ഷാജഹാൻ തീർത്ത രംഗഭൂവിൽ...
camera_altഡൽഹി നഗരം
‘കാശ്മീരം’ സിനിമ സംഭവിക്കുന്നു. ഡൽഹിയിൽ സിനിമക്ക് വേണ്ടി നടത്തിയ ഒരുക്കങ്ങളും അവിടേക്ക് പുറപ്പെടും മുമ്പ് തൃപ്പൂണിത്തുറ ഹില്‍പാലസില്‍ ‘മണിച്ചിത്രത്താഴ്’ സിനിമയുടെ ചിത്രീകരണം കാണാനിടയായതും മറ്റു ചില കൗതുക സംഭവങ്ങളും വിവരിക്കുകയാണ് ഇത്തവണ.
1993 നവംബര്‍ 5
കൊട്ടാരക്കരയിലെ മേലില എന്ന ദേശത്ത് ആദ്യമായി ഷൂട്ടിങ് നടന്നത് സിബി മലയില്‍ സംവിധാനം ചെയ്ത ‘മുത്താരം കുന്ന് പി.ഒ’ സിനിമയുടേതാണ്. രാജശേഖരന്‍ മേലിലയുടെ നാട്. സിനിമ സംവിധാനസഹായിയായി പ്രവര്‍ത്തിക്കുമ്പോള്‍ കിട്ടിയ കൂട്ടായിരുന്നു രാജശേഖരന്‍. അയാളും കെ.കെ. രാജീവും ഏലിയാസുമൊക്കെ ‘ബട്ടർഫ്ലൈസ്’ റിലീസ് കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് കാണാന്‍ വന്നു. അത് ചിലപ്പോഴൊക്കെ പതിവുള്ളതാണ്. ഏതെങ്കിലും ഒരു കഥ കിട്ടിയാലോ അല്ലെങ്കില്‍ ദൂരദര്‍ശനില്‍ ഒരു പുതിയ പ്രോഗ്രാമിന് സ്ക്രിപ്റ്റ് എഴുതി കൊടുക്കാന്‍ തീരുമാനിച്ചാലോ അതൊന്നു പറയാനും എഴുതിയത് വായിക്കാനുമായിരിക്കും. രാജശേഖരന്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുന്നുണ്ട്. അതിന്‍റെ കഥ പറയാനായിരുന്നു അന്ന് ഞങ്ങളിരുന്നത്. ‘നിമിത്തം’ എന്നായിരുന്നു ആ സിനിമയുടെ പേര്. തിരക്കേറിയ ഒരു ബസ് സ്റ്റാൻഡിൽ ആളില്ലാതെ കാണുന്ന ഒരു ബ്രീഫ് കേസും അതിനെക്കുറിച്ചുള്ള പ്രശ്നങ്ങളുമാണ് മുഖ്യകഥ.
നാടകപ്രവര്‍ത്തകരായ രണ്ടുപേര്‍ മറന്നുവെച്ചുപോയ ആ പെട്ടി ആള്‍ക്കാരുടെയിടയിലുണ്ടാക്കുന്ന കുറേ നൂലാമാലകള്‍, അതൊന്നുമറിയാതെ ആ പെട്ടി അന്വേഷിച്ചുവന്ന അതിന്‍റെ ഉടമസ്ഥര്‍ കാഴ്ചക്കാരാവുന്നതുമായ ആ ഷോര്‍ട്ട് ഫിലിമില്‍ ബോബി കൊട്ടാരക്കരയും പ്രശസ്ത കാഥികനും നടനുമായ വി.ഡി. രാജപ്പനുമായിരുന്നു അഭിനയിച്ചത്. അഴഗപ്പനായിരുന്നു കാമറ ചെയ്തത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ പൂജ ചെയ്ത് മേലിലയില്‍ ഷൂട്ട് തുടങ്ങുമ്പോള്‍ ഞാനതിന്‍റെ പിന്നണിയില്‍ അസിസ്റ്റന്‍റ് ഡയറക്ടറായിട്ടുണ്ടായിരുന്നു. നാലു ദിവസം കൊട്ടാരക്കരയില്‍ ഷൂട്ട് ചെയ്ത് തിരുവനന്തപുരത്ത് എഡിറ്റ് ചെയ്തപ്പോള്‍ വീണ്ടും ചില സീനുകള്‍ കൂടിയുണ്ടായാല്‍ നല്ലതെന്ന് തോന്നി അതിന്‍റെ പാച്ച് വര്‍ക്ക് തീര്‍ത്ത ദിവസമായിരുന്നു പ്രൊഡക്ഷന്‍ കൺട്രോളര്‍ കല്ലിയൂര്‍ ശശിയേട്ടന്‍ വിളിച്ചത്.
‘‘മധു എവിടെയുണ്ട്..?’’
‘‘തിരുവനന്തപുരത്ത്... എന്താ ശശിയേട്ടാ..?’’
‘‘ഇന്നന്നെ എറണാകുളത്ത് എത്താന്‍ രാജീവ് പറഞ്ഞിട്ടുണ്ട്. സാജന്‍റെയൊപ്പം എഴുതാനായിട്ട് ഇരിക്കണം. അപ്പോ അതിനനുസരിച്ച് ഏര്‍പ്പാടാക്കീട്ട് വന്നോ...’’
‘‘ആരുടെ സിനിമയാ... ലാല്‍ സാറാണോ... സാജന്‍ ‘ബട്ടർഫ്ലൈസി’ന്‍റെ സമയത്ത് പറഞ്ഞ കഥയാണോ... എന്നാ തുടങ്ങുന്നത്... എവിടെയാ ലൊക്കേഷന്‍..?’’ ഒറ്റശ്വാസത്തില്‍ ഞാന്‍ കുറേ ചോദിച്ചു.
‘‘അതൊക്കെ ഇവിടെ എത്തിയിട്ട് അറിഞ്ഞാല്‍ പോരെ..? വേഗം വരാന്‍ നോക്ക്...’’
‘‘ശരിയേട്ടാ... ഇന്നന്നെ പുറപ്പെടാം എവിടേക്കാ എത്തണ്ടത്...’’
മാതാ ടൂറിസ്റ്റ് ഹോമില്‍ എനിക്കൊരു മുറിയുണ്ടായി. സാജന്‍ രാവിലെ എത്തും. കഥ തീരുമാനമായി. സുരേഷ് ഗോപി നായകന്‍. അദ്ദേഹം ചെയ്യാനിരുന്ന ഏതോ ഒരു സിനിമയുടെ പ്രൊഡക്ഷന്‍ കാര്യങ്ങള്‍ മാറിയതുകൊണ്ട് ഡേറ്റ് കിട്ടിയിരിക്കുന്നു. ഡിസംബറില്‍ ഷൂട്ടിങ്. ഡല്‍ഹി ലൊക്കേഷന്‍. നവംബര്‍ മാസം പകുതിയായിരിക്കുന്നു. എഴുത്ത് തീര്‍ത്ത്, ഷൂട്ട് തുടങ്ങാന്‍ ഒരുമാസം കഷ്ടി.
തിരക്കഥയെഴുതാനും അഭിനേതാക്കളെ തീരുമാനിക്കാനും ലൊക്കേഷന്‍ കാണാനും അതെല്ലാം ഉറപ്പിക്കാനുമായി ദിവസങ്ങള്‍ കുറവ്. ഒരുമാസംകൊണ്ട് എല്ലാം ശരിയാക്കണം. ഞങ്ങളെ ഒരുഭാഗത്ത് ഇരുന്ന് എഴുതാനൊരുക്കി കല്ലിയൂര്‍ ശശിയേട്ടന്‍, ഡല്‍ഹിക്ക് പറന്നു. പോകുന്നതിനു മുമ്പേ സാജന്‍ കൊടുത്ത ഒരു ലിസ്റ്റ് ഉണ്ടായിരുന്നു. സിനിമക്കാവശ്യമായ ഇടങ്ങള്‍. സുപ്രീംകോര്‍ട്ട് ജഡ്ജിയുടെ വീട്. ഡിഫന്‍സ് മിനിസ്റ്റര്‍ സെക്രട്ടറിയുടെ വീട്, എന്‍.എസ്.ഡി ട്രെയിനിങ് ക്യാമ്പ്, ഓഫിസ്, ഡല്‍ഹിയിലെ വിവിധ റോഡുകള്‍, ചാണക്യപുരി, കൊണാട്ട് പ്ലേസ്, പാലിക ബസാര്‍ മാര്‍ക്കറ്റ്, എയര്‍പോര്‍ട്ട്, യമുന പാലം അങ്ങനെ ഡല്‍ഹി പരിപൂര്‍ണമായും കാഴ്ചയാക്കാന്‍ പറ്റുന്ന എല്ലാമടങ്ങിയ ഒരു ലിസ്റ്റ്. ശശിയേട്ടന്‍ അതൊന്നു വായിച്ചുനോക്കിയിട്ട് ഒരു ചിരി ചിരിച്ചു.
‘‘ഇതിനൊക്കെ പെര്‍മിഷന്‍ കിട്ട്വോ...’’
‘‘നമ്മള് ശ്രമിക്കുവല്ലേ ശശീ...’’ എന്നാണ് സാജന്‍ പറഞ്ഞത്.
ബി.ടി.എച്ചില്‍ ആ സമയത്ത് പ്രിയദര്‍ശന്‍ സംവിധാനംചെയ്യാന്‍ പോകുന്ന ‘തേന്മാവിന്‍ കൊമ്പത്തി’ന്‍റെ പാട്ട് കമ്പോസിങ് നടക്കുന്നുണ്ടായിരുന്നു. ബേണി ഇഗ്നേഷ്യസും എം.ജി. ശ്രീകുമാറും ഒക്കെ ഇരുന്ന് ചെയ്യുന്ന സമയത്തുതന്നെയായിരുന്നു നമ്മുടെ സിനിമയുടെ പാട്ട് കൂടി കമ്പോസ് ചെയ്തത്. എം.ജി. രാധാകൃഷ്ണന്‍ ചേട്ടനെ മാത്രം വിളിച്ചുവരുത്തിയാല്‍ മതിയായിരുന്നു. രണ്ട് സിനിമയുടെയും ഗാനരചന ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു. ‘‘പോരുനീ വാരിളം ചന്ദ്രലേഖേ’’, ‘‘നോവുമിടനെഞ്ചില്‍’’ എന്നീ രണ്ട് പാട്ടുകള്‍ ഗിരീഷ് പുത്തഞ്ചേരി എഴുതാന്‍ ട്യൂണ്‍ ഒരു കാസറ്റിലാക്കി റൂമിലേക്ക് മാറി. പാട്ടുകള്‍ മദ്രാസില്‍ റെക്കോഡ് ചെയ്യാനായി അവര്‍ പോവുകയുംചെയ്തു.
ഡല്‍ഹിയുടെയും ആഗ്രയിലെ താജ് മഹലിന്‍റെയും വിവിധ കൊട്ടാരങ്ങളുടെയും മ്യൂസിയത്തിന്‍റെയും ബാക് ഗ്രൗണ്ടിൽ നാഥുറാമും മാനസിയും പങ്കെടുക്കുന്ന പ്രണയരംഗങ്ങള്‍ ചേര്‍ന്ന ആദ്യപാട്ടും ഉണ്ണിയുടെ മരണമറിഞ്ഞതിനുശേഷമുള്ള വിരഹമാര്‍ന്ന സിറ്റ്വേഷന്‍സുള്ള ഗാനത്തിനും വേണ്ട കാര്യങ്ങള്‍ രാജീവേട്ടന്‍ ദൃശ്യങ്ങളുടെ അകമ്പടിയോടെ ഗിരീഷിന് പറഞ്ഞുകൊടുത്തു. എന്നിട്ടാണ് അദ്ദേഹത്തെ മദ്രാസിനു വിട്ടത്. നിമിഷനേരംകൊണ്ട് മനോഹരമായ ഗാനങ്ങള്‍ കവിതപോലെ എഴുതുന്ന ഒരു ദേവസ്പര്‍ശം ഗിരീഷിനുണ്ടായിരുന്നു. ശാന്തിഗിരിയിലെ കുംഭമേളയും പൗര്‍ണമി സങ്കൽപവുമൊക്കെ രാജീവേട്ടനുമായി ഇരുന്നപ്പോഴൊക്കെ ഗിരീഷ് പലതുമറിയുന്ന കൂട്ടത്തില്‍ അറിഞ്ഞിരുന്നു. ശാന്തിഗിരിയാശ്രമത്തില്‍ ഒരിക്കല്‍ വരണമെന്നും പറഞ്ഞിരുന്നു. അതിന്‍റെയൊരു നിറവ് ആ പാട്ടുകളില്‍ ഉണ്ടായിരുന്നു.
ബി.ടി.എച്ചില്‍തന്നെ സുരേഷ് ഗോപി താമസിക്കുന്നുണ്ട്. ‘മണിച്ചിത്രത്താഴ്’ സിനിമയുടെ അതിവേഗ ഷൂട്ടിങ് നാലഞ്ചു യൂനിറ്റുകളായി തൃപ്പൂണിത്തുറ ഹില്‍പാലസില്‍ നടക്കുന്നു. കഥയുടെ പ്ലോട്ടും വിശദാംശങ്ങളും പാട്ട് കമ്പോസ് ചെയ്ത കാര്യങ്ങളുമൊക്കെ പറയാന്‍ ഒരുദിവസം ഹില്‍ പാലസിലേക്ക് പ്രൊഡ്യൂസര്‍ സുരേഷ് കുമാറിനും രാജീവേട്ടനും സാജനും ഒപ്പമെത്തി. ഹിൽപാലസില്‍ സിദ്ദീഖ്-ലാല്‍ ഇന്നസന്‍റിന്‍റെ സീനുകളെടുക്കുന്നു, ഫാസില്‍ സാര്‍ മോഹന്‍ലാല്‍ സാറും സുരേഷ് ഗോപിയും ശോഭനയും ചേർന്നുള്ള സീനുകള്‍ എടുക്കുന്നു, ആനന്ദക്കുട്ടന്‍, വേണു തുടങ്ങിയ ഛായാഗ്രാഹകര്‍, നെടുമുടി വേണു, കെ.പി.എ.സി ലളിത, കുതിരവട്ടം പപ്പു, ഗണേഷ് കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍. ശരിക്കും ഒരുത്സവത്തിനെത്തിയ പ്രതീതി.
ഹിൽപാലസിലെ മുകളിലത്തെ വരാന്തയിലിരുന്നാണ് സുരേഷ് ഗോപിയോട് കാര്യങ്ങള്‍ വിശദീകരിച്ചത്. ആര്‍ക്കും ഒന്നിനും സമയമില്ലാത്തപോലെ എല്ലാവരും തിരക്കിട്ട് ഷൂട്ട് തീര്‍ക്കാന്‍ സഹകരിക്കുന്നു. കാരണം, സിനിമ ക്രിസ്മസിന് റിലീസ് തീരുമാനിച്ചിട്ടുണ്ട്. സിനിമ ചെയ്യുന്നവരുടെ നിസ്സീമമായ ആത്മാർഥത ആ ചിത്രത്തിന്‍റെ ഷൂട്ടിങ് ഇടത്ത് കാണുമ്പോള്‍തന്നെ മനസ്സിലാവും, അതൊരു മഹാസംഭവമായിത്തീരുമെന്ന്. അത്രയും സന്തോഷത്തോടെയായിരുന്നു ഫാസില്‍ സാറും കൂട്ടരും ആ സിനിമ ചിത്രീകരിക്കുന്നത്. നിറഞ്ഞ മനസ്സ്, തെളിഞ്ഞ സന്തോഷം. വരാന്തയിലെ ജനാലയിലൂടെ നോക്കിയാല്‍ താഴെ ഒരു വലിയ ജനാവലി ഷൂട്ടിങ് കാണാന്‍ എത്തിയിരിക്കുന്നു. ഹിൽപാലസ് അക്കാലത്ത് നിറയെ ഷൂട്ട് നടന്ന സ്ഥലമാണെങ്കിലും ആള്‍ക്കൂട്ടത്തിനൊരവസാനവുമില്ല. ‘മൂന്നാംമുറ’യും ‘ഓര്‍ക്കാപ്പുറത്തു’മൊക്കെ ചിത്രീകരിച്ച സ്ഥലം. ഈ ആള്‍ക്കൂട്ടംതന്നെയാണ് സിനിമയെന്ന മഹാപ്രസ്ഥാനത്തെ ഇന്നും നിലനിര്‍ത്തുന്നത്.
മാതാ ടൂറിസ്റ്റ് ഹോമില്‍ ആ സമയത്ത് മാധവിക്കുട്ടി എഴുതിയ ‘ശര്‍ക്കര കൊണ്ടൊരു തുലാഭാരം’ എന്ന കഥ സിനിമയാക്കാന്‍ ഒരു സംഘം തിരക്കഥ എഴുതാനിരിക്കുന്നുണ്ടായിരുന്നു. ആലപ്പുഴയിലെ ഉവൈസും കൂട്ടുകാരുമായിരുന്നു അത്. ജോണങ്കിളിന്‍റെയും സിബി സാറിന്‍റെയുമൊക്കെ കൂട്ടുകാരന്‍. സിബി മലയിലിനെക്കൊണ്ട് സിനിമ സംവിധാനം ചെയ്യാനായിരുന്നു അവര്‍ തീരുമാനിച്ചിരുന്നെഴുതിയത്. സാജനറിയുന്നവരായിരുന്നു അവര്‍. ഇടക്കൊക്കെ ഞങ്ങളുടെ എഴുത്തിന്‍റെ മുറുക്കത്തിനിടയില്‍ അവര്‍ കയറിവരും. സാജനവരോട് മനോഹരമായി സംസാരിക്കും. സാജന്‍ പോയിക്കഴിയുന്ന രാത്രികളില്‍ ഉവൈസ് വന്നിരുന്ന് മലയാള സിനിമയുടെ ആലപ്പുഴ ചരിത്രം മുഴുവനും പറയും ഉദയ സ്റ്റുഡിയോ, കുഞ്ചാക്കോ, അതിന്‍റെ ഒടുക്കത്തെ കണ്ണികളായ ഫാസില്‍, സിബി മലയില്‍, അങ്ങനെ വെളുക്കെ വെളുക്കെ പറയാന്‍ ഉവൈസിനൊരുപാട് കഥയുണ്ടാവും.
എഴുത്തിന്‍റെ യാതൊരുവിധ അങ്കലാപ്പുമില്ലാത്ത ഒരെഴുത്തുകാരനായിരുന്നു എ.കെ. സാജന്‍. എന്തും എത്രയും നിസ്സാരമായി കാണുകയും എന്നാലൊടുവിലൊരു മികവ് കാണിക്കുകയും ചെയ്യുന്ന ഒരത്ഭുതവിദ്യ സാജന്‍റെ എഴുത്തിലുണ്ടായിരുന്നു. നമുക്ക് തോന്നുന്ന ഒരു ടെന്‍ഷനും പുറത്ത് കാണിക്കാത്ത ഒരാളോടൊപ്പമിരുന്നെഴുതുന്നത് സത്യത്തില്‍ നമ്മളെയും പലതും പഠിപ്പിക്കുന്നുണ്ട്. ഓരോ സിനിമയും ഒരനുഭവമാണ്. ഒഴുകുന്ന ഒരു നദിയെ വീണ്ടും കാണാനാവില്ല എന്നതുപോലെ ചെയ്തുതീര്‍ന്ന സിനിമകളൊരിക്കലും വീണ്ടുമൊരു കാഴ്ചയാവില്ല. സ്ഥലവും സമയവും ആളുകളും അവരുടെ മനസ്സും ശരീരവുമൊക്കെ മാറിപ്പോകും. റീമേക്ക് ചെയ്യുന്നതൊക്കെ സത്യത്തില്‍ പുനരാവിഷ്കരിക്കുന്നു. ആളുകള്‍ മാറുന്ന പറഞ്ഞുതീര്‍ന്ന ഒരു കഥ.
സാജനോടൊപ്പമുള്ള മൂന്നാമത്തെ സിനിമയെഴുത്ത്, മറ്റു രണ്ടു സിനിമകള്‍പോലെയായിരുന്നില്ല. കഥയുടെ ഒരു ലൈന്‍ തീര്‍ത്തുകഴിഞ്ഞപ്പോള്‍ സീന്‍ തിരിച്ച് സംഭാഷണംകൂടി എഴുതി തുടങ്ങി. സാജന്‍ പറഞ്ഞുതരും ഞാനെഴുതും. അതിനിടയില്‍ രാജീവേട്ടന്‍ മദ്രാസില്‍നിന്നു വിളിക്കും. അഭിനയിക്കുന്നവരുടെ പേരുകള്‍ ചോദിക്കും. കഥാപാത്രങ്ങള്‍ക്കനുസരിച്ച് ചിലരുടെ ദിവസങ്ങള്‍ വിളിച്ചുറപ്പിക്കാനാണത്. സുപ്രീംകോടതി ജഡ്ജായിട്ട് ശാരദയെ തീരുമാനിച്ചു. അന്നുവരെ മലയാള സിനിമയില്‍ സീനിയര്‍ ജഡ്ജായി പുരുഷന്മാരായിരുന്നു അഭിനയിച്ചുവന്നത്. അതിനൊരു മാറ്റം വേണമെന്ന് ആലോചിച്ചാണ് വനിത ജഡ്ജാക്കിയത്. അവര്‍ക്കൊരു സഹോദരിയുള്ളത് ഡിഫന്‍സ് മിനിസ്റ്ററുടെ സെക്രട്ടറിയായി ജോലിചെയ്യുന്നു. അത്തരം ഉയര്‍ന്ന പൊസിഷനിലും പലപ്പോഴും പുരുഷന്മാരാണ്, അതും ഒരു വനിതയാവട്ടെ എന്നു കരുതിയാണ് സഹോദരിയാക്കിയത്.
ആ കഥാപാത്രം ചെയ്യാനായി ഊര്‍മിള ഉണ്ണിയെയും തീരുമാനിച്ചു. സുരേഷ് ഗോപിയുടെ ചീഫ് ഓഫിസര്‍ ബലറാമിന്‍റെ കഥാപാത്രം ആര് എന്നാലോചിച്ചപ്പോള്‍ രാജീവേട്ടന്‍ വിളിച്ചുപറഞ്ഞു, രതീഷേട്ടന്‍ അഭിനയിക്കണമെന്ന് ആഗ്രഹം പറഞ്ഞു. മൂന്നാലു വര്‍ഷമായി സിനിമയില്‍നിന്നും ഒഴിഞ്ഞുനിൽക്കുകയായിരുന്ന രതീഷേട്ടന്‍ വന്നാല്‍ അതൊരു ഫ്രഷ് കോംബോ ആവും എന്നുറപ്പിച്ചു. ‘വള്ളി’ എന്ന തമിഴ് സിനിമയില്‍ അഭിനയിച്ച പ്രിയ രാമന്‍ മലയാളത്തില്‍ ഐ.വി. ശശിയുടെ ‘അര്‍ത്ഥന’ എന്ന സിനിമ ചെയ്തിട്ടുണ്ട്. അത് റിലീസ് ആയിട്ടില്ല, നല്ല അഭിനേത്രി എന്നൊരു അഭിപ്രായം കേട്ടപ്പോള്‍ സുരേഷേട്ടനും രാജീവേട്ടനും അവരെ കണ്ടിട്ട് പ്രിയയുടെ പേരു പറഞ്ഞു. അങ്ങനെയാണെങ്കില്‍ അവരുടെ സഹോദരന്‍ കഥാപാത്രവും പുതിയ ആള്‍തന്നെയാവട്ടെ എന്ന് കണ്ടു. ആ നറുക്ക് വീണത് കൃഷ്ണകുമാറിനായിരുന്നു.
‘ബട്ടർഫ്ലൈസ്’ സിനിമയുടെ തിരക്കഥയുടെ എഴുത്ത് പൂർണമാക്കുന്ന ആ സമയത്ത് തിരുവനന്തപുരത്തെ നവരത്ന ഹോട്ടലില്‍ സുരേഷേട്ടന്‍ പറഞ്ഞിട്ട് ഫോട്ടോയുമായി കൃഷ്ണകുമാര്‍ വന്നിട്ടുണ്ട്. അന്നദ്ദേഹം പങ്കജ് ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ആയിരുന്നു. ഇടക്ക് ദൂരദര്‍ശനില്‍ അനൗൺസ്മെന്‍റ് നടത്തുകയും ആങ്കര്‍ ചെയ്യുന്നുമുണ്ടായിരുന്നു. സുന്ദരപുരുഷന്‍. പ്രിയാരാമന്‍റെ കാമുകനായ നാഥുറാമിന്‍റെ വേഷം ഒരു ഹിന്ദി നടന്‍ അല്ലെങ്കില്‍ നോര്‍ത്തിന്ത്യക്കാരനായ ഒരു പുതുമുഖം. ബാക്കിയുള്ള വേഷങ്ങളില്‍ അത്രയൊന്നും തിരക്കില്ലാത്ത ബോളിവുഡ് ആക്ടേഴ്സ്, കഥാപാത്രങ്ങളുടെ പേരു കൊടുത്തിട്ടുള്ളതുകൊണ്ട് അത് മദ്രാസില്‍ ഏര്‍പ്പാടാക്കുമെന്ന് രാജീവേട്ടന്‍ വിളിച്ചുപറഞ്ഞു.
പ്രധാന വില്ലന്‍ കഥാപാത്രം അബ്ബാസ് ഖുറേഷിയെ തേജ് സപ്രുവിനെ കൊണ്ട് അഭിനയിപ്പിക്കാന്‍ കരാറാക്കി. ഗുപ്ത്, മൊഹ്ര, സാജന്‍, തേസാബ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തേജ് സപ്രുവിന് ഒരു തമിഴ് ബന്ധംകൂടിയുണ്ട്. പ്രശസ്ത ബോളിവുഡ് നായികയായ രേഖയുടെ സഹോദരിയാണ് അദ്ദേഹത്തിന്‍റെ ഭാര്യ.
‘കാശ്മീരം’ തേജ് സപ്രുവിന്‍റെ ദക്ഷിണേന്ത്യയിലെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. ആ പരിചയത്തിന്‍റെ പുറത്ത് അദ്ദേഹം രണ്ടാമതും മലയാളത്തില്‍ ചെയ്തത് സുരേഷ് ഗോപിയുടെ സിബി മലയില്‍ സംവിധാനംചെയ്ത ‘അക്ഷരം’ എന്ന ചിത്രത്തിലായിരുന്നു.
തിരക്കഥയില്‍ സംഭാഷണംകൂടി എഴുതിവരുമ്പോള്‍ ചിലപ്പോഴൊക്കെ കഥയുടെ വളര്‍ച്ചക്ക് കുറച്ചുകൂടി സംഭവങ്ങള്‍ ഉണ്ടായാല്‍ നല്ലതെന്ന് കണ്ട് പലപ്പോഴും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമായിരുന്നു. ആ കൂട്ടത്തില്‍ പരിചയക്കാരും സുഹൃത്തുക്കളുമൊക്കെ വന്നുപോകും. പി.എഫ്. മാത്യൂസിനെ അങ്ങനെയാണ് ഞാന്‍ വിളിച്ചത്. സാജനുമായി, അഡ്വക്കറ്റ് ജനറല്‍ ഓഫിസിലെ ജോലി കഴിഞ്ഞുവരുന്ന സമയങ്ങളിലും അവധി ദിവസത്തിലുമായി കുറെയേറെ സംസാരിക്കുമായിരുന്നു. നമ്മുടെ കൈയിലാണെങ്കില്‍ ദിവസങ്ങള്‍ കുറച്ചു മാത്രം.
വൈകുന്നേരങ്ങളില്‍ എന്നും സാജന്‍റെ അനുജന്‍ എ.കെ. സന്തോഷും വരുമായിരുന്നു. ധാരാളം സിനിമകള്‍ കാണുകയും അതിന്റേയെല്ലാം കഥ, കൃത്യമായി ഓര്‍ക്കുകയും ചെയ്യുന്ന സന്തോഷ് പല സമയത്തും തിരക്കഥയിലേക്ക് എന്തെങ്കിലും പുതുതായി കൂട്ടിയോജിപ്പിക്കുവാനുതകിയിരുന്നു. ഈ സമയത്ത് രതീഷേട്ടന് സിനിമയില്‍ അഭിനയിക്കാനെന്തോ അസൗകര്യമുണ്ടെന്ന് രാജീവേട്ടന്‍ വിളിച്ചുപറഞ്ഞു. ഇനിയെന്ത്, ആര് ആ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ലാലു അലക്സിന്‍റെ കാര്യം പറഞ്ഞു.
‘‘ഭരതേട്ടന്‍റെ ‘പാഥേയ’ത്തില്‍ അദ്ദേഹം അഭിനയിച്ച് ഒരു തിരിച്ചുവരവ് നടത്തുന്നുണ്ട്. ഗംഭീരമായിട്ടുണ്ട്. അവിടത്തെ സീനുകളൊക്കെ ഞാന്‍ കണ്ടിരുന്നു, അതാ പറഞ്ഞത്. വേറെ ഒന്നും കമ്മിറ്റ് ചെയ്തിട്ടുണ്ടാവില്ല. നമ്മക്ക് വിളിച്ചുനോക്കാം.’’
‘‘നമ്പറുണ്ടെങ്കില്‍ മധു ഒന്ന് വിളിച്ച് ചോദിക്ക്...’’
രാജീവേട്ടന്‍ ഫോണ്‍ കട്ട് ചെയ്തതും ഞാന്‍ ലാലു അലക്സിനെ വിളിച്ച് സിനിമയുടെ കാര്യം പറഞ്ഞു. ഒരുപാട് സന്തോഷത്തോടെയാണ് അദ്ദേഹം അത് സ്വീകരിച്ചത്. ദൈവത്തിനോട് ഒരുപാട് പ്രാർഥന ചൊല്ലി കല്ലിയൂരിന് നമ്പര്‍ കൊടുക്കാന്‍ പറഞ്ഞു. ശശിയേട്ടന്‍ വിളിച്ചുറപ്പിച്ചതിനു ശേഷം ലാലു അലക്സ് തിരിച്ചുവിളിക്കുകയും സാജനോട് കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുകയുംചെയ്തു. സൗഹൃദങ്ങൾക്കും സ്നേഹത്തിനും തുടര്‍ച്ചയുണ്ടാവുന്നത് നിരന്തരമായ കൂടിക്കാഴ്ചകളും സംസാരവുമാണ്. ലാലു അലക്സിനോടൊപ്പം വീണ്ടും കണ്ടുമുട്ടുന്നു. അനുഗ്രഹത്തിനും പ്രാർഥനക്കുമൊക്കെ അര്‍ഥമുണ്ടാവുന്നു.
രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ രാജീവേട്ടന്‍ ഞങ്ങളെ മദ്രാസിലേക്ക് വിളിക്കുകയും, ഞങ്ങളെത്തുകയും ചെയ്തു. ആ നേരം നമ്മുടെ സിനിമയില്‍ ഒരു ഹിന്ദി പാട്ട് കൂടി റെക്കോഡ് ചെയ്യുന്നുണ്ടായിരുന്നു. ‘തേന്മാവിന്‍ കൊമ്പത്തി’ലെ ടൈറ്റിൽ സോങ് പാടിയ ശുഭ മാല്‍ഗുഡിയെക്കൊണ്ട് ആ ഹിന്ദി ഗാനവും പാടിപ്പിച്ചത് ഒരുദിവസം തന്നെയായിരുന്നു. സിനിമ അന്ന് പലപ്പോഴും പെട്ടെന്ന് തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു രീതിയായിരുന്നു എന്ന് ഇന്നിപ്പോള്‍ മനസ്സിലാവുന്നുണ്ട്. പലപ്പോഴും അത്തരം തീരുമാനങ്ങള്‍ തെറ്റാറില്ല എന്നത് അന്നത്തെ അനുഭവങ്ങളുടെ കരുത്തായിരുന്നു. തിരക്കഥയുടെ ഏകദേശരൂപവും, ചെയ്യാനായ കുറേ സീനുകളുമായി ഷൂട്ട് തുടങ്ങുന്നതിനു ഒരാഴ്ചമുമ്പേ സാജനൊപ്പം മദ്രാസില്‍നിന്ന് ഗ്രാന്‍റ് ട്രങ്ക് എക്സ്പ്രസിൽ ഡല്‍ഹിക്ക് തിരിച്ചു.
ഡല്‍ഹിയില്‍ ചാണക്യപുരിയിലെ ഒഡിഷ നിവാസിലായിരുന്നു അന്ന് ഞങ്ങള്‍ താമസിച്ചത്. ഷൂട്ടിങ് തുടങ്ങുന്നതിനുമുമ്പേ എല്ലാവര്‍ക്കും താമസിക്കാനുള്ള ഹോട്ടലുകള്‍ ശശിയേട്ടനും സംഘവും അന്വേഷിച്ചുറപ്പിക്കുന്നതുവരെ ഒഡിഷ നിവാസില്‍ താമസം എന്ന് തീരുമാനിച്ച് ഏര്‍പ്പാടാക്കിയതാണ്. സാജനും ഞാനും രാജീവേട്ടനും സുരേഷേട്ടനും അവിടെയായിരുന്നു. ഡല്‍ഹിയില്‍ രാജീവേട്ടന്‍ കണ്ടെത്തിയ ചിത്രീകരണപ്രദേശങ്ങള്‍ സാജനോടൊപ്പം പോയിക്കണ്ടു. ഹരിയാന ബോര്‍ഡറില്‍ ജസ്റ്റിസ് ഉഷാവർമയുടെ വീടായി ഷൂട്ട് ചെയ്യുന്ന സ്ഥലം ഒരു ഫാം ഹൗസായിരുന്നു.
ഡിസംബര്‍ 12ന് ഷൂട്ട് തുടങ്ങുന്നത് തീരുമാനിച്ച ദിവസം രതീഷേട്ടന്‍ ഡല്‍ഹിയിലെത്തി. ലാലു അലക്സേട്ടനോട് പറയുകയും അദ്ദേഹം പുറപ്പെടാന്‍ ടിക്കറ്റ് കൊടുക്കുകയും ചെയ്തപ്പോള്‍ വീണ്ടും ഒരാലോചനയിലൂടെയാണ് ജസ്റ്റിസ് ഉഷാവർമയുടെ സഹോദരിക്ക് പകരം സഹോദരനായി ലാലു അലക്സേട്ടനെ തീരുമാനിച്ചത്. പലതും സിനിമയില്‍ അപ്രതീക്ഷിതമാണ്. ഇന്ന് കാണുന്നതുപോലെയാവില്ല സിനിമയിലുള്ളവരുടെ ജീവിതവും. ഒരുച്ചയില്‍ മാറ്റിനിയോടെ അത് തെളിയും. ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇത്രമേല്‍ നിറഞ്ഞ ഒരു ലോകം എക്കാലത്തും എന്റർടെയ്ൻമെന്‍റ് ബിസിനസിന്‍റേതാണ്. നിമിഷനേരംകൊണ്ട് എല്ലാം മാറിമറിയാം.
ഷൂട്ട് തുടങ്ങാന്‍ പത്തുദിവസമുള്ളപ്പോഴാണ് ശശിയേട്ടന്‍ ഇന്ത്യയില്‍ ടൂറിസം ഡിപ്പാർട്മെന്റ് ഏറ്റെടുത്ത് നടത്തി തുടങ്ങിയ ഹോട്ടലുകളില്‍ ഒന്നായ ഹോട്ടല്‍ രണ്‍ജിത്തിനെക്കുറിച്ച് പറയുന്നത്. ഞങ്ങള്‍ ചെല്ലുമ്പോള്‍ അത് പൂര്‍ണമായും ഉപയോഗയോഗ്യമായിരുന്നില്ല. ആളുകള്‍ തീരെ കുറവ്. കുറച്ച് റൂമുകളില്‍ റഷ്യക്കാരായ സ്ത്രീകളും പുരുഷന്മാരും. സോവിയറ്റ് റഷ്യ അക്കാലത്ത് വളരെ ഗുരുതരമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. 1991ല്‍ സോവിയറ്റ് യൂനിയന്‍ പിരിച്ചുവിടപ്പെടുകയും യെൽറ്റ്സിന്‍റെ സാമ്പത്തിക പരിഷ്കരണ പരിപാടി നടപ്പാവുകയും ചെയ്തു. അതേത്തുടര്‍ന്ന് വിലകള്‍ കുതിച്ചുയരുകയും പുതിയ നികുതികളുണ്ടാവുകയും വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തപ്പോള്‍ പലരും ആ രാജ്യം വിട്ടുപോവുകയും അതില്‍ കുറെപ്പെര്‍ ഇന്ത്യയില്‍ വന്ന് താമസിക്കുകയും ചെയ്തു.
ആ സമയത്ത് റഷ്യന്‍ സ്ത്രീകള്‍ ടൂറിസത്തിന്‍റെ ഭാഗമായും തുകല്‍ കച്ചവടത്തിന്‍റെ സാധ്യതകള്‍ അന്വേഷിച്ചുമൊക്കെ രണ്‍ജിത്ത് ഹോട്ടലില്‍ താമസിച്ചിരുന്നു. അവര്‍ മാത്രമായിരുന്നു ആ വലിയ ഹോട്ടലിലെ താമസക്കാര്‍. ഒരു മുറിയില്‍നിന്നും മറ്റൊരു മുറിയിലേക്ക് പോകണമെങ്കില്‍ സൈക്കിളെടുത്ത് പോകണമെന്ന് ഞങ്ങള്‍ തമാശക്ക് പറയും. അത്രയധികം മുറികളുണ്ടായിരുന്നു. 14 നിലകളിലായി നിറയെ കോറിഡോറുകള്‍ തലങ്ങും വിലങ്ങുമായി ഒരു വലിയ ഹോട്ടല്‍തന്നെയായിരുന്നു അക്കാലത്തെ രണ്‍ജിത്ത് ഹോട്ടല്‍. ഹോട്ടല്‍ ജോലിക്കാര്‍ ആണെങ്കില്‍ മുഴുവന്‍ പേരും അറുപതും എഴുപതും വയസ്സുള്ളവര്‍. ബോയ് എന്നു വിളിച്ചാല്‍ അവരിഴഞ്ഞെത്തുമ്പോഴേക്കും ഒരു നേരമാവും. അങ്ങനെയുള്ളവരായിരുന്നു ആ പാവം ജോലിക്കാര്‍. ഹോട്ടല്‍ അന്നുതന്നെ ആളുകളെ പിരിച്ചുവിട്ട് പൂട്ടാന്‍ പോകുന്ന ഒരു സമയമായിരുന്നു. ഞങ്ങള്‍ താമസിച്ച് ഒരു മൂന്നുനാലു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ടൂറിസ്റ്റ് ഡിപ്പാര്‍ട്മെന്‍റ് ആ ഹോട്ടലില്‍നിന്ന് പിന്മാറുകയുണ്ടായി.
രേവതി കലാമന്ദിര്‍ യൂനിറ്റിലെ പ്രൊഡക്ഷന്‍ ടീം മുഴുവന്‍ അംഗങ്ങളും ആ ഹോട്ടലില്‍തന്നെ താമസിച്ചുകൊണ്ട് ഷൂട്ട് തുടങ്ങാനായതിനാൽ വലിയ ആവേശത്തിലായിരുന്നു ശശിയേട്ടന്‍. ഡല്‍ഹിപോലൊരു സ്ഥലത്ത് പലരും പല ഹോട്ടലുകളിലാണെങ്കില്‍ സമയത്ത് ആളുകളെ ലൊക്കേഷനില്‍ എത്തിക്കാനും കൊണ്ടുവരാനുമൊക്കെ വളരെ ബുദ്ധിമുട്ടുമെന്ന് അറിഞ്ഞതുകൊണ്ട് രാജ രണ്‍ജിത് മാന്‍സിങ് റോഡിലെ ഹോട്ടല്‍ രണ്‍ജിത് എല്ലാ അർഥത്തിലും ഒരഭയസങ്കേതമായിരുന്നു. മെസ്സ് മുതല്‍ മുഴുവന്‍ താരങ്ങളും അവിടെ താമസിച്ചു.
ഷൂട്ട് തുടങ്ങുമ്പോള്‍ ഡല്‍ഹിയില്‍ ഞങ്ങള്‍ക്ക് താങ്ങും തണലുമായത് എസ്. കൃഷ്ണകുമാര്‍ സാറും അദ്ദേഹത്തിന്‍റെ സഹധര്‍മിണി ഉഷ കൃഷ്ണകുമാറുമായിരുന്നു. ഒരര്‍ഥത്തില്‍ ആ വീട് തന്നെയായിരുന്നു രേവതികലാമന്ദിറിന്‍റെ പ്രൊഡക്ഷന്‍ ഓഫിസ്. ഡല്‍ഹി നഗരത്തിലെ റോഡുകളും മറ്റും ഷൂട്ട് ചെയ്യാന്‍ അനുവാദം കിട്ടുന്നത് വളരെ ബുദ്ധിമുട്ടേറിയ അവസ്ഥയാണ് അന്നും ഇന്നും. എന്നിട്ടും കൃഷ്ണകുമാര്‍ സാര്‍ രണ്ടുപേരെ നമ്മള്‍ക്കായി വിട്ടുതന്നു. അതുകൊണ്ടുതന്നെ പാര്‍ലമെന്‍റ് റോഡും ചാണക്യപുരിയും തീന്മൂര്‍ത്തി ഭവനുമൊക്കെ ഒരു തടസ്സവുമില്ലാതെ ഷൂട്ട് ചെയ്യാന്‍ അനുവാദം കിട്ടി. ഷൂട്ട് തീരുന്നതുവരെയെന്നും സമയബന്ധിതമായി രണ്ട് ജീപ്പ് പൊലീസ് ടീമിനെ സെക്യൂരിറ്റിയായി അനുവദിച്ചുതരുകയും ചെയ്തു.
രാവിലെ ആറു മുതല്‍ ഉച്ചക്ക് രണ്ടുവരെ ഒരു ടീമും അതു കഴിഞ്ഞ് തീരുന്നതുവരെ രണ്ടാമത്തെ ടീമുമായി ഒരുവിധ പ്രശ്നവുമില്ലാതെ ഷൂട്ട് ചെയ്യാനായി. കഥയില്‍ തോക്ക് ഒരു പ്രധാന ആര്‍ട്ട് പ്രോപര്‍ട്ടിയായതുകൊണ്ട് മദ്രാസില്‍നിന്നും നിറയെ ഡമ്മി തോക്കുകള്‍ കൊണ്ടുവന്നിരുന്നു. അതില്‍ ചില തോക്കുകള്‍ തോളില്‍ തൂക്കി ആര്‍ട്ട് അസിസ്റ്റന്‍റ് റോഡിലൂടെ നടന്നപ്പോള്‍ പൊലീസ് വരുകയും അയാളെ പിടിച്ചുകൊണ്ടുപോവുകയുംചെയ്തു. എന്നും എന്തും അപ്രതീക്ഷിതമായി നടക്കുന്നയിടത്ത് ഇതുപോലെയുള്ള കാര്യങ്ങളില്‍ അതീവ ശ്രദ്ധവേണമെന്ന് പറഞ്ഞ് അയാളെ ഇറക്കിവിട്ടു. അത്രത്തോളം ശ്രദ്ധയോടെയാണ് ഡല്‍ഹിയിലെ പൊലീസ് സേന തലസ്ഥാന നഗരം കാത്തുസൂക്ഷിക്കുന്നത്.
