അനന്തരം അയാൾ നല്ല സിനിമയെക്കുറിച്ചെഴുതി...

മലയാള ചലച്ചിത്ര നിരൂപണത്തിൽ നല്ല സിനിമയുടെ വക്താവായ എം.എഫ്. തോമസിന് 80 വയസ്സ്. അദ്ദേഹത്തിന്റെ ചലച്ചിത്രമെഴുത്ത് അനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് ലേഖകൻ. ‘‘എഴുതൂ, തോമസേ... എഴുതൂ, ഞങ്ങൾ കാത്തിരിക്കുന്നു...’’ -അടൂർ ഗോപാലകൃഷ്ണൻ തൃശൂരിലെ ചേലക്കോട്ടുകരയിലെ മരോട്ടിക്കൽ ഫ്രാൻസിസ് എന്ന കറകളഞ്ഞ കമ്യൂണിസ്റ്റിന്റെ നാലു മക്കളിൽ ഏറ്റവും ഇളയവനായി ജനിച്ച തോമസ്, കാലാന്തരത്തിൽ എം.എഫ്. തോമസ് എന്ന പേരിൽ നല്ല സിനിമയുടെ കാവൽമാലാഖയായി പരിണമിച്ച ജീവിതകഥക്കുതന്നെ ഒരു ക്ലാസിക് സിനിമയുടെ ഛായയുണ്ട്. കേരള രാഷ്ട്രീയത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കൾ ഒളിവിൽ താമസിച്ചിട്ടുള്ള, കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള...
Your Subscription Supports Independent Journalism
View Plansമലയാള ചലച്ചിത്ര നിരൂപണത്തിൽ നല്ല സിനിമയുടെ വക്താവായ എം.എഫ്. തോമസിന് 80 വയസ്സ്. അദ്ദേഹത്തിന്റെ ചലച്ചിത്രമെഴുത്ത് അനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് ലേഖകൻ.
‘‘എഴുതൂ, തോമസേ... എഴുതൂ, ഞങ്ങൾ കാത്തിരിക്കുന്നു...’’
-അടൂർ ഗോപാലകൃഷ്ണൻ
തൃശൂരിലെ ചേലക്കോട്ടുകരയിലെ മരോട്ടിക്കൽ ഫ്രാൻസിസ് എന്ന കറകളഞ്ഞ കമ്യൂണിസ്റ്റിന്റെ നാലു മക്കളിൽ ഏറ്റവും ഇളയവനായി ജനിച്ച തോമസ്, കാലാന്തരത്തിൽ എം.എഫ്. തോമസ് എന്ന പേരിൽ നല്ല സിനിമയുടെ കാവൽമാലാഖയായി പരിണമിച്ച ജീവിതകഥക്കുതന്നെ ഒരു ക്ലാസിക് സിനിമയുടെ ഛായയുണ്ട്. കേരള രാഷ്ട്രീയത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കൾ ഒളിവിൽ താമസിച്ചിട്ടുള്ള, കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള വീട്ടിലെ ഇളയ സന്താനം പക്ഷേ, അന്നും ഇന്നും ഗാന്ധിജിയുടെ ആരാധകനായിരുന്നു. അനന്തരം ഉത്തമ സിനിമയുടെ പ്രവാചകനുമായി തീർന്നു.
വിപ്ലവകാരിയായ പിതാവ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ചപ്പോൾ, തോമസും സ്വന്തം ജീവിതം മറ്റൊരു പ്രസ്ഥാനത്തിനായി നിവേദിച്ചു; ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്. കേരളത്തിൽ ’60കളിലും ’70കളിലും ഉത്ഭവിച്ച് സാമ്പത്തിക പരിമിതികളിലും, സംശയത്തിന്റെ നിഴലിലും തഴച്ചുവളർന്ന ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ പടനായകന്മാരിലൊരാളായിത്തീർന്നു. ആറു ദശാബ്ദങ്ങൾ കഴിഞ്ഞ്, പ്രായം എൺപതിനോടടുക്കുമ്പോൾ, ഇന്നും തോമസ് നല്ല സിനിമയുടെ ഭൂമിയിലെ ഉപ്പാകുന്നു. പുതിയ തലമുറക്ക് മാർഗദീപമായി, പ്രിയങ്കരനായ തോമസ് സാറായി...
മലയാളത്തിൽ നവസിനിമ ഉദിച്ചുയർന്ന ’70കളിലും ’80കളിലും സിനിമ എങ്ങനെ കാണണമെന്ന് േപ്രക്ഷകനെ ബോധവത്കരിച്ച നിരൂപകരിൽ തോമസ് പ്രധാനിയായിരുന്നു. ദശാബ്ദങ്ങൾ നീണ്ടുനിന്ന ജീവിതസപര്യയായിരുന്നു അത്. കാലം മാറി, സിനിമയും േപ്രക്ഷകനും മാറിയ ഇന്ന് അത്തരമൊരു ബോധവത്കരണത്തിന് സാംഗത്യമൊന്നുമില്ല. അതുകൊണ്ടുതന്നെ ഈയടുത്ത കാലത്ത് തന്നെ ആദരിക്കുന്ന ഒരു ചടങ്ങിൽ വെച്ച് തോമസ് സ്വയം വിശദീകരിച്ചു. ‘‘ഈ ജീവിതത്തിൽ ഞാൻ സംതൃപ്തനാണ്... എന്റെ നിയോഗം കഴിഞ്ഞിരിക്കുന്നു...’’ ഇതു പറയുമ്പോഴും മുണ്ടു മടക്കിക്കുത്തി, ഇളംതലമുറയുടെ പ്രിയങ്കരനായ ‘‘തോമസ് സാർ’’ പുതിയൊരു ചലച്ചിത്ര സൃഷ്ടി കാണാനും േപ്രക്ഷകർക്ക് അതിന്റെ ലാവണ്യം പകർന്നുകൊടുക്കാനുമായി ചുറുചുറുക്കോടെ ഓടിനടക്കുന്നു.
വെള്ള ഷർട്ടും മുണ്ടും ധരിച്ച്, കട്ടിക്കണ്ണട ധരിച്ച് തോളിൽ ഒരു തുണിസഞ്ചിയുമായി ഒരു ദൗത്യവാഹകനെപ്പോലെ നടന്നുപോകുന്ന എം.എഫ്. തോമസ് തലസ്ഥാന നഗരിയിൽ ഒരു സ്ഥിരം കാഴ്ചയായിരുന്നു. ഏകാന്തയാത്രയിൽ, പക്ഷേ, ഒരു സംഘം താടി വളർത്തിയ മെലിഞ്ഞ ചെറുപ്പക്കാർ കൂടെയുണ്ടാകും. എത്രയെത്ര അജ്ഞാതരായ ആരും ഓർക്കാത്ത, ചെറുപ്പക്കാരാണ് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനായി സ്വന്തം ജീവിതംപോലും പണയംവെച്ച്, നാടെങ്ങും ഫിലിം പെട്ടി ചുമന്നു നടക്കുകയും ചായക്കു പോലും കാശില്ലാതെ കഷ്ടപ്പെടുകയും ചെയ്തിട്ടുള്ളത്.
അവരെ ഇന്ന് അറിയാവുന്ന ഓർക്കുന്ന ചുരുക്കം പേരിലൊരാൾ തോമസാണ്. അവരുടെയൊക്കെ കഠിനപ്രയത്നത്തിന്റെയും യാതനകളുടെയും പരിണത ഫലമാണ് ഇന്ന് ലോകമെങ്ങും പ്രശസ്തമായ IFFK എന്ന പേരിലറിയപ്പെടുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയെന്ന് അദ്ദേഹം മാത്രം വികാരാധീനനായി ഓർക്കുന്നു. മലയാള സിനിമയുടെ കീർത്തി ലോകമെങ്ങും പരക്കുമ്പോൾ അജ്ഞാതരായ ആ യുവാക്കളുടെ ആത്മാർപ്പണ ബോധത്തോടെയുള്ള സേവനത്തെ നാം വിസ്മരിക്കരുത്, തോമസ് പറയുന്നു.
തോമസിന്റെ അച്ഛൻ ഫ്രാൻസിസ്, ഒരു പത്രാധിപരും വലിയൊരു വായനക്കാരനുമായിരുന്നു. വീട്ടിൽ നിറയെ പുസ്തകങ്ങൾ ഉണ്ടായിരുന്നു. വിഖ്യാത ഗ്രന്ഥങ്ങൾ വായിച്ച് മകന് അതിലെ ചരിത്രവസ്തുതകൾ പറഞ്ഞുകൊടുക്കുമായിരുന്നു. ‘No more Comrade’ എന്ന വിഖ്യാത പുസ്തകം വായിച്ച് അച്ഛൻ വിവരിച്ചുതന്നത് ഇന്നും ഓർമയുണ്ടെന്ന് തോമസ് പറയുന്നു. ചെറുപ്പത്തിൽ കഥകളും കവിതകളും നോവലുകളും ധാരാളം വായിക്കുമായിരുന്നു. അന്നൊക്കെ സിനിമ കാണുന്നതും സാഹിത്യ വായനയുടെ കാഴ്ചപ്പാടിലാണ്.
ഇ.എം.എസിനെ പോലുള്ള ചരിത്രപുരുഷന്മാർ പഠിച്ച സെന്‍റ് തോമസ് കോളജിൽ പഠിക്കുമ്പോൾ ‘ചെമ്മീൻ’ കണ്ടിട്ട് അതേക്കുറിച്ച് നിരൂപണം എഴുതി ‘ടെലഗ്രാഫ്’ എന്ന സായാഹ്ന പത്രത്തിൽ പ്രസിദ്ധീകരിച്ചത് ഓർമയുണ്ട്. അന്ന് പ്രശസ്തനിരൂപകരായ സിനിക്കും കോഴിക്കോടനും കത്തിനിൽക്കുന്ന കാലം. അവരുടെ അഭിപ്രായത്തോടൊപ്പം ‘ചെമ്മീൻ’ സിനിമയുടെ പരസ്യത്തിൽ എം.എഫ്. തോമസ് എന്നപേരിൽ തന്റെയും വാചകം പ്രസിദ്ധീകരിച്ചു കണ്ടപ്പോൾ അഭിമാനം തോന്നി.
പള്ളിയിലെ കുർബാനപോലും ഉപേക്ഷിച്ച് സിനിമകൾ കണ്ടു. കൂടുതലും ക്ലാസിക്കുകൾ. ‘ജോസ്’, ‘മാതാ’ എന്നീ തിയറ്ററുകളിൽ പോയി ‘ഗുഡ് എർത്തും’ ദേശീയ പുരസ്കാരം നേടിയ ‘ഭഗിനി നിവേദിത’യും ‘അപരാജിത’യുമൊക്കെ കണ്ടതോർക്കുന്നു. തൃശൂർ ‘മാതാ’ തിയറ്ററിനെ തോമസ് ഓർക്കുന്നത് ഫിലിം സൊസൈറ്റികളുടെ ‘മാതാവ്’ എന്നാണ്. അവിടെ ക്ലാസിക് സിനിമകൾ ആഴ്ചയിൽ ഒരിക്കൽ കാണാം. ബർഗ് മാനും ഫെല്ലിനിയും കുറസോവയും തർകോവ്സ്കിയും കിസ്ലോവസ്കിയുമൊക്കെ അഗാധമാക്കിയ തോമസിന്റെ ചലച്ചിത്രാവബോധത്തെ മാത്രമല്ല, ജീവിതത്തെത്തന്നെ ചെറുപ്പത്തിൽ മാറ്റിമറിച്ച സിനിമ സത്യജിത് റായിയുടെ (സത്യജിത് റായ് എന്റെ ‘ദൈവം’ എന്ന് തോമസ് ഫിലിം മാഗസിനിൽ എഴുതി.) ‘അപരാജിതോ’ ആണ്.

കൊൽക്കത്തയിൽ വിദ്യാഭ്യാസം കഴിഞ്ഞ് അമ്മയെക്കാണാൻ സ്വന്തം വീട്ടിൽ തിരിച്ചെത്തിയ അപുവിന് കാണാൻ കഴിഞ്ഞത് അമ്മയെ സംസ്കരിച്ച സ്ഥലം മാത്രമാണ്. അവൻ അവിടെയിരുന്നു പൊട്ടിക്കരയുന്നു. അപുവിനോടൊപ്പം, ഒന്നരവയസ്സിൽ നഷ്ടപ്പെട്ട തന്റെ അമ്മയെ ഓർത്തു തിയറ്ററിലിരുന്ന് കൗമാരക്കാരനായ തോമസ് പൊട്ടിക്കരഞ്ഞു. മനുഷ്യമനസ്സിലെ സിനിമയുടെ സ്വാധീനത്തിന്റെ ശക്തിയും അഗാധതയും തോമസ് അറിഞ്ഞ നിമിഷമായിരുന്നു അത്. നല്ല സിനിമയുടെ ആത്മാവറിഞ്ഞ സത്യസന്ധനായ ഒരു നിരൂപകന്റെ ജനനമുഹൂർത്തമായിരുന്നു, ആ കാഴ്ചയും കരച്ചിലും.
കൊല്ലത്ത് ‘ജനയുഗം’ വാരികയിൽ ജോലിചെയ്യുമ്പോൾ, പ്രഗല്ഭനായ പത്രാധിപർ കാമ്പിശ്ശേരി കരുണാകരൻ, ‘ക്വയിലോൺ ഫിലിം സൊസൈറ്റി’യിൽ അംഗമായിരുന്നു. ‘ക്ലോസ്ലി ഗാർഡഡ് െട്രയിൻസ്’ (Closely Guarded Trains) പോലുള്ള വിഖ്യാത സിനിമകൾ കണ്ടതിനെപ്പറ്റി രസകരമായി വിവരിച്ചു തന്നത് തോമസ് ഇന്നും ഓർക്കുന്നു. 1969ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്യോഗം ലഭിച്ച് തിരുവനന്തപുരത്തെത്തിയ തൃശൂർക്കാരൻ നിഷ്കളങ്കനായ ചലച്ചിത്രസ്നേഹിയിൽ സർഗാത്മകമായ മാറ്റങ്ങൾ വരുത്തിയത് രണ്ടു ഉന്നത സ്ഥാപനങ്ങളാണ്. എൻ.വി. കൃഷ്ണവാര്യരെപ്പോലുള്ള സാഹിത്യ മഹാരഥന്മാർ നേതൃത്വം നൽകിയ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യയിലെതന്നെ ആദ്യത്തെ ഫിലിം സൊസൈറ്റികളിലൊന്നായ ‘ചിത്രലേഖ’ ഫിലിം സൊസൈറ്റിയും.
1965ൽ സ്ഥാപിതമായ ‘ചിത്രലേഖ’യുടെ സാരഥിയായിരുന്ന അടൂർ ഗോപാലകൃഷ്ണനെ 1969ൽ പരിചയപ്പെട്ടു. ക്രമേണ തോമസ് ‘ചിത്രലേഖ’യുടെ സജീവ പ്രവർത്തകനും പിന്നീട് ജനറൽ സെക്രട്ടറിയുമായി. അക്കാലത്തു YMCA കെട്ടിടത്തിനു മുകളിൽ ഒരു തുണി കെട്ടിമറച്ച് 16 എം.എം േപ്രാജക്ടറിൽ ‘സെവൻത് സീൽ’ പോലുള്ള ക്ലാസിക്കുകൾ കാണിച്ച കാലം തോമസ് ഓർക്കുന്നു. പത്മരാജൻ, ഗോപി, കരമന ജനാർദനൻ നായർ തുടങ്ങിയ പ്രതിഭാശാലികൾ ‘ചിത്രലേഖ’യുടെ സ്ഥിരം കാഴ്ചക്കാരായിരുന്നു. അഞ്ചോ പത്തോ പേർ മാത്രം ക്ലാസിക് സിനിമകൾ കാണാൻ വന്ന കാലം. ’70കളിൽ ഫിലിം സൊസൈറ്റി പ്രവർത്തകരെയും േപ്രക്ഷകരെയും സംശയത്തോടെ അധികാരികൾ നിരീക്ഷിച്ച കാലമുണ്ടായിരുന്നു. ഫിലിം സൊസൈറ്റി ആക്ടിവിറ്റീസിനെ തീവ്രവാദിയെപ്പോലെ അധികാര സമൂഹം വീക്ഷിച്ചിരുന്ന കറുത്തകാലം.
എം.എഫ്. തോമസിന്റെ സർഗാത്മക ജീവിതം മാറുന്ന ഇന്ത്യൻ സിനിമയുടെ ചരിത്രവീഥിയിലൂടെയാണ് സഞ്ചരിച്ചത്. അടൂരിന്റെ സിനിമകളെക്കുറിച്ചുള്ള ആദ്യത്തെ നിരൂപണം പലപ്പോഴും തോമസിന്‍റേതായിരുന്നു. അത് ചലച്ചിത്രഭാഷയുടെ പൊരുളറിഞ്ഞ മഹാപ്രതിഭയും അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച നിരൂപകനും തമ്മിലുള്ള ആത്മസംവാദത്തിന്റെ ആവിഷ്കാരങ്ങളായിരുന്നു. അസാധാരണ പ്രതിഭയായ അടൂരിന്റെ സൃഷ്ടിയുടെ ആഴങ്ങൾ അറിയാൻ തോമസ് ശ്രമിക്കുകയായിരുന്നു. എതിർപ്പിന്റെയും, അവഗണനയുടെയും കാലത്തിന്റെ കനലുകളിലൂടെ അവർ ഒരുമിച്ചു സഞ്ചരിച്ചു. ഇന്നും പരസ്പരം മനസ്സിലാക്കി ചലച്ചിത്രയാത്ര തുടരുന്നു. 80ാം വയസ്സോടടുക്കുമ്പോൾ തോമസിനെ ആദരിക്കുന്ന ഒരു ചടങ്ങിൽ വെച്ച് 86ാം വയസ്സിൽ താൻ പുതിയ സിനിമ ചെയ്യുമ്പോൾ തന്നേക്കാൾ ഇളയവനായ തോമസ് എഴുത്തു നിർത്തി നിഷ്ക്രിയനായിരിക്കുന്നതെന്തിനെന്ന് അടൂർ ചോദിക്കുന്നു.
ലോകം മുഴുവൻ അറിയപ്പെടുന്ന അടൂർ ഗോപാലകൃഷ്ണനെ ഇത്രത്തോളം അറിഞ്ഞ മറ്റൊരു നിരൂപകനില്ല. അടൂരിന് ദേശീയപുരസ്കാരം കിട്ടിയ ‘സിനിമയുടെ ലോകം’ എന്ന ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിനു പിന്നിൽ പ്രവർത്തിച്ചത് തോമസാണ്. അടൂരിന്റെ വിവിധ ലേഖനങ്ങൾ സമാഹരിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥനെന്ന നിലയിൽ ചലച്ചിത്രഗ്രന്ഥങ്ങൾ എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുന്നതിൽ തോമസ് വഹിച്ച പങ്ക് നിസ്തുലമാണ്.
അത് മലയാള ചലച്ചിത്ര സാഹിത്യചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തേണ്ടതുണ്ട്. വിജയകൃഷ്ണന്റെ ‘ചലച്ചിത്രത്തിന്റെ പൊരുൾ’ തുടങ്ങി ഐ. ഷൺമുഖദാസ്, ഡോ. വി. രാജകൃഷ്ണൻ എന്നിവരുടെ പ്രധാനപ്പെട്ട ചലച്ചിത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത് തോമസിന്റെ വിട്ടുവീഴ്ചയില്ലാത്ത പ്രകൃതത്തിന്റെയും കഠിന പ്രയത്നത്തിന്റെയും ഫലമാണ്. അർഹമായ ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും അവർ നേടി. ‘അടൂരിന്റെ ചലച്ചിത്രയാത്രകൾ’ തോമസ് രചിച്ച ഉത്തമ ഗ്രന്ഥമാണ്. അടൂരിന്റെ സിനിമയെ സമഗ്രമായി പഠനവിധേയമാക്കുന്ന ഗ്രന്ഥമാണിത്.
ലോകത്തിന്റെ അജ്ഞാതമായ ഏതോ ഒരു കോണിൽ, ഏതോ രാജ്യത്തിൽ, ഏതോ ഭാഷയിൽ, അജ്ഞാതനായ ഒരു പുതിയ പ്രതിഭ പൊട്ടിവിടരുന്നുണ്ടെന്നും ഒരു പുതിയ ചലച്ചിത്ര ഭാവുകത്വം, ചലച്ചിത്രസങ്കൽപം അതിന്റെ പ്രകാശരേഖകൾ പരത്തുന്നുവെന്നും ആദ്യം അറിയുന്നവൻ, അതിനെ ലോകത്തോട് അറിയിക്കുന്നവനാണ് യഥാർഥ നിരൂപകൻ എന്ന് വിശ്വസിക്കുന്ന തോമസ്, ദശാബ്ദങ്ങളായി ഈ കർമം കൃത്യമായി നിർവഹിക്കുന്നു.

അജ്ഞാതരും അവഗണിക്കപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ പുതിയ ചലച്ചിത്ര പ്രതിഭകൾക്കും, ചലച്ചിത്ര പ്രവർത്തകർക്കും തോമസ് എന്നും ഒരു അഭയകേന്ദ്രമാണ്. അവരെ അദ്ദേഹം ഹൃദയത്തോടു ചേർക്കുന്നു. നവ ചലച്ചിത്രകാരന്മാരെക്കുറിച്ച് എഴുതുന്നു. വാഴ്ത്തി സംസാരിക്കുന്നു. ഇന്ന് ആധുനിക മലയാള സിനിമയിൽ ശ്രദ്ധേയമായ ചലനങ്ങൾ സൃഷ്ടിച്ച പ്രതിഭാശാലികളായ ഡോ. ബിജു. സനൽകുമാർ ശശിധരൻ, സജിൻ ബാബു, റഹ്മാൻ ബ്രദേഴ്സ്, ബാബുസേനൻ ബ്രദേഴ്സ്, ജെറിൻ... ഇവരെയൊക്കെ താൻ തിരിച്ചറിഞ്ഞിരുന്നുവെന്ന് തോമസ് അഭിമാനത്തോടെ പറയുന്നു.
കേരളത്തിൽ ഏറ്റവുമധികം ക്ലാസിക് സിനിമകൾ കണ്ടിരിക്കുന്ന വ്യക്തി തോമസായിരിക്കുമെന്ന് അടൂർ ഗോപാലകൃഷ്ണൻ ഈയിടെ നിരീക്ഷിച്ചു. ചലച്ചിത്രമേളകളിൽ പുതിയൊരു പ്രതിഭയെ, പുതിയൊരു ചലച്ചിത്ര സൃഷ്ടിയെ അന്വേഷിച്ച് തിയറ്ററുകളിൽനിന്നും തിയറ്ററുകളിലേക്ക് എം.എഫ്. തോമസ് ഈ ജീവിതഘട്ടത്തിലും ഓടിനടക്കുന്നു. തോമസ് ഒരു പുതിയ കണ്ടുപിടിത്തവുമായി ഓടിയെത്തുന്നു. ശിവരഞ്ജിനി എന്ന പുതിയ സംവിധായികയുടെ ‘വിക്ടോറിയ’ കണ്ടുവോ? അസ്സലായിരിക്കുന്നു.
കാണുന്ന സിനിമയെക്കുറിച്ച് കുറിപ്പുകൾ എഴുതുന്ന ശീലം പണ്ടേയുണ്ട്. അതുതന്നെ ഒരു ബൃഹദ് ശേഖരമാണ്. ഇന്ത്യയിൽ ആദ്യമായി ഒരു ചലച്ചിത്ര നിരൂപകനെ കുറിച്ച് ഒരു ഡോക്യുമെന്ററി സിനിമ നിർമിക്കപ്പെട്ടത് എം.എഫ്. തോമസിനെ കുറിച്ചാണ്. നല്ല സിനിമ കാണുകയും കൊണ്ടുനടന്നു വാഴ്ത്തുകയും ചെയ്യുന്ന തോമസിനെക്കുറിച്ചു ആർ. ബിജു സംവിധാനം ചെയ്ത ആ അപൂർവ ഡോക്യുമെന്ററിയുടെ ശീർഷകത്തിൽതന്നെ എം.എഫ്. തോമസ് എന്ന മനുഷ്യസ്നേഹിയുടെ, കീഴടങ്ങാത്ത പോരാളിയുടെ ആത്മസത്തയുണ്ട് ‘നല്ല സിനിമയും ഒരു മനുഷ്യനും.’
