Begin typing your search above and press return to search.
proflie-avatar
Login

എം.ബി. ശ്രീനിവാസനും പാമരനാം ഒരാസ്വാദകനും

എം.ബി. ശ്രീനിവാസനും പാമരനാം   ഒരാസ്വാദകനും
cancel

മലയാള ചലച്ചിത്ര സംഗീതരംഗത്ത് സാമൂഹിക-രാഷ്ട്രീയ വിപ്ലവം തീർത്ത അത്യപൂർവ വ്യക്തിത്വമായ സംഗീതജ്ഞൻ എം.ബി. ശ്രീനിവാസന്റെ ജന്മശതാബ്ദി വർഷമാണിത്. അദ്ദേഹത്തിന്റെ സംഗീതത്തെ മനസ്സിൽകൊണ്ടുനടന്ന് സ്നേഹിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന ഒരാസ്വാദകൻ തന്റെ അനുഭവങ്ങൾ/ഓർമകൾ പങ്കുവെക്കുകയാണിവിടെ. മൗലികതയുള്ള മഹാനായ സംഗീതജ്ഞനായിട്ടും എം.ബി.എസിനെ മനഃപൂർവം തമസ്കരിച്ചോ എന്നും അന്വേഷിക്കുന്നു. 1987ലെ ഒരു മലയാള സിനിമ ആരംഭിക്കുന്നു, ടൈറ്റിലുകൾക്കുശേഷം തിയറ്ററിനകത്ത് വൈകിയെത്തി ഇരിപ്പുറപ്പിച്ച കാണികളെ സ്ക്രീനിൽ സ്വാഗതം ചെയ്യുന്നു, അകമേ പിടച്ചിലുളവാക്കും വിധം കരയുന്ന ഒരു കുഞ്ഞിന്റെ ക്ലോസ്അപ്, ആ...

Your Subscription Supports Independent Journalism

View Plans
മലയാള ചലച്ചിത്ര സംഗീതരംഗത്ത് സാമൂഹിക-രാഷ്ട്രീയ വിപ്ലവം തീർത്ത അത്യപൂർവ വ്യക്തിത്വമായ സംഗീതജ്ഞൻ എം.ബി. ശ്രീനിവാസന്റെ ജന്മശതാബ്ദി വർഷമാണിത്. അദ്ദേഹത്തിന്റെ സംഗീതത്തെ മനസ്സിൽകൊണ്ടുനടന്ന് സ്നേഹിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന ഒരാസ്വാദകൻ തന്റെ അനുഭവങ്ങൾ/ഓർമകൾ പങ്കുവെക്കുകയാണിവിടെ. മൗലികതയുള്ള മഹാനായ സംഗീതജ്ഞനായിട്ടും എം.ബി.എസിനെ മനഃപൂർവം തമസ്കരിച്ചോ എന്നും അന്വേഷിക്കുന്നു.

1987ലെ ഒരു മലയാള സിനിമ ആരംഭിക്കുന്നു, ടൈറ്റിലുകൾക്കുശേഷം തിയറ്ററിനകത്ത് വൈകിയെത്തി ഇരിപ്പുറപ്പിച്ച കാണികളെ സ്ക്രീനിൽ സ്വാഗതം ചെയ്യുന്നു, അകമേ പിടച്ചിലുളവാക്കും വിധം കരയുന്ന ഒരു കുഞ്ഞിന്റെ ക്ലോസ്അപ്, ആ സിനിമയുടെ ഉൾക്കാമ്പുമായി ഇഴചേർന്ന്, അതേ ശ്രുതിയിൽ കരുണാർദ്രമായ ഒരു തംബുരുനാദം കേൾക്കുന്നു! ഇങ്ങനെയൊരു മാന്ത്രികത ഒരു സിനിമയുടെ പശ്ചാത്തലത്തിൽ കേൾക്കണമെങ്കിൽ അതിലെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് എം.ബി.എസ് എന്ന് ചുരുക്കി വിളിക്കുന്ന എം.ബി. ശ്രീനിവാസൻ അല്ലാതെ മാറ്റാരുമാവാൻ ഒരു സാധ്യതയുമില്ല.

കലകളിൽ വെച്ചേറ്റവും ഗൗരവതരമായ കലയാണ് സംഗീതം. പ്രശസ്തനായ ഒരു ഗായകനോ സംഗീതജ്ഞനോ ചലച്ചിത്രകാരനോ അല്ലാത്ത ഒരാൾ സംഗീതത്തെക്കുറിച്ച് എഴുതുന്നു എന്നു കേട്ടാൽ ചിലർ നെറ്റിചുളിച്ചേക്കാം. എന്നിരുന്നാലും പാമരനായ ഒരു സംഗീതാസ്വാദകൻ ഇവിടെ അങ്ങനെയൊരു സാഹസത്തിനു മുതിരുകയാണ്. എഴുതുന്നത് മലയാള ചലച്ചിത്ര സംഗീതത്തിൽ ഒപ്പം നിർത്താൻ ഒരാൾപോലുമില്ലാത്ത എം.ബി.എസിനെക്കുറിച്ചാവുമ്പോൾ അത് അതിസാഹസികമായ ഒരുദ്യമമായി മാറുന്നു. ഇതിൽ സംഗീതത്തിന്റെ ശാസ്ത്രീയ വശങ്ങളോ സങ്കേതങ്ങളോ വിവരിക്കുന്നില്ല. ആകെയുള്ളത് ഇതെഴുതുന്നയാൾക്ക് എം.ബി.എസ് സംഗീതത്തോടുള്ള ആത്മബന്ധവും ആ സംഗീതത്തോളംതന്നെ ആർദ്രമായ അദ്ദേഹത്തിന്റെ രാഷ്ട്രീയവും മാത്രമാണ്.

ഈ ലേഖനം ഇത്രയേറെ വ്യക്തിപരവും വികാരനിർഭരവും ആകുന്നതെന്തുകൊണ്ടെന്ന്, ഒരു ചലച്ചിത്ര സംഗീത സംവിധായകനായി മാത്രം എം.ബി.എസിനെ അറിയുന്നവർ ഒരുപക്ഷേ ചോദിച്ചേക്കാം. അതിനുള്ള ഉത്തരം ഇതാണ്: ഒരു സംഗീതജ്ഞൻ മാത്രമായിരുന്നില്ല എം.ബി.എസ്. അദ്ദേഹത്തിന്റെ സമകാലികരിൽ ഒരാൾക്കുപോലും സങ്കൽപിക്കാനാവാത്ത ഒരു സുന്ദരമോഹന ലോകം സ്വപ്നംകണ്ട് അതിനുവേണ്ടി സത്യസന്ധമായി പ്രവർത്തിച്ച ഒന്നായിരുന്നു ആ ജീവിതം. ആ സംഗീതവും ആ രാഷ്ട്രീയവും ഇതെഴുതുന്നയാളെ അത്രമേൽ സ്വാധീനിക്കുകയും ആനന്ദിപ്പിക്കുകയും ഉന്മാദിയാക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് അതിനുപിന്നിലെ രഹസ്യം.

കൂടാതെ, അനുപമമായ ആ സംഗീതസപര്യക്കിടയിലും തന്റെ മേഖലയിൽ കടുത്ത ചൂഷണത്തിനിരയായിരുന്ന കലാകാരന്മാരും തെരുവിൽ അലയുന്ന കുട്ടികളും എം.ബി.എസിന്റെ ഹൃദയത്തെ അസ്വസ്ഥമാക്കിയിരുന്നു. തന്റെ സഹപ്രവർത്തകരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും അവ നേടിയെടുക്കുന്നതുവരെ വിശ്രമമില്ലാതെ പോരാടുകയും ചെയ്ത എം.ബി.എസിനെക്കാൾ അറിയപ്പെടുന്നവരും ആഘോഷിക്കപ്പെടുന്നവരുമായ അനേകം പേരുണ്ട്. എന്നാൽ, 1970കളിലെ നക്ഷത്രത്തിളക്കമാർന്ന ആ പാത പിന്തുടർന്ന മറ്റൊരു സംഗീതജ്ഞനെ പിന്നീട് നമ്മൾ കാണുന്നത്, കർണാടക സംഗീതജ്ഞനും വായ്പാട്ടുകാരനുമായ ടിം.എം. കൃഷ്ണയിൽ മാത്രമാണ്. എം.ബി.എസ് സംഗീതമാകട്ടെ, അനുകരണങ്ങൾക്കു പിടിനൽകാതെ ഇന്നും അവശേഷിക്കുന്നു.

എം.ബി.എസ് സംഗീതലോകത്തേക്കുള്ള അന്വേഷണങ്ങൾ

എം.ബി.എസ് സംഗീതലോകത്തേക്ക് കടന്ന ആദ്യ വാതിൽ, അദ്ദേഹത്തിന്റെ മുഴുവൻ പാട്ടുകളും ശേഖരിച്ചു സ്വന്തമായി സൂക്ഷിക്കാൻ ആഴ്ചകളും മാസങ്ങളും നടത്തിയ അന്വേഷണങ്ങൾ, നടന്നുതീർത്ത വഴികൾ, ആ മഹദ്സംഗീതം സമ്മാനിച്ച സൂക്ഷ്മാനുഭൂതികൾ, ആനന്ദനിർവൃതികൾ, എം.ബി.എസ് ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തിന്റെ ക്വയറിലെ ഒരു അംഗമാവാൻ ഭാഗ്യം സിദ്ധിച്ച ഒരു സുഹൃത്തിൽനിന്നു കേട്ട അമൂല്യമായ സംഗീതാനുഭവങ്ങൾ എന്നിവ മാത്രമാണ് ഈ ലേഖനത്തിലെ വിഷയങ്ങൾ.

അദ്ദേഹത്തിന്റെ ജീവചരിത്രവും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച കവികളുടെയും ചലച്ചിത്ര പ്രവർത്തകരുടെയും ഗായകരുടെയും ഓർമകളും അനുഭവങ്ങളും കുറിച്ചുവെക്കാനുള്ള ഒരു ശ്രമം ബോധപൂർവം ഒഴിവാക്കുകയാണിവിടെ, കാരണം, ഇന്ന് ഇന്‍റർനെറ്റിലും അച്ചടി മാധ്യമങ്ങളിലും അവ നിർലോഭം ലഭ്യമാണ്.

ഹൃദയത്തിൽ പതിഞ്ഞ താളം

ഏലൂർ വ്യവസായ മേഖലയിൽ ഭൂമിക്ക് മുകളിലായിത്തന്നെ ‘പാതാളം’ എന്ന പേരിൽ ഒരു സ്ഥലമുണ്ട്. അവിടത്തെ ഗീത തിയറ്ററിൽ ഒറ്റക്ക് മാറ്റിനി സിനിമ കാണാനെത്തിയ കൗമാരക്കാരൻ അതുവരെ കേട്ടിട്ടുള്ളതിൽ വെച്ചേറ്റവും വ്യത്യസ്തവും ലളിതവും ഹൃദ്യവുമായ ഒരു അന്തരാളം (interlude) കേൾക്കുന്നു; അത് ഒരിക്കലും മറക്കാനാവാത്തവിധം ഹൃദയത്തിൽ പതിയുന്നു. ആദ്യം സിത്താറിന്റെ നിരുപമനാദം, തൊട്ടുപിന്നാലെ പുല്ലാങ്കുഴൽ, പുല്ലാങ്കുഴലിനെ അനുഗമിച്ചുകൊണ്ട് വയലിൻ! എന്തൊരു അത്ഭുതമായിരുന്നു ആ നിമിഷങ്ങളിൽ!

കെ.ജി. ജോർജ് സംവിധാനം ചെയ്ത ‘ഉൾക്കടൽ’ നഗരങ്ങളിലെ എ ക്ലാസ് തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത കാലമായിരുന്നു അന്ന്. ഒരു സി ക്ലാസ് തിയറ്ററിൽ അന്ന് കാണാൻ പോയ സിനിമ ഏതെന്ന കാര്യം ഓർമയിൽ തങ്ങിയില്ല, ഒന്നോ രണ്ടോ പാട്ടുകൾക്കൊപ്പം ചെറിയ സ്ലൈഡുകൾ വെച്ചുള്ള പരസ്യങ്ങൾ പ്രദർശിപ്പിക്കുന്ന ഇടവേളയിൽ കേട്ട ‘‘നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ’’ എന്നു തുടങ്ങുന്ന ഗാനം മാത്രം ഗ്രാമഫോൺ റെക്കോഡിന്റെ ചാലുകളിൽ രേഖപ്പെടുത്തിയതുപോലെ ആത്മാവിന്റെ ആഴങ്ങളിൽ സ്ഥാനം പിടിക്കുന്നു. അന്നാണ് ആദ്യമായി എം.ബി.എസ് സംഗീതത്തിന്റെ മാന്ത്രികത ഈയുള്ളവൻ തൊട്ടറിയുന്നത്.

തുടർന്നുള്ള വർഷങ്ങളിൽ റേഡിയോ, വല്ലപ്പോഴും മാത്രം അവസരം ഒത്തുവരുന്ന സിനിമകൾ എന്നിവയിലൂടെ മാത്രമായിരുന്നു പാട്ട് കേൾക്കാനുള്ള അവസരങ്ങൾ. പിന്നീട് ‘ഉൾക്കടൽ’ കൂടാതെ ‘ചില്ല്’, ‘വേനൽ’, ‘യവനിക’, ‘ഇളക്കങ്ങൾ’, ‘മീനമാസത്തിലെ സൂര്യൻ’, ‘വളർത്തുമൃഗങ്ങൾ’ എന്നിങ്ങനെ ആ സംഗീത വിസ്മയങ്ങളുമായി നിരവധി സിനിമകൾ തിയറ്ററിലും ടി.വിയിലുമായി കാണുമ്പോഴെല്ലാം എം.ബി.എസ് പാട്ടുകളുടെ സമ്പൂർണശേഖരം സ്വന്തമായി വേണമെന്ന മോഹം മനസ്സിൽ മാത്രമായി ഒതുങ്ങി.

എറണാകുളം നഗരത്തിലേക്ക് തനിച്ച് യാത്രചെയ്യാൻ അനുവാദം ലഭിക്കുമ്പോഴേക്കും പുതിയ ഗ്രാമഫോൺ റെക്കോഡുകൾ ഏറക്കുറെ ഇല്ലാതാവുകയും അവയിലെ പാട്ടുകൾ കാസറ്റുകളിലേക്ക് പകർത്തുന്ന ചെറുകിട പ്രസ്ഥാനങ്ങൾ വ്യാപകമാവുകയും ചെയ്തിരുന്നു. അതോടെ, വർഷങ്ങളായി അടക്കി​െവച്ച മോഹം വീണ്ടും ഉണർന്നു. നഗരത്തിന്റെ ഏതെല്ലാം തെരുവുകളിൽ അലഞ്ഞുവെന്നറിയില്ല, എത്ര കാസറ്റ് കടകൾ കയറിയിറങ്ങിയെന്നറിയില്ല, ഒടുവിൽ കലൂർ ദേശാഭിമാനി ഓഫിസിനരികിലൂടെ നടന്ന് ആ സ്ഥലത്തെത്തി. അന്ന് കൈയിലെത്തിയ പാട്ടുകളിൽ ‘പാതൈ തെരിയുതു പാർ’ എന്ന തമിഴ് ചിത്രത്തിലെ ചില പാട്ടുകളും ഉണ്ടായിരുന്നു! അങ്ങനെ തേടിനടന്ന നിധി സ്വന്തമായി. ‘MBS- In Perfect Harmony With My Soul’ എന്ന് പേരിട്ട ആ ഗാനസമാഹാരങ്ങളുടെ അഞ്ച് കാസറ്റുകൾ, അവയെ ഡിജിറ്റൽ യുഗം ഇരുളിൽ മറയ്ക്കുന്നതുവരെ വീട്ടിൽ സൂക്ഷിച്ചിരുന്നു.

 

എം.ബി. ശ്രീനിവാസൻ അനുസ്മരണ വേളയിൽ അടൂർ ഗോപാലകൃഷ്ണൻ, ശർമാജി, എം. ജയചന്ദ്രൻ, പി. ഭാസ്കരൻ മാസ്റ്റർ, നളിനി നെറ്റോ, ജോൺ മത്തായി എന്നിവർ 

സാമൂഹികശ്രദ്ധ നൽകുന്ന ആശയങ്ങളിലെ സജീവ സാന്നിധ്യം

1987ൽ മഹാരാജാസിൽ ബിരുദപഠനത്തിനു ചേർന്നപ്പോൾ എം.ബി.എസ് സംഗീതവുമായുള്ള അടുപ്പം ചലച്ചിത്രസംഗീതത്തിനും അപ്പുറത്തേക്ക് വളർന്ന് അതിന്റെ രാഷ്ട്രീയതലങ്ങൾ അറിയാനുള്ള അവസരം കൂടിയൊരുങ്ങി. കുട്ടികളും അടിസ്ഥാനവർഗ തൊഴിലാളികളും ഉൾപ്പെടെ എല്ലാത്തരം മനുഷ്യരിലും സംഗീതം അലിഞ്ഞു ചേർന്നിട്ടുണ്ടെന്ന് എം.ബി.എസ് അടിയുറച്ചു വിശ്വസിച്ചിരുന്നു. ഇതിനുള്ള ഏറ്റവും നല്ല തെളിവാണ് മദ്രാസിലെ തെരുവുകുട്ടികളെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് 1970ൽ സ്ഥാപിച്ച്, 1973ൽ രജിസ്റ്റർ ചെയ്ത മദ്രാസ് യൂത്ത് ക്വയർ.

ദേശസ്നേഹം, ദേശീയോദ്ഗ്രഥനം, സാമൂഹികസമത്വം, പരിസ്ഥിതി സംരക്ഷണം എന്നിവയിലൂന്നിയ ആശയങ്ങൾ സംഗീതത്തിലൂടെ പ്രചരിപ്പിക്കുകയും അവയെ ഭാഷയുടെയും മതത്തിന്റെയും ഇടുങ്ങിയ പ്രാദേശികതാ വാദത്തിന്റെയും അതിരുകൾ ഭേദിക്കാനുള്ള ഒരു മാധ്യമമായി മദ്രാസ് യൂത്ത് ക്വയർ വിനിയോഗിക്കുകയും ചെയ്തു. സംഗീതമെന്നത് മാനവ സമത്വത്തിലേക്കുള്ള ഉണർത്തുപാട്ടായി കരുതിയ എം.ബി.എസ് തന്റെ സംഘഗാന പ്രസ്ഥാനത്തെ ഒരു രാഷ്ട്രീയ ആയുധമായി ആഘോഷിച്ചു. ഇതിനായി അദ്ദേഹം ടഗോറിന്റെയും ഇഖ്ബാലിന്റെയും സുബ്രമണ്യഭാരതിയുടെയും വള്ളത്തോളിന്റെയും കുമാരനാശാന്റെയും അടക്കം നിരവധി കൃതികൾക്ക് ഈണം നൽകി.

1987ൽ ഗാന്ധി സർവകലാശാലയിലും യൂത്ത് ക്വയർ ആരംഭിച്ചു. മഹാരാജാസിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനിൽകുമാർ (ടി.വി സീരിയൽ നടൻ അനിൽ മോഹൻ), എം.ബി.എസ് തന്നെ പരിശീലനം നൽകിയ സംഘത്തിൽ ഒരംഗമായിരുന്നു. ഞങ്ങൾ ഒരുമിച്ചിരിക്കുന്ന ഒഴിവുസമയങ്ങളിൽ ക്വയറിന്റെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ അനിൽകുമാർ വലിയ ആവേശത്തിലായിരുന്നു. എല്ലാ ഇന്ത്യൻ ഭാഷകളിലെയും പ്രമുഖ കവികളുടെ ദേശീയോദ്ഗ്രഥന വരികൾക്ക് എം.ബി.എസ് നൽകിയ സംഗീതം അനിൽകുമാർ പാടിക്കേൾപ്പിച്ചിരുന്നു.

മുമ്പ് ഒരിക്കലും കേട്ടിട്ടില്ലാത്ത ഭാഷകൾ, അർഥമറിയാത്ത വാക്കുകൾ! എന്നാൽ, ഓരോ ഭാഷയുടെ വരികളിലും ഇഴപിരിക്കാൻ കഴിയാത്ത വിധം അലിഞ്ഞുചേർന്നിരിക്കുന്ന എം.ബി.എസ് സംഗീതം വിസ്മയിപ്പിച്ചുകളഞ്ഞു. അവയിലെ സ്വരങ്ങൾകൊണ്ട് ഓരോ ഭൂപ്രദേശത്തെയും മലകളും പുഴകളും അവിടത്തെ മനുഷ്യരെയും വരച്ച് മുന്നിൽ നിരത്തി നിർത്തുകയാണ്, പലവിധ വർണങ്ങളിൽ വരച്ചുവെക്കുകയാണ് ആ സ്വരങ്ങൾ! മുന്നിലിരുന്നു പാടുന്നത് സ്നേഹിതൻ അനിൽകുമാർ അല്ല, ഇന്ത്യയിലെ ഓരോ വ്യത്യസ്ത ഭൂപ്രദേശത്തെയും തനതായ സ്വര താളഭാവലയങ്ങളിൽ ഹൃദയം തുറക്കുന്നത്, അവിടങ്ങളിലെ സാധാരണക്കാരിൽ സാധാരണക്കാരായ തൊഴിലാളികളാണ് -അവരുടെ ശബ്ദങ്ങളാണ് ഹൃദയം പിടിച്ചെടുക്കുന്നത്.

എം.ബി.എസ് എന്ന പച്ചയായ മനുഷ്യൻ സഹജീവികളോട് ഇടപെടുമ്പോഴുള്ള മഹത്വം, തന്റെ അരങ്ങേറ്റ സമയത്തെ അനുഭവം ഓർത്തുകൊണ്ട് യേശുദാസ് പറയുന്നത് ഇങ്ങനെയാണ്: “എന്റെ പ്രിയപ്പെട്ട രണ്ട് ഗുരുക്കന്മാരാണ് എം.ബി.എസും ചെമ്പൈ വൈദ്യനാഥ ഭാഗവതരും. ആദ്യ ഗുരുവായ എം.ബി.എസ് ഒരു സംഗീത സംവിധായകൻ മാത്രമല്ല, ഗായകരിൽനിന്ന് എങ്ങനെയാണ് ഏറ്റവും മികച്ചത് പുറത്തെടുക്കേണ്ടത് എന്നറിയുന്ന ഒരു മനഃശാസ്ത്രജ്ഞൻകൂടിയാണ്. എന്റെ ആദ്യ ഗാനമായ ‘ജാതിഭേദം മതദ്വേഷം’ റെക്കോഡ് ചെയ്യുന്ന സമയത്ത് അതൊരു Take ആണെന്ന കാര്യം മറച്ചുവെക്കുകയും നമുക്കൊരു Rehearsal ചെയ്തു നോക്കാം എന്നുപറഞ്ഞ് സമാശ്വസിപ്പിക്കുന്ന വിധം അങ്ങേയറ്റം കരുതലോടെയായിരുന്നു ആ വരികൾ പാടിച്ചത്.”

അദ്ദേഹത്തിന്റെ ശാസനയിൽപ്പോലും പിതൃതുല്യമായ സ്നേഹമുണ്ടായിരുന്നുവെന്ന് യേശുദാസിന്റെതന്നെ മറ്റൊരനുഭവം സുഹൃത്തായ അനിൽകുമാർ പറഞ്ഞു കേട്ടിട്ടുണ്ട്. അതിങ്ങനെയാണ്: മറ്റു പല സംഗീതസംവിധായകരുടെയും പാട്ടുകളിൽ ചെയ്യുന്നതുപോലെ ‘മിഴികളിൽ നിറകതിരായി’ എന്ന ഗാനം പാടുമ്പോൾ യേശുദാസ് ചിലയിടത്തെല്ലാം സ്വന്തമായി മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചു. “യേശു ഉന്നൈ നാൻ സുട്ടിടുവേൻ” എന്ന് തമാശരൂപത്തിൽ ശാസിച്ചുകൊണ്ടായിരുന്നു എം.ബി.എസ് യേശുദാസിനെ തിരുത്തിയത്.

വൈകാരികതയിലേക്ക് നയിക്കുന്ന തീവ്രസംഗീതം

സപ്തസ്വര വിന്യാസങ്ങളിലൂടെ വർണചിത്രങ്ങൾ വരക്കാനും പലപ്പോഴും സിനിമയിലെ രംഗങ്ങളുടെ സഹായമില്ലാതെ തന്നെ ആ വൈകാരിക സന്ദർഭത്തിലേക്ക് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകാനും അതിന്റെ എല്ലാ തീവ്രതകളും പകർന്നുതരാനും എം.ബി.എസ് സംഗീതത്തിനു കഴിയും. പാശ്ചാത്യ ക്ലാസിക്കൽ സംഗീതമാതൃകയിൽ രചിച്ച, ‘വളർത്തുമൃഗങ്ങൾ’ എന്ന സിനിമയിലെ ‘‘കർമത്തിൻ പാതകൾ വീഥികൾ’’, ‘വിടപറയും മുമ്പേ’യിൽ എം.ബി.എസും യേശുദാസും ചേർന്നു പാടിയ ‘‘അനന്തസ്നേഹത്തിൻ ആശ്വാസം പകരും’’, ‘വിദ്യാർഥികളേ ഇതിലേ ഇതിലേ’യിലെ ‘‘വെളിച്ചമേ നയിച്ചാലും’’ എന്നീ ഗാനങ്ങൾ ഇതിന് ഏറ്റവും ശക്തമായ തെളിവുകളാണ്. ‘‘വെളിച്ചമേ നയിച്ചാലും’’ എന്ന ഗാനം ധ്യാനാത്മകമായി കേൾക്കുകയാണെങ്കിൽ നിങ്ങൾക്ക് ജ്യോതിർഗോളങ്ങൾക്കിടയിലൂടെ ഒരു സഞ്ചാരം വാഗ്ദാനം ചെയ്യുന്നുണ്ട് അതിന്റെ സംഗീതം.

കവിതകൾക്ക് ഈണം നൽകുമ്പോൾ സംഗീതത്തിൽ ആദ്യമായി മിനിമലിസം പരീക്ഷിച്ച് വരികളുടെ അർഥവ്യാപ്തി വർധിപ്പിച്ചതും എം.ബി.എസ് തന്നെ (ഉദാ. ‘‘നടന്നും നടന്നേറെ തളർന്നും’’ -മൗനത്തിന്റെ തീർഥയാത്ര, ‘‘പുഴയിൽ മുങ്ങിത്താഴും സന്ധ്യ’’ -ഉൾക്കടൽ). ചിലപ്പോഴെല്ലാം തന്റെ സംഗീത മാന്ത്രികവിദ്യകൊണ്ട് സിനിമയുടെ സംവിധായകനെപ്പോലും അമ്പരപ്പിച്ചുകളഞ്ഞിട്ടുണ്ട് എം.ബി.എസ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ആരതി’ എന്ന സിനിമയിൽ ‘‘കൗമാരസ്വപ്നങ്ങൾ’’ എന്ന ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘Multitrack Overdubbing’ എന്ന സ്റ്റുഡിയോ സാങ്കേതികത അതിനുമുമ്പോ അതിനുശേഷമോ മറ്റാരെങ്കിലും ഇത്ര മനോഹരമാം വിധം ഉപയോഗപ്പെടുത്തിയതായി അറിവില്ല.

എന്തുകൊണ്ടാണ് എം.ബി.എസ് സംഗീതത്തിൽനിന്നുമാത്രം ഈയൊരു അനുഭൂതി അനുഭവവേദ്യമാവുന്നത്? കവി ഒ.എൻ.വി കുറുപ്പ് പറയുന്നത് പ്രകാരം അദ്ദേഹം ഒരിക്കൽപ്പോലും മുൻകൂർ ചിട്ടപ്പെട്ടുത്തിയ സംഗീതത്തിനനുസരിച്ച് വരികൾ എഴുതാൻ ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് പ്രധാന കാരണം.

കവിതയുടെ ആത്മാവിനെ ജ്വലിപ്പിക്കുന്നതാണ് എം.ബി.എസ് സംഗീതം; കവികളോടൊപ്പം പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹംതന്നെ പലവട്ടം സഹപ്രവർത്തകരോട് പറഞ്ഞിട്ടുള്ളതായി ചില അഭിമുഖങ്ങളിൽനിന്ന് നമുക്ക് മനസ്സിലാക്കാം. വരികളോ സന്ദർഭമോ അർഥമോ അറിയാതെ തന്നെ റെഡിമെയ്ഡ് സംഗീതവുമായി വന്ന് ആ ഈണത്തിനൊപ്പിച്ച് പാട്ടെഴുതിക്കുന്ന രീതി അദ്ദേഹത്തിനില്ലായിരുന്നു. അത്തരം സംഗീത സംവിധാനങ്ങളിൽ, ഏറ്റവും മികച്ച സംഗീതജ്ഞർപോലും വരികളും വികാരങ്ങളും മോരും മുതിരയും പോലെ വേറിട്ടുകിടക്കുന്ന പാട്ടുകൾ പടച്ചുവിട്ടത് നാം കേട്ടിട്ടുണ്ട്. ചില പാട്ടുകളിൽ ഗാനരചയിതാക്കളുടെ പ്രതിഭ ഒന്നുകൊണ്ടുമാത്രം വികാരസമന്വയം സാധ്യമായിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല.

എം.ബി.എസിന്റെ ഈണങ്ങൾ സാധാരണ സംഗീത സംവിധായകരുടെ ഗാനങ്ങൾ പഠിക്കുന്നത്ര എളുപ്പമല്ലെന്ന് യേശുദാസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇവിടെയാണ് എം.ബി.എസിന്റെ ഈണങ്ങൾ പരമ്പരാഗത ചലച്ചിത്രഗാനങ്ങളുടെ നിയമങ്ങൾക്കും വ്യാകരണത്തിനും അതീതമാണെന്ന് നാം തിരിച്ചറിയുന്നത്. തികച്ചും ഇടത്തരം നിലവാരത്തിൽ ഒതുങ്ങുന്ന പാട്ടുകളുടെ വ്യാജമഹത്വവത്കരണ ആഘോഷങ്ങൾക്കിടയിൽ എം.ബി.എസ് ഗാനങ്ങൾ ഇല്ലാതെ പോകുന്നതിന്റെ കാരണവും ഇതുതന്നെയാകാം.

സംഗീതോപകരണങ്ങളുടെ കാര്യത്തിലും പുത്തൻ പരീക്ഷണങ്ങളിലും കൗതുകം സൂക്ഷിച്ചിരുന്ന സംഗീതജ്ഞനായിരുന്നു എം.ബി.എസ്. ‘ആരതി’ എന്ന സിനിമയിലെ മേൽ സൂചിപ്പിച്ച ഗാനത്തിൽ ഉപയോഗിച്ച ‘Multitrack Overdubbing’ തന്നെ കെൻ ടൗൺസെൻഡ് എന്ന സൗണ്ട് എൻജിനീയർ ആബീ റോഡ് സ്റ്റുഡിയോസിൽവെച്ച് ബീറ്റിൽസിനു വേണ്ടി 1966ൽ നടത്തിയ കണ്ടുപിടിത്തമായിരുന്നു.

സംഗീതത്തിന് വിലയിടാത്ത വിദഗ്ധൻ

എം.ബി.എസിനെ അതുല്യനാക്കുന്ന മറ്റൊരു സവിശേഷത അദ്ദേഹം ഒരു ‘സംഗീതവ്യാപാരി’ ആയിരുന്നില്ല എന്നതാണ്. ചലച്ചിത്രഗാന സംഗീതം, ആ വ്യവസായംപോലെ തന്നെ, ഒരു കമോഡിറ്റിയായി പരിഗണിച്ചിരുന്ന മാതൃക പിന്തുടർന്ന കാലത്താണ് അദ്ദേഹത്തിന് അനിവാര്യമല്ലാത്ത ഈ വ്യത്യസ്തത പാലിക്കാൻ കഴിഞ്ഞതെന്ന കാര്യം ശ്ര​േദ്ധയമാണ്. ലളിതസംഗീതത്തിലെ അലിഖിത നിയമമായ പല്ലവിയും പിന്നാലെ ഒരേ ചിട്ടയിലെഴുതിയ അനുപല്ലവിയും ചരണവും എല്ലാ എം.ബി.എസ് ഗാനങ്ങളിലും നിങ്ങൾക്കു കാണാൻ കഴിയില്ല.

അദ്ദേഹത്തിന്‍റെ ആത്മാവിലെ സ്വരവൈവിധ്യങ്ങളും സംഗീതസമൃദ്ധിയും നമ്മൾ ആരാധിക്കുന്ന പലരിലും ഇല്ലയെന്നതാണ് വാസ്തവം. ‘ബന്ധനം’ എന്ന ചിത്രത്തിലെ ‘‘രാഗം ശ്രീരാഗം’’, ‘വിടപറയും മുമ്പേ’ യിലെ ‘‘ഉല്ലലച്ചില്ലല തെന്നലിൽ’’, ‘മീനമാസത്തിലെ സൂര്യനി’ലെ ‘‘മാരിക്കാർ മേയുന്ന മൗനാംബരത്തിന്റെ’’, ‘ഓപ്പോളി’ലെ‘‘പൊട്ടിക്കാൻ ചെന്നപ്പോൾ പൂമ്പൊടി ചോദിച്ചു’’, ‘യവനിക’യിലെ ‘‘ഭരതമുനിയൊരു കളംവരച്ചു’’ എന്നിങ്ങനെ അദ്ദേഹത്തിന്റെ നിരവധി പാട്ടുകളിൽ ഈ വൈവിധ്യം കാണാനാകും.

‘ചില്ലി’ലെ ഏറ്റവും പ്രശസ്തമായ ‘‘ഒരുവട്ടം കൂടിയെൻ’’, ‘‘രാഗം ശ്രീരാഗം’’ എന്നീ ഗാനങ്ങളുടെ Male-Female പതിപ്പുകൾ നമ്മൾ സാധാരണ കേൾക്കുന്നതുപോലെ ഒന്നുതന്നെയല്ല -എം.ബി.എസിന്റെ പക്കലുള്ള സംഗീതത്തിന് പരിധികളില്ല എന്നതാണ് സത്യം. സമാനമായി, അനേകം ഗാനങ്ങളിൽ interludes പോലും വ്യത്യസ്തമാണെന്നതും അധികം ചർച്ച ചെയ്യപ്പെടാതെപോയ ഒരു സവിശേഷതയാണ്.

എഴുത്തച്ഛന്റെ ആധ്യാത്മ രാമായണത്തിനു ലഭിച്ചിട്ടുള്ളതിനെക്കാൾ പതിന്മടങ്ങ് ആരാധകർ രാമാനന്ദ് സാഗറിന്റെ ടി.വി സീരിയലായ വികലരാമായണത്തിനുണ്ടായതും കാളിദാസ ശാകുന്തളത്തെക്കാൾ സ്വീകാര്യത വി. ശാന്താറാമിന്റെ ശാകുന്തളം സിനിമക്ക് ലഭിച്ചതും നമ്മൾ കണ്ടിട്ടുണ്ട്. കാമ്പും കഴമ്പുമുള്ള കലക്ക് ആഴം കുറഞ്ഞ മനസ്സുകളിൽ ഇടംകിട്ടുക പ്രയാസമാണ്.

ചലച്ചിത്ര നിർമാതാവായിരുന്ന നജീബുമായി പെട്ടെന്ന് സൗഹൃദത്തിലെത്താൻ കാരണം ഇരുവരും എം.ബി.എസ് ഉന്മാദികളാണ് എന്നതാണ്. ദുബൈയിലെ കടുത്ത വേനലിൽ ഒരുദിവസം പണിതീരാത്ത കോൺക്രീറ്റ് കെട്ടിടത്തിന്റെ ചുമരുകളില്ലാത്ത മേൽക്കൂരക്ക് കീഴിൽ എം.ബി.എസ് Intoxicated ആയ രണ്ടുപേർ, ‘‘ചിരിക്കുമ്പോൾ കൂടെച്ചിരിക്കാൻ’’ മുതൽ ‘‘ചിപ്പിയുടഞ്ഞെന്റെ കൈക്കുമ്പിളിൽ വീണ മുത്തേ’’ എന്ന പാട്ടുവരെയുള്ള നിരവധിയായ ഗാനങ്ങൾ പാടി, സമയം മാത്രമല്ല, ആ കൊടുംചൂടുപോലും അറിയാതെപോയത് ഇന്നും അവിശ്വസനീയമാണ്.

‘അരയന്നങ്ങളുടെ വീട്’ എന്ന സിനിമയുടെ നിർമാതാവ്, തന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ എം.ബി.എസാണെന്ന് സംഗീത സംവിധായകനായ രവീന്ദ്രനോട് പറയുമ്പോൾ ഉയർന്ന സംവേദനക്ഷമത ആവശ്യമുള്ള സംഗീതമാണ് എം.ബി.എസിന്റേതെന്ന് രവീന്ദ്രൻ പറഞ്ഞതായി നജീബ് അഭിമാനത്തോടെ വെളിപ്പെടുത്തി.

സംഗീതത്തെ നമ്മിലേക്കെത്തിക്കുന്ന സാങ്കേതികത ഇന്ന് അനേകം ഘട്ടങ്ങൾ കടന്നിരിക്കുന്നു. റേഡിയോ, സ്പൂൾ, ഇന്നും അനുപമമായ ശബ്ദമേന്മ കാത്തുസൂക്ഷിക്കുന്ന വിനൈൽ അനലോഗ് റെക്കോഡുകൾ, ഇരുപതിലേറെ പാട്ടുകൾ ഒരു കൊച്ചുപോക്കറ്റിൽ ഒതുക്കിയ കാസറ്റ്, ഡിജിറ്റൽ യുഗത്തിലെ ആദ്യജാതനായ സീഡി എന്നിവ കടന്ന് ഒരു മഞ്ചാടിക്കുരു വലുപ്പത്തിൽ നൂറ്‌ ഗാനങ്ങൾ നിറച്ചുവെക്കാൻ കഴിയുന്ന എം.പി-3 ഫോർമാറ്റുകളിൽ എത്തിനിൽക്കുമ്പോഴും എം.ബി.എസ് സംഗീതം നൽകിയ ഗാനങ്ങൾ, HMV യോ സാങ്കേതിക ജ്ഞാനമുള്ള ഏതെങ്കിലുമൊരു സംഗീതപ്രേമിയോ REMASTER ചെയ്തായിരുന്നില്ല ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റിയത് -ഇത് തീർച്ചയായും നിരാശജനകമാണ്.

 

‘ദ അൺസങ് ഹീറോ’

വളരെക്കുറച്ചു മനുഷ്യർ അവിടവിടെയായി എം.ബി.എസിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന സമയമാണിത്. ആ സംഗീതവും ആ ജീവിതമൂല്യങ്ങളും ഇടത്തരം സംഗീതജ്ഞരുടേതുപോലെ ഓർമിക്കപ്പെടേണ്ടതില്ലയെന്നാണ് നമ്മുടെ പൊതുസമൂഹവും മാധ്യമങ്ങളും കരുതുന്നത്. ഇതിൽ ഒരു പുതുമയില്ല, ചില ജനപ്രിയ സംഗീത സംവിധായകർക്കുവേണ്ടി വർഷത്തിൽ രണ്ട് ജന്മദിനങ്ങൾപോലും ആഘോഷിച്ചത് കാണാൻ കഴിഞ്ഞിട്ടുണ്ട്.

അതുകൊണ്ടായിരിക്കണം പ്രശസ്ത ചലച്ചിത്ര സംഗീത ലേഖകൻ രവി മേനോൻ എം.ബി.എസിനെക്കുറിച്ച് വളരെ വൈകിയെങ്കിലും, ആദ്യമായെഴുതിയ ലേഖനത്തിന്റെ പേര് ‘ദ അൺസങ് ഹീറോ’ എന്നായിരുന്നു. പിറന്നാളും ചരമദിനവുമില്ലാത്ത ഒരു യഥാർഥ മനുഷ്യൻ, മൗലികതയുള്ള മഹാനായ ഒരു സംഗീതജ്ഞൻ! സൃഷ്ടികൾ ആസ്വദിക്കപ്പെടുമ്പോഴും സ്രഷ്ടാവിനെ തമസ്കരിക്കുന്ന പതിവ് ചരിത്രത്തിൽ അത്യപൂർവമായി മാത്രമേ സംഭവിച്ചിട്ടുണ്ടാവൂ എന്നുതോന്നുന്നു, ഒരുപക്ഷേ അത് സംഭവിച്ചത് എം.ബി.എസിന്റെ കാര്യത്തിൽ മാത്രമായിരിക്കാനും സാധ്യതയുണ്ട്.

News Summary - M.B. Srinivasan's birth centenary