തമിഴ്‌വംശീയതയുടെ കനൽപ്പൊരി

തമിഴ് ഭാഷയോടും ജനതയോടും തീവ്രസ്നേഹവും ‘തമിഴ്നാട് തമിഴർ ഭരിക്കണം’ എന്ന നിലപാടും സ്വീകരിച്ച് പ്രവർത്തിച്ച രാഷ്ട്രീയ-സിനിമ പ്രവർത്തകനാണ് സെബാസ്റ്റ്യൻ സീമാൻ അഥവാ സെന്തമിഴൻ സീമാൻ. 1990കളുടെ മധ്യത്തിൽ സിനിമ നിർമാതാവായാണ് സീമാൻ തന്റെ കരിയർ ആരംഭിച്ചത്. നിരവധി സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. പിന്നീടൊടുവിൽ ‘നാം തമിഴർ കച്ചി’ രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ച് സജീവ രാഷ്ട്രീയ പ്രവർത്തകനുമായി. വിവാദങ്ങൾ വിട്ടൊഴിയാതെ പിന്തുടർന്ന സീമാന്റെ സിനിമ-രാഷ്ട്രീയ ജീവിതം സസ്പെൻസും ത്രില്ലറുകളുമുള്ള ഒരു സിനിമാകഥക്ക് തുല്യമാണ്. തമിഴ് സിനിമയിൽ സംവിധായകനായും സ്വഭാവ നടനായും വളരുംമുമ്പേ തന്നെ...
Your Subscription Supports Independent Journalism
View Plansതമിഴ് ഭാഷയോടും ജനതയോടും തീവ്രസ്നേഹവും ‘തമിഴ്നാട് തമിഴർ ഭരിക്കണം’ എന്ന നിലപാടും സ്വീകരിച്ച് പ്രവർത്തിച്ച രാഷ്ട്രീയ-സിനിമ പ്രവർത്തകനാണ് സെബാസ്റ്റ്യൻ സീമാൻ അഥവാ സെന്തമിഴൻ സീമാൻ. 1990കളുടെ മധ്യത്തിൽ സിനിമ നിർമാതാവായാണ് സീമാൻ തന്റെ കരിയർ ആരംഭിച്ചത്.
നിരവധി സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. പിന്നീടൊടുവിൽ ‘നാം തമിഴർ കച്ചി’ രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ച് സജീവ രാഷ്ട്രീയ പ്രവർത്തകനുമായി. വിവാദങ്ങൾ വിട്ടൊഴിയാതെ പിന്തുടർന്ന സീമാന്റെ സിനിമ-രാഷ്ട്രീയ ജീവിതം സസ്പെൻസും ത്രില്ലറുകളുമുള്ള ഒരു സിനിമാകഥക്ക് തുല്യമാണ്.
തമിഴ് സിനിമയിൽ സംവിധായകനായും സ്വഭാവ നടനായും വളരുംമുമ്പേ തന്നെ തമിഴ് ദേശീയതയിലൂന്നിയ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അതീവ താൽപര്യം കാണിച്ചിരുന്ന ചലച്ചിത്രകാരനാണ് സെബാസ്റ്റ്യൻ സീമാൻ അഥവാ സെന്തമിഴൻ സീമാൻ. ‘തമിഴ്നാട് തമിഴർ ഭരിക്കണം’ പോലുള്ള തീവ്ര പ്രാദേശിക വാദം ഉയർത്തുന്ന സീമാന്റെ സിനിമ-രാഷ്ട്രീയ ജീവിതം പലതുകൊണ്ടും വ്യത്യസ്‍തത നിറഞ്ഞതാണ്. ശ്രീലങ്കയിലെ തമിഴ് വംശീയ പ്രശ്നത്തിൽ തമിഴ് പുലികൾക്കു പിന്തുണ നൽകിയതിന്റെയും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന്റെയും പേരിൽ സീമാൻ നിരവധി തവണ അറസ്റ്റ് ചെയ്യപ്പെടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തീവ്ര വംശീയ പ്രചാരകൻ എന്ന പേരിൽ നിരവധി വിമർശനങ്ങൾ ഉയർന്നാലും, അതിനൊക്കെ അപ്പുറം, തീപ്പൊരി പ്രസംഗങ്ങൾകൊണ്ട് തനിക്കുചുറ്റും വലിയൊരു അനുയായി വൃന്ദത്തെ രൂപപ്പെടുത്താൻ സീമാന് സാധിച്ചു.
തെക്കൻ തമിഴ്‌നാട്ടിലെ ശിവഗംഗൈ ജില്ലയിലെ അരണൈയൂർ ഗ്രാമത്തിലെ ക്രിസ്ത്യൻ നാടാർ സമുദായത്തിൽ ജനിച്ച സീമാൻ സ്കൂൾ-കോളജ് കാലഘട്ടത്തിൽ ദ്രാവിഡ സംഘടനകളുടെ സിദ്ധാന്തങ്ങളിൽ ആകൃഷ്ടനാകുകയും അവയിൽ അവഗാഹം നേടാൻ ശ്രമിക്കുകയും ചെയ്തു. ദ്രാവിഡ മുന്നേറ്റ കഴകത്തോട് സവിശേഷമായ പ്രതിബദ്ധത കാട്ടിയ അദ്ദേഹം കോളജ് വിദ്യാഭ്യാസത്തിനുശേഷം സിനിമാമോഹവുമായി ചെന്നൈയിലെത്തി. സമകാലികരായ മറ്റു അവസരാന്വേഷികളെ പോലെ സംവിധാന സഹായിയായി കയറിപ്പറ്റി, സ്വതന്ത്രമായി സിനിമയെടുക്കുക എന്നതായിരുന്നു സീമാന്റെയും ഉദ്ദേശ്യം. ഇതിനായി പ്രൊഡക്ഷൻ ഹൗസുകൾ കയറിയിറങ്ങി. ഒടുവിൽ ഭാരതി രാജ, മണിവണ്ണൻ തുടങ്ങിയ സംവിധായകരുടെ കൂടെ സഹായിയായി പ്രവർത്തിക്കാനും സ്വതന്ത്ര സംവിധായകനാകാനും അവസരം ലഭിച്ചു. അപ്പോഴും തന്റെ രാഷ്ട്രീയ നിലപാടുകൾ സീമാൻ മുറുകെ പിടിച്ചു.

കാമറക്ക് പിന്നിലും മുന്നിലും
1996ൽ പ്രഭുവിനെ നായകനാക്കി, സീമാൻ സംവിധാനം ചെയ്ത ആദ്യചിത്രം ‘പാഞ്ചാലകുറിച്ചി’ സാമ്പ്രദായിക ഗ്രാമീണ പ്രമേയത്തെ ആധാരമാക്കിയുള്ളതാണ്. ആക്ഷൻ ഴോണറിലുള്ള ഈ സിനിമയുടെ വിജയത്തെ തുടർന്ന് ‘ഇനിയവനേ’, ‘വീരനടൈ’ തുടങ്ങിയ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്‌തെങ്കിലും അവ സാമ്പത്തികമായി പരാജയപ്പെട്ടു. 2006ൽ മാധവനെ കേന്ദ്രകഥാപാത്രമാക്കി മുഖ്യധാര ആക്ഷൻ സിനിമാ ചേരുവകൾക്കൊപ്പം സമരോത്സുക സാമൂഹിക വിമർശനങ്ങൾ വിളക്കിച്ചേർത്ത് ചിത്രീകരിച്ച ‘തമ്പി’ വിജയം നേടി.
2008ൽ ഇംഗ്ലീഷ് പദങ്ങൾ പൂർണമായും ഒഴിവാക്കി സംഭാഷണം ഒരുക്കിയ ‘വാഴ്ത്തുക്കളി’ലെ പരീക്ഷണം സാമ്പത്തിക പരാജയത്തിൽ കലാശിച്ചു. സംവിധായകനായി ശ്രദ്ധിക്കപ്പെട്ടശേഷം അടുത്ത സുഹൃത്തുക്കളുടെ, പ്രത്യേകിച്ച് സുബ്രഹ്മണ്യം ശിവയെയും, തങ്കർ ബച്ചനെയും പോലുള്ളവരുടെ ചിത്രങ്ങളിൽ വേഷമിട്ടുകൊണ്ടാണ് സീമാൻ അഭിനയരംഗത്തെത്തുന്നത്. ‘പള്ളിക്കൂടം’, ‘മഗിഴ്ചി’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ‘മായാണ്ടി കുടുംബത്തിനർ’, ‘എവനോ ഒരുവൻ’, ‘സട്ടപ്പടികുട്രം’, ‘ഉച്ചിതനൈ മുകർന്താൽ’, ‘മുന്തിരിക്കാട്’, ഏറ്റവും ഒടുവിൽ ‘ലവ് ഇൻഷുറൻസ് കമ്പനി’ തുടങ്ങിയ ചിത്രങ്ങളിലെ നിർണായക വേഷങ്ങളും സീമാനെ തേടിയെത്തി.
മുഖ്യധാരാ വാണിജ്യ സിനിമകളിലെ ഹീറോ വേഷങ്ങളേക്കാൾ യഥാർഥ സ്വഭാവമുള്ള കാരക്ടർ റോളുകളിലായിരുന്നു സീമാന് താൽപര്യം. അഭിനയ സാധ്യതയുള്ള, തമിഴ് ദേശീയതയെയോ സംസ്കാരത്തെയോ പ്രകാശിപ്പിക്കുന്ന, സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളിൽ സ്വഭാവനടനായോ കഥാഗതിയെ നയിക്കുന്ന ഹ്രസ്വ/അതിഥി വേഷങ്ങളിലോ ആണ് സീമാൻ പ്രത്യക്ഷപ്പെട്ടത്. സംവിധാനം ചെയ്ത ചിത്രങ്ങൾ മിക്കവാറും ഗ്രാമീണ പശ്ചാത്തലത്തിൽ, സാമൂഹിക നീതി, കുടുംബാഭിമാനം, ഗ്രാമീണ ജനതയുടെ വൈകാരിക ദൃഢതപോലുള്ള പ്രമേയങ്ങളിൽ പടുത്തുയർത്തിയവയാണ്.
പ്രാദേശിക സ്വത്വം, പരുക്കൻ യാഥാർഥ്യം, സാമൂഹിക-രാഷ്ട്രീയ ജാഗ്രത തുടങ്ങിയവ സംയോജിച്ച ജനിതകഗുണമാണ് സീമാൻ ചിത്രങ്ങളുടെ ആകത്തുക. ഗ്രാമീണ കേന്ദ്രീകൃതമായ പ്രമേയങ്ങളാണ് സീമാന് പഥ്യം. മണ്ണിന്റെ മണമുള്ള ചിത്രങ്ങൾ എന്നതാണ് പൊതുവെ ഇവക്ക് കൊടുക്കാവുന്ന ടാഗ്‌ലൈൻ. വ്യവസ്ഥയുടെ പരാജയങ്ങൾക്കെതിരെ ധാർമിക-സദാചാരബോധമുള്ള ഗ്രാമീണ നായകത്വത്തിന്റെ ജാഗ്രതയാണ് സീമാൻ ചിത്രങ്ങളുടെ രീതിശാസ്ത്രം. സംസ്‌കൃത സ്വാധീനമുള്ള തമിഴ്‌പദങ്ങൾ ധാരാളമായി കണ്ടുവരുന്ന മുഖ്യധാരാ സിനിമകളിൽനിന്ന് വ്യത്യസ്തമായി, തിരക്കഥയിലും സംഭാഷണങ്ങളിലും പ്രകടമാകുന്ന തമിഴ്‌ശുദ്ധിവാദത്തിന്റെ ആധികാരികതയിൽ സീമാൻ ശ്രദ്ധ പുലർത്തി.
താരപരിവേഷത്തിൽ കേന്ദ്രീകരിക്കുന്നതിനു പകരം കഥാപാത്രങ്ങളുടെ സ്വാഭാവിക ചിത്രീകരണമാണ് സംവിധാനത്തിലും അഭിനയത്തിലും സീമാൻ പ്രയോജനപ്പെടുത്തിയത്. കഥ പറച്ചിലിന് വിരുദ്ധമായ അഭിനേതാവിന്റെ മേധാവിത്വത്തെ അദ്ദേഹം ഒഴിവാക്കി. യാഥാർഥ ജീവിതത്തിലെ രാഷ്ട്രീയ വ്യക്തിത്വത്തിന് അനുരൂപമായ വാചാലതയും നീണ്ടതും സങ്കീർണവുമായ വാക്യങ്ങളുടെ താളഭംഗിയുള്ള ഡയലോഗ് ഡെലിവറിയും നടനെന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പ്രകടനങ്ങളെ ജ്വലിപ്പിച്ചു നിർത്തി. ഭാവുകത്വസമാനതയുള്ള സംവിധായകരുടെ ചിത്രങ്ങളിൽ മാത്രമേ സീമാൻ അഭിനയിച്ചുള്ളൂ. സിനിമയെ വെറുമൊരു എന്റർടെയിൻമെന്റായല്ല, പ്രത്യയശാസ്ത്രപരമായ ഉപകരണമായി കൂടിയാണ് സീമാൻ കാണുന്നത്.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രചാരകൻ
ചലച്ചിത്ര രംഗത്ത് സ്വന്തം മേൽവിലാസം പതിപ്പിക്കാൻ കഴിഞ്ഞ ആദ്യഘട്ടത്തിൽ തന്നെ, പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെ ദ്രാവിഡ വാദങ്ങളിലും ജാതി നിർമാർജന മുന്നേറ്റങ്ങളിലും ഊന്നിയുള്ള സീമാന്റെ പ്രസംഗങ്ങൾ യുവാക്കളെ വലിയ തോതിൽ ആകർഷിച്ചു. വി.സി.കെയെ പോലുള്ള ദലിത്-തമിഴ് ദേശീയ പ്രസ്ഥാനങ്ങളുടെ വേദികളിൽ വാക്പ്രവാഹങ്ങളിലൂടെ കത്തിക്കയറുന്ന തീപ്പൊരി പ്രസംഗകനെ ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധി ആദ്യം മുതൽക്കേ നോട്ടമിട്ടിരുന്നു. കരുണാനിധിയുടെ ഗോപാലപുരം വീട്ടിൽ എപ്പോൾ വേണമെങ്കിലും കടന്നു ചെല്ലാവുന്ന സ്വാതന്ത്ര്യം ലഭിക്കും അളവിൽ ആ ബന്ധം ഊഷ്മളമായി.
2006 ൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെയെ പിന്തുണച്ചുകൊണ്ട് സീമാൻ പ്രചാരണത്തിനുമിറങ്ങി. 2008ൽ ശ്രീലങ്കയിൽ സിംഹള സേന തമിഴ്പുലികൾക്കെതിരെ വീണ്ടും പോർമുഖം തുറന്നപ്പോൾ, എൽ.ടി.ടി.ഇ നേതാവ് വേലുപിള്ളൈ പ്രഭാകരനെ സന്ദർശിച്ച് സീമാൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച വാർത്ത യുവാക്കളെ ആവേശഭരിതരാക്കി. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ നിരവധി തമിഴർ കൊലചെയ്യപ്പെട്ട കാലത്ത് ഇതിനെതിരെ അതിശക്തമായ പ്രസംഗ പരമ്പരകൾ തന്നെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ സീമാൻ നടത്തി.
സീമാന്റെ അതിതീവ്രനിലപാടുകൾ മുഖ്യമന്ത്രി കരുണാനിധിയുമായുള്ള ബന്ധത്തിൽ പിന്നീട് ഉലച്ചിലുണ്ടാക്കി. ഏതുവിധത്തിലും എൽ.ടി.ടി.ഇക്ക് സഹായം നൽകണമെന്ന് ആവശ്യപ്പെട്ടു കരുണാനിധിയെ കാണാൻ ശ്രമിച്ചെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങൾ നിമിത്തം അദ്ദേഹം വഴങ്ങിയില്ല. എൽ.ടി.ടി.ഇ ആസൂത്രണം ചെയ്തു നടപ്പാക്കിയ 1991ലെ രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ടു നേരത്തേ തന്നെ ഡി.എം.കെക്ക് മേൽ സംശയനിഴൽ വീണിരുന്നു. ഈ സാഹചര്യത്തിൽ നിരോധിത സംഘടനയായ തമിഴ് പുലികൾക്കു സഹായം നൽകാനുള്ള ഏതു നീക്കവും പാർട്ടിക്ക് അക്കാലത്ത് ദേശീയതലത്തിലുണ്ടായിരുന്ന സ്വാധീനത്തിനു ഇടിവ് വരുത്തുമായിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ, പാർട്ടിക്ക് പ്രാതിനിധ്യമുള്ള യൂനിയൻ സർക്കാറിന്റെ നിലനിൽപിനെ തന്നെ ഇത് പ്രതികൂലമായി ബാധിക്കുമെന്നു മനസ്സിലാക്കി, സീമാന്റെ ആവശ്യത്തെ കരുണാനിധി കണ്ടില്ലെന്നു നടിച്ചു. അതൃപ്തനായ സീമാൻ ഡി.എം.കെയിൽനിന്ന് അകലാൻ തുടങ്ങി.
ഡി.എം.കെ പിന്തുടരുന്ന പെരിയാറിന്റെ ദ്രാവിഡ പ്രത്യയശാസ്ത്രത്തിൽനിന്ന് വേറിട്ട ഒരു തമിഴ് ദേശീയത/വംശീയത എന്ന ആശയം സീമാൻ രൂപപ്പെടുത്തുന്നത് ഇതിനു ശേഷമാണ്. 2008ൽ ഈറോഡിൽ നടത്തിയ എൽ.ടി.ടി.ഇ അനുകൂല പ്രസംഗം അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ചു. ദേശീയ സുരക്ഷാനിയമം ചുമത്തി ജയിലിലടക്കുകയും ചെയ്തു.
ഡി.എം.കെയിൽനിന്ന് വേറിട്ട് പുതിയ പാർട്ടി
ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം അവസാനഘട്ടത്തിൽ എത്തുന്നതോടെ, എൽ.ടി.ടി.ഇക്കു സംഭവിച്ച കനത്ത നാശനഷ്ടങ്ങളിൽ ഡി.എം.കെ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ അനങ്ങാപ്പാറ നയം തമിഴ്‍നാട്ടിലെ വലിയൊരു വിഭാഗം യുവാക്കളിൽ അമർഷം വിതച്ചു. ഈ അതൃപ്തിക്ക് മൂർത്തരൂപം നൽകാൻ സീമാൻ തീരുമാനിച്ചതിന്റെ പരിണതഫലമാണ് 2009ൽ മധുരയിൽ നടന്ന സമ്മേളനത്തിൽ രൂപംകൊണ്ട ‘നാം തമിഴർ’ എന്ന സംഘടന. 1958ൽ തമിഴ് ദേശീയതയുടെ പ്രണേതാവും ‘ദിനതന്തി’ പത്രത്തിന്റെ സ്ഥാപകനുമായ അഭിഭാഷകൻ എസ്.പി. ആദിത്തനാർ സ്ഥാപിച്ച നാം തമിഴർ കക്ഷിയുടെ പുനരുദ്ധാരണമായിരുന്നു സീമാന്‍റെ ലക്ഷ്യം.
ഈ സംഘടന (എൻ.ടി.കെ) അടുത്ത വർഷം മേയ് 18നു (2009 മേയ് 18നാണ് എൽ.ടി.ടി.ഇ മേധാവി പ്രഭാകരനെ സിംഹളസേനയാൽ വധിക്കപ്പെട്ടത്) രാഷ്ട്രീയ കക്ഷിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. തമിഴ് ഈഴ പ്രശ്‌നത്തെ മുൻനിർത്തി 2011 നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെക്കെതിരെ പോരാടുന്നതിന്റെ ഭാഗമായി എ.ഐ.എ.ഡി.എം.കെക്കു വേണ്ടി സീമാൻ പ്രചാരണത്തിനിറങ്ങി. ‘ഇല (രണ്ടിലയെന്ന എ.ഐ.എ.ഡി.എം.കെ ചിഹ്നം) വിരിഞ്ഞാൽ ഈഴം വിരിയും’ എന്ന മുദ്രാവാക്യം ഈ തെരഞ്ഞെടുപ്പിൽ സീമാൻ പ്രസംഗങ്ങളിൽ ഉടനീളം ഉപയോഗിച്ചു. കോൺഗ്രസ്-ഡി.എം.കെ മുന്നണിയുടെ വിജയം തടുക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണ് സീമാനെ നയിച്ചത്. ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ ഭരണം നിലവിൽ വന്നു. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ഡി.എം.കെ-കോൺഗ്രസ് സഖ്യത്തിനെതിരെയായിരുന്നു സീമാന്റെ തെരഞ്ഞെടുപ്പ് പ്രചാരണം.
തമിഴ് വംശീയവാദം
ഏതെങ്കിലും ദ്രാവിഡ കക്ഷിക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയ തീരുമാനത്തിൽനിന്ന് പതുക്കെ പിൻവലിയുന്ന സീമാനെയാണ് പിന്നീട് കാണുന്നത്. ‘എങ്കൾ തിരുനാട്ടിൽ എങ്കളിൻ നല്ലാട്ച്ചിയേ’ പോലുള്ള മുദ്രാവാക്യങ്ങളും, ‘‘തമിഴ്‌നാട്ടിൽ ഏതു വംശജനും ജീവിക്കാം എന്നാൽ ഭരണാധികാരത്തിനുള്ള അവകാശം ഞങ്ങൾക്ക് മാത്രമാണ്’’ എന്നതുപോലുള്ള മണ്ണിന്റെ മക്കൾ വാദവും ഉയർന്നുകേട്ടു. ഇത് വംശീയ വാദമാണെന്നു പലകോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നെങ്കിലും സീമാൻ പെരിയാറിന്റെ സമഗ്ര ദ്രാവിഡ പ്രത്യയശാസ്ത്രത്തെ വെല്ലുവിളിച്ചു മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും തനിച്ച് മത്സരത്തിനിറങ്ങാൻ നാം തമിഴർ കക്ഷി തയാറെടുത്തു. ഈ തെരഞ്ഞെടുപ്പിൽ കടലൂർ മണ്ഡലത്തിൽ മത്സരിച്ച സീമാൻ അഞ്ചാം സ്ഥാനത്തേക്കു തള്ളപ്പെട്ടു.
എ.ഐ.എ.ഡി.എം.കെയിലെ എം.സി. സമ്പത്തിനായിരുന്നു വിജയം. സംസ്ഥാനത്ത് ആകെ പോൾ ചെയ്ത വോട്ടിന്റെ 1.6 ശതമാനമായിരുന്നു എൻ.ടി.കെയുടെ വോട്ടുവിഹിതം. 2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 40 മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിച്ച്, 3.87 ശതമാനം വോട്ടുകൾ സമാഹരിക്കാനായത് സീമാനും അണികൾക്കും ആവേശം നൽകി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 6.89 ആയും 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 8.2 ശതമാനമായും അത് വർധിച്ചു. നിരവധി മണ്ഡലങ്ങളിൽ ഇരു മുന്നണികളുടെയും വോട്ടുകളുടെ എണ്ണം ഗണ്യമായി കുറക്കാൻ എൻ.ടി.കെക്ക് സാധിച്ചു. എന്നാൽ, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ടി.വി.കെ തരംഗത്തിൽ പുതുതലമുറ വോട്ടുകൾ വൻതോതിൽ ചോർന്നപ്പോൾ, പാർട്ടിയുടെ ജനസമ്മതി നാലു ശതമാനമായി കുറഞ്ഞു.
ഗ്രാമീണമേഖലയിലെ യുവതികളടക്കം വലിയൊരു വിഭാഗം ചെറുപ്പക്കാരെ സംഘടിപ്പിച്ചുകൊണ്ടുള്ള ജൈവിക വളർച്ചയായിരുന്നു എൻ.ടി.കെയുടേത്. തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് അമ്പത് ശതമാനം സീറ്റുകളും മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മുന്തിയ പരിഗണനയും നൽകി. ജൈവകൃഷിയടക്കമുള്ള ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന നയപരിപാടികളാണ് സീമാൻ മുന്നോട്ടുവെച്ചത്.
ഡെൽറ്റ പ്രദേശങ്ങളിലെ മീഥേൻ, ഹൈഡ്രോ കാർബൺ തുടങ്ങിയ പദ്ധതികൾക്കെതിരായി പ്രകൃതി സംരക്ഷണത്തിലൂന്നിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. തമിഴ് ദേശീയതയുമായി ബന്ധപ്പെട്ടു വെല്ലുവിളികളുയരുന്ന ഘട്ടങ്ങളിലെല്ലാം അവക്കെതിരായി അണികളെ ജ്വലിപ്പിച്ചു നിർത്തുന്ന ആഹ്വാനങ്ങളുമായി സീമാൻ മുന്നിൽ നിന്നു. എന്നാൽ, പാർട്ടിക്കകത്ത് ഒരു വിഭാഗം നേതാക്കൾ സീമാന്‍റെ ഏകാധിപത്യ പ്രവണതയോട് അതൃപ്തിയുള്ളവരായിരുന്നു. ‘‘എ.ഐ.എ.ഡി.എം.കെ സർക്കാറിനെതിരെ സംസാരിക്കാൻ മടിക്കുന്നു, ‘സീമാനിസം’ പാർട്ടിയിൽ പിടിമുറുക്കുന്നു’’- തുടങ്ങിയ വിമർശനങ്ങളുമായി ഇവർ രംഗത്തെത്തിയപ്പോൾ ‘‘ഇത് ഞാൻ ഉണ്ടാക്കിയ പാർട്ടിയാണെന്നും ഇവിടെയുള്ളവർ എന്റെ വാക്കുകൾ അനുസരിക്കുന്നവരാണെ’’ന്നുമായിരുന്നു സീമാന്‍റെ മറുപടി.

സീമാൻ കുടുംബത്തിനൊപ്പം
ഒടുങ്ങാത്ത വിവാദങ്ങൾ
തീവ്ര തമിഴ്‌വംശീയതയുടെ പേരിലുള്ള നിരവധി വിവാദ പരാമർശങ്ങൾകൊണ്ട് സീമാൻ സംസ്ഥാനത്ത് പലപ്പോഴും കോളിളക്കം സൃഷ്ടിച്ചു. ജാതിയും കുടിയേറ്റ ചരിത്രവും അടിസ്ഥാനമാക്കിയുള്ള വംശീയ ശുദ്ധിവാദമാണ് അവയിൽ പ്രധാനം. തമിഴ്നാട്ടിലെ ‘വന്ധേരികളുടെ’ (കുടിയേറ്റക്കാർ) തുടർച്ചയായ ഭരണമാണ് തമിഴ് ജനതയുടെ തകർച്ചക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ഒരേയൊരു പോംവഴി ഒരു ‘യഥാർഥ തമിഴനെ’ അധികാരത്തിലേക്ക് തെരഞ്ഞെടുക്കുക എന്നതാണെന്ന സീമാന്റെ വാദത്തെ ചോദ്യംചെയ്യാൻ അദ്ദേഹം മലയാളിയാണെന്നും മറ്റുമുള്ള പ്രത്യാരോപണം ഉന്നയിക്കുന്നവരുണ്ട്. ശ്രീലങ്കൻ തമിഴ്‌വംശജരുമായ ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹം നടത്തിയ പ്രകോപനപരമായ പല പ്രസംഗങ്ങളും വൻ വിവാദങ്ങളായിരുന്നു.
2009 നവംബറിൽ, കാനഡയിൽ ഒരു പ്രഭാഷണ പര്യടനത്തിനിടയിൽ, ടൊറന്റോയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ ആ രാജ്യത്തെ ബോർഡർ സർവിസസ് ഏജൻസി സീമാനെ അറസ്റ്റ് ചെയ്തു. പ്രസംഗത്തിൽ, ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു സംസാരിച്ച അദ്ദേഹം ആക്രമിക്കപ്പെട്ട ഓരോ തമിഴ് സ്കൂളിനും 100 സിംഹള സ്കൂളുകൾ വീതം ബോംബിട്ട് തകർത്തിരുന്നെങ്കിൽ ഒരു സിംഹളനും അവിടെ ജീവിക്കാൻ കഴിയുമായിരുന്നില്ലെന്നു പ്രസംഗിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
2013ൽ കശ്മീരി വിമത നേതാവ് യാസിൻ മാലിക്കിനെ ഒരു പൊതുയോഗത്തിലേക്ക് ക്ഷണിച്ചു വരുത്തിയത് കോൺഗ്രസിലും ബി.ജെ.പിയിലും നിന്നുള്ള കടുത്ത വിമർശനങ്ങൾക്കിടയാക്കി. 2019ലെ വിക്രവാണ്ടി നിയമസഭ ഉപതെരഞ്ഞെടുപ്പിലെ പ്രചാരണത്തിനിടെ, മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിവധത്തെ സീമാൻ ന്യായീകരിച്ച് സംസാരിച്ചതും നിയമ നടപടികൾക്ക് കാരണമായി. അതേവർഷം ഒക്ടോബറിൽ, എൽ.ടി.ടി.ഇയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മലേഷ്യൻ പൊലീസ് സീമാനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.
തമിഴ് ഈഴത്തിന്റെ വക്താവായി സീമാൻ പരസ്യനിലപാട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനുപിന്നിലെ ആത്മാർഥത പലതവണ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എൽ.ടി.ടി.ഇ പോരാളി, അന്തരിച്ച പൊട്ടു അമ്മനെതിരെ അപകീർത്തി പരാമർശം നടത്തിയതായുള്ള ഒരു ശബ്ദരേഖ ഇതിനു തെളിവായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. വേലുപിള്ള പ്രഭാകരനും എൽ.ടി.ടി.ഇയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സീമാന്റെ അവകാശവാദങ്ങൾ പലതും കെട്ടിച്ചമച്ച കഥകളാണെന്നും യുദ്ധമുഖത്ത് പ്രഭാകരനെ സന്ദർശിച്ച സീമാന് അദ്ദേഹം അത്താഴം (7 കോഴ്സ് ഡിന്നർ) നൽകിയതുപോലുള്ള കഥകൾ അവിശ്വസനീയമാണെന്നും പ്രഭാകരനുമായി അടുപ്പമുണ്ടെന്ന് കാണിക്കാൻ മോർഫ് ചെയ്ത ഫോട്ടോകളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും ഇവർ വാദിക്കുന്നു.
പ്രഭാകരന്റെ ജ്യേഷ്ഠപുത്രനായ കാർത്തിക് മനോഹറിന്റെ ഇത് സംബന്ധിച്ച പ്രതികരണങ്ങൾ സീമാന്‍റെ വിശ്വാസ്യതയെതന്നെ മുൾമുനയിൽ നിർത്തുന്നതാണ്. ഇതിനുപുറമെ, രാജീവ് ഗാന്ധി വധത്തിന്റെ പേരിൽ, ശ്രീലങ്കൻ ഭരണകൂടം പ്രഭാകരനെ അറസ്റ്റുചെയ്തു കൈമാറണമെന്നും ഇന്ത്യയിൽ വിചാരണ നടത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു 2002 ഏപ്രിലിൽ, പ്രമേയം പാസാക്കിയ ജയലളിതക്കുവേണ്ടി പിൽക്കാലത്ത് പ്രചാരണത്തിനിറങ്ങിയ സീമാന്റെ നിലപാടുകളിലെ ഇരട്ടത്താപ്പും പരിഹസിക്കപ്പെട്ടിട്ടുണ്ട്. തമിഴ് ജനതക്ക് എൽ.ടി.ടി.ഇയോടുള്ള പൊതുവെയുള്ള ആഭിമുഖ്യം രാഷ്ട്രീയമായി മുതലെടുക്കാനും സ്വന്തം പ്രതിച്ഛായ അതിന്മേൽ കെട്ടിപ്പൊക്കാനുമുള്ള ശ്രമമാണ് സീമാന്റേതെന്ന ആക്ഷേപത്തെ എൻ.ടി.കെക്കാർ പ്രതിരോധിക്കുന്നത്, അദ്ദേഹം പ്രഭാകരന്റെ കടുത്ത അനുയായിയാണെന്നും ഇത്തരം വിമർശനങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും വാദിച്ചുകൊണ്ടാണ്.
എൻ.ടി.കെയുടെ രാഷ്ട്രീയ അടിത്തറയായി വർത്തിക്കുന്നതു തമിഴ് ദേശീയതയുടെ വ്യതിരിക്തമായ ഒരു മാതൃകയാണ്. തമിഴ് അന്തസ്സിന്റെയും സംസ്കാരത്തിന്റെയും തത്ത്വങ്ങളിൽനിന്ന് വ്യതിചലിച്ചതായി സീമാൻ കരുതുന്ന ദ്രാവിഡവാദത്തിന്റെ സമഗ്ര പ്രത്യയശാസ്ത്രവുമായി അത് വേറിട്ടു നിൽക്കുന്നു. വംശീയവും ഭാഷാപരവുമായ വിശുദ്ധിയിൽ വേരൂന്നിയതാണ് സീമാന്റെ പ്രാദേശിക വാദം.
തമിഴ് താൽപര്യങ്ങൾക്കു കടകവിരുദ്ധമാണ് പെരിയാറിന്റെ പ്രത്യയശാസ്ത്രമെന്ന് ആവർത്തിച്ചുറപ്പിച്ച് അദ്ദേഹത്തിന്റെ പ്രതിച്ഛായയെ അപനിർമിക്കാനാണ് സീമാൻ ശ്രമിക്കുന്നത്. സാംസ്കാരികമായും പ്രത്യയശാസ്ത്രപരമായും തമിഴ് ജനതയെ ആഴത്തിൽ സ്വാധീനിച്ച പെരിയാറിനെ കുറിച്ചുള്ള വിമർശനം സീമാനെ സംഘ്പരിവാർ ഏജന്റായി വ്യാഖ്യാനിക്കാനിട നൽകി. സീമാൻ ഈ ആരോപണം നിഷേധിക്കുന്നുണ്ടെങ്കിലും പൂർണമായും അത് മുഖവിലക്കെടുക്കാനാവില്ല. കാരണം, പെരിയാറിന്റെ പ്രത്യയശാസ്ത്ര പാരമ്പര്യത്തെ ചോദ്യംചെയ്യുന്ന ആദ്യത്തെ തമിഴ് രാഷ്ട്രീയ പാർട്ടിയാണ് എൻ.ടി.കെ.
മാത്രമല്ല, നിരവധി വലതുപക്ഷ ഹിന്ദുത്വ നേതാക്കൾ സീമാനെ ഇതിന്റെ പേരിൽ പ്രശംസിച്ചിട്ടുമുണ്ട്. പെരിയാറും അദ്ദേഹം മുന്നോട്ടുവെച്ച പ്രത്യയശാസ്ത്രവും വളരെക്കാലമായി ഹിന്ദുത്വക്ക് തമിഴ്‌നാട്ടിൽ വലിയൊരു വെല്ലുവിളിയാണ്. പെരിയാറിനെയും ദ്രാവിഡ പ്രസ്ഥാനത്തെയും മനഃപൂർവം ആക്രമിക്കുന്നത് സീമാൻ ഭൂരിപക്ഷ ഹിന്ദുത്വ അജണ്ടയെ സൂക്ഷ്മമായി പ്രോത്സാഹിപ്പിക്കുന്നതിനാലാണെന്നു തമിഴ് പണ്ഡിതനും സാമൂഹിക-സാംസ്കാരിക നിരീക്ഷകനുമായ പ്രഫ. വി. അരസിനെ പോലുള്ളവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വള്ളലാർ രാമലിംഗ സ്വാമികൾ, കവി സുബ്രഹ്മണ്യ ഭാരതി, സ്വാതന്ത്ര്യസമര സേനാനി വി.ഒ. ചിദംബരം പിള്ളൈ തുടങ്ങിയ തമിഴ് ഐക്കണുകളെ പെരിയാറിനു പകരം നിർത്താൻ സീമാൻ ശ്രമിക്കുന്നു. ദ്രാവിഡ പാർട്ടികളെ, പ്രത്യേകിച്ച് ഡി.എം.കെയെ സംബന്ധിച്ചിടത്തോളം പെരിയാർ സാമൂഹികനീതി രാഷ്ട്രീയത്തിന്റെ ശാശ്വത പ്രതീകമാണ്. എ.ഐ.എ.ഡി.എം.കെയും അപൂർവമായി പെരിയാറിനെ തങ്ങളുടെ പ്രാഥമിക രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ ചിഹ്നമായി ഉയർത്തികാട്ടാറുണ്ട്.
പെരിയാറിന്റെ തത്ത്വങ്ങൾ തമിഴർ ദീർഘകാലമായി ഉൾക്കൊള്ളുന്നവയാണെന്നു സീമാന് നന്നായി അറിയാം. ശ്രദ്ധാപൂർവം ഒരു പ്രത്യാഖ്യാനം നിർമിച്ച് അവയെ പടിപടിയായി തകർക്കാനുള്ള നിരന്തരശ്രമമാണ് അദ്ദേഹം നടത്തുന്നത്. പെരിയാറിന്റെ കടുത്ത അനുയായി ആയി തുടങ്ങി ജനസ്വീകാര്യത ലഭിച്ചശേഷം സീമാൻ അദ്ദേഹത്തിന്റെ നിശിതവിമർശകനാകുന്നതിനു പിന്നിലെ ഹിന്ദുത്വ താൽപര്യങ്ങളെക്കുറിച്ചു ദ്രാവിഡ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ആദ്യം ദ്രാവിഡവാദത്തെ വിമർശിക്കുകയും തുടർന്ന് പെരിയാറിനോടുള്ള ആത്മാഭിമുഖ്യത്തെ അപലപിക്കുകയും അദ്ദേഹത്തിന് പകരമായി വി.ഒ.സിയെ പോലുള്ള തമിഴ് ഐക്കണുകളെ ഉയർത്തിക്കാട്ടുന്നതൊക്കെ ഇതിന്റെ ഭാഗമായാണെന്നും ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു.
2023ൽ, ഈറോഡ് ഈസ്റ്റ് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, തമിഴ്‌നാട് പിടിച്ചടക്കിയ വിജയനഗര രാജാക്കന്മാരാണ് ‘അരുന്ധതിയർ’ സമുദായത്തെ ശുചീകരണ തൊഴിലിനായി കൊണ്ടുവന്നത് എന്ന പരാമർശവും വൻ പ്രതിഷേധങ്ങൾ അഴിച്ചുവിട്ടു. വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമീഷൻ എൻ.ടി.കെക്ക് നോട്ടീസ് നൽകി, പൊലീസ് കേസും രജിസ്റ്റർ ചെയ്യപ്പെട്ടു.
2023ൽ മണിപ്പൂർ അക്രമത്തെ അപലപിക്കുന്ന ഒരു റാലിയിൽ സംസാരിക്കുമ്പോൾ, ഡി.എം.കെക്കും കോൺഗ്രസിനും വോട്ടുനൽകുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളെ ‘സാത്താെന്റ മക്കൾ’ എന്ന് വിളിച്ചതും രൂക്ഷ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. ന്യൂനപക്ഷ സമുദായങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളിലും രാഷ്ട്രീയ പാർട്ടികളിലും നിന്നു ആക്ഷേപങ്ങൾ ഉയർന്നിട്ടും ക്ഷമാപണത്തിനു തയാറാകാതെ ‘‘എന്റെ പരാമർശങ്ങളിൽ ക്ഷമ ചോദിച്ചാൽ മുസ്ലിംകളും ക്രിസ്ത്യാനികളും എനിക്ക് വോട്ട് ചെയ്യുമോ’’ എന്ന മറുചോദ്യമായിരുന്നു സീമാന്‍റെ മറുപടി. ഹിന്ദുത്വയുടെ ഭാഷ സ്വീകരിച്ചുകൊണ്ട് സീമാൻ ന്യൂനപക്ഷ വിരുദ്ധവും അപകടകരവുമായ പാതയിലേക്ക് നീങ്ങുകയാണെന്ന ആരോപണവും ഇതോടെ ശക്തമായി.
രാഷ്ട്രീയമായ ഇത്തരം വിവാദങ്ങൾ നിലനിൽക്കെ തന്നെ വ്യക്തിപരമായ മറ്റൊരു ആരോപണവും സീമാനെതിരെ ഉയർന്നു. സീമാൻ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നാരോപിച്ച ചലച്ചിത്ര നടി വിജയലക്ഷ്മി നിയമ നടപടിയിലേക്ക് നീങ്ങിയത് പരസ്യമായ വാക്ക് തർക്കങ്ങളിലേക്കും നടിയുടെ ആത്മഹത്യാശ്രമത്തിലേക്കും നയിച്ചു. 2011ൽ ആരംഭിച്ച ഈ കേസ് സീമാന്റെ നിരുപാധിക മാപ്പപേക്ഷയിലും ഉഭയകക്ഷി താൽപര്യത്തിലും ഒത്തുതീർപ്പായതിനെ തുടർന്ന് സുപ്രീം കോടതി തള്ളുകയും ചെയ്തു.
മുന്നണി രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞ്
ആട്ടിൻപറ്റത്തിന്റെ പ്രിയപ്പെട്ട നേതാവെന്നതിനേക്കാൾ ‘ഒറ്റ ചെന്നായ’യായി വേർതിരിഞ്ഞു നിൽക്കാനാണ് സീമാൻ ഇഷ്ടപ്പെടുന്നത്. തമിഴ്നാട്ടിലെ മുന്നണി രാഷ്ട്രീയത്തിന്റെ ചരിത്രം കണക്കിലെടുക്കുമ്പോൾ ഈ വെല്ലുവിളി ഏറ്റെടുക്കുക അത്ര എളുപ്പമല്ല. ഇരുമുന്നണികൾക്കും പുറത്ത് ഒറ്റതിരിഞ്ഞുനിന്ന്, ജനസ്വാധീനം വർധിപ്പിച്ച് വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരിമിതികളോടെയാണെങ്കിലും നേട്ടം കൊയ്തതിനു പിന്നിൽ, മറ്റനേകം സാമൂഹിക രാഷ്ട്രീയ മാനങ്ങളുണ്ട്. രാഷ്ട്രീയ പ്രത്യയശാസ്ത്രബന്ധിതമായ ഒരു പാർട്ടി എന്നനിലയിൽ എൻ.ടി.കെക്കു ഇതത്രത്തോളം പ്രാപ്യമല്ല. എങ്കിലും വ്യവസ്ഥാപിത കക്ഷികളുടെ സമ്മർദങ്ങളെയൊക്കെ വകഞ്ഞുമാറ്റി ഒറ്റക്ക് മുന്നേറാനുള്ള തീരുമാനത്തിൽ സീമാൻ തുടർന്നും ഉറച്ചുനിൽക്കുന്നു
കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിൽ, വോട്ടുവിഹിതത്തിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും 234 സീറ്റുകളിലും മത്സരിച്ച് ഏതാണ്ട് 20 ലക്ഷം വോട്ടുകൾ സമാഹരിക്കാൻ എൻ.ടി.കെക്കു സാധിച്ചു. പ്രചാരണവേദികൾ തോറും യുവാക്കളിൽ ആവേശം വിതക്കുന്ന സീമാന് ഇക്കുറി തിരിച്ചടിയായത് സമാന തലമുറയെ ഉന്നംവെച്ച് പ്രവർത്തനം ഊർജിതപ്പെടുത്തിയ ടി.വി.കെയുടെ അപ്രതീക്ഷിത തരംഗമാണ്. വിജയങ്ങൾക്കുപരി തെരഞ്ഞെടുപ്പുകളെ പ്രത്യയശാസ്ത്രപ്രചാരണത്തിന്റെ ഭാഗമായി കാണുന്ന സീമാൻ തമിഴ് രാഷ്ട്രീയത്തിൽ വേറിട്ട നേതൃബിംബമാണെന്നു പറയാം.
