ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ മ​റ്റൊ​രു പാ​ർ​ട്ടി​കൂ​ടി നി​ല​വി​ൽ​വ​ന്നു –ഓ​ൾ ഇ​ന്ത്യ ല​ക്ഷ്യ ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​കം! 2019വ​രെ ഇ​രു മു​ന്ന​ണി​ക​ളോ​ടും ചേ​രാ​തെ സ്വ​ത​ന്ത്ര ക​ക്ഷി​യാ​യി നി​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്നും വി​ട്ടു​നി​ന്നു. ടി.​ആ​റി​ന്റെ ഇ​ട​ക്കി​ടെ​യു​ള്ള രാ​ഷ്ട്രീ​യ പ്ര​സ്താ​വ​ന​ക​ളും, വി​വാ​ദ​ങ്ങ​ളും അ​ല്ലാ​തെ ത​മി​ഴ്നാ​ട്ടി​ൽ ഒ​രു ച​ല​ന​വും ഉ​ണ്ടാ​ക്കി​യി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല അ​ഞ്ചു വ​ർ​ഷ​ത്തി​നു​മേ​ൽ തെ​ര​ഞ്ഞ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ 2022ൽ ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പാ​ർ​ട്ടി​യു​ടെ അം​ഗീ​കാ​രം റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

2018 ഫെ​ബ്രു​വ​രി​യി​ൽ തി​രു​ച്ചി​യി​ൽ സ​മ്മേ​ള​നം വി​ളി​ച്ചു​കൂ​ട്ടി എ. ​ഐ.​എ​ൽ.​ഡി.​എം.​കെ​യു​ടെ പു​ന​രു​ജ്ജീ​വ​ന​വും പു​തി​യ പ​താ​ക​യും പ്ര​ഖ്യാ​പി​ക്കു​ക​യു​ണ്ടാ​യി. പാ​ർ​ട്ടി ബാ​ന​റി​ൽ അ​ന്ത​രി​ച്ച മു​ഖ്യ​മ​ന്ത്രി ജെ. ​ജ​യ​ല​ളി​ത​യു​ടെ ഫോ​ട്ടോ പ​തി​പ്പി​ച്ചി​രു​ന്നു. പെ​രി​യാ​ർ, അ​ണ്ണാ​ദു​രൈ, എം.​ജി.​ആ​ർ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും അ​തോ​ടൊ​പ്പം ആ​ലേ​ഖ​നം ചെ​യ്യ​പ്പെ​ട്ടു. ഇ​ത് ടി.​ആ​റി​ന്റെ പു​തി​യ രാ​ഷ്ട്രീ​യ​നീ​ക്ക​മാ​യി നി​രീ​ക്ഷ​ക​ർ വ്യാ​ഖ്യാ​നി​ച്ചു. ത​മി​ഴ്‌​നാ​ടി​ന്റെ രാ​ഷ്ട്രീ​യ ഹൃ​ദ​യ​മാ​യി ക​രു​ത​പ്പെ​ടു​ന്ന, എ​ണ്ണ​മ​റ്റ രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്ക​പ്പെ​ട്ട ട്രി​ച്ചി​യി​ൽ​ത​ന്നെ പു​ന​രു​ജ്ജീ​വ​ന സ​മ്മേ​ള​നം വി​ളി​ച്ചു​കൂ​ട്ടി​യ ടി. ​രാ​ജേ​ന്ദ​റി​ന് മ​റ്റൊ​രു ല​ക്ഷ്യം കൂ​ടി​യു​ണ്ടാ​യി​രു​ന്നു -മ​ക​നും ച​ല​ച്ചി​ത്ര​താ​ര​വു​മാ​യ സി​ല​മ്പ​ര​സ​നെ (ചി​മ്പു) രാ​ഷ്ട്രീ​യ​ത്തി​ലി​റ​ക്കി പാ​ർ​ട്ടി​യു​ടെ അ​ടു​ത്ത ചു​മ​ത​ല​ക്കാ​ര​നാ​യി വാ​ഴി​ക്കു​ക!

അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നും ടി. ​രാ​ജേ​ന്ദ​ർ ക​ണ​ക്കു​കൂ​ട്ടി. അ​തി​ന്റെ ഭാ​ഗ​മാ​യി ഡി.​എം.​കെ​ക്കും എ.​ഐ.​എ. ഡി.​എം.​കെ​ക്കു​മെ​തി​രാ​യി പ്ര​ചാ​ര​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. എ​ന്നാ​ൽ, അ​ത്ത​രം ഒ​രു​ക്ക​ങ്ങ​ൾ ഒ​ന്നും ല​ക്ഷ്യം ക​ണ്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, തു​ട​ർ​ന്നു​വ​ന്ന ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കാ​ൻ​പോ​ലും പാ​ർ​ട്ടി​ക്ക് സാ​ധി​ച്ചി​ല്ല. ആ​ളും അ​ർ​ഥ​വു​മി​ല്ലാ​ത്ത പാ​ർ​ട്ടി​യാ​യി തു​ട​ർ​ന്ന പാ​ർ​ട്ടി​യു​ടെ അം​ഗീ​കാ​ര​വും റ​ദ്ദാ​ക്ക​പ്പെ​ട്ടു.

എ​ങ്കി​ലും രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്ന് വി​ര​മി​ക്കാ​ൻ ടി. ​രാ​ജേ​ന്ദ​ർ ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. രാ​ഷ്ട്രീ​യ പ്ര​സ്താ​വ​ന​ക​ൾ ഇ​റ​ക്കി​യും മാ​ധ്യ​മ​സ​മ്മേ​ള​ന​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ത്തും ത​ന്റെ സാ​ന്നി​ധ്യം അ​ദ്ദേ​ഹം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ടി​രു​ന്നു. സി​നി​മ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി. മ​ക​ൻ ചി​മ്പു​വി​ന്റെ വി​വാ​ഹം ന​ട​ക്കാ​ൻ കാ​ഞ്ചി​പു​ര​ത്തെ വ​ഴ​ക്ക​രു​തീ​ശ്വ​ര​ർ ക്ഷേ​ത്ര​ത്തി​ൽ ന​ട​ത്തി​യ വ​ഴി​പാ​ടും ഇ​സ്​​ലാം മ​തം സ്വീ​ക​രി​ച്ച ഇ​ള​യ​മ​ക​ന്റെ മി​ശ്ര​വി​വാ​ഹ​ത്തി​നു ന​ൽ​കി​യ പി​ന്തു​ണ​യും ഒ​ക്കെ രാ​ജേ​ന്ദ​റി​ലേ​ക്കു മാ​ധ്യ​മ​ശ്ര​ദ്ധ തി​രി​ഞ്ഞ സ​ന്ദ​ർ​ഭ​ങ്ങ​ളാ​ണ്. ഇ​ട​ക്കാ​ല​ത്തെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും ചി​കി​ത്സ​യും കാ​ര​ണം വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​ണ് ടി. ​രാ​ജേ​ന്ദ​ർ ഇ​പ്പോ​ൾ.

അ​തി​വാ​ചാ​ല​നാ​യ വി​മ​ർ​ശ​ക​ൻ എ​ന്ന​നി​ല​യി​ലാ​ണ് രാ​ജേ​ന്ദ​റി​ന്റെ രാ​ഷ്ട്രീ​യ​വ്യ​ക്തി​ത്വം അ​ട​യാ​ള​പ്പെ​ടു​ത്താ​നാ​വു​ക. ഒ​റ്റ​ക്ക് വ​ഴി​വെ​ട്ടി​വ​ന്ന​വ​ന്റെ ആ​ത്മ​ബോ​ധ്യ​ങ്ങ​ളും ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​ത്തോ​ടു​ള്ള ആ​ഭി​മു​ഖ്യ​വു​മാ​ണ് ടി. ​രാ​ജേ​ന്ദ​റി​നെ ന​യി​ച്ച​ത്. രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ക​ര​ണം മി​ക്ക​പ്പോ​ഴും ആ​ത്മ​നി​ഷ്ഠ​മാ​യ നി​ല​പാ​ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു. ജ​ന​കീ​യ സ​മ​ര​ങ്ങ​ളി​ലോ സം​ഘാ​ട​ന​ത്തി​ലോ ശ്ര​ദ്ധി​ക്കാ​തെ, രാ​ഷ്ട്രീ​യ പ്ര​സ്താ​വ​ന​ക​ളും അ​തി​നി​ശി​ത​വും വൈ​കാ​രി​ക​വു​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളും ഇ​റ​ക്കി ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച് ഒ​രു സം​ഘ​ട​ന​യെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​മെ​ന്ന ല​ക്ഷ്യ​ബോ​ധം കു​റ​ഞ്ഞ രാ​ഷ്ട്രീ​യാ​ഭി​ലാ​ഷ​മാ​യി​രു​ന്നു ടി. ​രാ​ജേ​ന്ദ​റി​ന്റേ​തെ​ന്ന് ചു​രു​ക്കി​പ്പ​റ​യാം.

(തു​ട​രും)

News Summary - T. Rajender in Tamil politics