മലയാളി അടക്കിപ്പിടിച്ച ചിരി
ശ്രീനിവാസൻ ഓർമ - 2

മലയാള സിനിമയിലും കേരള സമൂഹത്തിലും ശ്രീനിവാസൻ എന്ന നടനും തിരക്കഥാകൃത്തും നടത്തിയ ഇടപെടലുകളെ കീഴാളപക്ഷത്തുനിന്ന് ഇഴകീറി പരിശോധിക്കുന്നു. വിമർശനവുംകൂടി ഉള്ളടങ്ങിയ വേറിട്ട വിശകലനമാണിത്. കഴിഞ്ഞ ലക്കം തുടർച്ച.
‘നാടോടിക്കാറ്റ്’ എന്ന സിനിമയിലെ ദാസനും വിജയനും എന്ന രണ്ടു കഥാപാത്രങ്ങളെ എടുത്ത് പരിശോധിച്ചാൽ, അവർ പലപ്പോഴും ആ സിനിമയിൽ സംഘർഷപ്പെടുമ്പോഴും ഒരൊറ്റ ഐഡന്റിറ്റിയായി വളരുന്നു എന്നതുകൂടി രസകരമായ കാര്യമാണ്. ദാസൻ ഇല്ലാതെ വിജയൻ ഇല്ല, അല്ലെങ്കിൽ വിജയൻ ഇല്ലാതെ ദാസൻ ഇല്ല എന്ന ഒരു അവസ്ഥയിലേക്ക് എത്തുന്ന ഒരു ലിക്വിഡിറ്റി പോയന്റിലേക്ക് ആ സിനിമയിൽ അവർ തമ്മിലുള്ള കൂടിച്ചേരലുകളുണ്ട്. ഒരു കിടക്കയിൽ കിടന്നുകൊണ്ട് പശുവിന്റെ ശബ്ദം ആസ്വദിക്കുന്ന ഒരു ഷോട്ടിൽപോലും, അവർ തമ്മിലുള്ള ശാരീരികമായ ഒരു ഇന്റിമസി അടക്കം ദൃശ്യവത്കരിക്കപ്പെടുന്നുണ്ട്. മോഹൻലാലിന്റെ റൊമാന്റിക് വേഷങ്ങൾ നായികമാരോട് അതീവമായി ഇടപഴകി തന്റെ പ്രണയം അവതരിപ്പിക്കുമ്പോൾ, ഈ സിനിമയിൽ ദാസൻ എന്ന മോഹൻലാലിന്റെ കഥാപാത്രം ശോഭനയെ പ്രണയിക്കുമ്പോഴും സാമൂഹികമായും വ്യക്തിത്വത്തിന്റെ പല മോഡുകളിലും അവർ ശാരീരികമായ ഒരു അകലം പലപ്പോഴും പാലിക്കുന്നുണ്ട്.
പക്ഷേ ദാസനും വിജയനും തമ്മിലുള്ള ഈ സിനിമയിലെ ഇന്റിമസി വേറൊരു തരത്തിലുള്ളതുകൂടിയാണ്. അത് പലതരത്തിലുള്ള സൗഹൃദങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും മാനസികമായും ശാരീരികമായും ഒക്കെ രൂപപ്പെടുന്നതുമാണ്. ഈ സിനിമയിലെ നായകശരീരം എന്ന് വിളിക്കാവുന്ന മോഹൻലാലിന്റെ ദാസന്, ശ്രീനിവാസന്റെ വിജയൻ എന്ന ഐഡന്റിറ്റി കൂടെ ഇല്ലെങ്കിൽ അയാൾക്ക് ഒരു നിലനിൽപുമില്ല. അങ്ങനെ കേരളത്തിൽ കൾട്ട് സ്റ്റാറ്റസ് നേടി ഇന്നും ആഘോഷിക്കപ്പെടുന്ന ഒരു നായകശരീരത്തിന് പൂർണത നൽകുന്നത് ശ്രീനിവാസന്റെ ഒരു താരശരീരംകൂടിയാണ്.
അല്ലെങ്കിൽ അവർ ഒരുമിച്ചാണ് ആ കൾട്ട് സ്റ്റാറ്റസ് നേടി എടുക്കുന്നത്. മോഹൻലാലിന്റെ ദാസനെപോലെ തന്നെ കേരളത്തിന്റെ സാംസ്കാരിക ഇടത്തിൽ വിജയനും തന്റെ സാന്നിധ്യം നേടി എടുത്തുവെന്നതാണ് ശ്രീനിവാസൻ എന്ന നടന്റെ താരശരീരത്തിലെ വിജയം. ‘അക്കരെ അക്കരെ അക്കരെ’ എന്ന സിനിമയിൽ ‘‘സൗന്ദര്യമില്ലാത്ത പുരുഷന്മാരെ ആങ്ങളമാരാക്കുന്നത് സ്ത്രീകളുടെ സ്ഥിരം സ്വഭാവമാണ്’’ എന്ന ശ്രീനിവാസന്റെ –വിജയന്റെ ഡയലോഗ്, തന്നെത്തന്നെ ട്രോളുന്നതിന് അപ്പുറം കേരളത്തിന്റെ ഒരു സൗന്ദര്യസങ്കൽപത്തെ തന്നെ ട്രോളുന്നതുമാണ്.
മോഹൻലാൽ എന്ന താരശരീരത്തോട് വളരെ ചേർന്നുനിന്ന്, ഒരു സൗഹൃദത്തിലൂടെ ഒരുതരം ഇഴുകിച്ചേരലുകളിലൂടെ പെർഫോം ചെയ്യുമ്പോഴും, മമ്മൂട്ടി എന്ന താരശരീരത്തോട് അകന്നുനിന്നുകൊണ്ടുകൂടിയാണ് പല സിനിമകളിലും ശ്രീനിവാസൻ പെർഫോം ചെയ്തത്. ഏറ്റവും വലിയ മമ്മൂട്ടി-ശ്രീനിവാസൻ സൗഹൃദ സിനിമയായ ‘കഥ പറയുമ്പോൾ’ എന്ന പടത്തിൽപോലും ദൃശ്യപരമായ ഒരു അകലം നമുക്ക് കാണാം. ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ എന്ന സിനിമയിലെ കുക്ക്, ‘ഗോളാന്തര വാർത്തകളിലെ’ കള്ളൻ കാരക്കൂട്ടിൽ ദാസൻ, ‘ഒരു മറവത്തൂർ കനവി’ലെ തമിഴൻ, ‘കളിക്കളം’ എന്ന സിനിമയിലെ മമ്മൂട്ടിയുടെ സഹായി തുടങ്ങിയ കഥാപാത്രങ്ങൾ ഒക്കെ മോഹൻലാൽ-ശ്രീനിവാസൻ സിനിമകളിലെ സൗഹൃദം, അടുപ്പം എന്നിവക്കപ്പുറം ഒരു കൃത്യമായ അകലം രൂപപ്പെടുന്നുണ്ട്. (ഇതിന്റെ ആഴങ്ങളിൽ എടുത്താൽ പല വ്യത്യസ്തതകളും ഉണ്ടാകാം.
ഇവിടെ ചില സിനിമകളെക്കുറിച്ചു മാത്രമാണ് പറയുന്നത്.) ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ എന്ന സിനിമയിൽ ശ്രീനിവാസന്റെ കുക്ക് പലപ്പോഴും അടുത്ത് ഇടപഴകുന്നത് ആ സിനിമയിലെ നായികയായ പെൺകുട്ടിയോടാണ്. അവസാനം മമ്മൂട്ടിയുടെ തല്ല് വാങ്ങിച്ചാണ് അയാൾ പോകുന്നത്. ‘ഗോളാന്തര വാർത്തകളി’ലെ കാരക്കൂട്ടിൽ ദാസൻ മമ്മൂട്ടിയുടെ കഥാപാത്രത്തോട് പോയി പണിനോക്കാൻ പറഞ്ഞിട്ടാണ് പോകുന്നത്. ‘കളിക്കളം’ എന്ന സിനിമയിൽ ശ്രീനിവാസൻ മമ്മൂട്ടിയോട് “നിങ്ങൾ ആരാണ്?” എന്നാണ് ചോദിക്കുന്നത്. ‘മറവത്തൂർ കനവി’ലും മമ്മൂട്ടിയുടെ അപരപക്ഷത്ത് നിൽക്കുന്ന ഒരു കഥാപാത്രമായി ശ്രീനിവാസൻ വരുന്നു.
നഗരജീവിതങ്ങളെ ശ്രീനിവാസന്റെ സിനിമകൾ കാണുന്നതും പരിശോധിക്കപ്പെടേണ്ടതായാണ്. ‘തലയണമന്ത്രം’ എന്ന സിനിമയിൽ എൺപതുകളിൽ നഗരങ്ങളിലേക്ക് ചേക്കേറിയ ന്യൂക്ലിയർ കുടുംബങ്ങളുടെ ജീവിതത്തിന്റെ ഒരു രേഖ കൂടെയാണ്. നഗരജീവിതങ്ങളിലെ ‘പൊങ്ങച്ച’ങ്ങളെയാണ് ശ്രീനിവാസൻ ആ സിനിമയിൽ എടുത്തുകാണിക്കുന്നത്. ശരിക്കും പറഞ്ഞാൽ കേരളത്തിലെ ദലിത് സമൂഹങ്ങളിലെ മനുഷ്യരൊക്കെ ഒരുതരത്തിൽ ഗ്രാമീണതയിലെ വംശീയത മുറ്റുന്ന ജാതിവിവേചനങ്ങളിൽനിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് അവർ നഗരങ്ങളിലേക്ക് ഉദ്യോഗങ്ങളിലൂടെ ചേക്കേറിയത്. അവരുടെ ഔദ്യോഗികമായ പൊസിഷനുകൾ, അവരുടെ സാമ്പത്തിക സ്ഥിതി, മറ്റു സമൂഹങ്ങളുമായി ഇടപഴകിയുള്ള ജീവിതങ്ങൾ ഒരു പരിധിവരെ അവരുടെ ജീവിതത്തിന്റെ നിലവാരം മാറ്റിയിട്ടുണ്ട്.
അവരുടെ വീട്ടിലെ ടെലിവിഷൻ, ഫ്രിഡ്ജ് പോലുള്ള ഉപകരണങ്ങളും അവരുടെ ജീവിതത്തിന്റെ സാമൂഹിക നിലവാരത്തിൽ മാറ്റംവരുത്തിയിട്ടുണ്ട്. ഇത്തരം നഗരജീവിതങ്ങളെ ശ്രീനിവാസൻ തന്റെ പല സിനിമകളിലൂടെയും കളിയാക്കുകയോ വിമർശനവിധേയമാക്കുകയോ ചെയ്തിട്ടുണ്ട്. ‘തലയണമന്ത്രം’ സിനിമയിലെ ഒരു മോഡേൺ കുക്ക്, ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റി’ലെ കൊച്ചമ്മമാർ, ‘തലയണമന്ത്ര’ത്തിലെ തന്നെ കൊച്ചമ്മാർ –ഇത്തരം നഗരജീവിതങ്ങളിലേക്കുള്ള ശ്രീനിവാസന്റെ കളിയാക്കലുകളുടെ നോട്ടങ്ങളാണ്. പക്ഷേ, ഇവരൊക്കെ കേരളം കെട്ടിപ്പിടിച്ചുകൊണ്ടിരുന്ന ‘മലയാളിത്തം’ എന്ന ഒരു സംഗതിയെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുടഞ്ഞെറിഞ്ഞവരുമാണ്.
ഒരുപക്ഷേ, മലയാളി അടക്കിപ്പിടിച്ച ചിരിയായിരിക്കാം -ശ്രീനിവാസൻ അതിവിദഗ്ധമായി ‘സന്ദേശം’ എന്ന സിനിമയിലേക്ക് പറിച്ചു നട്ടത്. ഈ സിനിമ അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന പലവിധത്തിലുള്ള ഇടതുപക്ഷ പ്രൊഫൈലുകളും എഴുതി. പക്ഷേ, കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിൽ ഇടതുപക്ഷം എന്നത് ‘സന്ദേശം’ എന്ന സിനിമക്ക് മുമ്പും ശേഷവും എന്ന തലത്തിൽ ഒരു പ്രത്യേകതരം ഓറ തന്നെ രൂപപ്പെട്ടു. കോൺഗ്രസ് രാഷ്ട്രീയത്തിനും അതിന് മുമ്പും പിന്നീടും ഏകദേശം അങ്ങനെ തന്നെയായിരുന്നു. ‘സന്ദേശ’ത്തിലെ ശ്രീനിവാസന്റെ കോട്ടപ്പള്ളി സഖാവും ശങ്കരാടിയുടെ സഖാവ് കുമാരപിള്ളയും കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഇമേജറിക്ക് ചില്ലറ ഡാമേജ് ഒന്നുമല്ല വരുത്തിവെച്ചത്.
ഒരുപക്ഷേ, ഈ സിനിമകൂടി നൽകിയ ഊർജത്തിന്റെ പുറത്തായിരിക്കാം ഞങ്ങളെ പോലുള്ള ദലിത് സമൂഹങ്ങൾ ഇടതുപക്ഷത്തെ പതുക്കെ കുടഞ്ഞെറിഞ്ഞ് പുതിയ രാഷ്ട്രീയ അന്വേഷണങ്ങളിലേക്ക് പോയത്. തൊണ്ണൂറ്റിയൊന്നിൽ ഈ സിനിമക്കുശേഷം ഞങ്ങളുടെ കോളജ് കാലത്ത് എസ്.എഫ്.ഐയിൽ പ്രവർത്തിക്കുമ്പോൾപോലും കമ്യൂണിസത്തെയും ഇടതുപക്ഷത്തെയും വിമർശനാത്മകമായി നോക്കിക്കണ്ടാണ് പിന്നീട് ഞങ്ങളെ പോലുള്ളവർ അംബേദ്കറിസത്തിലേക്കും, പിന്നീട് അവിടെനിന്നു മറ്റു ധാരകളിലേക്കും മാറിത്തുടങ്ങിയത്. അതുകൊണ്ട് തന്നെ ‘സന്ദേശം’ എന്ന സിനിമ കേരളത്തിലെ ഇടതുപക്ഷത്തിനപ്പുറമുള്ള മറ്റു പല രാഷ്ട്രീയ ധാരകളിലേക്കും വളരാൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
‘സന്ദേശം’ എന്ന സിനിമയും പ്ലേസ് ചെയ്തിരിക്കുന്നത് ഒരു നായർ കുടുംബത്തിലാണ്. ഈ സിനിമയുടെ ടെക്സ്റ്റ് എന്ന് പറയുന്നത് ആദ്യം കുടുംബത്തിനുവേണ്ടി ജീവിക്കുക എന്ന സാമ്പ്രദായിക രാഷ്ട്രീയംതന്നെയാണ്. രാഷ്ട്രീയം ഒക്കെ വിട്ട് തൊഴിലിനു പോവുക എന്ന മധ്യവർഗ ഫിലോസഫി തന്നെയാണ് ഈ സിനിമയുടെ സന്ദേശവും. അത് പലതരത്തിൽ മലയാളി പാടി നടന്നിട്ടുമുണ്ട്. കേരളത്തിലെ ദലിത് സമൂഹങ്ങൾ ഉദ്യോഗങ്ങളിലൂടെ ഒക്കെ രക്ഷപ്പെട്ടിട്ടുമുണ്ട്. ‘സന്ദേശം’ എന്നത് വലിയ രാഷ്ട്രീയ അട്ടിമറി നടത്തുന്ന സന്ദേശം ഒന്നും നൽകുന്നില്ലെങ്കിലും, ഓരോ കാലഘട്ടം മാറുമ്പോഴും ‘സന്ദേശം’ എന്ന സിനിമയിലെ പല കഥാപാത്രങ്ങളും സീനുകളും കേരളസമൂഹത്തിൽ വിട്ടുപോകാത്ത വിധം ഇഴചേർന്നിട്ടുണ്ട്. കേരളത്തട്ടിലെ എഴുത്തുകളിൽ, ചർച്ചകളിൽ, തമാശ പറച്ചിലുകളിൽ, ട്രോളുകളിൽ, മീമുകളിൽ, പുതിയ ഡിജിറ്റൽ കാലത്തെ ദൃശ്യതകളിൽ, നിത്യജീവിതങ്ങളിൽ പല ഇടങ്ങളിലും ‘സന്ദേശ’ത്തിലെ സീനുകളും കഥാപാത്രങ്ങളും ആവർത്തിക്കപ്പെട്ടു.
‘സന്ദേശം’ എന്ന സിനിമക്കു മുമ്പ് തന്നെ ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ എന്ന സിനിമയിൽ “ഞങ്ങൾ യുവതലമുറകൾ അസ്വസ്ഥരാണ്” എന്ന രീതിയിലുള്ള ഡയലോഗുകളിലൂടെ എസ്.എഫ്.ഐ പോലുള്ള സംഘടനകളെയും ശ്രീനിവാസൻ ട്രോളുന്നുണ്ട്. ഒരുപക്ഷേ കേരളീയ സമൂഹത്തിൽ ഇത്രയധികം ഇഴുകിച്ചേർന്ന് കൾട്ടായ മറ്റൊരു തിരക്കഥാകൃത്ത് ഉണ്ടായിട്ടുണ്ടാകില്ല. ‘സന്ദേശം’ എന്ന സിനിമയിലെ “ഞാൻ ഈ വീട്ടിൽ ആരാണ്?”, “അച്ഛനായിരുന്നു?
ഞാൻ കരുതി ഏതോ കുത്തക മുതലാളി ആയിരുന്നു...” എന്നത് രാഷ്ട്രീയത്തെ ട്രോളുക മാത്രമല്ല. അന്ന് വളരെ നാടകീയമായി ഡയലോഗ് പറഞ്ഞു അവതരിപ്പിക്കപ്പെട്ട നാടക-സിനിമകളിലെ മാധ്യമങ്ങളിലെ സീൻ ഡെലിവറികളെയടക്കം ശ്രീനിവാസൻ ട്രോളിവിട്ടിരുന്നു. ശ്രീനിവാസന്റെ സിനിമകളിലെ രാഷ്ട്രീയം കാലാനുഗതമായി എത്രത്തോളം വിമർശിക്കപ്പെട്ടാലും, അയാളിലെ ഹാസ്യംപോലും വിമർശിക്കപ്പെട്ടാലും, എല്ലാ മനുഷ്യരും ഒരിടത്ത് അല്ലെങ്കിൽ മറ്റൊരിടത്ത് ശ്രീനിവാസനെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നതിലൂടെ അയാൾ വീണ്ടും വീണ്ടും ജീവിച്ചിരിക്കും. അത് മലയാളത്തിൽ വേറൊരു കലാകാരനും അത്തരത്തിൽ ഒരു നിത്യത ഉണ്ടായിട്ടുണ്ടാവില്ല.
ശ്രീനിവാസന്റെ ‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമയിലെ ഒരു ‘ഇൻഫീരിയോറിറ്റി കോംപ്ലക്സ്’/ പ്രതിസന്ധി എന്നത് ഒരു നായർ പ്രതിസന്ധി കൂടെയാണെന്ന് വായിച്ചെടുക്കാൻ പറ്റും. കേരളത്തിലെ ദലിതർ, ആദിവാസികൾ തുടങ്ങിയവരിൽ നിറം, ജാതി എന്നിവയൊക്കെ വെച്ചുകൊണ്ട് അവർക്ക് കോംപ്ലക്സ് ഉണ്ടായിരുന്നു എന്ന ഒരു റീഡിങ് പലപ്പോഴും രൂപപ്പെട്ടിരുന്നു. പക്ഷേ, ദലിത് ജീവിതം ജീവിച്ചിരുന്നവർ അങ്ങനെ ഒന്നുമല്ലെന്നും, അവർ അവരുടെ ജീവിതം ആ കറുപ്പിലൂടെ ആഹ്ലാദിച്ചിരുന്നു എന്ന രീതിയിൽ കേരളം വായിച്ചിട്ടില്ല. ‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമയിലെ ഒരു പുരുഷന്റെ കോംപ്ലക്സിനെ കുറിച്ച് മലയാളി വാതോരാതെ സംസാരിച്ചപ്പോഴും, അദ്ദേഹത്തിന്റെ ജാതി ഐഡന്റിറ്റിയെ മറച്ചുവെച്ചുകൊണ്ടാണ് അത് നടന്നത്. ശ്രീനിവാസന്റെ കറുത്ത ശരീരം, ഉയരമില്ലായ്മ തുടങ്ങിയവ ഒരു നായർ സൗന്ദര്യശാസ്ത്രത്തിലേക്ക് കേരളം ചേർത്തുവെക്കാൻ തയാറായില്ല.
അതിലെ നായരിസം നിരൂപകർ പതുക്കെ ഒഴിവാക്കി, പുരുഷന്റെ ഇൻഫീരിയോറിറ്റി കോംപ്ലക്സ് ആയി മാറ്റുന്ന ഒരു ഗെയിം നൈസായി കളിച്ചു. അതിനെ ‘പൊതു’ ആക്കി മാറ്റി. ശരിക്കും ഈ സിനിമ നായരുടെ അൽപത്തരത്തിന്റെയും ഇൻഫീരിയോറിറ്റി കോംപ്ലക്സിന്റെയും പ്ലോട്ടാണ്. പക്ഷേ, മലയാളി ഇതിലെ ‘നായർ’ എന്ന ഘടകം നൈസായി ഒഴിവാക്കി. ശ്രീനിവാസൻ എന്ന പിന്നാക്കക്കാരൻ കേരളത്തിലെ പ്രബല സമുദായമായ നായന്മാരെ വളരെ നൈസായി ട്രോളി അലക്കിയ സിനിമ അഥവാ, ചില നായർ പുരുഷത്വങ്ങളെ നൈസായി ട്രോളി ഇളക്കിയ സിനിമയാണ് ‘വടക്കുനോക്കി യന്ത്രം’. തളത്തിൽ ദിനേശൻ എന്ന കഥാപാത്രം ശരിക്കും തളത്തിൽ ദിനേശൻ നായർതന്നെയാണ്.
പക്ഷേ ആ സിനിമയും കേരളവും ‘തളത്തിൽ ദിനേശൻ’ എന്ന പേരിൽ അത് ഉറപ്പിച്ചു. അത് നായർ സമൂഹത്തിന് പുറത്തുള്ള ഏത് ഐഡന്റിറ്റിയിലേക്കും ചാർത്തിവെക്കാവുന്ന തരത്തിലേക്ക് എത്തിച്ചു. അതേസമയം സിനിമയുടെ ദൃശ്യതയിൽ നായർ പരിസരങ്ങൾ, വീട്, പ്രസ്, ആചാരങ്ങൾ, കുടുംബബന്ധങ്ങൾ എന്നിവയിലൂടെ വെളിവാക്കപ്പെടുകയുംചെയ്തു. ശ്രീനിവാസൻ മലയാളിയെ പറ്റിച്ച ഒരു കാഞ്ഞബുദ്ധി കൂടെയാണ്. നായർ സമൂഹത്തിന്റെ പുരുഷത്വത്തിന്റെ കോംപ്ലക്സുകളെ ചേർത്തുവെച്ച് പഠിക്കേണ്ട ഒരു സിനിമ കൂടിയാണ് ‘വടക്കുനോക്കിയന്ത്രം’. പക്ഷേ, കറുപ്പ് സമയം ഇൻഫീരിയോറിറ്റി കോംപ്ലക്സ് എന്ന ഒരു തലത്തിൽ മാത്രമാണ് ആ സിനിമ വായിക്കപ്പെട്ടത്.
ശ്രീനിവാസന്റെ രണ്ടാമത്തെ സംവിധാനസംരംഭമായ ‘ചിന്താവിഷ്ടയായ ശ്യാമള’യിൽ ഭക്തിയെ ഡീൽ ചെയ്യുന്നത് രസകരമായി, ഒരു കാരിക്കേച്ചർ മോഡിലാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ സാമ്പത്തിക സുരക്ഷിതത്വം നേടിയ പല തലമുറകളും പലതരത്തിൽ അവരുടെ ജീവിതം ആഘോഷിക്കുന്നുണ്ട്. അതിൽ യാത്രകൾ, ഡിജിറ്റൽ ഉപയോഗങ്ങൾ, പാർട്ടിയിങ്, സിറ്റുവേഷൻഷിപ് എന്നിങ്ങനെ പലതരത്തിലുള്ള ഹൈഡൗട്ടുകളും ഇന്നത്തെ തലമുറകൾക്കുണ്ട്. 1998ൽ ‘ചിന്താവിഷ്ടയായ ശ്യാമള’ പുറത്തിറങ്ങുന്ന കാലത്തെ ഇന്ത്യയിൽ ഇത്രയധികം സാധ്യതകൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. സാമ്പത്തിക സുരക്ഷിതത്വം ഉണ്ടായിരുന്നവരുടെ പ്രധാനമായ ഒരു ആകർഷണം മദ്യപാനമായിരുന്നു.
അത്തരം ഒരു തലമുറയുടെ റിയാലിറ്റിയെ ഈ സിനിമയിലൂടെ ദൃശ്യതയിലേക്ക് കൊണ്ടുവരാൻ ശ്രീനിവാസൻ ശ്രമിച്ചു. അതുപോലെ പോസ്റ്റ് ബാബരി മസ്ജിദ് കാലത്തെ ഹിന്ദുത്വ രാഷ്ട്രീയം രൂപപ്പെടുന്നത് അതിലെ ഭക്തിയുടെ രാഷ്ട്രീയത്തിലൂടെയായിരുന്നു. ഹിന്ദുത്വത്തിലെ ആൾദൈവങ്ങളടക്കം വളർന്നുവരുന്ന ഒരു കാലഘട്ടംകൂടിയായിരുന്നു അത്. അത്തരത്തിലുള്ള ഒരു കാലത്തെ, ഒരു എക്സ്ട്രീം സ്വഭാവത്തിൽ ഭക്തിയെ ട്രോളിക്കൊണ്ടുകൂടിയാണ് ഈ സിനിമയിലെ ഹാസ്യം ശ്രീനിവാസൻ രൂപപ്പെടുത്തിയത്. ഒരുവശത്ത് രാഷ്ട്രീയവും മറ്റൊരു വശത്ത് ഭക്തിയും കടന്നുപോകുന്ന ഒരു കേരളത്തെ കാണിച്ചുകൊണ്ടാണ് ശ്രീനിവാസൻ ഈ സിനിമ രൂപപ്പെടുത്തുന്നത്.
ഇന്നത്തെ ആൽഫ ജനറേഷൻ സർക്കാർ ഉദ്യോഗങ്ങളും മിഡിൽക്ലാസ് ജീവിതങ്ങളും ഒഴിവാക്കാൻ ശ്രമിച്ച് വിവിധതരത്തിലുള്ള സ്റ്റാർട്ടപ്പുകളും ബിസിനസ് മോഡലുകളും പരീക്ഷിക്കുന്ന ഒരു തലമുറയായി രൂപപ്പെട്ടിട്ടുണ്ട്. പല സംരംഭങ്ങളും തകർന്നുവീണിട്ടുണ്ടെങ്കിലും, പലർക്കും മികച്ച സാമ്പത്തിക വിജയം കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. സർക്കാർ ജോലി, പ്രവാസം എന്നിവക്കു പുറമെ ബിസിനസ് എന്ന ആശയത്തിലേക്ക് മലയാളിസമൂഹം കുതിച്ചുചാടുന്ന ഒരു പുതിയ ഡിജിറ്റൽ കാലത്തിലേക്ക് വിപ്ലവാത്മകമായി കാലുവെച്ച ഘട്ടംകൂടിയാണ് ഇത്. ‘ചിന്താവിഷ്ടയായ ശ്യാമള’യിൽ ഇത്തരം ഒരു യുവത്വത്തിന്റെ പ്രാഥമിക രൂപമായി വിജയൻ വർത്തിക്കുന്നു. വിജയന്റെ ഏറ്റവും വലിയ പ്രശ്നം, വളരെയധികം പഠനവും തയാറെടുപ്പും ആവശ്യമായ മേഖലകളിലേക്ക് കൃത്യമായ അറിവില്ലാതെ എടുത്തുചാടുന്നതാണ് –അത് സിനിമയായാലും മറ്റേതെങ്കിലും ബിസിനസായാലും.
എന്നാൽ, ഇന്നത്തെ തലമുറകളിൽ ഭൂരിഭാഗം പേരും കൃത്യമായ മാർക്കറ്റ് സ്റ്റഡി നടത്തിയ ശേഷമാണ് മുന്നോട്ടുപോകുന്നത്. ഒരുപക്ഷേ, ‘ചിന്താവിഷ്ടയായ ശ്യാമള’യിലെ വിജയൻ സമഗ്രമായ പഠനം നടത്തി തന്റെ ബിസിനസ് വിജയിപ്പിച്ചിരുന്നെങ്കിൽ, ആ കഥാപാത്രം മറ്റൊരു തരത്തിലുള്ള രൂപകമായി മാറിയേനെ. ഇന്ന് ഉദിച്ചുയരുന്ന ബിസിനസ് യുവത്വങ്ങളുടെ അന്വേഷണങ്ങൾ അന്നും ഒരു പരിധിവരെ ഉണ്ടായിരുന്നുവെങ്കിലും, മാർക്കറ്റിനെയും ബിസിനസിനെയും കുറിച്ച് കേരളസമൂഹം ദീർഘകാലം തെറ്റായ ധാരണകളാണ് പുലർത്തിയിരുന്നതെന്ന് തോന്നുന്നു. അതുകൊണ്ടുതന്നെ ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന സിനിമയും ഒടുവിൽ ഒരു മധ്യവർഗ നായർ കുടുംബജീവിതത്തിന്റെ സുരക്ഷിതത്വത്തിലേക്ക് മലയാളിയെ നയിക്കുന്ന സിനിമയായി അവസാനിക്കുന്നു. എന്നാൽ, അതേസമയം, പ്രതിസന്ധികളിൽനിന്ന് ഊർജം സമ്പാദിച്ച് ഉയർന്നുപൊങ്ങുന്ന ശ്യാമള എന്ന അതിശക്തയായ സ്ത്രീ കഥാപാത്രത്തെയും മലയാളിക്ക് ഈ സിനിമ സമ്മാനിക്കുന്നു.
ശ്രീനിവാസന്റെ അഭിനയചരിത്രം ‘മണിമുഴക്കം’ എന്ന പി.എ. ബക്കറിന്റെ സിനിമയിലൂടെ തുടങ്ങുകയും പിന്നീട് ‘മേള’ എന്ന കെ.ജി. ജോർജ് സിനിമയിലൂടെ വളരുകയുംചെയ്തു. ‘മേള’യിലെ ഒരു തൊഴിലിനും കൃത്യമായി പോകാത്ത ഗ്രാമീണനായി ശ്രീനിവാസൻ ജീവിക്കുമ്പോഴും, ഒരു ധാർഷ്ട്യവും പുച്ഛവും അദ്ദേഹം സമൂഹത്തിനോടുള്ള പ്രതികരണങ്ങളിൽ പലപ്പോഴും കാണിക്കുന്നു. അത്തരത്തിലുള്ള മാനസികമായ കളിയാക്കലുകളും ട്രോളുകളും ശ്രീനിവാസൻ പിന്നീട് പലപ്പോഴും അവതരിപ്പിച്ചു.
‘ഉദയനാണ് താരം’ എന്ന സിനിമയിൽ മലയാളത്തിലെ സൂപ്പർസ്റ്റാർഡം എന്ന സങ്കൽപത്തെ കളിയാക്കുമ്പോഴും, രാജപ്പൻ എന്ന കീഴാള സമൂഹത്തിലെ ഒരു മനുഷ്യന്റെ കോമാളിത്തവും കീഴാളത്തത്തെ അപഹസിക്കുന്നതുമായ ടെക്സ്റ്റ് കൃത്യമായി വിമർശിക്കപ്പെടേണ്ടത് പ്രധാനമാണ്. രസം ഉണ്ടാകുന്നത് എങ്ങനെ എന്ന് അറിയാത്ത രാജപ്പനെ കാണിച്ചുകൊണ്ടുള്ള ശ്രമം ഭരതന്റെ നാട്യശാസ്ത്രത്തെ പൊലിപ്പിക്കുന്ന അഭിനയ രസതന്ത്രങ്ങളുടെ വികൃത്യങ്ങളായ ആഘോഷങ്ങളാണ്. പക്ഷേ അതിനപ്പുറം, ശ്രീനിവാസൻ സ്ക്രീനിന്റെ മുന്നിൽ തന്റെ ശരീരം ഉപയോഗിച്ച് സൂപ്പർതാരങ്ങളെ വിമർശിക്കുന്നതിന് സ്വന്തം ശരീരം ഉപയോഗിച്ച് എക്സ്പോസ് ചെയ്യുന്നതോടെ പ്രേക്ഷകർ അത് മലയാളി രൂപവത്കരിച്ച സൂപ്പർസ്റ്റാർഡം തന്നെയാണെന്ന ഒരു വായന സാധാരണക്കാരിൽ ഉണ്ടാകുന്നു. അത്തരം ഒരു വായന തന്റെ ശരീരം ഉപയോഗിച്ച് ശ്രീനിവാസൻ സൃഷ്ടിച്ചു എന്നത് വേറെ ഒരു രാഷ്ട്രീയംകൂടിയാണ്.
ശ്രീനിവാസന്റെ സിനിമകൾ അതുകൊണ്ടുതന്നെ ഏകതാനമായി വായിക്കേണ്ട ടെക്സ്റ്റുകൾ അല്ല എന്നാണ് തോന്നുന്നത്; പകരം, സിനിമ, കാലഘട്ടം, സാമൂഹികമാറ്റം, നാഗരികത, കറുപ്പ്, ശരീരം, അഭിനയം, മറ്റു താരങ്ങളോടുള്ള ഇടപെടൽ, സിനിമക്ക് പുറത്തുള്ള അഭിമുഖങ്ങൾ, എഴുത്തുകൾ, ശ്രീനിവാസന്റെ പഴയ രാഷ്ട്രീയജീവിതം എന്നിവയിലൂടെയുള്ള വിവിധ രാഷ്ട്രീയ വിചിന്തനങ്ങളും ഉൾപ്പിരിവുകളുംകൂടി പഠിച്ചാൽ അദ്ദേഹത്തെ വായിക്കാൻ കഴിയുന്ന സാധ്യതകൾ തുറന്നുകിടക്കും. ശ്രീനിവാസൻ ഒറ്റ രീതിയിൽ വായിക്കേണ്ട ഒരു സിനിമ ഐഡന്റിറ്റിയായല്ല, വളരെ സങ്കീർണമായ, നിരവധി തലങ്ങളിലുള്ള ടെക്സ്റ്റുകളാണ്. ഈ എഴുത്ത് രചിക്കുന്ന ലേഖകന്റെ യൗവനകാലത്ത്, ശ്രീനിവാസൻ ഇല്ലെങ്കിൽ ജീവിതത്തിൽ അത്രയധികം ചിരികൾ ഉണ്ടായിരിക്കുമായിരുന്നില്ല. കഴിഞ്ഞ അമ്പതു വർഷത്തിനിടയിൽ ശ്രീനിവാസൻ ആദ്യമായി കരയിപ്പിച്ചത് അദ്ദേഹത്തിന്റെ മരണത്തിലൂടെയായിരുന്നു.
