രാഷ്‌ട്രീയഭാഗ്യം പിഴച്ച എം.ജി.ആർ ഫാൻബോയ്

നർമബോധംകൊണ്ടും നിർബന്ധബുദ്ധികൊണ്ടും പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുന്ന നായകനായി തമിഴ് സിനിമയിൽ തിളങ്ങിയ താരമാണ് കെ. ഭാഗ്യരാജ്. പിന്നീട് എം.ജി.ആറിന്റെ അനുഗ്രഹവും താരപരിവേഷവും ഉപയോഗപ്പെടുത്തി അദ്ദേഹം തമിഴ് രാഷ്ട്രീയത്തിലും ഭാഗ്യപരീക്ഷണം നടത്തി. എന്നാൽ, സിനിമയിൽനിന്ന് ലഭിച്ച വലിയ തിളക്കം അദ്ദേഹത്തിന് രാഷ്ട്രീയത്തിൽനിന്ന് ലഭിച്ചില്ലെന്ന് പറയാം. ഭാഗ്യരാജിന്റെ സിനിമ-രാഷ്ട്രീയ ജീവിതത്തിലൂടെയാണ് ഇത്തവണ സഞ്ചരിക്കുന്നത്. 1980കളിൽ, തൊട്ടുമുമ്പുള്ള ദശകങ്ങളിലെ മെലോഡ്രമാറ്റിക് ജീവിതാവിഷ്കാരത്തെ പുറന്തള്ളി തമിഴ് സിനിമ പ്രമേയ സ്വീകരണത്തിലും ദൃശ്യപരിചരണത്തിലും ആഖ്യാന ശൈലിയിലും...
Your Subscription Supports Independent Journalism
View Plansനർമബോധംകൊണ്ടും നിർബന്ധബുദ്ധികൊണ്ടും പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുന്ന നായകനായി തമിഴ് സിനിമയിൽ തിളങ്ങിയ താരമാണ് കെ. ഭാഗ്യരാജ്. പിന്നീട് എം.ജി.ആറിന്റെ അനുഗ്രഹവും താരപരിവേഷവും ഉപയോഗപ്പെടുത്തി അദ്ദേഹം തമിഴ് രാഷ്ട്രീയത്തിലും ഭാഗ്യപരീക്ഷണം നടത്തി. എന്നാൽ, സിനിമയിൽനിന്ന് ലഭിച്ച വലിയ തിളക്കം അദ്ദേഹത്തിന് രാഷ്ട്രീയത്തിൽനിന്ന് ലഭിച്ചില്ലെന്ന് പറയാം. ഭാഗ്യരാജിന്റെ സിനിമ-രാഷ്ട്രീയ ജീവിതത്തിലൂടെയാണ് ഇത്തവണ സഞ്ചരിക്കുന്നത്.
1980കളിൽ, തൊട്ടുമുമ്പുള്ള ദശകങ്ങളിലെ മെലോഡ്രമാറ്റിക് ജീവിതാവിഷ്കാരത്തെ പുറന്തള്ളി തമിഴ് സിനിമ പ്രമേയ സ്വീകരണത്തിലും ദൃശ്യപരിചരണത്തിലും ആഖ്യാന ശൈലിയിലും വലിയ കുതിച്ചുചാട്ടം നടത്തിയപ്പോൾ അതിനു നേതൃനിരയിൽ നിന്നവരാണ് ഭാരതിരാജ, ബാലുമഹേന്ദ്ര, മണിരത്നം എന്നീ ചലച്ചിത്രകാരന്മാർ. ഇവരുടെ സമകാലികനായി നിന്നുകൊണ്ട് സാധാരണ മനുഷ്യരുടെ ജീവിത സങ്കീർണതകൾ നർമസന്ദർഭങ്ങളുടെ മേമ്പൊടിയോടെ തമിഴ് വാണിജ്യ സിനിമകൾക്ക് അനുരൂപമാക്കി അവതരിപ്പിക്കുന്നതിലായിരുന്നു കെ. ഭാഗ്യരാജ് എന്ന സംവിധായകന്റെ ശ്രദ്ധ. രചനയിലും അഭിനയത്തിലും സംഗീത സംവിധാനത്തിലും അടക്കം സിനിമയുടെ സമഗ്രമേഖലയിലുമുള്ള വല്ലഭത്വം ഭാഗ്യരാജിനെ തിയറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകനും സംവിധായകനുമായി മാറ്റി.
പരമ്പരാഗത സിനിമയിലെ പൗരുഷ സങ്കൽപങ്ങളോട് ഇടഞ്ഞ്, കായബലത്തിലുപരി നർമബോധംകൊണ്ടും നിർബന്ധബുദ്ധികൊണ്ടും പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുന്ന നായകനായാണ് തമിഴ് സിനിമയിൽ ഭാഗ്യരാജ് ഇടം ഉറപ്പിക്കുന്നത്. ദുർബലരായ, അബദ്ധങ്ങളിൽ ചെന്നുവീഴുന്ന നായക കഥാപാത്രങ്ങളെയാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. പാകമെന്നു തോന്നാത്ത കണ്ണടയും കള്ളലക്ഷണവുമുള്ള (തിരുട്ടുമുഴി എന്ന് തമിഴ്), വ്യവസ്ഥാപിത നായകസൗന്ദര്യ സങ്കൽപങ്ങൾക്ക് കടകവിരുദ്ധമായ രൂപഭാവങ്ങൾകൊണ്ട് അന്നുവരെയുള്ള തമിഴ്സിനിമയുടെ വ്യാകരണങ്ങളെ ഭാഗ്യരാജ് വിജയകരമായി അതിലംഘിച്ചു. എന്നാൽ, എം.ജി.ആറിന്റെ കലാരംഗത്തെ പിന്തുടർച്ചാവകാശി എന്ന പ്രതിച്ഛായയോടെ രാഷ്‌ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിച്ച ഭാഗ്യരാജിനു പക്ഷേ, തമിഴ്‍നാടിന്റെ രാഷ്ട്രീയ വ്യാകരണത്തെ ഉല്ലംഘിക്കാനുള്ള കെൽപ് പ്രകടിപ്പിക്കാനായില്ല.
സിനിമയിലേക്ക്
കൊങ്ങുനാട്ടിലെ (പടിഞ്ഞാറൻ തമിഴ്നാട്), ഈറോഡിൽ വെള്ളൻകോവിലിലെ വെള്ളാളർ കൗണ്ടർ വിഭാഗത്തിൽപെട്ട കർഷക കുടുംബത്തിൽ ജനിച്ച ഭാഗ്യരാജിന്റെ സിനിമകൾ പലതും സമാനമായ ഗ്രാമീണ പശ്ചാത്തലത്തിലുള്ളവയാണ്. കോയമ്പത്തൂർ സിദ്ധപുത്തൂരിലുള്ള മണി ഹൈസ്കൂളിലെ ഇംഗ്ലീഷ് ടീച്ചർ ഷണ്മുഖ മണി മാസ്റ്ററായിരുന്നു കലാരംഗത്തേക്കുള്ള പ്രചോദനം. അതിന്റെ നന്ദിസൂചകമായെന്നോണം ഭാഗ്യരാജിന്റെ ഏതാനും ചിത്രങ്ങളിൽ അദ്ദേഹം കഥാപാത്രമായി കടന്നു വരുന്നുണ്ട്. കോളജ് വിദ്യാഭ്യാസകാലത്ത് പിതാവ് മരണമടഞ്ഞതോടെ ഉപജീവനാർഥം ഭാഗ്യരാജ് ചെന്നൈയിലേക്ക് പുറപ്പെട്ടു.
എം.ജി.ആറിന്റെയും രാജേഷ് ഖന്നയുടെയും ആരാധകനായിരുന്ന ഭാഗ്യരാജ് സിനിമയിലേക്കുള്ള വാതിലുകളിൽ മുട്ടാനുള്ള ശ്രമത്തിലായി, പിന്നെ. സിനിമയിലേക്കുള്ള ഭാഗ്യാന്വേഷണങ്ങളെല്ലാം തുടർച്ചയായി പരാജയപ്പെട്ടപ്പോൾ ഒരുഘട്ടത്തിൽ ദൈനംദിന ചെലവുകൾക്കായി റിക്ഷവലിക്കൽപോലുള്ള ജോലികളിൽ ഏർപ്പെട്ടു. എങ്കിലും സിനിമാവസരങ്ങൾക്കായുള്ള ശ്രമങ്ങൾ തുടർന്നുപോന്നു. നല്ല വായനക്കാരനായിരുന്ന ഭാഗ്യരാജ് ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുത്തിലും പരീക്ഷണങ്ങൾ തുടർന്നു. അക്കാദമിക പരിചയത്തിന്റെ അഭാവത്തിലും മികച്ച തിരക്കഥാകൃത്തായി മാറാൻ അദ്ദേഹത്തെ സഹായിച്ചത് ഈ പശ്ചാത്തലമാണ്.
സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്‍റ് ആയാണ് ഭാഗ്യരാജ് സിനിമയിലെത്തുന്നത്. ഇക്കാലത്ത് കോവൈ രാജ എന്ന പേരിലാണ് ഭാഗ്യരാജ് പരിചയക്കാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. 1977ൽ ‘പതിനാറുവയതിനിലെ’ എന്ന ചിത്രത്തിൽ മുഖം കാണിക്കാനും അവസരം ലഭിച്ചു. 1979ൽ ബി.വി. ബാലഗുരു സംവിധാനം ചെയ്ത ‘കന്നി പരുവത്തിൽ’ ആണ് ഭാഗ്യരാജിന്റെ ചലച്ചിത്രം രൂപം പ്രാപിച്ച ആദ്യ തിരക്കഥ. ഭാഗ്യരാജിന്റെ കഴിവുകളിൽ മതിപ്പുതോന്നിയ സംവിധായകർ ജി. രാമകൃഷ്ണനും അദ്ദേഹത്തിന് സംഭാഷണങ്ങൾ എഴുതാൻ അവസരങ്ങൾ നൽകി. ഭാരതിരാജ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ‘സിഗപ്പു റോജാക്കളു’ടെ സംഭാഷണം തയാറാക്കിയത് സഹസംവിധായകനായിരുന്ന ഭാഗ്യരാജായിരുന്നു.
‘കിഴക്കേ പോകും റയിൽ’, ‘ടിക് ടിക് ടിക്’, ‘ഒരു കൈതിയിൻ ഡയറി’പോലുള്ള ചിത്രങ്ങളുടെ രചനകളിൽ ഏറിയും കുറഞ്ഞും പങ്കാളിയായി. 1979ൽ ഭാരതിരാജയുടെ ‘പുതിയ വാർപ്പുക’ളിൽ തിരക്കഥയും സംഭാഷണവും നിർവഹിച്ചതോടൊപ്പം ആദ്യമായി നായകവേഷമിടുകയും ചെയ്തു. ‘സുവരില്ലാത്ത ചിത്രങ്കളി’ലൂടെ ആദ്യമായി സംവിധായക കുപ്പായവുമണിഞ്ഞു. തുടർന്ന് ‘മുന്താണൈമുടിച്ച്’, ‘അന്ത 7 നാട്കൾ’, ‘എങ്ക ചിന്ന റോസാ’, ‘മൗനഗീതങ്കൾ’, ‘സുന്ദരകാണ്ഡം’, ‘ചിന്നവീട്’ തുടങ്ങി 25ലധികം പ്രേക്ഷകപ്രീതിയാർജിച്ച സിനിമകളാണ് കാമറക്ക് മുന്നിലും പിന്നിലുംനിന്ന് ഭാഗ്യരാജ് എന്ന സംവിധായക പ്രതിഭ സൃഷ്ടിച്ചെടുത്തത്. സ്വയം സംവിധാനം ചെയ്തവയും ഭാരതിരാജ, എസ്.പി. മുത്തുരാമൻ തുടങ്ങിയ സംവിധായകരുടേതുമടക്കം 75ഓളം ചിത്രങ്ങളിൽ നായകവേഷമണിഞ്ഞു. ‘ഞങ്ങളിലൊരുവൻ’ എന്ന ഇമേജോടെ ഭാഗ്യരാജിന് പ്രേക്ഷകരുടെ ഇഷ്ടതാരമാവാനും സാധിച്ചു.

ഭാര്യ പൂർണിമ, മകൾ ശരണ്യ, മകൻ ശന്തനു എന്നിവർക്കൊപ്പം ഭാഗ്യരാജ്
ജീവിതത്തിന്റെ സിനിമാറ്റിക് മുഹൂർത്തങ്ങൾ
മേദസ്സില്ലാത്ത ആഖ്യാനത്തിലൂടെ സങ്കീർണമായ വൈകാരിക പ്രമേയങ്ങളെ പോലും അനായാസമായി അവതരിപ്പിക്കാനുള്ള ഭാഗ്യരാജിന്റെ കഴിവ് പലരാലും പ്രശംസിക്കപ്പെട്ടതാണ്. പ്രാദേശിക തനിമ നിലനിർത്തുന്നവയാണെങ്കിലും മിക്ക ചിത്രങ്ങൾക്കും സാർവലൗകികത നിലനിർത്താനായി. ‘മൗനഗീതങ്കളും’ ‘അന്ത ഏഴ് നാട്കളും’ ഹിന്ദി, തെലുഗു, കന്നട ഭാഷകളിൽ റീമേക് ചെയ്യപ്പെട്ടത് ഇതിനുദാഹരണമാണ്. ഹിന്ദിയിലേക്ക് മാത്രം പത്തോളം സിനിമകൾ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പരമ്പരാഗത മൂല്യങ്ങളോട് മുഖം തിരിക്കാനാവാതെയും എന്നാൽ, പുരോഗമന ആശയങ്ങളോട് ആഭിമുഖ്യവുമുള്ള ഒരു സംക്രമണകാല സമൂഹത്തെയാണ് നർമത്തിൽ ചാലിച്ച് ഭാഗ്യരാജ് ചിത്രീകരിച്ചത്.
ആഖ്യാനങ്ങൾ മിക്കവയും സ്ത്രീകഥാപാത്രങ്ങളെ (തായ്കുലം) കേന്ദ്രീകരിച്ചു, വിവാഹ ജീവിതത്തിലെ സംഘർഷങ്ങൾ, അനുരഞ്ജനങ്ങൾ, ഗാർഹിക അസ്വാരസ്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ അഭിസംബോധന ചെയ്തു, ഇത് സ്ത്രീ പ്രേക്ഷകരെ വൻതോതിൽ ആകർഷിച്ചു. ഉഭയാർഥ പ്രയോഗങ്ങൾകൊണ്ട് സഭ്യതയുടെ വരമ്പ് ലംഘിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കുന്ന മുഹൂർത്തങ്ങൾ സൃഷ്ടിക്കുകയും എന്നാൽ, അത് സ്വാഭാവികതയോടെ പ്രേക്ഷകസമൂഹം സ്വീകരിക്കുന്ന രീതിയിൽ പരിചരിക്കപ്പെടുകയും ചെയ്യുന്ന സന്ദർഭങ്ങൾ (‘മുന്താണൈമുടിച്ച്’ എന്ന സിനിമയിൽ ‘മുരിങ്ങക്കായ’യെ ആൺ ലൈംഗികതയുമായി ബന്ധപ്പെടുത്തുന്ന സീൻ ഉദാഹരണം) ഭാഗ്യരാജ് ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകതയാണ്. ജീവിതത്തിന്റെ സിനിമാറ്റിക് മുഹൂർത്തങ്ങൾ ചോർന്നുപോകാതെ ചലച്ചിത്ര സന്ദർഭങ്ങൾ ഒരുക്കുന്നതിൽ ഭാഗ്യരാജ് നിർബന്ധബുദ്ധി കാണിച്ചു. മണിരത്നത്തിന്റെ പ്രശസ്തമായ ‘ദളപതി’ സിനിമയുടെ ക്ലൈമാക്സുമായി ബന്ധപ്പെട്ടു നടത്തിയ വിവാദപരാമർശം ഒരുപക്ഷേ, ഇതിനു തെളിവായി പറയാം.
ആ ചിത്രത്തിൽ കലക്ടർ കഥാപാത്രം തന്റെ സഹോദരനാണെന്ന് തിരിച്ചറിയുന്ന നായകൻ, വികാര വിക്ഷോഭത്തോടെ പ്രതികരിക്കുന്നതിനു പകരം സ്വന്തം ജീവനേക്കാളും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഉറ്റതോഴനുവേണ്ടി എല്ലാം മനസ്സിലടക്കി, അയാളെ വധിക്കാൻ പുറപ്പെട്ടിരുന്നെങ്കിൽ മികച്ച സിനിമാറ്റിക് സന്ദർഭം ഉണ്ടാകുമായിരുന്നു എന്നായിരുന്നു ഭാഗ്യരാജിന്റെ നിരീക്ഷണം മണിരത്നത്തിന്റെ റിയലിസ്റ്റിക് രീതി ആ സിനിമയെ ദുർബലപ്പെടുത്തിയെന്നായിരുന്നു ഇതിന്റെ കാതൽ.
താരപ്രതിച്ഛായക്കും യഥാർഥ ചിത്രീകരണത്തിനും ഊന്നൽ നൽകുമ്പോൾ സിനിമാഖ്യാനത്തിന്റെ ട്വിസ്റ്റിനു അവ പരിക്കേൽപിക്കരുത് എന്ന നിലപാട് മുമ്പും ഭാഗ്യരാജ് സ്വീകരിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനും കമൽഹാസനും ഒന്നിച്ചഭിനയിച്ച ‘ഖബർദാർ’ എന്ന ഹിന്ദി ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ചുള്ള പരാമർശം അതിലൊന്നാണ്. സാധാരണക്കാരന്റെ ജീവിതസമരങ്ങൾ, ധാർമിക പ്രതിസന്ധികൾ എന്നിവയെ അടയാളപ്പെടുത്തുന്ന ഭാഗ്യരാജിന്റെ സിനിമകൾ, അതിന്റെ വിനോദമൂല്യത്തെ മിക്കപ്പോഴും മറികടന്നു, 1980കളിലും 1990കളുടെ തുടക്കത്തിലും തമിഴ്‌നാടിന്റെ വികസിത സാമൂഹിക-സാംസ്കാരിക മുഖത്തെ ആഴത്തിലും എന്നാൽ സങ്കീർണതകളില്ലാതെയും കാണാവുന്ന കണ്ണാടിയാണ് ഭാഗ്യരാജ് ചിത്രങ്ങൾ.
വിശ്വാസവഞ്ചന, ദ്വിഭാര്യത്വം, ജാതീയത തുടങ്ങിയ സങ്കീർണ സാമൂഹിക വിഷയങ്ങൾ ആപേക്ഷിക സാഹചര്യങ്ങളിലൂടെയും സവിശേഷമായ ഇന്ത്യൻ അവസ്ഥയിലൂടെയും വിശകലനം ചെയ്യാനുള്ള മിടുക്കിലാണ് ഭാഗ്യരാജിന്റെ പ്രതിഭയുടെ മിന്നലാട്ടം പ്രകടമാവുക. അത്തരം വൈകാരികാവസ്ഥകളെ വിശാലമായ കുടുംബ പ്രേക്ഷകർക്ക് സ്വീകാര്യവും ജനപ്രിയവുമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. കുടുംബ പ്രേക്ഷകരുടെ ‘ഈവനിങ് ഷോ രാജ’ ആയി ഭാഗ്യരാജ് പ്രശംസിക്കപ്പെട്ടു. സ്വന്തം അഭിലാഷങ്ങളും പോരാട്ടങ്ങളും സ്‌ക്രീനിൽ പ്രതിഫലിക്കുന്നത് കാണുന്ന സാധാരണ പ്രേക്ഷകരുമായി ആഴത്തിൽ സംവദിക്കാൻ അദ്ദേഹത്തിനായി. പരമ്പരാഗത ധീരോദാത്ത നായക മൂല്യത്തെ നിരാകരിച്ചുകൊണ്ടാണ് ഭാഗ്യരാജ് ഇത് സാധിച്ചെടുത്തത്. അതിനായി അദ്ദേഹം നായക സങ്കൽപത്തെ ജനാധിപത്യവത്കരിക്കുകയും ദൈനംദിന മനുഷ്യനെ ഒരു പ്രായോഗിക നായകനാക്കുകയും ചെയ്തു.

വിവാഹസമയത്ത് എം.ജി.ആറിനൊപ്പം
എം.ജി.ആറിന്റെ പിന്തുടർച്ചക്കാരൻ
സിനിമയിൽ ലഭിച്ച വ്യാപകമായ അംഗീകാരം എം.ജി.ആറിനെപ്പോലെ തനിക്കും മുതലീടാകുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യരാജ് രാഷ്ട്രീയ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്. ഭാഗ്യരാജിന്റെ സിനിമകളുടെ രചനയിലും ആവിഷ്കാരത്തിലും അത്യന്തം ആകൃഷ്ടനായ എം.ജി.ആർ അദ്ദേഹവുമായി സവിശേഷമായ സൗഹാർദം പുലർത്തിവന്നിരുന്നു. ആദ്യകാല ഭാഗ്യരാജ് സിനിമകളിൽ മിക്കവാറും എല്ലാറ്റിലും എം.ജി.ആറിന്റെ സാന്നിധ്യം ഉറപ്പാക്കുന്ന പോസ്റ്ററുകളോ ഫോട്ടോയോ ഉൾപ്പെടുന്ന ദൃശ്യങ്ങൾ കാണാം. ഇത് എം.ജി.ആറിനു ഭാഗ്യരാജിനോടുള്ള വാത്സല്യാതിരേകങ്ങൾക്ക് പ്രധാന കാരണമായിരുന്നു. ‘അവസര പൊലീസ് 100’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിക്കുകയും ചെയ്തു. ഒരവസരത്തിൽ, മൺട്ര മുരശ് എന്ന പ്രസിദ്ധീകരണത്തിന്റെ വാർഷികാഘോഷവേളയിൽ തന്റെ പിൻഗാമിയായി ഭാഗ്യരാജിനെ പ്രഖ്യാപിക്കാൻപോലും എം.ജി.ആർ മുതിർന്നു.
എം.ജി.ആറിന്റെ പിൻതുടർച്ചാവകാശം സംബന്ധിച്ച് എ.ഐ.എ.ഡി.എം.കെയിൽ ഉൾപ്പാർട്ടി പോരാട്ടം ശക്തമാവുന്ന ഘട്ടം കൂടിയായിരുന്നു അത്. ആർ.എം. വീരപ്പന്റെ പിന്തുണയോടെ എം.ജി.ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനും അന്ന് എം.പി ആയിരുന്ന ജയലളിതയും പാർട്ടിയിലെ രണ്ടാമനായ വി.ആർ. നെടുംചെഴിയനുമൊക്കെ ഈ മത്സരത്തിൽ സജീവമായിരുന്നു. അതിനാൽതന്നെ എം.ജി.ആറിന്റെ ഈ പ്രഖ്യാപനം പാർട്ടിക്കകത്തും പുറത്തും അമ്പരപ്പ് സൃഷ്ടിച്ചു. കലാപ്രവർത്തനങ്ങളുടെ പിൻഗാമിയായാണ് ഭാഗ്യരാജിനെ താൻ പ്രഖ്യാപിച്ചത് എന്ന് തൊട്ടടുത്ത ദിവസം എം.ജി.ആർ വിശദീകരിച്ചതോടെയാണ് കോളിളക്കം ശമിച്ചത്.
മധ്യവർത്തി ജീവിതസന്ദർഭങ്ങൾ പ്രതിഫലിപ്പിക്കുന്നതിലും സാധാരണക്കാരായ നായകരെ സൃഷ്ടിക്കുന്നതിലുമുള്ള സാമർഥ്യം തന്റെ പിൻഗാമിയാകാനുള്ള ഭാഗ്യരാജിന്റെ യോഗ്യതയായി എം.ജി.ആർ കരുതി. 1987ൽ എം.ജി.ആറിന്റെ മരണശേഷം അദ്ദേഹത്തിന്റെ അനന്തരാവകാശി ആര് എന്നചോദ്യം വീണ്ടും ഉയർന്നു. ഭാര്യ ജാനകിയും ജയലളിതയും കളത്തിലിറങ്ങി. ആ പോരാട്ടത്തിന്റെ ഭാഗമായി നടന്ന രാഷ്ട്രീയ കരുനീക്കങ്ങളാണ് പിൽക്കാലത്ത് തമിഴ്‌നാട് അടക്കിഭരിച്ച ജയലളിത എന്ന നേതാവിനെ രൂപപ്പെടുത്തിയത്. ക്രമേണ എം.ജി.ആറിനെ ചാരിനിൽക്കാതെ തന്നെ തമിഴ് ജനതയുടെ മാതൃബിംബമായി പരിണമിക്കാൻ അവർക്കു സാധിച്ചു.
എ.ഐ.എ.ഡി.എം.കെയുടെ താരപ്രചാരകൻ
ഒരു രാഷ്ട്രീയകക്ഷിയിലും അംഗത്വമില്ലാത്ത ഭാഗ്യരാജിനു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ താര പ്രചാരകനാകാൻ അവസരമൊരുങ്ങുന്നത്, അസുഖ ബാധിതനായി എം.ജി.ആർ അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന കാലത്താണ്. മുൻകാലങ്ങളിൽ എം.ജി.ആറിനുവേണ്ടി പ്രചാരണത്തിനിറങ്ങാൻ പലകോണുകളിൽനിന്നും സമ്മർദമുണ്ടായപ്പോൾ ഭാഗ്യരാജിനെ അതിൽനിന്ന് തടഞ്ഞത് സാക്ഷാൽ എം.ജി.ആർതന്നെ ആയിരുന്നു. എം.ജി.ആർ ആരാധകനായ സംവിധായകൻ എന്നനിലയിൽ ലഭിക്കുന്ന അംഗീകാരവും പൊതുസമ്മതി യും എ.ഐ.എ.ഡി.എം.കെ പ്രചാരകനായാൽ കിട്ടില്ലെന്നും ഡി.എം. കെ ഉൾപ്പെടെയുള്ള ഇതര കക്ഷികളിലെ ആരാധക പിന്തുണ കുറയുമെന്നതിനാൽ രാഷ്ട്രീയത്തിൽനിന്ന് അകലം പാലിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഭാഗ്യരാജിനെ ഉപദേശിച്ചു. എം.ജി.ആർ അസുഖം മൂർച്ഛിച്ച് അമേരിക്കയിലെ ബ്രോക്ലിൻ ആശുപത്രിയിലായിരുന്ന കാലത്താണ് 1984ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. എം.ജി.ആറില്ലാതെ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നത് സങ്കൽപിക്കാൻ പോലും സാധിക്കാതിരുന്ന പാർട്ടി നേതൃത്വം അദ്ദേഹത്തെ ആണ്ടിപ്പട്ടി മണ്ഡലത്തിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചു.
എ.ഐ.എ.ഡി.എം.കെയുടെ ഈ പ്രതിസന്ധി ഘട്ടത്തിൽ എം.ജി.ആറിനുവേണ്ടി പ്രചാരണത്തിനിറങ്ങാതിരിക്കാൻ ഭാഗ്യരാജിന് കഴിയുമായിരുന്നില്ല. എം.ജി.ആറിനെ അമേരിക്കയിൽ പോയി നേരിട്ട് സന്ദർശിച്ച് അനുമതി വാങ്ങിയാണ് ഭാഗ്യരാജ് തിരിച്ചെത്തിയത്. ഭാര്യ ജാനകിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് പ്രചാരണത്തിനിറങ്ങാൻ എം.ജി.ആർ അനുവാദം തന്നതെന്ന് ഒരു അഭിമുഖത്തിൽ ഭാഗ്യരാജ് വെളിപ്പെടുത്തുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിൽ 70 ശതമാനത്തിലേറെ വോട്ടു ലഭിച്ചാണ് എം.ജി.ആർ വിജയിക്കുന്നതും വീണ്ടും മുഖ്യമന്ത്രിയാവുന്നതും. അധികം താമസിയാതെ 1987 ഡിസംബർ 24ന് എം.ജി.ആർ മരണത്തിനു കീഴടങ്ങി.

ഗ്രൂപ് തർക്കങ്ങൾക്കിടയിൽ പുതിയ കക്ഷി പിറക്കുന്നു
എം.ജി.ആറിന്റെ കാലവിയോഗം സൃഷ്ടിച്ച കരിഷ്മാറ്റിക് നേതൃശൂന്യതയിലേക്ക് കടന്നുവരാൻ ഭാഗ്യരാജിനു പ്രചോദനമായത് കുടുംബ പ്രേക്ഷകർക്കിടയിൽ അദ്ദേഹത്തിന് ലഭിച്ച പ്രഭാവമായിരുന്നുവെന്ന് പറഞ്ഞല്ലോ. മധ്യവർഗജീവിതത്തിന്റെ പ്രതിബിംബം എന്നനിലയിൽ താൻ സൃഷ്ടിച്ച കഥാപാത്രങ്ങളോടുള്ള പ്രേക്ഷകരുടെ ആഭിമുഖ്യം രാഷ്ട്രീയ പിന്തുണയായി വികസിക്കുമെന്നു ഭാഗ്യരാജ് കരുതി. കലാ പാരമ്പര്യത്തിന്റെ പിൻഗാമിയായി എം.ജി.ആർ അവരോധിച്ചതു തന്നെയാണ് എന്ന് പൊതുവേദികളിൽ ആവർത്തിച്ചുകൊണ്ടാണ് രാഷ്ട്രീയ പ്രവേശനത്തിന് അദ്ദേഹം കളമൊരുക്കുന്നത്. ‘ജെ’, ‘ജാ’ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കങ്ങളും അതേ തുടർന്ന് ദുർബലമായ എ.ഐ.എ.ഡി.എം.കെയുടെ സംഘടന സംവിധാനവും എം.ജി.ആറിന്റെ പേരിൽ പുതിയൊരു രാഷ്ട്രീയ കക്ഷി രൂപവത്കരിക്കാൻ ഭാഗ്യരാജിന് പ്രേരണയായി.
1989 ഫെബ്രുവരിയിലാണ് എം.ജി.ആർ മക്കൾ മുന്നേറ്റ കഴകം എന്ന പാർട്ടി ഉദയം കൊള്ളുന്നത്. ഗ്രൂപ് പോരിന്റെ ഭാഗമായുള്ള അനിശ്ചിതത്വം നിലനിന്നതിനാൽ എം.ജി.ആർ മന്ത്രിസഭയിലെ പ്രമുഖരായിരുന്ന കെ. രാജ മുഹമ്മദ്, വൈ.എസ്.എം. യൂസഫ് എന്നിവർ ഭാഗ്യരാജിനൊപ്പം ചേർന്നു. എം.എൽ.എമാരായിരുന്ന കാഞ്ചി ബാലാജി, ഇ.വി. വേലു (ഇന്നത്തെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി), കെ.പി. രാമലിംഗം (നിലവിലെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ്) തുടങ്ങിയവരൊക്കെ അന്ന് ഭാഗ്യരാജിന്റെ നേതൃത്വത്തിന് കീഴിൽ അണിനിരന്നവരാണ്. പാർട്ടി രൂപവത്കരിച്ച് രണ്ടുമാസത്തിനുള്ളിൽ നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ മുന്നൊരുക്കത്തിനുള്ള സമയം ലഭിക്കാത്തതു കാരണം ഇതര കക്ഷി സ്ഥാനാർഥികളെ യോഗ്യത നോക്കി പിന്താങ്ങാനായിരുന്നു തീരുമാനം.
രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ഒരു മുന്നണിയോട് ചേർന്ന് നിൽക്കുന്നതിനു പകരം ഡി.എം.കെ നേതൃത്വത്തിലുള്ള ദേശീയ മുന്നണിക്കു മധുര (കിഴക്ക്) സീറ്റിലും എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് മരുങ്കാപുരി നിയോജകമണ്ഡലത്തിലും പിന്തുണ പ്രഖ്യാപിച്ചു. ഈ ഇരട്ട നിലപാട് തുടക്കത്തിലേ പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസ്യതക്കു മങ്ങലേൽപിച്ചു എന്നുപറയാം. കൃത്യമായ ദിശയിലുള്ള നേതൃഗുണമോ ആഴത്തിലുള്ള നിലപാടുകളോ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന ഇച്ഛാശക്തിയോ പ്രകടിപ്പിക്കാൻ സിനിമയിലെ സമഗ്രരംഗത്തും പ്രതിഭാശാലിത്വം തെളിയിച്ച ഭാഗ്യരാജിന് സാധിച്ചില്ല.
ഫലം, ഒരു തെരഞ്ഞെടുപ്പിൽപോലും മത്സരിക്കാനാവാതെ തന്നെ പാർട്ടി ഇല്ലാതായി. 1991ൽ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളത്തിൽ പാർട്ടി പ്രതിനിധി മത്സരിച്ചതായും വെറും 87 വോട്ടു മാത്രം ലഭിച്ചതായും പറയപ്പെടുന്നുണ്ടെങ്കിലും വിശദാംശങ്ങൾ ലഭ്യമല്ല. പാർട്ടി രൂപവത്കരിച്ച് ഏതാണ്ട് ഒരു വർഷത്തിനുള്ളിൽതന്നെ ‘‘രാഷ്ട്രീയത്തിൽ ഞാൻ അൺ ഫിറ്റാണെന്നും എന്നെ വെച്ച് പലർ (മുതിർന്ന നേതാക്കൾ) രാഷ്ട്രീയം കളിക്കുന്നതാണ് കാണുന്നതെ’’ന്നും തുറന്നടിച്ചുകൊണ്ട് എം.ജി.ആർ മക്കൾ മുന്നേറ്റ കഴകം പിരിച്ചുവിടാൻ ഭാഗ്യരാജ് തീരുമാനിക്കുന്നതോടെ തമിഴ് രാഷ്ട്രീയത്തിൽ ഒരു അടയാളംപോലും ബാക്കിവെക്കാതെ ആ കക്ഷി നാമാവശേഷമായി.

രാഷ്ട്രീയ ഇടവേളകൾ
പാർട്ടി പിരിച്ചുവിട്ട ശേഷം നിലവിലുള്ള രാഷ്ട്രീയ കക്ഷികളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന നിലപാടാണ് ഭാഗ്യരാജ് സ്വീകരിച്ചത്. ഇതിനകം എ.ഐ.എ.ഡി.എം.കെയുടെ പരമോന്നത നേതാവായി മാറിയ ജയലളിതക്കൊപ്പം ചേർന്ന് 2000ൽ രാഷ്ട്രീയ പ്രവർത്തനം പുനരാരംഭിച്ച ഭാഗ്യരാജിന് അവിടെയും അധികകാലം നിലയുറപ്പിക്കാനായില്ല. അഭിപ്രായ ഭിന്നതയുടെ പേരിൽ കുറച്ചുകാലത്തെ നിശ്ശബ്ദത. 2006 ഏപ്രിലിൽ എം. കരുണാനിധിയുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിൽ ജയലളിതയെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് ഡി.എം.കെയുടെ ഭാഗമായി. രാഷ്ട്രീയ പ്രചാരണവേദികളിൽ പാർട്ടിയുടെ താരമുഖമായി മാറിയ, സജീവമായ ഹ്രസ്വകാലത്തിനുശേഷം ഡി.എം.കെയുമായുള്ള ബന്ധത്തിലും വിള്ളൽവീണു. പിന്നീട് നീണ്ടകാലത്തേക്ക് രാഷ്ട്രീയ നിരീക്ഷകൻ എന്നനിലയിൽ ഭാഗ്യരാജ് ഒതുങ്ങിനിന്നു.
2022 ഏപ്രിലിൽ, നരേന്ദ്ര മോദിക്ക് അനുകൂലമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് ഭാഗ്യരാജ് ബി.ജെ.പിയിൽ ചേരാൻ സാധ്യതയുണ്ടെന്ന വാർത്ത പരന്നു. എന്നാൽ, തന്റെ അടിസ്ഥാനപരമായ ആഭിമുഖ്യം ദ്രാവിഡ പ്രത്യയശാസ്ത്രത്തോടാണെന്ന് ആവർത്തിച്ചുകൊണ്ട് അദ്ദേഹം വ്യക്തത വരുത്തി. 2022 ആഗസ്റ്റിൽ ഒ.പി.എസ്-ഇ.പി.എസ് ഗ്രൂപ്പുകളായി എ.ഐ.എ. ഡി.എം.കെ പിളർന്ന ഘട്ടത്തിലാണ് ഭാഗ്യരാജ് വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ഒ. പന്നീർസെൽവം വിഭാഗത്തോടായിരുന്നു ഭാഗ്യരാജിന് അനുഭാവം. ഐ.ഐ.എ.ഡി.എം.കെയിലെ തർക്കങ്ങൾ പരിഹരിച്ച് എം.ജി.ആറിന്റെ പൈതൃകം സംരക്ഷിക്കാൻ പാർട്ടി പുനരൈക്യപ്പെടണമെന്ന ആവശ്യമുയർത്തി മധ്യസ്ഥശ്രമങ്ങൾക്ക് മുതിർന്നെങ്കിലും അതൊക്കെ പരാജയപ്പെട്ടു. ഇതിനിടെ ഭിന്നശേഷിക്കാരെയും സ്ത്രീകളെയും അവഹേളിച്ചുകൊണ്ടുള്ള പരാമർശങ്ങളുടെയും നിരവധി വിവാദങ്ങളുടെയും പേരിലും ഭാഗ്യരാജ് വാർത്തകളിൽ ഇടം നേടി. അദ്ദേഹത്തിന്റെ അഭിമുഖങ്ങളും രാഷ്‌ട്രീയ പ്രസ്താവനകളും പ്രസംഗങ്ങളും സമൂഹമാധ്യമങ്ങളുടെ ഇഷ്ട വിഭവങ്ങളാണ്.
എം.ജി.ആറിന്റെ അനുഗ്രഹവും താരപരിവേഷവും മാത്രം മുതൽമുടക്കിയായിരുന്നു ഭാഗ്യരാജിന്റെ ഭാഗ്യാന്വേഷണം. എന്നാൽ, തമിഴരുടെ രാഷ്ട്രീയബോധ്യങ്ങൾക്ക് അതുമാത്രം മതിയാകുമായിരുന്നില്ല. മാത്രവുമല്ല, എം.ജി.ആറിന്റേതുപോലുള്ള ഒരു മാസ് ഹീറോ പരിവേഷത്തിന്റെയും ജനകീയ പ്രതിച്ഛായയുടെയും മറ്റും അഭാവവും ഭാഗ്യരാജിന് പ്രതികൂല ഘടകങ്ങളായിരുന്നു.
