Begin typing your search above and press return to search.
proflie-avatar
Login

വി​പ്ല​വ​ത്തി​ന്റെ ആ​ര​ണ്യ​കാ​ണ്ഡം

വി​പ്ല​വ​ത്തി​ന്റെ ആ​ര​ണ്യ​കാ​ണ്ഡം
cancel

എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ നിർമിക്കപ്പെട്ട ‘ആരണ്യകം’, ‘പഞ്ചാഗ്നി’ എന്നീ രാഷ്ട്രീയ സിനിമകളെ വീണ്ടും കാണുകയാണ് ലേഖകൻ. ഈ സിനിമകൾ എങ്ങനെയൊക്കെയാണ് അക്കാലത്തെ രാ​ഷ്ട്രീ​യാ​വ​സ്ഥ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച​ത് എ​ന്ന് പ​രി​ശോ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ല​ക്കം തു​ട​ർ​ച്ചവര്‍ഷങ്ങള്‍ക്കുശേഷം തന്റെ സ്വപ്‌നഭൂമിയിലേക്ക് തിരിച്ചെത്തുന്ന അമ്മിണി എന്ന സ്ത്രീയുടെ വേദനനിറഞ്ഞ ഓർമകളാണ് ‘ആരണ്യകം’ എന്ന തിരക്കഥയുടെ തുടക്കം. കൗമാരത്തിന്റെ കൗതുകങ്ങളും ചിന്തകളുടെ വര്‍ണലോകവും സമ്മാനിച്ച തന്റെ സ്വപ്‌നഭൂമിയിലേക്ക് കാലങ്ങള്‍ക്കുശേഷം എത്തുമ്പോള്‍ അമ്മിണിയുടെ മനസ്സ് ആര്‍ദ്രമാണ്. അവളുടെ ശബ്ദം...

Your Subscription Supports Independent Journalism

View Plans
എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ നിർമിക്കപ്പെട്ട ‘ആരണ്യകം’, ‘പഞ്ചാഗ്നി’ എന്നീ രാഷ്ട്രീയ സിനിമകളെ വീണ്ടും കാണുകയാണ് ലേഖകൻ. ഈ സിനിമകൾ എങ്ങനെയൊക്കെയാണ് അക്കാലത്തെ രാ​ഷ്ട്രീ​യാ​വ​സ്ഥ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച​ത് എ​ന്ന് പ​രി​ശോ​ധി​ക്കു​ന്നു.  ക​ഴി​ഞ്ഞ ല​ക്കം തു​ട​ർ​ച്ച

വര്‍ഷങ്ങള്‍ക്കുശേഷം തന്റെ സ്വപ്‌നഭൂമിയിലേക്ക് തിരിച്ചെത്തുന്ന അമ്മിണി എന്ന സ്ത്രീയുടെ വേദനനിറഞ്ഞ ഓർമകളാണ് ‘ആരണ്യകം’ എന്ന തിരക്കഥയുടെ തുടക്കം. കൗമാരത്തിന്റെ കൗതുകങ്ങളും ചിന്തകളുടെ വര്‍ണലോകവും സമ്മാനിച്ച തന്റെ സ്വപ്‌നഭൂമിയിലേക്ക് കാലങ്ങള്‍ക്കുശേഷം എത്തുമ്പോള്‍ അമ്മിണിയുടെ മനസ്സ് ആര്‍ദ്രമാണ്. അവളുടെ ശബ്ദം ചിത്രത്തിന്റെ ആരംഭത്തില്‍ ഇങ്ങനെ കേള്‍ക്കുന്നു: ഞാന്‍ വരികയാണ്. മനസ്സിന്റെ കുമ്പിളില്‍ പൂക്കളുമായി നഷ്ടപ്പെട്ട നാളുകളേ... നിങ്ങളുടെ കുഴിമാടങ്ങള്‍ തേടി ഞാന്‍ വീണ്ടും വരികയാണ്. ഒരു പന്തീരാണ്ടിനുശേഷം. നിങ്ങളെയോര്‍ത്ത് ഞാനിന്നും കരയാറുണ്ട്. ചിരിക്കാറുമുണ്ട്്. അർഥമുള്ള വാക്കുകള്‍ തേടി തന്റെ ബാലഭാവന മേഞ്ഞുനടന്ന കാടുകള്‍തേടിയാണ് അവളുടെ വരവ്. മേഘമാലകളില്‍നിന്ന് തെറിച്ചുവീണ സങ്കല്‍പങ്ങള്‍ ഉടഞ്ഞുചിതറിയ കാട്ടുവഴികള്‍ തേടിയുമാണ് ഈ തീർഥയാത്ര. അമ്മിണിയുടെ ഓര്‍മയില്‍നിന്നാണ് കഥ വിടര്‍ന്നു വികസിക്കുന്നത്.

കാടും മലകളും പൂക്കളും പക്ഷികളും നിറഞ്ഞ വയനാടന്‍ഗ്രാമമാണ് അമ്മിണിയെ വശീകരിക്കുന്നത്. മുത്തച്ഛനും വല്യച്ഛനും വല്യമ്മയും അവരുടെ മക്കളും അടങ്ങുന്ന കുടുംബത്തിലേക്കാണ് അതിഥിയെന്നോണം ആ പതിനാലുകാരി എത്തുന്നത്. നഗരജീവിതത്തിന്റെ പൊളിച്ചുനീക്കലുകളും കൂട്ടിച്ചേർക്കലുകളും കാരണം വ്യക്തിത്വത്തിന് ഏല്‍ക്കുന്ന പോറലുകള്‍ ചിലപ്പോള്‍ ആഴത്തിലുള്ളതാകാം. അമ്മ നഷ്ടപ്പെട്ട അമ്മിണിക്ക് അച്ഛന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ പ്രത്യക്ഷമാകുന്ന അത്ഭുതമാണ്. ബിസിനസ് ടൂറിന് ഇടക്ക് കാണാനെത്തുന്ന ആള്‍. അവള്‍ തറവാട്ടില്‍ എത്തുന്നതുതന്നെ ഗ്രാമീണവഴികളും കാടുകളും നിറഞ്ഞ നാട് കാണാന്‍ വേണ്ടിയാണ്. എന്തിനെയും ചോദ്യംചെയ്യുകയും എല്ലാറ്റിന്റെയും പൊരുള്‍ അന്വേഷിക്കുകയും സ്വന്തമായ യുക്തിയുടെ ലോകത്ത് ജീവിക്കുകയും ചെയ്യുന്ന അമ്മിണി മറ്റുള്ളവരോടൊപ്പം നില്‍ക്കുമ്പോഴും സ്വന്തമായ ലോകം തീര്‍ക്കുന്ന ആളാണ്. വലിയ തറവാട്ടില്‍ താന്‍ ഏകാകിയായി മാറുന്നതിന്റെ മനോവേദന അമ്മിണി അനുഭവിക്കുന്നുണ്ട്. എന്നാല്‍, മറ്റുള്ളവര്‍ക്ക് അത് മനസ്സിലാവില്ല. അമ്മിണിയുടെ അച്ഛനെ കുറ്റപ്പെടുത്തിയും അല്ലാതെയും കുടുംബാംഗങ്ങള്‍ സംസാരിക്കുമ്പോള്‍ അമ്മിണിയുടെ സാന്നിധ്യം അവര്‍ ശ്രദ്ധിക്കാതെ പോവുന്നു. അവള്‍ക്കാകട്ടെ, ചുറ്റുമുള്ള വാക്കുകളും പ്രവൃത്തികളും പിടിച്ചെടുക്കാതെ വയ്യതാനും. അമ്മിണിയുടെ ഈ ലോകമാണ് ‘ആരണ്യക’ത്തെ ചലനാത്മകമാക്കുന്നത്.

വല്യച്ഛന്‍ മാധവൻ നായരുടെ മകള്‍ ശൈലജയും മുറച്ചെറുക്കന്‍ മോഹനനും വിവാഹിതരാവുമെന്നാണ് സംസാരം. ശൈലജയാകട്ടെ മോഹനനെ വരിച്ച മട്ടാണ്. മോഹനന്റെ മനസ്സറിയാന്‍ ചറപറാന്ന് സംസാരിക്കുന്ന അമ്മിണിയെ ദൂതിയാക്കാനും ആലോചിക്കുന്നുണ്ട് ശൈലജ. എന്നാല്‍, മോഹനന്റെ ഗുപ്തമായ ഇഷ്ടം അമ്മിണിയോടാണ്. അത് പിന്നീടാണ് വ്യക്തമാക്കപ്പെടുന്നത് എന്നുമാത്രം. ഡല്‍ഹിയില്‍ പോയി അമ്മിണിയുടെ അച്ഛനെ പരിചയപ്പെടാനും പിന്നീട് റിസര്‍ച്ചും പഠനവുമെല്ലാം കഴിഞ്ഞ് ജോലിയായതിനുശേഷം അമ്മിണിയെ കല്യാണമാലോചിക്കാനുമാണ് മോഹനന്റെ പ്ലാന്‍. നോട്ടുപുസ്തകങ്ങളില്‍ തന്റെ കിറുക്കുകള്‍ എഴുതിവെക്കുകയും കാട്ടിലും മേട്ടിലും അലഞ്ഞുനടക്കുകയും ചെയ്യുന്ന അമ്മിണിയെ മോഹനന് ഇഷ്ടമാവുന്നുണ്ട്. അമ്മിണി രഹസ്യസങ്കേതമായി കണ്ടെത്തുന്ന പഴയ അമ്പലത്തില്‍ വെച്ച് മോഹനന്‍ തന്റെ പ്രണയചുംബനം അര്‍പ്പിക്കുന്നുമുണ്ട്. ഇതുകൊണ്ടെല്ലാംതന്നെ ശൈലജയുടെ ഇംഗിതം മോഹനനെ അറിയിക്കാന്‍ അവള്‍ പ്രയാസപ്പെടുകയാണ്. എങ്കിലും ശൈലജയുടെ കാത്തിരിപ്പിന്റെ വിഷയം അവതരിപ്പിക്കാതെ പോവുന്നില്ല. ശൈലജയുടെയും മാതാപിതാക്കളുടെയും മനസ്സിലിരിപ്പിന് നിന്നുകൊടുക്കാന്‍ മോഹനന്‍ തയാറല്ല. അവരുടെ പ്രവൃത്തിക്ക് പിന്നിലെ വ്യാപാരക്കണ്ണുകളും തിരിച്ചറിയുന്നുണ്ട്.

നക്‌സലൈറ്റ് ആക്രമണത്തില്‍ ആളുമാറി മോഹനന്‍ കൊല്ലപ്പെടുമ്പോള്‍ എല്ലാ സ്വപ്‌നങ്ങളും എരിഞ്ഞടങ്ങുകയാണ്. മോഹനന്റെ മനസ്സറിഞ്ഞിരുന്നില്ലെങ്കിലും പ്രിയതമന്‍ നഷ്ടപ്പെട്ട വ്യഥ എടുത്തണിയുകയാണ് ശൈലജ. അമ്മിണിയുടെ വേദനയും നഷ്ടബോധവും മോഹനന്റെ ഘാതകനായ വിപ്ലവകാരിയായ ചെറുപ്പക്കാരന്റെ മുന്നിലാണ് അനാവൃതമാവുന്നത്. വിവാഹം നിശ്ചയിച്ച കാര്യവും ശൈലജ എന്ന പെണ്‍കുട്ടിയുടെ വേദനയും വിപ്ലവകാരി അറിയുന്നുണ്ട്. ആളുമാറി അനർഥം സംഭവിച്ചതില്‍ അയാളും ഖിന്നനാണ്. അത്തരമൊരു കൈയബദ്ധം പറ്റിയതില്‍ പശ്ചാത്താപ വിവശനുമാണ്. അമ്മിണിയുടെ കസിനോട് മാപ്പ് പറയാന്‍ താന്‍ തയാറാണെന്ന് അയാള്‍ വെളിപ്പെടുത്തുന്നുണ്ട്. യഥാർഥത്തില്‍ താനാണ് മോഹനന്റെ വധുവാകേണ്ടിയിരുന്നത് എന്ന് അമ്മിണി പറയുമ്പോള്‍, അയാള്‍ തോക്കെടുത്ത് അമ്മിണിയെ ഏല്‍പിക്കുകയാണ്. വെടിവെച്ചു കൊല്ലാന്‍. അമ്മിണി പക്ഷേ, ഒന്നും മിണ്ടാതെ മടങ്ങുകയാണ്.

വിപ്ലവകാരിയായ യുവാവും അമ്മിണിയും തമ്മിലുള്ള സൗഹൃദം മാനവികമായ തലത്തിലുള്ളതാണ്. ഇരുവരും തമ്മിലുള്ള ആശയവിനിമയങ്ങള്‍ വ്യത്യസ്തവിതാനങ്ങളിലുള്ള ചിന്തകളെ ഉണര്‍ത്തുന്നു. പക്ഷികളെയും പൂക്കളെയും കാടിനെയും ഇഷ്ടപ്പെടുന്ന അമ്മിണിയോട് വാത്സല്യവും സ്‌നേഹവും ഉണ്ടെങ്കിലും ചെറുപ്പക്കാരന്‍ തന്റെ പേരുപോലും വെളിപ്പെടുത്തുന്നില്ല. എന്നാല്‍ അവരുടെ സംവാദങ്ങള്‍ രാഷ്ട്രീയ സ്വഭാവമുള്ളതാണ്. കാട്ടിലെ ഇടിഞ്ഞുപൊളിഞ്ഞ അമ്പലം അമ്മിണിയുടെ സ്ഥിരം ക്യാമ്പാണ്. അവിടെ മറ്റാരും എത്തില്ല എന്നാണ് അവളുടെ വിചാരം. ഒരിക്കല്‍ അമ്പലപരിസരത്ത് അയാളെ കാണുന്നു.

അമ്പലവും പരിസരവും സ്വകാര്യ സ്വത്താണോ എന്ന് അയാള്‍ ചോദിക്കുന്നുണ്ട്. അത് അർഥഗര്‍ഭമാണ്. സ്വകാര്യസ്വത്തിനും അധികാരത്തിനും എതിരെയുള്ള ഒരു തത്ത്വശാസ്ത്രമാണ് അയാളുടേത്. അതുകൊണ്ടുതന്നെ ആ ചോദ്യം പ്രസക്തമാണ്. താടിയില്‍ തേനീച്ച വളര്‍ത്തുന്ന ആളെ പറ്റി പത്രത്തില്‍ വായിച്ച അറിവുമായി ചെറുപ്പക്കാരനെ തേനീച്ചവളര്‍ത്തുകാരനായി കാണുന്ന അമ്മിണിക്ക് പക്ഷേ അയാളെ തിരിച്ചറിയാന്‍ വൈകി മാത്രമേ സാധിക്കുന്നുള്ളൂ. പരിക്കേറ്റ ചെറുപ്പക്കാരനെ മരുന്നും മറ്റും എത്തിക്കാന്‍ കൃഷ്ണന്‍മാഷിനെ കാണുന്ന അമ്മിണി അയാളോട് യുവാവിനെ പറ്റി ചോദിക്കുന്ന ഒരു രംഗമുണ്ട്് തിരക്കഥയില്‍. ‘അയാള്‍ ജോസഫോ മുരളിയോ?’ അതിന് കൃത്യമായ ഉത്തരം മാഷ് നല്‍കുന്നില്ല. ‘ആരായാലന്തൊ പറഞ്ഞത് ചെയ്താല്‍ പോരെ? ‘എന്ന മറുചോദ്യമാണ് മറുപടി. തുടര്‍ന്ന്, കുട്ടി ഏതാ എന്ന അയാളുടെ ചോദ്യത്തിന് അമ്മിണിയും തിരിച്ചടി നല്‍കുന്നു. ‘ഏതായാലന്തൊ കാര്യം നടന്നാല്‍ പോരെ.’

അമ്മിണിയുടെയും ചെറുപ്പക്കാരന്റെയും സംഭാഷണങ്ങള്‍ തുടരുന്ന രംഗങ്ങളില്‍ പലപ്പോഴും അയാളുടെ രാഷ്ട്രീയചിന്തകള്‍ തെളിഞ്ഞുവരുന്നുണ്ട്. അയാള്‍ നല്‍കിയ കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകം ഏറ്റുവാങ്ങുമ്പോള്‍, ഇതിന് പുറമെ കേരളത്തിലെ പാമ്പുകള്‍ എന്നൊരു പുസ്തകമുണ്ട്. കേരളത്തിലെ ചെടികള്‍ എന്നൊരു പുസ്തകം വരുന്നുണ്ടെന്ന് അമ്മിണി ഇങ്ങനെ പറയുന്നു. കേരളത്തിലെ മനുഷ്യരെപ്പറ്റി വല്ല പുസ്തകവും വന്നിട്ടുണ്ടോ എന്നാണ് അപ്പോള്‍ അയാളുടെ ചോദ്യം. അതൊരു രസമില്ലാത്ത വിഷയമാണെന്ന് അയാള്‍തന്നെ സമ്മതിക്കുന്നു. ആരും എഴുതാന്‍ മിനക്കെട്ടിട്ടില്ല. എഴുതിയാല്‍തന്നെ നിങ്ങളൊന്നും വായിക്കുകയില്ലല്ലോ എന്ന കുറ്റപ്പെടുത്തലും കാണാം. തന്റെ പ്രത്യയശാസ്ത്രചിന്തകള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്ന പൊതുസമൂഹത്തിന്റെ പ്രതിനിധിയായി മാത്രമേ ഈ സന്ദര്‍ഭത്തില്‍ അയാള്‍ അമ്മിണിയെ കാണുന്നുള്ളൂ. കൊല്ലുന്നത് ശരിയാണെന്ന് ഏതെങ്കിലും പുസ്തകത്തില്‍ പറയുന്നുണ്ടോ എന്ന ചോദ്യം ‘പഞ്ചാഗ്നി’യിലെ പോലെ അമ്മിണിയുടെ ചോദ്യമായി ‘ആരണ്യക’ത്തിലും ഉയരുന്നുണ്ട്. പുസ്തകം വായന അജണ്ടയില്‍ ഇല്ലാത്ത ഒന്നായി അയാള്‍ പറയുന്നുണ്ട്. അയാളുടെ ഇപ്പോഴത്തെ വായന സാമൂഹിക വായനയാണ്. അതാകട്ടെ അമ്മിണിക്ക് മനസ്സിലാകാത്തതാണെന്ന മുന്‍വിധിയുമുണ്ട്.

മോഹനന്റെ ഘാതകനാണെന്ന് അറിഞ്ഞിട്ടും ചെറുപ്പക്കാരനോടുള്ള അനുകമ്പ അമ്മിണിയില്‍നിന്ന് ചോര്‍ന്നുപോകുന്നില്ല. കാലിന് മുറിവേറ്റ് കഴിയുന്ന അയാളെ സഹായിക്കാന്‍ അമ്മിണി തയാറാവുന്നത് അതിന്റെ ഭാഗമാണ്. മുറിവേറ്റ കാലില്‍ അസ്വസ്ഥതയുണ്ടാക്കുന്ന പാന്റിന് പകരമായി മുണ്ടു കൊണ്ടുവരണോ പ്രയാസമാവില്ല എന്നവള്‍ ചോദിക്കുന്നു. മനുഷ്യത്വത്തിന്റെ മുഖമാണ് അവിടെ തെളിയുന്നത്. അയാളുടെ വീട് എവിടെയാണെന്ന അന്വേഷണവും ഉണ്ടാവുന്നു. ആര്‍ക്കായാലും ഒരു വീട് ഉണ്ടാവുമല്ലോ എന്നാണ് അമ്മിണിയുടെ ആ അന്വേഷണത്തിന്റെ യുക്തി. ഈ കാട് തന്നെയാണ് വീട് എന്ന് തുടക്കത്തില്‍ പറയുന്നുണ്ടെങ്കിലും പിന്നീട് അമ്മിണിയെപോലെ ഒരു അനുജത്തിയുള്ള വീടിനെ പറ്റി അയാള്‍ മനസ്സ് തുറക്കുന്നു. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരും അവകാശികളായി വരാന്‍ ഇടയില്ല എന്ന കാര്യവും സൂചിപ്പിക്കുന്നു.

അമ്മിണിയുടെപോലും സഹായങ്ങള്‍ സ്വീകരിക്കുന്നത് ഒരു ബലഹീനതയായാണ് അയാള്‍ കാണുന്നത്. നിവൃത്തിയില്ലാത്തതുകൊണ്ടാണ് അവളെ കൃഷ്ണന്‍മാഷിന്റെ അടുത്തേക്ക് പറഞ്ഞുവിടുന്നത്. കാലിന് പരിക്കേറ്റു കിടക്കുന്ന തന്നെ പിടിച്ചുകൊടുക്കാന്‍ അമ്മിണി ശ്രമിക്കുമെന്നും അതിലൂടെ വീരോചിത നായികയായി അവള്‍ മാറുമെന്നും ചെറുപ്പക്കാരന്‍ ചിന്തിക്കുന്നുണ്ട്. ചെറുപ്പക്കാരന്റെ ഫോട്ടോ പൊലീസ് എല്ലാവരെയും കാണിക്കുമ്പോള്‍ അമ്മിണി ഭയപ്പാടോടെയാണ് നില്‍ക്കുന്നത്. അവള്‍ എന്തെങ്കിലും പറയുമെന്ന് ഡി.ഐ.ജി പ്രതീക്ഷിക്കുന്നു. എന്നാല്‍ എങ്ങും കണ്ടിട്ടില്ല എന്നായിരുന്നു അവളുടെ മറുപടി. അന്ത്യാളന്‍ ക്ഷേത്രത്തില്‍ നോക്കിയോ എന്ന മുത്തച്ഛന്റെ അന്വേഷണം പൊലീസിന് പുതിയ തുമ്പായി മാറുകയാണ്. ആ നിമിഷം ചെറുപ്പക്കാരന്റെ ഭാവി തീരുമാനിക്കപ്പെടുകയാണ്. ആ രാത്രിയില്‍ തന്നെ ക്ഷേത്രത്തിലെത്തി അയാളോട് രക്ഷപ്പെടാന്‍ അമ്മിണി പറയുന്നുണ്ട്. അമ്മിണിയോട് യാത്ര പറഞ്ഞ് അയാള്‍ പുറപ്പെടുന്നു. എന്നാല്‍, അപ്പോഴേക്ക് വൈകിപ്പോയി. പൊലീസ് സന്നാഹങ്ങളുമായി അയാളെ വളഞ്ഞു. പിന്നീട് തുരുതുരാ വെടിവെക്കുകയാണ്. ‘ഈശ്വരാ രക്ഷപ്പെടണേ’ എന്ന അവളുടെ പ്രാർഥന വിഫലമാവുകയാണ്.

ഏറ്റുമുട്ടല്‍ കൊലയായി ചിത്രീകരിക്കാനുള്ള പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്ന നീക്കവും ശ്രദ്ധേയമാണ്. നിരായുധനും പരിക്കേറ്റവനുമായ യുവാവിനെ വെടിവെച്ചുകൊന്നശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കുന്ന പൊലീസിന്റെ മനുഷ്യത്വരഹിതമായ മുഖം ഇവിടെ കാണാം. ഏറ്റുമുട്ടല്‍ കൊലപാതകമായി ചിത്രീകരിച്ച വര്‍ഗീസിന്റെ വധം ഓര്‍മയില്‍ തെളിയുന്ന സന്ദര്‍ഭമാണിത്. എന്നാല്‍ മാവോയിസ്റ്റുകളുടെ കാര്യത്തിലും മറ്റും ഏറ്റമുട്ടല്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് എത്രയോ മുമ്പ് എം.ടി ഇത്തരമൊന്ന് മുന്‍കൂട്ടി കണ്ടു എന്നത് എടുത്തുപറയേണ്ടതാണ്.

നിയമത്തെയും നീതിപാലകരെയും വശത്താക്കി തങ്ങള്‍ക്ക് തോന്നിയത് എന്തും ചെയ്യുന്ന ഭൂവുടമകളുടെ ക്രൂരമായ നടപടികളും ‘ആരണ്യക’ത്തില്‍ തെളിഞ്ഞുകിടപ്പുണ്ട്. മാധവന്‍നായര്‍ അത്തരം സംഘത്തിന്റെ പ്രതിനിധിയാണ്. പൊലീസ് ഇന്‍സ്‌പെക്ടര്‍ രാവുണ്ണി എന്നും മാധവന്‍നായരുടെ മാളികയില്‍ മദ്യസല്‍ക്കാരം സ്വീകരിക്കുന്ന ആളാണ്. കുരുമുളക് നഷ്ടപ്പെട്ടതിന്റെയും മറ്റും പേരില്‍ കുടിയാന്മാരെയും ആശ്രിത കര്‍ഷകരെയും ആദിവാസികളെയും തല്ലിച്ചതക്കുന്നത് പതിവാണ്. ഇത്തരം ക്രൂരതക്കുനേരെ പ്രതികരിച്ചതിന്റെ പേരില്‍ പരമേശ്വരന്‍ എന്ന യുവാവിനെ പൊലീസ് പിടിച്ചുകൊണ്ടുപോവുന്നു. അവനെ പിന്നീട് ആരും കാണുന്നില്ല.

തിരക്കഥയുടെ തുടക്കത്തില്‍തന്നെ വിപ്ലവകാരികളുടെ സൂചന രചയിതാവ് നല്‍കുന്നുണ്ട്. ബസ് സ്റ്റോപ്പില്‍ അമ്മിണിയെ കൂട്ടാന്‍ പരമേശ്വരനെ അയക്കാത്തതിന്റെ കാരണം നാണു വിശദീകരിക്കുമ്പോള്‍ അവനെ പറഞ്ഞുവിട്ടതായി വ്യക്തമാവുന്നു. പന്തംകൊളുത്തി പ്രകടനത്തില്‍ പങ്കെടുത്തതും യോഗത്തില്‍ പ്രസംഗിച്ചതുമാണ് കാരണം. അങ്ങാടിയില്‍ മാധവന്‍നായര്‍ക്കെതിരെയുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍, തുടക്കത്തില്‍ അമ്മിണി ഇത് വളരെ ലാഘവത്തോടെയാണ് കാണുന്നത്. താന്‍ ഇതുവരെ പന്തംകൊളുത്തി പ്രകടനം കണ്ടിട്ടില്ലെന്നും കാണണമെന്നുമാണ് അവളുടെ ആവേശം.

ജന്മി കുടുംബത്തിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ വിപ്ലവകാരികള്‍ നടത്തുന്ന പ്രതികരണം സായുധമായ ആക്രമണമായി മാറുകയാണ്. എന്നാല്‍, ആളുമാറി മോഹനന്‍ ആണ് തോക്കിന് ഇരയാവുന്നത്. ഇപ്രകാരം വിപ്ലവത്തിന്റെ സൂചനകളും അടിയാളരുടെ ദുരിതവും സമ്പന്ന ഭൂവുടമകളുടെ നിയമം കൈയിലെടുക്കലും നവതാരുണ്യത്തിന്റെ ഗൂഢമായ പ്രണയവും എല്ലാം ആരണ്യകത്തിന്റെ ഘടകങ്ങളാണ്. ഇവയെല്ലാം ചേരുംപടി ചേര്‍ത്തുവെക്കുന്നതില്‍ തിരക്കഥാകൃത്ത് വിജയിക്കുന്നു. വിപ്ലവത്തിന്റെ വഴികള്‍ ആയുധങ്ങളുടേതും ഹിംസയുടെയും ആകരുത് എന്ന സന്ദേശവും പ്രകടമായി ഈ രണ്ടു തിരക്കഥയിലും കാണാന്‍ കഴിയും. ‘പ്രത്യയശാസ്ത്രം’ എന്ന പുസ്തകത്തില്‍ ഹിംസയുണ്ടോ എന്ന ചോദ്യം രണ്ടു തിരക്കഥകളിലും ഉന്നയിക്കപ്പെടുന്നുണ്ട്.

‘വളര്‍ത്തുമൃഗങ്ങള്‍’ മുതല്‍ ‘വടക്കന്‍ വീരഗാഥ’ വരെ നിരവധി എം.ടി രചനകള്‍ക്ക് അഭ്രപാളിയില്‍ സാക്ഷാത്കാരം നല്‍കിയ സംവിധായകന്‍ ഹരിഹരന്‍തന്നെയാണ് ‘പഞ്ചാഗ്നി’യും ‘ആരണ്യക’വും അണിയിച്ചൊരുക്കിയത്. ‘പഞ്ചാഗ്നി’യില്‍ ഇന്ദിരയായി ഗീതയും റഷീദ് ആയി മോഹന്‍ലാലും വേഷമിട്ടു. രാമേട്ടനായി തിലകന്‍ തിളങ്ങിയ ചിത്രമാണിത്. ‘ആരണ്യക’ത്തില്‍ വിപ്ലവകാരിയായി ദേവനും അമ്മിണിയായി സലീമയും വേഷമിട്ടു. മോഹനന്റെ വേഷത്തില്‍ വിനീതും ശൈലജയായി പാര്‍വതിയുമാണ് രംഗത്തെത്തിയത്.

(അവസാനിച്ചു)

News Summary - MT's scripts and films