Begin typing your search above and press return to search.
proflie-avatar
Login

അവിഭക്ത ഇന്ത്യയുടെ ഏക പാസ്​പോർട്ട്

അവിഭക്ത ഇന്ത്യയുടെ ഏക പാസ്​പോർട്ട്
cancel
camera_alt

വര: അഷ്റഫ് കൂളിമാട്

ചെസ്​ബോർഡിൽ ഗുലാബ് കരുനീക്കി, എന്നിട്ട് പറഞ്ഞു, ഇത് ലതയാണ്, ലത മങ്കേഷ്​കർ.

അടുത്ത ഊഴം ഏറ്റെടുത്ത് ഞാൻ കരുനീക്കി, ഇത് മെഹ്ദിയാണ്, മെഹ്ദി ഹസൻ.

ഓ, ഞാൻ വിചാരിച്ചു നിങ്ങൾ പറയാൻ പോകുന്ന പേര് നൂർജഹാന്റേതായിരിക്കുമെന്ന്്, ഗുലാബ് പരിഭവം പറഞ്ഞു. നിങ്ങളുടെ ഇഷ്ട ഗായികയല്ലേ നൂർജഹാൻ? അയാൾ ചോദിച്ചു. ആണ്, സംശയമെന്ത്്? പക്ഷേ ലത കഴിഞ്ഞേയുള്ളൂ. ഞങ്ങൾക്കിടയിൽ ഒരു പതിവ് തർക്കത്തിനുള്ള എല്ലാ കളങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഗുലാബിന് കത്തിക്കയറാനും എനിക്ക് മുറിഹിന്ദിയിൽ വിക്കാനും അരങ്ങായി. ഞങ്ങളുടെ സംഗീത ചെസ്​ കളി എപ്പോഴും ഇങ്ങനെ ഒരു തർക്കത്തിൽ വന്ന്്് മുട്ടിനിൽക്കും. പക്ഷേ അന്ന് ഗുലാബ് പെട്ടെന്ന് മൗനിയായി. അടുക്കളയിൽ പോയി ചായയുണ്ടാക്കി വന്നു. ഒരിക്കലും പതിവില്ലാത്ത വിധം തലതാഴ്ത്തിയിരുന്നു. ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റു വന്ന് എന്‍റെ കരം ഗ്രഹിച്ച് ആഴത്തിൽ പതിയുന്ന ശബ്ദത്തിൽ പറഞ്ഞു, നമുക്കിടയിൽ ഇപ്പോഴും ബാക്കിനിൽക്കുന്നത് സംഗീതം മാത്രമാണ്, അല്ലേ? എനിക്ക് ലത, നിങ്ങൾക്ക് മെഹ്ദി ഹസൻ-രാജ്യം വിഭജിക്കപ്പെട്ടിട്ടും നമുക്ക് അടിച്ചോടിക്കാൻ കഴിയാത്തത് സംഗീതവും പാട്ടുകളുമാണ്. അവിഭക്ത ഇന്ത്യയുടെ ഏക പാസ്​പോർട്ട് ലതയും റഫിയും കിഷോറും മെഹ്ദിയും നുസ്രത്തും ആശയും നൂർജഹാനും ആബിദയും രേഷ്മയും... അങ്ങനെ പറഞ്ഞാൽ തീരാത്ത പാട്ടുകാർ, അല്ലേ? ഈ വാക്കുകളിൽ ഗുലാബ് എന്നെ ഞെട്ടിച്ചുകളഞ്ഞു. ജിദ്ദയിലെ ഒരു സുഹൃത്തിന്‍റെ ബാച്ചിലർ മുറിയിലാണ് ലാഹോർകാരനായ ഗുലാബിനെ ഇടക്ക് കാണാറുണ്ടായിരുന്നത്. വെറുതെ ഒരു രസത്തിന് ഞങ്ങൾക്കിടയിൽ മിക്കപ്പോഴും ഇന്ത്യ-പാക് 'സംഘർഷങ്ങൾ' പതിവായിരുന്നു.

അന്ന് രാത്രി എന്തുകൊണ്ടോ അവിഭക്ത ഇന്ത്യയുടെ ഏക പാസ്​പോർട്ട് എന്ന സങ്കൽപം എന്നിൽ പ്രവർത്തിക്കാൻ തുടങ്ങി. പാസ്​പോർട്ടിലെ സീലുകളിൽ ഗുലാബ് പറഞ്ഞ പാട്ടുകാരുടെ മുഖമുദ്രകൾ തെളിഞ്ഞ് പതിഞ്ഞുകിടക്കുന്നതിനെക്കുറിച്ച് ഓർത്തു നോക്കി. പാകിസ്​താനികളും ബംഗ്ലാദേശികളും അഫ്ഗാനികളും അറബികളും ഹിന്ദി സിനിമകളുടെ (ബോംബെ സിനിമകളുടെ-ബോളിവുഡിന്‍റെ) ആരാധകരാണെന്നു മാത്രമല്ല അവർ അത്രതന്നെ റഫിയുടെയും ലതയുടെയും ആരാധകരുമായിരുന്നു. സൗദി അറേബ്യയിലെ ജീവിതകാലത്ത് അത്തരത്തിലുള്ള നിരവധി സന്ദർഭങ്ങളുണ്ടായി. വടക്കേ ഇന്ത്യൻ കൂട്ടായ്മകളിലെ മെഹ്ഫിലുകളിൽ വരുന്ന പാകിസ്​താനികൾ, പാക് കൂട്ടായ്മകളിലെ സംഗീത പരിപാടികളിൽ വന്നുചേരുന്ന ഇന്ത്യക്കാർ. സംഗീതംകൊണ്ട് ആ പഴയ അവിഭക്ത ഇന്ത്യക്കാർ ഒന്നിച്ചു, ക്രിക്കറ്റിന്‍റെ പേരിൽ കടുത്ത ​േതാതിൽ ഭിന്നിച്ചു, തെറി വിളിച്ചു. പാക് ടാക്സികളിൽ ക്രിക്കറ്റ് തർക്കങ്ങൾ മുറുകുമ്പോൾ കാർ സ്റ്റീരിയോയിൽ ലതയെയോ റഫിയെയോ കേൾപ്പിച്ച് നല്ല പ്രായമുള്ള പത്താൻ ൈഡ്രവർമാർ കണ്ണിറുക്കി കാണിച്ച് രസിച്ചു. അങ്ങനെ നല്ല പ്രായമുള്ള പത്താനി ൈഡ്രവറായിരുന്നു ആദിൽ ഹുസൈൻ ബാറു. പാട്ടുകളിലും ക്രിക്കറ്റിലെന്നപോലെ നമുക്ക് തർക്കിക്കാം. 'സംഗതികൾ' ശരിയായില്ലെന്ന് പറഞ്ഞ്. പക്ഷേ റഫി, ലത എന്നിവരെക്കുറിച്ച് ഒരു പാകിസ്​താനിയും അങ്ങനെ പറയില്ല. കാരണം പാട്ടിന്‍റെ മധുരംതന്നെ. മധുരത്തെ കയ്​പാക്കാൻ ഞങ്ങൾ ഏതായാലും ഇഷ്ടപ്പെടുന്നില്ല, നിങ്ങളോ?

ലത മ​​​േങ്കഷ്കർ ബാല്യകാലത്തിൽ കുടുംബത്തോടൊപ്പം

ഞാൻ ലതയുടെ ആരാധകനാണ് എന്ന് പറഞ്ഞ് അദ്ദേഹം കാർ സ്റ്റീരിയോയിൽ അവരുടെ പാട്ടുവെക്കും. ഞങ്ങൾ നഗരത്തിലെ തിരക്കുകളെ മുഴുവൻ വിസ്​മരിച്ച് ചുറ്റിക്കറങ്ങും. സാധാരണ ഇന്ത്യക്കാർക്കും പാകിസ്​താനികൾക്കും ബംഗ്ലാദേശികൾക്കും തർക്കിക്കാതെ പറയാനുള്ള സ്വത്ത് ഓരോ നാടിനും സ്വന്തമായി ഉണ്ടായിരുന്ന സംഗീതവും പാട്ടുകാരുമായിരുന്നു. ജിദ്ദയിലെ ഇൻഡസ്​ട്രിയൽ ഏരിയയിലെ ബംഗ്ലാദേശ് ലേബർ ക്യാമ്പിൽ ഹാർമോണിയം മീട്ടി ബംഗ്ല നാടോടിപ്പാട്ടുകൾ പാടിയിരുന്ന വസീം ഇപ്പോൾ എവിടെ ആയിരിക്കുമോ എന്തോ? ബാച്ചിലർ ജീവിതത്തിന്‍റെ ഏകാന്തതയെ ഞങ്ങളെല്ലാവരും അന്ന് പാട്ടു പാടി തുഴഞ്ഞുകൊണ്ടിരുന്നു. ദേശ അതിർത്തിയും ദേശീയ തർക്കങ്ങളും മുറുകുമ്പോൾ ഒരാൾ പാടാൻ തുടങ്ങും (മിക്കപ്പോഴും ലേബർ ക്യാമ്പിലെ സർദാർജിമാരാണ് തുടങ്ങുക). അതോടെ ഒന്നിനു പിറകെ ഒന്നായി പാട്ടുകൾ. പാട്ടുകൾ ദേശമായിത്തന്നെ മാറും. പിന്നെ കലഹങ്ങൾ ഉണ്ടാവുകയില്ല.

ബാച്ചിലർ ക്യാമ്പുകളിലും മുറികളിലും പാർപ്പുകാർ ആണുങ്ങളാണ്. ലതയുടെ പെൺകൂറ്റിന് എന്തു ചെയ്യും? അവരുടെ വിഖ്യാതമായ പാട്ടുകൾ ആൺകൂറ്റിൽതന്നെ പാടും. പാട്ടുകേട്ട് കണ്ണടച്ചിരുന്നാൽ അതങ്ങനെ പെൺകൂറ്റിലേക്ക് പരകായം നടത്തും. കണ്ണ് തുറന്നാൽ മീശയുള്ള ഒരാൾ പാടുന്നു, കണ്ണടച്ചാൽ അതിന് സ്​ത്രീശബ്ദം പകർന്നു കിട്ടും. അങ്ങനെയുള്ള മാജിക്കുകൾ ലതയുടെ പാട്ടുകൾക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. ആബിദ പർവീണോ നൂർജഹാനോ, അവരുടെ പാട്ടുകൾ ഞങ്ങൾ പാടുമ്പോൾ ഈ മാജിക് പ്രവർത്തിച്ചു കണ്ടിട്ടില്ല.

ഹേ, ഭായ് പാട്ടുകാർക്ക് എവിടേയും പ്രവേശനമുണ്ട്, അവർ പാട്ടുകാരല്ലേ? ചിട്ടി ആയിഹേ നിങ്ങൾ ഏതു രാജ്യത്തെ പട്ടാളക്യാമ്പിൽ പോയി പാടിയാലും അവിടെയുള്ള പട്ടാളക്കാർ കരയും-(അന്ന് മൊബൈൽ ഫോണുകൾ ഇത്രയും സജീവമല്ല)-അതാണ് പാട്ട്. ആദിൽ ഹുസൈൻ ബാറു പലപ്പോഴും ഇങ്ങനെ വാദിക്കുന്നത് കേട്ടിട്ടുള്ളതാണല്ലോ. അതെ, പാട്ടുകാർക്ക് പ്രവേശനമില്ലെങ്കിലും പാട്ടുകൾക്ക് എവിടേയും പ്രവേശനമുണ്ട്. എല്ലാ നിരോധനങ്ങളെയും മറികടന്നുകൊണ്ട് അവ േശ്രാതാവിലേക്കെത്തുന്നു. പാട്ടു മൂളാനുള്ള ഒരാളുടെ സ്വാതന്ത്ര്യത്തെ എങ്ങനെ തടുത്തുനിർത്താൻ കഴിയും. ഇന്ത്യ-പാക് ബന്ധം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുന്ന വേളയിൽ ഗൾഫിൽ സാധാരണ ഇന്ത്യക്കാരും പാകിസ്താനികളും പാട്ടുകൾ പാടി കെട്ടിപ്പിടിച്ച് നമ്മൾ തമ്മിൽ, സാധാരണക്കാർ തമ്മിൽ, ഒരു പ്രശ്​നവുമില്ലെന്ന് ഓർമിപ്പിക്കുന്നത് പലപ്പോഴും നേരിൽ കണ്ടിട്ടുണ്ട്.

ഒരു ബാവുൽ ഗാനത്തിൽ ഇങ്ങനെയുണ്ട്്്:

''കാലവും അതിർത്തിയുമില്ലാത്ത

ഈ ഭാവനയെ ഞാൻ

എങ്ങനെ പിടിച്ചുകെട്ടും?''

സംഗീതവും പാട്ടും കാലവും അതിർത്തിയുമില്ലാത്ത ഭാവനയായി നിലനിൽക്കുന്നു. ബാവുൽ എന്ന പദത്തിന് കാറ്റുപോലെ പാഞ്ഞുപോകുന്നവർ എന്നാണ​േത്ര അർഥം. സംഗീതം അതിർത്തികൾ മുറിച്ച് കടന്നുപോകുന്നത് എങ്ങനെയെന്ന് ആ പ്രയോഗത്തിൽനിന്നും എളുപ്പം മനസ്സിലാക്കാം. അതുകൊണ്ടുതന്നെയാണ് ലത ഒരേസമയം ഇന്ത്യയുടേയും പാകിസ്​താന്‍റെയും ബംഗ്ലാദേശിന്‍റെ യും പാട്ടുകാരിയായി മാറുന്നത്. കാലവും അതിർത്തിയുമില്ലാത്ത ഭാവനയുടെ സ്വരമായിരുന്നു അത്. അതിന് അങ്ങനെ പിടിച്ചുകെട്ടുക എളുപ്പമല്ല. ലത മരിച്ചപ്പോൾ പാക് പ്രധാനമന്ത്രി ഇംറാൻഖാനും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും ആദരാഞ്​ജലികൾ അർപ്പിച്ചത് 'സെറി​േമാണി'യലായിട്ടായിരുന്നില്ല. ഉപചാരം പറച്ചിലായിരുന്നില്ല. രണ്ടു ജനതകളുടേയും ഹൃദയത്തിൽനിന്നു കൂടി വന്ന ആദരാഞ്​ജലികളായിരുന്നു അത്. ലത പാടിയ പാട്ടുകൾക്ക് ആ രാജ്യങ്ങളിലും വലിയ വില ഉണ്ട്. ഓരോ പാട്ടിലും അവർ ഒരു കാലത്തെ അവിഭക്ത ഇന്ത്യയെത്തന്നെയാണ് അനുഭവിച്ചുകൊണ്ടിരുന്നത്. ആ അവിഭക്ത ഇന്ത്യയുടെ ഏക പാസ്​പോർട്ട് സംഗീതവും പാട്ടുകളും അതുകൊണ്ടുതന്നെ ലത മങ്കേഷ്​കറുമാണെന്ന് പറയുന്നതിനെ ഈ പ്രസ്​താവനകളെല്ലാം ശരിവെക്കുന്നു.

സ്റ്റുഡിയോയിൽ ഗാനാലാപനത്തിനിടെ

ഒരു പാകിസ്​താൻ കത്തിന്‍റെ കഥകൂടി ഇതോടു ചേർത്തു വായിക്കണം. 'ദ ട്രിബ്യൂണി'ൽ എ ലെറ്റർ ഫോർ ലത ഫ്രം പാകിസ്​താൻ എന്ന തലക്കെട്ടിലുള്ള സുമിത് ​േപാളിന്‍റെ കുറിപ്പിൽ ഇങ്ങനെ പറയുന്നു: എനിക്ക് നിരവധി പാക്​ സുഹൃത്തുക്കളുണ്ട്. പ്രായമുള്ള ഒരു പാകിസ്​താനി സുഹൃത്ത് കൈപ്പടയിലെഴുതിയ ഒരു കത്ത് എനിക്ക് കിട്ടി. കത്ത് ലത മങ്കേഷ്​കർക്ക് എത്തിക്കണമെന്ന സന്ദേശവും അതോടൊപ്പമുണ്ടായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ ഗുരുതരനിലയിൽ കഴിയുന്ന ലതക്ക് ആ കത്ത് എത്തിക്കാമെന്ന് ഞാൻ അയാൾക്ക് മറുസന്ദേശം നൽകി. അയാളുടെ സന്ദേശത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു. വർഷങ്ങളായി ഞാൻ ലതാജിയുടെ പാട്ടുകളുടെ ആരാധകനാണ്. ഇവിടെ പാകിസ്​താനിലുള്ളവർ അവരുടെ അസുഖം എളുപ്പം ഭേദമാകാനായി പ്രാർഥിക്കുന്നുണ്ട്. ഈ കത്തിനെക്കുറിച്ച് പറഞ്ഞതിനുശേഷം സുമിത് എഴുതുന്നു:

ഇതെന്നിൽ വലിയ വികാരമുണ്ടാക്കി. സംഗീതത്തിന് മതമോ ദേശ അതിർത്തികളോ ഇല്ല. ഇന്ത്യയിലെയും പാകിസ്​താനിലെയും സാധാരണ മനുഷ്യർക്ക് ഇത്തരം കാര്യങ്ങളിൽ മുൻവിധികളൊന്നുമില്ല (രാഷ്ട്രീയക്കാരെപ്പോലെയല്ല സാധാരണ മനുഷ്യർ). അദ്ദേഹം അത് ഇങ്ങനെ വിശദമാക്കുന്നു: Despite the ostensible bitterness and bad blood (mostly concocted by the overzealous and partisan media and politicians) between India and Pakistan, the masses have no such prejudices. തുടർന്ന് സുമിത് പറയുന്നു. മെഹ്ദി ഹസനും ഗുലാം അലിക്കും പാകിസ്​താനിലെക്കാൾ ആരാധകർ ഇന്ത്യയിലുണ്ട്, അവർ പാകിസ്താനികളാണെങ്കിലും. മറ്റൊരനുഭവംകൂടി അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ഒരിക്കൽ ഒരു പാകിസ്​താനി സ്​ത്രീ ഉർദുവിൽ തന്നോട് ഇങ്ങനെ പറഞ്ഞു: ഇന്ത്യ-പാക് വിഭജനവേളയിൽ നൂർജഹാൻ പാകിസ്​താൻ തിരഞ്ഞെടുത്തു. അവർ തിരഞ്ഞെടുത്തത് ഇന്ത്യയായിരുന്നുവെങ്കിൽ ലതയുണ്ടാക്കുമായിരുന്ന ഗ്രഹണത്തിൽ നൂർജഹാൻ മാഞ്ഞുപോകുമായിരുന്നു: സുമിത് എഴുതുന്നു -നൂർജഹാൻ ഗ്രഹണത്തിൽപെടുമായിരുന്നോ ഇല്ലയോ എന്നത് അവിടെ നിൽക്കട്ടെ. ഒരു പാകിസ്താനി എങ്ങനെ ലതയെ കണ്ടിരുന്നുവെന്നാണ് ഈ സംസാരത്തിൽനിന്ന് മനസ്സിലാക്കേണ്ടത്. അതായത് രണ്ടിടങ്ങളിലുമുള്ള മനുഷ്യർ രാജ്യം രണ്ടായി വിഭജിക്കുമ്പോൾ പാട്ടുകളെക്കുറിച്ചും ഓർത്തുകൊണ്ടിരുന്നുവെന്ന് സുമിത് പങ്കുവെക്കുന്ന ഈ ഉദാഹരണം വ്യക്തമാക്കുന്നു. മന്നാഡെയുടെ പാട്ടുകൾ മാത്രം കേൾക്കുമായിരുന്ന പാക് എയർഫോഴ്സിൽനിന്നും വിരമിച്ച ഒരുദ്യോഗസ്​ഥനെ ലണ്ടനിൽ കണ്ടുമുട്ടിയ അനുഭവവും ഈ കുറിപ്പിൽ അദ്ദേഹം പറയുന്നുണ്ട്.

ബോളിവുഡ് സിനിമകളുടെ സ്വാധീനം ഉണ്ടായിട്ടുള്ള സ്​ഥലങ്ങളിലെല്ലാം ആ സിനിമകളിലെ പാട്ടുകൾക്കും സംഗീതത്തിനും സ്വാധീനമുണ്ടായിട്ടുണ്ട്. സിനിമയിൽ പാട്ട് ആവശ്യമുണ്ടോ? കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് ഒരു അഭിമുഖത്തിൽ ഈയടുത്ത ദിവസങ്ങളിൽ പറഞ്ഞു: സിനിമ എന്ന മാധ്യമത്തിന് പാട്ട് ആവശ്യമില്ല, പക്ഷേ, കാണികൾക്ക് പാട്ട് ആവശ്യമുണ്ട്. അടൂർ ഗോപാലകൃഷ്ണൻ ഒരു ഫോൺ ഇൻ പരിപാടിയിൽ ഒരു യുവതിയുടെ, താങ്കളുടെ സിനിമകളിൽ പാട്ടില്ലാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തോട് ഇങ്ങനെ പ്രതികരിച്ചു: എന്‍റെ കഥാപാത്രങ്ങൾക്ക് പാടിയേ മതിയാകൂ എന്നുവരുന്ന സന്ദർഭമുണ്ടായാൽ തീർച്ചയായും എന്‍റെ സിനിമകളിലും പാട്ടുകളുണ്ടാകും. അതൊരു ഉഗ്രൻ മറുപടിയാണ്, പക്ഷേ ചോദ്യകർത്താവിനെയോ അവരെ പ്രതിനിധാനംചെയ്യുന്നവരേയോ ആ ഉത്തരം ഒട്ടും തൃപ്​തിപ്പെടുത്തില്ല. സിനിമാഗാനങ്ങളെ മനുഷ്യർ അത്രയും പ്രാധാന്യ​േത്താടെ തങ്ങളുടെ നിത്യജീവിതത്തിൽ എടുത്തണിയുന്നുണ്ട്.

സിനിമാ ഗാനങ്ങൾ മനുഷ്യരിൽ എന്തു തരത്തിലെല്ലാം സ്വാധീനമുണ്ടാക്കി എന്നതു സംബന്ധിച്ച് നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലതയുടെ പാട്ടുകൾ ആരൊക്കെയാണ് കേട്ടത്? സത്യത്തിൽ എല്ലാവരും കേട്ടു എന്നായിരിക്കും ഉത്തരം. പണ്ഡിതരും പാമരരും ഒരുപോലെ എന്ന്്് സാമ്പ്രദായികഭാഷയിൽ പറയാം. പക്ഷേ കൂടുതലായി ആസ്വദിച്ചത് സാധാരണക്കാരാണ്. കാരണം സാധാരണക്കാർക്ക് സ്വന്തമായി പറയാൻ കഴിയാത്തതും എന്നാൽ അവർ പങ്കുവെക്കാനാഗ്രഹിച്ചതുമായ വിരഹത്തിന്‍റെയും ആദർശങ്ങളുടെയും ലോകം ലത മങ്കേഷ്​കറുടെ പാട്ടുകളിൽ നിറഞ്ഞുനിന്നു. അതുകൊണ്ട് ആ പാട്ടുകൾ പാസ്​പോർട്ടില്ലാതെ ഇന്ത്യയിൽനിന്ന് നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു, പടർന്നു, പ്രത്യേകിച്ചും അവിഭക്ത ഇന്ത്യയിലെ വിഭജനാനന്തര രാജ്യങ്ങളിലേക്ക്. വിഭജനത്തിന്‍റെ കൊടിയ ദുരന്തങ്ങൾക്കും ദുരിതങ്ങൾക്കും ശേഷം നിർധനരായ മനുഷ്യർ പതുക്കെ തല ചായ്ച്ചു കിടന്നുനോക്കി, കിടന്നുറങ്ങാൻ വേണ്ടി. പല വർഷങ്ങൾക്കു ശേഷമാണ് അവർക്ക് ശാന്തരായി ഉറങ്ങാൻ കഴിഞ്ഞത്. ആ സാധാരണക്കാരായ മനുഷ്യരെ അവരുടെ പ്രായം മറന്ന് താരാട്ട് പാടി ഉറക്കിയത് ബോളിവുഡ് പാട്ടുകളായിരുന്നു. അതിൽ 1940കളുടെ ഒടുവിൽ മുതൽ 1960കളുടെ അവസാനംവരെ ലത പാടിയ പാട്ടുകൾക്ക് വലിയ പങ്കുണ്ട്. അവർ പാടി മുറിവുകൾ ഉണക്കുക കൂടിയായിരുന്നു. അത് അവിടെ അവസാനിച്ചില്ല. അവർ പിൽക്കാലത്ത് പാടിയ ഓരോ പാട്ടും ഒരിക്കൽ അവിഭക്ത ഇന്ത്യയായിരുന്ന ദേശങ്ങളിലൂടെ ഒഴുകിനടന്നു. ഒരിക്കൽ നമ്മൾ ഒരൊറ്റ രാജ്യമായിരുന്നുവെന്നോർമിപ്പിച്ചു. മധുമതിയിലെ ആജാരി പർദേശി​േപാലുള്ള പാട്ടുകളാണ് ഇതിനുദാഹരണമായി പാകിസ്​താനികൾ പറയാറ്. ആ വരികൾ എഴുതിയ ശൈലേന്ദ്ര വിസ്​മരിക്കപ്പെടാം. പക്ഷേ പാടിയ ലതയെ മറക്കാൻ ആർക്കും കഴിയില്ല.

രുദാലിയിലെ ''ദിൽ ഹും ഹും കരേ'' എന്ന ഗാനം ഡിംപിൾ കപാഡിയയുടെ കഥാപാത്രം പാടുന്നത് രാജസ്​ഥാൻ മരുഭൂമിയിലിരുന്നാണ്. അത് പാടിത്തുടങ്ങിയപ്പോൾതന്നെ അതിർത്തി കടന്ന്്് പഴയ ഒറ്റ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ടാകും.

സഹോദരി ആഷ ഭോസ്ലെക്കും അമ്മ ഷെവന്തി മ​ങ്കേഷ്കർക്കുമൊപ്പം

ലത മങ്കേഷ്​കർ പാടിയ ഗാനങ്ങൾ ഒഴുകിയ ദേശങ്ങളുടെ ഭൂപടം വരച്ചുനോക്കൂ. അത് ഇന്ത്യയുടെ എത്ര​േയാ മടങ്ങ്​ വലുതായ ഒരു രാജ്യമായിരിക്കും. ആ രാജ്യത്തിന്‍റെ പാസ്​പോർട്ടിൽ അവരുടെ മുഖചിത്രമായ സീൽ ത​െന്നയല്ലേ പതിപ്പിക്കാൻ കഴിയൂ. ഹിന്ദി-ഉർദു-ഹിന്ദുസ്​താനി പാട്ടുകൾ എങ്ങനെ രണോത്സുകമായ അതിർത്തികൾ കടന്നുപോയി ലക്ഷണക്കണക്കിന് മനുഷ്യരെ സന്തോഷിപ്പിച്ചു, ആലോചിപ്പിച്ചു, വിഷാദഛായയുള്ള ജീവിതത്തിന്‍റെ തിരശ്ശീലകൾ നീക്കി കാണിച്ചുകൊടുത്തു? ആ പാട്ടുകളിൽ ജീവിതത്തിന്‍റെ സങ്കീർണതകളും സാധ്യതകളും മനുഷ്യർ ഒന്നിച്ചു ദർശിക്കുകയായിരുന്നു. കാഴ്​ചയും കേൾവിയും മത്സരിക്കുന്ന ഒരിടമാണ് സിനിമ. കാഴ്​ച സാധ്യമാകാത്ത സമയത്ത് ഒരു േപ്രക്ഷകനിൽ പ്രവർത്തിക്കുക പാട്ടുകളാണ്. ആ പാട്ടുകൾ പലപല ഇടങ്ങളിൽ എത്തുന്നു. ലതയുടെ പാട്ടുകൾ അവിഭക്ത ഇന്ത്യക്ക് അവകാശമായുള്ള പാസ്​പോർട്ടുമായി കാറ്റിനെപ്പോലെ എല്ലാ അതിർത്തികളും മറികടന്ന് അതിന്‍റെ സഞ്ചാരം തുടരുന്നു. ആ സഞ്ചാരം തുടരുവോളം ലത മങ്കേഷ്​കർ മരിച്ചുവെന്ന് പറയുന്നതിൽ അർഥമില്ല. വിഭജനത്തിനു മുമ്പും പിമ്പും അവർ പാടിയ പാട്ടുകൾ നടത്തുന്ന ദേശസഞ്ചാരങ്ങളിലാണ് ആ പാട്ടുകളുടെ ഭാവിയത്രയും (മനുഷ്യരുടെയും കലയുടെയും ഭാവിയും). ഗുലാം അലിയെ ഇന്ത്യയിൽ പാടാൻ അനുവദിക്കാത്തവരും ഗുലാം അലിയെ രഹസ്യമായി കേട്ടുകൊണ്ടിരിക്കുന്നു. അതാണ് സംഗീതം ഉറപ്പുനൽകുന്ന ഐറണി. ലത മങ്കേഷ്​കർ ഈ ഐറണിയെ എന്നേ മറികടന്ന പാട്ടുകാരിയാണ്. അവർ ഇന്നേക്കും എന്നേക്കുമായി പാടിക്കൊണ്ടിരിക്കുകതന്നെയാണ്.

അതുകൊണ്ട് ലത മരിച്ച ദിവസം അമിതാഭ് ബച്ചൻ നടത്തിയ ട്വീറ്റിന് തിരുത്ത് ആവശ്യമായിവരും. ആ ട്വീറ്റ് ഇങ്ങനെ ആയിരുന്നു: ഒരു പാകിസ്​താൻ സുഹൃത്ത് പണ്ട് പറഞ്ഞു, നിങ്ങൾക്കുള്ളതെല്ലാം ഞങ്ങൾക്കുമുണ്ട്; രണ്ടു കാര്യങ്ങളൊഴികെ -താജ്മഹലും ലത മങ്കേഷ്കറും. ഇന്നത്തെ സ്​ഥിതി വെച്ചുനോക്കിയാൽ താജ്മഹൽ ഇന്ത്യക്കാർക്കുപോലുമുണ്ടാകുമോ എന്നു പറയാൻ കഴിയാത്ത സ്​ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. ലതയെ ഇന്ത്യക്കാർ സ്വന്തമാക്കിയപോലെ എന്നോ പാകിസ്താനികളും സ്വന്തമാക്കിയിട്ടുണ്ട്. അതിനാൽ ഞങ്ങൾക്കില്ലാത്ത ലത എന്ന ബച്ചന്‍റെ പാക് സുഹൃത്തിന്‍റെ പ്രസ​്താവന അവരുടെ പാട്ടുകളെത്തിയ ഭൂപടം അസാധുവാക്കുകയും ചെയ്തിരിക്കുന്നു. എന്തുകൊണ്ട്? അവർ ​േലാകത്തിനു നൽകിപ്പോയ പാട്ടുകളുടെ പാസ്​പോർട്ട് അസാധാരണമായ കല/ സൗന്ദര്യ അനുഭവമാണ്, അതുകൊണ്ടു തന്നെ. ലതയുടെ രാം ഭജൻ എന്‍റെ രഥയാത്രയുടെ സിഗ്നേച്ചർ ട്യൂണായിരുന്നുവെന്ന എൽ.കെ. അദ്വാനിയുടെ ലത മങ്കേഷ്​കർ അനുസ്​മരണവും എത്രയോ തലമുറകൾ ആസ്വദിച്ച ഈ സൗന്ദര്യാനുഭവം റദ്ദാക്കുന്നു, അസാധുവാക്കിയിരിക്കുന്നു.

l

Show More expand_more
News Summary - lata mangeshkar Memoir