Begin typing your search above and press return to search.
proflie-avatar
Login

ഉൾക്കാഴ്ചയുടെ പ്രകാശം

ഉൾക്കാഴ്ചയുടെ പ്രകാശം
cancel

മലയാളത്തിലെ നാടകചരിത്രം 'അമ്മ' എന്ന നാടകത്തിലൂടെ തിരുത്തിയെഴുതിയാണ് മധു മാസ്റ്റർ സാംസ്കാരിക കേരളത്തിൽ നിറയുന്നത്. ആക്ടിവിസ്റ്റ്, രാഷ്ട്രീയ തടവുകാരൻഎന്നിങ്ങനെ മധു മാസ്റ്റർ കെട്ടിയാടിയ വേഷങ്ങൾ നിരവധി. മാർച്ച് 19ന് വിടവാങ്ങിയ അദ്ദേഹത്തെ ഒാർക്കുകയാണ് മാധ്യമപ്രവർത്തകനും സഹപ്രവർത്തകനുമായിരുന്ന ലേഖകൻ.കോവിഡ് മഹാമാരി പടരുന്നതിന് കുറച്ച് മുമ്പാണ്, ഒരു പുലർച്ചക്ക് സുഹൃത്ത് ആർ. മോഹൻ വിളിച്ചുണർത്തി.''മധു മാഷ് വീട്ടിൽനിന്നും പുറപ്പെട്ട് പോയി എവിടെയോ എത്തിപ്പോയിട്ടുണ്ട്. വീട്ടിലേക്കുള്ള വഴി മാഷ്ക്ക് ഓർമയില്ല. നീയൊന്ന് പോയി മാഷെ വീട്ടിൽ കൊണ്ടുചെന്നാക്കണം.'' മാഷ് തന്നെയാണ് ആർ. മോഹനെ വിവരം...

Your Subscription Supports Independent Journalism

View Plans
മലയാളത്തിലെ നാടകചരിത്രം 'അമ്മ' എന്ന നാടകത്തിലൂടെ തിരുത്തിയെഴുതിയാണ് മധു മാസ്റ്റർ സാംസ്കാരിക കേരളത്തിൽ നിറയുന്നത്. ആക്ടിവിസ്റ്റ്, രാഷ്ട്രീയ തടവുകാരൻഎന്നിങ്ങനെ മധു മാസ്റ്റർ കെട്ടിയാടിയ വേഷങ്ങൾ നിരവധി. മാർച്ച് 19ന് വിടവാങ്ങിയ അദ്ദേഹത്തെ ഒാർക്കുകയാണ് മാധ്യമപ്രവർത്തകനും സഹപ്രവർത്തകനുമായിരുന്ന ലേഖകൻ.

കോവിഡ് മഹാമാരി പടരുന്നതിന് കുറച്ച് മുമ്പാണ്, ഒരു പുലർച്ചക്ക് സുഹൃത്ത് ആർ. മോഹൻ വിളിച്ചുണർത്തി.

''മധു മാഷ് വീട്ടിൽനിന്നും പുറപ്പെട്ട് പോയി എവിടെയോ എത്തിപ്പോയിട്ടുണ്ട്. വീട്ടിലേക്കുള്ള വഴി മാഷ്ക്ക് ഓർമയില്ല. നീയൊന്ന് പോയി മാഷെ വീട്ടിൽ കൊണ്ടുചെന്നാക്കണം.''

മാഷ് തന്നെയാണ് ആർ. മോഹനെ വിവരം വിളിച്ചുപറഞ്ഞത്. അപ്പോൾതന്നെ വിളിച്ചു. മാഷെവിടെയാണുള്ളത് എന്ന് ചോദിച്ചപ്പോൾ ഇവിടെ മുഴുവനും ഇരുട്ടാണ്, ആരെയും കാണുന്നില്ല, എവിടെയാണ് എത്തിയതെന്ന് മനസ്സിലാകുന്നുമില്ല എന്നായിരുന്നു മറുപടി.

അവിടെത്തന്നെ നിന്നാൽ മതി ഞാൻ കൂട്ടാൻ വരാം. അതുവഴി ആരെങ്കിലും വന്നാൽ ഫോണൊന്ന് കൊടുത്താൽ ഞാൻ സ്ഥലം ചോദിച്ചുകൊള്ളാം എന്ന് ആശ്വസിപ്പിച്ചു.

മാഷ് അന്ന് താമസിക്കുന്ന ഈസ്റ്റ്ഹിൽ വെസ്റ്റ്ഹിൽ ഭാഗത്തെവിടെയെങ്കിലുംതന്നെ ഉണ്ടാകും എന്ന് വിചാരിച്ച് പുറപ്പെട്ടു. കുറച്ച് കഴിഞ്ഞ് മാഷ് വിളിച്ചു, ''ഇരുട്ടിലാരെയോ കാണുന്നുണ്ട്, ഞാൻ ഫോൺ കൊടുക്കാം'' എന്ന്. ഫോണിൽ മാഷിന്റെ ഭാര്യ ഉഷേച്ചി തന്നെയായിരുന്നു. മാഷ് വീട്ടിൽത്തന്നെയായിരുന്നു. ആശ്വാസം.

''ഉറങ്ങില്ല, അതാ'', എന്ന് ഉഷേച്ചി.

വീട്ടിലേക്കുള്ള വഴിയും മറന്നുതുടങ്ങിയതോടെയാണ് മധുമാഷ് കോഴിക്കോട് നഗരത്തിന്റെ കണ്ണിൽനിന്നും അപ്രത്യക്ഷനായത്. പിന്നെ എന്തെങ്കിലും ആവശ്യത്തിന് പുറത്ത് പോകേണ്ടി വന്നാൽതന്നെ ഉഷേച്ചിയോ മക്കളോ കരുതലായി കൂടെയുണ്ടാകും.

തീപിടിച്ച ഭൂതകാലത്തെ മാഷ് പതുക്കപ്പതുക്കെ മറന്നു, ഓർക്കാനിഷ്ടപ്പെടാത്ത യാഥാർഥ്യം എന്നപോലെ. പിന്നപ്പിന്നെ ഓർമിപ്പിച്ചാൽ ഓർമ വരും. ഞങ്ങൾ 'ജോൺ' സിനിമയുടെ അവസാനത്തെ ഷെഡ്യൂൾ ഷൂട്ട് ചെയ്യാൻ മധു മാഷിന്റെ വീട്ടിലെത്തുമ്പോൾ അതിലെ കഥാസന്ദർഭത്തിൽ ജീവിക്കുകയായിരുന്നു മാഷ്. പതുക്കപ്പതുക്കെ ഓർമ നഷ്ടപ്പെട്ടു പോകുന്ന ജോണിന്റെ ആത്മമിത്രം. അതൊരു വേദനിക്കുന്ന ഒാർമയാണ്.


ഒരാത്മകഥ എഴുതാൻ പല കാലങ്ങളിൽ മാഷെ നിർബന്ധിച്ചിട്ടുണ്ട്. ചെയ്യാം എന്നു പറയുകയല്ലാതെ ചെയ്തില്ല. എന്തുകൊണ്ടോ ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ ഭൂതകാലത്തേക്കുള്ള തിരിച്ചുപോക്ക് മാഷ് ഭയന്നു. അതു പതുക്കെ മറവിയായി ഒടുവിൽ മാഷെത്തന്നെ വിഴുങ്ങി. താർക്കോവ്സ്കി ഗൃഹാതുരത്വത്തെ വിശദീകരിച്ചത് പുറപ്പെട്ടിടത്തേക്ക് ഒരിക്കലും തിരിച്ചെത്താനാവാത്ത ഒരാതുരതയായാണ്. അതും കടന്ന് എല്ലാം മറവി വന്ന് മൂടുകയായിരുന്നു.

1979 അവസാനത്തിൽ അടിയന്തരാവസ്ഥയിലെ ജയിൽ അനുഭവങ്ങൾ മാഷെക്കൊണ്ട് എഴുതിപ്പിക്കാൻ നടത്തിയ ഒരു ശ്രമം മാഷിന്റെ സന്തതസഹചാരിയും നടനും നാടകകൃത്തും പഴയ ഓർമകളുടെ സൂക്ഷിപ്പുകാരനുമായ വാസു ഓർക്കുന്നുണ്ട്. 1980ലെ ഒരു പുതിയ ഡയറി ഇതിനായി മാഷിന് നൽകുകയും ചെയ്തതാണ്. പിന്നീട് കുറേക്കാലം കഴിഞ്ഞ് ആ ഡയറി മധു മാഷ് വാസുവിന് തന്നെ തിരികെ നൽകി. അതിലാകെ എഴുതിയിരുന്നത് ഏതാനും വരികൾ മാത്രമാണ്. വാസു അതൊരിക്കലും മറന്നിട്ടില്ല. ഇന്നും സൂക്ഷിക്കുന്നു:

''ശിരസ്സ് ഉയർത്തിപ്പിടിക്കുന്നവൻ, ഹൃദയം തുറന്നുവെക്കുന്നവൻ, അവനാണ് സഖാവ്. ഇത് പാർട്ടി പഠിപ്പിച്ചതല്ല, ജീവിതം കൊടുത്ത് പഠിച്ചതാണ്.'' ജീവിതം കൊടുത്തു നടന്ന മാഷ് എന്നും ശിരസ്സ് ഉയർത്തിപ്പിടിച്ചു തന്നെ നടന്നു.

തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെയിൽ സിനിമകളിലും സൗഹൃദങ്ങളിലും മറന്നിരിക്കുമ്പോഴാണ് കോഴിക്കോട്ട് നിന്നും മാഷിന്റെ മരണവാർത്ത വാസു വിളിച്ചറിയിക്കുന്നത്, ''ഓർമക്ക് പിറകെ മാഷും പോയി'' എന്ന്. മാഷെ കണ്ടിട്ട് രണ്ട് വർഷമായിരുന്നു. ഒടുവിൽ മാഷ് ദഹിച്ചില്ലാതാകുന്നതും ഞാൻ കണ്ടില്ല. രണ്ടു വയസ്സ് പിന്നിട്ട മഹാമാരിയുടെ സാമൂഹിക അകലങ്ങളിൽ വല്ലപ്പോഴും തേടിയെത്തുന്ന ഒരു ശബ്ദം മാത്രമായിരുന്നു മാഷ്. അശരീരി. ഓർമ വരുമ്പോൾ അസമയങ്ങളിൽ വിളിച്ചുണർത്തുന്ന ശബ്ദം. മകൾ മുക്തയുടെ വിവാഹത്തിന് മാഷിന്റെ അനുഗ്രഹം തേടി വിളിച്ചു. ആ ശബ്ദം നേർത്തുവരുകയായിരുന്നു. പിന്നെ അതും പിന്നിട്ട് നിശ്ശബ്ദമായി. ഇക്കഴിഞ്ഞ മാർച്ച് 6നാണ് മാഷ് ഈസ്റ്റ്ഹില്ലിൽനിന്നും ചേളന്നൂരിലുള്ള മകന്റെ പുതിയ വീട്ടിലേക്ക് താമസം മാറ്റുന്നത്. അവിടെ ചെന്നു കണ്ട മാഷിനോട് വാസുവാണ് എന്ന് പറഞ്ഞപ്പോൾ മാഷ് ഓർത്തു പറഞ്ഞു: ''വാസുവല്ല, വാസുദേവൻ.'' പിന്നെ എല്ലാം മറവി വന്നുമൂടി.

അടിയന്തരാവസ്ഥയുടെ ബാക്കിജീവിതം

അടിയന്തരാവസ്ഥയിലെ ജയിൽജീവിതം കഴിഞ്ഞ് 'പടയണി' എന്ന നാടകവുമായാണ് മാഷ് വയനാട്ടിൽനിന്ന് ചുരമിറങ്ങുന്നത്. കോഴിക്കോട് ടൗൺഹാളിൽ ആ നാടകം കണ്ടതാണ് എന്നെയൊക്കെ മാഷിന്റെ ആരാധകനാക്കിയത്. അതിന്റെ തുടർച്ചയാണ് 'അമ്മ'.


''മനുഷ്യർ പരസ്പരം സ്നേഹിക്കുകയും അപരന്റെ വാക്കുകൾ സംഗീതംപോലെ ആസ്വദിക്കുകയും ചെയ്യുന്ന കാലം വരുകതന്നെ ചെയ്യും'' എന്ന് സ്വപ്നം കണ്ട യൗവനമായിരുന്നു മധു മാസ്റ്ററുടേത്. അടിയന്തരാവസ്ഥയിലെ നീണ്ട ജയിൽപീഡനത്തിന് ശേഷം ചതച്ചരക്കപ്പെട്ടാണ് പുറത്തെത്തിയത്. എന്നിട്ടും ആ സ്വപ്നത്തോടുള്ള അഭിനിവേശത്തിന് ഒട്ടും മങ്ങലേറ്റിരുന്നില്ല. അന്നത്തെ കാമ്പസ് ജീവിതത്തിന്റെ ഉണർച്ചയിൽ ഒരു വഴികാട്ടിയായി ഒപ്പം നടക്കുകയായിരുന്നു മാഷ്. മാഷ് വിതച്ച ആ സ്വപ്നത്തിനൊപ്പം ഞാനും നടന്നു.

''എന്നെ പിന്തുടരൂ'', എന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. കോഴിക്കോട് മുത്തപ്പൻകാവിനടുത്തുള്ള മാഷിന്റെ അമ്മയുടെ പഴയ തറവാട്ടിലെ തട്ടിൻപുറം ഒരു മധു മാസ്റ്റർ സ്കൂൾതന്നെയായിരുന്നു എനിക്ക്. സത്യജിത്ത് റായ് അല്ല ഋതിക് ഘട്ടക് ആണ്, ടോൾസ്റ്റോയ് അല്ല ദസ്തയേവ്സ്കിയാണ്, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയ മാർക്സ് അല്ല ജെന്നിയോടുള്ള പ്രേമം തുളുമ്പുന്നകാലത്തെ 1844ലെ കുറിപ്പുകൾ എഴുതുന്ന യുവാവായ മാക്സ് ആണ്, ലെനിനോ സ്റ്റാലിനോ മാവോയോ ചാരുമജൂംദാറോ അല്ല റോസാ ലക്സംബർഗും മയക്കോവ്സ്കിയും ടാഗോറുമാണ് നമ്മുടെ ആൾക്കാർ എന്ന ദിശാബോധം പകർന്ന മനുഷ്യൻ. ഉൾക്കാഴ്ചകളുടെ പ്രകാശം മധു മാഷിൽ എന്നും കത്തിനിന്നു. സൈദ്ധാന്തിക ദാർഢ്യത്തേക്കാൾ അതികഠിനമായ ജീവിതാനുഭവങ്ങൾ ഉള്ളിൽ കത്തിച്ച പ്രകാശത്തിന്റെ വെളിച്ചത്തിലാണ് മാഷ് ഓരോ കാലത്തും ഓരോന്ന് ചെയ്തത്. ഭ്രാന്ത് എന്നും വെളിപാട് എന്നും വിളിക്കാം അതിനെ. ജയിലിൽനിന്നും പുറത്ത് വന്ന മാഷ് നക്സലേറ്റേ ആയിരുന്നില്ല. ചാരുമജൂംദാറിന്റെ ലൈൻ മുതൽ ചിരസമ്മത റഷ്യൻ- ചൈനീസ്- അൽബേനിയൻ- കംബോഡിയൻ- മാർക്സിസ്റ്റ് ലൈനുകളെല്ലാം മാഷ് തിരസ്കരിച്ചിരുന്നു. എന്നാൽ 1844ലെ തത്ത്വചിന്താകുറിപ്പുകളെഴുതിയ യുവ മാർക്സും ടാഗോറുമായിരുന്നു അപ്പോഴേക്കും മധു മാഷിന്റെ മനസ്സാകെ. അതാണ് രണ്ടര വർഷത്തെ കടുത്ത ജയിൽ പീഡനങ്ങളുടെ മുറിവുകളെ ആരോടും പകയോ പരാതിയോ ഇല്ലാതെ അതിജീവിക്കാൻ മാഷെ പ്രാപ്തനാക്കിയത്. ജയിൽ ജീവിതകാലത്ത് മാഷ് ആഴത്തിൽ ഹൃദയംകൊണ്ട് അടുത്ത വ്യക്തികൾ ടി.എൻ. ജോയിയും പി.കെ. ദാമോദരൻ മാഷുമായിരുന്നു. ജയിൽ രഹസ്യങ്ങൾ അനുഭവങ്ങൾ പേറുന്ന അസാധാരണമായ ഒരു സൗഹൃദം മരിക്കുംവരെ ടി.എൻ. ജോയ് മധു മാഷോട് െവച്ചുപുലർത്തി. അരാജകവാദങ്ങളുടെ പേരിൽ ആരൊക്കെ മാഷെ തള്ളിപ്പറയുമ്പോഴും ടി.എൻ. ജോയ് എന്നും മധുമാഷെ ചേർത്തുനിർത്തി. രാത്രിയോ പകലോ എന്നറിയാത്ത കൊടും വെളിച്ചത്തിൽ നിരന്തരമായ മർദനത്തിൽ പോയ ബോധം ഞെട്ടി തിരിച്ചുവരുന്ന നേരം, ഏതോ ദുഃസ്വപ്നത്തിൽനിന്നെന്നോണമുള്ള ആ ഉണർച്ച ഏതോ ബസ് കാത്തുനിൽക്കുന്ന ബസ് സ്റ്റോപ്പിലേക്കാകട്ടെ എന്നാഗ്രഹിച്ച് കണ്ണുതുറക്കുമ്പോൾ വീണ്ടും അമിത വെളിച്ചം നിറഞ്ഞ പീഡനമുറിതന്നെയാകുന്നതിന്റെ ഞെട്ടൽ ജോയ് പറഞ്ഞിട്ടുണ്ട്. പി.ടി. തോമസും ടി.എൻ. ജോയിയും പി.കെ. ദാമോദരൻ മാഷുമാണ് തന്നേക്കാൾ കൂടുതൽ പീഡനങ്ങൾ അനുഭവിച്ചതെന്നാണ് മധുമാഷ് പറഞ്ഞത്. ദസ്തയേവ്‌സ്കിയെ ഓർമപ്പെടുത്തുന്നതായിരുന്നു അക്കാലത്ത് മാഷിന്റെ മുഖം.

ഓർമ കെടുംമുമ്പുള്ള അവസാന കാലത്തെ മധുമാഷിന്റെ മുഖത്തിനും പഴയ റഷ്യൻ പുസ്തകങ്ങളിൽ കണ്ടു മറന്ന ദസ്തയേവ്സ്കിയുടെ ഛായതന്നെയായിരുന്നു.

'അമ്മ' നാടകത്തിലെ നടനും ചിരകാല സുഹൃത്തുമായ വേണു മേനോന്റെ (ജോൺ എബ്രഹാം മരിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന എഴുത്തുകാരനും നടനും ഒക്കെയായിരുന്ന 'മുടി വേണു') ഒരോർമ ദിനത്തിനാണ് മധുമാഷ് അവസാനം കോഴിക്കോട്ട് ആർട്ട് ഗാലറി അങ്കണത്തിൽ എത്തിയത്. ഉഷേച്ചിയും ഒപ്പമുണ്ടായിരുന്നു. വേണു ഏട്ടനെ ഓർക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് പ്രസംഗം നിർത്തിയ മാഷിന്റെ വേദന അന്ന് സുഹൃത്തുക്കളെല്ലാം വേദനയോടെ കണ്ടു.

'അമ്മ' നാടകം

'അമ്മ' നാടകമാണ് മധു മാസ്റ്റർ സൃഷ്ടിച്ച ചരിത്രം. 1978 ഡിസംബർ 1, 2 ദിവസങ്ങളിലാണത് കോഴിക്കോട് ടൗൺഹാളിൽ അരങ്ങേറിയത്. 1978 സെപ്റ്റംബറിൽ കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഇന്നില്ലാത്ത മഹാരാജ പാലസ് എന്ന ലോഡ്ജിന്റെ മട്ടുപ്പാവിൽ തുടക്കമിട്ട റിഹേഴ്സൽ ക്യാമ്പ് കേരള ചരിത്രത്തിൽ അടിയന്തരാവസ്ഥക്ക് ശേഷമുള്ള എല്ലാ വിധ സാംസ്കാരിക ഉണർച്ചകളുടെയും റിഹേഴ്സൽ ക്യാമ്പ് കൂടിയായിരുന്നു. ആദ്യ പ്രദർശനത്തിന്റെ വിജയത്തെ തുടർന്ന് കേരളത്തിലങ്ങോളമിങ്ങോളമുള്ള 250ലേറെ വേദികളിലെ അവതരണത്തിലൂടെയാണ് ജനകീയ സാംസ്കാരിക വേദി വ്യവസ്ഥാപിത പാർട്ടി രാഷ്ട്രീയ ചട്ടക്കൂടുകൾക്കപ്പുറത്തേക്ക് സാംസ്കാരിക രാഷ്ട്രീയത്തിന്റെ വളർച്ചക്കുതന്നെ അടിത്തറയിടുന്നത്. മധു മാഷ് സാംസ്കാരിക വേദിയുടെ സംഘടനാ ചട്ടക്കൂടിന്റെ ഉള്ളിലിരുന്നല്ല, പുറത്തിരുന്നാണ് ഈ മുന്നേറ്റത്തിന് ചൂട്ടുപിടിച്ചത്. മാഷ് സംഘടനക്കകത്ത് വേണ്ട എന്ന് പാർട്ടിയും തീരുമാനിച്ചിരുന്നു. രാഷ്ട്രീയമാണ് ആധിപത്യത്തിൽ (politics in command) എന്ന പഴയ മാവോവാദി ആശയം മാഷ് അംഗീകരിച്ചിരുന്നില്ല. പകരം സംസ്കാരമാണ് ആധിപത്യത്തിൽ വേണ്ടത് എന്ന സിദ്ധാന്തം മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയമാണ് ആധിപത്യത്തിൽ എന്ന നയമാണ് എന്നും പാർട്ടിയെയും അത് പാർട്ടി സെക്രട്ടറിയുടെ സ്വേച്ഛാധികാരത്തെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് കൂട്ടക്കൊലകൾ സൃഷ്ടിച്ചത് എന്ന് മാഷ് വിശ്വസിച്ചു.

സാംസ്കാരികവേദിയുടെ ആദ്യ രൂപവത്കരണ യോഗത്തിൽ മധുമാഷ് പങ്കെടുത്തത് അടിയന്തരാവസ്ഥക്കാലത്തെ തന്റെ ജയിൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ സ്വന്തം ഉൾക്കാഴ്ചകളെ ആശ്രയിച്ചെഴുതിയ ഒരു സാംസ്കാരിക രാഷ്ട്രീയ ബദൽ നയവുമായാണ്. ഫ്രെഡ്റിക് ജെയിംസന്റെ സാംസ്കാരിക രാഷ്ട്രീയ സിദ്ധാന്തങ്ങളോ അന്റോണ്യോ ഗ്രാംഷിയോ ഒക്കെ ഒന്നും വായിക്കാതെ തന്നെയാണ് മാഷ് അത്തരം നിഗമനങ്ങളിലേക്കെത്തിയത്. പകരം അതിനാശ്രയിച്ചത് 1844ലെ കാൾ മാർക്സിന്റെ തത്ത്വശാസ്ത്ര നോട്ടുപുസ്തകത്തെയാണ്. ഞാനായിരുന്നു മാഷിന്റെ പകർത്തെഴുത്തുകാരൻ. യുവ മാർക്സിനെയും ടാഗോറിനെയും ആശ്രയിച്ച് ചിട്ടപ്പെടുത്തിയ ആ രേഖ പക്ഷേ സമ്മേളനത്തിൽ നിഷ്കരുണം തള്ളിപ്പോയി എന്നത് കൂടാതെ അപഹസിക്കപ്പെട്ട് കണ്ണീരോടെയാണ് മാഷ് മടങ്ങിയത്. പാർട്ടി അപ്പോഴും ചാരുമജൂംദാർ ലൈൻ തന്നെയായിരുന്നു പിന്തുടർന്നിരുന്നത്. സാംസ്കാരിക വേദിയിൽ ന്യൂ ലഫ്റ്റ് രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് മുന്നോട്ടു വന്ന ബി. രാജീവൻ, സേതു, കവിയൂർ ബാലൻ, എ. സോമൻ, പി.സി. രവീന്ദ്രൻ, കെ. രാജീവൻ എന്നിവരടങ്ങുന്ന വിഭാഗം ആ സമയത്ത് പാർട്ടിയെ എതിരിടാൻ മാത്രം ശക്തരുമായിരുന്നില്ല. മെഡിക്കൽ കോളജ് ജനകീയ വിചാരണയും പിന്നിട്ട് മുന്നോട്ട് പോയപ്പോഴാണ് കവിയൂർ ബാലൻ സെക്രട്ടറിയായുള്ള ന്യൂ ലഫ്റ്റ് വിഭാഗം ശക്തിപ്രാപിച്ചത്. എന്നാൽ ആ തീപ്പൊരി വയനാട്ടിലെ മഠത്തിൽ മത്തായി വധത്തിലൂടെ അട്ടിമറിക്കപ്പെടുകയും നവരാഷ്ട്രീയം മുന്നോട്ടുെവച്ചവർ ഒന്നടങ്കം രാജിെവച്ച് പുറത്തേക്ക് പോവുകയും ചെയ്തു.

പാർട്ടിയിലും സാംസ്കാരിക വേദിയിലും ഒരേ സമയം അരങ്ങേറിയ ഈ പ്രത്യയശാസ്ത്ര യുദ്ധത്തിന് സമാന്തരമായാണ് മധു മാസ്റ്ററുടെ 'അമ്മ' നാടകം കേരളത്തിൽ അരങ്ങേറിയത്. അതിന്ന് പലനിലക്കും പഠിക്കപ്പെടേണ്ട ഒന്നാണ്. അടിയന്തരാവസ്ഥ കഴിഞ്ഞ് ജയിലിൽനിന്നും പുറത്തുവന്ന മാഷ് പാർട്ടിയുടെ ഉള്ളിൽ ഉണ്ടായിരുന്നില്ല. എന്നാൽ നാടകവുമായി ഒപ്പം ഉണ്ടായിരുന്നുതാനും. പാർട്ടിയും സാംസ്കാരിക വേദിയും തന്നെയാണ് 'അമ്മ' നാടകത്തിന് വേദികൾ ഒരുക്കിയത്.

മാഷിന്റെ 'അമ്മ' മാക്സിം ഗോർക്കിയുടെ വിശ്വവിഖ്യാതമായ 'അമ്മ' എന്ന നോവലിനെയോ അതിനെ അവലംബിച്ചുള്ള ബ്രഹ്തോൾഡ് ബ്രെഹ്തിന്റെ 'അമ്മ' എന്ന നാടകത്തെയൊ മാത്രം അവലംബിച്ചല്ല എഴുതപ്പെടുന്നത്. രണ്ടിൽനിന്നുമുള്ള ഉൾക്കാഴ്ചകൾ ഉൾക്കൊണ്ട് മാഷ് 'അമ്മ'ക്ക് അടിയന്തരാവസ്ഥയുടെ ഓർമകൾ ഇണക്കിച്ചേർത്തുള്ള ഒരു പാഠം സൃഷ്ടിക്കുകയായിരുന്നു ചെയ്തത്. അത് കൃത്യമായും നാടകവേദിയെ കേരളീയ ജീവിതത്തെ, കാഴ്ചയെ അടിയന്തരാവസ്ഥ ഏൽപിച്ച ആഘാതത്തിൽനിന്നും ഉണർത്തുന്നതായിരുന്നു. കേരളത്തിലെങ്ങും അത് തരംഗം സൃഷ്ടിച്ചു. കെ.ജെ. ബേബിയുടെ 'നാടുഗദ്ദിക'യാണ് 'അമ്മ'ക്കൊപ്പം അക്കാലത്ത് വലിയ ചലനം സൃഷ്ടിച്ച മറ്റൊരു നാടകം.

2017 ഒക്ടോബറിലാണ് മാഷ് എന്റെ 'കാഴ്ചയുടെ ഭൂപടത്തിൽ ഓർമയുടെ വസന്തം' എന്ന ഫിലിം ഫെസ്റ്റിവൽ യാത്രാപുസ്തകത്തിന് അവതാരികയായി ഒരനുഗ്രഹം എഴുതിത്തരുന്നത്. 1980 - 81 കാലത്ത് വജ്റ എന്നൊരു ഫിലിം സൊസൈറ്റി ഉണ്ടാക്കി ആ പ്രസ്ഥാനത്തിലൂടെ കൈ പിടിച്ചു നടത്തിയതിന്റെ കടപ്പാട് രേഖപ്പെടുത്താനുള്ള ഓർമകളുടെ പുസ്തകമായിരുന്നു എനിക്കത്. മാഷത് അനുഗ്രഹിച്ചു നൽകി. സുഹൃത്ത് പി.സി. ജോസിയായിരുന്നു പ്രസാധകൻ. വാസു ഉണ്ടെങ്കിലേ മാഷിന് എന്തും ഓർക്കാനാവൂ എന്ന നിലയിലായിരുന്നു അപ്പോൾ. ഒന്ന് തൊടുത്തുവിട്ടാൽ ഓർമകളുടെ പ്രവാഹമുണ്ടാകും. ആ സ്പർശമില്ലെങ്കിൽ എല്ലാം നിശ്ശബ്ദം. ആ പുസ്തകത്തിന്റെ പണിപ്പുരയിലിരിക്കുമ്പോഴാണ് ഞങ്ങൾ ഓർമ പോകുംമുമ്പ് മാഷിന് നഗരത്തിന്റെ ഒരാദരവ് നൽകേണ്ടതുണ്ടെന്നും 'അമ്മ' നാടകത്തിന്റെ പുതിയ പതിപ്പ് പ്രസിദ്ധീകരിക്കാനും തീരുമാനിച്ചത്. 2018 ഡിസംബർ ഒന്നിന് 'അമ്മ' നാടകത്തിന് 40 വയസ്സാകും എന്ന് വാസു ഓർമിപ്പിച്ചു. പുസ്തകപ്രസാധക സംഘം പി.സി. ജോസി പ്രസിദ്ധീകരണം ഏറ്റെടുത്തു. ഞാൻ ആമുഖമെഴുതാനും വാസു 'അമ്മ' അനുഭവമെഴുതാനും തീരുമാനിച്ചു. കോഴിക്കോട്ടെ നാടക പ്രവർത്തകർ ആ ആശയത്തിനൊപ്പം നിന്നു. നാൽപത് വർഷം 'അമ്മ' നാടകത്തിന്റെ കൈയെഴുത്തു പ്രതി കാത്തുസൂക്ഷിച്ച വാസുവിനോടാണ് ലോകം അതിന് കടപ്പെട്ടിരിക്കുന്നത്. ഇന്നും 'അമ്മ' നാടകകാലത്തെ നോട്ടിസുകളും പത്രവാർത്തയുമടക്കമുള്ള എല്ലാ കടലാസുകളും വാസുവിന്റെ ഓർമപ്പെട്ടിയിൽ ഭദ്രമായുണ്ട്. സച്ചിദാനന്ദനും കടമ്മനിട്ടയും 'അമ്മ'ക്കായി അയച്ചുകൊടുത്ത കവികളുടെ കൈയെഴുത്തു പ്രതികളും അതിൽ പെടും. ഇതിനിടയിൽ മധു മാഷെക്കുറിച്ച് ഡോക്യുമെന്ററി എടുക്കാനാണ് എന്ന് പറഞ്ഞു വന്ന ഒരു സംഘം കൊണ്ടുപോയി നഷ്ടപ്പെടുത്തിയത് 'അമ്മ' നാടകത്തിനായി പുരന്തര ദാസ് സംഗീതം നൽകിയ കമ്യൂണിസ്റ്റ് ഇന്റർനാഷനൽ അടക്കമുള്ള ഓഡിയോ റെക്കോഡിങ്ങുകളാണ്. പുരന്തര ദാസ് ചിട്ടപ്പെടുത്തിയ കമ്യൂണിസ്റ്റ് ഇന്റർനാഷനൽ കേൾക്കണമെങ്കിൽ ജോൺ എബ്രഹാമിന്റെ 'അമ്മ അറിയാൻ' കാണണം. അതിലെ മാർച്ചിങ് സോങ് മധു മാഷിന്റെ 'അമ്മ'യിൽനിന്നും ജോൺ കടംകൊണ്ടതാണ്. മാഷിന്റെ 'അമ്മ'യിൽനിന്നും ജോണിന്റെ 'അമ്മ അറിയാനി'ലേക്ക് സ്വാഭാവികമായ ഒരു അടിയൊഴുക്കുണ്ട്. അതിന് മുമ്പുള്ള പരാജയപ്പെട്ട സിനിമാ സംരംഭത്തിലാണ് മധു മാഷും ജോണും ഒന്നിക്കുന്നത്. സ്വാഭാവികമായും 'അമ്മ അറിയാനി'ൽ 'അമ്മ'യുടെ ചോരയോട്ടം എത്തിച്ചേരുന്നുണ്ട്. മാഷിന്റെ 'അമ്മ' ജോണിന്റെ 'അമ്മ'യെക്കാൾ എത്രയോ മുന്നിൽ നടന്നുതുടങ്ങിയതായിരുന്നുവെങ്കിലും ഒരടിയൊഴുക്ക് ഇരു കലാസൃഷ്ടികളെയും കൂട്ടിയിണക്കുന്നുണ്ട്. അമ്മ എന്ന വികാരമാണത്.

'അമ്മ' നാടകത്തിന് ശേഷം മധു മാഷ് 'സ്പാർട്ടക്കസ്' എന്ന നാടകം ഒരുക്കിയെങ്കിലും അപ്പോഴേക്കും പാർട്ടിയിൽനിന്നും വേദിയിൽനിന്നും പൂർണമായും അകന്ന മാഷിന്റെ ആ നാടകത്തിന് തുടർവേദികൾ കിട്ടിയില്ല. വേദിയാകട്ടെ സമാന്തരമായ മറ്റൊരു 'സ്പാർട്ടക്കസ്' നാടകം രംഗത്തിറക്കിയെങ്കിലും 'അമ്മ' പോലെ അതിന് കത്തിപ്പടരാനായതുമില്ല. 'അമ്മ'ക്ക് ശേഷം പിന്നീട് മാഷ് നിരവധി നാടകങ്ങൾ ചെയ്തെങ്കിലും അക്കാലത്തെന്നപോലെ ഒരു പ്രസ്ഥാനത്തിന്റെ പിൻബലമില്ലാത്തതുകൊണ്ട് തന്നെ അതെല്ലാം ഒറ്റയൊറ്റ അവതരണങ്ങളായി ഒടുങ്ങിപ്പോയി. അതാണ് നാടക വേദിയുടെ ദുരന്തം.

ഇനി നാടകത്തിന് പകരം, കവിതയോ (മാഷ് അപൂർവമായി കവിതകളും എഴുതിയിരുന്നു, അച്ചടിച്ചിട്ടുമുണ്ട്.) കഥയോ നോവലോ ഇപ്പോഴത്തെ തരംഗമായ ഓർമയെഴുത്തോ ആയിരുന്നു ആവിഷ്കാരങ്ങൾക്ക് തിരഞ്ഞെടുത്തതെങ്കിൽ ഇതിലും എത്രയോ കൂടുതൽ ഇടം അച്ചടിയുടെ ലോകത്ത് ഉണ്ടാകുമായിരുന്നു. ഒരു സമാഹാരമെങ്കിലും മാഷിന്റേതായി നമുക്ക് മുന്നിലുണ്ടാകുമായിരുന്നു. എന്നാലിപ്പോൾ ചിതറിക്കിടക്കുന്ന ആ രചനാജീവിതം ചിതറിയ ആ ജീവിതംപോലെത്തന്നെ ഒരു പ്രഹേളികയായാണ് നമുക്ക് മുന്നിലുള്ളത്. 2003 - 2012 കാലത്തെപ്പോഴോ ആണ്, ഞാൻ 'ചിത്രഭൂമി'യുടെ ചുമതലയിലിരിക്കുമ്പോൾ മാഷ് മയക്കോവ്സ്കിയുടെ 'മൂട്ട' പരിഭാഷപ്പെടുത്തി മാതൃഭൂമിയിലേക്ക് വരുന്നത്. മാഷിന്റെ അപ്പോഴത്തെ രാഷ്ട്രീയ ആവിഷ്കാരമായിരുന്നു മയേക്കാവ്സ്കിയും 'മൂട്ട'യും. ആഴ്ചപ്പതിപ്പിലപ്പോൾ നാടകമൊക്കെ അച്ചടിക്കുന്ന സമയല്ല. എങ്കിലത് പുസ്തകമാക്കാൻ മാതൃഭൂമി ബുക്സിൽ ഏൽപിച്ചു. പിന്നെ അതുതേടി പലകുറി എം.എം പ്രസിൽ മാഷ് കയറിയിറങ്ങി. ഒടുവിൽ ആ കൈയെഴുത്ത് പ്രതി എന്നെന്നേക്കുമായി കാണാതായി. അപ്പോൾ അതു കേട്ട് രോഷം തിളച്ചുമറിയുന്ന അവസ്ഥയിലായിരുന്നില്ല മാഷ്. ''മൂട്ടകൾ തിന്നു കാണും, എന്താ ചെയ്യാ'' എന്ന നിസ്സഹായ ഭാവത്തോടെ പടിയിറങ്ങിപ്പോയ മധു മാഷ് ഓർമയിലെ വേദനയാണിപ്പോഴും.

മധു മാസ്റ്ററുടെ സ്മാരകം 'അമ്മ' നാടകം തന്നെയാണ്. അത് ഓർക്കപ്പെടും. അതിന്റെ പുതിയ പതിപ്പുകളിനിയും ഉണ്ടാകേണ്ടതുണ്ട്. ഒപ്പം അര നൂറ്റാണ്ട് കാലം ജീവിതം ആഘോഷമാക്കിയ ആ കലാപകാരിയുടെ ജീവിതം രേഖപ്പെടുത്തുന്ന ബൃഹത്തായ ഒരു ഓർമപ്പുസ്തകം കാലത്തിന് ബാക്കി െവക്കേണ്ടതുണ്ട്. കൂട്ട മറവികൾ എല്ലാം മായ്ച്ച് സ്വന്തം ചരിത്രം മെനയും മുമ്പ് ഇങ്ങനെയും ചില മനുഷ്യർ ഇവിടെ ഉണ്ടായിരുന്നതുകൊണ്ടാണ് ഭൂമിയിൽ സ്വപ്നങ്ങൾ അവശേഷിക്കുന്നത് എന്നതിന്റെ ഓർമക്ക്. മാഷുണ്ടാകും അത് കാണാൻ മറക്കാത്തവരുടെ ഓർമയിൽ അശരീരിയായി. മരിക്കാത്ത നക്ഷത്രമായി.

News Summary - madhu master memoir