Begin typing your search above and press return to search.
proflie-avatar
Login

മലയാളി മറവിക്ക് വിട്ട ആ പ്രതിഭയുടെ വഴികൾ തേടുന്നു

മലയാളി മറവിക്ക് വിട്ട ആ പ്രതിഭയുടെ വഴികൾ തേടുന്നു
cancel

മലയാള പിന്നണി ഗായകനും സംഗീത സംവിധായകനുമായ കെ.സി. വർഗീസിനെ അറിയുന്നവർ ചുരുക്കം. മലയാള സിനിമ അധികം പ്രയോജനപ്പെടുത്താതിരുന്ന പ്രതിഭാശാലിയായ സംഗീതജ്ഞ​ന്‍റെ വഴികൾ തേടുകയാണ്​ ലേഖകൻ.വിദൂരതയിലെങ്ങോനിന്ന് തണുതണുത്ത വയനാടൻ കാറ്റിന്റെ ചിറകിലേറി, കുന്നും മലയും പുഴയും തേയിലക്കാടുകളും താണ്ടിയെത്തി കാതുകളെ കോരിത്തരിപ്പിച്ച ശബ്ദമാണ് എന്റെ ഓർമയിലെ കെ.സി. വർഗീസ്. എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിന് പിന്നിലെ കാപ്പി പൂത്തുനിൽക്കുന്ന കുന്നിൻചരിവിൽ കൂട്ടുകാർക്കൊപ്പം ഓടിക്കളിക്കേ തരംഗമാലകളായി ആ ശബ്ദം അന്തരീക്ഷത്തിൽ വന്നു നിറഞ്ഞ സന്ധ്യ ഇന്നുമുണ്ട് ഓർമയിൽ. അതുവരെ കേൾക്കാത്ത പാട്ടും ശബ്ദവും....

Your Subscription Supports Independent Journalism

View Plans
മലയാള പിന്നണി ഗായകനും സംഗീത സംവിധായകനുമായ കെ.സി. വർഗീസിനെ അറിയുന്നവർ ചുരുക്കം. മലയാള സിനിമ അധികം പ്രയോജനപ്പെടുത്താതിരുന്ന പ്രതിഭാശാലിയായ സംഗീതജ്ഞ​ന്‍റെ വഴികൾ തേടുകയാണ്​ ലേഖകൻ.

വിദൂരതയിലെങ്ങോനിന്ന് തണുതണുത്ത വയനാടൻ കാറ്റിന്റെ ചിറകിലേറി, കുന്നും മലയും പുഴയും തേയിലക്കാടുകളും താണ്ടിയെത്തി കാതുകളെ കോരിത്തരിപ്പിച്ച ശബ്ദമാണ് എന്റെ ഓർമയിലെ കെ.സി. വർഗീസ്.

എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിന് പിന്നിലെ കാപ്പി പൂത്തുനിൽക്കുന്ന കുന്നിൻചരിവിൽ കൂട്ടുകാർക്കൊപ്പം ഓടിക്കളിക്കേ തരംഗമാലകളായി ആ ശബ്ദം അന്തരീക്ഷത്തിൽ വന്നു നിറഞ്ഞ സന്ധ്യ ഇന്നുമുണ്ട് ഓർമയിൽ. അതുവരെ കേൾക്കാത്ത പാട്ടും ശബ്ദവും. യേശുദാസിനെയും ജയചന്ദ്രനെയും ബ്രഹ്മാനന്ദനെയും കേട്ടുശീലിച്ച കാതുകൾക്ക് അതൊരു പുത്തൻ അനുഭവമായിരുന്നു. ''മാനസവീണയിൽ നീയൊന്നു തൊട്ടു, മണിനാദ മന്ദാരം പൂവിട്ടു'' എന്ന് തുടങ്ങുന്ന പല്ലവിയിലെ തൊട്ടു ആണ് ആദ്യം മനസ്സിനെ തൊട്ടത്. വിശുദ്ധവും പ്രണയലോലവുമായ ഒരു തൊടൽ. പാട്ടുകാരനെ അറിയാതെ സ്നേഹിച്ചുപോയി ആ നിമിഷം. ''തന്ത്രികൾക്കെല്ലാം ഒരേയൊരു താളം, ഒരേയൊരു രാഗം, അനുരാഗം''എന്ന അടുത്ത വരിയിലുമുണ്ടായിരുന്നു നിഷ്കളങ്ക പ്രണയം.

കാക്കശ്ശേരി ചേറു വർഗീസിനെ കുറിച്ച് കേൾക്കാത്തവർപോലും അദ്ദേഹം പാടി അനശ്വരമാക്കിയ രണ്ടു മനോഹര ഗാനങ്ങളുടെ ശീലുകൾ ഓർമയിൽ സൂക്ഷിക്കുന്നുണ്ടാകും: 'കല്യാണപ്പന്ത'ലിലെ (1975) ''മാനസവീണ''ക്ക് പുറമെ 'സ്നേഹ യമുന'യിലെ ''നീലയമുനേ സ്നേഹയമുനേ ഏതൊരു ഗംഗയെ വാരിപ്പുണരാൻ ...'' എന്ന ഗാനവും. രണ്ടിലുമുണ്ട് കുന്നംകുളംകാരനായ ഗായകന്റെ ആലാപനമുദ്ര. സ്നേഹയമുനേ എന്ന് വർഗീസ് ഇടനെഞ്ചിൽനിന്ന് പാടി വിളിക്കുമ്പോൾ ഞാനും എന്റെ സംഗീതപ്രേമിയായ അനിയനും അളവറ്റ സ്നേഹത്തോടെ ആ വിളി കേട്ടിരുന്നതും അതുകൊണ്ട് തന്നെ. ''ഇന്നും ആ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നും. നമ്മുടെ പഴയ കാലമെല്ലാം മനസ്സിലേക്ക് ഓടിക്കയറിവരും...'' ഈയിടെ വിളിച്ചപ്പോഴും അനിയൻ റെജി (രാജേന്ദ്രൻ) പറഞ്ഞു.

പ്രതിഭാശാലിയായ ആ ഗായകന് ഒട്ടും പിന്നിലായിരുന്നില്ല വർഗീസിലെ സംഗീതസംവിധായകൻ. ഒറ്റ പടത്തിനു വേണ്ടിയേ പാട്ടൊരുക്കിയിട്ടുള്ളൂ അദ്ദേഹം. അതും ഒരേയൊരു പാട്ട്. പത്​മരാജൻ ചിത്രമായ 'നവംബറിന്റെ നഷ്ട'ത്തിലെ ''ഏകാന്തതേ നിന്റെ ദ്വീപിൽ''എന്ന പാട്ടും അതിന്റെ രംഗവും അജ്ഞാതമായ ഏതോ വിഷാദതീരത്തേക്ക് കൂട്ടിക്കൊണ്ടുപോകാറുണ്ട് എന്നെ. പൂവച്ചലിന്റെ വരികളും ജെൻസിയുടെ ആലാപനവും പത്​മരാജന്റെ ചിത്രീകരണവും കൂടി ചേർന്നപ്പോഴുള്ള ഇന്ദ്രജാലമാവണം (യേശുദാസും പാടിയിട്ടുണ്ട് ഇതേ ഗാനം).

വർഗീസിലെ പ്രതിഭാശാലിയായ സംഗീതസംവിധായകനെ മലയാള സിനിമ എന്തുകൊണ്ടാവണം പിന്നീടൊരിക്കലും പ്രയോജനപ്പെടുത്താതിരുന്നത്? അറിയില്ല. വർഗീസിലെ കഴിവുറ്റ പാട്ടുകാരനെ തഴഞ്ഞതിനും ഇല്ലായിരുന്നല്ലോ പ്രത്യേകിച്ചൊരു ലോജിക്.

വർഗീസിന്റെ സംഗീതജീവിതം എങ്ങും ഗൗരവപൂർവം രേഖപ്പെടുത്തിയതായി അറിവില്ല. വിജ്ഞാന ഭണ്ഡാകാരമെന്ന ഖ്യാതിയുള്ള ഇന്റർനെറ്റിൽ പോലുമില്ല ഈ ഗായകനെ കുറിച്ചുള്ള വിശദവിവരങ്ങൾ. എന്തിനധികം? കൊള്ളാവുന്ന ഒരു ഫോട്ടോപോലും കിട്ടാനില്ല എങ്ങും. വർഗീസ് പിന്നണി പാടിയ ഗാനരംഗങ്ങൾ കാണാമെന്നു വെച്ചാൽ അതിനുമില്ല വഴി. 'പ്രീതി', 'കല്യാണപ്പന്തൽ', 'സ്നേഹയമുന' ഈ സിനിമകളുടെയൊന്നും പ്രിന്റ് ലഭ്യമല്ല ഇപ്പോൾ.

ആകെയുള്ള ആശ്രയം യൂട്യൂബിൽ ആരോ അപ്‌ലോഡ് ചെയ്ത ഓഡിയോ ട്രാക്കുകളാണ്. കടുക് വറക്കുന്ന ഗ്രാമഫോൺ ശബ്ദശകലങ്ങളുടെ അകമ്പടിയോടെ ഇടക്കൊക്കെ ആ ഗാനങ്ങൾ കേൾക്കുമ്പോൾ പ്രണയസ്വപ്നങ്ങൾ നിറഞ്ഞ കൗമാരകാലം അറിയാതെ ഓർമയിലെത്തും. പാടിയ പാട്ടുകൾ ജനഹൃദയങ്ങളിൽ എത്തിച്ചിട്ടും ഭാഗ്യം എന്തേ വർഗീസിനെ തുണയ്ക്കാതെ പോയി എന്നത്ഭുതപ്പെടും മനസ്സ്.

വർഗീസും യേശുദാസും

വർഗീസും യേശുദാസും

അവഗണനയുടെ ഇര

വർഗീസിന്റെ നിയോഗം അതായിരിക്കാം എന്ന് പറയുന്നു ഇളയസഹോദരൻ കെ.സി. ബാബു. ''ഇന്നത്തെ പോലെ പ്രതിഭയുള്ള എല്ലാവർക്കും മുൻപിൽ അവസരങ്ങൾ തുറന്നിടുന്ന ലോകമായിരുന്നില്ല അന്നത്തെ മലയാള സിനിമ. വെല്ലുവിളികൾ നിരവധിയുണ്ടായിരുന്നു ഒരു നവാഗത ഗായകന് അതിജീവിക്കാൻ. അർഹിച്ച അവസരങ്ങൾ കൈയകലത്തുവെച്ച് കൈവിട്ടുപോയിട്ടുണ്ട്. പാടാൻ അവസരങ്ങൾ വാഗ്ദാനം ചെയ്തവർ പോലും പിന്നീട് സൗകര്യപൂർവം അവഗണിച്ചിട്ടുണ്ട്. നിരന്തരം ആവർത്തിക്കപ്പെട്ട ഈ ദുരനുഭവങ്ങളിൽ മനം മടുത്താണ് ചേട്ടൻ സംഗീത ലോകത്തോട് വിടപറഞ്ഞത്.''

പാട്ടിൻെറ ലോകം വിട്ട് ചെറുപ്പം മുതലേ രാഷ്ട്രീയത്തിന്റെയും പൊതുപ്രവർത്തനത്തിന്‍റെയും വഴികളിലൂടെ സഞ്ചരിക്കുകയും കുന്നംകുളം മുനിസിപ്പൽ ചെയർമാൻ പദവി വരെ എത്തുകയും ചെയ്ത ബാബുവിന് സ്വന്തം ജ്യേഷ്ഠനെ സിനിമാലോകം കൈകാര്യം ചെയ്ത രീതി ഇന്നും നൊമ്പരമുണർത്തുന്ന ഓർമയാണ്. കുട്ടിക്കാലം മുതലേ എല്ലാം മറന്ന് പാട്ടിന്റെ വഴിയിലൂടെ സഞ്ചരിച്ച ആളാണ് വർഗീസ്. പഠനംപോലും പാട്ടിനോടുള്ള സ്നേഹംമൂലം ഇടയ്ക്കു വെച്ചുപേക്ഷിച്ച വർഗീസിന് സംഗീതം തിരിച്ചു നൽകിയതാകട്ടെ നഷ്ടങ്ങളും വേദനകളും മാത്രം. ''ചേട്ടന്റെ പാട്ടുകൾ കേൾക്കുമ്പോൾ ഉള്ളിൽ ആഹ്ലാദത്തേക്കാൾ നൊമ്പരമാണ് വന്നുനിറയുക. കഴിവുകൊണ്ട് ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന ആൾ. എന്ത് ചെയ്യാം? കഴിവ് മാത്രമുണ്ടായിട്ട് കാര്യമില്ലല്ലോ...''

കുന്നംകുളം തെക്കേപ്പുറത്തെ കാക്കശ്ശേരി ചേറുവിനും സാറാമ്മക്കും മൂന്നായിരുന്നു മക്കൾ. മൂത്തയാൾ വർഗീസ്. തൊട്ടു താഴെ ബാബുവും ഗ്ലോറിയും. എല്ലാവർക്കുമുണ്ട് സംഗീതപ്രേമം. പാട്ടുകാരനായി പേരെടുത്തത് വർഗീസാണെന്ന് മാത്രം. സകലകലാവല്ലഭനായ ജ്യേഷ്ഠനുണ്ട് ബാബുവിന്റെ ശൈശവ സ്മരണകളിൽ - പാട്ടു പാടും, ഈണമിടും, അത്യാവശ്യം വരയ്ക്കുകയും ചെയ്യും. എം.ജെ.ഡി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് സ്ഥിരമായി പാട്ടുമത്സരങ്ങളിൽ പങ്കെടുത്തിരുന്നു വർഗീസ്. കുട്ടിയായിരുന്നതുകൊണ്ട് സ്ത്രീശബ്ദത്തിലാണ് പാടുക. പി. സുശീലയുടെയും ജാനകിയുടേയുമൊക്കെ തമിഴ് ഹിറ്റുകൾ. പക്ഷേ യാഥാസ്ഥിതിക കുടുംബമായിരുന്നതുകൊണ്ട് വീട്ടിൽ ആർക്കുമില്ല സംഗീതഭ്രമം. പഠിത്തത്തിൽ ശ്രദ്ധിക്കാതെ പാട്ടു പാടി നടക്കുന്നത് ഭാവിജീവിതത്തിന് ഗുണമൊന്നും ചെയ്യില്ല എന്നായിരുന്നു മാതാപിതാക്കളുടെ വിശ്വാസം. പക്ഷേ, സംഗീതലഹരിയിൽ മതിമറന്നൊഴുകിയ വർഗീസുണ്ടോ വഴിമാറി നടക്കുന്നു.

പാട്ട് പഠിക്കണം എന്നുണ്ടായിരുന്നെങ്കിലും അതിനുള്ള സാഹചര്യമൊന്നുമില്ല വീട്ടിലും നാട്ടിലും. പ്രോത്സാഹനവും കമ്മി. ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തിയ ശേഷം കോയമ്പത്തൂരിലേക്ക് വണ്ടി കയറുന്നു വർഗീസ്. ജീവിക്കാൻ ഒരു തൊഴിൽ തേടുകയാണ് ലക്ഷ്യം. ഉള്ളുനിറയെ ഈണവും താളവുമായിരുന്നതിനാൽ ആ അന്വേഷണം അധികകാലം നീണ്ടില്ല. പാട്ടു പഠിക്കുക, കഴിയുമെങ്കിൽ സിനിമയിൽ പാടുക എന്ന ലക്ഷ്യത്തോടെ ഒരു നാൾ മദ്രാസിലേക്ക് തിരിക്കുന്നു വർഗീസ്.

സിനിമാനഗരത്തിൽ വെച്ച് സംഗീതസംവിധായകൻ ജോബ് മാസ്റ്ററെ (അല്ലിയാമ്പൽ ഫെയിം) പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. അധികം വൈകാതെ ജോബിന്റെ കീഴിൽ സംഗീതപഠനം ആരംഭിക്കുന്നു വർഗീസ്. ഇടക്ക് അദ്ദേഹത്തിന്റെ ഈണത്തിൽ രണ്ടു പാട്ടുകൾ എച്ച്.എം.വിക്ക് വേണ്ടി റെക്കോഡ് ചെയ്യാനും ഭാഗ്യമുണ്ടായി-പുറത്തിറങ്ങിയ ആദ്യത്തെ ഗ്രാമഫോൺ റെക്കോഡ്. യൂസഫലി കേച്ചേരി രചിച്ച ''കരളിന് കുളിരേകി''ആയിരുന്നു ഡിസ്കിന്റെ ഒരു ഭാഗത്ത്. മറുഭാഗത്ത് ''തെക്കൻ കായലിൽ ഓടിയെത്തിയ തെമ്മാടിക്കാറ്റേ'' എന്ന പാട്ട്.

ഡോക്ടർ ബാലകൃഷ്ണനും ഡോക്ടർ പവിത്രനുമായുള്ള അടുപ്പമാണ് വർഗീസിന് സിനിമയിലേക്കുള്ള വഴി തുറന്നത്. ആദ്യം പാടിയത് വില്യം തോമസ് സംവിധാനം ചെയ്ത 'പ്രീതി' (1972) എന്ന ചിത്രത്തിൽ. പവിത്രനായിരുന്നു ഗാനരചന. സംഗീതം എ.ടി. ഉമ്മർ. കൂടെ പാടിയത് എസ്. ജാനകിയും ലതാ രാജുവും. ''ഉമ്മ തരുമോ ഉമ്മ തരുമോ'' എന്ന പാട്ട് ഉമ്മുക്ക പഠിപ്പിച്ചു തരുന്നതിന്റെ മങ്ങിയ ഓർമ മാത്രമേ ഉള്ളൂ ഇപ്പോൾ. അന്ന് തീരെ കുട്ടിയായിരുന്നല്ലോ ഞാൻ. സൗമ്യനും മിതഭാഷിയുമായ ഒരാളാണ് എന്റെ ഓർമയിലെ വർഗീസ്. മൂന്നു പേരും ഒരുമിച്ച് ഒരു മൈക്കിന് ചുറ്റും നിന്നാണ് പാടിയതെന്നോർക്കുന്നു...'' ലതാ രാജുവിന്റെ വാക്കുകൾ.

നാടകകാലം

അതിനിടെ ഒരു 'നാടകപർവ'വും ഉണ്ടായി വർഗീസിന്റെ ജീവിതത്തിൽ. രസമുള്ള ആ ഓർമ അനിയൻ ബാബു പങ്കുവെച്ചതിങ്ങനെ: ''ഒരു ദിവസം പരിചയമില്ലാത്ത രണ്ടുമൂന്ന് പേർ വീട്ടിൽ കയറി വന്നു. കൊല്ലത്തു നിന്നാണ്. കാളിദാസ കലാകേന്ദ്രത്തിലേക്ക് പാട്ടുകാരെ തിരഞ്ഞെടുക്കാൻ ഇറങ്ങിയിരിക്കുകയാണ്. ചേട്ടൻ നാട്ടിലുള്ള സമയം. കൂട്ടത്തിലൊരാൾ ചേട്ടനോട് രണ്ടു പാട്ട് പാടിക്കേൾപ്പിക്കാൻ ആവശ്യപ്പെടുന്നു.''

അന്ന് ഹാർമോണിയം ഇല്ല വീട്ടിൽ. വലിയങ്ങാടിയിലെ എം.ജി.എം ക്ലബിൽ ചെന്ന് ഉടനൊരു ഹാർമോണിയം സംഘടിപ്പിച്ചു; അത് വായിക്കാൻ ഒരാളെയും. അങ്ങനെ പാടിക്കൊടുത്ത പാട്ടുകൾ വന്നവർക്ക് ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. രണ്ടു ദിവസം കഴിഞ്ഞു കൊല്ലത്തുനിന്ന് ഫോൺ വന്നു, പാട്ടു പഠിക്കാനായി ഉടൻ എത്തിക്കൊള്ളാൻ ആവശ്യപ്പെട്ടുകൊണ്ട്.

''പിന്നീടാണ് ഞങ്ങൾ അറിഞ്ഞത് വന്നയാൾ മറ്റാരുമല്ല; സാക്ഷാൽ ദേവരാജൻ മാസ്റ്ററും കൂട്ടരുമാണെന്ന്. ഇന്നത്തെപ്പോലെ ടി.വിയും ഇന്റർനെറ്റും ഒന്നുമില്ലല്ലോ അന്ന്. മാധ്യമങ്ങളിൽ സംഗീതസംവിധായകരുടെയൊക്കെ പടങ്ങൾ വരുന്നതുതന്നെ അപൂർവം. ദേവരാജൻ മാഷിന്റെ ചിത്രം ഞാനും ചേട്ടനുമൊന്നും കണ്ടിട്ടില്ല അതുവരെ''-ബാബുവിന്റെ ഓർമ.

'തൂവാനത്തുമ്പികളുടെ' ചിത്രീകരണത്തിനിടെ പത്​മരാജനും മോഹൻലാലിനും ഒപ്പം വർഗീസ് (ഇടത്ത്)

'തൂവാനത്തുമ്പികളുടെ' ചിത്രീകരണത്തിനിടെ പത്​മരാജനും മോഹൻലാലിനും ഒപ്പം വർഗീസ് (ഇടത്ത്)

കെ.പി.എ.സി വിട്ട് ഒ.എൻ.വിയും ദേവരാജനുമൊക്കെ ചേർന്ന് കാളിദാസ കലാകേന്ദ്രത്തിന് രൂപം നൽകിയ കാലമാണ്. കൊല്ലത്ത് ചെന്ന വർഗീസിനെ 'കുറ്റവും ശിക്ഷയും' എന്ന നാടകത്തിലെ രണ്ടു പാട്ടുകൾ പഠിപ്പിക്കുന്നു മാസ്റ്റർ. ഒമർഖയാമിൻ തോട്ടത്തിൽ, സ്വർണത്തിന്നു സുഗന്ധംപോലെ കണ്മണി നിൻ അനുരാഗം. ആദ്യത്തേത് മദ്യപിച്ചു പാടുന്ന മട്ടിലുള്ള പാട്ടാണ്. രണ്ടും മാസ്റ്ററുടെ പ്രതീക്ഷക്കൊത്തുയർന്നുതന്നെ പാടി വർഗീസ്. നാടകത്തിന്റെ പിന്നണിയിൽ പാടിയത് വർഗീസാണെങ്കിലും ഗ്രാമഫോൺ റെക്കോഡിൽ സ്വർണത്തിന്ന് സുഗന്ധം എന്ന പാട്ട് പാടിയത് യേശുദാസ് ആയിരുന്നു.

ദേവരാജൻ മാസ്റ്ററുടെ പ്രശസ്തമായ പല നാടകഗാനങ്ങളും അദ്ദേഹത്തിൽനിന്ന് നേരിട്ട് പഠിക്കാൻ ഭാഗ്യമുണ്ടായ കഥ ജ്യേഷ്ഠൻ പറഞ്ഞുകേട്ടിട്ടുണ്ട്. ''നാടകത്തിന്റെ ഇടവേളയിൽ ഗാനമേളകൾ നടത്തുന്ന പതിവുണ്ട് അക്കാലത്ത്. ഈ പരിപാടികളിൽ ചേട്ടനാണ് മാഷിന്റെ ഹിറ്റുകൾ പാടുക. അത്യാവശ്യം പ്രതിഫലവും കിട്ടിയിരുന്നു. അർജുനൻ മാഷാണ് അന്ന് സ്റ്റേജ് പരിപാടിയിൽ ഹാർമോണിയം വായിച്ചിരുന്നത്. ലെസ്ലി പീറ്റർ വയലിനും. ചേട്ടന് 25 വയസ്സ്പോലും തികഞ്ഞിരുന്നില്ല അന്ന് എന്നോർക്കണം...'' രണ്ടു കൊല്ലത്തോളം നാടകവേദികളിൽ പാടിയ ശേഷം മദ്രാസിലേക്ക് മടങ്ങിപ്പോകുന്നു വർഗീസ്. സിനിമ എന്ന സ്വപ്നം മാഞ്ഞുപോയിരുന്നില്ല മനസ്സിൽനിന്ന്.

മാനസവീണയുടെ കഥ

നിർമാതാവും സംവിധായകനുമായ ഡോ. ബാലകൃഷ്ണനാണ് 'കല്യാണപ്പന്തലി'ൽ പാടാൻ അവസരമൊരുക്കിയത്. രണ്ടു സോളോ ഗാനങ്ങൾ യൂസഫലി-എ.ടി. ഉമ്മർ ടീമിന് വേണ്ടി പാടി വർഗീസ്. മാനസവീണക്ക്​ പുറമെ മയ്യെഴുതി കറുപ്പിച്ച കണ്ണിൽ എന്നൊരു പാട്ട് കൂടി. പിൽക്കാലത്തൊരിക്കൽ ചെന്നൈ ജെമിനി പാർസൺ കോംപ്ലക്സിലെ ഫ്ലാറ്റിൽ കാണാൻ ചെന്നപ്പോൾ വർഗീസിനെ കുറിച്ച് ഉമ്മർ പങ്കു​െവച്ച നിരീക്ഷണം ഓർമയുണ്ട്: ''യേശുദാസിനെ മനസ്സിൽ കണ്ട് ചിട്ടപ്പെടുത്തിയ പാട്ടായിരുന്നു മാനസവീണയിൽ. യൂസഫലിക്കും യേശു പാടണമെന്നായിരുന്നു ആഗ്രഹം. വർഗീസിന് പാട്ടിനോട് എത്രത്തോളം നീതി പുലർത്താൻ കഴിയുമെന്ന് സംശയമുണ്ടായിരുന്നതുകൊണ്ടാണ്. എന്നാൽ ഞങ്ങളെയെല്ലാം അതിശയിപ്പിച്ചുകൊണ്ട് വർഗീസ് മനോഹരമായിത്തന്നെ പാടി. അതാവശ്യപ്പെടുന്ന ഭാവസൗന്ദര്യത്തോടെ തന്നെ. ഇന്ന് കേൾക്കുമ്പോൾ മറ്റാര് പാടിയാലും ആ പാട്ട് ഇത്ര ശ്രദ്ധിക്കപ്പെടില്ല എന്ന് തോന്നും.''

''മാനസവീണ'' ഭേദപ്പെട്ട ഹിറ്റായെങ്കിലും പിന്നേയും രണ്ടു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു അടുത്ത ബ്രേക്കിന്. 'സ്നേഹയമുന' (1977) യിൽ പാടിച്ചത് സംഗീത സംവിധായകൻ കെ.ജെ. ജോയ്. ''ജോയിയെ ചെന്നൈയിൽ വെച്ച് പരിചയപ്പെട്ടതാണ് ചേട്ടൻ. അടുത്ത ബന്ധമായിരുന്നു. പിന്നീട് നാട്ടിൽ വരുമ്പോൾ കുന്നംകുളത്തെ ഞങ്ങളുടെ വീട് സന്ദർശിക്കാറുണ്ട് അദ്ദേഹം''- ബാബു ഓർക്കുന്നു. ജോയിയുടെ വ്യത്യസ്തമായ മെലഡിയായിരുന്നു യൂസഫലി രചിച്ച ''നീലയമുനേ...''വർഗീസിന്റെ പിന്നണിഗാന ജീവിതത്തിന് അതോടെ മിക്കവാറും തിരശ്ശീല വീഴുകയും ചെയ്തു. കഷ്ടിച്ച് ഒരു പാട്ടു കൂടി പിന്നെയും പാടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

മനം മടുത്താണ് വർഗീസ് പിന്നണിഗാന സ്വപ്നങ്ങൾ ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങിയത്. ''സിനിമാലോകത്ത് ധാരാളം സൗഹൃദങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും അവസരങ്ങൾക്കായി പ്രയോജനപ്പെടുത്തിയില്ല ചേട്ടൻ. ചിലരൊക്കെ പാട്ടുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒന്നും നടന്നില്ലെന്ന് മാത്രം. പിന്നെ സിനിമയിൽ പിടിച്ചുകയറണമെങ്കിൽ ഏതെങ്കിലും ശക്തമായ ഗ്രൂപ്പിന്റെ ഭാഗമാകണം. സ്വതവേ ഉൾവലിയുന്ന പ്രകൃതക്കാരനായ ചേട്ടൻ അതിനൊന്നും നിന്നില്ല. സിനിമയിലെ പൊളിറ്റിക്‌സിൽനിന്നും അകന്നുനിന്നായിരുന്നു അദ്ദേഹത്തിന് ശീലം.'' ഒരു സത്യം കൂടി കൂട്ടിച്ചേർക്കുന്നു ബാബു: ''സമൂഹത്തിലെ പുഴുക്കുത്തുകൾക്കും അസമത്വത്തിനും ജാതിമത ചിന്തകൾക്കും ഒക്കെ എതിരെ എത്രയോ മഹത്തായ ചലച്ചിത്രങ്ങൾ വന്നിട്ടുണ്ടാകാം. നിർഭാഗ്യവശാൽ സിനിമാലോകത്തിന്റെ പിന്നണിയിൽ മറിച്ചായിരുന്നു സ്ഥിതി. അസമത്വവും ജാതി മത രാഷ്ട്രീയവും ഒക്കെ അന്നും കൊടികുത്തിവാണിരുന്നു അവിടെ. ക്രൂരമായ ആ വിവേചനത്തിന്റെ ഇരകളിൽ ഒരാളായിരുന്നു ചേട്ടനും.''


നവംബറിന്റെ 'നേട്ടം'

പാട്ടിനോട് വിടപറഞ്ഞെങ്കിലും സിനിമയിൽനിന്ന് പൂർണമായി അകന്നില്ല വർഗീസ്. 'നവംബറിന്റെ നഷ്ട'ത്തിൽ സംഗീതസംവിധായകനായി അരങ്ങേറിയത് 1982ൽ. ''അച്ഛനുമായി ദീർഘകാലത്തെ സൗഹൃദമാണ് വർഗീസിന്''-പത്​മരാജന്റെ മകനും കഥാകൃത്തുമായ അനന്തപത്​മനാഭന്റെ ഓർമ. ''വർഗീസ് വഴിയാണ് 'നവംബറിന്റെ നഷ്ട'ത്തിന്റെ നിർമാതാക്കൾ അച്ഛനുമായി ബന്ധപ്പെടുന്നത്. ഒരു പാട്ട് കംപോസ് ചെയ്യണം എന്നതിനപ്പുറത്ത് വേറെ താൽപര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല വർഗീസിന്. അച്ഛൻ സസന്തോഷം ആ ആഗ്രഹത്തിന് സമ്മതം മൂളുകയും ചെയ്തു.''

നവാഗത ഗായകരായ ചിത്രയുടെയും അരുന്ധതിയുടെയും ശബ്ദത്തിൽ ഒരു പാട്ട് റെക്കോഡ് ചെയ്യപ്പെട്ടിരുന്നു അതിനകം-''അരികിലോ അകലെയോ''. ആ പാട്ട് ചിട്ടപ്പെടുത്തിയത് എം.ജി. രാധാകൃഷ്ണൻ, ഇനിയുള്ളത് ലളിതമായ ഒരു മെലഡിയാണ്. ഗുണസിങ്ങിന്റെ വാദ്യവിന്യാസ സഹായത്തോടെ വർഗീസ് ഒരുക്കിയ ''ഏകാന്തതേ നിന്റെ ദ്വീപിൽ'' എന്ന ഗാനം പാടിയത് ജെൻസി. ''തരംഗിണിയിലായിരുന്നു റെക്കോഡിങ്​'' -ജെൻസിയുടെ ഓർമ: ''മലയാളത്തിൽ ഞാൻ പാടിയ പാട്ടുകളിൽ എന്റെ ഹൃദയത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന രണ്ടു പാട്ടുകളിൽ ഒന്നാണത്. 'വീണപൂവി'ലെ ''സ്വപ്‌നം കൊണ്ട് തുലാഭാരം'' ആണ് മറ്റൊരു ഗാനം...''

സിനിമാ സംഗീതവുമായുള്ള വർഗീസിന്റെ ബന്ധം അതോടെ അവസാനിച്ചുകഴിഞ്ഞിരുന്നു. പിന്നീട് ഒന്നുരണ്ടു ചിത്രങ്ങളിൽ നിർമാണ പങ്കാളിയായി. സാമ്പത്തികമായി ഏറെ ബാധ്യതകൾ വരുത്തിവെച്ച പരീക്ഷണം. സ്ഥാവര ജംഗമ വസ്തുക്കൾ പലതും വിൽക്കേണ്ടിവന്നു. തുടർച്ചയായ തിരിച്ചടികൾ ചേട്ടന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നത് വേദനയോടെ കണ്ടുനിന്നവരിൽ ബാബുവും ഉണ്ടായിരുന്നു. ജന്മസിദ്ധമായ സംഗീതലഹരി മറ്റു ചില ലഹരികൾക്ക് വഴിമാറിയിരുന്നു അപ്പോഴേക്കും. നിറവേറാതെ പോയ ഒരുപിടി സ്വപ്‌നങ്ങൾ ബാക്കിവെച്ച്‌ യാത്രയാകുമ്പോൾ വർഗീസിന് പ്രായം 58 വയസ്സ്. പത്രങ്ങളിലെ ചരമക്കോളത്തിൽ അപ്രധാനവാർത്തയായി ഒതുങ്ങിപ്പോയി ആ മരണം.

വർഗീസിന്റെ ഭാര്യ ഓമനയും ഏക മകൻ അനീഷും കുന്നംകുളത്തുണ്ട്. 2001 ഒക്ടോബർ 27ന് വർഗീസ് അന്തരിക്കുമ്പോൾ അനീഷിന് പ്രായം 21. ആയുഷ്കാലം മുഴുവൻ സംഗീതത്തെ അളവറ്റ് സ്നേഹിച്ച പിതാവിന് ആ സ്നേഹത്തിന്റെ ഒരംശമെങ്കിലും തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിച്ചുപോകാറുണ്ട് ഇന്നും അനീഷിന്റെ മനസ്സ്.

''പാരിരുൾ മൂടിയ പാതയിലെന്നുടെ പാലൊളിദീപം നീയല്ലേ'' എന്ന് പാടിയ ഗായകന്റെ ജീവിതത്തിൽ പ്രതീക്ഷയുടെ ദീപം എന്നും അകലെയായിരുന്നു; കൈയെത്താ ദൂരെ.

l

News Summary - kc verghees memoir by ravi menon