Begin typing your search above and press return to search.
proflie-avatar
Login

'ഡോൺ കൊർലിയോണിയുടെ മട്ടാഞ്ചേരി പർവം'; ഭീഷ്മപർവ്വത്തിന്റെ കാഴ്ചയും കാഴ്ചക്കപ്പുറവും

ഡോൺ കൊർലിയോണിയുടെ മട്ടാഞ്ചേരി പർവം; ഭീഷ്മപർവ്വത്തിന്റെ കാഴ്ചയും കാഴ്ചക്കപ്പുറവും
cancel

ർഷം 50 കഴിഞ്ഞു. ലോകസിനിമയുടെ മട്ടുപ്പാവിലിരുന്ന് ഡോൺ വിറ്റോ കൊർലിയോണി (Don Vito Corleone) ഇപ്പോഴും പുകവലിക്കുകയാണ്. 1972 മാർച്ച് 14ന് ന്യൂയോർക്കിലെ വിഖ്യാതമായ ല്യൂയിസ് സ്റ്റേറ്റ് തിയറ്ററിൽ പ്രദർശിപ്പിച്ചുതുടങ്ങിയ ​'ദി ഗോഡ്ഫാദർ' പേരുപോലെ തലതൊട്ടപ്പനായി പലരൂപങ്ങളിൽ നിറഞ്ഞോടിക്കൊണ്ടേയിരിക്കുന്നു. കുറ്റാന്വേഷണ രചനകളിലും സിനിമകളിലും ഷെർലക് ഹോംസിനുള്ള അതേ സ്വാധീനമാണ് 'ഗോഡ്ഫാദറി'ന് ഗ്യാങ്സ്റ്റർ/ആക്ഷൻ ചിത്രങ്ങളിലുള്ളതെന്ന് നിർവചിക്കാം.

ഡോൺ കൊർലിയോണിയായി മർലൻ ബ്രാൻഡോ

50ാം വാർഷികംപ്രമാണിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് കൊച്ചിയും കോഴിക്കോടും തിരുവനന്തപുരവും അടക്കമുള്ള നഗരങ്ങളിൽ 'ഗോഡ്ഫാദർ' ഒരിക്കൽകൂടി പ്രദർശനത്തിനെത്തിയിരുന്നു. ഒ.ടി.ടിയുടെയും സമാന്തര സാധ്യതകളുടെയും ആലസ്യങ്ങളിൽനിന്നുയരാത്ത ആൾക്കൂട്ടത്തെ തിയറ്ററുകളിലേക്കെത്തിക്കാൻ പി.ആർ കമ്പനികൾ ആഞ്ഞുപണിയെടുക്കുന്ന കാലത്തും 'ഗോഡ്ഫാദർ' ഹൗസ്ഫുള്ളായാണ് ​തിയറ്ററുകളിൽ പ്രദർശിപ്പിച്ചത്. പല കാലങ്ങളിലും പല ഭാഷകളിലുമായി പലരും 'ഗോഡ്ഫാദറി'നെ പകർത്താൻ ശ്രമിച്ചിട്ടുണ്ട്. ആ ശ്രമങ്ങളിൽനിന്നും അനുകരണങ്ങളിൽനിന്നും വിഖ്യാതമായ അനേകം സിനിമകൾ പിന്നെയും പിറന്നു. മണിരത്നത്തിന്റെ 'നായകൻ' (1987), രാംഗോപാൽ വർമയുടെ 'സർകാർ' (2005), പ്രകാശ് ഝായുടെ 'രാജ്നീതി' (2010)... ഇന്ത്യയിലെ പല ജന​പ്രിയ ചിത്രങ്ങളിലും ഗോഡ്ഫാദർ റഫറൻസുകൾ തെളിഞ്ഞുകാണാം. ഗോഡ്ഫാദർ സൃഷ്ടിച്ച അലയൊലികളിൽനിന്ന് മലയാളസിനിമയും മാറിനിന്നിട്ടില്ല. അവയിൽ ചിലത് വലിയ വാണിജ്യവിജയം നേടിയപ്പോൾ മറ്റുചിലത് വികലാനുകരണങ്ങളായി മാറി. ജോഷിയുടെ 'നാടുവാഴികൾ' (1989), 'ലേലം' (1997), ഷാജി കൈലാസിന്റെ 'സിംഹാസനം' (2012), സുരേഷ് കൃഷ്ണയുടെ 'ദി പ്രിൻസ്' (1996), 'മാലിക്' (2022) എന്നിവയിലെല്ലം ഗോഡ്ഫാദർ കുടിയിരിപ്പുണ്ട്.

കമൽഹാസൻ (നായകൻ-1987)

ഡോൺ കോറിയോണെന്ന പാട്രിയാർക്ക് മട്ടാഞ്ചേരിയിലെ സവർണ ക്രൈസ്തവത്തറവാട്ടിലെ കസേരയിൽ ഇരുന്ന് കാണാനെത്തുന്നവരുടെ പരാതികൾക്ക് തീർപ്പുകൽപ്പിക്കുന്ന സിനിമാറ്റിക് സങ്കൽപത്തിലേക്കുള്ള അമൽ നീരദിന്റെ കാമറവെപ്പാണ് 'ഭീഷ്മപർവ്വം'. മർലൻ ബ്രാൻഡോയുടെ അനശ്വര വേഷപ്പകർച്ചയിലേക്ക് മമ്മൂട്ടിയെന്ന താരശരീരത്തെ പ്രതിഷ്ഠിക്കുന്നു. ഒരു ഫ്യൂഷൻ പാചക രീതിയെപ്പോലെ അതിലേക്ക് സമർഥമായി മഹാഭാരതത്തിലെ ഭീഷ്മരെ ചേർക്കുന്നു. ഡോൺ കൊർലിയോണും ഭീഷ്മ പിതാമഹനുമായി ഒരേസമയം ​മമ്മൂട്ടി അവതരിപ്പിച്ച മൈക്കിളപ്പൻ മാറുന്നു. ഗോഡ്ഫാദറിലെ കഥാപാത്രങ്ങളിലേക്കും മഹാഭാരതത്തിലെ കഥാപാത്രങ്ങളിലേക്കും ചേർത്തുവെക്കാവുന്നവിധം അതിസമർഥമായാണ് അമൽ നീരദും ദേവ്ദത്ത് ഷാജിയും സിനിമക്ക് തിരക്കഥയൊരുക്കിയിരിക്കുന്നതെന്ന് കാണാം, കഥ പ്രവചനാനുസൃതമായാണ് നീങ്ങുന്നതെങ്കിൽപോലും.

1988ലെ മട്ടാഞ്ചേരിയും കൊച്ചിയുമാണ് കഥക്ക് വേദിയാകുന്നത്. കാലഘട്ടത്തെ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കുന്നതിനായി അനേകം ടൂളുകൾ സംവിധായകൻ വിതറിയിടുന്നു. അക്കാലത്തെ പ്രധാന സംഭവങ്ങളെല്ലാം ടൈറ്റിൽ കാർഡിൽ തന്നെ കാണാം. പെരുമൺ ദുരന്തം, ഫലസ്തീൻ രാഷ്ട്രപ്രഖ്യാപനവും യാസിർ അറഫാത്തും, പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുടെ തുടർഭരണ സാധ്യതകൾ, മുഖ്യമന്ത്രിയായ നായനാർ എന്നിവയെല്ലാം കാലഘട്ടത്തെ പ്രേക്ഷകരിലേക്കെത്തിക്കുന്നതിനായുള്ള ആയുധങ്ങളായി സംവിധായകൻ ഉപയോഗപ്പെടുത്തുന്നു. 1988ലെ മോഹൻലാൽ സിനിമ പോസ്റ്ററുകൾ, വാഹനങ്ങൾ, ഭക്ഷണം, സോഫ്റ്റ് ഡ്രിങ്ക്സ്, ഷൂസ്, ജീൻസ്, വാക്മാൻ റേഡിയോ എന്നിവയെല്ലാം കാലഗണനക്ക് ചേർന്നുതന്നെ ഒരുക്കിയിട്ടുണ്ട്. അത് പ്രേക്ഷകരിലേക്ക് എത്തിക്കാനായി ബോധപൂർവം കാമറ അവയി​ലേക്കെല്ലാം നീങ്ങുന്നതും കാണാം. 80കളിൽ വലിയ തരംഗമായിരുന്ന 13 AD​െയ അനുസ്മരിപ്പിക്കുന്ന 'പറുദീസ' എന്ന ഗാനം സിനിമ തിയറ്ററുകളി​ലെത്തും മുമ്പേ ​േബ്ലാക്ബസ്റ്റർ ആയി മാറിയിരുന്നു.


മട്ടാഞ്ചേരിയിലെ അഞ്ഞൂറ്റിക്കുടുംബത്തിലെ അഞ്ചുമക്കളിൽ മൂന്നാമനായ മൈക്കിളാണ് (മമ്മൂട്ടി) കഥാനായകൻ. 'യോഗ്യതകളുള്ള' തലതൊട്ടപ്പൻ. കുടുംബത്തിലെ എല്ലാവരാലും ഭയപ്പെടുന്നയാൾ. കൊർലിയോണി സിനിമയിലേക്ക് അവതരിക്കുന്നതിന് സമാനമായാണ് മൈക്കിളും സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. വീട്ടിലെ ചിലർ മൈക്കിളിനെ ഭയത്താൽ അനുസരിക്കുന്നു. മറ്റുചിലർ സ്നേഹത്താൽ അനുസരിക്കുന്നു. ഏത് വിധേനയായാലും അവസാനവാക്ക് അയാൾ തന്നെ. മൈക്കിളിന്റെ കൊല്ലപ്പെട്ട ജ്യേഷ്ഠൻ പൈലി വിവാഹം ചെയ്തത് മുസ്‍ലിമായ ഫാത്തിമയെയാണ് (നദിയ മൊയ്തു). പൈലിയുടെ ഘാതകരെ വകവരുത്തിയ 'വീരകൃത്യത്തിലൂടെയാണ്' നിയമവിദ്യാർഥിയായ മൈക്കിൾ കുടുംബത്തിലെ ശക്തനായി ഉയരുന്നത്. ഭർത്താവിന്റെ മരണത്തോടെ ഒറ്റപ്പെടുന്ന ഫാത്തിമയെ അഞ്ഞൂറ്റികുടുംബത്തിലെ വേണ്ടപ്പെട്ടവനും മൈക്കിളിന്റെ സന്തതസഹചാരിയുമായ അലിയാണ് പിന്നീട് വിവാഹം കഴിക്കുന്നത്. ഇവരിൽ പിറക്കുന്ന മക്കളായ അജാസിനെയും (സൗബിൻ ഷാഹിർ), അമി അലിയെയും (ശ്രീനാഥ് ഭാസി) മൈക്കിൾ തന്റെയും കുടുംബത്തിന്റെയും സ്വന്തക്കാരായിത്തന്നെ കാണുന്നു. കുടുംബത്തിന്റെ സാമ്പത്തിക-സാമൂഹിക വ്യവഹാരങ്ങളിലെല്ലാം മൈക്കിൾ ഇവരെ ഉൾപ്പെടുത്തുന്നു. ഇതിൽ അസ്വസ്ഥരാകുന്ന കുടുംബാംഗങ്ങളുമായുള്ള സംഘട്ടനങ്ങളും വീഴ്ചകളും വാഴ്ചകളുമാണ് സിനിമയുടെ പ്രമേയം.

സൗബിൻ ഷാഹിർ, മമ്മൂട്ടി, ഷൈൻ ടോം ചാക്കോ

സ്വന്തം മരണം എപ്പോഴെന്ന് സ്വയം നിയന്ത്രിക്കുന്ന, ആർക്കും അതിജയിക്കാൻ കഴിയാത്ത, കുടുംബത്തിന് വേണ്ടി അവിവാഹിതനായിത്തന്നെ തുടരുന്ന മൈക്കിൾ ഒരർഥത്തിൽ ഭീഷ്മർ തന്നെയാണ് . അയാളെ ജയിക്കാൻ കഴിയില്ലെന്ന് എതിരാളികൾപോലും ഭയപ്പെടുന്നു. ഭീഷ്മരുടെ ഉത്തരായനം പോലൊരു സന്ദർഭം മൈക്കിളിനുമുണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്ര നിർമിതിയിലും മഹാഭാരതത്തിലെയോ ഗോഡ്ഫാദറിലെയോ കഥാപാത്രങ്ങളിലേക്കുള്ള ചൂണ്ടകൾ കിടപ്പുണ്ട്. ​പ്രേക്ഷകന്റെ യുക്തിക്കും വീക്ഷണപാടവത്തിനും അനുസരിച്ച് അവയെ ചേരുംപടി ചേർക്കാനുള്ള സ്വാത​ന്ത്ര്യം സംവിധായകൻ ശേഷിപ്പിക്കുന്നു. ​ഗോഡ് ഫാദറിലെ സോണി കൊർലിയോണിനെ ഓർമിപ്പിക്കുന്ന ഷൈൻ ടോം ചാക്കോയുടെ പീറ്റർ, നെഗറ്റീവ് ​ഷെയ്ഡിലുള്ള നെടുമുടി വേണുവിന്റെയും കെ.പി.എ.സി ലളിതയുടെയും കഥാപാത്രം എന്നിവയെല്ലാം സിനിമക്ക് ചടുലത പകരുന്നു.

Leave The Gun, Take The Cannoli (തോക്ക് ഒഴിവാക്കി രുചികരമായ കനോലി കയ്യിലെടുക്കൂ) എന്ന ഗോഡ്ഫാദറിലെത്തന്നെ മനോഹര മുദ്രാവാക്യത്തിലേക്ക് ലോകം ഇനിയും പരിണമിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സിനിമയിലെ ഹിംസയെ മാത്രം പ്രശ്നവത്കരിക്കേണ്ടതുമില്ല. ഗ്യാങ്സ്റ്റർ സിനിമകളുടെ ചേരുവകളായ പുരുഷന്റെ ഈഗോ, പക, അഹങ്കാരം, വീഴ്ച, ഉയർച്ച എന്നിവതന്നെയാണ് ഭീഷ്മയുടെയും രുചിക്കൂട്ട്. പാർശ്വങ്ങളിൽ സ്ത്രീകളുമുണ്ട്. ആദിമധ്യാന്തം പ്രവചനാത്മക സ്വഭാവമുള്ള കഥയിൽ സിനിമാറ്റോഗ്രഫിയുടെയും സംഗീതത്തിന്റെയും സാധ്യതകൾ കൃത്യമായി ചേർക്കുന്നതോടെ അത് തിയറ്റർ പ്രേക്ഷകനിൽ അഡ്രിനാലിൻ റഷ് ഉൽപാദിപ്പിക്കുന്ന വിധം പാകപ്പെടുന്നു.

2018 മേയ് 24ന് കോട്ടയം നട്ടാശേരി സ്വദേശിയിൽ ജാതിക്കൊലക്കിരയായി കൊല്ലപ്പെട്ട കെവിനും നീനുവിനും സമർപ്പിച്ചാണ് ചിത്രം തുടങ്ങുന്നത്. സിനിമയുടെ തുടക്കത്തിൽ മൈക്കിളിനോട് പരാതി പറയാനെത്തുന്ന അമ്മയിലൂടെയും മകളിലൂടെയും സംഭവത്തെ സിനിമ പരാമർശിക്കുകയും പ്രശ്നവത്കരിക്കുകയും ചെയ്യുന്നു. പിന്നാക്ക ക്രൈസ്തവരും മുന്നാക്ക ക്രൈസ്തവരും വായിക്കുന്നത് ഒരേ ബൈബിളാണെന്ന് ഓർമിപ്പിക്കുന്ന സിനിമ തോമാശ്ശീഹ മതം മാറ്റിയ ബ്രാഹ്മണരെന്ന സവർണ ക്രൈസ്തവ സങ്കൽപത്തെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. മലയാള സിനിമയിലെ ഹിന്ദുത്വ ആശയങ്ങളെയും സവർണ ബിംബങ്ങളെയും പലകുറി ചോദ്യം ​ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മലയാള സിനിമ ഉൽപാദിപ്പിച്ച ക്രൈസ്തവരിലെ വരേണ്യതയും സവർണതയും അധികം ചോദ്യംചെയ്തിട്ടില്ല. ഇല്ലിക്കൽ കുട്ടപ്പായി (സംഘം), കോട്ടയം കുഞ്ഞച്ചൻ (കോട്ടയം കുഞ്ഞച്ചൻ), ഡേവിഡ് ജോൺ കൊട്ടാരത്തിൽ (നസ്രാണി), സണ്ണി തരകൻ (ഏഴുപുന്ന തരകൻ), തോപ്പിൽ ജോപ്പൻ (തോപ്പിൽ ജോപ്പൻ) തുടങ്ങിയ അനേകം കഥാപാത്രങ്ങളിലൂടെ സവർണ ക്രൈസ്തവ പുരുഷന്റെ പ്രതിബിംബമായി മാറിയ മമ്മൂട്ടിയെന്ന താരത്തിലൂടെത്തന്നെ ഇവയെ ചോദ്യംചെയ്യുന്നതും ഒട്ടും യാദൃച്ഛികമാകാനിടയില്ല.

കെവിനും നീനുവും

കുടുംബമെന്ന സ്ഥാപനത്തിനകത്തെ സംഘർഷങ്ങളെയും അസ്പൃശ്യതയെയും മുൻനിർത്തി വർത്തമാന കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ഇസ്‍ലാമോഫോബിയയും സിനിമ കൃത്യമായി അഭിമുഖീകരിക്കുന്നു. സുവിശേഷം പറയുന്ന വായിലൂടെ തീട്ടം തുപ്പരുതെന്ന് സഹോദരനും പുരോഹിതനുമായ ഫാദർ സൈമണിനോടുള്ള (ജിനു ജോസഫ്) മൈക്കിളിന്റെ ​പ്രസ്താവ്യം അത്തരത്തിലൊന്നാണ്. സിനിമയുടെ തുടക്കത്തിൽ കുടുംബ ഫോട്ടോയിൽനിന്നും മാറ്റിനിർത്തപ്പെട്ട ഫാത്തിമയെ കൈപിടിച്ച് മുൻനിരയിൽതന്നെ ഇരുത്തുന്നതിലും രാഷ്ട്രീയ വായനകൾക്ക് ഏറെ സാധ്യതയുണ്ട്. മുസ്‍ലിംകളെ മേത്തന്മാരായി പരിഗണിക്കുന്ന സവർണ ക്രൈസ്തവർ ഏറ്റവും കുപിതരാകുന്നത് അമി അലിയും അഞ്ഞൂട്ടി കുടുംബത്തിൽ തന്നെയുള്ള റേച്ചലും (അനഘ മരുതോറ) തമ്മിലുള്ള പ്രണയം പുറത്തെത്തുന്നതോടെയാണ്.

കേരളത്തിലെ ഏത് ഭൂമികയിലുള്ള കഥയാണെങ്കിലും ഒരേ ഭാഷ സംസാരിക്കുന്ന മുസ്‍ലിംകൾ എന്ന ക്ലീഷേ സങ്കൽപത്തെ മലയാള സിനിമ ഉടച്ചുവാർത്ത പതിറ്റാണ്ടാണ് കഴിഞ്ഞുപോകുന്നത്. ഈ പരിണാമത്തെ ഭീഷ്മയും അടിവരയിടുന്നു. മട്ടാഞ്ചേരിയുടെ സാംസ്കാരിക പരിസരത്തിൽ അലിഞ്ഞുചേർന്ന് എല്ലാ വ്യവഹാരങ്ങളിലും ഏർപ്പെടുന്നവരായാണ് ഭീഷ്മയിലെ മുസ്‍ലിം കഥാപാത്രങ്ങൾ. മുസ്‍ലിംകളെ ചിത്രീകരിക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന പ്രത്യേക പശ്ചാത്തല സംഗീതം, ഭാഷ, ഒപ്പന, ബിരിയാണി അടക്കമുള്ള സ്റ്റീരിയോടൈപ്പുകളെ (അമൽ നീരദിന്റെ അൻവർ അടക്കം) സിനിമ മറികടന്നിട്ടുണ്ട്. വീട്ടുകാരാലും ഭർത്താവിനാലും മതത്താലും പൊറുതിമുട്ടുന്ന മുസ്‍ലിം സ്ത്രീ എന്ന സങ്കൽപത്തെയും സിനിമ പൊളിക്കുന്നു.

ഫാത്തിമയായി നദിയ മൊയ്തു

കേരളത്തിലെ ഏത് ഭൂമികയിലുള്ള കഥയാണെങ്കിലും ഒരേ ഭാഷ സംസാരിക്കുന്ന മുസ്‍ലിംകൾ എന്ന ക്ലീഷേ സങ്കൽപത്തെ മലയാള സിനിമ ഉടച്ചുവാർത്ത പതിറ്റാണ്ടാണ് കഴിഞ്ഞുപോകുന്നത്. ഈ പരിണാമത്തെ ഭീഷ്മയും അടിവരയിടുന്നു.

മലയാള സിനിമകളിൽ അടുത്ത കാലങ്ങളിലുണ്ടായ അടുക്കളകളുടെ പങ്കുവെക്കൽ ഭീഷ്മയിലും കാണാം. തന്റെ കാമുകിയെ മട്ടൺ ബിരിയാണി വെച്ച് സ്വീകരിക്കുന്ന ഹെവി വെയ്റ്റ് മാസ് ഹീറോ മൈക്കിളും മീൻ കറിയുടെ സ്വാദ് നോക്കാൻ ഭാര്യയെ വിളിക്കുന്ന അജാസും സംവിധായകന്റെ ബോധപൂർവ ശ്രമങ്ങളാണ്.

എന്നാൽ ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന ടി.വി. ജെയിംസെന്ന എറണാകുളം ലോക്സഭ മുൻ എം.പിയുടെ കഥാപാത്ര നിർമിതി സിനിമ ഉയർത്തിയ രാഷ്ട്രീയത്തെ റദ്ദുചെയ്യുന്നുവെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. ഹൈകമാൻഡിനെ പ്രസാദിപ്പിക്കാൻ തിരുത മത്സ്യവുമായി ഡൽഹിക്ക് വിമാനം പിടിക്കുന്ന എം.പി എറണാകുളത്തിനായി ഒന്നും ചെയ്യാത്തവനും നീചനുമാണെന്ന് സിനിമ പറയുന്നു. അമ്മച്ചിക്ക് തിരുതമത്സ്യം പ്രിയങ്കരമായിരുന്നെങ്കിലും മദാമ്മക്കും മോനും വേണ്ടത് സാൽമൺ മത്സ്യമാണെന്ന് ടി.വി. ജെയിംസ് ഒരു വേള സങ്കടം പറയുന്നുണ്ട്. ഉദ്ദേശിക്കുന്നത് ആരെയെന്ന് വ്യക്തം. കഥനടക്കുന്ന കാലത്ത് എറണാകുളം ലോക്സഭ മണ്ഡലത്തിലെ എം.പി, ചതുര കണ്ണട, കഷണ്ടി, പോക്കറ്റില്‍ ഡയറി, പേന, കൈയിൽ ബ്രീഫ്കേസ് തുടങ്ങിയ സൂചകങ്ങൾ നൽകുക വഴി ഭീഷ്മ തന്റെ പിതാവിനെ ഉദ്ദേശിച്ചാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് കെ.വി. തോമസിന്റെ മകൻ ബിജു തോമസ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ സിനിമ കണ്ടിട്ടില്ലെന്നും ഇത്തരം കാര്യങ്ങളിലൊന്നും പ്രത്യേകിച്ച് അഭിപ്രായം പറയാനില്ല എന്നുമായിരുന്നു കെ.വി. തോമസിന്റെ പ്രതികരണം. കെ.വി. തോമസിന്റെ ലത്തീൻകത്തോലിക്ക സ്വത്വത്തോടുള്ള പരിഹാസമാണ് 'തിരുതക്കഥ'ക്ക് പിന്നിലെന്നും വിമർശനം ഉയരുന്നുണ്ട്.

കണ്ടുമറന്ന കാഴ്ചകൾ ഏറെയുണ്ടെങ്കിലും സിനിമയുടെ ചതുരങ്ങളിൽ കൃത്യമായ രാഷ്ട്രീയം പുരണ്ടിട്ടു​ണ്ടെന്നിടത്താണ് ഭീഷ്മ വ്യത്യസ്തമാകുന്നത്. രാഷ്ട്രീയം പറയാൻ സമാന്തര സിനിമകളും കച്ചവടം നടത്താൻ അരാഷ്ട്രീയ സിനിമകളും എന്ന സമവാക്യത്തെയും ഒഴിവുകഴിവുകളെയും തമിഴ് സിനിമകൾ പൊളിച്ചുകളഞ്ഞിട്ടുണ്ട്. അതേ മാതൃക തന്നെയാണ് ഭീഷ്മയും പകർത്തുന്നത്.

Show More expand_more
News Summary - madhyamam weekly Bheeshma Parvam review