Begin typing your search above and press return to search.
proflie-avatar
Login

നടനലീല -2

നടനലീല -2
cancel

​നാടകത്തിലും വെള്ളിത്തിരയിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്​ത കെ.പി.എ.സി ലീല ത​ന്റെ ജീവിതവും അനുഭവവും മുതിർന്ന മാധ്യമപ്രവർത്തകനായ ബൈജു ചന്ദ്രേനാട്​ പങ്കുവെ​ക്കുന്നു. ആദ്യഭാഗം മാധ്യമം വാർഷികപ്പതിപ്പ്​ 2023 ൽ പ്രസിദ്ധീകരിച്ചിരുന്നു. ഇൗ നീണ്ട ജീവിതകഥ മലയാള നാടകദേവിയുടെയും കമ്യൂണിസ്റ്റ്​ പ്രസ്​ഥാനത്തി​ന്റെയും ജീവിതകഥ കൂടിയായി മാറുന്നു.ആറ്കെ.പി.എ.സി ഉൾപ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങളെയും ഇടതുപക്ഷത്തിൽ വിശ്വാസമർപ്പിച്ചവരെയുമെല്ലാം ആഴത്തിൽ ബാധിച്ച കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിന്റെയും, ഇന്ത്യയുടെ നേർക്ക് ആയിടെ പാകിസ്താൻ നടത്തിയ ആക്രമണത്തിന്റെയുമെല്ലാം പശ്ചാത്തലത്തിൽ, ഒരു...

Your Subscription Supports Independent Journalism

View Plans

​നാടകത്തിലും വെള്ളിത്തിരയിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്​ത കെ.പി.എ.സി ലീല ത​ന്റെ ജീവിതവും അനുഭവവും മുതിർന്ന മാധ്യമപ്രവർത്തകനായ ബൈജു ചന്ദ്രേനാട്​ പങ്കുവെ​ക്കുന്നു. ആദ്യഭാഗം മാധ്യമം വാർഷികപ്പതിപ്പ്​ 2023 ൽ പ്രസിദ്ധീകരിച്ചിരുന്നു. ഇൗ നീണ്ട ജീവിതകഥ മലയാള നാടകദേവിയുടെയും കമ്യൂണിസ്റ്റ്​ പ്രസ്​ഥാനത്തി​ന്റെയും ജീവിതകഥ കൂടിയായി മാറുന്നു.

ആറ്

കെ.പി.എ.സി ഉൾപ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങളെയും ഇടതുപക്ഷത്തിൽ വിശ്വാസമർപ്പിച്ചവരെയുമെല്ലാം ആഴത്തിൽ ബാധിച്ച കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിന്റെയും, ഇന്ത്യയുടെ നേർക്ക് ആയിടെ പാകിസ്താൻ നടത്തിയ ആക്രമണത്തിന്റെയുമെല്ലാം പശ്ചാത്തലത്തിൽ, ഒരു തറവാട്ടിലരങ്ങേറുന്ന സഹോദരങ്ങൾക്കിടയിലെ തമ്മിൽ പോരും സ്പർധയും അതിനിടയിൽപ്പെട്ടുലയുന്ന കുടുംബബന്ധങ്ങളുമൊക്കെയായിരുന്നു, തോപ്പിൽ ഭാസിയെഴുതിയ ‘യുദ്ധകാണ്ഡ’മെന്ന പുതിയ നാടകത്തിന്റെ പ്രമേയം. സമിതി വിട്ടുപോയ നടീനടന്മാർക്ക് പകരം, എം.ജി. രവീന്ദ്രൻ, ഡി. ഫിലിപ്പ്, വസന്തകുമാരി, ശ്രീലത എന്നീ പുതുമുഖങ്ങളെ, കെ.പി.എ.സി അവതരിപ്പിച്ചു. തങ്കമണി എന്ന വിളിപ്പേരുള്ള വസന്തകുമാരിയെ സുലോചനക്കു പകരം നായിക ആയാണ് കൊണ്ടുവന്നത്.

‘‘മണി (സുലോചന) പോയപ്പോൾ പകരം ഞങ്ങൾ തങ്കമണിയെ കൊണ്ടുവന്നു’’വെന്ന് കേശവൻ പോറ്റി സാർ പറയുമായിരുന്നു. സുലോചനയെ പോലെ പാടാനും അഭിനയിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് വസന്തകുമാരിയെ കൊണ്ടുവന്നത്. കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള പ്രതിബദ്ധതയുടെ പേരിൽ സ്വന്തം കുടുംബജീവിതത്തെ ബലികഴിക്കുന്ന രമ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ അവർ തീരെ വിജയിച്ചില്ല. ലീലക്കു കിട്ടിയത് നായികയോളം തന്നെ പ്രാധാന്യമുള്ള വേഷമാണ്. ബന്ധുക്കളുടെ കാരുണ്യത്തിൽ കഴിയേണ്ടിവരുന്ന രാജം. ഒരു ദുരന്തദാമ്പത്യത്തിന്റെ കഥ കേട്ട് തോന്നുന്ന സഹതാപത്തിന്റെ പേരിൽ രമയുടെ ഭർത്താവ് രാജനെ വിവാഹം കഴിക്കുകയും ഒടുവിൽ ആ ബന്ധം പരാജയപ്പെടുകയും ചെയ്യുന്നു.

സുലോചന പോയപ്പോൾ സ്വാഭാവികമായും നായികാ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുമെന്ന് ഒരു പ്രതീക്ഷ ഉള്ളിന്റെയുള്ളിൽ ലീലക്കുണ്ടായിരുന്നു. അങ്ങനെ സംഭവിക്കാത്തതിൽ ചെറിയൊരു നിരാശയും. ‘മൂലധനം’ നാടകത്തിലെ മൂന്നു പ്രധാന സ്ത്രീകഥാപാത്രങ്ങളിലൊരാളായി കുറെയധികനേരം തുടർച്ചയായി അരങ്ങത്ത് നിൽക്കാനും സങ്കടവും സന്തോഷവും രോഷവും കളിയും ചിരിയുമെല്ലാം മാറി മാറി അവതരിപ്പിക്കാനുമുള്ള അവസരം ലഭിച്ചെങ്കിലും, ‘യുദ്ധകാണ്ഡ’ത്തിൽ അത്തരം വൈകാരികഭാവപ്പകർച്ചകളും നാടകീയ മുഹൂർത്തങ്ങളുമൊന്നും അധികമുണ്ടായിരുന്നില്ല. രാജമെന്ന കഥാപാത്രത്തിന്റെ പ്രകൃതംപോലെ തന്നെ, നാടകത്തിലെ ലീലയുടെ പ്രകടനവും ഇരുത്തം വന്നതായിരുന്നു.

റിഹേഴ്സൽ വേളയിൽ ലീലയുടെ രംഗങ്ങൾ വരുമ്പോൾ, തോപ്പിൽ ഭാസി നായികയായി അഭിനയിക്കുന്ന വസന്തകുമാരിയെ വിളിച്ച് ഇരുന്നു കാണാൻ പറയുമായിരുന്നു. ‘‘Subtle ആയിട്ട് എങ്ങനെ അഭിനയിക്കണമെന്ന് ലീലയെ നോക്കി പഠിക്കാൻ’’ നിർദേശിക്കുകയും ചെയ്തിരുന്നു.

കെ.പി.എ.സിയുടെ ‘ശരശയ്യ’ ഒഴിച്ചുള്ള മുൻ നാടകങ്ങളുമായി 1965 ഡിസംബർ 11നാണ് നാടകത്തിന്റെ ഉദ്ഘാടനം നടന്നത്. യുദ്ധകാണ്ഡം കെ.പി.എ.സിയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ സഹായിച്ച നാടകമായിരുന്നില്ല. അന്നത്തെ പ്രശസ്ത ചലച്ചിത്ര സംഗീതസംവിധായകനായിരുന്ന എം.എസ്. ബാബുരാജ് ആദ്യമായും അവസാനമായും കെ.പി.എ.സിക്കു വേണ്ടി സംഗീതമൊരുക്കിയ നാടകമായിരുന്നു യുദ്ധകാണ്ഡം. ‘‘ഈരേഴുപതിനാല് ലോകങ്ങൾക്കുമൊരു ഈശ്വരനുണ്ടോ ഇല്ലയോ?’’ എന്ന വയലാർ -ബാബുരാജ് ടീമിന്റെ പാട്ട് തലമുറകൾ ഏറ്റുപാടി. എം ജി. രവീന്ദ്രൻ, വസന്തകുമാരി, ശ്രീലത എന്നിവരും ഗായകരായി ഉണ്ടായിരുന്നെങ്കിലും സുലോചനയും കെ.എസ്​. ജോർജും പാടാനില്ലാത്തത് നിസ്സാരമായ ഒരു കുറവായിരുന്നില്ല.


എൻ. ഗോവിന്ദൻ കുട്ടിയുടെ സാഹിത്യകാരൻ പ്രസാദ്‌ ആ നടന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. ലീല മാത്രമാണ് ഗോവിന്ദൻ കുട്ടിയോടൊപ്പം പിടിച്ചുനിന്നത്.

യുദ്ധകാണ്ഡത്തിന്റെ ഒപ്പംതന്നെ അരങ്ങത്തെത്തിയ രണ്ടു നാടകങ്ങളായിരുന്നു കാളിദാസ കലാകേന്ദ്രത്തിന്റെ ‘മുത്തുച്ചിപ്പി’യും ആറ്റിങ്ങൽ ദേശാഭിമാനി തിയറ്റേഴ്സിന്റെ ‘അഗ്നിപുത്രി’യും. കെ.ടി. മുഹമ്മദ്‌ എഴുതിയ ‘മുത്തുച്ചിപ്പി’യിലെ നായികാ കഥാപാത്രമായ രാധയും എസ്​.എൽ. പുരത്തിന്റെ ‘അഗ്നിപുത്രി’യിലെ സിന്ധുവും വേറിട്ട നായികമാരായിരുന്നു. അവരെ അവതരിപ്പിച്ച കൃഷ്ണവേണിയെയും രാജലക്ഷ്മിയെയും എൻ.എൻ.പിള്ളയുടെ ‘ക്രോസ്സ് ബെൽറ്റി’ലെ നായികയായി വന്ന സുലോചനയെയും (എൻ.എൻ. പിള്ളയുടെ മകൾ) പോലെ ഒന്നാന്തരം അഭിനേത്രിമാർ അരങ്ങത്ത് തിളങ്ങിയ വർഷമായിരുന്നു 1966.

കാമ്പിശ്ശേരി (പ്രസിഡന്റ്), തോപ്പിൽ ഭാസി (സെക്രട്ടറി), കേശവൻ പോറ്റി (വർക്കിങ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ കെ.പി.എ.സിയുടെ എ, ബി ട്രൂപ്പുകൾക്ക്‌ രൂപം കൊടുത്തുകൊണ്ട് ഒരേസമയം രണ്ടു നാടകങ്ങൾ കളിക്കുന്ന പുതിയൊരു പരിപാടിക്കു രൂപം നൽകി. ഒരു ടീം തോപ്പിൽ ഭാസിയുടെ ‘യുദ്ധകാണ്ഡം’ കളിച്ചപ്പോൾ മറ്റേ ടീം പൊൻകുന്നം വർക്കിയെഴുതി സംവിധാനംചെയ്ത ‘ഇരുമ്പു മറ’ എന്ന നാടകമാണവതരിപ്പിച്ചത്.

എൻ.എസ്. ഇട്ടൻ, എം.എസ്. വാര്യർ, ജോസഫ് ചാക്കോ, ഗോപി, അച്ചൻ കുഞ്ഞ്, പി.സി. അപ്പൻ തുടങ്ങിയ അക്കാലത്തെ പ്രസിദ്ധ നടന്മാർ അഭിനയിച്ചപ്പോൾ കലാനിലയത്തിന്റെ നാടകങ്ങളിലൂടെയൊക്കെ പേരെടുത്ത ജോളിയൊഴിച്ചുള്ള നടികളാകട്ടെ താരതമ്യേന പുതുമുഖങ്ങളായിരുന്നു. നീതിമാനായ ഒരു കലക്ടർ വ്യക്തിജീവിതത്തിലും ഭരണതലത്തിലും നേരിടുന്ന പ്രശ്നങ്ങളായിരുന്നു നാടകത്തിന്റെ പ്രമേയം. ആസ്വാദകലോകത്തിന്റെ നല്ല അഭിപ്രായം നേടിയെടുക്കാൻ കഴിഞ്ഞെങ്കിലും ‘ഇരുമ്പുമറ’ക്ക് ഒരുപാട് സ്റ്റേജുകൾ കളിക്കാൻ കഴിഞ്ഞില്ല. വൈകാതെ കെ.പി.എ.സി രണ്ടാമത്തെ ട്രൂപ്പ് വേണ്ടെന്നു വെക്കുകയും ചെയ്തു. ഇതിന്റെ ഉത്തരവാദിത്തമെറ്റെടുത്തുകൊണ്ട് പ്രസിഡന്റും സെക്രട്ടറിയും സ്ഥാനമൊഴിഞ്ഞു. കെ.പി.എ.സിയുടെ സ്ഥാപകരിൽ ഒരാളായ അഡ്വ. പുനലൂർ എൻ. രാജഗോപാലൻ നായർ പ്രസിഡന്റ്‌ സ്ഥാനമേറ്റെടുത്തു. കായംകുളത്തെ ഒരു പ്രമുഖ അഭിഭാഷകനായ അഡ്വ. എം. ഗോപി സെക്രട്ടറിയായും ചുമതലയേറ്റു.

തോപ്പിൽ ഭാസി

തോപ്പിൽ ഭാസി

അപ്പോഴേക്കും ഭാസി തന്നെ അടുത്ത നാടകമെഴുതി തീർത്തിരുന്നു. മധ്യ തിരുവിതാംകൂറിലെ തകർന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഫ്യൂഡൽ വ്യവസ്ഥിതിയുടെ പശ്ചാത്തലത്തിൽ, പഴയ മൂല്യങ്ങളെ കൈവിടാൻ മടിക്കുന്ന ഒരു കാരണവരുടെയും ജീവിതത്തിന്റെ തിരിച്ചടികളേറ്റ് തളർന്നുപോകുന്ന നിഷ്കളങ്കയായ മകളുടെയും കഥ പറയുന്ന നാടകത്തിന് ‘കൂട്ടുകുടുംബം’ എന്നാണ് ഭാസി പേരിട്ടത്. ഒരു പുലയി പെൺകുട്ടിയെ വിവാഹം ചെയ്തതിന്റെ പേരിൽ പുരോഗമനവാദിയായ മകനെ അടിച്ചിറക്കുന്ന രാമക്കുറുപ്പ് സകല പ്രതീക്ഷകളുമർപ്പിച്ചിരിക്കുന്നത് വിദ്യാർഥിയായ അനന്തരവൻ രാധാകൃഷ്ണക്കുറുപ്പിലാണ്. ശ്യാമള സ്വപ്നം കാണുന്നതും അയാളുമൊത്തുള്ള ജീവിതമാണ്. കൃഷി മുഴുവനും നശിക്കുകയും കിട്ടുന്നതെല്ലാം മൂത്ത രണ്ടു പെണ്മക്കളുടെയും ഭർത്താക്കന്മാർ വാങ്ങിച്ചുകൊണ്ടുപോകുകയും ചെയ്യുമ്പോൾ അനന്തരവനെ പഠിപ്പിക്കാൻ നിവൃത്തിയില്ലാതെ കുറുപ്പ് മകളെ നാടകമഭിനയിക്കാൻ വിടുന്നു. ശ്യാമള ഒരു നാടകനടിയായതിന്റെ പേരിൽ അഭിമാനം വ്രണപ്പെട്ട രാധാകൃഷ്ണക്കുറുപ്പ് കാമുകിയെ തള്ളിപ്പറഞ്ഞു. തക്കം പാർത്തിരുന്ന വേലായുധൻ പിള്ള എന്ന മുതലാളിയുടെ പ്രലോഭനത്തിൽപെട്ട് അയാളുടെ മകളെ വിവാഹംചെയ്ത് ഉപരിപഠനത്തിനായി വിദേശത്ത് പോകുകയാണ് കുറുപ്പ്. തകർന്ന ഹൃദയവുമായി ആ നാലുകെട്ടിന്റെ ഇരുട്ടിൽ നീറിക്കഴിയുന്ന അച്ഛനെയും മകളെയും കാണിച്ചുകൊണ്ടാണ് നാടകമവസാനിക്കുന്നത്.

ലീല എല്ലാ അർഥത്തിലും ഒരു നായികയായി നിറഞ്ഞുനിൽക്കുന്ന നാടകമായിരുന്നു ‘കൂട്ടുകുടുംബം’. തോപ്പിൽ കൃഷ്ണപിള്ളയുടെ കാരണവർ രാമക്കുറുപ്പാണ് നാടകത്തിന്റെ കേന്ദ്ര സ്ഥാനത്ത് നിൽക്കുന്നതെങ്കിലും ശ്യാമള എന്ന ദുഃഖപുത്രിയെ ആർക്കും മറക്കാനാവാത്ത രീതിയിൽ അവതരിപ്പിച്ച ലീല തന്നെയാണ് ‘കൂട്ടുകുടുംബം’ എന്ന നാടകത്തിന്റെ ജീവനായി മാറിയത്.ലീല നയിക്കുന്ന മനോഹരമായ ഒരു സംഘനൃത്തത്തോടെയാണ് നാടകമാരംഭിക്കുന്നത്. അതേ വേഷത്തിൽ ചിരിച്ചു തുള്ളിച്ചാടി രംഗത്തേക്ക് കയറിവരുന്ന ശ്യാമളയുടെ കൂട്ടുകാരിയുമായുള്ള കളിതമാശകൾ, ഗോവിന്ദൻകുട്ടി അഭിനയിച്ച കൊച്ചുകുറുപ്പുമായുള്ള പ്രണയമുഹൂർത്തങ്ങൾ, അടൂർ ഭവാനിയുടെ അപ്പച്ചി കാർത്ത്യായനി പിള്ളയുടെ മുന്നിലുള്ള പരുങ്ങലും ഒളിച്ചുകളികളും അച്ഛന്റെ ധർമസങ്കടം കാണുമ്പോഴുള്ള നിസ്സഹായാവസ്ഥ, ലളിത അഭിനയിച്ച ചേച്ചിയോടുള്ള സ്നേഹപ്രകടനങ്ങൾ, ചേട്ടനായ അപ്പുക്കുട്ടനെയും അയാളുടെ താഴ്ന്ന ജാതിയിൽപ്പെട്ട ഭാര്യയെയും കുഞ്ഞുമകളെയും അച്ഛൻ തറവാട്ടിൽനിന്നിറക്കി വിടുമ്പോഴുണ്ടാകുന്ന സങ്കടവും രോഷവും, ഒടുവിൽ നാടകക്കാരിയായതിന്റെ പേരിൽ കാമുകൻ തള്ളിപ്പറയുമ്പോൾ എത്തിച്ചേരുന്ന ദുഃഖത്തിന്റെ പരകോടി... ഇങ്ങനെ ലീലയിലെ അഭിനേത്രി നിറഞ്ഞാടുകയായിരുന്നു നാടകത്തിൽ.


‘കൂട്ടുകുടുംബ’ത്തിലെ ശ്യാമള ലീലയെ സംബന്ധിച്ചിടത്തോളം മനസ്സിനോട് ഏറ്റവും അടുത്തുനിൽക്കുന്ന വേഷമായി മാറിയത് മറ്റൊരു കാരണം കൊണ്ടുകൂടിയായിരുന്നു. കേരളത്തിനകത്തും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ മലയാളികൾ തിങ്ങിപ്പാർക്കുന്നയിടങ്ങളിലുമൊക്കെ നാടകം കളിക്കാൻ ചെല്ലുമ്പോൾ ആവേശത്തോടെ സ്വീകരണം നൽകുന്നവർപോലും, നാടകനടിയെന്ന് കേൾക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ അവജ്ഞയും പുച്ഛവും സൂക്ഷിക്കുന്ന മനോഭാവത്തിന് ആ കാലത്തുപോലും ഒട്ടും മാറ്റം വന്നിരുന്നില്ല. ഉറ്റ ബന്ധുക്കൾ വരെ അങ്ങനെ പെരുമാറുന്ന അനുഭവമുണ്ടായിട്ടുണ്ട്. ലീല നാടകത്തിൽ ചേർന്ന നാളുകൾ തൊട്ട് നാട്ടുകാരിൽ ഒരു വലിയ വിഭാഗവും ബന്ധുക്കളിലേറെപ്പേരും, പിന്നെ പള്ളിയും ലീലയുടെ കുടുംബത്തെ ഏതാണ്ട് ഒറ്റപ്പെടുത്തിയതുപോലെയായിരുന്നു. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത എന്തോ അപരാധം ചെയ്യുന്ന ഒരാളെ പോലെയാണ് അവർ ലീലയിലെ കലാകാരിയെ കണ്ടത്.

സ്വന്തം നാടായ പാമ്പാക്കുടയിലോ കോലഞ്ചേരിയിലോ ഒക്കെ കെ.പി.എ.സി നാടകം കളിക്കുന്ന അവസരങ്ങളിൽ, നാടകത്തിന്റെ അനൗൺസ്മെന്റ് നടത്തുന്ന വണ്ടി ലീലയുടെ വീടിന് മുന്നിലും അടുത്ത കവലയിലുമൊക്കെ എത്തുമ്പോൾ, അഭിനേതാക്കളുടെ കൂട്ടത്തിൽ ‘പാമ്പാക്കുട ലീല’യുടെ പേര് അൽപം കൂടി ഉച്ചത്തിൽ വിളിച്ചു പറയാറുണ്ടായിരുന്നു. സ്കൂളിനും കോളജിനും മുന്നിലൂടെ പോകുന്ന വാഹനത്തിൽ നിന്ന് ഈ അനൗൺസ് മെന്റ് ഉച്ചത്തിൽ ഉയർന്നു കേൾക്കുമ്പോൾ ക്ലാസ് മുറികളിൽ ലീലയുടെ ഇളയ സഹോദരങ്ങൾ തല താഴ്ത്തി ജാള്യതയോടെയിരിക്കാറുണ്ടായിരുന്നു. ഒരു നടിയുടെ സഹോദരങ്ങളാണെന്ന് മറ്റുള്ളവർ അറിയുന്നതിൽ അവർക്ക് അന്ന് നാണക്കേടായിരുന്നു. ഒരു ബുദ്ധിമുട്ടും അറിയിക്കാതെ അവരെ പഠിപ്പിക്കുന്നതും അല്ലലൊന്നും ഇല്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതും ഊണും ഉറക്കവുമില്ലാതെ രാത്രി പകലാക്കിയുള്ള ജ്യേഷ്ഠത്തിയുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലം കൊണ്ടുകൂടിയാണെന്ന് അന്നവർ മനസ്സിലാക്കിയിരുന്നില്ല.

ഇക്കാര്യങ്ങളൊക്കെ ഓർമയിൽ വരുന്നതുകൊണ്ടാകാം ശ്യാമളയെ അവതരിപ്പിക്കുമ്പോൾ ലീലക്ക് കരയാനായി ഗ്ലിസറിൻ ഒരിക്കലും വേണ്ടിവന്നിട്ടില്ല.

നടിയും നർത്തകിയുമാണ് നായിക എന്നുള്ളതുകൊണ്ട് ലീലക്ക് നൃത്തം ചെയ്യാൻ ആവോളം അവസരങ്ങളുണ്ടായിരുന്നു ‘കൂട്ടുകുടുംബ’ത്തിൽ. എന്നാൽ ‘യുദ്ധകാണ്ഡം’ മുതൽക്ക് തന്നെ ലീല നൃത്തത്തേക്കാൾ അഭിനയത്തിന് പ്രാധാന്യം കൽപിച്ചു തുടങ്ങിയിരുന്നു. ശ്രീലത, ലളിത, പാലാട്ട് യശോദ, അടൂർ ഭവാനി എന്നിവരായിരുന്നു മറ്റു നടികൾ. തോപ്പിൽ കൃഷ്ണപിള്ള, എൻ. ഗോവിന്ദൻ കുട്ടി, ഡി. ഫിലിപ്പ്, രവി, ഖാൻ, ആലുമ്മൂടൻ, ജോൺസൺ, ജോസഫ് തുടങ്ങിയവർ നടന്മാരും.

1967 ജനുവരി 10ന് പ്രഫ. എസ്. ഗുപ്തൻ നായർ ഉദ്ഘാടനംചെയ്ത ‘കൂട്ടുകുടുംബം’, നാടകലോകത്തെ കെ.പി.എ.സിയുടെ പ്രതാപം വീണ്ടെടുക്കാൻ സഹായിച്ച നാടകമായിരുന്നു. ലീല എന്ന നായിക ഒന്നാം നിരയിലേക്ക് ഉയരുന്നതും ‘കൂട്ടുകുടുംബ’ത്തിലൂടെയാണ്.

ഏഴ്

കെ.പി.എ.സി ലീല എന്ന അഭിനേത്രിയെ ആയിരക്കണക്കിന് ആസ്വാദകരുടെ മനസ്സുകളിൽ കുടിയിരുത്തിയ കഥാപാത്രത്തിന്റെ വരവായിരുന്നു അടുത്തത്. ‘തുലാഭാര’ത്തിലെ വിജയ.

വർഷങ്ങളുടെ ഇടവേളയെടുത്താണ് തോപ്പിൽ ഭാസി സാധാരണ നാടകമെഴുതാറ്. എന്നാൽ പാർട്ടിയുടെ ഭിന്നിപ്പിനുശേഷം കെ.പി.എ.സിയെ ഒന്നാംസ്ഥാനത്തുതന്നെ നിലനിർത്തുന്നതിനും പാർട്ടിയുടെ സാംസ്കാരികമായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുമായി ഭാസി ഒന്നിനു പിറകെ ഒന്നായി തുടർച്ചയായി നാടകമെഴുതി.1967ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ‘കൂട്ടുകുടുംബം’ സാമാന്യം നന്നായി കളിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് ആ വർഷം ‘തുലാഭാര’വും അരങ്ങത്ത് കയറിയത്.1967 നവംബർ 30ന് കായംകുളത്തുവെച്ച് അന്ന് ഹൈകോടതി ജഡ്ജിയായിരുന്ന വി.ആർ. കൃഷ്ണയ്യർ ‘തുലാഭാരം’ ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യലബ്ധിക്ക് ഇരുപത് വയസ്സ് തികഞ്ഞ കാലത്തുപോലും, അധികാരി വർഗത്തിനുവേണ്ടി നിലകൊള്ളുകയും അടിസ്ഥാനവർഗങ്ങളുടെ അവകാശങ്ങളോട് മുഖം തിരിച്ചുനിൽക്കുകയും ചെയ്യുന്ന നീതിന്യായവ്യവസ്ഥക്ക് നേരെയാണ് ഇത്തവണ ഭാസി രൂക്ഷമായ ആക്രമണമഴിച്ചുവിടുന്നത്. നിയമത്തിന്റെ കൂനാംകുരുക്കുകളും ഹൃദയമില്ലായ്മയുംമൂലം കിടപ്പാടം ജപ്തി ചെയ്യപ്പെടുകയും പിതാവ് ഹൃദയം പൊട്ടി മരിക്കുകയും ചെയ്തതിനെ തുടർന്ന് അനാഥയായി തീരുന്ന ഒരു കോളജ് വിദ്യാർഥിനിയാണ് വിജയ. കാമുകൻ കൂടി കൈയൊഴിഞ്ഞതോടെ അവൾ ഒരു ഫാക്ടറി തൊഴിലാളിയുടെ ഭാര്യയായി പുതിയൊരു ജീവിതം തുടങ്ങുന്നു. ഭർത്താവും നാല് കുട്ടികളുമായി കഷ്ടപ്പാടുകൾക്കിടയിലും സന്തോഷത്തോടെ കഴിയുന്ന വിജയയെ തേടി ദുരന്തങ്ങൾ ഓരോന്നായി എത്തുകയാണ്. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്ക് തരിമ്പും വില കൽപിക്കാത്ത മുതലാളി ഒടുവിൽ ഫാക്ടറി അടച്ചിടുന്നു. ഗവണ്മെന്റ് ഫാക്ടറി ഏറ്റെടുത്തെങ്കിലും മുതലാളിയുടെ മൗലികാവകാശം പരിഗണിച്ച കോടതി സർക്കാർ തീരുമാനം സ്റ്റേ ചെയ്യുന്നു.

പട്ടിണിയും ദുരിതവുമായി കഴിഞ്ഞിരുന്ന വിജയയുടെ കുടുംബം സർക്കാർ തീരുമാനത്തെ തുടർന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് അശനിപാതം പോലെയുള്ള കോടതിയുടെ ഇടപെടൽ. അതിന് തൊട്ടുപിന്നാലെ തന്നെ മുതലാളിയുടെ ഗുണ്ടകൾ തൊഴിലാളി നേതാവായ രാമുവിനെ കൊലപ്പെടുത്തുന്നു. മുതലാളിയുടെ പണക്കൊഴുപ്പിന്റെ സ്വാധീനം മൂലം തെളിവില്ലാത്തതുകൊണ്ട് കോടതി പ്രതികളെ വെറുതെ വിടുന്നു. പട്ടിണിയും ദുരിതവും കാരണം വിജയ മക്കൾക്ക് വിഷം കൊടുത്തിട്ട് ആത്മഹത്യക്ക് ശ്രമിക്കുന്നു. മക്കൾ മരിക്കുകയും അവൾ രക്ഷപ്പെടുകയും ചെയ്യുന്നു. കോടതിയിൽ വിജയക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്ന് ശക്തിയായി വാദിച്ച, അവളുടെ പഴയ ചങ്ങാതിയും പബ്ലിക് പ്രോസിക്യൂട്ടറുമായ വത്സല, കോടതിയിൽവെച്ച് വിജയ അവളുടെ കഥ പറയുമ്പോൾ മനംനൊന്ത് കേസിന്റെ വാദം നീട്ടിവെക്കാനാവശ്യപ്പെടുന്നിടത്താണ് നാടകം അവസാനിക്കുന്നത്.

പ്രേം നസീറും ശാരദയും (ചിത്രം: തുലാഭാരം)

പ്രേം നസീറും ശാരദയും (ചിത്രം: തുലാഭാരം)

അപ്പോഴേക്കും സിനിമാ രംഗത്ത് തഴക്കമുള്ള തിരക്കഥാകൃത്തായി തീർന്ന ഭാസി ഫ്ലാഷ് ബാക്ക് സങ്കേതത്തിലൂടെയാണ് കഥ പറയുന്നത്. വിഷ്കംഭം എന്നുപേരിട്ട ഒന്നാം രംഗത്തിലെ കോടതിയിൽ വിചാരണ ചെയ്യപ്പെടുന്ന പ്രതി വിജയയുടെ ശബ്ദം മാത്രമാണ് കേൾക്കുന്നത്. അത് ഫേഡ് ഔട്ടായ ശേഷം തെളിഞ്ഞു വരുന്ന ആദ്യരംഗം ഒരു സ്കാർഫ് ഒക്കെ കെട്ടി ആധുനികവേഷം ധരിച്ച കോളജ് കുമാരി വിജയ പാർക്കിലേക്ക് ഓടിക്കയറി വരുന്നതോടെയാണ് ആരംഭിക്കുന്നത്.

‘തുലാഭാരം’ പൂർണമായും ലീലയുടെ നാടകമായിരുന്നു.‘അശ്വമേധം’ സുലോചനയുടെ നാടകം എന്നതുപോലെ. ഒപ്പമഭിനയിച്ച സകലരെയും നിഷ്പ്രഭരാക്കിക്കൊണ്ട് ലീലയുടെ വിജയ അരങ്ങ് നിറഞ്ഞുനിന്നു. കാമുകനോടും കൂട്ടുകാരിയോടുമൊത്ത് ആടിപ്പാടി ഉല്ലസിച്ചുകൊണ്ട് പാർക്കിലേക്ക് കയറിവരുന്ന നിഷ്കളങ്കയായ കോളജ് കുമാരി, അനാഥയും അശരണയുമായ യുവതി, ഭർത്താവിനെയും കുഞ്ഞുങ്ങളെയും പ്രാണനെപ്പോലെ സ്നേഹിക്കുന്ന നാടൻ തൊഴിലാളി സ്ത്രീ, എല്ലാം നഷ്ടപ്പെട്ട്, കുഞ്ഞുങ്ങളുടെ ദുരിതം കണ്ടു നിൽക്കാനാകാതെ അവർക്ക് വിഷം കൊടുക്കുന്ന അമ്മ... മൂന്നു മണിക്കൂർ നേരത്തിനുള്ളിൽ ഒന്നിനൊന്നു വ്യത്യസ്തമായ ഭാവപ്രകടനങ്ങളാണ് ലീല അരങ്ങത്ത് കാഴ്ചവെച്ചത്.

ആത്മസ്നേഹിത വത്സലയായി ലളിത, വിജയയുടെ പിതാവ് മേനോനായി തോപ്പിൽ കൃഷ്ണപിള്ള, വക്കീൽ അച്യുതൻ നായരായി ജോൺസൺ, കാമുകനായി രവി, വക്കീൽ ഗുമസ്തനായി ഖാൻ, വായാടി തള്ളയായി ചെങ്ങന്നൂർ ജാനകി എന്നിവർ അഭിനയിച്ചു. ഉണ്ണികൃഷ്ണൻ എന്ന പുതുമുഖനടനാണ് നായകനായ തൊഴിലാളി നേതാവ് രാമുവിന്റെ വേഷമഭിനയിച്ചത്.

ലീല നൃത്തം ചെയ്യാത്ത നാടകമായിരുന്നു ‘തുലാഭാരം’. രവിയുമായി ചേർന്നഭിനയിച്ച പ്രണയരംഗങ്ങളായിരുന്നു, നാടകത്തിന്റെ മറ്റൊരാകർഷക ഘടകം. ഉദ്ഘാടന നാടകത്തിനുശേഷം മദ്രാസിൽ പോയ ഭാസി കുറച്ചു ദിവസം കഴിഞ്ഞു മടങ്ങിവന്ന് നാടകം കണ്ടിട്ട് ലീലയോട് പറഞ്ഞു.

‘‘എന്തൊരു പ്രണയമാണിത്! മനുഷ്യർക്കാർക്കെങ്കിലും ഇങ്ങനെ പ്രേമിക്കാൻ പറ്റുമോ?’’

സംവിധാനത്തിൽ ഭാസി സ്വീകരിച്ച പുതുമകൾ ശരിയായി ഉൾക്കൊണ്ടാണ് ലീല അഭിനയിച്ചത്.

വിജയ എന്ന കഥാപാത്രത്തിന്റെ കുട്ടികളെ അരങ്ങത്ത് കാണിക്കാതെ അണിയറയിൽ നിർത്തിക്കൊണ്ടാണ് ഭാസി നാടകം സംവിധാനം ചെയ്തത്. നാടകത്തിന്റെ ആദ്യരംഗത്തിലും വിജയയുടെ ശബ്ദം മാത്രം അണിയറയിൽ നിന്ന് കേൾപിക്കുകയാണ്. അതുകൊണ്ട് ലീലക്ക് ശബ്ദംകൊണ്ടും അഭിനയിക്കേണ്ടി വന്നു.

കുഞ്ഞുങ്ങൾക്ക് വിഷം കൊടുക്കുന്ന രംഗം കാണികൾ ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടുകൊണ്ടിരുന്നത്. ലീല വിഷമെടുത്ത് ചോറിൽ കുഴച്ചുതുടങ്ങുമ്പോൾ, സദസ്സിൽ ആദ്യത്തെ നിരകളിലിരിക്കുന്ന സ്ത്രീകൾ മൂക്ക് ചീറ്റുന്നത് കേൾക്കാൻ തുടങ്ങും. ദൂരെ ശൂന്യതയിലേക്ക് കണ്ണ് തറച്ചുനിന്നുകൊണ്ട് ചോറ് കുഴക്കുമ്പോൾ, കൺകോണിലൂടെ കാണാം, കാണികൾ കൈകളുയർത്തി പറയുന്നത് ‘‘അയ്യോ കുഞ്ഞുങ്ങൾക്ക് വിഷം കൊടുക്കല്ലേ, ഞങ്ങൾ കൊണ്ടുപോയി വളർത്തിക്കൊള്ളാമെന്ന്.... ഇത് നാടകമാണെന്ന് അവർക്കുമറിയാം. എന്നിട്ടും അവരങ്ങനെ പറഞ്ഞുപോകുകയാണ്...

ഒരിക്കൽ മദ്രാസിൽ തുലാഭാരം കളിച്ചപ്പോൾ നടൻ സത്യനുമുണ്ടായിരുന്നു, നാടകം കാണാൻ. അന്നൊക്കെ കെ.പി.എ.സി യുടെയും മറ്റും നാടകം കാണാൻ സിനിമാക്കാർ, പ്രത്യേകിച്ച് സത്യൻ മിക്കവാറും വരാറുണ്ടായിരുന്നു. അന്ന് സ്റ്റേജിന്റെ ഏതാണ്ട് തൊട്ടടുത്ത്‌ ഫസ്റ്റ് റോയിലായിരുന്നു സത്യൻ ഇരുന്നത്. വിഷം കൊടുക്കുന്ന രംഗത്ത്‌ സദസ്സിന്റെ ഭാഗത്തേക്ക് ലീലയുടെ നോട്ടം പോകുമ്പോൾ കണ്ടത് സത്യൻ തള്ളവിരലുയർത്തി അഭിനന്ദിക്കുന്നതാണ്. നാടകം കഴിഞ്ഞ് അണിയറയിലേക്ക് കൈയടിച്ചു കൊണ്ടാണ് സത്യൻ കയറിവന്നത്. അപ്പോഴേക്കും കെ.പി.എ.സി വിട്ടുപോയ ഗോവിന്ദൻ കുട്ടി, കാളിദാസ കലാകേന്ദ്രത്തിലെ വിജയകുമാരിയുമൊക്കെ തുറന്ന മനസ്സോടെ ലീലയെ അഭിനന്ദിച്ചു.

‘‘അനായാസമായി, അകൃത്രിമമായി, അതിസമർഥമായി ആരുടേയും ഉള്ളിൽ തട്ടും വിധം ലീല വിജയയെ രംഗത്തവതരിപ്പിച്ചിരിക്കുന്നു. കെ.പി.എ.സി യുടെ സമ്പത്തായ ലീല, മലയാള നാടകവേദിയുടെ അഭിമാനമായി ഉയർന്നിരിക്കുന്നു. നർത്തകിയായി രംഗത്തുവന്ന് ഒരു വലിയ നടിയായി ലീല വളർന്നിരിക്കുന്നു.’’ നാടകത്തെ നിരൂപണം ചെയ്തു കൊണ്ട് തെങ്ങമം ബാലകൃഷ്ണൻ ജനയുഗത്തിലെഴുതി.

‘വിജയ’യെ പ്രശംസിച്ചുകൊണ്ട്, കെ.പി.എ.സി കത്തുകൾ ധാരാളം വന്നിരുന്നു. അവയിൽ ചിലതു മാത്രമേ ലീല കണ്ടിട്ടുള്ളൂ. അന്ന് മന്ത്രിയായിരുന്ന എം.എൻ. ഗോവിന്ദൻ നായർ എഴുതി. ‘‘മോളേ, നിന്റെ അഭിനയത്തെ കുറിച്ച് ഒരുപാടുപേർ പറഞ്ഞുകേട്ടു. എനിക്കിതു വരെ നാടകം കാണാൻ പറ്റിയില്ല. എത്രയും പെട്ടെന്നു തന്നെ കാണും ’’ 1968ൽ തുലാഭാരം തകർത്തു കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെയാണ് സിനിമയും ഇറങ്ങുന്നത്. ഹരി പോത്തന്റെ സുപ്രിയ ഫിലിംസ് ‘അശ്വമേധ’ത്തിന് ശേഷം എടുത്ത ചിത്രം എ. വിൻസെന്റാണ് സംവിധാനം ചെയ്തത്. വിജയയായി അഭിനയിച്ച ശാരദ രണ്ടോ മൂന്നോ തവണ നാടകം കാണാൻ വന്നിരുന്ന കാര്യം ആരോ പറഞ്ഞ് ലീല അറിഞ്ഞിരുന്നു. അരങ്ങത്ത് തന്നെ അനശ്വരയാക്കിയ വേഷം സിനിമയിൽ അഭിനയിക്കാൻ കഴിയാതെ പോയതിൽ വിഷമം തോന്നാതിരുന്നില്ല.

എന്നാൽ ‘തുലാഭാരം’ സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ ലീലക്ക് ലഭിച്ച പ്രശംസ നേരത്തേതിനേക്കാൾ പല മടങ്ങായിരുന്നു. മലയാളത്തിന് ആദ്യത്തെ ഉർവശി അവാർഡ് നേടിക്കൊടുത്ത ശാരദയുടെ അഭിനയം ലീലയുടേതിനോളം ഉയർന്നില്ലെന്ന അഭിപ്രായമാണ് എല്ലാവരും പ്രകടിപ്പിച്ചത്. തന്റെ അഭിനയ ജീവിതത്തിന് ലഭിച്ച ഏറ്റവും നല്ല സർട്ടിഫിക്കറ്റ് ആയി ലീല കരുതുന്നത് ഈ പ്രശംസയെയാണ്.

എട്ട്

‘കൂട്ടുകുടുംബ’വും ‘തുലാഭാര’വും മാസങ്ങളുടെ ഇടവേളയിലാണ് അരങ്ങത്തെത്തിയതെങ്കിൽ, ‘തുലാഭാര’ത്തിന് ശേഷമുള്ള കെ.പി.എ .സി യുടെ നാടകം വരുന്നത് 1970 ലാണ്.‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ സെല്ലുലോയ്ഡിലേക്ക് പകർത്തിക്കൊണ്ട് ചലച്ചിത്ര സംവിധാനരംഗത്ത് തുടക്കം കുറിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഭാസി. അതുകൂടാതെ കൈനിറയെ തിരക്കഥകളും. അതുകൊണ്ട് കെ.പി.എ.സിക്ക് നാടകമെഴുതാൻ തീരെ സമയമുണ്ടായിരുന്നില്ല.

ലീലയിലെ അഭിനേത്രിയെ കണ്ടെത്തി നാടകരംഗത്ത് കൈപിടിച്ചുകൊണ്ടുവന്ന, കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും ജനയുഗത്തിന്റെ ലേഖകനും നാടകകൃത്തുമെല്ലാമായിരുന്ന എരൂർ വാസുദേവ് ആയിടെയാണ് അകാലത്തിൽ അന്തരിച്ചത്. അദ്ദേഹം എഴുതി കേരള പ്രോഗ്രസീവ് തിയറ്ററിക്കൽ ആർട്സ് (കെ.പി.ടി.എ ) അവതരിപ്പിച്ച ‘ജീവിതം അവസാനിക്കുന്നില്ല’ 1954 - ’55 കാലഘട്ടത്തിൽ പുരോഗമന നാടക അരങ്ങത്തെ നാഴികക്കല്ലുകളിൽ ഒന്നായിരുന്നു. പുതിയ നാടകം ഭാസി എഴുതാത്ത സാഹചര്യത്തിൽ ‘ജീവിതം അവസാനിക്കുന്നില്ല’ ഒന്നുകൂടി അവതരിപ്പിക്കാൻ കെ.പി.എ.സി തീരുമാനമെടുത്തു. വാസുദേവിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുക എന്നൊരുഉദ്ദേശ്യം കൂടി ഈ തീരുമാനത്തിന്റെ പിന്നിലുണ്ടായിരുന്നു.

ഒരു ബീഡി തെറുപ്പ്‌ തൊഴിലാളിയും ക്ഷയരോഗിയുമായ ഗോപാലൻ, അയാളുടെ വാതം വന്ന് തളർന്നവശനായ അച്ഛൻ, സകലരെയും പ്രാകിയും പഴി പറഞ്ഞും കഴിയുന്ന അമ്മ, വഞ്ചിക്കപ്പെട്ട പ്രണയത്തിന്റെ വിഷാദ ഭാരവുമായി കഴിയുന്ന അനുജത്തി, ഈ പ്രാരബ്ധങ്ങളിലൊന്നും തനിക്ക് കാര്യമില്ലെന്ന മട്ടിൽ നടക്കുന്ന അനുജൻ... ഇങ്ങനെ കുറച്ചു മനുഷ്യരുടെ ജീവിതത്തെപ്പറ്റിയുള്ള പ്രതീക്ഷകളുടെയും പ്രതീക്ഷാഭംഗങ്ങളുടെയും നിരാശകളുടെയും കഥയാണ്, ‘ജീവിതം അവസാനിക്കുന്നില്ല’. ലീലക്ക് കിട്ടിയത് വിഷാദമയിയും നിഷ്‌കളങ്കയുമായ ജാനു എന്ന നായികയുടെ വേഷമാണ്. കെ.പി.ടി.എ യുടെ നാടകത്തിൽ ബിയാട്രീസ് അഭിനയിച്ച വേഷം. കലാമണ്ഡലം കല്യാണിക്കുട്ടി അമ്മ ചെയ്ത മൂശേട്ടക്കാരിയായ തള്ളയുടെ വേഷമഭിനയിച്ചത് ലളിതയും. തോപ്പിൽ കൃഷ്ണപിള്ള, ആലുമ്മൂടൻ, ഖാൻ, അസീസ്, ഉണ്ണികൃഷ്ണൻ, ജോസഫ്, ജോൺസൺ, ജോർജ് തുടങ്ങിയവരായിരുന്നു മറ്റു വേഷങ്ങളിൽ. ലളിതക്കും ആലുമ്മൂടനും അപ്പോഴേക്കും സിനിമയിൽ തിരക്കായി കഴിഞ്ഞിരുന്നു. നാടകം പലപ്പോഴും മുടങ്ങി.

‘ജീവിതം അവസാനിക്കുന്നില്ല’ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലീലയുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കമാകുന്നത്. വിവാഹം. അതൊരു പ്രണയവിവാഹമായിരുന്നില്ല. എന്നാൽ പരിചയമുള്ള ആളായിരുന്നു. പരസ്പരം ചെറിയൊരിഷ്ടവുമുണ്ടായിരുന്നു.

ഒരു വാദ്യ കലാകാരനായിരുന്ന ഡേവിഡ് യുദ്ധകാണ്ഡം നാടകത്തിന്റെ നാളുകളിൽ കുറച്ചുകാലം കെ.പി.എ.സി യിലുണ്ടായിരുന്നു. അതിനുശേഷം വർഷങ്ങളോളം തമ്മിൽ കണ്ടിട്ടില്ല.

കെ.പി.എ.സിയിൽ അഭിനയിക്കുമ്പോൾ ആരെങ്കിലുമായി കത്തിടപാടുകൾ നടത്താനോ കാണാനോ ഒന്നുമനുവാദമുണ്ടായിരുന്നില്ല. ആരാധകർ കൊടുക്കുന്ന ഉപഹാരങ്ങൾ സ്വീകരിക്കാനും. ഒരിക്കൽ ഉത്തരേന്ത്യൻ ടൂറിനിടയിൽ തുലാഭാരത്തിലെ വിജയ ധരിക്കുന്നതുപോലെയുള്ള പച്ച നിറത്തിലുള്ള ഒരു സ്കാർഫ് ആരോ സമ്മാനിച്ചു. അതുപോലും സ്വീകരിക്കാൻ സമ്മതിച്ചില്ല. ചാച്ചനും കെ.പി.എ.സി ക്കാരും അക്കാര്യത്തിൽ കർശനനിലപാടുള്ളവരായിരുന്നു.

കെ.പി.എ.സി യിൽ നിന്നുപോയ ശേഷം ഒരിക്കൽ കെ.പി. ഉമ്മർ മറ്റെല്ലാവർക്കും കത്തുകൾ അയച്ച കൂട്ടത്തിൽ ലീലക്കും അയച്ചു ഒരെണ്ണം. അതുപോലും ചാച്ചനിഷ്ടപ്പെട്ടില്ല. ആരാധകരുടെ കത്തുകളോ നാടകം കണ്ട് നല്ല അഭിപ്രായം അറിയിച്ചുകൊണ്ട് പ്രമുഖരായ ആരെങ്കിലുമൊക്കെ എഴുതുന്ന കത്തുകളോ ഒന്നും കാണാൻ ലീലക്ക് ഒരിക്കലും അവസരം കിട്ടിയിട്ടില്ല. കെ.പി.എ.സി ഓഫിസിലെ ആരെങ്കിലും പറയുമ്പോഴാണ് അത്തരം കാര്യങ്ങളൊക്കെ അറിയാറുണ്ടായിരുന്നത്. വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യത്തിനും ലീലയും ഒരുക്കമായിരുന്നില്ല. നാടകമുള്ളപ്പോൾ ക്യാമ്പിലും ഇല്ലാത്തപ്പോൾ വീട്ടിലുമായി ഒതുങ്ങിക്കഴിഞ്ഞു. കെ.പി.എ.സിക്കാരുടെ കൂട്ടത്തിൽ തോപ്പിൽ ഭാസിയുടെയും കെ.എസ്​. ജോർജിന്റെയും തോപ്പിൽ കൃഷ്ണപിള്ളയുടെയുമൊക്കെ കുടുംബങ്ങളുമായും പട്ടാണിപ്പറമ്പിൽ വീടുമായുമൊക്കെ ലീലക്ക് വളരെ അടുപ്പമുണ്ടായിരുന്നു. ഒപ്പമഭിനയിക്കുന്നവർക്ക് എല്ലാവർക്കും തന്നെ ലീലയോട് വളരെ കരുതലും സ്നേഹവുമായിരുന്നു. എങ്കിലും പോറ്റി സാർ, ഖാൻ, ലളിത എന്നിവരുമായിട്ടായിരുന്നു കൂടുതൽ അടുപ്പം. പോറ്റി സാറാണ് വല്ലപ്പോഴും ലീലയെയും മറ്റും സിനിമ കാണാൻ കൊണ്ടുപോയിരുന്നത്. ഇങ്ങനെ ഒതുങ്ങിക്കൂടി അന്തർമുഖിയായി കഴിയുകയാണെങ്കിലും അടുപ്പമുള്ളവരുടെ മുന്നിൽ, ലീല കുസൃതികളൊക്കെ പുറത്തെടുത്തിരുന്നു. ചെമ്മീൻ സിനിമയിലെ കറുത്തമ്മയെ അനുകരിച്ച്, ‘‘കൊച്ചു മുതലാളീ’’എന്നു വിളിച്ചു സംസാരിക്കുന്നതായിരുന്നു ലീലയുടെ മാസ്റ്റർപീസ്.

നാടകങ്ങളുടെ റിഹേഴ്സൽ കണ്ട് അഭിപ്രായം പറയാനായി അന്നൊക്കെ കെ.പി.എ.സിയിൽ എത്തിയിരുന്നത് പി.കെ. വിക്രമൻ നായരെയും കെ. ബാലകൃഷ്ണനെയും പോലെയുള്ള പ്രഗൽഭവ്യക്തിത്വങ്ങളാണ്. ബാലകൃഷ്ണൻ എപ്പോൾ കെ.പി.എ.സിയിലെത്തിയാലും ലീലയെ പ്രത്യേകം തിരക്കാറുണ്ടായിരുന്നു. ഒരിക്കൽ തിരുവനന്തപുരത്ത്‌ നാടകം കളിക്കാൻ വന്നപ്പോൾ പേട്ടയിലെ കൗമുദി ഓഫിസിൽ ഉമ്മറിനെയും ലീലയെയും വിളിച്ചുവരുത്തി അഭിമുഖം നടത്തി വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. പി.സി. സുകുമാരൻ നായരുടെ ‘ഇവരെ പരിചയപ്പെടുക’ എന്ന പംക്തിയിലായിരുന്നു അത്. അന്നത്തെ കൗമുദി വാരികയുടെ ജനപ്രീതി വെച്ചുനോക്കുമ്പോൾ വളർന്നു വരുന്ന ഒരു കലാകാരിയെ സംബന്ധിച്ചിടത്തോളം വലിയൊരു അംഗീകാരമായിരുന്നു അത്.

തിരുവനന്തപുരം റേഡിയോ നിലയത്തിൽ പ്രഗത്ഭരായ നാടക പ്രതിഭകളോടൊപ്പം നാടകമവതരിപ്പിക്കാൻ അവസരമുണ്ടായത് അനുഭവങ്ങളുടെ കൂട്ടത്തിൽ വേറിട്ടു നിൽക്കുന്നു.ആകാശവാണിയിലെ അന്നത്തെ നാടകവിഭാഗത്തിന്റെ പ്രൊഡ്യൂസറായിരുന്ന ടി.എൻ. ഗോപിനാഥൻ നായർ ലീലയുടെ അഭിനയത്തെ കുറിച്ച് എപ്പോഴും പ്രശംസിക്കുമായിരുന്നു.

ഇങ്ങനെ നല്ല അനുഭവങ്ങൾ മാത്രം നിറഞ്ഞതായിരുന്നില്ല ആ നാടകദിനങ്ങൾ.തുടർച്ചയായി ഉറക്കമൊഴിച്ചുകൊണ്ടുള്ള അഭിനയം, അതിനുവേണ്ടിയുള്ള നീണ്ട യാത്രകൾ, ഭക്ഷണം കഴിച്ചു നിറഞ്ഞ വയറുമായി സ്റ്റേജിൽ കയറാൻ പറ്റാത്തതുകൊണ്ട് അത്താഴം പലപ്പോഴും വേണ്ടെന്ന് വെക്കേണ്ടിവരുന്ന അവസ്ഥ... ഇങ്ങനെ കഷ്ടാനുഭവങ്ങൾക്കും പഞ്ഞമുണ്ടായിരുന്നില്ല. ജീവൻതന്നെ അപകടത്തിലായിട്ടുള്ള അവസരങ്ങളും കുറവായിരുന്നില്ല.


ലീല ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് നാടകവുമായി കെ.പി.എ.സിയുടെ വാനിൽ നടത്തിയ ഉത്തരേന്ത്യൻ യാത്രകളാണ്. കൊച്ചു കൊച്ചു വഴക്കുകളും പിണക്കങ്ങളുമൊക്കെ ഉണ്ടാകാറുണ്ടെങ്കിലും സമിതിയംഗങ്ങൾ തമ്മിലുള്ള സൗഹൃദവും ഒത്തൊരുമയുമൊക്കെ ദൃഢതരമാകുന്നത് അത്തരം യാത്രകളിലാണ്. വഴിയിൽ അടുപ്പുകൂട്ടി ഭക്ഷണം കഴിക്കുകയും ചിലപ്പോൾ റോഡിൽ തന്നെ കിടന്നുറങ്ങുകയും പാട്ടും തമാശകളുമായി ആഹ്ലാദിക്കുകയുമൊക്കെ ചെയ്ത നിരവധി ഓർമകളാണ് ആ യാത്രകൾ സമ്മാനിച്ചത്. അക്കൂട്ടത്തിൽ ഓർക്കുമ്പോൾ തന്നെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരനുഭവം കൂടിയുണ്ട്.

1965 ശരശയ്യ നാടകവുമായി കെ.പി.എ.സിയുടെ ഉത്തരേന്ത്യൻ പര്യടനം നടക്കുകയാണ്. വടക്കേ ഇന്ത്യയാകെ ആഞ്ഞടിക്കുന്ന ശക്തമായ കാറ്റും അലറിത്തുള്ളുന്ന പേമാരിയും. ഭോപാലിൽനിന്ന് നാഗ്പൂരിലേക്കുള്ള യാത്രയിൽ നർമദ നദി കടക്കണം. നദിക്കു കുറുകെയുള്ള പാലം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. കെ.പി.എ.സി അംഗങ്ങളെയും വാനിനെയും കയറ്റികൊണ്ടു പോകുന്നതിന്, ചങ്ങാടത്തിന്റെ ആൾക്കാർ ചോദിച്ചത് അഞ്ഞൂറ് രൂപയാണ്. അത്രയും തുക കൊടുക്കാൻ പറ്റാത്തതുകൊണ്ട് മറ്റൊരു റൂട്ടിൽ കുറച്ചു ദൂരം പോയി. ആ വഴിപോയാൽ നാടകം കളിക്കേണ്ട ദിവസം കഴിഞ്ഞേ എത്തൂ എന്നു മനസ്സിലായപ്പോൾ മടങ്ങി നദിക്കരയിലേക്ക് തന്നെ വന്നു. ചങ്ങാടത്തിന്റെ ആൾക്കാർ അപ്പോൾ ചാർജ് ആയിരമാക്കി ഉയർത്തി. അപ്പോഴേക്കും അർധരാത്രി പിന്നിട്ടിരുന്നു.

എങ്ങനെയും പോയേ തീരൂ എന്നുള്ളതുകൊണ്ട് അതിന് സമ്മതിച്ചു. ഒരുവിധം വാൻ ചങ്ങാടത്തിൽ കയറ്റി യാത്ര തുടങ്ങി. ഇരമ്പിപ്പാഞ്ഞു വരുന്ന വെള്ളത്തിൽ ചങ്ങാടവും വാനിന്റെ ചക്രങ്ങളുമെല്ലാം മുങ്ങിത്തുടങ്ങി സ്ത്രീകളെല്ലാവരും കൂടി കൂട്ടനിലവിളിയായി. വാൻ വെള്ളത്തിൽ മുങ്ങിപ്പോകാതിരിക്കാനായി കൂട്ടത്തിലെ ബലിഷ്ടനായ ഉമ്മർ വാനിന്റെ പിറകുഭാഗം പൊക്കിപ്പിടിച്ചു. മറ്റു പുരുഷൻമാർ ചങ്ങാടത്തിൽ നിന്നും വാനിൽ നിന്നും വെള്ളം കോരി നദിയിലേക്ക് തിരികെയൊഴിക്കാൻ തുടങ്ങി.

അക്ഷരാർഥത്തിൽ ജീവൻ കൈയിൽ പിടിച്ചുകൊണ്ടുള്ള യാത്ര. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ചങ്ങാടം അക്കരെയെത്തി.

എല്ലാവരും വാനിൽ കയറിയിരുന്നു. മുഖം കഴുകാനോ പ്രാഥമിക കർമങ്ങൾ നിർവഹിക്കാനോ പോലും വാൻ നിർത്താതെ നേരെ നാഗ്പൂരിലേക്ക്.

രാത്രി എട്ടുമണിയോടെ അവിടെയെത്തിയപ്പോൾ കാണികളും സംഘാടകരുമെല്ലാം അക്ഷമരായി കെ.പി.എ.സിക്കാരുടെ വരവും കാത്തിരിക്കുകയാണ്. എല്ലാവരും മേക്കപ്പിട്ടു. നാടകമാരംഭിച്ചു.

നാടകം അവസാനിച്ചശേഷം തോപ്പിൽ ഭാസി നടന്ന കാര്യങ്ങളൊക്കെ സദസ്യരോട് വിവരിച്ചപ്പോഴാണ് എത്രമാത്രം സാഹസികമായിട്ടാണ് കെ.പി.എ.സി സംഘം നാടകം കളിക്കാനെത്തിയതെന്ന് പ്രേക്ഷകർ മനസ്സിലാക്കുന്നത്. അങ്ങനെയെത്ര വിഷമസന്ധികൾ മറികടന്നാണ് അന്നൊക്കെ നാടകം അവതരിപ്പിക്കാറുണ്ടായിരുന്നത്!..

ഡേവിഡിന്റെ പിതാവും ഒരു കലാകാരനായിരുന്നു​ ലെസ്‍ലി പീറ്റർ എന്ന അറിയപ്പെടുന്ന വാദ്യകലാകാരനായിരുന്നു അദ്ദേഹത്തിന്റെ സഹോദരൻ. ഡേവിഡും ഗിത്താർ, വയലിൻ തുടങ്ങി പല വാദ്യങ്ങളും വായിക്കും. ഡേവിഡ് യാക്കോബായ സഭക്ക് പുറത്തുള്ള സി.എസ്.ഐയിൽ പെട്ട ആളായിരുന്നെങ്കിലും പള്ളിയുടെയോ ബന്ധുക്കളുടെയോ ഭാഗത്തുനിന്ന് വലിയ എതിർപ്പൊന്നുമുണ്ടായില്ല.1970 ജൂൺ 13ന് പാമ്പാക്കുട പള്ളിയിൽവെച്ച് കെട്ടു നടന്നു.

വിവാഹം കഴിഞ്ഞ് ലീല അഭിനയിക്കുന്ന കാര്യത്തോട് ഡേവിഡിനോ കുടുംബത്തിനോ വലിയ എതിർപ്പുണ്ടായിരുന്നില്ല.

എന്നാൽ കുര്യാക്കോസിന് അക്കാര്യത്തിൽ കർശനമായ നിലപാടുണ്ടായിരുന്നു. ലീലയെ ഇനി അഭിനയിക്കാൻ വിടരുതെന്ന് കുര്യാക്കോസ് പറഞ്ഞു. ഒരു നടിയുടെ സഹോദരങ്ങൾക്ക് നല്ല ക്രിസ്ത്യൻ കുടുംബങ്ങളിൽനിന്ന് വിവാഹബന്ധം കിട്ടാൻ പ്രയാസമായിരുന്നു അന്ന്.അതായിരുന്നു ചാച്ചന്റെ പേടി.

അഭിനയം നിർത്തുന്നതിൽ വിഷമമുണ്ടായിരുന്നെങ്കിലും ലീലക്ക് അനുസരിക്കാതെ നിർവാഹമുണ്ടായിരുന്നില്ല. താൻ മൂലം സഹോദരങ്ങളുടെ ഭാവിക്ക് ഒരു പ്രശ്നമുണ്ടാകരുത് എന്നുമാത്രമേ മനസ്സിലപ്പോഴുണ്ടായിരുന്നുള്ളൂ.

ലീല നാടകം വിടുന്നതിൽ ഏറ്റവും വിഷമം കെ.പി.എ.സി യിലുള്ളവർക്ക് തന്നെയായിരുന്നു. സുലോചനക്ക് ശേഷം കെ.പി.എ.സിയുടെ അരങ്ങത്ത് മാത്രമല്ല, മലയാള നാടകവേദിയിൽ തന്നെ ഉണ്ടായ ഏറ്റവും പ്രഗൽഭയായ നായികയാണ് അഭിനയത്തോട് വിട വാങ്ങുന്നത്.എങ്കിലും സന്തോഷത്തോടെ, ആരോടും ഒരു പിണക്കവും കൂടാതെ തന്നെ ലീല കെ.പി.എ.സി യോട് യാത്ര പറഞ്ഞു.

(അടുത്ത ലക്കത്തിൽ അവസാനിക്കും)

News Summary - kpac leela interview