Begin typing your search above and press return to search.
proflie-avatar
Login

സംവിധായകന്റെ കല

സംവിധായകന്റെ കല
cancel

എമിൽ മാധവി സംവിധാനം ചെയ്ത് സജിത മഠത്തിൽ അഭിനയിച്ച ‘പോഡ്കാസ്റ്റ് ഓപറ’ (Podcast Opera) എന്ന മലയാള നാടകം കാണുന്നു. ഈ നാടകം തിയറ്ററിന്റെയും മോഡേൺ പോഡ്കാസ്റ്റ് ഫോർമാറ്റിന്റെയും മനോഹരമായ സംയോജനമാണെന്ന് ലേഖിക. In solitude we give passionate attention to our lives, to our memories, to the details around us. -Virginia Woolf ലോക നാടകവേദിയുടെ ചരിത്രം പരിശോധിച്ച് നോക്കിയാൽ, മനുഷ്യൻ തന്റെ ചിന്തകളെയും വികാരങ്ങളെയും ആവിഷ്കരിക്കാൻ കണ്ടെത്തിയ ഏറ്റവും പ്രാചീനവും ശക്തവുമായ മാധ്യമങ്ങളിൽ ഒന്നാണ് നാടകമെന്ന് കാണാം. പുരാതന ഗ്രീസിലെ ‘ഡയോനിസസ്’ (Dionysus) ഉത്സവങ്ങളിൽനിന്നാണ് പാശ്ചാത്യ നാടകവേദിയുടെ ഉത്ഭവം. ഗ്രീക് നാടകകൃത്തുക്കളായ ഈസ്കിലസ്, സോഫോക്ലിസ്, യൂറിപ്പിഡസ് തുടങ്ങിയവർ നിർമിച്ച...

Your Subscription Supports Independent Journalism

View Plans
എമിൽ മാധവി സംവിധാനം ചെയ്ത് സജിത മഠത്തിൽ അഭിനയിച്ച ‘പോഡ്കാസ്റ്റ് ഓപറ’ (Podcast Opera) എന്ന മലയാള നാടകം കാണുന്നു. ഈ നാടകം തിയറ്ററിന്റെയും മോഡേൺ പോഡ്കാസ്റ്റ് ഫോർമാറ്റിന്റെയും മനോഹരമായ സംയോജനമാണെന്ന് ലേഖിക.

In solitude we give passionate attention to our lives,

to our memories,

to the details around us.

-Virginia Woolf

ലോക നാടകവേദിയുടെ ചരിത്രം പരിശോധിച്ച് നോക്കിയാൽ, മനുഷ്യൻ തന്റെ ചിന്തകളെയും വികാരങ്ങളെയും ആവിഷ്കരിക്കാൻ കണ്ടെത്തിയ ഏറ്റവും പ്രാചീനവും ശക്തവുമായ മാധ്യമങ്ങളിൽ ഒന്നാണ് നാടകമെന്ന് കാണാം. പുരാതന ഗ്രീസിലെ ‘ഡയോനിസസ്’ (Dionysus) ഉത്സവങ്ങളിൽനിന്നാണ് പാശ്ചാത്യ നാടകവേദിയുടെ ഉത്ഭവം. ഗ്രീക് നാടകകൃത്തുക്കളായ ഈസ്കിലസ്, സോഫോക്ലിസ്, യൂറിപ്പിഡസ് തുടങ്ങിയവർ നിർമിച്ച ട്രാജഡികളും കോറസിന്റെ (Chorus) സംഗീതപരമായ ഉപയോഗവും നാടകത്തിന് കൃത്യമായ ഒരു വ്യാകരണം നൽകി.

പിന്നീട് നവോത്ഥാന കാലഘട്ടത്തിൽ (Renaissance) ഷേക്സ്പിയറും മാർലോയും നാടകത്തെ സാധാരണക്കാരന്റെ ജീവിതത്തോടും മനുഷ്യ മനസ്സിന്റെ സങ്കീർണതകളോടും അടുപ്പിച്ചു. പത്തൊമ്പതാം നൂറ്റാണ്ടോടെ ഹെൻറിക് ഇബ്സനും ആന്റൺ ചെക്കോവും ചേർന്ന് ‘റിയലിസം’ (Realism) നാടകവേദിയിൽ പ്രതിഷ്ഠിച്ചു. ഇരുപതാം നൂറ്റാണ്ടിൽ യുദ്ധാനന്തര കാലഘട്ടത്തിൽ രൂപംകൊണ്ട ‘അബ്സേർഡ് തിയറ്റർ’ (Theatre of the Absurd) സാമുവൽ ബെക്കറ്റിന്റെ നേതൃത്വത്തിൽ ജീവിതത്തിന്റെ അർഥശൂന്യതയെക്കുറിച്ചും വ്യക്തിത്വത്തിന്റെ നഷ്ടങ്ങളെക്കുറിച്ചും സംസാരിച്ചു. ബർതോൾട് ബ്രെഹ്തിന്റെ ‘എപിക് തിയറ്റർ’ (Epic Theatre) കാണിയെ കേവലം കാഴ്ചക്കാരനാക്കാതെ, രാഷ്ട്രീയമായി ചിന്തിപ്പിക്കുന്ന ഒന്നാക്കി നാടകത്തെ മാറ്റിമറിച്ചു.

ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, വേൾഡ് തിയറ്റർ ഡിജിറ്റൽ സാങ്കേതികവിദ്യ, മൾട്ടിമീഡിയ, പെർഫോമൻസ് ആർട്ട്, ഇന്റർ-മീഡിയൽ ഫോർമാറ്റുകൾ (Inter-medial Formats) എന്നിവയോട് ചേർന്നുനിൽക്കുന്ന ഒരു ഘട്ടത്തിലാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തിനിൽക്കുമ്പോൾ നാടകവേദി വീണ്ടും രൂപമാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത വേദി സങ്കൽപങ്ങളെ പൊളിച്ചെഴുതി ഡിജിറ്റൽ സാങ്കേതികവിദ്യയെയും ആധുനിക മാധ്യമരൂപങ്ങളെയും തത്സമയ നാടകവേദിയുമായി കൂട്ടിയോജിപ്പിക്കുന്ന പുതിയ പ്രവണതകളാണ് നാം കാണുന്നത്. പരമ്പരാഗത വേദി സങ്കൽപങ്ങളെ പൊളിച്ചെഴുതുന്ന ഈ ആഗോള നാടക പ്രവണതയുടെ മികച്ച ഉദാഹരണമാണ് എമിൽ മാധവി സംവിധാനം ചെയ്ത് സജിത മഠത്തിൽ അഭിനയിച്ച ‘പോഡ്കാസ്റ്റ് ഓപറ’ (Podcast Opera) എന്ന മലയാള നാടകം. ഈ നാടകം തിയറ്ററിന്റെയും മോഡേൺ പോഡ്കാസ്റ്റ് ഫോർമാറ്റിന്റെയും മനോഹരമായ ഒരു സംയോജനമാണ്.

അറുപതുകൾക്ക് ശേഷമുള്ള സ്ത്രീ ജീവിതത്തിന്റെ തുറസ്സുകളിലേക്കാണ് ഈ ഏകപാത്രനാടകം നമ്മെ കൊണ്ടെത്തിക്കുന്നത്. തനിച്ചു ജീവിക്കുന്ന അറുപതു വയസ്സുകാരിയായ പോഡ്കാസ്റ്റ് അമ്മച്ചിയുടെ (റസിയ ബീഗം അങ്ങനെ അഭിസംബോധന ചെയ്യുന്നുണ്ട്) ഓർമയുടെ താളുകൾ മറിക്കുമ്പോൾ വർത്തമാനകാലവും ഭൂതകാലവും അതിർവരമ്പുകൾ ഇല്ലാതെ അലിഞ്ഞുചേരുന്നു. ആ അഴിമുഖത്ത് നിന്നുകൊണ്ട് അവർ സംവേദനം ചെയ്യുന്നത് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളാണ്. അറുപതിനു ശേഷം എന്നത് രോഗാതുരമായ എന്തോ ഒന്നായി കാണുന്ന സമൂഹത്തോട് കഥാനായിക അറുപതുകളാണ് സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമെന്ന് ഉറക്കെ പറയുന്നു.

‘സെക്കൻഡ് തേർട്ടീസ്’ എന്നാണ് തന്റെ അറുപതുകളെ അവർ വിശേഷിപ്പിക്കുന്നത്. ആദ്യത്തെ മുപ്പതുകൾ സ്ത്രീകളെ സംബന്ധിച്ച് ഉത്തരവാദിത്തങ്ങളുടെയും ഓട്ടപ്പാച്ചിലുകളുടെയും കാലമാണെങ്കിൽ രണ്ടാം മുപ്പതുകൾ അഥവാ അറുപതുകൾ അവർക്ക് ഉത്തരവാദിത്തങ്ങൾ ഒക്കെ തീർത്ത് സ്വതന്ത്രരാവാനും യാത്രചെയ്യാനും ലോകം കാണാനും സ്വസ്ഥമായി പാട്ട് കേൾക്കാനും ഡാൻസ് ചെയ്യാനും അങ്ങനെ അങ്ങനെ സ്വന്തം ഇഷ്ടങ്ങൾക്കനുസൃതമായി ജീവിക്കാനുമുള്ള കാലമാണ്.

തികച്ചും സംവിധായകന്റെ കല എന്ന് അവകാശപ്പെടാവുന്ന ഒരു കലാസൃഷ്ടിയാണ് ‘പോഡ്കാസ്റ്റ് ഓപറ’. ഇന്ററാക്ടിവ് സ്വഭാവമുള്ള ഈ ഏകപാത്ര നാടകത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഘടകങ്ങൾക്കും ഘടനകൾക്കും കൃത്യമായ അർഥമുണ്ട്. അരങ്ങിൽ വളരെ ചുരുക്കം ഉപകരണങ്ങൾ മാത്രമാണുള്ളത്. അതിൽ ആദ്യത്തേത് ഒരു ഫ്ലോർ ലാംപ് ആണ്. ഇത് മാത്രമാണ് അരങ്ങിന് വെളിച്ചം നൽകുന്ന ഏക അടിസ്ഥാന ഘടകം. ഒരു വ്യക്തി അയാളുടെ വീട്ടിൽ ഏറ്റവും സ്വസ്ഥമായ ഒരിടത്തിരുന്നു തന്നെ കേൾക്കുന്നവർക്ക് വേണ്ടിമാത്രമായി സംസാരിക്കുന്ന പ്രതീതി ഉണ്ടാക്കാൻ ഈ ലൈറ്റിങ് സംവിധാനത്തിന് കഴിയുന്നുണ്ട്.

ഫ്ലോർ ലാംപ് സ്റ്റാൻഡിൽ ഒരു കുതിരയെയും പാവയെയും ​െവച്ചിരിക്കുന്നത് കാണാം. കൂടാതെ ഒരു ടോയ് കാറും ഉണ്ട്. ഇവയെല്ലാം താൻ ചെറുമക്കൾ ഉപേക്ഷിച്ചുപോയ കളിപ്പാട്ടങ്ങൾ ശേഖരിച്ച് ​െവച്ചതാണെന്ന് നായിക പറയുന്നുണ്ട്. അത്രമേൽ പ്രിയപ്പെട്ട് ശേഖരിച്ചതായതിനാൽതന്നെ കൊച്ചുമക്കൾ വരുമ്പോൾ അവരത് ഒളിച്ചുവെക്കുന്നു. മുന്നോട്ടു കുതിക്കുന്ന കുതിരയും കാറും അവരുടെ ജീവിതത്തിൽ മുന്നേറാനും യാത്രകൾ ചെയ്യാനുമുള്ള ആഗ്രഹങ്ങളുടെ സൂചനയാണ്, ഒപ്പം അവരുടെ ലൈംഗിക താൽപര്യങ്ങളെയും ഇവ പ്രതിനിധാനം ചെയ്യുന്നുണ്ട്. കാറിന്റെ ഉപയോഗത്തിൽ ഇത് പ്രത്യക്ഷമായി തന്നെ കാണാം. പോഡ്കാസ്റ്റ് അമ്മച്ചിക്ക് അറുപതിൽ പ്രണയം തോന്നിയ അഗ്നിവേശിന് കാറുകളെ കുറിച്ചുള്ള ഒരു യൂട്യൂബ് ചാനൽ ഉണ്ട്.

കാര്യങ്ങൾ മറന്നുപോകാതിരിക്കാൻ എഴുതി സൂക്ഷിക്കുന്ന സ്റ്റിക്കി നോട്സും പെന്നുകളും ​െവച്ച ഒരു റൈറ്റിങ് സ്റ്റാൻഡും അടുത്തുതന്നെ കാണാം. ഇതുകൂടാതെ അവർക്ക് പ്രിയപ്പെട്ട ആഭരണങ്ങളും പൊട്ടും സൂക്ഷിക്കുന്ന ഒരു ആഭരണപ്പെട്ടി ഒരു കസേര എന്നിവയുമുണ്ട്. അരങ്ങിൽ കാണുന്ന കസേര കൊത്തുപണികളോട് കൂടിയ ദൃഢമായ, ഗംഭീരമായ ഒരു നിർമിതിയാണ്. പുരുഷനുമാത്രം അവകാശപ്പെട്ടിരുന്ന പ്രൗഢമായ ഇരിപ്പിടത്തിൽ ഒരു സ്ത്രീയെ പ്രതിഷ്ഠിച്ചിരിക്കുകയാണ് സംവിധായകൻ. അതിനാൽതന്നെ നാടകത്തിൽ ഉപയോഗിച്ചിരുന്ന കസേര കൃത്യമായ ബോധ്യത്തോടെ നിർമിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കാം.

നാടകത്തിൽ കഥാപാത്രത്തോളംതന്നെ പ്രസക്തമായ മറ്റൊരു ഘടകമാണ് വാക്കിങ് സ്റ്റിക്ക്. പലപ്പോഴും അത് കഥാപാത്രത്തിന്റെ മാനസികാവസ്ഥകളോട് താദാത്മ്യം പ്രാപിക്കുന്നത് കാണാം. നായികയുടെ ദുഃഖവും നിരാശയും സന്തോഷവും ഒക്കെ ആ വാക്കിങ് സ്റ്റിക്കിലൂടെ സംവേദനം ചെയ്യപ്പെടുന്നു. ദുഃഖമോ അവശതയോ തോന്നുമ്പോൾ മാത്രമാണ് നായിക ഊന്നുവടിയെ ഒരു താങ്ങായി കാണുന്നത്. അല്ലാത്തപക്ഷം അവരതിനെ അവഗണിക്കുകയോ നൃത്തം ചെയ്യാനുള്ള ഒരു ടൂളായി കാണുകയോ ചെയ്യുന്നു. മകളുമായുള്ള സംഭാഷണത്തിനു ശേഷവും അഗ്നിവേശിനെ കാത്തിരുന്നു വരാതിരുന്നത് വിശദീകരിക്കുമ്പോഴും അൽപസമയം അവർ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നിൽക്കുന്നത് കാണാം. എന്നാൽ, നാടകത്തിന്റെ അവസാന ഭാഗത്തെത്തുമ്പോൾ തന്റെ ദുഃഖങ്ങളെ അതിജീവിക്കാനുള്ള ഒരു മാർഗം എന്ന നിലയിൽ അവർ ആ വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് നൃത്തംചെയ്യുന്നത് കാണാം. ഊന്നുവടിയെ നിസ്സഹായതയുടെയും ദുഃഖത്തിന്റെയും പ്രതീകമായി കാണുന്നതുകൊണ്ടുതന്നെ അത് പിടിച്ചു നടന്നാൽ ഒരിക്കലും തന്റെ വേദനകളിൽനിന്നോ നിസ്സഹായാവസ്ഥകളിൽനിന്നോ മോചനം ലഭിക്കില്ല എന്ന ബോധ്യത്തിൽനിന്നാണ് ഊന്നുവടി നൃത്തോപകരണമായി മാറുന്നത്.

മറ്റൊന്ന് അവർ തന്റെ അരുമയായ വളത്തുമൃഗത്തെ അടച്ചുവെച്ച പെട്ടിയാണ്. പ്രതീക്ഷിക്കാൻ പറ്റാത്ത ഒരു കക്ഷിയാണ് വളർത്തുമൃഗം-കാറ്റ്- അവിചാരിതമായി ഒരിക്കൽ തന്റെ പതിനാലാം നിലയിലെ ഫ്ലാറ്റ് മുറിയിലേക്ക് കടന്നുവന്ന കാറ്റിനെ അവർ ഒരു പെട്ടിയിൽ അടച്ച് ഓമനിക്കുന്നു. ഇത് കേവലം വായു മാത്രമല്ല, അവരുടെ ശ്വാസവും ഓർമയുമാണ്. “കാറ്റ് ഒരു നല്ല വളർത്തുമൃഗമാണ്.” “കാറ്റ് ഓർമ പോലെയാണ് പതുക്കെ വന്നു തലോടും, ചിലപ്പോൾ വീശിയടിച്ചു തകർത്തുകളയും.” എന്നിങ്ങനെ കാറ്റിന് ഒരു ഓമനമൃഗത്തിന്റെ രൂപം അവർ നൽകുന്നു. മാത്രമല്ല, ഓർമയെ കാറ്റിനോടല്ല മറിച്ച് കാറ്റിനെ ഓർമയോടാണ് അവർ തുലനം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. ഓർമകളുടെ വ്യക്തതക്കും അവ്യക്തതക്കുമനുസരിച്ച് പ്രേക്ഷകന് ആ കാറ്റിന്റെ ശബ്ദം ഉച്ചസ്ഥായിയിലും നീചസ്ഥായിയിലും അനുഭവപ്പെടും.

പോഡ്കാസ്റ്റ് നമ്പർ 63 സൗണ്ട് ചെക്ക്, സൗണ്ട് ചെക്ക് എന്നു പറഞ്ഞുകൊണ്ടാണ് നായിക അരങ്ങിലേക്ക് കടന്നുവരുന്നത്. തന്റെ അറുപതുകളെ സജീവമാക്കാൻ അവർ തുടങ്ങിയതാണ് യൂട്യൂബ് ചാനൽ, ഇതിലൂടെ തന്റെ ഓർമകളാണ് അവർ പങ്കുവെക്കുന്നത്. അറുപത്തിനാല് പോഡ്കാസ്റ്റുകൾ ചെയ്തതിൽ പന്ത്രണ്ട് പോഡ്കാസ്റ്റുകൾ മാത്രമാണ് അവർക്ക് ഇതുവരെ ടെലികാസ്റ്റ് ചെയ്യാൻ പറ്റിയിട്ടുള്ളത്. ബാക്കിയുള്ളതെല്ലാം വികാരാധിക്യത്താൽ കരഞ്ഞുപോകുന്നതിനാൽ ടെലികാസ്റ്റ് ചെയ്യാതിരുന്നു. എന്നിട്ടുപോലും തനിക്ക് നാൽപത്തിനാല് സബ്സ്ക്രൈബേഴ്സ് ഉണ്ടെന്ന് അതിശയം നിഴലിക്കുന്ന മുഖത്തോടെ അവർ പറയുന്നു.

 

അറുപത്തിമൂന്നാം പോഡ്കാസ്റ്റിൽ തന്റെ ഒരുങ്ങാനുള്ള ആഗ്രഹത്തെ കുറിച്ചാണ് നായിക പറഞ്ഞുതുടങ്ങുന്നത്. ആഭരണപ്പെട്ടിയിൽനിന്ന് തനിക്കിഷ്ടപ്പെട്ട മാലയും ചുവന്ന വളകളും വലിയ വട്ടപ്പൊട്ടും അവർ കാണികളെ കാണിക്കുന്നു. കൽക്കത്തയിൽ ഉണ്ടായിരുന്ന കാലത്ത് മോഷമിയാണ് തന്നെ ആദ്യമായി പൊട്ടണിയിച്ചതെന്നും അന്നുതന്നെ മെട്രോയിൽ ഇറങ്ങി ആദ്യമായി സ്വന്തമായി പൊട്ടുവാങ്ങി എന്നും അവർ ഓർമിക്കുന്നു. ഉടൻതന്നെ അവർ തന്റെ കെട്ടി​െവച്ച മുടിയഴിച്ച് പൊട്ടുതൊട്ട് വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് നൃത്തംചെയ്തു തുടങ്ങി. വ്യക്തികൾ ഒരുങ്ങിനടക്കേണ്ടതിനും സമൂഹം ഒരു പ്രായപരിധി വെക്കുന്നുണ്ട്. അറുപതുകളിൽ തന്നെ തന്നെ ഒരുക്കി നടത്തുന്ന സ്ത്രീകൾ സമൂഹത്തിനുമുന്നിൽ ‘ഇളക്കക്കാരികളാണ്.’ ഒരുകാലത്ത് താനും ഇത് വിശ്വസിച്ചിരുന്നു എന്നും ചെറുപ്പത്തിൽ തന്റെ കുടുംബത്തിൽ ഇത്തരത്തിൽ ഒരുങ്ങിനടന്നിരുന്ന ഒരു സ്ത്രീയെ താനടക്കം ഇളക്കക്കാരി അമ്മായി എന്ന് വിളിച്ചിരുന്നു എന്നും തനിക്കിന്ന് അവരുടെ അതേ പ്രായമാണ് എന്നും അവർ പൊട്ടിച്ചിരിയോടെ ഓർക്കുന്നു.

‘മദേഴ്സ് ഓപറ’ എന്ന പേരിൽ പോഡ്കാസ്റ്റ് അമ്മച്ചി മൂന്ന് കഥാപാത്രങ്ങളെ കൂടി പരിചയപ്പെടുത്തുന്നു. റസിയ ബീഗം, റീത്താമ്മ, സുമംഗല എന്നിവരാണവർ. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോയവരാണെങ്കിലും എല്ലാവരും അവരുടെ അറുപതുകളിൽ ജീവിക്കുന്നവർ. ആരും കേൾക്കാനില്ലാത്ത, ആരാലും അംഗീകരിക്കപ്പെടാത്ത വ്യത്യസ്ത ജീവിതസാഹചര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന സ്ത്രീകളാണവർ. അച്ഛന്റെയോ മകന്റെയോ പേരുകളിൽ മാത്രം അറിയാൻ വിധിക്കപ്പെടുന്ന സ്ത്രീകളുടെ ദുരവസ്ഥ അതിന്റെ അന്തസ്സത്ത ചോർന്നുപോകാതെ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഹിമാലയത്തിൽ ബേസ്മെന്റ് ക്യാമ്പ് വരെ യാത്രചെയ്തെത്തണമെന്നും അവിടെ ​െവച്ച് തന്റെ 66ാം പോഡ്കാസ്റ്റ് ടെലികാസ്റ്റ് ചെയ്യണമെന്നുമാണ് അവരുടെ ആഗ്രഹം. വേദനകളെല്ലാം മറക്കാൻ തന്റെ ഊന്നുവടിയെ ടൂൾ ആക്കി നൃത്തംചെയ്യുന്നിടത്ത് നാടകം അവസാനിക്കുകയാണ്. ചുരുങ്ങിയ സമയംകൊണ്ട് പരിമിതമായ സ്റ്റേജ് ഒരുക്കങ്ങൾകൊണ്ട് അറുപതുകളിലെ സ്ത്രീയവസ്ഥകളെ വ്യക്തവും ഹൃദയസ്പർശിയുമായി അവതരിപ്പിക്കുന്നുണ്ട്.

നാടകത്തിന്റെ നെടുന്തൂൺ എന്നുപറയാവുന്ന ഒരു ഘടകമാണ് കാറ്റിനെ അടച്ചു​െവച്ചിരിക്കുന്ന പെട്ടി, സംവിധായകൻ എമിൽ മാധവിയുടെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ നമ്മുടെ ശരീരംതന്നെയാണ് ആ പെട്ടി. കഥാപാത്രത്തിന്റെ വികാരങ്ങളും ഓർമകളുടെ വ്യക്തതയും അവ്യക്തതയും ഒക്കെ കൃത്യമായി ശരീരത്തിലെ ശ്വാസോച്ഛ്വാസത്തിന്റെ ഏറ്റക്കുറച്ചിലുകളെന്നോണം അവതരിപ്പിച്ചിരിക്കുന്നു.

നാടകത്തിനെ അതിന്റെ ആന്തരിക ധ്വനികൾ ഒട്ടും തന്നെ ചോർന്നുപോകാതെ പ്രേക്ഷകരിൽ എത്തിക്കുന്നതിന് ശബ്ദത്തിന്റെ ഉപയോഗം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നാടകത്തിൽ പോഡ്കാസ്റ്റ് അമ്മച്ചിയുടെ സംസാരം, ഓർമയുടെ പെട്ടി അടക്കുകയും തുറക്കുകയും ചെയ്യുന്ന ശബ്ദം, കാറ്റിന്റെ ശബ്ദം, പശ്ചാത്തല സംഗീതം ഇവയൊക്കെയാണ് നാടകത്തിലെ പ്രധാന ശബ്ദങ്ങൾ. അനുഭവങ്ങൾ പങ്കുവെക്കാൻ പോഡ്കാസ്റ്റിൽ എത്തുന്ന റീത്താമ്മയുടെ ശബ്ദം അവരുടെ പരുക്കൻ ജീവിത ചുറ്റുപാടുകളിൽനിന്നുണ്ടായ ധാർഷ്ട്യമേറിയ ശബ്ദമാണ്. അതേസമയം, പതിറ്റാണ്ടുകളായി അടക്കി​െവച്ച ശബ്ദത്തിന്റെ ശ്വാസംമുട്ടലാണ് സുമംഗലയുടെ ശൈലിയിൽ തെളിയുന്നത്. ആ അടക്കിയ ശബ്ദം കേൾക്കാൻ പ്രേക്ഷകൻ ചെവികൂർപ്പിച്ചിരിക്കേണ്ടിവരുന്നു.

നാടകത്തിൽ ഉപയോഗിച്ചിരിക്കുന്ന സംഗീതങ്ങൾ ആയാലും ഒരേ പാട്ടുകൾ കഥാപാത്രത്തിന്റെ വികാരങ്ങൾക്കനുസരിച്ച് സന്തോഷിച്ചിരിക്കുമ്പോൾ ഇൻസ്ട്രുമെന്റൽസിന്റെ അകമ്പടിയോടെയും അല്ലാത്തപ്പോൾ അതില്ലാതെയും ഉപയോഗിച്ചിരിക്കുന്നത് കാണാം. ഇങ്ങനെയൊക്കെ ആണെങ്കിലും ഏറ്റവും ശ്രദ്ധേയം കാറ്റിന്റെ ശബ്ദമാണ്. കാറ്റിന്റെ ഉച്ചസ്ഥായിയിൽ ഉള്ള ശബ്ദം കഥാപാത്രത്തിൽ ഏറ്റവും ശക്തമായി അവശേഷിക്കുന്ന ഓർമകളെയും തീവ്ര വികാരങ്ങളെയും പ്രതിനിധാനം ചെയ്യുമ്പോൾ താരതമ്യേന കുറഞ്ഞ ശബ്ദം മുറിഞ്ഞ ഓർമകളെയും അസ്ഥിരമായ വികാരങ്ങളെയുമാണ് കാണിക്കുന്നത്. ശബ്ദനാട്യശാസ്ത്രം (Sound Dramaturgy) എന്ന സങ്കേതത്തിന്റെ സാധ്യതകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. നാടകത്തിലും സിനിമയിലും പ്രകടനകലകളിലും കേവലം ഒരു പശ്ചാത്തല ശബ്ദം എന്നതിനപ്പുറം കഥ പറയുന്നതിനും വൈകാരികവും പ്രമേയപരവുമായ ആശയങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുമായി ശബ്ദം, സംഭാഷണം, നിശ്ശബ്ദത എന്നിവ തന്ത്രപരമായി രൂപകൽപന ചെയ്യുന്ന രീതിയാണിത്.

ഗ്രീക്ക് നാടകങ്ങൾ മുതൽ ആധുനിക അബ്‌സേർഡ് തിയറ്റർ വരെയുള്ള നാടകവേദിയുടെ ചരിത്രപരമായ പരിണാമങ്ങളെ ഉൾക്കൊണ്ടുകൊണ്ട്, ഡിജിറ്റൽ സാങ്കേതികവിദ്യയെ രംഗകലയുമായി സമന്വയിപ്പിക്കുന്ന പുതിയൊരു പരീക്ഷണമാണ് ഈ നാടകം അവതരിപ്പിക്കുന്നത്. കേവലം കാഴ്ച എന്നതിനപ്പുറം ശബ്ദനാട്യശാസ്ത്രം (Sound Dramaturgy), പ്രോപ്പുകൾ, ബോഡി ലാംഗ്വേജ് എന്നിവയിലൂടെ മനുഷ്യജീവിതത്തിലെ ഒറ്റപ്പെടലും അതിജീവനത്തിനായുള്ള ആഗ്രഹങ്ങളും വൈകാരികമായി കാണികളിലേക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ, നാടകവേദിയുടെ പരമ്പരാഗത തത്ത്വങ്ങളെ നിലനിർത്തിക്കൊണ്ടുതന്നെ പോഡ്കാസ്റ്റ് എന്ന ആധുനിക മാധ്യമത്തെ വേദിയിൽ വിജയകരമായി പുനരാവിഷ്കരിക്കുന്നതിൽ ഈ നാടകം പൂർണമായും വിജയിക്കുന്നു.

------------------

തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ഗവേഷകയാണ് ലേഖിക

News Summary - Podcast Opera A Theatre Experiment