Begin typing your search above and press return to search.
proflie-avatar
Login

ബഹുലതയുടെ ലീലകള്‍

കൃഷ്‌ണേന്ദു കലേഷിന്റെ ആദ്യ ഫീച്ചർ സിനിമയായ ‘പ്രാപ്പെട’ കാണുന്നു. അസാധാരണമായ പേരുപോലെത്തന്നെ സിനിമയും അസാധാരണമാണെന്ന് ചലച്ചിത്ര നിരൂപകനായ ലേഖകൻ. ഇൗ സിനിമ എങ്ങനെയൊക്കെയാണ് വ്യത്യസ്തമായിരിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ബഹുലതയുടെ ലീലകള്‍
cancel

നമ്മുടെ സിനിമകള്‍ ഭൂരിഭാഗവും റിയലിസത്തിന്റെ ഇടുങ്ങിയ ബോഗികളുള്ള ഒറ്റ ട്രാക്കിലൂടെ സഞ്ചരിക്കുന്ന വണ്ടികള്‍ പോലെയാണ്. (ഈ വണ്ടി എപ്പോഴെങ്കിലും പാളംതെറ്റാന്‍ കാത്തിരിക്കുന്നവര്‍ക്ക് തെറ്റി, വണ്ടി ഒരിക്കലും പാളം തെറ്റുന്നില്ല.) നമ്മെ സംബന്ധിച്ച് റിയലിസം എന്നാല്‍ സ്വാഭാവികമായ പെരുമാറ്റം, സ്വാഭാവിക രീതിയില്‍ സംഭാഷണം പറയുക, മേക്കപ്പ്, വസ്ത്രധാരണം എന്നൊക്കെയാണ്. ഡിജിറ്റലിന്റെ വരവോടെ ലൈവ് ശബ്ദം ഉപയോഗിച്ചുകൊണ്ട് ജീവിതത്തെ ഒപ്പിയെടുക്കാനാണ് നാം ശ്രമിക്കുന്നത്. ഒരു അഭിനേതാവ് / അഭിനേത്രി കഥാപാത്രമായി ജീവിച്ചു എന്ന രീതിയിലാണ് നാം ഇന്നും സിനിമയെയും റിയലിസത്തെയും കാണുന്നത്. എന്നാല്‍ Rudolf...

Your Subscription Supports Independent Journalism

View Plans

മ്മുടെ സിനിമകള്‍ ഭൂരിഭാഗവും റിയലിസത്തിന്റെ ഇടുങ്ങിയ ബോഗികളുള്ള ഒറ്റ ട്രാക്കിലൂടെ സഞ്ചരിക്കുന്ന വണ്ടികള്‍ പോലെയാണ്. (ഈ വണ്ടി എപ്പോഴെങ്കിലും പാളംതെറ്റാന്‍ കാത്തിരിക്കുന്നവര്‍ക്ക് തെറ്റി, വണ്ടി ഒരിക്കലും പാളം തെറ്റുന്നില്ല.) നമ്മെ സംബന്ധിച്ച് റിയലിസം എന്നാല്‍ സ്വാഭാവികമായ പെരുമാറ്റം, സ്വാഭാവിക രീതിയില്‍ സംഭാഷണം പറയുക, മേക്കപ്പ്, വസ്ത്രധാരണം എന്നൊക്കെയാണ്. ഡിജിറ്റലിന്റെ വരവോടെ ലൈവ് ശബ്ദം ഉപയോഗിച്ചുകൊണ്ട് ജീവിതത്തെ ഒപ്പിയെടുക്കാനാണ് നാം ശ്രമിക്കുന്നത്. ഒരു അഭിനേതാവ് / അഭിനേത്രി കഥാപാത്രമായി ജീവിച്ചു എന്ന രീതിയിലാണ് നാം ഇന്നും സിനിമയെയും റിയലിസത്തെയും കാണുന്നത്. എന്നാല്‍ Rudolf Arnheimന്റെ അഭിപ്രായത്തില്‍, "Film can never be a simple reproduction of reality. On the contrary, filmic images have the ability to shape reality and produce meaning. Film interprets the visible world through authentic phenomena from this world and thus takes hold of experience...Images do not imitate reality, they hint at it."

സിനിമയുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ റിയലിസത്തെ പല രീതിയില്‍ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി കാണാം, ഇപ്പോഴും തുടരുന്നു. നിയോ റിയലിസം, എക്സ്പ്രഷനലിസം, സര്‍റിയലിസം, മോഡേണിസം, പോസ്റ്റ്‌- മോഡേണിസം എന്നിങ്ങനെ. അതുപോലെ ലോക സിനിമയില്‍ പല ഴോണറുകള്‍ വിദഗ്ധമായി ഉപയോഗിച്ച സിനിമകളും ഉണ്ട് -Action, Musical, Comedy, Horror, Science Fiction, Mystery. എന്നാല്‍ നമ്മുടെ നാട്ടില്‍ വ്യത്യസ്ത ഴോണറിലുള്ള സിനിമകളും ഇല്ല. പല കലാരൂപങ്ങളും സങ്കേതങ്ങളും കൂടിക്കുഴഞ്ഞുകൊണ്ട് സിനിമ ഇന്ന് സങ്കരമായിരിക്കുന്നു. ഇത്തരം പല സൃഷ്ടികളും സിനിമയാണോ പെയിന്റിങ് ആണോ, െപർഫോമെന്‍സ് ആണോ, ശിൽപമാണോ എന്ന് വ്യവച്ഛേദിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഈ രീതിയില്‍ ഭാവനയും സാങ്കേതിക വിദ്യയും സിനിമയിൽ വമ്പിച്ച മാറ്റങ്ങള്‍ കൊണ്ടുവന്നുവെങ്കിലും നമുക്ക് ഒരു നല്ല 3D സിനിമപോലും ഇല്ല.

എഴുപതുകളില്‍ സജീവമായിരുന്ന നമ്മുടെ ആര്‍ട്ട് സിനിമകളില്‍ മെല്ലെ ഒരു ഫോര്‍മുല ഉണ്ടായിവന്നു. വിഷയത്തിലും രൂപത്തിലും ഈ സംവിധായകര്‍ ഒരു പ്രത്യേക രീതി പിന്തുടര്‍ന്നു. അന്നത്തെ ആർട്ട് സിനിമ, ഓഫ് ബീറ്റ് സിനിമ എന്നൊക്കെ വിളിച്ചിരുന്ന സിനിമകളുടെ ശൈലിയില്‍നിന്ന് അടിമുടി വ്യത്യസ്തമായ 'ഓം ദര്‍-ബ-ദര്‍' എന്ന സിനിമയുടെ സംവിധായകന്‍ കമല്‍ സ്വരൂപ്‌ ഇതേക്കുറിച്ച് ഇപ്രകാരം പറയുകയുണ്ടായി: ''അവര്‍ ഒരു പ്രത്യേക ഫോര്‍മാറ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. നമ്മുടെ ന്യൂ വേവിന്റെ ഭാഗമായ എത്രപേര്‍ സര്‍റിയലിസം, മാജിക്കല്‍ റിയലിസം അല്ലെങ്കില്‍ അബ്സേര്‍ഡിസം മുതലായ സങ്കേതങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്?" പല ശൈലികള്‍ ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ 'ഓം ദര്‍-ബ-ദര്‍' എന്ന സിനിമയെ ഒരു ഴോണറിലും ഉൾക്കൊള്ളിക്കാനാവില്ല..

കൃഷ്‌ണേന്ദു കലേഷിന്റെ ആദ്യ ഫീച്ചർ സിനിമയായ പ്രാപ്പെട (Hawk's Muffin) ഈയിടെ Bright Future Section of International Film Festival of Rotterdamല്‍ പ്രീമിയര്‍ ചെയ്യപ്പെടുകയുണ്ടായി. കേരളത്തിലെ അന്താരാഷ്‌ട്ര മേളയിലും ഈ സിനിമ പ്രദര്‍ശിപ്പിക്കുകയുണ്ടായി. അസാധാരണമായ പേരുപോലെത്തന്നെ സിനിമയും അസാധാരണമാണ്.


കൊറോണക്കാലത്ത് നിർമിച്ച ഈ സിനിമ പാന്റമിക്കിന്റെ ഒരു മിനിയേച്ചർ അവസ്ഥയാണ് എന്നു പറയാം. 'ഹോക്സ് മഫിൻ' എന്ന ഇംഗ്ലീഷ് ശീര്‍ഷകത്തിന് ഒന്നിലധികം അർഥങ്ങളുണ്ട്: യുദ്ധം, യുദ്ധ വിമാനം, പരുന്തിന്റെ നിരീക്ഷണ സ്വഭാവം, പരുന്തിന്റെ ഭക്ഷണം, അല്ലെങ്കില്‍ വിമാനത്തിൽനിന്ന് ബോംബ് ഇടുന്നതിന്റെ പ്രതീകമാവാം. പ്രാപ്പെട എന്നാല്‍ പെൺപ്രാവെന്നോ അല്ലെങ്കില്‍ പിടക്കുന്ന പ്രാവെന്നോ മനസ്സിലാക്കാം. ഈ രീതിയില്‍ ശീര്‍ഷകത്തിന്റെ സാധ്യതകളും അർഥങ്ങളും ബന്ധങ്ങളും അവലോകനം ചെയ്യുന്നതുപോലെ ശ്രമകരമാണ് സിനിമയുടെ കാഴ്ചയും. ഒറ്റക്കാഴ്ചയില്‍ സിനിമ നമുക്ക് വഴങ്ങണം എന്നില്ല.

സംവിധായകന്റെ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തിന്റെ 'കരിഞ്ചാത്തന്‍' എന്ന ചെറു സിനിമയില്‍ വലിയ തോതിൽ കാണാം. ഒരു ചാത്തനെ വകവരുത്താന്‍ വരുന്ന രണ്ടുപേർ. അതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍. ഈ സിനിമയില്‍ പല ഴോണറുകൾ കൂടിക്കുഴയുന്നു. പല സിനിമാ ശൈലികള്‍ക്കുള്ള ആദരം. 'പ്രാപ്പെട'യുടെ ഡി.എന്‍.എ ആണ് ഈ സിനിമ എന്നു വിശേഷിപ്പിക്കാം. നമ്മെ കുത്തിമലര്‍ത്തുന്ന രീതിയിലുള്ള ആക്ഷേപഹാസ്യം കറുത്ത ഹാസ്യമായി മാറുന്നു. വെറുതെയല്ല, 'പ്രാപ്പെട'യില്‍ സംവിധായകന്‍ ബഷീറിനെ ഉദ്ധരിക്കുന്നത്.

സിനിമകളോടുള്ള പ്രത്യേക രീതിയിലുള്ള സ്നേഹം 'പ്രാപ്പെട'യിലും കാണാം. ആലക്തികമായതും അത്യാവേശം നിറഞ്ഞതുമായ അഭിനിവേശം. സിനെഫിലെ എന്നാൽ ദൈനംദിന ജീവിതത്തിലെ ഒരു പ്രധാന ശക്തി എന്ന രീതിയില്‍ സിനിമയുടെ പ്രാധാന്യത്തോട് ഇണങ്ങുക. ഒപ്പം സിനിമയുടെ സൗന്ദര്യശാസ്ത്രത്തോടുള്ള തീക്ഷ്ണമായ പ്രതിജ്ഞാബദ്ധത. ഈ രീതിയിലുള്ള ഒരു സിനിമാപ്രേമിക്ക് മാത്രമേ സിനിമയുടെ മഹത്ത്വങ്ങൾ വെളിപ്പെടുത്താൻ കഴിയൂ. സിനിമയോടുള്ള ഈ പ്രണയം 'പ്രാപ്പെട' എന്ന സിനിമയുടെ തുടക്കത്തിൽ ആദരമര്‍പ്പിച്ച നാലു പേരുകളില്‍നിന്നുതന്നെ വ്യക്തമാവുന്നു. George Melies, Andrei Tarkovsky, Hayayo Miyazaki, Guillermo del Toro എന്നിവരാണ് ഈ ചലച്ചിത്രകാരന്മാര്‍.

സിനിമയുടെ തുടക്കംതൊട്ടുതന്നെ ജോര്‍ജ്‌ മെലെയിലൂടെ സിനിമ മാജിക്കിന്റെ, ഫാന്റസിയുടെ, ഭാവനയുടെ തലത്തിലൂടെ സഞ്ചരിച്ചു. അതിന് ആവശ്യമായ സ്പെഷല്‍ ഇഫക്റ്റുകള്‍ അദ്ദേഹം വികസിപ്പിച്ചു. അദ്ദേഹത്തിന്റെ സിനിമകളെ സയന്‍സ് ഫിക്ഷന്റെ, ഫാന്റസി സിനിമകളുടെ ആദിരൂപമായി പലരും കണക്കാക്കുന്നു. എന്നാല്‍ പിന്നീട് ആർട്ട് ഹൗസ് സിനിമക്കാര്‍ ഈ വഴിയിലൂടെ കാര്യമായി സഞ്ചരിച്ചില്ല. 'പ്രാപ്പെട' ഈ രീതിയിലും ശ്രദ്ധേയമാണ്.

നമ്മുടെ ആര്‍ട്ട് സിനിമകള്‍ പലപ്പോഴും സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഭാവനാത്മകമായി ഉപയോഗിക്കാൻ മടിച്ചിരുന്നു. സിനിമ സാങ്കേതിക വിദ്യയില്‍നിന്ന് ജനിച്ച ഒരു കലയാണല്ലോ. അപ്പോള്‍ ആ രീതിയില്‍ ഉപയോഗിക്കുകയല്ലേ വേണ്ടത്? 'പ്രാപ്പെട' പുതിയ കാലത്തെ സാങ്കേതിക വിദ്യയെ ക്രിയാത്മകമായി ഉപയോഗിക്കുന്നു. പല ദൃശ്യങ്ങളും VFXലൂടെ സൃഷ്ടിക്കപ്പെട്ടതാണ്. ഇത് അന്താരാഷ്ട്ര നിലവാരത്തിന് തുല്യമാണത്രേ.

ഈ സിനിമയില്‍ സ്ഥലവും കാലവും അടയാളപ്പെടുത്തിയിട്ടില്ല. ക്രമരഹിതമായ ഒരു ഡിസ്റ്റോപ്പിയൻ ഭാവിയിൽ ഒരുക്കിയ സിനിമയാണ് ഇത് എന്നു പറയാം. യുദ്ധം, അധിനിവേശം, അഭയാർഥികൾ, മുതലാളിത്തം, ഇക്കോ ഫാഷിസം, കോർപറേറ്റിസം, അധികാരം, പ്രാകൃത ചോദനകള്‍, മൃഗീയത സ്നേഹം, കൊതി, അത്യാഗ്രഹം- അങ്ങനെ വിഷയങ്ങള്‍ പല അടരുകളായി അടുക്കിയതുപോലെ. ഒരു ദുരന്തസാഹചര്യത്തില്‍ പോലും മനുഷ്യര്‍ ഒന്നിച്ചുനില്‍ക്കുകയല്ല, സ്വാർഥരാവുകയാണ്. എല്ലാവരും അവകാശപ്പെട്ടതിനെക്കുറിച്ചാണ് സംസാരിക്കുന്നത്, പുറത്തുനിന്നുള്ളവരെ ആരും സഹിക്കുന്നില്ല. ലോകം തളർത്തുന്ന വൈറസ് ആക്രമണത്തിന്റെ നടുക്കത്തിൽ ആയിരിക്കുമ്പോൾ ഒരു ബോംബ് പൊട്ടിച്ചതിന് ഒരു പൈലറ്റ് സമ്മാനിച്ച പൈതൃകത്തെ ചൊല്ലിയാണ് തര്‍ക്കവും ആക്രമണവും വിഭജനവും.

എന്നാല്‍ ഇതൊന്നും പ്രത്യക്ഷതാ നമുക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍, ഗ്രഹിക്കാന്‍ കഴിയില്ല. സിനിമ പല ഴോണറുകള്‍ ഉപയോഗിക്കുന്നതിനാൽ സിനിമാക്കാഴ്ച സങ്കീർണമാവുന്നു. കാണുന്ന ആളുടെ ഭാവനക്കനുസരിച്ച് ഇതില്‍നിന്ന് ഒന്ന് അല്ലെങ്കില്‍ ചിലത് കണ്ടെടുക്കാം. ചിലത് നമുക്ക് പെട്ടെന്ന് വെളിപ്പെട്ടുവരും. മറ്റു ചിലത് അങ്ങനെയല്ല. മസ്തിഷ്കത്തില്‍ എല്ലാം ഓർമകളായി നിലനില്‍ക്കുന്നുണ്ട്. സിനിമ കാണുമ്പോള്‍ ചില ദൃശ്യങ്ങള്‍ നമ്മെ ഈ ഓർമയുടെ ഭണ്ഡാരത്തിലെ ചിലതുമായി ബന്ധിപ്പിച്ചു മനസ്സിലാക്കാന്‍ കഴിയുന്നു. അതായത് മുമ്പെന്നോ കണ്ടതെന്നും അനുഭവിച്ചതെന്നും തോന്നുന്ന പ്രതീതി. സ്വപ്നതുല്യമായ അനുഭവം. കണ്മുന്നില്‍ കാണുന്നതെല്ലാം മുമ്പേ എന്നോ സ്വപ്നത്തില്‍വന്നവയെന്ന തോന്നല്‍. മുമ്പേ അനുഭവിച്ചത് എന്ന തോന്നല്‍. ഇത് ഞാന്‍ കണ്ടിട്ടുള്ളതാണല്ലോ എന്ന തോന്നല്‍.

നമ്മുടെ സിനിമകള്‍ പൊതുവെ ഏക ദിശയിൽ സഞ്ചരിക്കുന്നവയാണ്. ഒരാശയത്തെ വികസിപ്പിച്ച് മുന്നോട്ടു കൊണ്ടുപോയി ക്ലൈമാക്സില്‍ എത്തിക്കുന്നു. പ്രധാന ആശയത്തെ പരിപോഷിപ്പിക്കാനായി, പരിസമാപ്തിയിൽ എത്തിക്കാനായി ചെറിയ ചെറിയ സംഭവങ്ങള്‍ അവതരിപ്പിക്കും. ഇവിടെ ഐക്യത്തിനാണ് / ഏകതക്കാണ് പ്രാധാന്യം. എന്നാല്‍ 'പ്രാപ്പെട'യില്‍ ഒന്നല്ല പല ആശയങ്ങൾ ഉണ്ട്. 'പ്രാപ്പെട'യുടെ ആഖ്യാനത്തിന്റെയും രൂപത്തിന്റെയും ശൈലിയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഏറ്റവും ഉചിതമായ വാക്ക് അനേകതയാണ് (Multiplicity). അനേകത വലിയ സാധ്യത ഒരുക്കുന്നു. മണി കൗള്‍ അനേകതയെ കുറിച്ച് The Uncloven Space എന്ന അഭിമുഖ പുസ്തകത്തില്‍ വിശദമായി സംസാരിക്കുന്നുണ്ട്.

അനേകതപോലെ സിനിമയില്‍ പല ഴോണറുകളും ഉപയോഗിച്ചിട്ടുണ്ട്. ഇവയൊക്കെ ചേരുമ്പോള്‍ സിനിമയെ കുറിച്ച് ഒറ്റക്കാഴ്ചയില്‍ ഒരു ധാരണയുണ്ടാക്കുക എളുപ്പമല്ല. സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ ഈ രീതിയില്‍ ധാരാളം മഹത്തായ സിനിമകള്‍ ഉള്ളതായി കാണാം, നിശ്ശബ്ദ സിനിമയുടെ കാലംതൊട്ടുതന്നെ. ലൂയി ബുനവേലിന്റെ An Andalusian Dog (Un Chien Andalou), മായാ ഡെറന്റെ The Meshes of the Afternoon മുതലായ സിനിമകള്‍ ഉദാഹരണം. ഇതുപോലുള്ള സിനിമകള്‍ നമ്മള്‍ യാഥാർഥ്യം എന്ന് സങ്കല്‍പ്പിക്കുന്നതിനെ വളച്ചൊടിക്കുകയും വികൃതമാക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. അപ്പോള്‍ സിനിമ സാമ്പ്രദായിക രീതിയിൽ ഒരർഥവും ഉണ്ടാക്കില്ല. അപ്പോള്‍ അർഥം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് വിഫലമായ വ്യായാമമായിരിക്കും.

സിനിമയില്‍ യുദ്ധം ഒരു പ്രധാന വിഷയമാണ്. എന്നാൽ യുദ്ധവും സിനിമ കൈകാര്യം ചെയ്യുന്ന മറ്റു വിഷയങ്ങളും വ്യക്തമായ, സുതാര്യമായ രീതിയിലല്ല അവതരിപ്പിക്കുന്നത്‌. നമ്മുടെ സിനിമകളില്‍ എല്ലാം വ്യക്തമായിരിക്കണമല്ലോ. നമുക്ക് എല്ലാം മനസ്സിലാവണം - സംഭവങ്ങള്‍, കഥാപാത്രങ്ങള്‍, അവരുടെ ഉദ്ദേശ്യം എല്ലാം. ഒരു പുസ്തകം പോലെ ആളുകൾ സിനിമയെ സമീപിക്കാൻ സംവിധായകന്‍ ആവശ്യപ്പെടുന്നു, അവർ മുന്നോട്ട് പോകുമ്പോൾ വ്യാഖ്യാനങ്ങൾ ഉണ്ടാക്കുന്നു. സിനിമയിലെ നായിക കഥാപാത്രം തന്നെ ആശയക്കുഴപ്പത്തിലായ അവസ്ഥയിലാണ്. അതേ സമയം എല്ലാത്തിനെയും ബന്ധിപ്പിക്കാനുള്ള സൂചനകള്‍ സിനിമയില്‍ ഉണ്ട്. ഇത് ഇന്നത്തെ നമ്മുടെ ലോകാവസ്ഥതന്നെയാണ്. റൂബി എന്ന കഥാപാത്രം അക്രമത്തിലൂടെയാണ് വിജയം കൈവരിക്കുന്നത്. അസംബന്ധം എന്ന് തോന്നുമെങ്കിലും യാഥാർഥ്യത്തിന്റെ അടിത്തറയിലാണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ ഉപയോഗിച്ചിരിക്കുന്ന ബഷീറിന്റെ ഈ ഉദ്ധരണി യുദ്ധത്തെ കൃത്യമായി വിലയിരുത്തുന്നു: ''ഭൂഗോളത്തില്‍ രണ്ടു മനുഷ്യര്‍ അവശേഷിച്ചാല്‍ അവര്‍ രണ്ടു പേരും യുദ്ധം ചെയ്യും. ഒരുത്തന്‍ ശേഷിച്ചാൽ അവന്റെ ഇടതുകൈയും വലതുകൈയും തമ്മില്‍ ശണ്ഠകൂടും. ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കില്‍, സ്ത്രീ പുരുഷ ജാതി മതഭേദമെന്യേ സർവര്‍ക്കും പരമരസികന്‍ വരട്ടുചൊറി വരണം.''


യുദ്ധസിനിമകളെ കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ യുദ്ധസിനിമകൾ പൊതുവെ യുദ്ധത്തെ വികാരഭരിതവും ഉദ്വേഗജനകവും ആക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന യുക്രെയ്ന്‍ യുദ്ധത്തിന്റെ ടി.വി കാഴ്ചകള്‍ ഇതുപോലെയാണ്. മാത്രവുമല്ല, ടി.വി യുദ്ധവാര്‍ത്തകൾ അവതരിപ്പിക്കുന്നത്‌ ദൃശ്യമനോഹരമായ, സ്പെക്റ്റാക്കിള്‍ ആയ കമ്പ്യൂട്ടര്‍ ദൃശ്യങ്ങളും കവിത തുളുമ്പുന്ന വിവരണത്തിലൂടെയുമാണ്. ഈ വാര്‍ത്തക്കിടയിൽ തൊട്ടടുത്ത ദൃശ്യം പെയിന്റ് കമ്പനിയുടേത്. അപ്പോള്‍ യുദ്ധമേത്, പരസ്യമേത് എന്ന് സംശയം തോന്നുന്ന അവസ്ഥ.

പരസ്പര ബന്ധമില്ലാത്തത് എന്ന് തോന്നുന്ന രീതിയിലുള്ള അസാധാരണവും അസംബന്ധവും ആയി തോന്നുന്ന ദൃശ്യങ്ങളാൽ സമൃദ്ധമാണ്‌ സിനിമ. ഒരു സന്ദര്‍ഭത്തിൽ സേവ്യര്‍ അന്യഗൃഹ മനുഷ്യനെ വെടിെവച്ചതിനു ശേഷം പെണ്‍കുട്ടി നിലവിളിക്കുന്നു. അപ്പോള്‍ സേവ്യര്‍ അന്തരീക്ഷത്തിൽ ഉയരുന്നു. മറ്റൊരു സന്ദര്‍ഭത്തിൽ മലര്‍ന്നുകിടക്കുന്ന (പള്ളീലച്ചന്‍ പാടിയതിനു ശേഷമാണ് അയാള്‍ കുറെ ദിവസത്തേക്ക് ഉറങ്ങുക) സേവ്യറിന്റെ ശരീരം ആവര്‍ത്തിച്ചതായി അനുഭവപ്പെടുന്ന ഒരു കാഴ്ചയുണ്ട്. റബര്‍ തോട്ടത്തിൽ പെണ്‍കുട്ടി അന്തരീക്ഷത്തിൽ ഉയരുന്ന സന്ദര്‍ഭം മറ്റൊന്ന്. ആകാശത്തുനിന്ന് ക്ഷണനേരംകൊണ്ട് ഇറങ്ങുന്ന റോബോട്ടുകളുടെ ഒരു സൈന്യം, ഒരു കടൽത്തീരത്ത് ആമകളുടെ ഒരു കോളനി, വെള്ളച്ചാട്ടത്തിന് മുകളിലൂടെ നടക്കുന്ന ഒരു പെൺകുട്ടിയുടെ സ്വപ്നദർശനം. സംഭവങ്ങളുടെ നൈരന്തര്യം ഇല്ലാതാക്കിയിരിക്കുന്നു. ഒരു സംഭവത്തിന്റെ തുടര്‍ച്ച പിന്നീട് മറ്റൊരു സന്ദര്‍ഭത്തിലാണ് നാം കാണുന്നത്.

നമുക്ക് പെട്ടെന്ന് ഗ്രഹിക്കാന്‍ കഴിയാത്ത രീതിയിലുള്ള ധാരാളം ദൃശ്യങ്ങള്‍ സിനിമയില്‍ ഉണ്ട്. ഇവയെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കാന്‍ പ്രേക്ഷകര്‍ കുറെ സമയം എടുക്കുന്നു. മസ്തിഷ്കത്തെ കുറിച്ച് പഠിക്കുന്നവര്‍ (Neuro Scientists) ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. അതായത്, ഈ ദൃശ്യങ്ങള്‍ പ്രേക്ഷകരില്‍ എത്തി ഒരു ധാരണ ഉണ്ടാക്കാന്‍ സമയമെടുക്കുന്നു. കാണുന്നതിനും മനസ്സിലാക്കുന്നതിനും ഇടയിലുള്ള ഇടവേള. ഇതിനെ Delayed time എന്നു പറയാം. നാം അതിനെ ഉള്‍ക്കൊള്ളാൻ തുടങ്ങുമ്പോഴേക്കും അടുത്ത ദൃശ്യങ്ങള്‍ വരും. ഇതിലൂടെ പ്രേക്ഷക ഭാവനക്ക് അവസരം, സാധ്യത കൊടുക്കുന്നു. അപ്പോള്‍ ആയിരിക്കില്ല, പിന്നീട് എപ്പോഴെങ്കിലും, മറ്റൊരു സന്ദര്‍ഭത്തിൽ ആയിരിക്കും നാം ഇതിനെ മനസ്സിലാക്കുക. ചിലപ്പോള്‍ സമാനമായ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ആയിരിക്കാം, അല്ലെങ്കില്‍ സ്മൃതിയിലൂടെ ആയിരിക്കാം ഇത് സംഭവിക്കുക. അപ്പോള്‍ അന്ന് കണ്ട ദൃശ്യങ്ങളെ കുറിച്ച് നമുക്ക് ഒരു ധാരണ ഉണ്ടാവുന്നു. മാത്രവുമല്ല, പ്രേക്ഷകര്‍ക്ക് അവരുടെ പക്കലുള്ള വിവരങ്ങള്‍ (Information) ഇതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതായത്, സിനിമ ആസ്വദിക്കാനായി വിവരങ്ങള്‍ എത്രത്തോളം ഉണ്ട് എന്ന കാര്യം. അതായത് നമ്മുടെ ഡാറ്റാബേസില്‍ -ഓർമയില്‍, അറിവില്‍ -എത്രത്തോളം വിവരങ്ങള്‍ ഉണ്ട് എന്നതിനനുസരിച്ചായിരിക്കും നാം ഇതിനെക്കുറിച്ച്‌ ഒരു ധാരണ ഉണ്ടാക്കുക. മാത്രവുമല്ല, ഈ പ്രക്രിയയില്‍ പ്രേക്ഷകരുടെ പല അവസ്ഥക‍ൾ -സാമൂഹികവും സാംസ്കാരികവും ആയ പശ്ചാത്തലം -ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. അൽപം കൂടി വിശദമാക്കിയാല്‍, പ്രേക്ഷകരുടെ ആർജിത സംസ്കാരം ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. അതായത്, ഒരു ദൃശ്യം, കാഴ്ച നമ്മള്‍ കാണുമ്പോള്‍ നമ്മുടെ മുജ്ജന്മ വാസനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനനുസരിച്ചാണ് നാം ഇവയെ മനസ്സിലാക്കുന്നത് എന്നാണ് ഇന്ത്യന്‍ തത്ത്വചിന്ത പറയുന്നത്. അതേസമയം, ആ ദൃശ്യങ്ങള്‍ എന്തായിരുന്നു എന്ന് മനസ്സിലാകുക, അല്ലെങ്കില്‍ ഉരുക്കഴിക്കുക എന്നതുമാത്രമല്ല വിഷയം. സിനിമ കണ്ടുകൊണ്ടിരിക്കവെ പ്രേക്ഷകരില്‍ ഉണ്ടായ അനുഭൂതി പ്രധാനമാണ്.

സിനിമയുടെ ഘടന നാടോടി കഥയുടെ രൂപത്തിലാണ് എന്ന് പറയാം. ഇവിടെ എന്തും സംഭവിക്കാം. ഒരു സന്ദര്‍ഭത്തിൽ ''അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു, കാക്കകൊത്തി കടലിലിട്ടു''എന്ന പാട്ട് ഉപയോഗിച്ചിട്ടുണ്ട്. സിനിമയുടെ തുടക്കത്തില്‍ വിമാനം ബോംബിടുന്ന ഷോട്ട് ഉണ്ട്. ഒരു വിമാനം പറക്കുന്നു. കുരവയുടെ ശബ്ദം. ''അമ്മേ ദേ മേലോട്ട് നോക്കിയേ...'' കുട്ടികള്‍ എഴുതിയതുപോലെ. ''വല്യോരു പരുന്ത്''. ''അയിന്റെ വല്യ കണ്ടി.'' വിമാനം ബോംബിടുന്നു. നാടോടി കഥകളില്‍ മാന്ത്രികതയുണ്ട്. അത്ഭുതങ്ങളും വിചിത്രമായ കാര്യങ്ങളും എളുപ്പത്തിൽ സംഭവിക്കുന്നു. അവ വഴക്കമുള്ളവയാണ്. ഒരു കഥ അതിനുള്ളില്‍ മറ്റൊരു കഥ എന്ന രീതിയിലാണ് പുരോഗമിക്കുന്നത്. പഞ്ചതന്ത്ര, ജാതക കഥകളില്‍ ഒരു കഥ മറ്റൊരു കഥയിലേക്ക് യഥേഷ്ടം സഞ്ചരിക്കുന്നു. ഈ കഥകളിലെ സങ്കേതങ്ങള്‍ നമ്മെ കഥയിലേക്ക് / ആഖ്യാനത്തിലേക്ക് വലിച്ചടുപ്പിക്കുകയും അതേ സമയം പുറത്തു നിര്‍ത്തുകയും ചെയ്യുന്നു. അത്തരമൊരു ശൈലിയാണ് കലേഷ്‌ പിന്തുടരുന്നത്.

ആവര്‍ത്തനം സിനിമയിലെ ഒരു പ്രധാന വിഷയമാണ്. നമ്മുടെ വാമൊഴി പാരമ്പര്യത്തിലും നാടനും ക്ലാസിക്കലുമായ കലാരൂപങ്ങളിലും ആവര്‍ത്തനം വലിയ തോതില്‍ കടന്നുവരുന്നു. സംഗീതത്തിലും നൃത്തത്തിലും ആവര്‍ത്തനം ഉണ്ട്. സാഹിത്യം, പെയിന്റിങ് തുടങ്ങിയ മാധ്യമങ്ങളെ അപേക്ഷിച്ച് സിനിമയിൽ ആവർത്തന ഘടനകൾക്ക് വലിയ പ്രാധാന്യമുണ്ട്. സിനിമയില്‍ ആവര്‍ത്തനം പൊതുവെ ഉപയോഗിക്കുന്നത് കഥയുടെ പ്രധാനപ്പെട്ട വിവരങ്ങൾക്ക് അടിവരയിടുന്നതിനാണ്. സിനിമയും പ്രേക്ഷകരും തമ്മിലുള്ള ആശയവിനിമയത്തിൽ ഇത് ഒരു മൗലികമായ ആവശ്യമാണ്. സിനിമ മുന്നോട്ടു പോകവെ പ്രേക്ഷകര്‍ക്ക്‌ ആഖ്യാനപരമായ വിവരങ്ങൾ ലഭിക്കുകയും അവര്‍ അത് മനസ്സിലാക്കുകയും നിലനിർത്തുകയും ചെയ്യുന്നു. ഡേവിഡ് ബോർഡ്‌വെൽ വിശദീകരിക്കുന്നു: ''ഓരോ വസ്തുതയും മൂന്ന് തവണ പ്രസ്താവിക്കുക എന്നതാണ് ഹോളിവുഡ് മുദ്രാവാക്യം, ഒരിക്കൽ മിടുക്കനായ കാഴ്‌ചക്കാരനുവേണ്ടിയും രണ്ടാമത് ശരാശരി കാഴ്ചക്കാരനുവേണ്ടിയും മൂന്നാമത് പിന്‍നിരയിൽ ഇരിക്കുന്ന പ്രേക്ഷകനു വേണ്ടിയും.'' എന്നാല്‍ ഇതില്‍നിന്നു മാറിയ രീതിയില്‍ ആവര്‍ത്തനം ഉപയോഗിക്കുന്ന മഹത്തായ ധാരാളം സിനിമകള്‍ ഉണ്ട്. 'റാഷമോണ്‍' (Rashomon), ലാസ്റ്റ്‌ ഇയര്‍ അറ്റ് മരിയന്‍ബാദ്‌ (Last Year at Marienbad) എന്നീ സിനിമകള്‍ പെട്ടെന്ന് ഓർമയില്‍ വരുന്നു. വ്യക്തത ഉണ്ടാക്കുന്നതിനു പകരം പ്രേക്ഷകരില്‍ സന്ദിഗ്ധമായ അവസ്ഥ ഉണ്ടാക്കാനാണ് ഈ സിനിമകള്‍ ആവര്‍ത്തനം അവതരിപ്പിക്കുന്നത്‌.

സാധാരണയായി, ഒരേ ഷോട്ടിന്റെ, സീനിന്റെ ആവര്‍ത്തനം പല സന്ദര്‍ഭങ്ങളില്‍ ആയിരിക്കും അവതരിപ്പിക്കുന്നത്‌. എന്നാല്‍ 'പ്രാപ്പെട' എന്ന സിനിമയില്‍ ഒരേ ഷോട്ട് ഒന്നിനുപിറകെ മറ്റൊന്നായാണ് ആവര്‍ത്തിക്കുന്നത്. (രണ്ടു കഥാപാത്രങ്ങള്‍ എന്തോ ചുമന്നുകൊണ്ട് നടക്കുന്ന ദൃശ്യങ്ങളുടെ ആവര്‍ത്തനം.) ആവര്‍ത്തനത്തില്‍ സംഭവിക്കുന്ന ഒരു കാര്യം, ഒരേ വിവരത്തിന്റെ ആവര്‍ത്തിച്ചുള്ള കാഴ്ച പ്രേക്ഷകരെ ബോറടിപ്പിക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ പ്രേക്ഷകര്‍ സിനിമയുടെ ആക്ഷനില്‍നിന്ന് പുറത്തു കടക്കാം. അതുകൊണ്ടുതന്നെ നമ്മുടെ സിനിമകളില്‍ സാധാരണയായി ഈ രീതിയില്‍ ഷോട്ടുകളുടെ ആവര്‍ത്തനം ഉണ്ടാവാറില്ല. ഇത് വൈകാരികത ഇല്ലാതാക്കുന്നു. മൊത്തം സിനിമ വൈകാരിക തലത്തിലല്ല പ്രവര്‍ത്തിക്കുന്നത്. സിനിമയില്‍ ആത്മനിഷ്ഠത കുറവാണ്. സംഭവങ്ങളെ അൽപം മാറി നിന്ന് കാണുന്ന രീതിയാണ് പിന്തുടരുന്നത്. അപ്പോള്‍ എല്ലാം വലിയ തമാശയായി അനുഭവപ്പെടുന്നു.

സിനിമയില്‍ ശബ്ദത്തിന്റെ ഉപയോഗം ശ്രദ്ധേയമാണ്. പലരീതിയിലുള്ള ശബ്ദങ്ങളോടൊപ്പം കുരവയുടെയും ചേങ്ങിലയുടെയും ശബ്ദം പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. കൃത്യമായ ശബ്ദമോ സംഗീതമോ ഇല്ലാത്ത ഒരു ഭാവി-ഭൂമികയിലാണ് സിനിമയുടെ കഥ നടക്കുന്നത്, അതുകൊണ്ടുതന്നെ ശബ്ദങ്ങളെ ഒരു പ്രത്യേക സ്ഥലവുമായി ബന്ധിപ്പിക്കാൻ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. അദ്ദേഹം പറയുന്നു: "നമ്മുടെ കലാരൂപങ്ങളെയോ സ്ഥല-ചരിത്രത്തെയോ ചേർത്തുവെച്ചല്ല ഈ ശബ്ദങ്ങളെ ഉപയോഗിച്ചിരിക്കുന്നത്, ടെംപറൽ / നൈമിഷികമായ രീതിയിലാണ്, അവയിൽ പലതും കാടിന്റെ പശ്ചാത്തലത്തിൽ ഉള്ള തട്ട്-മുട്ട്-കൊട്ട് എന്ന പരമ്പരയിൽ ഉള്ള ശബ്ദശകലങ്ങൾ മാത്രമായിട്ടാണ്. മറ്റൊന്ന് പശ്ചാത്തലത്തിൽ പലപ്പോഴും റിയലിസ്റ്റിക് ശബ്ദമല്ല ഉപയോഗിച്ചിരിക്കുന്നത്. നേർരേഖയിലുള്ള ഒരു ആഖ്യാനം സിനിമയിൽ ഇല്ല. അതിനാൽ ആഖ്യാനത്തിനു വ്യക്തത വരാൻ പാകത്തിന് ശബ്ദത്തെ ഉപയോഗിച്ചിട്ടുമുണ്ട്. ഇടക്കിടെ ഒരു ശൈലിയെ തകർത്തു മറ്റൊന്നിലേക്ക് പോവുന്നു, പല തരത്തിലുള്ള ശബ്ദങ്ങളും വരുന്നു. ഫിലിമിന്റെ നോയ്‌സ്, റേഡിയോ ഫ്രീക്വന്‍സി, മോർസ് കോഡ് ബീപ്പിങ് മുതലായ ശബ്ദങ്ങളും, യുദ്ധ സംബന്ധമായ ശബ്ദങ്ങളും മറ്റും ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. പലപ്പോഴും ബാക്ക് സ്റ്റോറി, പാരലൽ റിയാലിറ്റി ഒക്കെ ശബ്ദങ്ങളിലാണ്, ഉദാഹരണത്തിന് ആമ ഇല്ലാത്തപ്പോൾ പോലും കഥയിൽ പലയിടത്തും ആമയുടെ കരച്ചിൽ കേള്‍ക്കാം, നേരത്തേ പറഞ്ഞത് പോലൊരു ക്ലൂ ആണ്, എന്നാൽ അത് തിരിച്ചറിയപ്പെടാനുള്ള സാവകാശം കൊടുത്തിട്ടില്ല, സൗണ്ട് സ്കേപ് ആണെന്ന രീതിയിൽ അങ്ങ് പോകും. സൗണ്ട് ഡിസൈൻ വഴി ഒരു സമാന്തര കഥപറച്ചിൽ ഉണ്ട്.''

കേരളത്തില്‍ 26 അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ ഉത്സവംപോലെ കഴിഞ്ഞു. ഇടിച്ചുകയറിയാണ് ജനങ്ങള്‍ സിനിമ കാണുന്നത്. പട്ടണങ്ങളില്‍ മാത്രമല്ല, ഉള്‍പ്രദേശങ്ങളിലും ഈ സിനിമകൾ ഉള്‍പ്പെടുത്തിയ മേളകൾ നടക്കുന്നു. ഒപ്പം ഫിലിം സൊസൈറ്റികളുടെ പ്രദര്‍ശനങ്ങള്‍. സ്കൂള്‍-കോളജ് തലത്തില്‍ സിനിമ സിലബസിന്റെ ഭാഗം, ധാരാളം മീഡിയ സ്കൂളുകള്‍. ലോകസിനിമയിലേക്ക് ഇത്രമാത്രം തുറസ്സ് ഉണ്ടായിട്ടും നമ്മുടെ ആസ്വാദനം ഒരു പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയതാണ്. നാം ബൈനറിയിൽ നിന്നുകൊണ്ടുമാത്രമാണ്-ഇടതു-വലത്, പുരോഗമനം-പിന്തിരിപ്പന്‍ എന്ന രീതിയിൽ സിനിമകൾ കാണുന്നതും എഴുതുന്നതും.

ആദ്യക്കാഴ്ചയിൽ അല്ലെങ്കിൽ സിനിമ കാണവെതന്നെ നിരൂപണം എഴുതുന്ന നമുക്ക് 'പ്രാപ്പെട' ദുരൂഹമായി അനുഭവപ്പെട്ടേക്കാം. കാരണം നമുക്ക് ഇത്തരം സിനിമകളുമായി ശീലമില്ല. ഈ സിനിമയുടെ കഥ അല്ലെങ്കില്‍ എന്ത് പറയുന്നു എന്നത് അത്ര പെട്ടെന്ന് സംഗ്രഹിക്കാൻ കഴിയില്ല. ഒന്നില്‍ കൂടുതൽ കാഴ്ച ആവശ്യപ്പെടുന്ന ഈ സിനിമയുടെ സങ്കീർണതകളിലേക്ക് നമ്മെ തുറന്നു വിടണം. ഓരോ സിനിമയും ഓരോ തരം കാഴ്ചകള്‍, സമീപനം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ നാം എല്ലാ സിനിമകള്‍ക്കും ഒരേ അളവുകോലാണ് ഉപയോഗിക്കുന്നത്.

സിനിമ കണ്ടവര്‍ ചോദിക്കുന്നത്, സിനിമ എന്തിനെ കുറിച്ചാണ്, അല്ലെങ്കില്‍ സംവിധായകൻ എന്താണ് പറയുന്നത് എന്നാണ്. എന്താണ് ഉദ്ദേശിക്കുന്നത് എന്ന് സ്രഷ്ടാവ് അക്കമിട്ടു പറഞ്ഞാലും പ്രേക്ഷകര്‍ക്ക്‌ മറ്റു പലതും തോന്നാമല്ലോ. ഇത് ഓരോ പ്രേക്ഷകനിലും / പ്രേക്ഷകയിലും നിക്ഷിപ്തമാണ്. ഇത് അവരുടെ സിനിമാ ജ്ഞാനം, ആര്‍ജിത സംസ്കാരം, സാമൂഹികാവസ്ഥ, പ്രായം എന്നിവയെയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ്. ഇതുകൊണ്ടാണ് അബ്ബാസ് കിയരോസ്തമി പറയുന്നത് ഒരു സിനിമ നൂറു പേര്‍ കണ്ടാല്‍ നൂറു സിനിമ ആവണം എന്ന്. ഉദാഹരണമായി, അദ്ദേഹത്തിന്റെ 'ടേസ്റ്റ് ഓഫ് ചെറി' എന്ന സിനിമ കണ്ട പ്രേക്ഷകര്‍ പറഞ്ഞത് അത് ആത്മഹത്യയെ കുറിച്ചാണ് എന്നായിരുന്നു. എന്നാല്‍, കിയരോസ്തമി പറയുന്നത് സിനിമ ജീവിതത്തെ കുറിച്ചാണ് എന്നാണ്. അതേ സമയം, ഒരു സ്ത്രീ പറഞ്ഞത് അതൊരു ഇറോട്ടിക് സിനിമയാണ്, കാമസൂത്രംപോലെ. പ്രേക്ഷകര്‍ ഓരോരുത്തരും അവരവരുടെ അനുഭവത്തിനനുസരിച്ച് സിനിമ സൃഷ്ടിക്കും. അതിന് സിനിമയില്‍ വിള്ളലുകളും ശൂന്യമായ ഇടങ്ങളും ഉണ്ടായിരിക്കണം. കാണുന്നവര്‍ക്ക് സ്വപ്നം കാണാനും അവന്റെ സ്വപ്നം സ്വതന്ത്രമായി പ്രകടിപ്പിക്കാനും അവസരം കൊടുക്കണം. പ്രേക്ഷകരുടെ ഭാവനയെ ബഹുമാനിക്കണം. സിനിമ പറയാന്‍ ഉദ്ദേശിക്കുന്നതിനെ പ്രേക്ഷകര്‍ അതേപോലെ മനസ്സിലാക്കണം എന്നത് പ്രേക്ഷകരെ മാനിക്കാത്തതുകൊണ്ടാണ്. അത് ജനാധിപത്യവിരുദ്ധമാണ്. സംവിധായകന്‍ പ്രേക്ഷകരെ ആശ്രയിക്കുന്നത് കാശിനു വേണ്ടി മാത്രമായിരിക്കരുത്.


എല്ലാ മനുഷ്യര്‍ക്കും നൈസര്‍ഗികമായ, ജൈവികമായ ആസ്വാദന / സംവേദന ശേഷിയുണ്ട്. അത് പല രീതിയില്‍ ആയിരിക്കും, അങ്ങനെ ആയിരിക്കണം. എന്നാല്‍ ചില താൽപര്യക്കാര്‍ ഇതിനെ പരുവപ്പെടുത്തി എടുക്കുകയായിരുന്നു. കാലാകാലമായി തുടര്‍ന്നുവന്ന ഈ പ്രക്രിയയിലൂടെ ആസ്വാദനത്തിന്റെ തലത്തിൽ അടിമകളാക്കപ്പെട്ട ജനങ്ങള്‍ക്ക് അതിൽനിന്ന് തീര്‍ത്തും വിഭിന്നമായ, കഥയുടെ തലത്തിലും പരിചരണത്തിന്റെ തലത്തിലും സന്ദിഗ്ധതകൾ ഉള്ള, പല പാഠങ്ങളും ഉപപാഠങ്ങളും ഉൽപാദിപ്പിക്കുന്ന, അനുവാചകനായി പലതും ബാക്കിവെക്കുന്ന രചനകൾ ആസ്വദിക്കാന്‍ കഴിയാതെ വരുന്നത് സ്വാഭാവികം മാത്രം.

കലയിലെ സംവേദനം എന്ന വിഷയം നാം എന്നേ ചര്‍ച്ചചെയ്തുകഴിഞ്ഞു. ജനപ്രിയ സിനിമകളില്‍ സംവേദനം ഒരു പ്രശ്നമാവുന്നില്ല. സംവേദനം എന്നതുകൊണ്ട് ഇവർ ഉദ്ദേശിക്കുന്നത് ഇപ്രകാരമാണെന്നു തോന്നുന്നു: ഒരു കലാകാരന്‍ / കലാകാരി തന്റെ സൃഷ്ടിയിലൂടെ ചില കോഡുകള്‍ പ്രക്ഷേപിക്കുന്നു. ഈ കോഡുകളെ അനുവാചകർ തന്റെ മനസ്സില്‍ വെച്ച് ഡീകോഡ് ചെയ്യുന്നു. അങ്ങനെ സംവേദനം പൂര്‍ത്തിയാകുന്നു. ഇതിനർഥം കലാകാരൻ / കലാകാരി സൃഷ്ടിയിലൂടെ 'ഉദ്ദേശിക്കുന്ന' കാര്യങ്ങൾ അനുവാചകർ അതേപടി 'മനസ്സിലാക്കുന്നു' എന്നാണ്. സംവേദനം ഏകദിശാ മാര്‍ഗത്തിലൂടെയുള്ള സംപ്രേഷണം അല്ലെന്നും അത് പല തലങ്ങളിലൂടെ അനുഭവവേദ്യമാകുന്ന പ്രക്രിയയാണെന്നും ഇവിടെ വിസ്മരിക്കപ്പെടുന്നു. 'പ്രാപ്പെട'യെ കുറിച്ച് വളരെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ സോഷ്യല്‍ മീഡിയയിൽ വരുന്നുണ്ട്. ഇത് വലിയ കാര്യമാണ്. അതുതന്നെയാണ് സിനിമയുടെ പ്രത്യേകതയും.

കേരളത്തില്‍ 26 അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ ഉത്സവംപോലെ കഴിഞ്ഞു. പട്ടണങ്ങളില്‍ മാത്രമല്ല, ഉള്‍പ്രദേശങ്ങളിലും ഈ സിനിമകൾ ഉള്‍പ്പെടുത്തിയ മേളകൾ നടക്കുന്നു. ഒപ്പം ഫിലിം സൊസൈറ്റികളുടെ പ്രദര്‍ശനങ്ങള്‍. സ്കൂള്‍-കോളജ് തലത്തില്‍ സിനിമ സിലബസിന്റെ ഭാഗം, ധാരാളം മീഡിയ സ്കൂളുകള്‍. ലോക സിനിമയിലേക്ക് ഇത്രമാത്രം തുറസ്സ് ഉണ്ടായിട്ടും നമ്മുടെ ആസ്വാദനം ഒരു പ്രത്യേക രീതിയില്‍ ചിട്ടപ്പെടുത്തിയതാണ്. നാം ബൈനറിയിൽ നിന്നുകൊണ്ടുമാത്രമാണ് -ഇടതു-വലത്, പുരോഗമനം-പിന്തിരിപ്പന്‍ എന്ന രീതിയിൽ -സിനിമകൾ കാണുന്നതും എഴുതുന്നതും. ഈ സാഹചര്യത്തിൽ സിനിമ പകരുന്ന അനുഭൂതിപോലും നമുക്ക് നഷ്ടമാവുന്നു.

സിനിമ മാറി. അനുനിമിഷം എന്ന പോലെ സാങ്കേതിക വിദ്യയില്‍ സംഭവിക്കുന്ന മാറ്റം സിനിമയും സ്വന്തമാക്കുകയാണ്. രൂപം മാത്രമല്ല, ഉള്ളടക്കവും സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് വ്യത്യസ്ത മാധ്യമങ്ങൾ തമ്മിൽ (ഉദാ: സിനിമ, ചിത്രം, ശിൽപം, പ്രകടനം) പരമ്പരാഗതമായി നിലനിന്നിരുന്ന അതിരുകൾ മാഞ്ഞുപോവുകയും വിവിധ കലാരൂപങ്ങള്‍ തമ്മിലുള്ള സങ്കലനവും സംയോഗവും (Hybrid) സിനിമയിൽ സംഭവിക്കുന്നു. ഈ സാഹചര്യത്തില്‍ നിലവിലുള്ള കാഴ്ചാശീലങ്ങൾ മതിയാവില്ല. എഴുത്തില്‍ പഴയ ആശയങ്ങളും പരികൽപനകളും മതിയാവില്ല. പുതിയ കാല സിനിമകളെ അഭിമുഖീകരിക്കാൻ ഒരു പുതിയ കണ്ണ് ആവശ്യമാണ്‌. (ബുനവേലിന്റെ Andalusian Dog (Un Chien Andalou) എന്ന സിനിമയില്‍ ക്ഷൗരക്കത്തികൊണ്ട് കണ്ണു കീറുന്ന ആ പ്രശസ്തമായ ദൃശ്യം ഒരു പുതിയ സിനിമാ കാഴ്ചയുടെ, കാഴ്ചയുടെ സംസ്കാരത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നു എന്ന് ആനുഷംഗികമായി കുറിക്കട്ടെ). 'പ്രാപ്പെട' ഈ വെല്ലുവിളി ഉയര്‍ത്തുന്നു. ഇതിന് നാം തയാറാണോ എന്നതാണ് വിഷയം.

News Summary - 'Prappeda' movie Review madhyamam weekly