Begin typing your search above and press return to search.
proflie-avatar
Login

മറക്കാനാവാത്ത വഴികളിൽ എവിടെയോ അയാളുമുണ്ട്

delhi
cancel
ഡൽഹിയിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ കണ്ട ദുരനുഭവ കഥ വിവരിക്കുന്നു. കൂടാതെ ‘കാശ്മീരം’ സിനിമയുടെ വിജയവും പിന്നീടു തേടിവന്ന വേഷങ്ങളെ കുറിച്ചും മറ്റു വിശേഷങ്ങളും പങ്കുവെക്കുന്നു.

ട്രെയിൻ ആന്ധ്രപ്രദേശിലേക്ക് കടന്നപ്പോള്‍ സമയം സന്ധ്യ കഴിഞ്ഞിരുന്നു. ട്രെയിൻ ലെയ്റ്റാണെന്ന സ്ഥിരം പല്ലവി ആരോ പറയുന്നത് ബര്‍ത്തില്‍ കിടന്ന് ഞാന്‍ കേട്ടു. വണ്ടി ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. തെലുഗു ഭക്തിഗാനങ്ങളും ശരണംവിളികളും മുഴങ്ങുന്നു. അയ്യപ്പന്മാരും കച്ചവടക്കാരും യാത്രികരും ഒരേപോലെ കയറിയും ഇറങ്ങിയും ട്രെയിൻ ഒരു മനുഷ്യ മഹാസമുദ്രമാകുന്നു. താഴേക്ക് നോക്കിയപ്പോള്‍ വിജയകുമാര്‍ സീറ്റിലില്ല. ഇസ്മയില്‍ ഹസനും ബര്‍ത്തിലില്ല. ഞാന്‍ ബര്‍ത്തില്‍ കിടന്നുകൊണ്ടുതന്നെ തീവണ്ടിയിലെ ഇടനാഴിയിലേക്ക് തലയിട്ടു. അയ്യപ്പഭക്തരായ ഒരു സംഘത്തെ ആനയിച്ചുകൊണ്ടുവരുന്നതു കണ്ടാല്‍ തന്നെയറിയാം അതിന്‍റെ തലവനായ ഗുരുസ്വാമി ആ പ്രദേശത്തെ ഏതോ ബഹുമാന്യനായ ഒരാളാണെന്ന്. അയാളോടൊപ്പം വന്നവര്‍ ഒഴിഞ്ഞ സീറ്റുകളിലൊക്കെ ഇരുമുടിക്കെട്ടുകളും ബാഗുകളുമൊക്കെ വെച്ച് നീണ്ട ശരണം വിളികള്‍ മുഴക്കി.

വിജയകുമാറിന്‍റെ സീറ്റില്‍ മൂന്നാലു ഭക്തര്‍ സഞ്ചികളും മറ്റും ​െവച്ച് സ്ഥാനം കൈയടക്കിയിരിക്കുന്നു. തികച്ചും അവരുടേതാണെന്ന രീതിയിലായിരുന്നു അവരാ സീറ്റുകളിലൊക്കെ കയറിയിരുന്നത്. സത്യത്തില്‍ അവര്‍ കൈയടക്കിയ സീറ്റുകളും ബര്‍ത്തുകളുമൊക്കെ കേരളത്തിലേക്ക് വരുന്നവരുടേതായിരുന്നു. ആരും വഴിയില്‍ ഇറങ്ങിപ്പോയിട്ടില്ല. അവരങ്ങനെ കയറിയിരിക്കുന്നതിനെ ആരും തടയുകയോ എതിര്‍ക്കുകയോ ചെയ്തില്ല. ചിലപ്പോള്‍ അവര്‍ക്ക് സീറ്റുകള്‍ റിസർവ്ഡായിട്ടുണ്ടാവും. അത് ചിലപ്പോള്‍ ഈ കമ്പാർട്മെന്‍റിലോ മറ്റേതെങ്കിലും കമ്പാർട്മെന്‍റിലോ ആവും. ടി.ടി.ഇ വരുന്നതുവരെ സമയമുണ്ടല്ലോ. പിന്നെ രാത്രിയാവുമ്പോള്‍ ഉറങ്ങാന്‍ നേരം മതിയല്ലോ ബര്‍ത്ത് എന്നൊക്കെ യാത്ര തുടർന്നുവന്നവര്‍ കരുതിയിട്ടുണ്ടാവും.

വെള്ളക്കുപ്പിയുമായി വന്ന വിജയകുമാര്‍ നോക്കുമ്പോള്‍ തന്‍റെ സീറ്റില്‍ ആളുകള്‍ കയറിയിരുന്ന് തനിക്കിരിക്കാന്‍ ഇടമില്ലാതായത് കണ്ടു. അയാള്‍ അവിടെയിരിക്കുന്നവരോട് അത് തന്‍റെ സീറ്റാണെന്നും താന്‍ സുഖമില്ലാത്ത ഒരാളാണെന്നും സീറ്റൊഴിഞ്ഞുതരണമെന്നും ഹിന്ദിയിലും തമിഴിലുമൊക്കെ പറഞ്ഞു. എന്നാല്‍, ആ സീറ്റിലിരുന്നവര്‍ അയാള്‍ പറയുന്നത് കേട്ടതായിപ്പോലും ഭാവിച്ചില്ല. പെട്ടെന്ന് വാശിമൂത്തതുപോലെ വിജയകുമാര്‍ ആ സീറ്റിലിരുന്നവരെ പിടിച്ച് തള്ളുകയും അവരുടെ സഞ്ചികളും മറ്റും താഴേക്കിട്ട് സീറ്റില്‍ നീണ്ടു നിവര്‍ന്ന് കിടക്കുകയുംചെയ്തു. ആ കിടപ്പിന് ഒന്നോ രണ്ടോ നിമിഷത്തിന്‍റെ ആയുസ്സേയുണ്ടായിരുന്നുള്ളൂ. തടിമാടന്മാരായ ആജാനുബാഹുക്കളായ രണ്ടുപേര്‍ (അവര്‍ സ്വാമിമാരൊന്നും ആയിരുന്നില്ല, നേതാവിനെ കയറ്റിയയക്കാന്‍ വന്ന കൂട്ടത്തിലാരോ ആയിരുന്നു) വിജയകുമാറിനെ പൊക്കിയെടുത്തു, തീവണ്ടിയില്‍നിന്ന് ആള്‍ക്കൂട്ടത്തിനിടയിലൂടെ പുറത്തേക്ക് വലിച്ചുകൊണ്ടുപോയി. ആരും എതിര്‍ത്ത് ഒരക്ഷരവും ഉരിയാടിയില്ല.

വിജയകുമാറിന്‍റെ എതിര്‍പ്പുകള്‍ ശരണംവിളിയില്‍ മുങ്ങിപ്പോവുകയും ചെയ്തു. അരമുക്കാല്‍ മണിക്കൂറിന്‍റെ ബഹളത്തില്‍ തീവണ്ടി കുറേക്കൂടി വൈകുകയും ഒടുവില്‍ വിജയകുമാറില്ലാതെ ആ സ്റ്റേഷന്‍ വിടുകയുംചെയ്തു. അയാളുടെ ലഗേജ് ബര്‍ത്തിനു കീഴെ അനാഥമായി. തിരുവനന്തപുരത്തെത്തിയപ്പോള്‍ അത് റെയില്‍വേയിലെ ടി.ടി.ഇയെ ഞങ്ങള്‍ പറഞ്ഞേൽപ്പിക്കുകയുംചെയ്തു. വിജയകുമാര്‍ ആ ആള്‍ക്കാരോടെന്തിനാണ് എതിരിടാന്‍ പോയതെന്ന് അൽപം സങ്കോചത്തോടെ അവര്‍ ഞങ്ങളോട് ചോദിച്ചു. ആര്‍ക്കെങ്കിലും അയാളെയൊന്ന് സമാധാനിപ്പിക്കാമായിരുന്നില്ലേ, വെറുതെ എന്തിനാണ് ഓരോരോ പ്രശ്നങ്ങളില്‍ ചെന്നുവീഴുന്നത് എന്നൊക്കെ അവര്‍ ഞങ്ങളോട് പറഞ്ഞുകൊണ്ടേയിരുന്നു.

തീവണ്ടി ആന്ധ്രപ്രദേശ് സംസ്ഥാനം കടന്നുകിട്ടാന്‍ 12 മണിക്കൂറിലേറെ സമയം വേണം. അവിടെ വെച്ച് എന്തെങ്കിലും സംഭവിച്ചാല്‍കൂടി ആരും ഒന്നും അറിയില്ല. വിജയകുമാര്‍ തിരിച്ചുവന്ന് തന്‍റെ ഐഡന്‍റിറ്റി കാണിച്ച് ലഗേജുകള്‍ ക്ലിയര്‍ ചെയ്യുമെന്ന് ഞാന്‍ വിചാരിച്ച് അന്നത്തെ കാലത്ത് ഇടക്കൊക്കെ അതന്വേഷിച്ചിരുന്നു. റെയില്‍വേ പൊലീസുകാര്‍ ആ ബാഗുകള്‍ എടുത്തുകൊണ്ടുപോവുമ്പോള്‍ അങ്ങനെ വിശ്വസിക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. കുറേനാള്‍ പത്രത്തില്‍ അഹിതമായ എന്തെങ്കിലും വാര്‍ത്തയില്‍ വിജയകുമാറിന്‍റെ കാര്യമുണ്ടാവുമോയെന്ന് നോക്കി. ഒന്നും കണ്ടിട്ടില്ലാത്തതുകൊണ്ട് അയാള്‍ പിന്നെയെപ്പോഴോ വന്ന് അത് വാങ്ങിപ്പോയിട്ടുണ്ടാവും എന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു.

അമ്പിയണ്ണന്‍റെ സഹായികളായ ആദിനാരായണനും ദയാളനും മദ്രാസില്‍ എഗ്മൂറിലെ സുജാത സ്റ്റുഡിയോയിലെ എഡിറ്റിങ് റൂമില്‍ ‘കാശ്മീര’ത്തിന്‍റെ സീന്‍ ഷോട്ട്സ് നമ്പറനുസരിച്ച് ക്രമീകരിച്ചുകൊണ്ടിരിക്കുന്ന സമയം. സൗണ്ട് പാരലല്‍ ചെയ്തതിനുശേഷം എത്തിയാല്‍ മതി എന്ന് രാജീവേട്ടന്‍ പറഞ്ഞപ്പോള്‍ കുറച്ച് ദിവസം വീട്ടില്‍ കിട്ടി. രാജശേഖരന്‍ ചെയ്ത ഷോട്ട് ഫിലിം പണി കഴിഞ്ഞ് ഞങ്ങള്‍ കണ്ടു.

കെ.കെ. രാജീവ് താമസിക്കുന്ന കന്നേറ്റുമുക്കിലെ ലോഡ്ജില്‍ ഇരുന്നാണ് ഞങ്ങളത് കണ്ടത്. എന്‍റെ ഒഴിവ് ദിവസങ്ങളില്‍ ഞാന്‍ അവിടെ ചെന്നിരിക്കുമായിരുന്നു. പുതിയ കഥകളും സീരിയലിന്‍റെ ചര്‍ച്ചകളുമായി അവിടെ ഒത്തുകൂടുമ്പോള്‍ ചിലപ്പോഴൊക്കെ കലാഭവന്‍ മണി അവിടെ ജയചന്ദ്രന്‍ എന്ന ഒരാളെ കാണാന്‍ വന്നുപോകുമായിരുന്നു. മണി അന്നെവിടെയും അഭിനയിച്ച് തുടങ്ങിയിട്ടില്ല. ഏഷ്യാനെറ്റില്‍ കോമഡി ഷോയുടെ ഭാഗമായുള്ള ചിലരൊക്കെ ആ ലോഡ്ജില്‍ വന്ന് താമസിക്കാറുണ്ടായിരുന്നു. ‘കാശ്മീര’ത്തിന്‍റെ എഡിറ്റിങ് തുടങ്ങിയപ്പോള്‍ ഞങ്ങള്‍ മദ്രാസിലേക്ക് വണ്ടികയറി.

എടുത്തയത്രയും സീനുകള്‍ ഓര്‍ഡര്‍ചെയ്ത് ഒരു റഫ് കട്ട് കണ്ടതിനുശേഷമാണ് ക്ലൈമാക്സും ഡല്‍ഹിയില്‍ എടുക്കാന്‍ കഴിയാതെ പോയ ചില സീനുകളും ‘‘പോരു നീ വാരിളം ചന്ദ്രലേഖേ...’’ പാട്ടിന്‍റെ ബാക്കി ഭാഗങ്ങളും ഷൂട്ട് ചെയ്യാന്‍ തീയതി നിശ്ചയിച്ചത്. മദ്രാസില്‍ ചൂട് തുടങ്ങിയിട്ടില്ല. എന്നിട്ടും ജാക്കറ്റുമൊക്കെ ധരിച്ച് പാട്ടുസീനില്‍ വന്ന് നിൽക്കുമ്പോള്‍ വിയര്‍ത്തൊഴുകുമായിരുന്നു. വൈ.എം.സി.എയിലും ബൊട്ടാണിക്കല്‍ ഗാര്‍ഡനിലുമായി ഞാന്‍ പാടുന്ന ഭാഗമെടുത്തു. സിനിമയിലെ ഓപണിങ് സീനായ കമാൻഡോ ചീഫ് ബല്‍റാമിന്‍റെ (രതീഷേട്ടന്‍) ഓഫിസ്, സുരേഷ് ഗോപിയുടെ ചില ക്ലോസപ് ഷോട്ട്സ് അങ്ങനെ ആവശ്യമെന്ന് തോന്നിയ പലതും എടുത്തിട്ടായിരുന്നു ക്ലൈമാക്സ് ചിത്രീകരിക്കാന്‍ പോയത്.

മദ്രാസിലെ ഷോളാവാരത്തെ റെഡ് ഹില്‍സ്. മദ്രാസില്‍നിന്നും 25 കിലോമീറ്റര്‍ വടക്കുഭാഗത്തുള്ള ഒരു റിമോട്ട് ഏരിയ ആയിരുന്നു അന്നത്. തമിഴ്, തെലുഗു, ഹിന്ദി സിനിമകളുടെ സംഘട്ടന, ജീപ്പ്-കാര്‍- കുതിര ചേസ് രംഗങ്ങള്‍ ചിത്രീകരിക്കുന്ന പ്രധാന സ്ഥലം. തുറസ്സായ സ്ഥലവും മണ്ണുമാറി നിറയെ ഇടുങ്ങിയ ചെരിവുകളും മറവുകളുമുള്ള ഭീതി തോന്നിപ്പിക്കുന്ന ഒരു പ്രദേശം. സമതലത്തില്‍നിന്ന് ഒന്ന് രണ്ട് ആള്‍പ്പൊക്കത്തില്‍ താഴ്ന്ന നീണ്ട കുഴിപ്പാതകള്‍. അതിലൂടെ നടന്നുപോയാല്‍ മറഞ്ഞിരിക്കാനായി ധാരാളം ഒളിയിടങ്ങൾ. ഷോളാവാരത്ത് ഒരു തടാകമുണ്ട്. അതിന്‍റെ കരയിലായി പഴയ ഒരു വിമാനത്താവളം ഉണ്ടായിരുന്നു. വ്യോമസേന വിഭാഗത്തിന്‍റെ കീഴിലായിരുന്നു അത്. രണ്ടാം ലോകയുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു എയർസ്ട്രിപ്.

നഗര വികസനത്തിനും മറ്റുമായി ഗ്രാനൈറ്റ് കയറ്റി റെഡ് ഹില്‍സില്‍നിന്നും ചിന്താദ്രിപേട്ടിലേക്കുള്ള ഇന്ത്യയിലെ ആദ്യത്തെ റെയില്‍വേയുടെ ലോഞ്ച് പോയന്‍റായും പ്രവര്‍ത്തിച്ച ആ സ്ഥലത്തിന് ആഴത്തിലുള്ള ചരിത്രപ്രാധാന്യമുണ്ട്. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ പൊന്നേരി താലൂക്കിലാണ് പുഴല്‍ ഏരി അഥവാ ‘പുഴല്‍ തടാകം’ സ്ഥിതിചെയ്യുന്നത്. മദ്രാസിലേക്കുള്ള വെള്ളം എത്തിക്കാനായി മഴവെള്ളം മാത്രം സംഭരിക്കുന്ന രണ്ട് ജലസംഭരണികളില്‍ ഒന്നാണിത്. മറ്റൊന്ന് ചെമ്പരക്കം തടാകമാണ്. മദ്രാസിന്‍റെ ‘വടക്കന്‍ വാതില്‍’ എന്ന വിളിപ്പേരിലറിയപ്പെടുന്ന ആ സ്ഥലത്തിന്‍റെ പ്രാദേശിക നാമം ‘സെങ്കുന്ദ്രം’ എന്നാണ്.

എന്നാല്‍ റെഡ് ഹില്‍സ് എന്നു പറഞ്ഞാലേ ഇന്ന് മനസ്സിലാവൂ. പിന്നീടൊരു കാലത്ത് മോട്ടോര്‍ റേസിങ്ങിന് ട്രാക്കുകളുണ്ടായിരുന്നു. ശ്രീപെരുമ്പത്തൂരില്‍ റേസിങ് ട്രാക്ക് ഉണ്ടാവുന്നതുവരെ ഷോളാവരത്തായിരുന്നു മദ്രാസ് റേസിങ് ക്ലബിന്‍റെ ട്രാക്ക്. മലയാള സിനിമക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ലൊക്കേഷന്‍കൂടിയാണ് റെഡ് ഹില്‍സ്. 1980 നവംബര്‍ 16ന് പി.എന്‍. സുന്ദരം സംവിധാനംചെയ്യുന്ന ‘കോളിളക്കം’ എന്ന ചിത്രം ഷൂട്ട് ചെയ്യുമ്പോള്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ ജയന്‍ മരണപ്പെട്ട ഇടംകൂടിയാണത്.

‘കാശ്മീര’ത്തിന്‍റെ ക്ലൈമാക്സ് -‘ഹിമാനി ടൈഗര്‍ ഫോഴ്സി’ന്‍റെ അറസ്റ്റ് ചെയ്യപ്പെട്ട ലീഡര്‍ ജഗ് മോഹന്‍ പാണ്ഡെയെ തിരിച്ചുകൊടുത്ത് ജസ്റ്റിസ് ഉഷാ വര്‍മയുടെ മകള്‍ മാനസിയെ കൊണ്ടുവരാന്‍ കമാൻഡോ ഓഫിസര്‍ ശ്യാം നടത്തുന്ന ഓപറേഷന്‍ ആയിരുന്നു ആ സീന്‍. കുതിരകളും പട്ടാളക്കാരും തീവ്രവാദികളുടെ പടയാളികളുമൊക്കെയായി ഒരു വലിയ യൂനിറ്റ് ഫ്രെയിമില്‍ തന്നെയുണ്ടായിരുന്നു. സാലു ചേട്ടനെ കൂടാതെ ജെ. വില്യംസടക്കം നിരവധി കാമറാമാന്മാര്‍. ഇസ്മയില്‍ ഹസനും ഞാനും ഒരു ടീമായിരുന്നു. കുതിരകളുടെ ഓട്ടവും അവ വീഴുന്നതുമായ ദൃശ്യങ്ങള്‍ ഞങ്ങള്‍ പകര്‍ത്തി. എട്ടോളം കാമറകള്‍ വിവിധ ഭാഗങ്ങളിലായുണ്ടായിരുന്നു.'

പൊലീസ്, കമാൻഡോ ജീപ്പുകള്‍ വരുന്നതും ജഗ് മോഹനെ ഇറക്കുന്നതും അയാളെ നടത്തിക്കൊണ്ട് പോകുന്നതിനിടയില്‍ ഒരു മറവില്‍ ​െവച്ച് അയാള്‍ക്ക് പകരം സുരേഷ് ഗോപി ജഗ് മോഹനെ പോലെ പോകുന്നതും മാനസി നടന്നുവരുന്നതും ജഗ് മോഹനെ ജീപ്പിലേക്ക് മാറ്റുന്നതിനിടയില്‍ അയാള്‍ നിലവിളിക്കുന്നതും പിന്നീട് അത് തിരിച്ചറിയുന്ന ലഖന്‍ അബ്ബാസ് ഖുറേഷി ഫയര്‍ ചെയ്യുന്നതും പിന്നീടതൊരു യുദ്ധമാകുന്നതുമായ ഒരു വലിയ ക്ലൈമാക്സ്. ആറു ദിവസത്തോളം രാവിലെ മുതല്‍ സന്ധ്യവരെ ഒരു താണമേഘം പോലും തണലില്ലാത്ത ആ സ്ഥലത്ത് അതികഠിനമായി ശ്രമപ്പെട്ടൊരുക്കിയ സീനായിരുന്നു ‘കാശ്മീര’ത്തിന്‍റെ അവസാനം.

അതു കഴിഞ്ഞുള്ള ടെയിൽ എൻഡ് സീന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എടുക്കാമെന്ന് തീരുമാനിച്ചെങ്കിലും സെക്യൂരിറ്റി ചെക്കിന്‍റെ പേരില്‍ ആ സീന്‍ പിന്നീട് മദ്രാസ് എയര്‍പോര്‍ട്ടിലായിരുന്നു ഷൂട്ട് ചെയ്തത്. ഡല്‍ഹി എയര്‍പോര്‍ട്ടിന്‍റെ മുന്‍വശത്തെ പുറത്തുള്ള ഭാഗം മാത്രം അവിടെ ഷൂട്ട് ചെയ്യാന്‍ അനുവാദം കിട്ടിയിരുന്നു. പൊലീസ് ജീപ്പുകളും കാറുകളും മാത്രം വരുന്ന ഒരു കോണ്‍വോയ്. ബാക്കിയുള്ള അകം സീന്‍ ഷൂട്ട് ചെയ്തത് മദ്രാസിലായിരുന്നു.

ജോയ് ഡബിങ് തിയറ്ററിലായിരുന്നു ‘കാശ്മീര’ത്തിന്‍റെ ഡബിങ്. സതീഷ് സാര്‍ റെക്കോഡിസ്റ്റ്. ആ സമയത്തായിരുന്നു ജോഷി സാര്‍ ‘സൈന്യം’ എന്ന ചിത്രം ഒരുക്കാന്‍ പോകുന്നത്. പ്രിയാരാമന്‍ അഭിനയിച്ച ഭാഗങ്ങള്‍ കാണാന്‍ അദ്ദേഹം സ്റ്റുഡിയോയില്‍ വന്നിരുന്നു. കുറച്ച് സീനുകളും എഡിറ്റ് ചെയ്ത ‘‘നോവുമിടനെഞ്ചില്‍...’’ എന്ന പാട്ടും കാണിച്ചുകൊടുത്തു. പ്രിയ ആ സിനിമയിലെ നായികയായി. ശാരദാമ്മക്ക് ഡബ് ചെയ്യുന്നതാരെന്ന ഒരാലോചനയുണ്ടായി. മുമ്പുള്ള ചിത്രങ്ങളിലൊക്കെ പഴയകാല അഭിനേത്രി ടി.ആര്‍. ഓമന ആയിരുന്നു ഡബ് ചെയ്തിരുന്നത്. വേറെ ആരെയെങ്കിലും നോക്കാമെന്ന് വിചാരിച്ചെങ്കിലും ഒടുവില്‍ ഓമനച്ചേച്ചി തന്നെയായിരുന്നു ഡബ് ചെയ്തത്. ഡബ് ചെയ്ത ഭാഗങ്ങള്‍ കാണാന്‍ ശാരദാമ്മ വന്ന ദിവസം അവരുടെ കൂടെ തെലുഗുവിലെ ഏറ്റവും വലിയ സംവിധായകനായ കോടിരാമകൃഷ്ണയുടെ കമ്പനിയിലെ മാനേജറുമുണ്ടായിരുന്നു.

അവര്‍ ചെയ്യാന്‍ പോകുന്ന ഒരു സിനിമയിലേക്ക് പ്രിയയോടൊപ്പം എന്നെയും അവര്‍ കാസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് എനിക്കൊരു ടോക്കണ്‍ അഡ്വാന്‍സ് തന്നു. ശാരദാമ്മയായിരുന്നു എന്നെ അവര്‍ക്ക് ശിപാര്‍ശ ചെയ്തത്. ശാരദാമ്മക്കൊപ്പമല്ലാതെ ഞാന്‍ അഭിനയിച്ച എന്‍റെ വേറെ ചില സീന്‍ കൂടി അവര്‍ കണ്ടു. ശാരദാമ്മ എന്നെ അനുഗ്രഹിച്ച് ഒരുപാട് സന്തോഷത്തോടെ കാറില്‍ കയറി. പിന്നീടെന്തോ കാരണത്താല്‍ ആ തെലുഗു സിനിമ നടന്നില്ല. ‘സൈന്യം’ സൂപ്പര്‍ഹിറ്റ് ആവുകയുംചെയ്തു. ജീവിതത്തില്‍ യാദൃച്ഛികതകളാണ് പലപ്പോഴും തീരുമാനങ്ങളെടുക്കുന്നത്. ‘കാശ്മീരം’ തിരശ്ശീലയിലെത്തുമ്പോഴും ഞാന്‍ ഒരു നടന്‍റെ വേഷത്തിലേക്ക് പരിവര്‍ത്തനംചെയ്യുമെന്ന് വിശ്വസിച്ചിരുന്നില്ല. മുന്നിലുള്ള കാലം എങ്ങനെയാണ് നയിക്കുന്നതെന്ന് അറിയാന്‍ കഴിയുമ്പോള്‍ ജീവിതത്തിനൊരര്‍ഥവുമുണ്ടാവില്ലല്ലോ. ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ഒരു ത്രില്ലര്‍ സിനിമ പോലെയാണ് ജീവിതം.

1994 ഏപ്രില്‍ എട്ടിന് ‘കാശ്മീരം’ തിരശ്ശീലയിലെത്തി. സ്ക്രീനില്‍ ഇൻട്രൊഡ്യൂസിങ് എന്ന വാക്കിനു കീഴെ മധുപാല്‍, കൃഷ്ണകുമാര്‍, തേജ് സ​പ്രു, മഹ്മൂദ് ഖാന്‍, സുനില എന്നു തെളിയുന്നു. സിനിമ അവസാനിച്ചപ്പോള്‍ ആരും എന്നെ തിരിച്ചറിഞ്ഞില്ല. കാരണം, ആ സിനിമയില്‍ എന്നെപ്പോലെയൊരാള്‍ ആവില്ലെന്ന് പ്രേക്ഷകര്‍ കരുതിയിട്ടുണ്ടാവും. അന്നിന്നത്തെപ്പോലെ വലിയ പ്രചാരമൊന്നും കിട്ടുന്ന സ്ഥിതിയല്ലായിരുന്നു. ഇത്രയധികം മാസികകളോ ഓണ്‍ലൈന്‍ സംവിധാനങ്ങളോ ഒരാളെ അവതരിപ്പിക്കുമ്പോള്‍ വാര്‍ത്തകളോ പൊലിമകളൊ ഒന്നും തന്നെയില്ലായിരുന്നു.

പരിചയക്കാര്‍ക്കിടയില്‍ മാത്രം ഞാനറിഞ്ഞു. ചില ചായക്കടയില്‍ കയറുമ്പോള്‍ ഒപ്പമുള്ളവരോട് ഈ ഹിന്ദിക്കാരനല്ലേ ‘കാശ്മീര’ത്തില്‍ അഭിനയിച്ചത് എന്ന് രഹസ്യമായി ചോദിക്കുന്നത് ഞാന്‍ കേട്ടിരുന്നു. കെ.കെ. രാജീവിനൊപ്പമുള്ളപ്പോഴായിരുന്നു ആ ചോദ്യങ്ങള്‍. തമ്പാനൂരിലെയും കന്നേറ്റുമുക്കിലെയുമൊക്കെ ചായക്കടകളില്‍ രാജീവിനു പരിചയമുണ്ടായിരുന്നു. അവിടെയൊക്കെ എന്നെയും കൊണ്ടുപോയിരുന്നു. ചിത്രഭൂമിയില്‍ ആദ്യമായിട്ട് എന്നെക്കുറിച്ചൊരു കുറിപ്പ് വന്നപ്പോഴായിരുന്നു ഞാനൊരു മലയാളിയാണെന്ന് ജനം തിരിച്ചറിഞ്ഞത്.

‘കാശ്മീരം’ റിലീസ് ചെയ്ത് ഗംഭീരമായ അഭിപ്രായങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന സമയത്ത് വിഷുദിവസമാണ് ‘കമ്മീഷണര്‍’ എന്ന എക്കാലത്തെയും ബ്ലോക്ക്ബസ്റ്റര്‍ ഷാജി കൈലാസ് ചിത്രമിറങ്ങുന്നത്. ഭരത്ചന്ദ്രന്‍ എന്ന സുരേഷ് ഗോപി കഥാപാത്രം ഇന്നും പ്രേക്ഷകമനസ്സില്‍ നിറയുന്നു. മലയാളം അന്നുവരെ കേട്ടിട്ടില്ലാത്ത സംഭാഷണങ്ങളും ഷോട്ടുകളുമായി തിയറ്ററുകള്‍ ഇളക്കിമറിച്ച ചിത്രം. രണ്ട് സുരേഷ് ഗോപി ചിത്രങ്ങള്‍ ഒരാഴ്ചത്തെ ഇടവേളയില്‍ വന്നിട്ടും രണ്ടും ഗംഭീരമായ അഭിപ്രായത്തോടെ വിജയം നേടി. ഈ സമയത്തായിരുന്നു മോഹന്‍ സാറിന്‍റെ ‘പക്ഷേ’ എന്ന സിനിമയുടെ പൂജ നടക്കുന്നത്. ഡി.പി.ഐ ജങ്ഷനിലെ വി.ഐ.പി പ്രൊഡക്ഷന്‍ ഹൗസിലായിരുന്നു പൂജ. അന്ന് എ.കെ. സാജന്‍, വേണു നാഗവള്ളിയുടെ തുടങ്ങാന്‍ പോകുന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ തിരക്കഥയുടെ ഒരു ഡിസ്കഷനായി വേണുച്ചേട്ടന്‍റെ പി.ടി.പി നഗറിലുള്ള വീട്ടിലുണ്ടായിരുന്നു.

സാജന്‍ വരുമ്പോള്‍ എന്നെയും വിളിക്കും. അതുകൊണ്ടുതന്നെ ‘പക്ഷേ’ സിനിമയില്‍ വേണുച്ചേട്ടനും അഭിനയിക്കുന്നതുകൊണ്ട് പൂജക്ക് ഞങ്ങളും പോയിരുന്നു. രാജീവേട്ടന്‍ അവിടെ വെച്ചാണ് ഇനിമേല്‍ സിനിമ സംവിധാനംചെയ്യുന്നില്ലെന്ന് സാജനോട് പറയുന്നത്. ഒരു ഞെട്ടലോടെയാണ് അതു കേട്ടത്. ‘കാശ്മീരം’ വളരെ നന്നായി അഭിപ്രായങ്ങള്‍ നേടുന്നു. ആ സമയത്ത് സിനിമ അവസാനിപ്പിക്കുകയെന്ന് വെച്ചാല്‍ എന്ത് ചെയ്യുമെന്നൊരു തോന്നലുണ്ടായി. ചെയ്ത രണ്ടു സിനിമകളും ഹിറ്റ്. ഇനിയുമൊരുപാട് സിനിമകള്‍ ചെയ്യാനായി പലരും കാത്തുനിൽക്കുന്നു. പെട്ടെന്നിതു കേൾക്കുമ്പോള്‍ മുന്നോട്ടുള്ള പാതയിലൊരു വന്മല അടർന്നു വീണതുപോലെ തോന്നി. രാജീവേട്ടന്‍ പൂജക്ക് വന്ന ഷാജി കൈലാസിന് എന്നെ പരിചയപ്പെടുത്തി. 1986 മുതല്‍ എനിക്ക് പരിചിതനായ ഒരാളാണ് മധു എന്ന് ഷാജി കൈലാസ്, രാജീവേട്ടനോട് പറഞ്ഞു.

‘‘അതെങ്ങനെ...?’’

‘‘അതൊരു വലിയ കഥയാണ്... ഇപ്പ പറഞ്ഞാ തീരൂലാ...’’

‘‘എന്നാ ആ മധൂനെ കൂടെ കൂട്ട്...’’ രാജീവേട്ടന്‍ എന്‍റെ കൈ പിടിച്ച് ഷാജിക്ക് കൊടുത്തു.

രാജീവേട്ടന്‍റെ ആദ്യ സിനിമയായ ‘അമ്മാനം കിളി’യുടെ സഹസംവിധായകന്‍ ഷാജി കൈലാസ് ആയിരുന്നു. അതാണ് അവര്‍ തമ്മിലുള്ളയടുപ്പം. ഒരുപാട് സിനിമാക്കാര്‍ ആ പൂജക്കുണ്ടായിരുന്നു. ‘പക്ഷേ’ സിനിമയുടെ തിരക്കഥ എഴുതിയത് ചെറിയാന്‍ കൽപകവാടിയാണ്. വേണുച്ചേട്ടന്‍റെ വീട്ടില്‍ വന്ന് എനിക്കദ്ദേഹത്തെ അറിയാം. സംവിധായകന്‍ രാജസേനന്‍ ചേട്ടനും ശശിധരന്‍ ആറാട്ടുവഴിയും കല്ലിയൂര്‍ ശശിയേട്ടനും തിരുവനന്തപുരത്ത് അന്നുണ്ടായിരുന്ന പ്രശസ്തരായ പലരും ആ പൂജയില്‍ പങ്കെടുത്തു. ആ സമയത്ത് പ്രൊഡക്ഷന്‍ കൺട്രോളർ ഗിരീഷ് വൈക്കം എന്‍റെ നമ്പര്‍ വാങ്ങിയിട്ട് ‘കാശ്മീരം’ കണ്ടെന്ന് പറഞ്ഞു. പുറത്തുനിന്നും എനിക്ക് കിട്ടുന്ന ആദ്യ അഭിനന്ദനം ആയിരുന്നു അത്.

പൂജ കഴിഞ്ഞ് സാജനൊപ്പം ഞാന്‍ വേണുച്ചേട്ടന്‍റെ വീട്ടിലേക്ക് പോയി. അവിടേക്കാണ് ഗിരീഷ് വൈക്കത്തിന്‍റെ ഫോണ്‍ വന്നത്. വേണുച്ചേട്ടന്‍റെ മീരച്ചേച്ചിയായിരുന്നു എനിക്ക് ഫോണുണ്ടെന്ന് പറഞ്ഞത്.

ഹലോ എന്നു പറഞ്ഞതും മധുപാലേ ഇത് ഗിരീഷ് വൈക്കമാണ് എന്ന വാചകമാണ് ഞാന്‍ കേട്ടത്.

‘‘എന്താണ് ഗിരീഷേട്ടാ...’’

‘‘മധുപാലിപ്പോ ഏതെങ്കിലും പടം കമ്മിറ്റ് ചെയ്തിട്ടുണ്ടോ...?’’

‘‘ഇല്ലല്ലോ... വേണുച്ചേട്ടന്‍റെ വീട്ടില്‍ സാജന്‍റെ കൂടെ ഇരിപ്പുണ്ട്...’’

‘‘എന്നാ രാജസേനനെ ഒന്ന് കാണണം... എപ്പഴാ സൗകര്യം..?’’

‘‘നാളെ രാവിലെ വരാം... എവിടെയാ ഉള്ളത്...’’

‘‘ഗീത് ഹോട്ടലിലുണ്ടാവും. അപ്പോ രാവിലെ ഒരു പത്ത് കഴിഞ്ഞിട്ട് വരൂ...’’ ഫോണ്‍ കട്ടായി.

വേണുച്ചേട്ടന്‍റെ വീടിന്‍റെ പിന്‍വശത്ത് ഒരു ചെറിയ ഹട്ടുണ്ടായിരുന്നു. അവിടെയിരുന്നാണ് വേണുച്ചേട്ടന്‍റെ സ്ക്രിപ്റ്റ് ഡിസ്കഷന്‍. ‘അഗ്നിദേവന്‍’ എന്ന സിനിമയായിരുന്നു അത്. പി. ബാലചന്ദ്രന്‍ എഴുതിയ തിരക്കഥക്ക് മീതെ ഒരു ചര്‍ച്ച. ഇടക്കൊക്കെ ബാലേട്ടനും വരും. രാജസേനന്‍ ചേട്ടന്‍ കാണണമെന്ന് പറഞ്ഞ കാര്യം ഞാനവരോട് സൂചിപ്പിച്ചു. വേണുച്ചേട്ടന്‍ ആശംസയോടെ പോയി കാണാന്‍ പറഞ്ഞു. ചിലപ്പോള്‍ അഭിനയിക്കാനാണെങ്കിലോ എന്ന് കാര്യമായി തന്നെ പറഞ്ഞു.

പിറ്റേദിവസം രാവിലെ പത്തുമണിയാവുമ്പോഴേക്കും ഞാന്‍ ഗീത് ഹോട്ടലില്‍ എത്തി. റിസപ്ഷനില്‍നിന്നും സംവിധായകന്‍ രാജസേനന്‍ സാറിന്‍റെ മുറി പറഞ്ഞുതന്ന് വിളിച്ച് ചോദിച്ചു. ലിഫ്റ്റിലേക്ക് രാജീവേട്ടന്‍റെ ചേട്ടന്‍ ഭദ്രണ്ണനും ഒപ്പം കയറി. ഭദ്രണ്ണന്‍ ആ ഹോട്ടലിലെ ഫ്രണ്ട് ഓഫിസില്‍ ജോലിചെയ്യുന്നുണ്ടായിരുന്നു. ലിഫ്റ്റ് നിന്നപ്പോള്‍ റൂമിന്‍റെ സൈഡ് പറഞ്ഞ് തന്ന് ഭദ്രണ്ണന്‍ മുകളിലേക്ക് പോയി.

ഞാന്‍ രാജസേനന്‍ സാറിന്‍റെ മുറിയുടെ വാതിലിന് മുന്നിലെ ബെല്ലമര്‍ത്തി. അകത്ത് സേനന്‍ സാറും തിരക്കഥാകൃത്ത് ശശിധരന്‍ ആറാട്ടുവഴിയും ഗിരീഷേട്ടനും മാണി സി. കാപ്പനുമുണ്ടായിരുന്നു. എല്ലാവരെയും പരിചയപ്പെടുത്തിയപ്പോള്‍ ‘കാശ്മീര’ത്തിന്‍റെ കാര്യം പറഞ്ഞു.

‘‘ആക്സിഡന്‍റ്ല്യാ ഞാനതില്‍ അഭിനയിച്ചത് സാര്‍...’’

‘‘പക്ഷേ നന്നായിട്ടുണ്ട്... ശരിക്കും ഒരു നോര്‍ത്തിന്ത്യന്‍ എന്നാ ഞങ്ങള് കരുതീത്... പിന്നെ ഇന്നലെ കണ്ടപ്പഴ ആളെയറിഞ്ഞത്...’’

‘‘താങ്ക്സ് സാര്‍...’’

‘‘മധുപാലേ ഞങ്ങളൊരു സിനിമ ചെയ്യുന്നുണ്ട്. അതിലൊരു ക്യാരക്റ്ററുണ്ട്. പക്ക നെഗറ്റീവ് ആണ്. തുടക്കത്തില്‍ വളരെ സാധു ആയിട്ടും പിന്നെ പെട്ടെന്ന് മാറുന്നതുമായ ഒരു കഥാപാത്രം. വൈശാഖന്‍. അത് മധുപാലിനു ചെയ്യാന്‍ പറ്റുമോ എന്നറിയാനാ വിളിപ്പിച്ചത്...’’

ഞാനൊന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു: ‘‘ഞാനങ്ങനെ ഒരു ആക്ടറൊന്നുമല്ല. ‘കാശ്മീരം’ സിനിമക്കൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു. പിന്നെ എല്ലാരും അറിയുന്ന ആള്‍ക്കാര്‍... ആ സിനിമയില്‍ അങ്ങനെ വില്ലനിസം ഒന്നും കാണിച്ചിട്ടില്ല... ഫോട്ടോ കാണിച്ച് ഇയാളൊരു വില്ലനാണ് എന്ന് പറഞ്ഞിട്ടേയുള്ളൂ.’’

‘‘അതെ... ആ ഫോട്ടോ ആക്ടീവാവണം. അങ്ങനെ ചെയ്യാന്‍ പറ്റുമോ എന്നൊന്ന് നമ്മക്ക് നോക്കിയാലോ...’’

രാജസേനന്‍ സാര്‍ എന്നെയും വിളിച്ചുകൊണ്ട് ശശിയേട്ടനൊപ്പം അദ്ദേഹത്തിന്‍റെ മുറിയിലേക്ക് വന്നു. അവിടെ വെച്ചാണ് സിനിമയുടെ കഥ പറയുന്നത്.

നാടക നടനായ വൈശാഖന്‍, അയാളുടെ ഭാര്യ ഒരു നാടകത്തില്‍ അഭിനയിക്കാന്‍ പോകുന്നു. അവര്‍ തമ്മില്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. അവളവിടെ ഉണ്ടെന്നറിഞ്ഞ് അയാള്‍ അവരെ കാണാന്‍ വരുന്നു. തികച്ചും പാവമായ ഒരാളെന്ന് നാടകസംഘത്തിലെ ആളുകള്‍ കരുതുന്നു. അവര്‍, വൈശാഖനെ ഭാര്യയെ കാണാന്‍ അനുവദിക്കുന്നു. അവിടെ ചെന്ന് വൈശാഖന്‍ അവളോട് സംസാരിക്കുകയും ആ കുട്ടിയെ അതിക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുന്നു. പിന്നെ ഒരുപാട് പ്രശ്നങ്ങള്‍ക്ക് നടുവിലൂടെ കഥ പോവുകയും ഒടുവില്‍ വൈശാഖനെ അയാളുടെ ഭാര്യയുടെ അച്ഛന്‍ കുത്തിക്കൊല്ലുന്നതുമാണ് കഥ.

‘‘മധു സമയമെടുത്തോളൂ...’’ എന്ന് പറഞ്ഞ് അവരെന്നെ വിട്ട് വേറെ എന്തോ സംസാരിച്ചു. ആ സമയം സത്യത്തില്‍ എങ്ങനെയാണിത് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ഒരു നിമിഷം പ്രാര്‍ഥിച്ച് പെട്ടെന്ന് ‘‘ഞാന്‍ റെഡി സാര്‍’’ എന്ന് വിളിച്ചു പറഞ്ഞു.

നാടകപ്രവര്‍ത്തകരായ ആളുകളെ കാണാന്‍ വരുകയും അവരോട് ഇത്തിരി വെള്ളം ചോദിക്കുകയും ഭാര്യയെ കാണാന്‍ അനുവദിക്കണമെന്നും പറയുന്ന സമയത്ത് രാജസേനന്‍ സാര്‍ എനിക്ക് വെള്ളം തരികയും ഞാനത് കുടിക്കുകയും ചെയ്തിട്ട് ഡയലോഗ് പറഞ്ഞു. പിന്നെ ഭാര്യയെ കണ്ട് ആ കുട്ടിയോട് കാണാന്‍ വരാത്തതിലും കൂടെ താമസിക്കാത്തതിനുമൊക്കെ സങ്കടം പറഞ്ഞ് പെട്ടെന്ന് വയലന്‍റാവുകയും അവിടെയുള്ള ഒരു കത്തിയെടുത്ത് സ്വയം കൈയില്‍ കുത്തുകയും ആര്‍ത്തു ചിരിക്കുകയും ചിരിച്ചുകൊണ്ട് തന്നെ തളര്‍ന്ന് താഴെ വീഴുകയുംചെയ്തു. കട്ടിലിന്‍റെ സൈഡിലേക്ക് മറിഞ്ഞുവീണതും മുറിയിലെ കറന്‍റ് ഓഫായി. ഇരുട്ടുമാത്രം ആ മുറിയില്‍. ആര്‍ക്കും ആരെയും കാണാന്‍ കഴിയുന്നില്ല. എങ്ങനെയാണ് എഴുന്നേൽക്കേണ്ടത് എന്നറിയാതെ ഞാനവിടെ കിടന്നു.

(തുടരും)

Show More expand_more
News Summary - On the success of the film Kashmeeram