Begin typing your search above and press return to search.
proflie-avatar
Login

രജനി എന്ന ‘രാഷ്ട്രീയ പ്രതിഭാസം’

രജനി എന്ന ‘രാഷ്ട്രീയ പ്രതിഭാസം’
cancel

മാനറിസങ്ങളുടെ തോഴനും തമിഴ് സിനിമ പ്രേക്ഷകരുടെ സ്റ്റൈൽ മന്നനുമായ രജനികാന്തിന്റെ സിനിമ-രാഷ്ട്രീയ (സംഘടന) ജീവിതം വിവരിക്കുകയാണ് ലേഖകൻ പരമ്പരയുടെ അവസാന ഭാഗത്തിൽ. ആരാണ് തമിഴ് ജനതക്ക് രജനി, എങ്ങനെയാണ് അദ്ദേഹം തമിഴ്നാട്ടിലെ സൂപ്പർസ്റ്റാർ ആയത് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരവും വ്യക്തമാക്കുന്നു. സമകാലികരായ ഇതര ചലച്ചിത്ര നായകരെ അപേക്ഷിച്ച്, തമിഴ്നാടിന്റെ സാംസ്‌കാരിക പ്രതിഭാസമായി വികസിച്ച താരപരിവേഷമാണ് രജനികാന്തിന്റേത്. 1970കളുടെ അവസാനത്തിൽ വില്ലൻ കഥാപാത്രമായി അരങ്ങേറ്റം കുറിച്ച്, ’80കളിൽ നായക നടനായും ’90കളിൽ ദക്ഷിണേന്ത്യയുടെതന്നെ സൂപ്പർസ്റ്റാറായും മാറിയാണ് രജനികാന്ത് ചരിത്രം കുറിച്ചത്....

Your Subscription Supports Independent Journalism

View Plans
മാനറിസങ്ങളുടെ തോഴനും തമിഴ് സിനിമ പ്രേക്ഷകരുടെ സ്റ്റൈൽ മന്നനുമായ രജനികാന്തിന്റെ സിനിമ-രാഷ്ട്രീയ (സംഘടന) ജീവിതം വിവരിക്കുകയാണ് ലേഖകൻ പരമ്പരയുടെ അവസാന ഭാഗത്തിൽ. ആരാണ് തമിഴ് ജനതക്ക് രജനി, എങ്ങനെയാണ് അദ്ദേഹം തമിഴ്നാട്ടിലെ സൂപ്പർസ്റ്റാർ ആയത് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരവും വ്യക്തമാക്കുന്നു.

സമകാലികരായ ഇതര ചലച്ചിത്ര നായകരെ അപേക്ഷിച്ച്, തമിഴ്നാടിന്റെ സാംസ്‌കാരിക പ്രതിഭാസമായി വികസിച്ച താരപരിവേഷമാണ് രജനികാന്തിന്റേത്. 1970കളുടെ അവസാനത്തിൽ വില്ലൻ കഥാപാത്രമായി അരങ്ങേറ്റം കുറിച്ച്, ’80കളിൽ നായക നടനായും ’90കളിൽ ദക്ഷിണേന്ത്യയുടെതന്നെ സൂപ്പർസ്റ്റാറായും മാറിയാണ് രജനികാന്ത് ചരിത്രം കുറിച്ചത്. 1930കളിൽ ഹോളിവുഡ് ഗ്യാങ്‌സ്റ്റർ സിനിമകളിലൂടെ പ്രശസ്തനായ ജെയിംസ് കാഗ്നെയുടെ മാനറിസങ്ങൾ രജനിയുടെ ആദ്യകാല കഥാപാത്രങ്ങളിൽ കാണാം. പാശ്ചാത്യ കൗബോയ് ചിത്രങ്ങളിലെ നായകൻ ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ സിഗരറ്റ് ട്രിക്, അലക്ഷ്യശൈലിയിലുള്ള ഗൺ പിടിത്തംപോലുള്ള സവിശേഷ പെരുമാറ്റരീതികൾ തമിഴ്‌പ്രേക്ഷകരെ ആകർഷിക്കും വിധം ചടുലവേഗത്തോടെ രജനി അവതരിപ്പിച്ചു.

1948ൽ പുറത്തിറങ്ങിയ ‘ദി പൈറേറ്റ്’ എന്ന സിനിമയിൽ ഹോളിവുഡ് ഇതിഹാസം ജീൻ കെല്ലി അനശ്വരമാക്കിയ സിഗരറ്റ് ഫ്ലിപ്പിങ് ട്രിക്കും രജനിയെ ആകർഷിച്ചു എന്ന് പറയാമെങ്കിലും ബോളിവുഡ് സിനിമകളിൽ ഇത്തരം പെരുമാറ്റ രീതികൾ അവതരിപ്പിച്ചു വിജയിച്ച ശത്രുഘ്‌നൻ സിൻഹയുടെ നേരിട്ടുള്ള സ്വാധീനമാണ് രജനിയുടെ മാസ് ഹീറോയിസത്തിൽ പ്രകടമാകുന്നത്. ‘അസ്‌ലി നഖ്‌ലി’ (1986) തുടങ്ങിയ ഒന്നു രണ്ടു ഹിന്ദി ചിത്രങ്ങളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്.

സ്റ്റൈൽ മന്നൻ

സിഗരറ്റ് വായുവിലെറിഞ്ഞു കൃത്യതയോടെ ചുണ്ടിൽ പിടിപ്പിക്കൽ, ചുമൽ ഒരുവശം ഉയർത്തിക്കൊണ്ടുള്ള വേഗമേറിയ നടത്തം, കൂളിങ് ഗ്ലാസ് ധരിക്കുന്നതിനോടൊപ്പമുള്ള സൂക്ഷ്മമായ കൈവിരലനക്കങ്ങൾ തുടങ്ങിയ രജനിയുടെ മാനറിസങ്ങൾ ഇത്തരം സ്വാധീനങ്ങളെ വെളിപ്പെടുത്തുന്നവയാണ്. ഇതോടൊപ്പം തമിഴ്നാടിന്റെ നാടൻ കലാപാരമ്പര്യത്തിലെ താളവേഗങ്ങളും തന്റെ അഭിനയശൈലിയിൽ രജനി ആവാഹിച്ചു. പ്രേക്ഷകരെ ആകർഷിക്കാനുള്ള ‘ലൊടുക്ക് വിദ്യ’ എന്നതിലുപരി നായകന്റെ ആധികാരികതയും അപ്രമാദിത്വവും ആവർത്തിച്ചുറപ്പിക്കുന്നവയായിരുന്നു ‘രജനി സ്റ്റൈൽ’.

അന്നത്തെ നായക നടന്മാരിൽ മിക്കവാറും പേർ നാടകീയവും നിയന്ത്രിതവുമായ പ്രകടനത്തിലാണ് വിശ്വാസമർപ്പിച്ചിരുന്നതെങ്കിൽ, രജനികാന്ത് വ്യത്യസ്തനാകുന്നത് ശരീരഭാഷയിലെ പ്രത്യാക്രമണോത്സുകത, വേഗമുള്ള നീക്കങ്ങൾ, കണ്ണിന്റെയും വിരലുകളുടെയും അസാധാരണ ചലനങ്ങൾ ദ്രുതതാളാത്മകമായ ഡയലോഗ് ഡെലിവറി, ഗാംഭീര്യമാർന്ന നടത്തം, സിഗരറ്റ് ഫ്ലിപ്പിങ് പോലുള്ള നേരത്തേ പറഞ്ഞ മാനറിസങ്ങൾ എന്നിവകൊണ്ടാണ്. രജനി സ്റ്റൈൽ ഒരു സാംസ്‌കാരിക അടയാളം എന്നനിലയിൽ പ്രേക്ഷകഹൃദയങ്ങളെ സ്വാധീനിച്ചു. സ്റ്റൈൽ എന്ന സിനിമാറ്റിക് ഘടകത്തെ പ്രമേയത്തെക്കാൾ ശക്തമായ വികാരമാക്കിയും സ്വാഭാവിക ചലനങ്ങളെ അസാധാരണമായ ദൃശ്യാനുഭവമാക്കിയും പരിണമിപ്പിച്ചു എന്നതാണ് രജനിയുടെ അനന്യത. അവ ചെപ്പടിവിദ്യകളായല്ല, ജനപ്രിയ സിനിമയിലെ നായകന്റെ ആധികാരികത ഉറപ്പിക്കുന്ന ദൃശ്യഭാഷയായാണ് വിശകലനം ചെയ്യേണ്ടത്. തത്ത്വചിന്തയും രാഷ്ട്രീയവും ധ്വനിപ്പിക്കുന്ന പ്രാസഭംഗിയുള്ള പഞ്ച് ഡയലോഗുകൾ രജനിചിത്രങ്ങളെ ഉത്സവങ്ങളാക്കി.

‘പതിനാറു വയതിനിലേ’ എന്ന ചിത്രത്തിൽ രജനി ആവർത്തിക്കുന്ന ‘‘ഇതു എപ്പടിയിരുക്ക്?’’ എന്ന ആത്മവിശ്വാസം തുളുമ്പുന്ന വാചകം പ്രേക്ഷകരെ ഏറെ ആകർഷിച്ചിരുന്നു. പിൽക്കാലത്ത് തന്റെ രാഷ്ട്രീയ നിലപാടുകളെയും സന്ദേശങ്ങളെയും പ്രേക്ഷകരിലേക്ക് വിനിമയം ചെയ്യാനുള്ള പഞ്ച് സംഭാഷണങ്ങളായി രജനി അവയെ മാറ്റിയെടുത്തു. ‘‘നാൻ സൊന്നതും സെയ്‌ വേൻ, സൊല്ലാതതെയും സെയ്‌വേൻ!’’ (അണ്ണാമലൈ, 1992), ‘‘നാൻ ഒരു തടവ സൊന്നാ നൂറു തടവ സോന്ന മാതിരി!’’ (ബാഷ, 1995); ‘‘നാൻ എപ്പോ വരുവേൻ, എപ്പടി വരുവേന്നു യാരുക്കും തെരിയാത്, ആനാ വരവേണ്ടിയ നേരത്തുൽ കറക്ടാ വരുവേൻ!’’

(മുത്തു, 1995), ‘‘അതികമാ ആസൈപ്പട്റ ആമ്പളൈയും അതികമാ കോപപ്പട്റ പൊമ്പളൈയും നല്ലാ വന്തതാ സരിത്രം ഇല്ലൈ!’’, ‘‘എൻവഴി തനിവഴി!’’ (പടയപ്പ 1999), ‘‘കണ്ണാ, പൻട്രീങ്ക താൻ കൂട്ടമാ വരും; സിങ്കം സിംഗിളാ താൻ വരും’’ (ശിവാജി 2007) തുടങ്ങി നിരവധി പഞ്ച് സംഭാഷണങ്ങൾ രജനിയുടെ രാഷ്ട്രീയ നിലപാടുകളെ സംബന്ധിച്ച തമിഴ് ജനതയുടെ ആകാംക്ഷയെ ത്വരിപ്പിച്ചുനിർത്തി. ഇത്തരം ഡയലോഗുകൾ പലതും സ്ത്രീവിരുദ്ധ പ്രസ്താവനകളായി വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ജയലളിത എന്ന രാഷ്ട്രീയ ബിംബത്തിന്റെ അധികാര മുഷ്കിനെതിരെ എന്നനിലയിലാണ് ആരാധകർ അവയിൽ പലതിനെയും സ്വീകരിച്ചത്.

സിനിമയിലേക്കുള്ള വാതിൽ

ബംഗളൂരുവിലെ ഒരു സാധാരണ മറാത്ത കുടുംബത്തിൽ ജനിച്ച ശിവാജി റാവു ഗെയ്ക് വാദ് (രജനികാന്തിന്റെ യാഥാർഥ പേര്), സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം, കുടുംബത്തിന്റെ മോശം സാമ്പത്തികാവസ്ഥയെ തുടർന്ന് മരപ്പണിക്കാരനായും കൂലിത്തൊഴിലാളിയായും പിന്നീട്, ട്രാൻസ്‌പോർട്ട് കോർപറേഷനിൽ ബസ് കണ്ടക്‌ടറായും ജോലിചെയ്തു. ഹിന്ദു മിത്തോളജിയെ അടിസ്ഥാനമാക്കി സ്കൂളിൽ അവതരിപ്പിച്ചിരുന്ന നാടകങ്ങളിൽ ശിവാജി റാവു അഭിനയിക്കാറുണ്ടായിരുന്നു.

വിവിധ ജോലികളിൽ തുടരുമ്പോഴും അദ്ദേഹത്തിന്റെ അഭിനയ താൽപര്യത്തിനു കുറവുണ്ടായില്ല. കന്നട നാടകകൃത്ത് ടോപ്പി മുനിയപ്പയുടെ നാടകങ്ങളിൽ അദ്ദേഹത്തിന് അവസരം ലഭിച്ചു. ‘കുരുക്ഷേത്രം’ എന്ന നാടകത്തിലെ ദുര്യോധന വേഷം ഏറെ പ്രശംസ പിടിച്ചുപറ്റി. നെഗറ്റിവ് ഛായയുള്ള ഇത്തരം കഥാപാത്രങ്ങളിൽ അഭിനയിക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്ക് സിനിമയിലേക്ക് തിരിച്ചുവിടാൻ സുഹൃത്തുക്കളും സഹപ്രവർത്തകരും ഉത്സാഹിച്ചു. അഭിനയത്തിൽ ഡിപ്ലോമ നേടാൻ ശിവാജി റാവു മദ്രാസ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ എത്തിച്ചേരുന്നത് അങ്ങനെയാണ്.

ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നുള്ള അപ്രശസ്തനായ ഈ വിദ്യാർഥി, സംവിധായകൻ കെ. ബാലചന്ദറിന്റെ ദൃഷ്ടിയിൽ പെടുന്നതോടെയാണ് തമിഴ്സിനിമ, അതിന്റെ ഭാവി സൂപ്പർസ്റ്റാറിനെ കണ്ടെത്തുന്നത്. ശിവാജി ഗണേശൻ എന്ന നാമധേയത്തിൽ ഒരു അതികായൻ ഉള്ളപ്പോൾ മറ്റൊരു ശിവാജി ആശയക്കുഴപ്പത്തിനിടയാകുമെന്നു കരുതി കെ. ബാലചന്ദർ പുതുമുഖ നടന് പുതിയൊരു പേര് നൽകി -രജനികാന്ത്. 1975ൽ പുറത്തിറങ്ങിയ ബാലചന്ദറിന്റെ ‘അപൂർവ രാഗങ്ങൾ’ എന്ന ചിത്രത്തിൽ ഹ്രസ്വവേഷമെങ്കിലും, ക്ലൈമാക്സിലെ നിർണായക സീനിൽ, അതുവരെ കാണാത്ത പരുക്കൻ രൂപഭാവങ്ങളോടെ വീടിന്റെ ഗേറ്റ് തള്ളിത്തുറന്നെത്തുന്ന വില്ലന്റെ വരവ് തമിഴരുടെ സൂപ്പർനായക പദവിയിലേക്കുള്ള രജനിയുടെ ജൈത്രയാത്രയായാണ് പരിണമിച്ചത്.

തമിഴ് ചലച്ചിത്രത്തിന്റെ പരമ്പരാഗത പുരുഷസൗന്ദര്യ മാനദണ്ഡങ്ങളെ അട്ടിമറിച്ചുകൊണ്ടുള്ള രജനിയുടെ കടന്നുവരവ് അന്ന് വിജയകാന്തിനെപ്പോലെ ഇരുണ്ട നിറമുള്ള, പരുക്കൻ ശരീരഭാഷയുള്ള സിനിമാമോഹികളായ നിരവധി യുവാക്കൾക്ക് ശുഭപ്രതീക്ഷ നൽകുന്നതായിരുന്നു. കെ. ബാലചന്ദർ, മഹേന്ദ്രൻ, എസ്‌.പി. മുത്തുരാമൻ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ അന്തഃക്ഷോഭവും അഹംഭാവവുമുള്ള നിഷേധികളായ കഥാപാത്രങ്ങളിലൂടെ പതുക്കെ പതുക്കെ രജനി തമിഴ്സിനിമയിൽ സാന്നിധ്യമുറപ്പിച്ചു. മഹേന്ദ്രന്റെ ‘മുള്ളും മലരും’, മുത്തുരാമന്റെ ‘ആറു മുതൽ അറുപതു വരൈ’, ‘ഭുവന ഒരു കേൾവിക്കുറി’ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ രജനിയുടെ അഭിനയ ശേഷി വെളിപ്പെടുത്തുന്നവയായിരുന്നു. പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണം അടിത്തട്ട് പ്രേക്ഷകരുടെ ജീവിതാഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുകയോ ഉന്മാദപ്പെടുത്തുകയോ ചെയ്യുന്ന വേഷങ്ങളിലൂന്നിക്കൊണ്ടായിരുന്നു. സ്വന്തം അഭിനയ പരിമിതികളെ കുറിച്ചുള്ള ബോധ്യവും ഇതിനു കാരണമായിരുന്നിരിക്കണം.

വില്ലനിൽനിന്ന് നായകനിലേക്ക്

ആദ്യകാലത്ത് വില്ലൻ വേഷങ്ങളിൽ തളക്കപ്പെട്ടിരുന്ന രജനികാന്ത്, 1977ൽ ‘ചിലഗമ്മ ചെപ്പിണ്ടി’ എന്ന തെലുഗു ചിത്രത്തിലാണ് കന്നി നായകവേഷം അണിയുന്നത്. അടുത്തവർഷം ഓസ്കർ മൂവീസിന്റെ ബാനറിൽ നിർമാതാവുകൂടിയായ എം. ഭാസ്കർ സംവിധാനം ചെയ്ത ഭൈരവിയിലൂടെ തമിഴിലും കഥാനായകനായി. രജനിയുടെ ‘മൂക്കയ്യാ’ എന്ന കഥാപാത്രത്തിന്റെ 35 അടിയോളം വലുപ്പമുള്ള കൂറ്റൻ കട്ട്ഔട്ട് ചെന്നൈയിൽ അന്ന് പ്രസിദ്ധമായ പ്ലാസ തിയറ്ററിന് മുന്നിൽ സ്ഥാപിച്ചാണ് വിതരണക്കാർ ഈ ചിത്രത്തെ ആഘോഷമാക്കിയത്. ഈ കട്ട് ഔട്ടിലാണ് രജനിക്ക് സൂപ്പർസ്റ്റാർ എന്ന വിശേഷണം ആദ്യമായി രേഖപ്പെടുത്തുന്നത്.

1970കളിൽ ഹിന്ദിയിൽ അമിതാഭ് ബച്ചന്റെ ‘ആംഗ്രി യങ്മാൻ’ ഇമേജിന്റെ വാണിജ്യവിജയം, രജനികാന്തിന്റെ പിന്നീടുള്ള സിനിമാ ആലോചനകളെ സ്വാധീനിക്കുകയുണ്ടായി. അതിന്റെ തുടർച്ചയായാണ് ആക്ഷൻ യോണറിലേക്കുള്ള സകല സന്നാഹങ്ങളോടുംകൂടിയുള്ള രജനിയുടെ യാത്ര. ‘ബില്ല’ എന്ന സൂപ്പർ ഹിറ്റ്‌ സിനിമയാണ് ഇതിനു തുടക്കം കുറിക്കുന്നത്. അമിതാഭ് ബച്ചന്റെ ‘ഡോൺ’ എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയുടെ തമിഴ് പകർപ്പായിരുന്നു ഈ ചിത്രം. ഇടക്കാലത്ത് രജനിയുടെ സിനിമാഭാവിയിൽ അവിശ്വാസം പ്രകടിപ്പിച്ച വിമർശകർക്കുള്ള മറുപടിയായി, ‘ബില്ല’യുടെ വിജയം.

1980കൾ രജനിയുടെ താരാധിപത്യം ഊട്ടിയുറപ്പിക്കപ്പെട്ട ദശകമായിരുന്നു. വർഷത്തിൽ ശരാശരി ഏഴ് സിനിമകൾ വരെ ചെയ്തു. ആക്ഷൻ എന്‍റർടെയിനറുകളും കുടുംബചിത്രങ്ങളും അദ്ദേഹത്തിന്റെ കരിയറിനെ സജീവമാക്കി, ഈ വർഷങ്ങളിൽ രജനികാന്ത് പൂർണമായും മാസ് നായകനായി പരിണമിച്ചു. ‘ജോണി’, ‘മുരട്ടു കാളൈ’, ‘നല്ലവനുക്ക് നല്ലവൻ’, ‘പഠിക്കാത്തവൻ’ തുടങ്ങിയ ചിത്രങ്ങൾ ഈ പട്ടികയിൽ പ്രധാനമാണ്.

ധനികരാൽ അപമാനിക്കപ്പെട്ട്, അതിൽനിന്നും ഉയിർത്തെഴുന്നേറ്റു പ്രതികാരം ചെയ്യുന്ന അടിത്തട്ട് വർഗക്കാരനായ നായകന്റെ സ്വപ്നതുല്യമായ വിജയമായിരുന്നു ഇക്കാലത്ത് രജനിസിനിമകളുടെ മുഖ്യ ഇതിവൃത്തം. കൂലിത്തൊഴിലാളി, ഓട്ടോഡ്രൈവർ, നിരക്ഷര ഗ്രാമീണൻ തുടങ്ങിയ വേഷങ്ങൾ സാധാരണ പ്രേക്ഷകരുമായി വർഗപരമായ താദാത്മ്യമുണ്ടാക്കി. അനീതിക്കെതിരെയുള്ള രജനിയുടെ ക്ഷോഭവും വിജയവും അങ്ങനെ ജനകീയ ആഹ്ലാദമായി മാറി. ഇതിനിടെ ‘തില്ലു മുള്ളു’, ‘ഗുരു ശിഷ്യൻ’ പോലുള്ള ഹാസ്യപരീക്ഷണങ്ങളും വൻ വിജയമായി. ഇക്കാലത്ത് മലയാളം, തെലുഗു, കന്നട ഭാഷാ ചിത്രങ്ങളിലും രജനിക്ക് അവസരങ്ങൾ ലഭിച്ചു. മലയാളത്തിൽ ഐ.വി. ശശിയുടെ ‘അലാവുദ്ദീനും അത്ഭുതവിളക്കും’ (1979 ) എന്ന ചിത്രത്തിൽ ദുർമാന്ത്രികനായും, സി.വി. രാജേന്ദ്രന്റെ ‘ഗർജന’ത്തിൽ (1981) നായകവേഷത്തിലും രജനി അഭിനയിച്ചു.

 

രജനികാന്ത് എം.ജി.ആറിനൊപ്പം,  ജയലളിതക്കൊപ്പം

                                                    

രാഷ്ട്രീയ പ്രവേശനം

രജനിയുടെ രാഷ്ട്രീയ പ്രവേശം തമിഴ് ജനതയെ സംബന്ധിച്ച് ദുരൂഹത നിറഞ്ഞ ഒരു മിത്ത് ആയിരുന്നു. 2020ൽ രാഷ്ട്രീയത്തിലേക്കില്ല എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുംവരെ ഇത് നീണ്ടുനിൽക്കുകയും ചെയ്തു. എം.ജി.ആറിന്റെ കാലശേഷം ജയലളിത-ജാനകി വിഭാഗമായി എ.ഡി.എം.കെ വിഭജിക്കപ്പെട്ട സന്ദർഭം തൊട്ടേ രാഷ്ട്രീയത്തിലിറങ്ങി ‘പുരട്ചിതലൈവരുടെ’ അസാന്നിധ്യം നികത്താൻ രജനി ആഗ്രഹിച്ചിരുന്നു. എന്നാൽ, തുടക്കം മുതൽക്കേ ഇതു സംബന്ധിച്ച ഒരു ഹാംലെറ്റിയൻ സന്ദേഹം (To be or not to be) അദ്ദേഹത്തെ ആവേശിക്കുകയും ചെയ്തു.

എല്ലാവിധ സ്വീകാര്യതകളോടെയും രാഷ്ട്രീയത്തിലിറങ്ങണമെന്നായിരുന്നു രജനിയുടെ ആഗ്രഹം. എന്നാൽ, വെല്ലുവിളികളോട് ഏറ്റുമുട്ടി മുന്നോട്ടുപോകാനുള്ള സ്ഥിതപ്രജ്ഞ ആ രാഷ്ട്രീയ മോഹത്തിനുണ്ടായിരുന്നില്ല. അപ്പപ്പോഴുള്ള വൈകാരിക പകർച്ചകൾ മാത്രമായി ഈ അഭിലാഷം തുടർന്നുകൊണ്ടിരുന്നു. രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോഴൊക്കെ സിനിമകളിലെ സംഭാഷണങ്ങളിലൂടെയോ ഗാനങ്ങളിലൂടെയോ ഒക്കെ പൊതിഞ്ഞുപിടിച്ച മറുപടി നൽകിക്കൊണ്ടാണ് ആരാധകരുടെ സംശയങ്ങളെ രജനി നേരിട്ടത്.

ജയലളിതയുമായി ശീതയുദ്ധം

1989ലെ ‘രാജാധിരാജ’ എന്ന സിനിമയിൽ ‘‘എങ്കിട്ട മൊതാതേ...’’ എന്ന ഗാനത്തിൽ, ‘‘ഒരു കക്ഷിയും വേണ്ട, ഒരു കൊടിയും വേണ്ട’’ എന്ന വരികളിലൂടെ രാഷ്ട്രീയത്തിൽ താൽപര്യമില്ല എന്ന സന്ദേശം നൽകിയ രജനി, തൊണ്ണൂറുകളുടെ തുടക്കം തൊട്ടുള്ള ചിത്രങ്ങളിൽ ഉൾപ്പെടുത്തിയ പഞ്ച് ഡയലോഗുകളിലൂടെയാണ് ആരാധകരുടെ പ്രതീക്ഷകളെ ജ്വലിപ്പിച്ചുനിർത്തിയത്. 1995-96 കാലഘട്ടത്തിലാണ് രജനി പൊതുവേദിയിൽ രാഷ്ട്രീയ വിമർശനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ജയലളിതാ സർക്കാർ ചലച്ചിത്ര മേഖല ഉൾപ്പെടെ സമൂഹത്തിന്റെ സമഗ്ര മേഖലയിലും അധികാരവും ആധിപത്യവും പ്രകടിപ്പിക്കാൻ തുടങ്ങിയത് രജനിയെയും അസ്വസ്ഥനാക്കിയിരുന്നു.

1992ൽ മുഖ്യമന്ത്രി ജയലളിതയുടെ വാഹനവ്യൂഹത്തിനു വഴിയൊരുക്കാൻ വേണ്ടി പൊലീസ് ട്രാഫിക് മുടക്കിയപ്പോൾ പോയസ് ഗാർഡനിലെ വീട്ടിലേക്കുള്ള വഴിയിൽ രജനിയുടെ കാറും അതിൽപെട്ടു. ക്ഷോഭം മറച്ചുവെച്ച് രജനി കാറിൽനിന്ന് പുറത്തിറങ്ങിയത് ആരാധകർ തടിച്ചുകൂടാനിടയാക്കി. കാര്യങ്ങൾ കൈവിട്ടുപോകുമെന്നു കണ്ട പൊലീസ് ആവർത്തിച്ചഭ്യർഥിച്ചാണ് രജനികാന്തിനെ ശാന്തനാക്കിയത്. പരിഹാസച്ചുവയോടെയുള്ള രജനിയുടെ പ്രതികരണം ജയയുമായുള്ള ശീതസമരത്തിനുള്ള തുടക്കമായിരുന്നു. രജനിയുടെ സാന്നിധ്യം ജയലളിതയും ഭീഷണിയായി കരുതിയിരുന്നു.

ജയലളിതയും രജനിയും തമ്മിലുളള പോര് രൂക്ഷമാകുന്നതിൽ വലിയൊരു പങ്ക് 1995ലെ ‘ബാഷ’ എന്ന സിനിമക്കുണ്ട്. എ.ഐ.എ.ഡി.എം.കെ നേതാവും മന്ത്രിസഭാംഗവുമായ ആർ.എം. വീരപ്പനായിരുന്നു സിനിമയുടെ നിർമാതാവ്. ചിത്രത്തിന്റെ നൂറാം നാൾ ആഘോഷവേളയിൽ മുഖ്യമന്ത്രി ജയലളിതക്കെതിരെയും തമിഴ്‌നാട്ടിലെ ബോംബ് സംസ്കാരത്തിനെതിരെയും രജനി ആഞ്ഞടിച്ചപ്പോൾ അതൊക്കെ പ്രതിരോധിക്കാൻ ശ്രമിക്കാതെ കേട്ടുനിന്ന വീരപ്പനെ ജയലളിത, മന്ത്രിസഭയിൽനിന്നും പാർട്ടിയിൽനിന്നും പുറത്താക്കി.

നേര​േത്തത്തന്നെ ‘മന്നനി’ലും ‘അണ്ണാമലൈ’യിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള മുനവെച്ച സംഭാഷണങ്ങൾ ജയലളിതയെ ഉന്നം വെച്ചവയാണ് എന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടിരുന്നു. ‘മുത്തു’, ‘പടയപ്പ’ തുടങ്ങിയ ചിത്രങ്ങളിലെത്തുമ്പോൾ അവക്ക് കൂടുതൽ ആക്രമണോത്സുക സ്വഭാവമുണ്ടായി. ഇക്കാലത്താണ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള അരങ്ങൊരുങ്ങുന്നത്. ജയലളിത ഭരണകൂടത്തിനെതിരെ ഡി.എം.കെ മുന്നണിക്കുള്ള പിന്തുണ രജനി പരസ്യമായി പ്രഖ്യാപിച്ചു. ‘‘ജയലളിത വീണ്ടും അധികാരത്തിലെത്തിയാൽ ദൈവത്തിനുകൂടി തമിഴ്നാടിനെ രക്ഷിക്കാനാവില്ല’’ എന്ന രജനിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. കടുത്ത ഭരണവിരുദ്ധ വികാരവും അണപൊട്ടിയൊഴുകിയപ്പോൾ 1996ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ കനത്ത ആഘാതം ഏറ്റുവാങ്ങി. ജയക്ക് ലഭിച്ച ഇരുട്ടടിയിൽ രജനിക്കുള്ള പങ്കും വലിയ ചർച്ചയായി. ഡി.എം.കെ മുന്നണി ബഹുഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തി.

1997 മുതൽ 2016 വരെയുള്ള ഘട്ടങ്ങളിൽ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് അവ്യക്ത പ്രസ്താവനകൾ ഇറക്കിയാണ് രജനികാന്ത് ആരാധക പ്രതീക്ഷകളെ നീട്ടിക്കൊണ്ടുപോയത്. 2002ൽ ‘ബാബ’യിലൂടെയും 2007ൽ ‘ശിവാജി’യിലൂടെയും ചില സൂചനകൾ നൽകുകയും ചെയ്തു. ‘ബാബ’യിലെ ‘‘നാൻ വര വേണ്ടിയ നേരം വന്തുടുച്ച്... നീ പോകവേണ്ടിയ നേരം നെറുങ്കിടുച്ച്’’, ‘ശിവാജി: ദി ബോസി’ലെ ‘‘ശിവാജിയും നാൻ താൻ എം.ജി.ആറും നാൻ താൻ’’ എന്നീ സംഭാഷണങ്ങൾ പ്രത്യാശകളെ വീണ്ടും തളിർപ്പിച്ചു നിർത്തി.

രജനികാന്ത് –ഒരു കുടുംബചിത്രം

 

രാമദാസ് കെട്ടിയ മണി

2002ൽ കന്നട നടൻ രാജ്‌കുമാറിന്റെ മകൻ പുനിത് രാജകുമാറിന്റെ ‘അപ്പു’ സിനിമയുടെ നൂറാം ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ രജനി നടത്തിയ ഒരു പരാമർശവും അതിനെ തുടർന്ന് പി.എം.കെ നേതാവ് രാമദാസുമായുണ്ടായ ഏറ്റുമുട്ടലുകളുമാണ് സൂപ്പർസ്റ്റാറിന്റെ രാഷ്ട്രീയ മോഹത്തിന് മീതെ വലിയൊരു ഇടിത്തീയായി വന്നുവീണത്. പുനിതിന്റെ പിതാവ് രാജ്‌കുമാറിനെ വനം കൊള്ളക്കാരൻ വീരപ്പൻ തട്ടിക്കൊണ്ടുപോയ സംഭവത്തെ ഓർമിപ്പിച്ച്, വീരപ്പനെ ‘രാക്ഷസൻ’ എന്ന് രജനി ആക്ഷേപിച്ചത് രാമദാസ് ഏറ്റുപിടിച്ചു. രജനി കർണാടകക്കാരൻ ആയതുകൊണ്ടാണ് തമിഴനായ വീരപ്പനെ, രാക്ഷസൻ എന്ന് വിളിച്ചതെന്നായി രാമദാസ്. തുടർന്നുള്ള വാക്പോരാട്ടങ്ങളിൽ രജനി ആരാധകരും പി.എം.കെ പ്രവർത്തകരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടാൻ തുടങ്ങി.

രജനിയുടെ സിനിമകളെയും പ്രവൃത്തികളെയും തുടർച്ചയായി ആക്രമിച്ചുകൊണ്ടിരുന്ന രാമദാസിനെ കരിങ്കൊടി കാണിക്കാനുള്ള രജനി ആരാധകരുടെ ശ്രമം വലിയ തോതിൽ തിരിച്ചടികൾക്കും സംഘർഷങ്ങൾക്കും വഴിവെച്ചു. രജനിയുടെ ‘ബാബ’ സിനിമയുടെ റിലീസ് സമയത്ത് വടക്കൻ ജില്ലകളിലെ തിയറ്റർ ഉടമകളെ ഭീഷണിപ്പെടുത്തിയും, ഫിലിം പെട്ടികൾ തട്ടിക്കൊണ്ടുപോയും സ്ക്രീനുകൾ കത്തിച്ചും പി.എം.കെ പ്രവർത്തകർ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. രജനിയെ സംബന്ധിച്ചിടത്തോളം അത് ആത്മാഭിമാന പ്രശ്നമായി മാറി.

2006ലെ തെരഞ്ഞെടുപ്പിൽ പി.എം.കെയെ തോൽപിക്കാനുള്ള രജനിയുടെ ആഹ്വാനം, എന്നാൽ വോട്ടർമാർ ഏറ്റെടുത്തില്ല. ഡി.എം.കെ മുന്നണിയിൽ മത്സരിച്ച പി.എം.കെക്ക് 18 സീറ്റുകൾ നേടാനായി. രാമദാസിന്റെ ഈ വിജയം രജനിയെ നിരാശപ്പെടുത്തുകയും രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള ആത്മവിശ്വാസം തന്നെ കെടുത്തുകയും ചെയ്തു. ‘രജനി എന്ന പൂച്ചക്ക് ഞാൻ മണികെട്ടി’ എന്നാണ് രാമദാസ് ഈ വിജയത്തെ വിശേഷിപ്പിച്ചത്. ഇതോടെ രജനിയുമായുള്ള പ്രശ്നം അവസാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. രജനിയുടെ രാഷ്ട്രീയാഭിലാഷം തൽക്കാലത്തേക്ക് അണഞ്ഞെങ്കിലും അതിന്റെ കനൽ പുകഞ്ഞുതന്നെയിരുന്നു.

വീണ്ടും രാഷ്ട്രീയ മോഹം

2008ൽ കാലവും സന്ദർഭവും അനുവദിക്കുന്നതനുസരിച്ചു തീരുമാനമെടുക്കുമെന്ന് രജനി പ്രസ്താവിക്കുകയുണ്ടായി. 2016ലെ ജയലളിതയുടെ കാലവിയോഗവും കരുണാനിധിയുടെ പ്രായാധിക്യം കാരണമുള്ള മാറിനിൽപും (2018ൽ മരിച്ചു) ഉണ്ടാക്കിയ രാഷ്ട്രീയ ശൂന്യത ഒരു അവസരമായി ഗണിച്ചുകൊണ്ട് രജനി വീണ്ടും സജീവമായി. 2017 ഡിസംബർ 31ന് രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കാനും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ 234 സീറ്റുകളിലും മത്സരിക്കാനും തീരുമാനിച്ചു. ‘ആത്മീയ രാഷ്ട്രീയം’ എന്ന ആശയവും മുന്നോട്ടുവെച്ചു. യുക്തിചിന്തയിൽ അധിഷ്ഠിതമായ ദ്രാവിഡ പ്രത്യയശാസ്‌ത്രം വേരിറങ്ങിയ തമിഴ്‌നാട്ടിൽ ആത്മീയ രാഷ്ട്രീയം എന്ന രജനിയുടെ പ്രസ്താവന വലിയ കോലാഹലമുണ്ടാക്കി.

തന്റെ രാഷ്ട്രീയം ഏതെങ്കിലും മതത്തെ ആശ്രയിച്ചല്ലെന്നും അടിസ്ഥാനപരമായ മാനുഷികമൂല്യങ്ങളെ മാനിക്കുകയും ജാതി-മത വിഭജനങ്ങൾക്കെതിരെ ശബ്ദിക്കുകയും ചെയ്യുന്ന ആശയമാണതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, ഇതെല്ലാം തമിഴ്‌നാട്ടിൽ ബി.ജെ.പിക്ക് വേരുറപ്പിക്കാനുള്ള ഹിന്ദുത്വയുടെ പ്രച്ഛന്ന പ്രകടനങ്ങളാണെന്നുള്ള നിലപാടിൽ വിമർശകർ ഉറച്ചുനിന്നു. രാഷ്ട്രീയത്തിലിറങ്ങാനുള്ള ഒരുക്കത്തിന്റെ ഭാഗമായി ആരാധകസംഘടനയെ 2018ൽ രജനി മക്കൾ മൻട്രം എന്ന പേരിൽ അദ്ദേഹം പുനഃസംഘടിപ്പിച്ചു. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ഒരു വെബ് പോർട്ടലും മൊബൈൽ ആപ്പും സ്ഥാപിച്ചു.

ഏകദേശം 30 ലക്ഷം ആളുകൾ ആദ്യ വർഷത്തിൽ തന്നെ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്തു. സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തുക​െളയും അടിസ്ഥാനപ്പെടുത്തി ബൂത്തുകമ്മറ്റികൾ രൂപവത്കരിച്ചു. പുതിയ പാർട്ടി എന്ന നിലയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ശക്തമായ അച്ചടക്കനയം രൂപപ്പെടുത്തി. ഇതിന്റെ ഭാഗമായി ദീർഘകാലം ആരാധക സംഘടനയെ നയിച്ചിരുന്ന ആളുകളെ മുഖ്യപദവികളിൽനിന്ന് നീക്കംചെയ്ത് പ്രഫഷനൽ മാനേജർമാരെയും അഭിഭാഷകരെയും പകരം നിയമിച്ചു.

കടങ്കഥകൾക്ക് വിരാമം

2020 ഡിസംബർ മൂന്നിന് പോയസ് ഗാർഡനിലെ വസതിയിൽ നടത്തിയ ആവേശോജ്വലമായ പ്രസംഗത്തിൽ ‘ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല’ എന്ന പ്രഖ്യാപനത്തിന്റെ അകമ്പടിയോടു പാർട്ടി രൂപവത്കരണം 2021 ജനുവരിയിൽ ഉണ്ടാകുമെന്നു അറിയിച്ചു. താൻ പാർട്ടിയെ നയിക്കുമെന്നും എന്നാൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകാനില്ലെന്നും 2020 മാർച്ച് 12നു മറ്റൊരു പ്രഖ്യാപനവും നടത്തി. എന്നാൽ, 2020 ഡിസംബർ 29ാം തിയതി, ‘അണ്ണാത്തെ’ സിനിമയുടെ ചിത്രീകരണത്തിനിടെ അമിത രക്തസമ്മർദവും മുമ്പ് നടത്തിയ കിഡ്നി മാറ്റിവെക്കലുമായി ബന്ധപ്പെട്ടതടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളും കോവിഡ് ഭീഷണിയും ചൂണ്ടിക്കാട്ടി സകലരെയും അമ്പരപ്പിച്ചുകൊണ്ട് രാഷ്ട്രീയ പാർട്ടി രൂപവത്കരണത്തിൽനിന്ന് പിന്മാറുന്നതായി രജനിയുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നു.

2021 ജൂലൈ 12നു ചെന്നൈയിൽ ആരാധക സംഘടനാപ്രവർത്തകരെ വിളിച്ചുകൂട്ടി നടത്തിയ സമ്മേളനത്തിൽ ആർ.എം.എം എന്ന സംഘടന പഴയപടി രാഷ്ട്രീയേതര, സന്നദ്ധ ആരാധകസംഘടനായി തുടരാൻ തീരുമാനിച്ചു. സംഘടനയിൽ പുതുതായി നിയമിക്കപ്പെട്ടിരുന്ന പ്രാദേശിക നേതാക്കളും താഴേക്കിടയിലെ പ്രവർത്തകരും മറ്റു രാഷ്ട്രീയ സംഘടനകളിലേക്ക് ചേക്കേറിയതോടെ രജനിയുടെ രാഷ്ട്രീയ പ്രവേശം എന്ന കടങ്കഥക്ക് വിരാമമായി.

രൂപവത്കരിച്ച് രണ്ടര വർഷംപോലും തികയാത്ത വിജയിയുടെ ടി.വി.കെ എന്ന സംഘടന തമിഴ്നാടിന്‍റെ അധികാരം പിടിച്ചടക്കിയത് രജനിയടക്കമുള്ള രാഷ്ട്രീയാഭിലാഷം കൊണ്ടുനടക്കുന്ന നായക താരങ്ങളെ അത്ഭുതപ്പെടുത്തുകയുണ്ടായി. പലവട്ടം മാറ്റിവെച്ച രാഷ്ട്രീയ പ്രവേശന തീരുമാനത്തെ കുറിച്ചും വിജയിയുമായി തൊഴിൽ പരമായ അസൂയ ഉണ്ടെന്നുള്ള അഭ്യൂഹങ്ങളെ കുറിച്ചും ഈയിടെ നടത്തിയ മാധ്യമ സമ്മേളനത്തിലെ രജനിയുടെ വിശദീകരണവും വലിയ ചർച്ചയായി.

 

രജനികാന്ത് ആരാധകർക്കിടയിൽ 

തമിഴ്‌നാടിന്റെ രാഷ്ട്രീയ നേതൃത്വത്തിൽ കണ്ണുവെച്ച് മൂന്നു ദശകങ്ങളിലധികം കാലം രജനി നടത്തിയ പരിശ്രമങ്ങൾക്കും പിൻവാങ്ങലുകൾക്കും സമാനതകളില്ല. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് നേരിടേണ്ടിവന്ന സമ്മർദങ്ങൾ മൂന്നുതലങ്ങളിൽ വിശദീകരിക്കാമെന്നു തോന്നുന്നു. ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ എന്നിങ്ങനെ ഇരുധ്രുവങ്ങൾ കേന്ദ്രീകരിച്ച ശക്തമായ ബൃഹദാഖ്യാന രാഷ്ട്രീയ സംവിധാനങ്ങൾക്കിടയിൽ മറ്റൊരു സാധ്യതക്ക് ഇടംകണ്ടെത്താനുള്ള സാഹചര്യം ഒരുങ്ങിയിരുന്നില്ല, അക്കാര്യത്തിലുള്ള രജനിയുടെ സംശയം നിവൃത്തിക്കപ്പെട്ടുമില്ല.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചലച്ചിത്ര താരം വിജയിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെടുക്കാൻ സാധിച്ചത് ബൃഹദ്‌രാഷ്ട്രീയത്തിനു പുറംതിരിഞ്ഞുനിന്ന് സമ്മർദം ചെലുത്താനാവുന്ന തലമുറയുടെയും കാലത്തിന്റെയും പ്രത്യേകതകൊണ്ട് കൂടിയാണ്. ദൈവ സമാനതയോടെ പരിഗണിക്കപ്പെടുന്ന ഒരാൾക്ക് ജനാധിപത്യ സംവിധാനത്തിൽ മത്സരിച്ചു പരീക്ഷിക്കപ്പെടുന്ന നിലയോട് പൊരുത്തപ്പെടാവുന്നതല്ല എന്ന ഘടകവും മറ്റൊരു പ്രധാന കാരണമാണ്. പ്രതീക്ഷയുടെ ഭാരംതാങ്ങാവുന്ന ഒരു മനോഘടനയല്ല രജനിയുടേത്. എതിർപ്പുകളോട് പോരാടി വിജയം കണ്ടെത്തുന്ന സ്ക്രീനിലെ നായകനല്ല യഥാർഥ വ്യക്തിജീവിതത്തിൽ രജനി.

തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഘടനാപരമായ സവിശേഷതകളെ മനസ്സിലാക്കി പ്രവർത്തിക്കാനുള്ള പരിചയക്കുറവും രാഷ്ട്രീയവത്കരിക്കപ്പെടാത്ത ആരാധകക്കൂട്ടായ്മയും എം.ജി.ആർ എന്ന രാഷ്ട്രീയതാരവുമായി ഉണ്ടാകാവുന്ന താരതമ്യവും ഒക്കെ നടക്കാതെപോയ രാഷ്ട്രീയ പ്രവേശനത്തെ സ്വാധീനിച്ച ഘടകങ്ങളാണ്. പരീക്ഷിക്കപ്പെടാത്ത രജനിയുടെ രാഷ്ട്രീയജീവിതത്തിന്റെ വിശകലനത്തിൽ, ദ്രാവിഡ പ്രത്യശാസ്ത്രത്തിന്റെയും ദലിത്-തൊഴിലാളി മുന്നേറ്റങ്ങളുടെയും ഭൂമികയിൽ സവിശേഷമായ, എന്നാൽ പ്രതിലോമകരമെന്നു വിലയിരുത്താവുന്ന സാംസ്‌കാരിക പ്രതിഭാസം എങ്ങനെ രൂപംകൊണ്ടു എന്നതാണ് പ്രധാനമായും പരിഗണിക്കപ്പെടേണ്ട വിഷയം.

(അവസാനിച്ചു)

News Summary - Rajinikanth’s Cinematic Hegemony and the Myth of His Political Entry